പാർട്ട് 12
ജിഫ്ന നിസാർ 🥰
ടീന പറഞ്ഞതിനേക്കാൾ പ്രൌഡിയും വൈബും ഒത്തൊരുമിച്ചു നിൽക്കുന്നൊരു കോളേജ്..
MS കോളേജിനെ ഒറ്റ നോട്ടത്തിൽ മിത്ര അങ്ങനെയാണ് മനസ്സിലെക്കെടുത്തത്.
അത് വരെയുമില്ലാത്ത വല്ലാത്തൊരു ആഹ്ലാദമാണ് അവൾക്കുള്ളിലപ്പോൾ നിറഞ്ഞു നിൽക്കുന്നത്.
പ്രതീക്ഷിച്ചതിനേക്കാൾ പതിൻമടങ് തലയെടുപ്പുമായി കോളേജ് മിത്രയെ വരവേറ്റു.
ടീനയുടെ കൂടെ തന്നെയാണ് മിത്ര അവിടെ അഡ്മിഷനെടുക്കാൻ വേണ്ടി പോയതും.
ഒറ്റയ്ക്ക് പോയിട്ട് ചെയ്യണമെന്നുണ്ടായിട്ടും കൂടെ വരാമെന്നു പറഞ്ഞിട്ട് ടീന അവൾക്കൊപ്പം പോയി.
കുറച്ചു കാലം വിദേശത്തായിരുന്നത് കൊണ്ട് തന്നെ നാട്ടിലെ നിയമങ്ങളും ചട്ടങ്ങളുമൊന്നും അവൾക്കറിയില്ല.
അത് മാത്രമല്ല.. അനാവശ്യമായി എന്ത് കണ്ടാലും അതിൽ കയറി പ്രതികരിക്കുന്ന ശീലം കൂടി അവൾക്കുണ്ട്.
നോട്ടം കൊണ്ട് പോലും ശല്യം ചെയ്യുന്നവരെ എടുത്തിട്ട് കുടയാൻ ശ്രമിക്കുന്ന മിത്രയേ ഒറ്റയ്ക്ക് വിട്ടാൽ ശെരിയാവില്ല എന്ന് ടീനക്കറിയാം.
ആ ഒരൊറ്റ കാരണം കൊണ്ട് കൂടിയാണ് MS കോളേജിൽ ടീന മിത്രക്കൊപ്പം അവളുടെ കോഴ്സിന് തന്നെ അപ്ലൈ ചെയ്തത്.
“എങ്ങനുണ്ട്… ഇഷ്ടമായോ..”
സ്ക്റ്റൂട്ടി ഒതുക്കി ചുറ്റും നോക്കി കൊണ്ട് വരുന്നവളുടെ കൈ പിടിച്ചു നടക്കുന്നതിനിടെ ടീന ചോദിച്ചു.
“ഇവിടം പൊളിയല്ലേ.. ആറ് മാസം അടിപൊളിയാക്കാൻ വേണ്ടതെല്ലാം ഇവിടുണ്ട്..”
മിത്ര ആവേശത്തിൽ തന്നെ പറയുന്നത് കേട്ടിട്ട് ടീന ചിരിയോടെ തലയാട്ടി.
“അത്രയങ്ങോട്ട് ആവേശമൊന്നും വേണ്ട മോളെ.. കാര്യം നമ്മൾ ജസ്റ്റ് എൻജോയ് മെന്റ് എന്ന് കരുതി തന്നെയാണ് ഈ കോഴ്സ് എടുത്തിങ്ങോട്ട് വന്നതെങ്കിലും ഇവിടെ അൽപ്പം സ്ട്രിക്ട് ആണെന്നാ ഞാൻ കേട്ടിട്ടുള്ളത്..”
ടീന പറഞ്ഞിട്ടും മിത്രക്ക് വലിയ മാറ്റമൊന്നുമില്ല.
അവൾക്കവിടം അത്രയങ്ങോട്ട് ഇഷ്ടമായിട്ടുണ്ട്.
ഓഫിസ്മുറിയിലെക്ക് ചെന്നിട്ട് കാര്യം പറഞ്ഞപ്പോൾ അവിടെയുള്ള സമീപനവും ഹൃദ്യം.
എല്ലാം കൊണ്ടും എത്രയും പെട്ടന്ന് ക്ലാസ് തുടങ്ങി അവിടെ വിദ്യാർത്ഥിനിയാവാനാണ് അവൾക്കുള്ളം തുടിച്ചത്.
