RAJI SHAJI
ഡി…. നിന്നോട് ഞാൻ പല തവണ പറഞ്ഞു ഇങ്ങനെ എന്റെ പിന്നാലെ നടന്നു ശല്യപ്പെടുത്തരുതെന്ന്…. കിച്ചു അശ്വതിയോട് പറഞ്ഞു…
ഇഷ്ടം കൊണ്ടല്ലേ കിച്ചുവേട്ട… അവൾ കുറുമ്പോടെ അവനോട് പറഞ്ഞു….
നിന്റെ ഇഷ്ടം എനിക്ക് വേണ്ടെങ്കിലോ…
എന്നേലും ഒരു ദിവസം കിച്ചുവേട്ടൻ എന്റെ ഇഷ്ടം മനസ്സിലാക്കും…..അതുവരെ ഞാൻ കിച്ചുവേട്ടന്റെ പുറകെ നടന്ന് ഇങ്ങനെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കും…
ദേ അച്ചു….. എനിക്ക് ദേഷ്യം വരുന്നുണ്ടൂട്ടോ…. വെറുതെ നീ എന്റെ കയ്യിന്നു തല്ല് മേടിക്കണ്ട…
എന്താ കിച്ചുവേട്ട ഇങ്ങനെ.. പണ്ടൊക്കെ എന്നെ എന്തിഷ്ടാരുന്നു കിച്ചുവേട്ടന്… ഇപ്പൊ വലുതായല്ലോ ആ ഇഷ്ടവൊക്കെ എവിടെ പോയി….
അന്ന് നീ എന്റെ നല്ല സുഹൃത്ത് ആയിരുന്നു… എന്ന് മുതൽ നിന്റെ ഉള്ളിൽ എന്നെപ്പറ്റി അരുതാത്ത ചിന്ത വന്നു തുടങ്ങിയോ അന്ന് മുതൽ നീ എന്റെ സുഹൃത്തല്ലാതായി മാറിക്കഴിഞ്ഞു….
കിച്ചുവേട്ട…..
അച്ചു എന്റെ സമയം മെനക്കെടുത്തിക്കാതെ ഒന്ന് പോകുന്നുണ്ടോ നീ…അവൻ അവളോട് ദേഷ്യപ്പെട്ടു..
അവൾ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ച് അവിടുന്ന് നടന്ന് നീങ്ങി….
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നടന്ന് പോകുന്നവളെ നോക്കി അവൻ നിറഞ്ഞു വന്ന തന്റെ കണ്ണുകൾ പുറം കയ്യാൽ തുടച്ചു…
പാവം അച്ചു… അവളുടെ മനസ്സ് ഇപ്പൊ എന്ത് മാത്രം വേദനിക്കുന്നുണ്ടാകും…
മനസ്സുണ്ടായിട്ടല്ല അവളെ താൻ മാറ്റി നിർത്തുന്നത്.. താൻ അമ്മാവന് കൊടുത്ത ഒറ്റ വാക്കിന്റെ പുറത്തു മാത്രം..
അച്ഛനും അമ്മയും നഷ്ടപ്പെട്ടതിനു ശേഷം അമ്മാവനാണ് ഇവിടെ കൊണ്ടുവന്നത് തന്റെ കാര്യങ്ങളെല്ലാം നോക്കിയത്.. അടിസ്ഥാന വിദ്യാഭ്യാസം നൽകിയതിനു ശേഷം കൃഷിയിൽ ശ്രദ്ധിക്കാൻ അമ്മാവൻ തന്നോട് പറഞ്ഞു… താനിവിടെ വന്ന ദിവസം മുതൽ നല്ല കൂട്ടാണ് അച്ചുവുമായി.. തന്നെക്കാളും ആറ് വയസ്സിന് ഇളയതാണ് അവൾ.. അവളുടെ എല്ലാ സന്തോഷങ്ങളും അവൾ ആദ്യം പങ്കുവയ്ക്കുന്നത് തന്നോടായിരുന്നു..
