രാത്രി മഴ
^^^^^^^^^^^^
Part 12
“ദേവേട്ടൻ “
എന്ന് പതിയെ പറഞ്ഞു കൊണ്ട് അവൾ തന്റെ കാലുകൾ പിന്നിലേക്ക് ചലിപ്പിച്ചു തുടങ്ങുമ്പോഴേക്കും ഉടുത്തിരുന്ന മുണ്ട് മടക്കി കുത്തി ദേവ് അവളെ ലക്ഷ്യമാക്കി നടന്നു തുടങ്ങിയിരുന്നു…
“നീ ഈ മുറിക്കുള്ളിൽ നിന്ന് എവിടെ വരെ പോകും അനു?? “
വാക്കുകളിൽ ദാർഷ്ഠ്യമില്ലെങ്കിലും എന്തോ ആ ചോദ്യം അവളെ വല്ലാതെ ഭയപ്പെടുത്തി.. വേട്ടക്കാരന്റെ കെണിയിൽ വീണ ഇരയെ തന്റെ കയ്യെത്തും ദൂരത്ത് കണ്ട സംതൃപ്തിയോടെ ദേവ് അവളിലേക്ക് നടന്നടുത്തു… ഇനി നടക്കാനൊരിടമില്ലാതെ ഭിത്തിയിൽ തട്ടി നിന്ന അവൾ ദേവിനെ മുഖം ഉയർത്തി നോക്കാൻ മടിച്ചു കൊണ്ട് തല കുമ്പിട്ട് നിന്നു…
“ഈ ഒരു നിമിഷത്തിന് വേണ്ടിയാ ഞാൻ കാത്തിരുന്നത്…. എന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ നീ തല ഉയർത്തിയെ പറ്റൂ അനു.. “
ദേവ് പറഞ്ഞു തീർന്നതും അവൾ ഒരു പിടച്ചിലോടെ മുഖം ഉയർത്തി… തന്നോട് അടുത്ത് നിൽക്കുന്ന ദേവേട്ടനെ കാണുമ്പോൾ പേരറിയാത്ത പല വികാരങ്ങളും അവളെ വന്നു മൂടുന്നുണ്ട്.. പക്ഷെ,, അപ്പോഴും ഭയം കൊണ്ട് ആ വികാരങ്ങളൊക്കെ പിന്നിലേക്ക് ഒളിക്കുന്നത് പോലെ തോന്നി അവൾക്ക്..
ദേവിന്റെ ഇരു കരങ്ങളും തനിക്കിരുവശവും ഭിത്തിയിൽ താങ്ങി വെച്ചത് കൂടി കണ്ടപ്പോൾ അവളുടെ മിഴികൾ പിടയ്ക്കാൻ തുടങ്ങി….
“നിനക്ക് എന്നെ ഭർത്താവായി കാണാൻ പറ്റില്ല എന്ന് പറഞ്ഞ് ഈ കാലമത്രയും എന്നെ ഒരു വിഡ്ഢി വേഷം കെട്ടിച്ചത് എന്തിന് വേണ്ടിയായിരുന്നു??? “
മറുപടി കൊടുക്കാൻ കഴിയാതെ അനു തന്റെ കൈകളെ സാരിയിൽ പിടിച്ചു ഞെരുക്കുന്നുണ്ട്…
“പറയെടി,,, എന്തിനായിരുന്നെന്ന്?? നിനക്ക് എന്നെ ഇഷ്ടമായിരുന്നെങ്കിൽ അത് വാ തുറന്നു പറയാതിരുന്നത് എന്ത് കൊണ്ടാ?? “
അവളുടെ കവിളിൽ കുത്തിപ്പിടിച്ചു ദേവ് വീണ്ടും ചോദ്യമുന്നയിച്ചപ്പോ ശബ്ദം ഒരല്പം ഉയർന്നിരുന്നു..
“എനിക്ക് ഇഷ്ടം ഉണ്ടെന്ന് ഞാൻ തുറന്നു പറഞ്ഞിരുന്നെങ്കിൽ എന്നോട് നീതി കാണിക്കാൻ ദേവേട്ടന് കഴിയുമായിരുന്നോ?? ഞാൻ എന്ന ഭാര്യയെ പൂർണ്ണതയിൽ എത്തിക്കാൻ ദേവേട്ടന് പറ്റുമോ?? അന്നും ഇന്നും ദേവേട്ടന്റെ ഫസ്റ്റ് ചോയ്സ് ചേച്ചിയായിരുന്നില്ലേ???
അന്ന് എന്റെ കഴുത്തിൽ ഈ താലി കെട്ടുമ്പോൾ സഹതാപമല്ലാതെ മറ്റെന്തെങ്കിലും വികാരം ഉണ്ടായിരുന്നോ??
അതേ,, അനു സ്നേഹിച്ചിരുന്നു.. താലി കെട്ടിയ പുരുഷനെ… അവളുടെ മാനം കാത്തു സൂക്ഷിച്ച പുരുഷനെ.. പക്ഷെ അയാളുടെ മനസ്സ് അപ്പോഴും പ്രണയിനിക്ക് വേണ്ടിയുള്ള മൗന യുദ്ധത്തിൽ ആയിരുന്നു.. “
അവന്റെ വാക്കുകളും പ്രവർത്തിയും ഒരു നിമിഷം അനുവിന്റെ മനസ്സിനെയും വേദനിപ്പിച്ചത് കൊണ്ടാകണം വാക്കുകൾ കൊണ്ട് അവളും പോരാടിയത്… അവൾക്കറിയാം ആ മനസ്സിൽ ഇപ്പോ അനു മാത്രമേയുള്ളൂ എന്ന്… എങ്കിലും ഇപ്പോ തന്റെ ഈ വാക്കുകൾ ഇവിടെ അനുയോജ്യമാണെന്ന് തോന്നിയത് കൊണ്ടാണ് മുന്നും പിന്നും നോക്കാതെ മറുപടി പറഞ്ഞത്..
അവളുടെ വാക്കുകൾ കേട്ടതും ദേവിന്റെ കൈകൾ അവളിൽ നിന്ന് അടർന്നു വീണിരുന്നു… അവളോട് അടുത്ത് നിന്നിരുന്ന അവന്റെ കാലുകൾ പതിയെ പിന്നിലേക്ക് ചലിച്ചു…
“മതി… ഇത്രേം കേട്ട മതി… നിനക്ക് എങ്കിലും എന്നെ മനസ്സിലാകുമെന്ന് ഞാൻ കരുതിയിരുന്നു അനു… പക്ഷെ തെറ്റ് പറ്റിപ്പോയി എനിക്ക്..
