റൗഡി ചെക്കനും മാലാഖ പെണ്ണും – പാർട്ട് 3

രചന ..ആസിയ പൊന്നൂസ്

ഭാഗം 03

ശ്രീരുദ്ര രഘുറാം ഈ ഭൂമിയിൽ ജീവനോടെ ഉള്ളടുത്തോളം കാലമേ നിന്റെ കളികൾ ഒക്കെ നടക്കുള്ളൂ….
അവൾ ഇല്ലെങ്കിൽ നീ വട്ട പൂജ്യമാ…
വെറും വട്ട പൂജ്യം…. ” എന്ന് രാമനാഥൻ പറഞ്ഞു നിർത്തുമ്പോൾ സാഗർ ഒന്ന് ചലിക്കാൻ പോലും മറന്നു തറഞ്ഞു നിന്നു പോയി….

“ഇത്രേം കൊല്ലം എന്റെ പിള്ളേരുടെ ശവകുടിരത്തിന്റെ മുകളിൽ ചവിട്ടി നിന്ന് അഹങ്കരിച്ചു വാഴുകയല്ലായിരുന്നോ…..
അവരുടെ വിയർപ്പിന്റെ ഫലം ഉണ്ട് ജീവിക്കുവല്ലായിരുന്നോ….

ഇനിയതൊക്കെ തിരിച്ചേൽപ്പിക്കാൻ സമയമായി….
എല്ലാം ഏറ്റെടുത്തു നടത്താനുള്ള പ്രായം അവൾക്കിപ്പോൾ ആയിട്ടുണ്ട്….

ഞാനും കാത്തിരുന്നത് അതിന് വേണ്ടിയാ…..
നീ എന്താ കരുതിയത്….
എന്റെ മകനെയും കുടുംബത്തെയും ഇല്ലാതാക്കി അവന്റെ സമ്പാദ്യമെല്ലാം കൈക്കലാക്കിയ നിന്നോട് ഞാൻ ക്ഷമിച്ചെന്നോ…..?

അതോ നിന്നെ പേടിച്ചു എല്ലാം നിനക്ക് വിട്ട് തന്നിട്ട് പേടിച്ചു ഒതുങ്ങി പോയതാണ് ഞാനെന്നോ…..

ഇങ്ങനൊരു സമയത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ…..
ഇത്ര വലിയൊരു ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള പ്രാപ്തിയൊക്കെ എന്റെ പേരക്കുട്ടിക്ക് ആയിട്ടുണ്ട്….

അവള് വരുമെടാ….
അവളുടെ കുടുംബത്തെ ഇല്ലാതാക്കിയവനോട് പകരം ചോദിക്കാൻ…..
കാത്തിരുന്നോ നീ…..” രാമനാഥന്റെ വാക്കുകളിൽ ആകെ ഒന്ന് ഉലഞ്ഞു പോയ സാഗർ അവസാനത്തെ വാചകം കേട്ട് ചുണ്ട് കോട്ടി….

“വെറുമൊരു പെണ്ണ്…..
ഒരു പീറ പെണ്ണ്….
അവളെന്നെ എന്തോ ഉണ്ടാക്കുമെന്നാ…..” അയാൾ പുച്ഛത്തോടെ ചോദിക്കുമ്പോൾ രാമനാഥൻ ചിരിച്ചു…..

“നിന്നെപ്പോലെ കൊല്ലും കൊലയുമൊന്നും എന്റെ രക്തത്തിന് വശമില്ല….
നീയിപ്പോ ഇരിക്കുന്ന കൊമ്പത്ത് നിന്ന് താഴെ ഇറക്കാൻ എനിക്ക് അവളുടെ പേര് മാത്രമേ വേണ്ടി വന്നുള്ളൂ…..

അവളുടെ തിരിച്ചു വരവിന് ശേഷം വേണം നിന്നെ നടുറോഡിലേക്ക് ഇറക്കാൻ….
രുദ്ര ജീവനോടെ ഉണ്ടെന്നു തെളിയിക്കാൻ ആദ്യം അവളെ കോർട്ടിൽ പ്രെസെന്റ് ചെയ്യണം….
പക്ഷേ അവളിപ്പോ എവിടാണെന്ന് എനിക്കറിയില്ല….
പക്ഷേ കണ്ടെത്തിയിരിക്കും…..

