റൗഡി ചെക്കനും മാലാഖ പെണ്ണും – പാർട്ട് 4

രചന ..ആസിയ പൊന്നൂസ്

ഭാഗം 04

“അച്ഛാ….
അച്ഛൻ ഒന്ന് അടങ്…..
ആ പേട്ട് കിളവൻ വിചാരിച്ചാൽ നമ്മളെ എന്ത് ചെയ്യാൻ പറ്റുമെന്നാ….
അയാള് ചുമ്മാ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കുവാ ….

അതിൽ അച്ഛൻ അയാളുടെ മുന്നിൽ പതറിപ്പോയല്ലോ എന്നോർക്കുമ്പോഴാ എനിക്ക്…..”കൂട്ടിലിട്ട വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും സമാധാനമില്ലാതെ ഉലാത്തുന്ന സാഗറിനോട് മകൻ ഹേമന്ത് പറഞ്ഞു…..

സാഗറിന് ഓർക്കും തോറും തന്റെ രക്തം തിളയ്ക്കുന്നത് പോലെയാണ് തോന്നിയത്….
ആ കിളവന് മുന്നിൽ പതറി നിൽക്കേണ്ടി വന്നതിനേക്കാൾ അയാളെ അസ്വസ്ഥനാക്കുന്നത് രാമനാഥന്റെ വെളിപ്പെടുത്തലുകളാണ് …..

ശ്രീരുദ്ര….
അങ്ങനൊരുവളെ എങ്ങനെ താൻ വിട്ട് കളഞ്ഞു….
ആ ആക്‌സിഡന്റിൽ അവൾ മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും ഉറപ്പ് വരുത്താതിരുന്നത് വലിയൊരു മണ്ടത്തരം ആയി തോന്നി സാഗറിന്….

അടുത്ത നിമിഷം തന്നെ ആ ചിന്തയെ അയാൾ സ്വയം തിരുത്തി…..
അവൾ ജീവനോടെ ഉള്ളത് കൊണ്ടാണ് ഇത്രയും കാലം ഈ സ്വത്തുവകകൾ കൈവശപ്പെടുത്തി വെക്കാൻ സാധിച്ചത്…..

അതിനിയും കൈ വിട്ട് പോകരുതെങ്കിൽ അവൾ ജീവനോടെ തന്നെ ഇരിക്കണം….
അതും തങ്ങൾക്കൊപ്പം……
സ്വത്തുക്കൾ അവൾ സ്വമനസ്സാലെ തങ്ങൾക്ക് കൈമാറണം….
പക്ഷേ എങ്ങനെ…..?

സാഗറിന്റെ ചിന്തകൾ പലവഴിക്ക് സഞ്ചരിച്ചു…..

“അങ്ങേരുടെ മുന്നിൽ തോറ്റു പോയത് പോലെ ആയിപ്പോയി…..”ഹേമന്ത് നിരാശയോടെ പറഞ്ഞു…..

“അവൾ തിരിച്ചു വരുമോ കണ്ണാ…..?” സാഗറിന്റെ ശബ്ദത്തിൽ കാലങ്ങൾക്കിപ്പുറം ആശങ്ക നിഴലിച്ചു…..
അച്ഛന്റെയാ പരിചിതമല്ലാത്ത ഭാവം കണ്ട് ഹേമന്തും വല്ലാതെയായി…..

“അച്ഛൻ അതോർത്തു വിഷമിക്കണ്ട….
ഒരിക്കലും തിരിച്ചു വരാത്ത വിധത്തിൽ അവളുടെ കുടുംബത്തിന്റെ അടുത്തേക്ക് തന്നെ അവളെ പറഞ്ഞു വിടാനുള്ള ഏർപ്പാടുകൾ ചെയ്യാം….

കുറച്ച് കാശ് എറിയേണ്ടി വരും….
എന്നാലും സാരമില്ല….
കണ്ട് പിടിച്ചു അച്ഛന്റെ മുന്നിൽ കൊണ്ട് വന്ന് ഇട്ട് തരും ഞാൻ….
അച്ഛന്റെ കൈ കൊണ്ട് തന്നെ അവളെയും മോളിലോട്ട് പറഞ്ഞു വിടണം….”എന്നൊക്കെ ഹേമന്ത് പറയുമ്പോൾ സാഗറിന് ദേഷ്യമാണ് തോന്നിയത്…..

