റൗഡി ചെക്കനും മാലാഖ പെണ്ണും – പാർട്ട് 1

രചന ..ആസിയ പൊന്നൂസ്

ഭാഗം 01

“അമ്മേടെ മരുന്ന്….
വല്യമ്മേടെ കുഴമ്പ് ….
മാളൂന്റെ ഗൈഡ്…..
അമ്മു ചേച്ചിടെ ലിപ്സ്റ്റിക്ക്…..
പിന്നെന്തായിരുന്നു …..
ആഹ് വീട്ടുസാധനങ്ങൾ…. അത് ബസ് ഇറങ്ങി കുമാരേട്ടന്റെ കടയിൽ നിന്ന് വാങ്ങാം…..”സിറ്റിയിൽ നിന്ന് വാങ്ങിയ സാധനങ്ങൾ എല്ലാം ഉണ്ടോന്ന് നോക്കി ഉറപ്പ് വരുത്തിയ ശേഷം പലചരക്ക് സാധനങ്ങളുടെ ലിസ്റ്റ് എടുത്ത് കൈയിൽ പിടിച്ചുകൊണ്ടു രുദ്ര സീറ്റിൽ നിന്ന് എണീറ്റു…..

സ്റ്റോപ്പിൽ എത്തിയതും ധൃതിയിൽ ബസിൽ നിന്ന് ചാടി ഇറങ്ങി അങ്ങാടിയിലേക്ക് നടന്നവൾ…..

കുമാരേട്ടന്റെ കടയിൽ കയറി ലിസ്റ്റ് കൊടുത്ത ശേഷം പോയി ഇരുന്നൂറ്‌ രൂപക്ക് മത്തി വാങ്ങി കൈയിൽ പിടിച്ചു….

തിരികെ കുമാരേട്ടന്റെ കടയിൽ എത്തുമ്പോൾ സാധനങ്ങൾ എടുത്തു തീർന്നിട്ടില്ല …..

“ഇന്ന് നേരത്തെയാണല്ലോ കൊച്ചേ….?” അയാൾ സാധനങ്ങൾ എടുക്കുന്നതിനിടയിൽ ചിരിയോടെ തിരക്കി…..

“നേരത്തെ ഇറങ്ങി…..
മാളൂന് പനിക്കുന്നുണ്ടെന്ന് പറഞ്ഞ് ഉച്ചക്ക് സ്‌കൂളീന്ന് വിളിച്ചിരുന്നു…..
അമ്മ തൊഴിലുറപ്പിന് പോയിരിക്കുവാ…..
അമ്മു ചേച്ചി അവളെ കൂട്ടാൻ പോയിട്ടുണ്ട്….” അവൾ മറുപടിയായി ഇങ്ങനെ പറഞ്ഞു…..

“വെച്ചോണ്ട് ഇരിക്കണ്ട കൊച്ചേ….
ഇപ്പഴത്തെ പനിയാ…..
ഒന്ന് കൊണ്ട് പോയി ആസ്പത്രീല് കാണിക്ക് ……” കുമാരൻ അവളെ ഉപദേശിച്ചു…..

അമ്മമ്മയുടെ അകന്നൊരു ബന്ധുവാണ് കട നടത്തുന്ന കുമാരേട്ടൻ…..

“അതിന് വേണ്ടിയാ കുമാരേട്ടാ ഞാൻ ഹാഫ് ഡേ ലീവാക്കി ഇങ് പോന്നത് ……
സാധനങ്ങൾ എടുത്തു വെക്കാൻ താമസം ഉണ്ടോ കുമാരേട്ടാ…..?” അവൾ ധൃതി പിടിച്ചു ചോദിച്ചതും

“ഇല്ല കൊച്ചേ ഇതിപ്പോ കഴിയും….
ടാ മണിയാ ഇതൊക്കെ ഒന്ന് എളുപ്പം എടുത്തു വെച്ചേ….”എന്ന് പറഞ്ഞു അയാൾ സഹായിയെ കൂടി വിളിച്ചു….

തൊട്ടടുത്തു തന്നെ കുമാരേട്ടന് ഒരു ചായക്കട കൂടിയുണ്ട് ….
അത് രാവിലെയും വൈകിട്ടും മാത്രമാണ് തുറന്ന് വെക്കുക….
ആ സമയം കുമാരേട്ടന്റെ ഭാര്യ ശ്യാമളചേച്ചിയും കൂടി വരും സഹായിക്കാൻ…..

“ഉമേടെ മോൾക്ക് പണിയൊന്നും ആയില്ലേ കൊച്ചേ…. ” കുമാരേട്ടൻ തിരക്കി….
രുദ്ര ഇല്ലെന്ന് വിലങ്ങനെ തലയാട്ടി….
രുദ്രയുടെ വല്യമ്മയാണ് ഈ പറഞ്ഞ ഉമ….

“മോളെക്കാളും മൂന്നാല് വയസ്സിനു മൂത്തതല്ലേ ആ പെണ്ണ്…..
ഏതാണ്ടൊക്കെ പഠിക്കാൻ പോയതുമല്ലേ…..
എന്നിട്ടും ജോലി ഒന്നും ആയില്ലേ….?” അയാൾ വീണ്ടും ചോദിച്ചു….

“ഇല്ല കുമാരേട്ടാ…..” അവൾ മെല്ലെ മറുപടി പറഞ്ഞു…..

“വെറുതെ ഇരുന്ന് തിന്ന് അമ്മയെ പോലെ മോൾക്കും സുഖിച്ചിട്ടുണ്ടാവും…..
ഇടയ്ക്കിടെ കെട്ടിയൊരുങ്ങി ഇതിലൂടെ പോകുന്ന കാണാം…
ഞാൻ ഓർത്തു വല്ല ജോലിക്കും പോകുവാന്ന്…..

മുഖത്ത് പുട്ടിയും തേച്ചു ചെത്തി നടക്കുന്നത് മോളും മോളുടെ അമ്മയും കിടന്ന് ചക്രശ്വാസം വലിച്ചു ഉണ്ടാക്കുന്ന പൈസക്ക് ആണല്ലോന്ന് ഓർക്കുമ്പഴാ എനിക്ക് …..”കുമാരൻ പല്ല് കടിച്ചു….
രുദ്ര ഒന്നും മിണ്ടിയില്ല …..

“നിങ്ങള് കൊടുക്കാൻ നിന്നിട്ടാ അവര് നിങ്ങളെ മുതലാക്കുന്നെ …..
പതിനേഴാം വയസ്സിൽ പഠിപ്പ് നിർത്തി പണിക്ക് ഇറങ്ങിയതല്ലേ കൊച്ചേ നീ….

തുണിക്കടയിൽ നിന്നിട്ടായാലും നിന്നെക്കൊണ്ട് ആവുമ്പോലെ കുടുംബം നോക്കുന്നില്ലേ….
നിന്നെപ്പോലെ അല്ലേ അവളും….
അമ്മയെ പോലെ കൂടെപ്പിറപ്പിന്റെ ചിലവിൽ തിന്ന് കുടിച്ച് ഇരിക്കാതെ പണിക്ക് പോകാൻ പറയണം …..” എന്ന് രോഷത്തോടെ പറയുമ്പോഴും അവൾ ഒന്നും മിണ്ടിയില്ല …..

കൂടുതൽ സംസാരത്തിനു നിൽക്കാതെ അവൾ സാധങ്ങളൊക്കെ വാങ്ങി കാശും കൊടുത്ത് അവിടുന്ന് ഇറങ്ങി….

ഒരു മാസത്തേക്കുള്ള സാധനങ്ങൾ ഉണ്ട്….
വീട് വരെ ഇതെല്ലാം എടുത്ത് നടക്കുന്നത് പ്രയാസമായത് കൊണ്ട് ഒരു ഓട്ടോ വിളിച്ചാണ് അവള് വീട്ടിലേക്ക് പോയത് ….

വീട്ടു മുറ്റത്ത് ഓട്ടോ ചെന്ന് നിന്നപ്പോഴേ വല്യമ്മ ഉമ പുറത്തേക്ക് ഇറങ്ങി വന്നു…..
അവൾ സാധനങ്ങൾ എടുത്ത് തിണ്ണയിലേക്ക് വെച്ച് ഓട്ടോ കൂലി കൊടുത്ത് അയാളെ പറഞ്ഞു വിട്ടു…..

“പറഞ്ഞത് വാങ്ങിച്ചോടി…..” ഓടി വന്നവർ തിരക്കി…..
അവൾ ഷോപ്പറിൽ നിന്ന് കുഴമ്പ് എടുത്തു ഉമക്ക് നേരെ നീട്ടുകയും ചെയ്തു…..

“അയ്യേ ഇതോ….
നിന്നോട് ഞാനൊരു എട്ട് പിടി മാല വാങ്ങാൻ പറഞ്ഞത് നീ മറന്നോ…..
നാളെ കഴിഞ്ഞു കുടുംബശ്രീയിലെ രാജീടെ മോളുടെ കല്യാണമാ…..
അതിനിടാൻ വേണ്ടിയാ നിന്നോടൊരു മാല വാങ്ങാൻ പറഞ്ഞത്…..” നിരാശയോടെ ഉമ പറഞ്ഞതും രുദ്ര നെറ്റിക്ക് കൈ കൊടുത്തു….

“എനിക്കത് വിട്ട് പോയി വല്യമ്മേ…..”അവൾ വല്ലായ്മയോടെ പറഞ്ഞതും ഉമയുടെ മുഖം വീർത്തു…..

“നാളെ എന്തായാലും വരുമ്പോ വാങ്ങിക്കൊണ്ട് വരാം…..” അവൾ ഉറപ്പ് കൊടുത്തു….

“അതോ നീയിനി നാളെയും മറക്കുവോ….
സ്വർണം ഒന്നും അല്ലല്ലോ വാങ്ങാൻ പറഞ്ഞത്….
വരവല്ലേ…..” ഉമ പിണക്കത്തോടെ പറഞ്ഞതും വാങ്ങി വരാമെന്നു രുദ്ര ഉറപ്പ് കൊടുത്തു….

“അവളെവിടെ വല്യമ്മേ….
പനി എങ്ങനെയുണ്ട്…?” രുദ്ര തിരക്കി….

“അവൾ അകത്തുണ്ട്…
പിന്നേ….
എന്റെയൊരു ബ്ലൗസും അമ്മൂന്റെ ഒരു ചുരിദാറും നമ്മുടെ ജാനൂന്റെ മോളുടെ കൈയിൽ തയ്ക്കാൻ കൊടുത്തിട്ടുണ്ട്….
അതൊന്ന് വാങ്ങണേ നാളെ തന്നെ…..” ഉമ പറഞ്ഞത് കേട്ട് രുദ്രയൊന്ന് തലയിളക്കി…..

“ആ പെണ്ണിനെ പിഴിഞ്ഞതൊന്നും പോരെ ഉമേച്ചി….”ഒക്കെ കേട്ടുകൊണ്ട് വന്ന അയല്പക്കത്തെ സിമിത ചിരിയോടെ ചോദിച്ചു….

ഉമ അവരെ തുറിച്ചു നോക്കി…..

“ഞാൻ എന്ത് പിഴിഞ്ഞെന്നാ….?” ഉമ നീരസത്തോടെ ചോദിച്ചു…..

