എസ് ഐയെ വളച്ച വനിതാ പോലീസ്

രചന വിജയ് സത്യ

സമയം രാവിലെ 8 മണി ആവാൻ പോകുന്നു

സ്ഥലം എസ്ഐ ഷിജാസ് ബേക്കൽ പോലീസ് സ്റ്റേഷനിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്..

സിറ്റി പോലീസ് സ്റ്റേഷനിൽ നിന്നും ഷിജാസ് എസ് യുടെ സ്റ്റേഷൻ പരിധിയിലുള്ള പോലീസ് സ്റ്റേഷനിലേക്കും ഒരു വയർലെസ് സന്ദേശം ലഭിക്കുന്നു.. സന്ദേശം അതേസമയം തന്നെ ഷിജാസ് എസ് ഐ സഞ്ചരിക്കുന്ന വണ്ടിയിലേക്കും വിവരം ലഭിക്കുന്നു..

ഹലോ.. ഓവർ ദി ഇൻഫോം…കൺട്രോൾ റൂം നിന്നുള്ള ഇൻഫർമേഷനാണു… ഇന്ന് 10 മണിക്ക് സി എഫ് ഐ സ്റ്റുഡൻസ് അമ്പങ്ങാട്ട് ഉള്ള ഉദുമ കോളേജിലെ മുന്നിലുള്ള ഹൈവേയിൽ വഴി തടയാൻ സാധ്യതയുണ്ട്.. ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ എസ്പിയുടെയും കളക്ടറുടെ ഓർഡർ ഉണ്ട്. ഹൗസ് ഓഫീസർ ടീമുമായി ഉടനെ അവിടെ എത്തണം..

സന്ദേശം ശ്രവിച്ച ഷിജാസ് എസ് ഐ ഡ്രൈവറോട് വണ്ടി സ്റ്റേഷനിലേക്ക് ഒന്ന് വേഗം വിടാൻ പറഞ്ഞു..

അവിടെ ഡ്യൂട്ടിക്ക് എത്തിയ അഞ്ച് വനിതാ പോലീസിനെയും വേറൊരു വാഹനത്തിൽ കുറെ പോലീസുകാരെയും കൂട്ടി ഷിജാസ് എസ് ഐ നേരെ ഉദുമ കോളേജിലേക്ക് തിരിച്ചു..

അതെന്താ നമ്മുടെ എസ് ഐ സുഹൈനയെ വിളിക്കാതിരുന്നത്.. അവൾ എന്താ വനിതാ പോലീസ് അല്ലേ…

മറ്റേ ജീപ്പിലിരുന്ന ഒരു പോലീസുകാരൻ സംശയം കൊണ്ട് കണ്ണൻ ഹെഡ്കോൺസ്റ്റബിളിനോട് ചോദിച്ചു..

അതല്ലേ രസം… ഇന്നാള് കാപ്പിൽ ബീച്ചിൽ കടലിൽ നിന്നും ഒരു സ്ത്രീയുടെ ശവം കരയ്ക്ക് അടിഞ്ഞപ്പോഴും അതിന്റെ ഇൻക്വസ്റ്റ് തയ്യാറാക്കാനും ഇപ്പോൾ കയറിയ വനിതാ പോലീസുകാരെ മാത്രമേ അങ്ങോട്ട് ഉപയോഗിച്ചുള്ളൂ.. ഈ സുഹൈനയെ പോലീസ് സ്റ്റേഷനിൽ എന്തോ എഴുതാൻ ആക്കിയിട്ട് അവിടെ ചുമ്മാ ഇരുത്തുകയായിരുന്നു ഈ സ്നേഹമുള്ള എസ് ഐ..

കണ്ണൻ ഹെഡ്കോൺസ്റ്റബിൾ പറഞ്ഞു..

അതെയതെ നമ്മുടെ എസ് ഐ അവളോട് പ്രത്യേക താൽപര്യം കാണിക്കുന്നോ എന്നൊരു സംശയം.. കഠിനമായ ജോലിക്കൊന്നും വിടുന്നില്ല.. ദുരന്തമോ അത്യാഹിതമോ ഉള്ളിടങ്ങളിൽ അവളെ ഡ്യൂട്ടിക്കിടുന്നില്ല.. എന്നും എഴുത്തും കുത്തുമായി സ്റ്റേഷനിൽ തന്നെ..

വനിത പോലീസു സാറാമ്മ അല്പം കുറുമ്പോടെ പറഞ്ഞു .

