പാർട്ട് 9
ജിഫ്ന നിസാർ ❤️
വക്കീൽ കയ്യിലേക്ക് വെച്ച് തന്ന ബാഗ്..
വിശ്വായുടെ ശരീരത്തിലൂടെ ഒരു വിറയലാണ് ആദ്യം കടന്ന് പോയത്.
“അവർക്ക് നിന്നെ വിശ്വാസമായെന്ന് തോന്നുന്നു വിശ്വാ. “
വലിയ തെളിച്ചമൊന്നുമില്ല വക്കീലിനത് പറയുമ്പോൾ.
വിശ്വാക്ക് പക്ഷേ അതിനെ കുറിച്ചൊന്നും അറിയേണ്ടതില്ലായിരുന്നു.
അല്ലെങ്കിൽ അവനത് ശ്രദ്ധിച്ചത് കൂടിയില്ലായിരുന്നു.
പറഞ്ഞ സമയത്തിനുള്ളിൽ ഹോസ്പിറ്റലിൽ എത്താനും ഈ കാശ് ഡോക്ടറെ ഏൽപ്പിച്ചിട്ട് മല്ലിയുടെ കാര്യത്തിലൊരു തീരുമാനമുണ്ടാക്കാനുമുള്ള വെപ്രാളം മാത്രമാണ് അപ്പോഴവന്റെ മനസ്സിൽ നിറഞ്ഞതത്രയും.
“ഒട്ടും നിസ്സാരമായി കാണരുത് വിശ്വാ നീയിത്. ഞാനിത് വീണ്ടും വീണ്ടും പറയുമ്പോൾ തന്നെ നിനക്ക് മനസ്സിലാക്കാനാവും ഇതിന് പിന്നിലെ അപകടം.ചെറിയൊരു പാളിച്ചകൾക്ക് പോലും നീ വലിയ വില കൊടുക്കേണ്ടിയും വരും.
ഞാൻ നിന്നെ നിരുത്സാഹപ്പെടുത്തുകയല്ലഡാ.
മറിച്ച്,നീ ഏറ്റെടുത്ത ജോലിയും അതിന് നിന്നെ തിരഞ്ഞെടുത്തവരെ കുറിച്ചും നിനക്ക് പറഞ്ഞു തരികയാണ്.അവർ നീ വിചാരിച്ചത്തിലും അപകടകാരികളാണ് എന്നത് നിന്നെ ഓർമ്മപ്പെടുത്തി തരികയാണ്.എനിക്കവരെ നന്നായി അറിയാം..ഇത് വരെയും നീ ചെയ്തത് പോലൊരു ജോലിയല്ല ഇത്. അത് നിനക്ക് ഞാൻ പറഞ്ഞു തരേണ്ടതില്ലല്ലോ.. അതിനേക്കാൾ നീ സൂക്ഷിക്കേണ്ടത് ഈ ജോലി നിന്നെ ഏല്പിച്ചവരെയും അതിന് പിന്നിൽ പ്രവർത്തിക്കുന്നവരെയുമാണ്.
നമ്മക്കൊന്നും ചിന്തിക്കാൻ കൂടി കഴിയാത്ത വിധം ഉയരങ്ങളിലാണ് അവരുടെ സ്ഥാനം.
പറ്റിക്കാനും വെട്ടിക്കാനും തോന്നുമ്പോൾ നീ ആദ്യം അതോർത്തു കൊള്ളണം.
കാരണം ഇത് രണ്ടു ലോകോത്തര ബ്ബ്രാന്റ് കമ്പനികൾ തമ്മിലുള്ള യുദ്ധമാണ്.
അവർക്ക് മുന്നിൽ ഞാനും നീയുമൊക്കെ വെറും പുൽകൊടിക്ക് സമം..”
എണ്ണി വാങ്ങിക്കാൻ പോകുന്ന കാശിനോട് വക്കീലിനും നീതി കാണിച്ചേ മതിയാവൂ.
പക്ഷേ അറിഞ്ഞു കൊണ്ട് വിശ്വായെ ഇതിലേക്ക് വലിച്ചിടാനും അയാൾക് തോന്നുന്നില്ല.
അവൻ അയാൾക്കത്രമാത്രം പ്രിയപ്പെട്ടവനാണ്.
അത് കൊണ്ട് തന്നെ.. വക്കീൽ വിശ്വാക്ക് വളരെ കാര്യമായി എല്ലാം പറഞ്ഞു കൊടുക്കുന്നുണ്ട്.
“നീയുമായി അവരുടെ ഡീൽ ഏറെക്കുറെ ഉറപ്പിച്ചത് പോലാണ്. സത്യത്തിൽ എല്ലാം ഒക്കെ ആയതിനു ശേഷം മാത്രമാണ് കാശിന്റെ ഡീൽ..അതായിരുന്നു എഗ്രിമെന്റ്. ഇതിപ്പോ നിനക്ക് അത്യാവശ്യം എന്ന് പറഞ്ഞത് കൊണ്ടാണ്..”
