അച്ഛൻ

“അച്ഛന് ഈ വയസ്സാം കാലത്ത് ഒന്ന് ഒതുങ്ങി ഇരുന്നൂടെ??””
“കണ്ട അങ്ങാടില് നിരങ്ങി നടന്നു എനിക്ക് അപമാനം ഉണ്ടാക്കി വെക്കണോ..”
കേട്ട ചോദ്യം പതിവായത് കൊണ്ട് ചോദ്യ കർത്താവായ മകന്റെ മുഖത്തേക്ക് നോക്കി കണ്ണ് നിറക്കാനെ അവർക്ക് കഴിഞ്ഞുള്ളൂ..
കണ്ണിലൂറി വന്ന കണ്ണുനീരിനെ തടഞ്ഞു നിർത്താൻ ആ അച്ഛൻ മിഴികൾ അടച്ചെങ്കിലും ഒരിറ്റ് മുഖത്തേക്ക് വീണു..
“പീടിക കോലായിൽ ഇരുന്നു മകന്റെ കുറ്റം പറച്ചിലല്ലേ പണി “
“ഇനി മേലിൽ ഇവിടുന്നു പുറത്ത് ഇറങ്ങാൻ പാടില്ല..”
“എത്രയെന്നു വെച്ചാ പറയുക.. ഒരു വട്ടമോ രണ്ടു വട്ടമോ പറഞ്ഞലെങ്കിലും അത് കേട്ടൂടെ “
അതും പറഞ്ഞു അകത്തേക്ക് പോയ മകനെ നോക്കി ഇരുന്നു അച്ഛൻ..
അവര് പുറത്തേക്കു നോക്കി..
തന്നോട് അടങ്ങിയിരിക്കാൻ കല്പിച്ച തന്റെ മകൻ ഒരു കാലത്ത് ഓടി കളിച്ചു നടന്ന മുറ്റം..
അവന്റെ കുഞ്ഞിക്കാലുകൾ പതിഞ്ഞ മണ്ണ്..
അന്നവന് കൂട്ടായി കളിക്കാനും കളിപ്പിക്കാനും ഞാനുണ്ടായിരുന്നു..
പ്രായം ശരീരത്തെ ബാധിച്ചപ്പോൾ അതിന്റെ ഭാഗമായി ബൊണാസായി കിട്ടിയ തൊലിപ്പുറത്തെ ചുക്കി ചുളിവുകൾ ഇന്നന്റെ മകനും ഭാര്യക്കും അസ്വസ്ഥത ഉണ്ടാക്കുന്നു..
ഇന്നത്തെ എന്റെ ജീവിതം തന്റെ മകന് മറ്റുള്ളവരുടെ മുന്നിൽ നാണം കെടുത്തുന്നതാകുന്നു..
ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ആ പഴയ ഫോട്ടോയിലേക്ക് കണ്ണയച്ചപ്പോൾ മാലതി തന്നെ നോക്കി ‘ പുഞ്ചിരിക്കുന്നുണ്ടോ’ തോന്നി..
‘സാരല്യ ന്നേ നമ്മുടെ മോനല്ലേ ന്ന് അവൾ ചുണ്ടനക്കുന്നുണ്ടോ തോന്നി.’
വലതു കൈ ന്റെ രണ്ട് വിരലുകൾ കൊണ്ട് ഇരു കണ്ണുകളും അമർത്തി തുടച്ചു..
കണ്ണുകളിൽ തളം കെട്ടി നിൽക്കുന്ന വിഷാദ ഭാവത്തോടെ ആ മിഴികൾ ഒന്നു ചിമ്മി തുറന്നു.


