അണഞ്ഞ് പോയ വിളക്ക്

🥀🥀🥀അണഞ്ഞ് പോയ വിളക്ക്🥀

വെയിലാറി തുടങ്ങിയിരിന്നു………
ഒരു കപ്പ് ചായയുമായി ശേഖരൻ മാഷ് ടെറസിലേക്ക് നടന്നു….

മുകളിലേക്ക് കയറിയിട്ട് ദിവസങ്ങളായി
കൊച്ചു മക്കളോട് വെള്ളമൊഴിക്കാൻ പറഞ്ഞിരുന്നു ഒഴിച്ചിനോ……. ആവോ

അയ്യ…യ്യോ…….. എല്ലാം വാടിയിട്ടുണ്ടല്ലോ..

ഞാൻ ശാരദയോട് പറഞ്ഞതാ…..
കുട്ടികളെ മാത്രം ഏൽപ്പിച്ചാൽ ശരിയാവില്ല നീ കൂടി പോയി നോക്കണംന്ന്…..

അതെങ്ങനെയാ….,
. അവൾക്ക് ടിവി സീരിയൽ
കാണാൻ പോലും നേരംകിട്ടുന്നില്ലെന്നല്ലേ …..പരാതി….

മാഷ് വേഗത്തിൽ ചായകുടിച്ച് വെള്ളം നനയ്ക്കാൻ തുടങ്ങി….

തക്കാളി ചെടിക്കാ….കൂടുതൽ വാട്ടം പൂവിട്ട് തുടങ്ങിയതാ……… വെണ്ടയ്ക്കും വാട്ടം വന്നിട്ടുണ്ട്, പാവയ്ക്കയുടെ ഓരോ ഇലക്കു പുഴു കേറിയിട്ടുണ്ട്. അതൊക്കെ പിഴുത് കളഞ്ഞു…..

മണ്ണിര കമ്പോസ്റ്റിൽ നിന്ന് കുറച്ചെടുത്ത് തക്കാളി ചെടിയുടെ അടുത്തേക്ക് നടക്കുമ്പോഴേക്കും ശാരദ അവിടെത്തിയിട്ട് പറഞ്ഞു.

മാഷേ….. വേണ്ടാത്ത പണിക്ക് പോവണ്ട……..
ഒരാഴ്ച ആശുപത്രിയിൽ കിടന്നത് ഓർമയുണ്ടല്ലോ…..
മീനു കണ്ടാൽ ….. അപ്പത്തന്നെ കണ്ണനെ വിവരമറിയിക്കും പിന്നെത്തെ കാര്യം പറയേണ്ടല്ലോ……

ഡീ…. നിന്നോട് ഞാൻ പറഞ്ഞില്ലേ….
കുട്ടികള് മാത്രം നോക്കിയാൽ ശരിയാകില്ലാന്ന്…. കണ്ടോ മൊത്തം വാടീട്ടുണ്ട്……

മാഷേ…. രാവിലെകൂടീ വെള്ളമൊഴിച്ച് താ……. ഇവിടെ നല്ല വെയിലല്ലേ…. അതുകൊണ്ടാ…
നിനക്ക് കുടിക്കാൻ ഒരിറക്ക് വെള്ളം തന്നാൽ ദാഹം മാറുമോടീ…….. അത് പോലെ തന്നെയാ.. ഇതുങ്ങളുടെ കാര്യവും…

ഓ……. തുടങ്ങി….കർഷകൻ…..
ഞാനീ…. നാട്ടുകാരിയേ… അല്ലാട്ടോ…… എന്നെ വിട് മാഷേ……..
എനിക്ക് അടുക്കളയിൽ പണിയുണ്ട്…..

ദേ…. കുറേനേരം ഇവിടിരിയ്ക്കേണ്ട മഞ്ഞ് .. വീഴും…. വിളക്ക് വെക്കാൻ ആകുമ്പോഴേക്കും താഴേക്ക് വന്നേക്കണം കേട്ടല്ലോ……

ഓ….ഓ ഉത്തരവ്…

ആറു മണി ആകുമ്പോഴേക്കും അടുക്കളയിലെ പണിയെല്ലാം ഒരുക്കി ടിവിയുടെ മുന്നിൽ ഇരിക്കാനാ അവള് താഴേക്ക് പോയത്….

സീരിയൽ കാണുന്ന വിഷയത്തിൽ മാത്രം അമ്മായിയമ്മയും മരുമകളും നല്ല ഒത്തൊരുമയാ……

സീരിയല്ന്ന് പറഞ്ഞ സംഭവം തുടങ്ങിയ അന്ന് മുതൽ ഇന്ന് വരെ കുട്ടികളുടെ കാര്യാ കഷ്ടത്തിലായത്……പഠിക്കുമ്പോൾ എന്തെങ്കിലും സംശയം ചോദിച്ചു ചെന്നാ പറയും മുത്തച്ഛനോട് ചോദിക്ക് …….
മുത്തച്ഛനേല്ലേ…..മാഷെന്ന്……

വിശന്നു കരഞ്ഞാൽ ത്തന്നെ പരസ്യം കാണിക്കുമ്പോൾ മാത്രേ…. ഭക്ഷണം പോലും എടുത്തു കൊടുക്കൂ….
കലികാലം….. അല്ലാണ്ടെന്താ… പറ്യ്യാ…

കുറേസമയം ഇങ്ങനെ നിൽക്കാൻ വയ്യ…..
ടെറസിലെ ഒരു മൂലയിൽ മടക്കിവെച്ച ചാരുകസേര നിവർത്തി മാഷ് അതിലിരുന്നു.

