രചന ..ആസിയ പൊന്നൂസ്
ഭാഗം 02
അഞ്ച് മണിക്ക് അലാം ശബ്ദിച്ചപ്പോൾ തന്നെ രുദ്ര കണ്ണുകൾ അമർത്തി തിരുമ്മി പ്രാർത്ഥനയോടെ എണീറ്റിരുന്നു…..
തൊട്ടരികിൽ പുതച്ചു കിടന്നവളുടെ നെറ്റിയിലും കഴുത്തിലും തൊട്ട് നോക്കുകയാണ് അവളാദ്യം ചെയ്തത്…..
പനി കുറഞ്ഞിട്ടുണ്ട്….
ആശുപത്രിയിൽ പോയി വന്നിട്ടും രാത്രിയിൽ ചെറു ചൂടുണ്ടായിരുന്നു….
പോരാത്തതിന് കുളിരും…..
രുദ്ര വാത്സല്യത്തോടെ മാളുവിന്റെ നെറ്റിയിൽ അമർത്തി മുത്തി…..
ശേഷം അവളിൽ നിന്ന് വിട്ടകന്നു കട്ടിലിൽ നിന്ന് എണീറ്റു…..
ആറു മണിക്ക് ട്യൂഷന് പിള്ളേര് വരും…..
പത്താം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കാണ് രുദ്ര ട്യൂഷൻ എടുത്തു കൊടുക്കുന്നത്…..
അടുത്ത വീടുകളിൽ നിന്നും അല്ലാതെയും ഒരു പത്ത് പതിനേഴു കുട്ടികൾ രാവിലെയും വൈകിട്ടുമായി വരുന്നുണ്ട്…..
രാവിലെ ആറു മണിക്ക് ട്യൂഷൻ തുടങ്ങിയാൽ എട്ട് മണി വരെയുണ്ടാകും …..
ചില ദിവസമത് എട്ടര വരെ നീളും…..
രാവിലെ എണീറ്റാൽ ആദ്യം പോയി കുളിച്ചു ഫ്രഷ് ആയി വരുന്നതാണ് പതിവ് ….
അതുപോലെ തന്നെ കുളിച്ചു മാറാനുള്ള ഡ്രസ്സും എടുത്തവൾ അടുക്കളവശത്തെ വാതിൽ തുറന്ന് കുളിമുറിയിലേക്ക് നടന്നു….
കുളിച്ചിറങ്ങി കഴുകിയ തുണി അയയിൽ ഇട്ട് കേറി വരുമ്പോൾ അമ്മയുണ്ട് അടുക്കളയിൽ…..
“തല നല്ലത് പോലെ തോർത്ത് ശ്രീക്കുട്ടീ….”മുടിയിൽ നിന്നിറ്റിറ്റു വീഴുന്ന വെള്ളത്തുള്ളികൾ കണ്ട് ഉഷ ശാസനയോടെ പറഞ്ഞു….
അതോടെ രുദ്രയാ നീളൻ മുടി മുൻവശത്തേക്ക് എടുത്തിട്ട് ഒന്ന് കുടഞ്ഞു കൊണ്ട് തോർത്താൻ തുടങ്ങി…..
തല നല്ലത് പോലെ തോർത്തി മുടിയാ തോർത്തിൽ പൊതിഞ്ഞു വെക്കുമ്പോൾ ചൂട് ചായയുമായി അമ്മ അരികിലേക്ക് വരുന്നുണ്ട്…..
ചായയും ഒരു പ്ലേറ്റിലെ മിച്ചറും ഉഷ അവൾക്ക് നേരെ നീട്ടിയെങ്കിലും ആ ചായ മാത്രം വാങ്ങി സ്ലാബിൽ ചാരി നിന്ന് അവൾ മെല്ലെ അത് ഊതിക്കുടിച്ചു…..
“ഇത് കഴിക്കാൻ അല്ലെങ്കിൽ നീയെന്തിനാ ഇതൊക്കെ വാങ്ങി വെക്കുന്നെ….
വാങ്ങിക്കൊണ്ട് വരികയും ചെയ്യും അതൊന്നും തൊട്ട് നോക്കത്തും ഇല്ല….”അവൾ ഒരു കാലി ചായ കുടിച്ചു നിൽക്കുന്നത് കണ്ട് ഉഷ പറഞ്ഞു….
അവൾ മറുപടി ഒന്നും പറഞ്ഞില്ല…..
പെട്ടെന്ന് എന്തോ ഓർത്തത് പോലെ അകത്തേക്ക് നടന്നു…..
അൽപനേരം കഴിഞ്ഞു കൈയിൽ ചുരുട്ടി പിടിച്ച അഞ്ഞൂറിന്റെ കുറച്ചു നോട്ടുകളുമായി അവൾ തിരികെ വരികയും ചെയ്തു….
ചുരുട്ടി പിടിച്ച നോട്ടുകൾ അതേപടി അമ്മയെ ഏൽപ്പിക്കുകയും ചെയ്തവൾ …..
“വേണ്ട ശ്രീക്കുട്ടി….
അമ്മേടെ കൈയില് കാശുണ്ട്…..
