
അന്ന് പെയ്ത മഴയിൽ
രംഗം 1
ഉറക്കച്ചടവോടെ മെല്ലെയവൾ എഴുന്നേറ്റ് ജനാലയ്‌ക്കരികിൽ നടന്ന് പുറത്തേക്ക് നോക്കി. ഈശ്വരാ..ഇന്നും നല്ല മഴയാണല്ലോ സ്കൂളിൽ പോവാതെ പുതപ്പിനുള്ളിൽ കിടന്നുറങ്ങാൻ നല്ല സുഖമായിരിക്കും. പക്ഷെ…എനിക്ക്…അതിന്പ്പോലും പേടിക്കണല്ലോ.
അവളുടെ കണ്ണുകൾ ഈറനണഞ്ഞു.
ആഹാ അച്ഛമ്മയുടെ മാളു കുട്ടി എഴുന്നേറ്റോ?
മാളു അച്ഛമ്മ കാണാതെ കണ്ണുകൾ അമർത്തി തുടച്ച് അച്ഛമ്മയെ നോക്കി പുഞ്ചിരിച്ചു.
എന്താ എന്റെ മാളു കുട്ടി ചിന്തിക്കുന്നേ.
അത്.. അച്ഛമ്മേ ഈ..മഴയത്ത് സ്കൂളിൽ പോവുന്ന കാര്യം ആലോചിക്കുമ്പോൾ മടിയാവുന്നു.
ഈ പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്കാണോ സ്കൂളിൽ പോവാൻ മടി. പഠിച്ചു നല്ല ജോലിയൊക്കെ വാങ്ങണമെന്ന് അച്ഛമ്മയുടെ കുട്ടിയല്ലേ എന്നും പറയാറുള്ളത്. എന്നിട്ട് ഇപ്പോൾ എന്ത് പറ്റി എന്റെ കുട്ടിക്ക്. വയ്യേ ന്റെ കുട്ടിക്ക്.
അതും പറയുന്നതോടൊപ്പം മാളുവിന്റെ നെറ്റിയിൽ കൈ വെച്ച് ചൂട് വല്ലതും ഉണ്ടോ എന്ന് അച്ഛമ്മ നോക്കി.
ഇല്ല അച്ഛമ്മേ ഒന്നുമില്ല അച്ഛമ്മേ ഞാൻ വേഗം റെഡി ആവട്ടെയെന്നും പറഞ്ഞവൾ ബാത്റൂമിലേക്ക് പോയി.
മാളൂ….ആ കഴിച്ച പാത്രം കഴുകി വെക്കണം ട്ടോ.
അമ്മ ഉമ്മറത്ത് നിന്ന് വിളിച്ച് പറഞ്ഞു. മാളു ധൃതിയിൽ പാത്രം കഴുകിവെച്ച് ബാഗും കുടയുമെടുത്ത് അമ്മയോടും അച്ഛമ്മയോടും യാത്ര പറഞ്ഞ് മുറ്റത്തേക്കിറങ്ങി. അപ്പുറത്തെ വീട്ടിലെ കൂട്ടിലിരിക്കുന്ന പട്ടിയെ ഒന്ന് നോക്കി കൊണ്ട് മാളു പറഞ്ഞ് തുടങ്ങി. നിന്റെയൊക്കെ ഒരു ഭാഗ്യം സ്കൂളിൽ പോവേണ്ട പഠിക്കേണ്ട എന്നെപ്പോലെ ഒരു സങ്കടവുമില്ല ഈ മഴയത്ത് നല്ല സുഖമായിട്ട് ഉറങ്ങാനും പറ്റും.
അതും പറഞ് അവൾ മെല്ലെ നടന്ന് നീങ്ങി.
മാളൂ…
ആ വിളി കേട്ട് അവൾ തിരിഞ്ഞ് നോക്കി.
അത് അവളുടെ കൂട്ടുകാരി അമൃത എന്ന അമ്മു ആണ്.
നീ എന്താ എന്നെ കൂട്ടാതെ ഒറ്റയ്ക്ക് പോവുന്നെ?
അത് പിന്നെ അമ്മൂ..സോറി ഞാൻ എന്തൊക്കെയോ ചിന്തയിലായിപ്പോയി.
ന്റെ മാളു നിനക്ക് എപ്പോഴും ചിന്ത തന്നെയാണല്ലോ,എന്താ ഇത്ര ചിന്തിക്കാനുള്ളത്?
അത് അമ്മു,എനിക്ക് പഠിക്കണതൊന്നും തലയിൽ കേറുന്നില്ല,ഞാൻ പഠിത്തം നിർത്തിയാലോ എന്നാണ് ഞാൻ ആലോചിക്കുന്നത്.
മാളു!നീ എന്താ ഈ പറയുന്നത്,പഠിത്തം നിർത്തി വീട്ടിലിരിക്കാനാണോ നിനക്ക് ഇഷ്ടം.
ഒരിക്കലുമല്ല. എനിക്ക്..എന്റെ വീട്ടിലിരിക്കാൻ തീരെ ഇഷ്ടമല്ല.
മാളു സങ്കടത്തോടെ മറുപടി നൽകി.
നിനക്ക് പഠിക്കാനും ഇഷ്ടമല്ല നിന്റെ വീട്ടിലിരിക്കാനുമിഷ്ടമില്ല അങ്ങനെയാണെങ്കിൽ ഒരു വഴിയുണ്ട്.
എന്താ, അത്??
ആകാംഷയോടെ മാളു അമ്മുവിനോട് ചോദിച്ചു.
നിന്റെ കല്ല്യാണം നടക്കണം. അതാവുമ്പോൾ സ്കൂളിൽ പോവാതെ കെട്ടിയോനെയും നോക്കി കെട്ടിയോന്റെ വീട്ടിലിരിക്കാലോ.
അമ്മു ചിരിച്ചു കൊണ്ട് പറഞ്ഞു.
മാളുവിന് ദേഷ്യവും സങ്കടവും ഒരുപ്പോലെ വന്നു. അവൾ ദേഷ്യത്തിൽ ഒന്നും മിണ്ടാതെ മുന്നോട്ട് നടന്നു.
മാളു നിൽക്ക്, നീ എന്നോട് ക്ഷമിക്ക്,നിനക്ക് വിഷമമായെങ്കിൽ സോറി ,ഞാനൊരു തമാശ പറഞ്ഞതല്ലേ, പ്ലീസ് മാളൂ ഒന്ന് ചിരിക്ക്.
മാളു ചെറുതായൊന്ന് ചിരിച്ചു. രണ്ടുപേരും കൈകോർത്തു പിടിച്ചു നടന്നു.
രംഗം 2
ക്ലാസ്സ് മുറിയിലാണെങ്കിലും ടീച്ചർ ക്ലാസ്സ് എടുക്കുന്നുണ്ടെങ്കിലും മാളുവിന്റെ ചിന്ത എവിടെയൊക്കെയോ സഞ്ചരിച്ചു. അമ്മു പറഞ്ഞ കാര്യം ഒരു അശരീരി പോലെ അവളുടെ കാതിൽ കേട്ടു. അത് അവളെ കൂടുതൽ ആഴത്തിൽ ചിന്തിപ്പിച്ചു. എന്റെ കല്ല്യാണം കഴിഞ്ഞാൽ എല്ലാം ശരിയാവുമായിരിക്കും അല്ലെ, അതെ എല്ലാം ശരിയാവും.
മാളു ആത്മ ഗദം പറഞ്ഞു.
മാളവിക ,മാളവിക,എന്താ കുട്ടി ആലോചിക്കുന്നത്.
ഒന്നുമില്ല ടീച്ചർ.
പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം,കഴിഞ്ഞ പരീക്ഷയിൽ മാർക്ക് വളരെ കുറവായിരുന്നില്ലേ ?
അവൾ തലയാട്ടി.
തലയാട്ടിയാൽ പോര പഠിക്കണം.
അൽപ്പം ഗൗരവത്തോടെ അധ്യാപിക പറഞ്ഞു.
ഉം.
മാളു ചെറുതായൊന്ന് മൂളി.
സങ്കടത്തോടെ ഇരിക്കുന്ന മാളുവിനെ അമ്മു സമാധാനിപ്പിച്ചു. സ്കൂൾ വിട്ട് പതിവുപോലെ അവർ ഒരുമിച്ച് വീട്ടിലേക്ക് മടങ്ങി.
പുസ്തക വായനയിലാണ് മാളു. സമയം സന്ധ്യ കഴിഞ്ഞിരിക്കുന്നു. പുസ്തകത്തിലെ അക്ഷരങ്ങളെ അവൾക്ക് വായിക്കാൻ കഴിഞ്ഞില്ല. കാരണം അമ്മുവിന്റെ വാക്ക് അവളെ അത്രമേൽ സ്പർശിച്ചിരുന്നു പുസ്തകം മലർക്കെ തുറന്ന് അവൾ ആലോചനയിൽ മുഴുകി. പെട്ടന്ന്
ശരാദേ,എടി ശരാദേ….
മാളു ഒന്ന് ഞെട്ടി.
അത് അവളുടെ അച്ഛനായിരുന്നു. മൂപ്പര് കള്ള് കുടിച്ച് വന്നിരിക്കുകയാണ്. അത് പതിവ് പരിപാടി ആയത് കൊണ്ട് മാളു ആ ഭാഗത്തേക്ക് പോയില്ല. അവൾ വീണ്ടും ആലോചനയിൽ മുഴുകി.
പിറ്റേ ദിവസം മാളുവും അമ്മുവും സ്കൂളിലേക്ക് പോവുകയാണ്. മാളുവിന്റെ മുഖത്തെ വിഷാദഭാവം മാറിയിട്ടില്ല. അമ്മുവാണെങ്കിൽ മാളുവിനോട് എന്തൊക്കെയോ സംസാരിക്കുന്നുമുണ്ട്. മാളു ചിന്തയുടെ മായാലോകത്ത് ആയതുകൊണ്ട് അവൾ അതൊന്നും കേൾക്കുന്നില്ല. പെട്ടെന്ന് അമ്മു മാളുവിന്റെ തോളിൽ തട്ടി
നോക്ക് മാളു നിന്റെ ലൗവർ വിഷ്‌ണുജിത്തും ഫ്രണ്ട്സും അല്ലെ അത്.