കോർട്ടിൽ പ്രെസെന്റ് ചെയ്യും മുന്നേ അവളെ ഇല്ലാതാക്കാനുള്ള അതിബുദ്ധി നീ കാണിക്കില്ലെന്ന് ഞാൻ വിശ്വസിക്കുന്നു…..

അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ കണക്കില്ലാത്ത സ്വത്തുക്കൾ ആർക്കുമാർക്കും ഇല്ലാതെ പോകും…..

ട്രസ്റ്റിനു സ്വന്തം ആയി കഴിഞ്ഞാൽ പിന്നെ നീ തല കുത്തി നിന്നാലും തിരിച്ചു കിട്ടിയെന്നു വരില്ല…..”എന്ന് സാഗറിനെ രാമനാഥനെ ഒന്ന് വിരട്ടുകയും ചെയ്തു….

“നടക്കാൻ പോകുന്നത് ഇതൊന്നുമല്ല….
താൻ കാത്തിരുന്നു കണ്ടോ…..” എന്ന് മാത്രം പറഞ്ഞുകൊണ്ട് സാഗർ മുണ്ടിന്റെ അറ്റം കൈയിൽ പിടിച്ചു ഓടിയിറങ്ങി കാറിൽ കയറി….

പിറകെ രാമനാഥനെ തുറിച്ചു നോക്കി ഹേമന്തും പോയതോടെ രാമനാഥന്റെ ചുണ്ടിൽ നല്ലൊരു ചിരി വിരിഞ്ഞു….

വർഷങ്ങളായി നെഞ്ചിൽ അടക്കി പിടിച്ച പക ആ പുഞ്ചിരിയിൽ നിഴലിച്ചിരുന്നു…..

ഫോൺ എടുത്ത് അയാൾ ആരെയോ വിളിച്ചു….
ആ കാൾ കണക്ട് ആയതും രാമനാഥൻ ദീർഘമായി നിശ്വസിച്ചു…..

“ചന്ദ്രാ…..
സാഗർ അടങ്ങി ഇരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല…..

ശ്രീമോളെ എത്രയും പെട്ടെന്ന് കണ്ടെത്തണം…..
ഡോക്ടർ സിദ്ധാർഥനും ഫാമിലിയും എവിടെയാണെന്ന് അന്വേഷിച്ചു കണ്ടെത്തണം….

നമുക്ക് മുൻപ് അവളെ സാഗർ കണ്ടെത്തി കഴിഞ്ഞാൽ അത് അപകടമാണ്…..” രാമനാഥൻ ഫോണിലൂടെ അനന്തരവനായ അഡ്വക്കേറ്റ് രാമചന്ദ്രനോട്‌ പറയുമ്പോൾ മറുവശത്ത് നിന്ന് ശകാരവർഷമായിരുന്നു…..
സാഗറിന് മുന്നിൽ നിന്നപ്പോൾ ഉണ്ടായിരുന്ന വീറും വാശിയുമൊന്നും രാമനാഥനിൽ അപ്പോഴുണ്ടായിരുന്നില്ല…..

“ഈ എടുത്തു ചാട്ടം വേണ്ടിയിരുന്നില്ലന്നെ ഞാൻ പറയൂ….
ഞാൻ ആദ്യമേ പറഞ്ഞതാണ്…..

ശ്രീ മോളെ കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കി കൂടെ നിർത്തിയ ശേഷം മാത്രം മതി ഇങ്ങനൊരു സ്റ്റേ വാങ്ങൽ എന്നൊക്കെ…..

ഇതിപ്പോ അവളുടെ ലൈഫ് റിസ്കിൽ ആയില്ലേ…..
സാഗർ എടുത്തു ചാടി അവളെ എന്തെങ്കിലും ചെയ്തു കളഞ്ഞാലോ….