ഇതിനുമാത്രം എന്താ അവിടെ എഴുതാൻ ഉള്ളത്…അതിന് റൈറ്റർ ഉണ്ടല്ലോ..

ഏകദേശം സുഹൈനയുടെ പ്രായമുള്ള ചെറുപ്പക്കാരിയായ രമണി എന്ന വനിതാ പോലീസുകാരി ചോദിച്ചു..

ആ എനിക്കറിയില്ല എപ്പോൾ നോക്കിയാലും എസ്ഐയുടെ ടേബിളിന് സമീപം അവൾ അവിടെ ഇരുന്ന് എന്തെങ്കിലും എഴുതുന്നത് കാണാം…

വേറൊരു വനിതാ പോലീസുകാരി പറഞ്ഞു.

എട്ടു മണിക്കുള്ള തിരക്കും നാലു മണിക്കുള്ള തിരക്കും കഴിഞ്ഞാൽ പിന്നെ സ്റ്റേഷൻ കാലിയാണല്ലോ..
ആ സമയത്തൊക്കെ എസ്ഐയുടെ ക്യാബിനിൽ അവൾ പോയിരുന്നു സംസാരിക്കുകയും കളി തമാശകൾ പറഞ്ഞു പൊട്ടിച്ചിരിക്കുന്നതും കേൾക്കാം..

സാറമ്മ പോലീസ് അടക്കം പറഞ്ഞു..

ശരിയാ എനിക്ക് തോന്നിയിട്ടുണ്ട് ഇതൊരു മണിയറ ആണോ എന്ന്..

അസ്ന സങ്കടത്തോടെ പറഞ്ഞു..

അങ്ങനെ പോലീസുകാർ സുഹൈനയെ എസ് ഐ കഠിനമായ ഡ്യൂട്ടിക്ക് ഒന്നും ഉപയോഗിക്കാത്തതിനുള്ള അരിശവും അവളോട് കാണിക്കുന്ന അടുപ്പത്തിലുള്ള അസൂയയും പ്രകടിപ്പിച്ചു കൊണ്ടിരുന്നു.

അതിനു ഈ മൊയന്തുകൾക്ക് അയാളോട് പറഞ്ഞുകൂടെ…. അവളുടെ അതേ പ്രായക്കാരി അല്ലേ ഇവർ…പോത്തുപോലെ എന്തും പറഞ്ഞത് കേട്ട് കൂടെ പോകുന്നതല്ലാതെ രമണി പോലീസിനും അസ്ന പോലീസിനും നിഷയ്ക്കുമൊന്നും അതിൽ ഒരു പരാതിയുമില്ലെന്നേ… ശരിയല്ലേ ഞാൻ പറഞ്ഞത്… ഇല്ലെങ്കിൽ അവർ പറയട്ടെ…

എന്നിട്ട് അവരെ മൂന്നു പേരെയും രൂക്ഷമായി പരിഹസിച്ച്
കണ്ണൻ ഹെഡ് കോൺസ്റ്റബിൾ അൽപ്പം ദേഷ്യത്തിൽ അവരെ നോക്കി..

അല്ല ആ കൊച്ച് എങ്ങനെയാ പോലീസ് ആയത് സംശയം..

സാറമ്മ പോലീസിന് സംശയം..

തടി കണ്ടിട്ട് അങ്ങനെയൊന്നും പറയണ്ട… അവൾ ബ്ലാക്ക് ബെൽറ്റ് ആണെന്ന് തോന്നുന്നു… രാവിലെ വന്നാൽ കുറെ കരാട്ടയുടെ കസ്രത്ത് എടുക്കുന്നത് കാണാം…

അസ്‌ന പോലീസ്… പറഞ്ഞു

ആണോ… അതുമാത്രമല്ല.. അവൾ വരുമ്പോൾ ഒരുപാട് പുസ്തകങ്ങൾ കൊണ്ടുവരുന്നു. അതിലാണ് എഴുതുന്നത്..

അവളുടെ ബാപ്പ പോലീസിൽ ഇരിക്കുമ്പോൾ മരിച്ചതിന്റെ ആശ്രിത സേവനത്തിലാണ് അവൾ വനിത പോലീസ് ആയതെന്നാ കേട്ടത്… കുറെനാൾ മലപ്പുറത്തെ ഏതോ ഒരു പോലീസ് സ്റ്റേഷനിൽ ആയിരുന്നു…. അവിടെയായിരുന്നത്രെ അവളുടെ ബാപ്പ ഹെഡ്കോൺസ്റ്റബിൾ ആയി ഉണ്ടായിരുന്നത്..

