മറക്കാൻ കഴിയാത്ത ആ രാത്രി

രചന …. SMG

സന്ധ്യയുടെ മങ്ങിയ വെളിച്ചം പടിഞ്ഞാറ് ചക്രവാളത്തിൽ അസ്തമയ സൂര്യന്റെ ചുവന്ന കനലിൽ അലിഞ്ഞുചേർന്നു. കോഴിക്കോടിനടുത്തുള്ള റെയിൽവേ പാളത്തിലേക്ക് ആ ഇരുട്ട് പതിയെ ഇഴഞ്ഞെത്തി. അവിടെ, മരവിച്ച മനസ്സോടെ ജനീഷ് കിടക്കുകയായിരുന്നു. അവന്റെ കണ്ണുകളിൽ ജീവനില്ലാത്ത ഒരു ശൂന്യത തളംകെട്ടി നിന്നു. ഒരു കാലത്ത് വർണ്ണാഭമായിരുന്ന അവന്റെ ലോകം ഇപ്പോൾ ചാരനിറത്തിൽ, പ്രതീക്ഷകളില്ലാതെ, അവന്റെ മുന്നിൽ തെളിഞ്ഞു. അകലെ, ഒരു തീവണ്ടിയുടെ ഇരമ്പൽ നേർത്ത ശബ്ദമായി കേൾക്കാം. അതവന്റെ മരണത്തിലേക്കുള്ള ക്ഷണമാണെന്ന് അവൻ വിശ്വസിച്ചു. ഓരോ നിമിഷവും അവനിലെ ജീവൻ ചോർന്നുപോകുന്നതുപോലെ തോന്നി.

ആ ഇരുട്ടിൽ, പാളത്തിലൂടെ ഒരു നിഴൽരൂപം നടന്നു വരുന്നുണ്ടായിരുന്നു. അഞ്ജിത. അവളുടെ ഓരോ കാൽവെപ്പിലും ഒരു ഭാരമുണ്ടായിരുന്നു, ജീവിതം ഉപേക്ഷിക്കാൻ വന്നവന്റെ ഭാരം. അവളുടെ കണ്ണുകളിലും സമാനമായ ശൂന്യത തളംകെട്ടി നിന്നു. മുന്നോട്ട് നടക്കുമ്പോൾ, പാളത്തിൽ കിടക്കുന്ന ഒരു രൂപം അവൾ കണ്ടു. ഒരു നിമിഷം അവൾക്ക് കൗതുകം തോന്നി. “ഇവിടെ എന്നേപ്പോലെ മറ്റൊരാളോ?” എന്നൊരു ചിന്ത അവളുടെ മനസ്സിലൂടെ കടന്നുപോയി. മരണത്തിനുപോലും ഒരേ പാത തിരഞ്ഞെടുക്കുന്ന മറ്റൊരു ദുർഭാഗ്യവാൻ! അവൾ പതിയെ ജനീഷിനരികിലെത്തി, ഒരു നിമിഷം അവനെ നോക്കി നിന്നു.

“നിങ്ങളും…” അവൾ മൃദുവായി ചോദിച്ചു. അവളുടെ ശബ്ദം നേർത്തതായിരുന്നു, കാറ്റിൽ അലിഞ്ഞുപോകുന്നതുപോലെ.

ജനീഷ് പെട്ടെന്ന് തലയുയർത്തി, ദേഷ്യത്തോടെ അവളെ നോക്കി. അവന്റെ കണ്ണുകളിൽ എരിഞ്ഞടങ്ങാത്ത ദേഷ്യവും നിരാശയും ഒരുപോലെ ആളിക്കത്തി. “ആരാ നിങ്ങൾ? എന്തിനാ ഇങ്ങോട്ട് വന്നത്? എന്റെ സമാധാനം കളയാനാണോ? പോ! എന്നെ വെറുതെ വിട്!” അവന്റെ വാക്കുകളിൽ ഒരു പൊട്ടിത്തെറിയുണ്ടായിരുന്നു, ഉള്ളിലെ വേദനയെ മറയ്ക്കാൻ ശ്രമിക്കുന്ന ഒരാളുടെ രോഷം.

അഞ്ജിത അവനോടൊപ്പമിരുന്നു. പാളത്തിലെ കരിങ്കല്ലുകളിൽ തണുത്ത വിരലുകളോടിച്ചു അവൾ പറഞ്ഞു: “ഞാനും നിങ്ങളെപ്പോലെ ഒരാളാണ്, എല്ലാം നഷ്ടപ്പെട്ട്, ജീവിതം മടുത്ത് ഇവിടെയെത്തിയ ഒരാൾ. ഈ പാളത്തിന് നമ്മൾക്ക് സമാധാനം നൽകാൻ കഴിയുമെന്ന് വിശ്വസിച്ച ഒരാൾ.” അവളുടെ ശബ്ദത്തിൽ അവനെപ്പോലെ ഒരു വേദനയുണ്ടായിരുന്നു, ഒരുപക്ഷേ അതിലേറെ തീവ്രമായ ഒന്ന്.

“എനിക്ക് നിങ്ങളോട് സംസാരിക്കാൻ താൽപര്യമില്ല! നിങ്ങൾ പൊയ്ക്കോ!” ജനീഷ് വീണ്ടും ഉറക്കെ പറഞ്ഞു. അവന്റെ ഉള്ളിലെ ഭാരം താങ്ങാനാവാതെ അവൻ പിടയുകയായിരുന്നു.

