ഒരു കല്യാണ കഥ

രചന ..SMG

മോളേ നൗറ, ഇക്കാക്ക ഇതുവരെ എണീറ്റില്ലേ? നീ പോയി വിളിച്ചോണ്ട് വാ. അവനിന്ന് ക്ലാസ്സുള്ളതല്ലേ.

“എനിക്കറിയില്ലുമ്മ. ഞാൻ കുറെ നേരമായി വിളിക്കുന്നു, വാതിൽ തുറക്കുന്നില്ല. ഡോർ ഉള്ളിൽനിന്ന് ലോക്ക് ചെയ്തിരിക്കുകയാണ്.”

നൗറയുടെ മറുപടി ഷിഫാനയുടെ നെഞ്ചിൽ ഒരു കൊള്ളിയാൻ പോലെ തറച്ചു. അടുക്കളയിലെ ചൂടും പാചകത്തിന്റെ മണവും അവളിൽ നിന്ന് മാഞ്ഞുപോയി. നെഞ്ചിടിപ്പോടെ, പടച്ചോനെ വിളിച്ചു അവൾ മകന്റെ മുറിയിലേക്ക്‌ പാഞ്ഞു.

“മോനേ, റമീ, മോനേ വാതിൽ തുറക്ക്. എന്താ പറ്റിയേ മോനേ?”

“ഉമ്മയുടെ മോനല്ലേ? ഉമ്മയോട് കാര്യം പറയ്. വാതിൽ തുറക്ക് മോനേ.”

മുറിയുടെ വാതിലിൽ ശക്തിയായി മുട്ടിക്കൊണ്ട് ഷിഫാനയുടെ ശബ്ദം ഇടറി. അകത്ത് നിന്ന്‌ അടക്കിപ്പിടിച്ച ഒരു തേങ്ങൽ മാത്രം. ഭയവും വേദനയും ഒരുപോലെ അവളുടെ ഹൃദയത്തെ വരിഞ്ഞുമുറുക്കി.

അകത്ത്, കട്ടിലിന്റെ ഒരറ്റത്ത്‌ തളർന്നിരുന്ന റമീസ്, നിറകണ്ണുകളോടെ പതിയെ വാതിൽ തുറന്നു. ഉമ്മയെ കണ്ടതും അടക്കിവെച്ച സങ്കടം ഒരു പുഴപോലെ അവനിൽ നിന്ന്‌ പുറത്തേക്ക്‌ ഒഴുകി. അവൻ കരഞ്ഞുകൊണ്ട്‌ ഷിഫാനയുടെ തോളിലേക്ക്‌ ചാരി.

“മോനേ, എന്താ പറ്റിയേ? ഇന്നെന്താ സ്കൂളിൽ പോകണ്ടേ? എന്താടാ നീ ഒന്നും മിണ്ടാത്തെ, നിന്റെ മുഖം വല്ലാണ്ടിരിക്കുന്നല്ലോ?”

എത്ര ചോദിച്ചിട്ടും റമീസ് ഒന്നും മിണ്ടിയില്ല. ഒടുവിൽ അവൻ കഷ്ടപ്പെട്ട്‌ വാക്കുകൾ പുറത്തെടുത്തു. “ഒന്നുമില്ലുമ്മ, ഇന്ന് സ്കൂളിന് അവധിയായിരിക്കും.”

“ഹേ, അതെന്താടാ? എന്തിനാ നീ കരയുന്നത്?”

റമീസ് വീണ്ടും തേങ്ങി, ഒരു ഉത്തരം നൽകാൻ പോലും കഴിയാതെ അവൻ കിടക്കയിലേക്ക്‌ വീണു. മകന്റെ സങ്കടം കണ്ട്‌ ഷിഫാനയുടെ കണ്ണുകളും നിറഞ്ഞു.

“മോനേ, നീ ഉമ്മാനെ വിഷമിപ്പിക്കാതെ എന്താ കാര്യമെന്ന്‌ പറയെടാ. നിന്റെ ഉമ്മയല്ലേ ചോദിക്കുന്നത്? കരയാതെ കാര്യം പറയ്.”

