"ശ്രീബാലാ ".. ഐ സി യുവിന്റെ ഡോർ തുറന്ന് നേഴ്സ് സുനൈന ഉറക്കെ വിളിച്ചു... കണ്ണുകളടച്ച് ചാരിയിരിക്കുകയായിരുന്ന ശ്രീബാല പിടഞ്ഞെഴുന്നേറ്റ് അങ്ങോട്ട് ഓടി..
“എന്തായെടീ?” അവൾ ചോദിച്ചു..
“നീ അകത്തേക്ക് വാ…” സുനൈന പറഞ്ഞു..അവളുടെ മുഖഭാവം കണ്ടപ്പോൾ ശ്രീബാലയ്ക്കു കാര്യം ഏകദേശം മനസിലായി…. ഐ സി യുവിന്റെ അകത്ത് കടന്നപ്പോൾ ഡോക്ടർ വർഗീസ് അവളെ അടുത്തേക്ക് വിളിച്ചു..
“തന്റെ ആരാ ഈ പേഷ്യന്റ്?”
“ഫ്രണ്ടിന്റെ ബ്രദർ ആണ് ഡോക്ടർ..”
“സോറി… റിലേറ്റീവ്സ്നെ അറിയിച്ചോളൂ…”
പ്രതീക്ഷിച്ചതാണെങ്കിലും ശ്രീബാലയുടെ മനസ്സിൽ ഒരു നോവ് അനുഭവപ്പെട്ടു…രാജേഷിന്റെ ചേതനയറ്റ ശരീരം ഒന്ന് നോക്കി നിന്ന ശേഷം അവൾ പുറത്ത് ഇറങ്ങി..ആരെ വിളിക്കണം, എന്തു ചെയ്യണം എന്നറിയാതെ അവൾ പകച്ചു…പ്രിയ സൗദിയിൽ തന്നെ ആണെന്ന് കേട്ടിരുന്നു…… ആ കുടുംബത്തിലെ വേറെ ആരെ കുറിച്ചും ഒരറിവും ഇല്ല…അവൾ രാജേഷിന്റെ ബാഗ് തുറന്നു.. പൊട്ടിയ സ്ക്രീൻ ഉള്ള പഴയൊരു മൊബൈൽ അവൾക്ക് കിട്ടി.. കുറേ നേരം പണിപ്പെട്ട് ശ്രമിച്ചപ്പോൾ അതിൽ നിന്നും സതീഷ് എന്നെഴുതിയ കൊണ്ടാക്ട് കണ്ടെടുത്തു…. വിളിച്ചപ്പോൾ റിങ് ഉണ്ട് പക്ഷേ എടുക്കുന്നില്ല.. കുറച്ചു കഴിഞ്ഞ് ആ നമ്പർ അവൾ തന്റെ ഫോണിൽ ഡയൽ ചെയ്തു വിളിച്ചു…ഇത്തവണ ഉത്തരം ലഭിച്ചു..
“ഹലോ ആരാണ്?”
“നിങ്ങളുടെ ഏട്ടനാണോ രാജേഷ്..?”
“എന്ത് വേണം? നിങ്ങൾ ആരാ”
ഒരു നിമിഷത്തിന് ശേഷം അപ്പുറത്ത് നിന്നും പരുഷമായ സ്വരത്തിൽ സതീഷ് ചോദിച്ചു.
“ഞാൻ മെഡിക്കൽ കോളേജിൽ നിന്നാണ് വിളിക്കുന്നത്.. നിങ്ങളുടെ ചേട്ടൻ ഇവിടെയുണ്ട്…”
“എനിക്ക് അങ്ങനൊരു ഏട്ടനില്ല… എന്റെ ജീവിതം നശിപ്പിച്ച അയാള് ചത്താൽ പോലും ഇങ്ങോട്ടു വിളിക്കണ്ട…”
ലൈൻ കട്ട് ആയി.. പിന്നെയും ശ്രമിച്ചപ്പോൾ സ്വിച്ഡ് ഓഫ്.. ശ്രീബാലയ്ക്ക് നല്ല ദേഷ്യം വന്നു….