ജീവിതത്തിലൊരിക്കലും മറക്കാനിടയില്ലാത്ത അനുഭവങ്ങളാണ് തനിക്കായി അവിടം കാത്തിരിക്കുന്നതെന്നറിയാതെ മിത്ര അവിടെ നിന്നും സ്വപ്നങ്ങൾ കണ്ടു…
💜💜
“ബോസ് വിളിക്കുന്നു..”
നെറ്റി ചുളിയിച്ചു കൊണ്ട് നിൽക്കുന്ന വിശ്വാക്ക് നേരെ വന്നവരിൽ ഒരുത്തൻ ഫോൺ നീട്ടി.
“വാങ്ങിക്ക്..”
അവനൊരു നിമിഷം അവരെ നോക്കി നിന്നതും ആക്ഞ്ഞാ ശക്തിയുള്ളൊരു പറച്ചിൽ.
വിശ്വാ ഫോൺ വാങ്ങിച്ചു കൊണ്ട് കാതോട് ചേർത്തു.
“വിശ്വാ…”
വിളിച്ചയാൾക്കും ഗൗരവത്തിനൊരു കുറവുമില്ല.
ആ സ്വരം കേട്ടപ്പോൾ വിശ്വാക്ക് അങ്ങനെയാണ് തോന്നിയത്.
തന്റെ ഭാവങ്ങളറിയാൻ തുറിച്ചു നോക്കി നിൽകുന്നവർക്ക് നേരെയൊന്ന് നോക്കി വിശ്വാ ഞൊടിയിട കൊണ്ട് തിരിഞ്ഞ് നിന്നിട്ട് ബൈക്കിൽ ചാരി.
“മ്മ്.. വിശ്വായാണ് “
അവനു വീണ്ടും ഹൃദയമിടിപ്പുയർന്നു.
ഇനി ഏതാനും നിമിഷങ്ങൾക്കുള്ളിൽ താനിവർ പറഞ്ഞ പണിക്ക് യോജിക്കുന്നവനാണോ എന്നതിനുള്ള തീരുമാനമറിയാം എന്നൊരു ചിന്ത..
അതവനിൽ സമ്മിശ്ര വികാരങ്ങളാണ് നൽകിയത്.
“ഞങ്ങക്ക് കുറച്ചു കണ്ടീഷൻസ് കൂടിയുണ്ട്.. വിശ്വാക്ക് ഒക്കെയാണോ?”
മറുവശം വീണ്ടുമാ ഗൗരവം നിറഞ്ഞു നിൽക്കുന്ന ചോദ്യം.
“അല്ല.. അതിപ്പോ കണ്ടീഷൻസ് എന്തൊക്കെ എന്നറിയാതെ ഞാനെങ്ങനെ..”
വിശ്വാ ഉള്ളിലുള്ളത് അത് പോലെ പറഞ്ഞു.
അഞ്ചു ലക്ഷം വാങ്ങിച്ചിട്ടുണ്ട്.
എന്നും കരുതി ലോകത്തിലെ മുഴുവൻ നെറികെട്ട കാര്യങ്ങളും ചെയ്യാം എന്നൊന്നും വാക്ക് കൊടുക്കാൻ അവനെ കൊണ്ട് വയ്യ.
“ഞങ്ങളുടെ അഞ്ചു ലക്ഷം രൂപ വിശ്വായുടെ കയ്യിലാണ്”
വിശ്വാ മനസ്സിൽ കരുതിയത് പോലെ തന്നെ.. ആ ചോദ്യം അവന് നേരെ നീണ്ടു.
വന്നവർക്കുള്ള പരിഹാ വും പുച്ഛവും വീണ്ടും വിശ്വാക്കാ വക്കിലും അറിയാനായി.
അവരുടെ ബോസ് എന്നല്ലേ പറഞ്ഞത്.
അപ്പോൾ പിന്നെ അതല്പം കൂടിയാലല്ലേ ഒള്ളു..
“കൂടുതൽ സംസാരിച്ചു മുഷിയുന്നതിനേക്കാൾ നല്ലതല്ലേ ബോസ്.. നിങ്ങൾ നിങ്ങളുടെ കണ്ടീഷൻസ് എന്നോട് പറയുന്നത്. വക്കീൽ പറഞ്ഞു തന്ന കാര്യങ്ങൾക്കെല്ലാം ഒക്കെ ആയത് കൊണ്ടാണ് ഞാൻ നിങ്ങളുടെ അഞ്ചു ലക്ഷം രൂപ വാങ്ങിച്ചത്.
