
രചന : വിജയ് സത്യ
എടാ ആർച്ചയെ ആരോ തട്ടിക്കൊണ്ടുപോകുന്നെടാ…ഓടി വരിനെടാ പിള്ളേരെ….
എന്നും വെളുക്കുന്നതിനു മുമ്പ് എഴുന്നേറ്റ് തൊടിയിലെ തെങ്ങിൻ ചോട്ടിൽ പോയി മൂത്രമൊഴിക്കുന്ന മുത്തശ്ശൻ തന്റെ മോൻ സുബ്രുവിന്റെ മകളായ ആർച്ച കുട്ടി താൻ തുറന്നിട്ട ഫ്രണ്ട് ഡോർ വഴി പുറത്തേക്ക് ഇറങ്ങി വന്ന് പുറത്ത് നിഴലിൽ പതുങ്ങി നിന്ന ഏതോ പുരുഷന്റെ കൈപിടിച്ചു ഓടുന്നത് കണ്ടപ്പോൾ അലറി വിളിച്ചുപറഞ്ഞു…
പുറത്തുനിന്നുള്ള അയാളുടെ ശബ്ദം കേട്ട് ആ വീട്ടിലെ ലൈറ്റുകൾ ഒന്നിച്ച് തെളിഞ്ഞു..
എന്താ സംഭവിച്ചത് എന്ന് അറിയാതെ സുബ്രും ഭാര്യയും മകൻ രംഗനാഥനും മുത്തശ്ശന്റെ ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി വന്നു.
എടാ മക്കളെ നമ്മുടെ ആർച്ച കുട്ടി ഒരുത്തന്റെ കൈയും പിടിച്ചു ദേ ഓടിപ്പോകുന്നു.. പുറകെ ചെല്ലിനെട… ഗേറ്റ് കടന്നതേ ഉള്ളൂ… അയ്യോ എന്റെ പേരക്കുട്ടിയെ ആരോ കൊണ്ടുപോയെ….
അയാൾ നിലവിളിച്ചു…
അയ്യോ എന്റെ മോള് പോയേ… കനകമ്മാൾ നിലവിളിച്ചുകൊണ്ട് അകത്തേക്കോടി.
അതുകേട്ട് സുബ്രുവും രംഗനാഥനും ഒരു നിമിഷം കട്ടപിടിച്ച ഇരുളിലേക്ക് നോക്കി അന്തിച്ചു നിന്നു..
സുബ്രുവിന്റെ ഭാര്യ കനകമ്മാൾ അകത്തുനിന്നും കൊണ്ടുവന്ന രണ്ട് ടോർച്ചുകൾ പിടിച്ചു വാങ്ങിച്ചു കൊണ്ട് അച്ഛനും മകനും ആ ഇരുളിലൂടെ അവർക്ക് പിന്നാലെ ഓടി…
വേഗം വാ… ആ കിളവൻ ബഹളം വെച്ചത് കേട്ട് എല്ലാം കുളമായി… നിന്റെ വീട്ടുകാരെല്ലാം ഉണർന്നെന്നു തോന്നുന്നു..
കുറച്ചു മാറി നിർത്തിയിട്ടിരിക്കുന്ന കാറിനടുത്തേക്ക്
ആർച്ചയുടെ കൈയും പിടിച്ച് ഓടുന്നതിനിടയിൽ ജെറിൻ പറഞ്ഞു
അവർക്കിതച്ചുകൊണ്ട് കാറിനടുത്ത് എത്തിയപ്പോൾ..
ചാടി കയറടാ… മക്കളെ..
ഡ്രൈവിംഗ് സീറ്റിൽ നിന്നും ദൗത്യം പൂർത്തിയായ ആവേശത്തോടെ ഷെരീഫ് വിളിച്ചുപറഞ്ഞു.
കാറിന്റെ ഡോർ തുറന്നു വച്ച് കാർ സ്റ്റാർട്ടിൽ നിർത്തിയിരിക്കുകയായിരുന്നു ഷെരീഫ്.
ജെറിനും ആർച്ചയും ഓടിവന്നു കാറിൽ കയറിയതും ഷെരീഫ് കാർ മുന്നോട്ട് എടുത്തു..
ഈ സമയം ഓടിവന്ന രംഗനാഥൻ കാറിന്റെ പിന്നാമ്പുറം എത്തുമ്പോഴേക്കും കാർ ഷെരീഫ് അതിവേഗതയിൽ മുന്നോട്ട് എടുത്തിരുന്നു..
അവൻ കയ്യിലെ ടോർച്ച് കാറിന് നേരെ വലിച്ചെറിഞ്ഞു കൊണ്ട് ആക്രോശിച്ച് പറഞ്ഞു..