വക്കീൽ അവനെ നോക്കി.
വിശ്വായുടെ കൈകൾ ബാഗിൽ മുറുകി.
“എനിക്കറിയാം വക്കീലേ.. ജീവൻ പോവേണ്ടി വന്നാലും വിശ്വാ വാക്ക് പാലിക്കും.. അവരുടെ ഉദ്ദേശം പോലെ തന്നെ കാര്യങ്ങളെല്ലാം ഞാൻ ഭംഗിയാക്കി കൊടുക്കും..”
ഉറപ്പോടെ പറഞ്ഞിട്ട് അവൻ എഴുന്നേറ്റു.
“ആറിന് മുന്നേ എനിക്ക് ഹോസ്പിറ്റലിൽ എത്തണം..”
അപ്പോഴേക്കും സമയം അഞ്ചര കഴിഞ്ഞിട്ടുണ്ട്.
അതിന്റെയൊരു വെപ്രാളം വിശ്വായിലുമുണ്ട്.
“മ്മ്.. നീ ചെല്ല്.. ഞാൻ വിളിക്കാം നിന്നെ”
വക്കീലും അവനൊപ്പം തന്നെ എഴുന്നേറ്റു.
“അവര് നിന്നെ വിളിക്കും.. നിന്റെ നമ്പറിൽ. ഞാനത് സെന്റ് ചെയ്തു കൊടുത്തിട്ടുണ്ട്..”
വിശ്വാ തലയാട്ടി.
“പിന്നെ നേരിട്ട് കാണാനും സംസാരിക്കാനും അവർ വരും. അപ്പോഴും ഇത് പോലെ ബോൾഡ് ആയിട്ട് തന്നെ മാനേജ് ചെയ്തേക്കണം.. അവരുടെ കാശ് തിരികെ ഏല്പിക്കേണ്ട ഗതികേട് വരുത്തരുത്..”
വക്കീൽ ഓർമ്മിപ്പിച്ചു.
അത് കൂടി കേട്ടതോടെ
ഉള്ളിലെ ടെൻഷൻ വിശ്വാ മുഖത്തേക്ക് കൊണ്ട് വരാതിരിക്കാൻ പരമാവധി ശ്രദ്ഗിക്കുന്നുണ്ട്.
“പിന്നെ നീ അഞ്ചു ലക്ഷം മാത്രം മതിയെന്ന് പറയണ്ടായിരുന്നെടാ.. അവരെത്ര വേണമെങ്കിലും തരാൻ റെഡിയായിയിരുന്നു. ചോദിക്കുന്ന കാശ്.. അതായിരുന്നു ഈ ജോലിക്കുള്ള ഓഫർ.ഇത് തീർന്നു വന്നാലും നിനക്ക് ജീവിക്കാനൊരു മാർഗം തെളിയിക്കാനുള്ളത് അവരിൽ നിന്നും നേടി എടുക്കാമായിരുന്നു.
ഇതിപ്പോ നീ ചാടി കേറി അഞ്ചു ലക്ഷം മതിയെന്ന് പറഞ്ഞതൊരു അബദ്ധമായില്ലേ..”
വക്കീലിന് അതോർത്തു കൊണ്ടവനോട് ചെറുതല്ലാത്തൊരു നീരസമുണ്ട്.
“എനിക്കിത് മതി.. ഇതെന്റെ പെങ്ങളുടെ ജീവന്റെ വിലയാ വക്കീലേ.. അവൾക്ക് വേണ്ടി അല്ലായിരുന്നെങ്കിൽ ഇത് പോലൊരു പണിക്കീ വിശ്വാ നിന്ന് തരുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ..”
കണ്ണിലേക്കു നോക്കിയിട്ടുള്ള അവന്റെയാ ചോദ്യം.
വക്കീൽ ഇല്ലെന്ന് തലയാട്ടി.
അവൻ പറഞില്ലങ്കിലും അയാൾക്കത് അറിയാമായിരുന്നു..
“പോട്ടെ..”
ഒന്ന് കൂടി യാത്ര പറഞ്ഞിട്ട് വിശ്വാ ധൃതിയിൽ പുറത്തേക്കിറങ്ങി പോയി.
വാതിലടച്ചു കുറ്റിയിട്ട് വക്കീൽ വീണ്ടും ആലോചനയോടെ ഓഫിസ് മുറിയിലേക്ക് തന്നെ കയറി പോയി..
💜💜
വന്നതിനേക്കാൾ സ്പീഡിലാണ് വിശ്വാ പാരിസണിൽ നിന്നും തിരിച്ചിറങ്ങി ഓടിയത്.
പണമടങ്ങിയ ബാഗവൻ നെഞ്ചോടു ചേർത്ത് പിടിച്ചിട്ടുണ്ട്.
