KARNNAN SURIYAPUTRAN
ഏതോ പഴയ വീടിന്റെ മുറിക്കുള്ളിൽ ആണ് താനെന്ന് ദുർഗയ്ക്ക് മനസിലായി. കൈകൾ പിന്നിലേക്ക് ആക്കി ജനൽകമ്പിയോട് ചേർത്ത് കെട്ടിയിരിക്കുകയാണ്…അവളൊന്ന് കുതറി നോക്കി… കൈ വേദനിച്ചതല്ലാതെ വേറെ ഫലമൊന്നും ഉണ്ടായില്ല.. സത്യപാലൻ വാതിൽ തുറന്ന് അകത്തു കയറി അവളെ നോക്കി പുഞ്ചിരിച്ചു…
“കുറച്ചു ജോലി ഉണ്ടായിരുന്നു.. അതാ വൈകിയത്.. കാത്തിരുന്നു ബോർ അടിച്ചോ?”
അയാൾ കതകിന്റെ പാളികൾ ചേർത്തടച്ചു കുറ്റി ഇട്ടു.. പിന്നെ ചുരുട്ട് കത്തിച്ചു കൊണ്ട് അവളുടെ അടുത്തു വന്ന് അവളുടെ വായിലെ തുണി വലിച്ചെടുത്തു..
“നീ കരയില്ല എന്നെനിക്ക് അറിയാം… പിന്നെന്തിനാ അടച്ചു വയ്ക്കുന്നെ..”
“അതെ സത്യപാലാ… ദുർഗ്ഗ കരയില്ല… നീ ഇനി എന്നെ കടിച്ചു കീറിയാലും എന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി പോലും പുറത്ത് വരില്ല.. പക്ഷേ ഇതിനും കൂടി ചേർത്ത് നിന്നെ കൊല്ലാക്കൊല ചെയ്യും… അതുറപ്പാ..”
“ഇതാണെനിക്ക് ഇഷ്ടപ്പെട്ടത്. ഈ ധൈര്യം.. മരിക്കാൻ പോലും ഭയമില്ലാത്ത എതിരാളികളോട് ഏറ്റ് മുട്ടുന്നത് അഭിമാനം തന്നെയാണ്… പക്ഷേ എത്ര ചങ്കൂറ്റമുള്ളവനും പതറുന്ന ഒരു സമയമുണ്ട്… കൂടെയുള്ളവർ വീഴുമ്പോൾ… അതാണ് അഭിമന്യുവിനും സംഭവിക്കാൻ പോകുന്നത്…അവൻ ഇങ്ങോട്ട് നിന്നെ രക്ഷിക്കാൻ വന്നില്ല എങ്കിൽ നിന്റെ തുണിയില്ലാത്ത ശവം ഞാൻ നഗരമധ്യത്തിൽ കെട്ടിതൂക്കും.. അതും ദേവരാജൻ മുതലാളിയുടെ തലയിൽ വീഴും. ഇനി അഥവാ അവൻ ഇങ്ങോട്ട് വന്നാൽ നിന്റെ കൂടെ അവനെയും ഞാൻ തീർക്കും… പഴി ദേവരാജന്… സത്യപാലൻ അപ്രത്യക്ഷമാകും.. പിന്നെ വേറെ ഏതെങ്കിലും നാട്ടിൽ, ഏതെങ്കിലും ഒരു പേരിൽ…”
“ഞങ്ങൾ മരിച്ചാൽ നീ രക്ഷപ്പെടുമെന്ന് തോന്നുന്നുണ്ടോ? നിന്റെ അവസാനം കണ്ടിട്ടല്ലാതെ ഈ കഥ പൂർത്തിയാവില്ല.”
സത്യപാലൻ കുറച്ചു കൂടി മുന്നോട്ട് നീങ്ങി അരയിൽ നിന്നൊരു കത്തി എടുത്തു… ചുരുട്ട് കടിച്ചു പിടിച്ചു കൊണ്ട് അവളുടെ ടി ഷർട്ടിന്റെ മുകളിൽ കത്തി ഓടിച്ചു..
“തുടങ്ങാം..?”
അവൾ കണ്ണുകൾ ഇറുക്കി അടച്ചു… രണ്ട് തവണ കൂടി കത്തി വലിച്ചപ്പോൾ ടീഷർട്ട് നിലത്തേക്ക് വീണു…ആർത്തിയോടെ അയാൾ അവളെ നോക്കി..
“കൊള്ളാലോടീ… നിന്നെ കൊണ്ടുവന്നില്ലെങ്കിൽ നഷ്ടമായേനെ..”
അവളുടെ ജീൻസ് ലക്ഷ്യമാക്കി കൈ ഉയർത്തിയപ്പോഴേക്കും വാതിലിൽ ആരോ തട്ടുന്ന ശബ്ദം കേട്ടു..അയാളുടെ കണ്ണുകളിൽ വന്യത നിറഞ്ഞു..
“ആഹാ.. വനമാല വന്നല്ലോ? ഇത്രയും പെട്ടെന്ന് അവനെത്തുമെന്ന് ഞാനും പ്രതീക്ഷിച്ചില്ല കേട്ടോ..നമ്മുടെ പരിപാടികൾ അഭിമന്യുവുമായുള്ള ഇന്റർവ്യൂവിന് ശേഷം നടക്കും..”
