“ബസിറങ്ങി നടക്കുമ്പോൾ,വർഷങ്ങൾ എത്ര പെട്ടെന്നാണ് കടന്നു പോയതെന്ന് ശ്രീബാല ഓർക്കുകയായിരുന്നു…നഴ്സിംഗ് പഠനം കഴിഞ്ഞ് റോയൽ സിറ്റി ഹോസ്പിറ്റലിൽ ജോലിക്ക് പ്രവേശിച്ചിട്ട് ഒരുമാസം കഴിഞ്ഞു.. ആദ്യത്തെ ശമ്പളം വാങ്ങിയ ശേഷം അവൾ വീട്ടിലേക്ക് അപ്രതീക്ഷിതമായി ചെന്നപ്പോൾ ഭരതനും മാതുവമ്മയും അമ്പരന്നു പോയി…
നീയെന്താ മോളെ ഒരു മുന്നറിയിപ്പും ഇല്ലാതെ?”
“കുറച്ചു ദിവസം ലീവ് കിട്ടി… അപ്പൊ ഇങ്ങ് പോന്നു.”
“ഒന്ന് വിളിച്ച് പറഞ്ഞൂടെ? ഒറ്റയ്ക്ക് ഇത്രേം ദൂരം… വേണ്ടായിരുന്നു..”
“കൂടെ ജോലി ചെയ്യുന്ന ചേച്ചിമാർ ട്രെയിനിൽ ഉണ്ടായിരുന്നു അച്ഛാ… സ്റ്റേഷനിൽ ഇറങ്ങി ഓട്ടോയ്ക്ക് സ്റ്റാൻഡിലേക്ക് വന്നു… അവിടുന്ന് ഹരിയേട്ടന്റെ ശിവശക്തി ബസിൽ ഇവിടേക്ക്…. ഇതിലെന്ത് പേടിക്കാൻ?.. മനഃപൂർവമാ ഇക്കാര്യം മിണ്ടാഞ്ഞത്…. ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി.. മഹിയേട്ടനോട് പോലും പറഞ്ഞില്ല..”
“കുട്ടൻ ഇവിടെ ഇല്ല മോളെ..” മാതുവമ്മ പറഞ്ഞു..
“അറിയാം… നാളെ രാവിലെ എത്തുമെന്ന് ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞു… ഹോസ്പിറ്റലിൽ പോയതല്ലേ?”
“അതെ…അവന്റെയൊരു ടീച്ചറു കൊച്ചുണ്ട്… അവളുടെ കുട്ടിയെയും കൊണ്ട് ആശുപത്രിയിൽ പോകാനാ… സ്വന്തമായി കാറൊക്കെ ഉണ്ടെങ്കിലും അവർക്ക് ആരെയും വിശ്വാസമില്ല…”
“ഉവ്വ്…. കുറച്ചു കൂടുന്നുണ്ട്… എപ്പോ ഫോൺ വിളിച്ചാലും രേഷ്മ ടീച്ചറെ കുറിച്ചേ പറയാനുണ്ടാകൂ… എനിക്കൊരു ദിവസം അവരെ കാണണം..”
അവൾ ചുണ്ടുകൾ കൂർപ്പിച്ചു…
“പാവമാ മോളെ… ഇന്നാളു മഹി ബൈക്കിൽ നിന്ന് വീണപ്പോൾ കാണാൻ ഇവിടെ വന്നിരുന്നു… കെട്ടിയോൻ വിദേശത്താ…ഒരു മോള് മാത്രമേ ഉള്ളൂ… അതിന് എന്തൊക്കെയോ അസുഖങ്ങളും…”
ഭരതൻ പറഞ്ഞു… അതൊക്കെ ശ്രീബാലയ്ക്കും അറിയാം.. കാരണം അവളുടെ അടുത്ത കൂട്ടുകാരി പ്രിയയുടെ ചേട്ടത്തിയമ്മ ആണ് രേഷ്മ…. ഭർത്താവ് സതീഷ് ഖത്തറിൽ ആണ് ജോലി ചെയ്യുന്നത്..അയാൾക്ക് ഒരു ചേട്ടനുണ്ട് രാജേഷ്… പ്രിയയെ കാണാൻ പലപ്പോഴും ഹോസ്റ്റലിൽ വരാറുണ്ട്… ശ്രീബാലയോടും സംസാരിക്കും..