മാളു അമ്മുവിനെ ദേഷ്യത്തോടെ നോക്കി.
നീ എന്നെ നോക്കി പേടിപ്പിക്കേണ്ട എത്ര നാളെയെടി അവൻ നിന്റെ പിറകെ നടക്കാൻ തുടങ്ങിയിട്ട്,നിനക്ക് ഇപ്പോൾ പഠിക്കാനൊന്നും താല്പ്പര്യമില്ലാത്ത സ്ഥിതിക്ക് ഒരു കൈ നോക്കുന്നത് നന്നായിരിക്കും.
മാളു വീണ്ടും അമ്മുവിനെ തുറപ്പിച്ചു നോക്കി. ഞാൻ ഒന്നും പറഞ്ഞില്ലേ എന്ന മട്ടിൽ അമ്മു മുന്നോട്ട് നടന്നു. മാളു വരുന്നത് കണ്ട വിഷ്ണു മുടി ഒന്നും കൂടി ചീകി സ്റ്റൈയിലായി മാളുവിനെ നോക്കി ഒരു ചിരി പാസ്സാക്കി. അവൾ പതിവുപോലെ പോലെ അവനെ നോക്കാതെ മുന്നോട്ട് നീങ്ങി. പെട്ടന്ന് അവൾ പതിയെ തിരിഞ്ഞ് നോക്കി. വിഷ്ണു വിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അത് കണ്ട വിഷ്ണു അന്തം വിട്ട് നോക്കി നിൽപ്പാണ്. ഇതുവരെ തന്നെ ഒന്ന് നോക്കുക കൂടി ചെയ്യാത്ത ആളാണ് ഇന്ന് തന്നെ നോക്കി പുഞ്ചിരിച്ചത്. അവളിലെ ആ മാറ്റം അവന് വിശ്വസിക്കാനായില്ല.
അളിയാ..ചിലവ് ചെയ്യണം കേട്ടോ. ഗ്രീൻ സിഗ്നലാണ് മോനെ നിന്റെ കാര്യത്തിൽ അങ്ങനെ തീരുമാനം ആയി. എടാ അജിയെ നമ്മുക്ക് ഒക്കെ എപ്പോഴാണാവോ ഒരു പെണ്ണ് സെറ്റാവാന്.
നീ പേടിക്കേണ്ട അഭി നമ്മുടെ മാവും പൂക്കും. ബാക്കിയുള്ളവർ,ഉം…അപ്പോഴേക്കും മൂക്കിൽ പല്ലും മുളക്കും എന്ന് കളിയാക്കി പറഞ്ഞു .ചുറ്റും ചിരി പടർന്നു.വിഷ്ണു അതൊന്നും ശ്രദ്ധിക്കുന്നതേയുണ്ടായില്ല വിഷ്ണുവിന്റെ ചിന്ത മാളുവിന്റെ ഉള്ളിൽ അവനോടുള്ള പ്രണയത്തിന്റെ മൊട്ട് വിരിഞ്ഞിട്ടുണ്ടാവുമോഎന്നായിരുന്നു. ക്ലാസ്സ് മുറിയിലെത്തിയ മാളുവിന്റെയും ചിന്ത വിഷ്ണുവിനെ കുറിച്ചായിരിന്നു.
എന്റെ ജീവിതത്തിലേക്ക് വിഷ്ണു വന്നാൽ നന്നായിരിക്കും അല്ലെ. എന്റെ എല്ലാ സങ്കടങ്ങൾക്കും ഒരേ ഒരു പരിഹാരം അമ്മു പറഞ്ഞപ്പോലെ വിവാഹം തന്നെയാണ്. മാളു ആദ്മഗദം പറഞ്ഞു. പിന്നീട് എന്തൊക്കെയോ മനസ്സിൽ തീരുമാനിച്ചുറപ്പിച്ചു. അന്ന് വൈകിട്ട് മാളുവും അമ്മുവും സ്കൂൾ വിട്ടു വരുന്ന വഴിയിൽ വിഷ്ണു കാത്തിരിക്കുന്നുണ്ടായിരിന്നു. അവന്റെ കയ്യിൽ മാളുവിന് നൽകാനായി ഒരു കത്തുമുണ്ടായിരുന്നു. വിഷ്ണു ആ കത്ത് മാളുവിന് നൽകി അൽപ്പം വിറയലോടെ അവൾ ആ കത്ത് വാങ്ങി. ആരും കാണാതെ ബാഗിലോളിപ്പിച്ചു. മാളുവും അമ്മുവും ചുറ്റും നോക്കി ആരും കണ്ടില്ലെന്ന് ഉറപ്പുവരുത്തി. അവർ വീട്ടിലേക്ക് നടന്നു.
സന്ധ്യാസമയം പുസ്തകം വായിക്കുകയാണ് മാളു. അവൾക്ക് വല്ലാത്തൊരു പരിഭ്രമം തോന്നി,ഒരു ദീർഘാനിശ്വാസത്തിന് ശേഷം പതിയെ ബാഗിൽ നിന്ന് വിഷ്ണു സമ്മാനിച്ച ആ കത്ത് പുറത്തേക്കെടുത്ത് പുസ്തകത്തിന്റെയുള്ളിൽ വെച്ച് മാളു വായിക്കാൻ തുടങ്ങി.
‘എന്റെ പ്രിയപ്പെട്ട മാളു,നീ പത്താം ക്ലാസിൽ പഠിക്കുന്ന കാലം തൊട്ട് നീ പോകുന്ന വഴിയിലെല്ലാം നിന്നെയും കാത്ത് ഞാൻ നിൽക്കാറുണ്ടായിരുന്നു. ഒരിക്കൽപ്പോലും നീ എന്നെ നോക്കിയിട്ടില്ല,ഇന്ന് നീ എന്നെ നോക്കി പുഞ്ചിരിച്ചപ്പോൾ ചുട്ടു പൊള്ളുന്ന മരുഭൂമിയിൽ മഴ വർഷിച്ചത്പ്പോലെ എനിക്ക് തോന്നി. നിന്റെ സുന്ദരമായ കണ്ണുകൾ കൊണ്ട് എന്നെ നോക്കിയപ്പോൾ ഈ ഭൂമിയിലെ ഏറ്റവും സന്തോഷവാൻ ഞാൻ ആയത്പ്പോലെ തോന്നി,
എന്റെ പ്രിയേ,നീ എന്നെ പ്രണയിക്കുന്നില്ലേ?നിന്റെ മറുപടിക്കായ് ഞാൻ കാത്തിരിക്കാം. ഈ രാത്രി ഉറങ്ങാതെ നിന്റെ അഴകുള്ള മുഖവും ഓർത്ത് ഞാനിരിക്കാം. നാളെ നല്ല ഒരു മറുപടിക്കായ് കാത്തിരിക്കുന്നു….
എന്ന് നിന്റെ സ്വന്തം വിഷ്ണുജിത്ത്.
കത്ത് വായിച്ചു കഴിഞ്ഞപ്പോൾ മാളുവിന് വല്ലാത്തൊരു സന്തോഷവും ആത്മധൈര്യവും തോന്നി. പുസ്തകത്തിൽ നിന്ന് ഒരു കടലാസ് കീറി എടുത്ത് അതിൽ ഇങ്ങനെഴെയുതി.
‘ഇഷ്ടമാണ്‘.
രംഗം3
വഴിഅരികിൽ കാത്ത് നിൽക്കുന്ന വിഷ്ണു നെഞ്ചിടിപ്പോടെ കത്ത് വിഷ്ണുവിന് കൈമാറുന്ന മാളു. കത്ത് തുറന്ന് ആനന്ദം കൊണ്ട് തുള്ളി ചാടുന്ന വിഷ്‌ണു. പുഞ്ചിരിയോടെ വിഷ്ണുവിനെ തിരിഞ്ഞു നോക്കുകയാണ് മാളു. അവന്റെ സന്തോഷം കണ്ടപ്പോൾ അവൾക്കും സന്തോഷം തോന്നി. അവരിൽ പ്രണയത്തിന്റെ വസന്തം വിരിഞ്ഞിരിക്കുന്നു. മാളു സ്കൂളിൽ എത്തി. ഇന്ന് അവളുടെ കൂട്ടുകാരി അമ്മു ക്ലാസ്സിൽ വന്നിട്ടില്ല.അമ്മുവിനോട് കാര്യങ്ങളൊക്കെ ഇപ്പോൾ തന്നെ പറയണമെന്ന് മാളുവിന് തോന്നി. പക്ഷെ എന്ത് ചെയ്യാനാ അവൾ ഇവിടെയില്ലലോ. വീണ്ടും മാളു ആലോചനയിൽ മുഴുകി.
എവിടെ നിന്നോ കിട്ടിയ ധൈര്യത്തിലാണ് ഈ കാര്യങ്ങളൊക്കെ ചെയ്തതെങ്കിലും ഉള്ളിന്റെ ഉള്ളിൽ ഒരു ഭയം ഒളിഞ്ഞു കിടപ്പുണ്ട്. വീട്ടിൽ അറിഞ്ഞാൽ എന്തായിരിക്കും എന്റെ അവസ്ഥ. പരീക്ഷയ്ക്ക് കഷ്ടിച്ച് ഒരു മാസമേയുള്ളൂ കൂറേ പഠിക്കാനുമുണ്ട്.
അന്നത്തെ ടീച്ചറുടെ ശാസന പെട്ടന്ന് മാളുവിന്റെ ഓർമകളിൽ എത്തി. പിന്നെ അവൾ ഒന്നും ആലോചിക്കാതെ ടീച്ചർ പറയുന്നത് ശ്രദ്ധിച്ചു കേട്ടു പഠിക്കാൻ തുടങ്ങി. അങ്ങനെ വൈകുന്നേരമായി അമ്മു ഇല്ലാത്തത് കൊണ്ട് മാളുവിന് വല്ലാത്തൊരു ഒറ്റപ്പെടൽ അനുഭവപ്പെട്ടു. അവൾ വീട്ടിലേക്കുള്ള വഴിയിലൂടെ നടന്നു നീങ്ങി. പതിവുപോലെ വഴിഅരികിൽ പുഞ്ചിരിച്ചുകൊണ്ട് കാത്തു നിൽക്കുന്ന വിഷ്ണുവിനെ കണ്ടപ്പോൾ ആ ഒറ്റപ്പെടൽ മാറി സന്തോഷം ആയി. അവർക്ക് പരസ്പ്പരം സംസാരിക്കാൻ കഴിഞ്ഞില്ല പതിവുപോലെ വിഷ്ണുവിന്റെ തൂലിക അവൾക്ക് വേണ്ടി ചലിച്ചിരുന്നു. ആ പ്രണയ കാവ്യം അവൻ അവൾക്കായി നൽകി. സ്നേഹപൂർവ്വം മാളു അത് സ്വീകരിച്ചു.
