മഴവില്ലു ഭാഗം 19

                                         ഉറക്കമുണർന്നപ്പോൾ അഭിമന്യുവിന്  സ്ഥലകാലബോധം വരാൻ  കുറച്ചു സമയമെടുത്തു.. വൈശാലിയുടെ വീട്ടിലാണ് താനെന്നറിഞ്ഞപ്പോൾ അവന് ജാള്യത തോന്നി… ഭക്ഷണവും മരുന്നും കഴിച്ചിട്ട് ഉറങ്ങിയതാണ്..അവൻ എഴുന്നേറ്റു വെളിയിൽ വന്നു.. അടുക്കളയിൽ ശബ്ദം കേട്ടപ്പോൾ അങ്ങോട്ട് നടന്നു.. വൈശാലി എന്തോ ജോലി ചെയ്യുകയായിരുന്നു…

“ചേച്ചീ..”  അവൾ  തിരിഞ്ഞു

“എണീറ്റോ…?”

“ഞാൻ പോട്ടെ..  സന്ധ്യയായി എന്നു തോന്നുന്നു..”

വൈശാലി പൊട്ടിച്ചിരിച്ചു..

“സന്ധ്യയോ?  നേരം വെളുത്തു..”

“ങേ…!!”

“ഇന്നലെ ഉച്ചയ്ക്ക് ഉറങ്ങിയതാ  നീ.. രാത്രി അത്താഴം കഴിക്കാൻ ഞാൻ വിളിച്ചു.. പക്ഷേ തളർന്നുറങ്ങുകയായിരുന്നു… പിന്നെ വിളിച്ചില്ല… ഇടയ്ക്ക് വന്നു നോക്കിയപ്പോൾ ഞരങ്ങുകയും മൂളുകയുമൊക്കെ ചെയ്യുണ്ട്…നെറ്റിയിൽ തുണി  നനച്ചിട്ട് ഞാനും അവിടെ തന്നെ ഇരുന്നു… വെളുപ്പിനാ പനിയൊന്നു കുറഞ്ഞത്..”

“അപ്പൊ ചേച്ചി ഇന്നലെ ഉറങ്ങിയില്ലേ?”

അവന് സങ്കടമായി.

“അത് സാരമില്ല… ഇന്നെനിക്ക് ലീവാണ്…പകൽ കിടന്നുറങ്ങാം…”

ഒരു പുതിയ ബ്രഷും  പേസ്റ്റും  തോർത്തും അവൾ അവന്  നീട്ടി… പിന്നെ ഒരു മുണ്ടും..

“പോയി കുളിച്ചിട്ട് വാ.. മുഷിഞ്ഞതൊക്കെ അവിടെ ഊരിയിട്ടേക്ക്..എന്നിട്ട് തത്കാലം ഈ മുണ്ടുടുക്ക്.. തല നനയ്ക്കണ്ട കേട്ടോ.?”

അവന് വല്ലാത്ത ലജ്ജ തോന്നിയെങ്കിലും   പറഞ്ഞത് അനുസരിച്ചു.കുളി കഴിഞ്ഞ് തോർത്ത്‌ പുതച്ച്  കസേരയിൽ ഇരുന്നപ്പോഴേക്കും  പുട്ടും കടലക്കറിയും  മുൻപിലെത്തി.. രണ്ടുപേരും ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിച്ചു… അവളോട് വര്ഷങ്ങളുടെ അടുപ്പം ഉള്ളത് പോലെ അവന്  തോന്നി…അവന് രാവിലെ കഴിക്കാനുള്ള മരുന്നുകൾ എടുത്ത് കൊടുത്തതിനു ശേഷം അവൾ ഡ്രസ്സ്‌ മാറി റെഡി ആയി..

“അഭീ.. നീ ഇവിടെ ഇരിക്ക് ചേച്ചി ഇപ്പൊ വരാം…”

“എനിക്ക് പോകണം..”

“എവിടേക്ക്? മരുന്ന് തീരുന്നത് വരെ റസ്റ്റ്‌ എടുക്കാൻ ഡോക്ടർ പറഞ്ഞിട്ടുണ്ട്. “

“അതല്ല  ചേച്ചീ… സ്വാമിയേട്ടൻ വിളിക്കുമ്പോ ഞാൻ അവിടെ ഇല്ലെന്നറിഞ്ഞാൽ പേടിക്കും…”

“നിന്റെ സ്വാമിയേട്ടന്റെ നമ്പർ ഉണ്ടോ?”

തന്റെ പേഴ്സിൽ നിന്ന് ഒരു ചെറിയ കടലാസ് അവൻ അവൾക്ക് നൽകി.. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിച്ചോളാൻ പറഞ്ഞിട്ട് സ്വാമിനാഥൻ കൊടുത്തതാണ്…

“ഞാൻ സ്വാമിയേട്ടനോട് പറഞ്ഞോളാം പോരേ? നീ പോയി കിടക്ക്…”

അവൾ ബാഗുമെടുത്ത് പുറത്തേക്ക് നടന്നു..വല്ലാത്തൊരു വീർപ്പുമുട്ടൽ അവന് അനുഭവപ്പെടുന്നുണ്ടായിരുന്നു… താൻ  വേറൊരാൾക്ക് കൂടി ബാധ്യത ആയോ എന്നൊരു തോന്നൽ… ഇരുന്നും കിടന്നും അവൻ  നേരം കൂട്ടി… കുറെ സമയം കഴിഞ്ഞപ്പോൾ വൈശാലി തിരിച്ചു വന്നു.. കയ്യിലെ പ്ലാസ്റ്റിക് കവർ അവന്  നീട്ടി..

