രാത്രിമഴ
^^^^^^^^^^
Part 5
അടി കിട്ടിയത് അനുവിന്റെ കവിളിൽ ആണെങ്കിലും വേദനിച്ചത് ദേവിനായിരുന്നു…
തന്റെ കവിളിൽ പൊത്തിപിടിച്ചു അനു മുഖം ഉയർത്തി നോക്കിയപ്പോഴാണ് ദേവിന്റെ തൊട്ട് മുന്നിൽ രൗദ്ര ഭാവം പൂണ്ടു നിൽക്കുന്ന ആൾരൂപത്തെ കണ്ടത്..
“സിദ്ധുവേട്ടൻ “
അവളുടെ നാവ് ആ നാമം ഉച്ചരിച്ചു കഴിയുമ്പോഴേക്കും അടുത്ത അടിയും അവളുടെ കവിളിൽ പതിഞ്ഞു കഴിഞ്ഞിരുന്നു…
“എന്നാ ഇറങ്ങി പോടീ കോപ്പേ,, എവിടേക്കാണെന്ന് വെച്ചാൽ പോ.. ഡിവോഴ്സ് നോട്ടീസ് ഞങ്ങൾ അങ്ങോട്ട് എത്തിച്ചോളാം… “
സിദ്ധുവിന്റെ വാക്കുകൾ കേട്ടതും അനു ഒന്ന് ഞെട്ടി… അവളൊരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ ആണ് സിദ്ധുവേട്ടൻ പ്രതികരിച്ചത്… അതിനേക്കാളുപരി ഡിവോഴ്സ് വാങ്ങി കഴിഞ്ഞാൽ മാത്രമേ തനിക് മരണത്തെ സ്വീകരിക്കാൻ കഴിയൂ… അതുവരെ അഭയം നൽകാൻ ദേവേട്ടനെ കൊണ്ടേ പറ്റൂ…
ഈശ്വരാ,, ഈ നിമിഷം തന്നെ എന്നെ ഇറക്കി വിട്ടാൽ ഞാൻ എന്ത് ചെയ്യും…
ചേച്ചിയുമായുള്ള ദേവേട്ടന്റെ വിവാഹവും നടത്തി ,, എന്റെ അച്ഛൻ ആരാണെന്നുള്ള സത്യവും കണ്ടെത്തി ആർക്കും ഒരു ഭാരമാകാതെ ഈ മണ്ണിൽ നിന്ന് പോകണം എന്നേ ആഗ്രഹിച്ചുള്ളു..
ഇതിപ്പോ എന്താ ഇങ്ങനെ ഒക്കെ..
“സിദ്ധു നീ ഇപ്പോ പോ,, ഇത് ഞാനും എന്റെ ഭാര്യയും തമ്മിലുള്ള പ്രശ്നമാ,, അതിൽ നീ ഇടപെടേണ്ട…
കാര്യം നീ എന്നേ സഹായിച്ചിട്ടുണ്ടാകും.. എന്ന് കരുതി ഞങ്ങളുടെ കാര്യത്തിൽ ഇടപെടാനുള്ള ലൈസൻസ് ആയി എടുക്കരുത്… “
സിദ്ധുവിന്റെ നേർക്ക് നോക്കി ദേവ് പറഞ്ഞു നിർത്തിയതും പരാജിതനെ പോലെ സിദ്ധു ഒരു വരണ്ട ചിരി ചിരിച്ചു കൊണ്ട് ദേവിന്റെ മുന്നിൽ വന്നു നിന്നു…
“ഓഹ്,, സോറി…. ഞാൻ ഓർത്തില്ലടാ,, ഇത് നിങ്ങളുടെ കുടുംബ കാര്യമാണ്,, ഞാൻ തികച്ചും അന്യനാണ്,, എനിക്ക് ഇതിൽ ഇടപെടാൻ പാടില്ല എന്നൊക്കെ പാടെ മറന്നു പോയ്…
സോറി…. “
സിദ്ധുവിന്റെ വാക്കുകളിൽ ദുഃഖം നിഴലിച്ചു നിന്നിരുന്നു…
“സിദ്ധു,, നീ വെറുതെ എഴുതാപ്പുറം വായിക്കരുത്… നീ അന്യനാണെന്ന് ഞാൻ പറഞ്ഞോ?? ഞങ്ങളുടെ കാര്യത്തിൽ അനാവശ്യമായി ഇടപെടരുത് എന്നേ പറഞ്ഞുള്ളു..