“ശ്രീബാലേ…നീയെന്താ ഇവിടെ? ” ചോദ്യം കേട്ട് അവൾ തിരിഞ്ഞു നോക്കി.. ഗോപിനാഥ് ആണ്.. നഴ്സസ് അസോസിയേഷന്റെ ജില്ലാ സെക്രട്ടറി..അവൾക്ക് ഒരാശ്വാസം തോന്നി..
അവൾ കാര്യങ്ങളെല്ലാം അയാളോട് തുറന്നു പറഞ്ഞു…
“ഇതിപ്പോ വള്ളിക്കെട്ട് കേസാണ്… അവര് തമ്മിലുള്ള പ്രശ്നത്തിന്റെ പേരിലാ അനിയൻ അങ്ങനെ പ്രതികരിച്ചത്… വേറാരെങ്കിലും ബോഡി ഏറ്റെടുത്ത് സംസ്കരിച്ചാൽ നാളെ ഇതേ അനിയൻ കേസിനു പോകും… നമ്മളൊക്കെ അതിന്റെ പുറകെ തൂങ്ങേണ്ടി വരും.. ഉപകാരം ചെയ്യാൻ പോയി പുലിവാല് പിടിച്ച അനുഭവങ്ങൾ ഒത്തിരി ഉണ്ടായിട്ടുണ്ട്..”
ഗോപിനാഥ് ഒന്നാലോചിച്ചു…
“നിനക്ക് അവരുടെ വീട് എവിടാണെന്നറിയോ?”
“കൃത്യമായി അറിയില്ല.. ഒരു ഊഹം ഉണ്ട്..”
അയാൾ പോക്കറ്റിൽ നിന്ന് ഒരു പേപ്പറും പേനയും എടുത്ത് അവൾ പറഞ്ഞത് കുറിച്ചിട്ടു.. പിന്നെ സതീഷിന്റെ നമ്പറും വാങ്ങി..
“നമുക്ക് നിയമപരമായി നോക്കാം.. പോലീസിൽ ചില സുഹൃത്തുക്കൾ ഉണ്ട്.. നീ പേടിക്കാതിരിക്ക്..”
ഗോപിനാഥ് പുറത്തേക്ക് നടന്നു… ശ്രീബാല കസേരയിൽ ഇരുന്ന് രാജേഷിന്റെ ഡയറി തുറന്നു.. അവളുടെ കണ്ണുനീർ അക്ഷരങ്ങൾക് മീതെ ഇറ്റു വീണുകൊണ്ടിരുന്നു…. മഹേഷിനെ ഒന്ന് കാണാൻ അവളുടെ ഹൃദയം തുടിച്ചു….
“അച്ഛനും മോനും കൂടി നാട്ടിലെ പെയിന്റിംഗ് ജോലിക്കാരുടെ കഞ്ഞികുടി മുട്ടിക്കുമോ?”
സൈനുദ്ദീൻ ബൈക്കിൽ നിന്ന് ഇറങ്ങിക്കൊണ്ട് ചോദിച്ചു… കൂടെ ഹരിയും ഉണ്ടായിരുന്നു.. വീടിന്റെ ജനൽ കമ്പികൾ വൃത്തിയാക്കി പെയിന്റ് അടിക്കുകയാണ് മഹേഷും ഭരതനും..
“മൊത്തം തുരുമ്പെടുത്തു..” ബ്രഷ് തിന്നറിൽ ഇട്ടു, കൈ തുടച്ചു കൊണ്ട് മഹേഷ് പറഞ്ഞു..
“രണ്ടാളും ഇരിക്ക്. ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം..” ഭരതൻ അകത്തേക്ക് നടക്കാനാഞ്ഞു..
