രചന ..റോസ് സൂസൻ
പാർട്ട് 2
ഇഷാനിയുടെ ഭാവം കണ്ടപ്പോൾ, രാജി വേഗം പുമുഖത്തു നിന്നും ഓടിയിറങ്ങി അവരുടെ അടുത്തേക്ക് വന്നു.
” ഭദ്രാ വേണ്ട മോനേ.. “
ഇഷാനിയെ തല്ലാൻ വലതു കൈ ഉയർത്തിയ ഭദ്രന്റെ ഇടയ്ക്ക് കയറി പറഞ്ഞു അവർ.
” എന്റെ ദേഹത്തു തൊട്ടാൽ താൻ വിവരം അറിയും. അപ്പച്ചിയും മോനും കൂടി വല്ലാതെ മനക്കോട്ട കെട്ടണ്ട.എന്റെ കാര്യം നോക്കാൻ എനിക്കറിയാം.!!”
ഇരുവരെയും താക്കിതോടെ ഒന്ന് നോക്കിയിട്ട്, വേഗത്തിൽ പടിപ്പുര ഒതുക്കുകൾ വേഗത്തിൽ ഇറങ്ങി ഇടവഴിയിലൂടെ നടന്നവൾ. നിറഞ്ഞു വന്ന കണ്ണുകൾ പുറം കൈകൊണ്ട് വാശിയോടെ തുടച്ചുകൊണ്ട്.
” കണ്ടോ അവളുടെ ഒരഹങ്കാരം.. ദേ നിങ്ങളാണ് അവളെ ഇങ്ങനെ ആക്കി തീർക്കുന്നത്. “
അച്ഛമ്മയുടെ നേർക്ക് വിരൽ ചൂണ്ടികൊണ്ട് പറഞ്ഞു ഭദ്രൻ.
” എന്റെ മുറ്റത്ത് കയറി വന്ന് എന്നോട് കൈ ചൂണ്ടി സംസാരിക്കാൻ മാത്രം വളർന്നോ വലിയ വീട്ടിൽ ഭദ്രൻ?? “
” ഓ.. നക്കി തുപ്പാൻ നാലാണ കൈയിലില്ലെങ്കിലും, അഹങ്കാരത്തിനു ഒട്ടും പിന്നില്ലല്ലോ മുല്ലക്കൽ സത്യവതി തമ്പുരാട്ടി..കൊച്ചു മകൾക്കും ആ കൊണം തന്നെയാണ് കിട്ടിയിരിക്കുന്നത്. “
“നാലാണ കയ്യിൽ ഇല്ലെങ്കിലും മുല്ലക്കൽ ഉള്ളവരാരും നിന്റെ മുറ്റത്ത് വരില്ല ചോദിച്ചുകൊണ്ട്. മുണ്ട് മുറുക്കി ഉടുത്തു പട്ടിണി കിടന്നാലും വേണ്ടില്ല..”
ഭദ്രന്റെ മുന്നിൽ തോൽക്കാൻ മനസ്സിലാത്തത് പോലെ പറഞ്ഞവർ.
” ആവേശം നല്ലതാണ്.. പക്ഷേ ഒരു കാര്യമുണ്ട് നിങ്ങളുടെ മകൻ പോയിട്ട് അധികമായിട്ടില്ലല്ലോ അതുകൊണ്ടാണ്, ഇതുവരെ പറയാതിരുന്നത് ഇനിയും പറയാതിരുന്നാൽ ശരിയാവില്ല. വലിയ വീമ്പ് പറയുന്നുണ്ടല്ലോ മുല്ലക്കൽ സത്യവതി അമ്മ ഈ തറവാട് വീടിന്റെ ആധാരം എവിടെയാണ് ഇരിക്കുന്നത് എന്നറിയാമോ നിങ്ങൾക്ക്??”
ദേഷ്യത്തിൽ ചോദിച്ചവൻ.