തങ്ങൾ ഒരുമിച്ചാണ് കളിച്ചു വളർന്നതും ആഹാരം കഴിച്ചിരുന്നതും ഒക്കെ…. പക്ഷേ മുതിർന്നതിനുശേഷം അവളുമായുള്ള സൗഹൃദത്തെ അമ്മാവൻ വിലക്കി… അവളുമായി കുറച്ച് അകലം പാലിക്കണം എന്ന് അമ്മാവൻ തന്നോട് പറഞ്ഞു കാരണം സൗഹൃദത്തിനപ്പുറം തങ്ങളുടെ മനസ്സിൽ മറ്റൊരു ഇഷ്ടം ഉണ്ടാകാൻ പാടില്ല എന്ന് അമ്മാവന് നിർബന്ധമായിരുന്നു.. ഒരിക്കലും അമ്മാവന് തന്റെ മകളെ ഒരു കൃഷിപ്പണിക്കാരനുമായി വിവാഹം കഴിപ്പിക്കാൻ താല്പര്യമില്ലായിരുന്നു.. പത്താം ക്ലാസിൽ ഉയർന്ന മാർക്ക് വാങ്ങിയ തനിക്ക് തുടർ വിദ്യാഭ്യാസം നൽകാത്തതിന്റെ പേരിൽ അച്ചു അമ്മാവനും ആയി പലതവണ വഴക്കിട്ടിട്ടുണ്ട്.. പക്ഷേ സഹോദരിയുടെ മകനെ സ്വന്തം മകനായി കാണാനോ പഠിപ്പിക്കാനോ അമ്മാവൻ മനസ്സ് കാണിച്ചില്ല… അമ്മാവന്റെ വീട്ടിലെ ഒരു ജോലിക്കാരൻ മാത്രമായി പലപ്പോഴും താൻ മാറാറുള്ളത് വേദനയോടെ അവൻ ഓർത്തു…
തുടർന്നുള്ള ദിവസങ്ങളിൽ അച്ചുവിനെ കാണാതിരിക്കാൻ അവൻ മാക്സിമം ശ്രമിച്ചു..
തന്റെ പേരും പറഞ്ഞ് പലപ്പോഴും അച്ചു അമ്മാവനോടും അമ്മായിയോടും വഴക്കുണ്ടാക്കാറുണ്ട്.
അച്ചുവിന് തന്നോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടെന്ന് അമ്മാവനും അമ്മായിയും മനസ്സിലാക്കിയിരുന്നു.. അതുകൊണ്ട് ഒരു പോലീസ് ഓഫീസറുമായി അച്ചുവിന്റെ കല്യാണം അമ്മാവൻ തീരുമാനിച്ചു… എന്നാൽ അച്ചു തനിക്ക് വിവാഹം വേണ്ട എന്ന് പറഞ്ഞ് അതിനെ എതിർത്തു… പക്ഷേ അമ്മാവൻ പിന്മാറാൻ തയ്യാറായില്ല എത്രയും അടുത്തുള്ള മുഹൂർത്തത്തിൽ തന്നെ അവരുടെ വിവാഹം നടത്താൻ അമ്മാവൻ തീരുമാനിച്ചു..
പലപ്പോഴും അച്ചുവിന്റെ മുഖം കാണുമ്പോൾ തനിക്ക് വേദന തോന്നാറുണ്ട് എങ്കിലും എല്ലാരും നഷ്ടപ്പെട്ട തന്നെ ഈ നിലയിൽ എത്തിച്ച അമ്മാവനെ എതിർക്കാൻ അവന് ആകുമായിരുന്നില്ല…
അവളുടെ കല്യാണത്തിന് രണ്ടുദിവസം മുമ്പ് കിച്ചു അമ്മാവനോട് പറഞ്ഞ് അവന്റെ കൂട്ടുകാരനായ മനുവിന്റെ വീട്ടിലേക്ക് മാറി… ഇനി വിവാഹം കഴിയുന്നത് വരെ അവൾ തന്നെ കാണരുതെന്ന് അവൻ തീരുമാനിച്ചിരുന്നു..അമ്മാവനും അത് ശരിവെച്ചു..
ഡാ കിച്ചു….. നിനക്കെങ്ങനെ ഇത്ര ക്രൂരൻ ആവാൻ കഴിയുന്നു കിച്ചു….അവളുടെ മനസ്സ് കണ്ടിട്ടും കാണാതിരിക്കാൻ എങ്ങനെ കഴിയുന്നു നിനക്ക്… മനു ചോദിച്ചു….
കഴിയണോടാ…എനിക്ക് കഴിഞ്ഞേ പറ്റൂ കാരണം അമ്മാവന് ഞാൻ കൊടുത്ത വാക്ക്…
കോപ്പ്…. നിന്റെ അമ്മാവൻ ഒരു സ്വാർത്ഥൻ ആണ്….നിന്നെ കൊണ്ട് പട്ടിയെപ്പോലെ പണിയെടുപ്പിച്ച് സ്വന്തം കാര്യം നേടുന്ന അയാളുടെ മകളുടെ ഭർത്താവിന്റെ സ്ഥാനത്ത് നിന്നെ കാണാൻ അയാൾക്ക് ഇഷ്ടവല്ല…. അയാള് വിചാരിച്ചിരുന്നെങ്കിൽ നിന്നെ പഠിപ്പിച്ചു നല്ല നിലയിൽ എത്തിക്കാൻ കഴിയില്ലായിരുന്നോ…
ഡാ….. ഞാൻ..
വേണ്ടെടാ നീ ഒന്നും പറയണ്ട നീ ഒന്നോർത്തോ ആ പാവം പെൺകൊച്ചിന്റെ മനസ്സ് വേദനിപ്പിച്ചതിന് ജീവിതകാലം മുഴുവൻ നീ സങ്കടപ്പെടേണ്ടി വരും.. മനു പറഞ്ഞു…
കിച്ചുവിന് മറുപടിയുണ്ടായിരുന്നില്ല. കാരണം മനു പറഞ്ഞതെല്ലാം സത്യമാണെന്ന് അവന് അറിയാമായിരുന്നു…
പക്ഷെ അമ്മാവനോട് വിശ്വാസവഞ്ചന കാണിക്കാൻ അവന് കഴിഞ്ഞില്ല..