നിന്റെ കഴുത്തിൽ താലി കെട്ടുമ്പോൾ അഞ്ജു ഉണ്ടായിരുന്നു മനസ്സ് മുഴുവൻ.. പക്ഷെ അതവളോടുള്ള പ്രണയം കൊണ്ടായിരുന്നില്ല.. ഞാൻ അവളോട് ചെയ്തതിനെ കുറിച്ചോർത്തുള്ള കുറ്റബോധം കൊണ്ടായിരുന്നു…
നിമിഷങ്ങൾ ഓരോന്നും തള്ളി നീക്കിയത് അവൾ നൽകിയ ഓർമ്മകൾ മറന്ന് കൊണ്ടിരിക്കാനായിരുന്നു.. പക്ഷെ പരാജയപ്പെട്ടു പോയിരുന്നു ഞാൻ പലപ്പോഴും.. പ്രണയം അത്ര മേൽ ആഴത്തിൽ പതിഞ്ഞു പോയൊരു മനസ്സായത് കൊണ്ടാകണം അതിൽ നിന്നൊരു മോചനം എനിക്കസാധ്യമായി തോന്നിയത്..
ആ സമയം,, നിന്റെ സാമീപ്യം,, നിന്റെ വാക്കുകൾ,, നിന്റെ പ്രണയച്ചൂട്,, ഒക്കെ എന്റെ സമ്മതത്തിന് കാത്തു നിൽക്കാതെ നീ തന്നിരുന്നെങ്കിൽ ഇന്ന് ഇങ്ങനെ നിൽക്കേണ്ട ഗതികേട് എനിക്ക് വരില്ലായിരുന്നു…
അവളുടെ ഓർമ്മകളിൽ വെന്തുരുകുന്ന ഞാൻ,, താലി കെട്ടിയ നിന്നെ ദൂരപ്പെടുത്താതെ ചേർത്ത് പിടിച്ചിരുന്നു ഓരോ നിമിഷവും.. നീ തളർന്ന് പോകരുതെന്ന് കരുതി.. പക്ഷെ നീയോ,,, മൗനം കൊണ്ട് തോൽപിച്ചു ആദ്യമൊക്കെ.. പിന്നീട് വാക്കുകൾ കൊണ്ട്.. ഏറ്റവുമൊടുവിൽ ഞാൻ എന്റെ പ്രണയത്തെ മറന്ന് നിന്നിലേക്ക് മാത്രമായി ഒതുങ്ങിയപ്പോ എന്നെ പാടെ തളർത്തി കളഞ്ഞൊരു വാക്കിന്റെ ശരം എനിക്ക് നേരെ തൊടുത്തു വിട്ടിരുന്നു… ഓർമ്മയുണ്ടോ നിനക്ക്??
നിനക്ക് ഡിവോഴ്സ് വേണമെന്ന് പറഞ്ഞ ദിവസം…. ജീവിതത്തിൽ ഒന്നുമല്ലാത്തവനായി മാറിയിരുന്നു അന്ന് ഞാൻ…. എന്നിട്ടും എന്റെ വേദനകളെ ഉള്ളിലൊതുക്കി നിന്നെ സ്വന്തമാക്കാൻ ചീപ് നാടകം വരെ കളിച്ചു… ഇത്രയൊക്കെ ചെയ്തിട്ടും നിനക്ക് എന്നെ മനസ്സിലായത് ഇങ്ങനെ ആയിരുന്നല്ലേ…
അതേടി,,, അന്നും ഇന്നും,, എന്റെ മരണം വരെയും എന്റെ മനസ്സിൽ അഞ്ജു മാത്രമേയുള്ളൂ…. അവളെ മാത്രമേ എനിക്ക് പൂർണ്ണതയിൽ എത്തിക്കാൻ കഴിയൂ…
നിന്നെ,, നിന്നെ എനിക്ക് വെറുപ്പാ…
സ്വന്തം മനസാക്ഷിയോട് പോലും കള്ളം കാണിക്കുന്ന നിന്നെ അംഗീകരിക്കാൻ എനിക്ക് ഈ ജന്മം കഴിയില്ല….
എന്റെ പ്രണയം,, അത് അഞ്ജു തന്നെയാ… അഞ്ജു മാത്രമാ…
നിന്നോട് എനിക്ക് ഒരു വികാരവുമില്ല… അന്ന് സഹതാപം എങ്കിലും ഉണ്ടായിരുന്നു.. എന്ന ഇന്നത് പോലുമില്ല….
പൊയ്ക്കോ എന്റെ കൺമുന്നീന്ന്.. “
ആദ്യം പതുക്കെ സംസാരിച്ചു തുടങ്ങിയ ദേവിന്റെ വാക്കുകൾ പിന്നീട് അലർച്ചയായി മാറിയപ്പോൾ സങ്കടക്കടലിൽ ഒറ്റപ്പെട്ട് പോയിരുന്നു അനു… താൻ പറഞ്ഞ വാക്കുകൾ അത്രമേൽ വേദന സമ്മാനിച്ചിരുന്നോ??
യഥാർത്ഥത്തിൽ ഞാനാണോ തെറ്റ് ചെയ്തത്?? മനസ്സിൽ തോന്നിയ ഇഷ്ടം മറച്ചു വെച്ചത് എന്നെങ്കിലും ദേവേട്ടൻ ചേച്ചിയെ തിരക്കി പോവുകയാണെങ്കിൽ അവരുടെ ഇടയിൽ ഒരു തടസ്സമായി ഞാൻ നിൽക്കരുതെന്ന് കരുതിയല്ലേ…
“ദേവേട്ടാ… ഞാൻ ഒന്ന് പറഞ്ഞോട്ടെ… “
അവൾക്ക് മുഖം കൊടുക്കാതെ പിന്തിരിഞ്ഞു നിൽക്കുന്ന ദേവിന്റെ ഷോൾഡറിൽ കൈ വെച്ച് അനു സംസാരിച്ചു തുടങ്ങിയതും അവനാ കൈ തട്ടിയെറിഞ്ഞു….
