"മുത്തശ്ശിക്ക് അത്താഴം തരട്ടെ?" ശ്രീബാല ചോദിച്ചു.. മാതുവമ്മ വഴിയിലേക്ക് നോക്കി ഇരിക്കുകയായിരുന്നു..
“കുറച്ചു കഴിയട്ടെ മോളേ.. കുട്ടൻ വന്നില്ല അല്ലേ?”
“ഇല്ല.. ആരെയോ കാണാനുണ്ട്, വൈകുമെന്ന് പറഞ്ഞിരുന്നു…”
“ഇവന് നേരത്തിനും കാലത്തിനും വീട്ടിൽ വന്നൂടെ? രാത്രി സഞ്ചാരം അത്ര നല്ലതൊന്നും അല്ല…”
അവർ പിറുപിറുത്തു…. മാതുവമ്മയുടെ വീട്ടിൽ ശ്രീബാല താമസിക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ കുറേ ആയി… അവളെ നേരെ കൊണ്ടു വന്നത് ഇങ്ങോട്ടായിരുന്നു…
“എന്റെ അമ്മയുടെ സ്ഥാനം തന്നാ മാതുവമ്മയ്ക്ക്… ഇനി മോള് വേണം ഇവരുടെ കാര്യങ്ങളൊക്കെ നോക്കാൻ.. ഞങ്ങളുടെ വീട്ടിൽ നിന്നെ താമസിപ്പിക്കാൻ വയ്യാഞ്ഞിട്ടല്ല.. പക്ഷേ തത്കാലം അതു വേണ്ട…”
ഭരതൻ അന്ന് പറഞ്ഞതാണ്… അതിന്റെ കാരണം തനിക്ക് ചീത്തപ്പേര് ഉണ്ടാകരുത് എന്നതാണെന്ന് അവൾക്കും അറിയാം..മാതുവമ്മയുടെ കൂടെ അവളെ നിർത്തിയതിനു തന്നെ നാട്ടുകാർ പലതും പറയുന്നുണ്ട്…പക്ഷേ ഭരതനെ പേടിച്ചിട്ട് അടക്കി വയ്ക്കുന്നു എന്ന് മാത്രം..ആ വീട്ടിൽ അവൾക്ക് സുഖമായിരുന്നു…രണ്ടിടത്തേക്കും ഭക്ഷണം ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങളെല്ലാം ഭരതൻ അവിടെ എത്തിച്ചിട്ടുണ്ട്… രാവിലെ രണ്ടുപേരും പൊയ്ക്കഴിഞ്ഞാൽ അവൾ തന്റെ ജോലി ആരംഭിക്കും… ആദ്യം ഭരതന്റെ വീടിന്റെ അകവും പുറവും വൃത്തിയാക്കും… വസ്ത്രങ്ങൾ കഴുകിയ ശേഷം തിരിച്ചു വന്ന് ഭക്ഷണം പാകം ചെയ്യും… പിന്നെ മാതുവമ്മയ്ക്ക് ആവശ്യമായത് എല്ലാം നൽകും… രാത്രി അവർ എത്തുമ്പോഴേക്കും കഴിക്കാനുള്ളതെല്ലാം മേശപ്പുറത്ത് തയ്യാറായിട്ടുണ്ടാകും… അവളെ കണ്ട് സംസാരിച്ചതിന് ശേഷമേ മഹേഷും ഭരതനും തങ്ങളുടെ വീട്ടിലേക്കു കയറാറുള്ളൂ…പുതിയ ജീവിതത്തിൽ അവൾ നൂറു ശതമാനം സംതൃപ്തയായിരുന്നു…. സ്നേഹിക്കാൻ മാത്രം അറിയുന്ന കുറേ മനുഷ്യർ… അവർ തരുന്ന സുരക്ഷിതത്വം… അത്രയേ അവളും ആഗ്രഹിച്ചിരുന്നുള്ളൂ….
ബൈക്കിന്റെ ശബ്ദം കേട്ടപ്പോൾ അവൾ ഓടിച്ചെന്നു…പ്രതീക്ഷിച്ചത് പോലെ തന്നെ മഹേഷ് ആയിരുന്നു…
“നീ കഴിച്ചോ?”
അവൾ തലയാട്ടി…
“എവിടെ നമ്മുടെ വാവാച്ചി?”
“ഇങ്ങോട്ട് കേറിവാടാ…” അകത്തു നിന്നും മാതുവമ്മ വിളിച്ചു…
“ആഹാ ഉറങ്ങിയില്ലായിരുന്നോ?” അവൻ ബൈക്ക് സ്റ്റാൻഡിൽ നിർത്തി കുറച്ചു കവറുകളുമായി ഇറങ്ങി അകത്തേക്ക് കയറി…
“എവിടായിരുന്നു കുട്ടാ ഇത്രയും നേരം? “
“ഇനി മൂന്നാല് ദിവസം ലീവാണ്… പകരം വരുന്ന കണ്ടക്ടർക്ക് കണക്കെല്ലാം ഏല്പിക്കണ്ടേ? പിന്നെ ഇതു വാങ്ങാൻ കുറച്ചു സമയം എടുത്തു..”
അവൻ കവറുകൾ ശ്രീബാലയ്ക്ക് നൽകി..
“എന്താ ഇത്?”
“രണ്ട് ചുരിദാറാ..”
“എനിക്കെന്തിനാ മഹിയേട്ടാ? അത്യാവശ്യം വേണ്ടതൊക്കെ അച്ഛന്റെ കൂടെ പോയി വാങ്ങിയതാണല്ലോ?”
അവൾ വ്യസനത്തോടെ ചോദിച്ചു..
“സാരമില്ല… ങാ പിന്നേ… നാളെ രാവിലെ റെഡിയാവണം..”
“എവിടെക്കാ?”