കല്യാണത്തിന്റെ തലേദിവസം രാവിലെ അച്ചുവിന്റെ കൂട്ടുകാരി ലയ കിച്ചുവിനെ കാണാൻ മനുവിന്റെ വീട്ടിലെത്തി….
ആ ലയ… താനോ വാ… മനു അവളെ സ്വീകരിച്ചു..
കൂട്ടുകാരൻ എവിടെ മനുവേട്ടാ….
അവൻ ഇവിടുണ്ട്.. എന്താടോ കാര്യം…
കാര്യം എന്താന്നോ… ഒന്നും കാണുകേം കേൾക്കുകേം ചെയ്യാതെ സുഖായിട്ട് കഴിഞ്ഞോളാൻ പറയ് കൂട്ടുകാരനോട്…
എന്തൊക്കെയാ ലയ താൻ ഈ പറയുന്നേ… ഒന്നും മനസ്സിലാകാതെ മനു ചോദിച്ചു…
അപ്പോഴാണ് അകത്ത് നിന്നും കിച്ചു ഇറങ്ങി വന്നത്…
നീയെന്താ അവൾക്കുള്ള വക്കാലത്തുമായി വന്നതാണോ…. കിച്ചു അവളോട് ഗൗരവത്തിൽ ചോദിച്ചു…
ങ്ഹും…. അതിന്റെ ആവശ്യം ഇനി ഉണ്ടെന്ന് തോന്നുന്നില്ല… കാരണം ആർക്കും ശല്യം ആകാതെ പോകാൻ അവള് തീരുമാനിച്ചു… മനസ്സുരുകി പ്രാർത്ഥിച്ചോ അവളെ ഇനി ഒരിക്കലും കാണേണ്ടി വരരുതെന്ന്.. ചിലപ്പോ ആ പ്രാർത്ഥന ഈശ്വരൻ കേൾക്കും.. അത്രയ്ക്ക് കടപ്പാടുണ്ടല്ലോ അല്ലേ അമ്മാവനോട്…
ലയ താൻ മനുഷ്യന് മനസ്സിലാകുന്ന ഭാഷയില് പറയ്… അച്ചു പറഞ്ഞു വിട്ടതാണോ തന്നെ…. മനു ചോദിച്ചു..
ഇല്ല മനുവേട്ടാ….. അവൾ ഒരിക്കലും എന്നെ ഈ കാര്യവും പറഞ്ഞു ഇങ്ങോട്ടേക്കു വിടില്ല.. കാരണം എത്രയോ തവണ നേരിട്ട് അവള് തന്റെ മനസ്സ് തുറന്നതാ..എന്നിട്ടും അവളുടെ മനസ്സ് കാണാൻ ആർക്കും കഴിഞ്ഞില്ല… ഇനി അതിന്റെ കാര്യം ഉണ്ടെന്നും തോന്നുന്നില്ല…
ലയ താൻ ചെല്ല്…. ഇപ്പൊ അവൾക്ക് നിന്റെ സാമീപ്യം ആവശ്യമാണ്… മറ്റൊരാളുടെ താലി കഴുത്തിൽ വീണു കുറച്ചു കഴിയുമ്പോ അവൾ ആ ജീവിതത്തോട് പൊരുത്തപ്പെട്ടോളും… കിച്ചു പറഞ്ഞു…
അതിന് താലി വീണാലല്ലേ… അത് നടക്കുമെന്ന് തോന്നുന്നില്ല….
ലയ… താനെന്താ പറഞ്ഞേ… കല്യാണം നടക്കില്ലെന്നോ കിച്ചു അവളെ നോക്കി….
കല്യാണം നടക്കണമെങ്കിൽ അവൾ ബോധത്തോടെ ഒന്ന് എഴുന്നേറ്റ് നിൽക്കണ്ടേ….
എന്താ….. എന്താ പറഞ്ഞേ…..കിച്ചുവിന്റെ ശബ്ദം നേർത്തു..
ലയ താൻ ടെൻഷൻ അടിപ്പിക്കാതെ കാര്യം എന്താന്ന് പറയ്….. മനു പറഞ്ഞു….
അത് മനുവേട്ടാ…. ഇന്നലെ അവള് സൂയിസൈഡിന് ശ്രമിച്ചു….ഇപ്പൊ മറൈൻ ഹോസ്പിറ്റലിൽ l C U വിലാണ്…
എ… എന്താ… പറഞ്ഞേ…… അവള്….. അവള്… സൂ… സൂയിസൈഡിന് ശ്രമിച്ചെന്നോ…. കിച്ചുവിന്റെ ശബ്ദം ഇടറി…
ലയ താൻ എന്താ ഈ പറയുന്നേ……മനു ചോദിച്ചു…
ഒരാളെ മനസ്സിലിട്ട് മറ്റൊരാളുടെ താലി സ്വീകരിക്കാൻ അവൾക്കാകുവോ മനുവേട്ടാ…. അവളുടെ ശബ്ദം ഇടറി….
