KRISHNAGATHA
പുറത്ത് മഴ തകർത്തു പെയ്യുന്നുണ്ട്. കാറിന്റെ വിൻഡോ ഗ്ലാസിലൂടെ പുറത്തെ ലോകം മങ്ങിയ ഒരു നിഴൽചിത്രം പോലെ തോന്നി മിത്രയ്ക്ക്. പക്ഷേ, അവളുടെ ഉള്ളം വരാനിരിക്കുന്ന വലിയൊരു സന്തോഷത്തെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇടയ്ക്ക് തന്റെ ബാഗിനുള്ളിലെ ആ കുഞ്ഞു സോക്സിൽ വിരലോടിച്ചപ്പോൾ, അവളുടെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു. ഇത് കാണുമ്പോൾ വിച്ചുവിന്റെ കണ്ണുകളിൽ വിരിയുന്ന ആ അമ്പരപ്പ് കാണാനായിരുന്നു അവൾക്ക് കൂടുതൽ ആഗ്രഹം.
മിത്ര: വിച്ചൂട്ടാ… ആ കടയുടെ സൈഡിൽ ഒന്ന് നിർത്തണേ എനിക്കൊരു സാധനം വാങ്ങാനുണ്ട്
മുന്നിലെ ടോയ് ഷോപ്പ് നോക്കിയവൾ പറഞ്ഞതും അവൻ വണ്ടി സൈഡാക്കി.
വിച്ചു : എന്തായാലും ബീച്ചെത്താറായില്ലേ, ഞാൻ കാറവിടെ പാർക്ക് ചെയ്തിട്ട് വരാം.
ഓപ്പോസിറ്റ് സൈഡിലേക്ക് ചൂണ്ടിയവൻ പറഞ്ഞതും അവൾ തലയാട്ടിക്കൊണ്ട് പുറത്തേക്കിറങ്ങി.
അവൾ അവിടെയിറങ്ങി അവൻ വണ്ടി റോഡിലേക്ക് കയറ്റിയതും എതിരെ വന്ന ലോറി നിയന്ത്രണം വിട്ട് അവന്റെ കാറിലേക്ക് ഇടിച്ചു കയറി
മഴയുടെ ഇരമ്പലിനെ കീറിമുറിച്ചുകൊണ്ട്, ടയറുകൾ റോഡിൽ ഉരസുന്ന ഭീകരമായ ശബ്ദം അവിടെ മുഴങ്ങി. ലോഹങ്ങൾ തകരുന്നതിന്റെയും ഗ്ലാസുകൾ പൊട്ടിത്തെറിക്കുന്നതിന്റെയും ശബ്ദം ആ രാത്രിയെ നടുക്കി. കണ്മുന്നിൽ തന്റെ ലോകം തകർന്നു ചിതറുന്നത് കണ്ട മിത്രയുടെ തൊണ്ടയിൽ നിന്ന് ഒരു നിലവിളി പോലും പുറത്തേക്ക് വന്നില്ല. ശ്വാസം നിലച്ചുപോയവളെപ്പോലെ അവൾ മരവിച്ചു നിന്നുപോയി.
ചുറ്റും ഇരുട്ട് പടർന്നു. റോഡിലെ ടാറിലൂടെ കുത്തിയൊലിക്കുന്ന മഴവെള്ളത്തിൽ കടുംചുവപ്പ് നിറത്തിലുള്ള ചോര കലരുന്നത് കണ്ടപ്പോൾ വിറയ്ക്കുന്ന കാലുകളോടെ അവൾ തകർന്ന കാറിനടുത്തേക്ക് പാഞ്ഞു.
”വി…. വിച്ചൂട്ടാ…”
തകർന്നു മറിഞ്ഞ ഗ്ലാസ് ചില്ലുകൾക്കിടയിലൂടെ അവൾ കണ്ടത് സീറ്റിലേക്ക് നിർജീവമായി തല ചായ്ച്ചു കിടക്കുന്ന വിച്ചുവിനെയാണ്. പാതി തുറന്ന അവന്റെ കണ്ണുകളിൽ വെളിച്ചമില്ലായിരുന്നു. വിഭ്രാന്തിയോടെ അവനെ പിടിച്ചു കുലുക്കുമ്പോൾ, അവന്റെ നെറ്റിയിൽ നിന്നും ഒഴുകിയ ചൂടുള്ള രക്തം അവളുടെ കൈകളെ നനച്ചു. ആ കുഞ്ഞു ഷൂസുകൾ ബാഗിൽ നിന്നും തെറിച്ചു റോഡിലെ ചളിയിൽ അനാഥമായി വീണുകിടന്നു.
മഴ നിർത്താതെ പെയ്തുകൊണ്ടിരുന്നു. ചുറ്റും ആളുകൾ ഓടിക്കൂടുന്നുണ്ട്, ആരോ ഉറക്കെ ആംബുലൻസിനായി വിളിച്ചു പറയുന്നു. പക്ഷേ, മിത്ര ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല. മരണത്തിന്റെ തണുപ്പ് തങ്ങളെ പൊതിയുന്നത് അവൾ അറിഞ്ഞു. ബോധം മറയുന്നതിന് തൊട്ടുമുൻപ്, തണുത്തു തുടങ്ങിയ അവന്റെ കൈകൾ തന്റെ വയറിലേക്ക് ചേർത്തുപിടിച്ച് അവളും അവിടെ വീണുപോയിരുന്നു.
.
.
.
.
.
.
.
.
.
.
കനത്തുപെയ്യുന്ന മഴയെ വകഞ്ഞുമാറ്റി ആ ആംബുലൻസ് മുന്നോട്ട് കുതിച്ചു.
സൈറന്റെ മുഴങ്ങുന്ന ശബ്ദം ആ കറുത്ത രാത്രിയെ കീറിമുറിച്ചു കൊണ്ടിരുന്നു. ഉള്ളിൽ വിച്ചുവിന്റെ അരികിലായി മിത്രയുമുണ്ട്. അവളൊരു പ്രാർത്ഥനയോടെ രക്തത്തിൽ കുതിർന്ന വിച്ചുവിന്റെ കൈകൾ തന്റെ നെഞ്ചോട് ചേർത്തുപിടിച്ചു.
ഹോസ്പിറ്റലിൽ എത്തിയപ്പോൾ സ്ട്രെച്ചറിൽ അവനെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോയി. ഡോക്ടർമാരുടെ ഓട്ടവും പരിഭ്രമവും കണ്ടപ്പോൾ മിത്രയ്ക്ക് തന്റെ ബോധം മറയുന്നതുപോലെ തോന്നി.
”തലയ്ക്ക് നല്ല ആഘാതം ഏറ്റിട്ടുണ്ട് ഉടനെ സർജറി വേണം. കാലിലും കയ്യിലുമൊക്കെ പൊട്ടലുണ്ട്.”
ഡോക്ടർ വിവേകിനോട് പറയുന്നത് അവൾ കേട്ടിരുന്നു.
ഓപ്പറേഷൻ തിയേറ്ററിന് മുന്നിലെ തണുത്ത ബെഞ്ചിൽ ഇരിക്കുമ്പോൾ മിത്രയുടെ മനസ്സിൽ അവർ ആദ്യമായി കണ്ട ആ ദിനങ്ങൾ തെളിഞ്ഞു വന്നു.
#
“വധുവിനെ വിളിച്ചോളു”
മണ്ഡപത്തിലായിരുന്ന് പൂജാരി പറഞ്ഞതും ശേഖരൻ സുമയുടെ മുഖത്തേക്ക് നോക്കി.
അത് കണ്ടതും ഒന്ന് തലയാട്ടിക്കൊണ്ട് അവർ മേക്കപ്പ് റൂമിലേക്ക് നടന്നു.
വാതിൽ എത്രമുട്ടിയിട്ടും തുറക്കാതെയായപ്പോൾ സുമയുടെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞുപോയി.
പുറത്ത് ശേഖരൻ അക്ഷമനായി നിൽക്കുന്നുണ്ട്. സുമ വിറയ്ക്കുന്ന കൈകളോടെ വാതിലിന്റെ വിടവിലൂടെ ഉള്ളിലേക്ക് നോക്കി. അകത്ത് ആരെയും കാണുന്നില്ലായിരുന്നു.
”ശേഖരേട്ടാ… വാതിൽ തുറക്കുന്നില്ല!”
സുമ കരച്ചിലിന്റെ വക്കിലെത്തിയതും.
ശേഖരൻ ഓടിവന്നു.
“എന്ത്? ഈ പെണ്ണിതെവിടെ? ഇതിപ്പോ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാനായിട്ട്!”
ശേഖരൻ സർവ്വശക്തിയുമെടുത്ത് വാതിലിൽ ഒരു ചവിട്ട് വെച്ചുകൊടുത്തു. ഒരു ശബ്ദത്തോടെ വാതിൽ തുറന്നതും അകത്തെ കാഴ്ച കണ്ട സുമയും ശേഖരനും ശരിക്കും ഞെട്ടിയിരുന്നു!
മുറിയാകെ അലങ്കോലമായിട്ടുണ്ട്, ടേബിളിന്റെ പുറത്ത് ഒരു കത്ത് കൂടെ കണ്ടതും അയാളുടെ മുഖം ദേഷ്യത്താൽ വലിഞ്ഞുമുറുകി.
