കാഴ്ച്ചയില്ലാത്ത പെണ്ണും വിരൂപനായ പയ്യനും.

രചന : ദീപേഷ് കിടഞ്ഞി

എടോ ഒന്ന് വേഗം വണ്ടി വിട്. എന്റെ ക്ലാസ്സ് തുടങ്ങും.

ഒന്ന് മിണ്ടാതിരിക്ക് പെണ്ണേ. കുറേ നേരമായല്ലോ ചൊറിയാൻ തുടങ്ങിയിട്ട്. ഓട്ടോന് ഇത്രയൊക്കെയെ സ്പീഡേ കാണു..

ആണോ …..? എങ്കില് സാറിന്റെ വായിൽ നിന്ന് ഇന്നും തെറി മുഴുവൻ കേൾക്കാൻ യോഗമുണ്ട്… ദൈവമേ എന്റെ പപ്പയ്ക്ക് ഈ കാലമാടന്റെ വണ്ടിയേ കിട്ടിയുള്ളു എന്നെ കോളേജിലേക്ക് വിടാൻ …?

എടീ കാലമാടൻ നിന്റെ മറ്റവൻ. എന്നെ എല്ലാവരും അപ്പു എന്നാ വിളിക്കാറ്…

ആണോ ..? ഞാൻ നിന്നെ അപ്പുന്നും വിളിക്കൂല കൊപ്പുന്നും വിളിക്കൂല. കാലമാടൻ എന്നേ വിളിക്കൂ …
എടോ കാലമാടാ നമ്മൾ എവിടെയാ എത്തിയത് ….?

എടീ മരമാക്രി എവിടെയാ എത്തിയതെന്ന് താൻ കാണുന്നില്ലേ ….?

എടോ കാലമാട. മരമാക്രി നിന്റെ അമ്മായി. മര്യാദക്ക് എവിടെയാ എത്തിയതെന്ന് പറഞ്ഞോ….? അല്ലെങ്കിൽ ഞാനിപ്പം എന്നെ തട്ടികൊണ്ട് പോകുന്നേ എന്ന് വിളിച്ചു കൂവും …

അവളത് പറഞ്ഞതും അപ്പു സഡൻ ബ്രേക്കിട്ടു. അവളുടെ തല ഡ്രൈവിങ്ങ് സീറ്റിന് പിറകിൽ ഇടിച്ചതും അവൾ രണ്ടും കൈ കൊണ്ടും തലപൊത്തി പിടിച്ച് ദേഷ്യത്തോടെ അലറി.

എടോ കാലമാടാ താനെന്താ മനുഷ്യനെ കൊല്ലാനുള്ള പുറപ്പാടാണോ …?

കുട്ടി സോറി ഞാൻ അറിയാതെ….
അവൻ ഡ്രൈവിങ്ങ് സീറ്റിൽ നിന്ന് തിരിഞ്ഞ് നോക്കി അത് പറഞ്ഞതും
അവളുടെ നെറുകയിൽ നിന്ന് രക്തം ഒഴുക്കുന്നത് കണ്ട് അവൻ വേഗം വണ്ടിയിൽ നിന്ന് ഇറങ്ങി തൊട്ടടുത്തെ പറമ്പിലേക്ക് ഓടി കുറച്ച് കമ്യൂണിസ്റ്റ് പച്ചയില പറിച്ചെടുത്ത് കുത്തി പിഴിഞ്ഞ് അവളുടെ നെറുകയിലെ മുറിവിൽ ഉറ്റിച്ചതും … അവളുടെ ദേഷ്യമിരട്ടിച്ചു.

എടോ കാലമാടാ താൻ എന്ത് പണിയാ ഈ കാണിക്കുന്നത്.

ദേ കുട്ടി ചെറുതായിട്ടേ മുറിഞ്ഞുള്ളു. ഇതിപ്പോൾ ശരിയാവും. സംശയമുണ്ടെങ്കിൽ കുട്ടി ആ കണ്ണാടിയിൽ ഒന്ന് നോക്കിയേ ….? അവൻ ഓട്ടോയുടെ സൈഡ് മിററിന് നേര വിരൽ ചൂണ്ടി പറഞ്ഞതും …

എടോ കാലമാടാ മുറിവുണ്ടോ . മുറിവ് വലുതോ ചെറുതോ എന്ന് നോക്കാൻ എനിക്ക് കണ്ണ് കാണണ്ടേ …?

കുട്ടി കുട്ടി എന്തായി പറയുന്നത് കുട്ടിക്ക് കണ്ണ് കാണാൻ ….

ഇല്ലടോ ജന്മനാ ഞാൻ ഇങ്ങിനെയാ. നിറങ്ങളില്ലാതെ ഇരുട്ട് നിറഞ്ഞതാണെന്റെ ലോകം …

സോറി കുട്ടി ഞാൻ വിചാരിച്ചു കുട്ടി എന്നെ കളിയാക്കിയതാണെന്ന്. നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം …

എടോ താൻ വേഗം കോളേജിലേക്ക് വണ്ടി വിട്. എന്റെ അച്ചനും അമ്മയും ഇതറിഞ്ഞാലുണ്ടല്ലോ..? നിന്നെ വെച്ചേക്കില്ല. അവരുടെ രാജകുമാരിയാണ് ഞാൻ അവരുടെ മിന്നാര ..

