താന്തോന്നി പാർട്ട് 3

രചന ..റോസ് സൂസൻ

പാർട്ട് 3

ബസിറങ്ങി അഞ്ചു മിനിറ്റ് നടക്കാനുണ്ട് കാഞ്ഞിരമറ്റത്തിൽ ഓഫീസിലേക്ക്. വേഗത്തിൽ നടന്നു ഇഷാനി.സെക്യൂരിറ്റി നിൽക്കുന്നുണ്ട്. വലിയൊരു കോമ്പൗണ്ടാണ് കാഞ്ഞിരമറ്റത്തിൽ ഓഫീസിന്റെത്. നാല് നിലകളോട് കൂടിയ വലിയ കെട്ടിടം.

” ആരെ കാണാനാണ്? “

ഇഷാനി ആകെ നോക്കുന്നത് കണ്ട് സെക്യൂരിറ്റി ചോദിച്ചു.

” മൂർത്തി സാർ പറഞ്ഞിട്ട് വന്നതാണ്.”

ഇടതു കൈയിൽ ഇരിക്കുന്ന ഫയൽ ഒന്നുകൂടി നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് ഇഷാനി ഭവ്യതയോടെ പറഞ്ഞു.

” മൂർത്തി സാർ വന്നിട്ടില്ല. അല്പം കൂടി കഴിയും. ഫ്രണ്ട് ഓഫീസിലേക്ക് ഇരുന്നോളൂ. “

സെക്യൂരിറ്റി പറഞ്ഞുതനുസരിച്ച് ഓഫീസിലേക്കുള്ള സ്റ്റെപ്പ് കയറി ഗ്ലാസ് ഡോർ തുറന്ന് വലതുകാൽ വെച്ച് തന്നെ അകത്തേക്ക് കയറി ഇഷാനി. എസിയുടെ കുളിര് അവളെ പൊതിഞ്ഞു. ആദ്യത്തെ ക്യാബിനിൽ ഇരിക്കുന്ന പെൺകുട്ടി അവളെ നോക്കി മനോഹരമായി ചിരിച്ചു. വലിയ ഇടനാഴിയാണ് അതിന് ഇരുവശത്തുമായി പകുതി മറച്ച ഓരോ ക്യാബിനുകൾ. പലതും ഒഴിഞ്ഞു കിടക്കുകയാണ്. വന്നവരാകട്ടെ അവരുടേതായ ഓരോരോ കാര്യങ്ങളിലാണ്.ഓരോരുത്തർക്ക് പ്രത്യേകം ജോലി ചെയ്യാനുള്ള ഇടം. നാല് വീതം. നേരെ ഒരു മെയിൻ ഡോർ കാണുന്നുണ്ട്.പിന്നെ വലത്തോട്ട് തിരിഞ്ഞു പോകുന്നു.

” മൂർത്തി സാർ പറഞ്ഞിട്ട് വന്നതാണ്. ഇഷാനി ചന്ദ്രശേഖർ. “

ആ പെൺകുട്ടിയോട് പറഞ്ഞു ഇഷാനി.

” പുതിയ അപ്പോയ്മെന്റ് അല്ലേ? മൂർത്തി സാർ പറഞ്ഞിരുന്നു. ഇന്ന് വരുമെന്ന്. മാഡം ഇരുന്നോളൂ. “

മുന്നിൽ കിടക്കുന്ന കസേര ചൂണ്ടി ആ പെൺകുട്ടി വിനയത്തോടെയാണ് പറഞ്ഞത്. ആ കസേരയിലേക്കിരുന്നു ഇഷാനി. മനസ്സുകൊണ്ട് വീട്ടിലേക്ക് ഒരു ഓട്ട പ്രദക്ഷിണം നടത്തി അവൾ. അമ്മ തന്നെയാണ് ഭദ്രേട്ടനെ വിവരമറിയിച്ചത് എന്നോർത്തപ്പോൾ, ദേഷ്യം വന്നു അവൾക്ക്. ഓരോന്ന് ആലോചിച്ച് ഇരുന്നു പോയവൾ.ഓരോരുത്തരായി കയറി വരുന്നുണ്ട്. ചിലരൊക്കെ അവളെ നോക്കുന്നുണ്ട്.. ഒഴിഞ്ഞു കിടക്കുന്ന കേബിനുകൾ എല്ലാം സജീവമായി.മൂർത്തി സാറിന്റെ കാർ വരുന്നതും പാർക്ക് ചെയ്യുന്നതും കണ്ടു ഇഷാനി ഇരുന്നിടത്തു നിന്നും എഴുന്നേറ്റു ഒതുങ്ങി നിന്നു. ഫോണിൽ സംസാരിച്ചു കൊണ്ടാണ് മൂർത്തി അകത്തേക്ക് വന്നത്.ഡോർ തുറന്നപ്പോൾ തന്നെ ഇഷാനിയെ കണ്ടു.

