റൗഡി ചെക്കനും മാലാഖ പെണ്ണും – പാർട്ട് 5

രചന ..ആസിയ പൊന്നൂസ്

ഭാഗം 05

കുമാരേട്ടന്റെ കട കണ്ടതും രുദ്ര നടപ്പിന്റെ വേഗത കൂട്ടി വേഗം കടയിലേക്ക് കയറി…..

“എന്താ മോളെ കിതക്കുന്നെ…..?” സാധനം വാങ്ങാൻ വന്നവർക്ക് ഓരോന്നായി എടുത്തു കൊടുക്കുന്നതിനിടയിൽ രുദ്രയെ കണ്ണിലുടാക്കിയപ്പോൾ കുമാരേട്ടൻ ചോദിച്ചു…..

രുദ്ര തിരിഞ്ഞൊന്ന് നോക്കിയപ്പോൾ പിറകെ വന്നയാളെ അവിടെങ്ങും കാണാനില്ല….
അതോടെ അവൾ ആശ്വാസത്തോടെ ശ്വാസം എടുത്തു വിട്ടു…..

“ഒന്നുമില്ല കുമാരേട്ടാ…..
ഒരു ബ്രെഡും….
ആരോറൂട്ടിന്റെ ബിസ്ക്കറ്റും പൊടിയരിയും വേണമായിരുന്നു……” കഴുത്തിലെ വിയർപ്പ് സാരി തുമ്പ് കൊണ്ട് ഒപ്പിക്കൊണ്ടവൾ പറഞ്ഞതും കുമാരേട്ടൻ സഹായിയായ മണിയനെ നീട്ടി വിളിച്ചു….

“കൊച്ചിന് പനി കുറഞ്ഞില്ലേ മോളെ…..?” സാധനം എടുക്കുന്നതിനിടയിൽ മണിയൻ ചോദിച്ചു…..

“ഇന്നലെ ആശുപത്രീല് കൊണ്ട് പോയപ്പോ കുറച്ച് ഭേദം ഉണ്ട് ചേട്ടാ…..
എങ്കിലും ക്ഷീണം ഉണ്ട് …..” ചുറ്റും വീക്ഷിച്ചു കൊണ്ടവൾ മറുപടി പറഞ്ഞു…..

സാധനം വാങ്ങി പൈസയും കൊടുത്ത് അവൾ പോകുമ്പോൾ പിറകെ വന്ന ആ മനുഷ്യന്റെ മുഖം എവിടെയോ കണ്ട് മറന്നത് പോലെ ഒരു തോന്നലുണ്ടായി രുദ്രക്ക്…..

വീടെത്തും വരെ അവൾ പലവട്ടം തിരിഞ്ഞു നോക്കിയെങ്കിലും പിന്നീടാ മനുഷ്യനെ അവൾക്ക് കാണാൻ കഴിഞ്ഞില്ല…..

എന്തിനായിരിക്കും ആ മനുഷ്യൻ തന്നെ പിന്തുടർന്നതെന്ന് അവൾ ആലോചിച്ചു….
ഇനി അത് തന്റെ തോന്നൽ ആയിരിക്കുമോ എന്ന് പോലും അവൾ ചിന്തിച്ചു പോയി…..

ആ ചിന്ത വീടെത്തും വരെയേ അവൾക്കുണ്ടായിരുന്നുള്ളൂ…..
വീടിന്റെ ഉമ്മറത്ത് ആ മനുഷ്യനെ കണ്ടപ്പോൾ അവളുടെ നെറ്റി വല്ലാണ്ട് ചുളിഞ്ഞു…..

ജോലി കഴിഞ്ഞു വന്ന അമ്മ വേഷം പോലും മാറാതെ അയാളുമായി വഴക്കിടുവാണ്…..
എന്നാൽ അയാൾ സമാധാനത്തിൽ എന്തൊക്കെയോ പറയുന്നുണ്ട്….
വല്യമ്മയും അമ്മു ചേച്ചിയെ മാളുവും സിമി ചേച്ചിയും മീരയും കാഴ്ചക്കാരായി നിൽപ്പുണ്ട്…
മാളൂ കരയുകയാണ്…..
അമ്മയും ഏതാണ്ട് കരച്ചിലിന്റെ വക്കിലാണ്….