മിന്നാരയോ …?

അതേടോ മിന്നാരാ. ഞാനിപ്പോഴും എല്ലാവരുടെയും വാവാച്ചിയാണ്. എന്നെ ആരെങ്കിലും വേദനിപ്പിച്ചു എന്നറിഞ്ഞാൽ എന്റെ വീട്ടുകാർ അവരെ തുണ്ടം തുണ്ടമാക്കും. അത് നിന്നോട് പറഞ്ഞന്നേയുള്ളു….

ഓകെ മിന്നാര. അതും പറഞ്ഞ് അവൻ വേഗം അവളെയും കൊണ്ട് കോളേജ് ലഷ്യമാക്കി വണ്ടി വിട്ടു .

പിറ്റേന്ന് മിന്നാരയെ കോളേജിൽ കൊണ്ട് പോയി തിരിച്ച് വരുമ്പോഴാണ് അപ്പുവിന്റെ ഫോൺ പെട്ടെന്ന് ശബ്ദ്ധിച്ചത്. അവൻ ഫോണെടുത്ത് ചെവിയോട് ചേർത്ത് വെച്ച് മറുതലയ്ക്കുള്ള ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ശ്രീമോളെ ഏട്ടൻ വരുമ്പോൾ അമ്മയുടെ മരുന്നും മേടിച്ചിട്ടേ വരു.
ഇന്ന് പള്ളി പെരുന്നാളായത് കൊണ്ട് നല്ല ഓട്ടം കിട്ടും. ഫോൺ കട്ടായതും അത് വരെ നിശബദ്ധമായി യാത്ര ചെയ്ത മിന്നാര ചോദിച്ചു…

എടോ ആരാ വിളിച്ചത്. തന്റെ അമ്മയ്ക്ക് എന്താ ….

പെങ്ങളൂട്ടിയാ… അമ്മ സ്ട്രോക്ക് വന്ന് തളർന്ന് പോയതാ.

ആണോ അപ്പോൾ ജീവിതമാകെ കഷ്ട്ടമായിരിക്കും അല്ലേ …?

ആ മരുന്നിനും കുഴമ്പിനുമായി മാസം ഏഴായിരത്തിനടുത്ത് രൂപവേണം. അതിനിടയ്ക്ക് പെങ്ങളൂട്ടിയുടെ പഠനം പിന്നെ കുടുംബചിലവ് എല്ലാം കൂടി കഴിഞ്ഞാൽ മാസം മിച്ചമൊന്നുമുണ്ടാകില്ല ..

ഉം …

ഓട്ടോ മിന്നാരയുടെ കൊട്ടാരം പോലത്തെ വീട്ടിന്റെ മുറ്റത്ത് എത്തിയതും അവൾ പേഴ്സ് തുറന്ന് രണ്ടായിരത്തിന്റെ കുറച്ച് നോട്ടുകൾ എടുത്ത് അപ്പുവിന് നേരെ നീട്ടി.

എടോ താനിത് വെച്ചോ….

എന്തായിത് ….?

എടോ തൽക്കാലത്ത് തന്റെ അമ്മയ്ക്ക് മരുന്ന് വാങ്ങാൻ …?

വേണ്ട കുട്ടി ….

സാരമില്ലെടൊ. കടം തരുന്നതായിട്ട് കരുതിയാൽ മതി. തന്റെ കൈയ്യിൽ ഉള്ളപ്പോൾ തിരിച്ച് തന്നാൽ മതി ….

വേണ്ട ഞാൻ ആരോടും കടം വാങ്ങിക്കാറില്ല. എല്ലാ കഷ്ട്ടപാടും അറിഞ്ഞ് അദ്ധ്വാനിച്ച് കുടുംബം പോറ്റാനാണ് എനിക്കിഷ്ട്ടം . ആർക്കും ഒരു ബാധ്യതയാകാതെ ജീവിക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണ് …..

ഓക്കെ. എങ്കിൽ നിന്റെ നമ്പർ ഒന്ന് തരുമോ ….

ഓ അതിനെന്താ അതും പറഞ്ഞ്
അപ്പു അവൾക്ക് നമ്പർ കൊടുത്ത് അവളോട് യാത്ര പറഞ്ഞിറങ്ങി …

അന്ന് രാത്രി ഉറങ്ങാൻ നേരം അപ്പുവിന്റെ ഫോണിലേക്ക് വന്ന കോൾ അന്റെൻഡ് ചെയ്ത് ഫോൺ ചെവിയോട് ചേർത്ത് വെച്ച്…

ഹലോ ആരാ….

എടോ ഞാൻ മിന്നാരയാ. താൻ ഉറങ്ങാറായോ ….?

ഇല്ല മിന്നാര പറയു ….

ഒന്നുമില്ലെടോ ഞാൻ ഒരു സോറി പറയാൻ വിളിച്ചതാ …

സോറിയോ …? എന്തിന്….?

എടോ ഞാൻ ഇന്നലെ തന്നോട് എന്തൊക്കെയോ പറഞ്ഞില്ലേ അതിന്….