പുറത്ത് നാദസ്വരം ഉച്ചത്തിൽ മുഴങ്ങാൻ തുടങ്ങി. അകത്തേക്ക് പോയവരെ കാണാതായപ്പോൾ അവരുടെ ബന്ധുക്കളിൽ ഒരാളായ രാഘവൻ അങ്ങോട്ട് കയറി വന്നു.
രാഘവൻ : കുട്ടിയെവിടെ ശേഖരാ.. ദേ എല്ലാവരും ചോദിക്കാൻ തുടങ്ങി
അയാൾ ഒരു തരം നിസ്സഹായതയോടെ രാഘവന്റെ മുഖത്തേക്ക് നോക്കി.
ശേഖരൻ : അവള് പോയി മാമേ… ഇന്നുമുതൽ നാട്ടുകാർക്ക് നോക്കി ചിരിക്കാനുള്ള ഒരു പരിഹാസ കഥാപാത്രം ആവാം നമുക്ക്
അയാളുടെ സംസാരം കേട്ടതും രാഘവൻ അല്പം ഗൗരവത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി.
രാഘവൻ : നിനക്ക് ഒരു മകൾ കൂടെ ഇല്ലേ?
അയാളുടെ വാക്കുകൾ കേട്ടതും സുമയാകെ ധർമസങ്കടത്തിലായി
സുമ : അവൾ കുഞ്ഞല്ലേ മാമേ…
രാഘവൻ : 18 വയസ്സ് കഴിഞ്ഞില്ലേ, അതുതന്നെ ധാരാളം നീ അവളെ ഇങ്ങോട്ട് വിളിച്ചേ ഞാൻ സംസാരിച്ചോളാം.
സാരിത്തലപ്പിൽ മുഖം അമർത്തിത്തുടച്ച് സുമ ഹാളിലേക്ക് നടന്നു.
ഹാൾ
കല്യാണം കഴിഞ്ഞാലുടൻ താലത്തിൽ നിന്നും എടുക്കേണ്ട ഫ്രൂട്ട്സിനെ പറ്റിയുള്ള ചർച്ചയിലാണവർ
അപ്പു : ചേച്ചി എപ്പഴും ഇങ്ങനാ, ആപ്പിൾ ചേച്ചിക്ക് ഞങ്ങക്ക് ഓറഞ്ചും
മിത്ര : ദേവേട്ടന്റെ കല്യാണത്തിന് നീയല്ലേ ആപ്പിളും എടുത്ത് ഓടിയത്, ഒരു കഷ്ണം പോലും എനിക്ക് തന്നില്ലാലോ..
അപ്പു : അതുപിന്നെ എന്റെ മാമൻ വാങ്ങിയ ആപ്പിൾ അല്ലേ അത്
മിത്ര : എന്നാലേ ഇതെന്റെ അച്ഛൻ വാങ്ങിയതാ അതുകൊണ്ട് ആപ്പിൾ എനിക്ക് തന്നെ വേണം.
അമ്മു : കൊതിച്ചി
അമ്മു മെല്ലെ പിറുപിറുത്തതും മിത്ര അവളെ നോക്കി കണ്ണുരുട്ടി.
സുമ ഹാളിലേക്ക് വരുമ്പോൾ അവിടെ അപ്പുവും മിത്രയും അമ്മുവും വലിയ തർക്കത്തിലായിരുന്നു.
അമ്മയുടെ വിളറിയ മുഖവും കലങ്ങിയ കണ്ണുകളും കണ്ടതും മിത്ര അവരുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി
”അമ്മേ… എന്തുപറ്റി? ചേച്ചി എവിടെ?”
മിത്രയുടെ ശബ്ദത്തിൽ പരിഭ്രമം നിറഞ്ഞു.
സുമ മറുപടിയൊന്നും പറയാതെ മിത്രയുടെ കൈകളിൽ പിടിച്ചു. ആ കൈകൾ ഐസ് പോലെ തണുത്തിരുന്നു.
“മോളേ… നീ ഒന്ന് അകത്തേക്ക് വന്നേ. മാമ വിളിക്കുന്നുണ്ട്.”
മുറിയിലെത്തിയ മിത്ര കണ്ടത് തലകുനിച്ചിരിക്കുന്ന അച്ഛനെയും ഗൗരവത്തിൽ നിൽക്കുന്ന രാഘവൻ മാമയെയുമാണ്.
മിത്ര : ഇതെന്താ.. എല്ലാർക്കും പറ്റിയെ, ചേച്ചി എവിടെ
അവൾ റൂമിനു ചുറ്റും കണ്ണോടിച്ചു.
സുമ : നമ്മളെയൊക്കെ പറ്റിച്ച് അവൾ പോയി മോളെ..
ഒരു കരച്ചിലോടെ സുമ പറഞ്ഞതും മിത്രയുടെ കണ്ണുകൾ പുറത്തേക്ക് തള്ളി.
രാഘവൻ : ഇനി നിനക്കെ ഈ കുടുംബത്തെ നാണക്കേടിൽ നിന്ന് രക്ഷിക്കാൻ കഴിയു..
ശേഖരൻ : അച്ഛന്റെ മോൾക്ക് സമ്മതാണോ?
അയാൾ നിസ്സഹായതയോടെ അവളുടെ മുഖത്തേക്ക് നോക്കി.
മിത്ര : അയ്യേ ഞാനൊന്നും കെട്ടില്ല അയാളെ, അല്ലെങ്കിൽ തന്നെ ഞാനിപ്പൊ പഠിക്കുവല്ലേ…
അവൾ അയാളുടെ മുഖത്തേക്ക് നോക്കി പറഞ്ഞതും സുമയും അവളെ അനുകൂലിച്ചു.
സുമ : അവൾ കുഞ്ഞല്ലേ ശേഖരേട്ടാ…
അവളെ അത്രയും ഇഷ്ടമാണ് ശേഖരന്, അവളുടെ കുറുമ്പുകൾ ഇല്ലാതെ ആ വീട് അയാൾക്ക് സങ്കൽപ്പിക്കാൻ കൂടി വയ്യായിരുന്നു.
ശേഖരൻ : വേണ്ട മാമേ, നാണക്കേട് മാറ്റാൻ വേണ്ടി എന്റെ കുഞ്ഞിനെ എന്തിനാ വെറുതെ കരുവാക്കാൻ നിക്കുന്നത്.
അയാൾ അവളുടെ കവിളായിതലോടി പറഞ്ഞതും രാഘവൻ അയാളുടെ മുഖത്തേക്കൊന്ന് രൂക്ഷമായി നോക്കി.
“ശേഖരാ, നീയിപ്പോ കാണിക്കുന്നത് ശുദ്ധ മണ്ടത്തരമാണ്… സുമേ, നീയെങ്കിലും ഇവളോട് പറഞ്ഞു കൊടുക്ക്. 18 വയസ്സ് തികഞ്ഞ പെണ്ണാണ്. പഠിക്കാനൊക്കെ കല്യാണം കഴിഞ്ഞാലും പോവാം, പക്ഷേ ഈ മുഹൂർത്തം തെറ്റിയാൽ പിന്നെ ഒന്നും പഴയതുപോലെ ആവില്ല”.
രാഘവൻ മാമയുടെ ശബ്ദം മുറിയിൽ മുഴങ്ങിക്കേട്ടു.
മിത്ര പതുക്കെ ജനാലയ്ക്കൽ ചെന്ന് പുറത്തേക്ക് നോക്കി. അവിടെ വർണ്ണാഭമായ പന്തലിൽ ബന്ധുക്കളും നാട്ടുകാരും നിറഞ്ഞിരിക്കുന്നു. എല്ലാവരും സന്തോഷത്തിലാണ്, വരാൻ പോകുന്ന ദുരന്തത്തെക്കുറിച്ച് ആരും അറിയുന്നില്ല. അച്ഛന്റെ അഭിമാനം തകരുന്നത് മിത്രയ്ക്ക് ആലോചിക്കാൻ പോലും കഴിഞ്ഞില്ല.
അവൾ മെല്ലെ അയാളുടെ അടുത്തേക്ക് നടന്നു.
മിത്ര : അച്ഛൻ വിഷമിക്കണ്ട, ഞാൻ കല്യാണത്തിന് സമ്മതിച്ചോളാം
അയാളുടെ കയ്യിൽപ്പിടിച്ചവൾ പറഞ്ഞതും ശേഖരൻ തന്റെ തല വിലങ്ങനെയാട്ടി.
ശേഖരൻ : വേണ്ട മോളെ..
അയാൾ പറഞ്ഞവസാനിപ്പിക്കുന്നതിനു മുന്നേ രഘവന്റെ ശബ്ദം അവിടെ ഉയർന്നതാണു.
രാഘവൻ : സുമേ അവൾ സമ്മതം പറഞ്ഞത് കേട്ടില്ലേ, പോയി അവളെ ഒരുക്കിയിട്ട് വരു..
അയാൾ പറയുന്നത് കേട്ടതും സുമ ഒരു ഞെട്ടലോടെ ശേഖരന്റെ മുഖത്തേക്ക് നോക്കി.
ശേഖരൻ : മാമേ..
രാഘവൻ : നീയൊന്നും പറയണ്ട ഞാൻ പറയുന്നതങ്ങ് കേട്ടാൽ മതി
അതും പറഞ്ഞ് ശേഖരനെയും കൂട്ടി അയാൾ പുറത്തേക്ക് നടന്നു .
