“എനിക്ക് അവന്മാരെ വേണം.. എത്രയും പെട്ടെന്ന്…”
ഹോസ്പിറ്റലിൽ ആണ് നില്കുന്നതെന്ന് മറന്ന് ദേവരാജൻ അലറി.. ആളുകൾ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ സത്യപാലൻ അയാളുടെ കൈയിൽ പിടിച്ചു.
“മുതലാളീ…ഒന്ന് സമാധാനപ്പെട്… എല്ലാം നടക്കും.. ഞാനില്ലേ കൂടെ?”
“നീയിതു പറയാൻ തുടങ്ങിയിട്ട് നാള് കുറേ ആയി… സത്യാ…. അകത്ത് മരണത്തോട് മല്ലിട്ട് കിടക്കുന്നത് എന്റെ മോനാ.. ദേവരാജന്റെ മോൻ… അത് നീ മറക്കരുത്.. ആദ്യം സീത, ഇപ്പൊ യദു . എന്നിട്ടും നിനക്കു ആളെ കിട്ടിയില്ല അല്ലെ?.”
“പറയുമ്പോൾ എല്ലാം പറയണം മുതലാളീ..”
സത്യപാലന് ദേഷ്യം വന്നു..
“അവരിൽ ആരെയെങ്കിലും കിട്ടുന്നത് വരെ സീതാലയത്തിൽ നിന്ന് ആരും തനിച്ചു എങ്ങോട്ടും പോകരുത് എന്ന് ഞാൻ പറഞ്ഞതാ… കുട്ടികൾ സോപ്പിട്ടപ്പോൾ മുതലാളി സെക്യൂരിറ്റി പിൻ വലിച്ചു..എന്നാൽ രാത്രി യാത്ര എങ്കിലും ഒഴിവാക്കാൻ ഞാൻ പറഞ്ഞു.. അതും കേട്ടില്ല..എന്നിട്ട് എന്നെ കുറ്റം പറഞ്ഞിട്ട് എന്തു കാര്യം?”
ദേവരാജന് മറുപടി ഉണ്ടായില്ല..
“ഇതിനു പിറകെ ഞാനിറങ്ങിയപ്പോ മുതലാളി തടഞ്ഞു… അതവിടെ നിൽക്കട്ടെ, ബിസിനസ് ശ്രദ്ധിക്കാം ശത്രുക്കൾ മുന്നിൽ വരുമ്പോ പിടിക്കാമെന്നാണല്ലോ അന്ന് പറഞ്ഞത്? ഓർമയില്ലേ?.. ഇപ്പൊ എന്തായി?.. എനിക്കിനി നഷ്ടപ്പെടാൻ ഒന്നുമില്ല.. ആകെ ഉണ്ടായിരുന്നത് രഘു ആണ് . അവനെ അവന്മാർ എടുത്തു. പക്ഷേ മുതലാളിക്ക് അങ്ങനെയല്ല… ബിസിനസ് ശ്രദ്ധിക്കാൻ ശമ്പളം കൊടുത്ത് ആൾക്കാരെ നിർത്തിയിട്ടില്ലേ? അവര് നോക്കിക്കോളും… ജീവനേക്കാൾ വലുതായിട്ട് ഒന്നുമില്ല..”
സത്യപാലന്റെ ശബ്ദവും ഉയർന്നു… ഒരു നേഴ്സ് അങ്ങോട്ട് വന്നു.
“സൈലൻസ് പ്ലീസ്… ഇതൊരു ഹോസ്പിറ്റൽ ആണ്..”
അവൾ ദേഷ്യപ്പെട്ടു..
“പോയി നിന്റെ പണി നോക്കെടീ… ഇനിയിവിടെ നിന്നാൽ ചവിട്ടി നടുവൊടിക്കും ഞാൻ…”
സത്യപാലന്റെ അലർച്ചയിൽ ആ കെട്ടിടം നടുങ്ങി..
“സത്യാ… വേണ്ട..” ദേവരാജൻ തടഞ്ഞു.. എന്നിട്ട് നഴ്സിനെ നോക്കി..
“കൊച്ച് പൊയ്ക്കോ…” അവൾ തല കുനിച്ചു നടന്നു പോയി..
“നിന്നെ കുറ്റപ്പെടുത്തിയതല്ല..എന്റെ മാനസികാവസ്ഥ കൂടി നീ ഒന്ന് ചിന്തിക്ക്… ഇത് രണ്ടാം തവണയാണ് ഭാഗ്യം കൊണ്ട് രക്ഷപ്പെടുന്നത്… എന്നും അതിനു കഴിയണമെന്നില്ല.. അതിനു മുൻപ് ഇതിന്റെ പുറകിൽ ആരായാലും വീണിരിക്കണം.”
“കിട്ടും. പക്ഷേ അതുവരെ എന്നെ വേറൊരു കാര്യത്തിനും വിളിക്കരുത്… ആയുധം ഉപയോഗിച്ചവനെയും അതു കൊടുത്ത് പറഞ്ഞയച്ചവനെയും തീർത്തിട്ടേ ഞാൻ അടങ്ങൂ…”
സത്യപാലൻ വെട്ടിത്തിരിഞ്ഞു പുറത്തേക് നടന്നു.. ജീപ്പിനടുത്ത് ആരെയോ ഫോൺ ചെയ്യുകയായിരുന്നു ജോസ്..
“ആ ചെറുക്കന് എങ്ങനെയുണ്ട് സത്യാ?”
“ചത്തിട്ടില്ല…”
അയാൾ ഒരു ചുരുട്ടിനു തീ കൊളുത്തി..
“മോൻ തോന്നിവാസം കാണിച്ചിട്ട് അങ്ങേര് എന്റെ മെക്കിട്ട് കേറുകയാ..”
“ആര്? മുതലാളിയോ?”
“അതേടാ…എനിക്കങ്ങു ചൊറിഞ്ഞു വന്നതാ… എല്ലായിടത്തും ഒരേ സമയത്ത് എത്താൻ ഞാനെന്താ കുമ്പിടി ആണോ?.. പക്ഷേ ജോസേ… ഇതിപ്പോ അഭിമാന പ്രശ്നം ആയിപ്പോയി.. എത്രയും പെട്ടെന്ന് ആളെ കിട്ടണം… “
“ഞാനത് പറയാൻ തുടങ്ങുവാരുന്നു.. വാസവനാ വിളിച്ചത്… ഒരു ചെറിയ ക്ലൂ കിട്ടിയിട്ടുണ്ട്..”