ഏയ് സാരമില്ല. സോറിയൊന്നും വേണ്ട….

എടോ സോറി വേണ്ടെങ്കിൽ വേണ്ട. നമ്മുക്ക് ഇന്ന് മുതൽ നല്ല ചങ്ക് കൂട്ടുകാരായികൂടെ ….

ഓ അതിനെന്താ എനിക്ക് സമ്മതം.

എങ്കിൽ തന്നെ ഞാൻ എന്ത് വിളിക്കണം ….

അതൊക്കെ മിന്നാരയുടെ ഇഷ്ട്ടം …

ഹും എന്റെ ഇഷ്ട്ടമാണെങ്കിൽ ഞാൻ കാലമാടാ എന്ന് വിളിക്കാം. ഹേയ് അല്ലെങ്കിൽ വേണ്ടാ അപ്പുവേട്ടാന്ന്. ഏയ് അതും വേണ്ട എടാ അപ്പുവേട്ടാ എന്ന് വിളിക്കാം….

ഓകെ ആയിക്കോട്ടെ മിന്നാരേ. അവിടെ തുടങ്ങുകയായിരുന്നും അവരുടെ സൗഹൃദം ….

പിന്നീട് ഒരോ ദിവസം കഴിയുംതോറും അവരുടെ സൗഹൃദം അതിരുകളില്ലാതെ വളർന്ന് പന്തലിച്ച് കൊണ്ടേയിരുന്നു …. അങ്ങിനെ ഒരു ദിവസം പരസ്പരം അവർ ഫോണിൽ സംസാരിക്കുമ്പോൾ .

എടാ അപ്പുവേട്ടാ തെണ്ടി…

എന്താടി കാന്താരി…

എടാ നാളെ എനിക്ക് ക്ലാസ്സില്ല. കോളേജിൽ നിന്ന് ടൂർ പോവുകയാ.

അതിന് ഞാൻ എന്തുവേണം.

എന്തു വേണം എന്ന് ചോദിച്ചാൽ താൻ എന്നെ കടപുറത്ത് കൊണ്ട് പോകുമോ…? എനിക്ക് തിരമാലയുടെ ആർത്തനാദം കേൾക്കാനും കടൽ കാറ്റേൽക്കുവാനും കൊതിയാവുന്നു ….

ഓ അതിനെന്താ കൊണ്ടു പോകാമല്ലോ …

പിറ്റേന്ന് വിജനമായ കടൽ കരയിലൂടെ കടൽകാറ്റുമേറ്റ് മിന്നാരയെ ചേർത്ത് പിടിച്ച് അപ്പു നടക്കുമ്പോൾ അപ്പുവിന്റെയും മിന്നാരയുടെയും പാദങ്ങളെ കരയെ പുൽകുന്ന തിരമാല ചുംബിച്ചതും …

എടാ അപ്പുവേട്ടാ എന്ത് രസമാടാ ഈ തിരമാലയുടെ തലോടൽ. ഞാൻ ആദ്യമായി അനുഭവിക്കുകയാ …ഈ കടൽ കാറ്റും തിരമാലയുടെ ആർത്തിരമ്പലും തലോടലും ….

ആണോ ….?

അതേടാ . പിന്നെ എടാ അപ്പുവേട്ടാ താൻ ഇതുവരെ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ …?

ഏയ് ഇല്ലെടി….

അതെന്താടാ തനിക്ക് ഇതുവരെ പ്രണയിക്കാൻ ആരെയും കിട്ടിയില്ലേ ….?

ഹ ഹ … എടീ മണ്ടുസേ സൗന്ദര്യമില്ലാത്ത എന്നെ ആരു പ്രണയിക്കാൻ …

എടാ തെണ്ടി എങ്കിൽ സൗന്ദര്യമില്ലാത്ത നിന്നെ ഞാനങ്ങ് പ്രണയിച്ചോട്ടെ….

ഒന്നു പോടി തമാശ പറയാതെ. കാക്കയെ പോലെ കറുത്ത എന്നെ ആര് പ്രണയിക്കാൻ .

എടാ സത്യം. എനിക്ക് നിന്നെ ഒരു പാട് ഇഷ്ട്ടമാണ്. നിന്റെയീ ദേഷ്യം പിടിക്കാത്ത ക്യാരക്റ്ററ്, സംസാരം. പിന്നെ കാഴ്ച്ചയില്ലാത്ത എനിക്ക് എന്ത് കറുപ്പും വെളുപ്പും …

എടീ നീ എന്താ പറഞ്ഞത്. എന്നെ ഇഷ്ട്ടമാണെന്നോ ..? എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലെടി. എനിക്കും നിന്നെ ഒരു പാട് ഇഷ്ട്ടമാണ് … നീ നീ ഒരു വട്ടം കൂടി പറയോ എന്നെ ഇഷ്ട്ടമാണെന്ന് . അത് നിന്റെ നാവിൻ തുമ്പത്ത് നിന്ന് കേൾക്കാനുള്ള കൊതി കൊണ്ടാ..

