"നീയൊന്നും പറഞ്ഞില്ല...?" ദിനേശന്റെ ശബ്ദം കനത്തു..ശ്രീബാല ഒന്നും മിണ്ടാതെ നിന്നതേയുള്ളൂ.
“ചെറിയ കുട്ടിയൊന്നും അല്ലല്ലോ? കാര്യം പറഞ്ഞാൽ മനസിലാക്കാനുള്ള കഴിവൊക്കെ നിനക്ക് ഉണ്ട്..നിന്റെ അമ്മയ്ക്ക് അവകാശപ്പെട്ടതൊക്കെ പണ്ടേ കൊടുത്തതാ…എല്ലാം നിന്റെ അച്ഛൻ വിറ്റു തുലച്ചു…എനിക്ക് ദയ തോന്നിയിട്ടാ എന്റെ പേരിൽ കിടക്കുന്ന ഈ സ്ഥലത്ത് വീട് വച്ചോളാൻ സമ്മതിച്ചത്… ഞാനും കുറേ കാശ് കൊടുത്തു സഹായിച്ചിട്ടുണ്ട്… അന്ന് ഞാൻ ഒറ്റത്തടി ആയിരുന്നു… ഇപ്പൊ അതല്ലല്ലോ അവസ്ഥ?.. എനിക്കും ഒരു കുടുംബമുണ്ട്… നാളെ മക്കൾ വലുതായ ശേഷം എന്നോട് ചോദിക്കും, അവരനുഭവിക്കേണ്ട സ്വത്ത് എന്തിനാ മറ്റുള്ളവർക്ക് തിന്നാൻ കൊടുത്തതെന്ന്…”
അയാൾ എഴുന്നേറ്റ് മുണ്ട് ഒന്നൂടെ മുറുക്കി ഉടുത്തു…
“വല്യ ആനക്കാര്യം ഒന്നും ഞാൻ പറഞ്ഞില്ല.. ഒന്നുകിൽ എന്റെ വീട്ടിൽ വന്നു താമസിക്കുക.. അല്ലെങ്കിൽ ഞാൻ പറഞ്ഞ ജോലിക്ക് പോകുക… അധികം അധ്വാനം ഉള്ള ജോലി ഒന്നുമല്ല…ബുദ്ധി സ്ഥിരത ഇല്ലാത്ത ഒരാളെ നോക്കുക എന്നത് മാത്രം ചെയ്‌താൽ മതി… നേഴ്സ് ആകണം എന്നായിരുന്നില്ലേ നിന്റെ ആശ? ഇതും ഏകദേശം അതുപോലെ തന്നെയാ… മാസം കൃത്യമായി ശമ്പളം കിട്ടും… താമസവും ഭക്ഷണവുമൊക്കെ ആ വീട്ടിൽ തന്നെ… വല്യ കാശുകാരാ… വേണ്ടതൊക്കെ ചെയ്തു തരും… പിന്നെ, തിരുവനന്തപുരം അത്ര ദൂരെയൊന്നും അല്ല, അഞ്ചാറു മണിക്കൂർ യാത്ര ചെയ്‌താൽ എനിക്ക് നിന്നെ കാണാൻ വരാം.. വല്ലപ്പോഴും നിനക്ക് ഇങ്ങോട്ടും വരാം… നീ സമ്പാദിക്കുന്നതിൽ നിന്നും അഞ്ചു പൈസ എനിക്കോ എന്റെ കുടുംബത്തിനോ വേണ്ട…”
ശ്രീബാല അയാളെ നോക്കി നിന്നു… അമ്മയുടെ ഒരേയൊരു സഹോദരൻ… കൂടപ്പിറപ്പ് മരിച്ച് മാസങ്ങൾ ആയിട്ടില്ല… അവരുടെ മകളെ എങ്ങോട്ടെങ്കിലും തള്ളി വിട്ട് ഭാരം ഒഴിവാക്കാൻ നോക്കുകയാണ്.. അതിനു കാരണവും ഉണ്ട്,. ഈ വീട് ഇരിക്കുന്ന സ്ഥലത്തിന് നല്ല വില ആരോ പറഞ്ഞിട്ടുണ്ട്… അവൾ ഇവിടെ താമസിക്കുമ്പോൾ അത് നടക്കില്ല… സ്വന്തം വീട്ടിൽ വന്നു താമസിച്ചോ എന്ന് പറഞ്ഞെങ്കിലും, അമ്മായിയുടെ സ്വഭാവം ശരിക്ക് അറിയാവുന്നത് കൊണ്ട് അവളതിന് തയ്യാറാവില്ല എന്നയാൾക്കും ഉറപ്പുണ്ട്… അപ്പോൾ ഒരേയൊരു വഴി ഈ ജോലി സ്വീകരിക്കുക എന്നതാണ്…
ദിനേശനെ കുറ്റപ്പെടുത്താൻ അവൾക്കു കഴിയില്ല, കാരണം അവളുടെ പേരും പറഞ്ഞ് എന്നും അമ്മായി രമ വഴക്കാണ്… അമ്മ മരിച്ചതോടെ അത് ഇരട്ടിച്ചു..അവർക്ക് എത്രയും പെട്ടന്ന് ഈ സ്ഥലം വിൽക്കണം… അതാണ് ലക്ഷ്യം..