“നിനക്കാ..”

“എന്തായിത്?”

“തുറന്ന് നോക്ക്…”

അവൻ  തുറന്നു… രണ്ടു ഷർട്ട്, പാന്റ്, അടിവസ്ത്രങ്ങൾ….

“എന്തിനാ ചേച്ചീ വെറുതെ.,… എന്റെ ഡ്രസ്സ്‌ ഒക്കെ സ്വാമിയേട്ടന്റെ വീട്ടിൽ ഉണ്ടല്ലോ?”

“അത് അവിടെ ഇരുന്നോട്ടെ… നിനക്ക് ഇഷ്ടമായോ?”

അവൻ തലയാട്ടി… പക്ഷേ മുഖത്ത് ദുഃഖം നിഴലിച്ചിരുന്നത് അവൾ ശ്രദ്ധിച്ചു..

“എന്തു പറ്റിയെടാ?”

“എന്നെ കൊണ്ട് എല്ലാർക്കും ബുദ്ധിമുട്ടാ… ദൈവത്തിന് പോലും എന്നെ ഇഷ്ടമല്ല എന്ന് തോന്നും… അതോണ്ടല്ലേ അച്ഛനേം അമ്മയേം എനിക്ക് തരാതിരുന്നത്? പാവം  അമ്മമ്മ.. വയ്യാതിരുന്നിട്ടും എനിക്ക് വേണ്ടി കുറെ കഷ്ടപ്പെട്ടു… പിന്നെ സ്വാമിയേട്ടൻ.. ഏതോ നാട്ടിൽ നിന്ന് ജോലി ചെയ്യാൻ വന്നതാ.. എന്നെയും കൊണ്ട് കഷ്ടപ്പെട്ടു.. ഇപ്പൊ ഇതാ ചേച്ചിയും….”

“എനിക്ക് കഷ്ടപ്പാട് ആണെന്ന് ആരാ പറഞ്ഞേ?”

“അതല്ലേ  സത്യം? ആർക്കും എന്നെകൊണ്ട് ഒരു ഉപകാരവുമില്ല…”

അവന്റെ കണ്ണുകൾ ഈറനണിഞ്ഞു…

“അഭീ…”  വൈശാലി  സ്നേഹത്തോടെ വിളിച്ചു..

“ഉം?”

“ഞാൻ നിന്റെ ആരാ? “

“ചേച്ചി..”

“ഇങ്ങടുത്തു വാ..”

അവൾ  കൈകൾ  നീട്ടി… അഭിമന്യു  പതിയെ  മുന്നോട്ട് വന്ന് അവളോട് ചേർന്നു നിന്നു…

“നാളെ  ചേച്ചി കിടപ്പിലായാൽ  നീ  സഹായിക്കില്ലേ..?”

“അതിനെന്താ സംശയം? ഞാനുണ്ടാവും…”

“അത്രയേ  എനിക്കും വേണ്ടൂ… സ്നേഹിക്കാൻ ഒരമ്മയുടെ വയറ്റിൽ നിന്ന് പിറക്കുകയൊന്നും വേണ്ടെടാ… നീ എന്റെ അനിയൻ തന്നെയാ…ഒന്നിനും കൊള്ളില്ല എന്ന തോന്നൽ ആദ്യം മാറ്റ്…നിനക്കിപ്പോ സ്വാമിയേട്ടൻ ഉണ്ട്… ഞാനുണ്ട്… പോരേ?”

അവൻ ഒന്നും മിണ്ടിയില്ല.. അവളോട് ചേർന്നു നിൽകുമ്പോൾ ബുദ്ധിയുറയ്ക്കും മുൻപ് നഷ്ടപ്പെട്ടു പോയ മാതൃ വാത്സല്യം തിരിച്ചു കിട്ടിയത് പോലെ അവന് തോന്നി..

“പറയാൻ മറന്നു പോയി.. ഞാൻ സ്വാമിയേട്ടനെ വിളിച്ചിരുന്നു..”

“എന്നിട്ട്?” അവൻ മുഖമുയർത്തി അവളെ നോക്കി…

“നീ എന്റെ കൂടെയാണെന്നും  പേടിക്കണ്ട എന്നും പറഞ്ഞു… അദ്ദേഹത്തിന് സന്തോഷമായി.. കുറച്ചു ദിവസം കഴിഞ്ഞാൽ വരും..”