പറയണോ മോനെ ദിനേശാ. എങ്കിൽ അപ്പുവേട്ടൻ എന്നോട് പറ ഐലവ്യുന്ന് …

ഐ ലവ് യൂ മിന്നാര . ഐ ലവ് യൂ സോ മച്ച്.

ഹും ഈ ഐ ലവ് യൂ ആർക്ക് വേണം. എടാ തെണ്ടി എന്നെ കെട്ടി പിടിച്ച് പറ ഐലവ്യൂന്ന് . ലാലേട്ടൻ സ്റ്റൈലിൽ അവളത് പറഞ്ഞതും .

വിജനമായ കടപുറത്ത് നിന്ന് അവളെ കെട്ടിപിടിച്ച് അവൻ ഒറക്കെ പറഞ്ഞു …
ഐ ലവ് യൂ …. അവനത് പറഞ്ഞതും കെട്ടിപുണർന്ന് നിന്ന അവരുടെ പാദങ്ങളെ തിരമാലകൾ ആർത്തിരമ്പി വന്ന് ചുംബിക്കുന്നതിനൊപ്പം. തണുത്ത കാറ്റ് അവരെ തഴുകി കൊണ്ടേയിരുന്നു. അവിടെ തുടങ്ങുകയായിരുന്നു അവരുടെ അനശ്വര പ്രണയം ….. പിന്നീട് അപ്പുവായുള്ള പ്രണയത്തിലൂടെ അവൾ അറിയുകയായിരുന്നു. കാഴ്ച്ചയില്ലെങ്കിലും നിറങ്ങളുള്ള ലോകം . അങ്ങിനെ ഒരു നാൾ അവളുടെ വീട്ടിൽ .

മോളെ മിന്നാര നിന്റെ കല്ല്യാണം കോവിലകത്തെ ഭദ്രന്റെ മകനുമായിട്ട് ഞങ്ങൾ ഉറപ്പിക്കുകയാ. ചെറുക്കൻ നിന്നെ അബലത്തിൽ വെച്ച് പലവട്ടം കണ്ടിട്ടുണ്ട്. നിനക്ക് കണ്ണ് കാണാത്തത് കൊണ്ട് പെണ്ണുകാണൽ ചടങ്ങ് ഞങ്ങളങ്ങ് വേണ്ടെന്നു വെച്ചു. ചെറുക്കന്റെ വലിയ മനസ്സാ അത് കൊണ്ടാ. അവൻ കഴ്ച്ചയില്ലാത്ത നിനക്ക് ഒരു ജീവിതം തരാൻ മനസ്സ് വെച്ചത്.

അച്ചാ എനിക്കിപ്പോൾ കല്ല്യാണമൊന്നും വേണ്ട.

മോളെ കാഴ്ച്ചയില്ലാത്ത നിന്നെ ആരു കെട്ടാൻ വരുമെന്ന് വിചാരിച്ചിട്ടാ …

അച്ചാ എനിക്ക് ഒരാളെ ഇഷ്ട്ടമാണ്. അയാൾക്ക് എന്നെയും.

മോളെ എന്തൊക്കെയാ നീ പറയുന്നത്. ഈ അച്ചന് ഒന്നും മനസ്സിലാവുന്നില്ല.

അച്ചാ എന്നെ കോളേജിലേക്ക് കൊണ്ടുവിടുന്ന അപ്പുവേട്ടനും ഞാനും പ്രണയത്തിലാണ് ….

ച്ചി നിറുത്തെടി നിനക്ക് പ്രേമിക്കാൻ താഴ്ന്ന ജാതിക്കാരനായ ആ വിരൂപനെയേ കിട്ടിയുള്ളു.

അച്ചാ അപ്പുവേട്ടൻ അപ്പുവേട്ടൻ വിരൂപനോ …? വിരൂപൻ എന്ന് പറഞ്ഞാൽ എന്താ അച്ചാ….?

മോള വിരൂപൻ എന്ന് പറഞ്ഞാൽ സൗന്ദര്യമില്ലാത്തവൻ. അറപ്പോടും വെറുപ്പോടും കൂടിയാ അവന്റെ മുഖത്ത് എല്ലാവരും നോക്കുന്നത്. അവൻ നിന്നെ ചതിക്കുകയാ..

അച്ചാ അച്ചൻ എന്തൊക്കെയാ ഈ പറയുന്നത്. അപ്പുവേട്ടൻ എന്നോട് അങ്ങിനെയൊന്നും പറഞ്ഞിട്ടില്ലല്ലോ.
അച്ചൻ ഇതൊക്കെ വെറുതെ പറയുന്നതാ. എനിക്ക് അപ്പുവേട്ടനെ ഈ ജന്മം മറക്കാനോ വെറുക്കാനോ ആവില്ല.

മോളെ കാഴ്ച്ചയില്ലാത്തതിന്റെ കുറവ് അറിയിക്കാതെയാണ് നിന്നെ ഞങ്ങൾ വളർത്തിയത്. എന്നിട്ടും നീ ആളുകൾ മുഖം കണ്ടാൽ അറപ്പോടെ കാർക്കിച്ച് തുപ്പുന്ന കാക്കയെ പോലെ കറുത്ത ആ വിരൂപനെ എന്റെ സുന്ദരിയായ മോള് പ്രണയിച്ചെന്നോ ….? എന്റെ കാവിലെ ഭഗവതി ഞാൻ എന്തൊക്കെയാ ഈ കേൾക്കുന്നത്.