“ഞാൻ രാത്രി വരാം…ഒന്ന് ആലോചിച്ചു നോക്ക്.. ഞാൻ പറഞ്ഞത് നിനക്ക് മനസിലായിക്കോളും..”
അയാൾ പുറത്തിറങ്ങി നടന്നു.. ശ്രീബാല തറയിൽ ഇരുന്ന് കാൽമുട്ടുകളിൽ മുഖം ചേർത്ത് വച്ചു… എന്തൊരു ജീവിതമാണ് തന്റെ? സ്വന്തം വീട് ഉണ്ടായിരുന്നെങ്കിൽ ടൗണിലെ സൂപ്പർമാർക്കറ്റിൽ ജോലിക്കും പോയി ഈ നാട്ടിൽ തന്നെ താമസിക്കാമായിരുന്നു… പക്ഷേ അതുമില്ല… ഇനി ഏതോ നാട്ടിൽ, ഏതോ വീട്ടിലേക്ക്….തന്റെ വിധിയെ സ്വീകരിക്കാൻ അവൾ മനസിനെ പാകപ്പെടുത്തി…
ഒരു ബൈക്കിന്റെ ശബ്ദം കേട്ട് ശ്രീബാല തലയുയർത്തി നോക്കി… അവൾക്ക് വിശ്വസിക്കാനായില്ല… മഹേഷ്… അവൻ വണ്ടി മുറ്റത്ത് നിർത്തി.. പിന്നിലിരുന്നയാൾ പതിയെ ഇറങ്ങി.. അത് അവന്റെ അച്ഛൻ ആയിരിക്കും എന്ന് അവൾ ഊഹിച്ചു…
“വാ , കയറിയിരിക്ക്….” അവൾ രണ്ടുപേരോടുമായി പറഞ്ഞു… ഭരതന് നടക്കാൻ ചെറിയ പ്രയാസം ഉണ്ടായിരുന്നു…
“മോൾക്ക് എന്നെ അറിയാമോ?”
കസേരയിൽ ഇരുന്ന ശേഷം അയാൾ ചോദിച്ചു…
“മഹിയേട്ടന്റെ അച്ഛൻ അല്ലേ?”
“അതെ…. ഞാൻ കുറെ നാൾ ആശുപത്രിയിൽ ആയിരുന്നു.. എന്റെ കൂടെ തന്നെ ഇവനും… അതാണ് ഇവിടുത്തെ കാര്യങ്ങളൊന്നും അറിയാതെ പോയത്…”
അയാൾ ഒന്ന് നിർത്തി അവളെ തന്നെ നോക്കി…. പ്രതീക്ഷകളും സ്വപ്നങ്ങളും നഷ്ടപ്പെട്ട ഒരു പെൺകുട്ടി… ആ മുഖത്തെ നിസ്സഹായാവസ്ഥ കണ്ടപ്പോൾ മഹേഷ് എന്തിനാണവളെ ഓർത്ത് ആകുലപ്പെടുന്നത് എന്ന് അയാൾക്ക് മനസിലായി…മഹേഷ് മുറ്റത്തു തന്നെ നിന്നതേയുള്ളൂ..
“മോളേ…. നിന്റെ കൂടെ പഠിക്കുന്ന പയ്യനില്ലേ… എന്താ അവന്റെ പേര്?”
“പ്രജീഷ് ആണോ?”
