മഴവില്ല് ഭാഗം 5

കർണ്ണൻ സൂര്യപുത്രൻ 

          ഓഫിസിന്റെ മുകളിലത്തെ നിലയിൽ മീറ്റിംഗ് ഹാളിനോട് ചേർന്ന് ചെറിയൊരു ഡൈനിങ് റൂം  തയ്യാറാക്കിയിട്ടുണ്ട്… മീനാക്ഷി അവിടിരുന്ന് ലഞ്ച് കഴിക്കവേ യദുകൃഷ്ണൻ അങ്ങോട്ട് കയറി വന്നു.. അവനെ കണ്ടതും അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു..

“ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോൾ രാജാവ് വന്നാലും  എഴുന്നേൽക്കരുത് “

അവളെ തടഞ്ഞു കൊണ്ട് യദു  കസേര നീക്കിയിട്ട് അഭിമുഖമായി ഇരുന്നു..

“താനെന്താ  വൈകിയേ? മറ്റുള്ളവരൊക്കെ കഴിച്ചിട്ട് പോയല്ലോ?”

“ഞാനൊരു വർക്കിലായിരുന്നു സർ.. അത് തീർന്നപ്പോൾ വൈകിപ്പോയി… സർ കഴിച്ചോ?”

“എന്റെയും അതേ അവസ്ഥയാ…. രണ്ടുമൂന്നു കാൾ ചെയ്യാനുണ്ടായിരുന്നു.. അതും കഴിഞ്ഞ് താഴെ റെസ്റ്റോറന്റിൽ പോയപ്പോൾ അവിടെ ഊണ്  തീർന്നു… ബിരിയാണി മാത്രമേ ഉള്ളൂ… ഈ  ഉച്ച സമയത്തു ബിരിയാണി തിന്നാൽ ഉറക്കം തൂങ്ങും… അതോണ്ട് ഒരു ജ്യൂസും കുടിച്ച് തിരിച്ചു വന്നു… ഇനി വൈകിട്ട് വല്ലതും കഴിക്കാം…”

അവൾ ലഞ്ച് ബോക്സ് മുന്നിൽ വച്ച് വെറുതെ ഇരുന്നു… അവന്റെ സാന്നിധ്യത്തിൽ കഴിക്കാൻ ഒരു ചമ്മൽ..

“തനിക്കെന്താ ഇന്ന് സ്പെഷ്യൽ? നോക്കട്ടെ..”

അവൾ തടയും മുൻപേ യദുകൃഷ്ണൻ  അത് തുറന്നു… ചോറും  സാമ്പാറും മീൻ വറുത്തതും .. ലഞ്ച് ബോക്സിന്റെ അടപ്പിലേക്ക് പ്ലാസ്റ്റിക് സ്പൂൺ കൊണ്ട് കുറച്ചു ചോറും  കറിയും  കോരിയിട്ടു.. മീൻ വറുത്തതിന്റെ കഷണവും… അതിന് ശേഷം ബോക്സ്‌ അവളുടെ മുന്നിലേക്ക് നീക്കി വച്ചു…അവളെ ശ്രദ്ധിക്കാതെ അവൻ കഴിച്ചു തുടങ്ങി… ഒരു ഉരുള വായിലിട്ട ശേഷം അവൻ കണ്ണുകളടച്ചു..

“സൂപ്പർ… കറി ആരുണ്ടാക്കിയതാ?”

“അമ്മ..”

“എന്റെ  അമ്മ ഉണ്ടാക്കുന്ന അതേ രുചി.. അതല്ലെങ്കിലും അമ്മമാരുടെ ഭക്ഷണത്തിന് പ്രത്യേക ടെസ്റ്റാ… അവർ സ്നേഹം കൂടി ചേർക്കുന്നത് കൊണ്ടാവും..”

“സാറിന്റെ വീട്ടിൽ കുക്കിങ് അമ്മ തന്നെയാണോ?”

കഴിച്ചു കൊണ്ട് മീനാക്ഷി ചോദിച്ചു..

“അതെ… ജോലിക്കാരി ഉണ്ട്. പക്ഷേ പാചകം അമ്മയുടെ ഡിപ്പാർട്മെന്റ് ആണ്.. അച്ഛനും ഞങ്ങൾക്കും അത് മാത്രമേ സെറ്റ് ആകൂ…”

അവൻ വളരെ സാവധാനം ഭക്ഷണം ആസ്വദിച്ചു കഴിച്ചു…അതിനു ശേഷം  ബോക്സിന്റെ അടപ്പും സ്പൂണുമെടുത്ത് വാഷ് ബേസിനു നേരെ നടക്കാൻ തുനിയവേ അവൾ ഓടി വന്ന് അത് വാങ്ങി..

“ഞാൻ കഴുകിക്കോളാം..”