വീട്ടു സാധനങ്ങൾ ഒക്കെ നീ വാങ്ങിയില്ലേ….
അത്യാവശ്യം വീട്ടു ചിലവിനുള്ളതൊക്കെ എന്റെ കൈയിലുണ്ട്…..”ഉഷ ആ പണം നിരസിച്ചു കൊണ്ട് പറഞ്ഞു…..
“മാളൂന്റെ സ്കൂൾ ഫീസ് അടയ്ക്കേണ്ട സമയം അടുത്ത് വരുവല്ലേ…..
ഇത് പിടിക്ക്….
ഈ മാസം മുതൽ ശമ്പളവർധനവുണ്ട്…..
ഞാനതിൽ നിന്ന് കുറച്ച് എടുത്ത് മാറ്റി വെച്ചിട്ടുണ്ട്….
പെട്ടെന്നൊരു അത്യാവശ്യം വന്നാൽ അന്നേരം കിടന്ന് ഓടാതിരിക്കാൻ….
അമ്മയിത് പിടിച്ചേ….
ഇന്നലെ സാലറി കിട്ടിയാരുന്നു…
ഇന്നലത്തെ തിരക്കിൽ ഇത് തരാൻ വിട്ടു പോയി….
ഇത് കൊണ്ട് സൂക്ഷിച്ചു വെക്ക്….” അമ്മയെ ആ പണം ബലമായി ഏൽപ്പിച്ചുകൊണ്ട് അവൾ തിരിയുമ്പോൾ പിന്നിൽ വല്യമ്മ നിൽപ്പുണ്ട് കട്ടിളയിൽ ചാരി…..
“ഉഷേ…..
നാളെയാ രാജീടെ മോളുടെ കല്യാണമാ…..
മറന്നോ നീ…..” രുദ്ര വാതില് കടന്ന് അങ്ങ് പോയതും ഉമ അനിയത്തിയോട് തിരക്കി…..
“ഓഹ് അത് നാളെയായിരുന്നോ……?” അലസമായി ചോദിച്ചു കൊണ്ട് ഉഷ പാത്രത്തിൽ എടുത്തു വെച്ച പുട്ട് പൊടി നനക്കാൻ തുടങ്ങി….
“നീ പോണില്ലേ…..?” ഉമ ചോദിച്ചു…..
“ഞാൻ പോകുന്നില്ലേച്ചി….
എന്നെ വഴിയിൽ വെച്ച് കണ്ടപ്പോ അവര് ഒരു പേരിനു വിളിച്ചന്നേ ഉള്ളൂ….” ഉഷ പറഞ്ഞു….
“അവൾ ഇവിടെ വന്ന് ഞങ്ങളെയൊക്കെ ക്ഷണിച്ചതാ ഉഷേ….
എന്ത് കാര്യത്തിലാ വന്ന് വിളിച്ചിട്ട് പോയത്….
പോയില്ലെങ്കിൽ മോശമാ…..”ഉമ ഇഷ്ടക്കേടോടെ ചോദിച്ചു…..
“ചേച്ചിയെ വിളിച്ചെങ്കിൽ ചേച്ചി പോയിട്ട് വാ…..
ഒരു ദിവസത്തെ പണിപ്പൈസ കളയാൻ എനിക്ക് വയ്യ…..” എന്ന് പറഞ്ഞു ഉഷ തന്റെ ജോലിയിൽ ശ്രദ്ധ ചെലുത്തുമ്പോൾ ഉമ അവിടെ തന്നെ കറങ്ങി തിരിഞ്ഞു നിന്നു …..
രുദ്ര കൊടുത്ത കാശ് ജീരകപ്പാട്ടയിൽ കിടന്ന് മാടി വിളിക്കുന്നത് പോലെ രാജിക്ക് തോന്നി …..
“നീ വരുന്നില്ലെങ്കിൽ വേണ്ട….
ഞാനും അമ്മുവും പോകുന്നുണ്ട്…..”ഉമ പറയുമ്പോൾ ഉഷയൊന്നു മൂളുകയെ ചെയ്തുള്ളൂ…..
“വെറും കൈയോടെ എങ്ങനെയാ കയറി ചെല്ലുന്നേ…
ഒരു പെങ്കൊച്ചിന്റെ കല്യാണം അല്ലേ….
എന്തെങ്കിലും കൊടുക്കണ്ടേ….
നീയൊരു രണ്ടായിരം രൂപയിങ് തന്നെ……”മടിച്ചു നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കി ഉമ കാര്യം അവതരിപ്പിച്ചു……
പുട്ട് പൊടി നനക്കുകയായിരുന്ന ഉഷ ഞെട്ടലോടെ തലയുയർത്തി നോക്കി …..
“രണ്ടായിരം രൂപയോ…..
അത്രയൊക്കെ കൊടുക്കേണ്ട ആവശ്യമുണ്ടോ…..” പേരിന് പോലും ഒരു ബന്ധം പറയാൻ ഇല്ലാത്ത ഒരു കല്യാണത്തിന് അത്രയൊക്കെ കൊടുക്കേണ്ട ആവശ്യമുണ്ടോന്നാണ് ഉഷയപ്പോൾ ചിന്തിച്ചത്…..