അവളോട് നീ ഇറങ്ങി പോകാൻ പറഞ്ഞത് എന്ത് ധൈര്യത്തിലാ.. അങ്ങനെ പാതി വഴിയിൽ ഉപേക്ഷിച്ചു പോകാനല്ല ഞാൻ ഇവളെ ജീവിതത്തിലേക്ക് കൂട്ടിയത്.. മരണം വരെ എന്റെ കൂടെ നിർത്താനാ..
പക്ഷെ,,,
അവൾക്ക് എന്റെ കൂട്ട് വേണ്ട എന്നേ പറഞ്ഞുള്ളു…. അതായത് ഡിവോഴ്സ്… അവൾ അതാഗ്രഹിക്കുന്നുണ്ടെങ്കിൽ ഞാൻ അത് നടത്തി കൊടുക്കും… അല്ലാതെ എടിപിടിന്ന് പറഞ്ഞു വീട്ടിൽ നിന്ന് പുറത്താക്കാൻ എന്നെ കൊണ്ട് പറ്റില്ല എന്നേ ഞാൻ പറഞ്ഞുള്ളു.. “
അനുവിന് മുഖം കൊടുക്കാതെ ദേവ് പറഞ്ഞു പൂർത്തിയാക്കിയതും സിദ്ധു പതിയെ തന്റെ കാലുകൾ പിന്നിലോട്ട് ചലിപ്പിച്ചു തുടങ്ങി..
വാക്കുകൾ കൊണ്ടൊന്നും ദേവിന് മറുപടി കൊടുക്കാതെ അവൻ അനുവിന്റെ മുന്നിലായി പോയ് നിന്നു..
“നീ എന്റെ സ്വന്തമാണെന്ന് കരുതിയാ ഞാൻ കൈ വെച്ചത്… അവന്റെ വേദന കാണാൻ കഴിയില്ലെന്ന് കരുതിയ നിങ്ങൾ ഒരുമിക്കാൻ പലതും പറഞ്ഞു ഉപദേശിച്ചത്.. പക്ഷെ,, തോറ്റു പോയ് ഞാൻ… തെറ്റ് പറ്റിപ്പോയി എനിക്ക് ….
നിങ്ങളുടെ മനസ്സിൽ ഞാൻ ആരുമല്ല എന്നറിഞ്ഞപ്പോൾ ഞാൻ ഉപദേശിച്ചതും തല്ലിയതുമൊക്കെ പൊറുക്കാനാവാത്ത തെറ്റായി പോയ്.. മാപ്പ് ചോദിക്കാൻ മാത്രമേ ഇപ്പോ എനിക്ക് കഴിയൂ…
ഇനി ഒരിക്കലും കണ്മുന്നിൽ വന്നു പെടാതിരിക്കാൻ ഞാൻ ശ്രമിക്കാം.. “
അനുവിന്റെ മുന്നിൽ കൈ കൂപ്പി കൊണ്ട് ഇടറുന്ന വാക്കുകളോടെ സിദ്ധു പറഞ്ഞു നിർത്തിയതും അനു അവന്റെ കൈകളിൽ പിടിത്തമിട്ടതും ഒരുമിച്ചായിരുന്നു…
“വാക്ക് കൊണ്ട് വേദനിപ്പിക്കല്ലേ സിദ്ധുവേട്ട,, ഒരു ഏട്ടന്റെ കടമ മാത്രമേ സിദ്ധുവേട്ടൻ ചെയ്തുള്ളു.. അതിൽ തെറ്റൊന്നുമില്ല… പിന്നെ മാപ്പ് പറയേണ്ടത് ഞാനല്ലേ,, ഞാൻ കാരണമല്ലേ ദേവേട്ടൻ അങ്ങനെ ഒക്കെ സംസാരിച്ചത്..