ആ കുറച്ചു കടലാസ് കഷ്ണങ്ങൾക്കിപ്പോഴൊരു ജീവന്റെ വിലയുണ്ടെന്നറിയുന്നത് കൊണ്ടാവും അവനത് നെഞ്ചിലെ തുടിപ്പിലേക്ക് ചേർത്ത് പൊതിഞ്ഞു പിടിച്ചത്.
ഇതിനേക്കാൾ വലിയ തുകയും കൊണ്ട് യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട് ഓരോ ജോലികളുടെ ഭാഗമായിട്ട്.
അതിൽ കൂടുതലും വക്കീലിന് വേണ്ടി തന്നെ ഉള്ളതായിരുന്നു.
അന്നൊന്നും തോന്നാത്തൊരു പരവേശം. അതിനൊപ്പം സമയത്തിനു ആശുപത്രിയിൽ എത്തുമോ എന്നുള്ള ഭയം.
ഓട്ടോ കിട്ടാൻ അൽപ്പം നേരത്തെ കാത്തിരിപ്പ്..
അതിന്റെ ദൈർഗ്യം അവനപ്പോൾ വിവരിക്കാൻ വാക്കുകൾ പോരായിരുന്നു.
വരുന്ന ഓട്ടോയിലെല്ലാം ആളുകൾ നിറച്ചുണ്ട്.
എതിരെ വരുന്നോരു ബൈക്കിന് മുന്നിലേക്ക് കയറി നിന്നിട്ടാണ് അതവന് മുന്നിൽ നിർത്തിയത്..
“എന്താണ് ബ്രോ..”
അതിലിരുന്ന ചെറുപ്പകാരന് വിശ്വാ ചെയ്തത് ഇഷ്ടമായിട്ടില്ല.
അതിന്റെ ഇഷ്ടകേട് മുഴുവനും ആ മുഖത്തുണ്ട്.
“ഒരു ഹെല്പ് ചെയ്യെടോ..ഗവണ്മെന്റ് ഹോസ്പിറ്റലിൽ..ഒന്നിറക്കി തരുമോ. അത്യാവശ്യമായത് കൊണ്ടാണ്.. പ്ലീസ്..”
മുന്നിലേക്ക് ചാടി കയറി നിന്നവനെ നല്ലത് നാല് പറയാൻ ഒരുങ്ങിയ ബൈക്കുകാരൻ അവന്റെയാ ഭാവം കണ്ടതും മിണ്ടാതെ കയറാൻ ആംഗ്യാം കാണിച്ചു.
വിശ്വാ ധൃതിയിൽ അവന്റെ പിന്നിലേക്ക് കയറിയിരുന്നു.പിന്നിലേക്കൊന്ന് നോക്കിയിട്ടാവാ ചെറുപ്പക്കാരൻ വണ്ടി മുന്നോട്ടെടുത്തു.
മുരുകനെ ഒന്നു വിളിക്കാൻ ഫോൺ എടുത്ത അതേ നിമിഷം തന്നേ അവന്റെ ഫോണിലെക്ക് മുരുകന്റെ വിളിയെത്തി.
“ഞാൻ വരുന്നുണ്ട് മുരുകാ..”
അത്ര മാത്രം പറഞ്ഞു കൊണ്ടവൻ ഫോൺ കട്ട് ചെയ്തു കൊണ്ട് പോക്കറ്റിൽ തന്നെ തിരികെയിട്ട് മുഖമൊന്നു തുടച്ചു..
“ഒന്ന് പെട്ടന്ന് പോകാമോ. എനിക്ക്.. എനിക്കൊരു അത്യാവശ്യമുള്ളത് കൊണ്ടാ..”
വിശ്വ മുന്നിലേക്കൊന്നാഞ്ഞിരുന്നു കൊണ്ട് പറഞ്ഞതും മറുത്തൊന്നും പറയാതെ അവൻ കുറച്ചു കൂടി സ്പീഡ് കൂട്ടി..
💜💜
“എബിക്കെന്തേങ്കിലും പ്രശ്നമുണ്ടോ?
അവനെ കണ്ടാൽ ആർക്കും തോന്നുന്നൊരു സംശയമായിരുന്നു അപ്പോൾ മിത്രക്കും.
“ഏയ്.. എനിക്കെന്ത്.. ഒന്നുല്ല..”
അതോടെ എബിന്റെ വെപ്രാളം കൂടുകയാണ് ചെയ്തത്.
“എന്നാ പിന്നെ എനിക്ക് തോന്നിയതാവും എബി.. അല്ല.. എബിയെ ഞാൻ എത്രയോ കാലമായി കാണുന്നതാ.. ഇത് പോലൊരു എബിയെ ഇതിന് മുന്നേ ഞാൻ കണ്ടിട്ടില്ല. അത് കൊണ്ട് ചോദിച്ചതാ..”