“ആ കൊച്ച് നമ്മടെ അമ്മൂന്റെ കൂടെ പഠിച്ചയല്ലേ ഉഷേ…..
അവൾക്കും എന്തോ ഗിഫ്റ്റ് വാങ്ങണമെന്ന് പറഞ്ഞായിരുന്നു…..”ഉമ പറഞ്ഞു…..
“രണ്ടായിരം എടുക്കാൻ ഒന്നും കാണില്ല….
ഒരു അഞ്ഞൂറ് വേണേൽ തരാം…..” ഉഷ ആലോചനയോടെ പറഞ്ഞതും ഉമയുടെ മുഖം ഇരുണ്ടു….
“ഒരു പെങ്കൊച്ചിന്റെ കല്യാണത്തിന് പോകുമ്പോ അഞ്ഞൂറ് കുണുവയും കൊണ്ടാണോ പോകുന്നെ…..?” ഉമ നീരസത്തോടെ ചോദിച്ചു….
“എന്റേൽ ഇല്ലാത്തോണ്ടല്ലേ …..?” ഉഷ തിരിച്ചു അതേ നീരസത്തോടെ ചോദിച്ചു …..
“ആ പെണ്ണ് ഇപ്പഴല്ലേടി ഒരു കെട്ട് നോട്ടും കൊണ്ട് വന്ന് തന്നിട്ട് പോയത്….
എന്നിട്ട് മുഖത്ത് നോക്കി കള്ളം പറയുന്നോ…..”ഉമ ദേഷ്യം നിയന്ത്രിച്ചു കൊണ്ട് ചോദിച്ചു…..
“അത് കൊച്ചിന് ഫീസ് അടക്കാനുള്ള പൈസയാ ചേച്ചി….
അതീന്നു എടുക്കാൻ പറ്റത്തില്ല….
ഒരു അഞ്ഞൂറ് വേണേൽ ഞാനിപ്പോ തരാം ….”ഉഷ സൗമ്യമായി പറഞ്ഞു നോക്കി….
“ഫീസ് ഇന്ന് തന്നെ കൊണ്ട് പോയി അടക്കണ്ടല്ലോ ഉഷേ…
നീയിപ്പോ അതീന്നു ഒന്ന് മറിഞ്ഞു താ ….
നിന്റെ പണിപ്പൈസ കിട്ടുമ്പോൾ ആ ഫീസ് അങ്ങ് അടച്ചാൽ പോരെ …..
ഇനി അത് കിട്ടിയില്ലെങ്കിൽ ആ രുദ്രേടെ കൈയിൽ നീക്കിയിരുപ്പ് ഉണ്ടല്ലോ….
അതീന്നു രണ്ടായിരം എടുത്തങ്ങു ഫീസ് അടക്കണം……” നിസ്സാരമായി ഉമ പറഞ്ഞു നിർത്തുമ്പോൾ ഉഷ ആലോചനയിലാണ്ടു ….
“നീ കൂടുതൽ ഒന്നും ആലോചിക്കണ്ട…..
ഞാൻ ഇതിന്ന് എടുക്കുവാ …..
ഒരു പെങ്കൊച്ചിന്റെ കാര്യം അല്ലേ….
ഇങ്ങനെ കണ്ണീചോര ഇല്ലാതെ പെരുമാറല്ലേ നീ ….” എന്ന് ഉഷയെ കുറ്റപ്പെടുത്തുന്നതിനൊപ്പം തന്നെ ജീരകടിന്നിൽ നിന്നും രണ്ടായിരം കൈക്കലാക്കുകയും ചെയ്തിരുന്നു ഉമ …..
ഉഷ എന്തെങ്കിലും പറയും മുന്നേ ഉമ സ്ഥലം വിടുകയും ചെയ്തു…..
ഒന്നും പറയാൻ തോന്നിയില്ല….
സ്വന്തമെന്ന് പറയാൻ ആകെയുള്ളൊരു കൂടെപ്പിറപ്പാണ്…..
അവർക്ക് തങ്ങളും തങ്ങൾക്ക് അവരും മാത്രമേ ഉള്ളൂ എന്ന തിരിച്ചറിവിൽ പലപ്പോഴും ഇതുപോലെ മൗനം പാലിച്ചു നിൽക്കേണ്ടി വരാറുണ്ട് ഉഷക്ക്…..
ആ സെന്റിമെന്റ്സ് ഒന്നും തിരിച്ചു ഇങ്ങോട്ടില്ലെന്ന് മാത്രം……
ആറു മണിക്ക് പിള്ളേര് വന്നതും രുദ്ര ട്യൂഷൻ തുടങ്ങി…..
വരാന്തയിൽ ഇരുത്തിയാണ് പഠിപ്പീരൊക്കെ…..
ട്യൂഷൻ കഴിഞ്ഞു പിള്ളേരു പോവുമ്പോ അടുക്കളയിൽ കയറി ഉച്ചക്കുള്ള ഭക്ഷണം ഉണ്ടാക്കാൻ ഉഷയെ സഹായിച്ചിട്ടാണ് രുദ്ര കടയിലേക്ക് പോകാറുള്ളത് …..