അച്ചാ ഞാൻ പറഞ്ഞത് സത്യമാണ്.

മോളെ ഒരു ഗതിയും പരഗതിയുമില്ലാത്ത അവൻ നമ്മുടെ സ്വത്ത് മോഹിച്ചിട്ടാ നീയുമായി അടുത്തത്. അത് കൊണ്ട് ഞങ്ങൾ ജീവിച്ചിരിക്കുമ്പോൾ നിന്റെ ആഗ്രഹം നടക്കില്ല .. ഞങ്ങൾ ഈ വിവാഹം ഉറപ്പിക്കുകയാ . പിന്നെ നിനക്ക് സമ്മതമല്ലെന്ന് പറഞ്ഞ് ഈ വിവാഹം മുടങ്ങിയിൽ ഒന്നുകിൽ ആ വിരൂപനെ ആരുമറിയാതെ ഞങ്ങളങ്ങ് തീർക്കും . അല്ലെങ്കിൽ ഞനും നിന്റെ അമ്മയും ജീവിതമങ്ങ് അവസാനിപ്പിക്കും. അത് വേണോ എന്ന് എന്റെ മോള് തീരുമാനിക്ക് .

എന്തു ചെയ്യണമെന്നറിയാതെ മിന്നാര ചിന്തിച്ചിരിക്കുന്നതിനിടയിൽ അവൾ എന്തൊക്കയോ മനസ്സിൽ ഉറപ്പിച്ചിരുന്നു.

അന്ന് രാത്രി മിന്നാര അപ്പുവിന് കോൾ ചെയ്യുമ്പോൾ. മറുതലയ്ക്കലിൽ നിന്ന് .

ഹലോ മിന്നാര …. മിന്നാര നീ എന്താ ഒന്നും മിണ്ടാത്തെ .

എടാ അപ്പുവേട്ടാ നീ എന്നെ ചതിക്കുകയായിരുന്നോ …?

മിന്നാര നീ എന്താ ഈ പറയുത്തത്. നിന്നെ ഞാൻ ചതിക്കുവായിരുന്നെന്നോ …?

അതെ നീ എന്നെ ചതിക്കുകയായിരുന്നു. നിന്റെ മുഖത്തേക്ക് മനുഷ്യര് അറപ്പോടെയല്ലേ നോക്കുന്നത്. നീ വിരൂപനായിരുന്നത് എന്നിൽ നിന്ന് മറയ്ക്കുകയായിരുന്നില്ലേ …? എന്തിന് വേണ്ടിയായിരുന്നെടാ വിരൂപാ ഇതൊക്കെ ….?

മിന്നാര ഞാൻ പറഞ്ഞതല്ലേ ഞാൻ സൗന്ദര്യമില്ലാത്തവനാണെന്ന്. ഇപ്പോൾ എന്റെ ഹൃദയം പിടയുകയാ. ആരൊക്കെ എന്നെ വിരൂപൻ എന്ന് വിളിച്ച് കളിയാക്കിയാലും എനിക്ക് ഇത്ര സങ്കടമുണ്ടാവില്ല. പക്ഷെ കാഴ്ച്ചയില്ലാത്ത നീ അങ്ങനെ വിളിക്കുമ്പോൾ എന്റെ ചങ്ക് തകർന്ന് പോകുകയാ മിന്നാര. സൗന്ദര്യം ഇല്ലാത്തത് ഒരു ശാപമാണെന്ന് എനിക്കിപ്പോഴാണ് ശരിക്കും മനസിലായത്. ഇനി ഈ ഭൂമിയിൽ ഒരു നിമിഷം പോലും ജീവിക്കാൻ എനിക്ക് ആഗ്രഹമില്ല. ജീവിതം അവസാനിപ്പിക്കണമെന്നുണ്ട്. പക്ഷെ രോഗിയായ അമ്മയുടെയും കുഞ്ഞു പെങ്ങളുടെയും മുഖം ഓർക്കുമ്പോൾ അതിനുമെനിക്ക് പറ്റൂലല്ലോ ഈശ്വരാ….?

മതി നിന്റെ സെന്റി ഡയലോഗ് കേൾക്കാനൊന്നുമല്ല ഞാൻ വിളിച്ചത്. എനിക്ക് ഒരു കല്ല്യാണ ആലോചന വന്നിട്ടുണ്ട് എന്ന് പറയാനാ. ഞാൻ അതിന് സമ്മതം മൂളകയാ. അത് കൊണ്ട് നിന്റെ നമ്പർ ഞാൻ ബ്ലോക്ക് ചെയ്യുകയാ. ഇനി നിന്റെ നിഴൽ പോലും എന്നെ തേടി വരരുത് . അങ്ങിനെ വന്നാൽ കാഴ്ച്ചയില്ലാത്ത പെണ്ണിനെ പീഠിപ്പിച്ച ക്കേസിന് നീ അകത്തായിരിക്കും …..
അത് കേട്ടതും ചങ്ക് തകർന്ന വേദനയോടെ അവൻ അലറി .