“കാര്യം എന്റെ ഏട്ടനൊക്കെ തന്നെയാ… പക്ഷേ വൃത്തികെട്ട സ്വഭാവമാ ചിലപ്പോഴൊക്കെ… പെട്ടെന്ന് ദേഷ്യം വരും.. വന്നാൽ എല്ലാരേയും ചീത്ത വിളിക്കും… ഏട്ടത്തിയമ്മയെ പറയുന്ന കേട്ടാൽ നമുക്ക് തന്നെ സങ്കടം വരും..”
ഒരു നാൾ പ്രിയ പറഞ്ഞു…
“അതെന്താ അങ്ങനെ?”
“ഏട്ടനെ കാണാൻ വല്യ ഭംഗി ഒന്നുമില്ല… രാജേഷേട്ടന്റെ അത്ര പോലുമില്ല… ആ കോംപ്ളേക്സ് ആണ്…ഏട്ടത്തി സുന്ദരി ആണല്ലോ… അത് തന്നെ പ്രശ്നം…”
പ്രിയയിൽ നിന്ന് രേഷ്മയെ കുറിച്ചുള്ള ഏകദേശവിവരണം ലഭിച്ചു… ഒരു പാവപ്പെട്ട കുടുംബത്തിലാണ് ജനിച്ചത്… നല്ല ജോലിയും സാമ്പത്തികമായി മുന്നോക്കം നില്കുന്നതുമായ സതീഷിന്റെ ആലോചന വന്നപ്പോൾ വീട്ടുകാർ ഒന്നും ആലോചിക്കാതെ വിവാഹം കഴിപ്പിച്ചു വിട്ടു… നന്നായി നൃത്തം ചെയ്യുമായിരുന്നു രേഷ്മ… പക്ഷേ അതൊക്കെ സതീഷ് നിർത്തിച്ചു…സംശയരോഗം…അവൾ ജോലിക്ക് പോകുന്നത് പോലും അയാൾക്ക് ഇഷ്ടമല്ല.. ശക്തമായി പോരാടിയിട്ടാണ് അതിനുള്ള അനുമതി അവൾ നേടിയെടുത്തത്…ഒരേയൊരു മകൾ സ്നേഹ ഹാർട്ട് പേഷ്യന്റ് ആണ്..സതീഷിന്റെ നേരെ വിപരീതമാണ് രാജേഷ്… കുറേ കാലം പ്രവാസി ആയിരുന്നു… ഇപ്പോൾ കോൺട്രാക്ടർ ആണ്.. ഭാര്യ വർഷങ്ങൾക്ക് മുൻപേ മരിച്ചു.. കുട്ടികളില്ല… എല്ലാവരോടും മാന്യമായി പെരുമാറുന്ന ഒരു മനുഷ്യൻ… ശ്രീബാലയുടെ കഥകളൊക്കെ അറിഞ്ഞ ശേഷം അയാൾക്ക് അവളോട് പ്രത്യേക വാത്സല്യവും ബഹുമാനവും ആണ്..മഹേഷിനെയും അയാൾ പരിചയപ്പെട്ടിട്ടുണ്ട്.. രേഷ്മയും അവനുമായുള്ള സൗഹൃദവും അയാൾക്ക് അറിയാമായിരുന്നു……
“എത്ര പാവമാണെന്ന് പറഞ്ഞാലും ഇതൊക്കെ കുറച്ചു ഓവറാണ്… അവരുടെ കെട്ടിയോൻ എങ്ങാനും അറിഞ്ഞാൽ രണ്ടെണ്ണത്തിനേം കൊല്ലും…”
ശ്രീബാലയുടെ ദേഷ്യം കണ്ടപ്പോൾ ഭരതന് ചിരി വന്നു…
“ചിരിക്കല്ലേ… അച്ഛനാ മഹിയേട്ടനെ വഷളാക്കുന്നത്.. എല്ലാത്തിനും ഒരു പരിധി വേണം.. ആളുകളെ കൊണ്ട് അതുമിതും പറയിക്കരുത്…”
“നീ ചൂടാവാതെ, അടുക്കളയിൽ പോയി വല്ലതും എടുത്ത് കഴിക്ക്..”