“എന്താ?”
“കൊല്ലത്തു നിന്നും മുരുകൻ എന്നൊരുത്തനും അവന്റെ ടീമും ഈ നാട്ടിൽ എത്തിയിട്ടുണ്ട്… അവന്മാരാണോ എന്നൊരു സംശയം..”
ജോസിന്റെ ശബ്ദത്തിൽ ഗൗരവം കലർന്നു..
“സംഗതി ഉള്ളതാണെങ്കിൽ നമ്മൾ കരുതിയിരിക്കണം സത്യാ… അവൻ നിസാരക്കാരൻ അല്ല… അവന്റെ പ്ലാനിങ്ങുകൾ പക്കാ പ്രൊഫഷണൽ ആണ്.. അഫ്സലിനെ പോലെ മണ്ണുണ്ണി അല്ല എന്നർത്ഥം…”
“നമ്മളും നിസ്സാരക്കാരല്ലല്ലോ… വാസവനോട് അവന്മാരുടെ താവളം കണ്ടെത്താൻ പറ… “
“തപ്പുന്നുണ്ട്…”
“വൈകരുത്… എത്ര ആളുകളെ വേണമെങ്കിലും ഇറക്കിക്കോ,… ഇനി തിരിച്ചടി മാത്രമാണ് ലക്ഷ്യം…”
സത്യപാലൻ ജീപ്പിലേക്ക് കയറി..
ദേവരാജൻ ഐസിയുവിന് മുന്നിൽ എത്തിയപ്പോൾ അഭിമന്യു ഡോക്ടറോട് സംസാരിക്കുകയായിരുന്നു… സീതാലക്ഷ്മി യും ശിവാനിയും കസേരയിൽ കരഞ്ഞു തളർന്ന് ഇരിപ്പുണ്ട്.. തൊട്ടടുത്ത് അവരെ ആശ്വസിപ്പിച്ചു കൊണ്ട് മീനാക്ഷിയും.. അഭിമന്യു അയാളുടെ അടുത്തെത്തി..
“സർജറി കഴിഞ്ഞു,.. സമയത്തിന് തന്നെ എത്തിച്ചത് കൊണ്ട് ജീവൻ രക്ഷിക്കാൻ പറ്റി എന്നാ ഡോക്ടറു പറഞ്ഞത്..”
“ആരാ ഇങ്ങോട്ട് കൊണ്ടു വന്നേ?”
അയാൾ ചോദിച്ചു..
“അറിയില്ല.. അതുവഴി വന്ന ഏതോ വണ്ടിക്കാരാ..”
“എനിക്കൊന്ന്,.. അവനെ കാണാൻ പറ്റുമോ?”
ദേവരാജന്റെ സ്വരമിടറി..
“ഞാൻ ചോദിച്ചതാ .. ഇപ്പൊ പറ്റില്ല എന്നു പറഞ്ഞു…”
അയാൾ സീതാലക്ഷ്മിയുടെ അടുത്ത് ചെന്നിരുന്നു…
“ദേവേട്ടൻ ഇത്രയും നേരം എവിടെയായിരുന്നു?”
തളർച്ചയോടെ അവർ ചോദിച്ചു.
“ഞാൻ പുറത്ത്,… സത്യനോട്…”
“പ്രതികാരം ചെയ്യാനുള്ള തയ്യാറെടുപ്പ് ആയിരിക്കും അല്ലേ?”
“അത്…”
അവർ അവജ്ഞയോടെ അയാളെ നോക്കി.
“നിങ്ങൾ പ്രതികാരം ചെയ്യും,.. അതിന് പകരം അടുത്തത് എന്റെ മോളുടെ നേരെയായിരിക്കും..ഇതിങ്ങനെ തുടർന്നു കൊണ്ടിരിക്കും, അവസാനത്തെ ആളും മരിക്കുന്നത് വരെ..”
“നീ വേണ്ടാത്ത കാര്യങ്ങളിലൊന്നും തലയിടണ്ട.. ഇനി ഇതാവർത്തിക്കാതിരിക്കാൻ ഞാൻ നോക്കിക്കോളാം…”
സീതാലക്ഷ്മി എന്തോ പറയാനൊരുങ്ങിയതും മീനാക്ഷി അവരെ തടഞ്ഞു…
“അമ്മ വാ… എന്തെങ്കിലും കഴിക്കാം..”
“എനിക്കൊന്നും വേണ്ട മോളേ.. കണ്ണനെ ഒന്ന് കണ്ടാൽ മതി..”
അവർ കരഞ്ഞു..
“അതൊക്കെ കാണാം.. ആദ്യം എന്തെങ്കിലും ഭക്ഷണം കഴിക്ക്,. മെഡിസിൻ ഉള്ളതല്ലേ…? അതിനു ശേഷം സാറിനെ കാണാം..”
അവൾ ദേവരാജനെ ശ്രദ്ധിക്കാതെ സീതലക്ഷ്മിയെ ബലമായി പിടിച്ചെഴുന്നേൽപ്പിച്ചു.. എന്നിട്ട് ശിവാനിയെ നോക്കി..
“ശിവാ … നിന്നോടും കൂടിയാ…. “.
“എനിക്ക് വേണ്ട ചേച്ചീ ..അമ്മയ്ക്ക് വല്ലതും കൊടുക്ക്..’
“പറഞ്ഞത് കേൾക്കെടീ.. ” അവൾ ദേഷ്യപ്പെട്ടപ്പോൾ ശിവാനിയും എഴുന്നേറ്റ് കൂടെ നടന്നു.. മീനാക്ഷി ഒരു നിമിഷം എന്തോ ആലോചിച്ച് അഭിമന്യുവിന്റെ നേരെ തിരിഞ്ഞു..
“അഭീ… നീ സീതാലയത്തിൽ പോയി ഇവർക്ക് വേണ്ട ഡ്രെസ്സുകൾ ഒക്കെ കൊണ്ടു വാ ..ജോലിക്കാരിയോട് പറഞ്ഞാ മതി.. എടുത്തു തരും.. വരുന്ന വഴി ഓഫീസിൽ കയറി ജിൻസി ചേച്ചിയെ കാണണം.. ചേച്ചി ഒരു ഫയൽ തരും..”