മിന്നാര……

അതൊന്നും കേൾക്കാത്ത മട്ടിൽ അവൾ ഫോൺ ഡിസ്കണക്റ്റാക്കിയതും ആ ബന്ധത്തിന് അവിടെ തിരശീല വീഴുകയായിരുന്നു…

ദിവസങ്ങളും മാസങ്ങളും കടന്നുപോയി. മിന്നാരയുടെ കല്ല്യാണദിവസം വന്നെത്തി. പകിട്ട് വേഷത്തിൽ രാജകുമാരിയെ പോല അണിഞ്ഞൊരുങ്ങിയ മിന്നാരയെ ഓഡിറ്റോറിയത്തിലുള്ള ഡ്രസ്സിങ്ങ് റൂമിലെ കസേരയിൽ ഇരുത്തി അവളുടെ ബ്യൂട്ടിഷനായ കൂട്ടുകാരി സുമി പറഞ്ഞു.

ഇനി മുഹൂർത്തത്തിന് അരമണിക്കൂർ പോലുമില്ല. എല്ലാവരും താഴെയുള്ള കല്ല്യാണ മണ്ഡപത്തിലേക്ക് പോയി. നീ ഇവിടെ തന്നെ ഇരിക്ക് ഞാൻ താഴെ ബാത്ത്റൂമിൽ പോയി അഞ്ച് മിനുട്ട്കൊണ്ട് വരാം …. റൂം ലോക്ക് ചെയ്ത് സുമി താഴേക്ക് പോയതും മിന്നാരയുടെ മനസ്സ് നിറയെ സന്തോഷം അലതല്ലി. പെട്ടെന്നാണ് ഡ്രസ്സിങ്ങ് റൂമിന് പുറത്ത് നിന്ന് ആരോ ഫോൺ ചെയ്യുന്ന ശബദ്ധം അവൾ കേട്ടത്. ആ പരിചിതമായ ശബദ്ധം അവൾ കാത് കൂർപ്പിച്ച് കേട്ടു.

ഹ ഹ ഹ നീ ടെൻഷൻ ആവുമെന്നും വേണ്ടടീ. ആ കണ്ണുപൊട്ടിയെ കല്യാണം കഴിക്കുന്നതോട് കൂടി നമ്മൾ രക്ഷപ്പെട്ടില്ലെ. അവളുടെ കോടികണക്കിന് സ്വത്തും പണവുമൊക്കെ ഇനി എനിക്ക് സ്വന്തം. ആ കണ്ണ്പൊട്ടിയെ മറയാക്കി നമുക്ക് അടിച്ച് പൊളിച്ച് ജീവിക്കാം. അപ്പോൾ ശരി മുത്തേ.. ആ വാക്കുകൾ മിന്നാരയുടെ കർണ്ണപുടങ്ങളിൽ ഇടി തീ പോലെ പതിച്ചു. അവളുടെ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകി. അൽപ്പ സമയത്തിന് ശേഷം അവളുടെ സുഹൃത്ത് സുമി ഡ്രസ്സിങ്ങ് റൂമിൽ എത്തി .

മിന്നാര സന്തോഷം കൊണ്ട് ഇവിടെ കരഞ്ഞിരിക്കുകയാണോ ….? മുഹൂർത്തത്തിന്റെ സമയമായി മോളെ. നമുക്ക് താഴെ പോകാം. അവർ താഴെക്ക് നടന്ന് പോകുന്നതിനിടയിൽ സുമി പറഞ്ഞു.

നിന്റെ കൂടെ പഠിച്ച കൂട്ടുകാരനാണെന്ന് തോന്നുന്നു. അവൻ വന്നിട്ട് ഒരു ഗിഫ്റ്റ് തന്നിട്ടുണ്ട്. അതിനകത്ത് മംഗളാശംസയുട ഒരു കുറിപ്പുമുണ്ട് പോലും. അത് നിന്നെ വയിച്ച് കേൾപ്പിക്കാൻ പറഞ്ഞു.

ആരാണ് പേര് എന്തെങ്കിലും പറഞ്ഞോ…?

ഇല്ല നമുക്ക് താലികെട്ടൊക്കെ കഴിഞ്ഞിട്ട് തിരകൊഴിഞ്ഞിട്ട് പൊളിച്ച് നോക്കാം …
അവർ താഴത്ത് എത്തിയതും ഓഡിറ്റോറിയത്തിൽ ഭയങ്കരം ബഹളം. ആരോ മിന്നാരയുടെ കാൽ കീഴിൽ വന്ന് വീണതും അവൾ സുമിയോട് ചോദിച്ചു …

സുമി എന്താണ് ഇവിടെ നടക്കുന്നത്. ആരാണ് എന്റെ കാൽക്കൽ വിണത്.

മിന്നാര നിനക്ക് ഗിഫ്റ്റ് കൊണ്ട തന്ന ആളാണെന്ന് തോന്നുന്നു. അയാളെ ആരൊക്കെയോ ചേർന്ന് അടിച്ച് അവശനാക്കിയിരിക്കുകയാ .