കണ്ണുതുടച്ച്‌ റമീസ് കിടക്കയിൽ നിന്ന്‌ എഴുന്നേറ്റിരുന്നു. വാക്കുകൾ തൊണ്ടയിൽ കുരുങ്ങിനിന്നു, വിതുമ്പിക്കൊണ്ട്‌ അവൻ പറഞ്ഞു, “ഉമ്മാക്ക് ഓർമ്മയുണ്ടോ, അന്ന്‌ എന്റെ കൂടെ വീട്ടിൽ വന്ന ബർഷാദ്‌ എന്ന കൂട്ടുകാരനെ?”

“പിന്നേ, എപ്പോഴും ചിരിച്ചോണ്ട്‌ സംസാരിക്കുന്ന ആ മോനല്ലേ ബർഷാദ്‌? ബർഷാദിന്‌ എന്തെങ്കിലും പറ്റിയോ?”

റമീസ് വിങ്ങിപ്പൊട്ടിക്കൊണ്ട്‌ പറഞ്ഞു, “ഉമ്മാക്കറിയോ, ഓ… ഓൻ പോയി ഉമ്മ.”

“പോയെന്നോ? എങ്ങോട്ട്‌ പോയെന്ന്‌?”

“അതെ, അവൻ പോയി, വിശ്വാസവഞ്ചനയില്ലാത്ത മറ്റൊരു ലോകത്തേക്ക്.”

“നീയെന്താടാ ഈ പറയുന്നത്?”

“അതെ ഉമ്മ, അവൻ എന്റെ ക്ലാസിലെ ഒരു കുട്ടിയുമായി പ്രണയത്തിലായിരുന്നു. അവരുടെ സ്നേഹം കണ്ടാൽ ആർക്കും അസൂയ തോന്നും. അവളില്ലാത്ത ഒരു ദിവസം പോലും അവനില്ലായിരുന്നു.”

“എന്നിട്ട്‌, എന്നിട്ട്‌ എന്ത്‌ പറ്റി?”

“അവൾ അവനെ ചതിച്ചു. അവളുടെ കല്യാണത്തിനാ ഞങ്ങൾ ഇന്നലെ പോയത്. ആ വിഷമത്തിൽ അവൻ…”

ഇതുകൂടി പറഞ്ഞുകൊണ്ട്‌ റമീസ് തേങ്ങിക്കരഞ്ഞു.

“കുറച്ചുമുമ്പേ അവൻ ആത്മഹത്യ ചെയ്തു എന്ന്‌…”

“എന്റെ റബ്ബേ, ഞാനെന്താ ഈ കേൾക്കുന്നേ? ഓൻ മരിച്ചൂന്നോ?”

“അതെ ഉമ്മ. അവനെ ഞങ്ങൾ കാര്യങ്ങൾ പറഞ്ഞ്‌ സമാധാനിപ്പിച്ചതാണ്. ഇന്നലെയും അവൻ സന്തോഷത്തോടെയാണ് നടന്നത്. പക്ഷേ എല്ലാത്തിനും കാരണം അവളാണ്. അവളാണ് അവനെ ചതിച്ചത്. അവന്റെ ശല്യം അവൾക്ക് തീർന്നു കിട്ടിയില്ലേ? ഇനി അവൾ സന്തോഷമായി ജീവിക്കട്ടെ.”

റമീസിന്റെ വാക്കുകൾ ഷിഫാനയെ ഞെട്ടിച്ചു. അവൾ അവനെ ചേർത്തുപിടിച്ച്‌ ആശ്വസിപ്പിച്ചു.