അമ്മാവന് ആ മകന്റെ മകളെയെങ്കിലും കണ്ണ് നിറയെ കാണണമെന്ന് ഒട്ടും ആഗ്രഹമില്ലേ ….

നമുക്ക് മുന്നേ സാഗർ ശ്രീമോളെ കണ്ടെത്തിയാൽ അവൻ എന്തൊക്കെ ചെയ്തു കൂട്ടുമെന്ന് അമ്മാവന് വല്ല പിടിയുമുണ്ടോ…..?” ചന്ദ്രൻ അദ്ദേഹത്തെ കുറ്റപ്പെടുത്തി….

“അവനൊന്നും ചെയ്യില്ല ചന്ദ്രാ…..
പണം കണ്ടാൽ അവന് ഭ്രാന്താണ്….

ഇത്രയും കാലം കൈയിൽ വെച്ച് ധൂർത്തടിച്ച പണം ഇനി കിട്ടില്ലെന്ന്‌ മനസ്സിലായപ്പോൾ അവൻ ഒന്ന് ഉലഞ്ഞിട്ടുണ്ട്….

ഇനിയത് തിരിച്ചു പിടിക്കാതെ അവന് ഇരിക്കപ്പൊറുതി ഉണ്ടാവില്ല….
അതുകൊണ്ട് അവൻ നമ്മുടെ കൊച്ചിനെ വല്ലതും ചെയ്ത് കളയുമെന്നൊന്നും പേടിക്കേണ്ട ആവശ്യമില്ല ചന്ദ്രാ….

അവനാ മണ്ടത്തരം ചെയ്യില്ല….
ചെയ്‌താൽ അതൊന്നും ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന്‌ അവന് ഞാൻ മനസ്സിലാക്കി കൊടുത്തിട്ടുണ്ട്…..”രാമനാഥൻ ആത്മവിശ്വാസത്തോടെ പറഞ്ഞു…..

“ശരിയായിരിക്കാം…..
അവനവളെ ഒന്നും ചെയ്യില്ലെന്ന് തന്നെ ഇരിക്കട്ടെ….
കോർട്ടിൽ പ്രെസെന്റ് ചെയ്യാതിരിക്കാൻ വേണ്ടി എന്തെങ്കിലും ഒക്കെ ചെറ്റത്തരം കാണിച്ചാലോ എന്നാണ്….” ചന്ദ്രൻ ആശങ്കയോടെ പറഞ്ഞു…..

“ഏയ് അങ്ങനെ ഒന്നും ഉണ്ടാവില്ല…..”പറയുമ്പോൾ രാമനാഥനും അക്കാര്യത്തിൽ അത്ര ഉറപ്പില്ല….

“ശ്രീമോളെ കൂടെ നിർത്തേണ്ടത് ഇപ്പൊ അവന്റെ ആവശ്യമല്ലേ….
സ്നേഹനിധിയായ അമ്മാവനായി അവതരിച്ചു അവളുടെ വിശ്വാസം പിടിച്ചു പറ്റുകയോ മറ്റോ ചെയ്താൽ…..”ചന്ദ്രൻ വാക്കുകളിലൂടെ തീക്കനലാണ് ആ വൃദ്ധന്റെ നെഞ്ചിൽ കോരി ഇട്ടത്…..

“അങ്ങനെ വല്ലതും സംഭവിക്കുവോ ചന്ദ്രാ…. ” ആ മനുഷ്യന്റെ തൊണ്ടയിടറി….
ഒരുനിമിഷം ഒന്നും വേണ്ടിയിരുന്നില്ലന്ന് പോലും തോന്നിപ്പോയി രാമനാഥന്….

“സംഭവിച്ചേക്കാം അമ്മാവാ….
നമ്മൾ എല്ലാ വശവും ചിന്തിക്കണ്ടേ….
സ്വന്തബന്ധങ്ങൾ തിരികെ കിട്ടുമ്പോൾ ആ സന്തോഷത്തിൽ അവരുടെ സ്നേഹം വിശ്വസിച്ചു ശ്രീമോള് സകലതും അയാൾക്ക് എഴുതി കൊടുത്താൽ ഒരു കോടതിയും ഒരു നിയമവും അതിന് തടസ്സം നിൽക്കില്ലല്ലോ….
അങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ…..