സുമി നീ ആ ഗിഫ്റ്റ് ബോക്സ് തുറന്ന് അതിലെ കുറിപ്പൊന്ന് വായിച്ചേ … സുമി ആ ഗിഫ്റ്റ് ബോക്സ് പൊളിച്ചു. ആ ബോക്സിലെ മനോഹരമായ താജ്മഹൽ ഫോട്ടോയ്ക് അടിയിലെ കുറിപ്പെടുത്തു വായിച്ചു.

പ്രിയപ്പെട്ട മിന്നാര നീ എന്നെ വെറുത്ത് ഇട്ടേച്ചു പോയിട്ടും ഇനി ഒരിക്കലും സ്വന്താമാകില്ലെന്നറിഞ്ഞിട്ടും നിന്നെ മറക്കാനോ വെറുക്കാനോ എനിക്കാവില്ലെടി. കാരണം നിന്നെ ഞാൻ അത്രയ്ക്ക് സ്നേഹിച്ച് പോയിരുന്നു. നീ എന്നെ വേണ്ടെന്ന് വെച്ചപ്പോൾ ഒരു ഭ്രാന്തനെ പോലെ എന്റെ മനസ്സിന്റെ താളം വരെ തെറ്റണമെന്നുണ്ടെങ്കിൽ ഞാൻ നിന്നെ എത്ര മാത്രം സ്നേഹിച്ചിട്ടുണ്ടെന്ന് നിനക്ക് മനസ്സിലാക്കികൂടെ മിന്നാര . നിനക്കും എന്റെത് പോലൊരു മനസ്സുണ്ടെന്ന് ഞാൻ വിശ്വസിച്ചെടുത്ത് ഞാൻ തോറ്റുപോയി മിന്നാര. സാരമില്ല നിന്റെ ഹൃദയത്തിൽ ഞാൻ മരിച്ചാലും എന്റെ ഓർമ്മകളിൽ നീ എന്നുമുണ്ടാകും. ഈ ജന്മം മുഴുവൻ എരിഞ്ഞു തീരാൻ നീ തന്ന ഒരു പിടി നല്ല ഓർമ്മകളുമായി ഇനിയും ഞാൻ ജീവിക്കും നീ തന്ന ഓർമ്മകളെ പ്രണയിച്ച്. സാരമില്ല നിനക്ക് ഒരു നല്ല ജീവിതമുണ്ടാകട്ടെ. അല്ലേ തന്നെ എന്നും നിന്റെ സന്തോഷമാണ് ഞാൻ ആഗഹിച്ചത്. വേറൊന്നും എഴുതാൻ എനിക്ക് പറ്റുന്നില്ല. സ്നേഹത്തോടെ ഹൃദയം നിറഞ്ഞ മംഗളാശംസകൾ നേരുന്നു. സ്നേഹപൂർവ്വം വിരൂപൻ

സുമി ആ കുറിപ്പ് വായിച്ചതും മിന്നാര തന്റെ കാലിന് ചുവട്ടിൽ ചോര വാർന്ന് കിടക്കുന്ന രൂപത്തെ തപ്പി തടഞ്ഞ് കൊണ്ട് പിടിച്ച് എഴുന്നേൽപ്പിച്ചതും അവൾ ആ രൂപത്തെ കെട്ടി പിടിച്ച് പൊട്ടി കരഞ്ഞു.

എടാ അപ്പുവേട്ടാ നീഎന്നെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടല്ലോ …. ഒരുപാട് സന്തോഷമുണ്ട്. വഞ്ചനയുടെ ലോകത്ത് നിന്റെ ആത്മാർത്ഥ സ്നേഹം മനസ്സിലാക്കാൻ പറ്റാത്തതിൽ ഒരുപാട് സങ്കടവുമുണ്ട്. എടാ ഒന്നും അറിഞ്ഞ് കൊണ്ടല്ലടാ നിന്നെ വെറുക്കേണ്ടി വന്നത്. എന്റെ സാഹചര്യം കൊണ്ടാണ്. ഈ കണ്ണുപൊട്ടി ഒറ്റപ്പെട്ടു പോകുമെന്ന് കരുതിയാ. എടാ നീ എന്താ മിണ്ടാത്തത് . അവളത് പറഞ്ഞതും ആൾകൂട്ടത്തിൽ നിന്ന് ആരോ വിളിച്ചു പറഞ്ഞു.

തല്ലി കൊല്ലടാ ആ കഴുവേറി മോനെ. അവൻ നമ്മുടെ മിന്നാരുടെ ജീവിതം തകർക്കാൻ തന്നെയാ വന്നത്.

മൂന്ന് നാല് പേർ ചേർന്ന് നിന്ന് അവളിൽ നിന്ന് അപ്പുവിനെ പിടിച്ച് വലിക്കുമ്പോൾ . അവൾ അവനെ ഇറുകി പിടിച്ച് കൊണ്ട് പറഞ്ഞു.

തൊട്ടുപോകരുത്. കൊല്ലുന്നുണ്ടെങ്കിൽ ഞങ്ങളെ രണ്ട് പേരേയും കൊന്നേക്കണം …

മോളെ നീ എന്തായി പറയുന്നത്.