“പൊട്ടത്തരം പറയല്ലേ കണ്ണാ….
അവളു മരിച്ചാൽ പിന്നെ ഒരൊറ്റ തുട്ട് പോലും കൈയിൽ എടുത്തു ചിലവാക്കാൻ പറ്റാത്ത അവസ്ഥയാവും….

അങ്ങേര് പറഞ്ഞത് പോലെ ഉടുതുണിക്ക് മറുതുണി ഇല്ലാതെ റോഡിൽ ഇറങ്ങേണ്ടി വരും….
ഈ സാഹചര്യത്തിൽ അവളു ചത്താലും പഴി നമ്മുടെ പിടലിക്ക് തന്നെ വരും…..

അതുകൊണ്ട് അവളെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ് ……”എന്നൊക്കെ സാഗർ പറയുമ്പോൾ ഹേമന്തിനു അതത്ര ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല…..
അവന് എത്രയും പെട്ടെന്ന് ഈ പ്രശ്നം ഒക്കെ തീർത്ത് കോടീശ്വരപുത്രിയായ കാവ്യയുമായുള്ള വിവാഹം നടത്തണം…..
അതിന് വേണ്ടിയാണ് ഈ വെപ്രാളം…..
വിവാഹം എങ്ങാനും മുടങ്ങി പോകുമോ എന്നൊരു ആശങ്കയാണവന്…..

കാവ്യയുമായവൻ ഒത്തിരി അടുത്തു പോയി…
താൻ ഒന്നും ഇല്ലാത്തവൻ ആണെന്നറിഞ്ഞാൽ ഈ വിവാഹം മുടങ്ങുമോ എന്നൊരു ഭയം അവനുണ്ട്….
അതുകൊണ്ടാണ് രുദ്രയെ ഇല്ലാതാക്കി ആ പ്രശ്നം തീർക്കാൻ അവൻ ശ്രമിക്കുന്നത്….

“അവളെ കണ്ട് പിടിക്കണം…..
എന്ത് വില കൊടുത്തും കൂടെ നിർത്തണം…..” സാഗർ ഒത്തിരി നേരം ആലോചിച്ച ശേഷം പറഞ്ഞു…..

“തന്തയേം തള്ളയേം കൂടെപ്പിറപ്പിനെയും കൊന്ന് തള്ളിയ സ്നേഹസമ്പന്നൻ ആയ അമ്മാവൻ ചെന്ന് വിളിച്ചാൽ അവൾ അടുത്ത നിമിഷം ഇറങ്ങി വന്ന് കൂടെ നിൽക്കും….
സ്വത്തും എഴുതി തരും….
അച്ഛന് തോന്നുന്നുണ്ടോ അവളു നമുക്കൊപ്പം നിൽക്കുമെന്ന്…..
എനിക്ക് തോന്നുന്നില്ല…..”ഹേമന്ത് നീരസത്തോടെ പറഞ്ഞു….

“സ്നേഹത്തോടെ നിന്നില്ലെങ്കിൽ ബലം പ്രയോഗിച്ചിട്ടാണെങ്കിലും കൂടെ നിർത്തണം….
പെണ്ണല്ലേ….
ഒരു നയത്തിൽ പേടിപ്പിച്ചു നിർത്തിയാൽ മതി…..”സാഗർ പറഞ്ഞു….

“എന്നാലും അതൊന്നും വേണ്ടി വരില്ലെന്ന് തോന്നുന്നു…..
അങ്ങേരു പറഞ്ഞത് കേട്ടില്ലേ…
അവൾ എവിടെയാണെന്നൊന്നും അങ്ങേർക്ക് അറിയില്ലെന്ന്….