യദുകൃഷ്ണൻ അവളുടെ പിന്നാലെ ചെന്നു.. എത്ര നീളമുള്ള മുടിയാണ് അവളുടേത്….തൊട്ടുരുമ്മി നിന്നു കൈ കഴുകുമ്പോൾ  കാച്ചെണ്ണയുടെയും മുടിയിൽ ചൂടിയ പൂവിന്റെയും സുഗന്ധം അവനു അനുഭവപ്പെട്ടു…. മനസ്സ് കൈവിടും എന്ന് തോന്നിയപ്പോൾ വേഗം കൈ കഴുകി അവൻ  പോയി ഇരുന്നു… പാത്രങ്ങൾ വൃത്തിയാക്കി കവറിലിട്ട് അവൾ പുറത്തിറങ്ങാൻ ഭാവിച്ചപ്പോൾ യദു വിളിച്ചു..

“എടോ… ഭക്ഷണം കഴിച്ചാൽ അഞ്ചു മിനിട്ട് ഇരിക്ക്.. എന്നിട്ട് ജോലി തുടങ്ങിയാൽ മതി..”

“വേണ്ട സർ… കുറേ വർക് പെന്റിങ് ഉണ്ട്..”

“ആയിക്കോട്ടെ.. താനിവിടെ ഇരിക്ക്..”

ഗത്യന്തരമില്ലാതെ അവളിരുന്നു..

“ശിവാനി മാഡം എവിടെ പോയി? ഇന്ന് വന്നതേ ഇല്ലല്ലോ?”

“അമ്മാവന് തീരെ വയ്യ… പുള്ളി തറവാട്ടിൽ ഒറ്റയ്ക്കാണ്… ഇത്രേം ദിവസം അമ്മ അവിടെ പോയി നിന്നു…. ഇന്ന് അമ്മയ്ക്ക് വേറെ ചില ആവശ്യങ്ങളുണ്ട്… അതുകൊണ്ട് ശിവ  അങ്ങോട്ടേക്ക് പോയി..”

“അമ്മാവൻ എന്തു ചെയ്യുന്നു?”

“അങ്ങനെ ചോദിച്ചാൽ,…പൂജയും  ഉപാസനയുമൊക്കെ… പിന്നെ കുറച്ചു ജ്യോത്സ്യവും… അപ്പൂപ്പൻ കൈമാറി കൊടുത്തതാ… പക്ഷേ മൂപ്പര് അതിൽ ഇച്ചിരി ഡീപ് ആയി… ഭക്തി തലക്കു പിടിച്ചപ്പോൾ കല്യാണം പോലും കഴിച്ചില്ല.. “

അവന്റെ സംസാരത്തിൽ  കുറച്ചു പരിഹാസം ഉണ്ടെന്ന് മീനാക്ഷിക്ക് തോന്നി.

“സാറിന് ഇതിലൊന്നും വിശ്വാസമില്ലേ?”

“ഇപ്പൊ ഇല്ല… വിശ്വസിക്കാൻ തക്കതായ ഒരു കാരണം കിട്ടിയാൽ വിശ്വസിക്കും..”

അവളൊന്നും മിണ്ടിയില്ല…

“താൻ ഭയങ്കര വിശ്വാസി ആണല്ലേ?”

“അതെ.. ഞങ്ങളെപ്പോലെ ഉള്ളവർക്ക് അതേ ഉള്ളൂ ആശ്രയം..മനസറിഞ്ഞു വിളിച്ചപ്പോഴൊക്കെ കൈ വിടാതെ കൂടെ നിന്നിട്ടുണ്ട്..”

“തന്റെ വിശ്വാസം തന്നെ രക്ഷിക്കട്ടെ…”

“രക്ഷിക്കും സർ… അത് അനുഭവവുമുണ്ട്.. ഞാൻ സങ്കടം വരുമ്പോൾ മാത്രമല്ല, സന്തോഷം വരുമ്പോഴും ദൈവത്തെ വിളിക്കാറുണ്ട്.. കപട ഭക്തി അല്ല എന്ന് സാരം..”

അവൾ  എഴുന്നേറ്റു..

“പോട്ടെ സർ..”

“എടോ… ഞാനിങ്ങനെ സംസാരിച്ചത് കൊണ്ട് എന്നോട് ദേഷ്യമൊന്നും തോന്നിയെക്കല്ലേ… നിങ്ങൾ വിശ്വാസികൾക്ക് ഇതു ഇഷ്ടപ്പെടില്ല എന്നറിയാം..”