“മോനേ, ഒരിക്കലും അങ്ങിനെ നമ്മൾ പറയരുത്. ഒരുപക്ഷേ ആ കുട്ടി അവനെ ചതിച്ചതാവില്ല. സാഹചര്യം അവളെ ആ കല്യാണത്തിന് നിർബന്ധിച്ചതാവാം. വീട്ടുകാരുടെയും ബന്ധുക്കളുടെയും നിർബന്ധങ്ങൾക്കു മുന്നിൽ തന്റെ സ്വപ്നങ്ങളും ഇഷ്ടങ്ങളും ബലിയർപ്പിക്കാൻ വിധിക്കപ്പെട്ട എത്രയോ പെൺകുട്ടികളുണ്ട്‌. പക്ഷേ അവർക്ക് മറ്റുള്ളവരുടെ മുന്നിൽ കിട്ടുന്ന പേരോ ‘കാമുകനെ ചതിച്ചവൾ’ എന്നായിരിക്കും. ഇനി വീട്ടുകാരുടെ എതിർപ്പ്‌ വകവെക്കാതെ ഇഷ്ടപ്പെടുന്ന ആളുകളുടെ കൂടെ പോയാലോ, ‘ഇന്നലെ കണ്ടവന്റെ കൂടെ ഒളിച്ചോടിയവൾ’ എന്ന ചീത്തപ്പേരും.”

റമീസ്: “എന്താ ഉമ്മച്ചീ ഇത്? അവനവളെ ഒരുപാട്‌ സ്നേഹിച്ചു! അവന്റെ ജീവിതം നശിപ്പിച്ചില്ലേ?!”

ഷിഫാന: “മോനേ, നിന്റെ ഈ ദേഷ്യം എനിക്കറിയാം. പക്ഷേ, ഉമ്മാക്ക് നിന്നോട്‌ ഒരു കഥ പറയാനുണ്ട്‌. ഒരു പത്താം ക്ലാസ്സുകാരിയുടെയും പത്താം ക്ലാസ്സുകാരന്റെയും കഥ.”

ഷിഫാനയുടെ കണ്ണുകളിൽ ഒരു നീണ്ട ഭൂതകാലത്തിന്റെ ഓർമ്മകൾ മിന്നിമറഞ്ഞു.


25 വർഷങ്ങൾക്കുമുമ്പ്‌.

പത്താം ക്ലാസ്സിലെ ആദ്യ ദിവസം. പുതിയ യൂണിഫോമിന്റെയും പുസ്തകങ്ങളുടെയും മണം ക്ലാസ്‌മുറികളിൽ നിറഞ്ഞുനിന്നു. ഹൈസ്‌കൂൾ ഇടനാഴിയിലൂടെ കൂട്ടുകാരുമായി ചിരിച്ചും സംസാരിച്ചും നടക്കുകയായിരുന്നു ആഷിഖ്‌. അപ്പോഴാണ് അവൻ അവളെ കാണുന്നത്. മെലിഞ്ഞ ശരീരം, വലിയ കണ്ണുകൾ, ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരി. കണ്ണട ആ സൗന്ദര്യത്തിന്‌ കൂടുതൽ തിളക്കമേകി. ആഷിഖിന്റെ ഹൃദയമിടിപ്പ്‌ നിലച്ചതുപോലെ, അതവന്റെ ജീവിതം മാറ്റിമറിച്ച നിമിഷമായിരുന്നു.

അവളും അവളുടെ കൂട്ടുകാരി സലീനയോടൊപ്പം നടക്കുകയായിരുന്നു. കൂട്ടുകാരി എന്നതിലുപരി, ‘ചങ്ക്’ എന്ന്‌ പറഞ്ഞാൽ കുറഞ്ഞുപോകും. ‘ഷിഫാസലീ’ എന്നറിയപ്പെടുന്ന അവർ എപ്പോഴും ഒരുമിച്ചാണ്. ഷിഫ എവിടെയുണ്ടോ അവിടെ സലിയും ഉണ്ടാകും. ഷിഫാനയും സലീനയും ചിരിച്ചും കളിച്ചും സംസാരിച്ചുകൊണ്ടിരുന്നു. ആഷിഖ്‌ അറിയാതെ അവളെ നോക്കിനിന്നുപോയി. മനസ്സിലൊരു മധുരമുള്ള വേദന. അവനറിയാതെതന്നെ ഒരു പുഞ്ചിരി അവന്റെ ചുണ്ടിലും വിരിഞ്ഞു. അപ്പോഴേക്കും അവർ നടന്നുപോയിരുന്നു.