” ഓക്കേ… ആൾ എത്തിയിട്ടുണ്ട്. എല്ലാം വേണ്ടത് പോലെ ചെയ്യാം. സമാധാനമായിരിക്ക്.അവനെ നന്നാക്കാൻ പറ്റുമോ എന്ന് നമുക്ക് നോക്കാലോ. ശരി പിന്നെ വിളിക്കാം. “

ഫോണിലെ സംസാരം അവസാനിച്ചിട്ട് ഇഷാനിയെ നോക്കി.

” ഇഷാനി താൻ ഒക്കെയായില്ലേ വേറെ പ്രോബ്ലം ഒന്നും ഉണ്ടായില്ലല്ലോ? “

” ഇല്ല സാർ..കൈ മുട്ടിലെ അൽപ്പം തൊലി നീങ്ങിയല്ലേ ഉള്ളൂ. “

” ഞാൻ വല്ലാതെ പേടിച്ചു പോയി. താൻ വീണപ്പോൾ. എന്താ ഉണ്ടായത് എന്ന് ഇപ്പോഴും പിടി കിട്ടിയിട്ടില്ല. ശീതൾ ഇതാണ് നമ്മുടെ സേവിച്ചന്റെ പുതിയ പി എ. ഇഷാനി ചന്ദ്ര ശേഖർ. “

മൂർത്തി സാർ തന്നെ പരിചയപ്പെടുത്തിയത് കേട്ട് നെറ്റി ചുളിഞ്ഞു ഇഷാനിയുടെ. അക്കൗണ്ടന്റ് ജോലിയാണെന്ന് പറഞ്ഞിട്ട്, പി എ എന്ന് പറഞ്ഞാൽ.. എങ്ങനെ ശരിയാകും?

” അല്ല സർ അക്കൗണ്ടന്റ് വേക്കൻസി ആണെന്ന് പറഞ്ഞിട്ട്.. ഇതിപ്പോ..”

ഇഷാനി പൂർത്തിയാക്കുന്നതിന് മുമ്പ് വലതു കൈ ഉയർത്തി തടഞ്ഞു മൂർത്തി.

” സോറി ഇഷാനി ഞാനപ്പോൾ പറഞ്ഞത് അക്കൗണ്ടന്റ് വേക്കൻസി എന്ന് തന്നെയാണ്. അതിന് ചില പ്രോബ്ലംസ് ഉണ്ട്. ഒന്നാമത് കറിയാച്ചൻ മുതലാളിയുടെ സെക്കൻഡ് വൈഫിന്റെ ആങ്ങളയാണ് ആ പോസ്റ്റിൽ ഉള്ളത്. പ്രത്യേകിച്ച് ജോലി വേക്കൻസി ഒന്നും ഈ ഓഫീസിൽ ഇല്ലായിരുന്നു. എന്നാപ്പിന്നെ സേവിച്ചന്റെ പി എ ആകട്ടെ എന്ന് കരുതി. പുള്ളിക്കാരൻ ആണെങ്കിൽ, ഓഫീസിൽ അധികം വരാറില്ല. വന്നു കഴിഞ്ഞാൽ എല്ലാം കൃത്യമായിരിക്കണം. അല്ലെങ്കിൽ ഈ ഓഫീസ് തന്നെ തല കീഴായി വെക്കും. കാഞ്ഞ ബുദ്ധിയാണ്. എന്നും വരണം എന്നൊന്നുമില്ല. ഇവിടെ ഒരു ഇല അനങ്ങിയാൽ, സേവി അറിയും. അങ്ങനെയാണ്. ആൻസി ആയിരുന്നു മുൻപ് ഇതെല്ലാം നോക്കിയിരുന്നത്. എന്താന്നറിയില്ല ആൻസി ശരിയാകില്ലെന്ന് സേവി വിളിച്ചുപറഞ്ഞു. എന്തായാലും താൻ ഇന്ന് വരുമ്പോൾ, സർപ്രൈസ് ആകട്ടെ എന്ന് കരുതി വിളിച്ചപ്പോൾ പറയാതിരുന്നതാണ്. അക്കൗണ്ടിനേക്കാൾ, ഇരട്ടി ശമ്പളമാണ് സേവിയുടെ പിഎക്ക് കിട്ടാൻ പോകുന്നത്. ഹാപ്പി ആയല്ലോ അല്ലേ? “

മൂർത്തി ചിരിച്ചുകൊണ്ടാണ് അത്രയും പറഞ്ഞത്.
എന്നാൽ ഇഷാനിയുടെ മുഖത്ത് യാതൊരു ഭാവമാറ്റവും ഇല്ലായിരുന്നു.

” സോറി സർ.. എനിക്ക് ഈ ഓഫർ സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. മുതലാളിയുടെ പി എ എന്ന് പറഞ്ഞാൽ എപ്പോഴും അദ്ദേഹത്തെ അസിസ്റ്റ് ചെയ്യുന്ന ആൾ ആയിരിക്കണം. എനിക്ക് അതിന് കഴിഞ്ഞെന്നു വരില്ല. ബിസിനസ് മീറ്റിങ്ങുകളിലും മറ്റും ദൂരെ യാത്രയ്ക്കോ മറ്റോ പോകേണ്ടി വന്നാൽ, സാധിക്കുകയില്ല. ഞാൻ തുടർന്നുകൊണ്ടിരിക്കുന്ന ഒരു ജോലിയുണ്ട് പ്രൈവറ്റ് ട്യൂട്ടോറിയലിൽ ക്ലാസ് എടുക്കാൻ വൈകീട്ട് പോകണം. വേണ്ടെന്നു വയ്ക്കാനും കഴിയില്ല. രണ്ടുമാസം കൂടി കഴിഞ്ഞാൽ പത്താം ക്ലാസിലെ കുട്ടികൾക്ക് എക്സാം തുടങ്ങുകയാണ്. ഇപ്പോൾ ഒരു ടീച്ചർ മാറിവന്നാൽ, അത് കുട്ടികളുടെ പഠനത്തെ ബാധിക്കും. സോറി സാർ..”

വളരെ സമചിത്തതയോടെ കാര്യങ്ങൾ അവതരിപ്പിച്ചു ഇഷാനി. വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത, മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു അവളുടെ ഉള്ളിൽ.

” ഇഷാനി താൻ കരുതുന്ന പോലെ ഒന്നുമില്ല.തനിക്ക് കൃത്യ സമയത്തു ഇവിടെ നിന്ന് ഇറങ്ങാം. എല്ലാ ഫയലുകളും സേവിയുടെ ടേബിളിൽ എത്തുന്നതിനു മുൻപ് ചെക്ക് ചെയ്യണം.എല്ലായിടത്തും ഒരു കണ്ണ് ഉണ്ടാകണം. ഇന്നിനി വരുന്നുണ്ടാവില്ല. ഓഫീസിലേക്ക് വരുന്ന ദിവസം കൃത്യം ഒൻപത് മണിക്ക് എത്തും. താൻ പേടിക്കണ്ട ഞാനുണ്ട് ഇവിടെ. എന്ത് സംശയം ഉണ്ടെങ്കിലും ക്ലിയർ ചെയ്തു തരാം. “

മൂർത്തി സാർ പറയുന്നത് കേട്ടപ്പോൾ, പുഞ്ചിരിക്കാൻ ശ്രമിച്ചു ഇഷാനി.

അവരുടെ സംസാരം ശ്രദ്ധിച്ചുകൊണ്ട് ശീതൾ പുഞ്ചിരിയോടെ നിന്നു. ആൻസി മാഡത്തിന്റെ ജാഡയിനി കാണേണ്ടല്ലോ എന്നതായിരുന്നു അവളുടെ ഉള്ളിൽ.

” ശീതൾ അപ്പോയിമെന്റ് ലെറ്റർ കൺഫേം ചെയ്തോളു. വിത്ത്‌ മൈ സ്പെഷ്യൽ ഓർഡർ. കറിയാച്ചൻ മുതലാളി വരുമ്പോൾ, ഞാൻ പറഞ്ഞേക്കാം. ആൻസി വന്നാൽ എന്റെ കമ്പിനിലേക്ക് വരാൻ പറയൂ.. ഇഷാനി കം വിത്ത്‌ മി. “

മൂർത്തി സാറിന്റെ പിന്നാലെ നടക്കുമ്പോൾ, ഇഷാനിക്ക് വല്ലായിമ തോന്നി. ആഗ്രഹിക്കാത്ത അംഗീകാരം ലഭിച്ചതിൽ, സന്തോഷം തോന്നിയില്ല. എന്തോ ഒരു ഭയം തന്നെ പൊതിയുന്നത് പോലെ.മൂർത്തി സാറിന് പിന്നാലെ നടന്നു പോകുന്ന പെൺകുട്ടിയിലായിരുന്നു മറ്റുള്ളവരുടെ ശ്രദ്ധ. ഗുഡ് മോർണിംഗ് പറയുന്നുണ്ട് എല്ലാവരും എഴുന്നേറ്റിട്ട്. മൂർത്തി സാറിനു ആ ഓഫീസിൽ ഉള്ള സ്ഥാനം എത്ര വലുതാണ് എന്ന് മനസ്സിലായി അവൾക്ക്.

