ശ്രീബാല കണ്ണുതുറന്നു നോക്കിയപ്പോൾ കണ്ടത് ബെഡിനരികിലെ കസേരയിൽ ഇരിക്കുന്ന മഹേഷിനെയാണ്... അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു..
“വേണ്ട കിടന്നോ..”
“രാധ ചേച്ചി എവിടെ?”
“ആര്? പ്രജീഷിന്റെ അമ്മയാണോ? അവർ വീട്ടിലേക്ക് പോയി. കുറച്ചു കഴിഞ്ഞു വരും.. “
“മഹിയേട്ടൻ എപ്പോൾ വന്നു?”
“ഉം.. രാത്രിയിൽ എത്തിയതാ.. താൻ നല്ല ഉറക്കമായിരുന്നു..”
“എനിക്ക് വീട്ടിൽ പോണം.. അമ്മ തനിച്ചേയുള്ളൂ…”
“പോകാല്ലോ… ഡോക്ടർ ഇപ്പൊ വരും… എന്നിട്ട് പോകാം… “
അവൾ മഹേഷിനെ തന്നെ നോക്കി..
” കണ്ടില്ലേ? ഇതാണ് ഞാൻ.. സ്വന്തം അച്ഛന്റെ സമ്മാനമാ ഈ നെറ്റിയിൽ കിടക്കുന്നത്…”
അവളുടെ മിഴികൾ ഈറനണിഞ്ഞു…
“മഹിയേട്ടൻ തന്ന പൈസ എനിക്ക് അത്രയ്ക്ക് വിലപ്പെട്ടതായിരുന്നു… കാരണം ആദ്യമായിട്ടാ ഇങ്ങനൊരാൾ ഒന്നും പ്രതീക്ഷിക്കാതെ സഹായിക്കുന്നത്…”
“അങ്ങനൊന്നും ചിന്തിക്കണ്ട..”
“ഈ പെണ്ണിന്റെ ചങ്ങാത്തം തന്നെ വേണോ മഹിയേട്ടന്?”
അവനൊന്ന് ചുറ്റും നോക്കി.. അടുത്ത ബെഡിൽ കിടക്കുന്ന സ്ത്രീ നല്ല ഉറക്കമാണ്..അവൻ മെല്ലെ ശ്രീബാലയുടെ കൈ പിടിച്ചമർത്തി…
“വേണം…തീരുമാനത്തിൽ മാറ്റമില്ല.. ഞാനുണ്ട് കൂടെ…”
“മഹിയേട്ടൻ പൊയ്ക്കോ.. മാമൻ വന്നു കണ്ടാൽ വേറെന്തെങ്കിലും വിചാരിക്കും.”
അവൻ ഒന്ന് പുഞ്ചിരിച്ചു..
“നിന്റെ മാമൻ എന്നെ കണ്ടിരുന്നു.. സംസാരിക്കുകയും ചെയ്തു “
“എപ്പോൾ?”
“രാവിലെ… അങ്ങേര് ഡ്യൂട്ടിക്ക് പോകുന്നതിന് മുൻപ് ഇവിടെ വന്നു… ആ ചേച്ചി പറഞ്ഞു പ്രജീഷിന്റെ കൂട്ടുകാരനാ.. അവൻ സഹായത്തിനു വിളിച്ചു വരുത്തിയതാ എന്ന്.. “
“എന്നിട്ടോ?”