അതേ ക്ലാസ്സിലെ മറ്റൊരു ബെഞ്ചിൽ സഫീർ ഇരിപ്പുണ്ടായിരുന്നു. സലീനയെ ആദ്യമായി കണ്ട നിമിഷം മുതൽ അവനും ആ പ്രണയത്തിൽ വീണുപോയിരുന്നു. സലീനയുടെ നിഷ്കളങ്കമായ ചിരിയിലും ഇടുങ്ങിയ ആ കണ്ണുകളിലും അവൻ മയങ്ങി. അതൊരു വൺസൈഡ് പ്രണയമായിരുന്നു. സലീനയോട്‌ സംസാരിക്കാൻ പോലും അവന്‌ ധൈര്യമുണ്ടായിരുന്നില്ല. എന്നാലും അവളുടെ ഓരോ ചലനവും അവൻ ശ്രദ്ധിച്ചു. സലീനയുടെ നിഷ്കളങ്കമായ ചിരിയിൽ, അവളുടെ കണ്ണുകളിലെ നക്ഷത്രത്തിളക്കത്തിൽ, അവൻ ഒരുപാട്‌ സ്വപ്നങ്ങൾ കണ്ടു.

ആദ്യ കാഴ്ചയിലെ പ്രണയം, ഒരുപക്ഷേ അതായിരുന്നു ആഷിഖിന്‌ ഷിഫാനയോട്‌ തോന്നിയത്. അതവനെ വല്ലാതെ ആകർഷിച്ചു. പിന്നെ എന്നും സ്കൂളിൽ വരുമ്പോൾ അവളെ കാണാൻ വേണ്ടി അവന്റെ കണ്ണുകൾ ഇടനാഴികളിലും ക്ലാസ് മുറികളുടെ വരാന്തകളിലും അലഞ്ഞു. അവളുടെ ഓരോ ചലനങ്ങളും അവന്റെ ഹൃദയത്തിൽ പതിഞ്ഞു. അവളറിയാതെ അവളെ പ്രണയിച്ചുകൊണ്ട്‌ അവൻ സ്കൂൾ ജീവിതം തുടർന്നു.

ഒരു ദിവസം സ്കൂൾ ഫെസ്റ്റിന്‌ ഷിഫാനയും കൂട്ടരും ഒപ്പന കളിച്ചു. ഒപ്പന കഴിഞ്ഞയുടൻ ഷിഫാനയ്ക്ക്‌ ഒരു പാട്ടുകൂടി പാടാനുണ്ടായിരുന്നു. അതിനാൽ ഒപ്പനയുടെ വേഷം മാറാൻ അവൾ മുറിയിലേക്ക്‌ പോയി. അവിടെ മുജീബ് അവളെ ഒളിഞ്ഞുനോക്കാൻ എത്തി.

മുറിയിൽ കയറി വേഷം മാറാൻ തുടങ്ങിയ ഷിഫാന എന്തോ ശബ്ദം കേട്ട്‌ തിരിഞ്ഞുനോക്കിയപ്പോൾ ആരോ ഒളിഞ്ഞുനോക്കുന്നത്‌ കണ്ടു. അവൾ ഒച്ചവെച്ചതും മുജീബ് ഇറങ്ങിയോടി. ഇത്‌ കണ്ടുകൊണ്ട്‌ അവിടേക്ക്‌ വന്ന ആഷിഖ്‌ മുജീബിനെ പിടിച്ചു. “എന്താടാ, നീ ഇവിടെ ഒളിഞ്ഞുനോക്കുന്നത്?” എന്ന്‌ ആഷിഖ്‌ ചോദിച്ചു. “നീ പോടാ, നിനക്കെന്താ ഇവിടെ കാര്യം?” മുജീബ് അവനെ തള്ളിമാറ്റാൻ ശ്രമിച്ചു.