“അപ്പൊ ഇവിടെ ആരാ?”
അഭിമന്യു സംശയത്തോടെ ചോദിച്ചു.. അവൾ ദേവരാജനെ നോക്കി..
“സാറിന്റെ അച്ഛനല്ലേ ഇവിടെ ഇരിക്കുന്നത്? പകരം വീട്ടാൻ പോകും മുൻപ് സ്വന്തം മോന്റെ കാര്യം നോക്കട്ടെ… നീ പറയുന്നത് അനുസരിക്ക്..”
ദേവരാജൻ ഉൾപ്പെടെ എല്ലാവരും അമ്പരന്നു പോയി.. പക്ഷേ അവളുടെ അപ്പോഴത്തെ മുഖഭാവം കണ്ടപ്പോൾ ആർക്കും ഒന്നും മിണ്ടാൻ തോന്നിയില്ല.. അവൾ സീതലക്ഷ്മിയെ താങ്ങി പിടിച്ച് കാന്റീനിനു നേരെ നടന്നു… അഭിമന്യു പുറത്തേക്കും…
മനസ്സിന് ചെറിയൊരു ആശ്വാസം തോന്നി സണ്ണിക്ക്.. ദേവരാജന്റെ മകൻ സീരിയസ് ആയി ഹോസ്പിറ്റലിൽ ആണെന്ന് അഫ്സൽ വിളിച്ചു പറഞ്ഞിരുന്നു..ജയിക്കാനുള്ള സാധ്യത ഒരു ശതമാനം കൂടിയിരിക്കുകയാണ്.. ആശുപത്രിയിൽ നിന്ന് തിരിച്ചു പോകും വഴി ദേവരാജന്റെ മോളെയും തീർക്കും എന്ന് മുരുകൻ ഉറപ്പ് നൽകിയിട്ടുണ്ട്… അതോടെ പാതി ജയിക്കും… പിന്നെ ഉള്ളത് സത്യപാലനും വാസവനും ആണ്.. അവരോട് തന്നേക്കാൾ പക അഫ്സലിന് ഉണ്ട്,. അതുകൊണ്ട് തന്നെ രണ്ടാളുടെയും കാര്യം അവന്റെ ആളുകൾ നോക്കിക്കോളും… ആശ്വാസത്തോടെ സണ്ണി മദ്യം ഗ്ലാസ്സിലേക്ക് പകർന്നു..
പെട്ടെന്ന് അവന്റെ ഫോൺ അടിച്ചു.. പരിചയമില്ലാത്ത നമ്പർ…
“ഹലോ…”
“ആഘോഷിക്കുകയായിരിക്കും അല്ലേ സണ്ണീ..?”
അപ്പുറത്ത് സത്യപാലൻ ആണെന്നറിഞ്ഞതോടെ അവന്റെ ശരീരം വിറച്ചു…
“മുതലാളിയുടെ മോന്റെ പള്ളയ്ക്ക് കത്തി കേറ്റിയപ്പോ ലോകം കീഴടക്കി എന്നൊരു ധാരണ നിനക്കുണ്ടോ? എന്നാൽ കേട്ടോ.. ആ ചെറുക്കൻ തട്ടിപ്പോയാലും എനിക്കൊരു പുല്ലുമില്ല.. പക്ഷേ അഫ്സലിനെയും മുരുകനെയും പൂട്ടുമെന്ന് ഞാൻ മുതലാളിക്ക് വാക്ക് കൊടുത്തു പോയി.. അത് പാലിക്കും.. പിന്നെ നീ… നിന്നെ എനിക്ക് വേണം.. അതു വരെ ഒളിച്ചു കളിച്ചോ…”
സണ്ണി ഒന്നും മിണ്ടാതെ കേട്ടിരിക്കുകയാണ്..
“നിന്റെ കാമുകിയോട് സംസാരിക്കണോ? ഞാൻ കൊടുക്കാം. വീഡിയോ കാൾ വിളിക്കാൻ പറ്റില്ലെടാ.. ഞാൻ നെറ്റ് റീ ചാർജ് ചെയ്യാൻ മറന്നു പോയി.. സോറി..”
സത്യപാലൻ റൂമിനകത്തേക്ക് നടന്നു.. നിലത്ത്, കട്ടിലിലേക്ക് ചാരി ഇരിക്കുകയായിരുന്നു ഷീബ,.
“ദാ… നിന്റെ സണ്ണിയാ വിളിക്കുന്നെ… ഞാൻ നിനക്ക് എന്തെങ്കിലും കുറവ് വരുത്തുന്നുണ്ടോ എന്ന് അന്വേഷിക്കാനാ.. സംസാരിക്ക്,..”
അവൾ അനങ്ങിയില്ല… അയാൾ അടുത്ത് ചെന്ന് അവളുടെ മുടിയിൽ പിടിച്ചു വലിച്ച് എഴുന്നേൽപ്പിച്ചു..
“സംസാരിക്കെടീ പുല്ലേ… അവനോടു ചോദിക്ക് എപ്പോഴാ നിന്നെ കൊണ്ടുപോകാൻ വരുന്നതെന്ന്..”
അവൾ ഫോൺ ചെവിയിൽ വച്ചു.
“സണ്ണിച്ചായാ…” കരച്ചിൽ പോലെ അവളൊന്ന് വിളിച്ചു.. അവൻ പ്രതികരിച്ചില്ല.
“ഇച്ചായനെന്താ ഒന്നും മിണ്ടാത്തെ? എന്നെ രക്ഷിക്ക് ഇച്ചായാ… പകൽ വെളിച്ചം കണ്ടിട്ട് നാളുകളായി… ഇവിടെ അടച്ചു വച്ചിരിക്കുകയാ…ഇച്ചായനോടുള്ള ദേഷ്യം മുഴുവൻ എന്റെ ദേഹത്താ തീർക്കുന്നെ.. വേദന സഹിക്കാൻ പറ്റുന്നില്ല..”
അവളുടെ കണ്ണിൽ നിന്നും ചുടുനീർ ഒഴുകിയിറങ്ങി..
“ഇച്ചായൻ വരുമെന്ന പ്രതീക്ഷയിലാ ഞാൻ പിടിച്ചു നില്കുന്നത്.. പക്ഷേ കഴിയുന്നില്ല.. ഒന്ന് വാ ഇച്ചായാ..”