കണ്ടീഷൻസ് അതിൽ കൂടുതൽ ആവുമെന്നൊന്നും വക്കീൽ പിന്നെ പറഞ്ഞതുമില്ല..”
വിശ്വാ ശാന്തമായി അവനു പറയാനുള്ളത് പറഞ്ഞു.
“ഞങ്ങളുടെ കാര്യം വക്കീൽ പറയുന്നതിനേക്കാൾ നല്ലത് ഞങ്ങൾ തന്നെ പറയുന്നതല്ലേ വിശ്വാ..”
“അത് തന്നെയാണ് ഞാനും പറയുന്നത്. നിങ്ങളുടെ കാര്യം നിങ്ങൾ തന്നെ പറയണം. അത് പോലെ തന്നെ എന്റെ കാര്യം ഞാനും പറയണം. അഞ്ചു ലക്ഷം രൂപ വാങ്ങിച്ചു എന്നൊരു കാരണം കൊണ്ട് നിങ്ങൾ പറയുന്ന എല്ലാത്തിനും എനിക്ക് ഒക്കെയാണ് എന്നൊരു അർഥമൊന്നുമില്ല. അത് നിങ്ങളും മനസ്സിലാക്കണം..”
ഇപ്രാവശ്യം അവരെക്കാൾ ഗൗരവം വിശ്വാക്ക് തന്നെയാണ്.
“ഒക്കെ വിശ്വാ.. താൻ പറഞ്ഞത് ഞങ്ങൾ മനസ്സിലാക്കുന്നു. വക്കീൽ പറഞ്ഞ എല്ലാ കാര്യങ്ങൾക്കും വിശ്വാ ഓക്കെയാണല്ലോ അല്ലേ..”
‘അതേ യെന്ന് ഉറപ്പിച്ചു പറയുമ്പോൾ വിശ്വാക്ക് വീണ്ടും ഹൃദയം വേദനിച്ചു.
“എങ്കിൽ ഇനി ബാക്കിയുള്ള കാര്യം എന്റെ രണ്ടു സ്റ്റാഫ് വന്നിട്ടില്ലേ അങ്ങോട്ട്.. അവർ പറഞ്ഞു തരും.. വിശ്വാ ഒക്കെയാണ് എന്ന് തന്നെ ഞാൻ കരുതുന്നു.. ഫോൺ അവർക്ക് കൊടുക്ക്..”
വീണ്ടും ആക്ഞ്ഞ..
വിശ്വാക്കതാണ് ഒട്ടും പിടിക്കാഞ്ഞതും.
പക്ഷേ ഒന്നും മിണ്ടാതെ അവൻ തിരിഞ്ഞു നിൽകുമ്പോൾ കൈ കെട്ടി തനിക് നേരെ തന്നെ നോക്കി നിൽക്കുന്നുണ്ടവന്മാർ.
തനിക് ഫോൺ തന്നവന് നേരെ തന്നെ അവനത് നീട്ടി.
വീണ്ടും പത്തു മിനിറ്റ് നേരത്തെ അവരുടെ സ്വകാര്യം
വിശ്വാ അക്ഷമയോടെ കാത്തിരുന്നു.
മല്ലിയുടെ വിവരങ്ങളൊന്നും അറിഞ്ഞിട്ടില്ല.
മുരുകനെ ഒന്നും വിളിച്ചിട്ടില്ല.
ഇങ്ങോട്ട് വിളിക്കരുതെന്ന് താൻ പറഞ്ഞത് കൊണ്ടാവാം.. അവനും ഇത് വരെയും തിരിച്ചു വിളിച്ചില്ല..
“വിശ്വാ..”
കാറിനടുത്ത് നിന്നും അവന്മാർ വിളിക്കുമ്പോൾ ചിന്തകളെ അവിടെ കുടഞ്ഞെറിഞ്ഞു കൊണ്ട് അവൻ അവർക്ക് നേരെ നടന്നു ചെന്നു..
💜💜
മുരുകാ.. അവനെവിടെ പോയതാ..?”
കുസുമത്തിന്റെ പെട്ടന്നുള്ള ചോദ്യം കേട്ടതും മുരുകനൊന്ന് ഞെട്ടി.