വീട്ടിലെത്തിയ മാളു അമ്മയെ അടുക്കളയിൽ സഹായിക്കുകയായിരുന്നു. അവളിൽ ചെറിയ ഒരു ഭയമുണ്ടായിരുന്നു. രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം പുസ്തകം വായിക്കാനെന്ന മട്ടിൽ പുസ്തകത്തിന്റെ ഉള്ളിൽ വിഷ്ണുവിന്റെ കത്ത് വെച്ച് അത് തുറന്ന് വായിക്കാൻ തുടങ്ങി. പെട്ടെന്ന് മാളുവിന്റെ അച്ഛന്റെ എടി ശാരദേ എന്നുള്ള വിളി കേട്ട് അവളുടെ കയ്യിൽ കിടന്ന പുസ്തകം നിലം പതിച്ചു. അവൾ അത് എടുത്ത് ധൃതിയിൽ ബാഗിലൊളിപ്പിച്ച് ഉമ്മറത്തേക്കോടി ഈശ്വരാ…അച്ഛൻ ഇന്നും നല്ലോണം കുടിച്ചിട്ടുണ്ടല്ലോ.
മനസ്സിൽ പറയാനാണ് ഉദ്ദേശിച്ചതെങ്കിലും ശബ്ദം പുറത്തേക്ക് വന്നു പോയി.
അതെടി,ഞാൻ കുടിച്ചിട്ടുണ്ട്, നീയാര അത് ചോദിക്കാൻ നിന്റെ അമ്മവരെ എന്നെ ചോദ്യം ചെയ്യാൻ വന്നിട്ടില്ല. എവിടെയെടി നിന്റെ തള്ള?
അയാൾ ഉറക്കെ ചോദിച്ചു. മദ്യം നല്ലപ്പോലെ കുടിച്ചത് കൊണ്ട് തന്നെ അയാളുടെ ഇരുകാലുകളും നിലത്തു ഉറക്കാത്ത നിലയിലായിലായിരുന്നു.
ചോദിച്ചത് കെട്ടില്ലെടി??
അലറണ്ട ഞാൻ ഇവിടെ തന്നെയുണ്ട്.ഈ മുടിഞ്ഞ കുടി നിങ്ങൾക്കൊന്ന് നിർത്തിക്കൂടെ മനുഷ്യ നമ്മുടെ മോൾക്ക് പ്രായമായി വരുന്നത് നിങ്ങളെന്താ ഓർക്കാത്തത്.
മാളുവിന്റെ അമ്മ പറഞ്ഞു തീരും മുൻപ് മാളുവിന്റെ അച്ഛന്റെ കൈ ശാരദയുടെ കവിളിൽ പതിഞ്ഞിരുന്നു.
അമ്മേ…മാളു സങ്കടത്തോടെ വിളിച്ചു.
മിണ്ടരുത് ഇനി മിണ്ടിയാൽ എന്റെ കയ്യിൽ നിന്നും നീ തല്ലു വാങ്ങി ചാവും. എടി ശാരദേ നിനക്ക് വയ്യെങ്കിൽ എന്റെ വീട്ടിൽ നിന്നും ഇറങ്ങി എങ്ങോട്ടെങ്കിലും പോകെടി എന്റെ വീട്ടിൽ നിൽക്കുമ്പോൾ ഇതൊക്കെ സഹിക്കേണ്ടി വരും കേട്ടോടി പുന്നാര മോളെ. ..
എടാ ശേഖരാ…നീ സ്വയം അധ്വാനിച്ച് എടുത്ത വീട് പോലെയാ നീ ഇവിടെ കിടന്ന് കസറുന്നത് എന്റെ ഭർത്താവ് കഷ്ടപ്പെടെടുത്ത വീട്ടിൽ നിന്നാണ് നിന്റെ വീരവാദം എന്ന് നീ മറക്കേണ്ട.
മുറിയിൽ നിന്ന് അച്ഛമ്മ വിളിച്ചു പറയുന്നതൊന്നും വക വെക്കാതെ ശേഖരൻ എടി ശാരദേ എന്റെ കയ്യിൽ നിന്നും തല്ല് കിട്ടാതെ നിനക്ക് ഉറക്ക് വരില്ലെടി എന്നും പറഞ്ഞ് ശാരദയെ വീണ്ടും തല്ലാനായി ശേഖരൻ കൈയുയർത്തി പക്ഷെ അയാൾക്ക് അതിന് കഴിഞ്ഞില്ല അതിന് മുൻപേ ശേഖരൻ ശാരദയുടെ ചുമലിലേക്ക് ചാഞ്ഞുപോയി.മാളുവും ശാരദയും അയാളെ മുറിയിൽ കിടത്തി. അമ്മയുടെ സങ്കടം കണ്ട് മാളുവിനും സങ്കടം തോന്നി. എല്ലാം ശരിയാകും അമ്മേ എന്ന് പറഞ്ഞവൾ അമ്മയെ സമാധാനിപ്പിച്ചു.
പിറ്റേ ദിവസം സ്കൂളിൽ പോവാൻ അമ്മുവിനെ കാത്തു നിൽക്കുകയാണ് മാളു. അമ്മു വിനെ കണ്ടപ്പോൾ മാളുവിന് സന്തോഷമായി. വിഷ്ണുവിനോട് തന്റെ പ്രണയം കത്തിലൂടെ അറിയിച്ചതെല്ലാം മാളു അമ്മുവിനോട് പറഞ്ഞു. അപ്പോഴാണ് വിഷ്ണുവിന്റെ കത്ത് വായിക്കാത്ത കാര്യം മാളുവിന് ഓർമവന്നത്. ഇന്നലെത്തെ ബഹളത്തിനിടയിൽ അത് മറന്നുപ്പോയല്ലോയെന്നവൾ ഓർത്തു. മാളുവിന്റെ ചിന്തകൾക്കിടയിൽ പെട്ടെന്നായിരുന്നു അമ്മുവിന്റെ ചോദ്യം.
നിനക്ക് എവിട്ന്ന് കിട്ടി ഈ ധൈര്യം?എനിക്ക് വിശ്വസിക്കാനേ കഴിയുന്നില്ല.
എനിക്കറിയില്ല അമ്മു. വിഷ്ണുവിന്റെ സാന്നിധ്യം ഇപ്പോൾ എനിക്ക് ആത്മധൈര്യം പകരുന്നു. അവന്റെ കത്തുകളിലെ അവന്റെ അക്ഷരങ്ങൾ എനിക്ക് വല്ലാത്തൊരു ആശ്വാസം പകരുന്നുണ്ട്.
നിറഞ്ഞു വന്ന മിഴികൾ അമ്മു കാണാതെ മാളു തുടച്ചു.
എന്തായാലും നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു,നിന്റെ മുഖത്ത് ഇപ്പോൾ നല്ല തേജസുണ്ട്.
ഇത് കേട്ട മാളു പുഞ്ചിരിച്ചു കൊണ്ട് തല കുലുക്കിയെങ്കിലും അവളുടെ ഉള്ള് പിടയുന്നുണ്ടായിരുന്നു. പതിവുപോലെ അവളെയും കാത്ത് വിഷ്ണു നിൽപ്പുണ്ടായിരുന്നു. മാളുവിനെ കണ്ട വിഷ്ണു കത്ത് എവിടെയെന്ന് ആംഗ്യം കാണിച്ചു. നാളെ എന്ന രീതിയിൽ വിരലുകൾ കൊണ്ട് മാളുവും ആംഗ്യം കാണിച്ചു. അവർ പരസ്പ്പരം പുഞ്ചിരി സമ്മാനിച്ചു. മാളു മുന്നോട്ട് നടക്കുന്നതിനിടയിൽ വിഷ്ണുവിനെ ഒന്ന് തിരിഞ്ഞ് നോക്കി. വിഷ്‌ണുവാണെങ്കിൽ കണ്ണ് എടുക്കാതെ മാളുവിനെ തന്നെ നോക്കി നിൽപ്പാണ്. അവന്റെ ചങ്ങാതിമാർ അവനെ ഓരോന്ന് പറഞ് കളിയാക്കുന്നുണ്ട് അപ്പോഴും വിഷ്ണു മാളുവിനെ തന്നെ നോക്കികൊണ്ടേയിരുന്നു. ഈ കാഴ്ചകൾ പതിവായി തുടർന്നു. അതിനിടയിൽ മാളുവിന്റെ പരീക്ഷ കഴിഞ്ഞു.
മാളു,നാളെ സ്കൂൾ അടക്കുന്ന ദിവസമല്ലേ?ഇനി നിങ്ങൾ എങ്ങനെ തമ്മിൽ കാണും.?
അമ്മു മാളുവിനോടായി ചോദിച്ചു.
വിഷ്ണുയേട്ടൻ പറഞ്ഞത് അമ്പലത്തിൽ വെച്ച് കാണാമെന്ന ഇന്നലെഴെയുതിയ കത്തിലുണ്ടായിരുന്നു.
അവിടെയും നിന്റെ കായ്യാളായി ഞാൻ വരേണ്ടി വരും അല്ലെ?
തീർച്ചയായും.
മാളു ചിരിച്ചുകൊണ്ട് മറുപടി നൽകി.
എന്റെ മാളുയെ,സത്യം പറഞ്ഞാൽ ഈ പ്രണയതിനോടൊന്നും എനിക്ക് വലിയ താൽപ്പര്യമില്ല,എന്നാലും നീ ഇങ്ങനെ ചിരിച്ചു കാണുമ്പോൾ എനിക്ക് വലിയ സന്തോഷം തോന്നുന്നുണ്ട്. അങ്ങനെയൊന്നും നിന്റെ മുഖത്ത് കാണാറില്ലല്ലോ.