സത്യവതിയമ്മയുടെ നെറ്റി ചുളിഞ്ഞു.അവരുടെ നോട്ടം മരുമകളിലേക്കായി.രാജിയുടെ തല കുനിഞ്ഞു.
” എന്തിനാ അപ്പച്ചിയെ നോക്കി പേടിപ്പിക്കുന്നത്? ഞാൻ പറയാം. അന്ന് പാർട്ടിയിൽ നടന്ന വെട്ട് കേസിൽ നിങ്ങളുടെ മകൻ പ്രതിയായത് ഓർമ്മയുണ്ടോ?മറക്കാൻ വഴിയില്ലല്ലോ അല്ലേ അന്ന് ഇലയ്ക്കും മുള്ളിനും കേടില്ലാതെ, മകനെ പുറത്തിറക്കിയത് ലക്ഷങ്ങൾ വാരിയെറിഞ്ഞിട്ടാണ്. ഒന്നും കാണാതെ അല്ല വലിയവീട്ടിൽ ഭദ്രനത് ചെയ്തത്. ആധാരം എന്റെ പെട്ടിയിലാണ് ഇരിക്കുന്നത്. കൊച്ചുമകളോട് വ്യക്തമായി പറഞ്ഞോ ഇല്ലെങ്കിൽ കൂടും കുടുക്കയും എടുത്ത് പുറത്തിടും ഞാൻ. ഇവിടെ ഓരോ ആവശ്യങ്ങൾക്കും നിങ്ങളുടെ മകൻ പണം ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ കൊടുത്തിരുന്നത് അവളെ കണ്ടിട്ട് തന്നെയായിരുന്നു.വരുന്ന ചിങ്ങത്തിൽ എനിക്കവളെ കെട്ടിച്ചു തന്നില്ലെങ്കിൽ, ഇറങ്ങാൻ തയാറായിക്കോ അച്ഛമ്മയും മക്കളും.!!”
വിരൽ ചൂണ്ടി അത്രയും പറഞ്ഞിട്ട് ഭദ്രൻ തിരിഞ്ഞു നടന്നു തന്റെ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് ഓടിച്ചു പോയി.
” ഇത്രയ്ക്കും വലിയൊരു ചതി എന്തിനാ ചെയ്തത് എന്നോട് ഒരു വാക്ക് പോലും പറയാതെ. “
നെഞ്ചിനുള്ളിൽ വല്ലാത്തൊരു പിടപ്പ് തോന്നി സത്യവതിയമ്മയ്ക്ക്. കൊളുത്തി പിടിക്കുന്നത് പോലൊരു വേദനയും.വലത് നെഞ്ചിന് താഴെ അമർത്തി പിടിച്ചു അവർ.
” എന്തുപറ്റി അമ്മേ ആകെ വിയർക്കുന്നുണ്ടല്ലോ? “
രാജി വെപ്രാളത്തോടെ അവരുടെ അടുത്തേക്ക് ചെന്നു.
” തൊട്ടുപോകരുതെന്നെ…!!”
കണ്ണുകൾ വേദന കൊണ്ട് ചുവന്നു ചുരുങ്ങി അവരുടെ.
” എന്താ അച്ഛമ്മേ? “
തളർച്ചയോടെ പടികൾ കയറുന്ന അച്ഛമ്മയുടെ കയ്യിൽ പിടിച്ചു ശ്രീക്കുട്ടി.
” കോളേജിൽ പോകാൻ നോക്ക് മോളെ ബസ് പോകും.. അച്ഛമ്മയ്ക്ക് ഒന്നും ഇല്ലാട്ടോ കുട്ടി പോയിട്ട് വാ.. “
സംശയിച്ചു നിൽക്കുന്ന ശ്രീകുട്ടിയുടെ നെറുകയിൽ ഒന്ന് തലോടി പറഞ്ഞുകൊണ്ട് അകത്തേക്ക് നടന്നവർ.