“അതൊന്നുമില്ല സർ.. എന്റെ അച്ഛനും സാറിനെ പോലെ നിരീശ്വരവാദി ആണ്.. മറ്റുള്ളവരോട് കരുണ കാണിക്കുന്നവനാണ് ഈശ്വരൻ എന്നാ അച്ഛന്റെ വിശ്വാസം… അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം അല്ലേ? വിശ്വസിക്കാം, വിശ്വസിക്കാതിരിക്കാം… പക്ഷേ അന്യന്റെ വിശ്വാസത്തെ കളിയാക്കരുത്…”

അവൾ ഡോർ തുറന്ന് പുറത്തിറങ്ങി…യദുകൃഷ്ണൻ അവൾ പോയ വഴിയിൽ തന്നെ കണ്ണും നട്ടിരുന്നു… ആ വാക്കുകൾക്ക് പോലും എന്തൊരു ആകർഷണശക്തിയാണ്!!!.. ദിവസം മുഴുവൻ  അവളോട് സംസാരിച്ചുകൊണ്ട് ഇരിക്കാൻ തോന്നുന്നു… മീനാക്ഷിയെക്കാൾ സുന്ദരികളായ പെൺകുട്ടികൾ സഹപാഠികളും സുഹൃത്തുക്കളായിട്ടും ഉണ്ടായിരുന്നു. പക്ഷേ ആരോടും തോന്നാത്ത എന്തോ ഒന്ന് ഇവളോട് തോന്നുന്നു… എന്താണത്? പ്രണയമാണോ?…അറിയില്ല.ആ സാമീപ്യം പകരുന്ന ഊർജ്ജവും ആനന്ദവും വാക്കുകൾക്കതീതമാണ്…. കുറച്ച് നേരം കൂടി അവിടെ ഇരുന്നശേഷം  അവൻ  എഴുന്നേറ്റ് താഴെ കേബിനിലേക്ക് പോയി..


പൂജമുറിയുടെ വാതിൽക്കൽ, കസേരയിട്ട് ഇരിക്കുകയാണ് ശിവാനി..പ്രശ്നപരിഹാരങ്ങൾക്കായി നാരായണനെ കാണാൻ  നിരവധി ആളുകൾ ദിവസവും വരാറുണ്ട്… ഇപ്പോൾ അനാരോഗ്യം കാരണം  പലരെയും തിരിച്ചയക്കാറാണ് പതിവ്. പക്ഷേ വളരെ ദൂരെ നിന്നും വരുന്നവരെ അങ്ങനെ ഒഴിവാക്കാൻ അദ്ദേഹത്തിന് കഴിയാറില്ല…
കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരമ്മയും മകളും  പൂജമുറിയിൽ നിന്നും ഇറങ്ങി വന്നു.. അവർ പോയ ഉടൻ ശിവാനി തല അകത്തേക്കിട്ടു…നാരായണൻ  പീഠത്തിനു മുന്നിൽ സാഷ്ട്ടാംഗ പ്രണാമത്തിൽ ആണ്… അവൾ   മുറ്റത്തേക്ക് നടന്നു… തൊടിയിലെ  ചെടികളെ തഴുകിവരുന്നതിനാലാവണം, കാറ്റിനു വശ്യമായ ഒരു ഗന്ധം…. ഇരുൾ പരന്നു കഴിഞ്ഞിരുന്നു… അവൾ ഫോണെടുത്തു യദുകൃഷ്ണനെ വിളിച്ചു..

“ഏട്ടൻ എവിടെയാ?”

“വീട്ടിലുണ്ടെടീ….”

“അമ്മ വന്നില്ലേ?”

“ഇല്ല… വൈകുമെന്ന് വിളിച്ചു പറഞ്ഞു..”

“ഉം…”

“എന്താടീ?”

“ഒന്നുമില്ല..”

“അതല്ല… എന്റെ കുറുമ്പിക്ക് എന്തോ പറയാനുണ്ടല്ലോ?”

“ഏയ്.. ഇല്ല… ഏട്ടന് തോന്നിയതാ.. “

“ഏട്ടന്റെ തോന്നലുകൾ തെറ്റാറില്ല എന്ന് നിനക്ക് അറിയാലോ.? കാര്യം പറ..”

“ഏട്ടനെ മിസ്സ്‌ ചെയ്യുന്നു… “

അവളുടെ സ്വരത്തിൽ സങ്കടം കലർന്നു..

“നീ അതിന് ഇന്നലെ അല്ലേ അങ്ങോട്ട് പോയത്…? “

“അതേ…. എന്നാലും… ഏട്ടന് വിഷമമൊന്നും ഇല്ലേ?”

“എന്തിന്?.. എനിക്ക് മനസമാധാനത്തോടെ  കിടന്നുറങ്ങാൻ പറ്റുന്നുണ്ട്… നീ കുറേ ദിവസം കഴിഞ്ഞു വന്നാൽ  മതി…”

മൗനം കനത്തപ്പോൾ  തന്റെ വാക്കുകൾ അവളെ വേദനിപ്പിച്ചെന്ന് യദുവിനു തോന്നി..

“ശിവാ…”

“വേണ്ട… എന്നോട് മിണ്ടണ്ട… ഫോൺ വച്ചോ..”