സംഭവം എന്താണെന്ന് അറിയാതെ അവൾ ധൃതിയിൽ അവിടേക്ക് ഓടി ചെന്നു…..

“ചേച്ചി….
ഇയാള് ചേച്ചിയെ കൊണ്ട് പോകാൻ വന്നതാ….
പോവല്ലേ ചേച്ചി…
ഞങ്ങളെ വിട്ട് പോകല്ലേ ചേച്ചീ…..”തന്നെ കണ്ടതും ഓടി വന്ന് കെട്ടിപ്പിടിച്ചു കരയുന്ന മാളുവിനെ കണ്ട് രുദ്ര പകച്ചു പോയി…..

“നീയെന്തിനാ മാളൂ കരയുന്നത്…..
ചേച്ചി എങ്ങോട്ട് പോകുമെന്നാ….
അമ്മേ ഇയാളാരാ…..?” രുദ്രയെ കണ്ട് ഇരുന്നിടത്ത് നിന്ന് എണീറ്റ് നിന്ന ചന്ദ്രനെ ചൂണ്ടി രുദ്ര അരിശത്തോടെ ചോദിച്ചു….

“ഞാൻ അഡ്വക്കേറ്റ് രാമചന്ദ്രൻ….
മോളുടെ ഒരു അമ്മാവനായിട്ട് വരും…..

മോളുടെ അച്ഛാച്ഛൻ പറഞ്ഞിട്ട് മോളെ കൂട്ടിക്കൊണ്ട് പോകാനാ ഞാൻ വന്നത്…..” ചന്ദ്രൻ സൗമ്യമായി പറഞ്ഞു….

അത് കേട്ട രുദ്രയിൽ ഒരു നടുക്കമുണ്ടായി…..
ഇയാളാണോ അമ്മ പറയാറുള്ള ആ വക്കീൽ…..
ഡോക്ടർ സിദ്ധാർത്ഥന് തന്നെ ദത്ത് നൽകിയ ആ ബന്ധു…..

രുദ്ര തല ഒന്ന് കുടഞ്ഞു…..
ബന്ധവും സ്വന്തവും പറഞ്ഞു ഇങ്ങനെ ആരെങ്കിലും കണ്മുന്നിൽ വന്ന് നിൽക്കുമെന്ന് അവൾ കരുതിയിരുന്നില്ല….

പെട്ടെന്ന് അങ്ങനെ ഒരാൾ വന്നപ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന് പോലും അറിയാതെ രുദ്ര പകച്ചു നിന്നുപോയി…..

“ഏത് അച്ഛാച്ഛൻ….
ഏത് അമ്മാവൻ…
ഇവൾ എന്റെ മോളാ….
ഞാൻ വളർത്തിയ എന്റെ മോള്….

ഇവളെ കൊണ്ട് പോകാമെന്നു കരുതി ഒരുത്തനും ഈ പടി ചവിട്ടരുത്….
ഇറങ്ങിക്കോണം…..”രുദ്ര ഒരക്ഷരം മിണ്ടാതെ നിൽക്കുന്നത് കണ്ട് ഭയന്നു പോയ ഉഷ ചന്ദ്രനെ വീടിനകത്ത് നിന്ന് ആട്ടിയിറക്കി…..

രുദ്ര അയാൾക്കൊപ്പം പൊയ്ക്കളയുമോ എന്നൊരു ഭയം ഉഷക്കുണ്ട് …..
രുദ്രയും മാളുവുമാണ് ആ സ്ത്രീയുടെ ലോകം….
ആ രണ്ട് പേർക്ക് വേണ്ടിയാണ് ഉഷ ജീവിക്കുന്നതും….

അതിലൊന്നിനെ പിരിയുക എന്നത് ഉഷക്ക് ചിന്തിക്കാൻ പോലും കഴിയുന്ന കാര്യമല്ല…..

“ഇത്രയും കാലം ഞങ്ങളുടെ കുട്ടിയെ സംരക്ഷിച്ചതിന് നിങ്ങളോട് ഞങ്ങൾക്ക് നന്ദിയും സ്നേഹവും ബഹുമാനവും ഒക്കെയുണ്ട്…..