അവളുടെ സമ്പത്ത് എന്ത് വേണമെന്ന് അവൾ തന്നെയല്ലേ തീരുമാനിക്കേണ്ടത്…..”എന്ന് ചന്ദ്രൻ പറയുമ്പോഴാണ് ആ സാധ്യതകളെ കുറിച്ചൊക്കെ അദ്ദേഹം ചിന്തിക്കുന്നത് പോലും….

ഇങ്ങനൊരു സ്റ്റേ വാങ്ങിയെടുക്കാൻ താൻ ശ്രമിച്ചപ്പോൾ ചന്ദ്രൻ വിലക്കിയതിന്റെ കാരണം രാമനാഥന് അപ്പോഴാണ് മനസ്സിലായത്…..

ചന്ദ്രൻ സമ്മതിക്കില്ലെന്ന് ഉറപ്പായപ്പോ ചന്ദ്രൻ അറിയാതെ ഇങ്ങനൊരു നീക്കം നടത്തിയത് അബദ്ധമായിപ്പോയെന്ന് അദ്ദേഹത്തിന് തോന്നി….

“എന്തിനായിരുന്നു അമ്മാവാ എടുപിടീന്ന് ഇങ്ങനൊരു ബുദ്ധിമോശം കാണിച്ചത്…..
ശ്രീമോള് ചെറുപ്പമല്ലേ …..

സാഗറിനെ പോലെ ഒരു ദ്രോഹിക്കെതിരെ ചെറുത്തു നിൽക്കാനുള്ള ശേഷിയൊക്കെ അതിനായോ….
അവളുടെ ഇപ്പോഴത്തെ വീട്ടുകാർ എന്നെ ആ വീട്ടിലേക്ക് അടുപ്പിക്കുന്നു പോലുമില്ല…..

എങ്ങനെയെങ്കിലും അവളെ കണ്ടെത്തി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി ശ്രീക്ക് അതൊക്കെ ഉൾക്കൊള്ളാനുള്ള സമയം ഒക്കെ കൊടുത്ത് പതിയെ മതിയായിരുന്നു…..

പണവും പദവിയും ഒക്കെ നഷ്ടപ്പെട്ടാൽ സാഗർ വെറും തെണ്ടിയാവും….
കൈയിൽ പത്തിന്റെ പൈസ ഇല്ലാത്ത തെണ്ടിക്ക് വേണ്ടി കൊല്ലാനും ചാവാനും ആര് വരാൻ…..

അവനെ നടു റോഡിൽ ഇറക്കിയാൽ ഈ നാട്ടിലെ നിയമവും പോലീസും ഒക്കെ നമ്മുടെ മോൾക്ക് കാവലായിക്കോളും…..
പണം ഉള്ളവന്റെ കൈയിൽ അല്ലേ ഇപ്പോൾ അധികാരം…..

ഇങ്ങനൊക്കെയായിരുന്നു നടക്കേണ്ടിയിരുന്നത്….
ഇതിപ്പോ എടുത്തുചാടി സാഗറിനെ ശ്രീയിലേക്ക് തിരിച്ചു വിടേണ്ടിയിരുന്നില്ല…..”എന്നൊക്കെ ചന്ദ്രൻ കുറ്റപ്പെടുത്തുമ്പോൾ അങ്ങനൊക്കെ മതിയായിരുന്നെന്ന് രാമനാഥനും ഒരു നിമിഷം ചിന്തിച്ചു പോയി…..

“എത്രയാന്ന് കരുതിയാ ചന്ദ്രാ ഓരോന്ന് കണ്ടും കേട്ടും അടങ്ങി ഇരിക്കുന്നത്….
നീ അറിഞ്ഞില്ലേ….
അവന്റെ മോനും മോൾക്കും കൊമ്പത്തൂന്ന് ബന്ധം വന്നത്…..

അവനെക്കാൾ ഒരുപടി മേലെയാണ് അപ്പോഴും അവന്റെ പിടി…..
അവന്റെയാ അതിമോഹം നടക്കരുത്…..
അത്രയേ ഞാൻ ചിന്തിച്ചുള്ളൂ…..