“അത് തന്നെ… അവന്റെ വീട്ടിൽ കേറിയിട്ടാ ഞങ്ങൾ വരുന്നത്.. കാര്യങ്ങളൊക്കെ അറിഞ്ഞു… മാമൻ നിന്നെ വേറെങ്ങാണ്ടോ ജോലിക്ക് വിടുകയാണെന്നും ഈ വീട് വിൽക്കാൻ പോവുകയാണെന്നും ഒക്കെ…”
ശ്രീബാല ഒന്നും പറഞ്ഞില്ല…
“നീ പോകാൻ തീരുമാനിച്ചോ?”
“വേറെ വഴിയില്ല…” അവൾ പതിയെ പറഞ്ഞു…ഭരതൻ പുഞ്ചിരിച്ചു..
“വഴി നമ്മൾ കണ്ടെത്തണം… ശരി… ഇപ്പൊ ചെയ്യാൻ പോകുന്ന ജോലി നിനക്ക് ഇഷ്ടമാണോ?”
“നേഴ്സ് ആകാനായിരുന്നു ആഗ്രഹം… അതുപോലെ ഉള്ള ജോലി തന്നെ ഇതും… സർട്ടിഫിക്കറ്റും യൂണിഫോമും ഇല്ലെന്നേ ഉള്ളൂ…”
“അതേ ജോലി നിനക്ക് ഞാൻ തരാം…അവരു പറഞ്ഞ ശമ്പളം ഒന്നും ഉണ്ടാകില്ല… പക്ഷേ ആരെയും ഭയപ്പെടാതെ , മനസമാധാനത്തോടെ ഉറങ്ങാൻ പറ്റും…. താല്പര്യമുണ്ടോ?”
ശ്രീബാലയ്ക്ക് ഒന്നും മനസിലായില്ല… ഭരതൻ മെല്ലെ എഴുന്നേറ്റു..
“ഞാനൊന്ന് നിന്റെ മാമനെ കണ്ടിട്ട് വരാം…ആളു വീട്ടിൽ ഉണ്ടോ?”
“ഉവ്വ്… ഇപ്പൊ ഇവിടുന്ന് പോയതേ ഉള്ളൂ..”
ഭരതൻ മുറ്റത്തേക്ക് ഇറങ്ങിയപ്പോഴേക്കും മറ്റൊരു ബൈക്ക് കൂടി അങ്ങോട്ട് വന്നു.. അതിൽ നിന്നും സൈനുദ്ദീനും ഹരിയും ഇറങ്ങി…
“ഞാൻ കുറച്ചു വൈകിപ്പോയി… കടയിൽ കുറച്ചു ജോലി ഉണ്ടായിരുന്നു..”
“സാരമില്ല ഇക്കാ..”
“എന്തായി കാര്യങ്ങൾ..?”
“അച്ഛൻ ഇവളുടെ മാമനെ കാണാൻ പോകുകയായിരുന്നു… ദാ ആ വീട്.”
മഹേഷ് കൈ ചൂണ്ടി.. പിന്നെ ശ്രീബാലയെ നോക്കി..
“ബാലേ… ഇത്, സൈനുക്ക…. നമ്മുടെ മദീന ബസിന്റെ മുതലാളി…. പിന്നെ, ഹരിയേട്ടനെ നീ സ്റ്റാൻഡിൽ വച്ചു കണ്ടിട്ടുണ്ടാവുമല്ലോ..?”
അവൾ തലയാട്ടി..
“മോളേ… കാര്യങ്ങളൊക്കെ ഇവൻ പറഞ്ഞാരുന്നു.. നീ പേടിക്കണ്ട… ഞങ്ങളൊക്കെ കൂടെയുണ്ട്…അങ്ങനെ നിന്നെ തനിച്ചാക്കാൻ ഞങ്ങള് സമ്മതിക്കില്ല…”
സൈനുദ്ദീൻ പറഞ്ഞു..
“മഹീ… നീ ഈ കൊച്ചിനോട് സംസാരിച്ചോണ്ട് നിൽക്ക്.. ഞാനും ഭരതേട്ടനും ഇവളുടെ ബന്ധുക്കളെ കണ്ടിട്ട് വരാം..”
“ഞാൻ വരണ്ടേ?” ഹരി ചോദിച്ചു..
“വാ… മുതിർന്നവർ പോകുമ്പോൾ അവർക്ക് ഒരു വിശ്വാസം വരും… ഞാൻ വാപ്പയെ കൂട്ടാമെന്ന് കരുതിയതാ.. പക്ഷേ മൂപ്പർക്ക് ചെറിയൊരു പനിക്കോള്…”
ഭരതന്റെ കൂടെ ഹരിയും സൈനുദ്ദീനും ദിനേശന്റെ വീട്ടിലേക്ക് നടന്നു…
“മഹിയേട്ടാ…” ശ്രീബാല വിളിച്ചു… അവൻ ഉമ്മറത്തെ കസേരയിൽ ചെന്നിരുന്ന് അവളെ നോക്കി..
“ഇനി പറ…”
“എന്താ ഇതൊക്കെ..?”
“എന്ത്?”
“മഹിയേട്ടൻ എന്നെ സഹായിക്കാൻ ശ്രമിക്കുന്നത് മനസിലാക്കാം.. പക്ഷേ ഇവരൊക്കെ എന്തിനാ..?”
“ഓ, അതോ… ഈ ലോകത്ത് ഒരുപാട് നല്ല മനുഷ്യർ ഉണ്ട്… ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ മറ്റുള്ളവരെ സ്നേഹിക്കുന്ന,.. ഒരാളുടെ കഷ്ടതകൾ കേൾക്കുമ്പോൾ മനസ്സ് വേദനിക്കുന്ന ചിലർ…. അതിൽ പെട്ടതാ സൈനുക്കയും ഹരിയേട്ടനും ഒക്കെ… നിന്റെ കാര്യം ഞാൻ അവരോട് പറഞ്ഞു,..അതോടെ ഒന്നും നോക്കാതെ ഇറങ്ങി തിരിച്ചതാ .. ഇനിയെന്തായാലും നിന്നെയും കൊണ്ടേ ഇവിടുന്നു പോകൂ..”
“മാമൻ വിടില്ല..”
“അതു തീരുമാനിക്കാനാണല്ലോ അങ്ങോട്ട് പോയത്… നീ അതോർത്തു വിഷമിക്കണ്ട..”
“ഇതിനും മാത്രം എന്തു പ്രത്യേകതയാ മഹിയേട്ടാ എനിക്കുള്ളത്?”
“നീ അതു വിട്… ആദ്യമായിട്ട് വീട്ടിൽ വരുന്നവർക്ക് ചായ കൊടുക്കുന്ന പതിവൊന്നും ഇവിടില്ലേ?”
അവളുടെ മുഖം വല്ലാതെയായി… ചായപ്പൊടിയോ പഞ്ചസാരയോ ഒന്നും ഇല്ല..
“ഞാൻ ചുമ്മാ പറഞ്ഞതാടീ… കുറച്ചു വെള്ളം കൊണ്ടുവാ… തത്കാലം അത് മതി..”
അവൾ സങ്കടത്തോടെ അകത്തേക്ക് നടന്നു… പ്രജീഷ് അങ്ങോട്ടേക്ക് ഓടിയെത്തി..
“എന്തായി മഹിയേട്ടാ?”
“അവര് അങ്ങോട്ട് പോയിട്ടുണ്ട്..”
“ശ്രീബാല എവിടെ?”
“അകത്തുണ്ട് “
പ്രജീഷ് അരഭിത്തിയിൽ ഇരുന്നു..
“ഇവളുടെ അമ്മ മരിച്ചപ്പോൾ ഞാൻ നാട്ടിൽ ഉണ്ടായിരുന്നില്ല… അല്ലെങ്കിൽ മഹിയേട്ടനെ എങ്ങനെയെങ്കിലും വിവരമറിയിച്ചേനെ… ഞാൻ പൂനെയിൽ ആയിരുന്നു.. അച്ഛന് അവിടെ വച്ച് ഒരാക്സിഡന്റ്…. ഇവിടുന്ന് കൂട്ടുകാർ ഫോൺ ചെയ്ത് പറഞ്ഞപ്പോൾ ഞാൻ മഹിയേട്ടനെ കുറേ വിളിച്ചു നോക്കി..”
“എന്റെ ഫോൺ നഷ്ടപ്പെട്ടു പോയെടാ… “
“അത് പിന്നെയാ അറിഞ്ഞേ…”
ഒരു ഗ്ലാസ് വെള്ളവുമായി ശ്രീബാല അങ്ങോട്ട് വന്നു..
“അയ്യേ,.. പച്ചവെള്ളമാണോ കൊടുക്കുന്നെ? “
“ഞാൻ പറഞ്ഞിട്ടാ…. വരുന്ന വഴി ചായ കുടിച്ചിരുന്നു….”
മഹേഷ് ആ ഗ്ലാസ് വാങ്ങി…
“അതൊന്നും ശരിയാവില്ല…” ദിനേശൻ എതിർത്തു…
“എന്ത് കൊണ്ട്?” സൈനുദ്ദീനു ദേഷ്യം വന്നു.
“നിങ്ങൾ അവളെ പഠിപ്പിക്കാനൊന്നും അല്ലല്ലോ അയക്കുന്നെ? ഏതോ നാട്ടിൽ ഏതോ ഒരുത്തന്റെ വീട്ടിലേക്ക് ഈ കൊച്ചു പെണ്ണിനെ ജോലിക്ക് വിടുന്നതിലും നല്ലതല്ലേ ഇത്രയും അടുത്ത്…?”
“അവളെ ജോലിക്ക് അയച്ച് സമ്പാദിക്കാനൊന്നും എനിക്ക് ഉദ്ദേശമില്ല..”
“അതറിയാം..” ഇത്തവണ സംസാരിച്ചത് ഭരതനാണ്..
“നിങ്ങളുടെ ഉദ്ദേശമൊക്കെ ഞങ്ങൾക്ക് മനസിലായി…ഒരേയൊരു കൂടപ്പിറപ്പിന്റെ ചിത അണയും മുൻപേ ആ പെൺകുട്ടിയെ വല്ലവന്റേം വീട്ടിലേക്ക് പറഞ്ഞയക്കുന്നത് സ്നേഹം കൊണ്ടൊന്നുമല്ലല്ലോ..?”
“എന്റെ കുടുംബകാര്യത്തിൽ ഇടപെടാൻ നിങ്ങളാരാ?”
“ഞാനോ? ബന്ധങ്ങളുടെ വില ശരിക്കും അറിയാവുന്ന ഒരുത്തൻ… “
“ഒന്ന് നിർത്ത്…. വെറുതേ തർക്കിച്ചിട്ട് എന്തു കാര്യം?”
ഹരി ഇടപെട്ടു..
“ദിനേശാ… അവള് നിങ്ങൾക്കൊരു ഭാരമാണെന്ന് എല്ലാർക്കും അറിയാം.. അതുപോലെ അവൾക്ക് എന്താ വേണ്ടത് എന്നും ഞങ്ങൾക്ക് അറിയാം… അതുകൊണ്ട് തന്നെയാ ഇത്രേം തിരക്കുകൾ ഉണ്ടായിട്ടും എല്ലാരും ഇങ്ങോട്ട് വന്നത്….ഞങ്ങൾ അവളെ കൊണ്ടുപോകുന്നത് കൊല്ലാനൊന്നും അല്ല.”
“ഉവ്വേ..തൊട്ടാൽ പൊട്ടുന്ന പ്രായത്തിലുള്ള ഒരു പെണ്ണിനെ എന്തിനാ കൊണ്ടുപോകുന്നത് എന്നൊക്കെ മനസിലാക്കാനുള്ള ബുദ്ധി എനിക്കുണ്ട്… ഞാനും ലോകം കുറേ കണ്ടതാ…”
സൈനുദ്ദീന്റെ മുഖം ചുവന്നു…
“നീ ഈ പറഞ്ഞതിനുള്ള മറുപടി തരാൻ വയ്യാഞ്ഞിട്ടല്ല.. പക്ഷേ അത് താങ്ങാനുള്ള ശക്തി നിന്റെ ശരീരത്തിനില്ല… അപേക്ഷിക്കാനാ വന്നത്.. ഇനി അതിന്റെ ആവശ്യമില്ല…. അഹമ്മദ് ഹാജിയുടെ മോൻ സൈനുദ്ദീനാ പറയുന്നേ… ഞങ്ങൾ അവളെ കൊണ്ടുപോകും… നീ പോയി കേസു കൊടുത്തോ… ബാക്കി ഞാൻ നോക്കിക്കോളാം..”
ദിനേശൻ എന്തോ പറയാൻ തുടങ്ങിയതും അയാളുടെ ഭാര്യ രമ, മുറിക്കുള്ളിൽ നിന്നും തല പുറത്തേക്കിട്ടു..
“നിങ്ങളൊന്ന് വന്നേ…”
അയാൾ എഴുന്നേറ്റ് അകത്തേക്ക് പോയി..പതിഞ്ഞ ശബ്ദത്തിലുള്ള സംസാരം അകത്തു നടക്കുന്നുണ്ട്..
“ഭരതേട്ടാ… തലയിണ മന്ത്രം എന്ന് കേട്ടിട്ടുണ്ടോ? ഇതാണ് സംഭവം.”
സൈനുദ്ദീൻ പറഞ്ഞു..
പത്തു മിനിട്ട് കഴിഞ്ഞപ്പോൾ ദിനേശൻ ഇറങ്ങി വന്നു…
“ശരി… കൊണ്ടുപോയ്ക്കോ… പക്ഷേ ഞാനവശ്യപ്പെടുമ്പോഴൊക്കെ അവളെ ഇങ്ങോട്ട് വിടണം..”
ഭരതൻ പരിഹാസത്തോടെ ചിരിച്ചു..
“നീയൊരിക്കലും ആവശ്യപ്പെടില്ല എന്ന് നന്നായി അറിയാം…”
അയാൾ പോക്കറ്റിൽ നിന്ന് പേന എടുത്ത് കലണ്ടറിൽ തന്റെ അഡ്രസ് എഴുതി… കീഴെ ഫോൺ നമ്പറും…
“ഭരതന്റെ വീട് ചോദിച്ചാൽ ആരും പറഞ്ഞു തരും… എപ്പോ വേണമെങ്കിലും വരാം… പിന്നെ, ആ കുട്ടിയുടെ പൂർണ്ണ ഉത്തരവാദിത്തം ഇനി എനിക്കാ…അവളെ വേദനിപ്പിക്കാൻ ആരെയും വിടില്ല.. അത് അവളുടെ തന്ത ആയാൽ പോലും…”
എല്ലാവരും പുറത്തേക്ക് നടന്നു… ഭരതൻ ഒന്ന് തിരിഞ്ഞു നിന്നു..
“ദിനേശാ… ഭാര്യയ്ക്ക് ജീവിതത്തിൽ വലിയ സ്ഥാനം ഉണ്ടെന്നത് സത്യമാണ്.. പക്ഷേ ആ ഭാര്യയുടെ വാക്ക് കേട്ട് നീ പൂച്ചകുഞ്ഞിനെ കളയുന്ന ലാഘവത്തോടെ ഒഴിവാക്കാൻ നോക്കിയ കുട്ടിയില്ലേ…. അവളുടെയും നിന്റെയും ശരീരത്തിലൂടെ ഒഴുകുന്നത് ഒരേ ചോരയാ…. അത് മറക്കണ്ട… ഈ ഗവണ്മെന്റ് ജോലിയും പത്രാസുമൊക്കെ ഒരിക്കൽ ഇല്ലാതാവും… അന്ന് വയ്യാതെ കിടക്കുമ്പോൾ ഒരുതുള്ളി വായിൽ ഒഴിച്ചു തരാൻ ചിലപ്പോൾ അവള് മാത്രമേ ഉണ്ടാകൂ… ജീവിതം അങ്ങനെയാ… നമ്മുടെ പ്ലാൻ എല്ലാം നടക്കണമെന്നില്ല….”
ഒരു വാക്കുപോലും ഉരിയാടാനാകാതെ ദിനേശൻ നിന്നു…
എല്ലാവരും നേരെ ശ്രീബാലയുടെ വീട്ടിലെത്തി…
“മോൾക്ക് എടുക്കാനുള്ളതൊക്കെ എടുത്തോ… നമ്മൾ പോകുകയാ..”
ഭരതൻ പറഞ്ഞു… അവൾ മടിയോടെ മഹേഷിനെ നോക്കി..
