അവസാന ഭാഗം❤
ശക്തമായ മഴ പെയ്തു തോർന്നു…. റെയിൽവേസ്റ്റേഷനിലെ ചെയറിൽ ഇരിക്കുമ്പോൾ തണുപ്പ് കൊണ്ട് ശ്രീബാല ചെറുതായി വിറച്ചു… പ്ലാറ്റ്ഫോമിന്റെ മേൽക്കൂരയിൽ നിന്ന് മഴത്തുള്ളികൾ ഇറ്റു വീഴുന്നുണ്ട്… അവൾ ഫോണെടുത്ത് ഭരതനെ വിളിച്ചു…
“അവനെ കണ്ടോ മോളേ?”
“ഇല്ലച്ഛാ…ചിലപ്പോൾ മഴകാരണം അപ്പുറത്തെ പ്ലാറ്റ്ഫോമിൽ നില്കുന്നുണ്ടാകും… ഞാനിവിടെ സ്റ്റേഷൻമാസ്റ്ററുടെ റൂമിന് മുൻപിലുണ്ട്….”
“ശരി നീ വയ്ക്ക്…”
അവളുടെ ഹൃദയം പെരുമ്പറ മുഴക്കിക്കൊണ്ടിരുന്നു…. മഹേഷിനെ എങ്ങനെ അഭിമുഖീകരിക്കുമെന്നറിയില്ല… മണിക്കൂറുകൾ നീണ്ട യാത്ര ചെയ്യേണ്ടതാണ്… പണ്ട് അവൻ കൂട്ടിനു വരുമ്പോൾ എന്തെന്നില്ലാത്ത ആനന്ദമാണ് ഉണ്ടായിരുന്നത്… ഇപ്പോൾ കുറ്റബോധവും സങ്കടവും മനസിനെ അലട്ടുന്നു…. ഓവർ ബ്രിഡ്ജിന്റെ പടിയിറങ്ങി വരുന്നവരുടെ കൂട്ടത്തിൽ മഹേഷിനെ കണ്ടതോടെ അവളുടെ വിറയൽ വർദ്ധിച്ചു… ഫോണും ചെവിയിൽ വച്ച് അവൻ ചുറ്റും നോക്കുകയാണ്… ഭരതനോടായിരിക്കും സംസാരിക്കുന്നതെന്ന് അവൾ ഊഹിച്ചു… അവൻ തന്നെ തേടുകയാണ്.. കൈ ഉയർത്തി കാണിക്കണമെന്ന് തോന്നിയെങ്കിലും അവൾ അത് അടക്കി…. ഒടുവിൽ അവൻ അവളെ കണ്ടു.. ഫോൺ പോക്കറ്റിലിട്ട് അടുത്തേക്ക് വന്നു..
“ഞാൻ ടിക്കറ്റ് എടുത്തിട്ട് വരാം… ഇവിടെ ഇരിക്ക്..”
ശ്രീബാലയുടെ മുഖത്തു നോക്കാതെ അവൻ പറഞ്ഞു..
“ഞാൻ എടുത്തിട്ടുണ്ട്…” ബാഗിൽ നിന്ന് അവൾ ട്രെയിൻ ടിക്കറ്റ് അവനെ കാണിച്ചു..
“എത്ര മണിക്കാ ട്രെയിൻ?”
“മൂന്ന് മണി..”
അവൻ വാച്ചിൽ നോക്കി.. സമയം രണ്ടര ആകുന്നതേ ഉള്ളൂ..
“എന്തെങ്കിലും കഴിക്കാം… എനിക്ക് വിശക്കുന്നുണ്ട്..”
ആരോടെന്നില്ലാതെ പറഞ്ഞിട്ട് അവൻ നടന്നു… ബാഗുമെടുത്ത് പിന്നാലെ ശ്രീബാലയും.. ഹോട്ടലിൽ കയറി ഊണ് കഴിക്കുമ്പോൾ അവൾ മഹേഷിനെ ഒന്ന് പാളി നോക്കി… അവൻ ഭക്ഷണത്തിൽ മാത്രം ശ്രദ്ധിക്കുകയാണ്… വർഷങ്ങൾക്ക് മുൻപ് ബസ് സ്റ്റാൻഡിനടുത്തുള്ള ഹോട്ടലിൽ തന്നെ കൂട്ടിക്കൊണ്ടുപോയ ആ രംഗം ശ്രീബാലയുടെ മനസ്സിൽ ഓടിയെത്തി… വിശപ്പറിഞ്ഞു ഭക്ഷണം വാങ്ങി തന്നവൻ… മുന്നോട്ടുള്ള ജീവിതത്തിൽ താങ്ങായി നിന്നവൻ… അവനെയാണ് താൻ വേറൊരുത്തന്റെ വാക്ക് വിശ്വസിച്ച് വേദനിപ്പിച്ചത്… അവൾക്ക് സ്വയം അവജ്ഞ തോന്നി.. എന്തൊരു നീചയാണ് താൻ… ഇനി ശരിക്കും രേഷ്മയുമായി ബന്ധം ഉണ്ടായിരുന്നെങ്കിൽ പോലും അവനെ കുറ്റപ്പെടുത്താൻ തനിക്കു എന്താണ് അർഹത…? മഹേഷ് എന്നൊരു വ്യക്തിയുടെ സഹായം കൊണ്ടു മാത്രമാണ് ഇന്ന് ഈ നിലയിലെത്തിയത്.. അത് മറന്നു പോയി… ഹൃദയത്തിലെ നോവ് ശരീരം മുഴുവൻ പടർന്നപ്പോൾ ശ്രീബാല എഴുന്നേറ്റു കൈ കഴുകി പുറത്തേക്ക് നടന്നു….