അവൾ മാതുവമ്മയുടെ കവിളിൽ ഒരു മുത്തം കൊടുത്ത ശേഷം അകത്തേക്ക് നടന്നു…
അന്ന് സന്ധ്യയ്ക്ക് ഭരതനും മാതുവമ്മയും പൂമുഖത്ത് ഇരിക്കുകയായിരുന്നു… ഭരതൻ ഉറക്കം അവരുടെ കൂടെ തന്നെയാണ്.. പകൽ സമയത്ത് അവരെ പരിചരിക്കാൻ കുറച്ചു അകലെയുള്ള ഒരു പാവപ്പെട്ട സ്ത്രീയെ ഏർപ്പാടാക്കിയിട്ടുണ്ട്…
കുളി കഴിഞ്ഞ് ശ്രീബാല അങ്ങോട്ട് വന്നു… കയ്യിലിരുന്ന ഒരു പ്ലാസ്റ്റിക് ബാഗ് അവൾ അയാൾക്ക് നേരെ നീട്ടി..
“എന്താ ഇത്..?”
“തുറന്നു നോക്ക്..”
അയാൾ തുറന്നു… ഒരു ഷർട്ടും മുണ്ടും.. അവൾ വേറൊരു കവർ മാതുവമ്മയ്ക്ക് നൽകി… ഒരു പുതപ്പ് ആയിരുന്നു അതിൽ..
“എന്തിനാ മോളെ ചുമ്മാ കാശ് കളയുന്നത് “
അവർ ശാസിച്ചു..
“സാരമില്ല… എന്റെയൊരു സന്തോഷം… അച്ഛൻ ഒന്ന് എഴുന്നേറ്റ് നിന്നേ..”
കാര്യം മനസിലായില്ലെങ്കിലും ഭരതൻ എഴുന്നേറ്റു…. അവൾ അയാളുടെ വലതു കൈ പിടിച്ച് കുറച്ചു പൈസ അവിടെ വച്ചു…
“എന്തായിത്?”
“എന്റെ ആദ്യത്തെ ശമ്പളം…എല്ലാർക്കും ഓരോന്ന് വാങ്ങി ബാക്കിയുള്ള പൈസയാ..”
“ഇതെന്തിനാ എനിക്ക് തരുന്നേ? നീ കഷ്ടപ്പെട്ട് പഠിച്ച് ജോലി നേടി… അതിൽ നിന്നും കിട്ടുന്ന വരുമാനം നിന്റേത് മാത്രമാണ്…”
“എന്റെ വലിയ ആഗ്രഹമായിരുന്നു ആദ്യമായി കിട്ടുന്ന പൈസ അമ്മയെ ഏല്പിക്കുക എന്നത്… കഴിഞ്ഞില്ല… അമ്മ പോയി… ഇപ്പൊ എനിക്ക് നിങ്ങളൊക്കെ അല്ലേ ഉള്ളൂ…? വേണ്ട എന്ന് പറയരുത്…”
നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണുകൾ ഭരതൻ തുടച്ചു… ആ കാശിൽ നിന്ന് നൂറു രൂപ എടുത്ത് പോക്കറ്റിൽ ഇട്ടു. ബാക്കി അവളുടെ കയ്യിൽ തന്നെ വച്ചു കൊടുത്തു..
“എനിക്ക് ഇത് മതി.. ചിലവാക്കാൻ അല്ല..നിധിപോലെ സൂക്ഷിക്കും… എന്റെ മോളുടെ കഷ്ടപ്പാടിന്റെ കൂലി അല്ലേ..? അത്രയും വിലപ്പെട്ടതാണ്…”
അവൾ അയാളുടെ ദേഹത്തോട് ഒട്ടി നിന്നു..