നമ്മളെക്കുറിച്ചൊക്കെ അവൾക്ക് ചിലപ്പോ അറിയില്ലെങ്കിലോ…..
അങ്ങേരുടെ സംസാരത്തിൽ നിന്ന് എനിക്ക് അങ്ങനെയാണ് തോന്നിയത്……” സാഗർ പറയുമ്പോൾ ഹേമന്ത് അതിന് വലിയ പ്രാധാന്യം കൊടുത്തില്ല…

“അതൊക്കെ നമ്മളെ ഡൈവേർട്ട് ചെയ്യാൻ പറഞ്ഞതാവും…..
കുറച്ച് ദിവസം ആ കിളവനെയും അങ്ങേരുടെ സന്തതസഹചാരിയുടെയും നീക്കങ്ങൾ ഒന്ന് നിരീക്ഷിച്ചാൽ അവൾ എവിടെയാണെന്ന് സുഖമായിട്ട് നമുക്ക് കണ്ട് പിടിക്കാം…..

ഇതൊക്കെ അവറ്റകളുടെ ഡ്രാമയാ……” ഹേമന്ത് നീരസത്തോടെ പറയുമ്പോൾ സാഗർ പിന്നെയും ആലോചനയിലാണ്ടു…..

“ഇനിമുതൽ ആ കിളവനും ആ ചന്ദ്രനും ഇരുപത്തിനാല് മണിക്കൂറും നമ്മുടെ നിരീക്ഷണത്തിൽ ആയിരിക്കണം…..

അവൾ എവിടെയാണെന്ന് എത്രയും പെട്ടെന്ന് കണ്ടെത്തണം…..
ബലം പ്രയോഗിച്ചായാലും സ്നേഹം നടിച്ചിട്ടായാലും അവളിവിടെ എത്തണം…..

പക്ഷേ അവൾ നമ്മുടെ കസ്റ്റഡിയിൽ ഉണ്ടെന്ന് ആ കിളവനോ മറ്റുള്ളവരോ അറിയാൻ ഇടവരരുത്…..
നേരിട്ട് ഒന്നും ചെയ്യണ്ട….
നമ്മുടെ ആളുകളെയും ഇറക്കണ്ട…..

ജസ്റ്റിനെ വിളിക്ക്…..
അവനാവുമ്പോ വിശ്വസിക്കാം…..
കാശ് എത്ര ആയാലും പ്രശ്നമില്ലന്ന് പറയ്…..”എന്ന് പറഞ്ഞു അയാൾ ആലോചനയിലാണ്ടതും ഹേമന്ത് അത് ഏറ്റുകൊണ്ട് പുറത്തേക്ക് ഇറങ്ങി….

ഒന്ന് രണ്ട് വട്ടം വിളിച്ചിട്ടും ജസ്റ്റിൻ കാൾ അറ്റൻഡ് ചെയ്തിരുന്നില്ല…..

•••••••••••••••••••••••••••••••••••••••••••••••°

“ഡാ മഹീ…..
ആ മുരളി വിളിച്ചിട്ട് എന്താ നീ ഫോൺ എടുക്കാഞ്ഞേ….
നിന്നെ കിട്ടാതെ അങ്ങേരു ഇവിടെ അന്വേഷിച്ചു വന്നിരുന്നു….

അമ്മ കാണാതെ ഞാൻ അങ്ങേരെ നൈസ് ആയിട്ട് പറഞ്ഞു വിട്ടു…..”വിനുവിന്റെ ബൈക്കിനു പിന്നിൽ ഇരുന്ന് വീട്ടു മുറ്റത്ത് വന്നു ഇറങ്ങുന്ന മഹിയെ കണ്ടതേ അയല്പക്കത്തെ ജസ്റ്റിൻ ധൃതിയിൽ പാഞ്ഞു വന്നു…..

“എന്താ കാര്യം…..
നീ ചോദിച്ചില്ലേ……?” ബൈക്കിൽ നിന്ന് ഇറങ്ങുന്നതിനിടയിൽ അവൻ ചോദിച്ചു…..

“ആ മാത്തച്ചൻ മോളുടെ കല്യാണത്തിന് സ്ത്രീധനം കൊടുക്കാനെന്നു പറഞ്ഞിട്ട് ഒരു പുതുപുത്തൻ സ്വിഫ്റ്റ്‌ ആണ് സാഗർ സാറിന്റെ ഷോ റൂമിൽ നിന്ന് ഫിനാൻസിനു ഇറക്കിക്കൊണ്ട് പോയേ…..