“എന്താ…?”
അവനാ ചോദ്യം കേൾക്കാത്ത പോലെ ഒന്നൂടെ ചോദിച്ചു.
“വിശ്വാ എവിടെ പോയതാ…?”
കുസുമം അവനിൽ നിന്നും നോട്ടം മാറ്റാതെ തന്നെ ചോദിച്ചു.
“അത്.. പിന്നെ..”
മുരുകന് കള്ളം പറയണോ സത്യം പറയണോ എന്നറിയാതൊരു പരുങ്ങലുണ്ട്.
അവരോട് വിശ്വാ ഈ കാര്യം എങ്ങനെയാണ് പറഞ്ഞത് എന്നവനറിയില്ല.
ഇനി താൻ വേറെ എന്തെങ്കിലും പറഞ്ഞിട്ട് അതിന്റെ പഴി കൂടി..
മുരുകൻ നിന്നു വിയർത്തു..
“നിനക്കറിയില്ലേ..?!
രൂക്ഷമായ നോട്ടവും ചോദ്യവും.
മുരുകന് ആ മുന്നിൽ നിന്നും ഓടി ഒളിക്കാനാണ് തോന്നിയത്.
ഇല്ലെന്ന് പറയാനും പറ്റില്ല.
കാരണം ഇങ്ങോട്ട് വന്നവൻ താൻ അറിയാതെ എങ്ങോട്ടും പോവില്ലെന്ന് കുസുമത്തിനറിയാം.
“ഇന്ന് വെളുപ്പിന് ഇങ്ങോട്ടെന്ന് പറഞ്ഞിട്ടാ മുരുകാ അവൻ വീട്ടിൽ നിന്നും പോന്നത്. ഞാൻ വന്നിട്ടിപ്പോ തന്നെ ഒരു രണ്ട് മണിക്കൂർ ആയി കാണും. ഞാൻ വന്നപ്പോ മുതൽ അവനിവിടെയില്ല.. എവിടെ പോയെന്ന് നിന്നോടല്ലാതെ വേറെ ആരോടു ചോദിക്കും ഞാൻ… നിനക്കറിയാം.. നീ പറയാത്തതാ എന്നും എനിക്കറിയാം..”
കുസുമം കുറച്ചു കൂടി മുരുകന്റെ അരികിലേക്ക് നീങ്ങി നിന്നിട്ട് പറയുമ്പോൾ അവന്റെ മുഖം താഴ്ന്നു.
“സാമൂവൽ വക്കീൽ അവനൊരു ജോലി ശെരിയാക്കി കൊടുക്കാമെന്നു പറഞ്ഞിരുന്നു.. അതിനെ കുറിച്ചെന്തേങ്കിലും അറിയാമോ നിനക്ക്..?”
മുരുകനെ വീണ്ടും പ്രതിസന്ധിയിലാക്കി കൊണ്ട് കുസുമം അടുത്ത ചോദ്യമെടുത്തിട്ടു.
“ജോലി.. ജോലി ഉണ്ടെന്ന് വക്കീൽ പറഞ്ഞത് എനിക്കറിയാം.. അതിനെ കുറിച്ച് കൂടുതലൊന്നും എനിക്കറിയില്ല ടീച്ചറേ.. “
അത് പറയുമ്പോൾ മുരുകന്റെ ഉള്ള് കുറ്റബോധം കൊണ്ട് നീറുന്നുണ്ട്.
തനിക് വേണ്ടിയാണ്.. തന്റെ കുടുംബത്തിന്റെ കണ്ണീരൊപ്പാൻ വേണ്ടി മാത്രമാണവൻ..
അവൻ ചെയ്യുന്ന ജോലി എന്താണെന്ന് അവന്റെയമ്മ അറിയുന്ന നിമിഷങ്ങൾ..
മുരുകനത് അപ്പഴേ ഓർക്കാൻ വയ്യായിരുന്നു.
“അഞ്ചു ലക്ഷം ഇവിടെ തരാൻ അവൻ വക്കീലിന്റെ കയ്യിൽ നിന്നും വാങ്ങിച്ചതാ എന്നാ എന്നോട് പറഞ്ഞത്.. കൂടുതലൊന്നും ഞാനും ചോദിച്ചിട്ടില്ല..”