മിത്ര പറഞ്ഞത് സത്യമായിരുന്നു.
അത് പോലൊരു ഭാവത്തിൽ ആരുമവനെ കണ്ടിട്ടില്ല.
എപ്പോഴും ചിരിച്ചും സംസാരിച്ചും കളി പറഞ്ഞും നടക്കുന്നവന് അന്നത്തെ ദിവസം പ്രകടമായുള്ള മാറ്റങ്ങളുണ്ട്.
മിത്ര വീണ്ടുമെന്തൊക്കെയോ പറയുന്നുണ്ട്.
പക്ഷേ എബിൻ അപ്പോഴും ഉള്ളിൽ അവളോടത് വരെയും പറയാൻ കഴിയാത്ത, പങ്ക് വെക്കാൻ ആഗ്രഹിക്കുന്ന ഇഷ്ടമെങ്ങനെ അടയാളപ്പെടുത്തുമെന്നുള്ള ആലോചനയിലായിരുന്നു.
അവൾ പറയുന്നതിൽ പലതും അവൻ കേൾക്കുന്നില്ല.
അതറിയാതെ മിത്ര വീണ്ടും സംസാരിച്ചു കൊണ്ടാണ് മുന്നോട്ടു പോകുന്നത്.
“എബി…”
മിത്ര തട്ടി വിളിക്കുമ്പോൾ അവനൊന്നു ഞെട്ടി.
“ബസ് സ്റ്റോപ്പ് എത്തിയിട്ടുണ്ട്..”
മുന്നിലേക്ക് കണ്ണ് കാണിച്ചിട്ടൊരു ചിരിയോടെ മിത്ര തിരിഞ്ഞ് നോക്കി കൊണ്ട് പറയുമ്പോൾ ചമ്മലോടെ എബി അവൾക്ക് പിറകിൽ നിന്നും ഇറങ്ങി.
“പൊയ്ക്കോട്ടേ.. സമയമില്ലാഞ്ഞിട്ടാ.. ഇല്ലേൽ എബിയെ വീട്ടിലാക്കി അങ്കിളിനേം കണ്ടിട്ടേ ഞാൻ പോകുമായിരുന്നുള്ളൂ”
മിത്ര മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു.
“കുഴപ്പമില്ല മിത്ര.ഇവിടുന്ന് എപ്പോഴും ബസ് ഉണ്ട്.. പപ്പയോടു ഞാൻ പറഞ്ഞേക്കാം.”
തനിക്കുളിലെ പിടച്ചിൽ ഇത് വരെയും അവളെ അറിയിച്ചില്ലലോ എന്നൊരു വെപ്രാളത്തിൽ എബി മിത്രയേ നോക്കി.
“എന്തെങ്കിലും പറയാനുണ്ടോ..?”
അവന്റെ നോട്ടം കണ്ടിട്ട് മിത്ര ചോദിച്ചു.
ഇല്ലെന്ന് തലയാട്ടി കാണിച്ചെങ്കിലും അതേ നിമിഷം തന്നെ എബിൻ മാറി ചിന്തിച്ചു.
“ഉണ്ട്..”
അവന്റെ മുഖം വീണ്ടും വെപ്രാളം കൊണ്ട് നിറഞ്ഞു.
“പറയ്യ്..”
മിത്ര പ്രോത്സാഹിപ്പിച്ചു.
“എനിക്കറിയില്ല ഞാനീ പറയുന്നത് നീ എങ്ങനെയെടുക്കുമെന്ന്.
എന്തായാലും എനിക്കിത് ഇനി മനസ്സിലിട്ട് നീറാൻ വയ്യെടാ.. അതിനേക്കാൾ ഓരോ ദിവസം വൈകുംതോറും എനിക്കൊരു ഭയം.. നിന്നെയെനിക് നഷ്ടപ്പെടുമോ എന്ന്..”
മിത്രയുടെ വണ്ടിയുടെ ഹസ്ൻഡിൽ പിടിച്ചു കൊണ്ടത് പറയുമ്പോൾ എബിൻ ചെറുതായി വിറക്കുന്നുണ്ട്.
മിത്ര അത്ഭുതത്തോടെ അവനെ നോക്കി.
അത് പോലൊരു കാര്യം അവനിൽ നിന്നും അവളൊരിക്കലും പ്രതീക്ഷിക്കുന്നില്ലാ എന്നാ മുഖം കണ്ടാലേ അറിയാം.
അത് കൂടി കണ്ടതോടെ എബിൻ മുഖം കുനിച്ചു.
“എബി എടാ.. ഞാൻ.. ഞാനങ്ങനെയൊന്നും..”
മിത്രക്കെന്ത് പറയണമെന്നറിഞ്ഞു കൂടായിരുന്നു.
