നഷ്ടപ്രണയം

Devalakshmi.

ഫോണെടുത്ത്…… വാട്സ്ആപ്പ് ഫേസ്ബുക്ക് എന്നിവയിലൂടെ എല്ലാം ഒരു ഓട്ടപ്രദക്ഷിണം നടത്തി….

ജോലിയെല്ലാം കഴിഞ്ഞ് കുഞ്ഞിനെയും ഉറക്കി തനിക്കായി മാത്രമുള്ള സമയമാണ്.. ഏട്ടൻ വരുന്നതിനു മുമ്പുള്ള അരമുക്കാൽ മണിക്കൂർ അത് ഞാൻ എനിക്കായി കുറച്ചു വർഷങ്ങളായി മാറ്റി വെച്ചതാണ്…..

ജീവിതക്കുരുക്കിൽ പെട്ട് എവിടെയോ നഷ്ടമായ എന്നിലെ എന്നെ തിരിച്ചു പിടിക്കാനുള്ള സമയം….

ഉറക്കം പിടിക്കുന്നതിനുമുമ്പ് അല്പസമയം ഫോണിൽ ചിലവഴിക്കും. ചാറ്റിങ് ഒന്നും അത്ര വശമില്ല..

എനിക്ക് പലപ്പോഴും തോന്നാറുണ്ട് ബന്ധങ്ങൾ പുതുമയോടെ നിലനിർത്താൻ ഞാൻ കുറച്ച് പിന്നോട്ടാണെന്ന്….

ഇൻസ്റ്റഗ്രാമിൽ ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ വന്നു കിടപ്പുണ്ട്… പ്രായം 35 ആയിട്ടാണോ എന്തോ ഇൻസ്റ്റഗ്രാം ഇപ്പോഴും അത്ര പരിചയം പോര..

പുതിയ പിള്ളേർ തന്ത വൈബ് എന്നോ തള്ള വൈബ് എന്നോ പേരിട്ടു വിളിക്കുമായിരിക്കും. 30 കഴിഞ്ഞപ്പോൾ പക്വത കൂടിയതാണ് എന്നു പറഞ്ഞു സമാധാനം കണ്ടെത്തുന്ന ഒരു പാ
ൻ ഇന്ത്യൻ 90 കിഡ്സ് ആണ് ഞാനും…. അതുകൊണ്ടുതന്നെ എനിക്ക് നമ്മുടെ ഫേസ്ബുക്കും യൂട്യൂബ് ഒക്കെ ശരിയാവൂ….

എന്തായാലും ഇൻസ്റ്റഗ്രാം ഒന്ന് തുറന്നു നോക്കിയേക്കാം. ഒരു മെസ്സേജ് റിക്വസ്റ്റ് ആണ്.

ഐഡി നോക്കിയപ്പോൾ ചെറുതായി ഒരു ഞെട്ടൽ ഉള്ളിൽ നിറഞ്ഞു….

ഏഴുവർഷം പരിചിതമായ ഒരു മുഖം ..ഒരുപക്ഷേ ഇന്നും മനസ്സിന്റെ ഒരു കോണിൽ താഴിട്ടു സൂക്ഷിച്ച ഒരു മുഖം.. കൗമാരത്തിൽ കളഞ്ഞുപോയ പ്രണയത്തിൻറെ മുഖം..

യൗവനം ഇല്ലാതെ മറവിയിലേക്ക് മാഞ്ഞുപോയി എന്ന് എന്നെത്തന്നെ വിശ്വസിപ്പിച്ച മുഖം..