അവൾ ചിണുങ്ങി…

“അയ്യേ… ഞാനൊരു തമാശ പറഞ്ഞതല്ലേടീ?.. നിനക്കറിയോ, ഇന്നലെ രാത്രി ഞാൻ ഉറങ്ങിയിട്ടില്ല.. ഇവിടെ മരണവീട് പോലെ തോന്നുകയാ… നിന്നെ കൂട്ടികൊണ്ട് വരാൻ തോന്നി.. പക്ഷേ അമ്മാവന്റെ കാര്യം ആലോചിച്ചിട്ട് സഹിച്ചു നില്കുകയാ… നാളെ രാവിലെ അമ്മയെയും കൂട്ടി ഞാൻ അവിടെത്തും… റെഡി ആയിക്കോ…”

“സത്യം?” വിശ്വാസം വരാതെ അവൾ ചോദിച്ചു…

“സത്യം… നീ ഉറങ്ങിയെഴുന്നേൽക്കുമ്പോഴേക്ക് ഞാനവിടെ ഉണ്ടാകും..നീയില്ലാതെ പറ്റുന്നില്ലെടീ… ഇപ്പൊ ശരിക്കു പേടിയാവുന്നുണ്ട്… നിന്റെ കല്യാണം കഴിഞ്ഞു പോയാൽ  എന്തു ചെയ്യും?”

“നമ്മുടെ വീട്ടിൽ താമസിക്കാൻ മനസ്സുള്ളവൻ എന്നെ കെട്ടിയാൽ മതി “

“അങ്ങനെ ആരെങ്കിലും ഉണ്ടാകുമോ?”

“ഇല്ലെങ്കിൽ വേണ്ട.. ഞാൻ ഏട്ടന്റെ കൂടെ തന്നെ കാണും… എന്നും… അതോർത്തു ഇപ്പോഴേ ടെൻഷനടിക്കണ്ട.. പോയി ഉറങ്ങിക്കേ… രാവിലെ ഞാൻ കണ്ണു തുറക്കുമ്പോൾ ഇവിടെ ഉണ്ടാവണം..”

അവൾ കാൾ കട്ട് ചെയ്തു തിരിഞ്ഞപ്പോൾ നാരായണൻ  ചാരുകസേരയിൽ  ഇരിക്കുന്നുണ്ട്…

“ആരാ മോളെ കണ്ണൻ ആണോ?”

“അതേ..”

“ഞാൻ കാരണം നിങ്ങൾക്ക് ബുദ്ധിമുട്ട് ആയി അല്ലേ?

“ഇല്ലല്ലോ… ഇതൊക്കെ ഞങ്ങളുടെ കടമ അല്ലേ? ഞങ്ങളല്ലാതെ അമ്മാവന് വേറാരാ ഉള്ളത്?”

“അതും ശരിയാ… “

“ഈ  വയ്യാത്ത സമയത്ത് പൂജയൊക്കെ എന്തിനാ ചെയ്യുന്നത്?”

“മുടക്കാൻ പറ്റില്ല മോളേ… തലമുറകളായി ചെയ്തു വരുന്നതല്ലേ .. “

“വേറെ ആരെയെങ്കിലും ഏൽപ്പിക്കണം”

നാരായണൻ ഒന്ന് ചിരിച്ചു..

“നിന്റെ അപ്പൂപ്പൻ എനിക്ക് പകർന്നു തന്നതാ… പക്ഷേ എന്റെ മരണത്തോടെ ഇതൊക്കെ അവസാനിക്കും… അതിനു മുൻപ് ഇതൊക്കെ ഏതെങ്കിലും ക്ഷേത്രത്തിൽ എത്തിക്കണം..”

“ആയ കാലത്ത് കെട്ടിയിരുന്നേൽ ഇതൊക്കെ ചെയ്യാൻ ആളുകൾ ഉണ്ടാകുമായിരുന്നല്ലോ?”

“അന്നതൊന്നും ചിന്തിച്ചിരുന്നില്ല മോളേ… ഭക്തി ആയിരുന്നു ലഹരി… അതിലങ്ങനെ മുഴുകിയിരുന്നപ്പോൾ വേറൊന്നും ആഗ്രഹിച്ചില്ല… പക്ഷേ  ദുഖമൊന്നും ഇല്ല കേട്ടോ…. ഇനി എനിക്ക് കുട്ടികൾ ഉണ്ടായിരുന്നാലും അവർ എന്റെ വഴി സ്വീകരിക്കുമെന്ന് എന്താണുറപ്പ്? ഇന്നത്തെ കുട്ടികൾ ഭൂരിഭാഗത്തിനും  ഇതൊക്കെ വെറും തമാശയല്ലേ..?”

“അതും ശരിയാ…”

“നിന്റെ അമ്മയോട് നിന്നെയും കൂട്ടി മുടങ്ങാതെ  ഭദ്രകാളി ക്ഷേത്രത്തിൽ പോയി തൊഴാൻ പറഞ്ഞിരുന്നു… ചെയ്യാറുണ്ടോ?”

“ഉണ്ട്..”

“പ്രാർത്ഥനയോടെ മാത്രമേ ദിവസം തുടങ്ങാവൂ…”

“ചെയ്യാം..”

“നിങ്ങളുടെ ബിസിനസ്‌ എങ്ങനെയുണ്ട്..”

