വിശ്വാതാണ്ഡവം

പാർട്ട് 8

ജിഫ്ന നിസാർ

വിശ്വാ…

വക്കീലിന്റെ സ്വരത്തിൽ ആവിശ്വാസനീയത.

“യെസ് ഓർ നോ. എനിക്കുത്തരം വേണം വക്കീലേ..”
വിശ്വായുടെ മുഖം അൽപ്പം പോലും അയഞ്ഞിട്ടില്ല.

“എടാ അത്.. ഞാനിപ്പോ.. “
വക്കീലിന് അവനോടെന്ത് പറയണമെന്നറിയാത്തൊരു പതർച്ചയുണ്ട്.
കുറച്ചു നേരമായി അയാൾ ഒരേയിരുപ്പാണ്.
പെട്ടന്നുള്ള വിശ്വായുടെ വരവ്.. അത് ഇതിനാണെന്ന് അയാൾക്കപ്പോഴും വിശ്വാസമാവാത്തത് പോലായിരുന്നു.

“അവരുടെ എല്ലാ ക്വളിറ്റിയും എനിക്കുണ്ടെന്ന് ഞാൻ അവകാശവാദമൊന്നുമില്ല വക്കീലേ.. എനിക്കിപ്പോ പണം വേണം.. വേണമെന്നല്ല.. എനിക്കിപ്പോ പണം അത്യാവശ്യമാണ്. അതിന് വേണ്ടി ഞാനത്ചെയ്യാൻ റെഡിയാണ്. അത്ര മാത്രം.. “

വക്കീലിനെ നോക്കി ഉറപ്പോടെയാണ് വിശ്വാ സംസാരിക്കുന്നത്.

“എടാ ജോലി എന്ന് പറയുമ്പോ..”

“എനിക്കറിയാം.. “

അത് പറയുമ്പോഴവന്റെ മുഖം കുനിഞ്ഞ് പോയി.

സ്വരത്തിന്റെ മൂർച്ച കുറഞ്ഞു.

ചെയ്യാൻ പോകുന്നതൊരു ജോലിയല്ല.. അതൊരാളോട്.. ഒരു തെറ്റും ചെയ്യാത്ത ഒരു പെൺകുട്ടിയോടുള്ള ചതിയാണെന്ന് അവനറിയാമല്ലോ..

ഉള്ളിൽ അതിന്റെയൊരു കുറ്റബോധം നിറഞ്ഞു..
അപ്പോഴും മല്ലിയെ ഓർത്തു കൊണ്ടവൻ സമാധാനിച്ചു.

“അഞ്ചു ലക്ഷം രൂപ. അതിലൊരു രൂപ പോലുമെനിക്ക് കൂടുതൽ വേണമെന്നില്ല വക്കീലേ.. അവരുടെ ഉദ്ദേശം എന്തായിരുന്നാലും ഞാനത് ഭംഗിയായി ചെയ്തു കൊടുക്കാമെന്നു എനിക്കുറപ്പുണ്ട്. വക്കീലിനറിയാമല്ലോ വിശ്വാ വെറും വാക്ക് പറയാറില്ലെന്നും വിശ്വാസവഞ്ചന കാണിക്കില്ലെന്നും..

“എടാ.. ഇതിപ്പോ എനിക്കറിഞ്ഞത് കൊണ്ടെന്തു കാര്യം.. ഞാനല്ലല്ലോ ആളെ തീരുമാനം പറയേണ്ടത്. ഒരാളെ സെലക്ഡ് ചെയ്തു കൊടുക്കുക എന്നതാ എന്റെ ഡ്യുട്ടി..”

“എങ്കിൽ ആ സെലക്ഡ് ചെയ്യുന്ന ആള് ഞാനായിക്കോട്ടെ വക്കീലേ.. നിങ്ങളെന്റെ പേര് പറഞ്ഞു കൊടുക്കുമോ? “

വിശ്വാ അപേക്ഷയോടെയാണത് ചോദിക്കുന്നത്.

അത് വരെയും ഒന്നിനും വേണ്ടി ആർക്ക് മുന്നിലും അവനിതു പോലെയൊന്നും പറയുകയോ ചെയ്യുകയോ ചെയ്തിട്ടില്ല.
അതും വക്കീലിനറിയാം.
അത് തന്നെയാണ് അയാൾക് അത്ഭുതവും.
എത്ര കാശ് കിട്ടുന്ന കാര്യമാണേലും അവനൊരു ന്യായമുണ്ട്.
അതിനെതിരായി ഒന്നും ചെയ്യുകയോ പ്രവർത്തിക്കുകയോ ഇല്ല.
അങ്ങനെയുള്ള ആളിപ്പോ അപേക്ഷിക്കുന്നു..

വിശ്വാ അക്ഷമയോടെ വക്കീലിനെ

വെറുതെ കളയാൻ സമയമില്ലെന്ന് അവനുള്ളം നിരന്തരം ഓർമ്മിപ്പിച്ചു.

“വിശ്വാ.. അതിപ്പോ ഞാൻ..”
വക്കീൽ ധർമ്മസങ്കടത്തിലാണ്.

വിശ്വായെ വിശ്വാസമില്ലാഞ്ഞിട്ടല്ല.

അവനെ അയാൾക്കറിയാം.
ചെയ്യേണ്ടുന്ന ജോലിയും അയാൾക്കറിയാം.

ഇത് രണ്ടും കൂടെയെങ്ങനെ ചേർന്നു പോകുമെന്ന് മാത്രമാണ് കൺഫ്യൂഷൻ.

“ലോക്കൽ ആളെ വേണമെന്നല്ലേ വക്കീലേ മെയിൻ ആവിശ്യം. അതിന് എന്നേക്കാൾ ബെറ്റർ ഇപ്പൊ ആരാ.. ചന്തമുക്ക് കോളനിയിലെ ഏറ്റവും ലോക്കൽ ആളാ.. ഞാൻ.

അവന്റെ ചുണ്ടിലൊരു ചിരിയുണ്ടായിരുന്നു അത് പറയുമ്പോൾ.

“പിന്നെ പ്രേമിക്കാനും മരം ചുറ്റി കളിക്കാനുമുള്ള പരിചയകുറവുണ്ട്.

പക്ഷേ എണ്ണി വാങ്ങിക്കുന്ന കാശിനോട് നീതി കാണിക്കാൻ ഞാനെന്ത് വേണമെങ്കിലും ചെയ്യും..
പെൺകുട്ടി ഒരു പണക്കാരി ആണെന്നും വിവരവും വിദ്യാഭ്യാസവും ആവോളമുണ്ടെന്നും എനിക്കറിയാം.

എനിക്ക് വിദ്യാഭ്യാസം  കുറവാണ്. അതും അറിയാം.അതിന്റെ തട്ട് കൂടി ലോകം പരിചയം കൊണ്ട് വിശ്വാ നികത്തുമെന്ന് വക്കീലിന് അറിയാമല്ലോ..”

വിശ്വാക്കാ ജോലി വേണമായിരുന്നു..

അവന് മല്ലിയെ രക്ഷപ്പെടുത്തി കൊണ്ട് പോരണമായിരുന്നു..

അവനു കൂട്ടുകാരന്റെ ഹൃദയനോവിനൽപ്പം ആശ്വാസം പകർന്നു കൊടുക്കണമായിരുന്നു..

“ഞാനൊന്ന് വിളിച്ചു സംസാരിക്കട്ടെ വിശ്വാ അവരോട്.. നീ ഇറരിക്ക്..”
ഒടുവിൽ വിശ്വായുടെ പരിശ്രമം പാതിയോളം ജയിച്ചു.

വക്കീൽ ഫോണുമായി അകത്തേക്ക് പോയ നിമിഷം മുതൽ വീണ്ടുമവന്റെ ചങ്കിടിച്ചു തുടങ്ങി.

സോഫയിൽ നിന്നുമെഴുന്നേറ്റു തലയിൽ തടവിനും നടുവിന് കൈ കൊടുത്തും അവനാ ഹാളിലൂടെ നടന്നു..

വക്കീൽ ഓഫിസ് മുറിയിലേക്ക് കയറി പോയിട്ട് ഇറങ്ങി വരുന്നില്ല.. ഒരുവേള തന്റെ ഹൃദയമിപ്പോൾ മിടിപ്പ് താങ്ങാതെ ഇടിഞ്ഞു പൊളിഞ്ഞു താഴെ വീണു പോകുമോ എന്ന് പോലും വിശ്വാ ഭയന്നു.

സമയം കഴിഞ്ഞു പോകുമ്പോൾ രണ്ട് ആധികളവനെ ശ്വാസം മുട്ടിച്ചു.

വക്കീൽ വിളിക്കുന്ന ആളുകൾ നോ പറയുമോ?

ആശുപത്രിയിൽ ഇനിയെന്ത് സമാധാനം പറയും?

സംഘർഷം സഹിക്കാൻ വയ്യാതെ അവനാ ഓഫീസ് മുറിയുടെ വാതിലിന് നേരെ ഒരുപാട് പ്രാവശ്യം നോക്കി.

പിടിച്ചു നിൽക്കാൻ വയ്യെന്നത് പോലെ ആ വാതിൽ തുറക്കാൻ ഹാൻഡിൽ പിടിച്ചു തിരിച്ച ആ നിമിഷം തന്നെ വക്കീൽ വാതിൽ തുറന്നു കൊണ്ടിറങ്ങി വന്നു.

കാലിലൂടെ പടർന്നു കയറിയൊരു വിറയലോടെ വിശ്വാ അയാളെ തുറിച്ചു നോക്കി..

                                ❤️❤️

കസിൻസ് കൂട്ടത്തിന്റെ ഏറെക്കുറെ എല്ലാ പൊട്ടും പൊടിയുമുണ്ട് ടീനയുടെ വീട്ടിൽ.
അവരെല്ലാം മിത്രയേ കാണാൻ വന്നതാണ്.

അതിൽ ഭൂരിപക്ഷവും നാട്ടിൽ തന്നെ ഉള്ളതാണ്.
അവരെല്ലാം പരസ്പരം ഇടക്കൊക്കെ കാണാറുണ്ട്.. കൂടാറുണ്ട്.. ട്രിപ്പ് പോവാറുണ്ട്.
പക്ഷേ അപ്പോഴെല്ലാം മിസ് ചെയ്ത മുതലാണ് ഇന്ന് വന്നിറങ്ങുന്നത്.

അവരത് ആഘോഷമാക്കാൻ തന്നെയാണ് തീരുമാനം.

വമ്പൻ സർപ്രൈസ് കാത്തു വെച്ചിട്ടുണ്ടവിടെ..

ആ കൂട്ടത്തിൽ കുറച്ചു പേർക്കറിയാം.

പക്ഷേ അറിയേണ്ട ആള് മിത്രയാണ്..

അവളുടെ വരവിനായി കാത്തിരിക്കുന്ന ആൾക്ക് അതോർത്തു കൊണ്ട് ചെറുതല്ലാത്ത വലിയയൊരു ടെൻഷനുമുണ്ട്.
അതെല്ലാം പറഞ്ഞിട്ടവനെ കളിയാക്കി ചിരിക്കുന്നുണ്ട്..

പറഞ്ഞതിലും ഒരു മണിക്കൂർ വൈകിയാണ് മിത്ര എത്തിയത്..
പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും കൈ കൊട്ടി പാടി ഡാൻസ് കളിച്ചും കാത്തിരിക്കുന്നവരെ കണ്ടിട്ട് മിത്രയുടെയും കിളി പോയത് പോലാണ്..

“എന്തായിത്.. നിങ്ങൾക്കെന്താ വട്ട് പിടിച്ചോ ഗയ്‌സ്..”
അവരുടേയാ പരിഗണനയിൽ ഹൃദയം നിറഞ്ഞു തുളുമ്പിയിട്ടും മിത്ര കള്ളഗൗരവം കാണിച്ചു.

“മിണ്ടരുത് നീ.. കുറച്ചു കൂടി നീ ലേറ്റായിരുന്നു എങ്കിൽ ഈ ബോധമില്ലാത്തവരെല്ലാം കൂടിയെന്ന് കൊത്തി പറിച്ചേനെ.. ഇതാണോടി മിത്രമേ.. രാ…വിലെ “
ടീന കൂട്ടത്തിൽ നിന്നും നുഴഞ്ഞു കേറി ചെന്നവളുടെ നേരെ നോക്കി കണ്ണുരുട്ടി..

“നേരത്തെ ഇറങ്ങിയതാ ടീന.. പക്ഷേ എന്തൊരു ട്രാഫിക്..ഇതെന്താടാ ഇവിടെ ഇങ്ങനെ..”

മിത്ര മുഖം ചുളിച്ചു..

“വെൽക്കം ടൂ കേരള മിസ് മിത്ര ഡെന്നിസ് മാത്യു.. ഇവിടിങ്ങനാണ് മിത്രമേ..”
കൂട്ടത്തിൽ ഏതോ ഒരുത്തൻ വിളിച്ചു പറയുന്നത് കേട്ടതും അവരെല്ലാം ആർത്തു ചിരിച്ചു.

“മമ്മി എവിടെ ടീന..”
മിത്രക്ക് അതറിയാനായിരുന്നു കൂടുതൽ ആവേശം.

“ഓ.. കാത്തിരുന്ന നമ്മളെയൊന്നും കാണേണ്ട..”
പരിഭവം പോലും സ്നേഹമാണ്.
അവൾക്കറിയാമത്.
അത് കൊണ്ട് തന്നെ കുഞ്ഞൊരു ചിരിയും ചേർത്ത് നിർത്തിയൊരു കെട്ടിപിടിത്തവും.
അതെല്ലാം അതിലലിഞ്ഞു പോയി.

ഗ്രേസിക്കും മിത്രയേ കണ്ട് കണ്ണ് നിറഞ്ഞു.
കണ്മുന്നിൽ നിൽക്കുന്നത് ആനിയാണെന്ന് തോന്നി..
മിത്ര ആനിയെ പോലാണെന്ന് ഗ്രേസി അവളോടെപ്പോഴും പറയാറുണ്ട്.

“കരഞ്ഞു കുളമാക്കി ഞങ്ങളുടെ പ്ലാൻ ചളമാക്കല്ലേ ഗ്രേസിയാന്റി.. രണ്ടു ദിവസം കൊണ്ടുള്ള പ്ലാനാണ്.. പൊളിച്ചു കയ്യിൽ തരരുത്.. ലീവ് വാങ്ങിക്കാൻ ആ ബോസിന് മുന്നിൽ ഞാൻ കുറച്ചൊന്നുമല്ല വായിട്ടലച്ചത് “

അഭിഷേക് അൽപ്പം സെന്റിയായി പറയുന്നത് കേട്ടതും വീണ്ടും ചിരിയലകൾ നിറഞ്ഞു..

“കൂട്ടത്തിൽ ഒന്നും മിണ്ടാതെ നിൽക്കുന്ന എബിൻ..
മിത്ര വന്നതോടെ അവന്റെ കണ്ണുകൾ അവളൊരാളിൽ മാത്രമാണ്.
തുറന്നു പറയാൻ വിങ്ങുന്നൊരു ഇഷ്ടവും പേറിയാണ് അവന്റെയാ നിൽപ്പെന്നറിയാവുന്നവരെല്ലാം അവന്റെ നോട്ടം കാണുമ്പോൾ ചുമച്ചും മൂളിയും കളിയാക്കി കൊണ്ടിരിക്കുന്നു.

മിത്രക്കപ്പോഴും ഒന്നും മനസ്സിലായില്ല.

തീറ്റയും കുടിയുമെല്ലാം കഴിഞ്ഞപ്പോൾ കൂട്ടത്തിന് കുറച്ചു കൂടി എനർജി കിട്ടി.
വൈകുന്നേരം മിത്ര തിരിച്ചു പോകുമെന്ന് ഉറപ്പിച്ചു പറഞ്ഞത് കൊണ്ട് തന്നെ ജസ്റ്റ്‌ ഒന്ന് പുറത്തേക്ക് പോയിട്ട് വരാമെന്നു കൂടി പ്ലാനിൽ കയറി കൂടി..

മൂന്നോ നാലോ കാറുകളും മിത്രയുടെയും ടീനയുടെയും അടക്കം മൂന്ന് സ്കൂട്ടികളുമുണ്ട്.
പോവാമെന്ന് പെട്ടന്ന് തന്നെ തീരുമാനമായതോടെ എല്ലാവരും ധൃതിയിൽ ഒരുങ്ങിയിറങ്ങി.

“ഇരുട്ടും മുന്നേ മിത്ര മോൾക്ക് വീട്ടിൽ പോവേണ്ടതാ.. പെട്ടന്നിങ്ങോട്ട് വന്നേക്കണമെന്ന് ഗ്രേസി കർശനമായി പറഞ്ഞിട്ടുണ്ട്.

അതെല്ലാം തലയാട്ടി സമ്മതിച്ചു കൊണ്ട് അവരെല്ലാം കിട്ടിയ വണ്ടികളിൽ പോയി കയറി പറ്റി.
ഗ്രേസിയെ കെട്ടിപിടിച്ചു യാത്ര പറയാൻ നിന്നത് കൊണ്ട് മിത്രയും അവൾക്കായി കാത്തിരുന്നത് കൊണ്ട് എബിനും ഏറ്റവും അവസാനമാണ്.

“ഇനിയെന്നാ മമ്മീടെ മോള് വരുന്നത്..”

ഗ്രേസി അവളെ കെട്ടിപിടിച്ചു കൊണ്ട് ചോദിച്ചു.

“എന്റെ മമ്മി വെറുതെ സെന്റിയാവല്ലേ.. ഇവിടെ നിന്നും അടുത്താ MS കോളേജ്.. അവളിനി അവിടുണ്ട്.. എപ്പോ വേണേലും ഓടി വന്നിട്ട് കണ്ടിട്ട് പോകാൻ കഴിയും. മമ്മി വെറുതെ സീനുണ്ടാക്കാതെ അവളെവിട്ടേക്ക്..   ഞങ്ങൾ പോയിട്ട് വരാം.. ബൈ..”
വിളിച്ചു പറഞ്ഞു കൊണ്ട് തന്നെ ടീന വണ്ടിയെടുത്തു കൊണ്ട് ഓടിച്ചു പോയി..
ഗ്രേസി അവളോട് മറുപടി പറയാൻ കഴിയാത്ത ദേഷ്യത്തോടെ പല്ല് കടിച്ചു..

“അധികം വൈകാതെ പോകാൻ നോക്കണം കേട്ടോ..  നാട്ടിലാ മോളിപ്പോ ഉള്ളത്.. അത് മറക്കരുത്.. ഇത് വരെയും മോള് പഠിച്ച സ്ഥലമുള്ളത് പോലല്ല ഇവിടെ.”
ഗ്രേസി പറയുമ്പോൾ മിത്ര തലയാട്ടി സമ്മതിച്ചു..

ഓരോ വണ്ടികളായി ഗേറ്റ് കടന്ന് പോയി..

“മിത്ര.. നീ എബിനെയും കൂട്ടിയിട്ട് വാ കേട്ടോ..”
അവസാനത്തെ കാറും ഗേറ്റ് കടന്നിറങ്ങും മുൻപ് അതിലുള്ള അഭിഷേക് മിത്രയേ നോക്കി വിളിച്ചു പറഞ്ഞു.
അവളത് കൈ ഉയർത്തി കൊണ്ട് ഏറ്റെന്ന് സമ്മതിച്ചു..
അതോടെ കള്ളത്തരം നിറഞ്ഞൊരു ചിരിയോടെ അഭിഷേക് എബിനെ നോക്കി തലയാട്ടി..
“പോടാ..”
എബിൻ മിത്ര കാണാതെ കണ്ണുരുട്ടി കൊണ്ടവനെ വിരട്ടി..

“ഞാൻ.. ഞാൻ ഓടിക്കട്ടെ..”
മിത്ര അരികിലേക്ക് വരുന്നത് കണ്ടിട്ട് എബിൻ ചോദിച്ചു.

“ഓ.. ഷുവർ..”
ചിരിയോടെ ഒന്ന് കണ്ണ് ചിമ്മിയിട്ട് അവൾ കീ അവനെ ഏൽപ്പിച്ചു.

ഗ്രേസിയെ നോക്കി കൈ വീശി കൊണ്ടവൾ എബിന്റെ തോളിൽ പിടിച്ചു കൊണ്ട് സ്കൂട്ടിയിലേക്ക് കയറിയിരുന്നു.

അവൾക്കതിലൊന്നും തോന്നിയില്ല..
എന്നാൽ വണ്ടിയൊടിക്കുന്നവൻ വിറയല് കൊണ്ട് റോഡിൽ വീണ് കിടന്നുരുളല്ലേ കർത്താവെ ന്ന് യാത്രയിലുടനീളം പ്രാർത്ഥന നടത്തി കൊണ്ടിരിപ്പുണ്ടായിരുന്നു..

അതവൾ അറിഞ്ഞതുമില്ല..

                                💜💜

“ഇരിക് വിശ്വാ..”
തനിക് നേരെ നോക്കി അക്ഷമയോടെ നിൽക്കുന്നവൻ.
വക്കീലിന്റെ മുഖം ഒട്ടും പ്രസന്നമല്ലെന്നെന്നു മനസ്സിലായത് കൊണ്ട് വിശ്വാക്ക് നിൽക്കാനും ഇരിക്കാനും വയ്യാത്തൊരവസ്ഥയിലാണ്.

ഇനിയെന്ത് ചെയ്യും ഭഗവാനെ.. “
അവന്റെ നെഞ്ചിലാ ചോദ്യം കിടന്നു അലറി വിളിച്ചു.

ഇത് പോലൊരു പ്രതിസന്ധി തന്റെ ഇത്രയും കാലത്തിനിടക്ക് തനിത് വരെയും നേരിടേണ്ടി വന്നിട്ടില്ലെന്ന് തോന്നി അവനാ നിമിഷം.

“എനിക്ക് മല്ലിയെ രക്ഷിക്കണം വക്കീലേ.. അവരെന്നെ കാത്തിരിപ്പുണ്ട്..”
തീരുമാനം പറയൂ എന്നവൻ പറയാതെ പറഞ്ഞതും വക്കീലൊന്ന് നെറ്റി തടവി.

“അവര്.. അവരൊന്നും പറഞ്ഞിട്ടില്ല വിശ്വാ. അവർക്കാളെ കാണണം.. നേരിട്ട് സംസാരിക്കണം എന്നിട്ടേ ഡീൽ ഉറപ്പിക്കാൻ കഴിയൂ എന്നൊക്കെ പറഞ്ഞു.. അതിന് മുന്നേ കാഷിന്റെ കാര്യം ആലോചന പോലും വേണ്ട..”
വക്കീൽ പറഞ്ഞു കേട്ടതും വിശ്വാ തീർത്തും പരാജയപ്പെട്ടത് പോലെ ചുവരിലേക്ക് ചാരി.

മല്ലിയുടെ കാര്യത്തിൽ ദൈവം തന്നെ ശിക്ഷിക്കുകയാണ്.

അതോടൊപ്പം തന്നെ അറിയാത്തൊരു പെൺകുട്ടിയെ ചതിച്ചിട്ട് അവളുടെ ജീവിതത്തിൽ അവളൊരിക്കലും മറക്കാതിരിക്കുന്നൊരു വേദന കൊടുക്കാതിരിക്കാൻ കാരണമാവാതെ ദൈവം തന്നേ രക്ഷിക്കുകയും ചെയ്യുന്നുണ്ട്.

ഇതിലേതാണ് അംഗീകരിക്കേണ്ടതെന്നറിയാത്തൊരു പകപ്പുണ്ടവനും.

രണ്ടിൽ ഏത് നടന്നാലും സഹിക്കാൻ കഴിയില്ല..

നടക്കാത്തിരുന്നാലും.!

“വിശ്വാ.. എടാ.. നീ ടെൻഷനവല്ലേ.. അവര് നോ പറഞ്ഞിട്ടില്ല..”
വക്കീല് അവനെ നോക്കി.

“കിട്ടുന്നെങ്കിൽ എനിക്കിന്ന് അഞ്ചു ലക്ഷം രൂപ.. അതിന്ന് ഇപ്പൊ കിട്ടണം വക്കീലേ.. ഇന്ന് ആറ് മണിക്ക് ശേഷമാ കാശ് കിട്ടിയിട്ട് എനിക്കൊന്നും ചെയ്യാനില്ല.. എനിക്കത് പിന്നെ വേണ്ട..”
തകർന്ന് പോയൊരു സ്വരം.
വക്കീലൊന്ന് ശ്വാസമെടുത്തു.

“വീണ്ടും അയാളെന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും ഫോൺ ബെല്ലടിച്ചു.

“അവരാണ് വിശ്വാ..”
അവനോട് പറഞ്ഞിട്ട് വക്കീൽ ധൃതിയിലാ കോൾ അറ്റന്റ് ചെയ്തു.

ഓഫിസ് മുറിയിലേക്ക് പോകണമെന്നുണ്ടായിരുന്നു.

പക്ഷേ വിശ്വായെ നോക്കിയിട്ട് അയാൾ അവിടെ തന്നെ ഇരുന്നു.
പക്ഷേ അവനതൊന്നും കേൾക്കുന്നില്ല..

നെഞ്ചിടിപ്പോടെ വിശ്വാ കണ്ണടച്ച് നിന്നു.

അവന്റെ ഉള്ളിൽ മല്ലിയുടെ ചിരിക്കുന്ന മുഖവും മുരുകന്റെ വേദന അടക്കി പിടിച്ചുള്ള മുഖവും ഒരുപോലെ തെളിഞ്ഞു..

ഞെടിയിടാ കൊണ്ടാ ചിത്ര മാറുന്നു.
പകരം മുഖം വ്യക്തമാകാതൊരു പെൺകുട്ടി ഓടി മറഞ്ഞു പോകുന്നു.

ഞെട്ടി കൊണ്ട് വിശ്വാ കണ്ണുകൾ വലിച്ചു തുറന്നു.
അവന് വല്ലാത്തൊരു പരവേശമാണ് തോന്നിയത്.

“വിശ്വാ.. ഡാ..”
വക്കീൽ വിളിക്കുമ്പോൾ മുഖമൊന്നമർത്തി തുടച്ചു കൊണ്ടാണ് വിശ്വാ നോക്കിയത്.
“ഇവിടെ വന്നിരിക്ക്.. അവര് വിഡിയോ കോളിൽ വരും.. ജസ്റ്റ്‌ നിന്നെയൊന്നു കാണാൻ.. ഇത് ജസ്റ്റ്‌ ട്രയൽ.. നേരിട്ട് എന്തായാലും കാണേണ്ടി വരും കേട്ടോ..”
വക്കീൽ പറഞ്ഞു കേട്ടതും.. വിശ്വാ തലയാട്ടി കൊണ്ട് വാഷ്ബേസിനു നേരെയാണ് ആദ്യം പോയത്.
മുഖമൊന്ന് കഴുകി തുടച്ചു, കൈകൾ കൊണ്ട് മുടിയൊന്നോതുക്കി.. അവനും വക്കീലിന്റെ അടുത്തിരുന്നു.

“ഇനി നിന്റെ ഭാഗ്യം പോലിരിക്കും കാര്യം.. അവർക്ക് ചെറിയൊരു താല്പര്യമുണ്ടെന്ന് തോന്നുന്നു..”
വക്കീലവന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു.

“എന്റെയല്ല.. മല്ലിയുടെ ഭാഗ്യം.. അവളുടെ ആയുസ്സിന്റെ നീളം..”
അവൻ ഉള്ള് കൊണ്ട് പിറു പിറുത്തു..

“ഒരു ജീവൻ രക്ഷിക്കാനാണ് ഭഗവാനെ.. പക്ഷേ കൂടെ നിൽക്കാൻ പറയാൻ എനിക്ക് കഴിയുന്നില്ല..’
കണ്ണടച്ച് കൊണ്ട് നെഞ്ചിലൊരു കല്ല് കയറ്റി വെച്ച ഭാരത്തോടെ വിശ്വാ കാത്തിരുന്നു.

അധികം വൈകിയില്ല..

വക്കീലിന്റെ ഫോൺ ബെല്ലടിച്ചതും അയാളത് അവന് നേരെ നീട്ടി..

വിശ്വായുടെ മുഖം വിളറി..

“സംസാരിക്കാൻ മുഖം കൊണ്ട് ആംഗ്യവും കാണിച്ചിട്ട് വക്കീൽ അവിടെ നിന്നും എഴുന്നേറ്റു പോയി..
വിറക്കുന്നു കയ്യോടെ വിശ്വാ അതിന്റെ ആൻസർ ബട്ടൺ പ്രസ്സ് ചെയ്തു..

                             💜💜💜

“ഇനിയും നിന്നാ സത്യമായും വൈകും..അല്ലാതെ എനിക്കിപ്പോ പോകാൻ ഇഷ്ടമുണ്ടായിട്ടാണോ”
യാത്ര പറഞ്ഞിട്ടും മിത്രക്കാ സ്നേഹകൂട്ടത്തിൽ നിന്നും പോകാൻ തോന്നിയിരുന്നില്ല.

“ഇനി യെന്നാ..”
അഭിഷേക് വന്നവളെ തോളിൽ കയ്യിട്ടു ചേർത്ത് പിടിച്ചു.

“ഇനിയിപ്പോ ഞാൻ ഇവിടുണ്ടല്ലോ അഭി.. എപ്പോ വേണേലും കൂടാം”
മിത്ര പറഞ്ഞത് അവരെല്ലാം കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു.

“അപ്പൊ.. ഒക്കെ ഗയ്‌സ്.. “
മിത്ര കൈ വീശി കൊണ്ട് അവളുടെ സ്കൂട്ടിയുടെ അരികിലേക്ക് ചെന്നു.

“ഡീ..”
പിന്നിൽ നിന്നുമുള്ള വിളി..
അവളൊന്നു തിരിഞ്ഞു നോക്കി.

“എന്താടാ..”

“അത്.. എബിക്കും എന്തോ അർജന്റ്.. നിന്നെയൊന്നു കാണാനുള്ള കൊതി കൊണ്ട് വന്നതാ അവൻ. ഞങ്ങൾ എന്തായാലും കുറച്ചു കഴിഞ്ഞേ പോകുന്നുള്ളു.. നീ ഇവനെ കൂടി ബസ് സ്റ്റാൻഡിൽ ഇറക്കുമോ.. അവൻ കാർ എടുക്കാതെയാണ് വന്നത്..”
ഇപ്രാവശ്യവും അഭിഷേക് എബിനു വേണ്ടിയൊരു അവസരമുണ്ടാക്കി കൊടുത്തു.

കാരണം അന്നവളോട് ഇഷ്ടം പറയാനുള്ള കാത്തിരിപ്പിലാണ് എബിൻ.

അവനെന്നും അവളോടൊരു ഇഷ്ടമുണ്ട്.

അത് പക്ഷേ തുറന്നു പറയാനുള്ള ധൈര്യമില്ല.
കുറച്ചൊക്കെ മിത്രയുടെ എടുത്തടിച്ചുള്ള സ്വഭാവം കൊണ്ടാണ്.

ഉള്ളിലൊന്നും വെക്കാതെ അവളെല്ലാം വെട്ടി തുറന്നു പറയും.

അത് കൊണ്ട് വല്ലപ്പോഴും ലീവിന് നാട്ടിലേക്ക് വരുന്നവളെ അവൻ മൗനമായി പ്രണയിച്ചു.

ഇനിയവൾ നാട്ടിൽ സെറ്റിലാണ്.

തിരികെ പോണില്ലെന്ന് അവൾ തന്നെ പറഞ്ഞു കഴിഞ്ഞു.

അന്ന് മുതൽ അവൻ കാത്തിരിപ്പിലാണ്.

വീട്ടിലവനും കല്യാണം നോക്കി തുടങ്ങി യിട്ടുണ്ട്.
മിത്രയുടെ മറുപടി അറിഞ്ഞിട്ട് മതി വീട്ടിൽ തന്റെ ഇഷ്ടം അറിയിക്കുന്നത് എന്നതാണ് എബിന്റെ തീരുമാനം.

കസിൻസ് കൂട്ടത്തിനെ പിന്നെ മറച്ചു പിടിക്കാൻ കഴിയില്ല.
കൂട്ടുകാരാണ്.
പറയാതെ തന്നെ ഉള്ളറിയും.

“വാ എബി…”
മിത്ര ചിരിയോടെ വിളിക്കുമ്പോൾ എബിനൊന്ന് ഞെട്ടി.
അത് കണ്ടിട്ട് അഭിഷേക് അടക്കി ചിരിക്കുന്നുണ്ട്.

“പോയി..”
അത്രയും പറഞ്ഞു കൊണ്ടവനും തിരിഞ്ഞു നടന്നു.

“എബി.. ഓടിക്കുന്നോ..”മിത്ര കീ അവന് നേരെ നീട്ടി.

“വേണ്ടടി.. നീ ഓടിക്ക്.. എനിക്കെന്തോ പോലെ..”
അങ്ങോട്ട് പോന്നപ്പോഴുള്ള അനുഭവം എബിൻ മറന്നിട്ടില്ല.

“എന്താടാ വയ്യേ..”
മിത്ര ചോദിച്ചു..

“ഒന്നുല്ല..”
എബി അവൾക്ക് മുഖം കൊടുത്തില്ല.

ഒന്ന് കൂടി യാത്ര പറഞ്ഞു കൊണ്ട് മിത്ര ആദ്യവും അവൾക്ക് പിറകിൽ എബിയും കയറിയിരുന്നു.”ബൈ.. “
ചിരിയോടെ മിത്ര വണ്ടിയെടുത്തു.

അവൾ കാണാതെ, കൂടി നിൽക്കുന്നവരെല്ലാം എബിക്ക് നേരെ കൈ വിരൽ ഉയർത്തി കാണിച്ചിട്ട് വിജയം നേർന്നു..

തുടരും…

One comment

Leave a Reply

Your email address will not be published. Required fields are marked *