സത്യപാലൻ മുണ്ട് മടക്കി കുത്തി വാതിൽ തുറന്നു… അയാളുടെ അനുയായി ചോരയിൽ കുളിച്ച മുഖവുമായി നില്കുന്നുണ്ടായിരുന്നു..
“എവിടെടാ സലീമേ അവൻ?” അയാൾ അലറി,..സലീമിനെ ഒരു വശത്തേക്ക് തള്ളിയിട്ടു മുൻപിലേക്ക് കയറി നിന്നത് സത്യപാലൻ പ്രതീക്ഷിച്ചത് പോലെ അഭിമന്യു ആയിരുന്നില്ല,.. യദുകൃഷ്ണൻ..!!! അവൻ കാലുയർത്തി ആഞ്ഞു ചവിട്ടി… നെഞ്ചിന്റെ മധ്യത്തിലാണ് കൊണ്ടത്… സത്യപാലൻ റൂമിലേക്ക് തെറിച്ചു വീണു,..
യദു അകത്തേക്കു കയറി , നിലത്തു നിന്നും കത്തി എടുത്ത് ദുർഗ്ഗയുടെ കെട്ട് അഴിച്ചു… പിന്നെ തന്റെ ഷർട്ട് ഊരി അവളുടെ മാറിലേക്ക് ഇട്ടു..
‘തത്കാലം ഇത് ഉപയോഗിച്ചോ…. പോകുന്ന വഴിയിൽ വേറെ വാങ്ങാം.. “
അവൻ ചിരിയോടെ പറഞ്ഞു. പിന്നെ സത്യപാലനെ നോക്കി.. അയാൾ എഴുന്നേറ്റ് നിന്ന് തലയ്ക്കു പുറകിൽ തലോടി..
“പ്രതീക്ഷിച്ചില്ല അല്ല്യോ?”
“ഇല്ല… ഇങ്ങനൊരു ട്വിസ്റ്റ് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല..”
“എന്ത് ചെയ്യാനാ..? നിങ്ങള് എല്ലാരും ഹീറോയിസം കാണിച്ച് കയ്യടി നേടുമ്പോൾ ഞാൻ ഒരുത്തൻ മണ്ണുണ്ണി ആയി ജീവിക്കുന്നത് മോശമല്ലേ? കാണുന്നവർ എന്ത് കരുതും? അതോണ്ട് ക്ലൈമാക്സ് ആയപ്പോൾ ഞാനും കേറിയങ്ങ് മേയാം എന്ന് വച്ചു..”
സത്യപാലൻ മുണ്ട് ഒന്നുകൂടി മുറുക്കി ഉടുത്തു…
“പക്ഷേ നിന്റെ എൻട്രി റോങ് ടൈമിൽ ആയിപ്പോയല്ലോ മോനേ…? എങ്ങനെ നോക്കിയാലും എനിക്ക് ലാഭമാ..”
അയാൾ അവന്റെ നേരെ കുതിച്ചു… യദു ഇടത്തേക്ക് മാറി.. പിന്നെ അയാളുടെ അടിവയറിൽ ശക്തിയായി ഒരിടി… അപ്രതീക്ഷിതമായതിനാൽ സത്യപാലൻ പതറിപ്പോയി…ആ ഒരൊറ്റ നിമിഷം മതിയാരുന്നു അവന്… അയാളുടെ മുഖത്തും കഴുത്തിലും, നെഞ്ചിലുമെല്ലാം രണ്ട് കൈകളും ചുരുട്ടി മാറി മാറി ഇടിച്ചു… സത്യപാലൻ അലറികൊണ്ട് അവനെ തള്ളി മാറ്റി…യദുവിനും നന്നായി അടി കിട്ടി.. രണ്ടുപേരെയും ഒരുപോലെ അമ്പരപ്പിച്ചു കൊണ്ട് ദുർഗ്ഗ അന്തരീക്ഷത്തിലൂടെ ഉയർന്നു ചാടി അയാളുടെ ചെവിയുടെ ഭാഗത്ത് ചവിട്ടി….. സത്യപാലൻ ഒന്ന് ആടിയുലഞ്ഞു… വീണ്ടും ചവിട്ടാനോങ്ങിയ അവളെ അയാൾ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു… അപ്പോഴേക്കും യദു വീണ്ടും ആക്രമണം തുടങ്ങി… അവൻ നന്നായി തളർന്നിരുന്നു.. പക്ഷേ തോറ്റു കൊടുക്കരുത് എന്ന് ഉള്ളിൽ നിന്നാരോ മന്ത്രിക്കുന്നത് പോലെ തോന്നിയപ്പോൾ വീണ്ടും പൊരുതി…ദുർഗ്ഗ മേശവലിപ്പ് ഊരിയെടുത്ത് സത്യപാലന്റെ തലയിൽ ഓങ്ങി അടിച്ചു.. അയാൾ നിലത്തേക്ക് മുട്ടുകുത്തി ഇരുന്നു പോയി..