മാപ്പാക്കണം… ഞാൻ കാരണം വേദനിച്ചിട്ടുണ്ടെങ്കിൽ പൊറുത്തു തരണം… “
കണ്ണീരിന്റെ അകമ്പടിയോടെ അവൾ പറഞ്ഞു നിർത്തിയതും സിദ്ധു അവളുടെ കൈകളിൽ നിന്ന് തന്റെ കയ്യിനെ മോചിപ്പിച്ചു…
ദേവിനെ ഒന്ന് നോക്കുക കൂടി ചെയ്യാതെ അവനാ വീടിന്റെ പടികളിറങ്ങി..
“ഡാ സിദ്ധു… നിൽക്ക്… “
പിന്നിൽ നിന്ന് ദേവിന്റെ വിളി കേട്ടിട്ടും അവൻ ഗൗനിക്കാതെ മുന്നോട്ട് നടന്നു..
“ജീവിതത്തിൽ എല്ലാം നഷ്ടമായവനാ ഞാൻ,, ദേ ഇപ്പോ എന്റെ സൗഹൃദവും നഷ്ടമായി…
എന്ത് തെറ്റാ ഞാൻ നിന്നോട് ചെയ്തതെന്നറിയില്ല.. ഇത്രേം വേദന തന്ന് നീ ശിക്ഷിക്കുന്നത് കാണുമ്പോൾ ചിന്തിച്ചു പോയിട്ടുണ്ട്,, നിനക്ക് എന്നെ ഇഞ്ചിഞ്ചായി കൊല്ലുന്നതിനു പകരം ഒറ്റയടിക്ക് കൊന്നൂടെ എന്ന്…
നിനക്ക് വേണ്ടത് ഡിവോഴ്സ് അല്ലെ,, അത് ഞാൻ തരാം..കുറച്ച് ദിവസത്തെ സാവകാശം വേണം.. ഇനി ഞാൻ കാരണം നീ കൂടി ബുദ്ധിമുട്ടണ്ട..
പൊയ്ക്കോ,, എല്ലാവരും എല്ലാരുടെ കാര്യവും നോക്കി പൊയ്ക്കോ.. ഈ ദേവ് എന്നും തനിച്ചാ… ഇനിയും അങ്ങനെ തന്നെയായിരിക്കും… “
അത്രയും പറഞ്ഞു കൊണ്ട് ദേവ് വീടിന് വെളിയിലേക്കിറങ്ങാൻ ഒരുങ്ങുന്നതിനിടയിൽ എന്തോ ഓർത്തിട്ടെന്ന പോലെ വീണ്ടും അനുവിന്റെ അരികിലേക്ക് തന്നെ നടന്നടത്തു…
“ഈ ജന്മം എന്നെ നിനക്ക് ഭർത്താവായി കാണാൻ പറ്റില്ലെന്ന് ഒരു നൂറാവർത്തി നീ പറഞ്ഞപ്പോഴൊക്കെ ഒരു പ്രതീക്ഷയുണ്ടായിരുന്നു എനിക്ക്.. ഇന്നല്ലെങ്കിൽ നാളെ നിന്റെ മനസ്സ് മാറുമെന്ന്.. ആ മനസ്സിൽ ഞാൻ മാത്രമാകുമെന്നും ഉറപ്പിച്ചിരുന്നു.. പക്ഷെ ഉണ്ടായില്ല… ഇനി ഉണ്ടാകാനും പോകുന്നില്ല അല്ലെ,,
അപ്പോഴും നീ ഒന്ന് മാത്രം ഓർത്ത് വെച്ചോ,, നിന്റെ ചേച്ചിക്ക് വേണ്ടിയാണ് നിന്റെയീ ഒഴിഞ്ഞു മാറ്റമെങ്കിൽ ഈ ജന്മം എനിക്കിനി അവളെ ഭാര്യയായി കാണാൻ കഴിയില്ല… ഒരിക്കൽ വീണുടഞ്ഞ ചില്ല് പാത്രം ഇനിയെത്ര തന്നെ കൂട്ടി യോജിപ്പിച്ചാലും അതിന്റെ പാടുകൾ അവിടെ തന്നെ കാണും.. അത്പോലെ തന്നെയാണ് എന്റെ മനസ്സും..നീ ഒഴിഞ്ഞു പോകുമ്പോ പകരക്കാരിയായി ഞാൻ ഇനി അവളെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുമെന്ന് മോഹിക്കണ്ട.. അവളെയെന്നല്ല,, ആരെയും….