“ട്രെയിൻ വരാൻ ഇനിയും സമയമുണ്ടല്ലോ? ഒരുപക്ഷേ, ഈ നിമിഷം നമ്മൾ പരസ്പരം കണ്ടുമുട്ടിയത് വെറുതെയായിരിക്കില്ല. ചിലപ്പോൾ, നമ്മുക്ക് പരസ്പരം മനസ്സിലാക്കാൻ സാധിക്കുമായിരിക്കും. എനിക്കിപ്പോൾ ആരുമില്ല സംസാരിക്കാൻ. നിങ്ങളും ഒറ്റയ്ക്കാണല്ലോ.” അഞ്ജിത ശാന്തമായി പറഞ്ഞു. അവളുടെ വാക്കുകളിൽ ഒരുതരം സമാധാനം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

ജനീഷ് അവളെ തുറിച്ചുനോക്കി. അവന്റെ കണ്ണുകളിൽ നിറഞ്ഞുനിന്ന തീവ്രമായ വേദന അവൾ കണ്ടു. ഒരു നിമിഷം അവൻ ഒന്നും മിണ്ടിയില്ല. പിന്നെ, അവന്റെ മനസ്സിൽ കെട്ടിക്കിടന്ന സങ്കടങ്ങളുടെ ഭാരമെല്ലാം ഒരു പേമാരിപോലെ പുറത്തേക്ക് വരാൻ തുടങ്ങി. “നിങ്ങൾക്കറിയാമോ… ഞാൻ… ഞാൻ എല്ലാം നഷ്ടപ്പെട്ടവനാണ്. എന്റെ ജീവിതം തകർന്നുപോയി… അവൾ… അവൾ എന്നെ ചതിച്ചു…” അവന്റെ ശബ്ദം ഇടറി, കണ്ണുനീർ അവന്റെ കവിളിലൂടെ ഒരു തോടുപോലെ ഒഴുകി.

അഞ്ജിത അവന്റെ അടുത്ത് ചേർന്നിരുന്നു. അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു. “പറയൂ , നിങ്ങളുടെ ഭാരം കുറയട്ടെ. ആ വേദന എനിക്കുമുണ്ട്. നമ്മുക്ക് സംസാരിക്കാം. ഒരുപക്ഷേ, അത് നിങ്ങളുടെ ഭാരം കുറയ്ക്കാൻ സഹായിച്ചേക്കും.” അവൾ ഒരു ദീർഘനിശ്വാസമെടുത്തു, എന്നിട്ട് പതിയെ പറഞ്ഞു, “എന്റെ പേര് അഞ്ജിത.”

അവളുടെ പേര് കേട്ടപ്പോൾ ജനീഷ് ഒരു നിമിഷം അവളെ നോക്കി. അവന്റെ മനസ്സിലെ ദേഷ്യം അലിഞ്ഞുതീർന്ന് ഒരു നേർത്ത വിഷാദം മാത്രം ബാക്കിയായി. അവന്റെ ചുണ്ടുകൾ വിറച്ചു. “ഞാൻ… ഞാൻ ജനീഷ്.” അവൻ പതിയെ മൊഴിഞ്ഞു. ആ പേര് പറയുമ്പോൾ പോലും അവന്റെ ശബ്ദത്തിൽ ഒരുതരം ഭാരമുണ്ടായിരുന്നു.

ജനീഷ് പതിയെ കണ്ണുകളടച്ചു. അവന്റെ മനസ്സിൽ സിതാരയുമായുള്ള ഓർമ്മകൾ, നല്ലതും ചീത്തയും ഒരുപോലെ, ഒരു തീവ്രമായ വേദനയായി തെളിഞ്ഞു. അവന്റെ ജീവിതം എങ്ങനെയാണ് ഈ പാളത്തിൽ എത്തിച്ചേർന്നതെന്ന് അവൻ പറയാൻ തുടങ്ങി. അഞ്ജിത അവന്റെ വാക്കുകൾക്ക് കാതോർത്തു. അവരുടെ ചുറ്റും ഇരുട്ട് പരന്നു.

ജനീഷ് നാട്ടിൽ ഒരു മസാലക്കട നടത്തുന്ന ചെറുപ്പക്കാരനായിരുന്നു. കാണാൻ കൊള്ളാവുന്നവൻ, നല്ല ചിരിയും പ്രസന്നമായ മുഖവും. അത്യാവശ്യം നല്ല രീതിയിൽ കച്ചവടം നടന്നുപോയിരുന്ന സമയത്താണ് ഒരുനാൾ അവനൊരു കല്യാണാലോചന വന്നത്. സിതാരയായിരുന്നു പെൺകുട്ടി. കണ്ടപ്പോൾത്തന്നെ ജനീഷിന് അവളെ ഇഷ്ടമായി. അവളുടെ ചിരിയും സംസാരവും അവനെ വല്ലാതെ ആകർഷിച്ചു. ജനീഷിന്റെ കുടുംബം നല്ല സാമ്പത്തിക ഭദ്രതയുള്ളവരായതുകൊണ്ടും, നല്ല കച്ചവടം നടക്കുന്ന ഒരു കടയുള്ളതുകൊണ്ടും അവളുടെ വീട്ടുകാർക്ക് അവനെ പെട്ടെന്ന് ഇഷ്ടപ്പെട്ടു. അവർക്കെല്ലാം ജനീഷ് ഒരു നല്ല ഭാവി നൽകുമെന്ന് തോന്നി. വൈകാതെ വിവാഹവും നടന്നു.

ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിനിയായിരുന്ന സിതാര, പഠനത്തിൽ മിടുക്കിയായിരുന്നിട്ടും വിവാഹശേഷം പഠനം നിർത്തി വീട്ടിൽ ഒതുങ്ങിക്കൂടാൻ തീരുമാനിച്ചു. “എന്റെ പഠിപ്പൊക്കെ കഴിഞ്ഞു, ജനീഷേട്ടാ. ഇനി എനിക്കിവിടെ നിങ്ങളോടൊപ്പം മതി.” അവൾ പറയുമ്പോൾ ജനീഷിന്റെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞു. എന്നാൽ, അവളുടെ ഭാവിയെക്കുറിച്ച് അവന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. “സിതാര, നീ നന്നായി പഠിക്കുന്ന കുട്ടിയാണ്. നിന്റെ പഠനം തുടരണം. നിന്റെ ഇഷ്ടം പോലെ നീ ഉയരങ്ങളിലെത്തണം.” ജനീഷിന്റെ നിർബന്ധം കാരണം അവൾ പഠനം തുടർന്നു. ഡിഗ്രി കഴിഞ്ഞു, ബി.കോം, എം.കോം എന്നിവയും പൂർത്തിയാക്കി. സി.എ. പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ബാങ്കിൽ ഒഴിവുണ്ടെന്നറിഞ്ഞ ജനീഷ് തന്റെ സ്വാധീനം ഉപയോഗിച്ച് അവൾക്ക് ജോലി വാങ്ങി കൊടുത്തു. അവളെ നല്ലൊരു നിലയിലെത്തിക്കാൻ അവൻ ആഗ്രഹിച്ചു. അവളുടെ സന്തോഷമായിരുന്നു അവന്റെ ജീവിതലക്ഷ്യം.

അതേസമയം, അവന്റെ കടയിൽ കച്ചവടം കുറഞ്ഞുതുടങ്ങി. അത് നഷ്ടത്തിലേക്ക് കൂപ്പുകുത്തി. അവന്റെ എല്ലാ സമ്പാദ്യവും ആ കടയിലായിരുന്നതുകൊണ്ട് അവൻ വലിയ സാമ്പത്തിക പ്രതിസന്ധിയിലായി. മറ്റു വഴികളില്ലാതെ, അവളുടെ സന്തോഷത്തിനുവേണ്ടി, മനസ്സില്ലാ മനസ്സോടെ ജനീഷ് ഗൾഫിലേക്ക് പോകാൻ തീരുമാനിച്ചു. ഗൾഫിലെത്തിയ ജനീഷിന് വെച്ചടി കയറ്റമായിരുന്നു. നല്ലൊരു ജോലിയിൽ പ്രവേശിച്ച് മികച്ച ശമ്പളം നേടി. അവൻ കിട്ടുന്ന പണം മുഴുവൻ ഒരു മടിയുമില്ലാതെ സിതാരയുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു. അവൾക്ക് സുരക്ഷിതമായ ഒരു ഭാവിയാണ് അവന്റെ സ്വപ്നമെന്ന് അവൻ എപ്പോഴും പറയും. ഗൾഫിൽ നിന്നുതന്നെ നാട്ടിൽ ഒരു സ്ഥലവും വീടും വാങ്ങി. ജനീഷ് നാട്ടിലില്ലാത്തതുകൊണ്ട് വീടും സ്ഥലവും സിതാരയുടെ പേരിലാണ് വാങ്ങിയത്. “എന്റെ സിതാരക്ക് ഒരു കുറവും വരരുത്. അവൾക്കിതൊക്കെ സ്വന്തമായിരിക്കണം.” അവൻ പറയുമ്പോൾ അവന്റെ കണ്ണുകളിൽ സ്നേഹം നിറഞ്ഞു തുളുമ്പി.

സിതാരയ്ക്ക് കൈയിൽ ധാരാളം പണം വന്നുതുടങ്ങിയപ്പോൾ അവളുടെ സ്വഭാവത്തിൽ പതിയെ മാറ്റങ്ങൾ കണ്ടുതുടങ്ങി. അവൾ കൂടുതൽ ആഡംബരപ്രിയയായി. സംസാരത്തിൽ പോലും പഴയ സ്നേഹം കുറഞ്ഞു. പിന്നീട്, മറ്റൊരു ബാങ്കിൽ ജോലി ചെയ്യുന്ന സുന്ദരനായ ഒരു ചെറുപ്പക്കാരനുമായി അവൾക്ക് അടുപ്പമുണ്ടായി. അവന്റെ ഭംഗി അവളെ വല്ലാതെ ആകർഷിച്ചു. ജനീഷ് അയച്ച പണം അവൾ ആ ബന്ധത്തിനുവേണ്ടി ചെലവഴിച്ചു.

