രാത്രിമഴ
^^^^^^^^^^
Part 11
താൻ താലി കെട്ടിയ പെണ്ണ്,, എന്നെ ഭർത്താവായി കാണാൻ പറ്റില്ലെന്ന് പറഞ്ഞത് ,, ചേച്ചിയുടെ സന്തോഷത്തിനു വേണ്ടി പറഞ്ഞ കള്ളമായിരുന്നു എന്ന് തിരിച്ചറിയുകയായിരുന്നു ദേവ്…
മറുത്തൊന്നും ആലോചിക്കാതെ ദേവ് അനുവിനെ ലക്ഷ്യമാക്കി പോകാൻ ഒരുങ്ങുമ്പോഴാണ് തന്റെ മുഖത്തേക്ക് എന്തോ വന്ന് വീഴുന്നത് അവനറിഞ്ഞത്….
ഇരുട്ട് കൊണ്ട് കണ്ണുകൾ അടയാൻ തുടങ്ങുമ്പോഴും തൊട്ട് മുന്നിൽ ചിരിച്ചു നിൽക്കുന്ന സിദ്ധുവിനെ അവൻ വ്യക്തമായി കണ്ടിരുന്നു…
മണിക്കൂറുകൾ പിന്നിട്ടപ്പോ മയക്കം വിട്ട് മാറിയ കണ്ണുകളെ ശക്തിയോടെ തുറക്കാൻ ശ്രമിച്ചു കൊണ്ടിരുന്നിട്ടും തീർത്തും പരാജയപ്പെട്ടു പോവുകയായിരുന്നു ദേവ്ജിത്ത്… അവന്റെ കണ്ണുകളെ വിരിഞ്ഞു മുറുക്കി കെട്ടി വെച്ചിരിക്കുന്നു എന്ന് അവനപ്പോഴാണ് അറിഞ്ഞത്… അതഴിക്കാൻ കൈകൾ ചലിപ്പിക്കാനൊരുങ്ങുമ്പോഴാണ് ആ നഗ്ന സത്യം അവൻ മനസ്സിലാക്കുന്നത്.. തന്റെ കൈകാലുകളും ബന്ധിച്ചിരിക്കുന്നു എന്ന്…
ദേഷ്യവും സങ്കടവും കൊണ്ട് അവൻ അലറി വിളിച്ചു..
“സിദ്ധു….. “
ഒന്ന് രണ്ടു വട്ടം അവനാവർത്തിച്ചു വിളിച്ചിട്ടും മറുപടി ഒന്നും ഉണ്ടായില്ല..
“ഡാ സിദ്ധു,,, കൂടെ നിന്ന് ചതിക്കുകയായിരുന്നല്ലേ നീ… ചങ്കൂറ്റമുള്ളവനാണെങ്കിൽ നേർക്ക് നേർ നിന്ന് പോരാട്… അല്ലാതെ ബോധം കെടുത്തി കെട്ടിയിട്ടിട്ടല്ല തന്റെ ഊളത്തരം കാണിക്കേണ്ടത്.. “
ആരുടെയോ കാൽപ്പെരുമാറ്റം കേട്ടപ്പോഴാണ് ദേവ് ഉറക്കെ സംസാരിച്ചു തുടങ്ങിയത് …..
“അപ്പോ നിനക്ക് അറിയാമല്ലേ ഞാൻ നിന്നെ ചതിക്കുകയായിരുന്നെന്ന്… അതേടാ.. ചതി തന്നെയാ… ഇതുവരെ സഹനടൻ ആയിരുന്ന ഞാൻ ഇപ്പോ വില്ലനാ… അതിൽ നായകന് വല്ല വിരോധവും ഉണ്ടോ ആവോ?? “
ഒരല്പം പരിഹാസത്തോടെ സിദ്ധു ചോദിച്ചു തീർന്നതും ദേവിന്റെ കണ്ണിലെ കെട്ടഴിച്ചതും ഒരുമിച്ചായിരുന്നു…
വെറും തറയിൽ ഭിത്തിയോട് ചാരിയിരിക്കുകയാണ് ദേവ്… കയ്യും കാലും കെട്ടി വെച്ചിട്ടുണ്ട്…
“ഇത് കൂടി അഴിക്കെടാ പന്ന… &&%%. “
കടപ്പല്ല് ഞെരിച്ചു ദേവ് ദേഷ്യത്തിൽ അലറിയതും കണ്മുന്നിലെ കാഴ്ച കണ്ടു അവൻ അന്ധാളിച്ചു പോയ്…
ഈശ്വരാ,, തന്റെ വീട്…. തന്റെ റൂം.. അവിടെയാണല്ലോ ഞാൻ ഇപ്പോ ഉള്ളതെന്ന് ഓർത്തപ്പോ അവൻ വീണ്ടും സിദ്ധുവിനെ നോക്കി…
“എന്തേയ്,, ഇപ്പോ ഞാൻ വില്ലനാണെന്ന് തോന്നുന്നില്ലേ?? “
ചുണ്ടിൽ വേദനയുള്ളൊരു പുഞ്ചിരി നിറച്ച് സിദ്ധു ചോദിച്ചതും കുറ്റബോധം കൊണ്ട് ദേവിന്റെ തല താഴ്ന്നു…
“ചില കാര്യങ്ങൾ ചെയ്യാൻ ചങ്കൂറ്റമല്ല ആവിശ്യം,, ചതിയാണ്… പിന്നെ കുറച്ചു കുബുദ്ധിയും… ഇതൊന്നും എന്റെ ഐഡിയ അല്ല മോനെ,, നിന്റെ അച്ഛനും അനിയനും കൂടി പ്ലാൻ ചെയ്തു.. ഞാൻ അത് നടപ്പാക്കി…അത്രേ ഉള്ളൂ… “
അവന്റെ മുന്നിൽ ഒരു കാൽ മുട്ട് കുത്തിയും മറു കാൽ പിന്നിലേക്ക് ചായ്ച്ചും സിദ്ധു ഇരുന്ന് കൊണ്ട് പറഞ്ഞു..