ഇന്നും അങ്ങനെ ജോലികൾ ഒതുക്കി ഒരു കഷ്ണം പുട്ടും കഴിച്ച് ടെക്സ്റ്റൈൽസിലെ യൂണിഫോമും എടുത്തിട്ട് മുറ്റത്ത് ഇറങ്ങുമ്പോഴാണ് മുന്നിൽ ഒരു കണി…..
ഒരു മിടിയും ടോപ്പും ഇട്ട് കൈയുന്ന കെട്ടി മുന്നിൽ നിൽക്കുന്ന മീരയെ കണ്ട് രുദ്രയുടെ മുഖം വിടർന്നു…..
ഇത്രയും വർഷങ്ങൾ കൊണ്ട് ഇരുവർക്കും വന്ന മാറ്റങ്ങൾ പരസ്പരം നോക്കി കാണുകയായിരുന്നവർ…..
“എന്താടി നോക്കി നിൽക്കുന്നെ….
നിനക്ക് എന്നെ മനസ്സിലായില്ലേ…..” എന്നവൾ ചോദിക്കുമ്പോൾ രുദ്ര ഓടി ചെന്നവളെ പുണർന്നു……
സന്തോഷം കൊണ്ട് ഇരുവരുടെയും കണ്ണുകൾ നിറഞ്ഞു…..
മീരയപ്പോൾ ഓർത്തത് കഴിഞ്ഞ രാത്രിയെ പറ്റിയായിരുന്നു….
ഇന്നലെ ആ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ….
ഇന്നിങ്ങനെ ഇവൾക്ക് മുന്നിൽ നിൽക്കാൻ പറ്റുമായിരുന്നോ….
ആ ഓർമയിൽ പോലും അവളുടെ ശരീരം വിറച്ചു….
“അങ്ങ് വണ്ണം വെച്ചല്ലോടി നീ….?” രുദ്ര അവളിൽ നിന്ന് വിട്ട് മാറി തിരക്കുമ്പോഴാണ് മീര ചിന്തകളിൽ നിന്നുണർന്നത്…..
ഒരു വരണ്ട ചിരി അവൾക്ക് സമ്മാനിക്കുകയും ചെയ്തു…..
“നിനക്ക് എന്നിട്ടും ഒരു മാറ്റവും ഇല്ലല്ലോ പെണ്ണെ ….
അതേ കോലം….
ഇത്തിരി നിറം വെച്ചിട്ടുണ്ട് …
വേറൊരു മാറ്റവും ഇല്ല…..”മറ്റെല്ലാം മറവിക്ക് വിട്ട് അവൾ രുദ്രയെ അടിമുടി നോക്കി….
രുദ്ര ഒന്ന് ചിരിച്ചു കാണിച്ചു……
“ആഹാ ഇതാര് മീരയോ…..
ഇതെപ്പോ എത്തി…..” പണിക്ക് പോകാൻ ഇറങ്ങിയ ഉഷ അമ്പരപ്പോടെ അവർക്കരികിലേക്ക് നടന്നു…..
“ഇന്നലെ രാത്രി ലാൻഡ് ആയതേ ഉള്ളൂ ഉഷേച്ചി…..
ഇപ്പൊ വന്നില്ലെങ്കിൽ നിങ്ങളെയൊന്നും കാണാൻ പറ്റില്ലല്ലോ…..
അതാ രാവിലെ തന്നെ പോന്നത്….
ഇവിടുത്തെ വിശേഷങ്ങൾ ഒക്കെ ഇവളെ വിളിക്കുമ്പോൾ അറിയാറുണ്ട്…..
മാളൂ എന്ത്യേ….?” അവൾ ചുറുചുറുക്കോടെ വർത്താനം പറയുന്നത് രുദ്ര നിറഞ്ഞ മനസ്സോടെ നോക്കി നിന്നു…..
“ആ പെണ്ണിന് പനിയായിട്ട് കിടക്കുവാ …..
മരുന്ന് കഴിച്ചിട്ട് പിന്നെയും കിടന്ന് ഉറങ്ങുവാണ്….
മോളിനി തിരിച്ചു പോണുണ്ടോ…..?”ഉഷ ചോദിച്ചു….
“ഇല്ല ഉഷേച്ചി….
പിജി ഒക്കെ കഴിഞ്ഞു…
ഇനി ഇവിടെ നല്ലൊരു ജോലി നോക്കാനാ പ്ലാൻ…..” അവൾ ഉഷയോട് പറയുമ്പോൾ ഉഷയുടെ മുഖത്തെ ചിരി മങ്ങിയെങ്കിലും വന്നെങ്കിലും രുദ്രയുടെ മുഖത്ത് നിലാവ് ഉദിച്ചത് പോലുള്ള തിളക്കം ….
ഉഷക്ക് രുദ്രയുടെ പഠനം മുടങ്ങിയതോർത്തുള്ള സങ്കടമായിരുന്നു ആ ചിരിയുടെ മങ്ങലിന് പിന്നിൽ….
ഇതുപോലൊക്കെ പഠിക്കാനും നല്ലൊരു ജോലിക്ക് പോകാനും അവളും ആഗ്രഹിച്ചിട്ടുണ്ടാവില്ലേ….