ശക്തനായ മുജീബും കൂട്ടുകാരും ചേർന്ന്‌ ആഷിഖിനെ തല്ലിയിട്ടു. എന്നിട്ട്‌ ആ കേസ്‌ അവന്റെ തലയിൽ വെച്ചുകെട്ടി. തന്റെ നിരപരാധിത്വം തെളിയിക്കാൻ ആഷിഖിന്‌ കഴിഞ്ഞില്ല. ഷിഫാന അവനെ വെറുത്തു. “നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എന്നെ ഇതിലേക്ക്‌ വലിച്ചിടരുത്!” എന്ന്‌ പറഞ്ഞ്‌ അവൾ അവനെ ചീത്ത പറഞ്ഞു. ആഷിഖ്‌ ഒന്നും പറയാതെ തല കുനിച്ച്‌ കണ്ണുനിറച്ച്‌ മടങ്ങി.

എന്നാൽ ഇതെല്ലാം ഷിഫാനയുടെ കൂട്ടുകാരിയായ സലീന കണ്ടിരുന്നു. സഫീറും അതെല്ലാം കണ്ടിരുന്നു. പക്ഷേ തങ്ങളുടെ പ്രണയം തുറന്നുപറയാത്തതുകൊണ്ട്‌, ആ പ്രശ്നത്തിൽ ഇടപെടാൻ അവർക്ക് ധൈര്യമുണ്ടായില്ല. സലീനയുടെ കുടുംബത്തിൽ ഒരു മരണം ഉണ്ടായതിനാൽ അവൾ ഷിഫാനയോട്‌ യാത്രപോലും പറയാതെയാണ്‌ പോയത്.

മൂന്നു ദിവസത്തിനുശേഷമാണ് സലീന ക്ലാസ്സിൽ വന്നത്. കഴിഞ്ഞ മൂന്നു ദിവസവും ആഷിഖ് സത്യം പറയാൻ ശ്രമിച്ചെങ്കിലും ഷിഫാന കേൾക്കാൻ തയ്യാറായില്ല.

ഈ അവസരം മുതലെടുത്ത്‌ മുജീബ് ഷിഫാനയുമായി അടുക്കാൻ ശ്രമിച്ചു. “ഷിഫാനേ… നീയെന്തിനാ അവനെപ്പോലുള്ളവരെ വിശ്വസിക്കുന്നത്? ഞാൻ കാരണം നിനക്കൊന്നും സംഭവിക്കില്ല,” മുജീബ് അവളോട്‌ പറഞ്ഞു. മുജീബിനോട്‌ തീരെ മിണ്ടാത്ത ഷിഫാന അവനോട്‌ ചിരിച്ച്‌ സംസാരിക്കുന്നത്‌ കണ്ടപ്പോൾ ആഷിഖിന്റെ ഹൃദയം നുറുങ്ങി. കാലിനടിയിലെ മണ്ണ്‌ ഒലിച്ചുപോകുന്നതുപോലെ അവനൊരു ശൂന്യത തോന്നി. അവളോടുള്ള പ്രണയം, അവൾക്കുവേണ്ടി മുജീബിനോട്‌ ഏറ്റുമുട്ടിയതിന്റെ വേദന, എന്നിട്ടും തന്നെ വിശ്വസിക്കാതെ അവൾ അവനോടൊപ്പം ചിരിച്ചുല്ലസിക്കുന്ന കാഴ്ച… ഓരോ ചിരിയിലും അവന്റെ ഹൃദയം ഒരുപാട്‌ നുറുങ്ങുന്നതുപോലെ അവനു തോന്നി. ആ നിമിഷം, ചുറ്റുമുള്ള ശബ്ദങ്ങളോ കാഴ്ചകളോ ഒന്നും അവൻ ശ്രദ്ധിച്ചില്ല. നിറം മങ്ങിയ ലോകത്തിൽ അവൾ മാത്രമില്ലാത്ത ഒരു ചിത്രം. കണ്ണുനീർ കാഴ്ച മറച്ചപ്പോൾ, അവൻ മുന്നോട്ട്‌ നടന്നു. റോഡിന്റെ അങ്ങേ വശം പോലും അവന്റെ ശ്രദ്ധയിലുണ്ടായിരുന്നില്ല. ഒടുവിൽ, ഒരു അലർച്ചയോടെ പാഞ്ഞെത്തിയ കാറിന്റെ മുൻപിൽ അവൻ വീണു.