എന്റെ മോനെയും അവന്റെ കുടുംബത്തെയും തകർത്തെറിഞ്ഞ അവന്റെ മക്കൾ സ്വർഗ്ഗതുല്യമായ ജീവിതം ജീവിക്കുന്നത് കണ്ട് നിൽക്കാൻ എനിക്ക് പറ്റില്ല….

നന്നാവരുത് ഒന്നും…..
എന്റെ മോന്റെ പണം വെച്ച് അവന്റെ മക്കൾക്ക് അങ്ങനൊരു ജീവിതം വേണ്ടാ എന്ന് മാത്രമേ ഞാൻ അപ്പോൾ ചിന്തിച്ചുള്ളൂ….

ഈ വിവാഹം നടന്നാൽ ഒന്നുമില്ലാതെ റോഡിലേക്ക് ഇറങ്ങേണ്ട അവസ്ഥ വന്നാൽ അവർക്ക് ബന്ധുവീടുകളിൽ അഭയം കിട്ടിയേക്കാം….

അല്ലെങ്കിൽ അവർ സഹായഹസ്തങ്ങളുമായി അവനെ രക്ഷപ്പെടുത്തിയേക്കാം….
അതുണ്ടാവരുത്…..

അവൻ റോഡിൽ ഇറങ്ങി തെണ്ടുന്നത് എനിക്ക് കാണണം….
സ്വന്തം പെങ്ങളെയും കുടുംബത്തെയും കൊന്ന് വെട്ടി പിടിച്ചതാണ് ഇന്നവന്റെ സൗഭാഗ്യങ്ങൾ എന്ന് ആ വീട്ടുകാർ അറിയണം……

അവൻ ഒന്നുമില്ലാത്ത തെണ്ടിയാണെന്ന് അറിഞ്ഞു അവരീ വിവാഹത്തിൽ നിന്ന് പിന്മാറണം…..

ഒടുക്കം അവൻ കാശ് കൊടുത്ത് ഒതുക്കിയ എന്റെ മകന്റെയും കുടുംബത്തിന്റെയും കൊലപാതകം ലോകത്തിനു മുന്നിൽ തെളിയിക്കപ്പെടണം…..

അവന്റെ അനന്തരവൾ തന്നെ അവനെ ജയിലിലോട്ട് അയക്കണം…..
അവളെ അനാഥ ആക്കിയവനുള്ള ശിക്ഷ അവള് തന്നെ വാങ്ങിക്കൊടുക്കണം….

അത്രയൊക്കെയേ ഞാൻ ചിന്തിച്ചുള്ളൂ…..

ഇനി അവനെങ്ങാനും സ്നേഹം കാണിച്ചു നമ്മുടെ മോളെ വശത്താക്കുവോ ചന്ദ്രാ…..? ” എന്നദ്ദേഹം ചോദിക്കുമ്പോൾ ചന്ദ്രന് മറുപടി ഉണ്ടായിരുന്നില്ല…..

“നീയാ സിദ്ധാർഥനുമായി ഒന്ന് സംസാരിക്ക് ചന്ദ്രാ…..
ബന്ധുക്കളെന്ന് പറഞ്ഞു വരുന്ന ഒരുത്തനെയും അടുപ്പിക്കരുതെന്ന് പറയ് …
സിദ്ധാർഥന് പിന്നെ കാര്യങ്ങൾ ഒക്കെ അറിയാല്ലോ…..

നമ്മുടെ അവസ്ഥയൊക്കെ ഒന്ന് പറഞ്ഞു മനസ്സിലാക്ക് നീ….
അവര് പൊന്നേ കരളേ എന്ന് പറഞ്ഞു വളർത്തിയ കുഞ്ഞല്ലേ….
നിയമപരമായി ഇപ്പൊ അവളുടെ അവകാശികൾ അവരല്ലേ…..