ഉഷയുടെ മനസ്സ് ആശങ്കപ്പെട്ടുകൊണ്ട് മകളുടെ മുഖത്തേക്ക് പാളി നോക്കി….
എന്നാൽ രുദ്രയുടെ മുഖത്ത് കൂട്ടുകാരിയെ കണ്ട് മനസ്സ് നിറഞ്ഞ ചിരിയാണെന്നും നഷ്ടബോധമില്ലെന്നും കണ്ട് ഉഷ ആശ്വസിച്ചു…..
“അതേതായാലും നന്നായി മോളെ….
നീ അടുത്ത് ഇല്ലാഞ്ഞിട്ട് എന്നും നിന്റമ്മക്ക് സങ്കടമാ…..
ഇനിയെങ്ങും പോണ്ടാട്ടോ…..”അവളുടെ കവിളിൽ തട്ടി ഉഷ പറയുമ്പോൾ മീരയത് സമ്മതിച്ചു കൊടുത്തു…..
കൂടെ പണിക്ക് വരുന്ന സുമ നടന്ന് വരുന്നത് കണ്ട് പണിക്ക് പോകുവാണെന്നു പറഞ്ഞു ഉഷ യാത്ര പറഞ്ഞു പോയി…..
ഉഷ പോകുന്നതും നോക്കി നിന്ന് തിരിയുമ്പോൾ മീര കാണുന്നത് തന്നെ നോക്കി നിൽക്കുന്ന രുദ്രയെയാണ്…..
“എന്താടി ….?” അവൾ ചിരിയോടെ ചോദിച്ചു….
“ഞാൻ നിന്റെ മാറ്റം നോക്കി നിന്നു പോയതാ… ” രുദ്ര പറഞ്ഞു…..
“എവിടെ ആ ഡാകിനി തള്ളയും മോളും….
ഇവിടില്ലേ…..” മീര അനിഷ്ടത്തോടെ തിരക്കി….
“അകത്തുണ്ട്….
വിളിക്കണോ…..?” രുദ്ര ചോദിച്ചു…..
അവളുടെ മുഖത്തൊരു കുസൃതി ചിരിയുണ്ട്…..
“അയ്യോ വേണ്ടായേ ….
രാവിലെ തന്നെ അതുങ്ങളെ കണ്ടിട്ട് എന്റെ മൂഡ് കളയാൻ ഞാനില്ല…..
നീ ജോലിക്ക് പോകാൻ ഇറങ്ങിയതല്ലേ….
നിന്ന് വൈകി ബസ് മിസ്സാവണ്ട….
ഞാൻ വൈകിട്ട് വരാം….
മാളൂനെയും ഒന്ന് കാണണം….
നീയിപ്പോ പോകാൻ നോക്ക്…
വൈകിട്ട് കാണാം… ” എന്ന് പറഞ്ഞുകൊണ്ടവൾ രുദ്രയെ പറഞ്ഞയച്ചു…..
എന്നിട്ട് തിരിഞ്ഞു സ്വന്തം വീട്ടിലേക്ക് നടന്നു…..
•••••••••••••••••••••••••••••••••••••••••°
മംഗലത്ത് വീടിനു മുന്നിൽ ആഡംബരത്തിന്റെ പ്രതീകമായ ബെൻസ് കാർ പൊടി പറത്തിക്കൊണ്ട് വലിയൊരു ഇരമ്പലോടെ വന്നു നിന്നു…..
അതിൽ നിന്ന് ഒരു മധ്യവയസ്കൻ കലിയോടെ പുറത്തേക്ക് ഇറങ്ങി കാറിന്റെ ഡോർ വലിച്ചടച്ചു…..
അയാൾക്ക് പിറകെ കാറിൽ നിന്ന് ഒരു ചെറുപ്പക്കാരൻ കൂടി ഇറങ്ങി വന്നതും അയാൾ ആ വീടിന്റെ ഉമ്മറത്തേക്ക് ഓടിക്കയറി…..
അടഞ്ഞു കിടക്കുന്ന ഡോറിൽ അയാൾ ആഞ്ഞു ചവിട്ടി…..
സർവം നഷ്ടപ്പെട്ടവനെ പോലെ ഭ്രാന്ത് പിടിച്ചുള്ള വരവായിരുന്നു അയാളുടേത്…..
“ഇറങ്ങി വാടോ പന്ന കെളവാ…..
ഇന്ന് ഞാൻ തന്നെ കൊല്ലും…..”കാളിങ് ബെൽ ഞെക്കി പൊട്ടിച്ചു കൊണ്ട് അയാൾ അലറി….
“അച്ഛാ….
ഒന്നടങ്ങു…..
ആൾക്കാര് നോക്കുന്നു….
നമുക്ക് നോക്കിയും കണ്ടും എന്താ വേണ്ടതെന്നു വെച്ചാൽ ചെയ്യാം…..” ബഹളം കേട്ട് അയൽപ്പക്കത്തുള്ള ആളുകൾ ശ്രദ്ധിക്കുന്നുവെന്ന് മനസ്സിലാക്കി അയാളുടെ മകനെന്ന് തോന്നിപ്പിക്കുന്ന ചെറുപ്പക്കാരൻ പറഞ്ഞു….