ട്രെയിനിൽ അധികം തിരക്കൊന്നും ഉണ്ടായിരുന്നില്ല.. അവളിരുന്നതിന്റെ നേരെ എതിർ വശത്ത് മഹേഷും ഇരുന്നു… ഒരിക്കൽ പോലും അവൻ തന്റെ മുഖത്തേക്ക് നോക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ അവളുടെ നെഞ്ചിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു…. കണ്ണുകൾ നിറഞ്ഞു വരുന്നുണ്ട്…. അത് മറച്ചു പിടിക്കാൻ ബാഗിൽ നിന്ന് ഒരു പുസ്തകം എടുത്ത് നിവർത്തി അതിലേക്ക് നോക്കിയിരുന്നു… അടുത്ത സ്റ്റേഷനിൽ എത്തിയപ്പോൾ ഒരു മധ്യ വയസ്കൻ അങ്ങോട്ട് വന്നു…
“കുറച്ച് നീങ്ങിയിരിക്ക് കൊച്ചേ..”
അയാൾ വാ തുറന്നപ്പോൾ മദ്യത്തിന്റെ ഗന്ധം അവൾക് അനുഭവപ്പെട്ടു… അവൾ ദയനീയമായി മഹേഷിനെ നോക്കി… അവന് കാര്യം മനസിലായി..
“ചേട്ടൻ ഇവിടെ ഇരുന്നോ..” അവൻ എഴുന്നേറ്റു ശ്രീബാലയുടെ അരികിൽ ഇരുന്നു… അയാൾ ഇച്ഛാഭംഗത്തോടെ അവന്റെ സീറ്റിലും…. അവൾക്കു എന്തെന്നില്ലാത്ത ആശ്വാസവും ആഹ്ലാദവും തോന്നി… മഹിയേട്ടൻ തന്റെ തൊട്ടരികിൽ… ആ സുരക്ഷിതത്വം മതിയായിരുന്നു അവൾക്ക്… ട്രെയിൻ വീണ്ടും മുന്നോട്ട് നീങ്ങി… ഇടയ്ക്കെപ്പോഴോ അവൾ ഉറങ്ങിപ്പോയി.. അതും തല മഹേഷിന്റെ ചുമലിലേക്ക് ചായ്ച്ചു വച്ചു കൊണ്ട്,….. അവൻ അനങ്ങിയില്ല…… എത്രയോ നാളുകൾക്കു ശേഷമാണ് ഇങ്ങനെ ചേർന്നിരുന്നൊരു യാത്ര…. അവളെ മടിയിലേക്ക് കിടത്തണമെന്ന് മനം കൊതിച്ചെങ്കിലും അവൻ സ്വയം നിയന്ത്രിച്ചു…ജീവിതത്തിൽ വിജയിച്ച പെണ്ണിനെ നേടാൻ വേണ്ടിയാണ് താൻ ഇപ്പോൾ സ്നേഹം കാട്ടുന്നത് എന്നവൾ ചിന്തിക്കുമോ എന്നൊരു ഭയം അവനെ അലട്ടുന്നുണ്ട്…. എന്നെങ്കിലും അവൾ ആദ്യം സംസാരിക്കട്ടെ…. അതുവരെ കാത്തിരിക്കാം… മഹേഷ് തീരുമാനിച്ചു….
“നിനക്ക് ഇവിടടുത്തുള്ള ഏതേലും ആശുപത്രിയിലേക്ക് മാറ്റം കിട്ടുമോ എന്ന് നോക്കിക്കൂടെ മോളേ?”
ഭരതൻ ചോദിച്ചു… ശോഭയുടെ ആണ്ട് കഴിഞ്ഞ് രണ്ടാമത്തെ ദിവസമാണ്….
“ഇത് വേറൊരു ജില്ലയിൽ…അതും ഒറ്റയ്ക്ക്…”
” അച്ഛാ…ജില്ല മാറി ട്രാൻസ്ഫർ കിട്ടണമെങ്കിൽ എട്ട് വർഷം കഴിയണം…”
“വല്ല രാഷ്ട്രീയക്കാരെയും കണ്ടാൽ കാര്യം നടക്കുമോ?”
“നടക്കും.. പക്ഷേ സീനിയോറിട്ടി കുറയും… ഇപ്പോൾ എന്താ പ്രശ്നം?”
“അല്ല, അടുത്ത് ആണെങ്കിൽ നിനക്ക് ഇവിടെ തന്നെ താമസിക്കാമല്ലോ എന്നോർത്താ…”
“ദൂരെ ആണെങ്കിലും അത് നടക്കും… കുറച്ചു കഷ്ടപ്പാട് ആണെന്നെ ഉള്ളൂ…”
ശ്രീബാല പുഞ്ചിരിച്ചു…ഭരതനു അവൾ ഉദ്ദേശിച്ചത് മനസിലായില്ല….