“ഒന്നും വേണ്ട… എനിക്കൊരു കാര്യം സംസാരിക്കാനുണ്ട്.. ഭരതേട്ടനും കേൾക്കണം..”
സൈനുദ്ദീനും ഹരിയും കസേരയിൽ ഇരുന്നു…
” വല്യുപ്പ ഒരു വാശിക്ക് വാങ്ങിയതാ മദീന ബസ്…. ബസ് മുതലാളി ആവണം എന്ന മൂപ്പരുടെ വാശി… അത് ജയിച്ചു… വേണമെങ്കിൽ കുറെ ബസുകൾ വാങ്ങാനുള്ള കാശ് ഉണ്ടായെങ്കിലും ഉള്ള ഒന്ന് മര്യാദയ്ക്ക് നടത്തി കൊണ്ടു പോയാൽ മതിയെന്നായിരുന്നു വല്യുപ്പയുടെ തീരുമാനം…. പിന്നെ വാപ്പ അത് ഏറ്റെടുത്തു… എനിക്ക് തീരെ താല്പര്യം ഇല്ലാത്തത് കൊണ്ടാ ഞാൻ ബിസിനസ് തുടങ്ങിയത്… പക്ഷേ പാരമ്പര്യമായി കിട്ടിയത് വാപ്പയ്ക്ക് വയ്യാതായപ്പോൾ ഞാൻ അത് നടത്തി… ഇപ്പോൾ വാപ്പ പോയി… “
സൈനുദ്ദീൻ നിശബ്ദനായി… പിന്നെ മഹേഷിനെ നോക്കി..
“മരിക്കും മുൻപ് എപ്പോഴും പറയുമായിരുന്നു.. ഏതെങ്കിലും ഒരു കാലത്ത് ബസ് വിൽക്കേണ്ടി വന്നാൽ ഇത്രയും കാലത്തെ നല്ല പേര് കളയില്ല എന്ന് ഉറപ്പുള്ള ആർകെങ്കിലും മാത്രമേ കൊടുക്കാൻ പാടുള്ളൂ എന്ന്.. ഒരുപാട് മുതലാളിമാർ വില പറഞ്ഞു… പക്ഷേ അവർക്കൊക്കെ ലാഭം മാത്രമാണ് ലക്ഷ്യം… ഇത് കൊടുക്കാതിരിക്കാനും നിവൃത്തിയില്ല… വീട്ടിൽ ഉമ്മച്ചി മാത്രമേ ഉള്ളൂ…. പുള്ളിക്കാരിക്ക് ഇതിന്റെ പിറകിൽ ഓടാൻ കഴിയില്ല…തന്നെയുമല്ല, കുറച്ചു നാൾ കഴിഞ്ഞാൽ ഉമ്മച്ചിയെ ഞാൻ ദുബായിക്ക് കൊണ്ടുപോകും….”
“ആരെയെങ്കിലും നോക്കി നടത്താൻ ഏൽപ്പിച്ചൂടെ?”
ഭരതൻ ചോദിച്ചു..
“വയ്യ ഭരതേട്ടാ… ഒന്നാമത് ദുബായിലെ ബിസിനസിന്റെ ടെൻഷൻ തന്നെ താങ്ങാൻ പറ്റുന്നില്ല… അതിന്റെ ഇടയിൽ ഇതൂടെ ശരിയാവില്ല.. അതാണ് കൊടുക്കാമെന്നു വച്ചത്…”
“ആളെ കിട്ടിയോ…?” മഹേഷിന്റെ ശബ്ദത്തിൽ ചെറിയ വേദന കലർന്നിരുന്നു.. വര്ഷങ്ങളായി ജോലി ചെയ്യുന്ന ബസ് കൈ മാറുകയാണ്…
“ഉവ്വ്… അതിനാണല്ലോ ഇങ്ങോട്ടു വന്നത്…”
സൈനുദ്ദീൻ പുഞ്ചിരിച്ചു… ഹരിയുടെ മുഖത്തും ചിരി ഉണ്ടായിരുന്നു…മഹേഷിന് ഒന്നും മനസിലായില്ല
“എന്റെ ബസ് ഏറ്റെടുക്കാൻ നിനക്ക് താല്പര്യമുണ്ടോ മഹീ?”