ഡാ…. എനിക്ക്…. എനിക്ക് കാണണവെടാ എന്റെ അച്ചൂനെ….. കിച്ചു മനുവിന്റെ കൈ പിടിച്ചു കരഞ്ഞു…
ഡാ നീ ഇങ്ങനെ സങ്കടപ്പെടാതെ. അവൾക്കൊന്നും വരില്ല… അവളെ നമുക്ക് കാണാം…. മനു അവനെ ആശ്വസിപ്പിച്ചു…
എത്രയും പെട്ടെന്ന് തന്നെ അവർ ഹോസ്പിറ്റലിൽ എത്തി… ICU വിന് മുന്നിൽ അവരെത്തിയപ്പോൾ അവിടെ അച്ചുവിന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നു… കിച്ചുവിനെ കണ്ടതും അവർക്ക് ദേഷ്യം വന്നു.. എന്തിനാ നീ ഇങ്ങോട്ട് വന്നത്… അല്പം ജീവൻ ബാക്കിയുണ്ടേൽ അതെടുക്കാനാണോ… അമ്മാവൻ ചോദിച്ചു…
അമ്മാവാ ഞാൻ…..
വേണ്ട നീ പൊക്കോ.. കയ്യും കണ്ണും കാണിച്ചു അവളെ മയക്കിയെടുത്തിട്ട് ഒടുവില്…..നീ ഇനി അവളുടെ കൺവെട്ടത്തു പോലും വരരുത്…. പൊക്കോ….
ഇല്ല അമ്മാവാ ഞാൻ അച്ചുവിനെ കണ്ടിട്ടേ പോകൂ…
ഇല്ല… നീ അവളെ കാണില്ല.. കാണിക്കില്ല ഞാൻ….
അത് നിങ്ങളാണോ തീരുമാനിക്കുന്നത്.. ഇവൻ അവളെ കാണാൻ തീരുമാനിച്ചിട്ടുണ്ടെൽ കണ്ടിട്ടേ പോകൂ.. മനു പറഞ്ഞു..
അത് പറയാൻ നീ ആരാടാ… അവൾ എന്റെ മോളാ… അവളെ ആരൊക്കെ കാണണമെന്ന് ഞാൻ തീരുമാനിക്കും..
Hm… മോളാണ് പോലും..ഇത്രനാളായിട്ടും അവളുടെ മനസ്സറിയാൻ നിങ്ങള് ശ്രമിച്ചിട്ടുണ്ടോ….അവളോട് നിങ്ങൾക്ക് ഒരു തരിയെങ്കിലും സ്നേഹമുണ്ടോ…. ഇല്ല.. ഉണ്ടായിരുന്നേൽ അവൾ ഇന്ന് ഈ ICU വിൽ ഇങ്ങനെ ജീവിതത്തിനും മരണത്തിനും ഇടയിൽ കിടക്കില്ലാരുന്നു…. മനുവിന് ദേഷ്യം നിയന്ത്രിക്കാനായില്ല…
ഡാ നിന്നെ ഞാൻ….. അയാൾ അവന് നേരെ വന്നു…
അപ്പോഴാണ് അകത്ത് നിന്നും ഡോക്ടർ ഇറങ്ങി വന്നത്..
എന്താ ഇവിടെ ബഹളം…. ഡോക്ടർ ചോദിച്ചു…
ഡോക്ടർ…. ഇവൻ…. ഇവൻ കാരണ എന്റെ മോള് ഈ അവസ്ഥയില്… ഇവനിപ്പോ അവളെ കാണണമെന്ന്…. ഞാൻ പറ്റില്ലാന്ന് പറഞ്ഞു…. സെക്യൂരിറ്റിയെ വിളിച്ച് ഇവന്മാരെ ഇവിടുന്ന് പുറത്താക്കണം ഡോക്ടർ….. അച്ചുവിന്റെ അച്ഛൻ പറഞ്ഞു…..
അല്ല ഡോക്ടർ….. അച്ചുവിന് ഇവനെ ഇഷ്ടാരുന്നു… ആ ബന്ധം ഇയാള് സമ്മതിക്കാതെ മറ്റൊരാളെ കൊണ്ട് അവളെ വിവാഹം കഴിപ്പിക്കാൻ നോക്കിയത് കൊണ്ടാ അവള് മരിക്കാൻ ശ്രമിച്ചേ…. മനു പറഞ്ഞു…
നിർത്തെടാ…… അച്ചുവിന്റെ അച്ഛൻ അലറി….