അവൾ കെഞ്ചി.. അപ്പുറത്ത് ശബ്ദമൊന്നും കേൾക്കാതെ ആയപ്പോൾ അവൾ സംശയത്തോടെ ഫോൺ എടുത്ത് നോക്കി.. കാൾ കട്ട് ആയിട്ടില്ല..
“എന്തെങ്കിലും ഒന്ന് പറ.. നിങ്ങൾ തമ്മിലുള്ള പ്രശ്നം തീർക്കാൻ എന്നെ എന്തിനാ…”
കരച്ചിൽ ഷീബയുടെ വാക്കുകൾ മുറിച്ചു…
“മനസിലായി.. നിങ്ങൾ വരില്ല.. കാരണം പേടി… നിങ്ങളൊക്കെ ഒരു പുരുഷനാണോ? എന്നെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇവര് നിങ്ങളെ കൊന്നിരുന്നെങ്കിൽ ഞാൻ അഭിമാനത്തോടെ ജീവിതകാലം മുഴുവൻ സണ്ണി തോമസിന്റെ വിധവ എന്ന പേരിൽ കഴിഞ്ഞേനെ… സ്വന്തം പെണ്ണിനെ ശത്രുക്കൾക് തിന്നാൻ കൊടുത്തിട്ട് ഒളിഞ്ഞിരിക്കുന്ന നട്ടെല്ലില്ലാത്തവൻ… ത്ഫൂ.. നിങ്ങളെയാണോ ഞാൻ സ്നേഹിച്ചത്…?നിങ്ങളുടെ കൂടെയാണോ ജീവിക്കണമെന്ന് സ്വപ്നം കണ്ടത്?..”
അവളുടെ കണ്ണുകളിൽ കനലെരിഞ്ഞു..
“ഇനി എന്റെ മുന്നിൽ വരരുത്.. വന്നാൽ ഇവരല്ല. ഞാനായിരിക്കും നിങ്ങളെ കൊല്ലുന്നത്..”
അവൾ ഫോൺ സത്യപാലന് നീട്ടി.. ഒരു കൈ കൊണ്ട് മിഴികൾ തുടച്ചു..
“ഇന്നല്ലെങ്കിൽ നാളെ അയാൾ വന്ന് എന്നെ കൊണ്ടുപോകും എന്ന വിശ്വാസം ഉണ്ടായത് കൊണ്ടാ നിങ്ങൾ ദേഹത്ത് തൊടുമ്പോഴൊക്കെ എന്നെകൊണ്ട് ആവും പോലെ എതിർത്തത്.. വളരെ ക്രൂരമായി നിങ്ങൾ എന്നെ ഉപയോഗിക്കുമ്പോഴും അതിനൊക്കെ പകരം ചോദിക്കാൻ ഒരാൾ വരുമെന്ന് മനസ് പറഞ്ഞിരുന്നു.. പക്ഷേ ഇപ്പോൾ അതില്ല.. ഇനി നിങ്ങൾക്ക് എന്നെ എന്തു വേണമെങ്കിലും ചെയ്യാം… പൂർണ മനസോടെ ഞാൻ സമ്മതിച്ചിരിക്കുന്നു… നിങ്ങളുടെ ആവശ്യം കഴിഞ്ഞാൽ മറ്റുള്ളവര്ക്കും പങ്കു വയ്ക്കാം… വേണമെങ്കിൽ കൊല്ലാം… എനിക്ക് സന്തോഷമേ ഉള്ളൂ… ഒരു സ്വാർത്ഥനെ, സ്നേഹിച്ചതിനുള്ള ശിക്ഷ അങ്ങനെയെങ്കിലും എനിക്ക് കിട്ടിക്കോട്ടെ..”
അവൾ ധരിച്ചിരുന്ന ചുരീദാറിന്റെ ടോപ് വലിച്ചൂരി കട്ടിലിലേക്ക് ഇട്ടു…
“ഷീബാ ഫ്രാൻസിസിന് ഇനി അവകാശികൾ ഇല്ല… മനസ്സ് ചത്തുപോയ ഈ ശരീരം നിങ്ങൾക്ക് എന്തും ചെയ്യാം.. “
സത്യപാലൻ അവളെ ഒരു നിമിഷം നോക്കി നിന്നു.. പിന്നെ പുറത്തേക്കിറങ്ങി വാതിൽ വലിച്ചടച്ചു…എത്ര നിയന്ത്രിച്ചിട്ടും ഷീബയ്ക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല… നിലത്തേക്കിരുന്ന് കട്ടിൽ കാലിൽ തലയിടിച്ച് അവൾ ഏങ്ങികരഞ്ഞു…
മൂന്നാം ദിവസമാണ് യദുകൃഷ്ണനെ കാണുവാൻ ഡോക്ടർ അനുവദിച്ചത്.. ആദ്യം സീതാലക്ഷ്മിയും ദേവരാജനും പിന്നെ ശിവാനിയും കയറി കണ്ടു.. മീനാക്ഷി നിർവികാരതയോടെ പുറത്ത് നിൽക്കുകയാണ്.. അവളുടെ അച്ഛനും അമ്മയും രാവിലെ ഹോസ്പിറ്റലിൽ വന്നിരുന്നു..സീതലക്ഷ്മിയേയും ശിവാനിയെയും ആശ്വസിപ്പിച്ച് ഉച്ചയാകുമ്പോഴാണ് തിരിച്ചു പോയത്…
“ചേച്ചീ…”
ശിവാനിയുടെ വിളി കേട്ട് അവൾ തിരിഞ്ഞു
“സാറിന് എങ്ങനെ ഉണ്ട്?”
“അധികം സംസാരിപ്പിക്കണ്ട എന്ന് ഡോക്ടർ പറഞ്ഞു… നല്ല വേദന ഉണ്ടെന്ന് തോന്നുന്നു…”
ശിവാനി കരച്ചിൽ കടിച്ചമർത്തി… മീനാക്ഷി അവളെ ചേർത്ത് പിടിച്ചു.
“സാരമില്ല മോളെ…. എന്തായാലും നമുക്ക് ആളെ തിരിച്ചു കിട്ടിയല്ലോ…ദൈവത്തോട് നന്ദി പറ…”
“ചേച്ചിക്ക് കാണണ്ടേ…?”