അതിനുള്ള മറുപടി മാളു ഒരു ചിരിയിൽ ഒതുക്കി. അവർ ഓരോന്ന് സംസാരിച്ച് നടന്നു നീങ്ങി.
രംഗം 4
വീട്ടിന്റെ ഉമ്മറത്തിരിക്കുകയാണ് മാളുവും അമ്മയും അച്ഛമ്മയും.
സ്കൂൾ അടച്ചപ്പോഴാണ് പെണ്ണിന്റെ മുഖത്ത് സന്തോഷം വന്നത്.
അതെ അതെ ശാരദ പറഞ്ഞത് ശരി തന്നെയാ അച്ഛമ്മയുടെ കുട്ടിയുടെ മുഖം ഇപ്പോഴാ ഒന്ന് തെളിഞ്ഞ് കണ്ടത്.
മാളു അതിന് തലയാട്ടിയെങ്കിലും സത്യം അതെല്ലെന്നവൾ ചിന്തിച്ചു. സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്നതാണ് മാളുവിന്റെ കുടുംബം. മൂന്ന് മുറികളുള്ള ഒരു ചെറിയ ഓടിട്ട വീടാണ് അവളുടേത്. കുറച്ച് കടബാധ്യതകളും അവർക്ക് കൂട്ടായുണ്ട്. മാളുവിന്റെ അച്ഛനൊരു ചുമട്ടു തൊഴിലാളി ആണ്. കിട്ടുന്ന പൈസയിൽ മുക്കാലും കുടിച്ച് തീർക്കും. മാളുവിന്റെ അമ്മയ്ക്ക് കുടുംബശ്രീയിൽ നിന്ന് കിട്ടുന്ന തുകയും മാളുവിന്റ അച്ഛമ്മയ്ക്ക് കിട്ടുന്ന പെൻഷനുമാണ് ആ കുടുംബത്തിന്റെ വരുമാനം.
അമ്മേ…അച്ഛമ്മേ…ഞാൻ അമ്പലത്തിൽ പോയിട്ട് വരാട്ടോ.
രണ്ടും പേരും ഒരേ സ്വരത്തിൽ ‘പോയി വാ മോളെ’എന്ന് പറഞ്ഞു.
അമ്പലനടയിൽ കാത്ത് നിൽക്കുകയാണ് വിഷ്ണു. തന്റെ പട്ടു പാവാട മെല്ലെ പിടിച്ചു മന്ദാഹാസത്തോടെ മാളു വിഷ്ണുവിനരികിലേക്കോടി. ഒരു ചെറു കിതപ്പോടെ മാളു അവന്റെ അരികിൽ നിന്നു അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി നിന്നു. അവൾ പുരികം പൊക്കി എന്താ എന്നർത്ഥത്തിൽ കാണിച്ചു.ഒന്നുമില്ലെന്നർത്ഥത്തിൽ അവനും കണ്ണുചിമ്മി. രണ്ടുപേരും പ്രാർത്ഥിച്ചതിനുശേഷം അമ്പലത്തിനടുത്ത് അധികമാരും ശ്രദ്ധിക്കാത്ത ഒരു വഴിയോരത്ത് മാറി അവർ സംസാരിക്കാൻ തുടങ്ങി.
മാളൂ….
ആദ്യമായി കേൾക്കുന്ന അവന്റെ മധുര ശബ്ദത്തിൽ ഒരു നിമിഷം അവൾ ലയിച്ചു നിന്നു.
മറുപടി ഒന്നും കേൾക്കാതെ വന്നപ്പോൾ വിഷ്‌ണു വീണ്ടും വിളിച്ചു.
മാളു,കത്തുകളിൽ പറയാൻ ഒരുപാട് കാര്യങ്ങളുണ്ടെന്ന് എഴുതിയിട്ട് ഇപ്പോൾ എന്താ ഒന്നും പറയാതെ എന്നെ തന്നെ നോക്കി നിൽക്കുന്നത്.
അത് പിന്നെ…വിഷ്ണുയേട്ടാ…
പെട്ടെന്ന് പുറകിൽ നിന്നൊരു പുരുഷ ശബ്ദം.
മാളു നീ എന്താ കുട്ടി ഇവിടെ?
ആ വഴി കടന്ന് പോയ മാളുവിന്റെ അച്ഛൻ ശേഖരന്റെ ഉറ്റ ചങ്ങാതിയായിരുന്നു അത്.
അത് പിന്നെ……അമ്പലത്തിൽ.
മാളു വിക്കി പറഞ്ഞു.
ഇവിടെയാണോ കുട്ടി അമ്പലം.
വിഷ്ണുവിനെ സൂക്ഷിച്ചു നോക്കിയാണ് അയാൾ അത് ചോദിച്ചത്.
കുട്ടി ഇവിടെ നിൽക്കണ്ട വേഗം വീട്ടിലേക്ക് മടങ്ങിക്കോ.
അത് കേട്ട വിഷ്ണു അയാളുടെ മുന്നിൽ കയറി നിന്നു
അത് പറയാൻ നിങ്ങളാരാ.
പുറകിൽ നിന്ന് വേണ്ട എന്നർത്ഥത്തിൽ മാളു തലയാട്ടി.
അത് കണ്ടപ്പോൾ വിഷ്ണു പിന്നെ ഒന്നും പറഞ്ഞില്ല.
മാളു മുന്നോട്ട് നടന്നു. വിഷ്ണുവിനെ ഒന്ന് തിരിഞ്ഞ് നോക്കാൻ പ്പോലും അവൾക്ക് കഴിഞ്ഞില്ല. അയാൾ വിഷ്ണുവിനെ അടിമുടി നോക്കിയ ശേഷം നിനക്ക് കാണിച്ചു തരാം എന്ന ഭാവത്തിൽ അരിശത്തോടെ വേഗത്തിൽ നടന്നു. മാളുവിന്റെ ശരീരം ഭയന്ന് വിറച്ചു. അവൾക്ക് വീട്ടിലേക്ക് പോവാൻ പേടി തോന്നി.
അമ്മു കൂടെ യുണ്ടായിരുന്നെങ്കിൽ അയാൾ വരുന്നത് അറിയാമായിരുന്നു.ഇന്ന് തന്നെ അവൾക്ക് അമ്പലത്തിൽ കയറാൻ പറ്റാത്ത ദിവസമായി പോയല്ലോ.ഈശ്വരാ….കാക്കണേ..മാളു ആത്മ ഗദം പറഞ്ഞു. തന്റെ മാളുവിനെ ഒന്ന് ആശ്വസിപ്പിക്കാൻ പ്പോലും കഴിഞ്ഞില്ലാലോ എന്ന ദുഃഖത്തിൽ വിഷ്ണുവും നീറി.
അമ്പലത്തിൽ നിന്ന് വന്നിട്ട് ഡ്രസ്സ് പോലും മാറാതെ തന്റെ മുറിയിൽ പേടിച്ചിരിക്കുകയാണ് മാളു. പെട്ടെന്ന്
ശാരദേ, എടി ശരാദേ ,എവിടെടി നിന്റെ മോള്.
അച്ഛന്റെ ശബ്ദം കേട്ടപ്പോൾ അവൾ ഭയന്ന് വിറച്ചു ഇടിപ്പുയരാൻ തുടങ്ങി. ഇടിപ്പിന്റെ ശബ്ദം പുറത്തേക്ക് കേൾക്കുന്നത്പ്പോലെ തോന്നി അവൾക്ക്.
എടി ശാരദേ നിന്റെ മോള് ഒരു ചെറുപ്പക്കാരന്റെ കൂടെ കറങ്ങാൻപ്പോയെന്ന്.
ഏയ് മനുഷ്യ, കള്ളും കുടിച്ച് വന്ന് എന്റെ മോളെ കുറിച്ച് അനാവശ്യം പറഞ്ഞാലുണ്ടല്ലോ.
പോയി മോളോട് ചോദിക്കെടി,വേണ്ട ഞാൻ തന്നെ ചോദിക്കാം എന്നും പറഞ്ഞ് ശേഖരൻ മാളുവിന്റെ മുറിയിലേക്ക് പോയി. പിറകെ ശാരദയും അച്ഛമ്മയും.
ശേഖരൻ മാളുവിന്റെ മുടിക്കെട്ട് വലിച്ചു,‘ഇങ്ങോട്ട് വാടി കുരുത്തംകെട്ടവളെയെന്നും പറഞ് കുറെ തല്ലി. പിന്നെ ശേഖരൻ ചാരു കസേരയുടെ അടിയിൽ നിന്നും കുടയെടുത്ത് അതിന്റെ പിടിഭാഗം കൊണ്ടും പൊതിരെ തല്ലി. പിടിച്ചു വെക്കാൻപോയ മാളുവിന്റെ അമ്മയെയും അച്ഛമ്മയെയും അയാൾ തള്ളി മാറ്റി. വേദന കൊണ്ടവൾ പൊട്ടി കരഞ്ഞു അടി താങ്ങാനാവാതെ അവൾ നിലത്തേക്ക് വീണു. അവളെ തല്ലി ശേഖരനും അവശനായി. ശാരദ മാളുവിനെ പിടിച്ച് മുറിയിൽ കിടത്തി വെള്ളം കൊടുത്തു കൈകാലുകൾ നന്നായി മുറിഞ്ഞിരുന്നു വേദനകൊണ്ടവൾ പുളഞ്ഞു.
രംഗം 5
മുറിവിലെല്ലാം രാത്രി ശാരദാമ്മ മരുന്ന് പുരട്ടി കൊടുത്തിരുന്നു. എന്നിട്ടും നീറ്റൽ സ്വൽപ്പം പ്പോലും കുറഞ്ഞില്ല.
ഭഗവാനെ….ശരീരത്തിന്റെ വേദനയേക്കാൾ ഇരട്ടി മനസ്സ് വേദനിക്കുന്നുണ്ട്. എന്റെ സങ്കടം ഒന്ന് തുറന്നു പറഞ് പൊട്ടി കരയാൻ തോന്നുവാ എനിക്ക് അതിന്പ്പോലും സാധിക്കുന്നില്ലല്ലോ ഇനിയും ഇതൊന്നും എനിക്ക് താങ്ങാൻ വയ്യ. എന്റെ എല്ലാ സങ്കടങ്ങളും ഒന്ന് മാറ്റി താ ഭഗവാനെ
ഇടറിയ ശബ്ദത്തിൽ മാളു പ്രാർത്ഥിച്ചു.
