KARNNAN SURIYAPUTRAN
“അഭിമന്യൂ… നിന്നെ കാണാൻ ആരൊക്കെയോ വന്നിട്ടുണ്ട്..”
ജുവനൈൽ ഹോമിന്റെ വാർഡൻ പറഞ്ഞു
“എനിക്ക് ആരെയും കാണണ്ട..”. തലകുനിച്ചു നിന്ന് കൊണ്ട് അവൻ മറുപടി നൽകി..
“അങ്ങനെ പറയല്ലേ… ഇത് മൂന്നാമത്തെ തവണയാ അവര് വരുന്നത്… നിന്റെ ചേച്ചിയെ കാണുമ്പോ എനിക്ക് തന്നെ സഹിക്കുന്നില്ലെടാ.. ഒന്ന് പോയി കാണ്..”
അഭിമന്യു ഒന്നും മിണ്ടിയില്ല..
“പത്തു വർഷത്തോളമായി ഞാൻ വാർഡൻ ജോലി ചെയ്യുന്നു… തല തെറിച്ച പിള്ളേരെ നന്നാക്കാൻ വേണ്ടിയാ ഈ സ്ഥാപനം… ആദ്യമായി ഇവിടെ വന്ന ഒരാളോട് എനിക്ക് ഇഷ്ടം തോന്നിയെങ്കിൽ അത് നിന്നോട് മാത്രമാ .. കാരണം എനിക്കും ഒരു മോളുണ്ട്… കൊച്ചു പിള്ളേരോട് ഇങ്ങനെ ചെയ്യുന്നവന്മാരെയൊക്കെ ഇതുപോലെ തന്നെ കൊല്ലണം എന്നത് തന്നെയാ ഒരച്ഛൻ എന്ന നിലക്ക് എന്റെ ആഗ്രഹം.. പക്ഷേ നമ്മുടെ നാട്ടിൽ നിയമം കോടതി ഇതൊക്കെ ഉണ്ടല്ലോ… തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാ.. അതുകൊണ്ടാ നിന്റെ പ്രായവും, കൃത്യം നടത്താനുണ്ടായ സാഹചര്യവും ഒക്കെ കണക്കിലെടുത്ത് ഇവിടേക്ക് മാറ്റിയത്..”
“എനിക്ക് അതിൽ സങ്കടം ഒന്നുമില്ല സാർ.. അവനെ ഒരിക്കൽ മാത്രമല്ലെ കൊല്ലാൻ പറ്റിയുള്ളൂ എന്നൊരു വിഷമം ഉണ്ട്.”
പതിനഞ്ചു വയസുള്ള ഒരു കുട്ടിയുടെ വാക്കുകൾ അല്ലായിരുന്നു അത്…
“നീ എന്തായാലും ഒന്ന് ചെന്ന് ചേച്ചിയെ കാണ്..ആരുടെയൊക്കെയോ കയ്യും കാലും പിടിച്ചിട്ടാ അവർ വീണ്ടും വീണ്ടും പെർമിഷൻ എടുക്കുന്നത്.. നിരാശരാക്കേണ്ട “
ഒരുപാട് നിർബന്ധിച്ചപ്പോൾ അവൻ പുറത്തേക്ക് ചെന്നു… ബഞ്ചിൽ ഇരിക്കുകയായിരുന്നു വൈശാലിയും മാധവനും ദുർഗയും… അവനെ കണ്ടപ്പോൾ അവർ എഴുന്നേറ്റു..എങ്ങലടിച്ചു കൊണ്ട് വൈശാലി അവനെ ചേർത്തു പിടിച്ചു..മാധവൻ അഭിമന്യുവിന്റെ മുഖത്തേക്ക് തന്നെ നോക്കി നില്കുകയായിരുന്നു..വരണ്ട കണ്ണുകൾ.. നിർവികാരമായ മുഖം.. ഇത് വേറെ ആരോ ആണെന്ന് അയാൾക്ക് തോന്നി…
“സ്വാമിയേട്ടൻ…?” അഭിമന്യു ചോദിച്ചു..
“കുറച്ചു നാൾ ഹോസ്പിറ്റലിൽ ആയിരുന്നു.. ആ ഷോക്ക് മാറിയപ്പോൾ ഞങ്ങൾ വീട്ടിലേക്ക് കൂട്ടി..എന്നാലും ആരോഗ്യം ശരിയല്ല.. അതാണ് ഇങ്ങോട്ട് കൊണ്ട് വരാഞ്ഞത്..”
“വേണ്ട.. എനിക്ക് കാണണ്ട…ഞാൻ കാരണമാ എല്ലാം..എന്നെ കൊന്നിട്ട് അനിതമോളെ വെറുതെ വിട്ടിരുന്നെങ്കിൽ സ്വാമിയേട്ടന് കരയേണ്ടി വരില്ലായിരുന്നു..”
“അഭീ.. അങ്ങനൊന്നും ചിന്തിക്കല്ലേ മോനേ.. നീയും അവളും നമുക്കെല്ലാർക്കും ഒരുപോലെയല്ലേ…? സംഭവിക്കാനുള്ളത് സംഭവിച്ചു… നീ ഇവിടുന്ന് ഇറങ്ങിയാൽ നമുക്ക് എല്ലാർക്കും എങ്ങോട്ടെങ്കിലും പോകാം..”
വൈശാലി സമാധാനിപ്പിക്കാൻ ശ്രമിച്ചു…കുറച്ച് നേരം കൂടി അവന്റെ കൂടെ ചിലവഴിച്ച ശേഷം അവർ പോകാൻ എഴുന്നേറ്റു.. ദുർഗ അവനെ കെട്ടിപ്പിടിച്ചു നെറ്റിയിൽ മുത്തം വച്ചു..