“അറിയണോ?” അവൻ പുഞ്ചിരിയോടെ അവളെ നോക്കി..
“ഉം..”
“നിന്റെ ആഗ്രഹങ്ങൾ നടക്കാൻ പോകുകയാ?”
“മനസിലായില്ല..”
“എടീ നഴ്സിങ്ങിന്റെ അഡ്മിഷൻ ശരിയായിട്ടുണ്ടെന്ന്..”
അവൾ ഒന്നും മിണ്ടിയില്ല…
“എന്താ നിനക്കൊരു സന്തോഷം ഇല്ലാത്തത്?”
“അതൊന്നും വേണ്ട മഹിയേട്ടാ… കവലയിൽ തയ്യൽ പരിശീലനം തുടങ്ങുന്നുണ്ട് എന്ന് കേട്ടു… അതിന് ചേരാം..”
“അപ്പൊ നിന്റെ സ്വപ്നമോ?”
ശ്രീബാലയുടെ കണ്ണുകൾ നിറഞ്ഞു…
“സ്വപ്നം കാണാനും ഒരു യോഗ്യതയൊക്കെ വേണ്ടേ? എനിക്കതില്ല..”
“സ്വയം താഴ്ത്തിക്കെട്ടരുത്… ഞങ്ങളൊക്കെ കൂടെയുണ്ടാവുമ്പോൾ നിന്നെ തോൽക്കാൻ സമ്മതിക്കില്ല…അല്ലേ മാതുവമ്മേ?”
“അതെ… മോളേ, നിനക്ക് വേണ്ടിയല്ലേ ഇവരൊക്കെ കഷ്ടപ്പെടുന്നത്? അപ്പൊ നീ തളരരുത്…എന്തായാലും കുട്ടന്റെ കൂടെ രാവിലെ പോയിട്ട് വാ..”
“ഇവിടെ ആരുമില്ലല്ലോ? മുത്തശ്ശിയെ തനിച്ചാക്കിയിട്ട് ഞാനെങ്ങനെ?”
അവൾക്ക് അതായിരുന്നു വിഷമം..
“അതൊക്കെ എന്തെങ്കിലും ചെയ്യാം… നീ പറയുന്നത് അനുസരിക്ക്.. “
മഹേഷ് പുറത്തേക്ക് നടന്നു.. പിന്നാലെ ശ്രീബാലയും…
“മഹിയേട്ടാ..”
“ഉം?”
“കിട്ടുന്ന കാശ് മുഴുവൻ എനിക്ക് വേണ്ടി ചിലവാക്കിയിട്ട്, നാളെ ഒരുപക്ഷെ ഞാൻ നന്ദികേട് കാണിച്ചാലോ? നിങ്ങളെ തിരിഞ്ഞു നോക്കുകപോലും ചെയ്തില്ലെങ്കിലോ?”
അവൻ അവളുടെ അരികിൽ വന്നു നിന്നു.. പോക്കറ്റിൽ നിന്ന് കർച്ചീഫ് എടുത്ത് അവളുടെ ഇടത്തെ കവിളിൽ പറ്റിയിരുന്ന കരി തുടച്ചു കളഞ്ഞു… നെറ്റിയിലേക്ക് വീണുകിടന്ന മുടിയിഴകൾ ചെവിക്ക് പിന്നിലേക്ക് ഒതുക്കി വച്ചു… പിന്നെ അവളുടെ കണ്ണുകളിലേക്ക് നോക്കി..
” തിരിച്ചു കിട്ടാൻ വേണ്ടി അല്ല… നല്ല നിലയിലെത്തിയാൽ നാളെ ഇതുപോലെ കഷ്ടപ്പെടുന്ന ഏതെങ്കിലും പെൺകുട്ടിയെ കണ്ടുമുട്ടിയാൽ ഉറപ്പായും നീ അവളെ സഹായിക്കും… അത് മാത്രം മതി.. നമ്മൾ ചെയ്യുന്ന നല്ലകാര്യങ്ങൾ കൈമാറി പോകുന്നത് കാണുന്നതിലും വല്യ സന്തോഷം ഒന്നുമില്ല.. “
“മഹിയേട്ടന് വേറൊന്നും തോന്നുന്നില്ലേ?”
“എന്താടീ?”
“ഒന്നുമില്ല… ഭക്ഷണം അവിടെ മേശപ്പുറത്തു വച്ചിട്ടുണ്ട്… വേഗം കഴിച്ചോ.. ഇപ്പൊ തന്നെ തണുത്തു തുടങ്ങിയിട്ടുണ്ടാകും..”
“അച്ഛൻ ഇങ്ങോട്ട് വന്നില്ലേ?”
“കുറച്ചു മുൻപാ പോയത്…”
“ശരി… നീ കതകടച്ചു കിടന്നോ… രാവിലെ കാണാം…”
അവൻ ബൈക്ക് എടുത്ത് തന്റെ വീട്ടിലേക്ക് പോയപ്പോൾ ശ്രീബാല വാതിലടച്ച് ലൈറ്റ് ഓഫ് ചെയ്ത് മധുവമ്മയുടെ അടുത്ത് വന്നു കിടന്നു.. അവർ കമ്പിളിപുതപ്പിന്റെ ഒരു വശം അവളുടെ ദേഹത്ത് ഇട്ടു.. ആ വീട്ടിൽ വന്ന നാൾ തൊട്ട് അവൾ അവരുടെ കൂടെയാണ് കിടക്കാറ്,… നിലത്തു കിടക്കാൻ മാതുവമ്മ സമ്മതിക്കാറില്ല..അവരോട് ഒട്ടിച്ചേർന്ന് കിടക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷവും സമാധാനവും അവൾക്ക് ലഭിക്കാറുണ്ട്….
