PART-13

 ഓ.പി യുടെ മുന്നിൽ ബഹളം കേട്ടാണ്  ശ്രീബാല അങ്ങോട്ടേക്ക് ചെന്നത്... അവിടൊരു ആൾക്കൂട്ടം തന്നെയുണ്ട്... ഒരു യുവാവ് എന്തൊക്കെയോ ആക്രോശിക്കുന്നു.... തടയാൻ ശ്രമിക്കുന്ന സെക്യൂരിറ്റിക്കാരനെ വേറൊരുത്തൻ തള്ളി മാറ്റുന്നു...ജീന സിസ്റ്റർ ചുമരിൽ ചാരി നിന്ന് കരയുകയാണ്...

“എന്താ ചേച്ചീ… എന്താ പ്രശ്നം?”

“ഇവര് കൊണ്ടുവന്ന പേഷ്യന്റിനെ ശ്രദ്ധിച്ചില്ല എന്ന് പറഞ്ഞിട്ട് എന്റെ മെക്കിട്ട് കേറുകയാ…. എന്തൊക്കെ വൃത്തികേടുകളാ പറഞ്ഞതെന്നറിയോ….”

“കൊണ്ടുവന്നിട്ട് അരമണിക്കൂർ ആയി.. ഇതുവരെ പരിശോധിക്കാൻ മുഹൂർത്തമായില്ല പോലും… “

അയാൾ പരിഹസിക്കുകയാണ്….

“ഡോക്ടർ എവിടെ ചേച്ചീ?”

“ഫുഡ് കഴിക്കാൻ പോയതാ…. പത്തു മിനിറ്റ് ആയതേ ഉള്ളൂ.. “

ശ്രീബാല അയാൾക്ക് നേരെ തിരിഞ്ഞു..

“പരിശോധിക്കേണ്ടത് ഡോക്ടർ ആണ്.. നേഴ്സ് അല്ല… താനെന്തിനാ ഇവരോട് ചൂടായത്?”

“അത് ചോദിക്കാൻ നീയാരാടീ? നിന്റെ ഡോക്ടറുടെ നമ്പർ താ.. സർക്കാരാശുപത്രിയിൽ എന്തു തോന്നിവാസവും നടത്താമെന്ന അവന്റെ ചിന്ത ഞാൻ മാറ്റികൊടുക്കാം…”

ശ്രീബാലയുടെ മുഖം ചുവന്നു..

“എടീ പോടീ എന്നൊക്കെ തന്റെ വീട്ടിലെ പെണ്ണുങ്ങളെ വിളിച്ചാൽ മതി. മര്യാദയ്ക്ക് സംസാരിച്ചോളണം…”

“ഇല്ലെങ്കിൽ നീയെന്നെ അങ്ങ് ഉണ്ടാക്കുമോ? ഗവണ്മെന്റ് സ്റ്റാഫ് ആണെന്ന അഹങ്കാരമല്ലേ നിനക്കൊക്കെ.. ഡോക്ടർ എപ്പോ വരുമെന്ന് ചോദിച്ചപ്പോൾ ഇവള് പറയുകയാ എനിക്കറിയില്ല എന്ന്… ആദ്യം ഇവിടെയും വരുന്നവരോട് മര്യാദയ്ക്ക് പെരുമാറ്..ഇല്ലേൽ ഞാനത് പഠിപ്പിക്കും..”

ശ്രീബാല കഴുത്തിലെ ടാഗ് ഊരി മേശപ്പുറത്തു വച്ചു.. എന്നിട്ട് അവന്റെ നേരെ മുന്നിൽ ചെന്ന് നിന്നു..

“ഗവണ്മെന്റ് സ്റ്റാഫ് ആണെന്ന് നോക്കണ്ട… ഒരു സാധാരണ പെണ്ണ്.. അങ്ങനെ കരുതിയാൽ മതി.. ഇനി പഠിപ്പിക്കെടാ മര്യാദ…. ഞാനൊന്ന് കാണട്ടെ…”

അവളുടെ കൂസലില്ലായ്മ കണ്ട് എല്ലാരും അമ്പരന്നു നിൽക്കുകയാണ്…

“ഹോസ്പിറ്റൽ സ്റ്റാഫിന്റെ പെരുമാറ്റം ശരിയല്ല എന്ന് തോന്നുന്നുണ്ടെങ്കിൽ കംപ്ലയിന്റ് ചെയ്യണം.. അല്ലാതെ മെക്കിട്ട് കേറാൻ വന്നാൽ നീയൊക്കെ വിവരമറിയും… രാമേട്ടാ… പോലീസിനെ വിളിക്ക്..”

സെക്യൂരിറ്റിക്കാരനെ നോക്കി അവൾ പറഞ്ഞു.. അയാൾ ഫോൺ എടുക്കുന്നത് കണ്ടപ്പോൾ യുവാവിന്റെ കൂടെ ഉണ്ടായിരുന്നവർ അവനെ പിടിച്ചു വലിച്ചു കൊണ്ടു പോയി.. ശ്രീബാല അവിടെ കൂടി നിന്ന ജനക്കൂട്ടത്തെ നോക്കി..