ഏയ് മിസ്റ്റർ ഇത് ഒരു ഹോസ്പിറ്റൽ ആണ്.. ഇവിടെ കിടന്നു ബഹളം ഉണ്ടാക്കരുത്..ഡോക്ടർ അയാൾക്ക് താക്കീതു നൽകി….
നിങ്ങൾ പറയ്….
എന്താ സത്യത്തിൽ ഉണ്ടായത്… ഡോക്ടർ കിച്ചുവിനെയും മനുവിനെയും നോക്കി ചോദിച്ചു….
അവർ കാര്യങ്ങളൊക്കെ പറഞ്ഞു…. കിച്ചു അമ്മാവന് വാക്ക് കൊടുത്തതുൾപ്പെടെ……
ഡോക്ടർ.. ഇവൻ പറയുന്നതൊക്കെ കള്ളവാണ്…. അമ്മാവൻ പറഞ്ഞു…
നിങ്ങൾ നിർത്തൂ…. ഞാൻ ഇവരോടല്ലേ ചോദിച്ചത്….. ഡോക്ടർ അയാളോട് പറഞ്ഞു….
അയാൾ പിന്നെ ഒന്നും മിണ്ടിയില്ല….
മനുവും കിച്ചുവും പറഞ്ഞതാണ് സത്യമെന്നു ഡോക്ടർക്കു മനസ്സിലായി….
നോക്കൂ നിങ്ങളുടെ മകൾ ഇപ്പൊ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലാണ്… അവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ ഇപ്പൊ ഒരാൾക്ക് മാത്രവേ കഴിയൂ…. കിച്ചുവിന് മാത്രം…..
ഇപ്പൊ അശ്വതിക്ക് ആവശ്യം കിച്ചുവിന്റെ സാമീപ്യം ആണ്….
ഇല്ല… ഇവനെ എന്റെ മോളേ കാണാൻ ഞാൻ സമ്മതിക്കില്ല…..
നിങ്ങളുടെ സമ്മതം ആരും ചോദിച്ചില്ല….
അശ്വതി നിങ്ങളുടെ മകളായിരിക്കാം.. പക്ഷെ ഇപ്പൊ ആ കുട്ടിയുടെ ജീവൻ രക്ഷിക്കേണ്ടത് ഡോക്ടർ എന്ന നിലയിൽ എന്റെ ഉത്തരവാദിത്വം ആണ്.. അതുകൊണ്ട് ഇക്കാര്യത്തിൽ നിങ്ങളുടെ സമ്മതം എനിക്കാവശ്യമില്ല…
കിച്ചു….താൻ അകത്ത് കയറി കുറച്ചു നേരം അശ്വതിക്കരികിൽ ഇരിക്കണം… തന്റെ സാമീപ്യം അവളെ ജീവിതത്തിലേക്ക് കൊണ്ട് വരും.. എനിക്കുറപ്പാ…. ഡോക്ടർ പറഞ്ഞു….
ചെല്ലെടാ.. നിനക്ക് മാത്രവേ അവളെ രക്ഷിക്കാൻ പറ്റൂ… നീ അവളോടൊപ്പം ഉണ്ടെന്ന് അവൾക്ക് മനസ്സിലാകണം…മനു കിച്ചുവിനോട് പറഞ്ഞു….
സിസ്റ്റർ…. കിച്ചുവിനെ അശ്വതിയുടെ അടുത്താക്കൂ…. ഡോക്ടർ നഴ്സിനോട് പറഞ്ഞു….
Yes ഡോക്ടർ…. വരൂ……
കിച്ചു നഴ്സിനോടൊപ്പം ICU വിൽ കയറി…
അച്ചുവിനെ കണ്ട അവന്റെ ഉള്ളം വല്ലാതെ നൊന്തു….
കുറച്ചു നാൾ മുൻപ് വരെ തന്റെ പുറകെ തുള്ളിച്ചാടി നടന്ന തന്റെ അച്ചു… ഇപ്പൊ അവൾ ഈ അവസ്ഥയിൽ ആകാൻ കാരണം താനാണെന്നോർത്തപ്പോ അവന് തന്നോട് തന്നെ വെറുപ്പ് തോന്നി….
അവനെ അവിടാക്കി nurse അവിടുന്ന് പോയി…
അവൻ അവൾക്കരികിലുള്ള chair ൽ ഇരുന്നു…ക്യാനുല കുത്തിയിരിക്കുന്ന അവളുടെ കൈ എടുത്തു തന്റെ കൈക്കുള്ളിലാക്കി പൊതിഞ്ഞ് പിടിച്ചു….
അവളുടെ കൈയിൽ തന്റെ അധരങ്ങൾ ചേർത്തു…അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…. ആ നിമിഷം അവൻ തന്റെ ഉള്ളിൽ ഒരു ഉറച്ച തീരുമാനമെടുത്തു… ജീവിച്ചാലും മരിച്ചാലും അത് തന്റെ അച്ചുവിനൊപ്പം മാത്രം…..