“നന്നായി പോകുന്നു… ഒരു ഓഫീസിന്റെ പണി കൂടി നടക്കുന്നുണ്ട്… നല്ല കുറച്ച് സ്റ്റാഫിനെ വേണം…”

“നിന്റെ അച്ഛനിപ്പോഴും പഴയപോലെ തന്നാണോ?”

ശിവാനി ഉറക്കെ ചിരിച്ചു..

“പിന്നല്ലാതെ..? ഏതോ ഫാം  വാങ്ങാനുള്ള ഓട്ടത്തിലാ ഇപ്പോ.. ഉറക്കത്തിൽ വരെ അതാണ്‌ ചിന്ത  എന്നാ അമ്മ പറയുന്നേ…”

“ആർക്കു വേണ്ടിയാ അവനിതൊക്കെ വെട്ടിപ്പിടിക്കുന്നത്?.. കണ്ണൻ  അച്ഛന്റെ വഴിയിൽ നിന്നും മാറി ജീവിക്കുന്നു. നീയും അതുപോലെ തന്നെ … പിന്നെന്തിനാ അത്യാഗ്രഹം?”

“ആർക്കറിയാം.. ഞങ്ങളൊന്നും പറയാൻ പോകാറില്ല… പറഞ്ഞിട്ട് കാര്യവുമില്ലല്ലോ “

“നിങ്ങളോട് എങ്ങനാ പെരുമാറ്റമൊക്കെ?”

“അധികം സംസാരിക്കില്ല. പക്ഷേ എന്നും ഞങ്ങളെപ്പറ്റി അമ്മയോട് അന്വേഷിക്കും.. ഭയങ്കര സ്നേഹമൊക്കെ ഉണ്ട്. പുറത്തു കാണിക്കില്ല എന്നേ ഉള്ളൂ..അമ്മയോട് അങ്ങനൊന്നുമല്ല… ഇപ്പോഴും പ്രേമിച്ചു കൊണ്ടിരിക്കുകയാണോ എന്നാ സംശയം”

“പണ്ടും അങ്ങനെ തന്നെയാ… അവനു നിന്റെ അമ്മയോടുള്ള ആരാധന കലർന്ന സ്നേഹം കണ്ടിട്ടാ ഞാൻ എതിർത്തിട്ടും എല്ലാവരും ചേർന്ന് വിവാഹം നടത്തിയത്..പക്ഷേ അവന്റെ പണത്തോടുള്ള ആർത്തി മാറ്റാൻ അവൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലല്ലോ..”

“ബിസിനസിന്റെ കാര്യത്തിൽ തലയിടില്ല എന്ന് അമ്മ സത്യം ചെയ്തിട്ടുണ്ട്… അതുകൊണ്ടാവും .”

“പണ്ട് ഒരുപാട് പേർ അവനെ പറ്റി പരാതി പറഞ്ഞപ്പോൾ  ഒന്ന് ഉപദേശിക്കാൻ നോക്കിയതാ  ഞാൻ. ആ ദേഷ്യം ഇതുവരെ മാറിയിട്ടില്ല..”

“എനിക്കങ്ങനെ തോന്നുന്നില്ല… മാമന് സുഖമില്ല, ഇവിടെ വന്നു നിൽക്കണം എന്ന് അമ്മ പറഞ്ഞപ്പോൾ സമ്മതിച്ചില്ലേ?.. ഞാൻ ഇങ്ങോട്ട് വരുന്നെന്നു പറഞ്ഞപ്പോഴും തടഞ്ഞിട്ടില്ല…”

നാരായണൻ ഒന്നിരുത്തി മൂളി..

“വാ  ഞാൻ അത്താഴം എടുത്തു വയ്ക്കാം.. മരുന്ന് കഴിക്കാനുള്ളതല്ലേ?”

അവൾ അകത്തേക്ക് നടന്നു.. പിന്നെ എന്തോ ഓർത്തത്‌ പോലെ തിരിഞ്ഞു നിന്നു…

“ഞാൻ രാവിലെ പോകും കേട്ടോ..? അമ്മ വരും..”

“നിനക്ക് ഏട്ടനില്ലാതെ പറ്റുന്നില്ല അല്ലേ?”

“സത്യമാ… ശ്വാസം മുട്ടുന്നത് പോലെ…വലിയമ്മാവൻ വിഷമിക്കണ്ടാട്ടോ… ഞാനും ഏട്ടനും കുറച്ച് ദിവസം ഇവിടെ വന്നു നിൽക്കാം.. ഇപ്പോഴത്തെ തിരക്കുകൾ ഒന്ന് കഴിയട്ടെ..”