“എന്റെ പനിയൊക്കെ മാറിയില്ലേ? നാളെ  മുതൽ ഞാൻ കച്ചവടത്തിന് പോകും “

“നീയിനി ആ പണിക്ക് പോകുന്നില്ല.. ഇത് പഠിക്കാനുള്ള പ്രായമാ… അതു കഴിഞ്ഞിട്ട് നമുക്ക് ജോലി അന്വേഷിക്കാം..”

അവന് എതിർക്കാൻ കഴിഞ്ഞില്ല….അദ്ധ്യയന വർഷം  ഏകദേശം തീരാറായതിനാൽ  തത്കാലം അവനെ വീട്ടിൽ നിന്നു പഠിപ്പിക്കാനും പിന്നെ സ്കൂളിൽ ചേർക്കാനും വൈശാലി തീരുമാനിച്ചു… ആഴ്ചകൾ കടന്നു പോയപ്പോൾ സ്വാമിനാഥൻ  തിരിച്ചെത്തി.. കൂടെ  മകൾ എട്ടു വയസുകാരി അനിതയും ഉണ്ടായിരുന്നു…. വൈശാലി അഭിമന്യുവിനെയും കൂട്ടി അയാളെ കാണാൻ പോയി..

“എന്റെ അനിയത്തി ഇവളെ നോക്കാം എന്നു പറഞ്ഞതാ… പക്ഷേ അവളുടെ ഭർത്താവിന് ഇഷ്ടമില്ലാത്തത് പോലെ തോന്നി.. അതാണ് ഇങ്ങോട്ട് കൂട്ടിയത്…”

സ്വാമിനാഥൻ പറഞ്ഞു..

” നന്നായി… സ്വാമിയേട്ടൻ തുണിക്കച്ചവടം നിർത്തി ഇവിടെ വേറെ വല്ല ജോലിയും ചെയ്തോ..”

വൈശാലി ഉപദേശിച്ചു..

“അതെ. അതു തന്നെയാ  എന്റെയും മനസ്സിൽ… നാട്ടിലെ സ്ഥലം വിറ്റതിന്റെ കുറച്ചു കാശ് കൈയിൽ ഉണ്ട്…ഇവിടെ ഒരു കട വാടകയ്ക്ക് എടുക്കാം… “

അഭിമന്യു അനിതയെ  തന്നെ നോക്കിയിരിക്കുകയായിരുന്നു… ഇടയ്ക്ക് എപ്പോഴോ അവളുടെയും അവന്റെയും മിഴികൾ തമ്മിലിടഞ്ഞു…അഭിമന്യുവിനെ ചേർത്തു നിർത്തികൊണ്ട് സ്വാമിനാഥൻ മകളെ അടുത്തേക്ക് വിളിച്ചു…

“ഇത് താൻ  ഉന്നുടെ അണ്ണൻ.. പേര് അഭിമന്യു…”

അവളുടെ  കുഞ്ഞ് മുഖത്തു സന്തോഷം പ്രകടമായി…

“ഇവൾക്ക് തമിഴ് മാത്രമേ അറിയൂ..ഇവിടെ ഒരു ഏട്ടൻ ഉണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു… അന്ന് തൊട്ടേ കാത്തിരിപ്പാണ്…”

അയാൾ  വൈശാലിയോട് പറഞ്ഞു… കുറച്ചു നേരം കൊണ്ട് തന്നെ  അനിതയും   അഭിമന്യുവും  കൂട്ടായി… ഭാഷ അറിയില്ല എങ്കിലും അതൊരു തടസ്സമായി അവർക്ക് അനുഭവപ്പെട്ടില്ല…

“സ്വാമിയേട്ടാ… അവൻ എന്റെ കൂടെ തന്നെ  താമസിക്കട്ടെ.. ഇവിടെ മൂന്ന് പേർക്കുള്ള സൗകര്യം ഒന്നുമില്ലല്ലോ… അതുമാത്രമല്ല, അവനെ കിട്ടിയതിൽ പിന്നെയാ എനിക്കും ആരൊക്കെയോ ഉണ്ടെന്നുള്ള തോന്നൽ വന്നത്..”

“മോൾക്ക് നല്ലതേ  വരൂ. ഇന്നത്തെ കാലത്ത് ഇങ്ങനെ ചിന്തിക്കുന്ന ആളുകൾ കുറവാണ്.. അവനൊരു നല്ല നിലയിൽ എത്തണം എന്നു തന്നെയാ  എന്റെ ആഗ്രഹം…”

“എല്ലാം ശരിയാകും… അനിതമോളെയും  സ്കൂളിൽ ചേർത്തു പഠിപ്പിക്കണം…”

അയാൾ തലയാട്ടി… അഭിമന്യു സന്തോഷവാനായിരുന്നു… ആരുമില്ലാത്തതിന്റെ സങ്കടം അവനെ വിട്ടകന്നു… ചേച്ചി, അനിയത്തി, അച്ഛന്റെ സ്ഥാനത്തു നിന്ന് സ്നേഹം തരാൻ സ്വാമിയേട്ടൻ…അതു മതിയായിരുന്നു അവന്… വൈശാലി വാങ്ങിക്കൊടുത്ത സൈക്കിളുമെടുത്ത് എന്നും അവൻ  കോളനിയിൽ വരും.. ചിലപ്പോൾ അനിതയെയും കൊണ്ട് വൈശാലിയുടെ  വീട്ടിലേക്ക് വരും… സ്വാമിനാഥൻ  കോളനിയുടെ അടുത്തു തന്നെ  ഒരു ചെറിയ പച്ചക്കറിക്കട  തുടങ്ങി..നല്ല രീതിയിൽ  നാല് ജീവിതങ്ങൾ  മുന്നോട്ട് പോകുകയായിരുന്നു..  അപ്പോഴാണ് അപ്രതീക്ഷിതമായ ചിലരുടെ  കടന്നു  വരവ്,….