മോളെ,മാളു ഈ ചായ കുടിക്ക്.
അമ്മയെ കണ്ടപ്പോൾ മാളു കെട്ടിപിടിച്ചു കരയാൻ തുടങ്ങി.
സാരമില്ല മോള് സങ്കടപെടേണ്ട അച്ഛന്റെ സ്വഭാവം മോൾക്ക് അറിയുന്നതല്ലേ. മോള് ഇനി കുറച്ചു ദിവസം പുറത്തേക്കൊന്നും പോവേണ്ട.
മാളു ദയനീയമായി അമ്മയെ നോക്കി. ശരാദാമ്മ മാളുവിന്റെ മുറിയുടെ വാതിലടച്ചു. മാളുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. മാളു വിഷ്ണുവിന്റെ കത്തുകളിലൂടെ വിരലോടിച്ചു കത്തുകൾ കെട്ടി പിടിച്ച് അവൾ കരയാൻ തുടങ്ങി. ദിവസങ്ങൾ കടന്നുപ്പോയി. പുറത്തേക്ക് പോവാൻ അനുമതിയില്ലാത്തത് കാരണം വിഷ്ണുവിനെ കാണാൻ അവൾക്ക് കഴിഞ്ഞില്ല. വിഷ്ണുവിനെ കാണാതിരിക്കുന്തോറും മാളുവിന് വിഷ്ണുവിനോടുള്ള ഇഷ്ടം കൂടി കൂടി വന്നു. അതെങ്ങനെയാണല്ലോ ഒരാളുടെ സാന്നിധ്യത്തിൽ അനുഭവപ്പെടുന്ന സന്തോഷമല്ല,അയാളുടെ അസാന്നിധ്യത്തിൽ അനുഭവപ്പെടുന്ന സങ്കടമാണ് അവരെ നമുക്ക് പ്രിയപ്പെട്ടതാക്കുന്നത്.
വിഷ്ണുവിനെ ഒന്ന് കാണാൻ മാളു ഒരുപാട് ആഗ്രഹിച്ചു. എന്തൊക്കെയോ മനസ്സിൽ തീരുമാനിച്ചപ്പോലെ മാളു അമ്മയുടെ അടുക്കലേക്ക് പ്പോയി.
അമ്മേ, എനിക്കൊന്ന് അമ്പലത്തിൽ പോവണം.
വേണ്ട മോളെ നിന്റെ അച്ഛനറിഞ്ഞാൽ വീണ്ടും ബഹളം ആയിരിക്കും.
ഞാൻ വേഗം വരാം അമ്മേ എത്ര ദിവസമായി ഇങ്ങനെ കൂട്ടിലടച്ച കിളിയെപ്പോലെ ഈ വീട്ടിൽ പ്ലീസ് അമ്മ,എന്റെ ഉള്ളിലെ സങ്കടം ഞാൻ ദൈവത്തോടെങ്കിലും ഒന്ന് പറയട്ടെ.
മാളുവിന്റെ മറുപടി കേട്ട് അമ്മയ്ക്ക് സങ്കടമായി.
എന്നാൽ മോള് പോയി വാ,വേഗം വരണേ മോളെ അച്ഛനറിഞ്ഞാൽ.ഞാൻ കൂടി വരട്ടെ.
വേണ്ട അമ്മ ഞാൻ അമ്മുവിനെ കൂടെ കൂട്ടിക്കൊള്ളാം.
മാളുവും അമ്മുവും ധൃതിയിൽ അമ്പലത്തിൽ നിന്ന് തൊഴുതിറങ്ങി. കുളക്കടവിലേക്കു നടന്നു അവിടെ വിഷ്ണുവും അവന്റെ ഫ്രണ്ട് അഭിയുമുണ്ടായിരുന്നു വിഷ്ണുവിനെ കണ്ടപ്പോൾ മാളുവിന് സന്തോഷം തോന്നി.
മാളൂ…അമ്മു എന്നോട് എല്ലാം പറഞ്ഞിരുന്നു. അച്ഛൻ ഒരുപാട് തല്ലി അല്ലെ.
മാളു തല കുലുക്കി.
വിഷ്ണുയേട്ടാ…
ന്താ മാളു.
വിഷ്ണുയേട്ടൻ ഉടനെ എന്നെ കല്ല്യാണം കഴിക്കണം.
മാളു!
അതെ വിഷ്ണുയേട്ടാ നാളെ തന്നെ എന്റെ വീട്ടിൽ വന്ന് പെണ്ണ് ചോദിക്കണം.
നാളെയോ!!നീ ഇപ്പോൾ പ്ലസ് ടു കഴിഞ്ഞിട്ടല്ലേയുള്ളൂ ഇനിയും പഠിച്ച് നല്ല ഒരു ജോലി ഒക്കെ വാങ്ങണ്ടേ,നിന്നെ പോറ്റാനുള്ള പണം ഞാൻ അന്തസായി ആശാരി പണിയെടുത്തുണ്ടാക്കുന്നുണ്ട്,എന്നാലും നിനക്കൊരു ഭാവി വേണ്ടേ മാളു.
അൽപ്പം ശാസനയോടെ വിഷ്ണു പറഞ്ഞു നിർത്തി. എനിക്ക് ഇപ്പോൾ ഒന്നിനും താൽപ്പര്യമില്ലാ വിഷ്ണുയേട്ടൻ എന്നെ കല്ല്യാണം കഴിക്കണം.
മാളു ശബ്ദമുയർത്തി പറഞ്ഞു.
മാളു പതിയെ,പെട്ടെന്ന് കല്ല്യാണം എന്നൊക്കെ പറയുമ്പോൾ എന്റെ വീട്ടിൽ സമ്മതക്കുറവൊന്നും ഉണ്ടാവില്ല, പക്ഷെ നിന്റെ വീട്ടിൽ സമ്മതിക്കുമോ മാളു.
വിഷ്ണുയേട്ടാ അതൊന്നും എനിക്കറിയില്ല എങ്ങനെയെങ്കിലും അവരെക്കൊണ്ട് സമ്മതിപ്പിക്കണം.
ആ എന്തായാലും നോക്കാ ഞാൻ നാളെ അമ്മയെയും കൂട്ടി അങ്ങോട്ട് വരാം.
അതുകേട്ടപ്പോൾ മാളുവിന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു.
നാളെ കാണാം എന്ന് പറഞ് മാറി നിന്ന അമ്മുവിന്റെ കൈ പിടിച്ചു മാളു നടന്നു നീങ്ങി. ഇടയ്ക്ക് വിഷ്ണുവിനെ തിരിഞ്ഞ് നോക്കി കൈ വീശി കാണിച്ചു. വിഷ്ണു തിരിച്ചും കാണിച്ചു.
പെട്ടന്നങ്ങനോയൊക്കെ തോന്നാൻ എന്ത് പറ്റി എന്റെ പെണ്ണിന്.
മാളു പോയ വഴിയേ നോക്കി വിഷ്ണു ചിന്തിച്ചു.
രംഗം 6
സന്ധ്യാസമയം നല്ല ചാറ്റൽ മഴയുണ്ടായിരുന്നു. ശാരദാമയുടെ തറവാട്ടിലെ അമ്പലത്തിൽ ഇന്ന് തിറയാണ്. തറവാട്ടിലെ ആരും അമ്മയോട് മിണ്ടാറില്ല അച്ഛന്റെ കുടി തന്നെയാണ് കാരണം എന്നാലും അമ്മയും മാളുവും എല്ലാ ഉത്സവങ്ങൾക്കും പോവാറുണ്ട്. ശാരദാമ്മ സാരി ഒന്ന് ധൃതിയിൽ നേരെയാക്കി മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി.
മാളൂനെ കൂട്ടുന്നില്ലോടി.
ഇല്ല അമ്മേ അവൾക്ക് നല്ല വയറുവേദനയാ.
അതെയോ ന്റെ കുട്ടി എവിടെ?
അവൾ മുറിയിലുണ്ടമ്മേ.
മോളേ മാളു. ഇഞ്ചി വെള്ളം കുടിക്കു അല്ലെങ്കിൽ മുന്നോ നാലോ ഉലുവയെടുത്ത് കഴിക്ക് വേദന കുറഞ്ഞോളും.
അച്ചമ്മ വിളിച്ച് പറഞ്ഞു.
മോളെ മാളു അമ്മ ഇറങ്ങട്ടെ.
ശരി അമ്മേ.
അമ്മേ കുടയെടുക്കാൻ മറക്കല്ലേ നല്ല ചാറ്റൽ മഴയുണ്ട്.
ജാനാല യുടെ കതക് വലിച്ചടച്ചുകൊണ്ട് മാളു പറഞ്ഞു.
നീ പറഞ്ഞത് നന്നായി അല്ലെങ്കിൽ ഞാൻ മറന്നേനെ എന്നും പറഞ്ഞു ചാരു കസേരയുടെ അടിയിൽ നിന്ന് കുടയെടുത്ത് മാളുവിന്റെ അച്ഛമ്മയോട് യാത്ര പറഞ് ശാരദാമ്മ നടന്നു നീങ്ങി. കാർമേഘങ്ങൾ ഉരുണ്ടു കൂടി മഴ ശക്തിയായി പെയ്യാൻ തുടങ്ങി,ചെവി പൊട്ടിക്കുന്ന ഇടിയൊച്ചകൾ മാളു ക്ഷീണം കാരണം ഉറങ്ങിപ്പോയി അവൾ നെഞ്ചോളം പുതപ്പ് പുതച്ചിട്ടുണ്ട്. പെട്ടെന്നാരോ അവളുടെ കാലുകളിൽ സ്പർശിച്ചത്പ്പോലെ തോന്നി അവൾ കണ്ണുകൾ അമർത്തി തുറന്നു. അയാളെ കണ്ടപ്പോൾ മാളു ഭയന്ന് വിറച്ചു അയാൾ അവളുടെ കയ്യിൽ പിടിച്ചു അവൾ കുതറി മാറാൻ ശ്രമിച്ചു. അവൾക്ക് അതിന് സാധിച്ചില്ല. മാളു അലറി വിളിച്ചു ശക്തമായ മഴയുടെ ശബ്ദത്തിൽ ആ അലർച്ച ആരും കേട്ടില്ല. അവൾ വീണ്ടും ശക്തിയായി കുതറാൻ ശ്രമിച്ചു. അയാളുടെ ഉള്ളിലെ മദ്യത്തിന്റെ അളവ് കൂടുതലായത് കൊണ്ട് തന്നെ അവളുടെ ശക്തിയായ തള്ളലിൽ അയാൾ കട്ടിലിലേക്കു മലർന്ന് വീണു. മാളു അച്ഛമ്മയുടെ മുറിയിലേക്കോടി.