“എപ്പോഴാ ഗൾഫിൽ പോണേ?”
“ഞാൻ പോണില്ലെടാ… ബാംഗ്ലൂരിൽ തന്നെ കൂടാനാ പരിപാടി.. ഫ്രണ്ട്സിന്റെ കൂടെ യൂസ്ഡ് കാറുകളുടെ കച്ചവടം തുടങ്ങും… നീ വന്നിട്ട് വേണം പാർട്ണർ ആക്കാൻ..”
“പോടീ… നിന്റെ വണ്ടിക്കച്ചവടത്തിനൊന്നും അവനെ ഞാൻ വിടില്ല… പഠിച്ചു നല്ല നിലയിൽ എത്താനുള്ളതാ “
മാധവൻ എഴുന്നേറ്റു മുണ്ട് മടക്കി കുത്തി..വൈശാലി അഭിമന്യുവിന്റെ കൈ പിടിച്ച് തന്റെ വയറിനു മീതെ വച്ചു..
“നീയെന്താ മോനെ കുഞ്ഞുവാവയോട് മിണ്ടാത്തത്?”
അഭിമന്യുവിന്റെ നെഞ്ചു പിടഞ്ഞു… അനിത കൊല്ലപ്പെട്ട, അവൻ കൊലപാതകി ആയ അതെ ദിവസം തന്നെയായിരുന്നു വൈശാലി ഗർഭിണി ആണെന്നറിഞ്ഞതും… ഏറ്റവും കൂടുതൽ സന്തോഷിക്കേണ്ട നാളിൽ തന്നെ ഏറ്റവും വലിയ ദുഃഖങ്ങൾ നൽകി വിധി ക്രൂരത കാട്ടുകയായിരുന്നു…
“ഒന്നും ആലോചിച്ച് മനസ് വിഷമിപ്പിക്കരുത്.. നിന്നെ സ്നേഹിക്കുന്ന ഒരുപാട് പേര് പുറത്തു കാത്തിരിപ്പുണ്ട്… പ്രാർത്ഥനയോടെ…എല്ലാം മറന്ന് പുതിയൊരാളായിട്ടാവണം നീ ഇവിടുന്ന് ഇറങ്ങുന്നത്…”
മാധവൻ അഭിമന്യുവിനോട് പറഞ്ഞു.. അവൻ തലയാട്ടി.. സമയമായെന്ന് ഗാർഡ് വീണ്ടും ഓർമിപ്പിച്ചപ്പോൾ എല്ലാവരെയും ഒന്നുകൂടെ നോക്കി അവൻ അകത്തേക്ക് കയറിപ്പോയി….
“ആ പെൺകുട്ടികളിൽ രണ്ടുപേരുടെ വീട്ടുകാർ കേസ് കൊടുക്കാൻ തയ്യാറാണ്.. എന്താ ചെയ്യണ്ടത്?”
രാജൻ ചോദിച്ചു..
“അതുകൊണ്ട് എന്തു കാര്യമാ രാജേട്ടാ?. അവരെ ഉപദ്രവിച്ചത് ആരാണെന്ന് പോലും അവർക്കറിഞ്ഞൂടാ.. മയക്കുമരുന്ന് കേസിൽ നിന്നും ആ ഹോട്ടലിന്റെ മുതലാളി രക്ഷപ്പെട്ടത് കണ്ടില്ലേ? പണവും സ്വാധീനവും ഉണ്ടെങ്കിൽ നിയമം അവരുടെ കാൽകീഴിൽ കിടക്കും.. വെറുതേ ആ കുഞ്ഞുങ്ങളെ പത്രക്കാരും ചാനലുകാരും കൊത്തി വലിച്ച് ജനങ്ങൾക് ഇട്ടുകൊടുക്കും… അത് വേണോ?.. തനിക്ക് ഒന്നും സംഭവിച്ചിട്ടില്ല, ഒരു ദുസ്വപ്നം മാത്രമായിരുന്നു അതെന്ന് ഓരോ കുട്ടിയും ചിന്തിക്കണം… അതിനുള്ള സപ്പോർട്ട് മാത്രം കൊടുത്താൽ മതി.. ഞാൻ അവരെയൊക്കെ ഒന്നുകൂടി കണ്ടു സംസാരിക്കാം..”
മാധവൻ ബൈക്കിലേക്ക് കയറി..
“അവന്മാരുടെ ഒരു സ്ഥാപനവും ഇനിയീ താരാപുരത്ത് ഉയരാൻ പാടില്ല… അതിൽ ഒരുത്തനും ഇവിടെ കാലുകുത്തരുത്..”
“നമ്മുടെ പിള്ളേര് എല്ലായിടത്തും തേടുന്നുണ്ട്.. കിട്ടിയാൽ കാൽ അടിച്ചൊടിച്ചിട്ട് മാത്രം സംസാരം തുടങ്ങിയാൽ മതിയെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്..”
“നാളെ കാണാം രാജേട്ടാ.. അവള് ഒറ്റയ്ക്കാ..”
“വൈശാലിക്ക് ഇത് എത്രാമത്തെ മാസമാ?”
“ആറു പൂർത്തിയായി ഏഴു തുടങ്ങി.”
“അനിയത്തിയോട് ഇവിടെ വന്ന് നിൽക്കാൻ പറഞ്ഞൂടെ…?”