ശേഖരൻ മാഷ് ഓർത്തു……
. നീണ്ട 36 വർഷങ്ങൾ….. അദ്ധ്യാപകനായി ജോലി നോക്കി… സ്കൂളിലെ കാര്യങ്ങളും മറ്റുമായിഓടിനടന്നു.സ്കൂൾ വിട്ട് വീട്ടിലെത്തുമ്പോൾ സന്ധ്യ യാകാറുണ്ടായിരുന്നു………

ശാരദയ്ക്കെ പ്പെഴും പരാതിയായിരുന്നു
“സ്കൂളിലെ കാര്യങ്ങളും നാട്ടുകാരുടെ കാര്യോം നോക്കിയാൽ മതി ഞാനും മക്കളും ഈ വീട്ടിലുണ്ടെന്ന കാര്യം നിങ്ങളോർക്കണ്ടെന്നും .”

.പെൻഷനായി വീട്ടിലിരുന്നപ്പോഴാ മടുപ്പ് തോന്നിയത് ഒരാഴ്ച എങ്ങനെയോ ഉന്തി തള്ളി നീക്കി….

ഒരു ദിവസം വായനശാലയിൽ വച്ച് തന്റെ പഴയ വിദ്യാർഥിയായ രാമനുണ്ണിയെ കണ്ടപ്പഴ് അവനാ ജൈവ കൃഷി എന്ന ആശയം മുന്നോട്ട് വെച്ചത് .
അവൻ ഇവിടെ കൃഷിഭവനിൽ കൃഷി ഓഫീസറാ…

മാഷ്ക്ക് ഒന്നര ഏക്കർ സ്ഥലം ഇല്ലേ….

കൃഷിക്ക് ഒരുപാട് സബ്സിഡിയും കാര്യങ്ങളും മറ്റു മുണ്ട്.ഞാൻ വേണ്ടത് ചെയ്തു തരാമെന്ന് പറഞ്ഞപ്പോൾഴാ… ഒരു കൈ നോക്കാം എന്ന് വെച്ചത്…

ആദ്യം ഭാര്യയും മക്കളും എല്ലാം എതിർത്തതാ….. ഈ വയസ്സാൻ കാലത്ത് പറമ്പിലേക്ക് ഇറങ്ങേണ്ടെന്നും വല്ല രാമായണോ ഭാഗവതോ…വായിച്ച് ഇരിക്കല്ലാണ്ട്…..
മോനും മരുമോളും പറഞ്ഞപ്പോൾ വാശിയായി എന്നാൽ ഒന്ന് കാണിച്ചു കൊടുത്തിട്ട് തന്നെ കാര്യം… അല്ല പിന്നെ…
പച്ചക്കറി മാത്രമായിരുന്നു… ആദ്യത്തെ ഒരു വർഷം നട്ടത്…
ചീരയും ഉം യും വെള്ളരിക്കയും പടവലങ്ങ, മത്തൻ…. പിന്നെ പിന്നെ പിന്നെ കാച്ചിലും സകലതും നട്ടു.

രാമനുണ്ണി തന്നെ ഒന്ന് രണ്ടു പണിക്കാരേം ഏർപ്പാടാക്കി തന്നു
ഞാനും രാവിലെ മുതൽ അവരോടൊപ്പം പറമ്പിലേക്കിറങ്ങും .

കുഞ്ഞുങ്ങളെ നോക്കുന്നതുപോലെ നോക്കിയപ്പോ ഫലം കണാൻ തുടങ്ങി.

ആദ്യം എതിർത്ത മക്കൾ പോലും സമ്മതിച്ചു തന്നു.
ജൈവ പച്ചക്കറി ആയതുകൊണ്ട് എന്തൊരു ആവശ്യക്കാർ ചോദിച്ചു വന്നു .
പിന്നെ പഞ്ചായത്തീന്ന് പോലും ആൾക്കാർ വരാൻ തുടങ്ങി ജൈവകൃഷി പച്ചക്കറി കേന്ദ്രത്തിലേക്ക് അവർ തന്നെ
വണ്ടിയുമായി വന്ന് സാധനങ്ങൾ കൊണ്ടു പോകും ഒന്നും ചിന്തിക്കേണ്ട

അങ്ങനെ 11 വർഷം കാര്യങ്ങൾ നല്ല രീതിയിൽ മുന്നോട്ടു പോയി വർഷം.