“ഡാ സിദ്ധു,,,ഞാൻ അറിയാതെ… ആ സമയത്തെ ദേഷ്യത്തിന് പറഞ്ഞതാടാ… “
“എന്നാലും ഒരു നിമിഷത്തേക്കെങ്കിലും എന്നെ ചതിയൻ ആയി കണ്ടില്ലേ നീ… അതൊരല്പം വേദന തന്നെയായിരുന്നു ട്ടോ.. പക്ഷെ സാരമില്ല… ആ വേദന ഞാൻ അർഹിക്കുന്നുണ്ട് ജിത്തു….
ചതിച്ചിട്ടുണ്ട് ഞാൻ നിന്നെ….
നിന്റെ അനുവിന് നിന്നോട് പ്രണയമാണെന്ന് ആദ്യം അറിഞ്ഞത് ഞാൻ തന്നെയാ… ആ സത്യം നിന്നിൽ നിന്ന് മൂടി വെച്ച് ഒന്നുമറിയാത്തവനെ പോലെ അഭിനയിച്ചത് നിന്നോട് കാണിച്ച ചതിയാണെന്ന് എനിക്കറിയാം… “
സിദ്ധുവിന്റെ വാക്കുകൾ കേട്ടതും ദേവിന്റെ ഞെരമ്പുകൾ ഉയർന്നെഴുന്നേറ്റ് തെളിഞ്ഞു കാണാൻ തുടങ്ങി…
“ഡാ,, നീയും അവളും കൂടി എന്നെ പൊട്ടൻ കളിപ്പിക്കുകയായിരുന്നു അല്ലെ?? “
വീണ്ടും ദേഷ്യത്തോടെ അവൻ സിദ്ധുവിനു നേരെ ചീറി…
“സ്വയം പൊട്ടനായത് നീ ആയിരുന്നില്ലേ ജിത്തു??? നീ ഓരോ തവണയും അവളെ നെഞ്ചോടു ചേർത്ത് പിടിക്കുമ്പോൾ അവൾ നിന്നോട് ചേർന്ന് നിന്നില്ലേ?? അപ്പോ നിനക്ക് മനസ്സിലാക്കാൻ പറ്റിയില്ലേ അവൾ നിന്നെ സ്‌നേഹിക്കുന്നുണ്ടെന്ന്.. ഓരോ തവണ നീ അവളെ സ്പര്ശിക്കുമ്പോഴും അവൾ എതിര് നിന്നിട്ടുണ്ടോ?? പറ… അവൾ ഒന്നെതിർക്കാതെ നിന്നത് അങ്ങനെ എങ്കിലും നീ അവളുടെ സ്നേഹം മനസ്സിലാക്കട്ടെ എന്ന് കരുതിയാ..
ഇവിടെ തെറ്റ് ചെയ്തത് ഞാനോ അനുവോ അല്ല… നീയാണ്.. നീ മാത്രം…
അവളുടെ കഴുത്തിൽ താലി കെട്ടുമ്പോൾ ഒരിക്കലും നിന്റെ മനസ്സിൽ അവളുണ്ടായിരുന്നില്ല.. അവിടെ അപ്പോഴും അഞ്ജു മാത്രമായിരുന്നു….. അവിടെ നിന്നെ ഞാൻ കുറ്റം പറയില്ല ജിത്തു,, പക്ഷെ നീ ആലോചിക്കാതെ പോയ ഒന്നുണ്ട്.. അവളുടെ മനസ്സ്…
നമ്മൾ ഇവിടെന്ന് ആ രാത്രിയിൽ ഇറങ്ങി പോയതിന് രണ്ടു ദിവസങ്ങൾക്ക് ശേഷമാണ് നീയും അവളുമായിട്ടുള്ള വിവാഹം രെജിസ്റ്റർ ചെയ്യുന്നത്…. ആ രണ്ടു ദിവസത്തിനുള്ളിൽ നീ തികച്ചും മൗനം പാലിച്ചു.. അഞ്ജുവിനെ കോൺടാക്ട് ചെയ്യാൻ പലയാവർത്തി നീ ശ്രമിച്ചു കൊണ്ടിരുന്നു.. അഞ്ജുവിനോട് ഒന്ന് സംസാരിക്കാൻ കഴിയാത്ത ദേഷ്യവും നിരാശയും നിന്റെ മുഖത്ത് നിന്ന് വായിച്ചെടുത്ത അനു വന്ന് എന്നോട് സംസാരിച്ചു…
“സിദ്ധുവേട്ട,, ഈ കല്യാണം ഒരിക്കലും ദേവേട്ടൻ അംഗീകരിക്കില്ല.. ആ മനസ്സ് മുഴുവൻ എന്റെ ചേച്ചിയാ… എന്നോട് ആ മനുഷ്യന് സഹതാപം മാത്രമേ ഉള്ളൂ.. ഈ വിവാഹം വേണ്ട സിദ്ധുവേട്ട..”