“ഇനി കിട്ടുന്നതൊന്നും വെറുതെ ചിലവാക്കരുത്.. ബാങ്കിൽ ഒരു അക്കൌണ്ട് എടുക്കണം… അത്യാവശ്യത്തിനുള്ളത് എടുത്തിട്ട് ബാക്കി അതിൽ ഇട്ടാൽ മതി…”
“ഉം.. എന്നേക്കാൾ സന്തോഷം അച്ഛന് ആണെന്നറിയാം..”
“അതെ… സന്തോഷത്തേക്കാൾ അഭിമാനമാണ് കൂടുതൽ…. നീ ഇനിയും ഒരുപാട് നേടണം… മഹി പറയുന്നുണ്ടായിരുന്നു വിദേശത്തൊക്കെ നഴ്സുമാർക്ക് നല്ല ശമ്പളം ഉണ്ടെന്ന്.. നിനക്ക് ഇഷ്ടമാണെങ്കിൽ നമുക്ക് ശ്രമിക്കാം…”
“എനിക്ക് നിങ്ങളെ വിട്ട് എങ്ങും പോകണ്ട…”
“ശരി.. വേണ്ട… അതുപോട്ടെ… മഹിക്ക് നീ എന്താ വാങ്ങിയത്..?”
“ബാ… കാണിച്ചു തരാം.. “
അവൾ രണ്ടുപേരെയും അകത്തേക്ക് കൂട്ടികൊണ്ട് പോയി..ബാഗ് തുറന്ന് ഓരോ കവറുകളായി പുറത്തെടുത്തു..
“ഇത് മഹിയേട്ടന്… ജീൻസും ഷർട്ടും… പിന്നെ ഇത് സൈനുക്കയ്ക്കും, ഹാജിക്കയ്ക്കും, ഹരിയേട്ടനും ഓരോ ഷർട്ട് പീസ്… അവരുടെ സൈസ് എനിക്ക് അറിയില്ല.. അതാ തുണി വാങ്ങിയത്… എന്നെ സഹായിക്കാൻ കൂടെ നിന്നവരല്ലേ? ഇതെങ്കിലും കൊടുത്തില്ലേൽ നന്ദികേട് ആകും…”
“അതും ശരിയാ… ഇതൊക്കെ അവരുടെ കയ്യിൽ എത്തിക്കണ്ടേ?”
“മഹിയേട്ടൻ വരട്ടെ…”
രാത്രി ഒരുമിച്ച് ഭക്ഷണം കഴിച്ചശേഷം അവർ കുറേ നേരം സംസാരിച്ചു… ഹോസ്പിറ്റലിന്റെ അടുത്ത് ഒരു വീടിന്റെ മുകളിലത്തെ നില വാടകയ്ക്ക് എടുത്താണ് ശ്രീബാലയും പ്രിയയും വേറെ രണ്ട് പെൺകുട്ടികളും താമസിക്കുന്നത്.. അവിടുത്തെ വിശേഷങ്ങളും ജോലിക്കാര്യവുമൊക്കെ പങ്കു വച്ചപ്പോഴേക്കും ഒരുപാട് വൈകി…
“പോയി ഉറങ്ങിക്കോ മോളേ,.. യാത്രാക്ഷീണം കാണും… …”
ഭരതൻ പറഞ്ഞു…
“ഞാനൊന്ന് മഹിയേട്ടനെ വിളിക്കട്ടെ…”
മാതുവമ്മയുടെ കൂടെ കിടന്ന ശേഷം അവൾ ഫോണെടുത്ത് മഹേഷിന്റെ നമ്പർ ഡയൽ ചെയ്തു…
“വീട്ടിൽ എത്തിയെന്നു അച്ഛൻ പറഞ്ഞിരുന്നു.. നീ ഉറങ്ങിയില്ലേ?”അവൻ ചോദിച്ചു..
“ഇല്ല… മഹിയേട്ടൻ എവിടെയാ?”
“ഞാനിവിടെ ലോഡ്ജിൽ മുറിയെടുത്തു… ടീച്ചർ മോളുടെ കൂടെ ആശുപത്രിയിലാ… നാളെ രാവിലെ ഡോക്ടർ വന്നിട്ട് നാട്ടിലേക്ക് തിരിക്കും…”
“കഴിച്ചോ?”