” അമ്മേ അച്ഛമ്മയ്ക്ക് എന്തോ വയ്യായ്ക ഉണ്ടെന്നു തോന്നുന്നു. ഹോസ്പിറ്റലിൽ പോകണോ? “
” നീ ഇപ്പോ കോളേജിൽ പോകാൻ നോക്ക്. നേരം കളയാതെ. “
ധൃതി പിടിച്ചകത്തേക്ക് കയറി പോകുന്ന അമ്മയെ നോക്കി പിറു പിറുത്തു കൊണ്ട് വേഗം ഒരുക്കം പൂർത്തിയാക്കി ബാഗും എടുത്ത് ഓടി അവൾ.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
” നിങ്ങളുടെ തന്തോന്നിയായി നടക്കുന്ന മോൻ ഉണ്ടല്ലോ ഇന്നലെ ബാറിൽ വെച്ച് അടി ഉണ്ടാക്കി എന്റെ ജോക്കുട്ടൻ ചെന്നാണ് കോംപ്രമൈസ് ആക്കി കൊണ്ട് വന്നത്. ചിലവ് 60000 രൂപ.!!ഇങ്ങനെ പോയാൽ കാഞ്ഞിരമറ്റത്തിൽ സ്ഥാപനങ്ങളൊക്കെ അടച്ചു പൂട്ടേണ്ടി വരും.മകനെ ഒന്ന് വിളിച്ചു ഉപദേശിക്ക്. നിങ്ങൾക്ക് പറ്റില്ലെങ്കിൽ, വട്ടാശ്ശേരി അച്ഛനോട് ഒന്ന് പറ.. അവനെ ഒന്ന് ഉപദേശിക്കാൻ. അച്ഛനാകുമ്പോൾ, ഒരു മയത്തിലൊക്കെ കാര്യങ്ങൾ അവതരിപ്പിച്ചോളും.”
ഓഫീസിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടയ്ക്ക് തങ്കച്ചിയുടെ പതിവ് പല്ലവി ഗൗനിച്ചില്ല പ്ലാന്റർ കാറിയാച്ചൻ.
” എന്താ മനുഷ്യാ നിങ്ങളുടെ വായിൽ എന്നാ പഴം ആന്നോ? “
ദേഷ്യം വന്നു തങ്കച്ചിക്ക്.
” നീയൊന്ന് അടങ്ങ്. നിനക്കറിയാലോ മറിയ പോയതിന്റെ സങ്കടം ഇതുവരെ മാറിയിട്ടില്ലവന്. കൊല്ലം പത്തു പന്ത്രണ്ടായി എങ്കിലും അമ്മ മരിച്ചു എന്ന് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല അവനിതുവരെ. അവനെ കുറ്റം പറയാനും ഒക്കത്തില്ല അവളുടെ ബോഡി എങ്കിലും കിട്ടിയിരുന്നെങ്കിൽ, എന്റെ മോൻ ആശ്വസിച്ചേനെ.. മാത്രമല്ല നിന്നെ ഞാൻ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നതും അവന് ഇഷ്ടപ്പെട്ടില്ല. അവന്റെ അമ്മ നമ്മുടെ ബന്ധം അറിഞ്ഞിട്ടാണല്ലോ ഇവിടെ നിന്നും ഇറങ്ങിപ്പോയത്.”