“അച്ഛനെ ഇവിടുന്നു ഒഴിവാക്കണം എന്നാലേ ഞാനിനി ഇവിടെ നിൽക്കൂ..”
“അല്ലെങ്കിൽ ഞാനെന്റെ വീട്ടിൽ പോവാ.. നിങ്ങള് നിങ്ങളുടെ അച്ഛനെയും കെട്ടിപിടിച്ചു ഇവിടെയിരുന്നോ..”
കലി തുള്ളി മുഖം വീർപ്പിച്ചിരിക്കുന്ന ഭാര്യയുടെ മുഖമായിരുന്നു അനിലിന്റെ മനസ്സിൽ..
അവളന്നു പോയതാണ്..
അച്ഛനെക്കാളും അനിലിന് പ്രിയം ഭാര്യയോടാണ്,അവളുടെ വാക്കുകളോടാണ്.
അവൾ എന്തെങ്കിലും പറഞ്ഞാൽ പിന്നെ അതിന് എതിരില്ല.. മറുത്തൊരു വാക്ക് പോലും ഇല്ല..
അവൻ കുറേ നാള് കൊണ്ട് ആലോചനയിലാണ്..
എങ്ങനെ അച്ഛനെ ഒഴിവാക്കും..
അച്ഛനെ എന്തെങ്കിലും പറഞ്ഞു വഴക്കടിച്ചാൽ സ്വയം ഇഷ്ടത്തിന് ഇറങ്ങി പോയാൽ അത് പറയാം ചോദിക്കുന്നവരോട്..
അച്ഛൻ അച്ഛന്റെ ഇഷ്ടത്തിന് പോയതാണ് ന്ന്..
പക്ഷെ ദിവസവും ഓരോന്ന് പറഞ്ഞു താൻ അച്ഛനെ വിഷമിപ്പിച്ചിട്ടും പോകാനുള്ള ഭാവമൊന്നും കാണാനില്ല..
ഇനിയെന്ത് ചെയ്യും..
താനായിട്ട് വല്ല വൃദ്ധ സദനത്തിലും കൊണ്ടാക്കിയാൽ നാട്ടുകാരുടെ മുന്നിൽ തന്റെ വില പോകും.
അത് പാടില്ല..
തന്റെ ഇമേജി ന് കോട്ടം തട്ടാനും പാടില്ല എന്നാൽ അച്ഛനെ ഒഴിവാക്കി കിട്ടുകയും വേണം അതിനെന്താ വഴി..
അനിൽ തല പുകഞ്ഞു ആലോചിച്ചു..
ഏറെ നേരത്തെ അവന്റെ ആലോചനകൾക്ക് ശേഷം അവനൊരു ഉപായം കണ്ടെത്തി..