“എന്താ മോളേ?”
“ഞാൻ ഇവിടെ താമസിച്ചു കൊണ്ട് ജോലിക്ക് പോയ്ക്കോട്ടെ? അച്ഛന് വിരോധമുണ്ടോ?”
അയാൾ അന്ധാളിപ്പോടെ ഒരു നിമിഷം നിന്നു….
“നീ കാര്യമായിട്ടാണോ?”
“അതെ… എനിക്ക് ഇനിമുതൽ ഓപ്പറേഷൻ തീയേറ്റർ ഡ്യൂട്ടി ആണ്… രാവിലെ അഞ്ചരയ്ക്ക് ഉള്ള ട്രെയിനിൽ പോകാം… രാത്രി എട്ടര മണി ആകുമ്പോ തിരിച്ചു വരാം.. മഹിയേട്ടൻ ആ സമയത്തല്ലേ ബസിൽ പോകുന്നതും വരുന്നതും…? എനിക്കും കൂടെ പോകാലോ… എന്നെ സ്റ്റേഷനിൽ വിടാനും തിരിച്ചു കൊണ്ടു വരാനും മഹിയേട്ടന് ബുദ്ധിമുട്ട് ഇല്ലെങ്കിൽ മാത്രം…”
“അവനൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല… ഇനി ഉണ്ടെങ്കിൽ തന്നെ സഹിച്ചോട്ടെ…”
സന്തോഷം കൊണ്ട് ഭരതന്റെ ശബ്ദം ഇടറി… അയാൾ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തു… അവൾ അവിടെ ഒതുങ്ങിക്കൂടി…
“എല്ലാം എന്റെ തെറ്റായിരുന്നു അച്ഛാ… എനിക്ക് മാപ്പ് തരാൻ മഹിയേട്ടന് പറ്റുമോ?”
അവൾ വിങ്ങിപ്പൊട്ടി…. അതിരറ്റ വാത്സല്യത്തോടെ ഭരതൻ അവളുടെ പുറത്തു തലോടി…
“ഒരാൾക്ക് പറയാനുള്ളത് ക്ഷമയോടെ കേൾക്കാൻ മറ്റെയാൾ തയ്യാറായാൽ തീരാവുന്നതാ ഈ ഭൂമിയിലെ ഒരുവിധം പ്രശ്നങ്ങളെല്ലാം…. പക്ഷേ നമ്മളിൽ പലരും അതു ചെയ്യില്ല… സ്വന്തം വാശികളിൽ ഉറച്ചു നിൽകുമ്പോൾ തകരുന്നത് നമ്മുടെ തന്നെ ജീവിതമാണെന്ന് ചിന്തിക്കുകയില്ല… ദേഷ്യത്തിൽ എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും മാറ്റാനും പറ്റില്ല.. പക്ഷേ ഇവിടെയും ദൈവം സഹായിച്ച് നിങ്ങൾക്ക് വലിയ നഷ്ടങ്ങളൊന്നും വന്നിട്ടില്ല.. കുറച്ചു നാൾ പിരിഞ്ഞു നിന്നു.. എന്നാലും രണ്ടുപേരുടെയും മനസ്സിൽ ആ ഇഷ്ടം പഴയത് പോലെ തന്നെ ഉണ്ടായിരുന്നു.. അതുകൊണ്ടല്ലേ വേറൊരാളെ കണ്ടെത്താഞ്ഞത്…. ഇനി മനസ് തുറന്നു സംസാരിച്ചാൽ മതി… അതിൽ ഞാൻ ഇടപെടില്ല… “
അയാൾ അവളുടെ മുഖം പിടിച്ച് ഉയർത്തി…
“കഴിഞ്ഞതിനെ കുറിച്ച് ഓർക്കാതെ, ഇനി മുന്നോട്ട് എന്തെന്ന് മാത്രം ചിന്തിക്ക്… കേട്ടല്ലോ….?”
ശ്രീബാല പതിയെ തലയാട്ടി..
“ആ കുട്ടി തിരിച്ചു വന്നു അല്ലേ?” രേഷ്മ ചോദിച്ചു….
“ഉവ്വ്…” മഹേഷ് മറുപടി നൽകി… അവളുടെ വീട്ടിലായിരുന്നു രണ്ടു പേരും…പോണ്ടിച്ചേരിയിലെ ഒരു സ്കൂളിൽ അവൾക്ക് ജോലി കിട്ടിയിട്ടുണ്ട്… അവിടേക്ക് മാറാനുള്ള തയ്യാറെടുപ്പ് ആണ്.. പോകും മുൻപ് ഒന്ന് കാണണമെന്ന് പറഞ്ഞിട്ട് വന്നതായിരുന്നു മഹേഷ്…
“നന്നായി…. പക്ഷേ ഇത്രേം ദൂരം ദിവസവും യാത്ര ചെയ്യുക എന്നൊക്കെ പറഞ്ഞാൽ… പാവം… നിന്നെ വിട്ടു പോകാൻ ഇഷ്ടമില്ലാഞ്ഞിട്ടാ മഹീ…”
“അറിയാം ചേച്ചീ….”