പിന്നെ,, ഡിവോഴ്സ് ശരിയാക്കുമ്പോഴേക്കും നിനക്ക് വേണ്ട താമസ സൗകര്യവും ജോലിയും നീ തന്നെ ഏർപ്പാടാക്കിയേക്ക്.. ബന്ധം പിരിഞ്ഞാൽ നമുക്കിവിടെ ഒരുമിച്ചു താമസിക്കാൻ പറ്റിയെന്ന് വരില്ല.. നമുക്ക് എന്നല്ല എനിക്ക് പോലും ഇവിടെ താമസിക്കാൻ പറ്റില്ല… കാരണം,, അത്രയ്ക്ക് നന്ദികേടാണല്ലോ ഞാൻ അവനോട് കാട്ടിയത്…,, ഇനി അതല്ല നിനക്ക് ചാവാനാണ് ഉദ്ദേശമെങ്കിൽ ഞാൻ ചത്തിട്ടേ നീ ചാവൂ.. നോക്കിക്കോ.. “
അത്രയും പറഞ്ഞു കൊണ്ട് ദേവ് അവിടെ നിന്നും പിൻവാങ്ങുമ്പോൾ അവന്റെ ചുണ്ടിൽ അനു കാണാതെ ഒരു കുസൃതി ചിരി ഒളിച്ചിരിപ്പുണ്ടായിരുന്നു…
മോളെ അനു,, നിന്നെയല്ല നിന്റെ അമ്മയെ പോലും വീഴ്ത്താനുള്ള നമ്പർ എന്റെ കയ്യിലുണ്ട്.. അപ്പഴാ അവളുടെ ഒരു ഡിവോഴ്സ്..
ആത്മഗതം കുറച്ചു ഉറക്കെ ആയിപോയോ എന്നൊരു സംശയത്തോടെ ദേവ് ഒന്ന് അനുവിനെ തല ചെരിച്ചു നോക്കിയെങ്കിലും അവിടെ ഇപ്പോഴും ഭിത്തിയിൽ ചാരി നിൽപ്പാണ്.. അപ്പോ അവൾ കേട്ടില്ലാന്ന് ഊഹിക്കാം…
“ദേവേട്ടാ,, “
വളരെ പതിഞ്ഞ ശബ്ദത്തിൽ അവൾ വിളിച്ചെങ്കിലും അവൻ ഒന്ന് നിന്നു…
“മാപ്പ് പറയാനും കാലിൽ വീഴാനുമാണെങ്കിൽ വേണ്ട… ഇതൊക്കെ നിന്റെ അഭിനയം ആണെന്ന് ഊഹിക്കാൻ എൻജിനീയറിങ് തന്നെ പഠിക്കണമെന്നില്ല.. ആർക്ക് വേണ്ടിയാണെടി ഈ പ്രഹസനം?? “
അവൾക്കെന്താണ് പറയാനുള്ളതെന്ന് കൂടി കേൾക്കാൻ നിൽക്കാതെ അവൻ ധൃതിയിൽ വീട്ടിൽ നിന്നിറങ്ങി..