അവളിൽ നിന്ന് ഞാൻ കേൾക്കാൻ കൊതിച്ച വാക്കുകൾ… മറ്റൊരാളുടെ പെണ്ണ് ആകാൻ അവൾക്ക് സമ്മതമല്ലെന്ന് എന്നോട് തന്നെ പറയുമ്പോൾ ഞാൻ അനുഭവിച്ച സന്തോഷം വാക്കുകൾക്കതീതമായിരുന്നു..
“ശരിയാ,, അവന് പെട്ടെന്ന് നിന്നെ ഉൾക്കൊള്ളാൻ പറ്റണമെന്നില്ല.. നീ പറഞ്ഞത് പോലെ ഇപ്പോ അവന്റെ മനസ്സിൽ നിന്നോടുള്ള സഹതാപം മാത്രമേ ഉള്ളൂ.. പക്ഷെ എനിക്ക് അങ്ങനെ അല്ല… എനിക്ക് നിന്നോട് പ്രണയം എന്നൊരു വികാരം മാത്രമേ ഉള്ളൂ.. അന്നും ഇന്നും… നിനക്ക് സമ്മതമാണെങ്കിൽ ഒരു ജീവിതം ഞാൻ നൽകും.. കണ്ണ് നിറയാതെ നോക്കാമെന്നൊന്നും ഞാൻ പറയില്ല.. പക്ഷെ,, എന്റെ കൂടെ ജീവിക്കുമ്പോൾ സന്തോഷം മാത്രമേ ഞാൻ നൽകൂ… എന്നെ സങ്കടപ്പെടുത്താനും സന്തോഷിപ്പിക്കാനും നീ മാത്രമേ ഉള്ളൂ എന്ന സത്യം കൂടി നീ അറിയണം.. ഞാൻ ഒരു അനാഥനാണ്.. കൈ പിടിച്ചു കയറ്റുന്നത് ഞാൻ മാത്രമുള്ള ലോകത്തേക്കാണ്.. നിനക്ക് പൂർണ സമ്മതമാണെങ്കിൽ നിന്റെ കൂടെ ഒരായുഷ്കാലം മുഴുവൻ ജീവിക്കാൻ ഞാൻ ഉണ്ടാകും.. “
“സിദ്ധുവേട്ടാ…… “
ഒരു പൊട്ടിക്കരച്ചിലോടെ അവൾ എന്റെ കാൽക്കലേക്ക് വീണത് എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല….
പിന്നീട് അവളിൽ നിന്ന് തന്നെയാണ് ഞാൻ ആ സത്യം അറിഞ്ഞത്…
“ഒരു ഏട്ടന്റെ സ്ഥാനത്തേ ഞാൻ സിദ്ധുവേട്ടനെ കണ്ടുള്ളു… ഇനി അത് മാറ്റാൻ എന്നെ കൊണ്ട് പറ്റില്ല…
പക്ഷെ,,
ദേവേട്ടൻ,,, ദേവേട്ടൻ എനിക്ക് ആരൊക്കെയോ ആണെന്ന് തോന്നിപോയിട്ടുണ്ട് ഈ കുറഞ്ഞ സമയത്തിനുള്ളിൽ..
കാരണം ഒന്നുമറിയില്ല.. എന്നാലും ദേവേട്ടൻ കൂടെയുള്ളപ്പോൾ മനസ്സിലെ വേദനിപ്പിക്കുന്ന ഓർമ്മകളൊക്കെ മാഞ്ഞു പോകാറുണ്ട്.. എന്നും എന്റെ കൂടെ ഉണ്ടായെങ്കിലെന്ന് ആഗ്രഹിക്കാറുണ്ട്.. അതൊക്കെ എന്റെ പൊട്ടബുദ്ധിയിൽ തോന്നിയതാകും… ഒക്കെ ഞാൻ സമയമെടുത്തു മറന്നോളം… എന്നാലും സിദ്ധുവേട്ടനെ സ്വീകരിക്കാൻ മാത്രം എന്നോട് പറയല്ലേ…..