നാരായണൻ  മറുപടി ഒന്നും പറയാതെ അവൾക്കൊപ്പം അകത്തേക്ക് നടന്നു. പക്ഷേ അയാളുടെ മനസ് കലുഷിതമായിരുന്നു… എന്തൊക്കെയോ സംഭവിക്കാൻ പോകുന്നുവെന്ന് മനസ്സ് മന്ത്രിക്കുന്നുണ്ട്….. സന്ധ്യാദീപം കൊളുത്തിയ ശേഷമുള്ള  ധ്യാനത്തിലും  തെളിഞ്ഞത് അതാണ്‌…. അടങ്ങാത്ത പകയുമായി  സർവ്വതും നശിപ്പിക്കാൻ ആരോ  വരുന്നുണ്ട്…. അയാളുടെ പ്രതികാരാഗ്നിയിൽ  സീതാലയം  വെന്തു വെണ്ണീരാകുമെന്ന് ഹൃദയം  മന്ത്രിക്കുന്നു..ഒഴിഞ്ഞു മാറാൻ പറ്റാത്ത ദുരന്തം…. അത് തടയാനുള്ള ശേഷി ദൈവത്തിനൊഴികെ ആർക്കുമില്ലെന്ന് ആ  വൃദ്ധൻ വേദനയോടെ മനസിലാക്കി..


“എവിടെ നോക്കിയാലും സീതാഗ്രൂപ്പ്… ഇപ്പൊ ദേ, ആ  ഫാമും  അവന്മാർ വാങ്ങുന്നു..”

സണ്ണി അമർഷത്തോടെ കൈകൾ കൂട്ടിതിരുമ്മി..

“അപ്പച്ചനെന്താ ഒന്നും മിണ്ടാത്തെ?” അവൻ  തോമസിനെ നോക്കി…. അയാൾ  കസേരയിൽ കണ്ണുകളടച്ചു ചാരിയിരിക്കുകയാണ്….

“വാ തുറന്ന് എന്തേലും ഒന്ന് പറ..”

“ഞാനെന്ത് പറയാനാടാ? അവന്മാരെ എതിർക്കാനുള്ള ശേഷിയൊന്നും  എനിക്കിപ്പോ ഇല്ല…”

തോമസ് എഴുന്നേറ്റു.. അയാൾ പറയുന്നതിൽ കാര്യമുണ്ടെന്ന് സണ്ണിക്ക് അറിയാം… തോമസിന്റെ അപ്പൻ മിഖായേൽ  തുടങ്ങി വച്ച ഫിനാൻസ് കമ്പനിയും , ട്രാവൽസുമൊക്കെ ഇന്ന് നശിച്ചു പോയതിന്റെ പ്രധാന കാരണം സീതാഗ്രൂപ്പിന്റെ കടന്നു വരവാണ്..ഇപ്പൊ കാര്യമായി വരുമാനം എസ്റ്റേറ്റിൽ നിന്നും മാത്രമാണ്… അതിനോട് അടുത്തുള്ള ഫാം  സണ്ണി നോട്ടമിട്ടിട്ടുണ്ടായിരുന്നു… പക്ഷേ വിലയിലെ തർക്കം കൊണ്ട് നീണ്ടുപോയ ആ കച്ചവടം ദേവരാജൻ ഇടയിൽ കയറി  നശിപ്പിച്ചു… ഒരു രാത്രി വെളുക്കും മുൻപേ അത് പറഞ്ഞുറപ്പിച്ചു… അടുത്ത ആഴ്ച്ച രെജിസ്ട്രേഷൻ ആണ്…

“ഇങ്ങനെ ഒളിച്ചോടാൻ നിന്നാൽ ആകെയുള്ള എസ്റ്റേറ്റും കൂടി അവന്മാർ കൊണ്ടുപോകും..ഇന്നലെ ക്ലബ്ബിൽ പോയപ്പോ അവിടുന്ന് ഒരുത്തൻ പറയുവാ  സണ്ണിയേ… ദേവരാജൻ നിന്റെ എസ്റ്റേറ്റ് വാങ്ങുന്നെന്നു കേട്ടല്ലോന്ന്..ഞാനാകെ നാണം കെട്ടു..”

“മോനേ സണ്ണീ… സത്യപാലനെ പോലൊരുത്തൻ കൂടെയുള്ളതാ  ദേവരാജന്റെ ബലം… ആ കൂട്ടുകെട്ട് ഇല്ലാതായാൽ നമ്മൾ രക്ഷപെട്ടു. പക്ഷേ അത് പാടാണ് .. പിന്നെ ഒരു വഴി……”

സണ്ണി അയാളുടെ മുഖത്തേക്ക് തന്നെ  നോക്കി… ഒരുകാലത്ത്  മലയോരം മുഴുവൻ വെട്ടിപ്പിടിച്ച കൗശലക്കാരന്റെ  ശേഷിപ്പുകൾ ആ തളർന്ന കണ്ണുകളിൽ  അവൻ പരതി…

“അപ്പൻ പറഞ്ഞോ… എന്തായാലും നമുക്കത്  ചെയ്യാം… എനിക്ക് എല്ലാം തിരിച്ചു പിടിക്കണം…ഫിനാൻസ് കമ്പനിയും  ട്രാവൽസും എല്ലാം…”