“എന്നിട്ടെന്താ? കുറച്ചു നേരം വർത്തമാനം പറഞ്ഞു.. പിന്നെ നിന്റെ അച്ഛനെ കുറേ ചീത്തയും വിളിച്ചു…”
“അത് പതിവുള്ളതാ…”
കുറച്ചു കഴിഞ്ഞപ്പോൾ പ്രജീഷിന്റെ അമ്മ വന്നു,.. ഉച്ചയാകാറായപ്പോഴേക്കും അവളെ ഡിസ്ചാർജ് ചെയ്തു… മരുന്നുകളും വാങ്ങി അവൻ ഒരു ഓട്ടോ പിടിച്ച് അവരെ യാത്രയാക്കി … പോകും മുൻപ് ആരും കാണാതെ പോക്കറ്റിൽ ഉണ്ടായിരുന്ന കാശ് അവളുടെ കൈവെള്ളയിൽ വച്ചു കൊടുത്തു…. അവൾ തടയാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല… ഓട്ടോയിൽ ഇരിക്കുമ്പോൾ ശ്രീബാല കൈ തുറന്നു നോക്കി.. അവൾക്ക് കരച്ചിൽ വന്നു.. ഒരു സാധാരണ ബസ് ജീവനക്കാരന് കിട്ടുന്നത് തുച്ഛമായ വരുമാനം ആണെന്ന് അറിയാം.. അതിലൊരു പങ്ക് അവന്റെ ആരുമല്ലാത്ത ഒരു പെണ്ണിന് വേണ്ടി ചിലവഴിക്കുന്നു… എന്തിന്?.. പ്രണയമാണെന്ന് തോന്നുന്നില്ല.. കാരണം അവന്റെ കണ്ണുകളിൽ ആ വികാരം കണ്ടില്ലായിരുന്നു… പിന്നെയോ?.. സ്നേഹം… തിരിച്ചൊന്നും പ്രതീക്ഷിക്കാതെയുള്ള സ്നേഹം…
“മഹീ… നീ പറയുന്നത് എനിക്ക് മനസിലാകുന്നുണ്ട്… നല്ല കാര്യം തന്നെയാ.”
ഭരതൻ താടി ചൊറിഞ്ഞു കൊണ്ട് അവനെ നോക്കി..
“ആരുമില്ലാത്ത ഒരു പെങ്കൊച്ചിനെ സഹായിക്കുന്നതൊക്കെ കൊള്ളാം… പക്ഷേ അതുകൊണ്ട് അവൾക്ക് ഒരു പ്രശ്നവും വരരുത്… “
“അതൊക്കെ ഞാൻ ശ്രദ്ധിച്ചോളാം… അച്ഛന് എതിർപ്പുണ്ടോ?”
“എന്തിന്? എനിക്കതിൽ എതിരഭിപ്രായം ഒന്നുമില്ല… പക്ഷേ ഒന്ന് ചോദിച്ചോട്ടെ? ഈ കുട്ടിയോട് മാത്രം സഹാനുഭൂതി തോന്നാൻ എന്താ കാരണം? കഷ്ടപ്പെടുന്ന വേറെയും ഒരുപാട് പേർ ഉണ്ടല്ലോ?”
അയാളുടെ മുഖത്ത് ഒരു കുസൃതിച്ചിരി വിടർന്നു..
“അതേ ചോദ്യം ഞാൻ തിരിച്ചു ചോദിച്ചാലോ? ഈ നാട്ടിൽ, ഒറ്റയ്ക്ക് ബുദ്ധിമുട്ടുന്ന ഒരുപാട് സ്ത്രീകൾ ഉണ്ടായിട്ടും അച്ഛൻ എന്തിനാ എന്റെ അമ്മയെയും എന്നെയും സഹായിച്ചത്?”
“അപ്പോൾ എനിക്ക് ശോഭയോട് തോന്നിയ ഇഷ്ടം ആണോ നിനക്ക് അവളോട്?”
“അല്ല.. എനിക്ക് അങ്ങനെയൊരു ആഗ്രഹം തോന്നിയിട്ടില്ല. പക്ഷേ അവളുടെ കണ്ണുകളിൽ നോക്കുമ്പോൾ ഞാൻ അമ്മയെ കാണുന്നുണ്ട്.. അതെങ്ങനെ പറഞ്ഞു മനസിലാക്കി തരും എന്നറിയില്ല…”
ഭരതൻ കുറച്ചു നേരം നിശബ്ദനായി ആലോചിച്ചു.. പിന്നെ എഴുന്നേറ്റ് നിന്നു..