എന്നാൽ അയാൾ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല……..
അല്പം കഴിഞ്ഞു ഗൗരവം നിറഞ്ഞ മുഖത്തോടെ ഒരു അറുപത്തിയഞ്ച് എഴുപത് വയസ്സ് തോന്നിക്കുന്ന മനുഷ്യൻ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി വന്നു….
“എന്താടാ എന്റെ വീട്ടുമുറ്റത്ത് വന്ന് ചിലക്കുന്നെ…..?”അയാളുടെ മുറുകിയ ശബ്ദം അവിടെ മുഴങ്ങി…..
“ചിലക്കാൻ അല്ല…..
നിന്നെ ഉടലോടെ സ്വർഗത്തിലോട്ട് പറഞ്ഞു വിടാനാടാ കിളവാ ഞാൻ വന്നത്…..”അയാൾ ദേഷ്യം കൊണ്ട് വിറച്ചു…..
“എന്താടാ ചെറുക്കാ….
കേസ് തോറ്റപ്പോ നിന്റെ തന്തക്ക് ഭ്രാന്തായോ…..”അയാളുടെ മട്ടും ഭാവവും കണ്ട് ആ വൃദ്ധൻ പരിഹസിച്ചു…..
“കൊല്ലുമെടാ ഇന്ന് ഞാൻ നിന്നെ …..”സാഗർ ആ വൃദ്ധന്റെ കഴുത്തിൽ പിടിക്കാൻ ആഞ്ഞതും കൈയിൽ ഇരുന്ന വോക്കിങ് സ്റ്റിക്ക് എടുത്ത് ഒറ്റ കുത്ത് കൊടുത്തു കുത്തിന് പിടിക്കാൻ വന്നവന്റെ മൂക്കിനിട്ട്…
കുത്ത് കിട്ടിയവൻ വേദന സഹിക്ക വയ്യാതെ അലറി….
“നീ എന്നെ കൊല്ലില്ല സാഗറേ…..
നിനക്ക് എതിരെ ഞാൻ കേസ് കൊടുത്തിരിക്കുന്ന ഈ അവസ്ഥയിൽ എനിക്ക് എന്ത് സംഭവിച്ചാലും അതിനുത്തരവാദി നീ മാത്രമാണെന്ന് സ്റ്റേഷനിൽ ഒരു എഴുതി ഒപ്പ് ഇട്ടിട്ടാടാ ഞാൻ നിന്റെ മുന്നില് നിൽക്കുന്നെ…..
എനിക്കെന്ത് സംഭവിച്ചാലും നീ മാത്രമായിരിക്കും ഉത്തരവാദി….
അല്ലെങ്കിൽ തന്നെ ഇത്രയും ആളുകൾ നോക്കി നിൽക്കെ എന്നെ കൊല്ലാനുള്ള ധൈര്യം നിനക്ക് ഉണ്ടോ…..
അത്രക്ക് മണ്ടനാണോ നീ…..?” അദ്ദേഹം ചോദിക്കുമ്പോൾ അയൽപ്പക്കത്ത് നിന്നൊക്കെ എത്തി നോക്കുന്ന തലകൾ കണ്ട് സാഗർ മുഷ്ടി ചുരുട്ടി…..
നാട്ടിലെ അറിയപ്പെടുന്നൊരു പ്രമാണിയാണ് സാഗർ…..
ടെക്സ്റ്റൈൽസ് ഷോപ്ലിംഗ് മോളുകൾ ഹോട്ടലുകൾ റെസ്റ്ററന്റുകൾ ട്രാൻസ്‌പോർട് ബസുകൾ സ്വന്തമായി ഒരു ക്ലോതിങ് ബ്രാൻഡ് അടക്കം വിപുലമായ ഒരു സാമ്രാജ്യത്തിന്റെ ഉടമയാണ് സാഗർ….
ആണെന്നല്ല ആയിരുന്നു….
ഇന്നലെ വരെ എല്ലാത്തിന്റെയും അധിപൻ ആയിരുന്നു അയാൾ….
ഒരൊറ്റ ദിവസം കൊണ്ട് എല്ലാം മാറി മറിഞ്ഞു……
ഒരു രൂപ പോലും എടുക്കാനാവാത്ത വിധം സ്റ്റേ കൊടുത്ത് പൂട്ടിക്കളഞ്ഞിരിക്കുന്നു സാഗറിനെ….
“ചതിച്ചു നേടിയതൊന്നും നിലനിൽക്കില്ല സാഗറേ…..
നീ അടക്കി വാഴുന്ന സാമ്രാജ്യത്തിന് എന്റെ മകന്റെ ചോരയുടെ മണമാടാ…..
അവൻ ചോര നീരാക്കി ഉണ്ടാക്കി എടുത്തതാ അതൊക്കെ….
വ്യാജരേഖകൾ ഉണ്ടാക്കി കൈയടക്കി വെച്ചപ്പോൾ നീ വിചാരിച്ചോ മുകളിൽ ഇരിക്കുന്നവൻ ഒന്നും കാണുന്നില്ലെന്ന്…..