“ഉവ്വ്… നീയോ?”
“ഉം..”
“അച്ഛനും മാതുവമ്മയും ഉറങ്ങിയോ?”
“കിടന്നു…”
“നീ ഒറ്റയ്ക്ക് വരാനൊക്കെ പഠിച്ചു അല്ലേ?”
“അതെന്താ മഹിയേട്ടൻ അങ്ങനെ പറഞ്ഞത്?..”
“ഒന്നുമില്ല… പണ്ടൊക്കെ ഞാനില്ലാതെ വരാറില്ലായിരുന്നു..”
“ഒന്നു ഞെട്ടിക്കാം എന്ന് കരുതി ചെയ്തതാ..”
“ആയിക്കോട്ടെ… ഞെട്ടി… “
“മഹിയേട്ടാ…?”
“ഉം?”
“എന്നോട് ദേഷ്യമാണോ?”
“അല്ല…”
“കാഞ്ഞങ്ങാട് ഉള്ള രണ്ടു ചേച്ചിമാരും കൂടെ ഉണ്ടായിരുന്നു… ആ ധൈര്യത്തിലാ വന്നത്…”
“സാരമില്ല…”
“മഹിയേട്ടനോട് ചോദിക്കാതെ ഞാനെവിടേം പോകാറില്ലല്ലോ.? എല്ലാർക്കും ഒരു സർപ്രൈസ് കൊടുക്കാൻ വേണ്ടി ചെയ്തതാ..”
“വിട്ടേക്ക്..”
“പിണക്കമാണോ?”
“അല്ലെന്ന് പറഞ്ഞില്ലേ?”
“എനിക്കറിയാം മഹിയേട്ടന് ഇഷ്ടമായില്ല എന്ന്… സോറി..”
“അതുകൊണ്ട് അല്ലെടീ… നിന്നെ ഇത്രയും ദൂരം നിർത്താൻ തന്നെ മനസ്സുണ്ടായിട്ടല്ല… വാർത്തയിലൊക്കെ ഓരോ പെൺകുട്ടികൾക്ക് സംഭവിക്കുന്നതൊക്കെ കാണുമ്പോൾ നെഞ്ചിൽ തീയാണ്… “
അവന്റെ കരുതലും സ്നേഹവും എത്രത്തോളം ഉണ്ടെന്ന് അവൾക്ക് അറിയാമായിരുന്നു,….
“ഇനി ആവർത്തിക്കില്ല… ഇത്തവണത്തേക്ക് ക്ഷമിക്ക്…”
“നീ ഉറങ്ങിക്കോ.. ഞാൻ നാളെ എത്തും..”
“സൂക്ഷിച്ചു വരണേ…”
കാൾ കട്ട് ആയി… അവളുടെ ഫോണിന്റെ വാൾപേപ്പർ മദീന ബസിന്റെ മുന്നിൽ ചാരി നിൽക്കുന്ന മഹേഷിന്റെ ഫോട്ടോ ആയിരുന്നു… കാക്കി പാന്റും ഷർട്ടും ധരിച്ച് കണ്ടക്ടറുടെ ബാഗും കയ്യിൽ പിടിച്ചു നിൽക്കുന്ന അവനെ നോക്കി കിടക്കവേ അവളിൽ ഒരു മന്ദഹാസം വിരിഞ്ഞു… തന്റെ പ്രിയപ്പെട്ടവൻ…. ബസിനു കൊടുക്കാൻ രണ്ടു രൂപ കയ്യിലില്ലാതെ പകച്ചു നിന്ന ഒരു പെണ്ണിനെ മനസറിഞ്ഞു സഹായിച്ചതിൽ തുടങ്ങിയ സൗഹൃദം…. ഒടുവിൽ അവളെ ചേർത്തു നിർത്തി ലക്ഷ്യങ്ങളിൽ എത്തിച്ചവൻ… ഇന്നും തന്റെ സുരക്ഷ ഓർത്താണ് ആകുലപ്പെടുന്നത്.. ആ മനസ്സിൽ തന്നോടുള്ള വികാരം എന്താണെന്ന് അറിയില്ല….. ഒരുമിച്ച് ദൂരയാത്രകൾ ചെയ്യുമ്പോഴും, വീട്ടിൽ വേറാരുമില്ലാത്ത സന്ദര്ഭങ്ങളിലും അവന് വേണമെങ്കിൽ എന്തും ചെയ്യാമായിരുന്നു…പക്ഷേ എപ്പോഴൊക്കെ അവൻ സ്പർശിച്ചിട്ടുണ്ടോ, അപ്പോഴൊക്കെ വാത്സല്യം മാത്രമാണ് അതിലുണ്ടായിരുന്നത്….