“നിന്റെ തീരുമാനങ്ങൾക്ക് ഞാൻ എതിരു നിൽക്കില്ല… ഒരാളുടെ സ്വപ്‌നങ്ങൾ നേടാൻ കൂടെ നിൽക്കുന്ന അത്രയും മഹത്തായ കാര്യം വേറെ ഇല്ലെന്നും അറിയാം.. പക്ഷേ അവനവന്റെ ജീവിതം കൂടി നോക്കണം.. നിനക്ക് ചെറിയ പ്രായമേ ആയിട്ടുള്ളൂ,.സ്വന്തം ഭാവിയെ കുറിച്ചും ചിന്തിക്കുക..സമ്പാദിക്കുന്നത് മുഴുവനും വേറൊരാൾക്ക് വേണ്ടി ചിലവഴിച്ച് നാളെ തെരുവിൽ നിൽക്കാൻ ഇടവരരുത്…”
മഹേഷ് ഒന്ന് പുഞ്ചിരിച്ചു…
“അങ്ങനെ സ്വാർത്ഥതയോടെ അച്ഛൻ ചിന്തിച്ചിരുന്നു എങ്കിൽ കുഞ്ഞിനേയും കൊണ്ട് ആശുപത്രിയിൽ പകച്ചു നില്കുകയായിരുന്ന ഒരു സ്ത്രീയെ സഹായിക്കില്ലായിരുന്നു… അവൾക്ക് വേറൊരാളിൽ ഉണ്ടായ കുട്ടിക്ക് വേണ്ടി സ്വന്തം രക്തത്തിൽ ഒരു കുഞ്ഞ് വേണ്ട എന്ന് വയ്ക്കില്ലായിരുന്നു..”
ഭരതൻ ഒരു പിടച്ചിലോടെ അവനെ നോക്കി..
“എന്നോട് മാതുവമ്മ പണ്ടേ പറഞ്ഞിരുന്നു… “
അവൻ അയാളുടെ കൈ പിടിച്ചു…
“അന്ന് ഞങ്ങളോട് കാണിച്ച കാരുണ്യം ഇന്ന് എനിക്ക് വേറൊരാളോട് തോന്നുന്നു… അത് ഞാൻ ചെയ്യും… കൂടെ ഉണ്ടാകണം..”
“പിന്നീട് ദുഃഖിക്കാൻ ഇടവരില്ല എന്ന് ഉറപ്പുണ്ടെങ്കിൽ നീ ചെയ്തോ… ഞാനുണ്ട് കൂടെ.”
ഭരതൻ അവന്റെ കവിളിൽ അരുമയായി തലോടി….
കുറച്ച് ദിവസങ്ങൾക്കു ശേഷം ശ്രീബാല വീണ്ടും സ്കൂളിലേക്ക് വന്നു തുടങ്ങി.. മഹേഷും ബസിൽ ജോലിക്ക് കയറി…. ഗോപിയേട്ടന്റെ ഷോപ്പിനുള്ളിലെ കൊച്ചു മുറിയിൽ ഇത്തിരി നേരം രണ്ടുപേരും സംസാരിച്ചിരിക്കും… കൂടുതലും അവളുടെ അമ്മയുടെ ആരോഗ്യസ്ഥിതിയെകുറിച്ചും അവളുടെ പഠനത്തെ കുറിച്ചും ആയിരിക്കും… അവന്റെ ജീവിതത്തെ പറ്റി എല്ലാം അവൾക്കും അറിയാം…അവന്റെ പെരുമാറ്റത്തിൽ എവിടെയും പ്രണയം കാണാൻ ശ്രീബാലയ്ക്ക് സാധിച്ചില്ല.. ബസിൽ കയറിയാൽ അവളോട് ഒന്നും മിണ്ടില്ല.. ഇറങ്ങിപോകുമ്പോൾ ഒന്ന് തലയാട്ടുക മാത്രം ചെയ്യും…
“മഹിയേട്ടാ… ഒരു ഹെല്പ് ചെയ്യുമോ?”
ഒരു ദിവസം അവൾ ചോദിച്ചു… ഗോപിയേട്ടന്റെ കടയിൽ ആയിരുന്നു അവർ..