ഞാൻ ആ d p യിലേക്ക് സൂക്ഷിച്ചുനോക്കി… കാലം വരുത്തിയ കുറച്ചു മാറ്റം ഉണ്ടെന്നു ഒഴിച്ചാൽ എല്ലാം പഴയതുപോലെതന്നെ.. അറിയില്ല എന്താണ് തോന്നുന്നത് … ഒരു മരവിപ്പ് മാത്രം…

മെസ്സേജ് തുറന്നു നോക്കി…

“എടോ എന്താ കുഞ്ഞിൻറെ പേര്” …

ഇതാണ് മെസ്സേജ്

ഓ…. കഴിഞ്ഞദിവസം ഞാൻ മോളുടെ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു ഞാൻ ഓർത്തു….

മറുപടി അയക്കണോ…?

എൻറെ മനസ്സ് സംശയത്തിൽ ചാഞ്ചാടി.

വിവാഹിതനാണ് എൻറെ പോലെ ഒരു മോളും ഉണ്ട്. 11 വർഷമായി ഒരു ഫോൺ വിളിയോ മെസ്സേജോ ഒന്നും തന്നെ ഉണ്ടായിട്ടില്ല….

അല്ല… തെറ്റി ഒരു പ്രാവശ്യം വിളിച്ചിരുന്നു. തൻറെ ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ടിട്ട്.. ആരുടെയോ കയ്യിൽ നിന്ന് എൻറെ ഫോൺ നമ്പർ വാങ്ങിച്ചു വിളിച്ചു. ഒരു അഞ്ചുമിനിറ്റ്… അതെ 5 മിനിറ്റ് മാത്രമേ സംസാരിച്ചുള്ളൂ അന്ന് പറഞ്ഞിരുന്നു തനിക്ക് അറിയാവുന്ന നമ്പർ തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്….എന്ന്….

പക്ഷേ ഇങ്ങോട്ടും അങ്ങോട്ടും പിന്നീട് ഒരു വിളിയും ഉണ്ടായില്ല .നമ്പർ ഓർമ്മയിൽ ഉണ്ടെങ്കിലും ഫോണിൽ സേവ് ചെയ്തിരുന്നില്ല…

മെസ്സേജിന് ഒരു റിപ്ലൈ അയച്ചേക്കാം അതിൽ തെറ്റില്ലല്ലോ…. ഞാൻ എന്നോട് തന്നെ ചോദിച്ചു ഉറപ്പു വരുത്തി പിന്നെ ടൈപ്പ് ചെയ്തു…

“ദേവലക്ഷ്മി” അതാണ് മോളുടെ പേര്…

ഞാൻ മറുപടി അയച്ചു ചെറിയൊരു സങ്കോചം ഉണ്ടോ…?

മറുപടി പ്രതീക്ഷിക്കുന്നത് കൊണ്ടോ എന്തോ എൻറെ കണ്ണുകൾ ആ ചാറ്റിൽ തന്നെ മാറാതെ നിന്നു..

വീണ്ടും ഒരു മെസ്സേജ് കൂടി വന്നു..

“അതെയോ… സുഖമായിരിക്കുന്നോ..താൻ”.

തികച്ചും ഫോർമൽ ആയി ചോദ്യങ്ങൾ

“സുഖം”

“നാട്ടിൽ ഇല്ലേ… മോളും വൈഫും എന്തുപറയുന്നു”

ഞാൻ ചോദിച്ചു. അനാവശ്യമാണോ എൻറെ ചോദ്യങ്ങൾ..
എനിക്ക് എന്നോട് തന്നെ ഒരു സംശയം തോന്നി…..

“ഞാൻ നാട്ടിൽ ഇല്ലെടോ… തിരുവനന്തപുരത്താണ്. വൈഫും മോളും നാട്ടിലുണ്ട്. കുഞ്ഞിനെ വല്ലാണ്ട് മിസ്സ് ചെയ്യുന്നുണ്ട്… തൻറെ മോളുടെ ഫോട്ടോ കണ്ടപ്പോൾ വെറുതെ തന്നോടൊന്ന് സംസാരിക്കാൻ തോന്നി..