“നിങ്ങൾ ഒന്നും സംസാരിക്കാറില്ലേ?”
“അങ്ങനെ മിണ്ടാതിരിക്കാറൊന്നും ഇല്ല.. കാര്യങ്ങൾ സംസാരിക്കും… രാവിലെ ഞാൻ സ്റ്റേഷനിൽ കൊണ്ട് വിടും.. രാത്രി തിരിച്ചു കൊണ്ടുവരും.. വന്ന ശേഷം അച്ഛനോട് കുറച്ചു സംസാരിച്ചിട്ട് അവള് മുറിയിൽ പോയി കിടന്നുറങ്ങും….അത്ര തന്നെ…”
അത് കള്ളമാണെന്ന് രേഷ്മയ്ക്ക് മനസിലായി…
“എടാ.. ഇതിങ്ങനെ എത്രനാളെന്നു വച്ചാ?.. നല്ലൊരു മുഹൂർത്തം നോക്കി അവളുടെ കഴുത്തിൽ ഒരു താലി കെട്ട്…”
“ചേച്ചിയുടെ കാര്യമോ?”
രേഷ്മ ഒന്ന് ചിരിച്ചു…
“എന്റെ എന്തു കാര്യം? സതീഷ് ഇടയ്ക്കിടക്ക് വിളിക്കും,.. തീരുമാനത്തിൽ മാറ്റം ഉണ്ടോ എന്നറിയാൻ…”
“സമ്മതിച്ചൂടെ? പുള്ളിക്കാരൻ തെറ്റുകൾ അംഗീകരിച്ച് ക്ഷമ ചോദിച്ചില്ലേ? മോൾക്ക് വേണ്ടിയെങ്കിലും?”
“ആലോചിക്കാം.. എനിക്ക് കുറച്ചു സമയം വേണമെന്ന് പറഞ്ഞിട്ടുണ്ട്… പുതിയ നാടും ജോലിയും എല്ലാമൊന്നു സെറ്റ് ആകട്ടെ… അതിന് ശേഷം വേണമെന്ന് തോന്നിയാൽ മാത്രം ഞാൻ സമ്മതിക്കും… സതീഷ് ഒരുപാട് മാറിയിട്ടുണ്ട് എന്ന് ഉറപ്പാണ്… നിന്നെ കാണാൻ വരുമെന്ന് അവസാനം വിളിച്ചപ്പോൾ പറഞ്ഞിരുന്നു…”
മഹേഷ് എഴുന്നേറ്റു…
“പോട്ടെ ചേച്ചീ…. അവിടെ എത്തിയിട്ട് വിളിക്ക്…. “
“മഹീ….”
അവൻ ചോദ്യഭാവത്തിൽ നോക്കി….
“ഞാനൊന്ന് ഹഗ് ചെയ്തോട്ടെ? തെറ്റിദ്ധരിക്കണ്ട… വേറെ ഉദ്ദേശമൊന്നുമില്ല..ഇപ്പോൾ നിന്നോട് സ്നേഹവും ബഹുമാനവും മാത്രമാണ്….”
മഹേഷ് ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കൈകൾ വിടർത്തി…അവൾ അടുത്തേക്ക് വന്ന് അവനെ കെട്ടിപ്പിടിച്ചു..
“ശ്രീബാല ഭാഗ്യം ചെയ്ത കുട്ടിയാ മഹീ… നിങ്ങൾക്ക് നല്ലതേ വരൂ… ഞാൻ പ്രാർത്ഥിക്കുന്നുണ്ട്…”
രേഷ്മ അകന്നു മാറി…. അവളോട് യാത്ര പറഞ്ഞു തിരിച്ചു പോരുമ്പോൾ കാരണമറിയാത്ത ഒരു കുളിർമ അവന് അനുഭവപ്പെട്ടു….
രണ്ടു ദിവസങ്ങൾക്കു ശേഷം രാത്രി ശ്രീബാലയെ കൂട്ടി കൊണ്ടു വന്ന ശേഷം അവനും ഭരതനും മുറ്റത്തിരുന്ന് സംസാരിക്കുകയായിരുന്നു…
“രേഷ്മചേച്ചിയുടെ ഭർത്താവ് ഇന്ന് കാണാൻ വന്നിരുന്നു..”
“എന്നിട്ട്?” ഭരതൻ ആകാംക്ഷയോടെ ചോദിച്ചു…
“കുറേ മാപ്പ് പറഞ്ഞു…അന്നങ്ങനെയൊക്കെ പറ്റിപ്പോയതാണ്… അതിൽ ദുഖമുണ്ട് ഒന്നും മനസ്സിൽ വയ്ക്കരുത് എന്നൊക്കെ…”
“ഉം….ആ കൊച്ച് വേറെങ്ങോ പോകുന്നു എന്ന് പറഞ്ഞല്ലോ? പോയോ?”