“അടുത്തയാഴ്ച വരാന്ന് പറഞ്ഞിട്ടുണ്ട്..”
മാർക്കറ്റിൽ നിന്നും അയാൾ വീട്ടിലേക്ക് തിരിച്ചു…അഭിമന്യുവിന്റെ കാര്യമാണ് മനസ്സിൽ നിറയെ… ശിക്ഷയിൽ ഇളവ് കിട്ടാൻ പരമാവധി ശ്രമിക്കുന്നുണ്ട്..സ്വാമിയേട്ടനെ നാളെ വീട്ടിലേക്ക് തിരിച്ചു കൊണ്ടുവരണം.. ആശുപത്രി വിട്ടപ്പോൾ ഇവിടെ തന്നെയായിരുന്നു താമസം.. ഒരാഴ്ച മുൻപ് കോളനിയിലെ വീട്ടിലേക്ക് പോയതാണ്.. അവിടെ ഒറ്റയ്ക്ക് താമസിക്കുമ്പോൾ അനിതയുടെ ഓർമ്മകൾ അയാളെ അലട്ടും.. അത് ചിലപ്പോൾ സമനില തന്നെ തെറ്റിച്ചേക്കാം…
ബൈക്ക് വീട്ടുമുറ്റത്തേക്ക് കയറിയപ്പോൾ ഉമ്മറത്തു ആരോ ഒരാൾ ഇരിക്കുന്നത് കണ്ടു…
“ആരാ…?” ബൈക്ക് സ്റ്റാൻഡിൽ വച്ച് മാധവൻ ചോദിച്ചു..
“എത്ര നേരമായി കാത്തിരിക്കുന്നു?എന്താ മാധവേട്ടാ വൈകിയത്..? “
ആ ചെറുപ്പക്കാരൻ കൊഞ്ചലോടെ ചോദിച്ചു..
“താൻ ആരാ? എന്താ വേണ്ടത്?.. വൈശാലീ..”
മാധവന്റെ ശബ്ദം ഉയർന്നു..
“ഒച്ച വയ്ക്കല്ലേ മാധവേട്ടാ… എന്റെ പേര് രഘു… വൈശാലി ചേച്ചി അകത്തുണ്ട്…”
മാധവൻ അകത്തേക്ക് ഓടി… ലീവിങ് റൂമിലെ സോഫയിൽ മൂന്നുപേർ ഇരിക്കുന്നുണ്ട്..
“മാധവനു ഞങ്ങളെ ഓർമ്മയുണ്ടോ?.. ഞാൻ ദേവരാജൻ… ഇതു സത്യപാലൻ രാത്രി വീട്ടിൽ കേറി വന്നതിൽ ക്ഷമിക്കണം കേട്ടോ.. പകൽ ഞങ്ങൾക്ക് ഇറങ്ങി നടക്കാൻ പറ്റില്ല.. നിന്റെ ആളുകളുടെ കണ്ണു വെട്ടിക്കാൻ വലിയ പാടാണ്.”
“വൈശാലി എവിടെ?”
“ഇവിടുണ്ടല്ലോ… ജോസേ, വാസവാ… അവളെ ഇങ്ങോട്ട് കൊണ്ടുവാ..”
മുറിയിൽ നിന്ന് രണ്ടാളുകൾ വൈശാലിയെ താങ്ങിപ്പിടിച്ചു കൊണ്ടുവന്ന് കസേരയിൽ ചാരിയിരുത്തി.. അവളുടെ കണ്ണുകൾ അടഞ്ഞിരുന്നു…മാധവൻ അങ്ങോട്ട് കുത്തിക്കാനാഞ്ഞതും രഘു പിന്നിൽ നിന്ന് പിടിച്ചു വച്ചു.. അയാൾ കുതറി..വാസവൻ ഒരടിയോളം നീളമുള്ള ഒരു കത്തിയെടുത്ത് വൈശാലിയുടെ വയറിനു മീതെ വച്ചു..
“എതിർക്കാനോ ബഹളം വയ്ക്കാനോ ശ്രമിച്ചാൽ അവന്റെ കയ്യിലുള്ള കത്തി നിന്റെ ഭാര്യയുടെ വയറിൽ കേറും.. അവളും അതിനുള്ളിലെ നിന്റെ കുഞ്ഞും അതോടെ ക്ലോസ്…അതോണ്ട് മിണ്ടാതെ ഇവിടെ ഇരിക്ക്..”
ദേവരാജൻ കസേര ചൂണ്ടി… തനിക്ക് വേറെ വഴികളൊന്നും ഇല്ല എന്ന് മനസിലാക്കിയ മാധവൻ അവിടെ വന്നിരുന്നു… പിന്നെ ജ്വലിക്കുന്ന കണ്ണുകളോടെ ദേവരാജനെ നോക്കി..
“നിങ്ങൾ അവളെ എന്താടാ ചെയ്തത്?”
“ഒന്ന് മയക്കി കിടത്തിയതേ ഉള്ളൂ.. വേറൊന്നും ചെയ്തില്ല..”
മറുപടി പറഞ്ഞത് സത്യപാലനാണ്..
“സിനിമയിലൊക്കെ കാണുന്നത് പോലെ ഞങ്ങളെ തല്ലി തോൽപ്പിച്ച് ഭാര്യയെ രക്ഷിക്കാൻ തോന്നുന്നുണ്ടാവും അല്ലേ? പക്ഷേ വേണ്ട നീയൊന്നങ്ങിയാൽ അവളെ കൊല്ലും… അതിലൊരു സംശയവും വേണ്ട…”
അയാൾ ദേവരാജന്റെ നേരെ തിരിഞ്ഞു..