ഓ അങ്ങനെ… അപ്പോൾ അയാളുടെ ശിഷ്യൻ ആയിരിക്കും നമ്മുടെ ഈ എസ് ഐ… അതായിരിക്കും ഈ ബഹുമാനത്തിനു കാരണം. പ്ലസ് ടു കഴിഞ്ഞ് പ്രായം തികഞ്ഞത് കൊണ്ടായിരിക്കാം സർവീസിൽ എടുത്തത്… ഇനി വല്ല ഡിഗ്രിയാ മറ്റോ പഠിക്കുന്നുണ്ടാകാം…വല്ല എസ് ഐ ആവാനോ മറ്റൊ…

അതെ അതെ പോലീസ് ആയിട്ട് തന്നെ പുറത്തിറങ്ങുന്നില്ല… ഇനിയിപ്പോൾ എസ് ആവാത്തതിന്റെ കുറവേ ഉള്ളൂ…
സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങാ…എസ് ഐ.. ഹാ ഹാ…

അതു കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു..

എസ് ഐ ഷിജാസും പോലീസുകാരും അവിടെ എത്തി..

കുട്ടികൾ റോഡ് ഉപരോധം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് എന്ന് മനസ്സിലായി…

ധാരാളം വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണ്… എങ്ങനെയും റോഡിലേക്ക് കുട്ടികൾ പ്രവേശിക്കുന്നത് തടഞ്ഞേ പറ്റൂ…

ഷിജാസിന്റെ നൽകുന്ന വിവരത്തിന് തയ്യാറെടുത്തു നിൽക്കുകയായിരുന്നു ക്യാമ്പിലെ പോലീസുകാർ…

ഷിജാസ് എസ് ഐ മേലുദ്യവന്മാരെ വിളിച്ചപ്പോൾ തന്നെ കൂടുതൽ പോലീസ് ഫോഴ്സിനെ അങ്ങോട്ടേക്ക് പാഞ്ഞെത്തി… എന്തിനും തയ്യാറായി നിന്നു..

കുട്ടികൾ റോഡ് ഉപരോധം ചെയ്യാനുള്ള ഒരുക്കത്തോടെ കൂട്ടമായി കോളേജിൽ നിന്നും മുദ്രാവാക്യം വിളിച്ച് റോഡിലേക്ക് ഇറങ്ങി വരാൻ തുടങ്ങി..

സിഎഫ്ഐ സിന്ദാബാദ്…. സി എഫ് ഐ സിന്ദാബാദ്…

വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന പിൻവലിക്കുക.. വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറുന്ന ബസ് ജീവനക്കാരുടെ നടപടികൾ അവസാനിപ്പിക്കുക… ഒറ്റപ്പെട്ട ദൂരദേശത്തുനിന്നും വരുന്ന കുട്ടികളെ കയറ്റാതെ വരുന്ന ബസ്സുകാരുടെ ലൈസൻസ് കട്ട് ചെയ്യുക.. ഞങ്ങളെ കയറ്റാതെ…ഇതിലൂടെ കടന്നുപോകാമെന്ന് വ്യാമോഹിക്കേണ്ട..

സിന്ദാബാദ് സിന്ദാബാദ് സിഎഫ്ഐ സിന്ദാബാദ്..

അവർ വലിയ കൂട്ടമായി വന്ന് റോഡിന്റെ ഒത്ത നടുവിലിൽ ഇരുന്നു…. മുദ്രാവാക്യം വിളിക്കാൻ തുടങ്ങി..

പെട്ടന്ന് ഷിജാസിന് എന്താ ചെയ്യേണ്ടത് എന്ന് ഒരു ഐഡിയയും ഇല്ലായിരുന്നു…

അയാൾ സിഐയെ വിളിച്ചു..

എടൊ…. നീ എവിടെത്തെ പോലീസുകാരനാ…..അവരെ അടിച്ചു തുരത്തടോ… അതിനല്ലേ താൻ പറഞ്ഞപ്പോൾ പോലീസ് ഫോഴ്സിനെ അങ്ങോട്ട് അയച്ചു തന്നിരിക്കുന്നത്…

ചൂടായിക്കൊണ്ട് സിഐ പറഞ്ഞു ..