“ങാ… ഇന്ന് രാവിലെ അവിടെ എത്തി എന്നും പറഞ്ഞു മെസ്സേജ് അയച്ചിരുന്നു…”
“എല്ലാം കലങ്ങി തെളിയട്ടെ… ഇവിടുത്തെ കാര്യം കൂടി ശരിയായാൽ മതിയാരുന്നു….”
മഹേഷ് ഒന്നും മിണ്ടാതെ ആകാശത്തേക്ക് നോക്കി… മഴ പെയ്യാൻ സാധ്യത ഉണ്ടെന്ന് തോന്നുന്നു..ശ്രീബാല അങ്ങോട്ട് വന്നപ്പോൾ അവൻ അകത്തു കയറിപ്പോയി… അവൾക്ക് വിഷമം തോന്നിയെങ്കിലും പ്രകടിപ്പിക്കാതെ ഭരതന്റെ അടുത്തിരുന്നു… രണ്ടുപേരും മാതുവമ്മയുടെ വീട്ടിലേക്ക് നോക്കി… ഇരുളിൽ ഭൂതകാലത്തിന്റെ ശേഷിപ്പ് പോലെ ആ കൊച്ചു വീട്…..
“മാതുവമ്മയുടെ മോൻ എന്നെങ്കിലും വരുമോ അച്ഛാ?”
“ആർക്കറിയാം..ബന്ധങ്ങളുടെ വില മനസിലാക്കാതെ സന്യാസം സ്വീകരിച്ചവനല്ലേ… ചിലപ്പോൾ മോക്ഷം കിട്ടിക്കാണും… അവൻ വരികയോ വരാതിരിക്കുകയോ ചെയ്യട്ടെ…. അവരിന്നും എന്റെ കൂടെ ഉണ്ട്…”
അയാൾ ഒന്ന് നിശ്വസിച്ചു… പിന്നെ അവളുടെ നേരെ തിരിഞ്ഞിരുന്നു..
“നിനക്ക് നിന്റെ കുടുംബക്കാരെ കാണാനൊന്നും തോന്നുന്നില്ലേ?”
“കുറച്ചു കാലം മുൻപ് തോന്നിയിരുന്നു… ഇപ്പോൾ ഇല്ല… എന്റെ കുടുംബം അല്ലേ ഇത്?”
“ഞാൻ ഒന്ന് അന്വേഷിച്ചിരുന്നു..”
“എന്നിട്ട്?”
“നിന്റെ മാമൻ വീടും സ്ഥലവുമൊക്കെ വിറ്റ് വേറെങ്ങോ ആണ് താമസം… അവനും ഭാര്യയും തമ്മിൽ എന്തൊക്കെയോ പ്രശ്നം.. അവള് മക്കളെയും കൊണ്ട് വീട്ടിലേക്ക് പോയി… പിന്നെ നിന്റെ അച്ഛൻ മുരളി…. എന്തോ കേസിൽ പെട്ട് കുറച്ചു നാള് ജയിലിൽ ആയിരുന്നു.. അതു കഴിഞ്ഞ് നാട് വിട്ടു… ഇപ്പോൾ ബോംബെയിലോ മറ്റോ ആണ്.. “
“അച്ഛനെന്തിനാ ഇപ്പോൾ അവരെയൊക്കെ തിരക്കി പോയത്? ഇത്രയും നാൾ ഞാൻ ജീവനോടെ ഉണ്ടോ അതോ മരിച്ചോ എന്ന് അന്വേഷിക്കാത്തവരാ…”
ശ്രീബാലയ്ക്കു ദേഷ്യം വന്നു…
“കല്യാണത്തിന് പെണ്ണിന്റെ കൈപിടിച്ച് കൊടുക്കേണ്ടത് അവളുടെ അച്ഛനാ…. അതുകൊണ്ട് അന്വേഷിച്ചു..”
“കല്യാണമോ?”