അപ്പുറത്തുള്ള മറുപടി വന്നു…
പിന്നെ എന്തു ചോദിക്കണമെന്ന് അറിയില്ലായിരുന്നു…

“തൻറെ എഴുത്തൊക്കെ കാണാറുണ്ട് സോഷ്യൽ മീഡിയയിൽ”…

വീണ്ടും ഒരു മെസ്സേജ്…

ഞാൻ മറുപടി അയച്ചില്ല. എന്തോ ചെറിയൊരു നൊമ്പരം. ഫോൺ നെറ്റ് ഓഫ് ചെയ്ത് സൈഡ് ടേബിളിലേക്ക് വെച്ചു. എന്തിനാണ് മനസ്സിൻറെ വിങ്ങൽ എന്ന് മനസ്സിലാവുന്നില്ല. എല്ലാവരും പറയുന്നതുപോലെ ആദ്യ പ്രണയം മറക്കാൻ കഴിയാഞ്ഞിട്ടോ… അറിയില്ല..

പക്ഷേ ഇന്നത്തെ ജീവിതത്തിൽ ഞാൻ വളരെ സന്തുഷ്ടയാണ്. നല്ലൊരു പാതിയെ തന്നെയാണ് എനിക്ക് കിട്ടിയത്. കുറച്ചു വർഷങ്ങൾ കാത്തിരുന്നിട്ടെങ്കിലും ഒരു പൊന്നു മോളേയും കിട്ടി..

പക്ഷേ ചില പ്രണയ കവിതകൾ വായിക്കുമ്പോൾ, പാട്ടുകൾ കേൾക്കുമ്പോൾ, ചില ഫിലിം കാണുമ്പോഴോ ഒക്കെ ചെറിയൊരു വേദന തോന്നാറില്ലേ…. ഉണ്ട് ..സത്യമാണത് അത് സമ്മതിക്കാൻ എനിക്ക് മടിയില്ല….

ഓർമ്മകൾ ചിറകടിച്ച് വന്നുകൊണ്ടിരുന്നു….

ആമുഖം.. നോട്ടം.. സംസാരം…

ഒട്ടും ശബ്ദം മുഖരിതമല്ലാത്ത… ബഹളമില്ലാത്ത, വാശിയില്ലാത്ത, ഒരു കുഞ്ഞു പ്രണയം… വല്ലപ്പോഴും മാത്രമേ ഒന്ന് കാണൂ.. രണ്ടുപേർക്കും വരുമാനം ഇല്ലാത്തതുകൊണ്ട് ഫോൺ വിളികൾ ഒന്നും കാര്യമായി ഉണ്ടായില്ല…. എങ്കിലും പരസ്പരം ഓർമ്മിക്കുമ്പോൾ തന്നെ പുഞ്ചിരി വിടർത്തുന്ന നനത്തൊരു ഒരു പ്രണയം……

പാവമായിരുന്നു രണ്ടുപേരും… അതുപോലെ പേടിയും… ഉള്ളിന്റെയുള്ളിൽ പലപ്പോഴും ഒന്നാവാൻ കഴിയില്ല എന്നൊരു സംശയം ഇരുവർക്കും ഉണ്ടായിരുന്നു….

ഞാൻ വീട്ടിൽ മൂത്ത കുട്ടി ആണല്ലോ.. അവിടെയും അതെ. പക്ഷേ പെൺകുട്ടികൾ വീട്ടിൽ നിൽക്കുന്നതിന് ഒരു പരിധി ഉണ്ടല്ലോ…

എങ്കിലും ജീവനായിരുന്നു… ഇഷ്ട ദേവൻറെ മുന്നിൽ തൊഴുതു മടങ്ങുമ്പോൾ…. എൻറെ വിരൽത്തുമ്പിൽ ഒന്നും തൊട്ടപ്പോൾ എന്നിൽ നിറഞ്ഞ ആ വിറയിൽ ഇന്നും എൻറെ വിരൽത്തുമ്പിൽ എനിക്കറിയാൻ കഴിയുന്നുണ്ട്……

മിഴികൾ കൊണ്ട് ചുംബിക്കാൻ പഠിച്ചത് ആ പ്രണയകാലത്താണ്… പരസ്പരം സ്പർശിക്കാതെയുള്ള ചുംബനം… നാളുകൾ കൂടി കാണുമ്പോൾ കണ്ണുകൾ കൊണ്ടുള്ള ചുംബനം…. അത്രമേൽ തീവ്രം.. പരസ്പരമുള്ള ഒരു സമാധാനപ്പെടുത്തൽ ആയിരുന്നു..