തന്റെ ഓട്ടോയിൽ കയറി കുറച്ചു നേരം പിന്നിട്ടതും അവൻ ഫോൺ എടുത്തു ഇന്നലെ രാത്രി വന്ന കോളിലേക്ക് തിരിച്ചു വിളിച്ചു…
“ഇന്ന് ഇവിടെ വെച്ച് കാണാനോ സംസാരിക്കാനോ എനിക്ക് പറ്റില്ല… നാളെ വന്നാൽ മതി.. “
മറു തലയ്ക്കൽ നിന്ന് ഒരു മറുപടിക്ക് പോലും കാത്തു നിൽക്കാതെ അവൻ ഫോൺ കട്ട് ചെയ്തു…
വീണ്ടും ദേവ് ഫോൺ കയ്യിലെടുത്തു സിദ്ധുവിനെ ഡയൽ ചെയ്തു..
“ഡാ അളിയാ,, നീ എവിടെയാ?? “
“ഞാൻ ഇവിടെ പേര മരത്തിന്റെ കീഴിൽ ബൈക്കും വെച്ച് നിന്നെ കാത്തിരിക്കുന്നുണ്ട്… മോൻ ഇങ്ങോട്ട് പോര്.. “
സിദ്ധുവിന്റെ മറുപടി കിട്ടിയതും ദേവ് അവനെ ലക്ഷ്യമാക്കി വിട്ടു…
“എന്നാലും എന്റെ അളിയാ,, നീ എന്റെ പെണ്ണിനെ തല്ലിയത് തീരെ ശരിയായില്ല ട്ടോ… അതും രണ്ടെണ്ണം.. പാവം,, ഒരുപാട് വേദനിച്ചു കാണും… എന്നാലും നമ്മുടെ ഡ്രാമയിൽ ഈ അടി ഒന്നും ഇല്ലായിരുന്നല്ലോടാ?? “
ദേവിന്റെ വാക്കുകൾ കേട്ടതും സിദ്ധു കൈ മുട്ട് മടക്കി ദേവിന് നേരെ കയ്യോങ്ങി..
“കള്ള പന്നി,,, അടി കിട്ടേണ്ടത് നിനക്കാ,, അവൾക്കല്ല… അന്നേ അവളെ വളച്ചൊടിച്ചു കുപ്പിയിൽ ആക്കിയിരുന്നേൽ ഇന്നിപ്പോ കയ്യിൽ ഒരു കൊച്ച് ഉണ്ടായേനെ.. എന്നിട്ടിപ്പോ അവനൊരു ഓഞ്ഞ നാടകവും കൊണ്ട് വന്നേക്കുകയാ..
ഇതെങ്ങാനും ഫ്ലോപ്പായാൽ നിന്റെ തല ഞാൻ അടിച്ചു പൊളിക്കും.. “
ഒരല്പം ഗൗരവത്തിൽ തമാശ രൂപത്തിൽ സിദ്ധു പറഞ്ഞു നിർത്തിയതും സിദ്ധുവിന്റെ ഫോൺ റിങ് ചെയ്തതും ഒരുമിച്ചായിരുന്നു..
“ദേ നോക്കിക്കേ,, നമ്മുടെ ഡ്രാമ വിജയിച്ചതിന്റെ ഫസ്റ്റ് സ്റ്റെപ് ആണിത്.. അനു വിളിക്കുന്നത് നിന്നെയാ.. അവൾ കാരണം ഞാനും നീയും തമ്മിൽ തെറ്റി എന്ന് കരുതി അത് പറഞ്ഞു നേരെയാക്കാൻ വിളിക്കുന്നതാ… നീ ഇപ്പോ കോൾ അറ്റൻഡ് ചെയ്യണ്ട.. ഇപ്പോ കോൾ എടുത്താൽ ശരിയാവില്ല… “
അതും പറഞ്ഞു ദേവ് അവന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി സൈലന്റ് മോഡിലിട്ടു…
“ഡാ,, എന്നാലും നിനക്കെങ്ങനെ മനസ്സിലായി ഇന്ന് അവൾ നിന്നോട് ഇങ്ങനെ ഒക്കെ പറയുമെന്ന്..?? “
സിദ്ധുവിന്റെ ചോദ്യം കേട്ടതും ദേവ് ഒന്ന് പുഞ്ചിരിച്ചു..