പുറമെയുള്ള ആരെങ്കിലും ആയിരുന്നു എങ്കിൽ അവൾക്കിത് പോലൊരു വിഷമം ഉണ്ടാവുമായിരുന്നില്ല.
“പെട്ടന്ന് ഒന്നും പറയല്ലേ.. ഇപ്പോഴൊന്നും വേണമെന്നല്ല.. നീ ഓക്കെയാവുന്ന ടൈമിൽ നിനക്കൊരു കൂട്ട് വേണമെന്ന് തോന്നുന്ന ടൈമിൽ,അന്ന്.. അന്നെന്നെയൊന്നു പരിഗണിച്ചാൽ മതി..”
അവൾ നോ പറഞ്ഞില്ലെന്നു കണ്ടതും എബിനും ആവേശമായി.
“എബി ഞാൻ പറഞ്ഞത്..”
“ഇനിയൊന്നും പറയണ്ട.. ഞാൻ പോയി..”
അവളെ നോക്കിയിട്ടൊരു ചിരിയോടെ എബി തിരിഞ്ഞോടി കഴിഞ്ഞിരുന്നു അപ്പോഴേക്കും..
💜💜
ആശുപത്രിയക്ക് മുന്നിൽ ഓട്ടോ നിൽക്കുമ്പോൾ വിശ്വാ വാച്ചിലെക്കാണ് ആദ്യം നോക്കിയത്.
ആറ് മണിയാവാൻ പത്തു മിനിറ്റ് കൂടി ബാക്കിയുണ്ട്.
താങ്ക്സ്.. “
വിശ്വാ ബൈക്കുക്കാരന്റെ നേരെ നോക്കി.
അവനൊന്നും പറയാതെ ഒന്ന് കണ്ണ് ചിമ്മി കാണിച്ചിട്ട് ബൈക്കൊടിച്ചു പോയി.
ധൃതിയിൽ അകത്തേക്ക് പോകുമ്പോൾ പലവട്ടം സ്പീഡ് കൂട്ടാൻ പറഞ്ഞപ്പോഴും തിരിച്ചൊന്നും പറയാതെ തന്റെ അവസ്ഥ അത് പോലെ തന്നെ മനസ്സിലാക്കിയ അയാളോടുള്ള സ്നേഹം വിശ്വായുടെ നെഞ്ചിലും മുഖത്തും നിറഞ്ഞു..
ഓടി പിടച്ചു കൊണ്ടവൻ ചെല്ലുമ്പോൾ പ്രതീക്ഷകൾ മുഴുവനും അസ്തമിച്ചു പോയത് പോലൊരു ഭാവത്തിൽ മുരുകൻ പുറത്ത് തന്നെയുണ്ട്.
“ഡോക്ടർ പോയില്ലല്ലോ”
വിശ്വാ അവനടുത്തേക്ക് എത്തും മുന്നേ തന്നെ ചോദിച്ചു.
മുരുകൻ അവനെ പകച്ചു നോക്കി കൊണ്ട് നിന്നു.
“ഡാ..”
വിശ്വാ അവനെയൊന്ന് തട്ടി വിളിച്ചു.
“വിശ്വാ..”
മുരുകൻ വിറയലോടെ വിശ്വായെയും അവന്റെ കയ്യിലെ ബാഗിനെയും മാറി മാറി നോക്കി.
“അവള് നമ്മൾക്കൊപ്പം വേണമെന്ന് ദൈവം തീരുമാനിച്ചുറപ്പിച്ചതാടാ..”
അവന്റെയാ നോട്ടം കണ്ടതും
ബാഗ് അവന് നേരെ നീട്ടി കൊണ്ട് വിശ്വാ പറഞ്ഞു.
“എടാ..”
മുരുകനെന്തോ പറയാൻ വന്നു.
“നീ വന്നേ.. നമ്മുക്ക് ഡോക്ടറെ പോയി കാണാം.. ആറുമണിക് ശേഷം അങ്ങേരെ പിന്നെ മഷിയിട്ട് നോക്കിയ കാണാൻ പറ്റില്ല..”
വിശ്വാ അതിന് അനുവദിക്കാതെ അവനെയും വലിച്ചു കൊണ്ട് ധൃതിയിൽ അകത്തേക്ക് നടന്നു.
അവർ ചെല്ലുമ്പോൾ ഡോക്ടർ പോകാൻ എഴുന്നേറ്റ് നിൽപ്പുണ്ട്.
“ഡോക്ടർ..”
വിശ്വാ വിളിക്കുമ്പോൾ അയാളോന്ന് തിരിഞ്ഞു നോക്കി.
മുരുകന്റെ കയ്യിലുള്ള ബാഗ് വാങ്ങിച്ചിട്ട് വിശ്വാ അതയാളുടെ മുന്നിലേക്ക് നീക്കി വെച്ചു കൊടുത്തു.