രണ്ട് മാസം ഇഎംഐ ഒക്കെ കിറുകൃത്യം ആയിരുന്നു…..
ഇപ്പൊ മൂന്ന് മാസം ആയിട്ട് അടവ് മുടങ്ങി കിടക്കുവാ……
മുരളി ദിവസം ഒരു നൂറ് തവണ വിളിച്ചാലും ഫോൺ എടുക്കില്ല അയാള്…..

നേരിട്ട് ചെന്നപ്പോ ഇഎംഐ അടക്കാൻ പണം ഇല്ലെന്ന്….
വണ്ടി തിരികെ ചോദിച്ചപ്പോൾ അതിപ്പോ മരുമകനാണ് ഉപയോഗിക്കുന്നത് പോലും…..

മരുമകനെ തപ്പി പിടിച്ചു കാറ് ചോദിച്ചപ്പോൾ അത് അവന് സ്ത്രീധനം കിട്ടിയതാണ് തരാൻ പറ്റില്ലെന്ന്…..
സാഗർ സർ അറിഞ്ഞാൽ ആ പാവം മുരളിയെ നിർത്തി പൊരിക്കും…..

കാർ തിരിച്ചു വാങ്ങാൻ വേറെ വഴി ഇല്ലാഞ്ഞിട്ടല്ല…..
സാർ അറിയും മുന്നേ അവന് എങ്ങനേലും ഈ പ്രശ്നം ഒതുക്കി തീർക്കണം…..

നീയൊന്ന് ചെന്ന് വിരട്ടി കാറും വാങ്ങി ആ മരുമോൻ തെണ്ടീടെ കൈ പിടിച്ച് ഒടിക്കാനുള്ള കൊട്ടേഷനും ആയിട്ടാണ് മുരളി വന്നത്……”എന്ന് ജസ്റ്റിൻ പറയുമ്പോൾ മഹിയൊന്ന് നിശ്വസിച്ചു…..

ഈ മഹിയും ജസ്റ്റിനും മുരളിയും ഒക്കെ ഒരുമിച്ചു പഠിച്ചു വളർന്നവരാണ്…..

“എനിക്കെന്തോ വയ്യെടാ…..
അത് നീ തന്നെ കൈകാര്യം ചെയ്യ്….
മനസ്സിന് ഒരു സുഖം ഇല്ലെടാ…..” രാവിലെ മുതൽ അമ്മക്ക് ഒരു വയ്യായ്കയാണ്…..

ആഹാരം നേരെ ചൊവ്വേ കഴിക്കുന്നില്ല…..
രുചിയൊക്കെ നഷ്ടപ്പെട്ടിട്ട് മാസങ്ങളായി…..
കാലിലും മുഖത്തും നിറയെ നീരുമായി കഠിനമായ ക്ഷീണത്തോടെ ഇരിക്കുന്ന അമ്മയെ കണ്ട് മനസ്സ് ഉറക്കാതെ മെഡിസിൻ വാങ്ങാൻ ഇറങ്ങിയതാണവൻ…..

അമ്മയെ കുറിച്ചോർക്കുമ്പോൾ ഒരാധിയാണിപ്പോൾ….
ദിവസം കഴിയും തോറും അമ്മയുടെ ആരോഗ്യം ക്ഷയിച്ചു വരികയാണ്…..

“എടാ…..
പൈസക്ക് ഒക്കെ അത്യാവശ്യം ഉള്ള സമയമല്ലേ….
അവൻ കാശ് ഒക്കെ കൃത്യം ആയിട്ട് തന്നോളും…..” എന്ന് ജസ്റ്റിൻ പറഞ്ഞു നോക്കി…..