രണ്ട് ദിവസത്തിന് ശേഷം ഒരു വൈകുന്നേരം..
അകത്തെ മുറിയിൽ ചുരുണ്ടു കൂടി കിടക്കുന്ന അച്ഛന്റെ അടുത്തേക്ക് അനിൽ ചെന്നു..
“അച്ഛാ.. അച്ഛാ..” അവൻ നീട്ടി വിളിച്ചു.
പുറം തിരിഞ്ഞു കിടന്നിരുന്ന ആ മനുഷ്യക്കോലം പതിയെ തിരിഞ്ഞു മുഖമുയർത്തി നോക്കി.
അനിലിനെ കണ്ടപ്പോൾ പതുക്കെ എണീറ്റു..
കട്ടിള വാതിലിൽ നിൽക്കുന്ന അനിലിനെ നോക്കി..
“ഞങ്ങൾ മറ്റന്നാൾ ദുബായ് ലേക്ക് പോകുകയാണ്..”
“മക്കളും വരുന്നുണ്ട് കൂടെ.”
“കുറച്ചു മാസങ്ങൾ എടുക്കും ഞങ്ങൾ വരാൻ “
“ഇവിടെ ആരുമില്ലാതെ അച്ഛൻ തനിയെ എങ്ങനെ കഴിയാന്ന് ആലോചിക്കുമ്പോ ഒരു വിഷമം..”
അത് പറഞ്ഞു അച്ഛന്റെ മുഖത്തേക്ക് നോക്കി.
അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് പ്രതികരണം ഒന്നുമുണ്ടായില്ല..
അദ്ദേഹം താഴേക്കു നോക്കിയിരുന്നു..
കുറേ നേരം കഴിഞ്ഞും അച്ഛൻ ഒന്നും പറയുന്നില്ല ന്ന് കണ്ടപ്പോൾ അവൻ വീണ്ടും തുടർന്നു..
“അച്ഛന് ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ..”
അദ്ദേഹം തലകുലുക്കുക മാത്രം ചെയ്തു..
“എന്താപ്പോ ചെയ്യാ..”
അവൻ വീണ്ടും അച്ഛൻ കേൾക്കാൻ പാകത്തിൽ വീണ്ടും ആവർത്തിച്ചു.
അപ്പോഴും അവിടുന്ന് പ്രതികരണം ഉണ്ടായില്ല..
“അച്ഛാ ഞങ്ങൾ തിരിച്ചു വരുന്നത് വരെ അച്ഛന് ഒരു സ്ഥലത്തു നിൽക്കാൻ പറ്റോ..”
“അവിടെ കുറേ ആളുകൾ ഉണ്ട്.. കൃത്യമായി ഭക്ഷണം കിട്ടും.. അച്ഛന് സുഖമായി കഴിയാം ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല അവിടെ “
അച്ഛന്റെ മറുപടി ക്കായി അനിൽ കാതോർത്തു..
അപ്പോഴും പ്രതികരണം ഇല്ലായിരുന്നു..
അവന് കോപം വന്നു പെട്ടന്ന്..
കുറച്ചു ശബ്ദം ഉയർത്തി.. ചോദിച്ചു..
“അച്ഛാ അച്ഛനോടല്ലേ ഞാനീ പറയുന്നത് അച്ഛന് അവിടെ പോയി നിൽക്കാൻ പറ്റോ..”
ഇരു കൈകളും കട്ടിലിൽ ഊന്നി താഴോട്ട് നോക്കിയിരുന്ന അദ്ദേഹം തലയാട്ടി..
“എന്നാ നാളെ പോകാൻ റെഡിയാവണം പത്തു മണിക്ക്‌ പോകാം.. അത്യാവശ്യം എടുക്കാൻ ഉള്ളത് എടുത്തോളൂ..”
അതും പറഞ്ഞു അനിൽ പോയി.
കുറച്ചു നേരം കൂടി ആ ഇരിപ്പ് അങ്ങനെ ഇരുന്നു അദ്ദേഹം..
എന്നിട്ട് വീണ്ടും കട്ടിലിലേക്ക് ചാഞ്ഞു..
പിറ്റേന്ന് രാവിലെ പത്തു മണിയോടെ അനിൽ പോകാൻ തയ്യാറായി അച്ഛന്റെ മുറിയിലേക്ക് ചെന്നു..
ഉടുത്തിരുന്ന വസ്ത്രം മാറിക്കൊണ്ടിരിക്കുകയായിരുന്നു..
പഴകിയ കരിമ്പലടിച്ച കറുത്ത പാടുകളുള്ള വെള്ള നിറം എന്ന് പറയാവുന്ന ഒരു തുണിയായിരുന്നു അത്.
ഷർട്ടും ഏതാണ്ട് അത് പോലെ തന്നെ..

കീറി തുടങ്ങിയ കോളർ..
പകുതി കുടുക്കുകൾ മാത്രമുള്ള ആ ഷർട്ട്‌ കൂടി ഇട്ടു കൊണ്ട് അദ്ദേഹവും യാത്രക്ക് തയ്യാറായി..
കയ്യിൽ ഒരു പ്ലാസ്റ്റിക് കവറും അതിനകത്തു കുത്തി നിറച്ച ഒരു മുണ്ടും ഷർട്ടും..