“എനിക്ക് എന്തോ വല്ലാത്ത സങ്കടം വരുന്നു മുത്തശ്ശീ…”
“എന്തിനാ മോളേ?”
“നഴ്സിംഗ് പഠിക്കാനൊക്കെ ഒത്തിരി കാശാവും… “
“അതൊന്നും നീ ആലോചിക്കണ്ട… ഭരതനും കുട്ടനും ഒന്നും കാണാതെ ഇതിന് ഇറങ്ങിത്തിരിക്കില്ല.. നീ നന്നായി പഠിക്ക്… നിന്റെ അമ്മയുടെ ആശ ആയിരുന്നില്ലേ ഇത്? “
“അതെ…”
“അത് എപ്പോഴും ഓർമയിൽ ഉണ്ടാകണം… പിന്നെ, അന്യരൊന്നും അല്ലല്ലോ നിന്നെ സഹായിക്കുന്നത്… നാളെ ആ വീട്ടിലേക്ക് കയറി ചെല്ലേണ്ടവളല്ലേ നീ?”
ശ്രീബാല തലയുയർത്തി അവരെ നോക്കി.. ഇരുട്ട് ആയതിനാൽ ആ മുഖത്തെ ഭാവം കാണാൻ സാധിച്ചില്ല…
“മുത്തശ്ശി എന്താ പറഞ്ഞത്?”
“ഒന്നും അറിയാത്തത് പോലെ… കൊച്ചു കുഞ്ഞൊന്നും അല്ലല്ലോ..?”
“അങ്ങനെ ഒന്നും മഹിയേട്ടന്റെ മനസ്സിൽ ഇല്ല…”
“അതെനിക്കും അറിയാം… പക്ഷേ നിനക്ക് ഇല്ലേ..?”
“ഈ മുത്തശ്ശിയുടെ ഒരു കാര്യം….”
മാതുവമ്മ അവളെ പിടിച്ച് തന്റെ അടുത്തേക്ക് ചേർത്തു കിടത്തി…
“അവനെ കാണുമ്പോഴും സംസാരിക്കുമ്പോഴും നിന്റെ മുഖത്തെ മാറ്റം ഞാൻ കാണുന്നുണ്ട്… ഇത്രേം പ്രായമായില്ലേ മോളേ എനിക്ക്… ഒരു പെണ്ണിനെ മനസിലാക്കാനൊക്കെ പറ്റും… നിനക്ക് കുട്ടനെ ഇഷ്ടമാണോ..?”
ശ്രീബാല ഒന്നും മിണ്ടിയില്ല…
“പറ കുട്ടീ..”
“ഇഷ്ടം എന്ന് പറഞ്ഞു ചെറുതാക്കാൻ പറ്റില്ല മുത്തശ്ശീ….”
അവൾ അവരുടെ കൈത്തലം തന്റെ നെഞ്ചിലേക്ക് എടുത്ത് വച്ചു..
“എന്റെ വീടിനടുത്തുള്ള ചിലരൊക്കെ സഹായിക്കാൻ എന്ന പേരിൽ വരാറുണ്ട്.. പക്ഷേ അവരുടെയൊക്കെ ഉദ്ദേശം വേറെന്തൊക്കെയോ ആണ്.. ഞാൻ ചോദിക്കാനും പറയാനും ആരുമില്ലാത്തവളല്ലേ.. അത് മുതലെടുക്കാൻ വേണ്ടി കുറേ പേര് ശ്രമിച്ചു.. പക്ഷേ ഒന്നും പ്രതീക്ഷിക്കാതെ, ഞാൻ ആവശ്യപ്പെടാതെ, എനിക്ക് വേണ്ടതൊക്കെ ചെയ്തു തന്നയാളാ മഹിയേട്ടൻ… മോശമായ ഒരു നോട്ടം പോലുമുണ്ടായിട്ടില്ല… സ്വന്തം ഭാവിയെ കുറിച്ച് ചിന്തിക്കാതെ എനിക്ക് വേണ്ടി ഓടി നടക്കുന്ന ഒരാളെ ഞാൻ എങ്ങനെ സ്നേഹിക്കാതിരിക്കും? പക്ഷേ ഞാനിത് തുറന്ന് പറയില്ല… കാരണം മഹിയേട്ടനെ പോലൊരാളെ ആഗ്രഹിക്കാനുള്ള യോഗ്യത എനിക്കില്ല…”
“നീ ഇപ്പൊ പറയണ്ട.. ആദ്യം പഠിച്ച് ജോലി നേട്… അന്ന് ഞാൻ ജീവനോടെ ഉണ്ടെങ്കിൽ ഇത് ഞാൻ നടത്തും…”
“വേണ്ട മുത്തശ്ശീ… ശാപം കിട്ടിയ ജന്മമാ എന്റേത്,… ഇത് മനസ്സിൽ തന്നെ വച്ചോളാം… അധിക നാൾ ഇവർക്ക് ബാധ്യത ആകരുത് എന്ന് മാത്രമാ പ്രാർത്ഥന…”
“അത് മോളുടെ തോന്നലാ… അങ്ങനെ നോക്കിയാൽ ഞാനല്ലേ അവർക്ക് ബാധ്യത? എന്ത് ബന്ധമാ എനിക്ക് അവരോട് ഉള്ളത്? എന്നെ ഉപേക്ഷിച്ച് കാശിയിൽ സന്യാസി ആയി ജീവിക്കുന്ന മോന് ഇല്ലാത്ത എന്ത് കടമയാ അവർക്ക് എന്നോട്?.. എന്നിട്ടും സ്വന്തം അമ്മയെ പോലെയല്ലേ എന്റെ കാര്യങ്ങൾ നോക്കുന്നത്…? ഒറ്റപ്പെട്ടവർക്ക് ദൈവം ഇതുപോലെ ഓരോരുത്തരെ നൽകും…പക്ഷേ നീ എന്നും അവരുടെ കൂടെ ഉണ്ടാകണം.. കുട്ടന് വേറെ പെണ്ണ് കിട്ടുമായിരിക്കും.. പക്ഷേ ആരുമില്ലാത്തവരെ സ്നേഹിക്കാൻ ആ അവസ്ഥയിൽ ജീവിച്ചവർക്ക് കഴിയുന്നത് പോലെ മറ്റൊരാൾക്ക് കഴിഞ്ഞു എന്ന് വരില്ല…”