ഒരു ദിവസം വൈകിട്ട് മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു  വൈശാലിയും  അഭിമന്യുവും.. നല്ല തിരക്കുണ്ട്….

“എന്ത് ചോദിച്ചാലും വേണ്ട എന്നേ പറയൂ.. നീയെന്താടാ ഇങ്ങനെ?”

അവൾ ദേഷ്യപ്പെട്ടു..

“വേണ്ടാത്തത് കൊണ്ട് തന്നെ… എനിക്കാവശ്യമുള്ളതൊക്കെ  ചേച്ചി വാങ്ങി തന്നിട്ടുണ്ടല്ലോ… പിന്നെന്തിനാ എപ്പഴും  കാശ് കളയുന്നെ?”

“എന്നാലും ഇത്രയും കടകളിൽ കയറിയിറങ്ങിയിട്ട് ഒരു ചോക്ലേറ്റ് പോലും നീ  വാങ്ങിയില്ലല്ലോ.. “

“എനിക്ക് ഒന്നും വേണ്ട.. ചേച്ചിയുടെ കൂടെ ഇങ്ങനെ വെറുതെ  നടന്നാൽ  മതി..”

“ചെറുക്കാ.. സുഖിപ്പിക്കല്ലേ.. നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് വീട്ടിൽ പോകാം… ഇന്നിനി ഒന്നും ഉണ്ടാക്കാൻ വയ്യ..”

രണ്ടു കൈകളിലും  സാധനങ്ങൾ  നിറച്ച  കവറുകൾ തൂക്കിപ്പിടിച്ച് അവർ ഹോട്ടലിനു നേരെ നടന്നു.. അവൾ പറഞ്ഞത് ശരിയായിരുന്നു… തനിക്കു വേണ്ടി അഭിമന്യു ഒന്നും വാങ്ങിയില്ല.. അനിതയ്ക്ക് ഒരു ഉടുപ്പ് വാങ്ങി തരുമോ എന്ന് ചോദിച്ചപ്പോൾ വൈശാലി  രണ്ടെണ്ണം വാങ്ങി.. സ്വാമിയേട്ടന് ഒരു ഷർട്ടും… തനിക്കുള്ളതൊക്കെ വീട്ടിൽ ഉണ്ടെന്ന്  പറഞ്ഞ്  വേറൊന്നും വാങ്ങാൻ അഭിമന്യു അവളെ അനുവദിച്ചില്ല…

എന്തൊക്കെയോ സംസാരിച്ചു കൊണ്ട് ആൾക്കൂട്ടത്തിനിടയിലൂടെ അവർ നടക്കുകയായിരുന്നു… പെട്ടെന്ന് പിന്നിൽ ഒരു ബഹളം.. അവർ  തിരിഞ്ഞു നോക്കി.. ഒരു പയ്യൻ  വേഗത്തിൽ ഓടിവരുന്നു… അതിന്റെ പിറകെ  വേറൊരാളും…. അഭിമന്യു  സൈഡിലേക്ക് ഒഴിഞ്ഞു മാറി… പക്ഷേ വൈശാലിക്ക് അതിനുള്ള സമയം കിട്ടിയില്ല… പിന്നാലെ വന്നയാളുടെ  ദേഹം വന്നിടിച്ച് അവൾ നിലത്തേക്ക് വീണു.. സാധനങ്ങൾ ചിതറി… അതോടെ അഭിമന്യുവിന്റെ നിയന്ത്രണം വിട്ടു..കയ്യിലിരുന്ന കവറുകൾ താഴെയിട്ട് റോഡരികിൽ നിന്നും ഒരു ഇഷ്ടിക കഷ്‌ണമെടുത്തു അവൻ അയാളെ എറിഞ്ഞു… ഏറു കൊണ്ടത് പിൻകഴുത്തിനു കുറച്ചു താഴെ ആയിട്ടാണ്.. അപ്രതീക്ഷിതമായതിനാൽ അയാൾ നിലതെറ്റി കമഴ്ന്നടിച്ചു  വീണു…വൈശാലി  തടയും  മുൻപേ അവൻ ഓടിച്ചെന്നു അയാളെ  കുത്തിപ്പിടിച്ച് എഴുന്നേൽപ്പിച്ചു..

“എവിടെ നോക്കിയാടാ  നീ  ഓടുന്നെ? “

അവൻ അലറി..