ശ്രീമോളോട് നിങ്ങൾക്കുള്ള സ്നേഹം അറിയാഞ്ഞിട്ടുമല്ല…
പക്ഷേ ഇപ്പൊ മോളെ എനിക്കൊപ്പം നിങ്ങള് അയച്ചേ പറ്റൂ…..

മകനും മരുമകളും ചെറുമകനും ഒക്കെ നഷ്ടപ്പെട്ടു പോയ ഒരു വൃദ്ധന് ഇനി സ്വന്തമെന്ന് പറയാൻ ഈ നിൽക്കുന്ന പേരക്കുട്ടി മാത്രമേ ഇനി അദ്ദേഹത്തിനുള്ളൂ…..

ഈ ജീവൻ എങ്കിലും ഞങ്ങൾക്ക് സംരക്ഷിച്ചേ പറ്റൂ…..
അതുകൊണ്ട് ദയവ് ചെയ്ത് മോളെ എനിക്കൊപ്പം അയക്കണം…..
അവൾക്ക് ചെയ്ത് തീർക്കാൻ ഒത്തിരി ഉത്തരവാദിത്തങ്ങളുണ്ട്…..” ചന്ദ്രൻ താഴാവുന്നതിന്റെ മാക്സിമം താഴ്ന്നുകൊണ്ടാണ് ഉഷയോട് സംസാരിച്ചത്…..

ഇങ്ങനൊരു ബന്ധു രുദ്രയെ തേടി വന്നതിൽ സിമിതക്ക് മാത്രമാണ് സന്തോഷം തോന്നിയത്….
ഇനിയെങ്കിലും അവളുടെ കഷ്ടപ്പാട് തീരുമല്ലോ എന്നാണ് അവർ ഓർത്തത്…..
ഡോക്ടർ സിദ്ധാർത്ഥന്റെ ബന്ധുവായിട്ടാണ് സിമി ചന്ദ്രനെ കണ്ടത്…..

“നിങ്ങളോട് ഞാൻ പോകാനല്ലേ പറഞ്ഞത്…..
ഇവൾ ആരുടെയും പേരക്കുട്ടി അല്ല ഈ ഉഷയുടെ മകളാണ്…..
ഞാൻ പ്രസവിച്ച എന്റെ മകൾ….
അല്ലെന്ന് ആര് പറഞ്ഞാലും ഞാൻ സമ്മതിച്ചു തരില്ല…..” ഉഷ വാശിയോടെ പറഞ്ഞു…..

“നോക്ക് സഹോദരി…..
ശ്രീ മോള് നിങ്ങളുടെ മകൾ അല്ലെന്ന് എനിക്കും അറിയാം നിങ്ങൾക്കും അറിയാം…..
ഒരു ഡിഎൻഎ ടെസ്റ്റ്‌ എടുത്ത് തെളിയിക്കാൻ എനിക്ക് അത്ര പ്രയാസം ഒന്നുമില്ല…..

നാവ് കൊണ്ട് എത്ര പറഞ്ഞാലും നിങ്ങൾ ശ്രീയുടെ പെറ്റമ്മ ആവില്ല …..
ജന്മം കൊടുത്ത അച്ഛനോടും അമ്മയോടുമുള്ള കടമ ചെയ്യാനുള്ള ബാധ്യത ഇവൾക്കുണ്ട്…..

അതുകൊണ്ട് നിങ്ങൾ ശ്രീയെ അയച്ചേ പറ്റൂ…..
ഇത്രയും കാലം സ്നേഹിച്ചതിനും സംരക്ഷിച്ചതിനും നന്ദി…..

ഇനി നിങ്ങൾ അതിന് പ്രതിഫലം പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അതും പറയാം….
അതിനി എത്ര ആയാലും ഞങ്ങള് തരും…
ഞങ്ങളുടെ കുട്ടിയെ പരിപാലിച്ചതിന്റെ പാരിദോഷികം ആയിട്ട്….”എന്ന് ചന്ദ്രൻ പറയുമ്പോൾ ഉമയുടെ കണ്ണ് മഞ്ഞളിച്ചു…..