സാർ ഒരു റിക്വസ്റ്റ് ഉണ്ട്…അങ്ങനെ ആദ്യം തന്നെ അവരെ പ്രകോപിപ്പിച്ചു പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് അപകടം ചെയ്യും എന്ന തോന്നുന്നത്.. കുട്ടികളെ സമരത്തിന്റെ ന്യായമായ വശങ്ങൾ പറയാൻ അനുവദിക്കാതിരിക്കുന്നത് ശരിയല്ല… അവരുടെ ആവശ്യങ്ങൾ അവർ പൊതുജനങ്ങളോട് പറഞ്ഞു എന്ന് അവർക്ക് തോന്നട്ടെ… അതൊരു റിലാക്സേഷൻ ആണ്…
സാറേ ഒരു 10 മിനിറ്റ് അവർ ഉപരോധം നടത്തട്ടെ… തുടക്കത്തിൽ ത്തന്നെ തടഞ്ഞാൽ വലിയ പ്രശ്നമാകും.. ഇവന്മാരുടെ സൈക്കോളജി അങ്ങനെയാണ്…

10 മിനിറ്റ് കൊണ്ടു എത്ര മാത്രം ട്രാഫിക് പ്രശ്നം വരുമെന്ന് അറിയാമോ…? ഉള്ളിനും കേടില്ലാത്ത വിധത്തിൽ കാര്യം പരിഹരിക്കണം…ഇലക്ഷൻ അടുത്തു വരികയാണ്.. എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഈ ഞാൻ അടക്കം എല്ലാവരെയും സ്ഥലമാറ്റും ഇവിടുത്തെ ഭരിക്കുന്ന പൊളിറ്റിക്സ് കാർ..ഏതായാലും അനുനയത്തിൽ അവരെ പറഞ്ഞയക്കാൻ നോക്കൂ…

ഞാൻ സാർ….നോക്കിക്കൊള്ളാം.സാർ..

ആവശത്തോടെ റോഡിൽ കുത്തിയിരുന്ന് കുട്ടികൾ പത്തു മിനിറ്റ് മുദ്രവാക്യം വിളിക്കുന്നത് പോലീസുകാർ നിശബ്ദരായി നോക്കി നിന്നു…

ശേഷം സമരത്തിന് നേതൃത്വം നൽകുന്ന സ്റ്റുഡൻസ് ലീഡറെ വിളിച്ച് ഷിജാസ് സംസാരിച്ചു..

ബസ്സ് കാരിൽ നിന്നും നിങ്ങളുടെ കോളേജിൽ പഠിക്കുന്ന കുട്ടികൾക്ക് നേരിട്ട പ്രശ്നങ്ങൾ വേണ്ടപ്പെട്ട അധികൃതർ അറിഞ്ഞു… ബസ് ജീവനക്കാരോട് സംസാരിച്ചു ഇവിടെ പഠിക്കുന്ന കുട്ടികൾ അവരുടെ വീടിനടുത്തുള്ള ഏത് സ്റ്റോപ്പിൽ നിന്നായാലും അവരെ എടുക്കണമെന്നും കർക്കസമായും നിഷ്കർഷിക്കാം.. കൂടാതെ ബസ് ചാർജ് വർദ്ധന പിൻവലിക്കുമെന്നുള്ള ഉറപ്പ് അധികൃതവും ഭാഗത്തുനിന്നും ഉടനെ ഉണ്ടാകും..

ഇതൊക്കെ സാറിന് ഉറപ്പ് തരാൻ പറ്റുമോ..?

കുട്ടികളുടെ നേതാവ് ചോദിച്ചു..

തീർച്ചയായും..

കോളേജ് പരിസരത്തൂടെ കടന്നുപോകുന്ന ബസ്സുകാരെ നിലയ്ക്ക് നിർത്തുമെന്നും അതുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങളൊക്കെ പരിഹരിക്കാം എന്നും സ്ഥലം എസ്ഐ എന്ന നിലയിൽ ഉറപ്പു നൽകുന്നുവെന്നു പറഞ്ഞ് ഷിജാസ് അവരെ അനുനയിപ്പിച്ചു..

ഇനിയും റോഡ് ഉപരോധം ചെയ്താൽ പൊതുജനങ്ങൾ തങ്ങൾക്കെതിരാകും എന്ന് അറിഞ്ഞതുകൊണ്ട് സമരം ചെയ്യുന്ന കുട്ടികൾ അവിടുന്ന് എഴുന്നേറ്റ് ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചുകൊണ്ട് വീണ്ടും കോളേജിലേക്ക് തന്നെ തിരിച്ചു പോയി..