ഇതിനിടെ ഗൾഫിൽ നിന്ന് ജനീഷ് ജോലി ഒഴിവാക്കി നാട്ടിലെത്തി. കാലുകളിലും മുഖത്തും നീര് വരാൻ തുടങ്ങിയപ്പോൾ അവൻ ഒരു ഡോക്ടറെ കാണിച്ചു. ഡോക്ടർ ടെസ്റ്റുകൾ നടത്തിയപ്പോൾ കിഡ്‌നി തകരാറിലാണെന്നും എത്രയും പെട്ടെന്ന് ഓപ്പറേറ്റ് ചെയ്ത് മറ്റൊന്ന് വെക്കണമെന്നും പറഞ്ഞു. ജനീഷ് അമിതമായി ക്ഷീണിക്കുകയും ചെയ്തു. ഈ വാർത്ത അവനെ മാനസികമായി തളർത്തി. അവൻ തളർന്ന മനസ്സോടെ സിതാരയുടെ അടുത്തെത്തി രോഗവിവരം പറഞ്ഞു.

“സിതാരേ, എനിക്ക് കിഡ്‌നി പ്രശ്നമാണ്. എത്രയും പെട്ടെന്ന് ഓപ്പറേഷൻ വേണമെന്ന് ഡോക്ടർ പറഞ്ഞു. വലിയൊരു തുക വേണ്ടിവരും…” ജനീഷ് അവശതയോടെ പറഞ്ഞു.

അവന്റെ വാക്കുകൾ കേട്ടതും സിതാരയുടെ മുഖം വലിഞ്ഞുമുറുകി. “ഇത് കേൾക്കാനാണോ നിങ്ങൾ ഈ പാതിരാത്രിയിൽ വന്നത്? എനിക്കിപ്പോൾ നിങ്ങളോടൊപ്പം ഈ രോഗവുമായി ജീവിക്കാൻ വയ്യ! എനിക്ക് വയ്യ നിങ്ങളെപ്പോലെ ഒരു രോഗിയെ താങ്ങാൻ.” അവൾ ദേഷ്യത്തിൽ പൊട്ടിത്തെറിച്ചു. “നിങ്ങൾക്കൊപ്പം നടക്കാൻ പോലും എനിക്ക് ബുദ്ധിമുട്ടാണ്.” സൗന്ദര്യത്തിന് പ്രാധാന്യം നൽകിയിരുന്ന സിതാരയ്ക്ക് ജനീഷിന്റെ ഈ രോഗാവസ്ഥ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അവന്റെ അവശത കാരണം അവൾ അവന്റെ കൂടെ എവിടേക്കും പോകാൻ മടിച്ചു. പൊതുപരിപാടികളിൽ അവനെ ഒഴിവാക്കി. അവനെ ബെഡ്‌റൂമിൽ പോലും പല കാരണങ്ങൾ പറഞ്ഞ് അകറ്റാൻ തുടങ്ങി. സൗന്ദര്യം കൂടുതൽ ശ്രദ്ധിക്കുന്ന സിതാരയ്ക്ക് അവന്റെ രോഗാവസ്ഥ ഒരു വലിയ പ്രശ്നമായി മാറി.

ഒരു ചെറിയ വാക്കുതർക്കം വലിയ വഴക്കായി മാറി. “നിങ്ങൾ നിങ്ങളുടെ കാര്യങ്ങൾ നോക്ക്! എനിക്ക് എന്റെ ജീവിതമുണ്ട്. എനിക്ക് ഈ ബന്ധം മതിയായി!” അവൾ ആക്രോശിച്ചു. യാതൊരു ദയയുമില്ലാതെ സിതാര തന്റെ തുണികൾ വാരിപ്പെട്ടിയിലാക്കി. “ഞാൻ എന്റെ വീട്ടിലേക്ക് പോവുകയാണ്. ഇനി ഇവിടെ വരരുത്!” ജനീഷ് അവളെ തടയാൻ ശ്രമിച്ചു. “സിതാരേ… നീയെന്താ ഈ പറയുന്നത്? എനിക്ക് നി മാത്രമേയുള്ളൂ…” അവന്റെ കണ്ണുകൾ നിറഞ്ഞു. പക്ഷെ, അവൾക്ക് യാതൊരു കൂസലുമുണ്ടായിരുന്നില്ല. വീടും പൂട്ടി അവൾ അവളുടെ വീട്ടിലേക്ക് ഇറങ്ങിപ്പോയി.

തകർന്നുപോയ ജനീഷ്, താൻ അയച്ച പണത്തെക്കുറിച്ച് സംസാരിക്കാനും ചികിത്സയ്ക്ക് പണം ചോദിക്കാനുമായി സിതാരയുടെ വീട്ടിലേക്ക് ചെന്നു. രോഗവും മാനസികപ്രയാസങ്ങളും അവനെ വല്ലാതെ തളർത്തിയിരുന്നു. അവൻ സിതാരയുടെ അച്ഛനോടും അമ്മയോടും കാര്യങ്ങൾ വിശദീകരിച്ചു. സിതാര ജോലിക്കു പോയി കിട്ടുന്ന പണവും ജനീഷ് അവളുടെ അക്കൗണ്ടിലേക്ക് അയച്ച പണവുമെല്ലാം കിട്ടിയപ്പോൾ സാമ്പത്തികമായി നിലമെച്ചപ്പെട്ട അവളുടെ അച്ഛൻ ഒരുപാട് അഹങ്കാരി ആയിരുന്നു.