ഇപ്പൊ അവകാശം ചോദിച്ചു ചെന്നാൽ നമുക്ക് പോലും വിട്ട് തന്നെന്ന് വരില്ല….
ഇതുവരെയുള്ള സിദ്ധാർഥന്റെ ഒരു രീതി വെച്ച് ബന്ധുക്കൾ എന്ന് പറഞ്ഞു ചെല്ലുന്ന ആരെയും അടുപ്പിക്കാൻ വഴിയില്ല….

എന്നാലും നീ ഒന്ന് സൂചിപ്പിക്കണം….
കുറുക്കൻ ആണവൻ…..
എന്ത് നാറിയ കളിയും അവൻ കളിച്ചെന്ന് വരും…

അതിന് മുൻപ് കൊച്ചിനെ കാര്യങ്ങൾ അറിയിക്കണം…. “എന്നൊക്കെ അദ്ദേഹം പറയുമ്പോൾ ഒരു വാക്ക് പോലും ശബ്ദിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ചന്ദ്രൻ….

കാരണം മറ്റൊന്നുമല്ല…..
രുദ്ര ഇപ്പോഴും ഡോക്ടർ സിദ്ധാർഥന്റെയും ഭൗമിയുടെയും മകളായി വളരുകയാണെന്നാണ് രാമനാഥൻ വിശ്വസിച്ചിരിക്കുന്നത്….

അല്ല ചന്ദ്രൻ വിശ്വസിപ്പിച്ചിരിക്കുന്നത്….
അതൊരിക്കലും ഒരു ദുരുദ്ദേശം വെച്ചിട്ടല്ല….

വളർത്തമ്മയുടെ സ്നേഹമില്ലായ്മയും സിദ്ധാർഥന്റെ മരണവും കുട്ടിയെ ഭൗമി ഉപേക്ഷിച്ചു പോയതും വീട്ടുജോലിക്കാരി പിന്നെയവളെ ഏറ്റെടുത്തതും ആ ദാരിദ്ര്യം മാത്രം കൈമുതലായ വീട്ടിൽ യാതൊരു സൗകര്യങ്ങളും ഇല്ലാതെയവൾ ജീവിക്കുന്നതും അദ്ദേഹത്തെ അറിയിക്കാനുള്ള ധൈര്യം ചന്ദ്രനുണ്ടായിരുന്നില്ല….
അത് അദ്ദേഹം സഹിച്ചെന്ന് വരില്ല….
പേരക്കുട്ടിയുടെ ജീവൻ രക്ഷിക്കാൻ മനസ്സ് കല്ലാക്കി കൊണ്ടാണ് ചന്ദ്രന്റെ നിർബന്ധത്തിന് വഴങ്ങി രുദ്രയെ സിദ്ധാർഥന് ദത്ത് നൽകിയത്…..
അതും അവൾ നല്ല നിലയിൽ ജീവിക്കുമെന്ന് ഉറപ്പായത് കൊണ്ട് മാത്രം…..
പക്ഷേ അങ്ങനൊരു ജീവിതം അവൾക്കുണ്ടായില്ല…..

ചന്ദ്രൻ വിവരങ്ങളൊക്കെ അറിഞ്ഞപ്പോൾ ഒത്തിരി വൈകിയിരുന്നു…..
ഉഷയെന്ന വീട്ടുജോലിക്കാരിയുടെ വീട്ടിൽ നിന്ന് രുദ്രയെ നല്ലൊരിടത്തേക്ക് മാറ്റണമെന്ന് ചന്ദ്രൻ തീരുമാനിച്ചിരുന്നു…..

പക്ഷേ വെറി പിടിച്ചു നടക്കുന്ന സാഗറിന്റെ അടുത്ത പദ്ധതി എന്തെന്ന് ആർക്കും ഊഹിക്കാൻ പോലും പറ്റില്ല….

തങ്ങളുടെ തണലിൽ രുദ്ര വളർന്നാൽ ഏത് വിധേനയും സാഗർ അവളെ തേടി പിടിക്കുമെന്ന് ചന്ദ്രന് തോന്നി തുടങ്ങിയതിൽ പിന്നെയാണ് അയാൾ മാറി ചിന്തിച്ചത്….