“പറ.. എന്താ?”
“ഈ റെക്കോർഡ് ബുക്ക് ഒന്ന് വരച്ചു തരാമോ? വീട്ടിൽ ചെന്നാൽ ഒരുപാട് ജോലി ഉണ്ട്… അതിന്റിടയിൽ ഇത് നടക്കില്ല..”
“എനിക്കങ്ങനെ ചിത്രം വരയ്ക്കാനൊന്നും അറിഞ്ഞൂടെടീ..”
“സാരമില്ല… കഴിയുന്നത് പോലെ മതി.”
“നിന്റെ അമ്മയ്ക്ക് എങ്ങനെ ഉണ്ട്?”
“മാമൻ പറഞ്ഞിട്ട് ആയുർവേദ മരുന്ന് കഴിക്കുന്നുണ്ട്. പക്ഷേ മാറ്റമൊന്നുമില്ല.. രാത്രിയൊക്കെ വേദന കൊണ്ട് കരയും…”
“അച്ഛൻ വരാറില്ലേ?”
“വല്ലപ്പോഴും പാത്തും പതുങ്ങിയും വരും.. അടുക്കളയിൽ കയറി എന്തെങ്കിലും എടുത്ത് തിന്നും.. പിന്നെ കാശ് ഒളിപ്പിച്ചിട്ടുണ്ടോ എന്ന് തേടി നടക്കും. കിട്ടാതെ ആകുമ്പോൾ എന്നെയും അമ്മയെയും കുറേ തെറി വിളിച്ച് ഇറങ്ങിപ്പോകും…”
മഹേഷ് വല്ലായ്മയോടെ അവളെ തന്നെ നോക്കി ഇരുന്നു.
“ചിലപ്പോൾ തോന്നും ഭക്ഷണത്തിൽ വല്ല വിഷവും കലർത്തി കൊടുത്ത് അച്ഛനെ കൊന്നാലോ എന്ന്.. പക്ഷേ അങ്ങനെ ചെയ്ത് ഞാൻ ജയിലിൽ പോയാൽ അമ്മയെ നോക്കാൻ ആരുമുണ്ടാകില്ല…”
“അങ്ങനൊന്നും ചിന്തിക്കരുത്… നിനക്കൊരു ലക്ഷ്യമുണ്ട്…. അതിന് വേണ്ടി മാത്രം പരിശ്രമിക്കുക..”
“അതൊന്നും നടക്കില്ല മഹിയേട്ടാ.. പരീക്ഷ കഴിഞ്ഞയുടൻ ഞാൻ എന്തെങ്കിലും ജോലിക്ക് ശ്രമിക്കും.. മാമനെ ഇനിയും ബുദ്ധിമുട്ടിക്കാൻ വയ്യ… ഞാൻ അദ്ദേഹത്തെ പരമാവധി ഊറ്റി എടുക്കുകയാണെന്നാ അമ്മായി എല്ലാരോടും പറയുന്നേ… “
“വേണ്ട.. ആരെയും ബുദ്ധിമുട്ടിക്കണ്ട… ഞാൻ സഹായിക്കാം.. “
അവൾ മൃദുവായി പുഞ്ചിരിച്ചു…
“ബസ് കാശ്… ട്യൂഷൻ ഫീസ്,.. സ്കൂളിലെ ആവശ്യങ്ങൾക്ക് ഉള്ളത്.. ഡ്രസ്സ്.. ഇങ്ങനെ ഒരുപാട് പൈസ മഹിയേട്ടൻ കളയുന്നുണ്ട്… അതിൽ കൂടുതലൊന്നും വേണ്ട..”
“അതൊക്കെ പിന്നെ തീരുമാനിക്കാം.. ആദ്യം നല്ലവണ്ണം പഠിക്ക്,.. എക്സാം കഴിയട്ടെ…”
അവൻ വാച്ചിൽ നോക്കി..
“നീ പോയി ബസിൽ കേറിയിരുന്നോ.. ഞാൻ കുറച്ചു കഴിഞ്ഞു വരാം..”