“കളി അവസാനിച്ചു സത്യപാലാ… പോലീസ് ഇപ്പോൾ ഇവിടെത്തും… “
‘എന്നെ തോല്പിക്കാൻ നീയല്ല നിന്റെ തന്ത വിചാരിച്ചാലും നടക്കില്ലെടാ.. “
സത്യപാലൻ തല കൊണ്ട് അവന്റെ വയറിൽ ഇടിച്ചു തെറിപ്പിച്ചു… പിന്നെ പുറത്തേക്ക് ഓടി… അവിടെ വീണു കിടക്കുന്ന തന്റെ ഗുണ്ടകളെയും പിന്നെ സ്വാമിനാഥനെയും അയാളുടെ അനുയായികളെയും കണ്ടപ്പോൾ രക്ഷപ്പെടുന്നതാണ് തത്കാലം നല്ലതെന്ന് അയാൾക്ക് തോന്നി…കയ്യിൽ കിട്ടിയ വാളുമായി ഓടി വന്ന സ്വാമിനാഥനെ വെട്ടിച്ച് അയാൾ മുറ്റത്തേക്ക് ഓടിയിറങ്ങി വാനിൽ കയറി.. നിർത്തിയിട്ട മറ്റു വാഹനങ്ങളെ ഇടിച്ചു മാറ്റി അത് ഒരു മുരൾച്ചയോടെ റോഡിലേക്ക് കയറി പാഞ്ഞു പോയി….
“തനിക്ക് കുഴപ്പമൊന്നും ഇല്ലല്ലോ?” തറയിലിരുന്ന് കിതപ്പ് മാറ്റിക്കൊണ്ട് യദു ദുർഗയോട് ചോദിച്ചു…
“ഇല്ല “
“ക്ഷീണിച്ചു പോയി. ഫൈറ്റ് സിനിമയിൽ കാണുന്ന പോലെ എളുപ്പം അല്ലെന്ന് മനസിലായി…ഞാനൊന്നും സ്കൂളിൽ പഠിക്കുമ്പോ പോലും തല്ലുണ്ടാക്കിയിട്ടില്ല..”
സ്വാമിനാഥൻ അങ്ങോട്ട് വന്ന് ദുർഗ്ഗയെ കെട്ടിപ്പിടിച്ചു…
“ഓഹോ.. നിങ്ങൾക്ക് ഇമോഷൻസ് ഒക്കെ ഉണ്ടോ? ഞാൻ കരുതി വെറും പക മാത്രമാണെന്ന്..”
യദു നേർത്ത ചിരിയോടെ പറഞ്ഞു..
“താങ്ക്സ് മോനേ..”
“അതിന്റെയൊന്നും ആവശ്യമില്ല.. കുത്തേറ്റു കിടന്ന എന്നെ ഹോസ്പിറ്റലിൽ എത്തിച്ചതിന്റെ നന്ദി ആണെന്ന് കൂട്ടിയാൽ മതി.. ഇപ്പൊ സമാസമം… ഇനി വേണമെങ്കിൽ എന്നെ കൊല്ലാം.. ദേവരാജന്റെ മോനാ ഞാൻ..”
അവൻ എഴുന്നേറ്റ് അവളുടെ അരികിൽ ചെന്നു…
“ജന്മം കൊണ്ടല്ലെങ്കിലും അഭിയുടെ സഹോദരി അല്ലേ നീ? അപ്പൊ നീ എനിക്ക് അന്യയല്ല… പോകാം? പോലീസ് വരുമെന്ന് ചുമ്മാ പറഞ്ഞതാ…”
യദു കണ്ണിറുക്കി പുറത്തേക്ക് നടന്നു.. അവന്റെ കാറിലായിരുന്നു ദുർഗ്ഗയും സ്വാമിനാഥനും കയറിയത്.. പിന്നാലെ റേഞ്ച് റോവറിൽ അയാളുടെ കൂട്ടാളികളും..
അയാൾ കണ്ണടച്ചിരുന്നു… ഏതാനും മണിക്കൂറുകൾ മുൻപ് നടന്ന കാര്യങ്ങൾ മനസിലേക്ക് ഓടിയെത്തുകയായിരുന്നു…
കമ്മീഷണർ ഓഫിസിന്റെ മുന്നിൽ പരിഭ്രാന്തിയോടെ നിൽക്കുന്ന സമയത്താണ് പുറകിൽ നിന്നൊരു വിളി..
“സ്വാമിയേട്ടാ…”
അയാൾ ഞെട്ടിതിരിഞ്ഞു നോക്കി.യദുകൃഷ്ണൻ…
“എന്നെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ…ദേവരാജന്റെ മൂത്ത മകൻ ആണ്… അച്ഛന്റെ ജീവൻ രക്ഷിക്കാനും അനിയനെ കൊലപാതകി ആക്കാതിരിക്കാനും എന്തെങ്കിലും വഴിയുണ്ടോ എന്നറിയാൻ കമ്മീഷണറെ കാണാൻ വന്നതാ… അപ്പോഴാ എന്റെ അച്ഛനെ കൊല്ലാൻ നടക്കുന്നവരിൽ ഒരാളായ നിങ്ങളെ കണ്ടത്…”
സ്വാമിനാഥൻ വാക്കുകൾ കിട്ടാതെ ഉഴറി..
“ദുർഗ്ഗ എവിടെ സ്വാമിയേട്ടാ? എനിക്ക് അവളോട് ഒന്ന് സംസാരിക്കണം..”