മുകളിൽ ഇരിക്കുന്നവൻ കണ്ണടച്ചാലും എന്റെ കുടുംബത്തെ ഇല്ലാതാക്കിയ നിനക്ക് ഞാൻ എന്റെ മോന്റെ സമ്പാദ്യം വിട്ടു തരില്ലടാ…..”രാമനാഥൻ സാഗറിന്റെ മുഖത്ത് നോക്കി വെല്ലു വിളിച്ചപ്പോൾ സാഗറിന് അതൊരു ക്ഷീണമായി തോന്നി…..
“ആരുടെ ബലത്തിലാടോ താനീ നെഗളിക്കുന്നെ….
ഏഹ്ഹ്….?” സാഗർ മുരണ്ടു…..
“ആരും ഇല്ലാത്തവന് ദൈവം ഉണ്ടെടാ…..
ആ ധൈര്യത്തിൽ തന്നെയാ നിനക്ക് എതിരെ ഞാൻ കേസ് കൊടുത്തത്….
വർഷം കുറേ കഴിഞ്ഞെങ്കിലെന്താ….
നിനക്ക് എതിരെ സ്റ്റേ വാങ്ങിയെടുക്കാൻ എനിക്ക് കഴിഞ്ഞില്ലേ….
നിന്റെ പതനം ഇവിടുന്ന് തുടങ്ങുവാടാ…
എന്തായാലും എനിക്കിനി മുന്നും പിന്നും നോക്കാനില്ല…..
സാഗറേ….
നിന്റെ കാലം കഴിഞ്ഞു…..”രാമനാഥൻ പുച്ഛത്തോടെ പറയുമ്പോൾ സാഗറിന്റെ രക്തം തിളച്ചു…..
“ഒരു സ്റ്റേ കിട്ടിയെന്ന് വിചാരിച്ചു സാഗർ തീർന്നെന്ന് താൻ മനക്കോട്ടെ കെട്ടണ്ട…..
ഈ സ്റ്റേ എനിക്ക് പുല്ലാണ്…..
എന്റെ രോമത്തിൽ പോലും ഏശിയിട്ടില്ല….” സാഗർ പുച്ഛിച്ചു…..
“അത് നീയീവിടെ വന്ന് ഇത്രയൊക്കെ കാണിച്ചപ്പോൾ തന്നെ എനിക്ക് മനസ്സിലായി….”അദ്ദേഹവും വിട്ട് കൊടുത്തില്ല…..
“ഡോ കെളവാ….
കൂടുതൽ കിടന്ന് നെഗളിക്കല്ലേ…..
ഈ വീടോടെ തന്നെ കത്തിച്ചു ചാമ്പലാക്കി ഈ കേസും കോപ്പും ഒക്കെ ഞങ്ങള് തേച്ചു മായ്ച്ചു കളയും….
കാണണോ….
കാണണോടാ പന്ന കെളവാ…..” എന്ന് പറഞ്ഞു സാഗറിന്റെ മകൻ ഹേമന്ത് ഭീഷണി മുഴക്കി…..
“നിനക്ക് ഒക്കെ പറ്റുന്നത് നീയൊക്കെ ചെയ്യെടാ…..
എന്റെ കുടുംബത്തെ മുഴുവൻ തീർത്തു കളഞ്ഞിട്ട് എന്നെയായിട്ട് ബാക്കി വെക്കണ്ടെടാ നീയൊക്കെ …..
മരിക്കാൻ എനിക്കും പേടിയില്ല…..
പക്ഷേ ചാവുമ്പോ നിന്റെയൊക്കെ കഴുത്തിൽ ഒരു കുരുക്ക് ഇട്ടിട്ടെ ഞാൻ ഈ ഭൂമി വിട്ട് പോവുള്ളൂ …..
പിന്നെ കേസ്…..
അത് തേച്ചു മായ്ച്ചു കളയാമെന്ന് നിന്റെയൊക്കെ വെറും തോന്നലാണ്…..
നിന്റെയൊക്കെ പ്രമാണം കള്ള പ്രമാണം ആണെന്ന് തെളിഞ്ഞു കഴിഞ്ഞില്ലേ കോടതിയിൽ …..
യഥാർത്ഥ പ്രമാണം അനുസരിച്ചു നീയിപ്പോ കൈവശം വെച്ചിരിക്കുന്ന സകലതും എന്റെ പേരക്കുട്ടിയുടെ പേരിലാടാ….
അവള് വരുന്നത് വരയെ നിന്റെ ഈ നെഗളിപ്പ് ഒക്കെ നടക്കൂ…..
ഇട്ടിരിക്കുന്ന ഉടുതുണി സഹിതം അഴിച്ചു വെച്ച് തെരുവിൽ ഇറങ്ങേണ്ടി വരും നിനക്ക്….
അത് കാണാനാടാ ദൈവം ഇപ്പഴും എന്നെ ജീവനോടെ വെച്ചിരിക്കുന്നെ……” രാമനാഥൻ ആ രംഗം മനസ്സിൽ കണ്ട് ആഹ്ലാദത്തോടെ പറഞ്ഞു……
“അവളെ അങ്ങ് കൊന്ന് കളഞ്ഞാലോ…..
ഏഹ്ഹ്…..