“എന്തെങ്കിലും പറയാനുണ്ടെങ്കിൽ പെട്ടെന്ന് പറ മുതലാളീ.. സമയം തീരെയില്ല..വേസ്റ്റ് കയറ്റി വരുന്ന ലോറി ഇപ്പോൾ എത്തും..”
ദേവരാജൻ എഴുന്നേറ്റ് മാധവന്റെ മുന്നിൽ ചെന്നു നിന്നു..
“അവൻ പറഞ്ഞത് നീ കേട്ടല്ലോ.. ബെൻസ് കാറിൽ സഞ്ചാരിച്ചോണ്ടിരുന്ന അശോകൻ സാറും ഞാനുമൊക്കെ ചവറു കൊണ്ടുപോകുന്ന വണ്ടിയിലാ ഇപ്പൊ യാത്ര.. അതും പേടിച്ചിട്ട്.. ഇതിനൊക്കെ നീ ഒരുത്തനാ കാരണം.. ഈ നാട്ടിൽ ഇനി ഞങ്ങൾക്ക് നിൽക്കാൻ പറ്റില്ല.. എല്ലാം നശിച്ചു,. നീ നശിപ്പിച്ചു.. വല്ലവന്റേം പിള്ളേരെ വിറ്റ് ഞങ്ങൾ കാശുണ്ടാക്കുന്നതിനു നിനക്കെന്താടാ..?അതൊക്കെ പോട്ടെ എന്ന് വയ്ക്കാം.. പക്ഷേ പട്ടിയെ തല്ലുന്നത് പോലെയല്ലേ നീ അന്നെന്നെ തല്ലിയത്?അതിനുള്ള കൂലി നിനക്കു തരാനാ ഇവിടം വിടുന്നതിന് മുൻപ് വന്നത്….”
ജോസും രഘുവും കൂടി മാധവന്റെ കൈകൾ പിടിച്ചു വച്ചു.. സത്യപാലൻ ഒരു കയർ കൊണ്ടുവന്ന് മാധവന്റെ കഴുത്തിൽ കുരുക്കി വലിച്ചു… അയാൾ പിടഞ്ഞു.. പക്ഷെ രക്ഷപെടാൻ കഴിഞ്ഞില്ല.. കുരുക്ക് മുറുകികൊണ്ടിരുന്നു…വൈശാലി ഇതൊന്നും അറിഞ്ഞില്ല… മാധവൻ അവളുടെ മുഖത്തേക്ക് നോക്കി… അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…അഭിമന്യുവിന്റെ, ദുർഗയുടെ, സ്വാമിനാഥന്റെ, അനിതയുടെ, എല്ലാവരുടെയും രൂപങ്ങൾ അയാളുടെ മനസിലേക്ക് ഓടി വന്നു രക്ഷപ്പെടാനുള്ള അവസാനശ്രമം എന്ന നിലയ്ക്ക് അയാൾ കാലുയർത്തി ദേവരാജനെ ചവിട്ടാൻ ശ്രമിച്ചു.. പക്ഷേ ഒരു ചിരിയോടെ ദേവരാജൻ ഒഴിഞ്ഞു മാറി… നിമിഷങ്ങൾക്കുള്ളിൽ മാധവന്റെ ചേതനയറ്റ ശരീരം കസേരയിൽ നിന്നു നിലത്തേക്ക് വീണു…
“സത്യാ… അവളെയും തീർത്തേക്ക്.. കേസ് അശോകന്റെ തലയിൽ വച്ചു കെട്ടാം.. അനിയനെ കൊന്നതിനുള്ള പ്രതികാരം..”
“അയാള് എവിടെയാ ഇപ്പോ?”
“പുഴയ്ക്ക് അക്കരെയുണ്ട്..നമ്മളെ കാത്തിരിക്കുകയാണ്…”
വൈശാലി ഒന്ന് ഞരങ്ങി…
“ഇത്ര പെട്ടെന്ന് എണീറ്റോ? നീ ഡോസ് കുറച്ചാണോടാ വാസവാ കൊടുത്തത്?”
“അതെ.. പെട്ടെന്ന് ചത്തു പോകണ്ട എന്ന് കരുതി..”
“അതെന്തായാ നന്നായി.. “
സത്യപാലൻ വൃത്തികെട്ട ചിരിയോടെ ദേവരാജനെ നോക്കി..
“മുതലാളിയും ജോസും രഘുവും പൊയ്ക്കോ.. ആ വളവിൽ ലോറി വരും.. ഞാൻ എത്തിക്കോളാം..”
“നിന്റെയൊരു കാര്യം…പെണ്ണിനോടുള്ള ആർത്തി കൊണ്ട് നാളെ നമ്മള് കുടുങ്ങരുത്…”
“അതൊന്നുമില്ല… കുറെ ആയില്ലേ പരക്കം പായുന്നു…ഒന്ന് റിലാക്സ് ആവാൻ..”
“എന്തെങ്കിലും ചെയ്യ്… ഇങ്ങോട്ട് ആരെങ്കിലും വരാതെ നോക്കണം..”
“ആരും വരില്ല… അടുത്ത വീട്ടിൽ ചെവി കേൾക്കാത്ത ഒരു തള്ള മാത്രമേ ഉള്ളൂ..”
ഒന്ന് മൂളിയിട്ട് ദേവരാജൻ പുറത്തിറങ്ങി.. പിന്നാലെ ജോസും രഘുവും…
“വാസവാ… നീ ഇവന്റെ കാര്യമൊന്ന് നോക്ക്.. ഞാൻ ഇപ്പൊ വരാം..”