“കൊള്ളാം… നന്നായിട്ടുണ്ട്.. ചെയ്യാത്ത തെറ്റിന് ഒരു സ്ത്രീയെ തെറി വിളിക്കുന്നത് കണ്ട് ആസ്വദിക്കുകയാണല്ലേ..? ഓ.. ഇവർ ഒരു നേഴ്സ് ആണല്ലോ.. അപ്പൊ ഇതൊക്കെ കേൾക്കാൻ അർഹയാണ്.. അതല്ലേ നിങ്ങളുടെ കാഴ്ചപ്പാട്..? വല്ല പകർച്ചവ്യാധിയോ മറ്റോ എല്ലായിടത്തും പിടിപെട്ടാൽ മാത്രം നഴ്സുമാർ ഭൂമിയിലെ മാലാഖമാർ… അല്ലാത്തപ്പോൾ വെറും അഹങ്കാരികളും ജോലിയോട് ആത്മാർത്ഥത ഇല്ലാത്തവരും…”

അവൾ പുച്ഛത്തോടെ ഒന്ന് ചിരിച്ചു..

“ഈ ചേച്ചിയുടെ കുഞ്ഞിന് സുഖമില്ലാതെ വീട്ടിൽ കിടക്കുകയാ.. അതിന്റെ അടുത്ത് ഇരുന്ന് മരുന്നും ഭക്ഷണവും കൊടുക്കാനോ ചേർത്തു പിടിക്കാനോ സാധിക്കാതെ ഉള്ളിൽ കരഞ്ഞു കൊണ്ടാ ചിരിച്ച മുഖത്തോടെ നിങ്ങളുടെ മുന്നിൽ ജോലി ചെയ്യുന്നത്…മാലാഖയായി വേണ്ട, മനുഷ്യനെന്ന പരിഗണന മതി…..കാഴ്ച കണ്ടു തൃപ്തിയായി എങ്കിൽ എല്ലാവരും പോയി ഇരിക്ക്.. ഡോക്ടർ ഇപ്പോൾ വരും..”

ജനങ്ങൾ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് പിരിഞ്ഞു പോയി…ജീനയെ ആശ്വസിപ്പിച്ച ശേഷം പുറത്തിറങ്ങിയപ്പോൾ ആരോ തന്റെ തോളിൽ തട്ടി വിളിക്കുന്നതറിഞ്ഞ് അവൾ തിരിഞ്ഞു നോക്കി… അസ്ഥിപഞ്ജരം പോലൊരു മനുഷ്യൻ… നരച്ച താടിയും മുടിയും… അവൾക്കു ആളെ മനസിലായില്ല..

“എന്താ.. ചേട്ടാ…?” അവൾ സൗമ്യതയോടെ ചോദിച്ചു..അയാൾ എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്… വാക്കുകൾ പുറത്തേക്ക് വരുന്നില്ല.. ശ്രീബാല അയാളുടെ തൊട്ടടുത്തേക്ക് നീങ്ങി നിന്നു…

“പറഞ്ഞോളൂ? എന്താണ്?”

“ഞാനാ രാജേഷ്…. പ്രിയയുടെ ചേട്ടൻ..”

കാറ്റ് പോലുള്ള സ്വരത്തിൽ അയാൾ പറഞ്ഞപ്പോൾ അവൾ അമ്പരന്നു പോയി..വെളുത്ത് തടിച്ച് കഴുത്തിൽ സ്വർണമാലയും കയ്യിൽ ബ്രേസ് ലേറ്റും മാന്യമായ വസ്ത്രധാരണവും ഘനഗംഭീരമാർന്ന ശബ്ദവും ഉള്ള രാജേഷുമായി യാതൊരു സാമ്യവും അയാൾക്ക് ഉണ്ടായിരുന്നില്ല..

“അയ്യോ… സത്യമായിട്ടും എനിക്ക് മനസിലായില്ല,.. എന്തു പറ്റി രാജേഷേട്ടാ?…”

അയാൾ എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്.. അതോടൊപ്പം ആ ശരീരം വിറയ്ക്കുന്നതും അവൾ കണ്ടു…നിൽക്കാൻ ബുദ്ധിമുട്ട് ഉള്ളത് പോലെ…. അവൾ അയാളെ ചേർത്ത് പിടിച്ച് കസേരയിൽ ഇരുത്തി… കൈ കൊണ്ട് ആംഗ്യം കാണിച്ചതിൽ നിന്ന് തന്നോട് എന്തോ പറയാനുണ്ട് എന്നവൾക്ക് മനസിലായി…

“എന്റെ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങാൻ തുടങ്ങുവാരുന്നു… അതിനിടയിൽ ഇവിടെ ഇഷ്യൂ കണ്ട് ഇടപെട്ടതാ… അഞ്ചു മിനിട്ട്, ഡ്രസ്സ്‌ മാറിയിട്ട് വരാം…രാജേഷേട്ടൻ അതുവരെ ഈ ചെയറിൽ ഇരിക്ക്..”

അവൾ അകത്തേക്ക് ഓടി… പെട്ടെന്ന് തന്നെ വസ്ത്രം മാറി ബാഗുമെടുത്ത് അവൾ തിരിച്ചെത്തി…രാജേഷ് പതിയെ എഴുന്നേറ്റു..ശ്രീബാല അയാളുടെ കൈ പിടിച്ച് പുറത്തേക്ക് നടന്നു… ആംബുലൻസ് നിർത്തിയിട്ടതിന്റെ അടുത്ത് ചെറിയൊരു ഗാർഡൻ ഉണ്ട്.. അവിടുത്തെ സിമന്റ് ബഞ്ചിൽ അയാളെ ഇരുത്തി.. അവളും ഇരുന്നു..

“എന്താ രാജേഷേട്ടന് പറ്റിയത്? എങ്ങനെ ഇവിടെത്തി? “

അയാൾ തന്റെ കയ്യിലെ മുഷിഞ്ഞ ഭാഗ് തുറന്ന് ഒരു ഫയൽ അവളുടെ നേരെ നീട്ടി… മെഡിക്കൽ റിപ്പോർട്ട്‌സും മരുന്നിന്റെ പ്രിസ്‌കൃപ്‌ഷൻസും എല്ലാമുണ്ട്… ഒന്ന് കണ്ണോടിച്ചപ്പോൾ തന്നെ അവൾക്ക് കാര്യം മനസിലായി… സി എ ലങ്സ്…. ശ്വാസകോശാർബുദം.. അതും ഫൈനൽ സ്റ്റേജ്… അവൾക്ക് വല്ലാതെ സങ്കടം വന്നു… മരണം ഏതു നിമിഷവും അപഹരിച്ചേക്കാവുന്ന ജീവിതം…അധികം യാത്രചെയ്യാനോ, സംസാരിക്കാനോ പാടില്ല എന്ന് ഡോക്ടർമാർ കർശന നിർദേശം നൽകാറുള്ള ഒരസുഖം ആണിത്… എന്നിട്ടും ഇത്രയും ദൂരം ഇയാൾ വരണമെങ്കിൽ എന്തോ കാര്യമുണ്ടാകും…

“രാജേഷേട്ടന് എന്തെങ്കിലും സഹായം ആവശ്യമുണ്ടോ? എന്നെകൊണ്ട് ആകുന്നത് ഞാൻ ചെയ്യാം…”

അയാൾ നിഷേധാർത്ഥത്തിൽ തലയാട്ടി.. പിന്നെയും എന്തോ പറയാൻ ശ്രമിച്ചു… ഒരു ചുമ ആയിരുന്നു പുറത്തേക്ക് വന്നത്… അയാൾ വീണ്ടും ബാഗിൽ കയ്യിട്ടു ഒരു പഴയ ഡയറി എടുത്ത് അവൾക്കു നൽകി. ആകാംഷയോടെ അവളത് തുറന്നു.. വികൃതമായ കൈയ്യക്ഷരത്തിൽ എന്തൊക്കെയോ എഴുതിയിട്ടുണ്ട്,. അവൾ അതിലേക്ക് മിഴികൾ നട്ടു..

“മരിക്കും മുൻപ് ശ്രീബാലയെ ഒന്ന് കാണണമെന്ന് തോന്നി… അത്രയും വലിയ ക്രൂരതയാ ഞാൻ കുട്ടിയോട് ചെയ്തത്… അതാവും ദൈവം ഇങ്ങനെ ഒരു വിധി എനിക്ക് ഒരുക്കിയത്..”
ഇതായിരുന്നു തുടക്കം.. അവൾ വിറയലോടെ ബാക്കി വായിച്ചു….

“മഹേഷ് ഒരു തെറ്റും ചെയ്തിട്ടില്ല… എല്ലാം ഞാനുണ്ടാക്കിയ കള്ളക്കഥയാ…”

ആ വരികൾ കണ്ടപ്പോൾ ശ്രീബാലയ്ക്ക് ഹൃദയം നിലച്ചത് പോലെ തോന്നി. അവൾ രാജേഷിനെ നോക്കി.. അയാൾ തലകുനിച്ചു ഇരിക്കുകയാണ്..

“.. എന്റെ ബുദ്ധിമോശം കൊണ്ട് ചെയ്തതാ..മദ്യം തലച്ചോറിനെ കീഴ്പ്പെടുത്തിയ സമയത്ത് ഭാര്യയില്ലാതെ കഴിയുന്ന എനിക്ക് അനിയന്റെ ഭാര്യയോട് തോന്നിയ ആസക്തി…. ഒരിക്കലും ചിന്തിക്കാൻ പാടില്ലാത്ത ഒന്ന്…. രേഷ്മ പരമാവധി എന്നെ നിരുത്സാഹപ്പെടുത്താൻ നോക്കിയിരുന്നു… പക്ഷേ അതൊന്നും ചെവിക്കൊണ്ടില്ല… ഒരു ദിവസം അവളുടെ കയ്യിൽ കയറിപ്പിടിച്ച എന്റെ കരണത്ത് അവൾ അടിച്ചു…. ഇനി ആവർത്തിച്ചാൽ സതീഷിനോടും കുടുംബക്കാരോടുമൊക്കെ പറയും എന്ന് ഭീഷണിപ്പെടുത്തി…..”

ശ്രീബാല അവിശ്വസനീയതയോടെ വായന തുടർന്നു.