“ഒരാളെ തള്ളി താഴെയിട്ടിട്ട് ഒരു സോറി പറയാനുള്ള മര്യാദ ഇല്ലേ?”

അയാൾ  ഓടിപ്പോകുന്ന പയ്യനെയും  അഭിമന്യുവിനെയും മാറി മാറി നോക്കി.. വൈശാലി  അവനെ പിന്നോട്ട് വലിക്കാൻ ശ്രമിച്ചു..

“അഭീ… വിട് മോനേ.. എനിക്കൊന്നും പറ്റിയില്ല..”

“ചേച്ചി മാറി  നിന്നേ.. പെണ്ണുങ്ങളുടെ ദേഹത്തിടിക്കാൻ വേണ്ടി മാത്രം ഇവിടെ അലഞ്ഞു നടക്കുന്ന കുറെയെണ്ണം ഉണ്ടെന്ന് സ്വാമിയേട്ടൻ പറഞ്ഞിരുന്നു…”

ആളുകൾ അമ്പരപ്പോടെയാണ് ആ  രംഗം നോക്കി നില്കുന്നത്.. നല്ല പൊക്കവും അതിനൊത്ത  ബലിഷ്ടമായ ശരീരവുമുള്ള ഒരു ചെറുപ്പക്കാരന്റെ ഷർട്ടിനു പിടിച്ചുലയ്ക്കുന്ന മെലിഞ്ഞ ഒരു പയ്യൻ.. അയാളൊന്ന് ആഞ്ഞടിച്ചാൽ  ചിലപ്പോൾ അവൻ  ചത്തു പോകും.. പക്ഷേ അവന്റെ മുഖത്ത് ഭയം ലവലേശം ഉണ്ടായിരുന്നില്ല..

“അഭീ… ഞാനാ പറയുന്നത്.. വിടെടാ..” വൈശാലി  സർവ്വ ശക്തിയും ഉപയോഗിച്ച് അവനെ പിന്നോട്ട് മാറ്റി…. പ്രായമുള്ള ഒരു സ്ത്രീ അങ്ങോട്ട്  കിതച്ചു കൊണ്ട് വന്നു..

“നീ എന്തിനാ പുറകെ പോയത് മോനേ.?. ആ പേഴ്സിൽ ആകെ  നൂറു രൂപയേ ഉണ്ടായിരുന്നുള്ളൂ…”

അവർ  ചെറുപ്പക്കാരനോട് പറഞ്ഞു.അയാൾ പോക്കറ്റിൽ നിന്ന് കുറച്ചു കാശ്ശെടുത്ത് അവരുടെ കയ്യിൽ പിടിപ്പിച്ചു..

“ഇതൊന്നും വേണ്ട മോനേ..” അവർ  തടഞ്ഞു.

“സാരമില്ല… വച്ചോ.. പോയി മരുന്ന് വാങ്ങ്..”

അവർ  തൊഴുത് കൊണ്ട് തിരിച്ചു നടന്നു.. ആൾക്കാർ പിരിഞ്ഞു പോയി തുടങ്ങി…

“സോറി.. ഞാൻ വീഴുന്നത് കണ്ടിട്ടാ ഇവൻ…. “

വൈശാലി പറഞ്ഞു..

“ക്ഷമ  ചോദിക്കേണ്ടത് ഞാനല്ലേ…? തനിക്കു വല്ലതും പറ്റിയോ?”

“ഇല്ല..”

“ആ അമ്മ മെഡിക്കൽ ഷോപ്പിൽ നില്കുമ്പോ ഒരുത്തൻ അവരുടെ പേഴ്സും തട്ടിപ്പറിച്ച് ഓടി… അവനെ പിടിക്കാൻ പോകുകയായിരുന്നു ഞാൻ.. വേറൊന്നും ആ  സമയത്ത് ശ്രദ്ധിച്ചില്ല.. തെറ്റ്‌ എന്റേത് തന്നെയാ..”

അയാൾ അഭിമന്യുവിന്റെ കയ്യിൽ പിടിച്ചു..

“അനിയാ… സോറി… ഞാൻ മനഃപൂർവം ഇടിച്ചതൊന്നുമല്ല.. അങ്ങനെ സ്ത്രീകളെ തൊടാൻ നടക്കുന്ന ഒരാളല്ല  ഞാൻ.. പറ്റിപ്പോയി… ക്ഷമിക്ക്..എന്നാലും നിന്റെ ഉന്നം സമ്മതിച്ചിരിക്കുന്നു.. ഈ  തിരക്കിനിടയിൽ കറക്റ്റ് എന്റെ ദേഹത്ത് തന്നെ എറിഞ്ഞു കൊള്ളിച്ചല്ലോ… എന്താ നിന്റെ പേര്?”

“അഭിമന്യു…” അവൻ  ചെറിയ ചമ്മലോടെയും കുറ്റബോധത്തോടെയും പറഞ്ഞു..അയാൾ പൊട്ടിച്ചിരിച്ചു..

” കൗരവപ്പടയെ നേരിടാൻ സധൈര്യം പുറപ്പെട്ട വീരനായ അഭിമന്യു… ചുമ്മാതല്ല   ലക്ഷ്യം  തെറ്റാഞ്ഞത്… “

“വേദനിച്ചോ?”  വൈശാലി  സങ്കടത്തോടെ ചോദിച്ചു..

“അതെന്തു ചോദ്യമാടോ..? ഏറു കൊണ്ടാൽ വേദനിക്കാതിരിക്കുമോ? സാരമില്ല… എന്തായാലും ഇതുപോലൊരു അനിയനെ കിട്ടിയതിൽ  താൻ  ഭാഗ്യവാനാ…എന്താ തന്റെ പേര്?”

“വൈശാലി..”

“ഞാൻ മാധവൻ…ഇവിടെ ലോഡിങ് തൊഴിലാളി ആണ്… “

ചിതറി വീണ സാധനങ്ങൾ  കവറുകളിൽ നിറയ്ക്കാൻ മാധവനും സഹായിച്ചു….

“ഞങ്ങൾ പോട്ടെ?”

“എവിടെയാ വീട്..?”

“സ്കൂളിന്റെ അടുത്ത്..”

“വണ്ടിയുണ്ടോ? സമയം വൈകിയല്ലോ?”

“ഓട്ടോ പിടിക്കണം..”

റോഡിന്റെ അപ്പുറത് നില്കുകയായിരുന്ന ഓട്ടോറിക്ഷ മാധവൻ കൈകാട്ടി വിളിച്ചു…

“ഒരിക്കൽ കൂടി  സോറി. രണ്ടാളോടും..”  സാധങ്ങൾ ആദ്യം കയറ്റി അവരും കയറിയ ശേഷം അയാൾ പറഞ്ഞു… പിന്നെ തിരിഞ്ഞ് ആൾക്കൂട്ടത്തിൽ എങ്ങോ മറഞ്ഞു..

“നീയെന്ത് പണിയാ കാണിച്ചത് അഭീ?”

വീട്ടിലെത്തിയ ഉടനെ വൈശാലി ശാസിച്ചു..

“തലയ്ക്കെങ്ങാനും ഏറു കൊണ്ടിരുന്നെങ്കിലോ?.. അയാളൊരു നല്ല മനുഷ്യൻ ആയത് കൊണ്ട് പ്രശ്നമാക്കിയില്ല.. വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ നിനക്കു അടികിട്ടിയേനെ… എന്ത് ധൈര്യത്തിലാ നീ അയാളുടെ ഷർട്ടിൽ പിടിച്ചത്?”

“ചേച്ചി വീണത് കണ്ടപ്പോൾ സഹിച്ചില്ല… പിന്നെ അയാളല്ല, വേറെ ആരായാലും  ചേച്ചിയെ വേദനിപ്പിച്ചാൽ  ഞാൻ ഇതു തന്നെ  ചെയ്യും..”

അവന്റെ ശബ്ദം ഉറച്ചതായിരുന്നു.. അവൾക്കു മുന്നിൽ താൻ ഉണ്ടാകുമെന്നൊരു വാഗ്ദാനം… എന്തിനോ വൈശാലിയുടെ  കണ്ണ് നിറഞ്ഞു…

പിന്നെ മാധവനെ അവൾ  കാണുന്നത് തന്റെ സ്കൂളിൽ വച്ചാണ്…കുറെ നാളുകൾക്ക് ശേഷം..വൈകിട്ട് സ്കൂളിൽ  ടീച്ചേഴ്‌സ് മീറ്റിങ്ങും കഴിഞ്ഞ് പോകാനിറങ്ങിയപ്പോൾ   പ്രിൻസിപ്പൽ കോശി സാറിനോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു അയാൾ… കൂടെ വേറൊരാളുമുണ്ട്… അവൾ പരിചിത ഭാവത്തിൽ ഒന്ന് ചിരിച്ചു… പെട്ടെന്ന് മനസിലാവാത്തത് കൊണ്ടാവണം, അയാൾ ഒരുനിമിഷം ആലോചിച്ചു.. പിന്നെ ആ  മുഖത്തും  ചിരി പ്രത്യക്ഷപ്പെട്ടു..

“താൻ ടീച്ചറാണോ?”

“അതെ… എന്താ ഇവിടെ? “

“ഇതെന്റെ കൂടെ ജോലി ചെയ്യുന്നയാളാ.. ഇദ്ദേഹത്തിന്റെ കൂടെ  വന്നതാ..”

മാധവൻ പറഞ്ഞു..പിന്നെ കൂടെയുള്ള ആളെ  നോക്കി.

“രാജേട്ടാ.. നിങ്ങള് നടന്നോ.. ഞാൻ വന്നോളാം..”

അയാൾ പോയപ്പോൾ മാധവൻ അവൾക്കു നേരെ തിരിഞ്ഞു..