അച്ചാ എനിക്ക് കണ്ണേ കാണുണ്ടുള്ളു. ചെവി കേൾക്കുമെന്ന് നിങ്ങൾ എനിക്ക് വരനായി കണ്ടെത്തിയ ആ പൊട്ടന് അറിഞ്ഞ് കൂടാ. എന്നെ കെട്ടിയാൽ കോടികണക്കിന് രൂപയുടെ സ്വത്തും പണവും അവന് സ്വന്താമാണെന്നും അത് നേടാൻ വേണ്ടി മാത്രമാണ് എന്നെ വിവാഹം കഴിക്കുന്നതെന്നും അവന്റെ കാമുകിയെ വിളിച്ച് അവൻ പറയുന്നത് ഞാൻ കേട്ടതാ ..

മോളെ നീ എന്തായി പറയുന്നത്.

അച്ചാ ഞാൻ ആഗ്രഹിച്ചത് പൊന്നോ പണമോ സൗന്ദര്യമോ ഒന്നുമല്ല. പൊന്നുപോലത്തെ മനസ്സുള്ള ഒരാളെയാ. അല്ലെങ്കിൽ തന്നെ കാഴ്ച്ചയില്ലാത്ത എനിക്ക് വേണ്ടത് എന്നെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരാളെയല്ലേ …? നിറങ്ങളില്ലാത്ത എന്റെ ജീവിതത്തിൽ കൂരിരുട്ടിൽ തപ്പി തടഞ്ഞ് നടക്കുമ്പോൾ എനിക്ക് വേണ്ടത് താങ്ങായും തണലായും എന്റെ നിഴലായി നിന്ന് എന്നെ സ്നേഹിക്കുന്ന ദീപം പോലത്തെ മനസ്സുള്ള ഒരാളെയാണ് . അത് വിരൂപനായാലും എന്ത് വൈകല്യമുള്ള ആളായാലും സാരമില്ല… അങ്ങിനെത്തെ ഒരാളെ കണ്ടെത്തി തരാൻ എന്റെ അച്ചന് ഇതുവരെ പറ്റില്ലല്ലോ …?

മോളെ അത് …?

വേണ്ട അച്ചാ മറ്റുള്ളവരുടെ ന്യൂനതകൾ മുതലെടുത്ത് ചതിക്കുഴി ഒരുക്കി ജീവിക്കുന്നവരുടെ ലോകത്ത് ജീവിക്കാൻ എനിക്ക് പേടിയാണ്. അത് കൊണ്ട് എനിക്ക് ഈ കല്ല്യാണം വേണ്ട … ഇനിയുള്ള കാലവും ഞാൻ ഇരുട്ടിനെ പ്രണയിച്ച് ജീവിച്ചോളാം.

മോളെ എന്തൊക്കെയാ നീ പറയുന്നത്. എന്റെ പൊന്നുമോള് കണ്ണ് തുടച്ചേ …? എന്റെ മിന്നാരയുടെ കണ്ണു നിറഞ്ഞാൽ ഈ അച്ചന് സഹിക്കൂല … അയാളത് പറഞ്ഞതും കതിർമണ്ഡപത്തിൽ നിന്ന് ആരോ വിളിച്ചു പറഞ്ഞു…

മുഹൂർത്തതിന് സമയമായി ഇനിയും വൈകിയാൽ മുഹൂർത്തം തെറ്റും. അത് കേട്ടതും ദേ ഞങ്ങൾ എത്തി എന്ന് പറഞ്ഞ് മിന്നാരയുടെ അച്ചൻ മിന്നാരയെയും ചോരയൊലിപ്പിച്ച് നിൽക്കുന്ന അപ്പുവിനെയും ചേർത്ത് പിടിച്ച് കതിർമണ്ഡപത്തിലേക്ക് നടക്കുമ്പോൾ കണ്ടു നിന്ന പലരുടെയും മനസ്സിൽ സന്തോഷം അലയടിച്ചു. നിറദീപങ്ങൾക്ക് മുൻപിൽ നിന്ന് നിറഞ്ഞ മനസ്സോടെ അപ്പു മിന്നാരയുടെ കഴുത്തിൽ താലി ചാർത്തിയതും. കണ്ടു നിന്നവർ അനുഗ്രാഹാശിസ്സുകൾ ചൊരിയുമ്പോൾ എല്ലാവരുടെയും കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞ് തുളുമ്പുന്നുണ്ടായിരുന്നു….

ചില ആത്മാർത്ഥ സ്നേഹം ഇങ്ങിനെയാണ്. ആരൊക്കെ എതിർത്താലും, പ്രതിസന്ധിഘട്ടങ്ങളിൽ വേർപിരിഞ്ഞ് ആർക്കും ഒരു ബാധ്യതയാകാതെ അകലങ്ങളിലേക്ക് മറഞ്ഞാലും ദൈവമായിട്ട് അവരെ ഒരുമിപ്പിക്കാൻ ഒരവസരം നൽകും …..

written by DEEPESH KIDANJI 9961948615

One comment

Leave a Reply

Your email address will not be published. Required fields are marked *