“ഞാനോ?”
“നീ തന്നല്ലേ മഹേഷ്? അപ്പൊ ചോദ്യവും നിന്നോട് തന്നെ..”
മഹേഷ് അമ്പരന്ന് നിൽക്കുകയാണ്..
“ഞാനെങ്ങനെ? എന്റെ കയ്യിൽ പൈസയൊന്നും ഇല്ല… സൈനുക്ക കളിയാക്കുകയാണോ?”
“നിന്നെ കളിയാക്കാൻ പെട്രോളും കത്തിച്ച് ഇത്രേം ദൂരം വരാൻ എനിക്ക് വട്ടൊന്നുമില്ല.. പിന്നെ കാശിന്റെ കാര്യം… അത് ഞാൻ ചോദിച്ചോ?”
സൈനുദ്ദീൻ എഴുന്നേറ്റ് അവന്റെ തോളിൽ കൈ വച്ചു..
“മദീന ട്രാവൽസിനെ കുറിച്ച് ആരും മോശം പറയരുത്… അനാവശ്യമായി സർവീസ് മുടക്കാത്ത, യാത്രക്കാരോട് മാന്യമായി പെരുമാറുന്ന ജീവനക്കാർ ഉള്ള, മത്സരയോട്ടം നടത്താത്ത ഒരു ബസ് ആയി എന്നും ഉണ്ടാകണം… അത് നിനക്ക് കഴിയും.. നീ കാണിക്കുന്ന ആത്മാർത്ഥത ഒന്നും വേറൊരാളിലും ഞാൻ കണ്ടിട്ടില്ല… വാപ്പയ്ക്കും അതായിരുന്നു ആഗ്രഹം… ഇത് പെട്ടെന്ന് എടുത്ത തീരുമാനം ഒന്നുമല്ല.. കുറേ നാള് മുൻപേ ഞാൻ ഹരിയോട് ഇത് പറഞ്ഞിരുന്നു..”
മഹേഷിന്റെ കണ്ണു നിറയുന്നത് എല്ലാവരും കണ്ടു… സൈനുദ്ദീൻ വാത്സല്യത്തോടെ അവനെ ചേർത്തു പിടിച്ചു…
“നിന്നെ സ്വന്തം അനിയനെപ്പോലെ അല്ലേ ഞാൻ കണ്ടത്? കാശിനു വിൽക്കാൻ ആണെങ്കിൽ ഒരുപാട് പേരുണ്ട്… പക്ഷേ എനിക്കത് വേണ്ട… നിനക്ക് തന്നിട്ട് എനിക്ക് സംതൃപ്തിയോടെ പോകാം… അഹമ്മദ് ഹാജിയുടെ മദീന ബസ് ഇനിമുതൽ മഹേഷിന്റെ സ്വന്തമാണ്… ങാ .. പിന്നെ, നല്ല ജോലിക്കാരെ വയ്ക്കണം.. കണ്ടക്ടർ ആയിട്ട് നീ തന്നെ മതി… ഹനീഫ ഒമാനിലേക്ക് പോകുകയാ… വിസ വന്നു… കുഞ്ഞുമോൻ ഹോട്ടലും തുടങ്ങി… ജോലിയോട് കൂറ് കാണിക്കുന്ന, നല്ല സ്വഭാവമുള്ള ആരെയെങ്കിലും നീ തന്നെ സെലക്ട് ചെയ്തോ… ഇനിയെല്ലാം നിന്റെ ഉത്തരവാദിത്തം… ഞാൻ പോകുന്നതിനു മുൻപ് ആർ.സി നിന്റെ പേരിലേക്ക് മാറ്റണം…”
താൻ സ്വപ്നത്തിലാണെന്ന പോലെ മഹേഷിന് തോന്നി…
“ഭരതേട്ടൻ ഒന്ന് വന്നേ,…. ഒരു കാര്യം പറയാനുണ്ട്…”
ഹരി എഴുന്നേറ്റു പുറത്തേക്ക് നടന്നു. പിന്നാലെ സൈനുദീനും ഭരതനും… റോഡിൽ എത്തിയപ്പോൾ ഹരി ചോദിച്ചു..