“അവൾ ഇന്നലെ ഉറക്കിൽ നിന്ന് ഞെട്ടി എണീറ്റത് ചേച്ചി എന്ന് അലറി വിളിച്ചു കൊണ്ടാണ്… അപ്പഴേ ഞാൻ ഊഹിച്ചു,, അവൾ എന്തോ ചേച്ചിയുമായി ബന്ധമുള്ള ദുഃസ്വപ്നം കണ്ടു എന്ന്… അത് കറങ്ങി തിരിഞ്ഞു എന്റെ നേർക്കെ വരൂ എന്നും എനിക്കറിയാം… ഒന്നുല്ലെങ്കിലും ഒരു വർഷായില്ലേ അവൾ എന്റെ കൂടെ ജീവിക്കുന്നു.. അപ്പോ അവളെ പറ്റി അറിയാതിരിക്കൂലല്ലോ..
ഇന്ന് ഇങ്ങനെ ഒക്കെ ഡ്രാമ കളിച്ചത് അവൾ ഏത് കാര്യത്തിനും ഭയങ്കര ഇമോഷണൽ ആയിട്ട് മാത്രമേ പ്രതികരിക്കൂ… ഇതും അങ്ങനെ ആകൂ… പിന്നെ ഇത് നിന്നോടുള്ള സ്നേഹം കൊണ്ട് അവൾ വിളിക്കുന്നതാ.. പിന്നെ എന്നോട് അടുക്കാൻ കുറച്ചൂടെ ടൈം എടുക്കും.. അതും എനിക്കറിയാം.. എന്നാലും അവൾ ഇനി ഡിവോഴ്സ്നെ പറ്റി ഇനി മിണ്ടില്ല… “
അതും പറഞ്ഞു കൊണ്ട് ദേവ് സിദ്ധുവിന്റെ ഫോൺ അവന് തന്നെ തിരികെ നൽകി…
“പിന്നെ വേറൊരു കാര്യം കൂടിയുണ്ട്,, അഞ്ജുവിന്റെ വിവാഹം ഉറപ്പിച്ചു.. രണ്ടാഴ്ചക്കുള്ളിൽ വിവാഹം ഉണ്ടാകും എന്നാണ് അറിയാൻ കഴിഞ്ഞത്..
ആഹ് പിന്നെ,,, ഇനി ഒരു വട്ടം കൂടി അനു വിളിച്ചാൽ നീ ഫോൺ എടുത്തോളൂ ട്ടോ.. നിങ്ങൾ രണ്ടു പേരും ഓക്കേ ആയി എന്ന് കാണുമ്പോൾ നിന്റെ സ്ഥിരം ഏർപ്പാട് അങ്ങട് തുടങ്ങിക്കോ.. ഏതേ,, നമ്മുടെ ഉപദേശേ… “
ഒന്ന് കണ്ണിറുക്കി സിദ്ധുവിനോട് പറഞ്ഞിട്ട് അവൻ ഓട്ടോയിൽ കയറിയിരുന്നു…
“ഓട്ടോ ഓടിട്ടു വേണം എനിക്കും എന്റെ പെണ്ണിനും ജീവിക്കാൻ.. അത്കൊണ്ട് ഇനി അധിക നേരം ഇവിടെ നിന്നാൽ നമ്മൾ പട്ടിണിയാകുവെ,, അല്ലേൽ ഇപ്പോ നിന്റെ കൂടെ നിന്നേനെ… അപ്പോ ശരി അളിയാ,, കാണാം… “
ദേവ് പോകുന്നതും നോക്കി സിദ്ധു ഒരു നെടുവീർപ്പോടെ നിന്നു…
എന്ത് നല്ല ജോലി കളഞ്ഞിട്ടാണ് അവൻ ഇന്നീ കാണുന്ന നിലയിലേക്ക് മാറിയത്.. എല്ലാം അവൾക്ക് വേണ്ടിയല്ലേ… ഒരൊറ്റരു രാത്രി കൊണ്ട് തകിടം മറിഞ്ഞ ജീവിതമല്ലേ ആ പാവത്തിന്റേത്….