” ഇപ്പോ എന്നാത്തിനാണ് അതൊക്കെ പറയുന്നത്? കൊക്കയിൽ നിന്ന് കണ്ടെടുത്തത് നിങ്ങളുടെ പെണ്ണുമ്പിള്ളയുടെ കാർ തന്നെയല്ലേ. ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ, ബോഡിയും കണ്ടെത്താൻ കഴിഞ്ഞില്ല. പോലീസുകാർ എഴുതിത്തള്ളുകയും ചെയ്തു. അതിന്റെ സങ്കടം എന്നും പറഞ്ഞ് കുറെയായി സഹിക്കുന്നു. എന്നോടവന് കലിയാണ്. ചീറ്റപ്പുലിയെ പോലെ ചാടി കേറും. എന്നതായാലും അവന്റെ കുഞ്ഞമ്മയല്ലേ ഞാൻ?? “
” എന്റെ കുഞ്ഞമ്മയോ.. നിങ്ങളോ? ആ പേരല്ല നിങ്ങൾക്ക് ചേരുന്നത്.. എന്റെ അപ്പനെ കണ്ണും കയ്യും കാണിച്ച് വലവീശിപ്പിടിച്ച തേവിടിശ്ശി.. ആ പേരാണ് നിങ്ങൾക്ക് കൂടുതൽ ചേരുന്നത്..!!”
മുൻവശത്തെ വലിയ കട്ടിളയിൽ ഇരു കൈകളും പിടിച്ച്, ആടിക്കൊണ്ട് നിൽക്കുന്നവനെ തിരിഞ്ഞുനോക്കി തങ്കച്ചി. കാലുകൾ നിലത്തുറയ്ക്കുന്നില്ല അവന്റെ. മാത്രമല്ല വെള്ള ജുബയും മുണ്ടും മണ്ണ് പറ്റിയിരിക്കുന്നു. അവന്റെ ആട്ടത്തിനനുസരിച്ച് കഴുത്തിൽ കിടക്കുന്ന സ്വർണ്ണ കൊന്ത വായുവിലാടി. തല മുന്നോട്ടു അല്പം കുനിച്ചാണ് അവൻ നിൽക്കുന്നത്. തികച്ചും പരിഹാസത്തോടെയുള്ള സംസാരം.അവരുടെ കണ്ണുകൾ കോപം കൊണ്ട് ജ്വലിച്ചു.
” സേവി.. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം.”
അപ്പൻ മുന്നിലേക്ക് കയറി വന്നു.
” ഓ ഇറങ്ങിയില്ലായിരുന്നോ.. തിരുമോന്ത കാണണ്ടല്ലോ എന്ന് കരുതിയാണ് ഇത്ര വൈകി വന്നത്..!!”
പുച്ഛത്തോടെ പറഞ്ഞവൻ.
” മോനെ സംഭവിക്കാൻ ഉള്ളതൊക്കെ സംഭവിച്ചു. അമ്മയെ ഓർത്തിരുന്നു നിന്റെ ജീവിതം നശിപ്പിക്കരുത്. മരിച്ചു പോയവരാരും തിരിച്ചു വന്നിട്ടില്ല. എല്ലാം മറക്കാൻ ശ്രമിക്കണം. “
” ഇല്ല ഞാൻ വിശ്വസിക്കില്ല..!! എന്റെ അമ്മ മരിച്ചുപോയിട്ടില്ല. ഞാൻ വിശ്വസിക്കാം നിങ്ങൾ പറഞ്ഞതൊക്കെ, എന്റെ അമ്മയുടെ ബോഡി കൊണ്ടുവാ.. അല്ലെങ്കിൽ മരിച്ചുപോയി എന്നതിന് എന്തെങ്കിലും തെളിവുകൊണ്ടുവാ.. എന്നാൽ ഞാൻ വിശ്വസിക്കാം. ഇവർ ഒരുത്തിയാണ് എന്റെ അമ്മ ഇവിടെ നിന്ന് പോകാനുള്ള കാരണം. എന്റെ അമ്മയുടെ സ്ഥാനം തട്ടിയെടുത്ത, ദുഷ്ടയായ സ്ത്രീ.. നിങ്ങളോട് ഞാൻ ഒരിക്കലും ക്ഷമിക്കില്ല..!! സമാധാനം തരില്ല നിങ്ങൾക്കു ഞാൻ..!!”