“ഇല്ലടാ…..
ഇത് നിനക്ക് ചെയ്യാവുന്നതേ ഉള്ളൂ…..
എനിക്കിന്ന് ഒന്നിനും വയ്യ….”എന്ന് പറഞ്ഞവൻ മുൻവശത്തെ വാതിൽ തള്ളി തുറന്ന് അകത്ത് കയറുമ്പോൾ കാണുന്ന കാഴ്ച നിലത്ത് ബോധരഹിതയായി കിടക്കുന്ന അമ്മ പാർവതിയമ്മയെയാണ്….വാതിൽ തള്ളി തുറന്ന് അകത്ത് കയറുമ്പോൾ കാണുന്ന കാഴ്ച നിലത്ത് ബോധരഹിതയായി കിടക്കുന്ന അമ്മ പാർവതിയമ്മയെയാണ്…..

മഹിയുടെ നെഞ്ചിടിപ്പ് നിലച്ചു പോയ നിമിഷം….
അമ്മേ എന്നൊരു നിലവിളിയോടെ അവൻ അകത്തേക്ക് പാഞ്ഞു….

തിരിഞ്ഞു നടന്ന ജസ്റ്റിനും ബൈക്കുമായി മുറ്റം കടന്ന വിനുവും ഞെട്ടി തിരിഞ്ഞു നോക്കി…..
അവർ ഓടി വരുമ്പോഴേക്കും മഹി അമ്മയെ മടിയിലേക്ക് കിടത്തിയിരുന്നു….

“അമ്മേ……
അമ്മേ…..”പരിഭ്രാന്തിയോടെ അവൻ ആ കവിളിൽ തട്ടി വിളിച്ചു നോക്കി…..

“ജസ്റ്റിനെ വെള്ളം എടുത്തിട്ട് വാടാ…..”വിനു തട്ടി വിളിക്കുമ്പോഴാണ് ആ കാഴ്ചയിൽ തറഞ്ഞു നിന്ന ജസ്റ്റിൻ ഞെട്ടി പിടഞ്ഞു അകത്തേക്ക് ഓടിയത്…..

വെള്ളവുമായി വന്ന ജസ്റ്റിന്റെ കൈയിൽ നിന്ന് അത് പിടിച്ചു വാങ്ങി അമ്മയുടെ മുഖത്തേക്ക് തളിക്കുമ്പോൾ മഹിയുടെ നെഞ്ചിടിപ്പ് ക്രമാതീതമായി ഉയർന്നിരുന്നു…..

അമ്മയിൽ നിന്നും പ്രതികരണം ഒന്നും ഇല്ലെന്ന് കണ്ട് അവൻ പരിഭ്രാന്തനായി…..

“എടാ കരഞ്ഞോണ്ടിരിക്കാതെ അമ്മയെ എടുക്ക്…..
ഞാൻ വണ്ടി ഇറക്കാം…
നമുക്ക് ആശൂത്രീല് കൊണ്ട് പോവാം…..”എന്ന് പറഞ്ഞു ജസ്റ്റിൻ ഓടുമ്പോൾ അമ്മയെ താങ്ങി എടുത്ത് നെഞ്ചോട് ചേർത്ത് മഹിയും ആ പിന്നാലെ ഓടി…..

•••••••••••••••••••••••••••••••••••••••••••••••°

“എന്നാലും നമ്മുടെ പിശുക്കൻ മുതലാളിക്ക് ഇത് എന്തോ പറ്റിയെന്നാ എനിക്ക് മനസ്സിലാവാത്തെ…..

പെട്ടെന്ന് ഒരു ശമ്പളവർദ്ധനവ് ഒക്കെ…..
ആറ്റിൽ കളഞ്ഞാലും അളന്നു കളയുന്ന മനുഷ്യനാണെ…..
ഇന്നലെ മുതൽ ഇത് ആലോചിച്ചു തല പുകക്കുവായിരുന്നു ഞാൻ…..”രുദ്ര ജോലി കഴിഞ്ഞു ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടയിലാണ് കൂടെ ജോലി ചെയ്യുന്ന സന്ധ്യയുടെ സംശയം…..

“അതിന് കാരണക്കാരി മാഡം ആണ്….
മാഡത്തിനും സാറിനും പത്തു വർഷമായി കുട്ടികൾ ഇല്ലല്ലോ…..
ഒരുപാട് ട്രീട്മെന്റും നേർച്ചയും ഒക്കെ നടത്തിയുള്ള ജീവിതം ആയിരുന്നു അവരുടേത്….