രാഘവൻ : സുമേ, അവളെ വേഗം റെഡിയാക്ക്. സമയം വൈകിക്കണ്ട..
പുറത്തേക്ക് നടക്കുന്നതിനിടയിൽ അയാൾ വിളിച്ച് പറഞ്ഞതും സുമ വിറയ്ക്കുന്ന കൈകളോടെ മിത്രയെ ഒരുക്കാൻ തുടങ്ങി. ചേച്ചിക്കായി വാങ്ങിയ സാരി മിത്രയുടെ മെലിഞ്ഞ ശരീരത്തിൽ ചുറ്റിയപ്പോൾ അവൾക്കതൊരു ഭാരമായി തോന്നിയിരുന്നു.
🥀
മിത്രയെ വധുവിന്റെ വേഷത്തിൽ കണ്ടതും അപ്പുവും അമ്മുവും വാ പൊളിച്ചു നിന്നുപോയി.
അപ്പു: എടാ… ഇതെന്താ മിത്രേച്ചി കല്യാണപെണ്ണായത്? അപ്പൊ സുജിചേച്ചി എവിടെ?
അമ്മു: മിണ്ടാതിരിക്കടാ… എന്തോ പ്രശ്നമുണ്ടെന്ന് തോന്നുന്നു.
മിത്ര അവരെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു. എന്നിട്ട് സാരിത്തലപ്പ് പിടിച്ചുകൊണ്ട് തല കുനിച്ച് മണ്ഡപത്തിലേക്ക് നടന്നു.
രാഘവൻ മാമ വിചാരിച്ചതുപോലെ കാര്യങ്ങൾ നടന്നുവെങ്കിലും. മിത്രയെ കണ്ട ബന്ധുക്കൾക്കിടയിൽ അടക്കം പറച്ചിലുകൾ തുടങ്ങി.
“ഇതെന്താ പെണ്ണ് മാറിയത്?”
“മൂത്തവൾ എവിടെപ്പോയി?”
അങ്ങനെ പലതരം മുറുമുറുപ്പുകൾ അവിടെ നിറഞ്ഞു.
പന്തലിൽ നാദസ്വരം ഉച്ചത്തിൽ മുഴങ്ങി. പൂജാരി മന്ത്രങ്ങൾ ചൊല്ലിത്തുടങ്ങി. മിത്ര മണ്ഡപത്തിൽ വന്നിരുന്നതും, വിച്ചു ഒരു സംശയത്തോടെ തന്റെ അടുത്തിരിക്കുന്നവളെ നോക്കി.
താൻ കണ്ടു വെച്ച പെണ്ണല്ല തന്റെ വശത്തിരിക്കുന്നത് എന്ന് കണ്ടതും അവന്റെ നെറ്റി ചുളിഞ്ഞു. അവൻ സംശയത്തോടെ ശേഖരനെ നോക്കിയതും അയാൾ കൈകൂപ്പി കരഞ്ഞുകൊണ്ട് നിൽക്കുകയാണ്.
മണ്ഡപത്തിൽ ഇരിക്കുമ്പോഴും മിത്രയുടെ കണ്ണ് മുന്നിലിരുന്ന ഫ്രൂട്ട് ബാസ്കറ്റിലായിരുന്നു.
എന്നാൽ വിച്ചു വിചാരിച്ചത് മിത്ര പേടി കൊണ്ട് തല താഴ്ത്തി ഇരിക്കുകയാണെന്നാണ്.
പൂജാരി മന്ത്രം ചൊല്ലിതുടങ്ങി, വിച്ചു മിത്രയുടെ കഴുത്തിൽ താലി കെട്ടി. താലികെട്ട് കഴിഞ്ഞതും മന്ത്രകോടി പുതപ്പിച്ചു.
“ഇനി വധൂവരന്മാർക്ക് എഴുന്നേൽക്കാം”
എന്ന് പൂജാരി പറഞ്ഞ നിമിഷ തന്നെ മിത്ര തന്റെ ഇരിപ്പിടത്തിൽ നിന്നും ചാടി എഴുന്നേറ്റു!
നാണവും പേടിയുമൊക്കെ മാറ്റിവെച്ച്, അവൾ ആദ്യം ചെയ്തത് മുന്നിലിരുന്ന ആ കൊട്ടയിൽ നിന്നും ആ ആപ്പിൾ കൈക്കലാക്കുക എന്നതായിരുന്നു. എന്നിട്ട് താഴെ അന്തംവിട്ടു നിൽക്കുന്ന അപ്പുവിനെയും അമ്മുവിനെയും നോക്കി വലിയൊരു കടി കടിച്ചു!
ശേഷം അവരെ നോക്കി ഒരു ഒന്നൊന്നര കൊഞ്ഞനവും കുത്തി വിച്ചുവിന്റെ മുഖത്തേക്ക് നോക്കി
”വാ വിച്ചൂട്ടാ… നമുക്ക് പോകാം!”
വിച്ചുവിന്റെ കണ്ണുകൾ തള്ളിവന്നു. കല്യാണം കഴിഞ്ഞപാടെ അവൾ തന്നെ “വിച്ചൂട്ടാ” എന്ന് വിളിച്ചതും പോരാഞ്ഞ്, ആപ്പിളും കടിച്ചുള്ള ആ നിൽപ്പ് കണ്ടപ്പോൾ തന്റെ ഭാവി എന്താകുമെന്ന് വിച്ചുവിന് ഏകദേശം ധാരണയുണ്ടായിരുന്നു.
.
.
.
.
.
.
.
.
.
.
കരഞ്ഞു തളർന്ന സുമ മിത്രയെ കെട്ടിപ്പിടിച്ചു.
“മോളേ… അവിടെ ചെന്നിട്ട് അടങ്ങിയൊതുങ്ങി നിക്കണം. കുറുമ്പൊന്നും കാണിക്കരുത്.”
മിത്ര ബാക്കി വന്ന ആപ്പിൾ അപ്പുവിന്റെ കയ്യിൽ കൊടുത്തു എന്നിട്ട് അമ്മയുടെ മുഖത്തേക്ക് നോക്കി.
മിത്ര : അമ്മ ഇങ്ങനെ പേടിക്കാതെ, ഇനി വിച്ചൂട്ടന്റെ വീട്ടിലെ കാര്യം ഞാൻ നോക്കിക്കോളാം
വല്യ ആളെ പോലെ തന്നെ നോക്കി പറയുന്നപെണ്ണിനെ കണ്ടതും കണ്ണുനീരിനിടയിലും ആ അമ്മയുടെ ചുണ്ടിലൊരു പുഞ്ചിരി മിന്നി ഒപ്പം ഇനി ഇവൾ എന്തെല്ലാം കാട്ടിക്കൂട്ടുമെന്ന് ആലോചിച്ച് അല്പം വെപ്രാളവും.
ഇതെല്ലാം കണ്ട വിച്ചുവിന്റെ ചേട്ടൻ വിവേക് തന്റെ പൊട്ടിവന്ന ചിരി അടക്കിപിടിച്ച് അവന്റെ മുഖത്തേക്ക് നോക്കി.
അത് കണ്ടതും “നിന്നോടൊക്കെ ദൈവം ചോദിക്കും” എന്ന എക്സ്പ്രഷൻ മാത്രമേ വിച്ചുവിന്റെമുഖത്ത് വിരിഞ്ഞുള്ളു.
അതേസമയം ശേഖരൻ കാര്യങ്ങളൊക്കെയും ശാന്തമായി വിച്ചുവിനോടും വിവേകിനോടും വിശദീകരിച്ചു കഴിഞ്ഞിരുന്നു. ആദ്യം കേട്ടപ്പോൾ രണ്ടുപേരും ഒരുനിമിഷം തറഞ്ഞുപോയെങ്കിലും, “ഇതായിരിക്കും വിധി” എന്ന വിവേകിന്റെ വാക്കുകൾക്ക് മുന്നിൽ വിച്ചുവും നിശ്ശബ്ദനായി നിന്നു.
ആ സമയം തന്നെ ശേഖരൻ നിറഞ്ഞ കണ്ണുകളോടെ വിച്ചുവിന്റെ കൈ പിടിച്ചു.
“എന്റെ മോളെ നിന്റെ കയ്യിൽ ഏൽപ്പിക്കുകയാ മോനേ… അവൾ ഇത്തിരി കുറുമ്പിയാ, പൊന്നുപോലെ നോക്കിക്കോളണേ”
ശേഖരന്റെ ആ വാക്കുകൾ കേട്ടപ്പോൾ വിച്ചുവിന് ശരിക്കും സങ്കടം തോന്നി. പാവം മനുഷ്യൻ, മൂത്ത മകൾ കാണിച്ച ചതിയിൽ തകർന്നു നിൽക്കുകയാണ്. അവൻ മിത്രയെ ഒന്നു നോക്കി, കയ്യിലുണ്ടായിരുന്ന ആപ്പിൾ അപ്പുവിന് കൊടുത്ത് അടുത്തായി നിൽക്കുന്ന അമ്മുവിന്റെ കയ്യിലുള്ള മുന്തിരി തട്ടിപ്പറിച്ച് തിന്നുന്ന തിരക്കിലായിരുന്നു പെണ്ണ്, അതിന്റെ ഒപ്പം തന്നെ താലം കൈവിട്ടുപോയ നിരാശയും ആ മുഖത്ത് വ്യക്തമാണ്.