ഉഷക്കൊപ്പം തന്നെയവൾ വളരട്ടെ എന്ന് ചന്ദ്രൻ കരുതിയതും അത് കൊണ്ട് തന്നെയാണ്…..

ആ മാണിക്യം കുപ്പയിൽ ഉണ്ടെന്ന് സാഗർ ഒരിക്കലും ചിന്തിക്കില്ലെന്ന് ചന്ദ്രന് ഉറപ്പായിരുന്നു….

ഇന്ന് വെറുമൊരു സെയിൽസ് ഗേൾ ആയി തന്റെ ആരുമല്ലാത്തൊരു കുടുംബത്തിനെ സംരക്ഷിക്കാൻ അവൾ കഷ്ടപ്പെടുകയാണെന്ന് രാമനാഥനെ അറിയിക്കാൻ ചന്ദ്രനും ആവുമായിരുന്നില്ല….

എന്നാൽ അവളുടെ സുരക്ഷയ്ക്ക് അങ്ങനെ ഒരു മേൽവിലാസം ഉള്ളത് തന്നെയാണ് നല്ലതെന്ന് അയാൾക്കറിയാമായിരുന്നു…..

രുദ്രയുടെ സുരക്ഷയെ കരുതി മാത്രം അവളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ചന്ദ്രൻ അമ്മാവനോട്‌ പങ്ക് വെക്കാറില്ല…..

പേരക്കുട്ടിയെ കാണാൻ പലകുറി അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അവളുടെ സുരക്ഷയെ ചൊല്ലിയും സിദ്ധാർഥന് അതിൽ താല്പര്യം ഇല്ലെന്ന് പറഞ്ഞു പറ്റിച്ചും ഒക്കെ ചന്ദ്രൻ ഒരുവിധം ഒളിച്ചു പിടിക്കുകയായിരുന്നു രുദ്രയുടെ ഇപ്പോഴത്തെ മേൽവിലാസം…..

നിർബന്ധം കൂടി വന്നപ്പോൾ രുദ്രയുടെ ബന്ധുക്കൾ തങ്ങളെ തേടി വന്നാലോ എന്ന ഭയം മൂലം ഈ നാട്ടിൽ നിന്ന് തന്നെ സിദ്ധാർഥൻ പൊയ്ക്കളഞ്ഞു എന്നൊരു നുണ കൂടി ചന്ദ്രന് പറയേണ്ടി വന്നു അയാളോട്….

ഇപ്പോഴും കൊച്ചു മകളെ കാണാൻ കൊതിക്കുന്ന ആ അച്ഛാച്ഛനെ അടക്കി നിർത്താൻ ചന്ദ്രൻ ഒത്തിരി വെള്ളം കുടിക്കുന്നുണ്ട്….
അതൊക്കെ അമ്മാവന്റെ മകൻ എന്നതിലുപരി തന്റെ കളിക്കൂട്ടുകാരൻ കൂടിയായ റാമിന്റെ മകളുടെ സുരക്ഷക്ക് വേണ്ടിയാണ്….

ഒരു വിവാഹം പോലും കഴിക്കാതെ ഇന്നും രുദ്രയുടെ പിന്നാലെ ഒരു നിഴലായി ഒരു സംരക്ഷകനായി അയാൾ എപ്പോഴും ഉണ്ടായിരുന്നു…..

എന്നാൽ ഇത്രയും കാലം മൂടി വെച്ചതൊക്കെ മറനീക്കി പുറത്തേക്ക് വരാൻ സമയം ആയെന്ന് ചന്ദ്രന് മനസ്സിലായി…..

കാരണം കോടതിയിൽ രുദ്രയെ പ്രെസെന്റ് ചെയ്യണം….
അന്ന് രാമനാഥൻ അറിയും….
പേരക്കുട്ടി ഒരു തൊഴിലുറപ്പ് പണിക്കാരിയുടെ മകളായി അതിലുപരി ഒരു സെയിൽസ് ഗേൾ ജീവിക്കുകയായിരുന്നു എന്ന്……

തുടരും……

Leave a Reply

Your email address will not be published. Required fields are marked *