ഇനിയും ഇവളെ വേദനിപ്പിക്കാൻ തനിക്കാവില്ല…. തന്റെ പെണ്ണിന് എന്തേലും പറ്റിയാൽ താനും അവൾക്കൊപ്പം പോകും…. അവൾ ജീവിതത്തിലേക്ക് തിരിച്ചു വന്നാൽ എത്രയും പെട്ടെന്ന് തന്നെ തന്റെ താലി അവളുടെ കഴുത്തിൽ ചാർത്തും….
അച്ചു…… മോളേ….
അവളിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല….
മോളെ….. നിന്റെ കിച്ചുവേട്ടനാടാ മോളെ വിളിക്കുന്നെ… കണ്ണ് തുറക്കെടി മോളെ… നിന്റെ കിച്ചുവേട്ടനെ തനിച്ചാക്കി പോവാൻ നിനക്കാകുവോ മോളെ… ഒന്ന് നോക്കെടി മോളെ എന്നെ…. അവന്റെ കണ്ണുനീർ അവളുടെ കൺപോളകളിൽ വീണു.. ആ നിമിഷം അവളുടെ കൺപോളകൾ ഒന്ന് വെട്ടി… അവന്റെ കൈക്കുള്ളിലാരുന്ന അവളുടെ കൈകൾ ഒന്നനങ്ങി…
അവൻ അവളുടെ കൈയ്യിൽ മുറുകെ പിടിച്ചു… അവൻ അവളുടെ നെറുകയിൽ ഉമ്മ വെച്ചു.
മോളേ..അച്ചു……
അവൾ മെല്ലെ കയ്യും കാലും അനക്കി..
അപ്പോഴേക്കും ഡോക്ടറും നഴ്സുമാരും അങ്ങോട്ടേക്ക് വന്നു…
കിച്ചു….. എന്റെ ഊഹം തെറ്റിയില്ല… തന്റെ സാമീപ്യം അശ്വതിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നിരിക്കുന്നു… ഡോക്ടർ പറഞ്ഞു…
കിച്ചുവിന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു….
കുറച്ചു സമയത്തിന് ശേഷം അച്ചു മെല്ലെ കണ്ണുകൾ തുറന്നു….
കണ്ണ് തുറന്നപ്പോൾ അവൾ കണ്ടത് തന്നെ നോക്കി നിറമിഴികളാലെ ഇരിക്കുന്ന കിച്ചുവിനെയാണ്…..
അവൾ കണ്ണ് മിഴിച്ച് അവനെ നോക്കി..
കി…. കിച്ചുവേട്ട……അവൾ ഇടറിയ സ്വരത്തിൽ വിളിച്ചു….
മോളെ….. എന്തിനാടാ ഇങ്ങനെ ചെയ്തേ….. ങേ….. അവന്റെ സ്വരം ഇടറി…
കിച്ചുവേട്ട ഞാൻ… എനിക്ക്……
വേണ്ട ഒന്നും പറയണ്ട…. എനിക്കറിയാം ഒക്കെ….. Sorry മോളെ….. അമ്മാവനോടുള്ള കടപ്പാടിന്റെ പേരിൽ എന്റെ അച്ചൂട്ടിയുടെ സ്നേഹം ഞാൻ കണ്ടില്ലന്നു നടിച്ചു… പക്ഷെ ഇപ്പൊ ആ തെറ്റ് ഞാൻ തിരുത്തുവാ…. ഇനി ഈ കിച്ചുവിന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അതെന്റെ അച്ചൂട്ടി മാത്രം ആയിരിക്കും.. അവളുടെ കരം കവർന്നു അവൻ പറഞ്ഞു…..
കിച്ചുവേട്ട… അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി…
ഏയ്…. എന്റെ പെണ്ണ് ഇനി കരയരുത് ഒരിക്കലും….. അവൻ അവളെ തന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു….
അവളെ റൂമിലോട്ട് മാറ്റിയപ്പോൾ അവളുമായി വിവാഹം ഉറപ്പിച്ച പോലീസ് ഓഫീസർ അങ്ങോട്ടേക്ക് വന്നു..
ആ മോനെ വാ വാ.. അവളുടെ അച്ഛൻ അയാളെ സ്വീകരിച്ചു….അയാളെ കണ്ടതും അച്ചുവിന്റെ മുഖം മങ്ങി…
എന്തിനാ ഇങ്ങനെ ചെയ്തത്.. അയാൾ അവൾക്കടുത്തെത്തി ചോദിച്ചു….
അത് മോനെ മോൾക്ക് ഒരു ബുദ്ധിമോശം സംഭവിച്ചതാ.. അത് ഞങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കൊള്ളാം….അവളുടെ അച്ഛൻ പറഞ്ഞു…
അപ്പോഴാണ് കിച്ചു അങ്ങോട്ടേക്ക് വന്നത്..
നീ എന്തിനാ കിച്ചു ഇങ്ങോട്ടേക്കു വന്നത്…. നീ വീട്ടില് പൊക്കോ… അമ്മാവൻ പറഞ്ഞു…
ഇവളിവിടെ കിടക്കുമ്പോ ഞാൻ എങ്ങനാ അമ്മാവാ പോകുന്നെ….