“അത്… അവൾ…”
അയാളുടെ കണ്ണുകളിൽ പരിഭ്രമം നിറഞ്ഞു.
“എന്തു പറ്റി?”
“അത്…”
“പറഞ്ഞോ..”
“മോളെ വിളിച്ചിട്ട് കിട്ടുന്നില്ല.. കൂടെ ഉള്ളവരെ വിളിച്ചിട്ടും എടുക്കുന്നില്ല…അങ്ങനെ പതിവില്ലാത്തതാണ്.”
“അഭിയെവിടെ?”
“വേറെ ആവശ്യമുണ്ടെന്ന് പറഞ്ഞിട്ട് പോയതാ.. ഞാൻ വിളിച്ചിരുന്നു.. വരാമെന്നു പറഞ്ഞു..”
“ഇതൊക്കെ എവിടെ ചെന്ന് അവസാനിക്കും എന്ന് നിങ്ങൾക്ക് വല്ല ഊഹവുമുണ്ടോ സ്വാമിയേട്ടാ?”
യദുവിന് ദേഷ്യം അടക്കാനായില്ല..
“വാ വണ്ടിയിൽ കേറ്… നമുക്ക് അന്വേഷിക്കാം..”
അയാൾ മടിച്ചു നിന്നു…
“ദേവരാജന്റെ മോനായത് കൊണ്ടാണോ? പേടിക്കണ്ട… സീതലക്ഷ്മിയുടെയും കൂടി മോനാണ് ഞാൻ… വേഗം കേറ്…”
സ്വാമിനാഥൻ വണ്ടിയിൽ കയറി.. അയാൾ പറഞ്ഞു കൊടുത്ത വഴിയിലൂടെ യദു വണ്ടി ഓടിച്ചു.. അവർ താമസിച്ചിരുന്ന വീട്ടിൽ എത്തിയപ്പോൾ അവശരായി ഓടി വരുന്ന തന്റെ ആളുകളെ കണ്ടപ്പോൾ ഏകദേശം കാര്യങ്ങൾ അയാൾക്ക് മനസിലായി..
“സ്വാമിയേട്ടാ… സത്യപാലൻ ദുർഗ്ഗയെ…”
ഒരാൾ പറഞ്ഞൊപ്പിച്ചു..
“എപ്പോഴാടാ?” അയാൾ ദേഷ്യവും സങ്കടവും കലർന്ന സ്വരത്തിൽ ചോദിച്ചു..
“ഒരു മണിക്കൂർ ആവാറായി. ഞങ്ങളെ അടിച്ചു കെട്ടിയിട്ട് മൊബൈലുകൾ ഒക്കെ കൊണ്ടുപോയി..”
യദുകൃഷ്ണൻ ഒരുനിമിഷം ആലോചിച്ചു.. പിന്നെ വണ്ടി അവിടിട്ടു തിരിച്ചു…
“ഈ നഗരം വിട്ട് പോകാൻ സാധ്യത ഇല്ല… അയാളുടെ ചില സങ്കേതങ്ങൾ എനിക്കുമറിയാം… സ്വാമിയേട്ടൻ ടെൻഷനടിക്കേണ്ട.. ദുർഗ്ഗയെ നമ്മൾ രക്ഷിക്കും…”
അവന്റെ ശബ്ദത്തിന് വല്ലാത്ത ഉറപ്പുണ്ടായിരുന്നു…ഒന്നര മണിക്കൂറോളം നീണ്ട ഓട്ടത്തിനൊടുവിലാണ് അവർ സത്യപാലനെ കണ്ടെത്തിയത്….
“നിങ്ങളെ എവിടാ എത്തിക്കേണ്ടത്?”
യദുവിന്റെ ചോദ്യം സ്വാമിനാഥന്റെ ചിന്തകളെ മുറിച്ചു..അയാൾ കണ്ണു തുറന്ന് ചുറ്റും നോക്കി.. ടൗണിലൂടെ പോകുകയാണ്…
“ഇവിടെ മതി..”
യദു കാർ സൈഡിൽ ഒതുക്കി നിർത്തി.. പിന്നെ ദുർഗ്ഗയെ നോക്കി..