എടാ നിന്നെ എനിക്ക് തിരിച്ചറിഞ്ഞു.. നീ ജെറിൻ അല്ലേ… എന്റെ പെങ്ങളെയും കൊണ്ട് നീ എവിടെ പോയാലും അവിടെ വന്നു ഈ രംഗനാഥൻ നിന്നെ തീർക്കുമെടാ ഞങ്ങളുടെ പെണ്ണിനെ കൊണ്ട് നീ അങ്ങനെ സുഖമായി ജീവിക്കേണ്ട. നിന്നെ ഞാൻ തീർത്തിരിക്കും… ഇത് സത്യം…
അന്ന് വൈകിട്ട് രംഗനാഥന്റെ ലോറി അല്ലറ ചില്ലറ മെയിന്റനൻ ജോലിക്കായി വർക്ക് ഷോപ്പിൽ കയറ്റിയ ദിവസമായിരുന്നത് ഭാഗ്യം..
സ്കൂട്ടറിന്റെ ചാവി താ അപ്പാ ഞാനവനെ പോയി പിടിക്കട്ടെ..
രംഗനാഥൻ അപ്പൻ സുബ്രൂവിന് നോക്കിയലറി..
എടാ അത് വന്ത്.. വണ്ടിയില് പെട്രോള് കമ്മി താൻ… രാവിലെ അടിക്കാൻ ഇരിക്കുകയായിരുന്നു അതിൽ പെട്രോൾ തീർന്നിരിക്കുകയാണ്….. നേരം വെളുക്കട്ടെ… നമുക്ക് വഴിയുണ്ടാക്കാം… നിനക്ക് അവനെ അറിയുമല്ലോ…
അറിയാം അവളുടെ കൂടെ കോളേജിൽ സീനിയർ…ആണു ആ നസ്രാണി..
എടാ അവൻ എന്നെ തിരിച്ചറിഞ്ഞു…
അതിനെന്താ കുഴപ്പം അറിയട്ടെ…ഞാൻ കത്തിലും എഴുതി വച്ചിട്ടുണ്ട്… അമ്മയ്ക്ക് അറിയാം… അതുകൊണ്ട് അമ്മയും പറയും.. എവിടെയാ എങ്ങോട്ടാ പോയിട്ടുള്ളതും ഒക്കെ…
അതു ആർച്ച് ചെയ്തത് മണ്ടത്തരം ആയി…കുഴപ്പമാകും എന്റെ വീട്ടിൽ പോയി അവർക്ക് പ്രശ്നമുണ്ടാക്കും..
അതിന് നിന്റെ വീട്ടിലും കയറ്റില്ലല്ലോ നമ്മളെ… അവിടെ നിൽക്കുന്നില്ലല്ലോ നമ്മൾ.. പിന്നെന്താണ് ഒരു കുഴപ്പം..
നമ്മൾ ഷെരീഫിന്റെ നാട്ടിലേക്ക് ആണല്ലോ പോകുന്നത്..
അതെ അതെ… അടിപൊളി ഒരു വാടക വീട് സെറ്റ് ആക്കിയിട്ടുണ്ട് മക്കളെ എന്റെ നാട്ടിൽ … നിങ്ങൾക്ക് എൻജോയ് ചെയ്യാന്… അവിടെ ഒരു ഈച്ച പോലും മണത്ത് വരില്ല…
ഇവളുടെ ആങ്ങള ആ രംഗനാഥൻ ആളല്പം കുഴപ്പക്കാരനാണ്..
ലോറിക്കാരൻ ആയതുകൊണ്ട് അവനെ എല്ലാം നാടും നല്ല പരിചയമാണ്… ലോറി പണിക്ക് വെച്ച് അന്ന് തന്നെ ഒളിച്ചോടിയത് നന്നായി… നിന്നെ എന്തോ
ഭീഷണിപ്പെടുത്തുന്നുണ്ടായല്ലോ..
ഹാ ഹാ… തട്ടി കളയുമെന്ന്… അവന് നമ്മുടെ പൊടി പോലും കിട്ടണ്ടേ അതിന്…
പാലക്കാട് നിന്നും നേരം വെളുക്കുമ്പോഴേക്കും അവരുടെ കാറു മലപ്പുറം പൊന്നാനിയിലെത്തി…
ഏർപ്പാടാക്കിയ ആ വാടക വീട്ടിൽ അവർ എത്തി..
നന്ദിയുണ്ട്..ഷെരീഫ്… ഒരിക്കലും മറക്കില്ല..