“ഏയ്… വേണ്ട… കുഴപ്പമൊന്നുമില്ലെന്ന് അറിഞ്ഞല്ലോ.. അതു മതി…”
കള്ളമാണ് പറയുന്നതെന്ന് അവളുടെ മുഖം കണ്ടപ്പോൾ തന്നെ ശിവാനിക്ക് മനസിലായി… അവൾ മീനാക്ഷിയുടെ കൈ പിടിച്ച് ഐ സി യു വിന്റെ വാതിലിൽ തട്ടി.. നേഴ്സ് പുറത്തേക്ക് തല നീട്ടി..
“സിസ്റ്റർ, ഒരാള് കൂടിയുണ്ട്..”
“അധികം സമയമെടുക്കരുത്… സംസാരിപ്പിക്കരുത്…”
മുന്നറിയിപ്പ് പോലെ പറഞ്ഞിട്ട് നേഴ്സ് ഡോർ തുറന്നു… തെല്ലു മടിയോടെ മീനാക്ഷി അകത്തു കയറി.. ദേവരാജന് അസ്വസ്ഥത തോന്നിയെങ്കിലും ഒന്നും മിണ്ടിയില്ല.. അയാൾ ഫോണുമെടുത്ത് ലിഫ്റ്റിനു നേരെ നടന്നു..
“അഭിമോൻ എവിടെ ശിവാ?” സീതാലക്ഷ്‌മി ചോദിച്ചു..
“ഓഫിസിലേക്ക് പോയതാ.. വേറെ ആരെയോ കാണാനുണ്ട്, വരാൻ വൈകുമെന്ന് പറഞ്ഞു…”
“അവനോടും ഒന്ന് സൂക്ഷിക്കാൻ പറയണം.. എല്ലാവർക്കും കഷ്ടകാലമാ.. എനിക്ക് യദുവിനെ പോലെ തന്നെയാ അവൻ… “
ശിവാനിക്ക് ഭയവും സങ്കടവും ഒരുമിച്ചു വന്നു.. പാവം അഭി.. അമ്മയുടെ കൂടെ പോകുമ്പോഴും തന്റെ കൂടെ പോകുമ്പോഴും ആക്രമിക്കപ്പെട്ടു.. ഈ കുടുംബത്തോടുള്ള ആരുടെയോ പകയ്ക്ക് അവനും ഇരയാകുകയാണ്…. അവനെ രക്ഷിക്കാൻ ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ട് അവൾ അമ്മയുടെ ചുമലിലേക്ക് തല ചായ്ച്ച് ഇരുന്നു….
യദുകൃഷ്ണന്റെ കിടപ്പ് കണ്ടപ്പോൾ മീനാക്ഷിക്ക് ഹൃദയത്തിൽ വല്ലാത്തൊരു വേദന അനുഭവപ്പെട്ടു… തിരിച്ചു കിട്ടില്ല എന്നറിഞ്ഞിട്ടും ശുഭപ്രതീക്ഷയോടെ തന്നെ പ്രണയിക്കുന്ന, എന്നാൽ അതിന്റെ പേരിൽ ഒരു നോട്ടം കൊണ്ടുപോലും ശല്യപ്പെടുത്താത്ത മനുഷ്യൻ…മിഴികൾ പാതി തുറന്ന് അവൻ അവളെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു…അവൾ കട്ടിലിനരികിൽ ചെന്ന് അവന്റെ കൈയിൽ മൃദുവായി സ്പർശിച്ചു…ആയിരം ആശ്വാസവാക്കുകൾക് തുല്യമായിരുന്നു അത്…. കണ്ണുകൾ ഈറനണിയും എന്ന് തോന്നിയ നിമിഷത്തിൽ അവൾ കൈ പിൻവലിച്ചു…
“പെട്ടെന്ന് സുഖമായി വാ.. ഞങ്ങൾ കാത്തിരിക്കുകയാണ്.. ഓഫിസിലെ കാര്യമൊന്നും ആലോചിക്കണ്ട. എല്ലാം ഞങ്ങൾ ഭംഗിയായി നടത്തുന്നുണ്ട്…”
അവൻ മെല്ലെ ഒന്ന് തലയാട്ടി…
“ഞാൻ പുറത്തുണ്ട്…” അവൾ മറുപടിക്ക് കാത്തു നില്കാതെ നടന്നു… എവിടെങ്കിലും തനിച്ചിരുന്ന് കരയാൻ അവൾക്ക് തോന്നി…
കൃഷ്ണാ… എന്താണിത്? ഈ വ്യക്തിയുടെ അവസ്ഥയിൽ തന്റെ മനസ് വിങ്ങുന്നത് എന്തു കൊണ്ടാണ്? അവൾക്കു ഉത്തരം കിട്ടിയില്ല….കലങ്ങിയ കണ്ണുകൾ ആരും കാണാതിരിക്കാൻ അവൾ നന്നേ പാടുപെട്ടു…..
“ശ്ശെ…. ആദ്യമായിട്ടാ ഇങ്ങനൊരു അബദ്ധം പറ്റിയത്..”
മുരുകൻ ബിയർ ബോട്ടിൽ വായിലേക്ക് കമഴ്ത്തി..കുന്നിന്റെ മുകളിൽ ഒറ്റപ്പെട്ടു കിടക്കുന്ന ഒരു പഴയ വീട്ടിലായിരുന്നു അവർ… അടുത്തെങ്ങും ആൾതാമസം ഇല്ല.. ചുറ്റും കശുമാവിൻ തോട്ടം…
“സാരമില്ലെടാ… പോട്ടെ… ഒന്നുമില്ലേലും നീയവനെ കിടത്തിയല്ലോ… അത് മതി.”
അഫ്സൽ ആശ്വസിപ്പിച്ചു..
“നിന്റെ പണിയിലൊന്നും ഒരു കുഴപ്പവും ഉണ്ടായില്ല.. ആ പയ്യന് ആയുസ് തീർന്നില്ല.. അതാണ് കാര്യം .”
“സണ്ണി സാറിനോട് പറഞ്ഞില്ലേ?”
“പറഞ്ഞു…. അയാൾക്ക് സന്തോഷമായി.. ഇതിന്റെ ഷോക്ക് മാറും മുൻപ് ആ പെണ്ണിനേയും കൂടി തട്ടിയേക്കാനാ ഓർഡർ..”