പക്ഷേ വർഷങ്ങൾ പോയി മറയുമ്പോൾ ഞാനും അദ്ദേഹവും പ്രിയപ്പെട്ടവർക്കും മുമ്പിൽ നിസ്സഹായരായി.., എൻറെ വിവാഹം തീരുമാനിച്ചു. വീട്ടിലെ അവസ്ഥയിൽ എനിക്ക് ഒന്നും പറയാൻ സാധിച്ചില്ല. അദ്ദേഹവും ഒന്നുമല്ലാത്ത ഒരു അവസ്ഥയിലായിരുന്നു….

ഹൃദയം മുറിയുന്ന വേദനയോടെ ഞങ്ങൾക്ക് രണ്ടുപേരും സാഹചര്യത്തെ അംഗീകരിച്ചു….

ഞങ്ങളുടെ പ്രണയം ഞങ്ങളിൽ തന്നെ വിടർന്ന് ഞങ്ങൾ തന്നെ കൊഴിഞ്ഞു…..

ഇഷ്ടദേവന്റെ മുന്നിൽ വച്ചുതന്നെ ഞങ്ങൾ അവസാനമായി കണ്ടു… വിവാഹത്തിൻറെ ഒരുക്കങ്ങളുടെ തിളക്കം എൻറെ കഴുത്തിലും കാതുകളിലും ഉണ്ടായിരുന്നു… അദ്ദേഹത്തിൻറെ കണ്ണുകൾ എന്നിലെ തിളക്കത്തിൽ ഒന്നുകൂടി തിളങ്ങി.. എനിക്ക് അറിയാമായിരുന്നു ഉള്ളിലെ വേദന കണ്ണുകളിൽ തിളങ്ങിയതാണെന്ന്…

പരസ്പരം കുറ്റപ്പെടുത്താതെ കലഹിക്കാതെ വേദനിപ്പിക്കാതെ പഴിക്കാതെ ഞങ്ങൾ പിരിഞ്ഞു…

വേദനിപ്പിക്കാനും പഴിക്കാനും കുറ്റപ്പെടുത്താനും കലഹിക്കുവാനോ ഞങ്ങൾക്ക് ആകുമായിരുന്നില്ല.. കാരണം ഞങ്ങളുടെ പ്രണയം ആത്മാവിൽ തൊട്ടതായിരുന്നു…

കുഞ്ഞിൻറെ ഞെരുക്കം എന്നെ ഓർമ്മകളിൽ നിന്നും ഉണർത്തി… അവൾ മറുവശത്തേക്ക് ചരിഞ്ഞു കിടന്നതാണ്..

ഞാൻ ടേബിളിലേക്ക് വെറുതെ കണ്ണോടിച്ചു ഫോൺ കയ്യിൽ എടുത്തു…

ഒരു നോട്ടിഫിക്കേഷൻ വന്നു കിടപ്പുണ്ട് ഞാനത് തുറന്നു നോക്കി കുറച്ച് വലിയൊരു മെസ്സേജ് ആയിരുന്നു….

“എടോ ഇത്ര വർഷമായിട്ടും തനിക്ക് എന്നെ മനസ്സിലായില്ലേ….