ആറ് മാസം മുൻപ് പണിക്കാരുടെ കൂടെവാഴയ്ക്ക്തടമെടുക്കുമ്പോഴാ.
.ചെറിയ നെഞ്ച് വേദന തോന്നിയത് അത് അത്ര കാര്യമാക്കിയില്ല

വൈകുന്നേരമായപ്പോൾ നെഞ്ചീന്ന് കുളത്തി വലിയ്ക്കുന്നത് പോലെ തോന്നി……. കുറച്ച് കഴിഞ്ഞപ്പോൾ കണ്ണിലിരുട്ട് കയറി…..

കണ്ണുതുറന്നു നോക്കുമ്പോ ഞാൻ ആശുപത്രിയില് …. ഒരാഴ്ച അവിടെ കിടന്നു.

വീട്ടിൽ വന്നതിനു ശേഷം ഒരു മാസം റൂമീന്ന് പുറത്തിറങ്ങാൻ ഭാര്യയും മക്കളും സമ്മതിച്ചില്ല. പറമ്പിലേക്ക് ഇറങ്ങാൻ പാടില്ലെന്നാ…..മകൻെറ ഓർഡർ….
എനിക്ക് ഇങ്ങനെ ജീവിക്കാനാവില്ലെന്നും പറഞ്ഞ് ഒരു പാട്…….നിർബന്ധിച്ചിട്ടാ…. പണിക്കാരോട് പറഞ്ഞു കുറച്ചു പച്ചക്കറി ടെറസ്സിൽ നട്ടത് .

വൈകിട്ട് ഇവിടെ വന്നിരിക്കുമ്പോഴാ… ജീവിക്കണമെന്ന് പോലും തോന്നുന്നെ

ഓരോന്ന് ചിന്തിച്ച് ഇരിക്കുമ്പോഴാണ് ഒരു തക്കാളി ചെടി വീണ് കിടക്കുന്നത് കണ്ടത്.
ഒരു കമ്പി എടുത്ത് അതിൽ കുത്തിവെച്ച് കെട്ടാൻ ഒരുങ്ങുമ്പോൾ നെഞ്ചിന് വല്ലാത്തൊരു കനം തോന്നി..

മെല്ലെ…. കസേരയിൽ ചെന്നിരുന്നു……..

താഴേന്ന് സീരിയലിന്റെ ശബ്ദം ഉച്ചത്തിൽ കേൾക്കുന്നുണ്ട്..

. അപ്പോഴാ ഡോക്ടർ പറഞ്ഞ കാര്യം ഓർമ്മ വന്നത്….

വേദന തോന്നുമ്പോൾ മാത്രം നാവിന്റടിയിൽ വെക്കാനായിട്ട് ഒരു ഗുളിക തന്നിരുന്നു… അത് റൂമിലാ.. ഉള്ളത്.

ശേഖരൻ മാഷ് താഴേക്കിറങ്ങി….

ഓരോ സ്റ്റെപ്പ് ഇറങ്ങുമ്പോഴും വേദന കൂടിക്കൂടി വന്നു…….ശാര… ദേ………..

താഴേക്ക് എത്തിയതും കത്തിച്ചുവെച്ച വിളക്ക് പടുതിരി ആയി കെട്ടിരിയ്ക്കുന്നുണ്ട്……
അതൊന്നും രണ്ടുപേരും കാണുന്നില്ല.

കുട്ടികൾ രണ്ടുപേരും അവരുടെ മുറിയിലിരുന്ന് പഠിക്കുന്നുണ്ട്….

ശാരദെ…… കുറച്ചു വെള്ളം വേണം …..

 

വെളളല്ലേ….. മേശപ്പുറത്തുളളത് …
തന്നെ നോക്കുക പോലും ചെയ്യാതെ അവള് പറഞ്ഞു..

 

 

മാഷ്.. നെഞ്ചും പിടിച്ചുകൊണ്ട് റൂമിലേക്ക് നടന്നു….

 

 

മേശവലിപ്പ് തുറക്കാൻ നോക്കുമ്പോൾ
കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി …..തൊണ്ട വറ്റിവരളുന്നു..
കൈകാലുകൾ തളരുന്നത് പോലെ തോന്നി….
. ഗുളിക കയ്യിൽ എടുത്തതും വായിലിടാൻ പറ്റിയില്ല…… അപ്പോഴേക്കും മാഷ് കിടക്കയിലേക്ക് വീണു………

 

 

ക്രമാതീതമായി നെഞ്ചിടിപ്പ് തുടങ്ങി.. പിന്നെ…. പിന്നെ….
അതുമില്ലാതായി……………..

 

 

അപ്പോഴും ഹാളിൽനിന്ന്
ഈ…പരിപാടി നിങ്ങൾക്കായി അവതരിപ്പിച്ചത്……സന്തുർ, കണ്ണൻ ദേവൻ തേയില…..
എന്ന് കേൾക്കുന്നു ണ്ടായിരുന്നു…. ശുഭം.

 

 

Writing Sindhu kizhakkey veettil

Leave a Reply

Your email address will not be published. Required fields are marked *