“അങ്കിൾ, എനിക്കൊരു കിഡ്നി മാറ്റിവെക്കണം. അതിന് നല്ലൊരു തുക ആവശ്യമാണ്. സിതാരയുടെ കൈയിൽ ഞാൻ അയച്ച പണമുണ്ടല്ലോ, അത് എടുത്താൽ മതി.” അവൻ വിറയലോടെ, യാചിക്കും പോലെ പറഞ്ഞു.

പണക്കൊതിയനും ഇപ്പോൾ അഹങ്കാരിയുമായ സിതാരയുടെ അച്ഛൻ, ജനീഷിന്റെ വാക്കുകൾ പൂർത്തിയാക്കുന്നതിന് മുൻപേ പൊട്ടിത്തെറിച്ചു. “എന്ത് പണം? നിനക്ക് ഇവിടെ എന്ത് കാര്യം? നിന്റെ രോഗം ഞങ്ങളുടെ തലയിൽ കെട്ടിവെക്കാനാണോ വന്നത്? നീ എങ്ങോട്ട് വേണമെങ്കിലും പൊയ്ക്കോ! ഞങ്ങൾക്ക് നിന്നെയും നിന്റെ രോഗത്തെയും വേണ്ട!” അയാളുടെ വാക്കുകൾ ജനീഷിന്റെ ഹൃദയത്തെ വെട്ടിമുറിച്ചു.

സിതാര, ഒരു പ്രതിമ കണക്കെ ഒന്നും മിണ്ടാതെ നിന്നു. അവളുടെ കണ്ണുകളിൽ യാതൊരു ഭാവമാറ്റവുമുണ്ടായിരുന്നില്ല. ജനീഷ് അവളെ പ്രതീക്ഷയോടെ നോക്കി. “സിതാരേ… നീയെന്താ ഒന്നും പറയാത്തത്? ഞാൻ നിനക്കുവേണ്ടി എല്ലാം ചെയ്തതല്ലേ? എന്റെ ജീവൻ പോലും നിനക്കുവേണ്ടി കൊടുത്തവനല്ലേ ഞാൻ?” അവന്റെ ശബ്ദം യാചന പോലെയായിരുന്നു, കണ്ണുകൾ നീര്കൊണ്ട് കലങ്ങിയിരുന്നു.

സിതാരയുടെ അച്ഛൻ അവളെ നോക്കി. “അവൻ പോയാൽ നിനക്ക് ഇതിലും നല്ലൊരാളെ കണ്ടുപിടിക്കാം സിതാരേ. ഇവന്റെ രോഗം നമ്മുടെ ജീവിതം നശിപ്പിക്കും. ഇവനെ ഒഴിവാക്ക്! നിനക്ക് മറ്റൊരു നല്ല ജീവിതമുണ്ടാക്കാം. ഈ ബന്ധം നമുക്കൊരു ബാധ്യതയാണ്.” അയാൾ സിതാരയെ നിർബന്ധിച്ചു, അവളുടെ തീരുമാനത്തെ സ്വാധീനിച്ചു. അവളുടെ കണ്ണുകളിൽ അച്ഛന്റെ വാക്കുകളോട് ഒരുതരം മൗനാനുവാദം പോലെ തോന്നി ജനീഷിന്. അതവനെ കൂടുതൽ തകർത്തു.

“പോകൂ! ഈ വീടിന്റെ പടി ചവിട്ടരുത് ഇനിയൊരിക്കലും!” സിതാരയുടെ അച്ഛൻ ജനീഷിനെ പിടിച്ച് പുറത്താക്കി. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. സ്വന്തം വീടും സമ്പാദ്യവും സ്നേഹവും എല്ലാം നഷ്ടപ്പെട്ട്, രോഗിയായി, തെരുവിലേക്ക് ഇറക്കപ്പെട്ട ആ രാത്രിയിൽ അവൻ തകർന്നുപോയി. അവന്റെ ഹൃദയം ഒരു ആയിരം കഷ്ണങ്ങളായി നുറുങ്ങുന്നതുപോലെ തോന്നി. പ്രതീക്ഷയുടെ അവസാന കച്ചിത്തുരുമ്പും നഷ്ടപ്പെട്ട് അവൻ ഇരുട്ടിലേക്ക് നടന്നു.

ജനീഷ് തന്റെ കഥ പറഞ്ഞ് നിർത്തിയപ്പോൾ അവന്റെ കണ്ണുകളിൽ കാലം വരുത്തിയ മുറിവുകൾ ഒരു സിനിമ പോലെ തെളിഞ്ഞു. അവന്റെ ശബ്ദത്തിൽ വഞ്ചനയുടെയും നഷ്ടത്തിന്റെയും നോവ് നിറഞ്ഞു. അവന്റെ ഓരോ വാക്കും അഞ്ജിതയുടെ ഹൃദയത്തിൽ ഒരു മുറിവുണ്ടാക്കി.

അഞ്ജിത ജനീഷിന്റെ കൈകളിൽ മുറുകെ പിടിച്ചു. അവളുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. “ജനീഷ്… നിങ്ങളുടെ വേദന എനിക്ക് മനസ്സിലാകും. ഈ ലോകം ചിലപ്പോൾ നമ്മളെ ഇങ്ങനെയൊക്കെ വേദനിപ്പിക്കും. പക്ഷെ, ഈ പാളത്തിൽ നിങ്ങളുടെ ജീവിതം അവസാനിപ്പിച്ചാൽ എന്താണ് കിട്ടുന്നത്? നിങ്ങൾ സ്നേഹിച്ചതും നിങ്ങൾക്കുവേണ്ടി ജീവിച്ചതുമായ ഒരാൾക്ക് വേണ്ടി ആത്മാഹുതി ചെയ്യുന്നത് ശരിയാണോ? നിങ്ങളുടെ ജീവിതം ഇല്ലാതാകുന്നതുകൊണ്ട് അവൾക്കൊന്നും നഷ്ടപ്പെടാനില്ല. നിങ്ങൾക്ക് എന്താണ് നഷ്ടപ്പെട്ടതെന്ന് അവൾക്ക് എന്നെങ്കിലും മനസ്സിലാകണമെങ്കിൽ നിങ്ങൾ ജീവിക്കണം. നിങ്ങളുടെ ജീവിതം ഇല്ലാതാക്കാനുള്ള അവകാശം മറ്റൊരാൾക്കുമില്ല. ജീവിതം ഒരു പോരാട്ടമാണ്, തോറ്റു പിന്മാറാനുള്ളതല്ല.” അവളുടെ വാക്കുകളിൽ ആത്മാർത്ഥമായ ഒരഭ്യർത്ഥനയുണ്ടായിരുന്നു.

അഞ്ജിതയുടെ വാക്കുകൾ ജനീഷിന്റെ കാതുകളിൽ ഒരു ഇടിമിന്നൽ പോലെ പതിച്ചു. അവന്റെ ഹൃദയത്തിൽ അവസാനമായി കനലായി അവശേഷിച്ചിരുന്ന ഒരുതരം പകയും ദുഃഖവും കെട്ടടങ്ങി. അവനറിയാതെ തന്നെ അവന്റെ കണ്ണുനീർ വറ്റിയിരുന്നു. അഞ്ജിത തുടർന്നു: “എന്റെ കഥയും നിങ്ങളുടേത് പോലെ സങ്കീർണ്ണമാണ്, ജനീഷ്. എനിക്കും എല്ലാം നഷ്ടപ്പെട്ടവളാണ് ഞാൻ. ഞാൻ വിവാഹിതയായിരുന്നു, പക്ഷെ എന്റെ ഭർത്താവ് മയക്കുമരുന്നിന് അടിമയായിരുന്നു. അവന്റെ ഉപദ്രവം സഹിക്കാൻ വയ്യാതെ, ഒരുപാട് പീഡനങ്ങൾ ഏറ്റുവാങ്ങി, മരിക്കാൻ വേണ്ടി ഇവിടെയെത്തിയതാണ് ഞാൻ. ഞാൻ നിയമപരമായി എന്റെ വിവാഹബന്ധം വേർപെടുത്താനുള്ള നടപടികൾ ആരംഭിച്ചിരുന്നു, എങ്കിലും ഇതുവരെയും ഡിവോഴ്‌സ് ആയിട്ടില്ല. എത്ര രാത്രികളിൽ ഞാൻ ഉറങ്ങാതെ കരഞ്ഞുവെന്നോ? ഓരോ ദിവസവും എന്റെ ജീവിതം ഒരു നരകമായിരുന്നു. പക്ഷെ, ഇപ്പോൾ ഞാൻ ചിന്തിക്കുന്നു, എന്തിനാണ് ഞാൻ മരിക്കുന്നത്? എന്നെ തകർക്കാൻ ശ്രമിച്ചവർ എന്റെ മരണത്തിൽ സന്തോഷിക്കരുതല്ലോ? എനിക്ക് വീണ്ടും ജീവിക്കണം. എനിക്ക് തെളിയിക്കണം. ഞാൻ ആർക്കും തോറ്റു കൊടുക്കാൻ തയ്യാറല്ലെന്ന്.”

അഞ്ജിതയുടെ വാക്കുകളിൽ ദൃഢനിശ്ചയവും ആത്മവിശ്വാസവും നിറഞ്ഞിരുന്നു. മരണത്തെ കാത്തുനിന്ന അതേ പാളത്തിൽ, അവർ ഇരുവരും പരസ്പരം നോക്കി. അവരുടെ കണ്ണുകളിൽ ഒരു പുതിയ പ്രതീക്ഷയുടെ തിളക്കം കണ്ടു. ഒരുപക്ഷേ, ഈ ഇരുട്ടിൽ അവർ പരസ്പരം കണ്ടുമുട്ടിയത് ഒരു വെളിച്ചത്തിനായിരുന്നിരിക്കാം. അഞ്ജിത അവന്റെ കൈകളിൽ പിടിച്ച് എഴുന്നേറ്റു. “വരൂ ജനീഷ്, നമുക്ക് പോകാം. നമുക്ക് പുതിയൊരു ജീവിതം തുടങ്ങാം. എവിടെ നിന്നാണോ നമ്മൾ തളർന്നു പോയത്, അവിടെ നിന്ന് നമ്മുക്ക് ഒരുമിച്ച് തുടങ്ങാം.”