എന്റെ ചേച്ചിയോട് ഒന്ന് സംസാരിച്ചാൽ എല്ലാം തീരും… സിദ്ധുവേട്ടന് പറയാൻ പറ്റുമോ എന്റെ ചേച്ചിയോട്,, ദേവേട്ടൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന്… “
അന്നവളുടെ വാക്കുകളിൽ നിന്ന് അറിഞ്ഞു,, അവളെത്ര മാത്രം നിന്നെ സ്‌നേഹിക്കുന്നുണ്ടെന്ന്… അവൾക്ക് അവളുടെ മാനം കാത്തു സൂക്ഷിച്ചവനോടുള്ള ആരാധന പ്രണയമായി മാറിയിട്ടുണ്ടാകുമെന്ന് ഞാൻ ഊഹിച്ചു… അവളുടെ പ്രണയമെങ്കിലും പൂത്തുലയട്ടെ എന്ന് കരുതിയാണ് അനുവിനോട് ഞാൻ കള്ളം പറഞ്ഞത്.. അഞ്ജുവിന് ഇനിയൊരിക്കലും ജിത്തുവിനെ പഴയത് പോലെ കാണാൻ കഴിയില്ലെന്ന്..അത് അനുവിന്റെ ജീവിതം എങ്കിലും സന്തോഷകരമാകട്ടെ എന്ന് കരുതിയാണ്..
അത് പറഞ്ഞപ്പോഴാണ് അവൾ മനസ്സില്ലാ മനസ്സോടെ നിന്റെ മുന്നിൽ തല കുനിച്ചു നിന്നത്.. പക്ഷെ അന്ന് തൊട്ട് അവൾ നിന്നിൽ നിന്ന് നിന്റെ സ്നേഹവും കരുതലും മാത്രം പ്രതീക്ഷിച്ചിരുന്നു… പക്ഷെ നീ ഒഴിഞ്ഞു മാറി കൊണ്ടിരുന്നു …
നിന്റെ മനസ്സ് അപ്പോഴും ഒരു പിടിവലി നടത്തി കൊണ്ടിരിക്കുകയായിരുന്നു.. തന്റെ പ്രണയം എങ്ങനെ മറക്കുമെന്നോർത്തും,, താലി കെട്ടിയ പെണ്ണിനോട് എങ്ങനെ നീതി കാട്ടുമെന്നോർത്തും..
നിന്നെ കുറ്റപ്പെടുത്തുകയല്ല.. പക്ഷെ നിന്നിൽ മാത്രം പ്രതീക്ഷയർപ്പിച്ച അവളെ അത് വല്ലാതെ വേദനപ്പെടുത്തി… അത്കൊണ്ടാണ് അവൾ മനഃപൂർവം നിന്നിൽ നിന്ന് അകന്ന് നിന്നത്…
മാസങ്ങൾക്ക് ശേഷം നീ അവളിലേക്ക് അടുക്കുമ്പോൾ അവൾ നിന്നിൽ നിന്ന് അകലാൻ തുടങ്ങുകയായിരുന്നു… അവൾ കാരണം നീ ആഗ്രഹിച്ച ജീവിതം നഷ്ടപ്പെടരുതെന്ന് കരുതിയാണ് അവൾ അന്ന് നിന്റെ പിറന്നാളിന് നാട്ടിലേക്ക് പോകാൻ വാശി പിടിച്ചത്… അവളുടെ ചേച്ചി ഇപ്പോഴും നിന്നെയും പ്രതീക്ഷിച്ചിരിക്കുന്നുണ്ടെന്ന് അറിഞ്ഞ ആ നിമിഷം അവൾ എന്നെ വിളിച്ചു വഴക്കിട്ടിരുന്നു.. ഞാൻ അവളെ വഞ്ചിച്ചതാണെന്ന് പറഞ്ഞ്…
അവളുടെ സന്തോഷം മാത്രമേ ഞാൻ ആഗ്രഹിച്ചുള്ളു.. അത്കൊണ്ടാണ് അന്ന് അങ്ങനെ കള്ളം പറഞ്ഞതും….ഒടുവിൽ അഞ്ജുവിനെ നീ ഇനി സ്വീകരിക്കില്ലെന്ന് അമ്പലമുറ്റത്ത് വെച്ച് പറഞ്ഞപ്പോ തകർന്നത് അനുവായിരുന്നു…
നിങ്ങൾക്കിടയിൽ നിന്ന് ഒഴിഞ്ഞു പോകാൻ മനസ്സ് കൊണ്ട് പാകപ്പെട്ട് കഴിഞ്ഞു എന്ന് എന്നോട് പറഞ്ഞാണ് അന്നവൾ അമ്പലത്തിലേക്ക് പോയത് തന്നെ…
ആ അനുവിനെ നീ ചേർത്ത് പിടിച്ചു.. അതോടെ നിന്നിൽ നിന്നടർന്ന് മാറാൻ കഴിയാതെ അവളും നിന്നിൽ കുടുങ്ങി കിടന്നു…
നീ അണിയിച്ച മോതിരത്തിൽ അവൾ എത്ര തവണ ചുംബിച്ചിട്ടുണ്ടെന്ന് അറിയുമോ??
അഞ്ജുവിന്റെ മരണം ഒരു ദുഃസ്വപ്നമായി അവളെ തേടി വന്നപ്പോൾ ആ പൊട്ടി പെണ്ണ് വീണ്ടും നിന്നെ അഞ്ജുവിന് വിട്ട് കൊടുക്കാൻ തയ്യാറായി..അതിന് വേണ്ടിയാ അവൾ അന്ന് നിന്നോട് ഡിവോഴ്സ് വേണമെന്ന് പറഞ്ഞത്..