“ഇത് പൂവൻപഴം തൊലിച്ചു തിന്നും പോലെ എളുപ്പമല്ല… ഇനി അവന്മാർ അടുത്ത അറ്റാക്ക് പ്രതീക്ഷിച്ചു നിൽക്കും.. നമുക്ക് അത് ആപത്താണ്.. ചുമ്മാ അണ്ണാക്കിൽ പോയി ചാടിക്കൊടുക്കാൻ പറ്റില്ല..”
“പിന്നെന്ത് ചെയ്യും?”
അഫ്സൽ ചോദിച്ചു..
“അവർ പ്രതീക്ഷിക്കാത്ത ആരെയെങ്കിലും തീർക്കണം..”
“ആരെ?.. “
“അത് ആലോചിക്കണം..ഒന്നുകിൽ തലയ്ക്കു തന്നെ അടിക്കാം… ദേവരാജനെ.. അല്ലെങ്കിൽ സത്യപാലനെ..”
“നടക്കുന്ന കാര്യം വല്ലതും പറ മുരുകാ..”
“അതൊക്കെ നടക്കും… പക്ഷേ റിസ്ക് ഇച്ചിരി കൂടുതലാ,.. ഇപ്പോൾ തന്നെ പോലീസും അവന്മാരുടെ ആളുകളും തേടി നടക്കുന്നുണ്ടാകും…എന്നാലും പ്രശ്നമില്ല, ഞാൻ എന്തെങ്കിലും വഴി നോക്കാം… പക്ഷേ..”
“പക്ഷേ നിനക്കു കാശ് കൂടുതൽ വേണം. അതല്ലേ പറയാൻ വന്നത്?”
.
“അതെ.. സംഭവം കഴിഞ്ഞാൽ എനിക്കും പിള്ളേർക്കും നോർത്ത്ഇന്ത്യയിൽ എവിടെങ്കിലും ഒരു ഷെൽട്ടർ ഒപ്പിക്കണം.. പോലീസിന് പെട്ടെന്ന് എത്താൻ പറ്റാത്ത എവിടെങ്കിലും..”
“എല്ലാം ശരിയാക്കാം… നീ ഒന്ന് ഫിനിഷ് ചെയ്തു താ. എന്റെ കൂടെയുള്ള മണ്ടന്മാർക്ക് പറ്റാഞ്ഞിട്ടാ നിന്നെ കൊണ്ടുവന്നത്…”
അഫ്സലിന്റെ ഫോൺ അടിച്ചു..
“ദാ… മണ്ടന്മാരെ പറ്റി പറഞ്ഞു നാക്കെടുത്തില്ല.. വെട്ടും കൊണ്ട് പോയ ഒരു മണ്ടനാ വിളിക്കുന്നത്…”
അയാൾ ഫോൺ ലൗഡ്സ്പീക്കറിൽ ഇട്ട് മേശപ്പുറത്ത് വച്ചു…പിന്നെ മദ്യം ഗ്ലാസിലേക്ക് ഒഴിച്ചു…
“മോനേ മണീ… പറയെടാ .. നിനക്കു സുഖമാണോ?”
“കൈക്ക് പതിനൊന്നു തുന്നൽ ഉണ്ട്… ഒരു ചെവി കേൾക്കുന്നുമില്ല… ഈ എന്നോട് തന്നെ ചോദിക്കണോ സുഖമാണോ എന്ന്?”
“ഇതൊക്കെ ഈ തൊഴിലിന്റെ ഭാഗമല്ലേടാ..? നിനക്കു അവാർഡ് വല്ലതും തന്നാലോ എന്ന് ഞാൻ ആലോചിക്കുകയാ.. സ്വന്തം ആയുധം ഒരു ഡ്രൈവറു ചെറുക്കന്റെ കയ്യിൽ കൊണ്ടുപോയി കൊടുത്തിട്ട് അവന്റെ വെട്ടും വാങ്ങി വീട്ടിൽ പോയിരിക്കുന്ന ഗുണ്ട…”
“അവൻ വെറും ഒരു ഡ്രൈവർ ആണെന്ന് തോന്നുന്നില്ല അഫ്സലിക്കാ…”
“പിന്നെ?”
“അപ്പൊ ഷാജു ഒന്നും പറഞ്ഞില്ലേ?”
“ഇല്ല എന്താ?”
“ഇക്കാ നമ്മള് തൃശ്ശൂരിന് അകത്തും പുറത്തും ഒരുപാട് പേരെ കേറി പണിതിട്ടുണ്ട് ഇല്ലേ?”
“അതും ഇതുമായി എന്താടാ ബന്ധം?”
“ഒരുത്തൻ ഡിഫന്റ് ചെയ്യുന്നത് കണ്ടാൽ അറിയാലോ, അവൻ എത്തരക്കാരൻ ആണെന്ന് “
“മണീ.. എനിക്ക് ദേഷ്യം വരുന്നുണ്ട്.. നീ വളച്ചു കെട്ടാതെ കാര്യം പറ..”
“അവന്റെ ഓരോ അടിയും സ്വന്തം ജീവൻ രക്ഷിക്കാനുള്ള പരാക്രമം ആയിരുന്നില്ല.. മറിച്ച് പകയോടെ, വെറിയോടെ ഉള്ളതായിരുന്നു… ആ കണ്ണുകളിൽ ഭയം എന്നൊരു സാധനം ഉണ്ടായിരുന്നില്ല… കൂടാതെ അവൻ വാൾ പിടിച്ച രീതി, വെട്ടിന്റെ ആഴം…. ഇതൊക്കെ നോക്കുമ്പോൾ അവൻ വല്യ കളിക്കാരനാണെന്ന് തോന്നുന്നു.. രക്ഷപ്പെടാൻ വേണ്ടി വെട്ടുന്നവൻ കണ്ണും പൂട്ടി വെട്ടും. പക്ഷേ അവൻ കൃത്യമായി കണക്കു കൂട്ടി ഞാൻ ചാകരുത് എന്ന ഉദ്ദേശത്തോടെ തന്നെയാ വെട്ടിയത്…”
“അപ്പൊ നീ പറഞ്ഞു വരുന്നത്?”
“അതെ ഇക്കാ… നമ്മളെക്കാൾ നന്നായി പണി അറിയുന്ന ഒരാളാണ് അവൻ..”
അഫ്സലും മുരുകനും പരസ്പരം നോക്കി..