ശ്രീബാല തലയാട്ടികൊണ്ട് എഴുന്നേറ്റു പുറത്തേക്ക് നടന്നു.. അഞ്ചു മിനിറ്റ് കൂടി ഇരുന്നിട്ട് മഹേഷും പുറത്തിറങ്ങി…. സ്റ്റാൻഡിൽ എത്തിയപ്പോൾ ട്രാക്കിൽ നിർത്തിയിട്ട ബസിൽ ആളുകൾ നിറഞ്ഞിരുന്നു…ഡ്രൈവിങ് സീറ്റിൽ ഇരുന്ന ഹനീഫ അവനെ അടുത്തേക്ക് വിളിച്ചു..
“ഇന്നത്തെ പ്രാർത്ഥന കഴിഞ്ഞോ?” അയാൾ മറ്റാർക്കും കേൾക്കാനാവാത്ത വിധം ചോദിച്ചു..
“ഉവ്വ്… എന്തേ?”
“നീ മിക്കവാറും ഗോപിയുടെ കട പൂട്ടിക്കും…”
“നിങ്ങൾക്ക് അസൂയയാ മനുഷ്യാ…”
“എന്തിന്? നല്ലതാണേൽ കൊണ്ടു നടന്നോ… അവസാനം മോങ്ങരുത്…”
“ഓ… ഉപദേശത്തിന് നന്ദി.. ഇക്ക ചായ കുടിച്ചോ?”
“പിന്നില്ലാതെ? ഞാനും കുഞ്ഞുമോനും കുടിച്ചു… നിനക്ക് ഇപ്പൊ വെള്ളം പോലും വേണ്ടല്ലോ..”
“ഞാനടുത്ത ട്രിപ്പ് കുടിച്ചോളാം…”
“അവനവന്റെ തടി കൂടി നോക്കണം… പരോപകാരമൊക്കെ അതിന് ശേഷം മതി..”
മഹേഷ് നേർത്ത ചിരിയോടെ ടിക്കറ്റ് കൊടുത്തു തുടങ്ങി…ഹനീഫയും കുഞ്ഞുമോനും കരുതുന്നത് അവന് ശ്രീബാലയോട് പ്രണയം ആണെന്നാണ്… കുറെ പറഞ്ഞിട്ടും അവർക്ക് വിശ്വാസമില്ല… അവനത് തിരുത്താനും മിനക്കെട്ടില്ല..പരിചയമുള്ള യാത്രക്കാരോടൊക്കെ കുശലം പറഞ്ഞ് ഏറ്റവും പുറകിലെത്തിയപ്പോൾ ക്ളീനർ കുഞ്ഞുമോൻ അവനെ നോക്കിയൊന്ന് ചിരിച്ചു..
“എന്താ ഒരു ആക്കിയ ചിരി?”
“നിന്റെ അച്ഛനെ എനിക്കൊന്ന് കാണണം.. മോന്റെ ലീലാവിലാസങ്ങൾ മൂപ്പരെ അറിയിക്കാനാ..”
“ബുദ്ധിമുട്ടണ്ട.. ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്..”
“കൊള്ളാലോ… നല്ല അച്ഛനും മോനും..”
“പിന്നല്ലാതെ…? ഞാൻ വഴി തെറ്റി പോകില്ല എന്ന് അച്ഛന് അറിയാം…”
“എടാ രാത്രി ടയർ മാറ്റിയിടാൻ പോകണമെന്ന് ഹാജിക്ക പറഞ്ഞു..”
“അപ്പൊ ഇന്നും വീട്ടിലെത്തുമ്പോൾ വൈകും അല്ലേ..?”
“നീ എന്തിനാ നിൽക്കുന്നെ? കാശ് കൊടുത്തിട്ട് പൊയ്ക്കോ.”
“അത് ശരിയല്ലല്ലോ… കുഴപ്പമില്ല. ഞാൻ അച്ഛനെ വിളിച്ചു പറഞ്ഞോളാം..”