“മൂപ്പരുടെ മോൻ ഇവിടെ പത്ത് ബിയിൽ ആണ് പഠിക്കുന്നത്…. ഈയിടെയായി ചെറുക്കന്റെ പോക്ക് അത്ര ശരിയല്ല എന്നൊരു സംശയം.. രാവിലെ സ്കൂളിലേക്ക് എന്നും പറഞ്ഞ് ഇറങ്ങിയവനെ  ഇന്നലെ സിനിമാതീയേറ്ററിൽ വച്ച്  ഒരാൾ കണ്ടു.. കൂടെ വേറെയും പിള്ളേരുണ്ടായിരുന്നു.. രണ്ടെണ്ണം കൊടുത്തപ്പോൾ ഇടയ്ക്കിടക്ക് ഇങ്ങനെ മുങ്ങാറുണ്ട് എന്ന് സമ്മതിച്ചു.. അതാ സാറിനെ കണ്ട് ഒന്ന് ശ്രദ്ധിച്ചോളണം എന്ന് പറയാൻ വന്നത്…”

മാധവൻ  അവളുടെ കയ്യിലെ പുസ്തകം നോക്കി.

“ഏത് സബ്ജക്റ്റാ പഠിപ്പിക്കുന്നെ?”

“മാത്‍സ്..”

“ഭൂലോകത്തിന്റെ  സ്പന്ദനം മാത്തമാറ്റിക്സിൽ ആണല്ലോ  അല്ലേ? കൊള്ളാം… പക്ഷേ നമ്മൾ സ്കൂളിൽ പഠിക്കുന്ന പലതും  ജീവിതത്തിൽ ഒരിക്കൽ പോലും ഉപയോഗപ്പെടാത്തതാണ്… ശരിയല്ലേ?”

“ഏതു വരെ പഠിച്ചു..”

“അധികമൊന്നുമില്ല… പി ജി കഴിഞ്ഞു…”

വൈശാലി അത്ഭുതത്തോടെ അയാളുടെ കണ്ണുകളിൽ  നോക്കി..

“നോട്ടത്തിന്റെ അർത്ഥം മനസിലായി… പിജി വരെ പഠിച്ചിട്ട് എന്തിനാ ചുമട്ടു തൊഴിലാളി ആയത് എന്ന് അല്ലേ?”

അവൾ അതെ എന്നർത്ഥത്തിൽ തലയാട്ടി..

“അച്ഛൻ ഈ ജോലി ചെയ്താ  എന്നെയും അനിയത്തിയെയും വളർത്തിയത്…. രണ്ടു വർഷം മുൻപ് മരിച്ചു പോയി..ഞാൻ കുറച്ചു സൈഡ് ബിസിനസ് ഒക്കെ ആയി കഴിയുകയായിരുന്നു… അച്ഛന്റെ വിയർപ്പുമണം വല്ലാതെ മിസ്സ്‌ ചെയ്തപ്പോൾ ഈ ജോലിക്ക് ഇറങ്ങി… വട്ടാണെന്ന് എല്ലാരും പറഞ്ഞതാ.. പക്ഷേ നമുക്ക് മാത്രം മനസിലാവുന്ന, പ്രിയപ്പെട്ട ചില  വട്ടുകൾ ഇല്ലേ? അതാണ്  ഇതും.. പക്ഷേ ഭയങ്കര ഹാപ്പി ആണ് കേട്ടോ… “

“അനിയത്തി എന്തു ചെയ്യുന്നു? “

“പഠിക്കുകയാ… നഴ്സിങ്ങിന്.. ഇവിടല്ലാട്ടോ.. അങ്ങ് ബാംഗ്ലൂരാ.. അമ്മയുടെ ചേച്ചിയുണ്ട് അവിടെ… ഇടയ്ക്ക് വരും…”

“അപ്പൊ വീട്ടിൽ നിങ്ങളും അമ്മയും മാത്രമേ  ഉള്ളൂ?”

“ഭാഗികമായി ശരിയാണ്…”  അയാൾ ചിരിച്ചു.

“അമ്മയുടെയും അച്ഛന്റെയും ഓർമകളും  ഞാനും….. ദുർഗയെ… അതായത് എന്റെ അനിയത്തിയെ പ്രസവിച്ച് മണിക്കൂറുകൾ കഴിഞ്ഞപ്പോഴേക്കും അമ്മ മരിച്ചു… പിന്നെ അച്ഛനായിരുന്നു ഞങ്ങൾക്ക് എല്ലാം… ഇപ്പൊ അവൾക്ക് ഞാൻ മാത്രമായി…. മറ്റേ പവിത്രം സിനിമയിലെ ലാലേട്ടനെ പോലെ, ചേട്ടച്ഛൻ  എന്നു തന്നെ പറയാം… അവളും ഞാനും  നല്ല പ്രായവ്യത്യാസം  ഉണ്ട്…”

വൈശാലി  കേട്ടു കൊണ്ട് നടക്കുകയാണ്…

“തന്റെ അനിയൻ… എന്താ ആ  മിടുക്കന്റെ പേര്? ആ … അഭിമന്യു… അവൻ  ഈ  സ്കൂളിൽ തന്നെയാണോ?”

“ഇതുവരെ അല്ല.. ഇനി ചേർക്കണം..”

“അതെന്താ?”