അന്ന് മുന്നും പിന്നും നോക്കാതെ കരണം നോക്കി ഒന്ന് പൊട്ടിച്ചത് അവളുടെ ഏട്ടനായിട്ട് തന്നെയായിരുന്നു.. ചേച്ചിക്ക് വേണ്ടി അവളുടെ ജീവിതം നശിപ്പിക്കാൻ ഇതെന്താ സിനിമയാണോ??
നിന്റെ സ്നേഹം അവൾ അറിഞ്ഞിട്ടും അത് അവൾ ആസ്വദിച്ചിരുന്നു.. പൂർണമായി നിന്നിലേക്ക് വന്ന് ചേരാൻ അവൾ മടിച്ചത് അവളുടെ ചേച്ചിക്ക് ഒരു ജീവിതം കിട്ടാത്തത് കൊണ്ട് മാത്രമാ..
നിന്റെ മനസ്സിൽ ഇപ്പോ അവൾ മാത്രമേയുള്ളു എന്ന് പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചിട്ടും അവൾ വിശ്വസിച്ചില്ല… പിന്നെ ഞാൻ അതിന് മുതിർന്നിട്ടുമില്ല…
പിന്നെ വേറൊരു കാര്യം കൂടി ഞാൻ ചെയ്തിരുന്നു,, അഞ്ജുവിനെ കൊണ്ട് ഒരു വിവാഹത്തിന് സമ്മതിപ്പിച്ചത് ഞാനാണ്.. അവളുടെ മനസ്സിൽ വാശി കയറ്റിയത് ഞാനാണ്… നീയും അനുവും സുഖമായി ജീവിക്കുമ്പോൾ നീ ആർക്ക് വേണ്ടിയാണ് നിന്റെ ജീവിതം കളഞ്ഞു കുളിക്കുന്നതെന്ന് ചോദിച്ചപ്പോൾ തൊട്ട് അവളും മാറി ചിന്തിക്കാൻ തുടങ്ങി…
നിന്നോടുള്ള വാശിക്കാണ് അഞ്ജു കല്യാണത്തിന് സമ്മതിച്ചതെങ്കിലും അവന്റെ സ്നേഹം കൊണ്ട് അവളൊരുപാട് മാറി.. നല്ല പയ്യനാണ്.. പേര് പ്രകാശ്….”
നീണ്ടൊരു കഥ പോലെ സിദ്ധു പറഞ്ഞവസാനിപ്പിച്ചതും ദേവ്ജിത്തിന്റെ അച്ഛനും അനൂപും മുറിക്കുള്ളിലേക്ക് കയറി വന്നതും ഒരുമിച്ചായിരുന്നു…
“മകന്റെ കല്യാണം കാണാൻ അവനെ കിഡ്നാപ്പ് ചെയ്യേണ്ടി വന്ന ഒരച്ഛന്റെ ഗതികേട് എനിക്കേ കാണൂ… അല്ലെ ജിത്തു മോനെ.. “
ദേവിനെ നോക്കി അച്ഛൻ ഒരല്പം പരിഹാസത്തോടെയാണ് ചോദിച്ചതെങ്കിലും അവനതൊന്നും കേട്ടില്ല… അവന്റെ മനസ്സ് മുഴുവൻ അനു ആയിരുന്നു… എങ്ങനെയെങ്കിലും അവളെ കാണണം.. അത് മാത്രമായിരുന്നു അവന്റെ ചിന്ത…
“ഒരിക്കൽ എന്റെ കല്യാണം കഴിഞ്ഞതാണ്… വീണ്ടും വീണ്ടും കല്യാണം കഴിക്കാൻ എനിക്കെന്താ ഭ്രാന്ത് ഉണ്ടോ??
അച്ഛൻ ഒന്ന് ഈ കെട്ടഴിക്കാൻ നോക്ക്.. അല്ലാതെ ഒരുമാതിരി ചീപ് പരിപാടി കാണിക്കാൻ നിൽക്കല്ലേ.. “
ദേവിന്റെ വാക്കുകളിൽ അനുവിനെ കാണാൻ പറ്റാത്ത അമർഷം നിറഞ്ഞു നിന്നിരുന്നു…..
“കല്യാണം കഴിഞ്ഞിരുന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല ജിത്തു.. വളർത്തി വലുതാക്കിയ മകന്റെ കല്യാണം അച്ഛനും അമ്മയ്ക്കും കാണാനുള്ള കൊതി കൊണ്ട് പറഞ്ഞതാ … ചിലപ്പോൾ മറ്റു രണ്ടു പേരുടെയും കല്യാണം കൂടാൻ ഞങ്ങൾ രണ്ടു പേരും ജീവനോടെ ഇല്ലെങ്കിലോ… നീ ഇവിടെ സ്വമനസ്സാലെ വരില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെയാ ഇങ്ങനെ ഒരു നാടകം കളിച്ചത്..