“ആദ്യം പേടി തോന്നി.. പിന്നെയത് പകയായി മാറി… അവൾക്ക് മാനസികമായി മഹേഷിനോട് ഒരടുപ്പം ഉണ്ടെന്ന് എനിക്ക് മനസിലായിരുന്നു… എന്നെ മാനം കെടുത്തും മുൻപേ അവളെ എല്ലാരുടെയും മുന്നിൽ മോശക്കാരിയാക്കണമെന്ന് വാശിയായി..അവളെ ഓരോന്ന് പറഞ്ഞു പ്രകോപിപ്പിച്ചു… അതിന് പറഞ്ഞ മറുപടി ഫോണിൽ റെക്കോർഡ് ചെയ്തു… അതിൽ പാതി മാത്രമാണ് ശ്രീബാലയെ കേൾപ്പിച്ചത്…അത് കേട്ടാൽ എല്ലാവരും അവര് തമ്മിൽ ബന്ധമുണ്ടെന്ന് വിശ്വസിക്കും എന്നുറപ്പാണ്….മഹേഷിന് രേഷ്മയോട് ഒരു സഹോദരിയോടുള്ള സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ… അത് അവളെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്തിരുന്നു.. അതിന് ശേഷം രേഷ്മയ്ക്ക് മഹേഷിനോട് ബഹുമാനമായിരുന്നു.. തെറ്റ്‌ ചെയ്യാനുള്ള സാഹചര്യം കിട്ടിയിട്ടും, സുന്ദരിയായ ഒരു പെണ്ണ് കെട്ടിപിടിച്ച് ഉമ്മവച്ചിട്ടും അവൻ അവളെ തടഞ്ഞതല്ലാതെ മുതലെടുത്തില്ല… പക്ഷേ പറഞ്ഞില്ലേ, ആ സമയത്ത് ഞാൻ വേറാരോ ആയിരുന്നു.. എന്റെ സൽപേരും, മാന്യൻ എന്ന മുഖം മൂടിയും നഷ്ടപ്പെടാതിരിക്കാൻ രേഷ്മയെ കുറ്റക്കാരി ആക്കുക എന്നതായിരുന്നു തീരുമാനം… അതിന് മഹേഷിനെ ബലിയാടാക്കി….”

ശ്രീബാല പ്രതിമ പോലെ ഇരുന്നു….കണ്ണുനീർ കവിളുകളെ ചുട്ടു പൊള്ളിച്ചു കൊണ്ട് ഒലിച്ചിറങ്ങുന്നുണ്ട്….

“എല്ലാ തെറ്റിനുമുള്ള ശിക്ഷ ഇന്ന് ഞാൻ അനുഭവിക്കുകയാണ്… ബിസിനസ് പൊളിഞ്ഞു… അതിന്റെ കൂടെ കാൻസറും… സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടു… പാലിയേറ്റിവ് കെയർ സെന്ററിലെ ഉറക്കമില്ലാത്ത രാത്രികളിൽ കുറ്റബോധം കൊണ്ട് നീറുകയായിരുന്നു…ശ്രീബാലയെ കാണാനും മാപ്പ് പറയാനും കുറേനാളായി അന്വേഷിക്കുന്നു… ഇനി അഥവാ നേരിൽ കാണുന്നതിന് മുൻപ് ഞാൻ മരിച്ചു പോയെങ്കിലോ എന്ന് ഭയന്നാണ് എഴുതി വയ്ക്കുന്നത്… ക്ഷമിക്കണം എന്ന് പറയാനുള്ള യോഗ്യത എനിക്കില്ല… പക്ഷേ ശപിക്കരുത്… “

എഴുതിയത് അവിടെ അവസാനിച്ചു… ശ്രീബാല എരിയുന്ന കണ്ണുകളാൽ അയാളെ ഒന്ന് നോക്കി..

“എനിക്ക് എന്റെ കാര്യം ആലോചിച്ചിട്ട് സങ്കടമില്ല… നിങ്ങളു കാരണം എല്ലാവരുടെയും മുന്നിൽ നാണം കെട്ടൊരു മനുഷ്യനുണ്ട്… മഹിയേട്ടൻ… അദ്ദേഹം അനുഭവിച്ചതിനൊക്കെ പരിഹാരമാവാൻ നിങ്ങളുടെ മരണത്തിന് പോലും സാധിക്കില്ല…”

അവൾ എഴുന്നേറ്റു….

“നിങ്ങൾ കാരണം എന്റെ സ്വപ്‌നങ്ങൾ നഷ്ടമായി എന്നൊരിക്കലും ഞാൻ ചിന്തിക്കില്ല… അതിനു കാരണം ഞാൻ മാത്രമാണ്… ഇത്രയും വർഷം കൂടെ ഉണ്ടായിരുന്നിട്ടും നിങ്ങളെ പോലൊരുത്തന്റെ വാക്ക് വിശ്വസിച്ച് മഹിയേട്ടനെ വേദനിപ്പിച്ച ഞാൻ ചെയ്തത് പോലത്തെ പാപമൊന്നും നിങ്ങൾ ചെയ്തിട്ടില്ല…. അതുകൊണ്ട് നിങ്ങളെ ഞാൻ ശപിക്കില്ല.. എന്നെത്തന്നെയാ ശപിക്കുന്നെ…. ഇത്രയും വലിയൊരു നന്ദികേട് കാണിച്ചല്ലോ എന്നോർത്ത്…”

വീണ്ടും ഒരു കരച്ചിൽ തികട്ടി വന്നു..അദൃശ്യരായ ആരൊക്കെയോ ചുറ്റും നിന്ന് തന്നെ പരിഹസിക്കുന്നത് പോലെ അവൾക്ക് അനുഭവപ്പെട്ടു… ചെയ്യാത്ത തെറ്റിന് മഹേഷിനെ ക്രൂശിച്ചവരുടെ കൂട്ടത്തിൽ താനും ഉണ്ടായിപ്പോയല്ലോ എന്ന ചിന്ത അവളുടെ ഹൃദയത്തെ കുത്തി തുളച്ചു…. അവന് പറയാനുള്ളത് കേൾക്കാനുള്ള ക്ഷമ പോലും കാണിച്ചില്ല… രണ്ടര വർഷത്തോളം അകന്നു നിന്നു…. ഒരു മെസ്സേജ് പോലും അയച്ചില്ല…. മാതുവമ്മ മരിച്ചപ്പോൾ രണ്ടാഴ്ചയോളം അവിടെ ഉണ്ടായിരുന്നു… അവന്റെ മുന്നിൽ നില്കാതെ ഒഴിഞ്ഞു മാറി…. എത്രത്തോളം ആ മനസ്സ് വേദനിച്ചിട്ടുണ്ടാകും?…