എക്സ്ട്രാ ഡ്യൂട്ടിക്ക് വന്ന പോലീസുകാരെ ക്യാമ്പിലേക്ക് പറഞ്ഞയച്ചു.. ശേഷം ഷിജാസും സംഘവും സ്റ്റേഷനിലേക്ക് മടങ്ങി..

പതിവുപോലെ സ്റ്റേഷനിൽ ആളൊഴിഞ്ഞപ്പോൾ ഷിജാസും സുഹൈനയും എസ്ഐയുടെ ക്യാബിനിൽ ഇരുന്നു സല്ലാപത്തിൽ ഏർപ്പെട്ടു..

എസ് ഐ പോയപ്പോൾ

പോലീസുകാർ ഒളിഞ്ഞും തെളിഞ്ഞും തന്നെ അവളെ അപമാനിക്കാൻ വേണ്ടി കുത്തുവാക്കുകൾ പറഞ്ഞുകൊണ്ടിരുന്നു.

ഇച്ചിരി ഉളുപ്പുണ്ടോ…ഇതൊരു പോലീസ് സ്റ്റേഷൻ അല്ലേ…

ഓരോരുത്തരുടെ വിചാരം ഇതൊരു മണിയറ എന്നാ..

ഞങ്ങൾക്കും പ്രേമിക്കാൻ ഒക്കെ അറിയാം… പക്ഷേ ഇമ്മാതിരി വകതിരിവ് കാണിക്കില്ല.. ആളും നോക്കിയിട്ടെ ചെയ്യൂ…

മെയ്യനങ്ങാതെ ഇരുന്ന് തിന്നാൻ നല്ല അടവാ കണ്ടുപിടിച്ചത്…

എടിയേ….നാളെ ഞാനും പ്രേമിക്കാൻ പോവുകയാണ്..

പലരും പല ഭാഗത്തുനിന്നും പലതും പറഞ്ഞു അപമാനിച്ചു..

അവൾ എല്ലാം കേട്ടു എങ്കിലും വലിയ ഭാവമാറ്റം ഒന്നും ഉണ്ടായില്ല….

മാത്രമല്ല… അതൊക്കെ കേൾക്കുമ്പോൾ അവളുടെ ചുണ്ടത്ത് ഒരു പുഞ്ചിരിയാണ്..

അതുകണ്ട് പോലീസുകാർക്കും വനിതാ പോലീസുകാരുകൾക്കും ദേഷ്യം വർദ്ധിച്ചു വന്നു..

ഇതെങ്ങനെ വെറുതെ വിട്ടാൽ പറ്റില്ല… നമ്മുടെയൊക്കെ വെറും ഉണ്ണാക്കന്മാർ ആണെന്ന് വരും…

സുഹൈനയെ എന്നും ഒരു അധ്വാനവും ഇല്ലാതെ സ്റ്റേഷനിൽ മാത്രം ചുമ്മാ ഇരിക്കുന്ന ഡ്യൂട്ടിക്കിടുന്ന നടപടിയിൽ മറ്റു പോലീസുകാരും വനിത പോലീസു കർക്കുമുള്ള അതൃപ്തിയും വിദ്വേഷവും അതൊക്കെ ഷിജാസിനെ നേരിട്ട് തന്നെ അറിയിക്കണമെന്ന് അവർ തീരുമാനിച്ചു…

ഹെഡ്കോൺ സ്റ്റബിളായ കണ്ണൻ പോലീസിനെ അതിനായി അവർ നിയോഗിച്ചു… കാരണം പുള്ളിയുമായി ഷിജാസുമായി നല്ല അടുപ്പത്തിലാണ്… ഇടയ്ക്കിടെ അവർ സൗഹൃദ സംഭാഷണമൊക്കെ നടത്തുന്നത് കണ്ടിട്ടുണ്ട്..

ഒരു ദിവസം സ്റ്റേഷനിൽ പരാതിക്കാർ ഒന്നും ഇല്ലാതിരുന്ന ഒരു അന്തരീക്ഷം ലഭിച്ചപ്പോൾ ഷിജാസ് എസ്ഐയോട് കണ്ണൻ ഹെഡ്കോൺസ്റ്റബിൾ ചോദിച്ചു..