“നിങ്ങള് എത്ര തരും….?
അത് പറഞ്ഞിട്ട് ആലോചിക്കാം ഇവളെ വിടണോ വേണ്ടയോ എന്ന്…..?” എന്ന് ഉമ ചോദിക്കുമ്പോൾ രുദ്ര ഞെട്ടലോടെ ഉമ്മയെ നോക്കി….

ഉഷ ചേച്ചിയെ നോക്കി ദഹിപ്പിച്ചു….

“പണം കിട്ടിയാൽ തീരാവുന്ന സ്നേഹമാണെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഇത്രയും തർക്കത്തിന്റെ ആവശ്യം ഒന്നും വേണ്ടി വരില്ലായിരുന്നു…..”ഉഷയോട് പുച്ഛത്തിൽ പറഞ്ഞുകൊണ്ട് തന്റെ ചെക്ക് ബുക്ക്‌ എടുക്കുമ്പോൾ രുദ്ര നിറ കണ്ണുകളോടെ അമ്മയെ നോക്കി പോയി…..
മീരക്കും അവളുടെ നിൽപ്പ് കണ്ട് കണ്ണും മനസ്സും ഒരുപോലെ നീറി…

മാളൂ അവളെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുകയാണ്….
പോവല്ലേ ചേച്ചി എന്നവൾ പുലമ്പുന്നുമുണ്ട്…..

ചന്ദ്രൻ നീട്ടിയ ചെക്ക് ഉമ വാങ്ങും മുന്നേ ഉഷയത് വാങ്ങി പീസ് പീസ് ആയി കീറിക്കളഞ്ഞു……

“ഇറങ്ങെടോ…..
ഇറങ്ങാൻ….
അവളെ ഞാൻ പ്രസവിച്ചില്ലെങ്കിലും അവളെന്റെ മോള് തന്നെയാ….

ഇത്രയും കാലം ഈ പറയുന്ന അച്ഛാച്ഛന് ഇവളെ വേണ്ടായിരുന്നോ…..
നിങ്ങൾക്ക് അത്ര സ്നേഹം ഉണ്ടായിരുന്നെങ്കിൽ കണ്ണിൽ കണ്ടവർക്ക് വളർത്താൻ കൊടുക്കുമായിരുന്നോ ഇവളെ….

ഏഹ്ഹ്…..
ആ വീട്ടിൽ ആരും ഏറ്റെടുക്കാൻ ഇല്ലാതെ ആരോരുമില്ലാതെ ഇവള് നിന്നപ്പോഴൊന്നും കണ്ടില്ലല്ലോ ഈ പറയുന്ന അച്ഛാച്ഛനെ…..

വർഷം ഇത്രയും കഴിഞ്ഞിട്ടും ഇന്നുവരെ ഒരു നോക്ക് വന്ന് കാണാത്ത അച്ഛാച്ഛന് ഇന്നിപ്പോ പെട്ടെന്ന് എവിടുന്നു പൊട്ടി മുളച്ചു ഈ സ്നേഹം….

ഇത്രയും കാലം ഇല്ലാത്ത സ്നേഹം പെട്ടെന്നു ഒഴുകുന്നുണ്ടെങ്കിൽ അതിൽ എന്തോ ചതിയുണ്ട്….
ആ ചതിയിലേക്ക് ഞാൻ എന്റെ മോളെ തള്ളി വിടില്ല…..

ഇത്രയും കാലം ഇല്ലാത്ത ബന്ധങ്ങളൊന്നും ഇനിയും അവൾക്ക് വേണ്ട…..
ഞങ്ങളൊക്കെയല്ലേ ഇത്രയും കാലം അവൾക്കുണ്ടായിരുന്നത്….
ഇനിയും ഞങ്ങളൊക്കെ തന്നെ മതി….
ശ്രീക്കുട്ടി….
കൊച്ചിനെയും വിളിച്ചു അകത്ത് പോ…..”എന്ന് ഉഷ ദേഷ്യത്തോടെ പറഞ്ഞതും മാളുവിനെ ചേർത്തു പിടിച്ചു രുദ്ര അകത്തേക്ക് നടന്നു….

വീടിനുള്ളിലേക്ക് കയറും മുന്നേ അവൾ ചന്ദ്രനെ ഒന്ന് തിരിഞ്ഞു നോക്കാനും മറന്നില്ല…..
ഇതാണ് തന്റെ കുടുംബം..
ഇവിടുള്ളവർ മാത്രമാണ് തന്റെ സ്വന്തം എന്നൊക്കെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിരുന്നു….