രാജേഷ് എഴുന്നേറ്റ് കൈകൾ കൂപ്പി.. അയാളുടെ കണ്ണുനീർ കണ്ടപ്പോൾ ഒന്നും പറയാനും തോന്നിയില്ല… ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്ത് അയാൾ വീണ്ടുമെന്തൊക്കെയോ സംസാരിച്ചു.. പക്ഷെ ചില മൂളലുകളും കാറ്റും മാത്രമായി അത് മാറി… പിന്നെ വീണ്ടും ചുമ…. കണ്ണുകൾ തുറിച്ചു വരുന്നു…നിന്ന നിൽപ്പിൽ ഒന്ന് പിടഞ്ഞ് അയാൾ നിലത്തേക്ക് വീണു… ശ്രീബാല ഓടിച്ചെന്നു അയാളെ താങ്ങിപിടിച്ച് മടിയിൽ കിടത്തി.. പിന്നെ ചുറ്റും നോക്കി… ആംബുലൻസിന്റെ ഡ്രൈവർ ജോർജ് ആരോടോ സംസാരിക്കുകയാണ്…

“ജോർജേട്ടാ… ഓടി വാ.. ” അവൾ അലറി വിളിച്ചു… അതു കേട്ട് ജോർജും വേറെ രണ്ടുമൂന്ന് പേരും അങ്ങോട്ടേക്ക് ഓടിയെത്തി…

“എന്താ മോളെ?”

“ഒന്ന് പിടിക്ക്…അകത്തേക്ക്… വേഗം…”

എല്ലാവരും ചേർന്ന് രാജേഷിനെ താങ്ങിയെടുത്ത് അകത്ത് എത്തിച്ചു.. ഡ്യൂട്ടി ഡോക്ടർ അവിടെത്തി..

“എന്താ ശ്രീബാലാ?”

“സി എ ലങ്സ് ആണ് ഡോക്ടർ…ബ്രീത്തിങ്ങ് പ്രോബ്ലം വന്നു…”

ഡോക്ടർ പരിശോധിച്ചു… ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുകയാണ് രാജേഷ്…

“ഇവിടെ കിടത്തിയിട്ട് കാര്യമില്ല… കണ്ടീഷൻ മോശമാണ്.. എത്രയും പെട്ടെന്ന് മെഡിക്കൽ കോളേജിൽ എത്തിക്കണം.. ഇദ്ദേഹത്തിന്റെ കൂടെ ആരുമില്ലേ?”

“എനിക്ക് വേണ്ടപ്പെട്ടയാളാണ് ഡോക്ടർ… ഞാൻ പോകാം…”

ആ പിടച്ചിലിനിടയിലും അവളുടെ വാക്കുകൾ കേട്ടപ്പോൾ രാജേഷ് കരഞ്ഞു… ചെയ്ത തെറ്റുകൾക്ക് അയാൾ പശ്ചാതപിക്കുകയായിരുന്നു… വളരെ പെട്ടെന്ന് തന്നെ രാജേഷിനെ ആംബുലൻസിൽ കയറ്റി…ശ്രീബാലയും കൂടെ കയറി… അവൾ മെഡിക്കൽ കോളേജിലെ തന്റെ സുഹൃത്തുക്കളെ വിളിച്ച് കാര്യങ്ങൾ എല്ലാം ഏർപ്പാടാക്കി… രാജേഷ് അവളുടെ കയ്യിലൊന്നു തൊട്ടു… അയാളുടെ നോട്ടത്തിലെ ചോദ്യം എന്താണെന്ന് അവൾക്കു മനസിലായി…

“മുന്നിൽ വരുന്ന ഒരു രോഗിയുടെയും ജീവൻ നഷ്ടപ്പെടരുത് എന്നാ ഓരോ നഴ്സും പ്രാർത്ഥിക്കുക… ഞാൻ ചെയ്യുന്നതും അതാണ്‌…നിങ്ങൾ ചെയ്ത ദ്രോഹം ഓർക്കാനൊന്നും എനിക്കിപ്പോ സാധിക്കില്ല രാജേഷേട്ടാ…. പേടിക്കണ്ട, ഒന്നും സംഭവിക്കില്ല… ഞാനുണ്ട് കൂടെ…”

അവൾ അയാളുടെ കൈകൾ പിടിച്ചമർത്തി…. ആ നിമിഷം മരണം തന്നെ കൊണ്ടുപോകട്ടെ എന്ന് രാജേഷ് ആത്മാർത്ഥമായി ആഗ്രഹിച്ചു… സൈറൺ മുഴക്കി കൊണ്ട് ആംബുലൻസ് മെഡിക്കൽ കോളേജിലേക്ക് പാഞ്ഞു….


“നിന്റെ തീരുമാനത്തിൽ മാറ്റമില്ലേ?”

സതീഷ് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു..