“ദയവ് ചെയ്ത് എനിക്ക് മുന്നിൽ വന്ന് നിൽക്കരുത്… എന്റെ ദേഷ്യവും സങ്കടവും നിന്നിൽ തീർക്കുമ്പോൾ ഒരുപക്ഷെ നീ ജീവനോടെ ഉണ്ടായെന്ന് വരില്ല… ഇറങ്ങി പൊയ്ക്കോ എന്റെ കണ്മുന്നിൽ നിന്ന്… “
കണ്ണുകൾ ഇറുകെയടച്ചു തന്റെ ദേഷ്യം സ്വയം നിയന്ത്രിച്ചു കൊണ്ട് അവൻ അനുവിനെ നോക്കാതെ പറഞ്ഞു നിർത്തിയിട്ടും അനു ആ മുറിക്കുള്ളിൽ നിന്ന് പോകാൻ കൂട്ടാക്കിയില്ല…
ദേവിന്റെ മുന്നിൽ വന്ന് നിന്ന് ഷർട്ടിൽ കുത്തിപ്പിടിച്ചു കൊണ്ട് അവൾ ഏന്തി വലിഞ് അവന്റെ മുഖത്തോടടുത്തു…
“ഞാൻ പറഞ്ഞ വാക്കുകൾ വേദനിപ്പിച്ചെങ്കിൽ,, ശിക്ഷിക്കാനുള്ള അവകാശം ദേവേട്ടന് ഉണ്ട്… ആ ശിക്ഷയ്ക്ക് ഒടുവിൽ എനിക്ക് മരണമാണ് വിധിക്കുന്നതെങ്കിൽ പോലും എനിക്ക് സന്തോഷമാണ്… അത്രമേൽ പ്രണയം തോന്നിയിട്ടുണ്ട് ഈ ദേവനോട്… “
വാക്കുകൾ പറഞ്ഞു തീർന്നതും അവളുടെ അധരങ്ങൾ അവന്റെ കീഴ്ച്ചുണ്ടിനെ കീഴ്പ്പെടുത്തിയിരുന്നു… പക്ഷെ,, തിരിച്ചു അവളെ ഒന്ന് പുൽകാനോ ആ ചുംബനത്തിന്റെ ലഹരിയിൽ മതി മറന്ന് നിൽക്കാനോ ദേവിന് കഴിഞ്ഞിരുന്നില്ല…
അവന്റെ മനസ്സിലെ സംഘർഷങ്ങൾ അവനെ പല വഴിക്ക് കൊണ്ട് പോകുമ്പോൾ ശരീരം തീർത്തും നിർവികാരത കീഴ്പ്പെടുത്തിയിരുന്നു..
അവളുടെ പറയാത്ത പ്രണയം ഒരു ഭാഗത്ത്,, തനിക്ക് അവളോട് പ്രണയം തോന്നിയിട്ടും അവളെ പൂർണ്ണതയിൽ എത്തിക്കാൻ കഴിയാതെ അഞ്ജുവിന് സ്ഥാനം കൊടുത്തു എന്ന് പറഞ്ഞ വാക്കുകൾ മറുഭാഗത്ത്.. ഇതിനിടയിൽ എവിടെയാണ് ഞാൻ അവളോട് നീതി കാട്ടിയത്…
തെറ്റുകൾ തന്റേതാണോ???
ചിന്താമണ്ഡലത്തിൽ വാക്കുകളും ഓർമ്മകളും തമ്മിലൊരു യുദ്ധം നടക്കുമ്പോൾ അവന് അനുവിനെ കുറ്റപ്പെടുത്താൻ കഴിഞ്ഞില്ല…അത്പോലെ തന്നെ അവളെ അംഗീകരിക്കാനും….
ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയിട്ടും അവൾ തന്നിൽ നിന്നടർന്നു മാറാൻ ഒരുങ്ങില്ലെന്ന് കണ്ട ദേവ് അവളെ പിടിച്ചു പിന്നിലേക്ക് തള്ളി…
“ഞാൻ ചെയ്ത് പോയത് തെറ്റാണെങ്കിൽ മാപ്പാക്കണം… നിന്നിലെ സ്ത്രീയെ ഉണർത്താനോ അതിനൊരു പൂർണ്ണത വരുത്താനോ എനിക്കിപ്പോ സാധ്യമല്ല…
സങ്കടവും ദേഷ്യവും കൂടിക്കലർന്ന സമ്മിശ്ര വികാരങ്ങൾ എന്നിൽ നിന്ന് ജീർണിച്ചു പോകുന്ന നിമിഷം മാത്രമേ എനിക്ക് നിന്നെ എല്ലാം മറന്ന് പ്രണയിക്കാൻ കഴിയൂ… അതുവരെ കാത്തിരിക്കണം… ദേവ് ചതിക്കില്ല…
‘ എന്റെ വിധിയെ പ്രണയിക്കാനാണ് എനിക്കിഷ്ടം’ എന്ന് ഞാൻ പറയില്ല.. ‘എന്റെ വിധി അത് നീയെന്ന നിധിയാണ്’.. .. അത് മാത്രം എനിക്കറിയാം…
അത്കൊണ്ട് മാത്രമാ പെണ്ണെ എന്നോടുള്ള സ്നേഹം നീ മറച്ചു വെച്ചൂന്നറിഞ്ഞപ്പോ ദേഷ്യം തോന്നിയതും…..
സോറി…. “
ഇടറുന്ന വാക്കുകളിൽ ദേവ് പറഞ്ഞ് നിർത്തിയതും വേദനയോടെ അനു അവനെ നോക്കി നിന്നു…
രണ്ട് പേർക്കും പറയാൻ വാക്കുകളില്ലാതെ വന്നപ്പോൾ പിന്തിരിഞ്ഞു നടക്കാനൊരുങ്ങിയ ദേവിന്റെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് അനു വിതുമ്പി…
പലതും പറയാൻ അനു കൊതിക്കുന്നുണ്ടെങ്കിലും വിറ കൊള്ളുന്ന അധരങ്ങൾ അതിന് സമ്മതിക്കാതെ വന്നു… താൻ ചേർന്ന് നിന്നിട്ടും ചേർത്ത് പിടിക്കാൻ ദേവേട്ടന്റെ കരങ്ങൾ ഉയർന്ന് വന്നില്ലെന്ന് അവളറിഞ്ഞപ്പോ പതിയെ അവൾ അവനിൽ നിന്ന് പിൻവാങ്ങി…
വേദനയോടെ,,, സങ്കടത്തോടെ,, അതിലുപരി സ്നേഹത്തോടെ…
എത്രത്തോളം അകലം കാണിക്കുന്നുവോ അത്രത്തോളം അടുത്ത് കൊണ്ടിരിക്കും എന്ന് അവൾ സ്വയം മനസ്സിനെ പറഞ്ഞു മനസ്സിലാക്കിയിരുന്നു……
അവളുടെ പിന്മാറ്റം അവന്റെ ഹൃദയത്തെ വേദനിപ്പിക്കുന്നുവെങ്കിലും എന്തോ ഇപ്പോഴും ചേർത്ത് നിർത്താൻ മനസ്സ് പാകമായില്ലെന്ന് തോന്നിയത് കൊണ്ട് ദേവും മുറി വിട്ടിറങ്ങി….