“അടുത്ത പരിപാടി എന്താ ഭരതേട്ടാ?ഇവൻ ഇങ്ങനെ നടന്നാൽ മതിയോ?”
“എനിക്കും അറിയാം ഹരീ.. എന്തായാലും ശോഭയുടെ ആണ്ടിന് മോള് വരാമെന്നു പറഞ്ഞിട്ടുണ്ട്… ഇപ്രാവശ്യം ഒരു തീരുമാനത്തിൽ എത്തണം…”
“ഞാൻ ആ കൊച്ചിനെ കുറേ കുറ്റപ്പെടുത്തിയിട്ടുണ്ട്… പക്ഷേ പിന്നെ ആലോചിച്ചപ്പോൾ ഇവന്റെ ഭാഗത്തും തെറ്റ് ഉണ്ടല്ലോ എന്നു മനസിലായി…നേരിൽ പോയി തുറന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഇവിടെ ഉള്ളൂ… അവിഹിതം ഉണ്ടായിട്ടും മാപ്പ് പറഞ്ഞു നന്നായി ജീവിക്കുന്ന ഒരുപാട് ആളുകളില്ലേ ? അപ്പോഴാ ഇല്ലാത്ത ഒരു ബന്ധത്തിന്റെ പേരിൽ ഇവരിങ്ങനെ അകന്നു കഴിയുന്നത്..”
“എന്തായാലും മോള് വരട്ടെ..”
“ഞാൻ പോകും മുൻപ് എല്ലാം ശരിയാക്കണം..” സൈനുദീൻ ഓർമിപ്പിച്ചു…
ഭരതൻ തലയാട്ടി….
“എടോ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും തന്റെ സ്വന്തം ചേട്ടനല്ലേ?”
സബ് ഇൻസ്പെക്ടർ സദാനന്ദൻ ചോദിച്ചു..സതീഷ് മിണ്ടാതെ ഇരിക്കുകയാണ്…ഗോപിനാഥും ശ്രീബാലയും അടുത്ത് തന്നെയുണ്ട്… ആദ്യം സതീഷിന്റെ നാട്ടിലെ ചില സാമൂഹ്യപ്രവർത്തകരെയും രാഷ്ട്രീയക്കാരെയും കൊണ്ട് സംസാരിപ്പിച്ചു നോക്കി.. പക്ഷേ അയാൾ വഴങ്ങിയില്ല… പിന്നീട് ഗോപിനാഥ് തന്റെ സുഹൃത്തിന്റെ കസിൻ ആയ സദാനന്ദനെ സമീപിക്കുകയായിരുന്നു.. ഫോൺ വിളിച്ചു കിട്ടാഞ്ഞതിനാൽ പോലീസുകാർ നേരിട്ട് ചെന്ന് സതീഷിനെ കൂട്ടിക്കൊണ്ട് വന്നതാണ്…
“ആയ കാലത്ത് അങ്ങേര് തന്നെ ദ്രോഹിച്ചിട്ടുണ്ടാകും. എന്ന് വച്ച് മരിച്ചുപോയ ശേഷമാണോ പ്രതികാരം ചെയ്യേണ്ടത്? തന്നെയുമല്ല ഒരുപാട് നരകിച്ചിട്ടാ അയാൾ മരിച്ചത്… മതിയെടോ… ഒന്നും മനസ്സിൽ വയ്ക്കാതെ ബോഡി ഏറ്റു വാങ്ങി ദഹിപ്പിക്കാൻ നോക്ക്..”