നമ്മുടെ ഈ സുഹൈനയെ പ്രത്യേകിച്ച് ഡ്യൂട്ടിക്ക് ഒന്നും നിയോഗിക്കുന്നില്ല എന്നൊരു ആക്ഷേപം നിലവിലുണ്ട് എന്താണ് സാർ അവളോട് മാത്രം ഒരു പ്രത്യേക താൽപ്പര്യം സാർ കാണിക്കുന്നത്..?

നിങ്ങൾക്ക് അങ്ങനെ ഒരു സംശയം പൊതുവേ ഉണ്ടാകുമെന്ന് എനിക്കറിയാം…
ഏതായാലും നിങ്ങളുടെ ആ ഒരു പ്രശ്നത്തിന് നാളെ തൊട്ട് ഒരു പരിഹാരം ഉണ്ടാകും…

എന്താ സർ അവളെയും നാളെ ഞങ്ങളുടെ കൂടെ ഡ്യൂട്ടിക്ക് ഇടുമോ…

നാളെ തൊട്ട് അവൾ ഒരു വർഷം ലോങ്ങ് ലീവാ…

നാളെ അവൾ സ്റ്റേഷനിൽ ജോലിക്ക് വന്നാലല്ലേ ഡ്യൂട്ടിക്കിട്ടില്ല എന്നുള്ള പരാതിയുള്ളൂ…. അവള് പോവുകയാണ്…

അതെന്താ സാർ എന്തുപറ്റി…

അതിന് ഷിജാസ് മറുപടിയൊന്നും പറഞ്ഞില്ല..

അന്ന് വൈകിട്ട് സുഹൈന ലോങ്ങ് ലീവ് എടുത്തു പോയി… പൊതുവേ ആ സ്റ്റേഷനിൽ ഒറ്റപ്പെട്ട നിലയിൽ ആയിരുന്നതുകൊണ്ട് തന്നെ ആരും കൂടുതലായി എന്താ പ്രശ്നം ഒന്നും ചോദിക്കാൻ പോയില്ല… സുഹൈന എന്തിനാണ് ലീവ് ആക്കിയതെന്നോ എവിടെയാണ് പോയതെന്നോ ആർക്കും അറിയില്ല..

തങ്ങൾ കുറ്റപ്പെടുത്തിയത് കൊണ്ട് മനം മടുത്തു സർവീസിലെ ജോലി രാജിവച്ചു പോയതാണോ സുഹൈന എന്നും അവർക്ക് സംശയമായി… അതുകൊണ്ടുതന്നെ പോലീസുകാരും വനിതാ പോലീസുകാരികളും വല്ലാത്ത പാശ്ചാത്താപ വിവശരായിരുന്നു..

പാവത്തിനെ ചേർത്തുനിർത്താതെ ഒറ്റപ്പെടുത്തി… ആത്മവിശ്വാസം നഷ്ടപ്പെട്ട് ജോലി വച്ചു പോയിട്ടുണ്ടാകും..

കുറെ മാസങ്ങൾ കഴിഞ്ഞപ്പോൾ ഷിജാസ് എസ്ഐയും ആ സ്റ്റേഷനിൽ നിന്നും സ്ഥലം മാറിപ്പോയി..

ഏകദേശം ഒരു വർഷത്തിനുശേഷം…

ഷിജാസ് എസ് ഐ ഇപ്പോൾ വീണ്ടും ബേക്കൽ സ്റ്റേഷനിൽ ചാർജ് എടുത്തിരിക്കുകയാണ്…

കണ്ണൻ ഹെഡ്കോൺ സ്റ്റബിളും പഴയ വനിത പോലീസ് ഷിജാസിനെ സ്വീകരിച്ചു..

പിറ്റേന്ന് ഷിജാസ് എസ് ഐയുടെ ഫോണിലേക്ക് ഒരു കോൾ വന്നു..

ഇക്ക എങ്ങനെയുണ്ട് നമ്മുടെ ബേക്കൽ അത് അന്തരീക്ഷം തന്നെയല്ലേ..