അച്ഛന്റെ മൃതശരീരത്തിന്റെ അരികിൽ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഇരിക്കുകയാണ് മാളുവും അമ്മയും അച്ഛമ്മയും. മാളുവിന്റെ അടുത്ത് അവളുടെ കൂട്ടുകാരി അമ്മുവും ഉണ്ട്. ചുറ്റും നാട്ടുകാരുടെ പതിഞ്ഞ സ്വരത്തിലെ സംസാരവും.
ശാരദ ഇത് എങ്ങനെ സഹിക്കും. കുടിച്ച് കഴിഞ്ഞാൽ സ്വ ബോധം നഷ്ടപ്പെടുമെന്ന് കേട്ടിട്ടുണ്ട്,യെന്നാലും സ്വന്തം മകളോട് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമോ.
വിഷ്ണുവും അമ്മയും മാളുവിന്റെ വീട് ലക്ഷ്യമാക്കി നടന്നു വരികയാണ്.
എന്താ മോനെ അവിടെ ഒരു ആൾക്കൂട്ടം.
അറിയില്ല അമ്മ വാ നമുക്ക് നോക്കാം.
ആളുകളുടെ അടക്കം പറച്ചിൽ വിഷ്ണുവും അമ്മയും കേട്ടു. കരഞ്ഞു തളർന്നിരിക്കുന്ന തന്റെ പ്രിയതമയെ വിഷ്ണു ദയനീയമായി ഒന്ന് നോക്കി. വിഷ്ണുവിനെ കണ്ടപ്പോൾ ഒന്നും പറയാൻ കഴിയാതെ മാളു വിതുമ്പി. മാളുവിന്റെ ഓർമ്മകൾ ഇന്നലെയിലേക്ക് സഞ്ചരിച്ചു.
മാളു ഓടിക്കയറി അച്ഛമ്മയുടെ മുറിയിലെ വാതിലടച്ചു.
എന്താ കുട്ടി,എന്തിനാ അച്ഛമ്മയുടെ കുട്ടി കരയുന്നെ?
അവളുടെ ഏങ്ങൽ മാത്രം പുറത്തുവന്നു.
പറ കുട്ടി, ഈ അച്ഛമ്മയെ പേടിപ്പിക്കാതെ കാര്യം പറ കുട്ടി.
അ അ അത് അച്ഛമ്മേ അയാൾ എന്നെ
അവളുടെ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു.
ആരുടെ കാര്യ കുട്ടി നീ ഈ പറയുന്നത്.
അ അച്ഛൻ
അതും പറഞ് മാളു പൊട്ടി കരഞ്ഞു.
ഓർമ്മകളുടെ ചുരുൾ അഴിയാൻ പോവുന്നു.
അച്ഛൻ പല തവണ മദ്യപ്പിച്ച് എന്റെ ശരീരത്തിൽ തൊടാൻ ശ്രമിക്കാറുണ്ട്. ആദ്യമൊക്കെ എന്റെ വെറും തോന്നലാവും എന്ന ഞാൻ കരുതിയെ പിന്നീട് അങ്ങനെ അല്ലെന്ന് എനിക്ക് ബോധ്യപ്പെട്ടു. ആരോടും ഇതൊന്നും തുറന്നു പറയാൻ സാധികാതെ നീറി നീറിയ ഞാൻ ഇവിടെ കഴിഞ്ഞിരുന്നത്. ആദ്യം പഠിച്ച് നല്ല ജോലി വാങ്ങി അമ്മയെയും അച്ഛമ്മയേയും കൂട്ടി വേറെ വീട് വാങ്ങി താമസിക്കാമെന്ന കരുതിയെ പക്ഷെ പഠിക്കാനായി പുസ്തകം തുറക്കുമ്പോൾ ആ നീചനയാണ് ഓർമ്മ വരിക,പിന്നെ ഒന്നും പഠിക്കാൻ കഴിഞ്ഞിരുന്നില്ല. അമ്മയോടും അച്ചമ്മയോടും പറയാൻ എനിക്ക് ധൈര്യമില്ലായിരുന്നു. അമ്മയറിഞ്ഞാൽ അമ്മ അച്ഛനെ കൊല്ലും. അമ്മ ജയിലിലുമാവും. പാവം ന്റെ അമ്മയ്ക്ക് അങ്ങനെ ഒരു അവസ്ഥ വരുന്നത് എനിക്ക് താങ്ങാനാവില്ല. അത് കൊണ്ടാ ഞാൻ ആരോടും ഒന്നും പറയാതിരുന്നത്.
മോളെ…ഈ അച്ഛമ്മയോടെങ്കിലും മോൾക്ക് ഇതൊക്കെ തുറന്നു പറയായിരുന്നില്ലേ. എന്റെ കുട്ടി ഇത്ര കാലം ഒറ്റയ്ക്ക് ഇതൊക്കെ എന്തിനാ സഹിച്ചത്.
എനിക്ക് പേടിയായിരുന്നു അച്ഛമ്മേ, അച്ഛമ്മ എന്നോട് ക്ഷമിക്കണം. ഇവിടെ നിന്ന് എനിക്കും നിങ്ങൾക്കും രക്ഷപ്പെടാൻ എന്റെ മുന്നിൽ ഒരു മാർഗമേ ഉണ്ടായിരുന്നുള്ളൂ. എങ്ങനെയെങ്കിലും കല്ല്യാണം കഴിക്കണം. അതിന് വേണ്ടി ഞാൻ ഒരാളെ പ്രേമിച്ചു. അതിന് വേണ്ടി പ്രേമിച്ചതാണെങ്കിലും ഇപ്പോൾ എന്റെ ജീവനാ എന്റെ വിഷ്ണുയേട്ടൻ. വിഷ്ണുയേട്ടൻ എന്റെ ജീവിതത്തിൽ വന്നാൽ എല്ലാം ശരിയാകുമെന്ന് ഞാൻ കരുതി. വിഷ്‌ണുയേട്ടന്റെ വീട്ടിൽ ഞാൻ സുരക്ഷിതായാവുമെന്ന് ഞാൻ വിശ്വസിച്ചു. വിഷ്ണുയേട്ടനോട് പറഞ്ഞ് അമ്മയ്ക്കും അച്ഛമ്മയ്ക്കും താമസിക്കാൻ ഒരു വീട് ശരിയാക്കാമെന്ന് ഞാൻ കരുതി. നാളെ വിഷ്‌ണുയേട്ടൻ അമ്മയെയും കൂട്ടി ഇവിടെ വരാമെന്ന് എനിക്ക് വാക്ക് നൽകിയിട്ടുണ്ട്. ഇതൊക്കെ സ്വപ്നം കണ്ട് ഞാൻ ഉറങ്ങുമ്പോൾ അയാൾ, എന്റെ അച്ഛൻ എന്ന ദുഷ്ടൻ ഇന്നും മദ്യലഹരിയിൽ എന്റെ ശരീരത്തിൽ സ്പർശിക്കാനും എന്നെ ഉപദ്രവിക്കാനും ശ്രമിച്ചപ്പോൾ ഞാൻ അയാളിൽ നിന്നും എങ്ങനയോ ഓടി രക്ഷപ്പെട്ടു വരികയായിരുന്നു അച്ഛമ്മേ.
അത്രയും പറഞ്ഞത് അവൾ കരഞ്ഞു കൊണ്ട് തന്നെയായിരുന്നു. അച്ഛമ്മ അവളെ കെട്ടിപിടിച്ചു.
മോള് കരയണ്ട. അച്ഛമ്മയുടെ കുട്ടി സമാധാനമായിട്ടിരിക്ക്. അവനെപ്പോലൊരു നീചന് ജന്മം കൊടുത്തത് ഞാൻ ആണെങ്കിൽ അവനെ ഇല്ലാത്തക്കാനും എനിക്ക് തന്നെയാ കൂടുതൽ അവകാശം. കൊല്ലണം ആ നായിയെ. സ്വന്തം രക്തത്തോട് ഈ ക്രൂരത കാട്ടിയ അവനെ കൊല്ലണം.
വേണ്ട അച്ഛമ്മേ അയാൾ അച്ഛമ്മയെ ഉപദ്രവിക്കും.
അച്ഛമ്മ വേഗം മുറിയുടെ വാതിൽ തുറന്ന് അടുക്കളയിൽ നിന്ന് കത്തിയെടുത്ത് ശേഖരന്റെ മുറിയുടെ വാതിൽ തള്ളി തുറന്നു. ആ കാഴ്ച്ച കണ്ട് അച്ഛമ്മയുടെ കയ്യിലെ കത്തി താഴേക്ക് വീണു. മാളു ഓടി വന്നു. ഫാനിൽ തൂങ്ങിയാടുന്ന അച്ഛന്റെ ശരീരം ഒരു ഞെട്ടലോടെ അവൾ കണ്ടു നിന്നു.
മദ്യലഹരിയിലായിരുന്ന ശേഖരന് എപ്പോഴോ ബോധം വന്നപ്പോൾ തോന്നിക്കാണും ഞാൻ എന്ത് ക്രൂരതയാണ് സ്വന്തം മകളോട് ചെയ്യാൻ പോയതെന്ന്. അയാൾക്ക് അയാളോട് തന്നെ വെറുപ്പ് തോന്നിക്കാണും,തനിക്ക് ജന്മം നൽകിയ അമ്മയും തന്റെ ഭാര്യയുംമകളും മറ്റുള്ളവരും വെറുപ്പോടെയും അറപ്പോടെയും പുച്ഛത്തോടെയും നോക്കുന്നത് ശേഖരൻ മുന്നിൽ കണ്ട് കാണും അതിനേക്കാൾ ഒക്കെ നല്ലത് ഈ ജീവിതം അവസാനിപ്പിക്കുന്നതാവും എന്ന് ശേഖരന് തോന്നിക്കാണും. അതുകൊണ്ടാവും‘ മാപ്പ് എല്ലാത്തിനും’എന്ന കുറിപ്പ് എഴുതിവെച്ച് അയാൾ ഈ ലോകത്തിൽ നിന്ന് എന്നുന്നേക്കുമായി പോയത്.