ആഷിഖിന് ആക്സിഡന്റ് ആയ വാർത്ത സ്കൂളിൽ പാട്ടായി. ഈ സമയവും ഷിഫാന മുജീബുമായി ചിരിച്ച്‌ സംസാരിക്കുന്നത്‌ കണ്ട സലീന അവളെ പിടിച്ചുവലിച്ച്‌ തിരക്കിൽനിന്ന്‌ മാറ്റി. ആളനക്കമില്ലാത്ത ഒരിടത്ത്‌ വെച്ച്‌ സലീന ഷിഫാനയുടെ തോളിൽ കൈവെച്ച്‌ പറഞ്ഞു, “ഷിഫാ… നീ എന്താ ഈ കാണിക്കുന്നത്? അന്ന്‌ നിന്നെ മുജീബാണ്‌ ഒളിഞ്ഞുനോക്കിയത്. ഇത്‌ കള്ളക്കേസാണ്. ആഷിഖ്‌ നിന്നെ രക്ഷിക്കാൻ വേണ്ടിയാണ് അവനെ പിടിച്ചത്.”

എല്ലാം കേട്ടുകഴിഞ്ഞ ഷിഫാന നിലത്തിരുന്ന്‌ പൊട്ടിക്കരഞ്ഞു. “സലീ… എന്താ നീ ഈ പറയുന്നത്? ഞാനെന്താ ഈ കേട്ടത്? ഞാൻ കാരണം അവനൊരുപാട്‌ വേദനിച്ചു,” അവൾ പറഞ്ഞു.

പിറ്റേ ദിവസം ആഷിഖ്‌ സ്കൂളിൽ വന്നു എന്നറിഞ്ഞപ്പോൾ അവൾ അവന്റെ അടുത്തേക്ക്‌ ഓടി. ഷിഫാനയുടെ വരവ്‌ കണ്ട ആഷിഖ്‌ അത്ഭുതപ്പെട്ടു. ഷിഫാന അവന്റെ പൊട്ടിയ കയ്യിൽ വളരെ മൃദുവായി തലോടി. “എനിക്ക്‌ തെറ്റുപറ്റി. മാപ്പ്‌,” ആരും കേൾക്കാതെ അവൾ പറഞ്ഞു. തിരികെ പോകുമ്പോൾ തിരിഞ്ഞുനോക്കി പ്രണയാർദ്രമായ ഒരു പുഞ്ചിരി അവന്‌ നൽകാൻ അവൾ മറന്നില്ല

പിന്നീടങ്ങോട്ട്‌ അവരുടെ പ്രണയ ദിനങ്ങളായിരുന്നു. ആരും കൊതിക്കുന്ന പ്രണയം. എന്നാൽ ഇതൊന്നും മുജീബിന്‌ സഹിക്കാൻ കഴിഞ്ഞില്ല. ദേഷ്യം പിടിച്ച അവൻ അവർക്കെതിരെ പല കുതന്ത്രങ്ങളും മെനഞ്ഞു. “നിങ്ങൾ ഒന്നിച്ച്‌ ജീവിക്കില്ല, ഞാൻ അതിന്‌ സമ്മതിക്കില്ല,” മുജീബ് അവരെ ഭീഷണിപ്പെടുത്തി. പക്ഷേ, ഒന്നും അവരെ ബാധിച്ചില്ല.

സ്കൂൾ കാലം അവസാനിച്ചു, സഫീർ സലീനയോട്‌ തന്റെ ഇഷ്ടം തുറന്നുപറയാൻ തീരുമാനിച്ചു. അവൻ അവളെ കാണാൻ പോയെങ്കിലും, അപ്പോഴേക്കും സലീനയുടെ കല്യാണം കഴിഞ്ഞിരുന്നു. സഫീറിന്‌ ഇത്‌ താങ്ങാവുന്നതിലുമപ്പുറമായിരുന്നു.