ഒരുപാട് സന്തോഷിക്കേണ്ട ആ ദിവസം നിറയെ നോവ് നൽകി അവരെ വരവേറ്റപ്പോൾ വീട്ടുകാർക്ക് മുന്നിൽ തകർത്തഭിനയിക്കുകയിരുന്നു രണ്ട് പേരും…..
മിനിറ്റുകൾ മണിക്കൂറുകളിലേക്കും മണിക്കൂറുകൾ ദിവസങ്ങളിലേക്കും പരിണമിച്ചു കൊണ്ടിരുന്നു… അപ്പോഴും മൗനം കൊണ്ടൊരു മറ തീർത്ത് അനുവും ദേവും മുന്നോട്ട് പോയ്…
എങ്കിലും ഓരോ രാവും അവന്റെ കൈത്തണ്ടയിൽ തല വെച്ചുറങ്ങുന്ന അവളെ ഒരിറ്റ് കണ്ണീരിന്റെ അകമ്പടിയോടെ അവനും നോക്കുമായിരുന്നു… തികഞ്ഞ വാത്സല്യത്തോടെ….
അവളിൽ നിന്ന് തുടങ്ങുന്ന തന്റെ ഓരോ ദിനങ്ങളും അവളിൽ തന്നെയാണ് അവസാനിക്കുന്നതും..
വാക്കുകൾ കൊണ്ട് മാത്രമല്ല മൗനം കൊണ്ട് പ്രണയം തീർക്കാമെന്ന് രണ്ട് പേരും അനുഭവിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു പിന്നീടങ്ങോട്ട്…
അമ്മയോട് വളരെ കൂട്ടായിരുന്നു അനു.. പക്ഷെ,, അച്ഛനെ കാണുമ്പോൾ എന്തോ അവളൊഴിഞ്ഞു മാറും… വല്ലാത്തൊരു പേടി അവളിൽ വന്നു നിറയും…അനൂപിനെ കാണുമ്പോൾ ഒരു പുഞ്ചിരി കൊടുക്കുമെന്നല്ലാതെ കൂടുതലൊന്നും സംസാരിക്കാൻ അവൾ തുനിയാറില്ല.. പിന്നെയുള്ള കൂട്ട് അച്ചൂട്ടനാണ്… അവൻ ക്ലാസ് കഴിഞ്ഞു വന്നാൽ പിന്നെ അനുവും അവനും മാത്രമുള്ള ലോകമാണ്… ആ കാഴ്ച വിദൂരത്തു നിന്ന് നോക്കി കണ്ട് സംതൃപ്തി അടയുന്ന രണ്ട് പേരാണ് ദേവും അവന്റെ അച്ഛനും…
ഒരു മാസം അതിവേഗത്തിൽ കടന്ന് പോയ്… തുലാമാസത്തിലെ ഇടിയും മഴയും വരവറിയിച്ചു തുടങ്ങിയപ്പോൾ അകാരണമായ ഒരു ഭയം അവളെ പിടി കൂടി…..
അന്നത്തെ രാത്രി അവൾ ദേവിന്റെ കൈത്തണ്ടയിൽ കിടക്കാതെ അവന്റെ നെഞ്ചിലേക്ക് ചേർന്ന് കിടക്കുമ്പോൾ അവൻ അവളെ ചേർത്ത് പിടിച്ചു….
“ഒരിക്കൽ പ്രണയമായിരുന്നു മഴയോട്… ഇപ്പോ ഭയമാണ്… എന്നെ മാറ്റി കിടത്തല്ലേ ട്ടോ… “
അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി സങ്കടത്തോടെ അനു പറഞ്ഞു നിർത്തിയപ്പോ അവന്റെ പിടിത്തം ഒന്നൂടെ മുറുകി…. ആ രാത്രി അവൾ ഉറങ്ങിയിട്ടും അവന് ഉറങ്ങാൻ കഴിഞ്ഞില്ല… മനസ്സിൽ പല ലക്ഷ്യങ്ങളും ഉടലെടുക്കുകയായിരുന്നു… ആ ലക്ഷ്യത്തിലേക്ക് ചെന്നെത്താൻ അവൻ ഒരുങ്ങി തുടങ്ങുന്നത് അറിയാതെ അനു അന്ന് സുഖമായി ഉറങ്ങി….. ഇനി നിന്നെ ഉറങ്ങാൻ സമ്മതിക്കില്ലെടി പെണ്ണെ എന്ന് മൗനമായി പറഞ്ഞ് കൊണ്ട് അവളെയും ചേർത്ത് പിടിച്ചു ദേവും രാവിന്റെ ഏതോ യാമത്തിൽ കണ്ണുകളടച്ചു….
മഴ പെയ്ത് തോർന്നതിന്റെ അവശേഷിപ്പായി മുറ്റത്ത് കരിയിലകൾ സ്ഥാനം പിടിച്ചിട്ടുണ്ട്.. അതൊക്കെ അടിച്ചു തൂകി വൃത്തിയാക്കി അനു ഫ്രഷ് ആയി വന്നു…. രണ്ടാഴ്ചയായി ദേവേട്ടൻ അച്ഛന്റെ കമ്പനിയിൽ ജോലിക്ക് പോയ് തുടങ്ങിയിട്ട്.. ഒട്ടും താല്പര്യമില്ലാതെയാണ് പോകുന്നതെന്ന് ആ മുഖം കണ്ടാലറിയാം… ഇപ്പോഴും ആ മനസ്സിൽ ഓട്ടോയും ആ കൊച്ച് സ്വർഗ്ഗവും ആയിരിക്കും….