കുസുമത്തിന്റെ വലിഞ്ഞു മുറുകിയ മുഖത്തേക്ക് നോക്കാൻ മുരുകന് ഭയമായിരുന്നു…
“വേണ്ടാത്ത വയ്യാ വേലിക്കൊന്നും പോവരുത്. രണ്ടാളോടും കൂടിയാണ്. കാശ് എപ്പോ വേണമെങ്കിലും ഉണ്ടാക്കാം. പക്ഷേ ജീവിതത്തിൽ നഷ്ടപ്പെട്ടു പോയാൽ പിന്നീടൊരിക്കലും തിരിച്ചു കിട്ടാത്ത, കിട്ടിയാലും പിന്നെ പഴയ പോലെ ഉപകരിക്കരിക്കാത്ത ചിലതുണ്ട്.. “
കുസുമം പറയുന്ന ഓരോ വാക്കും മുരുകനെ ജീവനോടെ എരിയിക്കാൻ പോന്നതാണ്.
എനിക്ക് വേണ്ടി.. എന്റെ കുടുംബത്തിനു വേണ്ടി ഒട്ടും മനസ്സിലാഞ്ഞിട്ടും നിങ്ങളുടെ മകനൊരു അനീതി ചെയ്യാൻ പോവുകയാണെന്ന് അവനെങ്ങനെ പറയാനാണ്!
മുരുകൻ കുറ്റവാളിയെ… പോലെ മുഖം കുനിച്ചു നിന്നു..
അകത്തു നിന്നും ശാന്തി വിളിച്ചതോടെ കുസുമം അങ്ങോട്ട് പോയി..
അതോടെ എരിതീയിലെന്നത് പോലുള്ള മുരുകന്റെ അവസ്ഥക്കൊരു മാറ്റം വന്നു..
മല്ലിയുടെ ഓപ്പറേഷൻ കഴിഞ്ഞുവെന്നും അത് പൂർണ്ണമായും വിജയിച്ചുവെന്നും ഡോക്ടർ പറയുന്നത് കേൾക്കാൻ മുരുകനുമുണ്ടായിരുന്നു.
പക്ഷേ അപ്പോഴും ആ വാർത്ത നൽകിയ സന്തോഷത്തേക്കാൾ. അങ്ങനൊരു വാർത്ത കേൾക്കാൻ കാരണമായവനെ കുറിച്ചാണ് അവനോർത്തത്..
ഓർത്തു വേദനിച്ചത്..
💜💜
വിശ്വാ… നിന്നെ ഞങ്ങൾ വിശ്വാസിക്കുന്നു.. “
ഏതൊരാൾക്കും സന്തോഷം നൽകുന്ന വാക്കുകൾ.
പക്ഷേ അത് കേട്ടതും വിശ്വായുടെ ഇടനെഞ്ചിൽ നിന്നൊരു ആളാൽ ഉയർന്നു താണു.
അവർക്ക് തന്നെ വിശ്വാസമായെന്ന്.
അതിനർത്ഥം, ഇനിയവർ പറയുന്ന ജോലി താൻ ചെയ്യണം എന്നത് തന്നെയാണ്.
“തന്റെ നമ്പർ ഇത് തന്നെയല്ലേ.. മാറ്റമൊന്നും ഇല്ലല്ലോ..?”
അവർ രണ്ടു പേരും ഒരുപോലെ വിശ്വായെ നോക്കി.
“ഇല്ല.. ഇത് തന്നെ..”
“ഞാൻ.. അഖിൽ.. ഇത് അലോഷി..”
വന്നവർ അപ്പോഴാണ് അവരെ അവനു പരിചയപ്പെടുത്തിയത്.
വിശ്വാ ഒന്നും പറയാതെ ഒന്ന് മൂളുക മാത്രം ചെയ്തു.
“ഇനിയുള്ള കാര്യങ്ങൾ ഞങ്ങൾ വഴിയേ അറിയിക്കാം..അതിന് മുന്നേ വിശ്വായോട് വളരെ അത്യാവശ്യമായി പറയേണ്ടുന്ന കുറച്ചു കാര്യങ്ങൾ പറയാനുണ്ട്..”
അഖിലാണ് വിശ്വായുടെ അരികിലേക്ക് നിന്നിട്ടത് പറഞ്ഞത്.
അപ്പോഴും വിശ്വാ മൂളുക മാത്രം ചെയ്തു.