ലഹരി മനുഷ്യനെ ഒരു ഭ്രാന്തനാക്കും. ഒരിക്കലും കര കയറാൻ പറ്റാത്ത തെറ്റുകളിലേക്ക് എത്തിക്കും. ലഹരിയിൽ നിന്നും പൂർണ്ണമായും വിട്ടു നിൽക്കുക.
രംഗം :7
വർഷങ്ങൾക്ക് ശേഷം അമ്പലത്തിൽ ഇരു കണ്ണുകൾ അടച്ച് പ്രാർത്ഥിക്കുകയാണ് മാളു. സർവ്വേശ്വരാ എന്റെ ജീവിതത്തിൽ ഞാൻ പ്രതീക്ഷിക്കാത്ത ഒരുപാട് കാര്യങ്ങൾ നടന്നു,ഒരിക്കൽ പഠനം പാതി വഴി നിർത്താൻപ്പോയ ഞാൻ ഇപ്പോൾ അതെ സ്കൂളിലെ ടീച്ചർ ആണ്. അമ്മയെ മനസ്സറിഞ് സ്നേഹിക്കാൻ പറ്റുന്ന ഒരു നല്ല പാതിയുടെ കൂടെ എന്റെ അമ്മ ഇന്ന് ഒരുപാട് സന്തോഷവതിയാണ്. മരിക്കുന്നതിന് മുൻപേ അച്ഛമ്മ തന്നെ മുൻകൈ എടുത്ത് നടത്തിയതാ. ഇന്ന് എനിക്ക് അദ്ദേഹം നല്ലൊരു അച്ഛനാണ്. എന്റെ അമ്മയ്ക്ക് നല്ലൊരു ഭർത്താവുമാണ് ഇനി എന്നും അങ്ങനെ തന്നെ ആവണേ. നാളെ എന്റെ വിവാഹമാണ്. അവിടെയും സന്തോഷവും സമാധാനവും നൽകണേ. എന്റെ പ്രിയപ്പെട്ടവന് ആയുർ ആരോഗ്യം നൽകണേ.
അതും പറഞ്ഞ് മാളു തിരിഞ്ഞപ്പോൾ കണ്ടു കുറച്ചക്കലെ അവളെ തന്നെ നോക്കി മീശപ്പിരിച്ച് നോക്കി നിൽക്കുകയാണവൻ. അവനെ കണ്ടതും അവൾ അവന്റെയടുത്തേക്ക് ഓടി ഒരു കിതപ്പോടെ അവൾ വിളിച്ചു.
വിഷ്ണുയേട്ടാ…
എത്ര നേരമായി പെണ്ണെ ഞാൻ ഇവിടെ കാത്ത് നിൽക്കാൻ തുടങ്ങിയിട്ട് ഞാൻ അമ്പലത്തിൽ കയറി തൊഴുതിറങ്ങിയിട്ടും നിന്റെ പ്രാർത്ഥന കഴിഞ്ഞിട്ടില്ല,എന്താ എന്റെ പെണ്ണ് ഇത്ര നേരം ഭഗവാനോട് കത്തിയടിച്ചേ.
വിഷ്ണുയേട്ട അങ്ങനെയൊന്നും പറയാൻ പാടില്ല.
ന്റെ മാളു യ് നാളെ നമ്മുടെ ഫസ്റ്റ് നൈറ്റിൽ ഈ വിഷ്ണുയേട്ടനോട് പറയാൻ വല്ലതും നീ ബാക്കി വെച്ചിട്ടുണ്ടോ.
വിഷ്ണു അങ്ങനെ പറയുന്നത് കേട്ട് നാണത്താൽ മാളുവിന്റെ മുഖമൊന്ന് ചുവന്നു തുടുത്തു.പെണ്ണ് കാലുകൊണ്ട് കളം വരക്കാനും തുടങ്ങി.
അതുകണ്ട വിഷ്ണു ചിരി അടക്കി കൊണ്ട് പറയാൻ തുടങ്ങി.
ഓ ഞാൻ അത് മറന്നു നാളെ നമുക്ക് സംസാരിക്കാനൊന്നും ടൈം കിട്ടില്ലല്ലോ.
അയ്യേ ഈ വിഷ്ണുയേട്ടന് ഒരു നാണവുമില്ല.
അതിന് നാണിക്കാൻ മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ. നാളെ നമ്മുടെ കല്ല്യാണമായത് കൊണ്ട് ബന്ധുക്കളൊക്കെ ഉള്ളത് കൊണ്ട് നമ്മൾക്ക് സംസാരിക്കാൻ ടൈം കിട്ടില്ലെന്ന ഞാൻ പറഞ്ഞെ.
ഒരു നിഷ്കളങ്കഭാവം മുഖത്ത് വരുത്തിക്കൊണ്ട് വിഷ്ണു പറഞ്ഞു നിർത്തി.
മാളു എന്താ ഉദേശിച്ചേ.
ഞാൻ ഒന്നും ഉദ്ദേശിച്ചിട്ടില്ല.
ഏയ് അങ്ങനെ പറയല്ലേ, മാളു എന്തോ ഉദ്ദേശിച്ചു,അത് ഈ വിഷ്ണുയേട്ടനോടും കൂടി പറ മാളു. ഒന്ന് പറഞ്ഞു താ മാളു ടീച്ചറെ.
അയ്യടാ,ഇപ്പോ പറയും
എന്ന് പറഞ്ഞ് മാളു അവനെ തള്ളി മാറ്റി മുന്നോട്ടേക്കോടി.
ആ ആ നാളെ എന്തായാലും ഈ വിഷ്ണുയേട്ടന്റെ കയ്യിൽ തന്നെ നിന്നെ കിട്ടും.
ഓടി അകലുന്ന മാളുവിനെ തന്നെ വിഷ്ണു നോക്കി നിന്നു.ഇടയ്ക്ക് മാളു ഒന്ന് തിരിഞ്ഞ് അവനെ നോക്കി ഒന്ന് മനോഹരമായി പുഞ്ചിരിച്ചു. അത് കണ്ട വിഷ്‌ണു അവൾക്കായി ഒരു ഫ്ലൈയിങ് കിസ്സ് സമ്മാനിച്ചു. മാളുവിന് അത് കണ്ടപ്പോൾ വിഷ്ണു അവളെ പെണ്ണുകാണാൻ വന്ന ദിവസം ഓർമ്മ വന്നു.
ചെക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാട്ടോ.
വിഷ്ണുവിന്റെ അമ്മാവൻ അങ്ങനെ പറഞ്ഞത് കേട്ടപ്പോൾ തന്നെ വിഷ്ണു എഴുന്നേറ്റ് നിന്നു.
അത് കണ്ട് നിന്ന വിഷ്ണുവിന്റെ അച്ഛനും അമ്മയും ഉൾപ്പെടെ എല്ലാവരും ഒന്ന് ചിരിച്ചുപ്പോയി.
ഈ ചെക്കൻ ഇത് ഓവറാക്കി കുളമാക്കുമോ എന്ന ഭാവത്തിൽ വിഷ്ണുവിന്റെ കസിൻ ബ്രദർ അവനെ നോക്കി പല്ല് കടിച്ചു. വിഷ്ണു അവനെ നോക്കി ഒന്ന് ഇളിച്ച് കാണിച്ച് മുറിയിലേക്ക്പ്പോയി. മാളുവും വിഷ്ണുവും കണ്ണും കണ്ണും നോക്കിയിരിപ്പാണ്.
മാളു…..
ആ വിളി കേട്ടപ്പോൾ തന്നെ പെണ്ണിന്റെ കണ്ണൊക്കെ നിറഞ്ഞു തുളുമ്പി.
വിഷ്ണുയേട്ടാ…ഞാൻ ഒരിക്കലും വിചാരിച്ചില്ല നമ്മൾ ഇങ്ങനെയൊക്കെ. അന്ന് അച്ഛൻ മരിച്ചന്ന് വിഷ്ണുയേട്ടൻ വന്നപ്പോൾ ഒന്നും മിണ്ടാതെ തിരിച്ചു പോയപ്പോൾ എനിക്ക് വല്ലാത്ത സങ്കടം തോന്നി.
അന്നത്തെ സാഹചര്യം അങ്ങനെയായിരുന്നല്ലോ മാളു,അന്ന് ഞാൻ എന്ത് സംസാരിച്ചാലും ആ കാര്യങ്ങളൊക്കെ ഓർത്ത് നീ വീണ്ടും സങ്കടപെടുമെന്ന് എനിക്ക് തോന്നി. അതാ ഞാൻ ഒന്നും സംസാരിക്കാതിരുന്നത്.
വിഷ്ണുയേട്ടാ…പിന്നീട് അമ്മു പറഞ്ഞു വിഷ്ണുയേട്ടൻ എന്റെ കാര്യങ്ങളൊക്കെ അന്വേഷിക്കാറുണ്ടെന്നും. അവളുടെ കയ്യിൽ എനിക്ക് തരാൻ പണം ഏൽപ്പിക്കാറുടെന്നും,എന്നോട് വിഷ്ണുയേട്ടൻ തന്നതാണെന്ന് പറയരുതെന്നും അമ്മുവിന്റെ അച്ഛൻ തന്നതാണെന്ന് പറയണമെന്നൊക്കെ പറഞ്ഞതും.
ഞാൻ തന്നതാണെന്നറിഞ്ഞാൽ എന്റെ പെണ്ണ് അത് വാങ്ങില്ലെന്നനിക്കറിയാം നിന്റെ ദുരഭിമാനം അതിന് ഒന്നും സമ്മതിക്കില്ലല്ലോ. സ്കൂളിൽ പഠിക്കുന്ന സമയത്ത് ഞാൻ എന്ത് വാങ്ങിത്തന്നാലും ഇപ്പോൾ ഇതൊന്നും എനിക്ക് വാങ്ങിതരേണ്ട വിഷ്ണുയേട്ടൻ എന്നെ കല്ല്യാണം കഴിച്ചിട്ട് മതി.
മാളുവിന്റ അതെ ടോണിൽ വിഷ്ണു പറഞ്ഞു നിർത്തി.