അവളെ തന്തയും തള്ളയും ചത്ത പോലെ അവളും കൂടി മേലോട്ട് കെട്ടിയെടുത്താൽ അതോടെ തീരില്ലേ എല്ലാം….
ഏഹ്ഹ്…..?” ക്രൂരമായൊരു ചിരിയോടെ സാഗർ ചോദിക്കുമ്പോൾ രാമനാഥന് പുച്ഛം മാത്രമാണ് തോന്നിയത്…..
“അതിനെയെങ്കിലും നീ വെറുതെ വിടുമെന്ന് ഞാൻ പ്രതീക്ഷിച്ചു…..
നിന്റെ സ്വന്തം അനന്തിരവൾ അല്ലേടാ…..
മകളുടെ സ്ഥാനത്തുള്ളവൾ…..
എന്നിട്ടും നിനക്ക് ഇങ്ങനെ ഒക്കെ ചെയ്യാനും ചിന്തിക്കാനും എങ്ങനെ മനസ്സ് വരുന്നെടാ…..?” രാമനാഥൻ ചോദിച്ചു പോയി….
അവനിൽ നിന്ന് അങ്ങനൊന്നു പ്രതീക്ഷിച്ച താനാണ് വിഡ്ഢി….
സ്വന്തം പെങ്ങളെ വെറുതെ വിടാത്തവൻ അവളുടെ മകളെ വെറുതെ വിടുമെന്ന് എന്ത് അർത്ഥത്തിലാണ് താൻ പ്രതീക്ഷിച്ചത് ……
“കൂടെപ്പിറപ്പ് ആണെന്നൊരു പരിഗണന അവളുടെ തള്ള എനിക്ക് തന്നിട്ടുണ്ടോ…..
ഏഹ്ഹ്…..
എന്നിട്ടിപ്പോ ന്യായം പറയുന്നു …..
താൻ കാത്തിരുന്നോ….
ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ അവളെ കണ്ട് പിടിച്ചു അവളുടെ ജീവൻ ഇല്ലാത്ത ശരീരം തന്റെ കണ്മുന്നിൽ കൊണ്ട് വന്ന് ഇട്ട് തരും ഞാൻ….
പറയുന്നത് സാഗറാ…..” തന്റെ ഭീഷണിയിൽ രാമനാഥൻ ഭയക്കുമെന്ന് സാഗർ പ്രതീക്ഷിച്ചിരുന്നു….
പക്ഷേ അതുണ്ടായില്ല….
പകരം അയാളൊന്ന് പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്…..
സാഗറും ഹേമന്തും ആ ചിരി കണ്ട് നെറ്റി ചുളിച്ചു…..
“നീയവളെ കൊല്ലില്ല സാഗറേ….
നിനക്ക് അവളെ കൊല്ലാൻ പറ്റില്ല…..” രാമനാഥൻ ആത്മവിശ്വാസത്തോടെ പറഞ്ഞു…..
സാഗറിന് ആ ആത്മവിശ്വാസം കാണുമ്പോൾ ദേഷ്യം ഇരച്ചു കയറുന്നുണ്ട് ……
“അവളെ കൊന്നാൽ നിനക്ക് കൂടുതൽ നഷ്ടങ്ങളെ ഉണ്ടാവൂ …..
ഇപ്പൊ സ്റ്റേ ഒഴിവാക്കി തിരിച്ചു പിടിക്കാം എന്നൊരു പ്രതീക്ഷയെങ്കിലും നിനക്ക് ഉണ്ട്….
പക്ഷേ അവളെ നീ പോയി കണ്ട് പിടിച്ചു കൊന്ന് കഴിഞ്ഞാൽ പിന്നെ ആ പ്രതീക്ഷ പോലും ഉണ്ടാവില്ല…..
അവൾ ഈ ഭൂമിയിൽ നിന്ന് ഇല്ലാതാവുന്ന അടുത്ത നിമിഷം അതൊക്കെ ശ്രീരുദ്ര ചാരിറ്റബിൾ ട്രസ്റ്റിനു അവകാശപ്പെട്ടതാണ്…..
മരണം മുന്നിൽ കണ്ട് എന്റെ മോൻ ശ്രീമോളുടെ പേരിലേക്ക് സകലതും മാറ്റുമ്പോൾ അവളുടെ ജീവൻ എങ്കിലും രക്ഷിക്കാൻ ഞാൻ പറഞ്ഞു കൊടുത്ത ബുദ്ധിയാണത്…..
ശ്രീരുദ്ര രഘുറാം ഈ ഭൂമിയിൽ ജീവനോടെ ഉള്ളടുത്തോളം കാലമേ നിന്റെ കളികൾ ഒക്കെ നടക്കുള്ളൂ….
അവൾ ഇല്ലെങ്കിൽ നീ വട്ട പൂജ്യമാ….
വെറും വട്ട പൂജ്യം…. ” എന്ന് രാമനാഥൻ പറഞ്ഞു നിർത്തുമ്പോൾ സാഗർ ഒന്ന് ചലിക്കാൻ പോലും മറന്നു തറഞ്ഞു നിന്നു പോയി…..
തുടരും…..
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤️❤️🥰👍