എന്തോ ഓർത്തിട്ടെന്ന പോലെ അനു അച്ഛന്റെ മുറി ലക്ഷ്യമാക്കി നടന്നു.. പാതി ചാരിയിട്ട വാതിലിലൂടെയുള്ള കാഴ്ച കണ്ട് അവളൊന്ന് ചിരിച്ചു കൊണ്ട് ഭിത്തിയുടെ മറവിലേക്ക് ചാഞ്ഞു…
അച്ഛന്റെ മുടി ചീകിയൊതുക്കുന്ന അമ്മ… അതിനിടയിൽ കുസൃതി കാട്ടുന്ന അച്ഛനും… എന്തോ ആ കാഴ്ച കണ്ടപ്പോൾ അച്ഛനെ ഓർമ വന്നു…. എന്റെ അമ്മയെ ഇതിനേക്കാൾ കൂടുതൽ എന്റെ അച്ഛൻ സ്നേഹിച്ചിരുന്നില്ലേ… ഓർമ്മകൾ തന്റെ ഹൃദയത്തെ കുത്തി നോവിക്കുന്നു എന്ന് തോന്നിയപ്പോൾ അനു പതിയെ അവിടെ നിന്നും നടന്ന് തുടങ്ങി…
“അനു മോളെ…. “
അച്ഛന്റെ വിളി…. ഒരു നിമിഷം വേണ്ടി വന്നു അവൾക്ക് യാഥാർഥ്യത്തിലേക്ക് തിരിച്ചു വരാൻ… അത് എന്റെ അച്ഛനല്ല… ദേവേട്ടന്റെ അച്ഛനാ…
“എന്താ അനു മോള് ഒന്നും പറയാതെ തിരിച്ചു പോകുന്നത്?? “
അതും പറഞ്ഞു കൊണ്ട് അച്ഛൻ അവളെ തന്റെ തോളോട് ചേർത്ത് പിടിച്ചപ്പോൾ അവളൊന്ന് ഞെട്ടി… അവളുടെ മനസ്സിലേക്ക് തന്റെ അച്ഛന്റെ പ്രവർത്തി ഓർമ വന്നു…
“ഒരു പെൺകുട്ടിയെ ആഗ്രഹിച്ച എനിക്ക് ദൈവം തന്നത് മൂന്ന് ആണ്മക്കളെയാണ്… അതിൽ അച്ഛന് പരാതിയില്ല.. പക്ഷെ,, അനു മോളെ മരുമകളായിട്ടല്ലല്ലോ ഞാനും ഇവളും കണ്ടത്… എന്നിട്ടും മോളെന്തിനാ അച്ഛനെ ഇങ്ങനെ അകറ്റുന്നത്…
ദൂരെ നിന്നും നിന്നെ കാണുന്നത് തന്നെ അച്ഛന് സന്തോഷമാണ്.. പക്ഷെ നീ എന്നെ കാണുമ്പോൾ ഒഴിഞ്ഞു മാറുന്നത് കാണുമ്പോൾ അതിനേക്കാൾ വലിയ വേദനയും…
എന്ത് തെറ്റ് ചെയ്തിട്ടാടാ എന്നെ ഇങ്ങനെ മാറ്റി നിർത്തുന്നത്?? അവന്റെ മാത്രം അച്ഛനല്ലല്ലോ ഞാൻ.. നിന്റെയും കൂടിയല്ലേ… “
അച്ഛന്റെ വാക്കുകളിൽ നിറഞ്ഞ ആത്മാർത്ഥത തിരിച്ചറിഞ്ഞെന്നോണം അനു ആ നെഞ്ചിലേക്ക് ചാഞ്ഞു… താൻ പറയാൻ വന്ന കാര്യം ഇപ്പോ എങ്ങനെ പറയുമെന്ന് ആലോചിച്ചു നിന്നപ്പോഴാണ് അച്ഛൻ ചോദിച്ചത്..
“എന്തിനാ ഇപ്പോ അനു മോള് അച്ഛനെയും അമ്മയെയും ഒളിഞ്ഞു നോക്കാൻ വന്നത്… സാധാരണ ഇത് പതിവില്ലല്ലോ?? എന്താ മോൾക്ക് ചോദിക്കാനുള്ളത്?? “
ഒരല്പം കുസൃതിയോടെ അദ്ദേഹം അവളെ നോക്കി ചിരിച്ചു…
“അത് പിന്നെ അച്ഛാ,, ഞങ്ങൾ രണ്ടു ദിവസം നമ്മുടെ വീട്ടിൽ പോയ് നിന്നോട്ടെ.. “
മടിച്ചു മടിച്ചാണ് അനു ചോദിച്ചത്…
“ങേ,, അപ്പോ ഒരാഴ്ച എന്നുള്ളത് രണ്ട് ദിവസമാക്കിയോ??? “
അച്ഛന്റെ മറു ചോദ്യം കേട്ടപ്പോൾ കാര്യമറിയാതെ അനു അച്ഛന്റെ നെഞ്ചിൽ നിന്ന് മുഖം ഉയർത്തി നോക്കി…
” നിന്റെ ഭർത്താവ്,, അതായത് എന്റെ മകൻ എന്നോട് ഒരാഴ്ച ലീവ് ചോദിച്ചിരുന്നു.. അവിടെ പോയ് താമസിക്കാൻ… അവനാണെങ്കിൽ ഒരാഴ്ചക്കുള്ള പാക്കിങ്ങും നടത്തി.. ഇനി മോൾക്ക് രണ്ട് ദിവസം മതിയെങ്കിൽ മോള് ഇങ്ങോട്ട് പോന്നോളൂ.. അവൻ ഒറ്റയ്ക്ക് അവിടെ നിന്നോട്ടെ.. “
അപ്പോ ദേവേട്ടനും ഈ കാര്യം ആഗ്രഹിച്ചിരുന്നോ??
“ഭയകര മനപ്പൊരുത്തമാണല്ലോ ഏട്ടത്തി… ഏട്ടൻ ഇത് സർപ്രൈസ് ആയി വെച്ചതായിരുന്നു… അച്ഛൻ ഇത് പൊളിച്ചു കയ്യിൽ തന്നു… “
അച്ചൂട്ടൻ ഇടയിൽ കയറി കമന്റ് പാസ്സാക്കിയപ്പോൾ അനു ഒന്ന് ചിരിച്ചു…
“ഒരാഴ്ച,, അതിൽ കൂടുതൽ എടുക്കരുത്… അച്ഛനും അമ്മയ്ക്കും മക്കളെന്നും കൂടെ വേണമെന്നാണ് ആഗ്രഹം… ആ ആഗ്രഹത്തിന് എതിര് നിൽക്കല്ലേ ട്ടോ… “
അച്ഛൻ സ്നേഹത്തോടെ പറഞ്ഞു നിർത്തിയപ്പോ അച്ചൂട്ടൻ വീണ്ടും കമന്റടിച്ചു..