“തനിക്കിത് ചെയ്യാൻ താല്പര്യമില്ല എന്നുണ്ടോ..?”
അലോഷിയും വിശ്വായുടെ അരികിലേക്ക് നീങ്ങി..
വന്നത് പോലല്ല രണ്ടാളുടെയും പെരുമാറ്റവും ഭാവവും.
വലിയൊരു മാറ്റമൊന്നും ഇല്ലേലും ഒരയവ് വന്നിട്ടുണ്ടെന്ന് വിശ്വാക്ക് തോന്നി.
“CS ഗ്രുപ്പും DR ഗ്രൂപ്പും.. ഒരുപോലെ വളർന്നു നിൽക്കുന്ന രണ്ടു ബ്രാൻഡ്.. ഇതിൽ CS ഗ്രൂപ്പിന്റെ ആളാണ് ഇപ്പൊ വിശ്വാ.. അതായത് ഞങ്ങളുടെ എഗ്രിമെന്റ് എല്ലാം അനുസരിച്ചു തരുന്ന കാശിനു പറയുന്ന ജോലി ചെയ്യുന്ന ആള്..”
അഖിൽ വിശ്വായുടെ കണ്ണിലേക്കു സൂക്ഷിച്ചു നോക്കി.
വിശ്വായും വളരെ ശ്രദ്ധിച്ചാണ് നിൽക്കുന്നത്.
“DR ഗ്രുപ്പിന്റെ ഓണർ ഡെന്നീസ് മാത്യുവും ആയിട്ടുള്ള ഒരു ഇഷ്യു.. അതിൽ ജയിക്കേണ്ടത് CS ഗ്രുപ്പിന്റെ അതായത് ഇപ്പൊ വിശ്വായുടെയും ആവിശ്യമാണ്. അതവരുടെ നില നിൽപ്പിന്റെ പ്രശ്നമാണ്.
ബിസിനസ് നിഗൂഢ തന്ത്രങ്ങളുടെ പോർ കളം കൂടിയാണ്..
അവിടെ മാർഗങ്ങളല്ല.. ലക്ഷ്യങ്ങൾക്കാണ് പ്രാധാന്യം.. വിശ്വാക്ക് പറയുന്നത് മനസ്സിലാവുന്നുണ്ടോ..”
അഖിൽ വീണ്ടും അവന്റെ നേരെ നോക്കി.
“ഉണ്ട്..”
കൈകൾ പിന്നിൽ കെട്ടി.. വിശ്വാ അവർക്ക് നേരെ നോക്കി.
“മിത്ര ഡെന്നീസ് മാത്യു.. DR ഗ്രുപ്പിന്റെ പിൻഗാമി.. ഡെന്നീസ് മാത്യുവിന്റെ മകൾ.. അവളാണ് ഈ ഗെയിമിൽ നമ്മുടെ ലക്ഷ്യം..”
അലോഷി പറയുമ്പോൾ എത്ര ഉറപ്പോടെ നിന്നിട്ടും വിശ്വായുടെ ഉള്ളൊന്നുലഞ്ഞു..
“ഇത് വരെയും പഠിച്ചതും വളർന്നതും പുറത്തായിരുന്നു.. കുറച്ചു ദിവസങ്ങളായി മിത്ര നാട്ടിലുണ്ട്.. MS കോളേജിൽ ആറ് മാസത്തെ കോഴ്‌സിന് ചേർന്നിട്ടുണ്ട്.. അവിടെ.. അവിടെ വെച്ചിട്ടാണ് നമ്മൾ ഗേയിം പ്ലാൻ ചെയ്യുന്നത്.
ആ ആറ് മാസത്തെ സമയം വിശ്വായുടെ മുന്നിലുണ്ട്..അല്ലെങ്കിൽ ആറ് മാസത്തെ സമയം മാത്രമേ നിനക്ക് മുന്നിലൊള്ളൂ..
നിനക്കവളെ വലയിലാക്കാൻ ഏത് മാർഗവും പ്രയോഗിക്കാം.. അതിന് വേണ്ടുന്ന ഹെല്പ്.. അതിനി കാശയി ആണേലും ആളായി ആണേലും അതെല്ലാം ഞങ്ങൾ തന്നെ ചെയ്തു തരും..
ഒരൊറ്റ കാര്യം മാത്രം വിശ്വാ ശ്രദ്ധിക്കുക…
“
അഖിൽ പറഞ്ഞു നിർത്തുമ്പോൾ വിശ്വായുടെ മുഖം വലിഞ്ഞു മുറുകി..