ഇനി ഒരു അഞ്ച് ദിവസത്തെ കാര്യമേയുള്ളു.. നാടടക്കം വിളിച്ചു നിന്റെ കല്യാണം നടത്താൻ ഞാനും ഒരുപാട് മോഹിച്ചതാടാ… എതിര് പറയല്ലേ നീ… “
അച്ഛൻ ദയനീയമായി പറഞ്ഞു നിർത്തിയപ്പോ ദേവിനും സഹതാപം തോന്നി…
“അച്ഛന്റെ എന്ത് ആഗ്രഹത്തിനും ഞാൻ കൂടെ നിൽക്കാം… പക്ഷെ ഇപ്പോ എന്നെ ഒന്ന് അനുവിന്റെ വീട് വരെ പോകാൻ അനുവദിക്കണം.. പ്ലീസ്… ഈ ഒരൊറ്റ കാര്യത്തിന് എങ്കിലും എന്നെ ഈ മുറിയിൽ നിന്ന് ഒന്ന് പുറത്തേക്ക് വിട്.. “
അച്ഛന്റെ മുന്നിൽ കേണപേക്ഷിച്ചെങ്കിലും അദ്ദേഹം അത് ഗൗനിച്ചില്ല…
“എന്താടാ എന്റെ മരുമകളെ കാണാതെ തീരെ നിൽക്കാൻ പറ്റുന്നില്ല അല്ലെ….
ഇപ്പോ നീ ഇവിടെന്ന് പോയാൽ പിന്നെ തിരിച്ചു വന്നില്ലെങ്കിലോ… അച്ഛന് നിന്നെ തീരെ വിശ്വാസം പോര മോനെ… “
അതും പറഞ്ഞു കൊണ്ട് അച്ഛൻ സിദ്ധുവിന് നേർക്ക് തിരിഞ്ഞു…
“ഡാ മോനെ,, അവന്റെ കല്യാണം കഴിയുന്നത് വരെ നീ ഇവിടെ തന്നെ കാണണം ട്ടോ… പിന്നെ പറഞ്ഞു കൊടുത്തേക്ക് അവനോട്,, അവൻ ഇത്രയും നാൾ താമസിച്ചത് ഈ അച്ഛൻ ജനിച്ചു വളർന്ന വീട്ടിലാണെന്ന്.. ആ വീട് അവന് സ്പോൺസർ ചെയ്തതും ഞാൻ ആണെന്ന് അവനറിയട്ടെ…
തല്ലാൻ മാത്രമല്ല തലോടാനും അവന്റെ അച്ഛന് കഴിഞ്ഞിട്ടുണ്ടെന്ന് ഇനി എങ്കിലും അവൻ മനസ്സിലാക്കിക്കോട്ടെ സിദ്ധു… “
അച്ഛൻ പറഞ്ഞു നിർത്തിയ വാക്കുകളിൽ ദേവ് തറഞ്ഞു നിന്ന് പോയ്… ഓരോരുത്തരായി അവനെ തോൽപ്പിച്ചു കൊണ്ടിരിക്കുവാണല്ലോ എന്നോർത്തപ്പോ ദേവ് അവന്റെ തലയെ അങ്ങോട്ടുമിങ്ങോട്ടും വെട്ടിച്ചു കൊണ്ടിരുന്നു….
അനൂപും അച്ഛനും മുറി വിട്ടിറങ്ങിയപ്പോ ദേവ് സിദ്ധുവിനെ നോക്കി അലറി…
“എനിക്ക് അനുവിനെ ഇപ്പോ ഈ നിമിഷം കാണണം… എന്റെ ദേഷ്യവും സങ്കടവും സ്നേഹവും ഒരുമിച്ചു തീർക്കാൻ ഇപ്പോ അവളെന്റെ മുന്നിൽ വേണം സിദ്ധു..
എന്നെ അങ്ങോട്ട് വിടണ്ട..പക്ഷെ അവളെ ഇങ്ങോട്ട് കൊണ്ട് വരാല്ലോ.. അവളെന്റെ ഭാര്യയല്ലേ… “
“അതേ,, ഭാര്യയൊക്കെ തന്നെ.. പക്ഷെ അവളെ ഇനി നിലവിളക്ക് കൊടുത്തു കയറ്റുന്നതല്ലാതെ നിന്റെ അമ്മ ഈ പരിസരത്ത് അടുപ്പിക്കില്ല…
ഇനി അഥവാ നിന്റെ അമ്മ സമ്മതിച്ചാലും അവളുടെ വീട്ടുകാർ തീരെ സമ്മതിക്കില്ല… ഇതൊക്കെ രണ്ടു വീട്ടുകാരും മുൻകൂട്ടി പ്ലാൻ ചെയ്തതാ…
അതുകൊണ്ടല്ലേഡാ നീ അവളുടെ വീട്ടിൽ പോയപ്പോൾ ഇന്നൊരു ദിവസം അവിടെ തങ്ങാമെന്ന് അവളുടെ അമ്മ പറയാതിരുന്നത്..
പിന്നെ ഈ കല്യാണം,, അത് അവളുടെ അമ്മയുടെ ആഗ്രഹം ആണെടാ… അല്ലാതെ നിന്റെ വീട്ടുകാരുടെ അല്ല…അവളെ കന്യാദാനം നടത്തി നിന്റെ കയ്യിൽ ഏൽപ്പിക്കാൻ അവളുടെ മുത്തച്ഛൻ ഇന്നലെ റെഡിയായി നിൽക്കുവാ.. “
സിദ്ധു ഒരു കുസൃതിയോടെയാണ് അവസാന വാക്ക് പറഞ്ഞു നിർത്തിയത്….
“സത്യത്തിൽ ആ മുത്തച്ഛൻ എന്തൊരു പരാജയം ആണെടാ,, ഒരു കൊല്ലം നിന്റെ കൂടെ ഒരുമിച്ചു ജീവിച്ച അവൾക്ക് എന്ത് കന്യകത്വം “
അതും പറഞ്ഞു സിദ്ധു പൊട്ടിച്ചിരിക്കാൻ തുടങ്ങിയതും ദേഷ്യം കൊണ്ട് ദേവ് അടിമുടി വിറച്ചു..
“ഡാ,, എനിക്കൊന്നു ബാത്‌റൂമിൽ പോകണം.. ഈ കയ്യിന്റെ കെട്ടെങ്കിലും ഒന്നഴിക്കെടാ… “
ദേവ് പറഞ്ഞു തീർന്നതും സിദ്ധു കയ്യിലെ കെട്ടഴിച്ചു വിട്ടു… അപ്പോ തന്നെ ദേവ് അവന്റെ കാലിലെ കെട്ടും അഴിച്ചു മാറ്റി സിദ്ധുവിനെ തള്ളി ബെഡിലേക്കിട്ട് റൂമിന്റെ ഡോറിനരികിലേക്ക് ഓടി..
പലവട്ടം ഡോർ തുറക്കാൻ അവൻ കിണഞ്ഞു പരിശ്രമിച്ചിട്ടും അവൻ പരാജയപ്പെട്ടു പോയ്…
“അത് പുറത്ത് നിന്ന് ലോക്കാണ് മോനെ… അത്കൊണ്ട് മോൻ അധികം വിളച്ചിൽ എടുക്കാതെ വന്ന് കിടക്കാൻ നോക്ക്… “
അതും പറഞ്ഞു സിദ്ധു ബെഡിൽ കമിഴ്ന്നു കിടന്നു… ദേവ് ഓടി വന്ന് അവന്റെ മുതുകിനിട്ടു ഒരു തൊഴിയും കൊടുത്തു അവനെയും ചേർന്ന് കിടന്നു….
പെട്ടെന്നാണ് ദേവിന് അനുവിനെ ഫോൺ ചെയ്ത് സംസാരിക്കാം എന്നുള്ള ചിന്ത വന്നത്…
നേരവും കാലവും നോക്കാതെ ദേവ് അവളുടെ നമ്പറിലേക്ക് ഡയൽ ചെയ്തു…
“അനു… എനിക്കിപ്പോ,, നിന്നെ ഒന്ന് കാണണം… കണ്ടേ പറ്റൂ… പ്ലീസ്…”
ദേഷ്യം തോന്നിയെങ്കിലും അവനത് അവന്റെ സംസാരത്തിൽ കൊണ്ട് വരാതെ മാക്സിമം വിനയത്തോടെയാണ് സംസാരിച്ചത്..
“ദേവേട്ടൻ എന്തൊക്കെയാ ഈ പറയുന്നത്…?? ഈ സമയത്ത് ഞാൻ എങ്ങനെ വരാനാ?? അതുമല്ല ഇനി കല്യാണം കഴിയുന്നത് വരെ നമ്മൾ തമ്മിൽ കാണാൻ പാടില്ലെന്ന മുത്തച്ഛൻ പറഞ്ഞത്… “
“നീയും നിന്റെ ഒരു മുത്തച്ഛനും… നീ ചെവിയിൽ നുള്ളിക്കോ,, ഇതിനൊക്കെ കൂടി നിനക്ക് ഞാൻ ഒരു സർപ്രൈസ് ഒരുക്കി വെച്ചിട്ടുണ്ട്…ചിലപ്പോൾ മോള് അത് താങ്ങൂല… “
“ഓഹ്,, അതൊക്കെ എന്റെ ദേവേട്ടൻ വെറുതെ പറയുന്നതാ… എനിക്ക് എന്റെ ദേവേട്ടനെ താങ്ങാൻ ഒക്കെ പറ്റുമല്ലോ.. “
കുസൃതി ചിരിയോടെ അനു പറഞ്ഞു നിർത്തിയതും
“ഫോൺ വെച്ചിട്ട് പോടീ “
എന്നൊരലർച്ചയോടെ ദേവ് കോൾ കട്ട് ചെയ്തതും ഒരുമിച്ചായിരുന്നു..
“ഒന്ന് പതുക്കെ പറയെടാ… മനുഷ്യന് കിടന്നുറങ്ങണം… “
സിദ്ധു തൊട്ടടുത്തു കിടക്കുകയായിരുന്ന ദേവിനെ നോക്കി പറഞ്ഞതും ഒരൊറ്റ ചവിട്ടിൽ സിദ്ധു ബെഡിൽ നിന്ന് തെറിച്ചു വീണതും ഒരുമിച്ചായിരുന്നു….
അതേ സ്പോട്ടിൽ സിദ്ധു എഴുന്നേറ്റു വന്ന് ദേവിനെയും ചവിട്ടി താഴെ ഇട്ടു..