ഇതേസമയം, ഷിഫാന ആഷിഖ് പ്രണയകഥ മുജീബ് ഷിഫാനയുടെ ബാപ്പയെ അറിയിച്ചു. അദ്ദേഹത്തിന് സാമ്പത്തികമായി വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഒരുപാട് കടബാധ്യതകൾ അദ്ദേഹത്തെ വലച്ചിരുന്നു. ഈ അവസരത്തിൽ നാട്ടിലെ അറിയപ്പെടുന്ന ഒരു പണക്കാരന്റെ മകനുമായി ഷിഫാനയുടെ വിവാഹം ഉറപ്പിച്ചു. പൊന്നും പണവും ഒന്നും അവർക്ക് ആവശ്യമില്ലായിരുന്നു. മകളുടെ ഭാവിയും തന്റെ കുടുംബത്തിന്റെ കടബാധ്യതകളും പരിഗണിച്ച് ഷിഫാനയുടെ ഇഷ്ടം മനസ്സിലാക്കാതെ ഉപ്പ ആ വിവാഹത്തിന് സമ്മതം മൂളി.

റമീസ്: “അപ്പോൾ ആഷിഖിന്‌ വിഷമമായില്ലേ ഉമ്മച്ചീ?”

ഷിഫാന: “വിഷമിച്ചു മോനേ, ഒരുപാട്‌ വിഷമിച്ചു. ഷിഫാനയെ തന്റെ ജീവിതത്തിൽ നിന്ന്‌ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന്‌ മനസ്സിലാക്കിയപ്പോൾ അവൻ തളർന്നുപോയിരുന്നു. പക്ഷേ, അവൻ ഷിഫാനയെ അത്രയധികം സ്നേഹിച്ചതുകൊണ്ട് അവളുടെ സന്തോഷം മാത്രമാണ് ആഗ്രഹിച്ചത്. അങ്ങനെ ഷിഫ കല്യാണം കഴിഞ്ഞ്‌ പോയി.

പക്ഷേ, ആ വിവാഹബന്ധം അധികകാലം നീണ്ടുനിന്നില്ല. അവളുടെ ഭർത്താവ്‌ കഞ്ചാവ്‌ ഉൾപ്പെടെയുള്ള മാരകമായ ലഹരിവസ്തുക്കൾക്ക് അടിമയാണെന്ന്‌ അവൾ തിരിച്ചറിഞ്ഞു. കൂടാതെ, അയാൾക്ക്‌ മറ്റു പെൺകുട്ടികളുമായി അവിഹിത ബന്ധങ്ങളുണ്ടായിരുന്നു. ഒരു ദിവസം അയാൾ കുളിക്കാൻ പോയപ്പോൾ ആകസ്മികമായി മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ഈ ഞെട്ടിക്കുന്ന സത്യങ്ങൾ അവൾ അറിയുന്നത്. അതോടെ അവൾ സ്വന്തം വീട്ടിലേക്ക്‌ മടങ്ങി, പിന്നെ അങ്ങോട്ട്‌ തിരിച്ചുപോവാൻ അവൾ തയ്യാറായില്ല.

വിവരമറിഞ്ഞപ്പോൾ ആഷിഖ്‌ അവളെ കാണാൻ പോയി.”

(ഷിഫാന കുറച്ചുനേരം നിശബ്ദയായി ഇരുന്നു. അവളുടെ കണ്ണുകളിൽ ഓർമ്മകൾ തിളങ്ങുന്നുണ്ടായിരുന്നു.)

ഷിഫാന: “അന്ന്‌ ആഷി ഷിഫയോട്‌ പറഞ്ഞത്‌ എന്താണെന്നോ? ‘എനിക്കറിയാം, എനിക്ക്‌ നിന്നെ മറക്കാൻ പറ്റില്ല. നീ എനിക്ക്‌ വേണ്ടി കാത്തിരിക്കണം. ഞാൻ നല്ലൊരു ജോലി സമ്പാദിച്ച്‌ നിന്നെ വിവാഹം കഴിക്കാം.’ അങ്ങനെ ഒരുപാട്‌ എതിർപ്പുകൾ ഉണ്ടായിട്ടും ഷിഫാനക്കുവേണ്ടി ആഷിഖ്‌ കാത്തിരുന്നു. ഒരുപാട്‌ കാലം കഴിഞ്ഞപ്പോൾ എല്ലാവരും അവരുടെ സ്നേഹം മനസ്സിലാക്കി വിവാഹത്തിന്‌ സമ്മതിച്ചു. അങ്ങനെ അവർ സന്തോഷത്തോടെ ജീവിച്ചു.”