“സാറിന് അറിയില്ല…. എന്റെ ജീവിതം തന്നെ നശിപ്പിച്ചവനാ അത്… എനിക്ക് എല്ലാം നഷ്ടമായി… ഭാര്യ, മകൾ…. എല്ലാം..”
സതീഷ് മുടിയിൽ പിടിച്ചു വലിച്ചു…
“അച്ഛന്റെ സ്ഥാനത്തു നിന്ന് കുടുംബം തകരാതെ നോക്കേണ്ടയാൾ അത് തകർത്തു… മരണത്തോടെ ക്രൂരൻ പുണ്യവാനാകുന്നതിനോട് യോജിക്കാൻ എനിക്ക് കഴിയില്ല … സോറി..”
“എസ്ക്യൂസ്മീ സാർ… ഞാനൊന്ന് പറഞ്ഞോട്ടെ?”
അതുവരെ നിശബ്ദയായിരുന്ന ശ്രീബാല എസ് ഐയെ നോക്കി ചോദിച്ചു…
“ഷുവർ…”
അവൾ സതീഷിന്റെ നേരെ തിരിഞ്ഞു..
“നിങ്ങളിപ്പോ പറഞ്ഞല്ലോ ജീവിതംനശിപ്പിച്ചു, കുടുംബം തകർത്തു എന്നൊക്കെ…. അതിന് നിങ്ങളുടെ ചേട്ടൻ മാത്രമാണോ ഉത്തരവാദി?.. നിങ്ങൾക്ക് ഒരു കുടുംബം ഉണ്ടായിരുന്നോ? അതൊരു കുടുംബം ആയിരുന്നു എന്നാണോ വിശ്വസിക്കുന്നത്? പ്രിയ പണ്ട് ഒരുപാട് പറഞ്ഞിട്ടുണ്ട് നിങ്ങളുടെ പെരുമാറ്റത്തെ കുറിച്ച്… ഭാര്യയ്ക്ക് പട്ടിയുടെ വിലപോലും കൊടുക്കാതിരുന്ന നിങ്ങൾ ഇപ്പോൾ അവർ പോയതിനെ കുറിച്ചോർത്തു സങ്കടപ്പെടുന്നോ? ഇവിടെ എല്ലാരും തെറ്റു ചെയ്തിട്ടുണ്ട്… ഭാര്യയെക്കാൾ ചേട്ടന്റെ വാക്ക് വിശ്വസിച്ച് അവരെ മറ്റുള്ളവരുടെ മുൻപിൽ നാണം കെടുത്തിയ നിങ്ങളും തെറ്റുകാരനാ….നിങ്ങളെ കുറ്റപ്പെടുത്താൻ യോഗ്യത എനിക്ക് ഇല്ല. കാരണം ഞാനും അതേ തെറ്റ് ചെയ്തിട്ടുണ്ട്… അതിനുള്ള ശിക്ഷ ഇപ്പോൾ സ്വയം അനുഭവിച്ചോണ്ടിരിക്കുകയാ…. ജീവിച്ചിരിക്കുന്നവരുമായുള്ള പ്രശ്നങ്ങൾ എന്നെങ്കിലും തീർക്കാം.. പക്ഷേ മരിച്ചവർ ഇനി തിരിച്ചു വരില്ല…. രാജേഷേട്ടൻ ചെയ്ത തെറ്റുകളിൽ ആത്മാർത്ഥമായി പശ്ചാത്തപിച്ചിട്ടാണ് പോയത്… എന്നോട് ചെയ്ത തെറ്റുകൾ ഞാൻ ക്ഷമിച്ചു… നിങ്ങളുടെ അതേ രക്തം അല്ലേ രാജേഷേട്ടന്?…ഇപ്പോൾ വിട്ടു വീഴ്ച ചെയ്താൽ നിങ്ങൾക്ക് ഒന്നും നഷ്ടപ്പെടില്ല…”
അവൾ പറഞ്ഞു നിർത്തി…. സതീഷ് മറുപടി ഒന്നും പറഞ്ഞില്ല..