അവൾ മാതുവമ്മയെ നോക്കി.. അവർ ഉറങ്ങിക്കഴിഞ്ഞിരുന്നു… പിന്നെ മെല്ലെ മൊബൈൽ സ്ക്രീനിലേക്ക് അവൾ ചുണ്ടുകൾ ചേർത്തു… ‘മഹിയേട്ടാ.. ഞാൻ കാത്തിരിക്കുകയാണ്… എന്നെ ഇഷ്ടമാണെന്നൊരു വാക്ക് കേൾക്കാൻ…. ‘
അവളുടെ ഹൃദയം മന്ത്രിച്ചു…
“അടുത്ത മാസം ഇരുപത്തി അഞ്ചിനു സർജറി നടത്താമെന്നാ തീരുമാനിച്ചത്..”
രേഷ്മ പറഞ്ഞു.. ഹോസ്പിറ്റലിൽ നിന്ന് തിരിച്ചുള്ള യാത്രയിലായിരുന്നു അവർ…
“ടീച്ചറുടെ ഹസ്ബൻഡ് അപ്പോഴേക്കും വരുമോ?”
മഹേഷ് ചോദിച്ചു..
“ഇല്ല മഹീ… പുള്ളിയോട് ഞാൻ പല പ്രാവശ്യം കെഞ്ചി നോക്കി… ഒരു വർഷം കഴിയാതെ വരുന്നതിനെ പറ്റി ചിന്തിക്കാൻ പോലും പറ്റില്ല എന്നാ പറയുന്നേ… അവിടെ ബിസിനസ്സിൽ എന്തൊക്കെയോ പ്രശ്നങ്ങൾ…”
“പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ടീച്ചറേ… സ്വന്തം മകളെക്കാൾ വലുതാണോ ബിസിനസ്?.. ടീച്ചർ വയ്യാത്ത കൊച്ചിനേം കൊണ്ട് കഷ്ടപ്പെടുന്നത് കണ്ടിട്ട് സഹിക്കുന്നില്ല…”
“എല്ലാവരും നിന്നെപ്പോലെ അല്ലല്ലോ..” അവളൊന്ന് ചിരിച്ചു..
“മഹീ… ആ ജങ്ഷനിൽ നിന്ന് ഇടത്തോട്ടുള്ള റോഡിലേക്ക് പോ…”
രേഷ്മയുടെ സ്വന്തം വീട്ടിലേക്കുള്ള വഴിയാണ് അത്… അവിടെയൊന്നു കയറിയിട്ട് പോകാമെന്നു ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ തീരുമാനിച്ചിരുന്നു….
“മമ്മീ… ഞാൻ വരുന്നില്ല… എന്നെ അങ്കിളിന്റെ അടുത്ത് ഇറക്കിയേക്ക്.. തിരിച്ചു വരുമ്പോ വിളിച്ചാൽ മതി..”
സ്നേഹ മൊബൈലിൽ നിന്ന് മുഖമുയർത്താതെ പറഞ്ഞു…
“ഓക്കേ . പക്ഷേ വെയിലത്തു കളിക്കരുത്…. “
“ഞാൻ കൊച്ചു കുട്ടിയൊന്നുമല്ല മമ്മീ…”
അവൾ അസ്വസ്ഥയായി…
“എപ്പോ നോക്കിയാലും ഉപദേശം… പപ്പ പറയുന്നത് ശരിയാ… മമ്മിക്ക് മുത്തശ്ശിയുടെ അതേ സ്വഭാവമാണ്..”