“ഇതിനുള്ളിൽ നിങ്ങൾ പറഞ്ഞത്രേം കാശുണ്ട്. ഇനി എനിക്കെന്റെ പെങ്ങളുടെ ജീവൻ തിരിച്ചു വേണം..”
ഉറപ്പോടെ പറയുന്നവന്റെ മുഖം.
ഡോക്ടർ അമ്പരപ്പോടെ അവനെയൊന്ന് നോക്കി.
അയാൾക്ക് വിശ്വാസമായിട്ടില്ലെന്ന് വിശ്വാക്ക് മനസിലായി.
ഇറങ്ങി പുറപ്പെട്ടങ്കിലും തനിക് പോലും അത്ര വിശ്വാസമുണ്ടായിരുന്നില്ലല്ലോ എന്നാണ് അവനപ്പോഴും ഓർത്തത്.
പിന്നെ അതിന്റെ പേരിൽ അയാളെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം.
“നാളെ വെളുപ്പിന് അഞ്ചു മണിയോടെ ഓപ്പറേഷൻ”
എന്നുള്ള ഉറപ്പും വാങ്ങിയിട്ടാണ് വിശ്വാ പുറത്തേക്ക് ചെന്നത്.
അവനൊപ്പം അപ്പോഴും അതൊന്നും വിശ്വാസമാവാത്ത വിധത്തിലാണ് മുരുകൻ.
എന്ത് പറഞ്ഞിട്ടാണ്.. എങ്ങനെ പറഞ്ഞിട്ടാണ് നിനക്കാ ജോലി കിട്ടിയതെന്ന് ചോദിക്കാൻ ഉള്ള് നിറച്ചും ആഗ്രഹമുണ്ടായിട്ടും നാവിറങ്ങി പോയത് പോലെ ഒരവസ്ഥയിലാണ് മുരുകൻ.
നടക്കില്ലെന്നുറപ്പിച്ചു കൊണ്ട് സ്വന്തം കൂടപിറപ്പിനെ മരണത്തിന് വിട്ടു കൊടുക്കാൻ മരവിച്ച മനസ്സോടെ ഒരുങ്ങി നിൽക്കുന്നവന് മുന്നിൽ വിശ്വായപ്പോൾ ദൈവത്തോളം വലുതായി തീർന്നിട്ടുണ്ട്.
അപ്പോഴും മനസാക്ഷിക്ക് നിരക്കാത്തതൊന്നും ചെയ്യാൻ ഇഷ്ടപെടാത്ത വിശ്വായെന്ന കൂട്ടുകാരനെ ഓർത്തു കൊണ്ടവന്റെ ഹൃദയം പിടക്കുന്നുണ്ട്.
മല്ലിയെ കാണാൻ വന്ന കുസുമത്തിനു മുന്നിലേക്ക് ചെന്ന് കയറിയപ്പോൾ എത്രയൊതുക്കി പിടിച്ചിട്ടും വിശ്വായൊന്നു വിറച്ചു.
ഉള്ളിൽ കുറ്റബോധത്തിന്റെ ഒരു കനൽ മിന്നി മാഞ്ഞു.
പക്ഷേ അത് കൊണ്ടിനി കാര്യമില്ലെന്നും ആ കുറ്റബോധത്തിനു കൂടിയുള്ള കാശാണ് കുറച്ചു മുന്നേ ഡോക്ടറുടെ മുറിയിൽ വെച്ചിട് പോന്നതെന്നും അവനോർത്തു.
“മോനെ…”
ആ വിളിയിൽ ഒരായിരം അർഥങ്ങളുണ്ടെന്ന് വിശ്വാക്ക് തോന്നി.
സ്വന്തം മകളുടെ ജീവൻ തിരിച്ചു കിട്ടുമോ എന്നറിയാനുള്ള നിസ്സഹായനായ ഒരച്ഛന്റെ ഹൃദയമാണാ വിളിക്കുന്നത്.
“പേടിക്കേണ്ട.. എല്ലാം റെഡിയാണ്… നാളെ വെളുപ്പിന് ഓപ്പറേഷൻ..”
കുസുമത്തിനെ നോക്കിയാണ് വിശ്വാ ഉത്തരം പറഞ്ഞത്.
“കാശ്…”
മുഴുവനും ചോദിക്കാൻ കഴിയാതെ ഷെൽവണ്ണൻ മുഖം കുനിച്ചു.
“മല്ലിക്കൊരു കുഴപ്പവും വരില്ല..അതിനെ കുറിച്ചൊന്നും ഓർക്കേണ്ട.. എല്ലാം ഡോക്ടറെ ഏല്പിച്ചിട്ടുണ്ട്..”അത് പറഞ്ഞു കൊണ്ടവൻ തിരിച്ചിറങ്ങിയത് അമ്മയുടെ മുഖത്തെക്ക് നോക്കാതിരിക്കാൻ വേണ്ടിയാണെന്ന് മുരുകന് മനസ്സിലായി.