റമീസ്: “”അത് നല്ല കഥയാണല്ലോ ഉമ്മച്ചീ. എന്നിട്ട് ആ ഷിഫയും ആഷിയും ഇപ്പോൾ എവിടെയാണ്?”

(ഷിഫാന സ്നേഹത്തോടെ മകനെ നോക്കി ചിരിച്ചു. അവളുടെ കണ്ണുകളിൽ സന്തോഷം കാരണം കണ്ണുനീർ തിളങ്ങി.)

ഷിഫാന: “ആഷി നിന്റെ ഉപ്പ തന്നെയാണ് മോനേ… ഷിഫ ഞാൻ തന്നെയാണ്!”

റമീസിന്റെ കണ്ണുകൾ വിടർന്നു, മുഖത്ത് അത്ഭുതവും സന്തോഷവും ഒരുപോലെ മിന്നിമറഞ്ഞു. “അപ്പോൾ ഞാൻ നിങ്ങളുടെ പ്രണയകഥയാണോ കേട്ടുകൊണ്ടിരുന്നത്?” അവൻ ആകാംഷയോടെ ചോദിച്ചു.

ഷിഫാന റമീസിന്റെ കൈകളിൽ സ്നേഹത്തോടെ പിടിച്ചു. “അതെ മോനേ… ഇത് ഞങ്ങളുടെ കഥയാണ്…

(ഈ സമയം ആഷിഖ്‌ അവിടേക്ക്‌ കടന്നുവരുന്നു. റമീസിന്റെ മുഖത്തെ ഭാവം കണ്ട്‌ അയാൾ ചിരിയോടെ അവനെ ചേർത്തുപിടിച്ചു. അവന്റെ നനഞ്ഞ കണ്ണുകൾ തുടച്ചു.)

ആഷിഖ്‌: “മോനേ റമീസ്, നിനക്കറിയാമോ? ബർഷാദിന്റെ കൂട്ടുകാരിയും ആത്മഹത്യക്ക് ശ്രമിച്ചു. അവൾ ഇപ്പോൾ ആശുപത്രിയിലാണ്.”

റമീസ്: “ഉപ്പാ… എന്നിട്ട്?”

ആഷിഖ്‌: “നമ്മൾ ഒരുപാട്‌ വിഷമങ്ങൾ കടന്നുപോയിട്ടുണ്ട്‌ മോനേ. നിന്റെ ഉമ്മയെ നഷ്ടപ്പെടുമെന്ന്‌ അറിഞ്ഞപ്പോൾ ഞാനും ഒരുപാട്‌ തളർന്നു. പക്ഷെ ആത്മഹത്യയല്ല മോനേ, അതിനെ അതിജീവിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. ആത്മഹത്യ ഒരു പ്രശ്നത്തിനുള്ള പരിഹാരമല്ല, അതൊരു വലിയ ദുരന്തത്തിന്റെ തുടക്കം മാത്രമാണ്.”

ഷിഫാന: “മോനേ, നിന്റെ കൂട്ടുകാരന്റെ ഓർമ്മകൾക്ക് മുൻപിൽ നീ ഒരു പ്രതിജ്ഞയെടുക്കണം… ഒരിക്കലും വിഷമങ്ങൾ കാരണം ജീവിതം അവസാനിപ്പിക്കില്ലെന്ന്.”

റമീസ് തലയാട്ടി. ആ ഉമ്മയുടെയും ബാപ്പയുടെയും സ്നേഹത്തിന്റെ വെളിച്ചത്തിൽ അവന്റെ വിഷാദം പതിയെ മാഞ്ഞുപോകാൻ തുടങ്ങി. ആത്മഹത്യ ഒരു ദുരന്തത്തിന്റെ തുടക്കം മാത്രമാണ് എന്ന ശക്തമായ സന്ദേശത്തോടെ അവർ ആ ദിവസം പൂർത്തിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *