
രചന : വിജയ് സത്യ
ഷാഹിന ആ ഗ്രാമത്തിലെ മുക്കവലയിൽ ബസിറങ്ങി.. ചുറ്റും ഒന്ന് കണ്ണോടിച്ചു.
എന്റെ ഉമ്മോ… അടിപൊളി സ്ഥലം.. വലിയ പുഴയും നീളമുള്ള തീവണ്ടി പാലവും…
കുറച്ച് സമയം അവൾ അറിയാതെ അതിന്റെ ഭംഗി നോക്കി നിന്നു പോയി..
അവൾ ഓട്ടോ സ്റ്റാൻഡിലേക്ക് നടന്നു ചെന്നു.
സുന്ദരിയായ ഒരു പെൺകുട്ടി ഓട്ടോറിക്ഷയിൽ കയറാൻ വേണ്ടി വരുന്നതുകണ്ട് എല്ലാ ഡ്രൈവറുടെയും കണ്ണുകൾ അവളിലേക്കായി.. വെളുത്തു മെലിഞ്ഞ സുന്ദരിയായ സാരിയുടുത്ത ഒരു പെൺകുട്ടി… ഇപ്രാവശ്യം കോള് അബ്ബാസിക്കാക്ക് തന്നെ… അയാളാണ് മുന്നിലുള്ളത്…
ക്യൂവിൽ മുമ്പേ നിൽക്കുന്ന ഓട്ടോറിക്ഷയിൽ കയറിയിരുന്നപ്പോൾ മൊബൈലിൽ തോണ്ടി കൊണ്ടിരുന്ന അതിന്റെ ഓട്ടോ ഡ്രൈവർ അബ്ബാസിക്കാ ചോദിച്ചു.
എങ്ങോട്ടാ…മോളെ ?
സ്ഥലത്തിന്റെ പേര് അവൾക്കറിയില്ല അവൾ ഒരു നിമിഷം ആലോചിച്ചു. കാരണം ആമിനാത്ത ലാൻഡ് നെയിം പറഞ്ഞില്ല.. തളങ്കര കവലയിൽ ബസ് ഇറങ്ങി വീട്ടുപേര് പറഞ്ഞാൽ മതിയെന്ന് പറഞ്ഞു…വീടിന്റെ പേര് തനിക്ക് അറിയാം.
എന്താ ആലോചിക്കുന്നത് എവിടെയാ പോകേണ്ടത്..
താജ്മഹൽ ഹൗസ്..
അവൾ പറഞ്ഞു.
അയ്യോ അച്ചുവിന്റെ വീട്ടിലെക്കാണോ..?
അതാരാ..?
ഓട്ടോ ഡ്രൈവറുടെ ഭയം കണ്ട് ഷാഹിന പേടിയോട് ചോദിച്ചു..
അഷ്റഫ് എന്ന അവന്റെ പേര്… ചെമ്പൻ മൊയ്തുക്കാന്റെ ഓരോ ഒരു മകനാണ്..
പിന്നെന്താ കുഴപ്പം…
കുഴപ്പമൊന്നുമില്ല… മൊയ്തുക്കായ്ക്കും ഭാര്യ പാത്തൂട്ടിക്കും ഒക്കെ വയസ്സായി.. മോളെന്തിനാ അവിടെ പോകുന്നതു..
ഞാൻ അവിടെ വീട്ടുജോലിക്ക് പോകുന്നതാണ്… മുമ്പുണ്ടായിരുന്ന ആമിനാത്ത വയ്യാണ്ടായി കിടപ്പിലാണല്ലോ അവരുടെ ഒഴിവിലേക്ക്…
അതു കേട്ട് ഓട്ടോ ഡ്രൈവർ അവളെ അടിമുടി നോക്കി
എന്റെ റബ്ബേ…
ഓട്ടോ ഡ്രൈവർ അബ്ബാസിക്കാ ഉള്ളിൽ പടച്ചോനെ ഒരു വിളി വിളിച്ചുപോയി…
തക്കാളി പോലുള്ള മൊഞ്ചുള്ള ഈ പെണ്ണു… ഇവൾ അച്ചു എന്ന ആ പെണ്ണ് പിടിയന്റെ വീട്ടിലേക്ക് ജോലിക്ക് പോയാൽ ഉള്ള സ്ഥിതി ആലോചിച്ചപ്പോൾ അയാൾക്ക് കണ്ണിൽ ഇരുട്ട് കയറി..
അവിടുത്തെ ജോലിക്കാരി ആമിനാത്തയെ എനിക്കറിയാം… വയസ്സാംകാലത്ത് പക്ഷേ അവർ ഈ ചതി ചെയ്തല്ലോ ഈ കൊച്ചിനോട്… ഇനി ഒരുപക്ഷേ അവന് പറ്റിയ ഒരു പോക്ക് കേസ് ആയിരിക്കുമോ ഈ പെൺകുട്ടി.. കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ..
അങ്ങനെ ആലോചിച്ചുകൊണ്ട് ഓട്ടോ ഡ്രൈവർ അവളോട് ചോദിച്ചു.
ആമിനാത്ത വേറെ ഒന്നും പറഞ്ഞില്ലേ..
ഇല്ല…എന്ത്..വേറെ പറയാൻ..?
ഈ അച്ചുവിന്റെ സ്വഭാവത്തെക്കുറിച്ച്…
അബ്ബാസിക്കാ ആകാംക്ഷയോടെ ചോദിച്ചു.
പറഞ്ഞല്ലോ…ആ നല്ല തങ്ക കുടം പോലുള്ള സ്വഭാവം എന്നാ പറഞ്ഞത്..?
ചെല്ല്…. തങ്കക്കുടങ്ങളൊക്കെ അവൻ ചെമ്പു കുടം ആക്കും…
ഓട്ടോ ഡ്രൈവർ മനസ്സിൽ പറഞ്ഞു വണ്ടി മുന്നോട്ട് എടുത്തു..
ദേ ഇതാണ് താജ്മഹൽ ഹൗസ്..
ഓട്ടോ നിന്ന ഗെയ്റ്റിന് മുമ്പിൽ അവൾ ഇറങ്ങി..
എത്രയായി
65 രൂപ
അവൾ കാശ് നൽകി.അയാൾ വാങ്ങിയത് പോക്കറ്റിൽ ഇടുമ്പോൾ പറഞ്ഞു..
നിന്നെ കാണുമ്പോൾ ഒരു പാവം ആണെന്ന് തോന്നുന്നു.. അതുകൊണ്ട് പറയുകയാണ് ഇവിടുത്തെ ആ ചെക്കൻ ആളത്ര ശരിയല്ല…
ഈ നാടുമുഴുവൻ അവനെ മോശം പറയുകയാണ്.. അത്രമാത്രം അവൻ ചെയ്തു കൂട്ടിയത് ഇവിടെയുള്ളവർക്കൊക്കെ അറിയാം..
എന്താ ഇക്കാ..
ഷാഹിന അത്ഭുതത്തോടെ ചോദിച്ചു.
അവൻ ഒരു പെണ്ണ് പിടിയനാണ്..
അയാൾ അടക്കം പറഞ്ഞു..
എന്നുവച്ചാൽ
സ്ത്രീകൾ അവന്റെ ദുർബല്യമാണ്.
സ്ത്രീകളെ കിട്ടിയാൽ അവൻ വെറുതെ വിടില്ല…എന്ന്…
അയാൾ വിശദീകരിച്ചു.
ഷാഹിന ഒരു നിമിഷം ആലോചിച്ചു.
പക്ഷേ ആമിനാത്ത അങ്ങനെ അല്ലല്ലോ പറഞ്ഞത്…
അവൾ സംശയത്തോടെ പറഞ്ഞു
കെളവിയായി വീട്ടിൽ കുത്തിയിരുന്ന് ജോലി ചെയ്യുന്ന ആമിനാത്താക്ക് എന്തറിയാം… നാട്ടിൽ ഇറങ്ങിയാൽ അവൻ ചെയ്തു കൂട്ടുന്ന പോക്രിത്തരങ്ങൾ ഞങ്ങൾ കാണുന്നതല്ലേ…
ഒരുപക്ഷേ
വീട്ടുകാരുടെ മുന്നിൽ അങ്ങനെ ആയിരിക്കാം..ആട്ടെ
കൊച്ചു മാരേജ് കഴിഞ്ഞത് ആണോ?
അല്ല… ഞാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്… ഇപ്പോൾ വെക്കേഷൻ ലീവ് ആണ്…
ആണോ…? എങ്കിൽ ഒന്ന് വളരെ സൂക്ഷിക്കണം.
ഇക്കാ ഒന്ന് ചെലക്കാണ്ട് പോയാട്ടെ… ഞാൻ നോക്കിക്കൊള്ളാം… രാവിലെത്തന്നെ മനുഷ്യന്റെ മൂഡ് കളയാതെ..
അതു കേട്ടപ്പോൾ അയാൾ അവളെ ഒന്ന് സൂക്ഷിച്ചു നോക്കി…
കുട്ടി പുലിമടയിലാണ് കയറിച്ചെല്ലുന്നത് അത് ഓർമ്മ വേണം…
അയാൾ അല്പം ദേഷ്യം കലർന്ന പുച്ഛത്തോടെ പറഞ്ഞപ്പോൾ.
പുലിമടയായാലും നരി മടയായാലും ഈ ഷാഹിനയ്ക്ക് പുല്ലാണ്… ഇക്കാക്ക് എന്നെ കൊണ്ട് വിട്ടതിന്റെ വാടക കിട്ടിയല്ലോ. എന്റെ കാര്യങ്ങൾ നോക്കാൻ എനിക്കറിയാം. മറ്റുള്ളവരുടെ കാര്യങ്ങൾ അന്വേഷിക്കാതെ സ്ഥലം വിടാൻ നോക്ക്… ഇതിലും വലുത് പ്രതീക്ഷിച്ചിട്ട് തന്നെയാണ് ഷാഹിന ഈ ജോലിക്ക് ഇറങ്ങിയത്…
ഷാഹിനയിക്കപ്പോൾ ദേഷ്യം വന്നു പോയി…
മതിലിന്റെ ചുമരിൽ എഴുതി വച്ചിരിക്കുന്ന താജ് മഹൽ എന്ന ബോർഡിലേക്ക് അവൾ നോക്കി.. ചെറുതായൊന്ന് പുഞ്ചിരിച്ചു..
അവൾ ഗേറ്റ് തുറന്ന് അകത്തു കയറി..
ഷാഹിനയെ സ്വീകരിക്കാൻ ചെമ്പൻ മൊയ്തുവിന്റെ ഭാര്യ പാത്തൂട്ടി മുറ്റത്ത് വരാന്തയിൽ തന്നെ ഉണ്ടായിരുന്നു..
ഷാഹിന അവിടുത്തെ അടുക്കള ജോലിയിൽ പ്രവേശിച്ചു.
അപ്പോൾ അടുക്കളയിൽ എത്തിയ പാത്തൂട്ടി ഉമ്മ പറഞ്ഞു
ഉച്ചയ്ക്കത്തെ ചോറും കൂട്ടാനും ഉണ്ടാക്കുന്നതിനു മുമ്പായി അച്ചുവിന് ബ്രേക്ക്ഫാസ്റ്റിന് വേണ്ട അപ്പവും കറിയും ഉണ്ടാകുമോ..ഷാഹിന…
ഉണ്ടാക്കാമല്ലോ..ഉമ്മ..
മോളെ ഷാഹിന നാളെ ഇച്ചിരി നേരത്തെ വരണേ…
ഉം… ഉവ്വ്… ഉമ്മ.
ഷാഹിന പെട്ടെന്ന് ഫുഡ് ഉണ്ടാക്കി..
അച്ചുവിനെ വേണ്ടെന്ന ബ്രേക്ഫാസ്റ്റ് റെഡിയായപ്പോൾ അവൾ പറഞ്ഞു.
ഉമ്മ റെഡി ആയിരിക്കണ്…
അതിനുമുമ്പായി ഈ കട്ടൻ ചായ മുകളിലുള്ള അവന്റെ റൂമിൽ കൊണ്ടുപോയി കൊടുത്തേക്കൂ.
അതും പറഞ്ഞു പാത്തൂട്ടി ഉമ്മ ചായക്കപ്പവളെ ഏൽപ്പിച്ചു.
അവൾ കപ്പും വാങ്ങി അച്ചു ഉറങ്ങുന്ന മുകളിലുള്ള നിലയിലെ റൂമിലേക്ക് പോകാൻ സ്റ്റെയർകെയ്സ് കയറി പോയി..
പാതിചാരിയ റൂമിനകത്ത് നിന്നും വലിയ സ്പീഡിൽ ഫാൻ കറങ്ങുന്ന ശബ്ദം കേൾക്കാം..
അവൾ ഡോറിൽ ഇടയിലൂടെ തലയിട്ട് റൂമിലേക്ക് നോക്കി..
ബെഡിൽ തലവഴി മൂടി പുതച്ചു ചുരുണ്ട് കൂടിക്കിടക്കുന്ന ഒരു രൂപം..
അച്ചു ഇക്ക… അച്ചു ഇക്ക… ഹലോ..
ശബ്ദം കേട്ട് അവൻ ഉണർന്നു…
പുതപ്പ് തലയിൽ നിന്ന് എടുത്ത് അവൻ ശബ്ദം കേട്ട് ഭാഗത്തേക്ക് നോക്കി…
വെളുത്തു മെലിഞ്ഞ ഒരു പെൺകുട്ടി.. ചായക്കപ്പുമായി തന്നെ വിളിക്കുന്നു..
സ്വപ്നമാണോ കാണുന്നത് എന്നവൻ ഒരു നിമിഷം സംശയിച്ചു..
ബെഡ് കോഫി ഉമ്മ തന്നു വിട്ടതാ
അവൾ പറഞ്ഞു..
നീയാരാ?
അവൻ അവിടെത്തന്നെ തുറിച്ചു നോക്കിക്കൊണ്ട് ചോദിച്ചു
ഞാൻ ഇവിടുത്തെ സർവന്റ് ആയി വന്നതാണ്…
അത് ശരി അവിടെ വച്ചെക്കൂ…
ഷാഹിന ടീപോയുടെ മുകളിൽ ചായക്കപ്പ് വച്ചു…
ബ്രേക്ക് ഫാസ്റ്റ് റെഡി ആയിട്ടുണ്ട് കേട്ടോ…
അവൾ പറഞ്ഞു..
ആഹാ കൊള്ളാല്ലോ… പൊക്കോ..ഞാൻ ഫ്രഷ് ആയിട്ട് വരാം…
അവൾ ബെഡ്റൂമിൽ നിന്നും പുറത്ത് കടന്നു..
വലിയ കുഴപ്പങ്ങളൊന്നും ഇല്ലാതെ ദിവസങ്ങൾ കടന്നുപോയി.
ഒരു ദിവസം അച്ചുവിന്റെ റൂം വൃത്തിയാക്കാൻ ചെന്നതായിരുന്നു..
ഷാഹിന…നീ വന്നോ…
റൂമിൽ അപ്പടി പൊടിയ ഞാൻ ഉമ്മയോട് പറഞ്ഞു ഇത് വൃത്തിയാക്കണമെന്ന്..
അതും പറഞ്ഞുകൊണ്ട് കിടക്കുകയായിരുന്നു അവൻ ഷാഹിനയെ കണ്ടപ്പോൾ വേഗം എഴുന്നേറ്റ് റൂമിന് പുറത്തുപോയി..
ഷാഹിന അഷറഫിന്റെ വീട്ടിൽ അടുക്കള ജോലിക്ക് വന്നിട്ട് നാലു ദിവസമേ ആയുള്ളൂ.
ആ നാട്ടിലെ ധനാഢ്യരായ ദമ്പതികളുടെ മകനാണ് അച്ചു എന്ന് എല്ലാവരും വിളിക്കുന്ന അഷറഫ്…അവൻ അവളോട് വളരെ നല്ല രീതിയിണ് പെരുമാറുന്നത്..
ഇഷ്ടം ആയി അവനു അവളുടെ ജോലിയും പെരുമാറ്റവുമൊക്കെ..
ഒരു ദിവസം അച്ചു അടുക്കളയിൽ എന്താ ജോലി ചെയ്യുകയായിരുന്നു ഷാഹിനയുടെ അടുത്ത് ച്ചെന്നു. അല്പം ചൂടുവെള്ളം കിട്ടുമോ…
അതിനെന്താ തരാമല്ലോ..
അവർ ഒരു ഗ്ലാസ് ചൂട് വെള്ളം അവന് നൽകി
ഇതെന്താ കാക്ക പുള്ളി ആണോ..
അവളുടെ താഴത്തെ ചുണ്ടിന് തൊട്ടു താഴെകീഴ്ത്താടിയോട് ചേർന്നുള്ള ഭാഗത്തുള്ള കറുത്ത മറുക് പുള്ളിയിൽ വിരൽ കൊണ്ട് തൊട്ടുകൊണ്ട് അച്ചു സ്നേഹപൂർവ്വം ചോദിച്ചു .
അവൾ പെട്ടെന്ന് ഭയന്നുപോയി…
ഉം.. അതേ…
അവൾ പറഞ്ഞു..
പിന്നീട് ഒരു ദിവസം ഷാഹിന ജോലിയൊക്കെ കഴിഞ്ഞ് പുറത്ത് കിച്ചന്റെ വർക്ക് ഏരിയയിൽ ഇരുന്ന് നാട്ടു വർത്തമാനങ്ങൾ പറഞ്ഞുകൊണ്ട് ഉമ്മയുടെ മുടി ചീകുകയായിരുന്നു…
ആ സമയത്ത് അച്ചു അങ്ങോട്ട് കടന്നുവന്നു…
അടിപൊളി…രണ്ടുപേരും മുടി അഴിച്ചിട്ടിരിക്കുകയാണല്ലോ…
ഞാനിവിടെ മുടി ചീകി കൊടുക്കുകയായിരുന്നു… കണ്ടില്ലേ നിന്റെ മുംതാസിന്റെ പോലത്തെ ചുരുണ്ട മുടിയായ ഇവൾക്ക്…
ഉമ്മ പറഞ്ഞു..
ശരിയാണല്ലോ… മാത്രമല്ല ആ കാക്കപ്പുള്ളിയും ഇവൾക്ക് അങ്ങനെ തന്നെ ഉണ്ട്…
അതെയതെ ഞാനും അത് ഇവളോട് പറഞ്ഞായിരുന്നു…
അപ്പോൾ ഉമ്മ മുംതാസിന്റെ കാര്യമൊക്കെ പറഞ്ഞോ..
അച്ചു അല്പം നീരസത്തോടെ ഉമ്മയോട് ചോദിച്ചു..
ഇവള് പഠിച്ച പെണ്ണാ … നീ ഇവിടെ ജോലിക്കൊന്നും പോകാതെ നട്ടുച്ച വരെ കിടന്നുറങ്ങുന്നതുകൊണ്ട് ഇവൾ എന്നോട് ചോദിച്ചു.. നിന്നെപ്പറ്റി.. ഇവൾ നമ്മുടെ കൊച്ചല്ലേ അങ്ങനെ വിഷമമൊക്കെ പറഞ്ഞു ഞാൻ..
വേണ്ടായിരുന്നു ഉമ്മ…കണ്ണിൽ കണ്ടവരുടെ ഒക്കെ പറയണ്ടായിരുന്നു..
ഞാൻ കണ്ണിൽ കണ്ടവൾ അല്ല.. ഞാൻ ഇവിടുത്തെ പെണ്ണാ.. അല്ലെ ഉമ്മ… എന്നോട് പറഞ്ഞാൽ ഒരു കുഴപ്പവുമില്ല..
അതെന്നെ… മോളെ..
ഉമ്മ അത് ശരി വച്ചു…
പക്ഷേ അച്ചു ഒന്നും മിണ്ടാതെ നടന്നു പോയി..
നിന്നോട് കാര്യങ്ങളൊക്കെ പറഞ്ഞു എന്നറിഞ്ഞപ്പോൾ അവനു വിഷമമായി കാണും.. പാവം..
ഉമ്മയോട് ഷാഹിന യോട് പറഞ്ഞു.
വിവരങ്ങളൊക്കെ താൻ അറിഞ്ഞതുകൊണ്ട് അച്ചുക്കയ്ക്ക് തന്നോട് ദേഷ്യം കാണുമോ?തന്നോട് പിണങ്ങുമോ…. പടച്ചോനെ പിണങ്ങല്ലേ…
അങ്ങനെയൊക്കെ ചിന്തിച്ചു കൊണ്ട് ഷാഹിന അടുക്കളയിൽ കയറി ജോലി തുടങ്ങി.
എന്നും വീട്ടു വേഷത്തിൽ ചടഞ്ഞു കൂടുന്ന അച്ചു അന്ന് കുളിച്ചു പുറത്തുപോകാനുള്ള ഡ്രസ്സ് ഒക്കെ ധരിച്ച് ഹാളിൽ വന്നിരുന്നു..
കുറെ നാളുകൾക്കു ശേഷം അന്ന് ആദ്യമായി അവൻ താഴത്തെ ഹാളിൽ വന്നിരുന്നു ടിവിയൊക്കെ കണ്ടു..
അവനെ കണ്ട ഷാഹിന അവനോട് ചോദിച്ചു
ഇക്കയ്ക്ക് കുടിക്കാനോ കഴിക്കാനോ വല്ലതും വേണോ..?
എനിക്കൊന്നും വേണ്ട…
ശബ്ദത്തിൽ അല്പം മയം വരുത്തി അവൻ പറഞ്ഞു..
പുറത്തു പോകുന്നുണ്ടോ…?
പോകണമെന്നുണ്ട് നോക്കട്ടെ…
അതും പറഞ്ഞവൻ പുറത്ത് സിറ്റൗട്ടിൽ ഇരിക്കുന്ന തന്റെ ബുള്ളറ്റിനടുത്തേക്ക് ചെന്നു..
അല്പ നേരത്തെ ശ്രമത്തിനുശേഷം അത് സ്റ്റാർട്ട് ആയി. കുറെ നാളായിരുന്നു ഉപയോഗിക്കാതെ…
കുറച്ച് സമയം അതിൽ കയറി അവൻ…
അൽഹംദുലില്ലാഹ്… എന്റെ പഴയ അച്ചു മോനെ എനിക്ക് തിരിച്ചു തരണേ റബ്ബേ…
വാതിൽ പടിക്കൽ നിന്നും ബുള്ളറ്റിൽ പുറത്ത് പോകുന്ന മകനെ നോക്കി ഉമ്മ നെടുവീർപ്പുട്ട് കൊണ്ട് പറഞ്ഞു..
ഷാഹിന ഉമ്മയെ നോക്കി ചോദിച്ചു…
മുംതാസ് മരണപ്പെട്ടു എന്ന് അറിഞ്ഞതിനുശേഷം പുറത്തു പോയിട്ട് തന്നെയില്ല ഈ അച്ചുക്ക അല്ലേ…ഉമ്മ..
ഉം…. അതേ മോളെ… ഇന്നാണ് അവൻ ഈ ഗേറ്റിനപ്പുറത്ത് വെളിച്ചം കാണുന്നത്… ഉള്ളൂൽ തങ്ങൾ പറഞ്ഞിരുന്നു കുറച്ചു ദിവസം കൊണ്ട് നേരെയാകും… ഏതായാലും നാളെ വ്യാഴാഴ്ചയല്ലേ ഞാനും മൊയ്തു അങ്ങോട്ട് പോയി വരാം..
ഉച്ചയ്ക്കും പിന്നെ വൈകിട്ടും ഒക്കെ അച്ചു ബുള്ളറ്റ് എടുത്തു പുറത്ത് പോകുന്നത് കണ്ടു മാതാപിതാക്കൾക്ക് സന്തോഷമായി.
പിറ്റേന്ന് രാവിലെ തന്നെ ചെമ്പൻമൊയ്തുവും പാത്തൂട്ടി ഉമ്മയും
ഉള്ളൂൽ തങ്ങളെ കാണാൻ പോയി..
അന്നും അച്ചു നേരത്തെ ഉണർന്ന് ബ്രേക്ക്ഫാസ്റ്റ് ഒക്കെ കഴിഞ്ഞ് പുറത്തിറങ്ങാൻ നേരം ഷാഹിനയോട് പറഞ്ഞു.
ഷാഹിന വരുന്നോ നമുക്ക് ഒരിടം വരെ പോകാം.
എവിടെയാ ഇക്കാ..
അതൊക്കെയുണ്ട് വേഗം ഡ്രസ്സ് ചെയ്തു വാ…
അള്ളോ…ഇതെന്ത് കഥ… വീട്ടിലാണെങ്കിൽ ആരുമില്ല…
ഒരു ട്രിപ്പ്… അത്രതന്നെ പേടിക്കാൻ ഒന്നുമില്ല…
ബുള്ളറ്റിൽ കയറി ഈ മൊഞ്ചൻ ചെക്കന്റെ കൂടെ… അതാലോചിക്കുമ്പോൾ അവൾക്ക് മോഹം തോന്നി… അല്ലാ ഇവന്റെ വട്ട്….
ഒരു നിമിഷം അതും ആലോചിക്കുമ്പോൾ അവൾക്ക് ഭയവും തോന്നി…
വാ കൂടുതൽ ആലോചിക്കേണ്ട…
അവൻ വശ്യമായി ചിരിച്ചു പറഞ്ഞു..
വരുന്നത് വരുന്നിടത്ത് വെച്ച് കാണാം… കോളേജിൽ വച്ച് ഇതിലും വലിയ കൊമ്പന്റെ കൂടെ ട്രിപ്പ് പോയിട്ടുണ്ട്… അതൊക്കെ ആലോചിക്കുമ്പോൾ ഇതെന്ത്… പിന്നെ ഇപ്പൊ ഉള്ളിൽ ഒരു മോഹവും ഉണ്ട്..
ശരി അച്ചുക്ക ഒരു മിനിറ്റ്…
ബുള്ളറ്റിൽ കയറി അവന്റെ കൂടെ പോകുമ്പോൾ അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു..
ഒരു പത്തു 20 കിലോമീറ്റർ ദൂരെ പോയിക്കാണും..
ചുരങ്ങൾ കയറി ഒരു ഹൈറേഞ്ചു വ്യൂ ലഭിക്കുന്ന ഹൈവേ സൈഡിൽ അവൻ വണ്ടി ഒതുക്കി..
ഇറങ്ങിക്കോ…
അവൾ ഇറങ്ങി..
ഇവിടെ ഇഷ്ടമാണോ അവൾ ചോദിച്ചു..
ഇഷ്ടമുണ്ടായിട്ടല്ല… ഇതിലേ ഞാൻ വരാറേയില്ല.. ഇനി ഒരിക്കലും ഇതിലെ എനിക്ക് വരാനും സാധിക്കില്ലായിരുന്നു.. നീ കൂടെയുള്ള ധൈര്യത്തിലാണ് ഞാൻ വന്നത്.. നിന്റെ സാമ്യമാണ് അതിനുള്ള മനശക്തി തന്നത്..ഇതിലെ സഞ്ചരിക്കുമ്പോഴാണ് അന്ന് അപകടം ഉണ്ടായത്.. അവൻ കീചെയിന് അവൾക്ക് നൽകി പറഞ്ഞു…
ഇതിലുള്ള പെൺകുട്ടിയുടെ ഫോട്ടോ കണ്ടോ…
അവൾ നോക്കി… ഇതാണോ അച്ചുവിന്റെ മുംതാസ്..
ഉം….
അവളാണ് ഇതെന്നും അച്ചു പറഞ്ഞു. കഴ്ഞ്ഞ വർഷം അവളുമായി ബുള്ളറ്റിൽ താൻ സഞ്ചരിക്കുമ്പോൾ ഒരു അപകടത്തിൽ അവളെ നഷ്ടപെട്ടെന്നും അവളുടെ ഛായയാണ് തനിക്കെന്നും താടിയിലെ മറു കും ചുരുണ്ട മുടിയും അവളെ പോലെ തോന്നുന്നതും താൻ അറിയാതെ തന്റെ മനസ്സ് ഷാഹിനയെ ഇഷ്ടപെടുന്നതും എന്നും അവൻ കണ്ണീരോടെ പറഞ്ഞപ്പോൾ ഷാഹിന തകർന്നു പോയി.
അതു ശരിയായിരുന്നു.. രൂപസാദൃശ്യം ഒരുപക്ഷേ മനസ്സിന് സമാധാനം നൽകുന്നുണ്ടാകാം… നഷ്ടപ്പെട്ടവളെ തിരികെ കാണുന്ന ആ ഒരു ഫീൽ ലഭിക്കുന്നുണ്ടാകും.. അവരുടെ ശരീര പ്രകൃതവും പെരുമാറ്റ ശൈലിയും ഉണ്ടായാൽ കുറെ കൂടി സാമ്യം തോന്നാം… പാവം.. ത്തന്നെ… അപകടത്തിൽ നഷ്ടപ്പെട്ട കൂട്ട് കാരിയായിട്ടാണ് അച്ചു തന്നെ കാണുന്നത് എന്ന ബോധം ഷാഹിനയിൽ സഹതാപം ഉള്ളവാക്കി..
ഷാഹിനയുടെ ആ സഹതാപം അവനോടുള്ള സ്നേഹമായി മാറി തുടങ്ങുകയായിരുന്നു..
വിവാഹം കഴിക്കാൻ വെറും നാളുകൾ ബാക്കി നിൽക്കുകയാണ് ഈ അപകടം സംഭവിച്ചതു എന്ന് കൂടി അറിയിച്ചപ്പോൾ ഷാഹിനയുടെ ഉള്ളിൽ ഒരു നൊമ്പരമുണർന്നു..
എങ്കിലും അവൾക്കൊരു സംശയം..
അവൾ വെട്ടി തുറന്നു അച്ചുവിനോട് ചോദിച്ചു..
ഓട്ടോ ഡ്രൈവർ അബ്ബാസിക്ക അച്ചു മോശമാണല്ലോ പറഞ്ഞത് അതെന്താ കാരണം…
ഇത്രയൊക്കെ സംഭവിച്ചിട്ടും നാട്ടുകാർ എന്താ ഇക്കാ മോശം പറയുന്നത് സഹതാപം അല്ലേ തോന്നേണ്ടത്…
അതാണ് രസം.. ഞാൻ ഏതോ പെണ്ണുമായി ഒരു നാട്ടിൽ കറങ്ങുമ്പോൾ അപകടമുണ്ടായി അവളെ കൊലയ്ക്ക് കൊടുത്തു എന്നൊക്കെയാണ് ഈ നാട്ടുകാർ പറയുന്നത്…..
അവൻ ഒരു നെടുവീർപ്പോടെ അതു പറഞ്ഞു ചിരിച്ചു
ഈ മുംതാസ് എന്ന കൂട്ടുകാരിയുമൊക്കെ നാട്ടുകാർക്ക് കാണുകേ പലയിടത്തും കറങ്ങുന്നത് തന്റെ നാട്ടുകാർ കണ്ടിരുന്നെന്നും അതാണ് തന്നെ മോശമെന്ന് പറഞ്ഞുതെന്നും അച്ചു കൂട്ടിച്ചേർത്തു.. അവളൊരു മോഡൽ ഗേൾ ആയതുകൊണ്ട് പല വേഷത്തിലും വരുന്നത് അവൾ തന്നെയാണെന്ന് മനസ്സിലാക്കാൻ നാട്ടുകാർക്ക് ആയില്ല… എന്ന് അവൻ ഒരു ചിരിയോട് കൂടി പറഞ്ഞു..
ആ സംഭവത്തിനുശേഷം ഡിപ്രഷൻ കിടക്കുകയായിരുന്നു ഞാൻ…
പുറത്തിറങ്ങിയാൽ എന്റെ മുംതാസിനെ രൂപ സാദൃശ്യം ഞാൻ പല പെൺകുട്ടികളിലും ആകാംക്ഷയോടെ കൂടി തിരയുമായിരുന്നു… ആ സ്വഭാവം കൂടി നാട്ടുകാർക്കിടയിൽ എന്നെ മോശം നിലയിലേക്ക് തരംതാഴ്ത്തി..
സത്യത്തിൽ ഏകദേശം എന്റെ മുംതാസിന്റെ പെരുമാറ്റ ശൈലിയും രൂപസാദൃശ്യവും ഉള്ള ഷാഹിനയേ കണ്ടപ്പോൾ തൊട്ടാണ് ഒരു ആശ്വാസം എന്റെ ജീവിതത്തിൽ വന്നു തുടങ്ങിയത്..
ഞാൻ നിങ്ങളുടെ മുംതാസിനു പകരം ആകും എന്ന് ഉറപ്പാണോ..
എന്റെ മുംതാസിനെ പകരം ആരും ആകില്ല എന്നെനിക്ക് നന്നായി അറിയാം…
പക്ഷേ എന്റെ ഇപ്പോഴത്തെ നല്ല മാനസികാവസ്ഥയ്ക്ക് ഷാഹിന ഒരു കാരണമാണെന്ന് എനിക്കറിയാം…
അങ്ങനെയാണെങ്കിൽ എന്നെ കെട്ടാൻ ആഗ്രഹമുണ്ടോ അച്ചു ഇക്കാക്ക്…
ഇതെങ്ങനെ ഞാൻ പറയുമെന്ന് ആലോചിച്ചിരിക്കുകയായിരുന്നു… എനിക്ക് ഒരുപാട് ഇഷ്ടമാണ്.. ആട്ടെ നിനക്ക് എന്നെ ഇഷ്ടമാകുമോ..എന്നെ ഇത്രയും നന്നായി മനസ്സിലാക്കിയ പെണ്ണ് നിലയിൽ നിനക്ക് സംശയമൊന്നും ബാക്കിയുണ്ടാവില്ലെന്ന് തോന്നുന്നു…
ഉം….ഇല്ല.
അവൾ മൂളി..
എങ്കിൽ എന്റെ മുംതാസിന്റെ സ്ഥാനത്തേക്ക് വന്നോളൂ..
അപ്പോ അച്ചു എന്നെ നിക്കാഹ് കഴിക്കും അല്ലേ..
കഴിക്കുമെടി മുത്തേ…
ഇരുവരും സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങിയെത്തി..
അന്ന് വൈകിട്ട് ഉള്ളൂൽ തങ്ങളെ കാണാൻ പോയ അച്ചുവിന്റെ മാതാപിതാക്കൾ തിരിച്ചെത്തി..
എല്ലാം ശുഭമായി കലാശിക്കും എന്ന് തങ്ങൾ പറഞ്ഞു..
മോനു ഇനി പ്രയാസങ്ങൾ ഒന്നും ഉണ്ടാകില്ല..
എല്ലാം പഴയതുപോലെ ഭംഗിയിൽ വരും..
അതെ ഉമ്മ…ഞാൻ നാളെ മുമ്പ് പോയിക്കൊണ്ടിരുന്ന ഐടി കമ്പനിയിൽ ജോലിയിൽ പോകും..
ആണോ അൽഹംദുലില്ലാഹ്..
സന്തോഷമായി..
ഉമ്മ ആശ്വാസത്തോടെ പറഞ്ഞു..
അന്ന് രാത്രിയിൽ അവൻ ഉമ്മയുടെ അടുത്ത് ചെന്ന് തന്റെ മനസ്സിലുള്ള ആ ഒരു കാര്യം തുറന്നു പറഞ്ഞു
എന്റെ ഈ എല്ലാ മാറ്റത്തിനും കാരണം നമ്മുടെ ഷാഹിനയാണ്…
എനിക്ക് ഷാഹിനയെ ഇഷ്ടമാണ് ഉമ്മ…ഞാൻ അത് അവളോട് പറഞ്ഞു അവൾക്കും താല്പര്യം ഉണ്ട്.. അവളും എന്നെ ഇഷ്ടപ്പെടുന്നു..
റബ്ബേ ഞാൻ എന്താ ഇത് കേൾക്കുന്നത്… എനിക്ക് പെരുത്ത് ഇഷ്ടമായി…
ഡിപ്രഷനിൽ ആയ മകന്റെ മാറ്റം കണ്ട് ചമ്പൻ മൊയ്തുവിനും ഉമ്മ പാത്തൂട്ടിക്കും ഏറെ സന്തോഷമായി..
അച്ചുവും ഷാഹിനയും തമ്മിലുള്ള നിക്കാഹ്
മാലിക് ദിനാർ പള്ളിയുടെ പാശ്ചാത്തലത്തിലുള്ള താജ് മഹൽ വീട്ടിൽ വച്ച് ഗംഭീരമായി നടന്നു.