ഇവളെ നോക്കാൻ ഇവളുടെ അച്ഛനമ്മമാരായ ഞങ്ങളുണ്ട്….
അതെ… അതുകൊണ്ടാണല്ലോ ഇവള് ഇപ്പൊ ഇവിടിങ്ങനെ കിടക്കേണ്ടി വന്നത്..
കിച്ചു…..
വേണ്ട അമ്മാവാ.. സ്വന്തം ഭാഗം ന്യായീകരിക്കാൻ നോക്കണ്ട…. ഇനി ഇവളുടെ മനസ്സ് വേദനിപ്പിക്കാനോ ഇവളെ മരണത്തിലേക്ക് തള്ളി വിടാനോ ഞാൻ സമ്മതിക്കില്ല…
ഇയാളെന്തൊക്കെയാ ഈ പറയുന്നേ… ഒക്കെ കേട്ട് നിന്ന പോലീസ് പയ്യൻ ചോദിച്ചു…
ഒന്നൂല്ല മോനെ…. ഇവൻ വെറുതെ….
Hm…. അയാൾ മതിയാക്കൂ എന്ന അർത്ഥത്തിൽ കൈ കാണിച്ചു.. ശേഷം കിച്ചുവിന് നേരെ തിരിഞ്ഞു..
ഇയാളെന്താ പറഞ്ഞേ.. തെളിച്ച് പറയ്… എന്തിനാ അശ്വതി ഇങ്ങനൊരു അവിവേകം കാണിച്ചത്…
അത്.. സാർ…. കിച്ചു എല്ലാ കാര്യങ്ങളും അദ്ദേഹത്തോട് പറഞ്ഞു…..
അയാൾ അച്ചുവിന് നേരെ തിരിഞ്ഞു…. അശ്വതി ഞാൻ ഈ കേട്ടതൊക്കെ സത്യാണോ…..
അവൾ അതേ എന്ന അർത്ഥത്തിൽ തല ചലിപ്പിച്ചു..
മോനെ ഇവൻ പറഞ്ഞതൊക്കെ കള്ളവ… ഇവൾക്ക് ഇവനോട് ഇഷ്ടം ഇല്ല.. ഇവൻ ഇവളെക്കൊണ്ട് പറയിപ്പിക്കുന്നതാ ഇതൊക്കെ.. അച്ചുവിന്റെ അച്ഛൻ പറഞ്ഞു…
അങ്ങനെയാണേൽ പിന്നെ ഇവളെന്തിനാ സൂയിസൈഡിന് ശ്രമിച്ചത്….
അത് പിന്നെ…. അയാളുടെ തല താണു..
പ്രായപൂർത്തിയായ പെൺകുട്ടിയാ അശ്വതി.. അവളുടെ ജീവിതം ആർക്കൊപ്പം ആകണമെന്ന് തീരുമാനിക്കേണ്ട അവകാശം അവൾക്കുണ്ട്…
ടോ.. ഞാൻ തന്നെ കാണാൻ വന്നപ്പോ തനിക്ക് പറയാൻ മേലാരുന്നോ താനും കിച്ചുവും തമ്മിലുള്ള റിലേഷനെ പറ്റി… ഇഷ്ടമില്ലാത്ത ഒരാളെ നിർബന്ധിച്ചു ഭാര്യയാക്കാൻ അത്രയ്ക്ക് മനസ്സാക്ഷിയില്ലാത്ത പോലീസുകാരനല്ല ഞാൻ…
കാര്യങ്ങൾ തുറന്നു പറയേണ്ടതിനു പകരം ഇങ്ങനെ ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുന്നതെന്തിനാ….
കിച്ചു തനിക്ക് പറയാനുള്ളത് ഇപ്പൊ ഇവിടെ വെച്ചു പറയാം….
കിച്ചു അമ്മാവന് നേരെ തിരിഞ്ഞു…
അമ്മാവാ…. ഇതുവരെ അമ്മാവൻ പറയുന്നത് ഞാൻ അനുസരിച്ചിട്ടേ ഉള്ളൂ…പക്ഷെ… ഇനിയും എന്റെ ഉള്ളിലെ ഇഷ്ടം മറച്ചു വെച്ച് എന്റെ അച്ചുവിനെ വേദനിപ്പിക്കാൻ എനിക്കാവില്ല..
അമ്മാവനോട് എനിക്ക് സ്നേഹവും ബഹുമാനവും ഒക്കെയുണ്ട്…. പക്ഷെ അതിന്റെ പേരിൽ എന്റെ അച്ചുവിന്റെ ജീവൻ നഷ്ടപ്പെടുത്താൻ എനിക്കാവില്ല…. എനിക്ക് വേണം അമ്മാവാ എന്റെ അച്ചുവിനെ…..