ഉമ്മറത്തേക്ക് വന്നപ്പോൾ ചുമരിൽ തൂങ്ങി കിടന്ന ആ ഫോട്ടോ യിൽ ഒരു നിമിഷം നോക്കി നിന്നു.
ഒരു യാത്ര പറച്ചിൽ..
നീയും എന്റെ കൂടെ പോരുന്നോ ‘ മാലതി ‘ ന്ന് അദ്ദേഹം മനസ്സ് കൊണ്ട് ചോദിച്ചു.
‘ഞാനുമുണ്ട് കൂടെ ‘ എന്ന് അവൾ പറഞ്ഞുവോ..
അദ്ദേഹം അടുത്ത് കിടന്ന കസേര നീക്കിയിട്ട് അതിൽ കേറി നിന്ന് ആ ഫോട്ടോ കയ്യിലെടുത്തു.
കസേരയിൽ നിന്ന് ഇറങ്ങി ആ ഫോട്ടോ തന്റെ കയ്യിലിരിക്കുന്ന കവറിനകത്തേക്ക് തിരുകി കയറ്റി.
അതുമായി മുറ്റത്തേക്ക് ഇറങ്ങി വീടിനെ നോക്കി..
വികാരാതീതനായി വീടിനോട് വിട ചൊല്ലി അനിലിന്റെ കൂടെ ആ വണ്ടിയിൽ കയറി.

പരസ്പരം ഒന്നും സംസാരിക്കാതെ ആ യാത്ര തുടർന്നു കൊണ്ടിരുന്നു..
അകലേക്ക്‌ മറയുന്ന പുറത്തേ കാഴ്ചകൾ കണ്ടു ആ വൃദ്ധൻ മിഴിയടച്ചിരുന്നു..


കണ്ണു തുറക്കുമ്പോൾ അദ്ദേഹം കാണുന്നത് ഒരു കെട്ടിടമായിരുന്നു..
വെള്ള പെയിന്റ് അടിച്ച ഇരു നില കെട്ടിടം..
പുറത്തു തന്റെ പ്രായമുള്ളവർ അങ്ങിങ്ങായി ഇരിക്കുന്നു.
ചിലർ പുസ്തകം വായിക്കുന്നു..
പരസ്പരം സംസാരിച്ചു തമാശ പറഞ്ഞും കുറച്ചു പേര്..
ഇനി താനും ഇവരിൽ ഒരാളായി ഇവിടെ കഴിയണം..
അനിൽ വണ്ടിയിൽ നിന്നിറങ്ങി ഓഫീസ് എന്നെഴുതി വെച്ച മുറിയിലേക്ക് പോയി..
അദ്ദേഹം വണ്ടിയിൽ നിന്നിറങ്ങി..
ആ കവറും എടുത്തു..
ഡോർ അടച്ചു അവിടെ ഉള്ളവരെ ആകെയൊന്നു നോക്കി..
എല്ലാരും നല്ല ആഹ്ലാദത്തിലാണെന്ന് തോന്നി..
തന്നെപോലെ ഇവിടെ വന്നവരാണ് എല്ലാരും..
അദ്ദേഹത്തെ കണ്ടു അവിടെ ഉണ്ടായിരുന്നവർ പരസ്പരം എന്തോ പറയുന്നുണ്ട്..
കൂട്ടത്തിലേക്ക് ഒരാൾ കൂടി വന്നതിന്റെ കാര്യമാവും..
അനിൽ ഓഫീസിൽ നിന്നിറങ്ങി വണ്ടിയുടെ അടുത്തേക്ക് വന്നു..
കൂടെ വേറെയൊരാളും ഉണ്ടായിരുന്നു..
അവര് അദ്ദേഹത്തെ വന്നു പരിചപ്പെട്ടു..
അദ്ദേഹത്തെ ഒരു മുറിയിലേക്ക് കൊണ്ടു പോയി..
അവിടെ നിരത്തി ഇട്ടിരിക്കുന്ന ഇരുമ്പ് കട്ടിലുകൾ..
ജനൽ ന്റെ അടുത്ത് ഉള്ള കട്ടിൽ കാണിച്ചു.
“ഇതാ നിങ്ങൾക്കുള്ള കട്ടിൽ ‘
“കയ്യിലുള്ള കവർ അവിടെ വെച്ചോളൂ.. എന്നിട്ട് കൂടെ വരൂ..’
അവിടുത്തെ ആള് പറഞ്ഞത് പോലെ ആ കവർ കട്ടിലിൽ വച്ചു.
എന്നിട്ട് അയാളോടൊപ്പം ഓഫീസ് മുറിയിലേക്ക് പോയി..
അനിൽ തിരിച്ചു പോകാൻ നേരം അച്ഛനേ കണ്ടു..
“അച്ഛാ അച്ഛൻ ഒന്നും വിചാരിക്കരുത്.. അച്ഛന് വിഷമം തോന്നരുത്.. ഇവിടെ ഒന്നിനും കുറവുണ്ടാവില്ല ഞാനെല്ലാം പറഞ്ഞിട്ടുണ്ട്..”
“ഞങ്ങൾ പോയി വന്നാലുടൻ അച്ഛനെ വിളിക്കാൻ വരാം. അത് വരെ അച്ഛൻ സുഖമായി ഇവിടെ കഴിയണം..”