ശ്രീബാല മറുപടിയൊന്നും പറയാതെ കണ്ണുകൾ അടച്ചു.. എന്നാൽ, അവളുടെ മനസ്സ് നിറയെ മഹേഷായിരുന്നു…വീണു കിടന്നിടത്തു നിന്നും കൈ പിടിച്ചുയർത്തി മുന്നോട്ട് കുതിക്കാൻ പ്രേരിപ്പിച്ച പുരുഷനോട് തനിക്കു പ്രണയമാണെന്ന് അവൾ തിരിച്ചറിഞ്ഞു…. ആദ്യത്തെ പ്രണയം!!!.. അവൾക്ക് സന്തോഷവും അതോടൊപ്പം കുറ്റബോധവും തോന്നി…. ഇത് മഹേഷ് അറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും എന്നോർത്തപ്പോൾ ഭയവും… അവൾ മാതുവമ്മയുടെ ശരീരത്തിലേക്ക് ഒന്നുകൂടി ചേർന്നു കിടന്നു…
രാവിലെ ഏഴു മണിയായപ്പോഴേക്കും മഹേഷ് അവിടെ എത്തി… അവൻ കൊടുത്ത ചുരീദാർ ആണ് അവൾ ധരിച്ചിരുന്നത്…
“മഹിയേട്ടൻ ഇരിക്ക്… ഞാൻ ചായ എടുക്കാം… ഉപ്പുമാവ് ഉണ്ടാക്കിയിട്ടുണ്ട്… അച്ഛൻ എണീറ്റോ?”
“ഇല്ല.. രാത്രി വൈകിയാ കിടന്നത്… ഇന്ന് മത്സ്യകച്ചവടത്തിന് പോകുന്നില്ല… അവിടെ തല്കാലത്തേക്ക് വേറെ ആളെ ആക്കിയിട്ടുണ്ട്…”
അവൾ അടുക്കളയിലേക്ക് നടക്കാൻ തുടങ്ങി..
“ഒന്ന് നിന്നേ..”
“എന്താ മഹിയേട്ടാ?”
അവൻ ഒന്നും മിണ്ടാതെ വാതിലിന്റെ മേൽ ഇട്ടിരുന്ന ടവ്വൽ എടുത്ത് അവളുടെ തല തുവർത്തി…മുടിയിഴകളിൽ നിന്നും വെള്ളം ഡ്രെസ്സിൽ വീണത് അപ്പോഴാണ് അവൾ ശ്രദ്ധിച്ചത് തന്നെ..അവൻ തൊട്ടടുത്ത് നിന്നപ്പോൾ തന്റെ ഹൃദയമിടിപ്പ് വല്ലാതെ കൂടുന്നത് അവളറിഞ്ഞു… ആ നെഞ്ചിലേക്ക് ഒന്ന് ചായാൻ മനസ്സ് കൊതിച്ചെങ്കിലും അവൾ അത് അടക്കി…
“എനിക്ക് ഉപ്പുമാവ് വേണ്ട… നീ പെട്ടെന്ന് ഒരുങ്ങ്… പോകുന്ന വഴിയിൽ വല്ലതും കഴിക്കാം… മാതുവമ്മ എഴുന്നേറ്റില്ലേ?”
“പുലർച്ചെ എണീറ്റ് ചൂട് വെള്ളം വേണമെന്ന് പറഞ്ഞു.. അതും കുടിച്ച് കിടന്നതാ..”
“സാരമില്ല.. അച്ഛൻ ഇപ്പൊ ഇങ്ങോട്ട് വന്നോളും.. നീ റെഡിയാക്..”
“ഞാൻ റെഡി… ഷാൾ കൂടി ഇട്ടാൽ മതി..”
“ഈ കോലത്തിലാണോ പോകുന്നത്..?. കൊള്ളാം..”
അവൻ പൊട്ടിച്ചിരിച്ചു… അവൾക്ക് കാര്യം മനസിലാകാൻ കുറച്ചു നിമിഷങ്ങൾ എടുത്തു… ചുരീദാറിന്റെ ടോപ് മാത്രമാണ് ഇട്ടിരിക്കുന്നത്…അരയിൽ ഒരു കൈലി ചുറ്റിയിട്ടുണ്ട്… പാന്റ് മുറിയിലാണ്…നാണവും ചമ്മലും കൊണ്ട് അവൾ ചൂളി നിന്നു…. അവനെ കണ്ടപ്പോൾ എല്ലാം മറന്നു പോയി..
“സോറി… ഞാൻ തിരക്കിനിടയിൽ…”
അവൾ പരുങ്ങി..
“ഇക്കണക്കിനു നേഴ്സ് ആയാൽ രോഗിക്ക് മരുന്ന് കൊടുക്കാൻ മറക്കുമല്ലോ..”
“കളിയാക്കണ്ട.. ഒരബദ്ധം ആർക്കും പറ്റും..”
“പോയി പാന്റ് ഇട്ടിട്ട് വാടീ… സർട്ടിഫിക്കറ്റുകൾ എല്ലാം എടുക്കണം.. ഇനി അത് മറന്നേക്കരുത്.. വേഗം വാ… സൈനുക്ക ടൗണിൽ കാത്തു നില്കും…”
അവൾ അകത്തേക്ക് പോയി..അഞ്ചു മിനിറ്റിനുള്ളിൽ ഒരു കവറുമെടുത്ത് അവൾ പുറത്ത് വന്നു…
“അച്ഛനോട് ഒന്ന് പറയാതെ എങ്ങനാ മഹിയേട്ടാ..?”
“കുളിക്കുകയാണെന് തോന്നുന്നു… കാത്ത് നിന്നാൽ വൈകും.. അവിടെത്തിയിട്ട് വിളിച്ചു പറയാം.. നീ കയറ്..”
അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു..നഗരത്തിൽ സൈനുദ്ദീൻ കാത്ത് നിൽപുണ്ടായിരുന്നു… ബ്രേക്ക്ഫാസ്റ്റ് കഴിച്ചതിനു ശേഷം അയാളുടെ കാറിൽ അവർ നഴ്സിംഗ് കോളേജിലേക്ക് യാത്ര തിരിച്ചു….
മാതുവമ്മയ്ക്ക് ഭക്ഷണവും രാവിലെ കഴിക്കാനുള്ള മരുന്നും കൊടുത്ത് ഉമ്മറത്തിരുന്ന് പത്രം വായിക്കുകയായിരുന്നു ഭരതൻ… ഒരു പഴയ സ്കൂട്ടർ മുറ്റത്തു വന്നു നിന്നു.. അതിൽ നിന്ന് രണ്ടു പേർ ഇറങ്ങി…
“താനാണോ ഭരതൻ?”
അതിൽ ഒരാൾ ചോദിച്ചു…തീരെ മര്യാദ ഇല്ലാത്ത ആ സംസാരം ഇഷ്ടപ്പെട്ടില്ലെങ്കിലും അയാളത് പുറത്തു കാട്ടിയില്ല..
“അതെ.. നിങ്ങളാരാ..?”
“ശ്രീബാലയെ വിളിക്ക്..”
“ഒരു വീട്ടിൽ കയറി വന്നാൽ ആദ്യം ആരാണ് എന്ന് പരിചയപ്പെടുത്തണം.. അതാണ് മാന്യത..”
“ഓ… എന്നാൽ കേട്ടോ.. ഞാൻ മുരളി.. ശ്രീബാലയുടെ അച്ഛൻ… ഇത് എന്റെ കൂട്ടുകാരൻ ഗിരിജൻ…പോലീസിലാ ജോലി..ഇനി തമ്പ്രാൻ അവളെയൊന്നു വിളിച്ചാലും…”
മുരളി പരിഹസിച്ചു… രണ്ടുപേരും നന്നായി മദ്യപിച്ചിട്ടുണ്ട് എന്ന് ഭരതന് മനസിലായി..
“അവളിവിടെ ഇല്ല..”
“ഇല്ലെന്നോ? നീ അവളെ ആർക്ക് കൊണ്ട് കൊടുത്തെടാ?”
മുരളിയുടെ ശബ്ദം ഉയർന്നു..
“ഇവിടെ ഒരു പ്രായമായ സ്ത്രീ വയ്യാതെ കിടക്കുകയാണ്… ഒച്ചയുണ്ടാക്കി അവരെ ബുദ്ധിമുട്ടിക്കരുത്..”
“എല്ലാരും കേൾക്കട്ടെ… എന്റെ മോളെ അച്ഛനും മോനും കുറേ ആയില്ലേ വച്ചോണ്ടിരിക്കുന്നത്.. ഇപ്പൊ മടുത്തപ്പോൾ മറ്റുള്ളോർക്ക് കൊണ്ടു നടന്നു വിൽക്കുകയാണോ? ഈ ഗിരിജന്റെ കടയിൽ അവൾക്ക് ജോലി ശരിയാക്കാമെന്നു പറഞ്ഞതാ . പക്ഷേ അവൾക്ക് വയ്യ.. ഇപ്പൊ തന്തേടേം മോന്റേം കൂടെ കിടക്കുന്നതിനു ഒരു മടിയുമില്ല…”
ഭരതൻ പത്രം കസേരയിൽ ഇട്ട് എഴുന്നേറ്റു വീടിന്റെ വാതിൽ ചാരി.. എന്നിട്ട് മുണ്ട് മടക്കി കുത്തികൊണ്ട് മുറ്റത്തിറങ്ങി..
“ഇവിടെ അടുത്ത് വേറെ വീടൊന്നും ഇല്ല… അതുകൊണ്ട് തന്നെ നിന്റെ കഥപ്രസംഗം കേൾക്കാൻ ആരും വരില്ല.. നീ ഇത്രേം ചെറ്റത്തരം പറഞ്ഞിട്ടും ഞാൻ മിണ്ടാതിരിക്കുന്നത് അവളുടെ അച്ഛൻ ആയിപ്പോയി എന്ന ഒറ്റ കാരണം കൊണ്ടാ..”
“അവൻ പറഞ്ഞതിൽ എന്താ തെറ്റ്?”
ഗിരിജൻ ചോദിച്ചു..
“അവളെ ഇങ്ങോട്ട് കൊണ്ടുവരുമ്പോൾ ഒരുവാക്ക് ചോദിച്ചോ?”
പടക്കം പൊട്ടുന്നത് പോലൊരു ശബ്ദം മുഴങ്ങി… കവിളും പൊത്തിപ്പിടിച്ച് ഗിരിജൻ പിന്നോട്ട് വേച്ചു പോയി…ഭരതൻ കൈ കുടഞ്ഞു… പിന്നെ കാലുയർത്തി ആഞ്ഞു ചവിട്ടി… അയാൾ മലർന്നടിച്ചു വീണു… അടുത്ത ഇര മുരളി ആയിരുന്നു… മുറ്റത്തിന്റെ കോണിൽ അടുക്കി വച്ച വിറകിൽ നിന്ന് ഒരു കമ്പെടുത്ത് തലങ്ങും വിലങ്ങും അടിച്ചു… ഗിരിജൻ എഴുന്നേറ്റ് വന്നെങ്കിലും അയാളുടെ കൈക്കരുത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല… മുരളിയുടെ മുഖം മുറ്റത്തെ ചരലിൽ ചവിട്ടി പിടിച്ചു കൊണ്ട് ഭരതൻ ഒരു ബീഡി കത്തിച്ചു…
“ഒരു പെണ്ണിനെ ഇങ്ങോട്ട് കൊണ്ടു വന്നു താമസിപ്പിക്കാൻ കഴിയുമെങ്കിൽ അവളെ സംരക്ഷിക്കാനും എനിക്കറിയാം…നിന്നെ തല്ലിയത് എന്നെ അനാവശ്യം പറഞ്ഞതിന് അല്ല…ആ കുട്ടി മനസമാധാനത്തോടെ ജീവിക്കുന്നത് സഹിക്കാൻ പറ്റാതെ അവളെ വീണ്ടും ശല്യപ്പെടുത്താൻ വന്നത് കൊണ്ടും, സ്വന്തം മോളെ കുറിച്ച് വൃത്തികേട് സംസാരിച്ചതും കൊണ്ടാ…”
ഭരതൻ കാൽ പിൻവലിച്ചപ്പോൾ മുരളി ഒന്ന് ചുമച്ചു…
“ഭാര്യയും മകളും പട്ടിണി കിടന്നപ്പോ പോലും തിരിഞ്ഞു നോക്കാത്ത നീ മനുഷ്യനാണോടാ?.. മേലാൽ അവളുടെ ഏഴയലത്ത് പോലും നീ വരരുത്… ഇനി അഥവാ വന്നാൽ… നിന്നെ കൊന്നിട്ട് ഞാൻ ജയിലിൽ പോകും… ഭരതൻ പറയുന്നത് ചെയ്യുന്നവനാ… സംശയം ഉണ്ടെങ്കിൽ ആ ജങ്ഷനിൽ പോയി അന്വേഷിച്ചാൽ മതി…”
അയാൾ ഗിരിജന്റെ അടുത്ത് ചെന്ന് പൊക്കി തെങ്ങിൽ ചാരി നിർത്തി…
“നീ പോലീസ്കാരനല്ലേ?”
ഗിരിജൻ തലയാട്ടി..
“ഇന്ന് ഡ്യൂട്ടി ഇല്ലേ?”
അയാൾ ഒന്നും മിണ്ടിയില്ല.. ഭരതൻ അയാളുടെ കവിളിൽ ആഞ്ഞടിച്ചു… വീഴാനോങ്ങിയ അയാളെ പിടിച്ച് വീണ്ടും ചാരി നിർത്തി..
“ചോദിച്ചതിന് ഉത്തരം കിട്ടണം…”
“സസ്പെൻഷനിൽ ആണ്..” ഷർട്ട് ഉയർത്തി ചുണ്ടിലെ ചോര തുടച്ചു കൊണ്ട് ഗിരിജൻ പറഞ്ഞു..
“എന്താ കാരണം.?”
വീണ്ടും മൗനം… ഭരതൻ തെങ്ങിൻ ചോട്ടിൽ നിന്നും ഒരു ഓലമടൽ വലിച്ചെടുത്ത് അയാളുടെ നേരെ ഓങ്ങി..
“വേണ്ട… ഇനി അടിക്കരുത്… പ്ലീസ് “
“എന്നാൽ പറയെടാ.. എന്തിനാ സസ്പെൻഷൻ കിട്ടിയത്..”
“അത്… പരാതി പറയാൻ വന്ന ഒരു പെണ്ണിനെ ഫോൺ വിളിച്ചു ശല്യം ചെയ്തതിന്..”
ഭരതൻ ഒറ്റ കുതിപ്പിന് മുരളിയുടെ അടുത്തെത്തി… അയാൾ നിലത്തു നിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുകയായിരുന്നു.. ഓലമടൽ അയാളുടെ ദേഹത്ത് പല തവണ പതിച്ചു…
“അയ്യോ… എന്നെ കൊല്ലല്ലേ…”
മുരളി കരഞ്ഞു…
“ഈ കാമഭ്രാന്തന്റെ അടുത്തേക്കല്ലേ ആ കുഞ്ഞിനെ നീ ജോലിക്ക് വിടാൻ ശ്രമിച്ചത് ചെറ്റേ?”
അയാൾ കിതച്ചു… പിന്നെ ഗിരിജനെ നോക്കി.
“പോലീകാരനോട് കൂടിയാ പറയുന്നേ.. ഇനി രണ്ടെണ്ണത്തിനെയും ഞാനോ എന്റെ മോനോ, ആ പെൺകുട്ടിയോ കാണാൻ ഇടവരരുത്.. കേട്ടല്ലോ?”
ഗിരിജൻ തലകുനിച്ചു നിന്നതേ ഉള്ളൂ..
“എന്നാൽ മക്കള് വന്ന വഴി വിട്ടോ…ഇവിടെയും നിൽക്കുംതോറും എനിക്ക് തല്ലാൻ തോന്നും…”
ഗിരിജൻ മുടന്തിക്കൊണ്ട് നടന്നു ചെന്ന് സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു.. മുരളിയെ പുറകിൽ പിടിച്ചു കയറ്റിയത് ഭരതനാണ്..
“സ്നേഹം കൊണ്ട് അര വട്ടൻ ആയവനാ ഞാൻ… പക്ഷേ എന്റെ മോന് ഇക്കാര്യത്തിൽ മുഴു വട്ടാ… മരിച്ചു പോയ അവന്റെ അമ്മയുടെ മുഖം അവനോർമ്മ വരുന്നത് ആ മോളെ കാണുമ്പോഴാ.. അവളെ കരയിച്ചാൽ നിന്നെ ചിലപ്പോൾ അവൻ വെട്ടി നുറുക്കും.. എന്റെ മോനെ കൊലപാതകി ആക്കരുത്… പൊയ്ക്കോ..”
സ്കൂട്ടർ മെല്ലെ റോഡിലേക്ക് ഇറങ്ങി… മാതുവമ്മ അകത്തു നിന്നും ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു.. ഭരതൻ കതക് തുറന്നു..
“എന്താ മോനെ പുറത്ത് ശബ്ദം കേട്ടത്?”
“തെരുവ് പട്ടികളാ…. ചെറുതായി സ്നേഹിച്ച് വിട്ടിട്ടുണ്ട്… ഇനി വരില്ല… ഞാൻ ചൂടുവെള്ളത്തിൽ ഒന്ന് കുളിക്കട്ടെ… കുറേ നാളുകൾക്ക് ശേഷം ദേഹം അനങ്ങിയത് കൊണ്ടാണെന്ന് തോന്നുന്നു, നടുവേദന..”
അയാൾ തന്റെ വീട്ടിലേക്ക് നടന്നു…
നാളുകൾ പിന്നെയും കടന്നു പോയി… ശ്രീബാലയുടെ ക്ലാസ് തുടങ്ങാറായി… ഹോസ്റ്റലിൽ താമസസൗകര്യവും ഏർപ്പാടാക്കിയിരുന്നു… രാവിലെ അവൾക്ക് കൊണ്ടുപോകാനുള്ള സാധനങ്ങൾ എടുത്ത് വയ്ക്കുകയായിരുന്നു ഭരതനും മഹേഷും.. മാതുവമ്മ അതൊക്കെ നോക്കി കട്ടിലിൽ ഇരിക്കുകയാണ്…
“അവിടെ ചെന്നിട്ട് എന്താവശ്യമുണ്ടെങ്കിലും വിളിച്ചേക്കണം കേട്ടല്ലോ?”
ഭരതൻ പറഞ്ഞു.. അവൾ തലയാട്ടി..
“ലീവ് കിട്ടുമ്പോഴൊക്കെ ഇവൻ കൂട്ടാൻ വരും… നല്ലോണം പഠിക്കണം.. അതുപോലെ സമയത്ത് വല്ലതും കഴിക്കണം.. ഇവിടുത്തെ പോലെ ആഹാരം നുള്ളിപെറുക്കുന്ന പരിപാടി വേണ്ട.. വല്ല അസുഖവും വന്നാൽ നോക്കാൻ അവിടെ ആരുമില്ലാത്തതാ..”
അയാളുടെ ശബ്ദം ചെറുതായി ഇടറി… എന്തോ പറഞ്ഞു കളിയാക്കാൻ തുടങ്ങിയപ്പോഴേക്കും മഹേഷിന്റെ ഫോൺ അടിച്ചു..
“ഹലോ ടീച്ചറേ… പറഞ്ഞോ..”
ശ്രീബാല അവന്റെ സംസാരം ശ്രദ്ധിച്ചുകൊണ്ട് നിന്നു..
“ഇല്ല… ഇറങ്ങാൻ പോകുന്നതേയുള്ളൂ… ശരി.. അവിടെ ചെന്നിട്ട് ഞാൻ വിളിക്കാം..”
അവൻ ഫോൺ പോക്കറ്റിലിട്ടു..
“ആരാടാ?” ഭരതൻ ചോദിച്ചു..
“രേഷ്മ ടീച്ചർ… എന്റെ ബസിലെ സ്ഥിരം യാത്രക്കാരിയാ… എം എസ് ഇംഗ്ലീഷ് മീഡിയം സ്കൂളില്ലേ.. ബാലയ്ക്ക് അറിയാല്ലോ?”
“ആ അറിയാം… “
“അവിടെയാ പഠിപ്പിക്കുന്നെ… ടീച്ചറിന്റെ ഭർത്താവിന്റെ അനിയത്തിയും ബാലയുടെ കോളേജിൽ ഉണ്ട്… ഇവൾക്ക് ഒരു കൂട്ടാകുമല്ലോ…”
“അതെന്തായാലും നന്നായി… പരിചയമുള്ള ഒരാൾ ഉള്ളത് നല്ലതാ..”
സൈനുദ്ദീനും ഹരിയും കാറും കൊണ്ട് അങ്ങോട്ട് വന്നു..
“ഇറങ്ങിക്കൂടെ മഹീ…? അവിടെ എത്തുമ്പോൾ ലേറ്റാകും..”
ഹരി ഓർമിപ്പിച്ചു..സൈനുദ്ദീൻ അവളുടെ ബാഗുകൾ കാറിൽ എടുത്ത് വച്ചു..
“പോട്ടെ അച്ഛാ?” നിറ കണ്ണുകളോടെ ശ്രീബാല ഭരതനോട് യാത്ര ചോദിച്ചു..
“പോയി വരട്ടെ എന്ന് പറ… കാണണം എന്ന് തോന്നുമ്പോ ഓടി എത്താമല്ലോ …”
അയാൾക്കും കരച്ചിൽ വരുന്നുണ്ടായിരുന്നു… അവൾ കുനിഞ്ഞ് അയാളുടെ കാലിൽ തൊട്ടു… ഭരതൻ അവളെ പിടിച്ചു മാറോട് ചേർത്ത് തലയിൽ ചുണ്ടുകൾ അമർത്തി..
“എന്റെ മോൾക്ക് നല്ലതേ വരൂ…”
അവൾ മാതുവമ്മയുടെ അനുഗ്രഹം വാങ്ങി..
“മുത്തശ്ശീ… മരുന്നെല്ലാം കൃത്യമായി കഴിക്കണം.. ഞാനില്ല എന്ന് വച്ച് മുറുക്കാൻ ചവയ്ക്കരുത്..”
“ഇല്ല… സത്യം…” അവർ ചിരിയോടെ തലയിണയുടെ അടിയിൽ പരതി ഏതാനും മുഷിഞ്ഞ നോട്ടുകൾ എടുത്ത് അവളുടെ കയ്യിൽ വച്ചു കൊടുത്തു..
“ഇതൊന്നും വേണ്ട…” അവൾ തടഞ്ഞു..
“ഒരു വഴിക്ക് പോകുന്നതല്ലേ… പെൻഷൻ കിട്ടിയതിൽ നിന്നും മിച്ചം പിടിച്ചതാ.. നിനക്ക് നല്ലൊരു ഉടുപ്പ് വാങ്ങിക്കാൻ…”
ശ്രീബാലയുടെ നിയന്ത്രണം വിട്ടു.. അവൾ അവരെ കെട്ടിപിടിച്ചു കരഞ്ഞു.മൂന്ന് നേരം വയറു നിറച്ചു ഭക്ഷണം കഴിക്കുന്നതും പേടിയില്ലാതെ ഉറങ്ങിയതും ആ വീട്ടിൽ വച്ചാണ്… അവിടം വിട്ട് പോകാൻ മനസ്സ് അനുവദിക്കുന്നില്ല…മഹേഷ് അകത്തേക്ക് തലയിട്ടു..
“കഴിഞ്ഞില്ലേ? നീ അമേരിക്കയിലേക്ക് ഒന്നുമല്ല പോകുന്നത് ഇങ്ങനെ സെന്റി അടിക്കാൻ… വേഗം വാ..”
അവൾ കണ്ണു തുടച്ചു കൊണ്ട് എഴുന്നേറ്റു..ഭരതനെ നോക്കി തലയാട്ടിയ ശേഷം അവൾ കാറിലേക്ക് കയറി… അത് ദൂരേക്ക് മറയുന്നത് വരെ ഭരതൻ നോക്കി നിന്നു…
“ഈശ്വരാ… എന്റെ കുഞ്ഞിനെ കാത്തു കൊള്ളണേ…”
അയാൾ നെഞ്ചിൽ കൈവച്ചു പ്രാർത്ഥിച്ചു..
സൈനുദ്ദീൻ ആണ് കാർ ഓടിച്ചത്… ഹരി മുൻ സീറ്റിലും മഹേഷ് അവളുടെ അരികിലായ് പുറകിലും.. കുറച്ചു ദൂരം പോയപ്പോൾ സൈനുദ്ദീൻ ഒരു ബോക്സ് എടുത്ത് പിന്നിലേക്ക് നീട്ടി..
“ഇത് ശ്രീബാലയ്ക്കാ..”
“എന്തായിത് സൈനുക്കാ..?”
“തുറന്ന് നോക്ക്…”
അവൾ തുറന്നു… ഒരു പുതിയ മോഡൽ മൊബൈൽ ഫോൺ..
“എന്റെ കയ്യിൽ ഫോൺ ഉണ്ടല്ലോ.. പിന്നെന്തിനാ..?”
“അത് സാരമില്ല.. മറ്റുള്ള കുട്ടികളുടെ മുൻപിൽ ആ പഴയ ഫോണും കൊണ്ട് പോകണ്ട… പിന്നെ ഇതെന്റെ വകയല്ല… വാപ്പയുടെ സമ്മാനമാ… ഇന്നലെ വിളിച്ചപ്പോൾ നിനക്ക് വാങ്ങി തരാൻ പറഞ്ഞു..”
അഹമ്മദ് ഹാജി രണ്ടുമൂന്നു തവണ അവളെ കാണാൻ വന്നിട്ടുണ്ട്… ഇപ്പൊൾ അദ്ദേഹം ദുബായിൽ മൂത്ത മകളുടെ അടുത്ത് പോയിരിക്കുകയാണ്..
“ഹാജിക്ക വരാറായോ?”
“അടുത്ത മാസം വരും… നിന്റെ നമ്പർ ഞാൻ കൊടുത്തിട്ടുണ്ട്.. വിളിക്കും..”
അവൾ മഹേഷിനെ നോക്കി.. അവൻ പുറത്തേക്ക് കണ്ണും നട്ട് ഇരിക്കുകയാണ്… അവൾക്ക് അത്ഭുതം തോന്നി.. ജീവിതം എത്ര വിചിത്രമാണ്!!.. ആരുമില്ലല്ലോ എന്നോർത്ത് കരഞ്ഞിട്ടുണ്ട്.. ദൈവത്തോട് പരാതി പറഞ്ഞിട്ടുണ്ട്… ഇങ്ങനൊരു ജീവിതം തന്നതിന് ദേഷ്യപ്പെട്ടിട്ടുണ്ട്.. പക്ഷേ ഇപ്പോൾ തന്നെ സ്നേഹിക്കാൻ എത്രയോ മനുഷ്യർ ഉണ്ട്…ഇവർക്ക് ആർക്കും തിരിച്ച് ഒന്നും വേണ്ട… താൻ ലക്ഷ്യങ്ങൾ നേടിയാൽ മതി.. അവൾ മഹേഷിന്റെ ചുമലിലേക്ക് തല ചായ്ച്ചു വച്ചു കിടന്നു… പക്ഷെ അവന്റെ നിറഞ്ഞൊഴുകുന്ന കണ്ണുകളും വേദനയാൽ പിടയുന്ന ഹൃദയവും അവൾക്ക് കാണാൻ സാധിച്ചില്ല….
ജീവിതത്തിന്റെ അടുത്ത അധ്യായത്തിലേക്ക് ആ കാർ കുതിച്ചു പാഞ്ഞു….
(തുടരും )