പരസ്പരം ഇടിയും ചവിട്ടുമായി ആ സൗഹൃദം ഒന്ന് കൂടി ശക്തമാകുമ്പോൾ ദേവിന്റെ മനസ്സിലെ സംഘർഷങ്ങൾക്കൊക്കെ ഒരയവ് വന്നിരുന്നു….
ഇന്നാണ് അഞ്ജുവിന്റെ കല്യാണം… കൂടെ അനുവിന്റെയും…
അതിനിടയിൽ ഒരിക്കൽ പോലും ദേവ് അനുവിനെ ഫോണിൽ വിളിച്ചു സംസാരിച്ചിട്ടില്ല…
അനു വിളിച്ചാൽ അവൻ കോൾ എടുക്കാറുമില്ല….
ഇന്നത്തോടെ ഈ വിരഹ നോവ് തീരുമല്ലോ എന്നോർത്ത് അനു സമാധാനിക്കുന്നുണ്ടെങ്കിലും സിദ്ധു പറഞ്ഞുള്ള അറിവ് വെച്ച് അവൾ ചില മുൻകരുതൽ ഒക്കെ എടുത്തിരുന്നു.. ദേവിന്റെ കയ്യിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നുള്ളതിൽ…
അനുവിന്റെ വീട്ടിൽ വെച്ച് തന്നെയായിരുന്നു രണ്ടു പേരുടെയും താലി കെട്ട്…. അണിഞ്ഞൊരുങ്ങി വന്ന അനുവിനെ കണ്ടിട്ടും വലിയ താല്പര്യം കാണിക്കാതെ ദേവ് മണ്ഡപത്തിൽ ഇരുന്നു…
ചടങ്ങുകളൊക്കെ കഴിഞ്ഞു രണ്ട് വധു വരൻമാരും വീട്ടിൽ നിന്ന് യാത്ര തിരിക്കാൻ ഒരുങ്ങുമ്പോൾ ദേവ് അഞ്ജുവിനെ അരികിലേക്ക് വിളിച്ചു സ്വകാര്യമായി എന്തൊക്കെയോ സംസാരിച്ചു.. രണ്ട് പേരുടെയും കളി ചിരികൾ കണ്ടപ്പോൾ അനുവിന്റെ ഉള്ളൊന്ന് പിടഞ്ഞെങ്കിലും അവൾ അത് സമർത്ഥമായി ഒളിപ്പിച്ചു വെച്ചു….
ഒടുവിൽ അമ്മയോട് യാത്ര പറഞ്ഞു അനു അച്ഛന്റെ അസ്ഥിതറയെ നോക്കി മൗനമായി യാത്ര ചോദിച്ചു….
നിലവിളക്ക് കൊടുത്തു അനുവിനെ ദേവിന്റെ അമ്മ അനുഗ്രഹിച്ചു അകത്തേക്ക് കയറ്റുമ്പോൾ ദേവും കൂടെ ഉണ്ടായിരുന്നു….
ബന്ധുക്കളുടെ ഇടയിലൊക്കെ പലതരം മുറു മുറുപ്പ് ഉണ്ടായിരുന്നു.. അതൊന്നും അനുവിന്റെ കാതിൽ പതിഞ്ഞില്ല… പകരം ദേവേട്ടന്റെ പ്രതികരണം എങ്ങനെ ആയിരിക്കുമെന്ന് ആലോചിച്ചു അവൾ അമ്മയെ ചുറ്റി പറ്റി നടക്കുന്നതിന് ഇടയിലാണ് അശ്വിൻ വന്ന് അവളെ പിടിച്ചു വലിച്ചു ഓടാൻ തുടങ്ങിയത്…
വന്ന് കയറിയിട്ട് ഒന്ന് സാരി പോലും മാറ്റിയിട്ടില്ല… അത്കൊണ്ട് തന്നെ അനുവിന് അവന്റെ കൂടെയെത്താൻ നന്നായി ബുദ്ധിമുട്ടേണ്ടി വന്നു…
മുകളിലെ ഒരു മുറിക്കകത്ത് അനുവിനെ കയറ്റിയതും അശ്വിൻ പുറത്തേക്ക് ഇറങ്ങി ഡോർ അടച്ചതും ഒരുമിച്ചായിരുന്നു…
ഒരു ഞെട്ടലോടെ അനു പിറകിലേക്ക് നോക്കിയതും ഡോറിൽ ചാരി നിന്ന് ഷർട്ടിന്റെ കൈ മുകളിലേക്ക് കയറ്റി വെച്ച് കൊണ്ട് അനുവിനെ തന്നെ നോക്കി നിൽക്കുന്ന ദേവ്ജിത്തിന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു… ഒരു വിജയിയുടെ ചിരി….
“ദേവേട്ടൻ “
എന്ന് പതിയെ പറഞ്ഞു കൊണ്ട് അവൾ തന്റെ കാലുകൾ പിന്നിലേക്ക് ചലിപ്പിച്ചു തുടങ്ങുമ്പോഴേക്കും ഉടുത്തിരുന്ന മുണ്ട് മടക്കി കുത്തി ദേവ് അവളെ ലക്ഷ്യമാക്കി നടന്നു തുടങ്ങിയിരുന്നു…
(തുടരും )
By
RAMSI FAIZ