ഇത്ര വർഷമായിട്ടും മനസ്സിൻറെ ഏതോ കോണിൽ നമ്മൾ ഇന്നും ജീവിക്കുന്നുണ്ട്. തൻറെ കോൺടാക്ട് നമ്പർ വർഷങ്ങൾക്കു മുമ്പ് തന്നെ എൻറെ കയ്യിൽ ഉണ്ട്, എനിക്കറിയാം എൻറെ നമ്പറും താൻ മറന്നിട്ടില്ല എന്ന് പക്ഷേ ഇന്നുവരെ നമ്മൾ പരസ്പരം സംസാരിക്കാൻ ശ്രമിച്ചിട്ടില്ല….

താൻ സമാധാനമായി സന്തോഷത്തോടെ ജീവിക്കുന്നുണ്ട് എന്നുള്ള അറിവ് എനിക്കും സമാധാനമാണ്…
തനിക്കും അങ്ങനെ തന്നെയാവും അല്ലേ…. പരസ്പരം നശിക്കണം എന്ന് കരുതാൻ നമുക്ക് ആവില്ലല്ലോ …

നമ്മൾ ഇരുവരും നമുക്ക് ലഭിച്ച പാതിയിലും കുടുംബ ജീവിതത്തിലും സന്തുഷ്ടരാണ്..

മനസ്സിൻറെ ഒരു കോണിൽ നമ്മുടെ പ്രണയം ജീവിക്കുന്നത് ഒരു തെറ്റല്ലടോ… നമ്മുടെ പ്രണയം നമ്മളെ സ്നേഹിച്ചവർക്ക് വേണ്ടിയല്ലേ വേണ്ടെന്ന് വച്ചത്…. അതിന്… അതിന് വലിയൊരു മഹത്വം ഉണ്ടെടോ…

തൻറെ എഴുത്തിൽ എങ്കിലും നമ്മുടെ മരിച്ച പ്രണയത്തിന് താൻ പലപ്പോഴും ജീവൻ കൊടുക്കാറുണ്ടല്ലോ….

എൻറെ വാക്കുകളോ പ്രസൻസോ തന്നിൽ ഭയം ഉണ്ടാക്കുന്നുണ്ടെന്നുള്ള അറിവ് എൻറെ മരണമാണ് ടീച്ചറെ…. ദൈവീകമായി നമ്മൾ കരുതിയ പ്രണയത്തിൻറെ മരണം….

വെറുതെയാഡോ…. വെറും…. വെറുതെ….”

ആ മെസ്സേജ് അവസാനിച്ചിരുന്നു…

ഞാൻ നെഞ്ചിൽ ഉയർന്ന നിങ്ങളുടെ ഫോൺ മാറ്റിവെച്ചു…

ആവിങ്ങൽ സന്തോഷത്തിന്റെ ആണോ നൊമ്പരത്തിന്റെ ആണോ….. അറിയില്ല…
അല്ല… അങ്ങനെയല്ല… ഞാനിത് മനപ്പൂർവ്വം അറിയാൻ ശ്രമിച്ചില്ല….

പെട്ടെന്ന് ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങി….

“ഹലോ ഏട്ടാ..”..

“അതെയോ…. ആ…മോൾ ഉറങ്ങി….

ശരി… ഒക്കെ…”

ഞാൻ ഫോൺ വച്ച് എഴുന്നേറ്റു…. കാറിന്റെ ശബ്ദം കേൾക്കുന്നുണ്ട്… ഏട്ടൻ പുറത്ത് എത്തിയിട്ടുണ്ട് ഞാൻ വാതിൽ ലേക്ക് നടന്നു… പിന്നെ തിരിഞ്ഞ് ഫോണിലേക്ക് നോക്കി….

അതെ…

വെറുതെയാണ്… വെറും…. വെറുതെ….


ഒരു നഷ്ട പ്രണയത്തിൻറെ കഥ പറയാൻ ഇല്ലാത്ത ഒരാളും ഉണ്ടാവില്ല……..

                ദേവലക്ഷ്മി.

Leave a Reply

Your email address will not be published. Required fields are marked *