“എന്നിട്ടാണോ ഒരു വർഷം മുന്നെ ഏട്ടനെ തല്ലി പുറത്താക്കിയത്.. പറയുമ്പോൾ വിശ്വസിക്കാൻ പറ്റുന്ന കള്ളം പറയ് അച്ഛാ… “
“ഡാ നിന്നെ ഞാൻ….. “
അച്ചൂട്ടന് നേരെ കയ്യോങ്ങി കൊണ്ട് അച്ഛൻ അവന്റെ പിറകെ ഓടിയപ്പോ അവൻ വിളിച്ചു കൂവുന്നുണ്ടായിരുന്നു,,
“ഏട്ടത്തി ഒരാഴ്ച കഴിഞ്ഞിട്ടും കണ്ടിട്ടില്ലേൽ ഞാൻ അങ്ങോട്ട് വന്ന് നിങ്ങൾക്കിടയിലെ കട്ടുറുമ്പ് ആകും ട്ടോ… “
ആ മണിമാളികയിലെ കളിചിരികൾ തന്നെ ഒരുപാട് സ്വാധീനിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ അനു മനസ്സറിഞ്ഞു ഒരു തീരുമാനം എടുത്തു…
ഒരാഴ്ചയിൽ കൂടുതൽ അവിടെ നിൽക്കില്ലെന്ന്…
കൂടുമ്പോൾ ഇമ്പമുള്ള കുടുംബത്തെ മാറ്റി നിർത്തരുതെന്ന് അവളാഗ്രഹിച്ചു….
അപ്പോഴും ഒരു സംശയം അവളിൽ ബാക്കിയായിരുന്നു… ദേവേട്ടൻ അവിടം വിട്ട് പോരാൻ സമ്മതിക്കുമോ???
ദേവേട്ടന്റെ മനസ്സിലെ സ്വർഗം അതാണ്… ആ സ്വർഗത്തിൽ വെച്ചെങ്കിലും തന്നോടുള്ള അകലം കുറയുമെന്ന് അവൾക്ക് തോന്നി…
* ** ******
ഊണ് കഴിച്ചു ഉച്ചയ്ക്ക് ശേഷം തിരിച്ചതാണ് ദേവും അനുവും,, അവരുടെ സ്വർഗത്തിലേക്ക്…
കാറിലെ സ്റ്റീരിയോയിൽ നിന്നുയർന്നു കേൾക്കുന്ന ഗാനമല്ലാതെ മറ്റൊന്നും തന്നെ അവർക്കിടയിൽ ശബ്ദമായി വന്നില്ല…
ഇടയ്ക്കിടെ അനുവിന്റെ നോട്ടം അവനെ തേടി ചെല്ലുമ്പോ അവൻ ഗൗരവത്തോടെ ഡ്രൈവ് ചെയ്യും.. അവൾ നോട്ടം മാറ്റി എന്ന് കാണുമ്പോൾ അവനൊന്ന് പുഞ്ചിരിക്കും… ഗിയറിൽ വെക്കുന്ന അവന്റെ കൈക്ക് മീതെ പലവട്ടം അവളുടെ കയ്യാൽ അവന്റെ കയ്യിനെ പൊതിഞ്ഞു പിടിക്കാൻ ശ്രമിക്കുമ്പോഴേക്കും അവനാ കൈ ഒരു കുറുമ്പൊടെ മാറ്റി സ്റ്റിയറിങ്ങിൽ തന്നെ വെക്കും…
രണ്ട് വട്ടം അവൾ പരാജയപ്പെട്ടപ്പോൾ നിരാശയോടെ അവൾ പുറത്തെ കാഴ്ചകളിലേക്ക് നോട്ടം തിരിച്ചു വിട്ടു…
ചെറിയൊരു ചിരിയോടെ ദേവ് മടിയിൽ വെച്ചിരുന്ന അവളുടെ കയ്യിനെ എടുത്തു ഗിയറിൽ വെച്ച് അവന്റെ കൈ അതിന് മുകളിൽ വെച്ചു….
ഒരത്ഭുദത്തോടെ അനു ദേവിനെ തല ചെരിച്ചു നോക്കുമ്പോഴേക്കും അവൻ മുന്നോട്ട് നോക്കി യാത്ര തുടർന്നു.. അവൾ കാണാതെ ഒളിപ്പിച്ചു വെച്ച പുഞ്ചിരിയുമായ്….
നീണ്ട യാത്രയ്ക്കൊടുവിൽ അവർ രണ്ടു പേരും ആ കൊച്ചു സ്വർഗത്തിൽ എത്തിയപ്പോഴാണ് മുറ്റത്തേക്കിറങ്ങി വരുന്ന സിദ്ധുവിനെ കണ്ടത്…
“ഇണക്കുരുവികൾ രണ്ടും സ്വർഗത്തിൽ എത്തിയ സ്ഥിതിക്ക് ഞാൻ ഇപ്പോ ഇവിടെ ആരാ?? “
അനുവിനെ നോക്കി ചോദിച്ചു തീരുമ്പോഴേക്കും സിദ്ധു ദേവിന്റെ വയറ്റിനിട്ട് ഒരു കിഴുക്ക് കൊടുത്തു കഴിഞ്ഞിരുന്നു…
“നീ സ്വർഗ്ഗത്തിലെ വെളുത്ത കട്ടുറുമ്പ്”
ഒരു കണ്ണിറുക്കി ദേവ് പറഞ്ഞു തീർന്നതും സിദ്ധു അവന്റെ കാറിനടുത്തേക്ക് നടന്നു കഴിഞ്ഞിരുന്നു..
അച്ഛൻ വിളിച്ചു പറഞ്ഞതനുസരിച്ചു വീട് വൃത്തിയാക്കിടാൻ ആളെ കൊണ്ട് വരാമെന്നേറ്റു കാണും.. അതാകും സിദ്ധു ഇവിടെ…
“ഒരാഴ്ച കഴിഞ്ഞാൽ തിരികെ പൊയ്ക്കൊള്ളണം,, അച്ഛനും അമ്മയുമുള്ള വീടാണെടാ ഭൂമിയിലെ യഥാർത്ഥ സ്വർഗം… അത് ഇല്ലാത്തവനെ അതിന്റെ വില അറിയൂ.. “
അതും പറഞ്ഞു കൊണ്ട് സിദ്ധു കാറിൽ കയറി ഇരുന്നതും ഡോറിന്റെ ഗ്ലാസ് താഴ്ത്തി ദേവിനെ മാത്രം അരികിലേക്ക് വിളിച്ചു..