വൈശാലിയെ താങ്ങിയെടുത്ത് സത്യപാലൻ മുറിക്കുള്ളിലെ കട്ടിലിൽ ഇട്ടു…അവൾ കണ്ണുകൾ പാതി തുറന്നു .. പിന്നെ എഴുന്നേൽക്കാൻ വിഫലമായ ഒരു ശ്രമം നടത്തി… അയാൾ അവളുടെ കഴുത്ത് ഞെരിച്ചു… പിന്നെ ശരീരത്തിൽ പല്ലുകൾ ആഴ്ത്തി,….
“മോനേ… അഭീ….” അവളിൽ നിന്നും അവസാനമായി ഉയർന്ന ശബ്ദം അതായിരുന്നു….
നിരാശയോടെ പുറത്തിറങ്ങി വരുന്ന സത്യപാലനെ കണ്ട് വാസവൻ അമ്പരന്നു.
“ഇത്ര പെട്ടെന്ന് കഴിഞ്ഞോ?”
“എവിടെ? ആ പെണ്ണിന്റെ കാറ്റ് പോയി..”
“ഒരുമാതിരി മറ്റേ പണി ആയിപ്പോയല്ലോ..”
“സാരമില്ലെടാ… പോട്ടെ.. രണ്ടിനേം എടുത്ത് ഒരുമിച്ച് ഇട്ടേക്ക്… എന്നിട്ട് ഇവിടുന്ന് സ്ഥലം വിടാം… “
“എന്നാലും….”
“നിനക്ക് ഏതേലും ഒരുത്തിയെ കിട്ടിയാൽ പോരേ..? അതിന് സമയമുണ്ട് .ഇപ്പൊ ജോലി ചെയ്യ്..പോലീസുകാർക്ക് വേണ്ട തെളിവുകൾ തയ്യാറാക്കണം.. അശോകന്റെ ക്രൂരതയെ കുറിച്ചായിരിക്കണം നാളെ കേരളം മുഴുവൻ സംസാരിക്കേണ്ടത്…”
വാസവൻ എഴുന്നേറ്റു… രണ്ടുപേരും ചേർന്ന് മാധവന്റെ ശരീരം വൈശാലി കിടക്കുന്ന മുറിയിൽ കൊണ്ടിട്ടു…
“എന്നെ എന്താ കൊണ്ടുപോകാഞ്ഞത്? അവറ്റകൾ പിടഞ്ഞു ചാകുന്നത് എനിക്കൂടെ കാണണമായിരുന്നു..”
അശോകൻ നിരാശയോടെ പറഞ്ഞു..മത്സ്യകൃഷി നടത്തുന്ന കുളത്തിന്റെ കരയിലായിരുന്നു അവർ ..
“നമ്മൾ ടൂറ് പോയതല്ല സാറേ… ഒരു ചാൻസ് കിട്ടി, പണിതിട്ട് വന്നു. അത്രേ ഉള്ളു… ഇനി അടുത്ത പരിപാടി പറ…”
“മഞ്ചേശ്വരത്ത് എന്റെയൊരു വീടുണ്ട്…നിനക്കറിയില്ലേ സത്യാ? കുറച്ചു നാൾ മുൻപ് നീ എന്റെ കൂടെ വന്നിട്ടുണ്ട്..”
“മുറ്റത്തു സ്വിമ്മിംഗ് പൂളൊക്കെയുള്ള വീടാണോ?”
“അത് തന്നെ..അങ്ങോട്ട് പോകാം..മറ്റേ ഹിന്ദിക്കാരുടെ കാശ് അവിടുണ്ട്.. അവന്മാരെന്തായാലും അടുത്തൊന്നും ജയിലിൽ നിന്ന് ഇറങ്ങില്ലല്ലോ… ആ കാശ്ശെടുത്ത് വേറെ വല്ല പണിയും നോക്കാം..”
“എത്ര ഉണ്ടാകും?”
“അതെന്തിനാ നീ അറിയുന്നത് ?. ഞാൻ പറയുന്നത് അനുസരിച്ചാൽ മതി..”
ദേവരാജൻ പുച്ഛത്തോടെ ചിരിച്ചു.
“അതൊക്കെ പണ്ട്… ഇന്ന് ഞാനും നിങ്ങളുമെല്ലാം ഒരു പോലെയാ.. അതുകൊണ്ടു കൂടുതൽ ഭരണമൊന്നും വേണ്ട..നിങ്ങളുടെ അനിയൻ കാരണമാ ഇന്ന് എല്ലാരും നെട്ടോട്ടം ഓടുന്നത്… ജോസ് അവനോട് പറഞ്ഞതാ, ആ പെണ്ണിനെ ഒന്നും ചെയ്യണ്ട, ആദ്യം സത്യനോട് ചോദിക്കാമെന്ന്… പക്ഷേ കഞ്ചാവും കേറ്റി പതിനൊന്നു വയസുള്ള പെങ്കൊച്ചിനെ വലിച്ചു കീറിയപ്പോഴേ അവന് സമാധാനമായുള്ളൂ…. ആ കാരണം കൊണ്ടാ, ഇപ്പൊ നാട്ടുകാർ ഇത്രയും എതിരായത്…”
“അതിന്?” അശോകന്റെ കണ്ണുകൾ കുറുകി..