“അതെന്താ വേണ്ടേ? ഒരു വീട്ടിൽ ഇങ്ങനെ ജീവിതകാലം മുഴുവൻ കഴിയാനാണോ നിങ്ങളുടെ പ്ലാൻ? നടക്കില്ല…”
“അത് ഞാൻ മാത്രം വിചാരിച്ചാൽ മതിയോ? ഇവിടെ വന്നിട്ട് ഇത്രേം നാളായിട്ട് എന്നോടൊരു വാക്ക് പോലും മിണ്ടാത്ത ആളെയാണോ കല്യാണം കഴിക്കേണ്ടത്? എന്നും രാവിലേ ഒരുമിച്ച് പോകും, രാത്രി വരും…. സുഖമാണോ എന്നുപോലും ചോദിക്കില്ല… വേണ്ട.. ഞാൻ അവിടെ തന്നെ നിന്നാലോ എന്നാലോചിക്കുകയാ…”
അവൾ എഴുന്നേറ്റു…
“അച്ഛൻ പോയി കിടന്നോ… ഇപ്പോൾ മഴ പെയ്യും…”
തണുത്തൊരു കാറ്റ് വീശി… പിന്നാലെ ശക്തമായ മഴയും… രണ്ടു പേരും ഉമ്മറത്തേക്ക് ഓടിക്കയറി..ഒരു കാറ്റ് കൂടി വീശിയതോടെ കറന്റ് പോയി…
“നാശം…. ഞാൻ എമർജൻസി ലാമ്പ് കുത്തിയിടാൻ മറന്നു പോയി.. ആ മേശപ്പുറത്തു മെഴുകുതിരി ഉണ്ടാകും… വിളക്കിന്റെ അടുത്ത് തീപ്പെട്ടിയും…”
ഭരതൻ കസേരയിലേക്ക് ഇരുന്ന് കൊണ്ട് പറഞ്ഞു.. ശ്രീബാല അകത്തേക്ക് നടന്നു…ആദ്യം തീപ്പെട്ടി എടുത്ത് ഉരച്ച് അതിന്റെ വെട്ടത്തിൽ മെഴുകുതിരി കണ്ടെത്തി… അതു കത്തിക്കാൻ ശ്രമിക്കുമ്പോഴാണ് കുളി കഴിഞ്ഞ് തല തൂവർത്തിക്കൊണ്ട് മഹേഷ് അങ്ങോട്ട് വന്നത്….. ഒരു നിമിഷം അവളുടെ ശ്രദ്ധ പതറി… ഇടത്തെ കൈ വിരലിൽ പൊള്ളലേറ്റു….മഹേഷ് അവളുടെ അടുത്ത് വന്ന് മെഴുകുതിരി വാങ്ങി കത്തിച്ച് മേശമേൽ നിർത്തി….
“കൈ കാണിച്ചേ… നോക്കട്ടെ..”
“കുഴപ്പമൊന്നുമില്ല..”
അവൻ അതു ഗൗനിക്കാതെ അവളുടെ വിരൽ പിടിച്ചു പരിശോധിച്ചു. ചെറിയ പൊള്ളൽ ഉണ്ട്…വാഷ് ബേസിന്റെ അടുത്തേക്ക് അവളെ കൊണ്ടുപോയി വെള്ളം തുറന്നു വിട്ട് വിരൽ അതിനടിയിൽ കുറെ നേരം വച്ചു…
“ഇനി മാറിക്കോളും… വേദന ഉണ്ടെങ്കിൽ ഒരു ഓയിൽമെന്റ് അച്ഛന്റെ മുറിയിലുണ്ട് അത് പുരട്ടിയാൽ മതി..”
അവൻ അബദ്ധം പറ്റിയത് പോലെ തലയിൽ തട്ടി..
“നേഴ്സിനോടാണോ ഞാൻ ഇതൊക്കെ പറയുന്നേ…. സോറി…”
അവൾ തലകുനിച്ചു നടന്നു…
“ബാലേ….” അവൻ മൃദുലമായി വിളിച്ചു…ശ്രീബാല ഒന്ന് ഞെട്ടി…. പക്ഷേ അവൾ തിരിഞ്ഞു നോക്കിയില്ല…
“ഇന്നും എന്നോട് ദേഷ്യമാണോ?” അവന്റെ ആ ചോദ്യത്തോടെ അവൾ ആകെ തകർന്നു പോയി..പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ അവന്റെ നെഞ്ചിലേക്ക് വീണു…
“എനിക്കാണോ ദേഷ്യം? പറ…? എനിക്കാണോ?ശിക്ഷിച്ചു മതിയായില്ലേ ?”
കരച്ചിൽ കേട്ട് ഭരതൻ വാതിൽക്കൽ വന്ന് നോക്കി… പിന്നെ തിരിഞ്ഞു, തൂക്കിയിട്ടിരുന്ന കാലൻ കുട തുറന്ന് മാതുവമ്മയുടെ വീട്ടിലേക്ക് നടന്നു…അടഞ്ഞു കിടക്കുന്ന ആ വീടിന്റെ വാതിൽക്കൽ വെറും നിലത്ത് ഇരുന്ന് അയാൾ തന്റെ വീട്ടിലേക്ക് നോക്കി..
“അവര് സംസാരിക്കട്ടെ… ഈ മഴ തീരുമ്പോഴേക്ക് എല്ലാം പറഞ്ഞു തീർക്കട്ടെ… അല്ലേ മാതുവമ്മേ?”
തണുത്തൊരു കാറ്റ് അയാളെ തഴുകി…
ശ്രീബാല അവനെ ഇറുകിപുണർന്നു കൊണ്ട് കരയുകയാണ്…
“ഞാൻ ചെയ്തത് തെറ്റ് തന്നെയാ… എന്നെ പിടിച്ചു നിർത്തി കരണത്ത് ഒരടി അടിച്ച് എല്ലാം പറഞ്ഞൂടായിരുന്നോ? എന്നെ കൊല്ലാൻ വരെ അധികാരമുള്ള ആളല്ലേ മഹിയേട്ടൻ? എന്നിട്ട് എന്റെ മണ്ടത്തരത്തെ അംഗീകരിച്ച് ഇത്രയും നാൾ…. എങ്ങനെ തോന്നി മഹിയേട്ടാ? ഞാനൊരു പൊട്ടി ആണെന്ന് അറിഞ്ഞൂടെ?….”