അകത്തേക്ക് കയറി തങ്കച്ചിയെ നോക്കി, വലതു കയ്യിന്റെ ചൂണ്ടുവിരലാട്ടിക്കൊണ്ട് പറഞ്ഞു സേവ്യർ കാഞ്ഞിരമറ്റത്തിൽ. പ്രിയപ്പെട്ടവർക്ക് അവൻ സേവിച്ചനാണ്. അപ്പന് മുടിയനായ പുത്രൻ സേവി.!!
ആടിയാടി കൊണ്ട് ആ വലിയ വീടിന്റെ സ്റ്റെയർകെയ്സ് കയറി അവൻ. തന്റെ മുറിയിലേക്ക് നടക്കുമ്പോൾ, എന്തൊക്കെയോ പുലമ്പി കൊണ്ടിരുന്നവൻ.
സിറ്റൗട്ടിൽ എല്ലാം കേട്ടുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു ജോസഫ് എന്ന ജോസുട്ടി. സേവിയുടെ ഉറ്റ മിത്രം. ചെറുപ്പം മുതലുള്ള കളിക്കൂട്ടുകാരൻ. നിഴലുപോലെ കൂടെ നടക്കുന്നവൻ.
” ദാ ജീപ്പിന്റെ താക്കോൽ.. “
താക്കോൽ നീട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു ജോസുട്ടി.
” ഇന്നലെ എന്തായിരുന്നു പുതിയ കാരണം? ബാറിൽ അടി ഉണ്ടാക്കാൻ? നിനക്ക് അവനെ ഒന്ന് പറഞ്ഞു മനസ്സിലാക്കികൂടെ?? “
കറിയാച്ചൻ അവന്റെ നേർക്ക് നടന്നുകൊണ്ട് ചോദിച്ചു.
” അത് ന്യായം നമ്മുടെ ഭാഗത്ത് തന്നെയാണ്. കുടിച്ചാൽ പിന്നെ വയറ്റിൽ കിടക്കാത്ത ചിലരുണ്ട്. ആരുടെയെങ്കിലും മെക്കിട്ട് കയറിയില്ലെങ്കിൽ സമാധാനം കിട്ടില്ല അവന്മാർക്ക്. സേവിച്ചൻ കാര്യമായിട്ട് ഒന്നും ചെയ്തിട്ടില്ല.ജസ്റ്റ് ഒന്ന് പൊക്കിയെറിഞ്ഞു. എറിഞ്ഞത് കുപ്പി വെച്ചിരിക്കുന്ന ഷെൽഫിലേക്കായിരുന്നു എന്ന് മാത്രം.”
നിഷ്കളങ്ക മട്ടിൽ കൈ മലർത്തി കൊണ്ടാണ് ജോസുട്ടി പറഞ്ഞത്.
” പിന്നെ ഒന്നും ചെയ്തില്ല പോലും രൂപ അറുപതിനായിരം ആണ് കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് പോയത്. “
” അതൊന്നും എനിക്കറിയത്തില്ല. ദാ താക്കോൽ. “
താക്കോൽ ഏൽപ്പിച്ചു തിരികെ ഇറങ്ങി നടന്നവൻ.
“അവരുടെ പറച്ചിൽ കേട്ടാൽ തോന്നും ആങ്ങള കുടുംബത്തിൽ നിന്നും കൊണ്ട് വന്നാ കൊടുത്തത് എന്ന്. കട്ട് മുടിക്കാൻ വേണ്ടി സേവിച്ചന്റെ ഓഫീസിൽ കയറി ഇരിക്കുകയാണ് കുടുംബത്തിലുള്ളവരെല്ലാവരും.”
പിറു പിറുത്തു കൊണ്ട് ആ വലിയമുറ്റവും കടന്ന് റോഡിലേക്കിറങ്ങി നടന്നവൻ.
തുടരും….
**mind vault**
mind vault is a premium cognitive support formula created for adults 45+. It’s thoughtfully designed to help maintain clear thinking
സൂപ്പർ ❤️❤️