“അതേടീ… എനിക്ക് എന്റെ അമ്മയുടെ സ്വഭാവം കിട്ടിയതിനാലാ നിന്നെയും കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത്… “
അതോടെ സ്നേഹ മിണ്ടാതെ ഫോണിലേക്ക് നോക്കി…
“മഹീ.. ആ കാണുന്ന വീടിനു മുൻപിൽ നിർത്ത്..”
അവൻ ഓരം ചേർത്ത് നിർത്തി..സ്നേഹ ഗേറ്റ് തുറന്ന് അകത്തു പ്രവേശിച്ചു…
“എന്റെ ഏട്ടന്റെ വീടാണ് …അദ്ദേഹത്തിന്റെ മക്കളും സ്നേഹയും നല്ല കൂട്ടാ…”
രേഷ്മ പറഞ്ഞു.
“പോകാം… “
അവൻ കാർ മുന്നോട്ടെടുത്തു.. കഷ്ടിച്ച് ഒരു കിലോമീറ്റർ പോയപ്പോൾ അവർ തറവാട്ടിൽ എത്തിച്ചേർന്നു… വളരെ പഴക്കം ചെന്ന വീട്… ബാഗിൽ നിന്നും താക്കോൽ എടുത്ത് രേഷ്മ വാതിൽ തുറന്നു…
“വാടോ…” അവൾ ക്ഷണിച്ചു… മഹേഷ് അങ്ങോട്ട് കയറി..
“ഇവിടെ ആരും താമസമില്ലേ?”
“ഇല്ല… സ്വത്ത് ഭാഗം വച്ചപ്പോൾ എനിക്ക് കിട്ടിയതാ… ഇത് വിൽക്കാൻ സതീഷ് കുറേ ശ്രമിച്ചിരുന്നു.. ഞാൻ വിട്ടില്ല…”
“ഇത്രേം നല്ല വീടും സ്ഥലവും വിൽക്കാനോ? മോശം…”
വീടിന്റെ ഉൾവശം മുഴുവൻ പൊടിപിടിച്ചു കിടക്കുകയാണ്… മൂന്ന് റൂമും അടുക്കളയും.. ചാണകം മെഴുകിയ നിലം..
“ഈ മുറിയിലാ ഞാനും അമ്മയും കിടന്നിരുന്നേ… വലുതായപ്പോൾ എന്നെ അപ്പുറത്തേക്ക് മാറ്റി… അവിടെ എനിക്ക് പേടിയായിരുന്നു.. എപ്പോഴും ഇരുട്ട്… രാത്രി ഞാൻ മെല്ലെ എഴുന്നേറ്റ് അമ്മയുടെ അടുത്ത് വന്നു കിടക്കും “..
പഴയ കാലത്തേക്ക് രേഷ്മ തിരിച്ചു പോകുകയാണെന്ന് അവന് മനസിലായി..
“എത്ര ദേഷ്യപ്പെട്ടാലും വഴക്കു പറഞ്ഞാലും മാതാപിതാക്കൾ ഇല്ലാതായാൽ ഒരു ശൂന്യതയാ… അവര് തരുന്ന സുരക്ഷിതത്വം നമുക്ക് എവിടുന്നും കിട്ടില്ല… ഈ വീടിനു ഒരു മണമുണ്ട്… മക്കളെ പോറ്റാൻ കഷ്ടപ്പെട്ട ഒരമ്മയുടെ വിയർപ്പിന്റെയും സ്നേഹത്തിന്റെയും മണം…”
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…
“കുടുംബക്കാരൊക്കെ നിർബന്ധിച്ചിട്ടാ സതീഷുമായുള്ള വിവാഹത്തിന് അമ്മ സമ്മതിച്ചത്.. അവിടുന്ന് എനിക്ക് ഏൽക്കേണ്ടി വന്ന ശാരീരികവും മാനസികവുമായ പീഡനങ്ങൾ അറിഞ്ഞപ്പോ ആ പാവം ഒരുപാട് വേദനിച്ചു… എന്നോട് തിരിച്ചു വരാൻ പറഞ്ഞതാ… പക്ഷേ ഏട്ടനെയും അമ്മാവന്മാരെയും ഒക്കെ പേടിച്ച് ഞാൻ പിടിച്ചു നിന്നു… അതിന്റെ ഫലമാ ഇപ്പൊ അനുഭവിക്കുന്നത്…. പട്ടിയുടെ വിലപോലും എനിക്ക് അയാൾ തരുന്നില്ല… പന്ത്രണ്ടു വയസുള്ള മകൾക്ക് പോലും പുച്ഛം.. നീ കേട്ടതല്ലേ മഹീ അവളുടെ സംസാരം?… ഇത് ആദ്യമായിട്ടല്ല… അച്ഛനും മകൾക്കും പറഞ്ഞു ചിരിക്കാനുള്ള ഒരു കോമാളി ആണ് ഞാൻ..”