“നീ വച്ചോടാ മണീ… ഞാൻ പിന്നെ വിളിക്കാം “
മൊബൈൽ പോക്കറ്റിൽ ഇട്ട് അഫ്സൽ മദ്യഗ്ലാസ് ചുണ്ടോട് ചേർത്തു..
“ദേവരാജൻ ഗുണ്ടയെ ആണോ ഡ്രൈവർ ആയി അയച്ചത്?”
മുരുകൻ പരിഹാസത്തോടെ ഒന്ന് ചിരിച്ചു..
“ആണെങ്കിൽ തന്നെ അവനെ ആദ്യം തീർക്കണമായിരുന്നു… നീ കൊച്ചു പിള്ളേരെയും കൊണ്ട് ജോലിക്കിറങ്ങിയാൽ ഇതേ നടക്കൂ..”
“നമസ്കാരം ചേട്ടന്മാരെ..” ഒരു ശബ്ദം കേട്ട് മുരുകനും അഫ്സലും ഞെട്ടിതിരിഞ്ഞു…
“ന്റെ പേര് അഭിമന്യു.. സീതാഗ്രൂപ്പിലെ യദുകൃഷ്ണൻ സാറിന്റെ ഡ്രൈവറാ.വാതിൽ കുറ്റിയിട്ടില്ലായിരുന്നു. അതാ അനുവാദം കൂടാതെ അകത്തു കയറിയത്.. ക്ഷമിക്കണം..”
അവൻ ഭംഗിയായി ചിരിച്ചു.. മുരുകൻ ചാടിയെണീറ്റു.. അഫ്സൽ മേശയുടെ അടിയിൽ നിന്നും ഒരു കമ്പി വടി എടുത്തു… ശബ്ദം കേട്ട് മുറിക്കുള്ളിൽ നിന്ന് ഒരാൾ കൂടെ ഇറങ്ങി വന്നു..
“അപ്പൊ മൂന്ന്..ബാക്കിയുള്ളവരൊക്കെ എവിടെ ..?”
അവൻ താടി ചൊറിഞ്ഞു കൊണ്ട് ആലോചിച്ചു..
“ആ… ഇപ്പോ കിട്ടി. അവര് സണ്ണിയുടെ പഴയ ബസ് ഗാരേജിൽ ആണല്ലോ,. മറന്നു പോയി..”
“നിനക്ക് ഒരാൾ മതി …”
മുരുകൻ കൈ ഒന്ന് കുടഞ്ഞു…
“ചക്രവ്യൂഹത്തിലേക്കാണല്ലോ അഭിമന്യു കയറി വന്നത്…? ഇനി മടങ്ങി പോകില്ല..”
“അയ്യോ ചേട്ടായീ… അത് പണ്ട്… കാലം മാറിയില്ലേ? ഏത് വ്യൂഹവും തകർക്കാനുള്ള കോഴ്‌സും കഴിഞ്ഞിട്ടാ ഇങ്ങോട്ട് വന്നത്..”
“വായ നോക്കി നില്കാതെ അവനെ കൊല്ലെടാ..”
മുരുകൻ തന്റെ അടുത്തു നില്കുന്നവനെ നോക്കി അലറി.. അയാൾ ഒരു മഴുവുമെടുത്ത് അഭിമന്യുവിന് നേരെ ഓടി വന്നു.. അവൻ ഒഴിഞ്ഞു മാറി അയാളുടെ ഇടത്തെ കാലിന്റെ മുട്ടിനു ഒരിഞ്ചു താഴെ ആഞ്ഞു ചവിട്ടി..അയാൾ നിലതെറ്റി വീണു.. അയാളുടെ വലത്തെ കയ്യിൽ ഒരു ചവിട്ട് കൂടി… മഴുവിൽ നിന്നും പിടി വിട്ടു.. അവൻ അതെടുത്തു മൂർച്ച നോക്കി. പിന്നെ തിരിച്ചു പിടിച്ച്പുറകു വശം കൊണ്ട് അയാളുടെ പിൻകഴുത്ത് ലക്ഷ്യമാക്കി വീശിയടിച്ചു.. നിലത്തു വീണ് ഒന്ന് പിടഞ്ഞ ശേഷം അയാൾ നിശ്ചലമായി..
“സോറി…. ചത്തോ എന്നറിയില്ല.. വേണമെങ്കിൽ നോക്കിക്കോ.”
ഉറക്കെ തെറി വിളിച്ചു കൊണ്ട് മുരുകൻ അവന്റെ നേരെ വന്നു.. ഒരു വെട്ടു പോലും ശരീരത്തിൽ കൊള്ളാതെ അവൻ സമർത്ഥമായി ഒഴിഞ്ഞു മാറി .. പ്ലഗിൽ കുത്തിയിരുന്ന ചാർജർ അതിനിടയിൽ അവൻ കൈക്കലാക്കി.. കാൽമുട്ട് കൊണ്ട് അടിവയറിൽ ശക്തമായി ഒരിടി കിട്ടിയപ്പോൾ കുനിഞ്ഞു പോയ മുരുകന്റെ കഴുത്തിൽ ചാർജറിന്റെ കേബിൾ അവൻ കുരുക്കി വലിച്ചു..ശ്വാസം കിട്ടാതെ പിടയുന്ന മുരുകനെ രക്ഷിക്കാൻ അഫ്സൽ കമ്പി വടിയുമായി മുന്നോട്ട് വന്നു.. പക്ഷേ അടിച്ചാൽ മിക്കവാറും മുരുകന്റെ ദേഹത്ത് കൊള്ളുമെന്ന തോന്നൽ അയാളെ തടഞ്ഞു.. മുരുകനെ നിലത്തേക്ക് തള്ളിയിട്ട് അഭിമന്യു അഫ്സലിന് നേരെ കുതിച്ചു… കമ്പി വടി വീശാനുള്ള സാവകാശം കിട്ടും മുൻപ് അവൻ അയാളുടെ തലയ്ക്കു പിന്നിലെ മുടിയിൽ പിടിച്ച് ചുമരിലിടിച്ചു… പല വട്ടം… വീട് കുലുങ്ങി…അവൻ പിടി വിട്ടപ്പോൾ അഫ്സൽ ഞരങ്ങി കൊണ്ട് നിലത്ത് വീണു.. മുരുകൻ കഴുത്തിലെ കേബിൾ വലിച്ചഴിച്ച് ശ്വാസമെടുക്കുകയാണ്.