ഒന്ന് മടിച്ച ശേഷം അവൾ  കാര്യങ്ങൾ ചുരുക്കി പറഞ്ഞു… മാധവനോട്  ഒളിച്ചു വയ്ക്കേണ്ട കാര്യമില്ല എന്ന് അവൾക്ക് തോന്നി… എല്ലാം കേട്ട ശേഷം അവൻ കുറച്ചു നേരം  നിശബ്ദനായി.. പിന്നെ അവളെ  നോക്കി…

“എന്തൊക്കെയോ പറയണമെന്നുണ്ട്. പക്ഷേ വാക്കുകൾ കിട്ടുന്നില്ല…നിങ്ങളെയൊക്കെ വച്ചു നോക്കുമ്പോൾ ഞാനൊന്നും ഒന്നുമല്ല… ഇങ്ങനെയൊക്കെ സ്നേഹിക്കാൻ പറ്റുമോ?”

“പറ്റും… എനിക്കും അവനും  വേറാരുമില്ല..ഏകാന്തത എത്ര ഭയാനകമാണെന്ന് അനുഭവിച്ചവരാ  ഞങ്ങൾ… നിങ്ങളും അങ്ങനെ അല്ലേ?”

“ഏയ് അല്ല. ഞാൻ ജോലിയും കഴിഞ്ഞ് വീട്ടിലെത്തി രണ്ടെണ്ണം അടിക്കും.. പിന്നെ അച്ഛനോടും അമ്മയോടും സംസാരിക്കും… അതിനിടയിൽ ഒറ്റപ്പെടലൊന്നും അറിയില്ല.. പിന്നെ അനിയത്തി വന്നാൽ വെള്ളമടി  ഇല്ല കേട്ടോ… പേര് പോലെ തന്നാ  സ്വഭാവവും… തനി  ദുർഗ്ഗ…”

റോഡരികിൽ കാത്തു നിൽക്കുന്ന കൂട്ടുകാരനെ കണ്ടപ്പോഴാണ് തങ്ങൾ നേരം കുറെ ആയി സംസാരം  തുടങ്ങിയിട്ട് എന്ന ബോധം രണ്ടുപേർക്കും വന്നത്..

“അപ്പൊ ശരി  ടീച്ചറേ… പിന്നെ എപ്പോഴെങ്കിലും കാണാം.. അഭിമന്യുവിനോട് എന്റെ അന്വേഷണം പറയാണേ..”

“അതേയ്… ചോദിക്കാൻ വിട്ടു പോയി.. അന്ന് ഏറു കൊണ്ടിട്ടു മുറിഞ്ഞാരുന്നോ?”

“കുറച്ച്… രണ്ടു ദിവസം കുളിക്കുമ്പോൾ നല്ല പുകച്ചിലായിരുന്നു…പക്ഷേ ആ  ഏറു കൊണ്ടല്ലേ നമ്മൾ പരിചയപ്പെട്ടത്?.. ഇത്രയും അടുത്തത്?”

“എത്രയും?”  മനസിലാവാത്തത് പോലെ വൈശാലി അവനെ  നോക്കി..

“തെറ്റിദ്ധരിക്കണ്ട.. നമ്മൾ ഇപ്പൊ നല്ല സുഹൃത്തുക്കൾ അല്ലേ? അതാണ് ഉദ്ദേശിച്ചത്..പറ്റുമെങ്കിൽ ഞായറാഴ്ച്ച അനിയനെയും  കൂട്ടി വീട്ടിലേക്ക് വാ.. ദുർഗയുടെ പിറന്നാളാണ്.. ഗാന്ധി പാർക്കിന്റെ ഇടതു വശത്തൂടെ ഒരു റോഡില്ലേ? അതിലൂടെ രണ്ടു കിലോമീറ്റർ വന്നാൽ  ഒരു റേഷൻ കട കാണാം… അതിന്റെ പുറകിലാ  വീട്… അവിടെ എത്തി ആരോട് ചോദിച്ചാലും പറഞ്ഞു  തരും..”

“നോക്കാം… ഞായറാഴ്ച വേറെ ചില പ്രോഗ്രാംസ് ഉണ്ട്..”

അവൾ കള്ളം പറഞ്ഞു..

“മതി… നിർബന്ധിക്കുന്നില്ല… വലിയ പാർട്ടി ഒന്നുമില്ലെടോ.. ഞാനും അവളും  മാത്രം..  ആഘോഷങ്ങൾ പതിവില്ലാത്തതാണ്.. തന്നോടും അനിയനോടും  എന്തോ ഒരിഷ്ടം തോന്നി.. ഏകദേശം നമ്മളൊക്കെ ഒരേ പോലെയല്ലേ? അതോണ്ട് വിളിച്ചതാ.. ബാക്കിയൊക്കെ തന്റെ ഇഷ്ടം.. “

മാധവൻ കൂട്ടുകാരന്റെ ബൈക്കിന്‌ പിറകിൽ കയറി പോകുന്നത് അവൾ നോക്കി നിന്നു.. പിന്നെ വീട് ലക്ഷ്യമാക്കി നടന്നു…

(തുടരും )

Leave a Reply

Your email address will not be published. Required fields are marked *