അവൻ ശേഖരനെ നോക്കിയൊന്ന് പുഞ്ചിരിച്ചു.
വിച്ചു : അച്ഛൻ പേടിക്കണ്ട, സമാധാനായി ഇരുന്നോളു. മിത്രയെ ഞാൻ നന്നായി നോക്കിക്കോളാം.
ഇനിയും നിന്നാൽ വീട്ടിൽ കയറാൻ ലേറ്റാവുമെന്ന് കണ്ടതും വിവേക് രണ്ടുപേരെയും കൂട്ടി ഫുഡ് കഴിച്ച് പെട്ടന്നു തന്നെ അവിടെ നിന്നും അവരുടെ വീട്ടിലേക്ക് പുറപ്പെട്ടു.
കാറിൽ വിച്ചുവിന്റെ അടുത്തായിരുന്നു മിത്ര ഇരുന്നത്. യാത്രയിലുടനീളം അവൾ ജനാലയ്ക്കൽ കൂടി പുറത്തേക്ക് നോക്കി ഓരോന്ന് പാടിക്കൊണ്ടിരുന്നു.
മിത്ര: വിച്ചൂട്ടാ… ഇന്ന് വീട്ടിൽ എന്തെങ്കിലും സ്പെഷ്യൽ ഉണ്ടാവുമോ, നിങ്ങളെ ധൃതി കാരണം എനിക്കൊന്നും മര്യാദയ്ക്ക് കഴിക്കാൻപോലും പറ്റിയിട്ടില്ല.
വിച്ചു വിവേകിനെ നോക്കി ദയനീയമായി ഒന്നു ചിരിച്ചു.
വിച്ചു: മിത്രേ… നമ്മൾ ഒരു വലിയ പ്രശ്നത്തിലൂടെയാ കടന്നുപോയത് എന്ന് നിനക്ക് വല്ല ബോധ്യവുമുണ്ടോ? നിന്റെ ചേച്ചി പോയതും, പകരം നീ കല്യാണം കഴിച്ചതും ഒക്കെ ഒരു തമാശയാണോ നിനക്ക്?
അല്പം ഗൗരവത്തിൽ അവൻ ചോദിച്ചതും മിത്രയുടെ മുഖത്തെ ചിരി മാഞ്ഞു. അവൾ കുറച്ചു നേരം മിണ്ടാതിരുന്നു. വിച്ചുവിന് പെട്ടെന്ന് കുറ്റബോധം തോന്നി. പാവം കുട്ടി, അച്ഛനെ സഹായിക്കാൻ വേണ്ടിയല്ലേ ഇതിനൊക്കെ സമ്മതിച്ചത്.
പക്ഷേ, മിനിറ്റുകൾക്കുള്ളിൽ മിത്രയുടെ മറുപടിയും വന്നു:
മിത്ര: അതിനിപ്പോ ഞാൻ എന്ത് ചെയ്യാനാ? ചേച്ചി പോയതുകൊണ്ട് എനിക്കിച്ചിരി നേരത്തെ കെട്ടേണ്ടി വന്നു അത്രെന്നെ, പിന്നെ…..വീട്ടിൽ ചെന്നിട്ട് നമുക്ക് ഒരുമിച്ച് കഴിക്കാം, അപ്പോ ഈ വിഷമം ഒക്കെ മാറിക്കോളും!
വിവേക് സീറ്റിലിരുന്ന് പൊട്ടിച്ചിരിച്ചു പോയി, ഇവളോട് ഗൗരവം കാണിച്ചിട്ട് വല്യ കാര്യമൊന്നുമില്ലെന്ന് മനസ്സിലായതും വിച്ചു തന്റെ തലയിൽ കൈവെച്ച് പുറത്തേക്ക് നോക്കിയിരുന്നു.
നീലിയേടത്ത്
ഇതാണ് വിച്ചുവിന്റെ വീട്.
മാധവൻ, ലളിത ദമ്പതികൾക്ക് 2 മക്കൾ : വിവേക്, വിശാഖ് (വിച്ചു)
വിവേകിന്റെ ഭാര്യ രചന, മകൾ ഐഷു (5വയസ്സുകാരി)
വിച്ചു ഒരു സ്കൂൾ അധ്യാപകനാണ്, വിവേക് ബാങ്ക് ജീവനക്കാരനും. (മാധവൻ ഇപ്പോൾ ജീവനോടെയില്ല)
വിച്ചുവിന്റെ വീട്ടിലെത്തിയപ്പോൾ അവന്റെ അമ്മ ലളിത നിലവിളക്കുമായി ഉമ്മറത്ത് നിൽക്കുന്നുണ്ടായിരുന്നു. വിവേക് ഫോണിലൂടെ കാര്യങ്ങൾ നേരത്തെ വിളിച്ചു പറഞ്ഞതുകൊണ്ട് എല്ലാവരും പുതിയപെണ്ണിനെ കാണാനുള്ള തിടുക്കത്തിലാണ്.
കാറിൽ നിന്നിറങ്ങിയ മിത്രയുടെ കണ്ണുകൾ ആദ്യം ഉടക്കിയത് മുറ്റത്തിന്റെ ഒരുമൂലയിലായുള്ള ഊഞ്ഞാലിലാണ്, ആ കാഴ്ച്ച അവളെ ആവേശത്തിലാക്കി. നിലവിളക്ക് വാങ്ങി വലതുകാൽ വെച്ച് അകത്തേക്ക് കയറിയവളെ കാണാൻ തിരക്കുകൂട്ടി എല്ലാവരും.
വിച്ചുവിന്റെ റൂമിലായിരിക്കുന്നവളുടെ കയ്യിലും കഴുത്തിലുമുള്ള ആഭരണങ്ങൾ എണ്ണാനുള്ള തിടുക്കത്തിലായിരിന്നു അമ്മായിമാരൊക്കെയും.
കുറച്ചധികം സമയം അവൾ എല്ലാവർക്കും ഒരു കാഴ്ചവസ്തുവായി മാറി, അവളുടെ മുഖത്തെ ക്ഷീണം കണ്ടതും ലളിതയും രചനയും കൂടെ എല്ലാവരെയും ഒരുവിധത്തിൽ പുറത്തേക്കയച്ച് അവളെ ഫ്രഷാവാനായി ബാത്‌റൂമിലേക്ക് കയറ്റി.
ഫ്രഷായ ശേഷം ക്ഷീണം കാരണം അവളൽപ്പ സമയം റൂമിൽ കിടന്ന് മയങ്ങിയിരുന്നു.
അങ്ങനെ ആ വീട്ടിലെ ആദ്യ രാത്രിയായി. എല്ലാവരും മിത്രയെ ഓരോന്ന് പറഞ്ഞു കളിയാക്കുന്നുണ്ടായിരുന്നു. വിച്ചുവാണെങ്കിൽ നാണക്കേടും ടെൻഷനും കാരണം മുറിയിലേക്ക് കയറാൻ പോലും മടിച്ചു നിൽക്കുകയാണ്.
വിവേക് അവനെ തള്ളി മുറിക്കകത്താക്കി വാതിലടച്ചു.
മുറിക്കുള്ളിൽ:
വിച്ചു അകത്തേക്ക് കയറുമ്പോൾ മിത്ര അവിടെ കട്ടിലിൽ ഇരുന്നു വലിയ ഗൗരവത്തിൽ എന്തോ ആലോചിക്കുകയാണ്. അവളുടെ മുഖം കണ്ടതും വീട്ടുകാരെ പിരിഞ്ഞതിന്റെ വിഷമത്തിലായിരിക്കും അവളെന്നെ ചിന്തയിൽ അവളെ ആശ്വസിപ്പിക്കാനായി
അവൻ മെല്ലെ അവളുടെ അടുത്തേക്ക് ചെന്നു.
വിച്ചു: മിത്രേ… നീ വിഷമിക്കണ്ട കേട്ടോ. പെട്ടെന്നുള്ള തീരുമാനമായിരുന്നു എല്ലാം എന്ന് എനിക്കറിയാം, ഞാൻ അച്ഛനോട് പറഞ്ഞിട്ടുണ്ട് നിന്റെ ബുക്ക്സ് എല്ലാം ഇങ്ങോട്ട് കൊണ്ടുവരാൻ..
മിത്ര പതുക്കെ തലയുയർത്തി അവന്റെ മുഖത്തേക്ക് നോക്കി.
മിത്ര: അതൊക്കെ പോട്ടെ വിച്ചൂട്ടാ… ഈ റൂമിലെ എസിക്ക് അഞ്ചു സ്പീഡുണ്ടല്ലേ? നമ്മുടെ വീട്ടിലൊക്കെ മൂന്നേ ഉള്ളൂ!
അവളുടെ സംസാരം കേട്ടതും അവൻ വാ പൊളിച്ചു അവളെ നോക്കി നിന്നു.
വിച്ചു: ഏഹ്…
മിത്ര : വീട്ടിലുള്ളത് പൊട്ട എസിയായിരുന്നു, അതിലാകെ കൂട്ടാനും കുറയ്ക്കാനും മാത്രേ പറ്റു.
അവളുടെ സംസാരം കേട്ടതും അവൻ മെല്ലെ ബെഡ്‌ഡിലേക്ക് കിടന്നു.
മിത്ര : ഉറങ്ങാൻ പോകുവാണോ?