പക്ഷേ ഇങ്ങനൊരു ബന്ധു മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ തന്റെ സ്വന്തബന്ധങ്ങളെ അറിയാൻ….
ഒന്ന് കാണാൻ….
തനിക്ക് ജന്മം തന്നവരെ അറിയാൻ അവളുടെ മനസ്സിൽ അത്ര വലുതല്ലാത്തൊരു മോഹം മുളപൊട്ടി….

ആ മോഹത്തെ ഉഷയെയും മാളുവിനെയും ഓർത്ത് അവൾ മനസ്സിൽ അടക്കിപിടിക്കുകയായിരുന്നു …..

“ഞാനിപ്പോൾ പോകുന്നു…..
പഴയത് പോലെയല്ല….
അവൾക്കിപ്പോൾ ശത്രുക്കളുണ്ട്….
സൂക്ഷിക്കണം…..

ഞാൻ തോറ്റു മടങ്ങുകയാണെന്ന് ചിന്തിക്കേണ്ട…..
ഞാൻ ഇനിയും വരും….
ശ്രീ മോളെ കൊണ്ട് പോകേണ്ടത് എന്റെ ആവശ്യം ആയിപ്പോയില്ലേ…..”എന്ന് പറഞ്ഞു ചന്ദ്രൻ നടന്ന് നീങ്ങുന്നതും നോക്കി നിന്ന ഉഷ മാനസികസമ്മർദ്ദം താങ്ങാനാവാതെ കുഴഞ്ഞു വീണു……

“അമ്മേ…..”എന്നൊരു നിലവിളിയോടെ രുദ്രയും മാളുവും ഓടിപ്പാഞ്ഞു വരുന്നതും നോക്കി തിരിഞ്ഞു നടന്ന ചന്ദ്രൻ ഓടി വന്നു….

“അമ്മയെ വിട്ട് പോകല്ലേ മോളെ…..” ബോധം പോകും മുന്നേ ഉഷ അവളോട് യാചിച്ചു…
രുദ്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…..

••••••••••••••••••••••••••••••••••••••••••••°

“ഇനിയും സർജറി ഇങ്ങനെ നീട്ടിക്കൊണ്ട് പോയാൽ സർവൈവ് ചെയ്യാനുള്ള സാധ്യത കുറയും…..

അമ്മയുമായി മാച്ച് ആവുന്ന ഡോണറേയും നമുക്കിത് വരെ കിട്ടിയിട്ടില്ല….
ഡേ ബൈ ഡേ അമ്മയുടെ കണ്ടിഷൻ മോശം ആയിക്കൊണ്ടിരിക്കുകയാണ്…..
പെട്ടെന്ന് എന്തെങ്കിലും ചെയ്തില്ലെങ്കിൽ….” ഡോക്ടർ പാതിയിൽ നിർത്തുമ്പോൾ മഹിക്ക് തന്റെ തല ചുറ്റും പോലെ തോന്നി…..

“പാവങ്ങളാ ഡോക്ടറെ….
ഈ അവസ്ഥ വല്ല പ്രമാണിമാർക്കോ മന്ത്രിമാർക്കോ ആണ് വന്നതെങ്കിൽ ഒരു ഡോണറേ കിട്ടാൻ എളുപ്പമായിരിക്കും…..

അവർ വിചാരിക്കുന്ന നിമിഷം സർജറിയും നടക്കും…..
ഞങ്ങള് പാവങ്ങൾ അല്ലേ സാറേ….
വാരി എറിയാൻ ലക്ഷങ്ങൾ ഒന്നും ഇല്ലാത്തവർ…..”ജസ്റ്റിൻ പറയുമ്പോൾ ഡോക്ടർക്ക് പറയാൻ മറുപടി ഉണ്ടായിരുന്നില്ല….
അദ്ദേഹത്തിന് എന്ത് ചെയ്യാൻ കഴിയും…..

മഹിയുടെ തോളിൽ തട്ടി ഡോക്ടർ അവനെ കടന്ന് പോകുമ്പോൾ മഹി തളർച്ചയോടെ നിലത്തേക്ക് ഇരുന്നുപോയി….