” അച്ഛനെ രക്ഷിക്കാൻ വേണ്ടി പറയുന്നതാണെന്ന് കരുതരുത്..ലക്ഷ്യം നിറവേറ്റി കഴിഞ്ഞാൽ നിങ്ങൾ ജയിച്ചു എന്ന് വിശ്വസിക്കുന്നുണ്ടോ?ഞാൻ താരാപുരത്ത് ചെന്ന് അന്വേഷിച്ചിരുന്നു.. വൈശാലി ടീച്ചറെയും മാധവേട്ടനെയും ഇന്നും ആരും മറന്നിട്ടില്ല.. അത് അവരുടെ നല്ല മനസും മറ്റുള്ളവരോടുള്ള സമീപനവും കൊണ്ടാ… ദുർഗ്ഗയെയും അഭിയേയും കുറിച്ച് അവർക്ക് ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടായിരുന്നില്ലേ? അവർക്ക് നീതി വാങ്ങികൊടുക്കേണ്ടത് ഇങ്ങനെ അല്ല.. അവരാഗ്രഹിച്ചത് പോലെ ജീവിച്ചു കൊണ്ടാണ്… ഞാനറിഞ്ഞ മാധവനും വൈശാലിയും നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ ഒരിക്കലും സന്തോഷിക്കില്ല… എന്റെ അച്ഛനും സത്യപാലനും കുറ്റക്കാർ തന്നെയാ… നിങ്ങൾ അവരെ കൊല്ലും, അവര്ക്ക് വേണ്ടി മാറ്റാരെങ്കിലും നിങ്ങളെയും.. പിന്നെയും അതാവർത്തിക്കും , അതുകൊണ്ട് ആർക്ക് എന്തു നേട്ടം? ഞാൻ പറയാനുള്ളത് പറഞ്ഞു… എന്നിട്ടും മനസ്സ് മാറിയില്ലെങ്കിൽ കൊലക്കത്തിയും കൊണ്ട് ഇറങ്ങിക്കോ…. സ്വന്തം ഭർത്താവിന്റെ ഭൂതകാലത്തിലെ പാപങ്ങളിൽ മനം നൊന്ത് ഉറക്കമില്ലാതെ കരയുന്ന ഒരമ്മയും, അച്ഛനെയും സ്നേഹിച്ച പുരുഷനെയും എപ്പോൾ നഷ്ടപ്പെടുമെന്നാലോചിച്ച് ഉരുകിത്തീരുന്ന ഒരു പെണ്ണും എന്റെ തറവാട്ടിലുണ്ട്… അവരെയും എന്നെയും കൂടെ കൊന്നു താ.. അവനെ ഇഷ്ടപ്പെട്ടു,മരണം വരെ കൂടെ ഉണ്ടാവണം എന്നാഗ്രഹിച്ചു… ഈ തെറ്റ് മാത്രമേ ഞങ്ങൾ ചെയ്തിട്ടുള്ളു.. അച്ഛനെ കൊല്ലാൻ വന്നവനാണെന്നറിഞ്ഞിട്ടും അവനോട് വെറുപ്പ് തോന്നിയിട്ടില്ല…കൂടപ്പിറപ്പിനെ പോലെ കണ്ട് ഇന്നും അവന്റെ ആയുസ്സിന് വേണ്ടി നേർച്ചയും വഴിപാടും നടത്തുന്ന ഒരാളുണ്ട്… മീനാക്ഷി… അവളോടെങ്കിലും നീതി കാണിക്കാൻ അഭിയോട് പറയണം.. “
ദുർഗ്ഗയും സ്വാമിനാഥനും ഒന്നും മിണ്ടാതെ കാറിൽ നിന്നിറങ്ങി പോകുന്നത് അവൻ നോക്കിയിരുന്നു..
ഹരിദാസ് മുറിയിലേക്ക് കടന്നു വരുന്നത് കണ്ടപ്പോൾ മീനാക്ഷി കണ്ണുകൾ തുടച്ച് പുഞ്ചിരിച്ചു..
“അച്ഛൻ നേരത്തെ എണീറ്റോ?”
‘ഉം… എന്നും കുറച്ച് നേരം എന്റെ അടുത്ത് വന്നു കിടക്കാറുള്ള നിന്നെ ഇന്ന് കണ്ടില്ല.. അതാ ഇങ്ങോട്ട് വന്നത്.. “
അയാൾ കട്ടിലിൽ അവൾക്കരികിലായി ഇരുന്നു.മീനാക്ഷി അച്ഛന്റെ മടിയിലേക്ക് തല വച്ചു കിടന്നു…
“നമുക്ക് സ്വാർത്ഥരായി ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായേനെ. അല്ലെ അച്ഛാ?”
അവൾ പതിയെ ചോദിച്ചു,
“ഇത് വെറുതെ, നമ്മളുമായി യാതൊരു ബന്ധവും ഇല്ലാത്ത കുറച്ചു പേർക്ക് വേണ്ടി ഓരോ ദിവസവും കരയുന്നു… അവരുടെ പ്രശ്നങ്ങൾ നമ്മുടേതാണെന്ന് കരുതി നീറി നീറി…. എനിക്ക് മടുത്തു..”
ഹരിദാസ് അവളുടെ മുടിയിൽ തലോടി…
“അങ്ങനെ ചെയ്‌താൽ നീ മറ്റൊരാൾ ആയിപ്പോകില്ലേ മോളേ? അതിന് നിനക്ക് കഴിയുമോ?.. “
“ഇല്ല.. അതാണല്ലോ എനിക്ക് കിട്ടിയ ശാപവും… “
“എല്ലാം ഒരു ദിവസം ശരിയാകുമെടീ…”
“അച്ഛാ… ഞാനൊരു കാര്യം ചോദിച്ചോട്ടെ?”
“എന്താ..”?
“കുറച്ചു ദിവസം ഞാൻ ശിവയെ ഇവിടെയും കൊണ്ട് നിർത്തിക്കോട്ടെ? അവളുടെ അവസ്ഥ കാണുമ്പോ സഹിക്കാൻ പറ്റുന്നില്ല… “
“അതിനെന്താ… എത്ര നാൾ വേണമെങ്കിലും താമസിപ്പിച്ചോ… പക്ഷേ അവളുടെ വീട്ടുകാർ സമ്മതിക്കുമോ? തന്നെയുമല്ല, വലിയ വീട്ടിലെ കുട്ടി അല്ലേ, ഇവിടെ സൗകര്യങ്ങൾ കുറവുമാണ്..”