“അതിനൊന്നുമില്ല.. പരിപാടികളൊക്കെ ചീറ്റിയ നിലയ്ക്ക് ഞങ്ങള് വേറെ വഴി നോക്കാം.. പക്ഷേ അതിന് കാശ് വേണമല്ലോ… സാറിന്റെ കൈയിലുള്ളത് ഞങ്ങൾ എടുക്കുന്നു… “
“ചതിക്കുകയാണല്ലേടാ?”
“അതെ.. ഒന്നാലോചിച്ചു നോക്ക്.. സാറിന് എന്തിനാ ഇനി കാശ്? ഇത്രേം വയസായില്ലേ? ആകെ ഉണ്ടായിരുന്ന അനിയനും പോയി.. ഞങ്ങളുടെ അവസ്ഥ അങ്ങനല്ല.. പ്രാരാബ്ധക്കാരാ… അതുകൊണ്ട് അശോകൻ സാർ വിശ്രമിക്ക്.. “
“പട്ടീ…വിടില്ലെടാ നിന്നെ ഞാൻ..”
മുരണ്ടു കൊണ്ട് അശോകൻ അയാളുടെ ഷർട്ടിൽ പിടിച്ചുലച്ചു.. സത്യപാലൻ മുന്നോട്ട് വന്ന് കയ്യിലിരുന്ന ഇരുമ്പ് പൈപ്പ് ആഞ്ഞു വീശി… തലയോട്ടി പിളരുന്ന ശബ്ദം അവിടുയർന്നു… ഒന്ന് പിടയുക പോലും ചെയ്യാതെ അശോകൻ നിലത്ത് വീണു…
“കുളത്തിൽ ഇടണ്ട… കാര്യം ഇങ്ങേരുടെ ബിനാമി പേരിലുള്ളതാണ്.. പക്ഷെ വെള്ളം വറ്റിച്ചാൽ ശവം കിട്ടും.. മാധവനെയും ഭാര്യയെയും കൊന്ന ശേഷം അശോകൻ എങ്ങോട്ടോ പോയി… അതാവണം കഥ…”
“ഇങ്ങോട്ട് വേറെ ആരും വരാറില്ലേ മുതലാളീ?.. “
“ഇല്ല.. ഇപ്പൊ മീൻ കൃഷി ഒന്നുമില്ലല്ലോ.. പണ്ട് കാവലിനു ഒരു കിളവൻ ഉണ്ടായിരുന്നു.അങ്ങേർക്ക് താമസിക്കാനാ അവിടെ ഒരു മുറി പണിതിട്ടത്..”
സത്യപാലൻ അവിടെയൊക്കെ ഒന്ന് നടന്നു നോക്കി… ഒറ്റമുറിയും കക്കൂസും അടങ്ങിയ ചെറിയൊരു കെട്ടിടം..
“സെപ്റ്റിക് ടാങ്കിനുള്ളിൽ ഇടാം… ആരും വരാത്ത സ്ഥലമാണെങ്കിൽ അതാണ് നല്ലത്..”
എല്ലാവരും കൂടി ടാങ്കിന്റെ മുകളിലെ കോൺക്രീറ്റ് പാളി തള്ളി നീക്കി.. അശോകന്റെ ശവം അതിൽ ഇട്ട ശേഷം പഴയതു പോലെ വച്ചു… പിന്നെ വശങ്ങളെല്ലാം ഭംഗിയായി അടച്ചു…
“ഇനിയെങ്ങോട്ടാ?” സത്യപാലൻ ചോദിച്ചു..
“മഞ്ചേശ്വരം.. എന്റെ ഊഹം ശരിയാണെങ്കിൽ അവിടെ കോടികൾ ഉണ്ട്.. നമ്മൾ അതുമെടുത്ത് നാട്ടിലേക്ക് പോകുന്നു..”
അശോകൻ വന്ന കാറിൽ അവരെല്ലാം കയറി.. കാർ പുതിയ ലക്ഷ്യങ്ങൾ തേടി യാത്രയായി…
പോസ്റ്റുമോർട്ടത്തിന് ശേഷം മാധവന്റെയും വൈശാലിയുടെയും മൃതദേഹങ്ങൾ വീടിനടുത്തുള്ള ശ്മശാനത്തിൽ ദഹിപ്പിച്ചു…അവളുടെ വയറ്റിലുണ്ടായിരുന്ന കുഞ്ഞിനെ അടക്കിയത് മാധവന്റെ വീട്ടുപറമ്പിൽ തന്നെയായിരുന്നു.. വൈശാലിയുടെ സ്റ്റുഡന്റ്സും സഹപ്രവർത്തകരുമൊക്കെ വാവിട്ടു കരയുമ്പോൾ അതിന് പോലും കഴിയാതെ ശിലപോലെ നില്കുകയായിരുന്നു അഭിമന്യുവും ദുർഗ്ഗയും… സംഭവിച്ചതൊന്നും ഉൾകൊള്ളാൻ അവർക്ക് ആയില്ല…എരിഞ്ഞടങ്ങിയത് തങ്ങളുടെ ജീവിതമാണെന്ന് അവർക്ക് അറിയാം…. ഇനി താങ്ങും തണലുമായി സ്നേഹം ചൊരിയാൻ മാധവട്ടനും വൈശാലിച്ചേച്ചിയും ഇല്ലെന്ന് മനസ്സിൽ നിന്നാരോ വിളിച്ചു പറയുമ്പോൾ അവർ രണ്ടുപേരും ഒരുപോലെ ഞെട്ടി… സ്വാമിനാഥൻ വെറും നിലത്ത് കിടക്കുകയാണ്… ബോധം തെളിയുമ്പോഴൊക്കെ ‘എന്റെ മക്കളേ ” എന്നാർത്തലച്ചു കരയും..ആശ്വാസവാക്കുകൾ അപഹാസ്യമാകുന്ന ഒരു സന്ദർഭം ആണ് മരണം…
സന്ധ്യയോടെ അഭിമന്യുവിനെ തിരിച്ചു കൊണ്ടുപോയി.. ജുവനൈൽ ഹോമിന്റെ തണുത്ത തറയിൽ മുഖം ചേർത്തു വച്ച് അവൻ കരഞ്ഞു.. മതിവരുവോളം..ഇനി കരയാൻ തന്റെ ജീവിതത്തിൽ കാരണങ്ങളൊന്നും അവശേഷിക്കുന്നില്ല എന്നവന് ഉറപ്പായിരുന്നു….