“ഡാ,, നിന്റെ റൂമിലെ ഓട് പൊട്ടി വെള്ളം ചോരുന്നുണ്ട്.. അവിടെ കിടക്കാൻ ബുദ്ധിമുട്ട് ആകുമെന്ന് കരുതി ഞാൻ മറ്റേ റൂമിലെ സാധനങ്ങളൊക്കെ എടുത്തു മാറ്റിയിട്ടുണ്ട്…ഇന്ന് മഴ പെയ്യാതിരുന്നാൽ നിന്റെ ഭാഗ്യം.. “
“ആ ചോർന്നൊലിക്കുന്ന മുറി മതിയെടാ അളിയാ… ഇന്ന് മഴ പെയ്യണം എന്നാണ് എന്റെ ആഗ്രഹം.. അപ്പോ സിദ്ധു മോൻ ചെന്നാട്ടെ… “
അവന്റെ കയ്യിൽ തട്ടി ദേവ് അവനെ യാത്രയാക്കി വീടിനകത്തേക്ക് കയറുമ്പോഴേക്കും അനു വീട്ടിനുള്ളിലേക്ക് പ്രവേശിച്ചിരുന്നു…
ദേവ് നേരെ കിണറ്റിൻ കരയിലേക്ക് നടന്നു… കിണർ നിറയെ വെള്ളമുണ്ട്… അത്കൊണ്ട് തന്നെ ഒരു കുടം കയ്യിലെടുത്തു തന്നെ വെള്ളം കോരിയെടുക്കാൻ എളുപ്പമാണ്… ചിന്തകൾക്കൊപ്പം അവന്റെ കൈകളും ചലിപ്പിച്ചു തുടങ്ങിയപ്പോൾ വസ്ത്രം പോലും മാറാതെ അവൻ ദേഹത്തേക്ക് വെള്ളം കോരിയൊഴിച്ചു…
അനു ദേവിന് ഒരു തോർത്ത് എടുത്തു കയ്യിൽ കൊടുത്തിട്ടും അവനത് വാങ്ങാൻ കൂട്ടാക്കിയില്ല.. അവൾക്ക് മുന്നിൽ തല കുനിച്ചു നിന്നു… കാര്യം മനസ്സിലായ അനു അവന്റെ മുടിയിഴകിളിൽ പറ്റിപ്പിടിച്ച വെള്ളത്തുള്ളികളെ തുടച്ചു മാറ്റാൻ തുടങ്ങി…. അതിനിടയിൽ ദേവിന്റെ കൈകൾ അവളുടെ ഇടുപ്പിലും കവിളിലുമൊക്കെ കുസൃതി കാട്ടി തുടങ്ങിയിരുന്നു…
അവർക്കിടയിൽ തങ്ങി നിന്ന ബാക്കി മൗനവും അവളുടെ ചിരികൾക്കിടയിൽ അലിഞ്ഞു പോയിരുന്നു… കൂടെ അവന്റെ മനസ്സും തെളിഞ്ഞു വന്നിരുന്നു…
തുലാ മാസത്തിലെ ഇരുണ്ട രാവിൽ മഴ ഇന്നും തകർത്ത് പെയ്യുന്നുണ്ട്… അത് പക്ഷെ ആരോടോ ഉള്ള പ്രതികാരമായിരുന്നില്ല.. കാലത്തിന്റെ അനിവാര്യതയായിരുന്നു ഇന്നത്തെ രാത്രി മഴ… ദേവിനും അനുവിനും അതൊരു പ്രണയമഴയും…
ചോർന്നൊലിക്കുന്ന ആ മുറിക്കുള്ളിലെ ജനാലയ്ക്കരികിൽ നിന്ന് കൊണ്ട് ഇരുട്ടിനെ പ്രണയിച്ച മഴത്തുള്ളിയെ നോക്കി കാണുകയായിരുന്നു അനു…. ഒരുപക്ഷെ മഴത്തുള്ളികൾക്കേറ്റവും തിളക്കം തോന്നുന്നത് രാവിന്റെ ഇരുട്ടിലായിരിക്കുമെന്ന് അവൾക്ക് തോന്നി..
ഒരിക്കൽ താൻ പ്രണയിച്ച മഴയാണ്,, തനിക്ക് പലതും നഷ്ടപ്പെടുത്തി തന്നതും നേടി തന്നതും…
വയറിലൂടെ ചുറ്റി വിരിഞ്ഞ കയ്യിന്റെ ചൂടിൽ അനു ഒന്ന് പൊള്ളിപ്പിടഞ്ഞപ്പോഴേക്കും ദേവ് അവന്റെ മുഖം അവളുടെ തോളിൽ ചായ്ച്ചു വെച്ചിരുന്നു….
“താങ്ങാൻ പറ്റുമോ എന്റെ അനുവിന്,, ഈ ദേവന്റെ പ്രണയം??? “
കാതരികിൽ പതിയെ ചോദിച്ചു കൊണ്ട് അവൻ അവളിലുള്ള പിടിത്തം ഒന്നൂടെ മുറുക്കി….
“ദേവേട്ടന്റെ മൗനത്തെയും സങ്കടത്തെയും ദേഷ്യത്തെയും താങ്ങാൻ പറ്റുമെങ്കിൽ പ്രണയവും താങ്ങാൻ പറ്റും.. “
അവളുടെ പതിഞ്ഞ ശബ്ദത്തിൽ മറുപടി കിട്ടിയതും മിന്നലിന്റെ അകമ്പടിയോടെ ഒരിടി വെട്ടിയതും ഒരുമിച്ചായിരുന്നു… പെട്ടെന്നുള്ള ഇടിയായതിനാൽ അനുവിൽ അത് പേടിയുളവാക്കി… പക്ഷെ അപ്പോഴും ദേവ് ഒന്നുമറിയാത്ത പോൽ അവളിലേക്കലിഞ്ഞു ചേരാൻ വെമ്പുകയായിരുന്നു…
വയറിൽ മുറുകുന്ന അവന്റെ കരങ്ങളും കാതിൽ ഇക്കിളി കൂട്ടുന്ന അവന്റെ കുറുകലുകളും അനുവിനെ മറ്റൊരു മായികലോകത്തേക്കെത്തിച്ചിരുന്നു…
വിണ്ണ് കീറി ഒരു മിന്നലിന്റെ അകമ്പടിയോടെ ഭീമാകാരമായ ഒരിടിമുഴക്കം മണ്ണിലേക്ക് പതിഞ്ഞു കൊണ്ടിരിക്കുമ്പോഴും ആ ശബ്ദവീചികളെയൊക്കെ തട്ടിയെറിഞ്ഞു ദേവിന്റെ കാതുകളിൽ അനുവിനാൽ രാഗം മീട്ടുന്ന പുതിയൊരു സംഗീതം വിരിയുകയായിരുന്നു…..