“ദേവരാജന്റെ കുടുംബം…” തോമസിന്റെ ശബ്ദം കനത്തു…

“എത്ര ഉയരത്തിൽ പറന്നാലും  കുടുംബം നശിക്കുമ്പോൾ അവൻ താഴെ വീഴും… ഒരിക്കലും ഉയർത്തെഴുന്നേൽക്കാൻ പറ്റാത്ത രീതിയിൽ…..ആ സമയത്ത്  സത്യപാലനെ കൂടി തീർത്താൽ  നമ്മൾ ജയിച്ചു…. ഇപ്പോഴാകുമ്പോൾ  കാലാവസ്ഥ നമുക്ക് അനുകൂലമാണ്… രഘുവിനെ കൊല്ലാൻ ശ്രമിച്ചവരുടെ പിറകെയാണ്  സത്യപാലൻ.. ഈ സമയത്ത്  വേറൊന്നും ശ്രദ്ധിക്കില്ല….. “

സണ്ണി  ക്രൂരമായി ഒന്ന് ചിരിച്ചു…

“അപ്പച്ചൻ പറഞ്ഞത് സത്യമാ… ഇതാണ് പറ്റിയ സമയം… ഞാനൊന്ന് പ്ലാൻ ചെയ്യട്ടെ..”

“സണ്ണീ…” തോമസ് വിളിച്ചു…

“ആരെയാ നീ ലക്ഷ്യം വയ്ക്കുന്നെ?”

“ആദ്യം  മകളിൽ നിന്നു തന്നെ തുടങ്ങാം..”

“ഇവിടുള്ള ആരും വേണ്ട… ദേവരാജനെയും സത്യപാലനെയും കുറിച്ച് അറിയുന്നവരുടെ കൈ വിറയ്ക്കും…”

“ഇല്ല അപ്പച്ചാ… തൃശൂർ ഉള്ള  കുറച്ചു പിള്ളേരുണ്ട്.. മിടുക്കന്മാരാ… വന്ന് ജോലിയും തീർത്തു പൊയ്ക്കോളും..”

“ഉം… ശ്രദ്ധിക്കണം… പിഴവ് പറ്റിയാൽ  എല്ലാം അതോടെ അവസാനിക്കും… തീക്കളിയാണ്…”

“അറിയാം… എനിക്ക് ജയിച്ചേ തീരൂ…”

സണ്ണിയുടെ വാക്കുകൾ ഉറച്ചതായിരുന്നു…


ടൗണിലെ പെട്രോൾ പമ്പിൽ നിന്ന് കാർ  പുറത്തിറക്കിയപ്പോഴാണ്  യദുകൃഷ്ണൻ ആ കാഴ്ച കണ്ടത്.. റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന ടൂറിസ്റ്റ് ബസ് കഴുകുന്ന ഒരു പരിചിത മുഖം…അഭിമന്യു അല്ലേ അത്?.. യദു  തന്റെ കാർ ബസിനു അടുത്ത് നിർത്തി പുറത്തിറങ്ങി..

“അഭിമന്യൂ?”

അവൻ തിരിഞ്ഞു നോക്കി… ആ മുഖത്തു ആശ്ചര്യം…

“അല്ല, ഇതാര്? “

യദു അവനെ അടിമുടി നോക്കി.. നിറം മങ്ങിയ  ഒരു പാന്റും, മുഷിഞ്ഞ ഷർട്ടുമാണ് വേഷം…

“താനെന്താ ഈ കോലത്തിൽ?”

“പുസ്തക കച്ചോടം മാത്രം ചെയ്‌താൽ  വാടക കൊടുക്കാനുള്ളത് പോലും കിട്ടില്ല.. ഇന്നത്തെ കുട്ടികൾക്ക് ഡ്രോയിങ്ങിനോടൊന്നും താല്പര്യമില്ലല്ലോ… എല്ലാർക്കും ഫോൺ മതി… അതുകൊണ്ട് പല ജോലികൾ ചെയ്യുന്നു.. ഇത് അതിലൊന്ന് മാത്രം… ആറു ബസുകൾ ഉണ്ട്… ചിലവിനുള്ളത് കിട്ടും..ഇതു കഴിഞ്ഞ് മാർക്കറ്റിൽ കച്ചവടക്കാരെ സഹായിക്കാൻ പോകും… രാത്രി  തട്ടുകടയിലും…അങ്ങനെ തോറ്റു കൊടുക്കാൻ പറ്റുമോ?”

അവൻ പുഞ്ചിരിച്ചു.

“താൻ എത്രവരെ പഠിച്ചു..?”

“അംഗീകൃത സർട്ടിഫിക്കറ്റ് എന്ന് പറയാൻ  ഡിഗ്രി മാത്രമേ ഉള്ളൂ..ബാക്കിയൊക്കെ ജീവിക്കാൻ വേണ്ടി പഠിച്ചതാ….. അത് പോട്ടെ… എന്റെ വണ്ടി എടുത്തായിരുന്നു കേട്ടോ… നിങ്ങളെ വിളിച്ചു നന്ദി പറയണമെന്ന് വിചാരിച്ചതാ…. പക്ഷേ അതിനിടയിൽ എന്തൊക്കെയോ തിരക്കുകൾ  വന്നു…”

“തന്റെ മുറിവൊക്കെ ഉണങ്ങിയോ? “

“അതൊക്കെ മാറി..”