“അച്ഛൻ പറഞ്ഞത് അനുസരിക്ക് “
അവൾ അകത്തേക്ക് നടന്നു… പ്രജീഷും കൂടെ പോയി സഹായിച്ചു…കാര്യമായി ഒന്നും എടുക്കാൻ ഇല്ലായിരുന്നു.. മഹേഷ് കൊടുത്ത കാശിനു വാങ്ങിയ ഒന്നോ രണ്ടോ ഡ്രസ്സ്… സർട്ടിഫിക്കറ്റുകൾ, അമ്മയുടെ കൂടെ നിന്ന് എടുത്ത ഒരു ഫോട്ടോ… എല്ലാം ബാഗിലാക്കി അവൾ പുറത്തിറങ്ങി…. വീട് പൂട്ടി താക്കോൽ ദിനേശനു നൽകാൻ അവൾ തന്നെയാണ് പോയത്…
“മാമാ… ഞാൻ പോട്ടെ..?” അയാൾ ഒന്നും മിണ്ടിയില്ല…
“എനിക്കും അമ്മയ്ക്കും വേണ്ടി മാമൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്… എല്ലാത്തിനും നന്ദി… ഇനി ഭാരമാകാൻ ഞാനില്ല… എന്നാലും വല്ലപ്പോഴും എന്നെ കാണാൻ വരാമോ? കുടുംബം എന്ന് പറയാൻ വേറെ ആരും എനിക്കില്ലല്ലോ.. “
അത്രയും പറഞ്ഞപ്പോഴേക്കും ഒരു കരച്ചിൽ അവളുടെ വാക്കുകളെ വിഴുങ്ങി…. ഹരിയുടെ കൂട്ടുകാരൻ ഒരു കാറും കൊണ്ട് റോഡിലുണ്ട്…
“ഭരതേട്ടൻ ഈ കുട്ടിയുടെ കൂടെ കാറിൽ വാ.. നടുവിന് വയ്യാത്തതല്ലേ? ബൈക്കിൽ കേറണ്ട… ഞങ്ങള് പിന്നാലെ എത്തിക്കോളാം”
ബൈക്ക് സ്റ്റാർട്ട് ചെയ്തു കൊണ്ട് സൈനുദ്ദീൻ പറഞ്ഞു… ഭരതനും ശ്രീബാലയും കാറിലേക്ക് കയറി… അവൾ തന്റെ വീട് ഒന്നുകൂടി നോക്കി…അമ്മയുടെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന കൊച്ചു വീട്… വേദനകൊണ്ട് പുളയുമ്പോഴും മകളെ കുറിച്ചോർത്ത് വേവലാതിപ്പെടുന്ന ഒരു പാവം സ്ത്രീ…. മകൻ നഷ്ടപ്പെട്ടു..സംരക്ഷിക്കേണ്ട ഭർത്താവ് മദ്യപിച്ച്, ഉള്ളതെല്ലാം നശിപ്പിച്ചു…. ഒരു നേരത്തെ ഭക്ഷണത്തിനും മരുന്നിനും വേണ്ടി മറ്റുള്ളവരെ ആശ്രയിക്കേണ്ട ദയനീയാവസ്ഥ… ഒടുവിൽ അവർക്ക് മോചനം ലഭിച്ചു.. നഷ്ടം അവൾക്ക് മാത്രം…. അവൾ കണ്ണുനീർ തുടയ്ക്കുന്നത് ഭരതൻ കണ്ടു…
“മോൾക്ക് പേടിയുണ്ടോ?”
“എന്തിന്?”
“അന്യരുടെ കൂടെ എങ്ങോട്ടെന്നറിയാതെ പോകുന്നതിന്?”
“ഇല്ല… മഹിയേട്ടൻ എനിക്ക് മോശമായത് ഒന്നും ചെയ്യില്ല എന്ന് നന്നായി അറിയാം..പക്ഷേ ഞാൻ കാരണം എത്രപേരാ ബുദ്ധിമുട്ടുന്നത് എന്നോർക്കുമ്പോൾ ഒരു സങ്കടം…”
ഭരതൻ ചിരിച്ചു…
“ഇതൊക്കെ ഒരു ബുദ്ധിമുട്ടാണോ മോളേ? നീ നോക്കിക്കോ… ഇനിയങ്ങോട്ട് ജീവിതം മാറും.. നിന്റെ ആഗ്രഹങ്ങളൊക്കെ നടത്തിയിട്ടേ ഞങ്ങള് വിശ്രമിക്കൂ… വെറുതേ ഓരോന്ന് ആലോചിച്ച് മനസ്സ് വിഷമിപ്പിക്കണ്ട…”
കാർ മുന്നോട്ട് നീങ്ങി… ശ്രീബാല കണ്ണുകളടച്ച് പ്രാർത്ഥിച്ചു..
“അമ്മേ…എന്നെ അനുഗ്രഹിക്കണേ…”
(തുടരും )