അങ്ങനെ തന്നെ നീ വീണ്ടും പറയും എന്ന് ഉറപ്പുള്ളതുകൊണ്ടാ ഞാൻ അമ്മുവിനോട് അങ്ങനെ പറഞ്ഞെ.
വിഷ്ണുയേട്ടൻ അത് മാത്രമല്ലാലോ ചെയ്ത് തന്നത് എന്റെ പഠിത്തതിന്റെ മുഴുവൻ ചിലവും എന്റെ ടീച്ചർ പദവിക്കുള്ള ചിലവും എല്ലാം വിഷ്ണുയേട്ടൻ തന്നെ ചെയ്തിട്ട് അമ്മുന്റെ അച്ഛൻ എന്റെ സ്പോൺസറാണെന്ന് എന്നോട് പറയാൻ അവളോട് പറഞ്ഞു. അമ്മുവിന്റെ അച്ഛൻ ദുബായിക്കാരനായത് കൊണ്ട് പാവം ഞാൻ അതൊക്കെ വിശ്വസിച്ചു. ഇന്നലെ വിഷ്ണുയേട്ടൻ അമ്മയെ വിളിച്ച് നമ്മുടെ കാര്യങ്ങളൊക്കെ പറഞ്ഞെന്നും ഇന്ന് എല്ലാവരെയും കൂട്ടി ഇവിടെ വരട്ടെ എന്ന് ചോദിച്ചൂന്നും അമ്മ സന്തോഷത്തോടെ എന്നോട് പറഞ്ഞപ്പോൾ ആ സന്തോഷം അറിയിക്കാൻ അമ്മുവിന്റെ അടുത്ത് ഞാൻ പോയപ്പോഴാണ് അവൾ എല്ലാ സത്യവും എന്നോട് പറയുന്നത്. അപ്പോ ഞാൻ ശശി ആയി.
ഹാഹഹ..അതൊക്കെ കഴിഞ്ഞില്ലേ ന്റെ പെണ്ണെ. ഇനി അതൊന്നും ആലോചിക്കേണ്ട.
അതും പറഞ്ഞ് വിഷ്ണു മാളുവിന്റെ അടുത്തേക്ക്പോയി മാളുവിന്റെ കയ്യിൽ പിടിച്ചു ഇനി ഏട്ടന്റെ കുട്ടി, നമ്മുടെ റൊമാൻസ് മാത്രം ആലോചിച്ച മതി കേട്ടോ.
ടാ ടാ മതിയാക്കെടാ.
അപ്പോഴേക്കും വിഷ്ണുവിന്റെ കസിൻ ബ്രദർ അങ്ങോട്ട് വന്നുകൊണ്ട് പറഞ്ഞു.
ആർത്തി കാണിച്ച് വില കളയല്ലടാ.
വിഷ്ണുവിന്റെ ചെവിയിൽ മെല്ലെ അവൻ പറഞ്ഞു.
ഇത് കേട്ട വിഷ്ണു ഒന്ന് ചിരിച്ചു എന്നിട്ട് മാളുവിനെ നോക്കികൊണ്ട് പറഞ്ഞു.
ഇത് എന്റെ ബ്രദർ രാഗേഷ് അങ്ങ് ദുഫായിലാണ്. ഇന്നലെ ലാൻഡ് ചെയ്തതേയുള്ളു.
ഹായ്.
മാളു തിരിച്ചും രാഗേഷിനോട് ഹായ് പറഞ്ഞു.
എന്ന ശരി മാളവിക, നമ്മൾ ഇറങ്ങുവാ വീണ്ടും കാണാം.
എന്നും പറഞ്ഞു രാഗേഷ് വിഷ്ണുവിന്റെ കയ്യിൽ പിടിച്ച് റൂമിന്റെ പുറത്തേക്ക് നടന്നു. അങ്ങനെ കൊണ്ട് പോയില്ലെങ്കിൽ നാളെ രാവിലെ വരെ സംസാരിച്ചാലും ഇവരുടെ സംസാരം നിൽക്കില്ലെന്ന് തോന്നിയത് കൊണ്ടാവും. പോവുന്ന പോക്കിൽ നമ്മുടെ വിഷ്ണു ചെറുക്കൻ ഒന്ന് തിരിഞ്ഞ് നോക്കി പുഞ്ചിരിയോടെ മാളുവിന് ഒരു ഫ്ലൈയിങ് കിസ്സ് സമ്മാനമായി കൊടുത്തു. മാളു അത് ഹൃദയത്തോട് ചേർത്തു.
പിറ്റേദിവസം അവർ കണ്ട്മുട്ടാറുള്ള അതെ അമ്പലനടയിൽ വെച്ച് വിഷ്ണു മാളുവിന് താലി ചാർത്തി. ചെക്കൻ ആ ഗ്യാപ്പിൽ അവളുടെ കഴുത്തിൽ ചെറുതായൊന്ന് ചുംബിച്ചു.പ്രതീക്ഷിക്കാതെആയത് കൊണ്ട് മാളു ഒന്ന് ഞെട്ടി.പിന്നെ അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.ആ കാഴ്ച്ച രാഗേഷ് തന്നെ ആദ്യം കണ്ടു.രാഗേഷ് വിഷ്ണുവിനെ തന്നെ തറപ്പിച്ചു നോക്കി.ചെക്കൻ വീണ്ടും ഇളിച്ച് കാണിച്ചു.അവന്റെ ഇളി കണ്ട് രാഗേഷിനോടും ചിരിച്ചുപ്പോയി.അത് കണ്ട രാഗേഷിന്റ ഭാര്യ പുരികം പൊക്കി എന്താ ന്ന് ചോദിച്ചു. നിന്റെ ഇടയിൽ ഞാൻ ഇങ്ങനെയെങ്കിലും ഒന്ന് ചിരിച്ചോട്ടെ എന്നായിരുന്നു രാഗേഷിന്റെ മനസ്സിൽ.വേറെ ഒന്നും കൊണ്ടല്ല രാഗേഷിന്റെ ഭാര്യ സംശയം അസ്ഥിക്ക്പ്പിടിച്ച ആളാണ്. രാഗേഷ് ഒരു ഗ്ലാമർ താരമാണ് എന്നാൽ തനിക്ക് സൗന്ദര്യം തീരെ ഇല്ല എന്നാണ് രാഗേഷിന്റെ ഭാര്യയുടെ ചിന്ത അതുകൊണ്ട് തന്നെ രാഗേഷ് ആരെ നോക്കിയാലും ചിരിച്ചാലും എല്ലാം അവൾക്ക് പ്രശ്നം തന്നെയാ എനിക്ക് സൗന്ദര്യം ഇല്ലാത്തത് കൊണ്ടല്ലേ നിങ്ങൾ അവളെ നോക്കിയതും സംസാരിച്ചതും എന്നൊക്കെ പറഞ് രാഗേഷിനെ വട്ട് പിടിപ്പിക്കലാണ് കക്ഷി യുടെ പണി.ഇങ്ങനെ കുറച്ചു കുറവുകൾ ഉണ്ടെങ്കിലും ആള് പാവാമാണ്.മാളുവിന്റെ അച്ഛനും അമ്മയും അവരുടെ കുറച്ച് കുടുംബക്കാരും വിഷ്ണു വിന്റെ അമ്മയും അച്ഛനും അവരുടെ കുറച്ചു കുടുംബക്കാരും പിന്നെ വിഷ്ണുവിന്റെ കുറച്ചു ചങ്ങാതിമാരും പിന്നെ മാളുവിന്റെ ചങ്ങാതി അമ്മുവും അവളുടെ ഭർത്താവ് അഭി എന്ന അഭിജിത്തും അതെ വിഷ്ണുജിത്തിന്റെ ചങ്ങാതി തന്നെ ‘നമ്മൾ ക്ക് ഒക്കെ എപ്പോ പെണ്ണ് സേറ്റാവാന’എന്ന് പറഞ്ഞ മുതൽ തന്നെ മൂക്കിൽ പല്ല് മുളച്ചിട്ടെ നിനക്കൊക്കെ പെണ്ണ് സെറ്റാവുമെന്നു പറഞ്ഞ് കൂട്ടുകാർ കളിയാക്കിയ അന്ന് മുതൽ അവൻ അമ്മുവിനെ വളക്കുന്ന തിരക്കിലായിരുന്നു. പാവം വിഷ്ണുവും മാളുവുംപ്പോലും അറിഞ്ഞില്ല കല്ല്യാണം ഉറപ്പിക്കുന്നതിന്റെ കുറച്ചു ദിവസം മുന്നെയാ രണ്ടാളും കാര്യം തുറന്നു പറഞ്ഞെ. എനിക്ക് ഈ പ്രണയത്തിനോടൊന്നും തീരെ താൽപ്പര്യമില്ലാന്ന് പറഞ്ഞാ ആളാണ് ഇവിടെ കാന്താരിയും കണ്ണാപ്പിയുമായി യുട്യൂബിൽ പുതിയ ചാനലും തുടങ്ങി ഒലിപ്പീര് റീൽസ് ഉം കൊണ്ട് നടക്കുന്നത്.മാളു രണ്ടാളെയും ഒന്ന് പാളി നോക്കി ചിരികടിച്ചമർത്തി.മാളു ഇന്ന് സ്നേഹം നിറഞ്ഞ രണ്ടമ്മമാരും രണ്ട് സ്നേഹ നിധികളായ അച്ഛൻമാരുംവിഷ്ണുജിത്ത് എന്ന സ്നേഹം വാരി കോരി കൊടുക്കുന്ന ഭർത്താവും ഉള്ള സന്തോഷം നിറഞ്ഞ ലോകത്താണ്. വിഷ്ണുജിത്ത് അണിയിച്ച താലിയിൽ മാളു തന്റെ കൈകളമർത്തി ദൈവത്തോട് നന്ദി പറഞ്ഞു. അപ്പോൾ അവിടെ ചെറുതായി മഴപെയ്തു തുടങ്ങിയിരുന്നു.
അന്ന് പെയ്ത മഴ അവർക്ക് സന്തോഷവും സമാധാനവും നിറഞ്ഞ ഒരു പുതു ജീവിതം തന്നെയാണ് സമ്മാനിച്ചത്.
Story written by MuhsinaAnseer
അടിപൊളി story
സൂപ്പർ