മൂന്ന് വർഷങ്ങൾക് ശേഷം..ഒരു ദിവസം രാത്രി..
പുഴക്കരയിൽ , പണ്ട് മനോജിനെ താൻ കൊന്ന ഫാക്ടറിയെ നോക്കി നില്കുകയായിരുന്നു അഭിമന്യു.. ഒരു ബൈക്കിൽ ദുർഗയും സ്വാമിനാഥനും അങ്ങോട്ട് വന്നു… അവൾ അവനെ കെട്ടിപ്പിടിച്ചു..
“കുറെ നേരമായോ വന്നിട്ട്..”
“ഉം…ഞാൻ ഓരോന്ന് ആലോചിക്കുകയായിരുന്നു.”
അവൾ കുറച്ചു ദൂരെ പ്രേതാലയം പോലെ തോന്നിക്കുന്ന ഫാക്ടറിയെ നോക്കി..
“കുറച്ചു വിവരങ്ങൾ കിട്ടിയിട്ടുണ്ട്..”
“പറഞ്ഞോ..”
“അത്… നീയെങ്ങനെ എടുക്കും എന്ന്..”
“സാരമില്ല ദുർഗാ… ഞാൻ ഒരു കൊലപാതകി ആണ് .. കുറച്ച് കാലം സമപ്രായക്കാരായ ക്രിമിനലുകളുടെ കൂടെ ആയിരുന്നല്ലോ… ഇപ്പൊ മനസിന് നല്ല ബലമുണ്ട്.. പറഞ്ഞോ..”
“മെഡിക്കൽ കോളേജിൽ എന്റെ ചില ഫ്രണ്ട്സ് വർക്ക് ചെയ്യുന്നുണ്ട്..അവര് വഴി അറിഞ്ഞതാ..”
അവൾ ഒന്ന് നിർത്തി.. പിന്നെ അവന്റെ മുഖത്തേക്ക് നോക്കി..
“ചേച്ചി മരിക്കും മുൻപ് ഒരു റേപ്പ് അറ്റംപ്റ്റ് നടന്നിട്ടുണ്ട്… പക്ഷേ അത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വന്നിട്ടില്ല….ഞാൻ അന്വേഷിച്ചപ്പോൾ ഡോക്ടർ റഫീഖ്അലിയുടെ നിർദേശപ്രകാരമാ അങ്ങനെ ചെയ്തത് എന്നാണറിഞ്ഞത്.. അയാളെ എതിർക്കാൻ ആ ഹോസ്പിറ്റലിൽ ആർക്കും ധൈര്യമില്ല..”
“റഫീഖ്അലിയും അശോകനും തമ്മിൽ?”
“ഒരു ബന്ധവുമില്ല.. പക്ഷേ സത്യപാലൻ, ജോസ്, റഫീഖ് അലി… ഇവര് സുഹൃത്തുക്കളാ… “
“മാധവേട്ടന്റെയും ചേച്ചിയുടെയും മരണത്തിൽ ദേവരാജന്റെ പങ്ക് പോലീസ് അന്വേഷിച്ചില്ലേ?”
“ഇല്ല.. അശോകനാണ് കൊന്നതെന്നതിനു തെളിവുകൾ വീട്ടിൽ നിന്ന് കിട്ടി.. പിന്നെ അയാളുടെ തിരോധാനവും.. ദേവരാജനെയും കൂട്ടുകാരെയും ചോദ്യം ചെയ്തിരുന്നു.. അവർക്കൊന്നും അറിയില്ല.. മനോജ് മരിച്ചതോടെ അശോകനുമായി പാർട്ണർഷിപ് പിരിഞ്ഞു എന്നാ അവർ പറയുന്നത്.. അതിന് രേഖകളും ഉണ്ട് കൃത്യം നടന്ന സമയത്ത് അവരെ മഞ്ചേശ്വരത്ത് കണ്ട സാക്ഷികൾ ഉണ്ട്.. അതോടെ അന്വേഷണം അശോകന്റെ പിന്നാലെ ആയി..”
“അവന്മാർ ഇപ്പൊ എവിടെയാ.?”
“ഇവിടുന്നു പോയി.. ഇപ്പൊ ഒരു ഫിനാൻസ് കമ്പനി തുടങ്ങിയിട്ടുണ്ട്.. സീതാ ഫിനാൻസ്.. മൂന്ന് ജില്ലകളിൽ ബ്രാഞ്ച് തുടങ്ങിയിട്ടുണ്ട്… കേരളത്തിൽ മുഴുവൻ തുടങ്ങാനുള്ള പ്ലാൻ ആണെന്നാ കേട്ടറിവ്..”