ഇതൊരു തുടക്കം മാത്രം..
ഇനിയും ഇത് പോലെയുള്ള നിരവധി അവസരങ്ങളിൽ അവന്റെ മുഖം താഴ്ന്നു പോകുമെന്നും അപ്പോഴെല്ലാം അവനെക്കാൾ ആഴത്തിൽ തനിക്ക് നോവുമെന്നും മുരുകൻ മനസ്സിലാക്കിയിരുന്നു ആ നിമിഷം മുതൽ.
എവിടുന്നെന്നും എങ്ങനെയെന്നും ചോദിക്കാൻ കൂടി കഴിഞ്ഞില്ലേലും ആ മാതാപിതാക്കൾ ആ നിമിഷം മുതൽ അവനു വേണ്ടി കൂടി പ്രാർത്ഥനയിലാണ്..
❣️❣️
“ഇവിടെ നിന്നും മാറി നിൽക്കേണ്ടി വരും മുരുകാ..
അൽപ്പസമയത്തിന് ശേഷം തനിക്കരികിൽ ഇരിക്കുന്ന മുരുകനെ നോക്കാതെ വിശ്വാ പറഞ്ഞു.
മുരുകനപ്പോഴും ഒന്നും മിണ്ടാതെ അതേ ഇരുപ്പാണ്.
“ഒന്നുല്ലെടാ.. വാങ്ങിച്ച കാശിനു ജോലി ചെയ്യുന്നു തിരികെ പോരുന്നു.. അത്ര തന്നെ.. മാർഗമല്ല.. ലക്ഷ്യമാണ് പ്രധാനമെന്ന് പണ്ട് ബുദ്ധിയുള്ള ആരോ പറഞ്ഞു വെച്ചിട്ടുണ്ട്. തത്കാലം ഈ കാര്യം നമ്മുക്കാ പറ്റിലേക്ക് എഴുതി ചേർക്കാം”
മുരുകനെ ആശ്വാസിപ്പിക്കാൻ ആണേലും അതവൻ അവനോട് തന്നെയാണ് പറയുന്നത്.
ഇത് വരെയും ഉള്ളത് പോലല്ല.
ആ കാശ് കൈ മാറിയതിനു ശേഷം അത് വരെയുമില്ലാത്ത വിധമൊരു വെപ്രാളമുണ്ടവന്.
“നാളെ അവരെന്നെ വിളിക്കുമെന്ന് വക്കീൽ പറഞ്ഞത്.. വിളിച്ചാൽ എപ്പോഴാണേലും എനിക്ക് പോവേണ്ടി വരും.. നീ ഇവിടുണ്ടാവണം.. മല്ലിക്കൊരു കുറവും വരാൻ പാടില്ല.. ഇവിടെ ജീവിക്കാൻ നമ്മുക്കുള്ള അതേ അവകാശം തന്നെയാണ് അവൾക്കുമുള്ളത്..”
അത്രയും പറഞ്ഞിട്ട് അവൻ എഴുന്നേറ്റു..
കുസുമം പുറത്തേക്കിറങ്ങി വരുന്നുണ്ടായിരുന്നു.
“ഞാനൊന്ന് വീട്ടിൽ പോട്ടെ.. കുളിച്ചിട്ട് ഒന്നുറങ്ങി എന്നീറ്റാലേ ഈ മൂഡോന്ന് മാറൂ.. നീ നോക്കില്ലേ ഇവിടെ..”
മുരുകൻ നോക്കി വിശ്വാ മുണ്ട് മടക്കി കുത്തി.
“എടാ…”
മുരുകന് സങ്കടം വന്നു പോയി.
“കരഞ്ഞ കൊല്ലും നിന്നെ ഞാൻ..”
അവന്റെയാ ഭാവം കണ്ടിട്ട് വിശ്വാ കണ്ണുരുട്ടി കൊണ്ട് പറഞ്ഞു.
“വിശ്വാ.. എടാ.. നമ്മൾക്കിത് വേണ്ടായിരുന്നു…”
മുരുകന്റെ ശബ്ദം പതിഞ്ഞു പോയി.
“മിണ്ടരുത് നീ.. വിവരോം ബോധോം മുഖസൗന്ദര്യവും സ്മാർട്ട്‌നെസുമാണ് ഈ ജോലിക്ക് വേണ്ടതെന്ന് വക്കീൽ പറഞ്ഞ കണ്ടീഷൻ കേട്ടിട്ട് നീ എന്നോടെന്തോ പറഞ്ഞിരുന്നല്ലോ.. എന്തായിരുന്നെടാ മുരുകാ അത്..?”
വിശ്വാ അവനെ സൂക്ഷിച്ചു നോക്കി കൊണ്ടാണത് ചോദിച്ചത്.
മുരുകന്റെ മുഖം താഴ്ന്നു.