“പോട്ടെ ടീച്ചറേ… അവള് കുഞ്ഞല്ലേ? വലുതാകുമ്പോൾ അമ്മയെ മനസിലാക്കും.. അന്ന് ഇതിൽ ദുഃഖിക്കും..”
“ഇല്ല… കാരണം ഞാൻ സ്നേഹിക്കുന്നതിന്റെ ഇരട്ടി വിഷം അയാൾ മോളുടെ മനസ്സിൽ കുത്തി വയ്ക്കുന്നുണ്ട്…. എനിക്ക് അവിഹിതം ഉണ്ടെന്ന് വരെ അവളോട് പറഞ്ഞു..”
മഹേഷ് ഞെട്ടലോടെ അവളെ നോക്കി..
“ഇതൊന്നും പുറത്താരോടും പറയാൻ പറ്റില്ല… പക്ഷേ നിന്നോടെന്തോ ഒരടുപ്പം തോന്നി.. അതാ…”
“വിഷമിക്കണ്ട… എല്ലാം ഒരുനാൾ മാറും… എന്റെ കഥയൊക്കെ ഞാൻ ടീച്ചറോട് പറഞ്ഞിട്ടില്ലേ? അതുപോലെ തന്നെ…”
“പ്രതീക്ഷ ഇല്ല… ഒരു നിമിഷമെങ്കിലും സന്തോഷമായി ജീവിക്കണം.. അതിന് പറ്റിയില്ലെങ്കിൽ മരിച്ചു പോകുന്നതാ നല്ലത്… എന്തിനാ ഇങ്ങനെ ആർക്കും വേണ്ടാതെ…”
രേഷ്മ രണ്ടു കൈകൊണ്ടും മുഖം പൊത്തി കരഞ്ഞു… അടക്കി വച്ച വേദനകളെല്ലാം ഒരു പേമാരി പോലെ ആർത്തലച്ചു പെയ്യുകയാണ്…. മഹേഷിന് വല്ലാത്ത വേദന തോന്നി… അവളുടെ സങ്കടങ്ങൾ മനസ്സിലാകുന്നുണ്ട്… ആത്മാർഥമായി സ്നേഹിച്ചിട്ടും തിരിച്ച് അവഗണനയും അപമാനങ്ങളും മാത്രം കിട്ടുന്നത് വല്ലാത്തൊരു അവസ്ഥ തന്നെയാണ്… അവൻ പതിയെ അവളുടെ കയ്യിൽ പിടിച്ചു.. ആശ്വസിപ്പിക്കാമെന്ന് കരുതി ചെയ്തതാണ്,.. പക്ഷേ… അവൻ ഒട്ടും പ്രതീക്ഷിക്കാതെ, പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ അവന്റെ നെഞ്ചിലേക്ക് വീണു….
“എനിക്ക് ആരുമില്ല മഹീ…. ആരും…”
അവളുടെ വാക്കുകൾ ഗദ്ഗദങ്ങളായി പുറത്തേക്കൊഴുകി…. അവളെ പിടിച്ചു മാറ്റാനോ,. സ്വയം ഒഴിഞ്ഞു മാറാനോ കഴിയാതെ കാലുകൾ നിലത്തുറച്ചത് പോലെ മഹേഷ് തരിച്ചു നിന്നു.. നെഞ്ചിൽ കണ്ണീരിന്റെ ചൂട് പടരുന്നത് അവൻ അറിഞ്ഞു…
(തുടരും )