“ഒന്നുല്ലേ….
പന്ത്രണ്ടാം ക്ലാസ് പൊട്ടിയ ചേച്ചീടെ മോളെ എങ്ങനെയൊക്കെ എഴുതി എടുപ്പിച്ചു പൈസ കെട്ടി വെച്ച് ഡിഗ്രിക്ക് കൊണ്ട് പോയി ചേർത്തില്ലേ ഇവള്…..

മൂന്ന് കൊല്ലം മുടങ്ങാതെ സെം ഫീസ് ഇവളല്ലേ അടച്ചോണ്ടിരുന്നത്…..
ഇവളുടെ പൈസ പോയതല്ലാതെ ഒരു പേപ്പർ എങ്കിലും അവള് എഴുത്തി എടുത്തോ….
ഇല്ലല്ലോ….

എന്തായാലും പഠിച്ചു ജയിച്ചു ഒരു ജോലി വാങ്ങാൻ അവളെക്കൊണ്ട് പറ്റില്ല….
അതുകൊണ്ട് കിട്ടുന്ന ജോലിക്ക് വല്ലതും പോകാൻ പറയ് അവളോട്….
ഈ കുടുംബം നോക്കാൻ നിങ്ങൾക്ക് രണ്ടാൾക്കും ആണ്പിള്ളേരോ ഇല്ല….

അപ്പൊ ഇവളെപ്പോലെ അമ്മൂനെയും ഇതുപോലെ വല്ല ജോലിക്കും ശ്രമിക്കാൻ പറയ്…..”സിമിത നല്ല അർത്ഥത്തിലാണ് ഉമയെ ഉപദേശിച്ചത്…..

“ഓ നിന്റെ മോള് വലിയ പഠിത്തക്കാരി ആയോണ്ടുള്ള അഹങ്കാരം ആയിരിക്കും….
ആ കഞ്ചാവ് ജിഷിനെ പ്രേമിച്ചു വശത്താക്കിയിട്ട് അവനെ തേച്ചിട്ട് നാടുവിട്ടു പോയ പുണ്യാളത്തി തന്നല്ലോ നിന്റെ മോള്….
കൂടുതൽ നെഗളിക്കല്ലേ…..”ഉമ പരിഹസിച്ചു….

അത് സിമിതക്ക് തീരെ പിടിച്ചില്ല …..
അവർ മറുപടി പറയാതെ രുദ്രക്ക് നേരെ തിരിഞ്ഞു….

“ദേ കൊച്ചേ…..
കൊടുക്കുന്നവർ എന്നും കൊടുത്തോണ്ടിരിക്കും….
വാങ്ങിക്കുന്നവർ എന്നും വാങ്ങിച്ചോണ്ടിരിക്കും…..
അത് വെറുതെ പറയുന്നയല്ല …

ഇതുപോലുള്ളതിനൊക്കെ കൊടുത്തോണ്ടിരുന്നാൽ നിനക്ക് കൊടുക്കാനെ സമയം കാണൂ……
അമ്മയും മോളും കൂടി പിഴിഞ്ഞ് പിഴിഞ്ഞ് അവസാനം അവരുടെ കാര്യം നോക്കി അങ്ങ് പോകും…
ഈ കൊടുത്തതിനൊന്നും ഒരു കണക്കും കാണത്തുമില്ല….
അതുകൊണ്ട് സ്വന്തം കാര്യം നോക്കി ജീവിക്കാൻ നോക്ക് …..” സിമിത രുദ്രയെ ഉപദേശിച്ചു…..

“പിഴിയുമെടി….
ഇനിയും പിഴിയും….
അതിനുള്ള അവകാശം ഞങ്ങൾക്ക് ഒണ്ട് ….
തന്തയും തള്ളയും ഇല്ലാതെ എവിടെയോ പട്ടിണി കിടന്ന് ചാവേണ്ടിയിരുന്ന ഇവളെ കൂട്ടിക്കൊണ്ട് വന്ന് ഉണ്ണാനും ഉടുക്കാനും കൊടുത്ത് വളർത്തിയത് എന്റെ അനിയത്തിയാ…..

ഇത്രയും വളർത്തി വലുതാക്കിയതിനു അവളിനി ഇങ്ങോട്ട് എത്ര തന്നാലും മതിയാവില്ല….
ഹും…..”എന്ന് പറഞ്ഞു സ്നാക്ക്സ് ഇരിക്കുന്ന ഷോപ്പർ മാത്രം തിരഞ്ഞു പിടിച്ചു എടുത്തു കൊണ്ട് ഉമ അകത്തേക്ക് കയറിപ്പോയി…..

ആ വാചകങ്ങളിൽ മനസ്സ് നീറിയെങ്കിലും അരികിൽ നിൽക്കുന്ന സിമിതക്ക് മുന്നിൽ അത് പ്രകടിപ്പിക്കാതെ അവൾ ഒന്ന് ചിരിച്ചെന്ന് വരുത്തി …..

“നാക്കിനു എല്ലില്ലാത്ത അവര് പലതും പറയും…..
നീയത് കാര്യമാക്കണ്ട കൊച്ചേ…..” സിമിത രുദ്രയുടെ തലയിൽ തഴുകി പറഞ്ഞു….

വരണ്ടൊരു പുഞ്ചിരി ആയിരുന്നു അവളുടെ മറുപടി…..

“എങ്ങനെ ജീവിക്കേണ്ട കുട്ടിയായിരുന്നു നീ …..
മീര വിളിക്കുമ്പോ നിന്റെ കാര്യം പറയാനേ ഞങ്ങൾക്ക് നേരമുള്ളൂ …..
തുണിക്കടയിലെ ജോലിയും രാവിലെയും വൈകിട്ടുമുള്ള ട്യൂഷനും….
ഉഷയും അങ്ങനെ തന്നെ….
നിന്നെ സഹായിക്കാൻ വേണ്ടിയാ വയ്യാതിരുന്നിട്ടും അവള് പണിക്ക് പോകുന്നെ….

മോൾക്ക് മോളുടെ വീട്ടുകാരെ ആരെയെങ്കിലും ഒന്ന് കണ്ട് പിടിക്കാൻ ശ്രമിച്ചൂടെ…..
അച്ഛൻ മാത്രമല്ലേ മരിച്ചുള്ളൂ….
അമ്മയുണ്ടല്ലോ….
ഒന്ന് പോയി കണ്ടൂടെ …..?” സ്നേഹത്തോടെ സിമിത പറയുമ്പോൾ അവൾ ഒന്ന് ചിരിച്ചെന്ന് വരുത്തി…..

“എന്റെ അമ്മ ഇവിടെയല്ലേ സിമിച്ചേച്ചി…..
ഇതല്ലേ എന്റെ കുടുംബം….
ഉപേക്ഷിച്ചു പോയവരൊക്കെ പൊയ്ക്കോട്ടേ ചേച്ചി….” എന്ന് പറയുമ്പോൾ അവളുടെ മനസ്സിൽ ഉഷ എപ്പോഴോ പറഞ്ഞറിഞ്ഞ കാര്യങ്ങളായിരുന്നു …..

ഉഷ പണ്ടെങ്ങോ ജോലിക്ക് നിന്ന വീട്ടിലെ ഡോക്ടറുടെ കുട്ടി ആയിരുന്നത്രെ ശ്രീരുദ്ര എന്ന രുദ്ര….
കുട്ടിയെന്നു പറഞ്ഞാൽ സ്വന്തം കുട്ടിയല്ല….
എട്ട് വർഷങ്ങളായി കുട്ടികൾ ഇല്ലാതിരുന്ന ഡോക്ടർ സിദ്ധാർഥനും ഭാര്യ ഭൗമിയും കൂടി ആരിൽ നിന്നോ ദത്തെടുത്ത കുട്ടി ആയിരുന്നു രുദ്ര…..

ഭൗമിക്ക് കുട്ടിയെ അഡോപ്റ്റ് ചെയ്യുന്നതിനോട് താല്പര്യം ഇല്ലായിരുന്നു…..
അതുകൊണ്ട് തന്നെ രുദ്രയെ അവർക്ക് ഇഷ്ടമേ അല്ലായിരുന്നു ……
രുദ്രയെ സ്നേഹിക്കുക പോയിട്ട് അവളുടെ ഒരു കാര്യങ്ങളും ചെയ്ത് കൊടുക്കില്ലായിരുന്നു…..

കുഞ്ഞിനെ ജീവനായിരുന്ന സിദ്ധാർഥൻ ഭൗമിയെ കൺവിൻസ് ചെയ്യാൻ ഒരുപാട് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല…..

അങ്ങനെയാണ് കുഞ്ഞിനെ നോക്കാൻ ഉഷയെ സിദ്ധാർത്ഥൻ ഏർപ്പാട് ചെയ്യുന്നത്…..

രുദ്രക്ക് 6 വയസ്സ് ഉള്ളപ്പോഴാണ് സിദ്ധാർഥൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്നത്…..
ഭൗമിക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടായിരുന്നു ….
അത് നാട്ടുകാർ അറിഞ്ഞപ്പോഴാണ് സിദ്ധാർഥനും അറിയുന്നത്….

ഒരു കുഞ്ഞിനെ കൊടുക്കാനുള്ള കഴിവ് തനിക്ക് ഇല്ലാത്തതാണ് തന്നെ ചതിക്കാനുള്ള കാരണമായി ഭൗമി ആരോപിച്ചത്….
അതോടെ അപമാനം താങ്ങാനാവാതെ സിദ്ധാർഥൻ ആത്മഹത്യ ചെയ്തു…..

ഭൗമി സിദ്ധാർഥന്റെ വീടും ബാങ്ക് ബാലൻസ് ഒക്കെ കൈക്കലാക്കി കാമുകനൊപ്പം ജീവിതവും തുടങ്ങി….

അതോടെ സിദ്ധാർഥന്റെ വീട്ടുകാരും രുദ്രയെ കൈ ഒഴിഞ്ഞു….
പക്ഷേ ഉഷക്കതിനു മനസ്സ് വന്നില്ല…..
നാടിനു വേണ്ടി ജീവൻ വെടിഞ്ഞ ഒരു പട്ടാളക്കാരന്റെ ഭാര്യ ആയിരുന്നു ഉഷ….

അച്ഛനില്ലാത്ത സ്വന്തം കുഞ്ഞിന്റെ വിശപ്പ് മാറ്റാൻ രുദ്രയെന്ന കുഞ്ഞിനെ നോക്കാൻ വന്ന,
ഉഷയെന്ന വെറുമൊരു ആയ പതിയെ പതിയെ രുദ്രയുടെ അമ്മയായി മാറുക തന്നെയായിരുന്നു…..

അതുകൊണ്ടാണ് മുഴു പട്ടിണി ആയിരുന്നിട്ടും ബന്ധുക്കൾ കൈ ഒഴിഞ്ഞ രുദ്രയെ ഉഷ കൂടെ കൂട്ടിയത്…..

സിദ്ധാർഥൻ മരിച്ച വിവരം പിന്നീട് എപ്പോഴോ അറിഞ്ഞു സിദ്ധാർഥന്റെ ഒരു സുഹൃത്ത് രുദ്രയെ ഏറ്റെടുക്കാനായി വന്നിരുന്നു…..

ഒരു അഡ്വക്കേറ്റ്…..
അയാൾ വഴിയാണ് സിദ്ധാർഥൻ രുദ്രയെ അഡോപ്റ്റ് ചെയ്തതെന്നും കുഞ്ഞിനെ തിരികെ കൂട്ടിക്കൊണ്ട് പോകാൻ വന്നതാണെന്നും പറഞ്ഞപ്പോൾ മടക്കി അയക്കുകയാണ് ഉഷ ചെയ്തത്…..

പക്ഷേ രുദ്രയെ കാണാനായി ഇടയ്ക്കിടെ ആ വരവ് തുടർന്നപ്പോൾ വരരുതെന്ന് ഉഷ അയാളെ വിലക്കി…..

അതിൽ പിന്നെ അയാൾ വന്നിട്ടില്ല ….
ഇതൊക്കെ അറിവ് വെച്ചതിനു ശേഷം സംഭവിച്ചത് കൊണ്ട് കുറെയൊക്കെ രുദ്രക്ക് നേരിട്ട് അറിയുന്നതാണ്….
കുറച്ചൊക്കെ ഉഷ പറഞ്ഞ അറിവും…..

ഇവരൊക്കെ തന്റെ അച്ഛൻ എന്ന് വിശ്വസിക്കുന്ന ഡോക്ടർ വെറും വളർത്തച്ഛൻ ആണെന്ന് അവൾ തുറന്ന് പറയാനും പോയില്ല ….

തന്റെ രക്തബന്ധങ്ങൾ ആരാണെന്ന് അറിയുകയും ഇല്ല….
അറിയാനുള്ള ആഗ്രഹവും ഇല്ല…..
അമ്മയും മാളുവും ഒത്തുള്ള സന്തോഷമുള്ള ഒരു ജീവിതം….
അതാണ് അവളുടെ സ്വർഗം ….

“ഓരോന്ന് ഓർമിപ്പിച്ചു ഞാൻ മോളെ വിഷമിപ്പിച്ചല്ലേ…..” അവളുടെ ആലോചനയോടെയുള്ള നിൽപ്പ് കണ്ട് സിമിക്കും വിഷമമായി …..

“ഇല്ല സിമിച്ചേച്ചി….
അല്ല എന്താ നമ്മുടെ മീരയുടെ അവസ്ഥ….
വിളിച്ചോ അവള് …..?” അവൾ മുഖത്ത് പ്രസന്നത വരുത്തിക്കൊണ്ട് തിരക്കി…..

“ഹാ ഞാനത് പറയാനാ വന്നത്….
ആ പെണ്ണ് ഇന്ന് വരും….
ബസിലാണെന്നും പറഞ്ഞു ഇപ്പൊ വിളിച്ചതെ ഉള്ളൂ…..” എന്ന് സിമിത പറയുമ്പോൾ രുദ്രയുടെ കണ്ണുകൾ വിടർന്നു…..

“ഏഹ്ഹ്…
സത്യാണോ …..” അവൾ ആവേശത്തോടെ ചോദിച്ചു…..

മീരയും രുദ്രയും ചെറുപ്പം മുതൽ ഒരുമിച്ചു കളിച്ചു വളർന്നവരാണ്….
പഠിച്ചതും ഒരുമിച്ച് തന്നെ…..
ഇപ്പൊ അവൾ ബാംഗ്ലൂരാണ്….
അമ്മാവനൊപ്പം…..

ഒന്ന് നേരിൽ കണ്ടിട്ട് വർഷങ്ങളായി….
ഫോൺ വഴി എന്നും സംസാരിക്കുമെങ്കിലും അവൾ വരുന്നൂ എന്ന് കേട്ടപ്പോൾ അവൾക്കൊന്ന് തുള്ളി ചാടാൻ തോന്നിപോയി…..

അതുവരെ ഉണ്ടായിരുന്ന വിഷമങ്ങൾ ആ ഒറ്റ നിമിഷം കൊണ്ട് ആവിയായി പോയത് പോലെ…..

സിമി യാത്ര പറഞ്ഞ് പോകുമ്പോൾ ചിരിച്ച മുഖത്തോടെ സാധനങ്ങളും എടുത്ത് അവൾ വീടിനുള്ളിലേക്ക് നടന്നു …..

അകത്ത് ചെന്ന് പനിച്ചു കിടക്കുന്നവളെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ കുത്തി പൊക്കി എണീപ്പിക്കുകയാണ് അവളാദ്യം ചെയ്തതും……

•••••••••••••••••••••••••••••••••••••••••••°

“ആഹ് അമ്മേ ഞാൻ ബസിലാ…..
സ്റ്റോപ്പ്‌ എത്താനാവുമ്പോ ഞാൻ വിളിക്കാം…..
അന്നേരം അച്ഛനെ സ്റ്റോപ്പിലോട്ട് പറഞ്ഞു വിട്ടാൽ മതി….

ആഹ് ഞാൻ വിളിക്കാം….
ശരി……” ഫോൺ കാൾ അവസാനിപ്പിച്ചു കൊണ്ട് മീര സീറ്റിൽ ചാരി ഇരുന്ന് ഫോണിൽ തോണ്ടി…..

പഠനം ഒക്കെ കഴിഞ്ഞു ബാംഗ്ലൂർ നഗരത്തോട് യാത്ര പറഞ്ഞ് സ്വന്തം നാട്ടിലേക്ക് തിരികെപ്പോവുകയാണവൾ…..

അമ്മ സിമിതയുടെ അനുജനും കുടുംബവും ബാംഗ്ലൂർ സെറ്റിൽഡാണ്…..
അമ്മാവനൊപ്പമായിരുന്നു താമസവും പഠനവും ഒക്കെ…..

നാട്ടിൽ ഒരു പ്രണയത്തിൽ പെട്ട് ജീവിതം കൈ വിട്ടു പോകുമെന്ന് തോന്നിയപ്പോൾ നാട് കടത്തിയതാണ് മീരയെ അവളുടെ അച്ഛനും അമ്മയും…..
ആകെയുള്ളൊരു പെൺതരിയാണേ…..

സ്കൂൾ കാലം തൊട്ടുള്ള പ്രണയമായിരുന്നു മീരക്ക് ജീഷിനുമായി ….
മീര ആ റിലേഷനിൽ വളരെ സീരിയസ് ആയിരുന്നു….
എന്നാൽ അവനോ….
ശരിക്കുമൊരു ടോക്സിക് കാമുകൻ…..
പോരാത്തതിന് ഡ്രഗ് അഡിക്റ്റും…..

ഒരുവിധത്തിൽ അവനിൽ നിന്ന് രക്ഷപ്പെട്ടു ഓടുകയായിരുന്നു മീര….

അന്ന് പോയവൾ ഇന്നാണ് നാട്ടിൽ തിരികെയെത്തുന്നത്…..
വർഷങ്ങൾ കൊഴിഞ്ഞു പോയിരിക്കുന്നു….
പിജിയും കംപ്ലീറ്റ് ചെയ്ത് തിരികെ വരുമ്പോൾ അവൾ ഒത്തിരി സന്തോഷവതിയായിരുന്നു…..

വർഷങ്ങളായി അമ്മാവനും കുടുംബത്തിനും ഒപ്പമാണ് താമസം….
തന്റെ ചിലവുകളൊക്കെ അച്ഛൻ നോക്കുന്നുണ്ടെങ്കിലും അമ്മായിക്ക് താൻ അവിടെ നിൽക്കുന്നതിൽ തീരെ താല്പര്യം ഇല്ല….

അമ്മാവനെ പേടിച്ചു ഒന്നും പറയില്ലെന്ന് മാത്രം….
ഓരോന്ന് അങ്ങുമിങ്ങും തൊടാതെ പറയുമ്പോഴും സ്വന്തം മക്കളെയും തന്നെയും വേർതിരിച്ചു കാണുമ്പോഴുമൊക്കെ അവിടുന്ന് ഇറങ്ങി പോരാൻ പലപ്പോഴും അവൾക്ക് തോന്നിയിട്ടുണ്ട്…..

നാട്ടിലെ അവസ്ഥയും….
ജീഷിനെക്കുറിച്ചുള്ള ഭയവും….
തന്നെ ഓർത്തുള്ള അച്ഛന്റെയും അമ്മയുടെയുയും ആധിയും ഒക്കെ ഓർത്താണ് സഹിച്ചു നിന്നത്….

ഇന്നാ വീട്ടിൽ നിന്ന് പടി ഇറങ്ങിയപ്പോൾ ഒരിത്തിരി പോലും സങ്കടം തോന്നിയില്ലവൾക്ക്……

ഫോണിൽ ഒരു വീഡിയോ പ്ലേ ആവുന്നുണ്ടെങ്കിലും അവളുടെ മനസ്സ് ബാംഗ്ലൂർ ജീവിതത്തിൽ കുടുങ്ങി കിടക്കുകയായിരുന്നു….

ഓരോന്ന് ഓർത്ത് ഇരുന്നവൾ വിൻഡോയിലൂടെ തഴുകി തലോടി പോകുന്ന തണുത്ത കാറ്റ് ഏറ്റു ഒന്ന് മയങ്ങിപ്പോവുകയും ചെയ്തു…..

കണ്ടക്ടർ വന്ന് വിളിക്കുമ്പോഴാണ് പിന്നവൾക്ക് ബോധം വരുന്നത്….

സ്റ്റോപ്പ്‌ എത്തിയത് കണ്ട് അവൾ തലക്ക് കൈ കൊടുത്തു തന്റെ ട്രാവൽ ബാഗ് ധൃതിയിൽ എടുത്ത് തോളത്തു ഇട്ട് വേഗം ബസിൽ നിന്ന് ചാടി ഇറങ്ങി….

ഫോൺ എടുത്ത് അച്ഛന്റെ നമ്പറിലേക്ക് വിളിക്കുമ്പോഴുണ്ട് നോട്ട് റീച്ചബിൾ…..
മീര തലക്ക് കൈ കൊടുത്തു പോയി….

എന്തൊരു ഉറക്കമായിരുന്നു….
ഉറക്കത്തെ പഴിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് ബസ് സ്റ്റോപ്പിൽ നിന്ന് കുറച്ച് മാറി ഒരു കൂട്ടം പുരുഷന്മാരെ അവളുടെ ശ്രദ്ധയിൽ പെട്ടത്…..

അവൾ ചുറ്റും നോക്കി….
അവർ അഞ്ച് പേരല്ലാതെ മറ്റാരുമില്ലാതെ വിജനമായി കിടക്കുന്ന അങ്ങാടിയിലേക്ക് നോക്കി മീര ഉമിനീരിറക്കി…..

ഇന്ന് വരണമെന്ന് കരുതി ഇരുന്നതല്ല….
ഇന്ന് ഉച്ചക്ക് അമ്മായിയുമായി ഒന്നും രണ്ടും പറഞ്ഞു ഉടക്കി…..
ഉടക്കണമെന്ന് വിചാരിച്ചതല്ല…..
കഴിക്കുന്ന ആഹാരത്തിന് വരെ കണക്ക് പറഞ്ഞപ്പോൾ പ്രതികരിച്ചു പോയി….
അച്ഛൻ അയക്കുന്നതൊന്നും എന്റെ ഫീസിന് പോലും തികയുന്നില്ലത്രേ….

പച്ചക്കള്ളം…..
എന്റെ സകല ചിലവുകൾക്കുമുള്ള കാശ് അമ്മാവൻ വേണ്ടാന്ന് പറഞ്ഞിട്ടും അയച്ചു കൊടുക്കുന്ന അച്ഛനെ ഓർത്തപ്പോൾ പ്രതികരിച്ചു പോയതാണ്….

ഒന്നും രണ്ടും പറഞ്ഞു വഴക്കായി…..
ആ വാശിക്ക് അവിടുന്ന് ഇറങ്ങി പോരുകയും ചെയ്തു…..

അമ്മാവൻ ജോലിക്ക് പോയിരുന്നു…..
നാളെ എന്റെ കൂടെ നാട്ടിലേക്ക് വരാൻ ഇരുന്നതാണ് പാവം….

അന്നേരത്തെ ദേഷ്യത്തിൽ ഇറങ്ങി പുറപ്പെടുകയും ചെയ്തു…..
ഒറ്റക്ക് ബസ് സ്റ്റോപ്പിൽ നിൽക്കേണ്ടി വന്നപ്പോൾ എടുത്തു ചാടി വരേണ്ടിയിരുന്നില്ല എന്നവൾക്ക് തോന്നിപ്പോയി…..

സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ തിരിഞ്ഞിരുന്ന് മദ്യപിക്കുന്നവരെ അവൾ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി…..
ചുറ്റും ഇരുട്ടാണ്….
സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചമല്ലാതെ പ്രകാശത്തിന്റെ കണിക കണി കാണാൻ പോലും ഇല്ലവിടെ….

അകാരണമായൊരു ഭയം അവളെ പിടി കൂടിയപ്പോൾ അവൾ ബസ് സ്റ്റോപ്പിന് ഉള്ളിലേക്ക് കയറി പതുങ്ങി നിന്നു…..

ഒരിക്കൽ കൂടി അച്ഛനെ വിളിച്ചു…..
ഭാഗ്യത്തിന് റിങ് പോയി….
അവൾ വേഗം അടക്കി പിടിച്ച ശബ്ദത്തിൽ ബസ് സ്റ്റോപ്പിൽ ഉണ്ടെന്നും വേഗം വരാനും അച്ഛനോട് ആവശ്യപ്പെട്ടു…..

അടക്കി പിടിച്ച ആ സംസാരം മുള്ളാൻ എണീറ്റ് വന്ന ഒരുവൻ കേൾക്കുന്നുണ്ടായിരുന്നു….
പാന്റ്സിന്റെ സിബ് ഇട്ട് അവൻ ബസ് സ്റ്റോപ്പിനുള്ളിലേക്ക് മൊബൈൽ ഫ്ലാഷ് ഓൺ ആക്കി നോക്കി…..

മീര ഞെട്ടിപ്പോയി….
ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലല്ലോ അവൾ…..

ഫ്ലാഷ് ലൈറ്റ് തെളിച്ചവൻ കുറച്ചധികം നേരം സംശയത്തോടെ അവളെ ഉറ്റുനോക്കി….

“ആഹാ….
ഇതാര് മീരക്കുട്ടിയോ…..
എടാ ജിഷിനെ….
ദേണ്ടെടാ നിന്നെ തേച്ചിട്ട് പോയവള്……” അവൻ ഉറക്കെ വിളിച്ചു പറയുകയും ചെയ്തു….

മീര ശ്വാസമെടുക്കാൻ പോലും മറന്നു നിന്ന നിമിഷം…..
ജിഷിൻ….
ആ പേര് മറവിയിലേക്ക് തള്ളി വിട്ടിട്ട് നാളുകളായി…..
ഭയത്തോടെ മാത്രമേ അവനെ ഓർത്തിട്ടുള്ളൂ….
അതിനൊക്കെ മാറ്റം വന്നത് അവന്റെ വിവാഹവാർത്ത അറിഞ്ഞതിൽ പിന്നെയാണ്…..

പക്ഷേ ഇപ്പൊ അവന്റെ പേര് കേട്ടപ്പോൾ തന്നെ ഭയം കൊണ്ടവളുടെ ശരീരം വിറച്ചു……

“ആഹാ നാട് വിട്ട് പോയ ആ പെണ്ണോ…..?” മദ്യസഭയിലെ ഒരുവൻ കൂടി ആടിയാടി എണീറ്റ് വന്നു…..

“നീയങ്ങു കൊഴുത്തല്ലോടി പെണ്ണെ….
പണ്ട് ഈർക്കിലി പോലിരുന്ന പെണ്ണാ….
ജിഷിനെ നോക്കെടാ നിന്റെ തേപ്പ്കാരിയുടെ ഒരു തുടിപ്പും മിനുപ്പും…..” എണീറ്റ് വന്നവൻ പറഞ്ഞു തീരും മുന്നേ ആർത്തി മൂത്ത കണ്ണും മനസ്സുമായി ജിഷിനും ബാക്കിയുള്ള രണ്ട് പേരും പാഞ്ഞു വന്നു…..

അഞ്ച് പേരും അവളെ വളഞ്ഞു…..
ജിഷിൻ താടി ഉഴിഞ്ഞു കൊണ്ട് അവളെ അടിമുടി ഒന്ന് നോക്കി…..

മീര കിടുകിടാ വിറച്ചു….
അച്ഛൻ ഒന്ന് വന്നിരുന്നെങ്കിൽ….
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…..

“ബാംഗ്ലൂറിൽ എത്ര പേരാടി നിന്നെ വെച്ചോണ്ട് ഇരുന്നത്…..
ആകെ ഒന്ന് കൊഴുത്തിട്ടുണ്ടല്ലോ…..”അവളുടെ മാറിടത്തിലേക്ക് ചൂഴ്ന്ന് നോക്കിക്കൊണ്ടുള്ള ജിഷിന്റെ ചോദ്യം കേട്ട് അറപ്പോടെ അവൾ മുഖം തിരിച്ചു…..

“ഈ കോലത്തിൽ വരുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ കെട്ടാതെ നിന്നെ കാത്തിരുന്നേനെ….
എന്തൊരു ഷേപ്പ് ആടി നിനക്ക്…..” പറഞ്ഞുകൊണ്ട് ജിഷിൻ അവളുടെ ഇടുപ്പിൽ പിടി മുറുക്കിയതും അവനെ തുറിച്ചു നോക്കിക്കൊണ്ട് അവന്റെ നെഞ്ചിൽ പിടിച്ചു ഒറ്റ തള്ള് കൊടുത്തവൾ…..

“കെട്ട് കഴിഞ്ഞെന്ന് പറഞ്ഞു നീ തൊട്ട് നക്കാതെ വിടണ്ടടാ…..
കുറേ നാള് കൊണ്ട് നടന്നതല്ലേ നീയിവളെ ….
അതിന് ഇപ്പോഴെങ്കിലും ഒരു ഉപയോഗം ഉണ്ടാവട്ടെ ….” എന്ന് പറഞ്ഞു കൂട്ടത്തിൽ ഒരുവൻ പൊട്ടി ചിരിച്ചപ്പോൾ മീരക്ക് അലറിക്കരയാൻ തോന്നി….

എത്രയൊക്കെ നാട് പുരോഗമിച്ചു എന്ന് പറഞ്ഞാലും രാത്രി തനിച്ചു പുറത്തിറങ്ങി നടക്കാൻ ഏതൊരു പെണ്ണും ഒന്ന് ഭയക്കുന്നത് ഇതുകൊണ്ടൊക്കെയാണ്…..

“ദാ എന്റെ കാറിന്റെ ചാവി …..
അതിലോട്ടു കൊണ്ട് പൊയ്ക്കോ….
പിന്നെ കാര്യം കഴിയുമ്പോ നമ്മളെ ഒന്നും മറക്കല്ലേ…..” ഒരുവൻ കാറിന്റെ കീ കൊടുത്ത് ആർത്തിയോടെ മീരയെ കണ്ണുകൾ കൊണ്ട് ഉഴിയുമ്പോൾ സകല ദൈവങ്ങളേയും വിളിച്ചുകൊണ്ടവൾ ജിഷിനെ തള്ളി മാറ്റി മുന്നോട്ട് ഓടി…..

തന്നെക്കൊണ്ടാവുന്ന വേഗത്തിൽ മുന്നോട്ട് ഓടുമ്പോൾ കൈയിൽ കിട്ടിയ പെണ്ണഴകിനെ വിട്ട് കളയാൻ മനസ്സില്ലാതെ ജിഷിനും കൂട്ടരും പിന്നാലെ ഓടി….

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു……
സകല ഈശ്വരന്മാരെയും മനമുരുകി വിളിച്ചു പോയിയവൾ…..

ഇവരുടെ കൈയിൽ പെടുന്നതിനേക്കാൾ ഭേദം മരണമാണെന്ന് അവൾ ഉറപ്പിച്ചിരുന്നു…..

മദ്യത്തിന്റെ ആലസ്യത്തിൽ ആയിരുന്നിട്ട് കൂടി മീരയെ പിടിച്ചടക്കാനുള്ള ആവേശത്തിൽ ജിഷിൻ ഓടി അവൾക്കൊപ്പം എത്തി….

അവളുടെ നീണ്ട മുടിയിൽ പിടിച്ചു വലിച്ചതും അവൾ മലർന്നടിച്ചു വീണു പോയി…..

“എന്നെ ഒന്നും ചെയ്യല്ലേ….
പ്ലീസ്….”അവൾ ജിഷിനു മുന്നിൽ കൈ കൂപ്പി….
അവൻ പൊട്ടിച്ചിരിച്ചുകൊണ്ട് അവളുടെ മുടിക്കുത്തിൽ പിടിച്ചു എണീപ്പിച്ചു…..

“ഒന്നും ചെയ്യാതിരിക്കാൻ ആണോ മോളെ ഞങ്ങൾ ഇത്രയും ഓടിയത്…..”അവളുടെ കീഴ്ച്ചുണ്ട് ചൂണ്ട് വിരലിനും തള്ള വിരലിനുമിടയിൽ ഇട്ട് ഞെരിച്ചുകൊണ്ട് അവൻ വഷളച്ചിരിയോടെ ചോദിച്ചു…..

മീരയാ കൈകൾ തട്ടി മാറ്റി…..
വെറുപ്പോടെ….
ദേഷ്യത്തോടെ…..

“രക്ഷിക്കണേ…..
ആരെങ്കിലും രക്ഷിക്കണേ…..”വിഫലമാണെന്ന് അറിഞ്ഞിട്ടും അവൾ നിലവിളിച്ചു നോക്കി…..

ആരും വന്നില്ല….
ആരുമവളുടെ നിലവിളി കേട്ടില്ല…..
ജിഷിന്റെ കൂട്ടാളികൾ ഓടിയെത്തി അവനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്…..
പലതും കാണാനും ആ പെണ്ണഴകിനെ ആസ്വദിക്കാനും കൊതിച്ചു അക്ഷമയോടെ നിൽക്കുകയാണ് അവരും…..

ഇനി കാറിന് അരികിലേക്ക് പോകാനുള്ള ക്ഷമ ജിഷിനുണ്ടായിരുന്നില്ല…..
അവളുടെ ചുവന്ന തുടുത്ത ചുണ്ടുകൾ ബലമായി വിഴുങ്ങാൻ തുടങ്ങുമ്പോഴുണ്ട് ദൂരെ നിന്ന് ഒരു ബൈക്കിന്റെ വെളിച്ചം അവന്റെ മുഖത്തേക്കടിച്ചു ….

“അളിയാ….
വണ്ടി വരുന്നു….
റോഡിന്ന് നീങ്ങിക്കെ….”എന്ന് പറഞ്ഞു ജിഷിനെയും മീരയെയും റോഡിൽ നിന്ന് മാറ്റി നിർത്തി മറ്റ് നാല് പേരും അവർക്ക് മറയായി നിൽക്കുമ്പോഴേക്കും ആ ബൈക്ക് അവരെ കടന്ന് പോയിരുന്നു…..

ഒരു പെൺകുട്ടിയുടെ വായ പൊത്തി പിടിച്ചു വെച്ചിരിക്കുന്ന ജിഷിനെ ബൈക്കിന്റെ പിന്നിൽ ഇരുന്നവൻ വ്യക്തമായും കാണുകയും ചെയ്തു….

മീര പ്രതീക്ഷയോടെ കുതറിയെങ്കിലും ജിഷിന്റെ ആരോഗ്യത്തിനു മുന്നിൽ അവൾക്ക് അധികനേരം പിടിച്ചു നിൽക്കാനായില്ല …..

ബൈക്ക് തങ്ങളെ കടന്ന് പോയതും ജിഷിനും കൂട്ടരും ആശ്വാസത്തോടെ ഒന്ന് ദീർഘമായി നിശ്വസിച്ചു…..

“വിനൂ….
വണ്ടി നിർത്ത്……
എടാ നിർത്താൻ …..” ബൈക്കിന്റെ പിന്നിൽ ഇരുന്നവൻ നിർബന്ധിച്ചു ബൈക്ക് നിർത്തിച്ചതും ജിഷിനും കൂട്ടരും പതർച്ചയോടെ ചുറ്റും നോക്കി…..

“എന്താടാ…..?”ബൈക്ക് നിർത്തിക്കൊണ്ട് വിനു ചോദിച്ചു…..

“എടാ ആ ജിഷിനും ടീമും അല്ലേ അവിടെ നിക്കുന്നെ ….” പിന്നിലേക്ക് നോക്കി അവൻ ചോദിച്ചു….

“ആഹ്….
അവന്മാരവിടെ നിൽക്കുന്നതിന് നിനക്ക് എന്നാടാ….
വിശന്നിട്ടു കുടല് കരിയുന്നെടാ മഹീ ….
വീട്ടിൽ പോയി വല്ലോം ഞണ്ണാനുള്ളതാ….
താമസിച്ചു ചെന്നാൽ അമ്മ ചോറിൽ വെള്ളം ഒഴിക്കുമെന്നാ പറഞ്ഞേക്കുന്നെ ….”വിനു അത് പറയുമ്പോൾ മഹി അവന്റെ തലക്കിട്ട് ഒന്ന് കൊടുത്തിട്ട് ബൈക്കിൽ നിന്നിറങ്ങി….

മഹി ഇറങ്ങുന്നത് കണ്ട് ജിഷിനും കൂട്ടരും ഒന്ന് പരുങ്ങി …..

“നീയിത് എങ്ങോട്ടാ….”ജിഷിനൊക്കെ നിൽക്കുന്ന ഭാഗത്തേക്ക് നടക്കാൻ ഒരുങ്ങുന്നവനെ തടഞ്ഞു കൊണ്ട് വിനു ചോദിച്ചു….

“എടാ അവിടൊരു പെങ്കൊച്ചുണ്ട്…..”ബദ്രി ജിഷിനു നേരെ കണ്ണ് കാണിച്ചു….

“പെങ്കൊച്ചോ…..
എവിടെ…..”എന്ന് ചോദിച്ചു വിനു തിരിഞ്ഞു അവന്മാരെ നോക്കി…..

“നിനക്ക് എന്താടാ വയ്യേ….
അവിടെങ്ങും ആരുമില്ല….
ഒന്ന് വന്ന് കേറിക്കെ….
ബാക്കിയുള്ളവന്റെ ആമാശയം തന്തക്കും തള്ളക്കും വിളിക്കാൻ തുടങ്ങി….
അപ്പഴാ അവന്റൊരു…..”മുഷിച്ചിലോടെ പറഞ്ഞുകൊണ്ട് വിനു ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു….

“എടാ ആ ജിഷിൻ അവന്മാരുടെ മറവിൽ ഒരു പെങ്കൊച്ചിനെ പിടിച്ചു വച്ചേക്കുവാ….
എന്തോ പ്രശ്നമുണ്ട്….
നീ വന്നേ…..?” മഹി മുണ്ട് മടക്കി കുത്തി മുന്നോട്ട് നടന്നതും വിനു ബൈക്ക് സ്റ്റാൻഡിൽ ഇട്ട് ഓടി വന്നവനെ തടഞ്ഞു…..

“എന്റെ പൊന്നു മഹീ….
നീയൊന്ന് വന്നേ….
ഈ പാതിരാത്രി തല്ല് കൊള്ളാൻ എനിക്ക് ഒരു മൂഡും ഇല്ല…..
വെറുതെ ആവശ്യമില്ലാത്ത പ്രശ്നത്തിലൊന്നും ഇടപെടണ്ട…..

അല്ലെങ്കിലേ പ്രശ്നങ്ങളാണ്….
നാട്ടുകാർക്ക് വേണ്ടി തല്ലുണ്ടാക്കി തല്ലുണ്ടാക്കി ഇതേ നാട്ടുകാര് തന്നെ നിന്നെ ഒരു ഗുണ്ടയാക്കി…..

വയ്യാത്ത ഒരമ്മ വീട്ടിൽ ഉള്ളത് മറക്കണ്ട നീ….
വാ വന്ന് വണ്ടീൽ കേറ്…..”വിനു പറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു…..

വിനുവിന് ജിഷിനെ പേടിയാണ്……
ജീഷിനെ മാത്രമല്ല….
ആ നാട്ടിൽ തണ്ടും തടിയുമുള്ള ഒരുവിധപ്പെട്ട എല്ലാവരെയും അവനു പേടിയാ…..

മഹി ഉണ്ടെങ്കിൽ അവന്റെ ധൈര്യത്തിൽ നെഞ്ചും വിരിച്ചങ്ങു നിൽക്കും….
മഹിയുടെ ധൈര്യത്തിൽ കൊതിക്കും വേണ്ടി രണ്ട് തല്ലും കൊടുക്കും…..

അതുകൊണ്ടെന്താ…..
ഇപ്പൊ അവൻ മഹി ഇല്ലാതെ ഒന്ന് മുള്ളാൻ പോലും പുറത്ത് ഇറങ്ങാറില്ല …..
കൊടുത്ത തല്ലൊക്കെ എപ്പഴാ തിരിച്ചു കിട്ടുകയെന്ന് അറിയില്ലല്ലോ…..

വിനു ചെന്ന് ബൈക്കിൽ കയറി ഇരിക്കുമ്പോൾ മഹി ജിഷിനും കൂട്ടർക്കും അടുത്ത് എത്തിയിട്ടുണ്ട്…..

“ഈ പുല്ലൻ ഇന്നെനിക്ക് തല്ല് മേടിച്ചു തരും…..”പല്ല് കടിച്ചു പറഞ്ഞുകൊണ്ട് ബൈക്ക് പിന്നെയും സ്റ്റാൻഡിൽ ഇട്ട് വിനു മഹിക്ക് പിറകെ പോയി…..

“എന്താടാ ജിഷിനെ…..
ഒരു ചുറ്റിക്കളി…..?” നാല് പേരുടെ മറവിൽ നിൽക്കുന്നവനോടായി മഹി തിരക്കി….

മീരക്ക് പൊക്കം കുറവായത് കൊണ്ട് അവളെ അവൻ കാണില്ലെന്ന് ജിഷിനു ഉറപ്പായിരുന്നു…..
എന്നാൽ അവരവളെ മറച്ച് പിടിക്കും മുന്നേ മഹി അവളെ കണ്ട് കഴിഞ്ഞിരുന്നല്ലോ…..

“എന്ത് ചുറ്റിക്കളി…..
ഒരു ചുറ്റിക്കളിയും ഇല്ല….
നീ വെറുതെ ചൊറിയാതെ പോകാൻ നോക്ക്…..” ജിഷിനാണ് മറുപടി പറഞ്ഞത്…..

“ഞാൻ പൊയ്ക്കോളാം….
അതിന് മുന്നേ നീ ആ പെങ്കൊച്ചിനെ ഇങ്ങോട്ട് വിട് …..”പോക്കറ്റിൽ ഇരുന്ന ഒരു സിഗരറ്റ് എടുത്ത് ചുണ്ടിനിടയിൽ തിരുകി തീപ്പെട്ടി വെച്ചു കത്തിച്ചു കൊണ്ടവൻ പറഞ്ഞതും അഞ്ച് പേരും പതർച്ചയോടെ പരസ്പരം നോക്കി…..

“ഏത് പെങ്കൊച്ച്…..?” മുന്നിൽ നിന്നവന്റെ തൊണ്ടയിടറി…..

“ജിഷിനെ…..
ഞാൻ കണ്ടു….
അതിനെ അങ്ങ് വിട്ടേരെ….
പെങ്കൊച്ചുങ്ങളോട് അക്രമം വേണ്ട …..
അത് ആണുങ്ങൾക്ക് ചേർന്ന പണിയല്ല…..” സിഗരറ്റ് ചുണ്ടിൽ നിന്നെടുത്ത് അവർക്ക് നേരെ പുകയൂതി വിട്ടുകൊണ്ട് മഹി പറഞ്ഞു….

“നീയിതിൽ ഇടപെടണ്ട മഹീ…..
നീ പോ…..
നീയൊന്നും കണ്ടിട്ടും ഇല്ല അറിഞ്ഞിട്ടും ഇല്ല….

എടാ വിളിച്ചോണ്ട് പോടാ ഇവനെ….”ആദ്യം മഹിയോടും പിന്നെ വിനുവിനോടുമായി ജീഷിൻ പറഞ്ഞു…..

“അങ്ങനെ പറഞ്ഞാൽ എങ്ങനെയാ….
ഞാനാ കൊച്ചിനെ കണ്ട് പോയില്ലേ….
കാര്യങ്ങൾ അറിഞ്ഞും പോയി….
പിന്നെങ്ങനെ പോകാനാ ….?” അന്തരീക്ഷത്തിൽ ഒരു പുകച്ചുരുൾ സൃഷ്ടിച്ചു കൊണ്ട് അവൻ പറഞ്ഞതും ജിഷിൻ അവനെ നോക്കി പല്ല് കടിച്ചു….

ജീഷിന്റെ ശ്രദ്ധ മാറിയതും മീര തന്റെ വായ പൊത്തിപ്പിടിച്ച ജിഷിന്റെ കൈ വെള്ളയിൽ അമർത്തി കടിച്ചു…..

ജിഷിൻ നിന്ന നിൽപ്പിൽ ഒന്ന് തുള്ളിപ്പോയി…..
ആ ഗ്യാപ്പിൽ അവൾ ഓടി വന്ന് മഹിയുടെ കാലിൽ വീണു…..
മുന്നിൽ നിൽക്കുന്നവനെ വിശ്വസിക്കാമോ എന്നറിയില്ല….
ഇതുവരെയുള്ള സംസാരം വെച്ച് വിശ്വസിക്കാമെന്ന് മനസ്സ് പറയുന്നു …..
എന്ത് തന്നെ ആയാലും രക്ഷപ്പെടാൻ മുന്നിൽ മറ്റൊരു വഴിയും ഇല്ല…..

“ചേട്ടാ…..
രക്ഷിക്കണം….”അവൾ മഹിയുടെ കാലിൽ വീണു പൊട്ടിക്കരഞ്ഞു…..

അത് കണ്ട് മഹിയുടെ മാത്രമല്ല വിനുവിന്റെ മനസ്സും പിടഞ്ഞു പോയി…..
ഈ പ്രായത്തിൽ വിനുവിനും ഉണ്ടൊരു പെങ്ങൾ….
വിദ്യ…..

ഈ പെങ്കൊച്ചിന്റെ സ്ഥാനത്ത് വിദ്യയെ ഓർക്കുമ്പോൾ അവന് ശ്വാസമെടുക്കാൻ പോലും പറ്റുന്നില്ല…..

മഹി തന്റെ കാല് പിടിക്കുന്ന ആ പെൺകുട്ടിയെ കണ്ട് പിടഞ്ഞു പിന്നോട്ട് മാറി…..

“കരയണ്ട….
എണീക്ക്…..
ഇവന്മാര് പെങ്ങളെ ഒരു പുല്ലും ചെയ്യില്ല …..”അവൻ അവളെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞതും ജി ഷിൻ മുന്നോട്ട് വന്നു…..

“മഹീ….
നീ വെറുതെ ആവശ്യം ഇല്ലാതെ പ്രശ്നം ഉണ്ടാക്കരുത്….
അവളെന്റെ പെണ്ണാ….
അവളെയിങ് വിട്ടേക്ക്…..”ജീഷിൻ ദേഷ്യം നിയന്ത്രിച്ചുകൊണ്ട് പറഞ്ഞതും മഹി അവന്റെ നെഞ്ചത്ത് ആഞ്ഞൊരു ചവിട്ടി കൊടുത്തു….

“പന്ന കഴുവേറി…..
കെട്ടി ഒരു കൊച്ചും ഉള്ള നിനക്കോ …..
അപ്പൊ നിന്റെ വീട്ടിൽ ഇരിക്കുന്നവൾ ആരാടാ …..?” മഹി അവന് നേരെ പൊട്ടിത്തെറിച്ചു….

“മഹീ നീ പോ…..”ജിഷിൻ ശബ്ദമുയർത്തി…..
കൈയിൽ കിട്ടിയത് വിട്ടു കളയാൻ ജിഷിനു ഒട്ടും മനസ്സില്ല……

“നിനക്ക് ഒക്കെ അത്രക്ക് മുട്ടി നിക്കുവാണേൽ അങ്ങനെയുള്ള അവളുമാരുടെ അടുത്തോട്ടു പോണം…..
അല്ലാതെ മാനം മര്യാദക്ക് നടക്കുന്ന പെങ്കൊച്ചുങ്ങളെ പെഴപ്പിക്കാൻ നോക്കിയാലുണ്ടല്ലോ…..

പൊന്നു മോനെ ജിഷിനെ നീ നേരെ നടക്കില്ല…..”പറഞ്ഞുകൊണ്ട് മഹി സിഗരറ്റ് ആഞ്ഞു വലിച്ചു ആ പുക അവന്റെ മുഖത്തേക്ക് തന്നെ ഊതി വിട്ടു….
ജിഷിൻ മുഖം തിരിച്ചു…..

“പെങ്ങടെ വീട് എവിടെയാ……?” ജിഷിനെ പാടെ അവഗണിച്ചു കൊണ്ട് അവൻ മീരക്ക് നേരെ തിരിഞ്ഞു…..

ഒന്നും പറയാനാവാതെ പേടിച്ചു വിറച്ചു നിൽക്കുകയാണവൾ…..

“നടക്ക്…..
വീട് വരെ കൊണ്ട് വിടാം ഞങ്ങള്…..”അവൻ അവളുടെ ഭയം കണ്ട് സൗമ്യമായി പറഞ്ഞു…..

ഈ രാത്രി പരിചയമില്ലാത്ത രണ്ട് പുരുഷന്മാർക്കൊപ്പം എന്ത് വിശ്വാസത്തിൽ പോകുമെന്നോർത്ത് നിൽക്കുന്നവളുടെ മനസ്സ് വായിച്ചത് പോലെ മഹി പറഞ്ഞു….

“വാ പെങ്ങളെ….
ഞങ്ങൾക്കും അമ്മയും പെങ്ങളും ഒക്കെയുള്ളതാ …..”

അത് കേട്ടതോടെ പൂർണ മനസ്സോടെ അല്ലെങ്കിലും ജിഷിനെക്കാൾ ഭേദം ആണെന്നൊരു ചിന്തയിൽ അവൾ മഹിക്കൊപ്പം മുന്നോട്ട് നടന്നു…….

“അങ്ങനങ്ങു പോയാലോ…..?” ജിഷിൻ മുന്നോട്ട് വന്ന് മീരയുടെ കൈയിൽ പിടിച്ചു നിർത്തി….
മഹി നെറ്റി ചുളിച്ച് മീരയെ നോക്കി…..

“അനുവാദം ഇല്ലാതെ ഒരു പന്ന കഴുവേറി മോൻ നിന്റെ ദേഹത്ത് തൊട്ടാൽ ഇത് പോലെ പഴം വിഴുങ്ങിയത് പോലെ നിൽക്കുവാണോ വേണ്ടത്…..?” മഹി ഗൗരവത്തോടെ ചോദിച്ചു….

അവൾ കണ്ണും നിറച്ചവനെ നോക്കി….
വിനുവിന് ആ നോട്ടം കണ്ടപ്പോ സഹതാപം തോന്നി…..

“ദാ ഇത് പോലെ മോന്ത അടിച്ചങ്ങു പൊളിക്കണം….
ബാക്കി ഒക്കെ പിന്നെ…..”ജിഷിന്റെ കരണം പുകച്ചുകൊണ്ട് മഹി പറഞ്ഞതും ജീഷിൻ അടി കൊണ്ട് വേച്ചു പോയി…..

“ഡാ…..” എന്നലറിക്കൊണ്ട് ജിഷിൻ മഹിയുടെ ഷർട്ടിന്റെ കോളറിൽ പിടിച്ചതും മറ്റ് നാല് പേരും കൂടി ഓടി വന്ന് മഹിയെ വളഞ്ഞു……

മഹിയുടെ ചുണ്ടിൽ ഇരുന്ന സിഗരറ്റ് എരിഞ്ഞുകൊണ്ടിരുന്നു…..

മഹി മുന്നിൽ നിന്ന ജിഷിന്റെ തുടയിടുക്കിലേക്ക് മുട്ട് കാല് കയറ്റി ഒന്ന് കൊടുത്തതും അവൻ നിലത്തേക്ക് വീണു പിടഞ്ഞു…..
ജിഷിൻ പിടയുന്നത് കണ്ട് മറ്റ് നാല് പേരും ഉമിനീരിറക്കി…..

പേടിയോടെ പരസ്പരം നോക്കും മുന്നേ ഒരുവന്റെ മൂക്കിനിട്ട് നല്ലൊരു പഞ്ച് കൊടുത്തവൻ…..
അവൻ മൂക്കും പൊത്തി മാറിയപ്പോഴേക്കും മൂന്ന് പേരെയും മഹി കുടഞ്ഞെറിഞ്ഞു…..

ജിഷിൻ ഇപ്പോഴും അടിവയറ്റിൽ അമർത്തി പിടിച്ചു പിടയുകയാണ്….
നല്ലൊരു അടിയായിരുന്നത് ജിഷിനു…..

മഹിയെ തല്ലാൻ ഒരുവൻ വടിയുമായി പാഞ്ഞു വരുന്നത് കണ്ട് വിനു അവന് അരികിലേക്ക് ഓടി ചെന്നു…..
എന്നാൽ അടി വീഴും മുന്നേ മഹി ഒരു വശത്തേക്ക് മാറിക്കളഞ്ഞു…..

വടിയുമായി വന്ന് ലക്ഷ്യം തെറ്റിയവനെ ഒറ്റ ചവിട്ടിനു വിനു താഴെയിട്ടു….
എന്നിട്ടാ വടി പിടിച്ചെടുത്തു വീണു കിടക്കുന്നവന്നിട്ടു വിനു രണ്ടെണ്ണം കൂടി പൊട്ടിച്ചു…..
അതും മഹി ഉണ്ടെന്ന ധൈര്യം കൊണ്ട് മാത്രം…..

ജിഷിനെയും ബാക്കി മൂന്ന് പേരെയും തല്ലി ഒതുക്കുമ്പോൾ വിനു വീണു കിടക്കുന്നവനെ തന്നെ വീണ്ടും വീണ്ടും തല്ലി ആളാവാൻ നോക്കുകയാണ്….

“പെണ്ണുങ്ങളോടാണോടാ നിന്റെയൊക്കെ അതിക്രമം…..
ഹേ…..” എന്ന് ചോദിച്ചു വിനു വടി കൊണ്ട് ഒരെണ്ണം കൂടി കൊടുത്തു അവന്…..

ശേഷം പേടിച്ചു വിറച്ചു നിൽക്കുന്ന മീരയെ നോക്കി അവൻ വടി എടുത്ത് തോളിൽ വെച്ച് യുദ്ധം ജയിച്ചു വന്ന യോദ്ധാവിനെ പോലെ നെഞ്ചും വിരിച്ചങ്ങു നിന്നു…..

“കുട്ടി ഒന്നു കൊണ്ടും പേടിക്കണ്ട…..
ഇവന്മാരുടെ കാര്യം ഞാൻ ഏറ്റു…..
ഇനി ഇവന്മാര് ഒരു നോട്ടം കൊണ്ട് പോലും കുട്ടിയെ ശല്യപ്പെടുത്തില്ല …..” എന്ന് വലിയ കാര്യത്തിൽ വാക്കും കൊടുത്തു വടിയുമായി തിരിയുമ്പോൾ മഹിയുടെ തല്ല് കൊണ്ട് ബാക്കിയുള്ളവരൊക്കെ വീണു കിടപ്പുണ്ട്….

ജിഷിൻ വീണിടത്ത് നിന്ന് പിന്നെയും എണീറ്റ് ഓടി വന്ന് മഹിയുടെ നെഞ്ചിൽ ചവിട്ടാൻ കാലുയർത്തിയതും മഹിയാ കാലിൽ പിടിച്ചു വലിച്ച് പൊക്കി അവനെ നിലത്തടിച്ചു…..
വിനു നീട്ടിയൊന്ന് വിസിലടിച്ചു….

ശേഷം അവൻ അഭിമാനത്തോടെ മീരയെ നോക്കി ഷർട്ടിന്റെ കോളർ പൊക്കി…..

“വാ പെങ്ങളെ ….”മഹി എരിഞ്ഞു തീരാറായ സിഗരറ്റ് ചെരുപ്പിനടിയിൽ ഇട്ട് ഞെരിച്ചുകൊണ്ട് മുന്നോട്ട് വന്നു…..

“ചേട്ടാ…..
നന്ദിയുണ്ട് …..
ദൈവമാ നിങ്ങളെ ഇങ്ങോട്ട് അയച്ചത്…..
നിങ്ങൾ വരാൻ വൈകിയിരുന്നെങ്കിൽ എന്റെ അവസ്ഥ…..”മീര വിതുമ്പി…..

“ഈ മല്ലന്മാരുമായി കുട്ടിക്ക് വേണ്ടി സംഘട്ടനത്തിൽ ഏർപ്പെട്ടത് ഞങ്ങൾ….
എന്നിട്ട് ക്രെഡിറ്റ്‌ ദൈവത്തിനും…..
കൊള്ളാല്ലോ….
തല്ലി തല്ലി കൈക്ക് ഒക്കെ എന്താ വേദന….”കൈ രണ്ടും കുടഞ്ഞു കൊണ്ട് വിനു പറയുമ്പോൾ മഹി അവന്റെ തോളിൽ നല്ലൊരു ഇടി കൊടുത്തു…..

മീര ഒന്നും മിണ്ടിയില്ല….
നിറകണ്ണുകളോടെ നന്ദിയോടെ നോക്കിയതേ ഉള്ളൂ ഇരുവരെയും…..

“ആ കണ്ണൊക്കെ തുടച്ചിട്ട് വാ…..
വീട്ടിൽ കൊണ്ടാകാം……”എന്ന് പറയുമ്പോൾ മീര കണ്ണ് രണ്ടും അമർത്തി തുടച്ച്….
അവളുടെ ശരീരത്തിന്റെ വിറയൽ ഇപ്പോഴും മാറിയിട്ടില്ല…..

നാട്ടിലേക്ക് വരാൻ പല വട്ടം വാശി പിടിച്ചിട്ടും അച്ഛനും അമ്മയും സമ്മതിക്കാതിരുന്നതിന്റെ കാരണം അവൾക്ക് ഇപ്പൊ മനസ്സിലാവുന്നുണ്ട്…..

ഇന്നിവർ വന്നില്ലായിരുന്നെങ്കിൽ…..
ആ ഓർമയിൽ പോലും അവളുടെ നെഞ്ചിടിപ്പ് ഉയർന്നു…..
നെഞ്ചിൽ കൈ വെച്ച് അമർത്തിക്കൊണ്ട് അവൾ മഹിക്ക് പിന്നാലെ നടന്നു…..

“കുട്ടി എവിടുത്തെയാ…..?” വിനു നടപ്പിനിടയിൽ ചോദിച്ചു…..

“ഇ….
ഇവിടെ….
ഇവിടുള്ളത് തന്നെയാ …..”അവൾ വിറച്ചു വിറച്ചു പറഞ്ഞു….
എത്രയും പെട്ടെന്ന് വീട് എത്തിയാൽ മതിയെന്നൊരു ചിന്ത മാത്രമേ അവൾക്കുണ്ടായിരുന്നുള്ളൂ….

ഈ അച്ഛനിതെവിടെ പോയി കിടക്കുവാണെന്ന് അവൾ സങ്കടത്തോടെ ഓർക്കുകയും ചെയ്തു…..

“അതല്ല….
വീട് എവിടാന്ന്….
അച്ഛന്റെ പേരെന്തുവാ…..?” വിനു തിരക്കി….

“മോഹനൻ…..”അവൾ മുഖം ഉയർത്താതെ മറുപടി പറഞ്ഞു….

“ഏത് മോഹനൻ …..?” വിനു നെറ്റി ചുളിച്ചു….

“മെമ്പർ മോഹനൻ ആണോ…..?” മഹി ചോദിച്ചു…..
അവൾ അതേയെന്ന് തല കുലുക്കി…..

“ഓഹ്…..” ആളെ മനസ്സിലായതും വിനുവിനൊരു പുച്ഛം പോലെ…..

“നമ്മളെ ഒന്നും കണ്ണിനു നേരെ കണ്ടൂടാ നിന്റെ തന്തക്ക്…..
ഇപ്പൊ മോളുടെ മാനം കാക്കാൻ ഈ ഞങ്ങള് തന്നെ വേണ്ടി വന്നു….”വിനു പുച്ഛിച്ചു…..

“നീ എങ്ങോട്ടാ വന്ന് ബൈക്കിൽ കയറു…..
ഇത്രയൊക്കെ നമ്മള് ചെയ്തില്ലേ….
ഇനിയവള് തനിച്ചു പൊയ്ക്കോളും….” മെമ്പറിനോടുള്ള കലിപ്പ് വിനു മീരയോട് തീർക്കാൻ നോക്കുന്നത് കണ്ട് മഹി അവനെ നോക്കി കണ്ണുരുട്ടി…..

“നിന്റെ വീട്ടിലും ഇതുപോലൊരു പെൺകൊച്ചു ഉള്ളതല്ലേ വിനുവേ….
അവളായിരുന്നെങ്കിൽ നീയീ വർത്താനം പറയുമായിരുന്നോ….?” മഹി അവനെ നോക്കി കണ്ണുരുട്ടി….

“ചേട്ടാ…..
ഞാൻ….
ഞാൻ പൊയ്ക്കോളാം….
ഇത്രയൊക്കെ ചെയ്ത് തന്നില്ലേ….
നന്ദിയുണ്ട്….
ഈ സഹായം മരണം വരെ മറക്കില്ല ഞാൻ….”എന്ന് പറഞ്ഞു മീര ഭയത്തോടെ ചുറ്റും നോക്കി മുന്നോട്ട് നടന്നു…..

“കൊച്ചവിടെ നിന്നെ…..
നീ വരുന്നില്ലെങ്കിൽ വേണ്ട….
ഞാൻ കൊണ്ടാക്കിയിട്ട് വരാം….”എന്ന് പറഞ്ഞ് മഹി അവൾക്കൊപ്പം മുന്നോട്ട് നടന്നതും നാശം പിടിക്കാനായിട്ട് എന്ന് പിറുപിറുത്തുകൊണ്ട് ബൈക്കും തള്ളി വിനുവും അവർക്കൊപ്പം നടന്നു ……

അവളുടെ അവസ്ഥ അറിയുന്നത് കൊണ്ട് തന്നെ മഹി അവളോട് പിന്നൊന്നും ചോദിക്കാൻ മുതിർന്നില്ല….
മെമ്പറിന് ഒരു മകൾ ഉണ്ടെന്നും അത് പുറത്ത് എങ്ങോ പഠിക്കുവാണെന്നും കേട്ടിട്ടുണ്ട്….

ഈ സമയത്ത് ഇവിടെ എങ്ങനെ ഒറ്റക്ക് വന്ന് പെട്ട് എന്നവൻ ചിന്തിച്ചെങ്കിലും അവളോടത് ചോദിക്കാൻ മുതിർന്നില്ല……

കുറച്ച് ദൂരം നടന്നപ്പോൾ തന്നെ എതിരെ മെമ്പറിന്റെ സ്കൂട്ടർ വരുന്നത് കണ്ടു…..

“കരഞ്ഞു വിളിച്ചു മെമ്പറിനെ പേടിപ്പിക്കല്ലേ കൊച്ചേ…..”അച്ഛനെ ദൂരെ നിന്ന് കണ്ടപ്പഴേ കണ്ണ് നിറക്കുന്നവളെ മഹി ശാസിച്ചു…..

അതോടെ അവൾ കണ്ണ് തുടച്ച് ധൃതിയിൽ മുന്നോട്ട് നടന്നു….

മകൾക്കൊപ്പം ഉള്ളവരെ കണ്ട മോഹനൻ ചുളിഞ്ഞ മുഖത്തോടെ വണ്ടി നിർത്തി…..

“നിന്നോട് ബസ് സ്റ്റോപ്പിൽ നിൽക്കാനല്ലേ മീരേ ഞാൻ പറഞ്ഞത്….?” മഹിക്കും വിനുവിനും ഒപ്പം വരുന്ന മകളെ കണ്ട് അയാൾ അനിഷ്ടം പ്രകടിപ്പിച്ചു….

“ഒറ്റക്ക് ബസ് സ്റ്റോപ്പിൽ പേടിച്ചു നിൽക്കുന്ന കണ്ടപ്പോ വീട്ടിൽ ആക്കാമെന്ന് പറഞ്ഞു കൂടെ കൂട്ടിയതാ മെമ്പറെ …..”മഹി ആ അനിഷ്ടം മനസ്സിലാക്കികൊണ്ട് അലസമായി പറഞ്ഞു…..

“വേറെ ആരെയും കിട്ടിയില്ലേ നിനക്ക് കൂട്ടിനു…. ഇവന്മാരുടെ കൂടെ ഈ സമയത്ത് വരുന്നത് ആരെങ്കിലും കണ്ടാൽ എന്താ ചിന്തിക്കുക ….
നിനക്കൊക്കെ വീട്ടിലും നാട്ടിലും നല്ല ചീത്തപ്പേര് ആയത് കൊണ്ട് കുഴപ്പമില്ല….
എന്റെ മോള് അങ്ങനെ അല്ല….”അയാൾ അമർഷത്തോടെ പറഞ്ഞു….
തന്റെ മുഖം അച്ഛൻ കാണാതിരിക്കാൻ മുഖം കുനിച്ചു പിടിച്ചു നിന്നവൾ അത് കേട്ട് മുഖമുയർത്തി നോക്കി…..

“അതെന്താ മെമ്പറെ….
അങ്ങനൊരു വർത്താനം….
ഞങ്ങൾ ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു…..
ആ ജിഷിൻ നിങ്ങടെ ആകെയുള്ള ഈ പെൺതരിയെ പിച്ചി ചീന്തിയേനെ…..

രക്ഷിച്ചോണ്ട് വന്നപ്പോ ഒരുമാതിരി മറ്റേടത്തെ വർത്താനം പറയുന്നോ …. “വിനു അയാളോട് ചൂടായി…..

“സത്യമാണോ മോളെ …..?” മോഹനൻ ആധിയോടെ മകൾക്ക് നേരെ തിരിഞ്ഞു….
അവളുടെ കരഞ്ഞു വീർത്ത മുഖം കണ്ട് അയാളുടെ ഹൃദയം വിങ്ങി….

“ഇങ്ങേരുടെ വായിൽ ഇരിക്കുന്നത് കേൾക്കാനാണോ മഹീ നീയിവളെ രക്ഷിച്ചത്…
നിങ്ങടെ മോളാണെന്ന് അറിഞ്ഞിരുന്നെങ്കിൽ അവനങ്ങു കൊന്നോട്ടെ എന്ന് കരുതി ഇങ് പോരാമായിരുന്നു…..”വിനു കലിയോടെ പറയുമ്പോൾ പറഞ്ഞ് പോയ വാക്കുകൾ ഓർത്ത് മോഹനനും മനപ്രയാസത്തിലായി…..

“അച്ഛാ….
ഈ ചേട്ടൻ വന്നില്ലായിരുന്നെങ്കിൽ….
അവനെന്നെ…..” മഹിയെ ചൂണ്ടി മീര മുഴുമിപ്പിക്കാൻ കഴിയാതെ അച്ഛന്റെ തോളോട് ചാരി നിന്ന് വിതുമ്പി…..

“ഈ ചേട്ടനോ….
അപ്പൊ ഞാനെന്താ പൊകയാ…..
എന്റെ ഫൈറ്റൊന്നും ഈ കൊച്ച് കണ്ടില്ലേ….?” അവള് കേൾക്കെ തന്നെ വിനു മുറുമുറുത്തു…..

“വാടാ…..
പോവാം…..”മോഹനൻ നന്ദി പറയാൻ ഒരുങ്ങുന്നത് കണ്ട് ചുണ്ട് കോട്ടി പുച്ഛിച്ചു കൊണ്ട് മഹി വിനുവിനൊപ്പം ബൈക്കിലേക്ക് കയറി അവിടുന്ന് പോയി….

മോഹനൻ മകളെ ആശ്വസിപ്പിച്ചും ഒറ്റക്ക് വന്നതിനു ശാസിച്ചും സ്‌കൂട്ടറിൽ കയറ്റി കൊണ്ട് പോകുന്നതും ബൈക്കിന്റെ മിററിലൂടെ വിനു കാണുന്നുണ്ടായിരുന്നു….

“കാണാത്ത മട്ടിൽ അതിൽ ഇടപെടാതെ അങ്ങ് പോവേണ്ടതായിരുന്നു …..
ഇന്നത്തോടെ അവളുടെ തന്തപ്പടിയുടെ എല്ലാ നെഗളിപ്പും തീർന്നേനെ…..”വിനു രോഷം കൊണ്ടു…..

“വായടച്ചു വണ്ടി ഓടിക്കടാ…..” പറഞ്ഞുകൊണ്ട് മഹി വിനുവിന്റെ തോളിൽ താടി മുട്ടിച്ചു ആലോചനയിലാണ്ടു…..

ഇന്ന് ആ പെൺകുട്ടിയെ കാണാത്ത മട്ടിൽ പോയിരുന്നെങ്കിൽ മനഃസമാധാനത്തോടെ ഒന്ന് ഉറങ്ങാൻ പോയിട്ട് ഒരു വറ്റ് തൊണ്ടയിലോട്ട് ഇറക്കാൻ കഴിയില്ലെന്നും അവനറിയാം…..

ഇവൻ മഹി…..
നാട്ടുകാർക്ക് മഹി ഒരു വാടകഗുണ്ടയാണ്…..
കൂലിക്ക് തല്ലുന്നവനാണ്…..
പക്ഷേ ആ കൂലിത്തല്ലിലും അവനൊരു നേരും നെറിയുമുണ്ട്……
കൊട്ടേഷനുമായി വരുന്ന എല്ലാവരെയുമൊന്നും മഹി അടുപ്പിക്കില്ല…..
ആവശ്യക്കാരന്റെ ഭാഗത്ത് ന്യായം ഉണ്ടെങ്കിൽ മാത്രം കാശ് വാങ്ങി ഏൽപ്പിച്ച പണി വൃത്തിക്ക് ചെയ്ത് കൊടുക്കും…..
കൊല്ലും കൊലക്കും ഇന്ന് വരെ പോയിട്ടില്ല ….
അല്ലറ ചില്ലറ അടിപിടിയും ഭീഷണിയും ഒക്കെ ആയിട്ട് സ്വസ്ഥമായൊരു ജീവിതമായിരുന്നു അവന്റേത്…..

അച്ഛൻ ഉപേക്ഷിച്ചു പോയ മഹിയെ അമ്മ പാർവതി ഒത്തിരി കഷ്ടപ്പെട്ടാണ് വളർത്തിയത്….
പാർവതി അടുക്കളജോലിക്ക് ആ നാട്ടിൽ കയറി ഇറങ്ങാത്ത വീടുകളില്ലായിരുന്നു….
കൂലിപ്പണിക്കും ഹോട്ടലിൽ വെപ്പുകാരി ആയിട്ടും കിട്ടുന്ന പണിക്ക് ഒക്കെ പോകുമായിരുന്നു….

എല്ലാ അമ്മമാരെയും പോലെ മകനെ നല്ലൊരു നിലയിൽ എത്തിക്കണമെന്നായിരുന്നു പാർവതിയും ആഗ്രഹിച്ചത് …..
അതിന് വേണ്ടിയാണ് കഷ്ടപ്പെട്ടതും…..
അതൊക്കെ അറിഞ്ഞു വളർന്ന മഹിക്ക് അമ്മയായിരുന്നു ലോകം….
ആ അമ്മക്ക് വേണ്ടിയാണ് അവൻ ആദ്യമായി തല്ലുണ്ടാക്കുന്നത്…..
ആ അമ്മക്ക് വേണ്ടി തല്ലി തല്ലിയാണ് ചെറു പ്രായത്തിൽ ഗുണ്ടയെന്ന പേര് വീണതും……

മകനെ നേർവഴിക്കു നടത്താൻ ആ അമ്മ ഒത്തിരി ശ്രമിച്ചെങ്കിലും അമ്മയെ പറഞ്ഞാൽ അമ്മയുടെ ഉപദേശങ്ങൾ ഒക്കെ മറന്ന് മഹി നില വിട്ട് പെരുമാറിപ്പോകും…..

മഹി പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അമ്മ അസുഖക്കാരിയാവുന്നത്…..
രണ്ടിൽ ഒരു വൃക്കയുടെ പ്രവർത്തനം നിലച്ചിരുന്നു….
രണ്ടാമത്തെ വൃക്കയിലും ചെറിയെന്തോ തകരാറു ഉണ്ടായിരുന്നത്രെ…..

അതൊക്കെ പിന്നെയും ഒത്തിരി വൈകിയാണ് പാർവതി അറിയുന്നത് പോലും….
അതിനൊക്കെ എത്രയോ മുൻപേ തന്നെ മഹി പഠിപ്പ് നിർത്തി അമ്മയുടെ ജോലിക്ക് പോക്ക് നിർത്തിച്ചിരുന്നു…..

മകന്റെ വിദ്യാഭ്യാസം ഇല്ലാതാക്കാൻ പാർവതിക്ക് ഒട്ടും മനസ്സുണ്ടായിട്ടല്ല….
ജോലിക്ക് പോകാനുള്ള ആരോഗ്യം ആ ശരീരത്തിന് ഉണ്ടായിരുന്നില്ല…..

മഹി തുണിക്കടകളിലും ചെറിയ കടകളിലും ഒക്കെയാണ് ആദ്യം ജോലിക്ക് പൊയ്ക്കൊണ്ടിരുന്നത്…..
എല്ലായിടത്തും തല്ലും പിടിയും ആവുമ്പോ അവനെ പിരിച്ചു വിടുകയായിരുന്നു പതിവ്…..

വീട് പണിക്കും പെയിന്റ് പണിക്കും പോയപ്പോൾ ഇത് തന്നെ അവസ്ഥ…
തല്ലിയവരൊക്കെ പണി സ്ഥലത്ത് വന്ന് തിരിച്ചു തല്ലാൻ തുടങ്ങിയപ്പോ ഇനി പണിക്ക് ചെല്ലേണ്ടന്ന് കോൺട്രാക്ടറും പറഞ്ഞു…..

നാട്ടുകാരിൽ പലർക്കും മഹിയോട് സ്നേഹവും സഹതാപവും തോന്നുമെങ്കിലും അവൻ പണിക്ക് നിൽക്കുന്ന കടയിലൊക്കെ അവന്റെ തല്ല് വാങ്ങിയവർ പ്രശ്നത്തിന് വരുന്നത് സ്ഥിരമായപ്പോൾ മഹിക്ക് പണി കൊടുക്കാൻ എല്ലാരും ഒന്നറച്ചു….

ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ തന്നോടുള്ള ചൊരുക്ക് തീർക്കാൻ ഓരോരുത്തരു വന്നു തല്ലി പൊളിക്കാൻ കൂടി തുടങ്ങിയതോടെ മഹിയും ജോലിക്ക് പോകാൻ മടിച്ചു…..

ഇതിനിടയിൽ മഹിക്ക് ഗുണ്ടയെന്നൊരു പേര് വീണു കഴിഞ്ഞിരുന്നു…..
അല്ലറ ചില്ലറ അടിപിടി കേസും….
അതോടെ കൊട്ടേഷനുമായി ആളുകൾ സമീപിച്ചു തുടങ്ങി…..

ആദ്യമൊക്കെ ഒന്ന് മടിച്ചെങ്കിലും അമ്മയുടെ ചികിത്സയും മുന്നോട്ടുള്ള ജീവിതവും ഒക്കെ ഓർത്തപ്പോൾ അവന് ആ വഴി തന്നെ സ്വീകരിക്കേണ്ടി വന്നു ….

പക്ഷേ ഇന്നുവരെ ഈ തൊഴിലു കൊണ്ട് പാവങ്ങളുടെ പ്രാർത്ഥന അല്ലാതെ കണ്ണീരും ക്ഷാപവും അവൻ വാങ്ങി വെച്ചിട്ടില്ല….

ഇത്രയും നാള് ഒരു കുഴപ്പവുമില്ലാതെ തട്ടിയും മുട്ടിയും ഒക്കെ പോകുന്നുണ്ടായിരുന്നു…..
പക്ഷേ ഇനി അത് പറ്റില്ല….

അവസാനമായി ഡോക്ടറെ കാണാൻ പോയപ്പോൾ അമ്മക്ക് ഉടനെ ഒരു മേജർ സർജറി വേണമെന്നാണ് പറഞ്ഞത്…..
രണ്ട് വൃക്കകളും പൂർണമായും തകരിലാണത്രേ….
അമ്മ മരണത്തിലേക്ക് നടന്നടുക്കുകയാണ് പോലും….

വൃക്ക ഉടനെ മാറ്റി വെച്ചില്ലെങ്കിൽ അമ്മ…..

ആലോചന മുഴുവൻ അമ്മയെ കുറിച്ചും അമ്മയുടെ ഓപ്പറേഷനെ കുറിച്ചും അതിന് വേണ്ട ഭീമമായ തുകയെ കുറിച്ചും ഒക്കെയായപ്പോൾ അവന്റെ കണ്ണുകൾ നീറി…..

“ഒന്നും രണ്ടുമല്ല…..
ലക്ഷങ്ങളാണ്….
ലക്ഷങ്ങൾ…..

അല്ലറ ചില്ലറ കൊട്ടേഷൻ പരുപാടിയുമായിട്ട് നടക്കുന്ന താൻ എങ്ങനെ ഇത്രയും വലിയൊരു തുക സംഘടിപ്പിക്കും…

ഓപ്പറേഷൻ സമയത്തിന് നടന്നില്ലെങ്കിൽ …..” അതവന് ഓർക്കാൻ പോലും കഴിയുന്നില്ല …..

ഇത്ര വലിയൊരു സംഖ്യ എങ്ങനെ തരപ്പെടുമെന്ന് ഓർത്തിട്ട് അവന്റെ ഉറക്കം നഷ്ടപ്പെട്ടിട്ട് നാളുകൾ പിന്നിട്ടിരിക്കുന്നു….
ഇതുവരെ ഒരു വഴിയും തെളിഞ്ഞിട്ടില്ല……

ഓരോന്ന് ഓർത്ത് കണ്ണുകൾ ഇറുക്കിയടക്കുമ്പോൾ അവന്റെ മനസ്സ് നിറയെ പുഞ്ചിരിക്കുന്ന പാർവതിയമ്മയുടെ മുഖമായിരുന്നു…..

തുടരും…..

2 comments

Leave a Reply

Your email address will not be published. Required fields are marked *