“അതൊന്നും പ്രശ്നമില്ല.. അവൾ നിന്നോളും.. ഇവിടാകുമ്പോൾ നിങ്ങൾ രണ്ടും ഉണ്ടല്ലോ, എനിക്ക് ഓഫിസിൽ പോണം.. എത്ര നാളെന്ന് വച്ചാ അടച്ചിടുന്നെ,..”
“യദുവിനോട് ചോദിക്കണ്ടേ?”
“ഇവരുടെ യുദ്ധമൊക്കെ കഴിയട്ടെ… ബാക്കി ഉള്ളവർക്കും ജീവിക്കണ്ടേ.. ഞാൻ ജിൻസി ചേച്ചിയോട് പറഞ്ഞിട്ടുണ്ട്.. എന്തായാലും ഏജൻസിക്ക് സീതാഗ്രൂപ്പിന്റെ പേര് ഇടാഞ്ഞത് ഉപകാരമായി.. ഇല്ലെങ്കിൽ അതും സീൽ വച്ചേനെ…”
ഭാനുമതി അങ്ങോട്ട് വന്നു..
“എന്താ രണ്ടാളും ഒരു ഗൂഢാലോചന?”
“മോള് പറയുകയാ ശിവാനിയെ കുറച്ചു ദിവസം ഇവിടെ താമസിപ്പിച്ചാലോ എന്ന്..”
“അതിനെന്താ, എനിക്ക് അടുക്കളയിൽ ഒരു സഹായം ആകുമല്ലോ..”
“ഭാനൂ.. രാവിലെ തന്നെ എന്റെ വായിൽ നിന്നും വല്ലതും കേൾക്കണ്ട..”
ഹരിദാസ് ദേഷ്യപ്പെട്ടു..
“എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടും ഊളത്തരം മാത്രമേ പറയൂ…”
ഭാനുമതി ഒരു ചിരിയോടെ അയാളുടെ കവിളിൽ നുള്ളി..
“ചൂടാവല്ലേ സാറേ… ഇപ്പോഴത്തെ സങ്കടങ്ങളെല്ലാം മാറും… അവൾ പഴയത് പോലെ ആകും… അഭിയേയും നമുക്ക് തിരിച്ചു കിട്ടും… ഇപ്പൊ നടക്കുന്നതെല്ലാം ഒരു ദുസ്വപ്നം പോലെ നമുക്ക് മറക്കാൻ പറ്റും.. അതോണ്ട് അച്ഛനും മോളും എണീറ്റ് പല്ലു തേക്കാൻ നോക്ക്..”
അവർ പുറത്തേക്ക് നടന്നു…
“ചില സമയത്ത് തോന്നും നിന്റെ അമ്മയുടെ ഒരു സ്ക്രൂ ലൂസാണെന്ന്..”
ഹരിദാസ് അമ്പരപ്പോടെ പറഞ്ഞു..
” അമ്മ പറഞ്ഞത് പോലെ നടക്കണം എന്നാണ് എന്റെ പ്രാർത്ഥന… “
പക്ഷേ അടുക്കളയിൽ എത്തിയ ഭാനുമതി ചുമരും ചാരി നിന്ന് ശബ്ദമില്ലാതെ കരയുകയായിരുന്നു… അഭിമന്യു ആയിരുന്നു അവരുടെ മനസ്സിൽ.. മീനാക്ഷിയെ സ്നേഹിച്ചത് പോലെ തന്നെ അവനെ സ്നേഹിച്ചതാണ്… ഇപ്പൊ അവന്റെ ജീവിത കഥകളും അവൻ അനുഭവിച്ച യാതനകളും എല്ലാം അറിഞ്ഞു.. ഈ യുദ്ധത്തിനൊടുവിൽ അവനെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടേക്കാം എന്ന ചിന്തയിൽ ആ മാതൃ ഹൃദയം പിടഞ്ഞു…. അവർ മനസ് നൊന്ത് പ്രാർത്ഥിച്ചു.
“ഈശ്വരാ… എന്റെ മോനെ കാത്തു കൊള്ളണേ…”
സത്യപാലന്റെ മുറിവുകളിൽ മരുന്ന് വച്ചു കെട്ടുകയാണ് ഷീബ… ബലിഷ്ഠമായ അയാളുടെ ശരീരത്തിൽ പലയിടത്തും ചതവുകൾ ഉണ്ട്..മരുന്നിന്റെ നീറ്റലിൽ അയാൾ പുളഞ്ഞു..
“മതിയെടീ പുല്ലേ.. നീയിങ്ങനെ സ്നേഹിച്ച് കൊല്ലല്ലേ..”
അയാൾ എഴുന്നേറ്റ് ഇരുന്ന് മദ്യക്കുപ്പി വായിലേക്ക് കമഴ്ത്തി… പിന്നെ അവളെ നോക്കി..
“ഞാനൊരു വണ്ടി ഏർപ്പാടാക്കിയിട്ടുണ്ട്.. ഇന്ന് വൈകിട്ട് നീയും നിന്റെ തന്തയും സ്ഥലം വിട്ടോ…”
“ഇവിടുന്നും പോകാനോ?”