“ഇല്ല..” രേഷ്മയുടെ മറുപടി ഉറച്ചതായിരുന്നു…

“ഒരു മനുഷ്യായുസ്സിൽ അനുഭവിക്കേണ്ടതെല്ലാം ഞാൻ ഈ പ്രായത്തിനിടയ്ക്ക് അനുഭവിച്ചു കഴിഞ്ഞു.. ഇനി വയ്യ സതീഷ്… എന്നെ വെറുതെ വിട്ടേക്ക്… മോളെ കാണണമെന്ന് തോന്നുമ്പോൾ വരാം… ഒന്ന് രണ്ടു ദിവസം കൂടെ നിർത്താം… അവൾക്ക് പ്രായപൂർത്തി ആയിക്കഴിഞ്ഞാൽ തീരുമാനിച്ചോട്ടെ, പപ്പയെ വേണോ അതോ മമ്മിയെയോ എന്ന്…”

രേഷ്മയുടെ വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്നു രണ്ടു പേരും…വീടിന്റെ മേൽക്കൂരയും കതകുകളുമെല്ലാം അവൾ പുതുക്കി പണിതിരുന്നു… പെയിന്റും അടിച്ചു… പരിസരമൊക്കെ വൃത്തിയാക്കി മതിൽ കെട്ടി….. അവളും സ്നേഹമോളും അവിടെയാണ് താമസം…അടുത്തുള്ള സ്കൂളിൽ തന്നെ ജോലിയും…

“തെറ്റ്‌ പറ്റി എന്ന് ഞാൻ സമ്മതിച്ചില്ലേ? നിനക്ക് ക്ഷമിച്ചൂടെ?”

അവൾ പുഞ്ചിരിച്ചു..

“നിങ്ങളെ ഞാൻ കുറ്റപ്പെടുത്തില്ല… കാരണം ഞാനും തെറ്റ്‌ ചെയ്തിട്ടുണ്ട്… നിങ്ങളുടെ പരിഹാസവും ശാരീരികവും മാനസികവുമായ പീഡനങ്ങളിൽ പെട്ട് ജീവിതം മടുത്ത സമയത്ത് സ്നേഹത്തോടെ, കരുതലോടെ എന്നോട് പെരുമാറിയ ഒരു ചെറുപ്പക്കാരനോട് ഇഷ്ടം തോന്നി…ഞാൻ ഒരു ഭാര്യയും ഒരു കുട്ടിയുടെ അമ്മയും ആണെന്ന് ആ സമയത്ത് ചിന്തിച്ചില്ല… ചേർത്തു നിർത്തി ‘കൂടെ ഞാനുണ്ട് സങ്കടപ്പെടേണ്ട ‘ എന്ന് പറയാൻ ഒരാൾ വേണമെന്ന് കൊതിച്ചു പോയി…. അതെന്റെ തെറ്റാ…പക്ഷേ ആ തെറ്റിന് നഷ്ടപ്പെട്ടത് എന്നെ ചേച്ചിയെ പോലെ സ്നേഹിച്ച അവന്റെ ജീവിതമാണ്… നിങ്ങളുടെ ഏട്ടൻ കള്ളം പറയുകയാണ്, വിശ്വസിക്കരുത് എന്ന് ഞാൻ കാല് പിടിച്ച് അപേക്ഷിച്ചില്ലേ? നിങ്ങൾ കേട്ടോ? എന്നെ വേശ്യയായി ചിത്രീകരിച്ചു… ആ പാവത്തിനെ തല്ലി… നിങ്ങളുടെ കൂട്ടുകാർ എല്ലായിടത്തും ചെന്ന് അവനൊരു പെണ്ണ് പിടിയൻ ആണെന്ന് പറഞ്ഞു പരത്തി… ഒടുക്കം മരണം മുന്നിൽ കണ്ട സ്വന്തം ഏട്ടൻ കുമ്പസാരിച്ചപ്പോഴാ നിങ്ങൾക്ക് കാര്യം മനസിലായത്. അല്ലേ? അയാൾ പറഞ്ഞില്ലായിരുന്നു എങ്കിൽ ഇന്നും നിങ്ങളെന്നെ തേടി വരില്ല…”

അവൾ കിതച്ചു…. സതീഷിന് വാക്കുകളൊന്നും കിട്ടിയില്ല…

“അയാൾ ഇവിടെ വന്നു മാപ്പ് പറഞ്ഞപ്പോഴാ സ്നേഹമോള് എന്നെ വിശ്വസിച്ചത്.. അത് വരെ വേറെ വഴിയില്ലാത്തതിനാൽ എന്റെ കൂടെ താമസിച്ചു എന്നേയുള്ളൂ… ഒരു വാക്ക് പോലും മിണ്ടിയിരുന്നില്ല…”

രേഷ്മയുടെ കണ്ഠമിടറി…

“അവളെ ഞാൻ കുറ്റം പറയില്ല… ബുദ്ധിയുറയ്ക്കും മുൻപേ നിങ്ങൾ എന്നെ വിളിക്കുന്ന തെറികൾ കേട്ടു വളർന്ന കുട്ടിയാ അത്… ഞാൻ തെറ്റുകാരിയാ.. പക്ഷേ അങ്ങനെയൊക്കെ ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചത് നിങ്ങൾ ഒരാളാണ്… സ്നേഹത്തോടെ ഒരു വാക്ക് പോലും എന്നോട് സംസാരിച്ചിട്ടുണ്ടോ? ഒന്നാശ്വസിപ്പിച്ചിട്ടുണ്ടോ?..എന്റെ കഴിവുകളെല്ലാം തല്ലിയമർത്തി ജീവിതം മുരടിപ്പിച്ച് നാല് ചുവരുകൾക്കുള്ളിൽ ഒതുക്കി ഇടാൻ നോക്കി.. നിങ്ങളുടെ ഏട്ടനോ? അനിയത്തിയായി കാണേണ്ട എന്റെ കൂടെ അയാൾക്ക് കിടക്കണം… മാന്യമായി പറഞ്ഞതാ … കേട്ടില്ല… കയ്യിൽ കയറിപ്പിടിച്ചപ്പോൾ പ്രതികരിച്ചു… അത് തെറ്റാണെന്ന് തോന്നിയിട്ടില്ല…. അതിനയാൾ പ്രതികാരം ചെയ്തു… നിങ്ങൾക്കും അത് വിശ്വസിക്കാനായിരുന്നു ഇഷ്ടം…. നിങ്ങൾക്ക് മാത്രമല്ല, എല്ലാവർക്കും… അവിഹിതബന്ധത്തിന് എന്നും നല്ല മാർക്കറ്റ് ആണ്…”