അവൾ നിലത്തേക്ക് ഇരുന്ന് അവന്റെ കാലിൽ മുഖം അമർത്തി…
“മാപ്പ്…. എന്നെ വെറുക്കല്ലേ മഹിയേട്ടാ… എനിക്ക് ആരുമില്ല..”
കരച്ചിലിനിടയിലൂടെ വാക്കുകൾ മുറിഞ്ഞു മുറിഞ്ഞു പുറത്തേക്ക് വന്നു.. മഹേഷ് അവളെ പിടിച്ചെഴുന്നേൽപ്പിച്ചു..
“ബാലേ, ഇങ്ങോട്ട് നോക്ക്… ഞാൻ നിന്നെ വെറുത്തു എന്ന് ആരാ പറഞ്ഞത്? എനിക്കതിനു കഴിയുമോ? പറയാനുള്ളത് കേൾക്കാൻ നില്കാതെ നീ പോയപ്പോൾ ഒത്തിരി സങ്കടപ്പെട്ടു എന്നത് സത്യമാ.. പക്ഷേ നിന്നോട് ദേഷ്യമോ വെറുപ്പോ ഉണ്ടായില്ല… സത്യം തിരിച്ചറിഞ്ഞ് നീ വരട്ടെ എന്ന വാശി ആയിരുന്നു ആദ്യം… കുറേ നാൾ കഴിഞ്ഞപ്പോൾ അതു മാറി നിന്നെ കാണാനും സംസാരിക്കാനും കൊതി ആയി… അപ്പോഴാ നിനക്ക് ഗവണ്മെന്റ് ജോലി കിട്ടിയത്… അതിന് ശേഷം ഞാൻ വന്നാൽ നിനക്ക് നല്ലൊരു ലൈഫ് കിട്ടിയത് കൊണ്ടാ ഞാൻ വരുന്നതെന്ന് നീ ചിന്തിക്കുമോ എന്നൊരു പേടി തോന്നി… “
മഹേഷിന്റെ കണ്ണുകളും നിറഞ്ഞു തൂവി..
“അങ്ങനാണോ മഹിയേട്ടൻ എന്നെക്കുറിച്ചു കരുതിയത്? നിങ്ങൾ തന്ന ദാനമല്ലേ എല്ലാം…? എന്നെ തിരുത്താൻ പോലും ശ്രമിച്ചില്ലല്ലോ…?”
കരച്ചിൽ കൊണ്ട് അവൾക്ക് ശ്വാസം കിട്ടാതായി… മഹേഷ് ഇരു കൈകളും അവളുടെ കവിളിൽ അമർത്തി നെറ്റിയിൽ ചുംബിച്ചു…പിന്നെ അവളെ നിലത്ത് പിടിച്ചിരുത്തി… അവനും ഇരുന്ന ശേഷം അവളെ മടിയിലേക്ക് ചായ്ച്ചു കിടത്തി… പുറത്തു മഴ ആർത്തലച്ചു പെയ്യുകയായിരുന്നു… അതുപോലെ തന്നെ അവളുടെ കണ്ണുനീരും പെയ്തിറങ്ങി…
“ഏതോ ഒരുത്തന്റെ വാക്ക് കേട്ട് മഹിയേട്ടനെ ഞാൻ… ഈശ്വരാ… ചത്താൽ പോലും ഈ പാപം എന്നെ വിട്ട് പോകില്ല…”
“അങ്ങനൊന്നും പറയല്ലെടീ….”
ശ്രീബാല അവന്റെ കൈ പിടിച്ച് തന്റെ മുഖത്ത് അടിച്ചു… അവൻ അവളെ തടഞ്ഞു..
“നീയെന്താ ബാലേ ഈ കാണിക്കുന്നേ?”
“മഹിയേട്ടന്റെ സ്നേഹത്തിന് ഞാൻ അർഹയല്ല… ദുഷ്ടയാ ഞാൻ… എന്നോട് തന്നെ വെറുപ്പ് തോന്നുകയാ…”
കരച്ചിൽ എങ്ങലുകളായി നേർത്തു വരും വരെ മഹേഷ് അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചു കൊണ്ടിരുന്നു…
“എന്നോട് ക്ഷമിച്ചെന്നു പറ മഹിയേട്ടാ…”
“ക്ഷമിച്ചു…. ഇനിയൊരിക്കലും എന്നെ വിട്ട് പോകരുത്…”
ശ്രീബാല അവന്റെ തലയ്ക്ക് പിന്നിലൂടെ കൈ ഇട്ട് അവന്റെ മുഖം അടുപ്പിച്ചു പിന്നെ ആ കവിളിൽ ഉമ്മ വച്ചു…
“പോകില്ല…. ഇത്രയും നാൾ അനുഭവിച്ച വേദന തന്നെ പറഞ്ഞറിയിക്കാൻ വയ്യ.. മഹിയേട്ടൻ എന്റെയാ…… എന്റെ മാത്രം….”
പരസ്പരം പുണർന്നു കൊണ്ട് അവർ ആ ഇരിപ്പ് തുടർന്നു…. ഏറെ നേരം….