ഓരോന്നാലോചിച്ചു സിദ്ധു അവൻ പോയ വഴിയേ നോക്കി നിൽക്കുമ്പോഴാണ് ഫോൺ വീണ്ടും റിങ് ചെയ്ത് തുടങ്ങിയത്…
അനുവിന്റെ കോൾ ആണെന്ന് കണ്ടതും അവൻ അത് അറ്റൻഡ് ചെയ്തു..
സന്ധ്യക്ക് മുന്നെ വീട്ടിലെത്തുന്ന ദേവ് അന്ന് പതിവിലും വൈകിയാണ് എത്തിയത്…
അനുവിന് മുഖം കൊടുക്കാതെ മുറ്റത്തെ കിണറ്റിൻ കരയിൽ ചെന്ന് ഒന്ന് കുളിച്ചെന്ന് വരുത്തി അവൻ റൂമിലേക്ക് കയറി…
“ദേവേട്ടാ,, വാ,, വന്നു ഭക്ഷണം കഴിച്ചിട്ട് കിടന്നോ… “
അനുവിന്റെ ശബ്ദം കേട്ടതും അവൻ അവളെ നോക്കാതെ തന്നെ മറുപടി കൊടുത്തു..
“എനിക്ക് വിശപ്പില്ല,, നീ കഴിച്ചിട്ട് കിടന്നോ… “
ഗൗരവത്തോടെ സംസാരിച്ചു കൊണ്ട് അവളെ അവഗണിച്ചു വിട്ട് അവൻ കട്ടിലിൽ കയറി കിടന്നു…
“ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടുണ്ട്.. മ്യുച്വൽ ഡിവോഴ്സ് ആയത് കൊണ്ട് പെട്ടെന്ന് കിട്ടുമെന്നാണ് അറിയാൻ കഴിഞ്ഞത്… “
തന്റെ നെറ്റിക്ക് മുകളിൽ ഒരു കൈ മടക്കി വെച്ച് കണ്ണുകൾ ഇറുകെയടച്ചു കിടന്ന ദേവ് അനു മുറിയിലേക്ക് വന്നതും അത്രയും പറഞ്ഞൊപ്പിച്ചു….
“ദേവേട്ടാ,, ഞാൻ… “
“എനിക്കൊന്നും കേൾക്കാൻ താല്പര്യമില്ല അനു,, നീ വന്നു കിടക്കാൻ നോക്ക്…”
അതും പറഞ്ഞു കൊണ്ടവൻ ഒന്ന് ചെരിഞ്ഞു കിടന്നു…
“എനിക്ക് ഡിവോഴ്സ് വേണ്ട “
ഉറച്ച ശബ്ദത്തിൽ അനു പറഞ്ഞതും ദേവ് കട്ടിലിൽ നിന്ന് ചാടിയെണീറ്റു..
“നീ എന്താടി ആളെ കളിയാക്കുകയാണോ?? രാവിലെ പറഞ്ഞു ഡിവോഴ്സ് വേണമെന്ന്.. രാത്രി പറയുന്നു ഡിവോഴ്സ് വേണ്ടെന്ന്… നിനക്ക് എന്തിന്റെ കേടാടി കോപ്പേ,,, ഇനി നീ ഒന്നും പറയണ്ട… എന്താ വേണ്ടതെന്ന് എനിക്കറിയാം… “
ദേഷ്യത്തോടെയുള്ള അവന്റെ സംസാരം കേട്ടതും അനു ഒന്ന് പേടിച്ചു.. അവളുടെ കൈകൾ വിറയ്ക്കാൻ തുടങ്ങി… പേടി കൊണ്ടവൾ കണ്ണുകൾ ഇറുകെയടച്ചു നിന്ന നിൽപ്പിൽ തന്നെ തടി അലമാരയോട് ചാരി…
“സത്യായിട്ടും എനിക്ക്,, എനിക്ക് ഡിവോഴ്സ് വേണ്ട… എനിക്ക്,, എനിക്ക് ദേവേട്ടനെ മതി..