നേരെ കാണുന്ന റൂമിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറി മൂർത്തി പിന്നാലെ ഇഷാനിയും. അവൾക്ക് പിന്നിൽ ആ വാതിൽ അടഞ്ഞു.

” മാലാഖ പോലൊരു കൊച്ച് ആന്നലോ ചെകുത്താന് കൂട്ടിനു വന്നിരിക്കുന്നത്. എന്തായാലും ആൻസി മാഡത്തിന്റ ചീട്ട് കീറി. അഹങ്കാരത്തിനു കയ്യും കാലും വെച്ച സാധനത്തിനെ ഇനി സഹിക്കണ്ടല്ലോ. സേവി സാർ സ്വന്തം കക്ഷത്തില് ആണെന്നായിരുന്നു വിചാരം. കറിവേപ്പില പോലെ എടുത്തു പുറത്തേക്കിട്ടപ്പോൾ, നെഗളിപ്പ് നിന്നു. “

ജോബിൻ അടുത്ത കമ്പിനിലേക്ക് എത്തി നോക്കി പറഞ്ഞു.

” താൻ വെറുതെ ഓരോന്ന് പറയണ്ട. ആൻസി മാഡം റൂട്ട് മാറ്റി പിടിച്ചപ്പോൾ, സാർ എടുത്തു പുറത്തിട്ടു. അല്ലാതെ വേറെ ഒന്നുമല്ല. പുറത്ത് എന്ത് കൂതറ ആണെങ്കിലും, ഓഫീസിൽ ഉള്ളവരോട് മാന്യമായി ഇടപെടുന്ന ആളാണ് സേവി സാർ. ഞാൻ ഇവിടെ വർഷങ്ങളായി ജോലി ചെയ്യുന്നു. ഒരു നോട്ടം കൊണ്ട് പോലും അപമര്യദയായി പെരുമാറിയിട്ടില്ല. പിന്നെ ജോലി അത് കൃത്യമായി ചെയ്യണം. “

” അത് ലിൻസി ചേച്ചിക്ക് തോന്നുന്നതാ.. അറിയുമോ കിഴക്കൻ പാറയിലെ സെലീന അവിടെയാ പുള്ളിക്ക് പറ്റ്.. എന്നറിയാത്ത ആരാ ഉള്ളത്?”

ജോബിൻ അടക്കത്തിൽ പറഞ്ഞപ്പോൾ, ലിൻസിയുടെ മുഖം മാറി.

” വേണ്ടാത്ത കാര്യങ്ങൾ ചർച്ച ചെയ്യണ്ട.. ജോബിൻ വർക്ക് ചെയ്യാൻ നോക്ക്. “

താൽപ്പര്യം ഇല്ലാത്തത് പോലെ പറഞ്ഞിട്ട് ലിൻസി തന്റെ ജോലിയിലേക്ക് കടന്നു.

അത്യാവശ്യം വേണ്ട കാര്യങ്ങൾ എല്ലാം പറഞ്ഞുകൊടുത്തു മൂർത്തി സാർ ഇഷാനിക്ക്. ശ്രദ്ധയോടെ എല്ലാം കേട്ടിരുന്നവൾ. മനസ്സിൽ പതിപ്പിച്ചു കൊണ്ട്.
ശീതൾ അപ്പോയിന്മെന്റ് ഓർഡർ കൊണ്ടുവന്നു.

” സാർ.. മുതലാളി വന്നിട്ടുണ്ട്. “

ശീതൾ പറഞ്ഞു.

” ശരി താൻ പോയ്ക്കോ.. “

ലെറ്റർ വാങ്ങി തന്റെ സീലും ഒപ്പും വെച്ചു മൂർത്തി സർ. അയാളുടെ മുഖത്തൊരു ചിരി വിടർന്നു. തന്റെ ലക്ഷ്യം പൂർത്തി ആയതിന്റെ…തനിക്ക് പിന്നിൽ അരങ്ങേറുന്ന നാടകം എന്തെന്ന്റിയാതെ ഇരുന്നു ഇഷാനി.

തുടരും….

2 comments

  1. ഇനി ബാക്കി അറിയാതെ സമാധാനം ഉണ്ടാവില്ല ♥️നല്ല സ്റ്റോറി 🥰🥰👍

Leave a Reply

Your email address will not be published. Required fields are marked *