താൻ ചാർത്തിയ നെറുകയിലെ ചുവപ്പ് രാശിക്ക് മേൽ അവന്റെ അധരങ്ങൾ ആദ്യം മൃദു ചുംബനം തീർത്തപ്പോൾ കണ്ണുകൾ പതിയെ അടച്ചവൾ അതിനെ സ്വീകരിച്ചു.. അടഞ്ഞു കിടക്കുന്ന കണ്ണുകളിൽ മഴ നനഞ്ഞ അവന്റെ അധരങ്ങളുടെ തണുപ്പറിഞ്ഞതും അവ രണ്ടും ചിമ്മി കളിച്ചു…
മൂക്കിൻ തുമ്പിൽ പതിയെ ദേവ് പല്ലുകളാഴ്ത്തിയപ്പോ അവന്റെ മേലുള്ള അനുവിന്റെ പിടിത്തം മുറുകി…
തന്റെ ഇണയെ കണ്ടെത്തിയ സന്തോഷത്തിൽ അധരങ്ങൾ തമ്മിൽ പരസ്പരം പ്രണയം പങ്ക് വെക്കുമ്പോൾ ചുവപ്പ് രാശി പടർന്നു കൊണ്ടൊരു മധുരം ഇരുവരും രുചിച്ചറിഞ്ഞു….
വികാരങ്ങളുടെ വേലിയേറ്റം പുതിയൊരു അനുഭൂതി സൃഷ്ടിക്കുമ്പോൾ അവളിലെ പെണ്ണിനെ പൂർണ്ണതയിൽ എത്തിച്ചു കൊണ്ട് അവൻ തളർന്നു പിൻവാങ്ങി…
അവളിലൊരു നോവ് സമ്മാനിച്ചതിന്റെ പ്രതീകമായി മിഴികൾ രണ്ടും നിറഞ്ഞൊഴുകുമ്പോൾ അവയെ തന്റെ അധരങ്ങൾ കൊണ്ട് ഒപ്പിയെടുത്തു അവൻ ആശ്വാസം പകരുമ്പോൾ അവളൊന്ന് പതിയെ ചെരിഞ്ഞു കിടന്നു….
“ഇനി പറയ്,,, താങ്ങാൻ പറ്റിയിരുന്നോ ഈ ദേവിന്റെ പ്രണയത്തെ?? രാത്രി മഴയെ സാക്ഷിയാക്കി ഞാൻ പകുത്തു നൽകിയ പ്രണയം നിന്നെ പൂർണതയിൽ എത്തിച്ചപ്പോ ദേഷ്യം ഉണ്ടോ പെണ്ണെ… “
തന്റെ കാതിൽ വന്നു ചോദിച്ച ദേവിന്റെ ചോദ്യത്തിന് മറുപടിയായി അവൾ തലയിണക്കടിയിൽ നിന്ന് തന്റെ ഫോണെടുത്തു ഒരു പാട്ട് വെച്ചു….
പാടി തീരാറായ ആ പാട്ടിന്റെ അവസാന വാചകങ്ങളും കേട്ട് കഴിഞ്ഞപ്പോൾ ദേവ് വീണ്ടും വീണ്ടും ആവർത്തിച്ചു കേട്ടത് ഈ വരികളായിരുന്നു..
‘”രാത്രി മഴ
പണ്ടെന്റെ സൗഭാഗ്യ രാത്രികളിൽ
എന്നെചിരിപ്പിച്ചു കുളിർ കോരിയണിയിച്ചു
വെണ്ണിലാവേക്കാൾ
പ്രിയം തന്നുറക്കിയോരന്നത്തെ
എൻ പ്രേമ സാക്ഷി…രാത്രി മഴ…'”
സുഗതകുമാരിയുടെ വരികൾക്ക് മാറ്റ് കൂട്ടാനെന്നവണ്ണം കെ എസ് ചിത്രയുടെ ആലാപന മാധുര്യം ആ മുറിക്കുള്ളിൽ പെയ്ത് തുടങ്ങുമ്പോൾ ദേവും അവളിലേക്ക് ഒരു പ്രണയ മഴയായി പെയ്യുകയായിരുന്നു….
കാതങ്ങൾക്കപ്പുറം ചെമ്പകമരചുവട്ടിലെ അസ്ഥിത്തറയിൽ കിടന്നുറങ്ങുന്ന അച്ഛന്റെ മനസ്സിനെ ശാന്തമാക്കാൻ ആ മഴ ഒരിക്കൽ കൂടി ശക്തിയാർജ്ജിച്ചു പെയ്തു….
“എന്റെ അനു മോൾക്ക് ഒരു രാജകുമാരനെ തന്നെ കിട്ടി സുമേ “
എന്ന നന്ദേട്ടന്റെ വാക്കുകൾ കേട്ടതും ഉറക്കിൽ നിന്ന് ഞെട്ടിയുണർന്ന അനുവിന്റെ അമ്മയുടെ കാലുകൾ പതിയെ ആ തെക്കേത്തൊടിയിലേക്ക് ചലിച്ചു തുടങ്ങിയിരുന്നു….
തന്നെ ഭ്രാന്തമായി പ്രണയിച്ച പുരുഷനെ കൊന്ന പാപം സ്വയം മരണത്തെ സ്വീകരിച്ചു കൊണ്ട് പ്രായശ്ചിത്തം ചെയ്യാൻ എനിക്കീ രാത്രിമഴയുടെ മറ ആവിശ്യമാണ്…
എന്റെ നിലവിളികൾ ഈ മഴയിൽ അലിഞ്ഞില്ലാതാകണം നന്ദേട്ടാ…
കൂടെ വരുവാ ഞാനും…. സ്വയം മന്ത്രിച്ചു കൊണ്ട് അനുവിന്റെ അമ്മയും ആ അസ്ഥിത്തറയ്ക്ക് മുകളിൽ തല ചായ്ച് വെച്ചപ്പോൾ മഴയുടെ ശക്തി കൂടി വന്നതോ ആ ശരീരം തണുത്തുറഞ്ഞതോ ആരുമറിഞ്ഞില്ല… രാത്രി മഴ മാത്രം സാക്ഷിയായൊരു പ്രണയം അവിടെയും നാമ്പിട്ടു തുടങ്ങിയിരുന്നു…
(ശുഭം )
By Ramsi faiz
(അഭിപ്രായം എന്ത് തന്നെയായാലും തുറന്നു പറയണം ട്ടോ… ഇത് അവസാന ഭാഗമാണ്… പോരായ്മകൾ തുറന്നു പറഞ്ഞാൽ അടുത്ത കഥയിൽ അത് പരിഹരിക്കാല്ലോ.. )
അടിപൊളി സ്റ്റോറി ❤️ഒരുപാട് ഇഷ്ടമായി 🥰🥰👍
Super 🩵🩵🩵🩵🧡🧡🧡🧡
Super