“നീ പോയാലും ഞാൻ പോയാലും നമ്മുക്ക് കാശ് കിട്ടണം. മല്ലിയെ രക്ഷിക്കണം. അത് തന്നെയല്ലേ പ്രധാന ഉദ്ദേശം. നിനക്ക് വേണ്ടി ഞാൻ ചെയ്യുന്നു.. അല്ലെങ്കിൽ മല്ലിക്ക് വേണ്ടി നമ്മൾ ചെയ്യുന്നു.. അത്ര മാത്രം.. അത് മതിയെടാ.. “
വിശ്വാ മുരുകന്റെ തോളിലൊന്ന് തട്ടി.
അവനോടാ പറഞ്ഞു പോയ നിമിഷത്തെ കുറിച്ചോർത്തു കൊണ്ട് മുരുകന് കടുത്ത മനസ്താപം തോന്നി അവന്റെയാ നിൽപ്പ് കണ്ടപ്പോ..
‘കോഴിക്കോട് ഒരു ജോലി വക്കീൽ സെറ്റാക്കി തന്നിട്ടുണ്ട്. അതിന് മുന്നേ വക്കീൽ അഞ്ചു ലക്ഷം രൂപ തന്നു സഹായിച്ചു. ജോലി ചെയ്തു കിട്ടുന്ന കാശ് കൊണ്ട് വീട്ടേണ്ട ഒരു കടമായി മാത്രം.. ഇതാണാ കാശിനു പിന്നിലെ കഥ.. നീയും അങ്ങനെ വേണം പറയാൻ.. കേട്ടോ.. “
കുസുമം അരികിലെത്തും മുന്നേ വിശ്വാ അൽപ്പം ധൃതിയിലാണ് പറഞ്ഞത്.
“വേണ്ടാത്ത സെന്റിമെന്റൽ കാണിച്ചിട്ട് സംഭവം പാളിയാ എന്റേ ജീവന് തന്നെ അത് ഭീഷണിയാണ്.. പറഞ്ഞില്ലെന്നു വേണ്ട “
വക്കീൽ പറഞ്ഞതെല്ലാം അവനോട് പറയാൻ കഴിയാതെ അതിന്റെ ഉള്ളടക്കം അത്രയും കുറച്ചു വാക്കുകളിൽ പറഞ്ഞു കൊണ്ട് വിശ്വാ പറഞ്ഞു നിർത്തി.
“എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക്.. ഞാൻ പോയിട്ട് വെളുപ്പിന് വരാം..”
കുസുമം അരികിലേക്ക് വന്നതും വിശ്വാ വീണ്ടും ഗൗരവത്തിലായി.
“പോയെടാ..”
വിശ്വായെ നോക്കുക കൂടി ചെയ്യാതെ കുസുമം മുരുകനോട് പറഞ്ഞിട്ട് റോഡിനു നേരെ നടന്നു.
ഒന്ന് തലയാട്ടി കൊണ്ട് വിശ്വായും അമ്മയുടെ പിറകെ തന്നെ വെച്ചു പിടിച്ചു.
വഴിയേ പോകുന്നവരുടെ പരിചയം പോലുമില്ലാതെ രണ്ട് പേരുമാ റോഡിൽ നിന്നു.
വഴി വിളക്കുകളും വാഹനങ്ങളുടെ ശബ്ദവും പ്രകാശവും..
ആകെ കൂടി ബഹളമയം തീർക്കുന്ന സായാഹ്നം.
തിരക്ക് പിടിച്ചയിടത്തു നിന്നും ഒരു ഓട്ടോക്ക് നേരെ കൈ കാണിച്ചു നിർത്തിയിട്ടു വിശ്വാ അമ്മയെ നോക്കി.
അവനെ നോക്കാതെ തന്നെ കുസുമം ആദ്യം കയറി യിരുന്നു.
പിന്നാലെ വിശ്വായും.
ചന്ത മുക്ക് കോളനി എന്ന് പറഞ്ഞു കൊടുത്തു കൊണ്ടവൻ വീണ്ടും പിന്നിലേക്ക് ചാരി കണ്ണടച്ചിരുന്നു.
അതിനിടക് അമ്മ തന്നെ ശ്രദ്ധിക്കുന്നതറിഞ്ഞിട്ടും വിശ്വാ കണ്ണ് തുറന്നില്ല.
അസുഖകരമായൊരു മൗനത്തിനുള്ളിലും തനിക് നേരെ ചീറി പാഞ്ഞു വരുന്നൊരു ചോദ്യം, ഏതു നിമിഷവും അവൻ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു.
വ്യക്തമായൊരു ഉത്തരം കൊടുക്കാനില്ല എന്നാ കാരണം കൊണ്ട് തന്നെ വിശ്വാക്കാ ചോദ്യത്തെ ഭയമാണ്…
തുടരും..
❤️❤️
💞💞💞