വിച്ചു : പിന്നെ ഉറങ്ങാതെ ഇനി നിന്റെ കഥകളി വല്ലോം നടക്കുന്നുണ്ടോ ഇവിടെ?
അവളുടെ മുഖത്തേക്ക് നോക്കി അവനൊരു താല്പര്യമില്ലാതെ ചോദിച്ചതും അവളവന്റെ കവിളിലായൊന്ന് പിച്ചി.
മിത്ര : ശ്ശോ… വിച്ചൂട്ടൻ ഒരു തമാശക്കാരൻ തന്നെ
അതിനവൻ കൂടുതലൊന്നും പറയാതെ ഒരു നിശ്വാസത്തോടെ കണ്ണുകളടച്ചു.
മിത്ര : ഉറങ്ങാൻ പോകുവാ അല്ലേ, എന്നാൽ പിന്നെ ആ പാൽ മൊത്തം ഞാൻ കുടിക്കട്ടെ?
മുന്നിലെ ടേബിളിലായുള്ള പാലിലേക്ക് നോക്കിയവൾ ചോദിച്ചതും ഇതിനോടൊക്കെ ഞാൻ എന്ത് പറയാനാ എന്നും ചിന്തിച്ചവൻ തിരിഞ്ഞുകിടന്നു.
🥀
രാവിലെ വിച്ചു എഴുന്നേറ്റപ്പോഴും മിത്ര നല്ല ഉറക്കിലായിരുന്നു. ഓടാൻ പോവുന്നപോലെ കിടക്കുന്നപെണ്ണിനെ നോക്കി നെടുവീർപ്പിട്ടവൻ ഫ്രഷായി പുറത്തേക്ക് നടന്നു.
സൂര്യപ്രകാശം ജനാലയ്ക്കലൂടെ മുഖത്ത് അടിച്ചപ്പോഴാണ് മിത്ര പതുക്കെ കണ്ണുതുറന്നത്. സമയം നോക്കിയപ്പോൾ പത്ത് മണിയാകാറായിരിക്കുന്നു!, ഒരു മടുപ്പോടെ തലയിൽ ചൊറിഞ്ഞുകൊണ്ടവൾ ഹാളിലേക്ക് നടന്നു.
മിത്ര : അമ്മാ… ചായ
ഹാളിൽ നിന്നും ഉറക്കെ വിളിക്കുന്നവളുടെ സൗണ്ട് കേട്ടാണ് രചന കുഞ്ഞിന് കൊടുക്കാനുള്ള ഹോർലിക്‌സും എടുത്ത് പുറത്തേക്ക് വന്നത്.
രചന : ആഹാ… എഴുന്നേറ്റോ..
ടേബിളിലായി ഉറക്കുംതൂങ്ങിയിരിക്കുന്ന മിത്രയെ നോക്കിയവൾ ചോദിച്ചതും അവളൊന്ന് പുഞ്ചിരിച്ചു.
രചന : അമ്മ ഇവിടില്ല, പുറത്തേക്ക് പോയതാ..
അതും പറഞ്ഞ് അവളുടെ കയ്യിലെ ഗ്ലാസ്സ് ടേബിളിന് പുറത്തുംവെച്ച് അവൾ കുഞ്ഞിനെ എടുക്കാനായി റൂമിലേക്ക് നടന്നു.
മുന്നിലെ ഹോർലിക്സ് കണ്ടതും അവൾ മറ്റൊന്നും ചിന്തിക്കാതെ ഒറ്റയടിക്ക് അതെടുത്ത് കുടിച്ചു. ഗ്ലാസ്സിലെ അവസാനതുള്ളിയും വായിലേക്കാക്കി ഗ്ലാസവൾ ടേബിളിലായിവെച്ചു.
അല്പ സമയം കഴിഞ്ഞതും കുഞ്ഞുമായി പുറത്തേക്കുവന്ന രചന കാണുന്നത് ടേബിളിൽ ഇരിക്കുന്ന കാലി ഗ്ലാസ്സാണ്.
രചന : ഇന്നും ഇതെടുത്ത് കുടിച്ചുല്ലേ, ഇങ്ങേരെ കൊണ്ട്
അവൾ ആ ഗ്ലാസും എടുത്ത് കലിതുള്ളി പുറത്തേക്ക് പോവുന്നത് കണ്ടതും മിത്ര മെല്ലെ അകത്തേക്ക് സ്കൂട്ടായി,
ഫ്രഷായി ഹാളിലേക്ക് വന്ന മിത്ര നെറ്റിയിൽ ഒരു മുഴയുമായിരിക്കുന്ന വിവേകിനെ നോക്കിയൊന്ന് ചിരിക്കാൻ ശ്രമിച്ചു.
വിവേക് : എടി സാമദ്രോഹി…
മിത്ര : സോറി ഏട്ടാ, ഒരബദ്ധം
രണ്ടുപേരുടെയും മുഖംകൊണ്ടുള്ള ഘോഷ്ടികൾ കണ്ടതും വിച്ചുവിന് രാവിലെ നടന്ന ബഹളത്തിന്റെ കാരണം വ്യക്തമായിരുന്നു.
വൈകാതെ ആ വീടൊരു പടക്കളം ആവാൻ പോവുകയാണെന്ന് അവന്റെ ഉള്ളിൽ നിന്നാരോ പറഞ്ഞുകൊണ്ടിരുന്നു.
അന്ന് വൈകിട്ട് ഉമ്മറത്തായിരുന്ന് ആപ്പിൾ കഴിച്ചുകൊണ്ടിരിക്കുന്ന ഐഷുവിന്റെ അടുത്തായി വന്നിരുന്നു മിത്ര.
മിത്ര: ഐഷു ഈ ആപ്പിൾ അങ്കിൾ കൊണ്ടുവന്നതാണോ?
ഐഷു: അല്ല, ഇത് എന്റെ അച്ഛ കൊണ്ടുവന്നതാ. ചിറ്റമ്മ പോയി വേറെ എടുത്തോ!
തന്റെ മുന്നിലെ പ്ലേറ്റ് മടിയിലേക്കെടുത്തു വെച്ചു ഐഷു അതുകൂടെ കണ്ടതും മിത്ര ഒന്നുകൂടെ അവളോട് ചേർന്നിരുന്നു.
മിത്ര: ഇന്നലെ ന്യൂസിൽ കണ്ടിരുന്നു ഈ ആപ്പിൾ കഴിച്ചിട്ട് ഒരു കുട്ടിയ്ക്ക് വയറുവേദന വന്നൂന്ന്, ഹോസ്പിറ്റലിൽ പോയി ഇൻജെക്ഷൻ ഒക്കെ എടുത്തുന്നാ കേട്ടത്..
ഇതൊക്കെ കേട്ടിട്ടും ഐഷു അതൊന്നും mind ചെയ്യാതെ തന്റെ ആപ്പിൾ കഴിക്കാൻ തുടങ്ങിയതും മിത്ര നൈസായി ഒരു കഷ്ണം അടിച്ചുമാറ്റാൻ ശ്രമിച്ചു അത് കണ്ടതും ഐഷു ഉറക്കെ നിലവിളിക്കാൻ തുടങ്ങി ഇത് കേട്ട് കൊണ്ടാണ് വിവേക് അങ്ങോട്ടേക്ക് വന്നത്.
മിത്ര: ഈ പെണ്ണിന് ഷെയറിങ് മെന്റാലിറ്റി തീരെഇല്ല ഏട്ടാ, ഞാൻ അവളെ അത് പഠിപ്പിക്കുകയായിരുന്നു!
അവന്റെ മുഖത്തേക്ക് നോക്കി ഒരിളിയോടെ അവൾ പറഞ്ഞതും ഇനി ഇതും എന്റെ തലയിൽ ആവുമോ എന്ന പേടിയായിരുന്നു വിവേകിന്,
ഒരുവിധത്തിൽ എന്തെക്കെയോ പറഞ്ഞവൻ ഐഷുവിനെ സമാധാനിപ്പിച്ചു.
അന്ന് രാത്രിതന്നെ മിത്ര അടുത്തപണിയും ഒപ്പിച്ചു ഐഷുവിന്റെ പുതിയ ബാർബി ഡോളിന്റെ തല ഊരിയെടുത്തു.
ഐഷു: എന്റെ പാവക്കുട്ടിയെ ചിറ്റമ്മ കൊന്നേ!
വീണ്ടും നിലവിളിക്കുന്ന ഐഷുവിനെ കണ്ടതും വിവേക് മറ്റൊന്നും നോക്കാതെ ഓടി ബാത്‌റൂമിൽ കയറി. ഈ ബഹളം കേട്ട് വിച്ചു അങ്ങോട്ട് വന്നു.
മിത്ര: കൊന്നതല്ലെടാ… ഇതിന്റെ ഉള്ളിൽ എന്താണെന്ന് ഒന്ന് റിസർച്ച് ചെയ്തതാ. ശാസ്ത്രം വളരണമെങ്കിൽ ഇങ്ങനെയൊക്കെ വേണം.
അവൾ എന്തൊക്കെ പറഞ്ഞിട്ടും പെണ്ണ് അടങ്ങാതെ വന്നപ്പോൾ
അവസാനം സമാധാന ചർച്ചയ്ക്കായി വിച്ചുവിന് രണ്ട് പേർക്കും ഐസ്ക്രീം വാങ്ങി കൊടുക്കേണ്ടി വന്നു. ഐസ്ക്രീം കിട്ടിയതും രണ്ടുപേരും പഴയതുപോലെ വീണ്ടും ഫ്രണ്ട്‌സായി.
ദിവസങ്ങൾ കടന്നുപോയി. മിത്ര ആ വീട്ടിലെ ഒരംഗമായി മാറി. അവളുടെ കുറുമ്പുകൾ വിവേകിനും രചനയ്ക്കും വലിയ തലവേദനയാണെങ്കിലും, അവളില്ലാത്ത ഒരു നേരത്തെക്കുറിച്ച് അവർക്ക് ആലോചിക്കാൻ പോലും പറ്റാത്തത്ര അവൾ എല്ലാവരുടെയും പ്രിയപ്പെട്ടവളായി. പക്ഷേ, വിച്ചുവിന്റെ മനസ്സിൽ ഇപ്പോഴും ഒരു ഭാരമുണ്ടായിരുന്നു. മിത്ര തനിക്ക് ചേരുന്നവളാണോ എന്നതിനേക്കാൾ, തന്റെ അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി ജീവിതം ഹോമിക്കേണ്ടി വന്ന ഒരു കുട്ടിയാണോ അവൾ എന്ന ചിന്ത അവനെ അലട്ടിക്കൊണ്ടിരുന്നു.
ഒരു ദിവസം വൈകുന്നേരം ശേഖരൻ മിത്രയെ കാണാൻ നീലിയേടത്തെ വീട്ടിലെത്തി. അച്ഛനെ കണ്ടതും മിത്ര ഓടിപ്പോയി കെട്ടിപ്പിടിച്ചു. പക്ഷേ, ശേഖരന്റെ മുഖം പഴയതുപോലെ പ്രസന്നമായിരുന്നില്ല.
ശേഖരൻ: മോളേ… നീയിവിടെ okay അല്ലേ, വേറെ കുഴപ്പമൊന്നും ഇല്ലല്ലോ? നിന്റെ പഠിത്തം മുടങ്ങിയതിലും, ഈ പ്രായത്തിൽ ഇങ്ങനെ ഒരു ഉത്തരവാദിത്തം തലയിൽ വന്നതിലും അച്ഛന് നല്ല സങ്കടമുണ്ട്.
ശേഖരന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടപ്പോൾ മിത്രയുടെ മുഖത്തെ ചിരി മാഞ്ഞു. സദാസമയവും തമാശ പറഞ്ഞു നടന്നിരുന്ന അവൾ ആദ്യമായി ഗൗരവക്കാരിയായി.
മിത്ര: അച്ഛാ… എന്തിനാ ഇപ്പൊ ഇതൊക്കെ ഓർത്ത് വിഷമിക്കുന്നേ? എനിക്ക് ഇവിടെ ഒരു കുറവുമില്ല. ഇവരൊക്കെ എന്നെ എത്ര നന്നായിട്ടാ നോക്കുന്നതെന്നോ.
ശേഖരൻ: അതല്ല മോളേ… നിന്റെ ചേച്ചി ചെയ്ത തെറ്റിന് നീ എന്തിനാ ശിക്ഷ അനുഭവിക്കുന്നത്? നിനക്ക് ഇഷ്ടമുള്ള ഒരാളെ കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്കേണ്ടവളല്ലായിരുന്നോ നീ?
അച്ഛന്റെ ഈ ചോദ്യം വിച്ചുവും വാതിലിനു പിന്നിൽ നിന്ന് കേൾക്കുന്നുണ്ടായിരുന്നു. അവന്റെ ഉള്ളിലും അതേ ചോദ്യം തന്നെയായിരുന്നു. മിത്ര ഒരു നിമിഷം ആലോചിച്ചു. എന്നിട്ട് അച്ഛന്റെ കൈ തന്റെ കൈക്കുള്ളിൽ ചേർത്തുപിടിച്ചു.
മിത്ര: അച്ഛാ… ചേച്ചി പോയത് കൊണ്ടല്ലേ എനിക്ക് ഈ വീട് കിട്ടിയത്? ഇത്രയും നല്ലൊരു ചെക്കനെ കിട്ടിയത്? എനിക്ക് ഒരു വിഷമോം ഇല്ലച്ഛാ. പഠിക്കാനാണെങ്കിൽ വിച്ചൂട്ടൻ എന്നെ കോളേജിൽ വിടാമെന്ന് പറഞ്ഞിട്ടുണ്ട്. അച്ഛന്റെ മോളിവിടെ ഹാപ്പിയാ.
മിത്രയുടെ മറുപടി കേട്ട ശേഖരന്റെ മനസ്സൊന്നു തണുത്തു. അദ്ദേഹം യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ, വിച്ചു മിത്രയുടെ അടുത്തേക്ക് വന്നു.
വിച്ചു: മിത്രേ… നീ ശരിക്കും സന്തോഷത്തിലാണോ? അതോ അച്ഛനെ സമാധാനിപ്പിക്കാൻ പറഞ്ഞതാണോ?
മിത്ര വിച്ചുവിന്റെ കണ്ണുകളിലേക്ക് നോക്കി. ആ കണ്ണുകളിൽ വികൃതിക്ക് പകരം ഒരുതരം ആർദ്രത നിറഞ്ഞുനിന്നു.
മിത്ര: വിച്ചൂട്ടാ… ഈ വീട്ടിൽ ഞാൻ കാട്ടിക്കൂട്ടുന്ന കുറുമ്പ് നിങ്ങൾ സഹിക്കുന്നുണ്ടല്ലോ, അതുമതി എനിക്ക്. പിന്നെ… എനിക്ക് നിങ്ങളെ ശരിക്കും ഇഷ്ടാ!
അതുപറഞ്ഞ് അവൾ നാണത്തോടെ ഓടിപ്പോകാൻ തുടങ്ങിയതും വിച്ചു അവളുടെ കൈയ്യിൽ പിടിച്ചു നിർത്തി.
വിച്ചു: എങ്ങോട്ടാ ഓടുന്നത്? അപ്പൊ പഠിത്തത്തിന്റെ കാര്യമോ?
മിത്ര: അതൊക്കെ പഠിക്കാം മാഷേ… അതിനു മുൻപ് എനിക്ക് വിശക്കുന്നു. ഞാൻ പോയാ പായസം കുടിക്കട്ടെ, ഇല്ലെങ്കിൽ ആ ഐഷു മൊത്തം തീർക്കും..
അവളുടെ സംസാരം കേട്ടതും അവന്റെ ചുണ്ടിന്റെ കോണിൽ ആരെയും മയക്കാൻ കഴിയുന്ന ഒരു പുഞ്ചിരി വിരിഞ്ഞു. അങ്ങനെ അന്നുമുതൽ അവിടെ പുതിയൊരു പ്രണകാവ്യം രചിക്കാൻ തുടങ്ങുകയായിരുന്നു ഇരുവരും.
കുറുമ്പും കുസൃതിയും നിറഞ്ഞ അവരുടെ പ്രണയകാലം.
#
അവരുടെ പഴയകാര്യങ്ങൾ ആലോചിച്ച് കണ്ണുകളടച്ചിരുന്ന മിത്രയുടെ തോളിലായി കൈവെച്ചു വിവേക്.
മിത്ര : വിച്ചൂട്ടൻ?
വിവേക് : ഓപ്പറേഷൻ കഴിഞ്ഞു, അവൻ മരുന്നുകളോടൊന്നും പ്രതികരിക്കുന്നില്ല.. നീയൊന്ന് പോയി…
വിവേകിനു തന്റെ വാക്കുകൾ പൂർത്തിയാക്കാൻ കഴിയുന്നില്ലായിരുന്നു. കരഞ്ഞു തളർന്ന ആ മുഖം കണ്ടതും മിത്ര തന്റെ നെഞ്ചിലായി കൈവെച്ച് അവിടെ നിന്നും എഴുന്നേറ്റ് ICU വിനു മുന്നിലേക്ക് നടന്നു.
വെന്റിലേറ്ററിന്റെയും മോണിറ്ററുകളുടെയും ഇടയിൽ നിശബ്ദനായി കിടക്കുന്ന വിച്ചു. എപ്പോഴും ഓടിനടക്കുന്ന, അവളുടെ കുറുമ്പുകൾക്ക് കൂട്ടുനിൽക്കുന്നവൻ ഇങ്ങനെ തളർന്നു കിടക്കുന്നത് അവൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ല.
ഹോസ്പിറ്റൽ മുറിയിൽ മയങ്ങിക്കിടക്കുന്ന വിച്ചുവിന്റെ മുഖത്തേക്ക് നോക്കി മിത്ര ആ നിമിഷങ്ങൾ വീണ്ടും ഓർത്തെടുത്തു.
💔
അന്ന് വൈകുന്നേരം മിത്രയുടെ മുഖത്ത് പതിവിലും കവിഞ്ഞൊരു തിളക്കമുണ്ടായിരുന്നു. ആർക്കും പിടികൊടുക്കാത്ത ആ വലിയ രഹസ്യം ഉള്ളിലൊതുക്കി അവൾ വിച്ചുവിനെ നിർബന്ധിച്ചു.
”വിച്ചൂട്ടാ… നമുക്കൊന്ന് ബീച്ച് വരെ പോയാലോ? എനിക്കൊരു കാര്യം പറയാനുണ്ട്.”
അന്ന് സ്കൂളിൽ നിന്ന് വിച്ചു വീട്ടിലെത്തിയത് പതിവിലും ക്ഷീണത്തോടെയായിരുന്നു. എങ്കിലും മിത്രയുടെ ആ കൊഞ്ചലിന് മുന്നിൽ അവൻ എപ്പോഴും തോറ്റുപോകാറാണ് പതിവ്.
”എന്താ ഇത്ര വലിയ കാര്യം? ഇവിടെ വെച്ച് പറഞ്ഞൂടെ ഈ കാന്താരിക്ക്?”
അവളുടെ കവിളിയായി നുള്ളിയവൻ ചിരിച്ചുകൊണ്ട് ചോദിച്ചതും അവൾ തല വിലങ്ങനെയാട്ടി.
”പറ്റില്ല! ഇത് ബീച്ചിൽ പോയാലേ പറയാൻ പറ്റു. വേഗം റെഡിയാവ്…”
ആ യാത്രയിലുടനീളം മിത്ര വാചാലയായിരുന്നു. വരാനിരിക്കുന്ന പുതിയ അതിഥിയെക്കുറിച്ചുള്ള സ്വപ്നങ്ങൾ അവളുടെ ഉള്ളിൽ തിരതല്ലുന്നുണ്ടായിരുന്നു.
💔
അവൾ പതുക്കെ വിച്ചുവിന്റെ ചെവിയിലേക്ക് അടുത്തു. എന്നിട്ട് ആരും കേൾക്കാത്ത സ്വരത്തിൽ മെല്ലെ അവന്റെ ചെവിയിൽ മന്ത്രിച്ചു:
”വിച്ചൂട്ടാ… ഞാൻ തനിച്ചല്ല. നമ്മുടെ കുഞ്ഞ്… അവൻ എന്നെപ്പോലെ വിച്ചൂട്ടനെ കാത്തിരിക്കുവാ. പ്ലീസ്… ഒന്ന് കണ്ണ് തുറക്ക്”
മിത്രയുടെ ആ വാക്കുകൾ ഒരു മന്ത്രം പോലെ വിച്ചുവിന്റെ ഉപബോധമനസ്സിലും തട്ടിയിരുന്നു.
ദിവസങ്ങൾ വീണ്ടും കടന്നുപോയി, അവനിൽ വലിയരീതിയിൽ പ്രതീക്ഷിക്ക വെക്കേണ്ട എന്ന അഭിപ്രായം തന്നെയായിരുന്നു ഡോക്ടർമാർക്കും, ശരീരത്തിന്റെ പുതിയ മാറ്റം അവളെ തളർത്താൻ ശ്രമിച്ചെങ്കിലും തളരാതെ അവളാ ഹോസ്പിറ്റൽ മുറിയിൽ അവന്റെ വരവിനായി കാത്തിരുന്നു.
ഒടുവിൽ ആ കണ്ണീരും പ്രാർത്ഥനയും വെറുതെയായില്ല. ഐ.സി.യു മുറിയിലെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് വിച്ചുവിന്റെ ശ്വാസഗതിയിൽ മാറ്റങ്ങൾ കണ്ടുതുടങ്ങി. മരുന്നുകളോട് പ്രതികരിക്കാതിരുന്ന അവന്റെ ശരീരം, പ്രിയപ്പെട്ടവളുടെ സാമീപ്യം അറിഞ്ഞതുപോലെ മെല്ലെ ഉണരാൻ തുടങ്ങി.
രണ്ടു ദിവസങ്ങൾക്ക് ശേഷം, ഒരു പുലർച്ചെയാണ് വിച്ചു ആദ്യമായി കണ്ണുകൾ പതുക്കെ തുറന്നത്. മങ്ങിയ വെളിച്ചത്തിൽ, തന്റെ കൈകൾ നെഞ്ചോട് ചേർത്തുപിടിച്ചുറങ്ങുന്ന മിത്രയെ അവൻ കണ്ടു. അവളുടെ മുഖം കരഞ്ഞു തളർന്നിരുന്നു.
അവൻ വിറയ്ക്കുന്ന കൈകൾ കൊണ്ട് അവളുടെ തലയിൽ പതുക്കെ ഒന്ന് തലോടി. ആ സ്പർശനത്തിൽ മിത്ര ഞെട്ടി ഉണർന്നു.
”വിച്ചൂട്ടാ…!”
അവളുടെ ശബ്ദം പുറത്തേക്ക് വന്നില്ല. വിശ്വസിക്കാനാവാതെ അവൾ വിച്ചുവിന്റെ മുഖത്തേക്ക് നോക്കി. അവന്റെ കണ്ണുകളിൽ ആ പഴയ തെളിച്ചമുണ്ട്.
ആദ്യത്തെ വാക്കുകൾ
വിച്ചുവിന് സംസാരിക്കാൻ പ്രയാസമുണ്ടായിരുന്നു. ഓക്സിജൻ മാസ്കിനുള്ളിലൂടെ അവൻ എന്തോ പറയാൻ ശ്രമിച്ചു. മിത്ര ഡോക്ടറെ വിളിക്കാൻ എഴുന്നേൽക്കാൻ തുടങ്ങിയതും അവൻ അവളുടെ കൈയ്യിൽ മുറുക്കി പിടിച്ചു.
”മി… ത്രേ…”
അവൻ വളരെ പണിപ്പെട്ട് അവളുടെ പേര് വിളിച്ചതും.
മിത്ര അവന്റെ ചുണ്ടുകളിലേക്ക് കാതോർത്തു.
”ബീ….. ബീച്ച്…?”
അവൻ പകുതി വഴിയിൽ നിർത്തിയ ആ യാത്രയെക്കുറിച്ചാണ് ചോദിക്കുന്നതെന്ന് അവൾക്ക് മനസ്സിലായി.
”ഇപ്പൊ ഒന്നിനെ പറ്റിയും ചിന്തിക്കേണ്ട, ഉറങ്ങിക്കോ.. ഞാനിവിടെ തന്നെയുണ്ട് “
അവൾ അവന്റെ നെറ്റിയിൽ മൃദുവായൊന്ന് ചുംബിച്ചു.
ഡോക്ടർമാർ വന്ന് പരിശോധനകൾ നടത്തി. അവൻ അപകടനില തരണം ചെയ്തുവെന്നും ഇനി പേടിക്കാനില്ലെന്നും കേട്ടപ്പോൾ എല്ലാവരിലും ആശ്വാസം നിറഞ്ഞു.
വൈകുന്നേരം, വിച്ചുവിനെ വാർഡിലേക്ക് മാറ്റിയപ്പോൾ മിത്ര അവന്റെ അരികിൽ വന്നിരുന്നു. മറ്റാരും മുറിയിൽ ഇല്ലാത്ത സമയം നോക്കി അവൾ തന്റെ ബാഗിൽ നിന്നും ആ ചെറിയ പൊതി കയ്യിലെടുത്തു.
”വിച്ചൂട്ടാ… അന്ന് ബീച്ചിൽ വെച്ച് തരാൻ കരുതിയതാ ഇത്.”
വിറയ്ക്കുന്ന കൈകളോടെ വിച്ചു ആ പൊതി തുറന്നു. ഉള്ളിലുണ്ടായിരുന്ന ആ കുഞ്ഞു സോക്‌സുകൾ കണ്ടതും അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അവൻ വിശ്വസിക്കാനാവാതെ മിത്രയുടെ മുഖത്തേക്ക് നോക്കി.
മിത്ര പതുക്കെ അവന്റെ കൈ എടുത്ത് തന്റെ വയറിൽ വെച്ചു.
”നമ്മുടെ കുഞ്ഞ്… അവൻ അച്ഛനെ കാത്തിരിക്കുകയായിരുന്നു ഇത്രയും ദിവസം”
വിച്ചുവിന്റെ മുഖത്ത് വിരിഞ്ഞ ആ പുഞ്ചിരിക്ക് ലോകത്തിലെ എല്ലാ വേദനകളെയും മായ്ക്കാനുള്ള ശക്തിയുണ്ടായിരുന്നു. മിത്രയുടെ കൈകളിൽ അമർത്തിപ്പിടിച്ച്, ആ കുഞ്ഞു സോക്‌സുകൾ തന്റെ നെഞ്ചോട് ചേർത്ത് അവൻ കണ്ണുകളടച്ചു.
മരണത്തെപ്പോലും തോൽപ്പിച്ച് അവൻ തിരിച്ചുവന്നത് തന്റെ പ്രിയപ്പെട്ടവൾക്കും, അവർക്കിടയിലേക്ക് വരാനിരിക്കുന്ന ആ കുഞ്ഞു ജീവനും വേണ്ടിയായിരുന്നു എന്ന് തോന്നി അവന്.
വർഷങ്ങൾക്കിപ്പുറം നീലിയേടത്ത് വീട്
എപ്പോഴും പഴയതുപോലെ ബഹളമയമാണിവിടെ. ഇന്നിപ്പോൾ മിത്രയ്ക്ക് കൂട്ടിന് ഒരാൾ കൂടെയുണ്ട്—അവളുടെ തനി പകർപ്പായ മകൻ കണ്ണൻ.
കണ്ണന്റെ കയ്യിലിരുന്ന ചോക്ലേറ്റിനായി മിത്ര പുറകെ ഓടുകയാണ്.
മിത്ര: കണ്ണാ… ആ ചോക്ലേറ്റ് എന്റേതാ, ഇങ്ങു തന്നേ!
പക്ഷേ അമ്മയെ ഒന്ന് പുച്ഛിച്ചു കൊണ്ട് കണ്ണൻ മുറ്റത്തേക്ക് ഓടി.
കണ്ണൻ: അല്ല….. അച്ഛ ഇത് എനിക്ക് വാങ്ങിത്തന്നതാ, ഞാൻ തരില്ല!
ചെക്കന്റെ വാശി കണ്ടതും വിച്ചു ഉമ്മറത്തേക്ക് ഇറങ്ങി വന്നു. മിത്രയുടെയും കണ്ണന്റെയും ഈ അടിപിടി കണ്ടതും അവൻ രണ്ടുപേരുടെയും ഇടയിലേക്ക് നിന്നു.
വിച്ചു: എന്തിനാ മിത്രേ ഇങ്ങനെ കൂവിവിളിക്കുന്നത്? എന്താ ഇവിടെ?
കണ്ണൻ: അച്ഛൻ വാങ്ങി വന്ന ചോക്ലേറ്റ് അമ്മയ്ക്ക് വേണമെന്ന്, പക്ഷേ ഞാൻ കൊടുക്കില്ല!
അമ്മയും മോനും ഒരു ചോക്ലേറ്റിന് വേണ്ടി നടത്തുന്ന ഈ പോരാട്ടം കണ്ടതും വിച്ചു സ്വന്തം തലയിൽ കൈവെച്ചു പോയി.
വിച്ചു: എന്റെ ദൈവമേ… എന്നോട് ഈ ചതി വേണ്ടായിരുന്നു! മോനേ, അത് അമ്മയ്ക്ക് കൊടുത്തേക്ക്, മോൻ നല്ല കുട്ടിയല്ലേ?
കണ്ണൻ: ഇല്ല, ഞാൻ കൊടുക്കില്ല!
കണ്ണന്റെ വാശി കണ്ടതും മിത്ര അവന്റെ മുഖത്തേക്ക് കൂർപ്പിച്ചു നോക്കി.
മിത്ര: ഇന്ന് വൈകിട്ട് ആ അണ്ണാച്ചി വരുമ്പോൾ നിന്നെ പിടിച്ച് ഞാൻ അയാൾക്ക് കൊടുക്കും, നോക്കിക്കോ!
അതും പറഞ്ഞ് ദേഷ്യത്തിൽ അവൾ അകത്തേക്ക് നടന്നു. മിത്രയുടെ ആ ഭീഷണി കേട്ടതും കണ്ണന്റെ മുഖത്തെ വാശി മാറി, പകരം ചെറിയൊരു പേടി നിറഞ്ഞു. അവൻ പതുക്കെ വിച്ചുവിന്റെ മുഖത്തേക്ക് നോക്കി.
കണ്ണൻ: അച്ഛാ… അമ്മ എന്നെ ശരിക്കും കൊടുക്കുവോ?”
വിച്ചു ഒരു നെടുവീർപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി.
വിച്ചു: നിന്റെ അമ്മയല്ലേ ആള്… കൊടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ!
അച്ഛൻ കൂടെ കൈവിട്ടെന്നു കണ്ടതും കണ്ണൻ ഒട്ടും വൈകിപ്പിക്കാതെ അടുക്കളയിലേക്കോടി. അവിടെ ഗൗരവത്തിൽ നിൽക്കുന്ന മിത്രയുടെ ടോപ്പിലായി പിടിച്ചു വലിച്ചു.
കണ്ണൻ: അമ്മേ… വാ….നമുക്കിത് ഷെയർ ചെയ്ത് കഴിക്കാം,
കണ്ണന്റെ ആ സ്നേഹപ്രകടനം കണ്ടതും മിത്രയുടെ ഉള്ളിലെ ആ പിണക്കം അലിഞ്ഞുപോയിരുന്നു. അവൾ അവനെ വാരിയെടുത്തു കവിളിലൊരു ഉമ്മ കൊടുത്തു.
മിത്ര: അമ്മയ്ക്കറിയാം കണ്ണൻ നല്ല കുട്ടിയാണെന്ന്
അവനെ നോക്കിയവൾ പറഞ്ഞുകൊണ്ട് രണ്ടും അടുക്കളപ്പടിയിലായിരിന്നു.
ഇതൊക്കെ നോക്കി നിന്ന വിച്ചുവിന്റെ അരികിലേക്ക് വന്നു ശേഖരനും സുമയും.
മകൾ സന്തോഷത്തോടെ ഒരു കുടുംബം നയിക്കുന്നത് കാണുമ്പോൾ ശേഖരന്റെ കണ്ണുകളിൽ പഴയ ആ വിഷമമില്ല, പകരം നിറഞ്ഞ സന്തോഷമാണ്.
ശേഖരൻ: എന്താ വിച്ചു ഇവിടെ ഒരു ബഹളം കഴിഞ്ഞപോലെ ഉണ്ടല്ലോ?
വിച്ചു: ഒന്നും പറയണ്ടച്ചാ.. ലോകമഹായുദ്ധം കഴിഞ്ഞ് സമാധാന ചർച്ച നടക്കുവാ അവിടെ.
മുന്നിലേക്ക് ചൂണ്ടിയവൻ പറഞ്ഞതും അവരുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.
മിത്രയും കണ്ണനും അടുക്കളപ്പടിയിലിരുന്ന് ചോക്ലേറ്റ് പങ്കിട്ടു കഴിക്കുന്നത് നോക്കി നിൽക്കെ, വിച്ചുവിന്റെ ഉള്ളിൽ പഴയ ആ മഴക്കാലം ഒരു മങ്ങിയ ഓർമ പോലെ കടന്നുപോയി. സൈറൺ മുഴങ്ങുന്ന ആംബുലൻസും, ബോധം മറയുന്ന വേദനയും, പിന്നെ മിത്രയുടെ ആ കണ്ണിലെ കണ്ണീരും.
വിച്ചു മെല്ലെ അവരുടെ അടുത്തേക്ക് നടന്നു. മുറ്റത്ത് വെയിൽ പടർന്നു തുടങ്ങിയിരിക്കുന്നു.
”എന്താ വിച്ചൂട്ടാ… ഇങ്ങനെ നോക്കി നിൽക്കുന്നേ? ചോക്ലേറ്റ് വേണോ, പിന്നെ ഇനി മേലിൽ 1 ചോക്ലേറ്റ് മാത്രം ഇങ്ങോട്ട് കൊണ്ടുവന്നേക്കരുത് കേട്ടല്ലോ?
മിത്ര കണ്ണുരുട്ടി പറഞ്ഞതും വിച്ചു പൊട്ടിച്ചിരിച്ചു പോയി. അവൾക്ക് ഇപ്പോഴും മാറ്റമൊന്നുമില്ല. ആ പഴയ കുറുമ്പും തന്റേടവും അതേപടി തന്നെയുണ്ട്.
വിച്ചു മിത്രയുടെ തോളിലൂടെ കൈ ചേർത്തുപിടിച്ചു.
വിച്ചു: അവന് കൊടുക്കാതെ ആദ്യത്തെ പാക്കറ്റ് നീ ഒറ്റയ്ക്ക് കട്ടുതിന്നുന്നത് ഞാൻ കണ്ടതാടി കുറുമ്പി….
കണ്ണൻ കേൾക്കാതെ അവൻ ഒരു രഹസ്യം പോലെ അവളുടെ കാതിൽ പറഞ്ഞതും അവനെ നോക്കിയൊന്ന് ഇളിച്ചുകാട്ടി അവൾ.
ശേഷം പതിയെ അവന്റെ തോളിലേക്ക് തല ചായ്ച്ചു അത് കണ്ടതും കണ്ണൻ അവരുടെ ഇടയിലേക്ക് നൂഴ്ന്നു കയറി.
കണ്ണൻ: ഞാനല്ലേ അച്ഛന്റെ favourite..
വിച്ചു അവനെ എടുത്തുയർത്തി അവന്റെ മടിയിലേക്ക് വെച്ചു.
വിച്ചു: നീ അച്ഛന്റെ ജീവനല്ലേടാ…
മിത്ര : അപ്പൊ ഞാനോ??
വിച്ചു : നീയെന്റെ ലോകവും..
അവൻ രണ്ടുപേരെയും ചേർത്തിരുത്തി പറഞ്ഞതും അവർ ഉറക്കെ പൊട്ടിച്ചിരിച്ചു ആ ചിരി നീലിയേടത്ത് വീടിന്റെ ചുവരുകളിൽ തട്ടി പ്രതിധ്വനിച്ചു.
ആ വീടിപ്പോൾ ഒരു കൊച്ചു സ്വർഗമാണ്, സ്നേഹവും പരിഭവവും പിണക്കവും എല്ലാം നിറഞ്ഞു നിൽക്കുന്നൊരിടം. ഇടയ്ക്കൊക്കെ വിച്ചു ആലോചിക്കാറുണ്ട് അന്ന് ഈ വിവാഹമല്ല നടന്നതെങ്കിൽ എന്താവുമെന്ന്, ഇന്ന് ഇവളില്ലാത്ത ഒരു ജീവിതം അവന് ചിന്തിക്കാൻ കൂടെ വയ്യ.