ജനീഷ് അഞ്ജിതയുടെ കൈകളിൽ പിടിച്ച് എഴുന്നേറ്റു. ദൂരെ ഒരു തീവണ്ടിയുടെ ചൂളം വിളി അടുത്തു വന്നു, അത് കൂടുതൽ ഉച്ചത്തിലായി, പാളങ്ങൾ വിറച്ചു. അവർ ഇരുവരും ഒരടി മാറി നിന്നു. മിന്നൽ വേഗത്തിൽ, അവർ തലവെക്കാൻ കാത്തിരുന്നിരുന്ന അതേ ട്രെയിൻ, അവരുടെ മുന്നിലൂടെ ഗർജ്ജിച്ച് പാഞ്ഞുപോയി. അതൊരു മരണമായിരുന്നില്ല, മറിച്ച് അവരുടെ പഴയ ജീവിതത്തെ വഹിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന വണ്ടിയായിരുന്നു. ഒരു നിമിഷം അവർ പരസ്പരം നോക്കി പുഞ്ചിരിച്ചു. ആ ചൂളം വിളി മരണത്തിന്റെ കാഹളമായിരുന്നില്ല, മറിച്ച് അവർക്ക് മുന്നോട്ട് പോകാനുള്ള ഒരു മുന്നറിയിപ്പായിരുന്നു.

അടുത്ത ദിവസം, അഞ്ജിത ജനീഷിനെയും കൂട്ടി അവന്റെ ഡോക്ടറെ കാണാൻ പോയി. ജനീഷിന്റെ മെഡിക്കൽ റിപ്പോർട്ടുകൾ കണ്ട അഞ്ജിതയുടെ കണ്ണുകൾ നിറഞ്ഞു. അവളുടെ ഉള്ളിൽ സഹാനുഭൂതിയുടെ ഒരു കടൽ ഇളകിമറിഞ്ഞു. “എനിക്കിതൊരു അവസരമാണ് ജനീഷ്,” അവൾ പതിഞ്ഞ സ്വരത്തിൽ, പക്ഷെ ദൃഢമായി പറഞ്ഞു. “എനിക്ക് നിങ്ങളെ സഹായിക്കാൻ സാധിക്കും. എന്റെ ജീവൻ രക്ഷിച്ച നിങ്ങളെ ഞാൻ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരും.” അവർ രക്തപരിശോധന നടത്തി. അപ്രതീക്ഷിതമായി, അഞ്ജിതയുടെ ബ്ലഡ് ഗ്രൂപ്പ് ജനീഷിന്റേതിന് സമാനമായിരുന്നു. അഞ്ജിതയുടെ മുഖത്ത് ഒരു പ്രകാശമുണ്ടായി. “ജനീഷ്, എനിക്കൊരു കിഡ്നി നിങ്ങൾക്ക് നൽകാൻ സാധിക്കും. എന്റെ അച്ഛൻ എനിക്കായി തന്ന കുറച്ച് സ്വർണ്ണമുണ്ട്. അത് വിറ്റാൽ ഓപ്പറേഷനുള്ള പണം കണ്ടെത്താം.”

ജനീഷ് ഈ വാക്കുകൾ കേട്ടതും തകർന്നുപോയി. അവന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി. ഈ ലോകത്ത് ഇത്രയും സ്നേഹമുള്ള ഒരു മനസ്സുണ്ടോ? “വേണ്ട അഞ്ജിത! എനിക്ക് നിന്റെ ജീവൻ അപകടത്തിലാക്കാൻ വയ്യ. ഞാൻ ഇതിലും വലിയ വേദനകൾ സഹിച്ചു, ഇനി നിന്റെ ജീവൻ വെച്ച് എനിക്കൊരു ജീവിതം വേണ്ട. നീ എനിക്കുവേണ്ടി ഇത്ര വലിയ ത്യാഗം ചെയ്യരുത്!” അവന്റെ ശബ്ദം ഇടറി, വാക്കുകൾ മുറിഞ്ഞുപോയിരുന്നു. അവൻ അവളുടെ കാൽക്കൽ വീഴാൻ ഒരുങ്ങി. “എനിക്ക്… എനിക്ക് വേണ്ട… ഞാൻ ഇതിലും ഭേദം മരിക്കുന്നതാണ്!”

അഞ്ജിത അവന്റെ കൈകളിൽ മുറുകെ പിടിച്ച് അവനെ പിടിച്ചുയർത്തി. “ജനീഷ്! ഇത് ത്യാഗമല്ല. നിങ്ങൾ കാരണം എനിക്ക് എന്റെ ജീവിതം തിരികെ കിട്ടി. എനിക്കിപ്പോൾ ജീവിക്കാനുള്ള ഒരു കാരണം കിട്ടി. ഞാൻ മരിക്കാൻ വന്നവളാണ്. നിങ്ങൾ എനിക്ക് ജീവിതം തന്നു, ഇനി നിങ്ങളുടെ ജീവൻ രക്ഷിക്കേണ്ടത് എന്റെ കടമയാണ്. ദയവായി സമ്മതിക്കണം. നിങ്ങൾ ജീവിച്ചാൽ മാത്രമേ എനിക്ക് സമാധാനമുണ്ടാകൂ.” അവളുടെ കണ്ണുകളിൽ ആത്മാർത്ഥമായ അപേക്ഷയുണ്ടായിരുന്നു, അത് ജനീഷിന്റെ ഹൃദയത്തെ അലിയിച്ചു. അവളുടെ നിർബന്ധത്തിനു വഴങ്ങി ഒടുവിൽ ജനീഷ് സമ്മതിച്ചു. അവന്റെ കണ്ണുനീർ അവളുടെ കൈകളിലേക്ക് വീണു.