ഒരു പെണ്ണിന്റെ സ്വപ്നങ്ങളെയാണ് ഇവരിത്രേം സിംപിളായി ഗെയിം പോലെ പറഞ്ഞു തീർക്കുന്നത്..
അവനു കടുത്ത അമർഷം തോന്നി..
അത് പോലെ തന്നെ നിസ്സഹായതയും..
ആ അഞ്ചു ലക്ഷത്തിന്റെ ബാധ്യത തലക്ക് മുകളിൽ തൂങ്ങി നിൽപ്പില്ലയിരുന്നു എങ്കിൽ ഇനിയും ഇത് പോലൊരു പെണ്ണിന്റെ സ്വപ്നങ്ങൾക്ക് തടയിടാൻ നീയൊന്നും ജീവനോടെ ഉണ്ടാവില്ലായിരുന്നു..
ഇതെന്റെ മുന്നിൽ വന്നു നിന്ന് പറയുന്ന ആ നിമിഷം തന്നെ
ഈ വിശ്വാ തന്നെ നിന്റെയൊക്കെ അഹങ്കാരം തീർക്കുമായിരുന്നു..
പല്ല് കടിച്ചു പിടിച്ചു കൊണ്ട് ഉള്ളാലെ അമർഷത്തോടെ ഓർക്കുമ്പോൾ വിശ്വാക്ക് താൻ ചെയ്യുന്നതിന്റെ നീതി കേട് ഓർമ വന്നു.
ഇവരെ പോലെ..
അല്ലെങ്കിൽ ഇവരെക്കാൾ ഇപ്പൊ ആ നെറികെട്ട ഗെയിം.. അത് താനാണ് ചെയ്യുന്നത്..
താനാണ് മുന്നിട്ട് നിൽക്കുന്നത്..
ആ ചിന്തയൊരു നീരാളിയെ പോലെ അവനെയൊന്നാകെ ചുറ്റി വരിഞ്ഞു..
“ആ ആറ് മാസം കൊണ്ട് വിശ്വാ പറയുന്നതെന്തും അനുസരിക്കുന്ന മിത്ര ഡെന്നീസ് മാത്യു.. അതാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.. അതാണ് വിശ്വാ ഞങ്ങൾക്ക് ചെയ്തു തരേണ്ടതും..”
അലോഷി പറഞ്ഞു നിർത്തുമ്പോൾ വിശ്വായൊന്നു ശ്വാസമെടുത്തു..
“ഇതിന് സമ്മതമല്ലെങ്കിൽ അത് തുറന്നു പറയാനുള്ള നിന്റെ ലാസ്റ്റ് ചാൻസാണ് ഇപ്പോഴുള്ളത്.. ഇപ്പൊ എല്ലാം ഏറ്റിട്ട് ഇനി ഇതിന്റെ പേരിൽ ഒരു ഇഷ്യു.. അല്ലെങ്കിൽ പെട്ടന്നുള്ള പിന്മാറ്റം.. നീ ചിന്തിക്കുന്നതിനും ഒരുപാട് മുകളിലായിരിക്കും വിശ്വാ അതിന്റെ പ്രത്യാഘാതകം. അത് മറക്കരുത്..”
അഖിലിന്റെ സ്വരത്തിനൊരു ഭീക്ഷണിയുടെ രുചി..
വിശ്വായൊന്നു കണ്ണടച്ച് പിടിച്ചു..
അവനെ തന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് അഖിലും അലോഷിയും.
“എനിക്ക് സമ്മതം..”
ഒന്നോ രണ്ടോ നിമിഷങ്ങൾക്ക് ശേഷം വിശ്വായത് പറയുമ്പോൾ അഖിലും അലോഷിയും ഒന്ന് പരസ്പരം നോക്കി…
“ഗുഡ്..”
രണ്ടു പേരും ഒരുപോലെ കയ്യടിച്ചു..
വിശ്വായൊന്നും മിണ്ടാതെ അവരുടെ നേരെ നോക്കി.
“കുറച്ചു കാശ് നിന്റെ അക്കൗണ്ടിൽ ഇടുന്നുണ്ട്.. അത്യാവശ്യം മോഡേൺ ഡ്രസ്സ്.. പിന്നൊരു ബൈക്ക്.. വാച്ച്.. ഫോൺ.. ഇങ്ങനെ വേണ്ടുന്നതെല്ലാം വാങ്ങിക്കണം..