“അതെ.. പോലീസ് എന്നെ പിടിക്കാൻ നിന്നെ ഉപയോഗിക്കും…എനിക്ക് വേണമെങ്കിൽ നിന്നെയും നിന്റെ അപ്പനെയും കൊന്ന് കുഴിച്ചിട്ട് തലവേദന ഒഴിവാക്കാം.. പക്ഷേ മനസ് വരുന്നില്ല..”
ഷീബ അയാളുടെ നഗ്നമായ നെഞ്ചിലൂടെ പതുക്കെ വിരലോടിച്ചു..
“എങ്ങോട്ടാ പോകേണ്ടത്..?”
“തമിഴ്നാട്.. അവിടെ എല്ലാം പറഞ്ഞു വച്ചിട്ടുണ്ട്…”
“നിങ്ങൾക്കും കൂടെ വന്നൂടെ?”
സത്യപാലൻ പുച്ഛത്തോടെ അവളെ നോക്കി.
“നിന്റെ കൂടെ ജീവിക്കാനോ? എടീ, നിന്നോട് പ്രേമം ആയിട്ടൊന്നുമല്ല ഈ ചെയ്യുന്നത്.. എന്റെ സുരക്ഷയ്ക്ക് വേണ്ടിയിട്ടാ..”
“അറിയാം…. ഒരാഗ്രഹം പറഞ്ഞെന്നേയുള്ളൂ “
“അങ്ങനെ കൂടുതൽ ആഗ്രഹിക്കണ്ട..ഞാൻ പോകുന്നു..”
അയാൾ ഷർട്ട് എടുത്തിട്ട് പുറത്തേക്ക് നടന്നു.. ശരീരം നുറുങ്ങുന്ന വേദന… യദുകൃഷ്ണന്റെ മുഖം മനസിലേക്ക് വന്നപ്പോൾ അയാളുടെ രക്തം തിളച്ചു.. ദേവരാജൻ മുതലാളിയുടെ മകൻ തന്റെ പ്ലാനുകളെല്ലാം തകിടം മറിച്ചു…ജോസിനെ കുറിച്ച് ഒരു വിവരവുമില്ല.. ഊഹം ശരിയാണെങ്കിൽ അഭിമന്യുവിന്റെ കയ്യിൽ പെട്ടിട്ടുണ്ടാകും..മുപ്പതു വയസോളം പ്രായമുള്ള ഒരു ചെറുപ്പക്കാരന്റെ മുന്നിൽ താൻ തളർന്നു പോകരുത്..ഇനി സർവ്വ സംഹാരമാണ്.. അവസാനത്തെ ശത്രുവിനെ വരെ നിഗ്രഹിച്ചിട്ടേ സത്യപാലൻ വിശ്രമിക്കൂ…അയാൾ സ്വയം പറഞ്ഞു… പിന്നെ വാനിലേക്ക് കയറി…
“കൊന്നൂടായിരുന്നോ സ്വാമിയേട്ടാ നിങ്ങൾക്കവനെ..? ഛെ… കയ്യിൽ കിട്ടിയിട്ട് വിട്ടല്ലോ?”
അഭിമന്യു നിരാശയോടെ കൈ ചുരുട്ടി കാറിന്റെ ബോണറ്റിൽ ഇടിച്ചു..
“ശ്രമിച്ചതാ മോനെ.. പറ്റിയില്ല… ഇവളെ എങ്ങനെയെങ്കിലും രക്ഷിക്കുക എന്നത് മാത്രമായിരുന്നു ചിന്ത..”
അവൻ ദുർഗ്ഗയെ നോക്കി..
“നീയും പതറിപ്പോയി അല്ലേ?”
“അങ്ങനല്ല അഭീ.. നമ്മള് വിചാരിച്ചത് സത്യപാലൻ നിന്ന് എതിർക്കുമെന്നാ… പക്ഷേ ഒരു ഭീരുവിനെ പോലെ ഓടുമെന്ന് കരുതിയില്ല..”
“ഓടുന്നത് ഭീരുത്വമല്ല ദുർഗ്ഗാ… അതും യുദ്ധതന്ത്രമാണ്.. ഇനി പൂർവാധികം ശക്തിയോടെ അവൻ തിരിച്ചു വരും.. ആക്രമണം ഏതു വശത്തു നിന്നാകും എന്നറിയില്ല.. “
അഭിമന്യു നെറ്റി തിരുമ്മി…
“ഇപ്പോൾ യദുവേട്ടനും അവന്റെ ശത്രുവാണ്… മിക്കവാറും അവരെ ഉന്നം വയ്ക്കാനാണ് സാധ്യത…”
“അങ്ങനെ സംഭവിക്കുമോ?”
“സാധ്യത ഉണ്ട്… ജോസ് അപ്രത്യക്ഷനായി എന്നവന് മനസിലായിട്ടുണ്ടാകും… ഇനി തിരിച്ചടിക്കാൻ തുടങ്ങും.. ദേവരാജൻ, യദുവേട്ടൻ , ശിവാനി, അമ്മ… ഇത്രയും പേരെ നശിപ്പിച്ച് കുറ്റം എന്റെ തലയിൽ ഇടും.. അതോടെ പോലീസിന്റെ ശ്രദ്ധ അയാളിൽ നിന്ന് മാറി എന്റെ നേരെ തിരിയും.. ആ സമയത്ത് എന്നെ വേട്ടയാടാൻ കുറച്ചൂടെ എളുപ്പമായിരിക്കില്ലേ?”