അവൻ മേശപ്പുറത്തുനിന്ന് ബിയർ ബോട്ടിൽ എടുത്ത് രണ്ടു കവിൾ കുടിച്ചു. പിന്നെ മുരുകന്റെ തലയിൽ ഓങ്ങിയടിച്ചു…
“ശ്ശോ… സിനിമയിലൊക്കെ ബിയറു കുപ്പി കൊണ്ട് തലയ്ക്കടിക്കുമ്പോ നല്ല എഫക്ട് ഉണ്ടാകും.. ഇത് പക്ഷേ ഒരു സുഖമായില്ല.. “
അവൻ നിലത്തു നിന്ന് കമ്പി വടി എടുത്ത് അഫ്സലിനെ നോക്കി..
“ഇതാണോ അഫ്സലേ നീ ഇറക്കുമതി ചെയ്ത ഗുണ്ട? നാണക്കേട്.. വലിയ ഇരകളെ വേട്ടയാടാൻ ഇറങ്ങുമ്പോൾ നല്ല ഹൈ ബ്രീഡ് പട്ടികളെ തന്നെ കൂടെ കൂട്ടണം..”
അഭിമന്യുവിന്റെ മുഖത്തെ ചിരി മാഞ്ഞു.. അവിടെ പേടിപ്പെടുത്തുന്ന ഒരു രൗദ്രത നിറഞ്ഞു… കമ്പി വടി മുരുകന്റെ ശരീരത്തിൽ പല തവണ പതിച്ചു… എല്ലുകൾ നുറുങ്ങിയപ്പോൾ അയാൾ ഉറക്കെ കരഞ്ഞു, പക്ഷേ അവൻ നിർത്തിയില്ല… മുരുകന് ബോധം നഷ്ടമാകും വരെ അവൻ അടിച്ചു കൊണ്ടിരുന്നു.. ജീവിതത്തിൽ ആദ്യമായി അഫ്സലിന് പേടി തോന്നി… എങ്കിലും പുറത്തു കാണിച്ചില്ല…
“ഡാ ചെറുക്കാ.. നീ ആരോടാ കളിക്കുന്നത് എന്നറിയില്ല…. ഞങ്ങള് മൂന്ന് പേരെ വീണുള്ളൂ… ഇനിയും ആളുകളുണ്ട് ഈ നഗരത്തിൽ..”
അഭിമന്യു ഗ്ലാസിൽ നിറച്ചു വച്ചിരുന്ന മദ്യം ഒറ്റവലിക്ക് കുടിച്ചു…
“അതോർത്ത് ടെൻഷൻ അടിക്കണ്ട… അവരെ പിടിക്കാൻ പോലീസ് പുറപ്പെട്ടിട്ടുണ്ട്… മാരകയുധങ്ങളുമായി ക്രിമിനൽ സംഘം പിടിയിൽ എന്ന ബ്രേക്കിംഗ് ന്യൂസ് ഇപ്പോൾ പുറത്തു വരും..”
അഫ്സൽ ഒന്ന് ചുമച്ചു… ഒരു കവിൾ ചോര തുപ്പിക്കളഞ്ഞ ശേഷം ചുമരിൽ ചാരിയിരുന്ന് അഭിമന്യുവിനെ നോക്കി വികൃതമായി പല്ലിളിച്ചു…
“നീ എത്ര ശ്രമിച്ചാലും ദേവരാജനെയും കുടുംബത്തെയും സത്യപാലനെയും അവന്റെ ആളുകളെയും രക്ഷിക്കാൻ പറ്റില്ല…എല്ലാത്തിനെയും തീർത്താലേ ഈ കഥ പൂർത്തിയാകൂ…പോലീസ് അല്ല ഈശ്വരൻ വിചാരിച്ചാൽ പോലും അത് തടയാൻ പറ്റില്ല…”
അഭിമന്യു പോക്കറ്റിൽ നിന്നൊരു സിഗരറ്റ് എടുത്ത് ചുണ്ടിൽ വച്ചു കത്തിച്ചു.. എന്നിട്ട് സാവധാനം അയാളുടെ മുന്നിൽ മുട്ടുകുത്തി ഇരുന്നു..
“അഫ്സലേ… താൻ പറഞ്ഞത് ശരിയാ.. എല്ലാവരും തീർന്നാലേ ഈ കഥ പൂർത്തിയാകൂ… പക്ഷേ അവിടെ ഒരു ചെറിയ പ്രശ്നമുണ്ട്…”
അവൻ പുക അയാളുടെ മുഖത്തേക്ക് ഊതി…
“ഈ കഥയിൽ ഒരൊറ്റ വില്ലൻ മതി… അത് ഞാനാ… ഞാൻ മാത്രം…”
അഫ്സൽ ഷോക്കേറ്റത് പോലെ അവന്റെ മുഖത്തേക്ക് തുറിച്ചു നോക്കി.. അഭിമന്യു എഴുന്നേറ്റു നിന്ന് കമ്പി വടി മുറുകെ പിടിച്ചു..
“അതേടാ… നീ പറഞ്ഞ ആളുകളൊക്കെ എന്റെ മാത്രം ഇരകളാ… എല്ലാവരെയും നശിപ്പിക്കാനുള്ള പകയുമായി ഈ നാട്ടിലേക്ക് വന്നവനാ ഞാൻ.. അതു ചെയ്യും… പക്ഷേ,സിംഹം വേട്ടയാടുന്നതിന്റെ പങ്കു പറ്റാൻ കഴുതപ്പുലികളെ ഇവിടെ ആവശ്യമില്ല….ഇനിയെന്റെ ലക്ഷ്യം മുടക്കാൻ ഒരുത്തനും വരരുത്…”
കമ്പിവടി ഒരു സീൽക്കാരത്തോടെ അഫ്സലിന് നേരെ പാഞ്ഞു.. ഇടത്തെ ചെവിയും കവിളും ചേർന്നാണ് അടി കിട്ടിയത്… ചുമരിലേക്ക് രക്തത്തുള്ളികൾ തെറിച്ചു… അഫ്സലിന്റെ ശരീരം വലതു വശത്തേക്ക് ചരിഞ്ഞു വീണു…
ഒരു നിമിഷം കൂടി അവിടെ നിന്ന ശേഷം അഭിമന്യു പുറത്തേക്കിറങ്ങി… പിന്നെ ഇരുട്ടിൽ മറഞ്ഞു..
(തുടരും )