“ഞാൻ പോട്ടെ… ഓഫിസിൽ നിന്നും വരുന്ന വഴിയാ…”

“ശരി… ഒത്തിരി നന്ദിയുണ്ട്.. എന്നെ മറന്നില്ലല്ലോ…നിങ്ങളെ പോലുള്ള പണക്കാർ  ഇതൊക്കെ ഓർക്കുന്നുണ്ട് എന്നത് തന്നെ വല്യ കാര്യമാ…”

“അതെന്താടോ, ഞങ്ങൾ  മനുഷ്യരല്ലേ?.താൻ ആദ്യം ഈ അപകർഷതാ ബോധം എടുത്തു കള… തന്നെ പോലെ ജീവിതത്തോട് പൊരുതുന്ന ഒരാൾക്ക് ഇത് ചേരില്ല… തനിക്കു ഡ്രൈവിംഗ് അറിയാമോ?”

“അറിയാം…ലൈസൻസ് ഉണ്ട് “

“എന്റെ ഓഫിസിൽ ഒരു ഡ്രൈവറെ വേണം… ഡ്രൈവർ എന്ന് പറഞ്ഞാൽ  വെറും വണ്ടിയൊടിക്കൽ മാത്രമല്ല,.. ചിലപ്പോൾ എന്തെങ്കിലും പേപ്പർ വർക്കുകൾ ഉൾപ്പടെ ചെയ്യേണ്ടി വരും…അതായത്  ഈ  ഗവണ്മെന്റ് ഓഫിസുകളിൽ ഒക്കെ കേറിയിറങ്ങുന്നത്… അതിനൊക്കെ സ്മാർട്ട്‌ ആയതും  വിശ്വസിക്കാൻ പറ്റുന്നതുമായ ഒരാളെ വേണം.. “

അഭിമന്യു അവിശ്വസനീയതയോടെ  അവനെ  നോക്കി…

“സർ കാര്യമായിട്ടാണോ?”

“അതേടോ.. തനിക്കു നാണക്കേടുണ്ടോ ഡ്രൈവർ ജോലി ചെയ്യാൻ?”

“സന്തോഷമേ ഉള്ളൂ… പക്ഷേ എന്നെ പോലെ ഒരുത്തനെ എന്തു വിശ്വസിച്ചിട്ടാ സർ ജോലിക്ക് എടുക്കുന്നെ?..എന്നെപറ്റി കൂടുതലൊന്നും അറിയില്ലല്ലോ?”

യദു അവന്റെ തോളിൽ കൈ വച്ചു…

“അങ്ങനെ ചോദിച്ചാൽ… നമുക്ക് ഒരാളെ കാണുമ്പോൾ തന്നെ ഒരിഷ്ടം തോന്നില്ലേ….? എനിക്ക് തന്നെ ഇഷ്ടപ്പെട്ടു.. മനസ്സിൽ തോന്നുന്നത് തുറന്ന് പറയുന്ന  സ്വഭാവം… പിന്നെ എന്തു ജോലിയും ചെയ്യാനുള്ള മനസ്സ്… ഇതൊക്കെ തന്നെ  ധാരാളം..നാളെ രാവിലെ ഓഫിസിലേക്ക് വാ… ബാക്കിയൊക്കെ അവിടുന്ന് സംസാരിക്കാം…. ഓഫിസ് എവിടാന്ന് അറിയാല്ലോ?”

“അറിയാം സർ… സിവിൽ സ്റ്റേഷന്റെ അടുത്തല്ലേ..?”

“അതെ.. എന്നാൽ ശരി.. നാളെ കാണാം..”

ഒന്ന് പുഞ്ചിരിച്ചിട്ട് യദുകൃഷ്ണൻ  കാറിൽ  കയറി … കുറച്ചു മുന്നോട്ട് പോയ ശേഷം  അവൻ ഗ്ലാസിലൂടെ നോക്കിയപ്പോൾ അഭിമന്യു വെള്ളത്തിൽ മുക്കിയ സ്പോഞ്ച് കൊണ്ട് ബസിന്റെ ടയറുകൾ വൃത്തിയാകുകയാണ്…. ശിവാനിയെ പറഞ്ഞു സമ്മതിപ്പിക്കുന്നതാണ് അടുത്ത കടമ്പ… സാരമില്ല… ഒരാളുടെ ജീവിതം രക്ഷപ്പെടുന്ന കാര്യമാകുമ്പോൾ അവൾ  എതിർക്കാൻ സാധ്യതയില്ല… അവൻ  ഗിയർ ചെഞ്ച് ചെയ്തു .. കാറിന്റെ വേഗം കൂടി…

(തുടരും )

Leave a Reply

Your email address will not be published. Required fields are marked *