ആണ്…

ഫോർച്ച്ചുനേറ്റ്ലി ഇക്കാക്ക് പോലും ഒരു സർപ്രൈസുമായി ഞാൻ അങ്ങോട്ട് വരുന്നുണ്ട്.. നമ്മുടെ പഴയ എല്ലാ ആൾക്കാരും അവിടെ ഉണ്ടല്ലോ…

നമ്മുടെ വിവാഹ കാര്യം പറയാനാണോ…

അല്ല…. സർപ്രൈസ് ആണെന്ന് പറഞ്ഞില്ലേ…

ആ…. ശരി…

രാവിലെത്തന്നെ ബേക്കലിലെ ഡിവൈഎസ്പി ഓഫീസിലും സിഐ ഓഫീസിലും ഷിജാസിന്റെ ഹൗസ് ഓഫീസിലും സന്ദേശം വന്നു..

ജില്ലയിൽ ഇന്ന് പുതുതായി എസ്പി ചാർജ് എടുക്കുന്നു…. പല സ്റ്റേഷനിലും മിന്നൽ സന്ദർശനം ഉണ്ടാകും..

പറഞ്ഞു തീർന്നില്ല…

ആദ്യമായി ബേക്കൽ സ്റ്റേഷനിലേക്ക്

എസ്പി മിന്നൽ സന്ദർശനത്തിന് വരുന്നു.

എസ്പിയുടെ വണ്ടി സ്റ്റേഷൻ പരിസരത്ത് വന്നു നിന്നു…

സിഎയും സംഘവും എസ്ഐയും സംഘവും എല്ലാവരും അണിനിരന്ന് എസ്പിയെ വരവേൽക്കാൻ സ്റ്റേഷന്റെ വരാന്തയിൽ അക്ഷമരായി..
കാത്തുനിൽക്കുകയായിരുന്നു.

എസ്പിയുടെ വാഹനത്തിന്റെ ഡോർ തുറക്കപ്പെട്ടു… എസ്പിയുടെ ക്യാപ്പും ധരിച്ച് ആ വാഹനത്തിൽ നിന്ന് ഇറങ്ങിയ ആളെ കണ്ട് എല്ലാവരും..

നമ്മുടെ സുഹൈന…

അവർ സ്റ്റേഷനിലേക്ക് നടന്നുവരുന്നതിനനുസരിച്ച് എല്ലാവരും ചടപട എന്ന് സല്യൂട്ട് അടിച്ചു.

അവരുടെ അഭിവാദനം ഏറ്റുവാങ്ങി പുഞ്ചിരിച്ചുകൊണ്ട് സുഹൈന അവരുടെ നേരെ നടന്നു വന്നു…എസ്പി എല്ലാവരെയും പേര് വിളിച്ച് പരിചയപ്പെട്ടു..

പോലീസുകാർക്കും വനിത പോലീസുകാരികൾക്കും വല്ലാത്ത ജാള്യത ഉണ്ടായി…. കഴിഞ്ഞപ്രാവശ്യം ഈ സുഹൈന വനിത കോൺസ്റ്റബിൾ ആയി വന്നപ്പോൾ തങ്ങളെല്ലാവരും അപമാനിച്ചതാണ്… ഇപ്പോഴിതാ അതേ സുഹൈന ഇന്ന് തങ്ങളുടെ എല്ലാം മേൽ അധികാരിയായി ഈ ജില്ലയുടെ പോലീസ് സൂപ്രണ്ട് ആയി വന്നിരിക്കുന്നു…

ഒഫീഷ്യൽ മീറ്റ് കഴിഞ്ഞാൽ ശേഷം എസ് ഐ ഷിജാസ് മുന്നോട്ടുവന്നു പറഞ്ഞു..

നിങ്ങളൊക്കെ വണ്ടർ അടിച്ചിരിക്കുകയാണെന്ന് ഞങ്ങൾക്ക് അറിയാം…

ഇപ്പോഴത്തെ പോലീസ് സൂപ്രണ്ട് നമ്മുടെ പഴയ കോൺസ്റ്റബിൾ സുഹൈന ആണെന്ന് അറിയാമല്ലോ..

അറിയാം സാർ..

എല്ലാവരും തല കുലുക്കി സമ്മതിച്ചു..

അന്ന് ഞാൻ ഇവിടെ എസ് ഐ ഇരിക്കുന്ന സാഹചര്യത്തിൽ ഇവർ വനിതാ പോലീസ് ആയിരിക്കുന്ന സമയത്ത് ഡ്യൂട്ടിക്കിടാത്ത തിനെ ചൊല്ലി അന്ന് പലർക്കും പരാതിയുണ്ടായിരുന്നല്ലോ….. അന്ന് ഞാൻ അങ്ങനെയൊക്കെ വിട്ടുവീഴ്ച ചെയ്തത് കൊടുത്തത് എന്തിനാണെന്ന് അറിയാമോ ആ സമയം സുഹൈന മാഡം ഐപിഎസ് എക്സാമിനു പഠിക്കുകയായിരുന്നു.. അതിൽ നല്ല റാങ്കോടെ പാസായ ഇവരെ സെലക്ട് ചെയ്തു ട്രെയിനിങ്ങിന് വിളിച്ചപ്പോഴാണ് ഇവർ ലോങ്ങു ലിവെടുത്തു പോയത്..