“ഡാ മഹീ…..
നീയിങ്ങനെ തളർന്നു പോയാൽ എങ്ങനെയാടാ…..?” വിനു ഷോൾഡറിൽ കണ്ണ് തുടച്ചു കൊണ്ട് അവന്റെ മുഖം കൈക്കുമ്പിളിൽ ആക്കി കൊണ്ട് ചോദിച്ചു…..

“വിനു….
എന്റമ്മ…..
അമ്മ ഇല്ലെങ്കിൽ ഞാൻ….
മരിച്ചു പോകുമെടാ…..” എന്ന് പറഞ്ഞു ഒരു കൊച്ച് കുഞ്ഞിനെ പോലെ അവൻ കരയുമ്പോൾ വിനുവും കരഞ്ഞു പോയി….

ജസ്റ്റിൻ അത് കണ്ട് നിൽക്കാൻ കഴിയാതെ കണ്ണുകൾ ഇറുക്കി അടച്ചു….
പൈസ എങ്ങനെ സംഘടിപ്പിക്കുമെന്ന അവന്റെ ചിന്ത എത്തി നിന്നത് സാഗർ മുതലാളിയിലാണ്…

തന്നെ കുറേ ഊട്ടിയിട്ടുള്ള കൈകളാണ് പാർവതിയമ്മയുടെ…..
അമ്മയില്ലാത്ത തനിക്ക് വയ്യാത്ത അവസ്ഥയിലും ഭക്ഷണം എത്തിക്കുമായിരുന്നു….
ആ പതിവ് ഇന്ന് മഹിയും പിന്തുടരുന്നുണ്ട്…..

ഒരു ഡോണറെ കണ്ടെത്താനുള്ള കോൺടാക്ട്സ് ഒന്നും തങ്ങൾക്കില്ല…..
പക്ഷേ സാഗർ വിചാരിച്ചാൽ അതൊക്കെ പുഷ്പം പോലെ നടക്കുമെന്ന് അവനറിയാം…..

ഒന്ന് വിളിച്ചു നോക്കാൻ ഫോൺ എടുത്തപ്പോഴാണ് ഹേമന്തിന്റെ മിസ്സ്ഡ് കാൾസ് കണ്ടത്…..
ഫോൺ സൈലന്റ് മോഡ് മാറ്റി തിരികെ വിളിക്കുമ്പോൾ തന്റെ ആവശ്യമാണ്‌ ജസ്റ്റിൻ അങ്ങോട്ട് പറഞ്ഞത്…..

ഹേമന്തുമായി സംസാരിക്കാൻ പോയ ജസ്റ്റിൻ ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞാണ് തിരികെ വന്നത്…..

അപ്പോഴേക്കും വിനു മഹിയെ നിലത്ത് നിന്ന് എണീപ്പിച്ചു ചെയറിൽ ഇരുത്തിയിട്ടുണ്ട്……

മഹിയുടെ കരഞ്ഞു ചുവന്ന മുഖം കണ്ട് ജസ്റ്റിൻ ഒന്ന് ശ്വാസം ആഞ്ഞു വലിച്ചുകൊണ്ട് മഹിക്ക് മുന്നിൽ ചെന്ന് മുട്ട് കുത്തി ഇരുന്നു….

“മഹീ….
ഇങ്ങോട്ട് നോക്ക്….
കാശ് നമ്മൾ ഉണ്ടാക്കും….
സർജറി നടക്കേം ചെയ്യും….
നീ ധൈര്യം ആയിട്ടിരിക്ക്….

അമ്മയേക്കാൾ വലുതല്ല മഹി ഒന്നും….
എന്ത് ചെയ്തിട്ടായാലും ആരെ കൊന്നിട്ടായാലും കാശ് നമ്മൾ സെറ്റ് ചെയ്യും…..
നീ റെഡി അല്ലേ…..”എന്ന് ജസ്റ്റിൻ ചോദിക്കുമ്പോൾ മഹി നിറ കണ്ണുകളോടെ അവനെ നോക്കി….

തുടരും…..

2 comments

Leave a Reply

Your email address will not be published. Required fields are marked *