അദ്ദേഹം കൈകൾ പിന്നിൽ കോർത്തു ഒന്നു ചിരിക്കാൻ ശ്രേമിച്ചു..
പിന്നെ പറഞ്ഞു..
“അച്ഛന് ഇവിടെ വന്നതിൽ സന്തോഷമേയുള്ളൂ മോനെ..”
“ഇനിയെന്ത് അസൗകര്യം ഉണ്ടെങ്കിലും അച്ഛന് അതെല്ലാം ശീലമായില്ലേ..”
“പിന്നെ നീ എന്നേ വിളിക്കാൻ വരണ്ട.. ഞാൻ ഇവിടെ കഴിഞ്ഞോളം മരിക്കും വരെ..”
“അച്ഛനും അമ്മയുമെല്ലാം മക്കൾക്ക് ബാധ്യത ആവാതെ ജീവിക്കാൻ സുകൃതം ചെയ്യണം..”
“മക്കളോടൊപ്പം ജീവിച്ചു മരിക്ക്യ ന്ന് പറഞ്ഞാൽ അതൊരു ഭാഗ്യം തന്നെയല്ലേ..
നിനക്കും വളർന്നു വരുന്നണ്ട് ഒരു മകൻ..”
“നാളെ നിന്നോടവൻ ഇങ്ങനെ ചെയ്യാതിരിക്കാൻ നീ ഇന്ന് തന്നെ പ്രാർത്ഥിച്ചു തുടങ്ങിക്കോ..”
“എനിക്ക് പറ്റിയത് നാളെ നിനക്ക് പറ്റരുത്..”
“പഴുത്തയില കൊഴിഞ്ഞു വീഴുമ്പോ പച്ചയിലയത് കണ്ടു ചിരിക്കും.. പക്ഷെ അത് കണ്ടു തളിരില ഉള്ളു കൊണ്ട് പറയും..”
“നീ ചിരിക്കേണ്ട നാളെ നിനക്കും വിധി ഇത് തന്നെ എന്ന്..”
“എന്റെ മോൻ പൊക്കോ.. അല്ലേലും അച്ഛൻ ആഗ്രഹിച്ചതാ ഇത്..”

“ഇവിടെ എന്റെ പ്രായത്തിലുള്ള കുറെ ആളുകളെ കണ്ടു..”

“അവരുടെ കൂടെ ഞാനും ഇന്ന് മുതൽ..”
വേദന നിറഞ്ഞ ഒരു ചിരി പടർന്നു ആ ചുണ്ടിൽ.
“ഞാനൊന്ന് കിടക്കട്ടെ.. “
എന്നിട്ട് അദ്ദേഹം അനിലിനോട് യാത്ര പോലും പറയാതെ തിരിഞ്ഞു നടന്നു..

തനിക്കായ് ഒരുക്കിയിട്ട കട്ടിലിലേക്ക്..

അവസാനിച്ചു :

സ്നേഹത്തോടെ :
മുസ്തഫ വാവച്ചി ആലൂർ.

One comment

Leave a Reply

Your email address will not be published. Required fields are marked *