എന്നെ അനൂപേട്ടൻ വിളിച്ചിരുന്നു.. അഞ്ജു ചേച്ചിയുടെ കല്യാണം ഉറപ്പിച്ചുന്ന് പറയാൻ… ഏതോ ഡോക്ടർ ആണത്രേ പയ്യൻ…”
പകുതി വാക്കുകൾ വിക്കിയും പകുതി വാക്കുകൾ ഇടറാതെയും അവൾ പറഞ്ഞവസാനിപ്പിച്ചതും ദേവ് അവൾക്ക് തൊട്ട് മുന്നിലായി വന്നു നിന്നു…
അവന്റെ ഒരു കൈ അവൾക്ക് സൈഡിലായി തടിയലമാരയുടെ മേൽ കുത്തി വെച്ച് കൊണ്ട് മറു കൈ കൊണ്ടവളുടെ താടി തുമ്പിൽ പിടിച്ചു മുഖം ഉയർത്തി വെച്ച് തനിക്ക് നേരെയാക്കി…
“അപ്പൊ തന്റെ ചേച്ചിക്ക് എന്നെ വേണ്ടാത്തൊണ്ടാണ് നീ എന്നെ ഡിവോഴ്സ് ചെയ്യാത്തത്.. അല്ലെ?? “
“അത് പിന്നെ ദേവേട്ടാ,, ഞാൻ കാരണമല്ലേ… ചേച്ചിക്ക്,,, “
“സ്റ്റോപ്പ് ഇറ്റ് അനു,,, ഈ ഒരു വാക്ക് നാളുകളായി ഞാൻ കേൾക്കാൻ തുടങ്ങിയിട്ട്… ഇനി ആ വാക്കുകൾ നിന്റെ നാവിൽ നിന്ന് വന്നാൽ…
ക്ഷമിക്കുന്നതിനു ഒരു പരിധിയുണ്ട്..കഴിവിന്റെ പരമാവധി നിനക്ക് മുന്നിൽ ഞാൻ താഴ്ന്നു തന്നതാ… ഇനിയും താഴാൻ എനിക്ക് വയ്യ…
ഇനി എനിക്ക് നിന്നെ വേണ്ട…
ഞാൻ ഫയൽ ചെയ്ത ഡിവോഴ്സ് കേസുമായി മുന്നോട്ട് പോവുക തന്നെ ചെയ്യും… “
രൗദ്ര ഭാവം പൂണ്ടു നിൽക്കുന്ന അസുരന്റെ ഛായാ ആയിരുന്നു അപ്പോ ദേവന്…
ആ ഭാവം കണ്ടതും അനുവിന്റെ മിഴികൾ പേടി കൊണ്ടോ നഷ്ടബോധം കൊണ്ടോ സജലമായി തുടങ്ങിയിരുന്നു…
ആ കണ്ണീർ കാണാത്ത ഭാവത്തിൽ ദേവ് അന്നത്തെ രാത്രി സുഖമായി ഉറങ്ങിയപ്പോൾ അവന്റെ നല്ല പാതി അവനെ കുറിച്ചോർത്തു ഉറങ്ങാതെ കഴിച്ചു കൂട്ടുകയായിരുന്നു…
പിറ്റേന്ന് ദേവ് വീട്ടിൽ നിന്നിറങ്ങി കഴിഞ്ഞു ഒരു മണിക്കൂറിനു ശേഷമാണ് വീടിന് വെളിയിൽ ഒരു കാർ വന്നു നിന്നത്…
ഓട് പാകിയ ആ ചെറിയ വീട് കണ്ടപ്പോൾ തന്നെ കാറിൽ നിന്നിറങ്ങിയ ആളുടെ കണ്ണുകൾ നിറഞ്ഞ തുടങ്ങിയിരുന്നു…
കാറിന്റെ ശബ്ദം കേട്ടതും അനു വീടിന്റെ മുൻവശത്തേക്ക് നടന്നടുത്തു…
കണ്മുന്നിൽ അമ്മയെ കണ്ട അവൾ ഓടിച്ചെന്ന് അവരുടെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു…
(തുടരും )
By Ramsi faiz
💐♥️💐♥️
Super 💛💛💛💛