ഇല്ല… ഒരിക്കലും നിനക്ക് അവളെ കല്യാണം കഴിച്ചു തരില്ല….
അത് പറയാൻ നിങ്ങൾക്ക് എന്താ അധികാരം…. അശ്വതി നിങ്ങളുടെ മക്കളൊക്കെ തന്നെയാ.. പക്ഷെ അവളുടെ ഇഷ്ടത്തിനെതിരായി നിങ്ങൾ നിന്നാൽ എനിക്ക് നിങ്ങൾക്കെതിരെ ആക്ഷൻ എടുക്കേണ്ടി വരും…. മകളെ ആത്മഹത്യക്കു പ്രേരിപ്പിച്ചതിന്…..
നിങ്ങൾ തന്നെ നിങ്ങളുടെ മകളെ കിച്ചുവിന് വിവാഹം കഴിച്ചു നൽകണം… അല്ലെങ്കിൽ… അദ്ദേഹം ഒരു താക്കീതോടെ അച്ചുവിന്റെ അച്ഛനോട് പറഞ്ഞു..
പിന്നെ അയാൾക്ക് മറുപടി ഉണ്ടായില്ല….
അങ്ങനെ മനസ്സില്ല മനസ്സോടെ അയാൾ അവരുടെ വിവാഹം നടത്തിക്കൊടുത്തു.. പക്ഷെ വിവാഹശേഷം അവരെ അവിടെ താമസിപ്പിക്കില്ലെന്നു അയാൾ പറഞ്ഞു..
മനുവിന്റെ ഒരു ബന്ധുവിന്റെ വാടക വീട് മനു ശരിയാക്കി കൊടുത്തു…. വിവാഹം കഴിഞ്ഞ അന്ന് തന്നെ കിച്ചു അവന്റെ പെണ്ണിനേയും കൊണ്ട് അങ്ങോട്ടേക്ക് പോയി…. മനുവും ലയയും അവർക്കൊപ്പം ഉണ്ടായിരുന്നു…..
വൈകുന്നേരത്തോടെ മനുവും ലയയും അവിടുന്ന് പോയി….
അവിടെ കിച്ചുവും അവന്റെ പെണ്ണും മാത്രമായി….
രാത്രി കിച്ചു റൂമിലേക്ക് വന്നപ്പോൾ അച്ചു ബാൽക്കണിയിൽ നിൽക്കുകയായിരുന്നു….
അവൻ പിന്നിലൂടെ ചെന്ന് അവളെ കെട്ടിപ്പിടിച്ചു….
അവൾ അവന്റെ കൈ തട്ടി മാറ്റി അവിടുന്ന് മാറി നിന്നു…
അവൻ അവൾക്കടുത്തേക്ക് പോയി…
എന്താടോ ഭാര്യേ പിണക്കവാണോ എന്നോട്……
അവൾ ഒന്നും മിണ്ടിയില്ല..
അവൻ വീണ്ടും അവൾക്കടുത്തേക്ക് വന്നു… അവളുടെ ഇടുപ്പിലൂടെ ചേർത്ത് പിടിച്ചു… അവൾ അവന്റെ കൈ വിടുവിക്കാൻ നോക്കി.. പക്ഷെ അവന്റെ കൈ കൂടുതൽ മുറുകി….
അച്ചൂട്ടി…. അവൻ മൃദുവായി അവളുടെ കാതോരം വിളിച്ചു…
വേണ്ട… എന്നോട് മിണ്ടണ്ട…എന്നെ ഇഷ്ടവല്ലല്ലോ… ആ പോലീസുകാരൻ പറഞ്ഞിട്ടല്ലേ എന്നെ കല്യാണം കഴിച്ചേ….
ആരാ പറഞ്ഞേ എനിക്ക് എന്റെ അച്ചൂട്ടനെ ഇഷ്ടവല്ലാന്ന്… എനിക്ക് ഒത്തിരി ഇഷ്ടവല്ലേ എന്റെ പെണ്ണിനെ… അവൻ അവളെ തന്റെ നെഞ്ചോടു ചേർത്ത് നിർത്തി….
ചുമ്മാ പറയണ്ട….
അല്ലെടാ…. കിച്ചുവേട്ടന് ശരിക്കും ജീവനാ എന്റെ അച്ചൂട്ടനെ….
ശരിക്കും….
അതേല്ലോ….
അവൾ അവനെ കെട്ടിപ്പിടിച്ചു…
അവൻ അവളെ ചേർത്ത് പിടിച്ചു നെറുകയിൽ ഉമ്മ വെച്ചു…
അവനവളെ ചേർത്ത് പിടിച്ചു റൂമിലേക്ക് നടന്നു… ഇതുവരെ കാത്തുസൂക്ഷിച്ചതെല്ലാം പരസ്പരം പങ്കു വെക്കുമ്പോൾ ഇരുവരും തിരിച്ചറിയുകയായിരുന്നു ആത്മാവിൽ അലിഞ്ഞു ചേർന്ന തങ്ങളുടെ പ്രണയത്തെ…..