“കേട്ടല്ലോ സതീഷ്?.. ഈ കുട്ടിയോടും അയാൾ ദ്രോഹം മാത്രമേ കാണിച്ചിട്ടുള്ളൂ.. എന്നിട്ടും അവൾ തന്റെ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റി.. മെഡിക്കൽ കോളേജിൽ ഒരു അനാഥശവമായി തന്റെ ചേട്ടൻ കിടന്നോട്ടെ എന്ന് ഇവൾ ചിന്തിച്ചില്ല.. പകരം ഇന്നലെയും ഇന്നുമായി ഇതിന്റെ പിറകിൽ അലയുകയാണ്…. അതെങ്കിലും ഓർക്കണം…”
സദാനന്ദൻ സതീഷിന്റെ മുഖത്തേക്ക് ഉറ്റു നോക്കി…. കുറച്ച് നേരത്തെ ആലോചനയ്ക്ക് ശേഷം സതീഷ് മനസില്ലാമനസോടെ ബോഡി ഏറ്റെടുക്കാൻ സമ്മതിച്ചു…പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു.. മെഡിക്കൽ കോളേജിൽ നിന്ന് ആംബുലൻസിൽ രാജേഷിന്റെ ബോഡി കയറ്റി…
“ശ്രീബാലാ… സോറി..” ഫോർമാലിറ്റീസ് എല്ലാം കഴിഞ്ഞ് പോകാറായപ്പോൾ സതീഷ് അവളുടെ അടുത്ത് വന്ന് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..
“എന്നോട് ക്ഷമ ചോദിക്കേണ്ട ആവശ്യമില്ല സതീഷേട്ടാ… നിങ്ങളും ഞാനും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്… വേറൊരാളുടെ വാക്ക് വിശ്വസിച്ച് സ്നേഹിച്ചവരെ വേദനിപ്പിച്ചു.. “
അവൾ പുഞ്ചിരിയോടെ മറുപടി പറഞ്ഞു..
“എല്ലാം തിരുത്താൻ നമുക്ക് അവസരം കിട്ടുമോ?”
“സതീഷേട്ടന്റെ കാര്യം എനിക്ക് അറിയില്ല.. പക്ഷേ എന്റെ ജീവിതത്തിൽ അത് സാധ്യമാകുമോ എന്ന് സംശയമാണ്… കാരണം മാപ്പ് എന്നൊരു വാക്ക് പോലും എനിക്ക് പറയാൻ അർഹതയില്ല… മഹിയേട്ടൻ സന്തോഷത്തോടെ ജീവിച്ചാൽ മതി…”
“ഞാനൊന്ന് പോയി മഹേഷിനെ കണ്ടാലോ? അന്ന് അവനെ തല്ലിയതും മറ്റുള്ളവരുടെ മുന്നിൽ നാണം കെടുത്തിയതും ഞാനല്ലേ? എന്റെ ജീവിതമോ ഇങ്ങനെ ആയി… നിങ്ങളുടെ ബന്ധം തകരാൻ ഞാനും എന്റെ കുടുംബവും ഒരു കാരണമാണ്… ചിലപ്പോൾ ഞാൻ സംസാരിച്ചാൽ ഇതൊക്കെ തീരുമെങ്കിൽ?”
“വേണ്ട… മഹിയേട്ടനെ അടിച്ചതിനു സോറി പറയാൻ പോകുന്നെങ്കിൽ ഓക്കേ.. പക്ഷേ എനിക്ക് വേണ്ടി ചെയ്യരുത്…ഇപ്പോൾ തത്കാലം രാജേഷേട്ടന്റെ കാര്യങ്ങൾ നോക്ക്…. വൈകിക്കണ്ട..പ്രിയ വരുമോ?”
“ഇല്ല…. അവൾക്ക് ഇപ്പോഴും ഇതൊന്നും ഉൾകൊള്ളാൻ ആയിട്ടില്ല…നിങ്ങൾ തമ്മിൽ ഇപ്പോൾ കോൺടാക്ട് ഒന്നുമില്ല അല്ലേ?”
“മനഃപൂർവം ആണ്…പഴയ കൂട്ടുകാർ ആരെയും വിളിക്കാറില്ല… വന്ന വഴി മറന്നിട്ടൊന്നുമല്ല കേട്ടോ… ചില വേദനകൾ കുറയ്ക്കാൻ പലതും ഒഴിവാക്കുന്നു എന്ന് മാത്രം… പക്ഷേ ഇപ്പോൾ ഒരാഗ്രഹം… അവളുടെ നമ്പർ തരാമോ?”
സതീഷ് പ്രിയയുടെ നമ്പർ അവൾക്ക് കൊടുത്തു.. പിന്നെ യാത്ര പറഞ്ഞ് ആംബുലൻസിൽ കയറി… മെഡിക്കൽ കോളേജിന്റെ ഗേറ്റ് കടന്ന് അത് റോഡിലേക്ക് പ്രവേശിച്ചു…..
റൂമിലേക്ക് പോകാൻ ബസിൽ കയറിയപ്പോൾ അവളുടെ മൊബൈൽ ശബ്ദിച്ചു.. ഭരതനാണ്….
“മോളേ, ജോലിയിലാണോ?” സ്നേഹത്തോടെയുള്ള ചോദ്യം ..
“അല്ലച്ഛാ… മെഡിക്കൽ കോളേജു വരെ വരേണ്ട ആവശ്യം ഉണ്ടായിരുന്നു…”
“വല്ലതും കഴിച്ചോ?”
“ഇല്ല… റൂമിലെത്തിയിട്ട് കഴിക്കാം…”
“നേരം കുറേ ആയല്ലോ, പട്ടിണി കിടന്നിട്ടുള്ള ഒരു പരിപാടിയും വേണ്ട എന്ന് ഞാൻ പറഞ്ഞതല്ലേ..?”
“എന്തായാലും കഴിക്കും… സത്യം.. പോരേ?”
“ഉം.. നീ എപ്പോഴാ വരിക?”
“മറ്റന്നാൾ ഉച്ചയ്ക്ക് ഇവിടുന്നു ഇറങ്ങും..”
“തനിച്ചോ?”
“അതിനെന്താ കുഴപ്പം? ഇവിടുന്നു ട്രെയിൻ കേറും… അച്ഛൻ അവിടെ സ്റ്റേഷനിൽ വന്നാൽ മതി..”
“വേണ്ട… മഹി വരും നിന്നെ കൂട്ടാൻ…”
“അച്ഛനെന്താ പറഞ്ഞത്?” അവൾ അവിശ്വസനീയതയോടെ ചോദിച്ചു..
“അതേടീ.. ആദ്യം പറ്റില്ല എന്ന് പറഞ്ഞതാ… പിന്നെ ഞാൻ നിർബന്ധിച്ചപ്പോൾ സമ്മതിച്ചു…. എന്തായാലും നീ ഇങ്ങോട്ടു വാ.. കുറെ പറയാനുണ്ട്…”
കാൾ കട്ടായി….. ശ്രീബാല മുന്നിലെ സീറ്റിൽ തല ചേർത്തു വച്ചു… അവളുടെ കണ്ണുനീർ തുള്ളികൾ മടിയിലെ ബാഗിന് മീതെ പതിച്ചു……അത് സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്ന് അവൾക്കും അറിയില്ലായിരുന്നു…..
(തുടരും )