അഞ്ജിതയുടെ സ്വർണ്ണം വിറ്റ് ഓപ്പറേഷനുള്ള പണം കണ്ടെത്തി. കുറച്ചു ദിവസങ്ങൾക്ക് ശേഷം, അവർ ശസ്ത്രക്രിയയ്ക്ക് വിധേയരായി. കിഡ്നി മാറ്റി വെച്ച ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ജനീഷ് പതിയെ ജീവിതത്തിലേക്ക് തിരിച്ചുവന്നു. അഞ്ജിതയും വേഗത്തിൽ സുഖം പ്രാപിച്ചു. അവരുടെ ജീവിതത്തിൽ ഒരു പുതിയ വെളിച്ചം നിറഞ്ഞു.

സുഖം പ്രാപിച്ച ശേഷം, ജനീഷ് സിതാരക്കെതിരെ നിയമപരമായി നീങ്ങാൻ തീരുമാനിച്ചു. അഞ്ജിത അവനോടൊപ്പം നിന്നു, നിയമപരമായ എല്ലാ പിന്തുണയും നൽകി. ജനീഷ് ഗൾഫിൽ നിന്ന് സിതാരയുടെ അക്കൗണ്ടിലേക്ക് അയച്ച പണത്തിന്റെ മുഴുവൻ വിവരങ്ങളും, ബാങ്ക് സ്റ്റേറ്റ്മെന്റുകളും, വീടും സ്ഥലവും സിതാരയുടെ പേരിൽ വാങ്ങിയതിന്റെ രേഖകളും അവൻ കോടതിയിൽ ഹാജരാക്കി. കൂടാതെ, സിതാര അവനെ ഉപേക്ഷിച്ചതിന്റെയും വീട്ടിൽ നിന്ന് പുറത്താക്കിയതിന്റെയും തെളിവുകളും നിരത്തി. സിതാരയുമായുള്ള ജനീഷിന്റെ വിവാഹബന്ധം നിയമപരമായി വേർപെടുത്തുകയും (ഡിവോഴ്‌സ്) ചെയ്തു. അഞ്ജിതയും ഭർത്താവിൽ നിന്ന് ഔദ്യോഗികമായി വിവാഹമോചനം നേടി, പഴയ ബന്ധത്തിൽ നിന്നുള്ള എല്ലാ കെട്ടുപാടുകളും അഴിച്ചുമാറ്റി.

കോടതിക്ക് ജനീഷിന്റെ വാദങ്ങളിൽ സത്യമുണ്ടെന്ന് ബോധ്യമായി. സിതാര കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. താൻ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് ജനീഷിന് വ്യക്തമായി ബോധ്യപ്പെട്ടു. കോടതി വിധി ജനീഷിന് അനുകൂലമായിരുന്നു. സിതാരയുടെ പേരിൽ ഉണ്ടായിരുന്ന സ്വത്തുക്കൾ മുഴുവൻ ജനീഷിന് തിരികെ ലഭിച്ചു. അവളുടെ തെറ്റായ പ്രവൃത്തികൾക്ക് നിയമപരമായി അവൾ ശിക്ഷിക്കപ്പെട്ടു. എല്ലാ സ്വത്തും നഷ്ടപ്പെട്ട്, ചെയ്തുകൂട്ടിയ തെറ്റുകൾക്ക് ശിക്ഷ ഏറ്റുവാങ്ങി, അവൾ സമൂഹത്തിൽ ഒറ്റപ്പെട്ടു. സിതാരയുടെ ജീവിതം നാശത്തിലേക്ക് കൂപ്പുകുത്തി.

നിയമപോരാട്ടം വിജയിച്ചതിന് ശേഷം, ജനീഷ് അഞ്ജിതയുടെ മുന്നിൽ മുട്ടുകുത്തി. അവന്റെ കണ്ണുകൾ സ്നേഹം കൊണ്ട് തിളങ്ങി. “അഞ്ജിത, നീയാണ് എന്റെ ജീവിതം തിരിച്ചു തന്നത്. നീ വെറുമൊരു കിഡ്നി മാത്രമല്ല എനിക്ക് തന്നത്, ഒരു പുതിയ ജീവിതം തന്നെ തന്നു. എന്റെ എല്ലാമായിരുന്നു നീ. ഈ ജീവിതം നിനക്കുവേണ്ടി സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നെ വിവാഹം കഴിക്കുമോ?”

അഞ്ജിതയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഒരു നിമിഷം അവൾക്ക് വാക്കുകൾ കിട്ടിയില്ല. പിന്നീട്, നിറഞ്ഞ ചിരിയോടെ അവൾ അവന്റെ കൈകളിൽ പിടിച്ചു. “യെസ്, ജനീഷ്! ഈ ജീവിതം നമ്മുടേതാണ്.”

അവർ വിവാഹിതരായി. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കും, നിരാശയിൽ നിന്ന് പ്രതീക്ഷയിലേക്കും, മരണത്തിൽ നിന്ന് ജീവിതത്തിലേക്കും നടന്നുകയറിയ അവർക്ക് പരസ്പരം താങ്ങും തണലുമായി ഒരു പുതിയ ജീവിതം തുടങ്ങി. അവരുടെ കഥ, സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും അതിജീവനത്തിന്റെയും മനോഹരമായ ഒരു പ്രതീകമായി.

One comment

Leave a Reply

Your email address will not be published. Required fields are marked *