കോട്ടേഴ്സിൽ തുറന്നു അകത്തുകയറവെ ജെറിൻ പറഞ്ഞു.
ഒക്കെ അവിടെ ഇരിക്കട്ടെ.. ഒന്ന് രണ്ട് ദിവസം ഇവിടെ അടിച്ചുപൊളിക്കു… പിന്നെ ഇവളെ പോറ്റേണ്ടേ…. ഇവള് മാത്രമല്ലല്ലോ വയറ്റിൽ ഉണ്ടല്ലോ ഒരെണ്ണം… കോളേജിൽ നിന്നും ഇവളെയും കൂട്ടി കറങ്ങിയതിന്റെ പാരിതോഷികം..
എടാ ഷെരീഫേ പറ്റിപ്പോയതാ. നിന്നോട് ഞാൻ പറഞ്ഞല്ലോ … അവളോട് അബോട്ട്.. ചെയ്യാൻ പറഞ്ഞു.. പക്ഷേ കേൾക്കുന്നില്ല… അവിടെ അപ്പന്റെയും അമ്മയുടെയും അറിയാതെ രഹസ്യമായി ഹോസ്പിറ്റലിൽ ചെയ്താലും റസ്റ്റും എടുക്കാനും ഗുളികയും ഒക്കെ കഴിക്കാൻ അവൾക്ക് ആവില്ല.. പിടിക്കപ്പെടും.. മാത്രമല്ല രംഗനാഥൻ ഏതോ ഒരു കിഴങ്ങനെ കൊണ്ട് കല്യാണം കഴിപ്പിക്കാനും ഒരുങ്ങുകയാണ്.. ഒക്കെ ആലോചിച്ചപ്പോൾ എവിടെയെങ്കിലും പോയി രക്ഷപ്പെടാൻ എന്ന് കരുതി അങ്ങനെയാണ് എന്റെ ഈ ചങ്കിന്റെ സഹായം തേടിയത്..
അതിനെന്താ ഞാൻ അത് 100% സക്സസാക്കി തന്നല്ലോ..
അതിനുള്ള നന്ദിയാ പറഞ്ഞത്…
അതാ ഞാൻ പറഞ്ഞത് നന്ദി അല്ല വേണ്ടത് നിനക്ക് വല്ല പോറ്റണമെങ്കിൽ ജോലി വേണ്ട.. ഇന്റർവ്യൂവിന് പോകാനും വലിയ ജോലിയൊക്കെ അന്വേഷിക്കാനും തൽക്കാലം പ്രാഥമികമായ വരുമാനം വേണ്ട… അതിന് ഞാൻ ഒരു വഴി കണ്ടെത്തിയിട്ടുണ്ട്.. ഇതു കണ്ടോ
ഷെരീഫ് ആ വീടിന്റെ മുന്നിലുള്ള റിക്ഷയെ ചൂണ്ടിക്കാണിച്ചു പറഞ്ഞു…
ഇത് എന്റെ അനിയൻ സമീർ ഓടിച്ചു കൊണ്ട് ഉണ്ടായ റിക്ഷയാണ്..അവൻ ഗൾഫിൽ പോയി..
ഇത് വീട്ടിൽ ചുമ്മാ കിടക്കുകയാണ്… എനിക്കാണെങ്കിൽ ടാക്സിയുണ്ടല്ലോ.. അതിന് ഒരുപാട് വാടക ഓട്ടവും ഉണ്ട്..
നീയാണെങ്കിൽ കല്യാണ ചിലവും ഇവിടത്തെക്കുമുള്ള ചെലവിലേക്കായി നിന്റെ നാട്ടിലുള്ള ഓട്ടോയും വിറ്റിട്ടാണ് വന്നിരിക്കുന്നത്.. ആ പൈസ കയ്യിൽ ഇരിക്കട്ടെ വീട്ടിലെ ആവശ്യത്തിനുവേണ്ടി വരും.. തൽക്കാലം നീ ഈ ഓട്ടോ ഓടിച്ചോ..
എടാ ചെറു നീ പിന്നെയും അത്ഭുതം കാണിച്ച് ഞെട്ടിക്കുകയാണല്ലോ..
ജെറിൻ ഷെറിഫിനെ കെട്ടിപ്പിടിച്ചു കണ്ട് സന്തോഷം അറിയിച്ചു..
ശരി എന്നാൽ ഞാൻ പോകുന്നു കുറച്ചുനേരം ഉറങ്ങണം..
അവരെ ആ വീട്ടിൽ ആക്കി ഷെരീഫ് യാത്രയായി.
മധു വിധുവിന്റെ ആദ്യ നാളുകൾ ജെറിനും ആർച്ചയും വിജനമായ ഏകാന്തതയിൽ ലഭിച്ച ആ വീടിന്റെ ചുവരുകൾക്കുള്ളിൽ ഗംഭീരമായി ആഘോഷിച്ചു.
രണ്ടുദിവസം പിന്നിട്ടു. ഒരു ദിവസം രാവിലെ കുളിച്ചൊരുങ്ങി
ഷെറിഫ് നൽകിയ ഓട്ടോയും എടുത്ത് ജെറിൻ സ്റ്റാൻഡിൽ ചെന്നു..
മറ്റു ഓട്ടോക്കോർ അത്ഭുതത്തോടെ നോക്കി…
എന്നിട്ട് ചോദിച്ചു..
വണ്ടി ഓടാൻ സമീറിന്റെ ഉമ്മ പറഞ്ഞതായിരിക്കും അല്ലേ..
ഉം…
ജെറിൻ ചുമ്മാ മൂളി..
ഷെരീഫിന്റെ അനിയൻ സമീർ ആൾ അല്പം പോക്കിരിയാണ്.. ആ ഓട്ടോ സ്റ്റാൻഡിൽ പുതുതായി ഒരു വരുത്തൻ വന്നാൽ അങ്ങനെ അവർ വാഴിക്കാറില്ല. ഇതിപ്പോ സെമിറിന്റെ തന്നെ വണ്ടിയാണ്..അവന്റെ വണ്ടി കണ്ടാൽത്തന്നെ ആ നാട്ടിലുള്ള മറ്റു ഓട്ടോറിക്ഷക്കാർ ഒന്നും മിണ്ടില്ല.. സമീറിന്റെ വീട്ടുകാർ പുതിയ ഡ്രൈവറെ ആക്കിയിട്ട് ആ ഓട്ടോ അവിടെ ഓടുന്ന എന്നത് ഉപരി അവർക്ക് പുതുതായി വന്ന ആളെ കുറിച്ച് ഒന്നുമറിയില്ല. ഷെറിഫിനും ആ ഓട്ടോസ്റ്റാൻഡിൽ നല്ല പിടിപാടുണ്ട്… അതുകൊണ്ട് മറ്റു ഓട്ടോക്കാർ വലിയ പ്രശ്നങ്ങൾ ഒന്നും സൃഷ്ടിച്ചില്ല.. ജെറിൻ ആകട്ടെ ആരോടും വലിയ അടുപ്പം കൂടാൻ നിന്നില്ല… അവന്റെ മനസ്സിൽ എങ്ങനെയെങ്കിലും താൻ പഠിച്ച ബിരുദത്തിനനുസരിച്ചുള്ള ജോലി നേടണം എന്നുള്ള ഒരൊറ്റ ആഗ്രഹമുണ്ടായിരുന്നു. ഐടി പഠിച്ച സർട്ടിഫിക്കറ്റ് ലഭിക്കാനുണ്ട് അതിന് നാട്ടിൽ പോയേ പറ്റൂ… ആ സർട്ടിഫിക്കറ്റ് കൂടിയുണ്ടെങ്കിൽ കമ്പനികളിലെ ഇന്റർവ്യൂവിൽ എളുപ്പം ജോലി ലഭിക്കും..
സമയം കിട്ടുമ്പോഴൊക്കെ ഷെരീഫ് വന്ന കാര്യങ്ങൾ അന്വേഷിക്കും..
ദിവസങ്ങൾ കടന്നുപോയി… ജെറിൻ ആർച്ചയെ അടുത്തുള്ള ക്ലിനിക്കിൽ ചെക്കപ്പിൽ മറ്റും കൊണ്ടുപോയി അവൾക്ക് വേണ്ടുന്ന ഗർഭരക്ഷ മരുന്നുകൾ നൽകി.
നമ്മുടെ ബേബി സ്മാർട്ട് ആണല്ലോ.. നമ്മുടെ ബേബി എന്താ പറയുന്നത്..
ഒരു ദിവസം ഉച്ച ഭക്ഷണത്തിനുശേഷം അർച്ചയുടെ മടിയിൽ കിടന്ന് വളർന്നു വരുന്ന അവളുടെ വയറിൽ ചെവി വച്ചുകൊണ്ട് ജെറിൻ തമാശയോടെ ടിവി പരസ്യം പറയുന്നത് കേട്ട് ആർച്ച പൊട്ടിചിരിച്ചു പോയി.
ഇപ്പോൾ ഒന്നും പറയില്ല കുറച്ചുദിവസം കഴിയുമ്പോൾ ചവിട്ടൊക്കെ കിട്ടും..
നീ ചവിട്ടുമോടാ…ഈ അപ്പനെ ചവിട്ടുമൊടാ…
ആർച്ച അത് പറഞ്ഞപ്പോൾ ജെറിൻ ചാടി എണീറ്റ് ചോദിച്ചു..
എനിക്കല്ലേ കൊള്ളുന്നത്..
അത് ശരിയാണല്ലോ..
അപ്പോഴേക്കും ജെറിന്റെ ഫോണിൽ ഒരു മെസ്സേജ് വന്നു..
അവനത് ഓപ്പൺ ആക്കി..
എടീ, ഇന്നാള് നൽകിയ ഒരു ജോലിയുടെ ആപ്ലിക്കേഷന്റെ ഇന്റർവ്യൂ ഡേറ്റ് ആയിട്ടുണ്ട്..
ആണോ.. എപ്പോഴാ..?
ഇന്നത്തെ അല്ലേ ഇന്ന് സൺഡേ അല്ലെ… ഇന്റർവ്യൂ ഈ വരുന്ന ബുധനാഴ്ച്ച കാലിക്കറ്റ് വച്ച്.. എനിക്ക് അതിനുമുമ്പ് നാട്ടിൽ പോയിട്ട് ആ IT സർട്ടിഫിക്കറ്റ് വാങ്ങിച്ചു വരണം. അതിന്റെ ഇൻസ്റ്റിറ്റ്യൂട്ട് വരെ ഒന്ന് പോകണം.
അതിനെന്താ ജെറിൻ പോയി വാങ്ങിയിട്ട് വാ..
നിന്നെ ഇവിടെ തനിച്ചു വിട്ടു എങ്ങനെയാ പോവുക..
വെളുപ്പിന് പോയി രാത്രി ആകുമ്പോഴേക്കും വരാമല്ലോ..
എന്നാലും അതുവരെ നീ ഇവിടെ തനിച്ചു..
അത് കൊഴപ്പമില്ല… നമുക്ക് ജോലിയല്ലേ പ്രധാനം…കാലിക്കറ്റ് ജോലി ലഭിച്ചു കഴിഞ്ഞ് പിന്നെ അവിടെ പോയി താമസിക്കാമല്ലോ..
ഉം… ശരി അപ്പോൾ പോവല്ലേ..
അങ്ങനെ പിറ്റേന്ന് പ്രഭാതത്തിൽ തന്നെ ജെറിൻ നാട്ടിലേക്ക് സർട്ടിഫിക്കറ്റിനായി പുറപ്പെട്ടു.
ആദ്യം തന്നെ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തി.. സർട്ടിഫിക്കറ്റ് ഇഷ്യൂ ആയിട്ടുണ്ടായിരുന്നു. പക്ഷേ സൈൻ ചെയ്തു തരാൻ പ്രിൻസിപ്പൽ ഇല്ല.. അദ്ദേഹം ദൂരെ എവിടെയോ പോയിരിക്കുകയാണ് വൈകിട്ട് മാത്രമേ എത്തുള്ളു.ജെറിൻ വൈകിട്ട് അയാൾ എത്തും വരെ അവിടെ തന്നെ സമയം ചെലവഴിച്ചു…അത് വാങ്ങിച്ചെടുത്തു.. തന്നെ വീട്ടുകാർ കണ്ടാൽ പ്രശ്നമാകുന്നതുകൊണ്ട് വീട്ടിലേക്ക് പോയില്ല.. ഇനി നേരെ പാലക്കാട് റെയിൽവേ സ്റ്റേഷനിലേക്ക്… ഏഴു മണിക്ക് ലോക്കൽ ട്രെയിൻ ഉണ്ട്. ഫാറൂക്കിൽ ഇറങ്ങിയിട്ട് നേരെ പൊന്നാനിയിൽ പോകണം.. അതാണ് ലക്ഷ്യം.
മാർക്കറ്റ് റോഡ് വഴി അവൻ റെയിൽവേ സ്റ്റേഷനിലേക്ക് വച്ചുപിടിച്ചു..
രംഗനാഥൻ പാലക്കാട് റെയിൽവേയുടെ വെയർ ഹൗസിംഗ് കോർപ്പറേഷനിൽ ലോഡ് ഇറക്കാൻ ചെന്നതായിരുന്നു അപ്പോൾ… സന്ധ്യ ആയതിനാൽ ചുമട്ടുകാർ കുറവാണ്. തന്റെ ലോറിയിൽ നിന്നും ചരക്ക് ചാക്കുകൾ രണ്ടുമൂന്നുപേർ ഇറക്കുന്നുണ്ട് എങ്കിലും കുറെ സമയം പിടിക്കും. ഒരു ചായ കഴിച്ചു വരാം എന്ന് കരുതി തിരക്കുള്ള ആ മാർക്കറ്റ് റോഡിലൂടെ നടക്കാൻ ഇറങ്ങി.
പിന്നിലൊരു ബാഗും തൂക്കി നേരെ മുന്നിലേക്ക് നടന്നുവരുന്ന ജെറിനെ ഒരു നിമിഷം രംഗനാഥൻ കണ്ടു..
ജെറിൻ ഒരുപക്ഷേ രംഗനാഥനെ ശ്രദ്ധിച്ചില്ല..
രംഗനാഥൻ ജെറിൻ റെയിൽവേ സ്റ്റേഷനിലേക്ക് എളുപ്പം കടന്നുപോകാൻ സാധ്യതയുള്ള ആളൊഴിഞ്ഞ റോഡിൽ ഇരുളിന്റെ മറവിൽ മൂർച്ചയുള്ള കടാര ഏളിയിൽ കരുതി അവനെ കാത്തു പതിയിരുന്നു.
ജെറിന്റെ അടുത്ത് എത്തിയതും പെട്ടെന്ന് അരയിൽ നിന്നും കത്തിയെടുത്ത് ജെറിന്റെ പള്ളയിൽ കയറ്റി കത്തി തിരിച്ച് കുടലുകൾ കട്ട് ചെയ്തു. ഉച്ച വെക്കാൻ ശ്രമിച്ച അവന്റെ വായ മൂടിപ്പിടിച്ച് അവനെ റോഡിലേ തകർന്നുകിടക്കുന്ന ഓവുചാലിലേക്ക് തള്ളിയിട്ടു. ശേഷം കത്തിയിലെ രക്തം തുടച്ചു ഒന്നും അറിയാത്തവനെ പോലെ നടന്നുപോയി..
ഒരു അഞ്ചുമണിയായപ്പോൾ തൊട്ട് ആർച്ച മൊബൈലിൽ മെറിനെ വിളിച്ചു നോക്കിയതാണ്.
ആ സമയത്ത് ഒക്കെ അവന്റെ ഫോൺ നോ റീച്ചിബിൾ ആണ്…
ട്രെയിനിൽ ആയിരിക്കും ഒരു ഒരുപക്ഷേ റെയിഞ്ച് കിട്ടുന്നുണ്ടാവില്ല..
സന്ധ്യ ആയിട്ടും ജെറിനെ കാണാത്തതുകൊണ്ട് ആർച്ചക്ക് വേവലാതിയായി..
അവൾ അവന്റെ ഫോണിലേക്ക് പലവട്ടം വിളിച്ചു.. ഇപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആണ്..
രാത്രി എട്ടു മണിയായിട്ടും എത്താറായപ്പോൾ അവൾക്ക് ഭയമായി..
അവൾ ഫോണെടുത്ത് പിന്നെ ഷെറിഫിനെ വിളിച്ചു..
രാവിലെ ഐടി സർട്ടിഫിക്കേഷനായി നാട്ടിലേക്ക് പോയതാണ് ഇതുവരെ വന്നിട്ടില്ല എന്ന് കാര്യം പറഞ്ഞു.
എന്ത് പരിപാടി അവൻ ചെയ്തത്… ഒറ്റയ്ക്ക് ഒരു പ്രഗ്നന്റ് ആയ പെണ്ണിനെ തനിച്ചാക്കി ഇങ്ങനെ പോകാൻ പാടുണ്ടോ നീ പേടിക്കണ്ട ഞാൻ വരാം.
ഷെറിഫ് ഉടനെ വീട്ടിലേക്ക് ചെന്നു.
ഷെരീഫും അവന്റെ ഫോണിൽ നിന്നും പലവട്ടം ജെറിനെ വിളിച്ചു നോക്കി..
അപ്പോഴൊക്കെ സ്വിച്ച് ഓഫ് തന്നെ..
ജെറിന്റെ മറ്റു കൂട്ടുകാരുടെ നമ്പർ ഒന്നും ഷെരീഫിന് അറിയില്ല..
ഈ ഷെറീഫിനു ജെറിനെ അത്രയ്ക്കും പരിചയവും തുടർന്ന് സ്നേഹബന്ധവും ഉണ്ടാവാൻ കാരണം ഒരുനാൾ വാടകയും കൊണ്ട് പാലക്കാട് പോയപ്പോൾ അർദ്ധരാത്രി ഷെരീഫ് യാത്രക്കാരെയും കൊണ്ട് സഞ്ചരിച്ച വണ്ടിയുടെ ടയർ പഞ്ചറായി.. സ്റ്റെപ്പിനിയും പഞ്ചറാണ്. സൺഡേ ആയതുകൊണ്ട് മിക്ക കടകളും തുറന്നിട്ടില്ല.. അന്ന് സെക്കൻഡ് ഷോ നോക്കി വരികയായിരുന്ന ജെറിൻ റോഡ് വിഷമിച്ചു നിൽക്കുന്ന ഇവരെ കണ്ടപ്പോൾ ടയർ ഊരാൻ സഹായിച്ചതും ചേട്ടൻ ഇവിടെ ഇരിക്കു വണ്ടിയിൽ യാത്രക്കാർ ഉള്ളതല്ലേ… ഞാൻ തന്നെ പഞ്ചർ അടച്ച് വരാമെന്ന് പറഞ്ഞിട്ട് കുറേ ദൂരം ഉള്ള അവന്റെ ഏതോ ഒരു കൂട്ടുകാരനെ രാത്രിയിൽ വിളിച്ചുണർത്തി ടയർ പഞ്ചറടച്ച് കാറ്റ് നിറച്ചുകൊണ്ട് തന്ന ചങ്ക് സുഹൃത്തു എന്നതിനാലാണ്.. അതാണ് അന്ന് കൈമാറിയ ഫോൺ നമ്പറിൽ പിന്നീടങ്ങോട്ട് ഒരു നല്ല സൗഹൃദം സ്ഥാപിക്കാൻ ഇടയായത്.. അതുകൊണ്ടുതന്നെയാണ് പക്ക ക്രിമിനലായ അവന്റെ കാമുകിയുടെ ആങ്ങളയുടെ ഇടയിൽ നിന്നും ജെറിനൊരു പ്രശ്നം വന്നപ്പോൾ അവന്റെ കാമുകിയെയും കൂട്ടി ഒളിച്ചോടാൻ സഹായിച്ചു തന്റെ നാട്ടിലേക്ക് കൊണ്ടുവന്നത്..
ഇനിയിപ്പോൾ എന്തു ചെയ്യും ഷെരീഫ്..
നേരം വെളുക്കട്ടെ ആർച്ച അന്വേഷിക്കാം..
ജെറിനെ പ്രതീക്ഷിച്ചു രണ്ടുപേരും അവിടെ ഇരിക്കുകയാണ്. സമയം രാത്രി 10 മണിക്ക് കഴിഞ്ഞു.
ഞാൻ കഴിച്ചതാണ്.. ആർച്ച എന്തെങ്കിലും കഴിച്ച് കിടന്നുറങ്ങിക്കോളു.. ഞാൻ വണ്ടിയിൽ കിടന്നുറങ്ങിക്കൊള്ളാം.
അയ്യോ കാറിലോ.. ഷെറിഫ് പൊക്കോളും രാവിലെ വന്നാൽ മതി…
അത് സാരമില്ല ഞങ്ങൾക്ക് ഇതു നല്ല ശീലമാണ് കാറിൽ കിടക്കുന്നത്..
ഈ ജെറിൻ എവിടെ പോയി കിടക്കുകയാണ്..
അകത്ത് വേറൊരു റൂമ് കൂടിയുണ്ട്. ഷെറിഫിനോട് എന്താ പറയുക..
ഷെരീഫ് കാറിൽ പോയി കിടന്നപ്പോൾ അവൾ വാതിലടച്ച് ഉറങ്ങാൻ കിടന്നു.
എത്ര ശ്രമിച്ചിട്ടും കണ്ണിലേക്ക് ഉറക്കം വരുന്നില്ല..
ഈ ജെറിന് എന്തുപറ്റി..
പ്രഭാതത്തിൽ തന്നെ ഷെറിഫ് ആർച്ചയോട് പറഞ്ഞു കാറുമെടുത്തു ജെറിനെ അന്വേഷിക്കാൻ പാലക്കാട്ടേക്ക് പോയി..
ആർച്ചയ്ക്ക് ഒരു സമാധാനവുമില്ല..
അപ്പോഴാണ് അവൾ മൊബൈലിൽ ന്യൂസ് ലൈവ് വീഡിയോ യൂട്യൂബിൽ കാണുന്നത്..
ഇന്ന് വൈകിട്ട് പാലക്കാട് മാർക്കറ്റിലെ റെയിൽവേ സ്റ്റേഷൻ റോഡിലെ ഓടയിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ യുവാവ് പാലക്കാട് പട്ടാമ്പിയെ ജെറിൻ ആണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.. ജെറിൻ എന്ന യുവാവ് വയസ് 27.. കുറച്ച് മാസങ്ങൾക്കു മുമ്പ് കാമുകിയോടൊപ്പം ഒളിച്ചോടിയ യുവാവിനെ പിന്നീട് ബന്ധുക്കൾ കാണുന്നത് സ്വന്തം നാട്ടിൽ തന്നെ റോഡ് വക്കിലെ ഓടയിൽ കൊല്ലപ്പെട്ട നിലയിലാണ്… പാലക്കാട് തന്നെയുള്ള പട്ടര് കുടുംബത്തിൽപ്പെട്ട പെൺകുട്ടിയുമായി കടന്നു കളഞ്ഞ യുവാവിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് വീട്ടുകാർ പോലീസിനോട് പറഞ്ഞു..
ആ വാർത്ത കേട്ട് ആർച്ച തരിച്ചിരുന്നു പോയി..
ഈശ്വരാ ഇനി എന്തു ചെയ്യും… എങ്ങനെ ജീവിക്കും അവളുടെ കണ്ണിൽ നിന്നും ധാരധാരയായി കണ്ണീരൊഴുകി.. താൻ തനിച്ചാണല്ലോ എന്നുള്ള ബോധം ഒരു നിമിഷം അവളെ പിടികൂടി..
പിന്നെ പെട്ടെന്ന് ഒരു വിപത് ധൈര്യം കടന്നുവന്നു.
അവൾ ഷെറിഫിനെ വിളിച്ചു..
ഷെറിൻ നമ്മുടെ ജെറിൻ പോയി… അണ്ണൻ കൊന്നു…
ആ ആർച്ചേ… ഞാൻ പാലക്കാട് ആണുള്ളത് ഇവിടെ എത്തിയപ്പോഴാണ് ഞാനും വിവരം അറിഞ്ഞത്.. ഞാൻ തിരിച്ച് വരുന്നുണ്ട്..അതുവരെ നീ സമാധാനമായിരിക്ക്..
ഷെരീഫ് ആർച്ചയുടെ വീട്ടിലേക്ക് എത്തി..
അവൻ വീടിനകത്ത് പ്രവേശിച്ചതും ആർത്തലച്ചുകൊണ്ട് ആർച്ച അവനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.. എനിക്കിനി ആരുമില്ലോ ഇക്കാ ഞാൻ ഇനി എന്ത് ചെയ്യും..
ആർച്ച നീ സമാധാനിക്ക്… എല്ലാത്തിനും ദൈവം വഴി ഉണ്ടാക്കും.
ആർച്ച കെട്ടിപ്പിടിച്ചപ്പോൾ ഉറങ്ങുകയായിരുന്ന ഷെരീഫ് ഞെട്ടി ഉണർന്നു.
അവൻ തൊട്ടിലിലേക്ക് നോക്കി. അതു ഉണർന്ന് സീറോ ബൾബിനെ നോക്കി അതിന്റെ ഇരുകൈയിലെയും വിരലുകൾ നുണഞ്ഞ് എന്തോ പറയുകയാണ് അപ്പോൾ…
ശരിയാണ്…അന്ന് വിവാഹം ചെയ്യാൻ വേണ്ടി ഒളിച്ചോടി വന്ന കാമുകനായ ജെറിനെ നഷ്ടപ്പെട്ട വേദനയിൽ കരയുന്ന ആ അവസരത്തിൽ താൻ ആർച്ചയ്ക്ക് കൊടുത്ത ധൈര്യവും സമാധാനവും തുടർന്ന് അങ്ങോട്ട് ജെറിനെ കൊന്ന സ്വന്തം ആങ്ങളയായ രംഗനാഥനെ ജയിലിൽ കയറ്റുവാനും അവളുടെ ഓരോ മനോ കാമനകൾ പൂർത്തീകരിക്കാനും എന്തിനേറെ അവൾക്ക് തന്നെ ഒരു ജീവിതം കൊടുക്കുവാനും പര്യാപ്തമായി..
നാട്ടുകാരും വീട്ടുകാരും ആദ്യം കുറ്റപ്പെടുത്തി എങ്കിലും ഇപ്പോൾ തങ്ങളുടെ ജീവിതം കാണുമ്പോൾ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും കാര്യങ്ങൾ പറഞ്ഞു വാഴ്ത്തുകയാണ്.. തനിക്ക് അതുമതി.. താൻ കണ്ട പാതിരാ സ്വപ്നം മറന്നു ഷെരീഫ് ആർച്ചയെ സ്നേഹം കൊണ്ട് പൊതിഞ്ഞു പിടിച്ചു.