രേഷ്മയുടെ മുഖത്ത് വേദന നിറഞ്ഞു…

“എനിക്ക് മഹേഷിനോട് പ്രണയമായിരുന്നു…. അവന് വേണമെങ്കിൽ എന്നെ ഉപയോഗിക്കാം.. ഞാൻ പൂർണമനസോടെ വഴങ്ങി കൊടുത്തേനെ.. പക്ഷേ അവൻ പറഞ്ഞതെന്താണെന്നറിയോ, ഏതോ മരുഭൂമിയിൽ കിടന്ന് കഷ്ടപ്പെടുന്ന നിങ്ങളെ വഞ്ചിക്കരുത് എന്ന്… കുടുംബത്തിന്റെ വില അതില്ലാത്തവനേ അറിയൂ എന്ന്… അതുവരെ ടീച്ചറേ എന്ന് വിളിച്ചിരുന്നവൻ പിന്നെ ചേച്ചീ എന്നാ വിളിച്ചത്… അവനെയാ നിങ്ങൾ തകർത്തത്…ഞാൻ കാരണം നേരിടേണ്ടി വന്ന മാനക്കേടിനു മാപ്പ് ചോദിക്കാൻ രണ്ടു തവണ ഞാൻ വിളിച്ചു നോക്കി.. അവൻ എടുത്തില്ല… ഇവിടെ താമസമാക്കിയ ശേഷം അവന്റെ അച്ഛനെയും കൂട്ടി വന്നിരുന്നു… അന്നാണ് അറിഞ്ഞത് പ്രാണനെ പോലെ സ്നേഹിച്ച പെണ്ണും അവനെ വിട്ട് പോയി എന്ന്… എനിക്ക് അവളെ കണ്ട് സത്യാവസ്ഥ ബോധ്യപ്പെടുത്തണം എന്നുണ്ടായിരുന്നു. പക്ഷേ ഒരിക്കലും എന്നെ വിശ്വസിക്കാത്ത വിധത്തിൽ തെളിവുകളുണ്ടാക്കി നിങ്ങളുടെ ഏട്ടൻ അവളുടെ അടുത്ത് ചെന്നിരുന്നു എന്നറിഞ്ഞപ്പോൾ ആ വഴിയും അടഞ്ഞു….”

രേഷ്മ ചായ കപ്പ് അവന്റെ അടുത്തേക്ക് നീക്കി വച്ചു…

“ഇതു കുടിച്ചിട്ട് സതീഷ് പോകാൻ നോക്ക്… എനിക്ക് കുറച്ചു ജോലിയുണ്ട്. മോള് സ്കൂൾ വിട്ട് വരാറായി. അവൾക്ക് കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കണം… അവളെ കാണണമെങ്കിൽ വെയിറ്റ് ചെയ്യാം… ഒരച്ഛന്റെ അവകാശത്തെ ഞാൻ തടയില്ല… പക്ഷേ ഇനിയെന്റെ ജീവിതത്തിൽ ഒരു പുരുഷന്റെ ആവശ്യം ഇല്ല… “

സതീഷ് നിശബ്ദനായി എഴുന്നേറ്റ് മുറ്റത്തേക്ക് ഇറങ്ങി…അയാളുടെ കാർ ദൂരെ മറയുന്നത് നോക്കിനിന്നപ്പോൾ രേഷ്മയുടെ മുഖത്ത് ഒരു ചിരി വിടർന്നു… തെറ്റുകൾ തിരുത്തി ജീവിക്കുന്ന ഒരാളുടെ സംതൃപ്തി നിറഞ്ഞ ചിരി….


മാതുവമ്മയുടെയും ശോഭയുടെയും അസ്ഥിത്തറകൾക്ക് ചുറ്റുമുള്ള കാടെല്ലാം വെട്ടി വൃത്തിയാക്കുകയായിരുന്നു ഭരതനും മഹേഷും….

“അടുത്താഴ്ച മുതൽ മഴയുണ്ടാകും…”

ഭരതൻ പറഞ്ഞു..

“അതിനെന്താ.? നല്ലതല്ലേ? ഈ ചൂടൊന്നു കുറയുമല്ലോ?”

“അതല്ലെടാ…. വിറകെല്ലാം തീർന്നു കൊണ്ടിരിക്കുകയാ..”

“ഗ്യാസ് പൂജിക്കാനാണോ അടുക്കളയിൽ കൊണ്ടുവച്ചത്..?”

“അത് നീ തലയിൽ വച്ചു നടന്നോ… എനിക്ക് വേണ്ട…”

ഭരതനു ദേഷ്യം വന്നു..