“ഇന്നലെ എവിടായിരുന്നു?” ടിക്കറ്റ് കാശ് കൊടുക്കുമ്പോൾ സുന്ദരിയായ പെൺകുട്ടി പുഞ്ചിരിയോടെ മഹേഷിനോട് ചോദിച്ചു..
“ഒരു കല്യാണത്തിന് പോയതാ…” ടിക്കറ്റും ബാലൻസും അവൾക്കു നൽകികൊണ്ട് അവൻ മറുപടി പറഞ്ഞു.. പിന്നെ ബാഗ് തുറന്നു അഞ്ഞൂറിന്റെ ഏതാനും നോട്ടുകൾ എടുത്ത് അവളുടെ അടുത്തിരുന്ന പെണ്ണിന് നീട്ടി..
“ആഹാ കൊള്ളാലോ… യാത്രക്കാർക്ക് അങ്ങോട്ട് കാശ് കൊടുത്തു തുടങ്ങിയോ.?.”
“വെറും യാത്രക്കാരിയല്ല സ്വാതീ…. സഹയാത്രിക… എന്നുവച്ചാൽ എന്റെ സ്വന്തം ഭാര്യ… ശ്രീബാല….”
സ്വാതി ചമ്മലോടെ അവളെ നോക്കി..
“സോറീട്ടോ…”
“ഏയ് സാരമില്ല….” ശ്രീബാല പറഞ്ഞു..
രണ്ടു സ്റ്റോപ്പ് കൂടി കഴിഞ്ഞപ്പോൾ സ്വാതി ഇറങ്ങി… അധികം യാത്രക്കാരൊന്നുമില്ല… ശ്രീബാല പുറകോട്ട് തിരിഞ്ഞ് മഹേഷിനോട് അടുത്ത് വരാൻ കണ്ണുകാട്ടി… അവൻ അവളുടെ അടുത്തിരുന്നു…
“എന്താടീ?”
“ആരാ അവൾ ..?”
“സ്വാതി…ബാങ്കിലാ ജോലി…”
“ഫുൾ ഡീറ്റെയിൽസ് അറിയാല്ലോ… ഇന്നലെ കാണാത്തത് കൊണ്ട് അവൾക്കു വല്ലാത്ത വിഷമമുണ്ടല്ലോ?”
ശ്രീബാല മുഖം വീർപ്പിച്ചു…
“സ്ഥിരം ഇതിലാ വരുന്നേ… അതോണ്ട് ചോദിച്ചതാ .അതുപോട്ടെ… കാണാനെങ്ങനുണ്ട്.?സൂപ്പറല്ലേ? കല്യാണം കഴിച്ചിട്ടില്ല…. ഒന്ന് മുട്ടിയാലോ?”
അവൾ മഹേഷിന്റെ വയറിൽ ആഞ്ഞു നുള്ളി…
“ആ…” ശബ്ദം ഉറക്കെ ആയതിനാൽ മുൻപിലിരുന്ന ആളുകൾ തിരിഞ്ഞു നോക്കി…
“ഒന്നുമില്ല ചേട്ടാ.. കുടുംബ പ്രശ്നമാ…” അവൻ വയറു തടവിക്കൊണ്ട് പറഞ്ഞു…
“കല്യാണം കഴിഞ്ഞിട്ട് എത്ര നാളായി കണ്ടക്ടറേ?”
ഒരാൾ ചോദിച്ചു…
“ഒരു വർഷം ആകുന്നതേയുള്ളൂ ..”
“ഇനിയും കുറെ കരയാനുണ്ട്… ശീലമായിക്കോളും..”
അയാൾ പറഞ്ഞത് കേട്ട് മറ്റുള്ളവർ ചിരിച്ചു…
“നാണം കെടുത്തിയപ്പോൾ സമാധാനം ആയല്ലോ?”
“ഇനി മേലിൽ ഒരുത്തിയോടും കൊഞ്ചാൻ പോകരുത്…” ശ്രീബാല ശബ്ദം താഴ്ത്തി പറഞ്ഞു..
“നിന്നെ തന്നെ സഹിക്കാൻ പറ്റുന്നില്ല.. പിന്നല്ലേ വേറൊരുത്തി… ങാ എടീ സാധനങ്ങൾ വാങ്ങാൻ കാശ് ഇതു മതിയാകുമോ?”
“ബാക്കി എന്റെ കയ്യിൽ ഉണ്ട്… ശമ്പളം വന്നില്ല.. അതോണ്ടാ മഹിയേട്ടനോട് കാശ് ചോദിച്ചത്..”
“അത് സാരമില്ല… എല്ലാം വാങ്ങി പെട്ടെന്ന് തിരിച്ചു പോണം..”
“ഉം… വേദനിച്ചോ?”
“പിന്നില്ലാതെ..? ആ ചേട്ടൻ പറഞ്ഞത് പോലെ ഇനി എത്ര കരയാൻ കിടക്കുന്നു..”
“അത് കയ്യിലിരിപ്പ് പോലെ…”
അവൾ അവന്റെ ചുമലിലേക്ക് തല ചായ്ച്ചു… സ്നേഹപൂർണമായ നാളുകളിലേക്ക് മദീന ബസ് യാത്ര തുടരുകയാണ്……..
ശുഭം ❤❤❤❤