“ഒന്നും പരസ്പരം ചേരുന്നില്ലല്ലോ ദുർഗ്ഗാ.. അശോകനുമായി ഒരു ബന്ധവുമില്ലാത്ത ഡോക്ടർ ഹെല്പ് ചെയ്യുന്നു… അശോകൻ അപ്രത്യക്ഷൻ… ദേവരാജൻ പുതിയ ബിസിനസ് തുടങ്ങുന്നു…”
“ഇനി വേറൊന്നു കൂടി ഉണ്ട്..”
“എന്താ…?”
“ഈ സത്യപാലന്റെ അനിയൻ രഘുവിനെ കുറെ നാളായി സ്വാമിയേട്ടൻ ഫോളോ ചെയ്യുന്നുണ്ട്.. ഒരു ദിവസം ബാറിൽ വച്ച് അവൻ ബോധമില്ലാതെ ആരെയോ വെല്ലുവിളിക്കുന്നത് കേട്ടെന്ന്… പറഞ്ഞു കൊടുക്ക് സ്വാമിയേട്ടാ…”
സ്വാമിനാഥൻ കുറച്ചൂടെ അടുത്തു വന്നു..
“അധികം കളിച്ചാൽ നിന്നെ കൊന്ന് പഴി നിന്റെ മറ്റു ശത്രുക്കളുടെ തലയിലിടും… ഞങ്ങൾക്കത് പുത്തരിയല്ല എന്ന് ഒരാളോട് പറയുന്നുണ്ടായിരുന്നു.. “
അഭിമന്യുവിന്റെ മുഖം വലിഞ്ഞു മുറുകി..
“അതായത് എല്ലാം ചെയ്തത് അവരാണ്.. എന്നിട്ട് അശോകന്റെ തലയിലിട്ടു. ചിലപ്പോൾ അയാളെയും കൊന്നിട്ടുണ്ടാകും… ഇപ്പൊ അവരുടെ റൂട്ട് ക്ലിയർ… ഞാൻ അശോകന്റെ അനിയനെ കൊന്നു.. പകരത്തിനു അയാൾ എന്റെ ചേച്ചിയെയും ചേട്ടനെയും കൊന്നു… ആർക്കും സംശയമില്ലാത്ത കഥ..”
“ഇനി എന്തു ചെയ്യും.?”
“എനിക്ക് ഒന്നേ ചെയ്യാനുള്ളൂ… പ്രതികാരം…”
“ഞാനുമുണ്ട് കൂടെ. വാ. “
“ഇപ്പോഴല്ല… ഒരുത്തനെ കൊല്ലാൻ വലിയ പണിയൊന്നും ഇല്ല… കുടുംബവും സ്വത്തും എല്ലാം നശിപ്പിച്ച് പരമാവധി തട്ടിക്കളിച്ച ശേഷം കൊല്ലണം… ഇനി എന്റെ ജീവിതം അതിന് വേണ്ടി മാത്രമാ..”
“നീ തനിച്ചല്ല അഭീ .. ഞങ്ങളും ഉണ്ട്… നഷ്ടം മൂന്നുപേരുടെയുമാ…. നമുക്ക് നിഷേധിക്കപ്പെട്ട നീതി നമ്മൾ നേടിയെടുക്കും… നീ പറഞ്ഞോ .. എന്ത് ചെയ്യണം ആദ്യം?”
അഭിമന്യു ഒരു നിമിഷം ആലോചിച്ചു…
“ഇതിനു പുറകിലെ എല്ലാവരെയും കണ്ടെത്തണം.. അതാണ് ആദ്യം ചെയ്യേണ്ടത്… പിന്നെ അവരെ വളരാൻ വിടണം… ഉയർച്ചയിൽ നിന്ന് വീഴുമ്പോഴല്ലേ വേദന അറിയൂ.. നമ്മളും ചുവടുറപ്പിക്കണം… പണവും ആൾബലവും വേണം…”
അവൻ സ്വാമിനാഥനെ നോക്കി..
“ലോഡിങ് കാരൻ മാധവനും വൈശാലി ടീച്ചറും വളർത്തിയ ചെറുക്കൻ ഈ പുഴയിൽ ചാടി ആത്മഹത്യ ചെയ്തു… ഒറ്റപ്പെടൽ തന്നെ കാരണം…. മഴക്കാലം, അടിയൊഴുക്ക്.. ബോഡി കിട്ടിയില്ലെങ്കിലും ആരും സംശയിക്കില്ല.. എനിക്ക് നീന്തൽ വശമുണ്ടെന്നത് സ്വാമിയേട്ടന് മാത്രമേ അറിയൂ… കാര്യങ്ങൾ വ്യക്തമായല്ലോ? “
അയാൾ തലയാട്ടി…
” ഇനി അജ്നാതവാസമാണ്… എത്ര കാലം എന്നറിയില്ല.. പക്ഷേ ഓരോരുത്തനെയും നരകിപ്പിച്ചു കൊന്നിട്ടേ ഞാൻ മരിക്കൂ….”
അതൊരു പ്രതിജ്ഞ ആയിരുന്നു… ഓരോ കോശങ്ങളിലും പ്രതികാരദാഹം നിറച്ച ഒരുത്തന്റെ പ്രതിജ്ഞ….
(തുടരും )
ഭൂതകാലത്തിലൂടെയുള്ള യാത്ര അവസാനിക്കുന്നു… ഇനി പോരാട്ടമാണ്…. അഭിപ്രായനിർദേശങ്ങൾ കുറിച്ചിട്ടാൽ അതൊരു പ്രോത്സാഹനം ആയിരിക്കും….