“ചൂടാവല്ലേ… ഞാൻ ആ ഷംസുവിനോട് പറഞ്ഞിട്ടുണ്ട് കുറച്ചു വിറക് ഇറക്കാൻ.. നാളെ സൈനുക്കയോട് കുറച്ചു കാശ് കടം വാങ്ങി അവന് കൊടുക്കണം… “

“മോള് അയച്ചു തരുന്ന കാശ് ബാങ്കിൽ ഉണ്ടല്ലോ? അതിൽ നിന്ന് ഒരു രൂപ പോലും നീ എടുക്കാൻ സമ്മതിക്കാറില്ല… എന്നാലും മാസാമാസം അവൾ ഇടും…”

കയ്യിലെ മൺവെട്ടി നിലത്തേക്കിട്ട് നടുവിന് കൈകൾ ഊന്നി മഹേഷ്‌ ഒന്ന് നിവർന്നു നിന്നു…

“തിരിച്ചു കിട്ടും എന്ന് പ്രതീക്ഷിച്ചിട്ട് അല്ല ഞാൻ അവളെ സഹായിച്ചത്.. ആ പൈസ അവൾക്ക് മാത്രം അവകാശപ്പെട്ടതാണ്.. എല്ലാം ചേർത്തു വച്ച് സ്വന്തമായി ഒരു വീട് ഉണ്ടാക്കാൻ പറ…”

“നിനക്കവളോട് ദേഷ്യമുണ്ടോടാ?”

“എന്തിന്? “

“സ്വന്തം കാലിൽ നില്കാറായപ്പോൾ നിന്നെ വിട്ടിട്ട് പോയതിന്?”

“ഏയ്‌… എന്നെ മനസിലാക്കിയില്ലല്ലോ എന്നോർത്ത് സങ്കടം ഉണ്ടായിരുന്നു.. ഒന്ന് വിളിക്കുക പോലും ചെയ്യാതിരുന്നപ്പോൾ കരഞ്ഞിട്ടുമുണ്ട്.. പിന്നെ ആലോചിച്ചപ്പോൾ അവളുടെ ഭാഗത്തും ന്യായമുണ്ട് എന്ന് തോന്നി…. ഇപ്പോൾ അതുമില്ല… എനിക്ക് അച്ഛൻ മാത്രം മതി..”

“ഞാൻ മരിച്ചാലോ?” ഭരതന്റെ ചോദ്യം കേട്ടപ്പോൾ അവനൊന്ന് പകച്ചു..

“എന്താ ?”

“ഞാൻ മരിച്ചു പോയാൽ പിന്നെ നിനക്കാരാടാ ഉള്ളത്?”

മഹേഷിന്റെ മുഖം വാടുന്നത് ഭരതൻ കണ്ടു… അയാൾ അവന്റെ അടുത്ത് ചെന്ന് രണ്ടു തോളിലും കൈ വച്ചു..

“മോനെ… ഞാനും നീയും ഒറ്റപ്പെടൽ എന്താണെന്ന് അനുഭവിച്ചതല്ലേ…? വീണ്ടും അത് താങ്ങാനുള്ള ശേഷി നിനക്കുണ്ടാവില്ല… സുഖവും ദുഖവുമെല്ലാം പങ്കുവയ്ക്കാൻ ഒരാളെന്തായാലും വേണം.. അവൾക്ക് ഒരബദ്ധം പറ്റി… നിന്റെ ഭാഗം കേൾക്കാനുള്ള ക്ഷമ കാണിച്ചില്ല… അത് ജീവിതകാലം മുഴുവൻ അകറ്റി നിർത്താനുള്ള കാരണമല്ലല്ലോ.. പാവമല്ലെടാ അവൾ? നിനക്ക് ഇപ്പോൾ ഞാനെങ്കിലും ഉണ്ട്… അവൾക്കോ? നീ ജീവിക്കുന്നത് എനിക്ക് വേണ്ടിയാ… അവളോ? എത്ര മാറി എന്ന് പറഞ്ഞാലും, ഉള്ളിൽ അവളിന്നും ആ പഴയ കുട്ടിയാ… ഒരുപാട് നല്ല ആലോചനകൾ വന്നിട്ടും അവൾ തള്ളിക്കളയുന്നത് ആ മനസിലെങ്ങോ ഇന്നും നീ ഉള്ളത് കൊണ്ടാണ്… തെറ്റിദ്ധാരണയുടെ പേരിൽ നീയും അവളും ജീവിതം നശിപ്പിക്കുന്നത് കണ്ടിട്ടാ മാതുവമ്മ കണ്ണടച്ചത്… അവരുടെ ആത്മാവിനു ശാന്തി കിട്ടാൻ നിങ്ങൾ ഒരുമിക്കണം…”

മഹേഷ്‌ അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു…

“ആദ്യമായിട്ടും അവസാനമായിട്ടും അച്ഛൻ നിന്നോട് ഒരു കാര്യം ആവശ്യപ്പെടുകയാണ്… അവളെ ഈ വീട്ടിൽ വേണം.. നിന്റെ ഭാര്യയായിട്ട്…”

“അച്ഛന്റെ കണക്കുകൂട്ടലുകൾ തെറ്റാണെങ്കിലോ? അവളുടെ മനസ്സിൽ എന്നോട് ആ സ്നേഹം ഇപ്പോൾ ഇല്ലെങ്കിൽ എന്തു ചെയ്യും?”

അവന്റെ ചോദ്യം കേട്ടപ്പോൾ ഭരതന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി…

‘ഇല്ല… അങ്ങനെ വരില്ല…ഞാൻ ചേർത്തു പിടിച്ചു വളർത്തിയ കുട്ടിയാ അവൾ… മാറാൻ അവൾക്ക് കഴിയില്ല.. ‘ അയാൾ സ്വയം പറഞ്ഞു കൊണ്ടിരുന്നു…

(തുടരും )

Leave a Reply

Your email address will not be published. Required fields are marked *