പിന്നെ ഒരു കാര്യം പറയട്ടെ.. മലപ്പുറത്തെ പട്ടാമ്പിയിലെ പോലീസ് സ്റ്റേഷനിൽ അബൂബക്കർ എന്ന ഒരു ഹെഡ് കോൺസ്റ്റബിൾ ഉണ്ടായിരുന്നു… എന്റെ പഴയ ആശാനാണ്… സർവീസിൽ ഇരിക്കുമ്പോൾ മരണപ്പെട്ടവരുടെ ആശ്രിതർക്കുള്ള സേവനത്തിന്റെ ഭാഗമായി മകളായ ഈ സുഹൈന ബേക്കലിൽ വനിതാ പോലീസ് ആയി വന്നപ്പോൾ അബൂബക്കർ സാറിനോടുള്ള ബഹുമാനവും സുഹൈനയുടെ പഠിക്കാനുള്ള താല്പര്യവും കണ്ടപ്പോൾ ഞാൻ ചേർത്ത് നിർത്തി സഹകരിച്ചു…

അന്ന് സ്റ്റേഷനിൽ കണ്ടത് ആ ഒരു സഹകരണം ആയിരുന്നു… അവളത് രഹസ്യമായി സൂക്ഷിക്കാൻ പറഞ്ഞതു കൊണ്ടായിരുന്നു ഇവളുടെ IPS പഠന വിവരം ആരെയും അറിയിക്കാതിരുന്നത്…. അങ്ങനെയെങ്ങനെയോ ഞാൻ അവളുടെ മനസ്സിൽ കയറി പറ്റി..

അല്ല ഞാനാ ഷിജാസിനെ വളച്ച് പ്രണയിച്ചത്..

എസ് പി സുഹൈന അത് പറഞ്ഞപ്പോൾ എല്ലാവരും പൊട്ടിച്ചിരിച്ചു…

പിന്നെ…ആ പഴയ അന്ന് സ്റ്റേഷനിൽ വച്ച് തുടങ്ങിയ പ്രണയം ഇന്നും നിലനിൽക്കുകയാണ് കേട്ടോ…ഞങ്ങളുടെ മേരേജ് ഉടനെ ഉണ്ട്…ഡേറ്റ് അറിയിക്കാം..

ഷിജാസ് അത് പറഞ്ഞു…

അത് കേട്ട് എല്ലാവരും കൈയ്യടിച്ചു…

അതുകേട്ട് സുഹൈന നാണം കൊണ്ട് മുഖം… കുനിച്ചു..

ഏതായാലും നമ്മളെയൊക്കെ നിയന്ത്രിച്ചുകൊണ്ട് ഇവരു ഈ ജില്ലയുടെ പോലീസ് തലപ്പത്ത് ഉണ്ടാകും…

ക്ഷമിക്കണം കേട്ടോ ഞങ്ങൾ ഒന്നും അറിഞ്ഞില്ല…

അന്നത്തെ ആ സംഭവത്തിൽ എല്ലാവരും എസ് പി സുഹൈനയുടെ അടുത്ത് ചെന്ന് മാപ്പ് ചോദിച്ചു..

ഏയ്യ്…അതൊന്നും കുഴപ്പമില്ല..

എന്ന് പറഞ്ഞ് അവരെ സമാധാനിപ്പിച്ച് സുഹൈന എസ്പിയുടെ വാഹനം ആ സ്റ്റേഷൻ വിട്ടുപോയപ്പോൾ… എല്ലാവരും അവരുടെ സന്തോഷം ഷിജാസ് സാറിനെ അറിയിച്ചു…

എന്നാലും ഷിജാസ് സാറേ നിങ്ങൾ ആളു പുലിയാണ്….കേട്ടോ…

അതുകേട്ട് റിജാസ് എസ് ഐ പുഞ്ചിരിച്ചു..

Leave a Reply

Your email address will not be published. Required fields are marked *