അവൻ പറയുന്നത് വാസ്തവമാണെന്ന് അവർക്ക് തോന്നി..
“ഇനിയെന്താ പരിപാടി മോനേ?”
“നമുക്ക് വെല്ലുവിളികൾ ഒരുപാട് ഉണ്ട്.. സ്വാമിയേട്ടൻ പോലീസ് നിരീക്ഷണത്തിലല്ലേ….. അവരുടെ കണ്ണുവെട്ടിച്ച് ഈ കൂടിക്കാഴ്ചയ്ക്ക് എത്ര കഷ്ടപ്പെട്ടതാ… അപ്പോൾ നമ്മുടെ പദ്ധതികൾ നടപ്പിലാക്കാൻ കുറേ പാടുപെടും.. ഇനി ഒരു വഴിയേ ഉള്ളൂ..”
അവർ ആകാംക്ഷയോടെ അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി..
“ഈ പറഞ്ഞ എല്ലാവരെയും നിരീക്ഷിക്കുക.. അവരെ കൊല്ലാൻ സത്യപാലൻ വരാതിരിക്കില്ല… ദേവരാജൻ ഇപ്പോൾ എവിടെയാ..?”
“സീതാലയത്തിൽ തന്നെയുണ്ട്.. പുറത്തിറങ്ങാറില്ല.. തത്കാലം തടിയൂരാൻ സത്യപാലനെ ഒറ്റികൊടുക്കാനാ പരിപാടി എന്നാ പോലീസ് സ്റ്റേഷനിൽ നിന്ന് കിട്ടിയ വിവരം.. പക്ഷേ അവിടെ ചെന്ന് അയാളെ സത്യപാലൻ എന്തെങ്കിലും ചെയ്യുമോ? ഇരുപത്തി നാല് മണിക്കൂറും പത്തിലധികം ആളുകൾ കാവലുണ്ട്..”
അഭിമന്യു ഒന്ന് ചിരിച്ചു..
“ആ ഗുണ്ടകൾ ദേവരാജന്റെ സംരക്ഷണത്തിന് നില്കുന്നതാണെന്നാണോ സ്വാമിയേട്ടൻ വിശ്വസിക്കുന്നത്? തെറ്റി.. അവരൊക്കെ സത്യപാലന്റെ വേട്ടപ്പട്ടികൾ ആണ്.. ദേവരാജൻ പോലുമറിയാതെ അയാളെ വീട്ടുതടങ്കലിൽ വച്ചിരിക്കുകയാണ് സത്യപാലൻ… അഭിമന്യുവിനായി ഒരുക്കിയ ചക്രവ്യൂഹം…. “
അവൻ ദുർഗ്ഗയുടെ നേരെ തിരിഞ്ഞു..
“യദുവേട്ടനോ ശിവയ്‌ക്കോ ഒന്നും സംഭവിക്കരുത്… നിഴൽപോലെ നമ്മുടെ ആളുകൾ അവർക്ക് പിന്നിൽ ഉണ്ടാവണം.. അവരെ മാത്രമല്ല.. മീനുവിനെയും കുടുംബത്തെയും വരെ സത്യപാലൻ നോട്ടമിട്ടേക്കാം..ഇവരിൽ ആരും നഷ്ടപ്പെടരുത്..ഇനി ഞാൻ മരിച്ചാലും അവരെ വിട്ടുകൊടുക്കരുത്… കേട്ടല്ലോ?”
അവൾ തലയാട്ടി…
അഭിമന്യുവിന്റെ കണക്കുകൂട്ടലുകൾ ശരിയായിരുന്നു… സത്യപാലൻ ലക്ഷ്യം വച്ചത് ദേവരാജനെ ആണ്.. അതറിയാതെ അച്ഛനെ കാണാൻ യദുകൃഷ്ണനും ശിവാനിയും പോയി… തങ്ങൾ ചെല്ലുന്നത് ആപത്തിലേക്കാണെന്ന് അവർ ചിന്തിച്ചില്ല… സീതാലയം എന്ന അരക്കില്ലത്തിന്റെ മുറ്റത്തേക്ക് അവർ കടന്നയുടൻ പിന്നിലെ ഗേറ്റ് അടഞ്ഞു… അവർ വീടിനുള്ളിലേക്ക് നടക്കുമ്പോൾ ഇങ്ങ് തറവാട്ടിൽ പൂജാമുറിയിൽ പത്മാസനത്തിൽ ഇരിക്കുകയായിരുന്ന നാരായണന്റെ ധ്യാനം മുറിഞ്ഞു..
“അപകടം…” അയാളുടെ മനസ്സ് മന്ത്രിച്ചു.. മുന്നിലെ വിളക്കിലെ തിരിയിൽ ഒരു ഈയാംപാറ്റ വീണു പിടയുന്നു.. അതിന്റെ ചിറകുകളിൽ അഗ്നിപടരുന്നു…
“ഭഗവതീ…. എന്റെ കുഞ്ഞുങ്ങൾ….”
അയാളിൽ നിന്ന് ഒരാർത്തനാദം പുറപ്പെട്ടു..
(തുടരും )