അതിനൊക്കെ ഫലം കണ്ടത് ഇപ്പോഴാ….
മാഡം ഇപ്പൊ പ്രെഗ്നന്റ് ആണ്…..
ആറാഴ്ച വളർച്ചയുണ്ട് കുഞ്ഞിന്…..

അതിന്റെ സന്തോഷത്തിന് മാഡത്തിന്റെ നിർബന്ധത്തിലാണ് ഈ ശമ്പളവർധനവ്…..” രുദ്ര തനിക്ക് അറിയുന്ന കാര്യം സന്ധ്യയോട് പങ്ക് വെച്ചു…..

“ഓഹോ….
അപ്പൊ അങ്ങനൊക്കെയാണ് കാര്യങ്ങളുടെ കിടപ്പ്….
അല്ല നീയിത് എങ്ങനെ അറിഞ്ഞു….

ഓഹ്…..
റോഷൻ സാർ പറഞ്ഞതാവും അല്ലേ……
അല്ലെങ്കിലും അങ്ങേർക്ക് നിന്നെ മാത്രമല്ലേ കണ്ണിന് പിടിക്കുള്ളൂ….
ഹാ ഇതിന്റെയൊക്കെ അവസാനം എന്താവുമോ എന്തോ……”സന്ധ്യ ആത്മഗതം പോലെ പറഞ്ഞു…..

“ഏതാണ്ട് ആ സ്ഥാപനം തുടങ്ങിയ കാലം മുതൽ ഞാനും റോഷൻ സാറും അവിടെ ഉണ്ട്…..
എനിക്ക് മുന്നേ വന്നവരും ശേഷം വന്നവരും പിരിഞ്ഞു പോയിട്ടും ഞാൻ ഇപ്പോഴും അവിടെ തന്നെ ജോലി ചെയ്യുന്നുണ്ട്….

അതിന്റെ ഒരു പരിഗണനയും പരിചയക്കൂടുതലും റോഷൻ സാറിന് എന്നോടുണ്ട്….
അല്ലാതെ നീ കരുതും പോലെ ഒന്നുമല്ല……”രുദ്ര അപ്പോൾ തന്നെ അവളെ തിരുത്തി….

മീരയെ പോലെ അത്രയും പ്രീയപ്പെട്ട സുഹൃത്താണ് രുദ്രക്ക് സന്ധ്യയും…..
രുദ്രയീ പറഞ്ഞത് സന്ധ്യക്ക്‌ അറിയുന്ന കാര്യങ്ങൾ ആണെങ്കിൽ ഇടയ്ക്കിടെ ഇങ്ങനൊന്നു പറഞ്ഞു ചൊറിയുന്നത് അവളുടെ ഒരു ശീലമാണ്…..

ബസിൽ കയറി ഇരിക്കുമ്പോൾ വീട്ടുകാര്യങ്ങളും നാട്ടുവിശേഷങ്ങളും അവർക്കിടയിൽ ചർച്ചാവിഷയമായി…..

സന്ധ്യയുടെ സ്റ്റോപ്പ്‌ എത്തിയതും അവൾ യാത്ര പറഞ്ഞു പോയി….
അതോടെ രുദ്ര പുറത്തേക്ക് കണ്ണും നട്ടിരുന്നു……

സ്റ്റോപ്പിൽ ഇറങ്ങി മുന്നോട്ട് നടക്കുമ്പോഴുണ്ട് ആരോ തന്നെ പിന്തുടരുന്നതായി രുദ്രക്ക് ഒരു തോന്നൽ വന്നു…..

അവൾ തിരിഞ്ഞു നോക്കുമ്പോൾ അത് വെറുമൊരു തോന്നൽ ആയിരുന്നില്ലെന്ന് അവൾ മനസ്സിലാക്കി…..

അയാളെ അവഗണിച്ചു മുന്നോട്ട് നടക്കുമ്പോൾ അയാൾ തന്നെ പിന്തുടരുന്നുണ്ടെന്ന് തിരിഞ്ഞു നോക്കാതെ തന്നെ അവളുടെ ഉൾമനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു…..

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *