വിശ്വാതാണ്ഡവം

പാർട്ട് 6

ജിഫ്ന നിസാർ..

നേർക്ക് നേർ ഒരു പത്താള് വന്നാലും ഒറ്റയ്ക്ക് തല്ലി തോല്പിക്കാൻ മാത്രം മനസും ഉശിരുള്ള വിശ്വാ വിറക്കുന്നു.
പ്രിയപ്പെട്ട വരുടെ സങ്കടങ്ങളാണ് നമ്മളെ വളരെ വേഗം തളർത്തുന്നതെന്ന് പറയുന്നതെത്ര നേരാണ്.

പരമാവധി സ്പീഡിൽ കാറോടിയിട്ടും അവനത് പോരെന്നു തോന്നി.
സ്പീഡ് ഒരല്പം കൂടിയാൽ തന്നെ ചീത്ത വിളിക്കുന്ന മുരുകൻ എതിരെ ഇരിപ്പുണ്ട് അന്നും.

പക്ഷേ അങ്ങനൊന്നും മിണ്ടുന്നില്ല.

അവൻ മാത്രമേ അങ്ങനുള്ളു.

പിറകിൽ നിന്നും മല്ലി ശ്വാസത്തിന് വേണ്ടിയുള്ള പരാക്രമത്തിന്റെ ശബ്ദത്തിനൊപ്പം തന്നെ ശാന്തിയുടെയും ഷെൽവണ്ണന്റെയും കരച്ചില് കേൾക്കുന്നുണ്ട്.

തുടരെ ഹോൺ മുഴക്കി കൊണ്ട് മുന്നോട്ട് കുത്തിക്കുമ്പോഴും ഇടത്തടവിട്ടു കൊണ്ട് വിശ്വായുടെ കണ്ണുകൾ പിന്നീലേക്ക് നീളുന്നുണ്ട്.

ഒന്നുറങ്ങി എന്നീറ്റപ്പോഴും എന്തൊക്കെയാണ് സംഭവിച്ചത്..?

അവന് തന്നെ വിശ്വാസിക്കാൻ കഴിയാത്ത പോലെ..

പുറത്ത് നിന്നുമുള്ളൊരു കൂട്ട നിലവിളി കേട്ടാണ് ഉറക്കം വിട്ട് കണ്ണ് തുറന്നത്.

ചെറുപ്പത്തിൽ തന്നെ ഉള്ളൊരു ശീലമാണത്.

ചെറിയൊരു ശബ്ദം മാത്രം മതി എത്ര ഗാഡമായ ഉറക്കവും വിട്ടുണരാൻ.
ആദ്യമൊന്നും മനസ്സിലായില്ല.
ഒന്ന് രണ്ടു നിമിഷങ്ങൾക്ക് ശേഷം ഓടി പുറത്തേക്ക് ചെല്ലുമ്പോൾ പിറകെ അമ്മയും ഓടി വരുന്നുണ്ട്.

വഴി നീളെയുമുള്ള വീടുകളുടെ വാതിലുകൾ തുറയുന്നു..
ഓരോരുത്തരും നിലവിളി ലക്ഷ്യം വെച്ചിട്ടിറങ്ങി ഓടി വരുന്നു..
ഇരുട്ടിൽ മുങ്ങി കിടക്കുന്നയിടമെല്ലാം വെളിച്ചം നിറയുന്നു.

മുന്നോട്ട് ഓടി ചെന്ന വിശ്വാ, ആ നിലവിളിയുടെ ഉറവിടം മുരുകന്റെ വീടാണെന്നറിഞ്ഞതും അറിയാതെ തന്നെ നിന്നു പോയി.

രണ്ടു ദിവസം കൊണ്ട് കണ്മുന്നിൽ മൗനത്തോടെ പെങ്ങൾക്ക് വേണ്ടി വേദന തിന്നുന്ന ഒരുത്തന്റെ മുഖം ഓർമ്മിച്ചു.

വിശ്വണ്ണാ ന്ന് ചിരിച്ചു കൊണ്ട് സ്നേഹത്തോടെ വിളിക്കുന്ന മല്ലി അവനെ ആ നിമിഷം ഒരുപാട് ഭയപ്പെടുത്തി..

“നോക്കി നിൽക്കാതെ  പോയി ക്രിസ്റ്റിയുടെ വീട്ടിൽ പോയി വണ്ടി കൊണ്ട് വാ വിശ്വാ..”
അവനെ കടന്ന് അകത്തേക്ക് കയറി പോയ കുസുമം പുറത്തേക്കിറങ്ങി വന്നിട്ട് അലറി വിളിക്കുന്നത് പോലത് പറയുമ്പോൾ അവനൊന്നവരെ തുറിച്ചു നോക്കി.

പിന്നെയവന്റെ മുഖമൊന്നു തെളിഞ്ഞു.
നിന്ന നിൽപ്പിൽ ഒന്ന് തിരിഞ്ഞിട്ടവൻ പിന്നിലേക്ക് കുതിച്ചു.

സ്വന്തം വീട്ടിലേക്ക് കയറി ഹാങ്കറിൽ നിന്നൊരു ഷർട്ടും പേഴ്‌സും ഫോണുമായി വന്നിട്ട് വീട്ട് മുറ്റത്തുള്ള അവന്റെ  ബൈക്കിലേക്ക് കയറിയിരുന്നു.
പഴയ മൊഡലൊരു ബൈക്കാണത്..

ഒന്നവിടെയിട്ടത് ഇരപ്പിച്ചു കൊണ്ട് ഓവുചാലിനു കുറുകെ വെച്ച മരത്തടിയിൽ കൂടി അവനത് റോഡിലെത്തിച്ചു.
വൈകുന്ന ഓരോ നിമിഷവും ഒരു ജീവൻ നഷ്ടപ്പെടുമെന്നുള്ള ഭയം ഇട നെഞ്ചിലങ്ങനെ തുടിച്ചു നിൽക്കെ അവന് പരിധിയിൽ കൂടുതൽ സ്പീഡുണ്ടായിരുന്നു.

കോളനിയിൽ നിന്നും കുറച്ചു മാറി ടൗണിൽ എത്തുന്നതിനു മുന്നെയാണ് ക്രിസ്റ്റിയുടെ വീട്.
വിശ്വായുടെ കൂട്ടുകാരനാണ് ക്രിസ്റ്റി.
അവൻ ഗൾഫിലാണ്.

പക്ഷേ അവന്റെ വീട്ടിലെ ആവിശ്യത്തിനുള്ള ഏത് ഓട്ടത്തിനും വിശ്വായാണ് ആ കാറിന്റെ ഡ്രൈവർ..

ക്രിസ്റ്റിയുടെ വീട്ടിലെത്തി ഒരൊറ്റ ശ്വാസത്തിനു കാര്യം പറഞ്ഞിട്ട് അവർ നീട്ടിയ ചാവിയും വാങ്ങി അതിനേക്കാൾ സ്പീഡിൽ വിശ്വാ തിരിച്ചു ചെല്ലുമ്പോൾ മല്ലിയെ താങ്ങി പിടിച്ചു കൊണ്ട് പുറത്തുണ്ട് അക്ഷമയുടെ ആൾ രൂപങ്ങളായ ഒരു കൂട്ടം ആളുകൾ.

കാർ നിർത്തി പിന്നിലേക്കാഞ്ഞിരുന്നു കൊണ്ടവൻ ഡോർ തുറന്നു കൊടുത്തു..
ആരൊക്കെയോ മല്ലിയെ താങ്ങി പിന്നിലേക്ക് കയറ്റി..
ഒരു ഭാഗത്ത് ശാന്താ ചേച്ചിയും മറുവശം ഷെൽവണ്ണനും കയറി..
കല്ലിച്ചൊരുമുഖഭാവത്തിൽ തനിക്കടുത്തേക്ക് വന്നു കയറിയവനെ നോക്കി വിശ്വായുടെ കണ്ണുകൾ ചുരുങ്ങി..

“പെട്ടന്ന് പോ വിശ്വാ…”
ആരോ ഡോർ അടച്ചിട്ട് വെപ്രാളത്തിൽ പറയുമ്പോൾ മുരുകനിൽ നിന്നും നോട്ടം മാറ്റി കൊണ്ട് വിശ്വാ ആക്സിലേറ്ററിൽ കാലമർത്തി.

വെടിയുണ്ട പോലെ ചീറി പായുന്നത്തിനിടയിലും വിശ്വാ മുരുകനെ നോക്കുന്നുണ്ട്..
അവന്റെ മനസ്സ് കൈവിട്ടു പോയെന്നു വരെയും വിശ്വാക്ക് തോന്നും വിധമാണ് മുരുകന്റെ അവസ്ഥ.

“സർക്കാർ ആശുപത്രിയിൽ പോയ മതി കേട്ടോ മോനെ..”
പിന്നിൽ നിന്നും ഷെൽവണ്ണന്റെ തളർന്നു പോയ ഓർമപ്പെടുത്തൽ.

“മല്ലിയെ കാണിക്കുന്ന ഡോക്ടർ അവിടെ ഉണ്ടാവുമോ..? സ്പീഡ് ഒട്ടും കുറക്കാതെ തന്നെ വിശ്വാ ചോദിച്ചു.

“ഇല്ല.. ഡോക്ടറെ കാണാൻ നേരം വെളുക്കേണ്ടി വരും.. അവിടെ ഡ്യൂട്ടി ഡോക്ടർ ഉണ്ടാവും. തത്കാലം അവരെന്തെങ്കിലും ചെയ്യും.. പിന്നെ ഡോക്ടർ വന്നിട്ട്…”
പറഞ്ഞു കൊണ്ടിരുന്നതിനിടെ തന്നെ ഷെൽവണ്ണന്റെ വാക്കുകൾ പാതിയിൽ നിലച്ചു..
അതിനൊപ്പം തന്നെ ശാന്തി ചേച്ചിയുടെ കരച്ചിൽ കുറച്ചു കൂടി ഉച്ചത്തിലായി..

ഡോക്ടർ വന്നിട്ട് എന്താവും പറയുകയെന്നറിയാൻ അവർക്കാർക്കും അയാളെ കാണും വരെയോ അയാൾ വരും വരെയോ കാത്തിരിക്കേണ്ടതില്ലല്ലോ.
“ഓപ്പറേഷൻ കൊണ്ടല്ലാതെ മല്ലികയുടെ കാര്യത്തിൽ ഇനിയൊന്നും ചെയ്യാനില്ലെന്നുള്ളത് കഴിഞ്ഞു പ്രാവശ്യം അയാൾ വ്യക്തമായും ശക്തമായും പറഞ്ഞു തന്നതാണ്..

“കരയല്ലേ ശാന്തിയേച്ചി.. നമ്മളെത്തി.. ഒന്നും ഉണ്ടാവില്ല..കരഞ്ഞു കൊണ്ടവളെ കൂടി പേടിക്കേണ്ട..”

അവരോളം തന്നെ ഭയം നെഞ്ചിൽ പതഞ്ഞു പൊങ്ങിയിട്ടുംവിശ്വാ അവനെ കൊണ്ടാവും പോലെ അവരെ ആശ്വാസിപ്പിച്ചു..

അർദ്ധരാത്രിയായത് കൊണ്ട് തന്നെ വഴിയിൽ വാഹനങ്ങളുടെ തിരക്കില്ല..

പത്തു പതിനഞ്ചു മിനിറ്റ് കൊണ്ട് വിശ്വാ അര മണിക്കൂർ കൊണ്ട് ഓടി തീർക്കേണ്ട ദൂരത്തെ തോൽപ്പിച്ചു..

“മുരുകാ.. ഇറങ്ങി വാ..”
ഒരക്ഷരം മിണ്ടാതെയിരിക്കുന്ന മുരുകന്റെ തോളിൽ തട്ടി വിളിച്ചു പറഞ്ഞിട്ട് സീറ്റ് ബെൽറ്റ് അഴിച്ചു മാറ്റി വിശ്വാ പുറത്തേക്കിറങ്ങി..

പിന്നിലെ ഡോർ തുറന്നു കൊണ്ട് ഷെൽവണ്ണൻ ഇറങ്ങിയ ഉടനെ തന്നെ അങ്ങോട്ട് കയറി വിശ്വാ മല്ലിയെ വാരിയെടുത്തു കൊണ്ട് മുന്നോട്ട് കുതിച്ചു.
എതിരെ വരുന്നവരെല്ലാം അവനെ നോക്കുന്നുണ്ട്.

ബട്ടൺ ഇടാത്ത ഷർട്ട്… മടക്കി കുത്തിഴിഞ്ഞ ലുങ്കി തുണി..

ഇതൊന്നും അവനറിഞ്ഞതെയില്ല..
കയ്യിൽ.. തന്റെ നെഞ്ചോടു ചേർന്നു കിടന്നു പിടയുന്ന ആ ജീവനെ കുറിച്ച് മാത്രമായിരുന്നു വിശ്വാ ആ നിമിഷം ഓർത്തതത്രയും.

                                  💜💜

“ഇത്രയും തിരക്ക് കാണിക്കണോ.. ഞാൻ ഒരാളെ ഏല്പിച്ചിട്ടുണ്ട്.. ആളിത് വരെയും വിവരമൊന്നും പറഞ്ഞിട്ടില്ല.. അതിനർത്ഥം ആളില്ല എന്നാവില്ല..
മുരുകൻ ഒരു കാര്യം ഏറ്റൽ ഏറ്റതാ..

വക്കീൽ പറയുന്നത് ശ്രദ്ധിച് കേട്ട് നിൽപ്പാണ് അഖിൽ..
മോഹൻ ദാസ് എന്ത് പറയണം എന്നറിയാൻ അവനെയും നോക്കി.

അഖിൽ ഒന്ന് ശ്വാസമെടുത്തു..

“തിരക്കൊന്നുമില്ല വക്കീലേ.. പക്ഷേ അധികം വൈകാനും പാടില്ല. കാരണം ആറ് മാസത്തെ കോഴ്സ് ചെയ്യാനാണ് മിത്ര MS കോളേജിൽ അഡ്മിഷൻ എടുത്തിട്ടുള്ളത്. രണ്ടു ദിവസം കൊണ്ട് അവിടെ ജോയിൻ ചെയ്യുമെന്നാണ് അവിടെ നിന്നും കിട്ടിയ റിപ്പോർട്ട്.
നമ്മുക്ക് എന്തെങ്കിലും ചെയ്യണമെങ്കിൽ ആ ടൈമിൽ വേണം അത് വർക് ചെയ്യാൻ..
അത് തീർന്നാലുടൻ മിത്ര ഡെന്നീസ് മാത്യു അവരുടെ കമ്പനിയിൽ മാനേജിഗ് ഡയറക്ടർ പോസ്റ്റിൽ ഓഫിഷ്യലായി ജോയിൻ ചെയ്യും..
അങ്ങനെ സംഭവിച്ചാൽ പിന്നീയീ പ്ലാൻ കൊണ്ടൊന്നും ചെയ്യാൻ കഴിയില്ല..
കഴിയില്ല എന്നല്ല.. ചെയ്യാനില്ല.
ചെയ്തിട്ടും കാര്യമില്ല.

വക്കീലിന് പറയുന്നത് മനസ്സിലായിട്ടിട്ടുണ്ടാവും എന്ന് കരുതുന്നു..”
അഖിലിന്റെ സ്വരം മൂർച്ച കൂടി.

“എനിക്ക് മനസിലായി മിസ്റ്റർ അഖിൽ.. മുരുകൻ വിളിക്കും വരെയും വെറുതെ കാത്തിരിക്കുന്നില്ല ഞാൻ.. എന്നേ കൊണ്ട് ചെയ്യാനാവും പോലൊക്കെ ശ്രമിക്കുന്നുണ്ട്.”
വക്കീലും പറഞ്ഞു..

“ഗുഡ്.. കാശെത്ര വേണമെങ്കിലും ഇറക്കി കളിക്കാൻ ഞങ്ങൾ റെഡിയാണ്. വക്കീൽ അതോർത്തു കൊണ്ട് ടെൻഷനാവണ്ട.. പക്ഷേ കണ്ട് പിടിക്കുന്ന ആൾ ബെസ്റ്റ് ആൻഡ് പെർഫെക്ട് ആയിരിക്കണം. അതിലൊരു കൊമ്പ്രമൈസൂമില്ല. കാരണം മുന്നിലുള്ളത് മിത്രയാണ്.
മിത്ര ഡെന്നീസ് മാത്യു..നിസാരമായി കാണുകയെ ചെയ്യരുത്..
ബുദ്ധിമതിയാണ്.. സൂത്രശാലിയാണ്..
അതിനേക്കാൾ സ്വന്തമായി നിലപാടുകൾ ഉള്ളവളും അതിൽ ഉറച്ചു നിൽക്കാൻ അറിയുന്നവളുമാണ്..

എതിരെയുള്ള അവൾക്ക് മുന്നിൽ ജയിച്ചു കയറാൻ കഴിയുന്ന ഒരാൾ.. അതാവണം നമ്മൾ അവൾക്ക് നേരെ കൊണ്ട് വന്നു നിർത്തുന്നവന്റെ കോളിഫിക്കേഷൻ..

ക്ലിയറാവുന്നുണ്ടോ വക്കീലേ..”

അഖിൽ ചോദിക്കുമ്പോൾ വക്കീലൊന്ന് അമർത്തി മൂളി.

അവന്റെയാ നിബന്ധനകൾ കേൾക്കുമ്പോൾ അയാൾക്കും ചെറുതല്ലാത്തൊരു ടെൻഷനുണ്ട്.

പക്ഷേ കയ്യിൽ വന്നു ചേരുന്ന കാശിനെ കുറിച്ചോർക്കുമ്പോൾ മറ്റെല്ലാം മറന്നു കളയാനും തോന്നുന്നു..

“ഹൈഇജ്യുകേഷൻ എന്നതല്ല വക്കീലേ ഞാൻ ഉദ്ദേശിച്ചത്.. വിദ്യാഭ്യാസവും വിവേകവും തമ്മിൽ നല്ല വ്യത്യാസമുണ്ട്. നമ്മൾ കണ്ട് പിടിക്കുന്ന ആൾക്ക് ഏത് പ്രതികൂല സാഹചര്യത്തെയും അനുകൂലമാക്കി തീർക്കാൻ കഴിയുന്ന വിവേകമാണ് വേണ്ടത്..കഴിവാണ് വേണ്ടത്.
എതിരെ നിൽക്കുന്ന ആളെ സംസാരിച്ചു വീഴ്ത്താനുള്ള കഴിവ്…

അയാൾക്ക് വേണ്ടി കൊടുക്കുന്ന കാശിനു പുറമെ വേറെന്തു ഹെല്പ് വേണമെങ്കിലും ചെയ്യാൻ ഞങ്ങൾ റെഡിയാണ്..
തീർച്ചയായും അതിന്റെ ബെന്ഫിറ്റ് വക്കീലിന് കൂടി അവകാശപ്പെട്ടതാണ്..”

അഖിലിന്റെ ആ പ്രലോഭനം..

വക്കീൽ പൂർണ്ണമായും പ്രതിസന്ധികൾ മറന്നു..
നാളത്തോട് കൂടി കാര്യങ്ങൾക്കൊരു തീരുമാനമാക്കി കൊടുക്കാമെന്ന് അഖിലിന് വാക്ക് കൊടുത്തിട്ടാണ് വക്കീലാ ഫോൺ കോൾ കട്ട് ചെയ്തത്..

                               💜💜

ആന്റി കൂടി വരുന്നോ? “
പോകാനിറങ്ങും മുന്നേ ലിസിയോടായി മിത്ര  വീണ്ടും ചോദിച്ചു.

“ഞാനില്ല കൊച്ചേ. നീ പോയിട്ട് വൈകുന്നേരം വരില്ലേ..”
അവരവളുടെ കവിളിൽ തട്ടി കൊണ്ട് ചോദിച്ചു.

“മിക്കവാറും വരും ആന്റി.. നാളെ അഡ്മിഷന്റെ കാര്യം ശരിയാക്കാൻ കോളേജ് വരെയൊന്ന് പോണം..”
മിത്ര ഹെൽമെറ്റുമായി…പുറത്തേക്കിറങ്ങി.

“ഇതൊക്കെ നിനക് നിന്റെ പപ്പയോടു പറഞ്ഞൂടെ. ഡെന്നിച്ചന്റെ ഒരു ഫോൺ കോൾ മതിയല്ലോ..”
ലിസി മിത്രയേ നോക്കി..

“എന്തിനാ ലിസിയാന്റി വെറുതെ പപ്പയെ ബുദ്ധിമുട്ടിക്കുന്നത്. അല്ലെങ്കിൽ തന്നെ ഓഫീസിൽ ഒരുപാട് ജോലിയുണ്ട്.
അതിനിടയിൽ ഇത് പോലുള്ള സില്ലി മാറ്റേഴ്സ് കൂടി പറഞ്ഞിട്ട്..ഇത്
ഞാനൊന്ന് ചെയ്തു നോക്കട്ടെ.. ന്നേ”
മിത്രയവരുടെ നേരെ നോക്കിയൊന്ന് കണ്ണ് ചിമ്മി കാണിച്ചു.

“മ്മ്… നിന്റെ ഇഷ്ടം പോലൊക്കെ ചെയ്യ്..”
ലിസിയുടെ ശബ്ദത്തിൽ വാത്സല്യമാണ്.
മുൻപും അവരങ്ങനെ തന്നെയാണ്.
വളർത്തി വലുതാക്കിയെന്നുള്ള കണക്ക് സൂക്ഷിച്ചു വെച്ചിട്ട് അതിന്റെ പേരിൽ സ്വന്തം തീരുമാനങ്ങളും അഭിപ്രായങ്ങളും അവൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ അവർക്ക് താല്പര്യമില്ല.

മിത്രയുടെ ഇഷ്ടമെന്താണോ അതിനൊപ്പം നിൽക്കാനാണ് എന്നും അവർക്കിഷ്ട്ടം.
ഇത്രയും കാലമായിട്ടും അതിനൊരു മാറ്റവുമില്ലാതെ തുടരുന്നു.
പത്താം ക്‌ളാസിന് ശേഷം പുറത്ത് പോയി പഠിക്കാൻ മിത്ര താല്പര്യം കാണിച്ചപ്പോൾ നിനക്കാതാണ് ഇഷ്ടമെങ്കിൽ നീ പോയി പഠിച്ചിട്ട് വാ എന്ന് പറഞ്ഞു അനുഗ്രഹിച്ചു വിട്ടതാണ്.
തിരികെ വരാൻ ഒരുവിധത്തിലും അവളെ ഫോഴ്സ് ചെയ്തതുമില്ല.

മിത്ര ഉദ്ദേശിച്ചത് പോലെ.. പഠനം കഴിഞ്ഞു തിരിച്ചു വരും വരെയും ഒരു സ്ട്രോങ്ങ്‌ സപ്പോർട്ട് പോലെ അദൃശ്യസാന്നിധ്യമായി അവൾക്കൊപ്പം അവരുമുണ്ടായിരുന്നു.

തിരികെ വന്നിട്ട് ഇനിയും പഠിക്കാൻ തന്നെയാണ് തീരുമാനമെന്ന് അവള് പറയുമ്പോൾ അതും സന്തോഷത്തോടെ അംഗീകരിച്ചു കൊടുത്തു..

അവർക്കവളുടെ സന്തോഷമായിരുന്നു പ്രാധാന്യം..

തന്റെ അമ്മ ജീവിച്ചിരുന്നെങ്കിൽ.. എന്നൊരു ചിന്തയൊരിക്കലും മിത്രക്ക് വരാത്തത് പോലെ അവരവൾക്ക് ആന്റിയായി..

“പോയിട്ട് വരാം ആന്റി…”
സ്കൂട്ടി സ്റ്റാർട്ട് ചെയ്തു കൊണ്ട് മിത്ര കൈ വീശി കാണിച്ചു..

                                 💜💜

ഭയന്നത് പോലെ തന്നെ..
എത്രയും പെട്ടന്ന് ഓപ്പറേഷൻ വേണം..
അത് പക്ഷേ അവിടെയില്ല.
മറ്റൊരു ഹോസ്പിറ്റലിലേക്ക് റഫർ ചെയ്തിട്ടുണ്ട്.
അത് വരെയും വെന്റിലേറ്ററിൽ കിടത്തും..
ഓപ്പറേഷൻ ചെയ്യാൻ വൈകുന്ന ഓരോ നിമിഷവും മല്ലിയുടെ ജീവൻ തിരികെ പിടിക്കാനും  ജീവിതത്തിലേക്ക് തിരിച്ചു വരാനുമുള്ള സാധ്യത അങ്ങേയറ്റം കുറയുമെന്ന് കൂടി ഡോക്ടർ പറയുമ്പോൾ മല്ലിക്കൊപ്പം അത് കേട്ട് നിൽക്കുന്ന വിശ്വക്കും മുരുകനും ശാന്തി ചേച്ചിക്കും ഷെൽവണ്ണനും കൂടി ശ്വാസം മുട്ടി പിടഞ്ഞു..

“വൈകുന്നേരത്തിനുള്ളിൽ തീരുമാനം പറയാമെന്നു പറഞ്ഞിട്ട് മരവിച്ചത് പോലെ ഡോക്ടർ ക്ക് മുന്നിൽ നിന്നവരെ അവൻ തന്നെയാണ് പുറത്തേക്ക് കൊണ്ട് വന്നത്.

തത്കാല പ്രതിവിധിയെന്ന പോലെ അവർ വെച്ചു കൊടുത്ത ഒക്സിജൻ മാസ്ക്.. എന്നിട്ടും അപ്പോഴും മല്ലിക്ക് ശ്വാസമെടുക്കാൻ കഴിയുന്നില്ല.

സർക്കാർ ആശുപത്രിയിലെ എല്ലാ പരിമിതികളും അവിടുണ്ട്..

കണ്മുന്നിൽ പ്രാണ വായുവിന് വേണ്ടി പിടയുന്ന മല്ലിയെ കണ്ടിട്ടും ഇതത്ര കണ്ടിട്ടുണ്ട് എന്നൊരു ഭാവം..

പനിച്ചു വിറച്ചു കിടക്കുന്ന ഏതോ ഒരു രോഗിയുടെ കിടക്കയിൽ  ഒരു മൂലയിൽ ഭയനീയമായൊരു നോട്ടത്തോടെ മല്ലി കിടക്കുന്നുണ്ട്..

വെറും നിലത്തേക്ക് മുട്ട്കുത്തിയിരുന്നിട്ട് കരഞ്ഞു കൊണ്ട് തന്നെ ശാന്തി ചേച്ചി മല്ലിയുടെ നെഞ്ചിൽ തടവി കൊടുക്കുന്നു.

നിശബ്‍ദമായൊരു കരച്ചിൽ ഒതുക്കി പിടിച്ചു കൊണ്ട് അത് നോക്കി നിൽക്കുന്ന ഷെൽവണ്ണന്റെ കണ്ണുകളിൽ തീരാ വേദന കല്ലിച്ചു കിടപ്പുണ്ട്..
“ആള് കൂടി നിന്നിട്ട് ബുദ്ധിമുട്ടുണ്ടാക്കാതെ ഒരാള് നിന്നിട്ട് ബാക്കിയുള്ളവര് പുറത്തോട്ടിറങ്ങിയേ എന്നുള്ള ഉറക്കെയുള്ള പറച്ചില്..

എല്ലാം കൂടി കണ്ടിട്ട് വിശ്വാക്ക് തല പെരുത്തു.

നെഞ്ച് കനത്തു..
മുരുകനെയും വലിച്ചു കൊണ്ടവൻ പുറത്തേക്ക് ചെന്നിട്ടൊരു തൂണിൽ ചാരി നിന്നു.
അവരെ പോലെ പ്രിയ പെട്ടവരുടെ വേദനയിൽ ഉരുകി അവർക്കടുത്തു നിൽക്കാൻ കൂടിയുള്ള അവകാശം നിഷേധിച്ചു കൊണ്ട് പുറത്താക്കിയ കുറേ പേരുണ്ടവിടെ..

“ഇനിയിങ്ങനെ ഇട്ട് വേദനിപ്പിക്കാതെ അവളെയൊന്ന് കൊന്ന് തരാൻ ഡോക്ടറെ കണ്ടോന്ന് പറയുമോ വിശ്വാ നീ…”
തൊട്ടരികിൽ നിൽക്കുന്ന മുരുകന്റെ ശൂന്യത നിറഞ്ഞ പറച്ചില്.
പൊള്ളിയത് പോലെ വിശ്വായൊന്നു പിടഞ്ഞു..

‘നാറി..പോക്രിത്തരം പറഞ്ഞ  കൊല്ലും നിന്നെ ഞാൻ… “വിശ്വാ മുരുകന്റെ ഷർട്ടിന് കുത്തി പിടിച്ചു കൊണ്ട് ശബ്ദം കുറച്ചു ചീറി..

“അല്ലാതെ പിന്നെ ഞാൻ.. ഞാനെന്ത് പറയണം.. എനിക്ക്.. എനിക്കത് കാണാൻ വയ്യെടാ..
ഇന്ന് വൈകുന്നേരത്തിനുള്ളിൽ ഇനിയൊരു മാജിക്കും നടക്കില്ലെന്നുള്ളത് എന്നേ പോലെ തന്നെ നിനക്കും അറിയാമല്ലോ..

ഇന്നല്ല.. ഇനിയൊരാഴ്ച കിട്ടിയാലും നമ്മളെ കൊണ്ടൊന്നിനും കയ്യില്ലെടാ.ഇത് പോലൊരു നശിച്ച ജീവിതത്തിൽ നിന്നും അവളെങ്കിലും രക്ഷപ്പെട്ടു പോട്ടെ വിശ്വാ..
അവളുടെ വേദന കാണണ്ടല്ലോ..”

മുരുകന്റെ കണ്ണുകൾ ചുവന്നു..
ചുണ്ടുകൾ വിറച്ചു..
പക്ഷേ കരഞ്ഞില്ലവൻ..
എപ്പോഴും കാണുന്നോരു നേർത്ത ചിരി കൊണ്ടാ നോവിനെ മറച്ചു പിടിച്ചു..

“ഇങ്ങനൊന്നും പറയാതെടാ മുരുകാ..”
വിശ്വായുടെ കൈകൾ മുരുകന്റെ കൈ തണ്ടയിൽ മുറുകി..

പിന്നെ അവനൊന്നും മിണ്ടിയില്ല.
പക്ഷേ നോട്ടം മല്ലിയുടെ നേരെ തന്നെയാണ്.

അത് കാണാൻ വയ്യെന്നത് പോലെ വിശ്വാ മുഖം കുനിച്ചു.
അതിനിടയിൽ കോളനിയിൽ നിന്നും വിവരങ്ങൾ അറിയാൻ ആരൊക്കെയോ വിളിക്കുന്നുണ്ട്.
അവരോടെല്ലാം വിശ്വായാണ് മറുപടി പറയുന്നത്..

മുരുകൻ അതൊന്നും ശ്രദ്ധിക്കാതെ മല്ലിയുടെ നേരെ തന്നെ നോക്കി ഒരേ യിരിപ്പാണ്.
നേരമങ്ങനെ വേദന തീർത്തു കൊണ്ടോടി പോകുന്നുണ്ട്.

ഉച്ചവരെയും കാത്തിട്ടും മല്ലിക്കൊരു ആശ്വാസവുമില്ല.
ഡോക്ടറോട് പറഞ്ഞ സമയപരിധി തീരാൻ വെറും രണ്ടോ മൂന്നോ മണിക്കൂറുകൾ മാത്രം ബാക്കി..
“പറഞ്ഞ സമയത്തിനുളിൽ ഒന്നും ചെയ്തില്ലെങ്കിൽ രോഗിക്ക് എന്ത് സംഭവിച്ചാലും താൻ ഉത്തരവാദിയായിരിക്കില്ലെന്ന് ഡോക്ടർ മുൻകൂട്ടി തന്നെ പറഞ്ഞു കൊണ്ട് സ്വയം രക്ഷപ്പെട്ടു പോകാനുള്ള പഴുതുണ്ടാക്കി വെച്ചിട്ടുണ്ട്.

രാവിലെ വിശ്വാ പോയി വാങ്ങിച്ചു കൊണ്ട് കൊടുത്ത ഓരോ ഗ്ലാസ് ചായ മാത്രമായിരുന്നു അന്നുള്ള അവരുടെ ആകെ ഭക്ഷണം.
പക്ഷേ വിശപ്പോ ദാഹമോ അറിയാത്ത വിധം മുന്നിലെ വാ പിളർന്നു നിൽക്കുന്ന പ്രതിസന്ധി അവരെ അപ്പാടെ വിഴുങ്ങി കളഞ്ഞിരിക്കുന്നു..

“നീ.. നീയാ വക്കീലിനെയൊന്നു വിളിച്ചേ മുരുകാ…”

അടുത്തും നിന്നുമുള്ള വിശ്വായുടെ മുറുക്കമുള്ള സ്വരം..

മുരുകൻ അവനെ പകച്ചു നോക്കി…

തുടരും…

3 comments

  1. അടുത്ത പാർട്ട്‌ ഉണ്ടാവില്ലേ ❤️കാത്തിരിക്കും 🥰🥰👍

Leave a Reply

Your email address will not be published. Required fields are marked *