മിത്രക്കൊപ്പം പിടിച്ചു നിൽക്കാൻ വേണ്ടുന്ന എല്ലാം നിന്റെ കൈവശം ഉണ്ടായിരിക്കും.
വെറുതെ പോയി നിന്നാലൊന്നും മിത്ര തിരിഞ്ഞു പോലും നോക്കില്ല.
താൻ ഇത് വരെയും കണ്ട പെൺകുട്ടികളുടെ കൂട്ടത്തിൽ അവളെ കൂടിയുകയും വേണ്ട..
അവളുടെ അച്ഛൻ.. ഡെന്നിസ് മാത്യുവിനേക്കാൾ ഭയങ്കരിയാണ് മകൾ..”
അവരുടെ സംസാരമെല്ലാം ശ്രദ്ധിച്ചു കേൾക്കുന്നുണ്ട് എന്നതൊഴിച്ചാൽ വിശ്വാ ഒന്നും മിണ്ടുന്നില്ല.
“ഇതൊക്കെ ഇപ്പൊ പറയുന്നത്.. മിത്രയേ കുറിച്ച് എല്ലാം അറിഞ്ഞിട്ട് വേണം നീ അങ്ങോട്ട് പോകാൻ.. വളരെ പരിമിതമായ സമയം ഉള്ളു എന്നതിനാലും.. മിത്ര അത്ര പെട്ടന്ന് വളയാത്ത ആളാണെന്നുള്ളത് നൂറ് ശതമാനം ഉറപ്പുള്ളതിനാലും വിശ്വാ എത്രയും പെട്ടന്ന് അങ്ങോട്ട് പോണമെന്നു തന്നെയാണ് പറയാനുള്ളത്..”
അലോഷി പറഞ്ഞു നിർത്തി കൊണ്ടവനെ നോക്കി..
“പോവാം.. നാളെ.. അല്ലെങ്കിൽ മറ്റന്നാൾ..”
അമ്മയോട് ജോലിയെ കുറിച്ച് സൂചന കൊടുത്തത് കൊണ്ട് തന്നെ വിശ്വാക്ക് പിന്നെ കൂടുതലൊന്നും ചിന്തിക്കാൻ ഉണ്ടായിരുന്നില്ല.
“അപ്പൊ ശെരി വിശ്വാ.. എങ്ങനെ.. എപ്പോ എന്നതൊക്കെ നിന്റെ ചോയിസാണ്.. എന്തുണ്ടേലും തനിക് വിളിക്കാം.. എന്റെ നമ്പറിൽ നിന്നാണ് ഞാൻ നേരത്തെ നിന്നെ വിളിച്ചത്.. അത് സേവ് ചെയ്തു വെച്ചേക്കണം.. ഇനിയുള്ളതെല്ലാം ഫോണിൽ അറിയിക്കാം.. “
അഖിൽ പറയുമ്പോൾ വിശ്വാ തലയാട്ടി.
“ഒക്കെ.. ബൈ..”
രണ്ടാളും കൂടി കാറിന്റെ നേരെ തിരിഞ്ഞു നടന്നു..
“നിന്റെ നമ്പറിൽ മിത്രയുടെ ഒരു ഫോട്ടോ സെൻറ് ചെയ്തു.. അതൊന്ന് നോക്കിയേക്ക്..”
കാറിലേക്ക് കയറും മുന്നേ അലോഷി പറഞ്ഞതും വിശ്വായൊന്നു വിറച്ചു..
കൈകൾ പോക്കറ്റിലെ ഫോണിൽ മുറുകി..
ഒന്ന് കൂടി കൈ വീശി കാണിച്ചിട്ട് കാർ അവിടെയിട്ട് തന്നെ തിരിച്ചു കൊണ്ട് അഖിലും അലോഷിയും പോയതോടെ വിശ്വാ ധൃതിയിൽ ഫോൺ കയ്യിലെടുത്തു..
ഇതിൽ അവളുണ്ട്..
മിത്ര ഡെന്നിസ് മാത്യു..
താൻ സ്നേഹിക്കേണ്ടവൾ..
അല്ല..
താൻ സ്നേഹം അഭിനയിച്ച് പറ്റിക്കേണ്ടവൾ..
തുടരും…