ബസ് വിടാറായപ്പോൾ സ്കൂൾ കുട്ടികൾ ഓടി വന്നു കയറി..
“എന്തൊക്കെയുണ്ട് മിസ്റ്റർ കുഞ്ഞുമോൻ വിശേഷങ്ങൾ?”
പ്രജീഷ് സ്റ്റെപ്പിൽ നിന്നു കൊണ്ട് കുഞ്ഞുമോന്റെ മീശയിൽ പിടിച്ചു വലിച്ചു..
“കണ്ടോ കുരിപ്പിന്റെ അഹങ്കാരം..? നീയൊരുത്തൻ കാരണമാ ഈ പിള്ളേര് തലേൽ കേറി നിരങ്ങുന്നത്..മറ്റു ബസുകാരെയൊക്കെ ഇവന്മാർക്ക് പേടിയാ… ഇതിലു നേരെ തിരിച്ചും,..”
“എന്നെ പറയണ്ട…നിങ്ങളല്ലേ ഇവന്റച്ഛൻ ഗൾഫിൽ നിന്നു വരുമ്പോ കുപ്പി വേണമെന്ന് പറഞ്ഞത്… അല്ലേ ദീപൂ?”
മഹേഷ് ചോദിച്ചു..
“അതെ… ദിവസവും ഓർമിപ്പിക്കാറുണ്ട്..”
ദീപു സമ്മതിച്ചു..
“കണ്ടോ? ഇച്ചിരി ഉളുപ്പ് വേണം”
അതോടെ കുഞ്ഞുമോൻ അടങ്ങി..
“ദീപൂ… നീ കൊണ്ടുകൊടുക്കാൻ നിൽക്കണ്ട… ഇങ്ങേര് ദിവസവും കുടിയാണ്…”
“പോട്ടെ മഹിയേട്ടാ… നമ്മുടെ കുഞ്ഞുമോൻ ചേട്ടൻ അല്ലേ? ഞാൻ അച്ഛനോട് പറഞ്ഞിട്ടുണ്ട്.. അടുത്ത ഞായറാഴ്ച ഇവിടെത്തും..”
“അതെ… വെള്ളമടിച്ച് പാമ്പായാൽ വീട്ടിൽ കൊണ്ടു വിടേണ്ടത് ഞാനാ…”
മഹേഷ്, അവരുടെയൊക്കെ പൈസ വാങ്ങി ടിക്കറ്റും കൊടുത്ത് മുന്പിലെ ഡോറിൽ ചെന്നു നിന്നു…. സ്റ്റോപ്പ് എത്തുന്നതിനു തൊട്ട് മുൻപ് ശ്രീബാല അവന്റെ അടുത്തെത്തി… ഹനീഫ സെന്റർ മിററിലൂടെ രണ്ടു പേരെയും നോക്കി ചിരിക്കുന്നുണ്ടായിരുന്നു…പതിവു പോലെ ബസിൽ നിന്നിറങ്ങി ആരെയും ഗൗനിക്കാതെ അവൾ നടന്നു . പക്ഷേ അവളുടെ മനസ് നിറയെ മഹേഷ് മാത്രമായിരുന്നു…..
നാളുകൾ പിന്നെയും കടന്നു പോയി.. ഭരതന് നടുവേദന കലശലായി.. ഇരിക്കാൻ പോലും പറ്റാത്ത അവസ്ഥ…. ഒരു സർജറി എത്രയും പെട്ടെന്ന് വേണമെന്ന് ഡോക്ടർ പറഞ്ഞു… അഹമ്മദ് ഹാജിയുടെ ബന്ധുവിന്റെ ഹോസ്പിറ്റൽ മംഗലാപുരത്ത് ഉണ്ട്… നല്ല ഡോക്ടർസും ചികിത്സയുമാണ്… അയാളും മകൻ സൈനുദ്ദീനും നിർബന്ധിച്ചതിനാൽ മഹേഷ് ഭരതനെയും കൂട്ടി അങ്ങോട്ട് പുറപ്പെട്ടു…
“മഹീ…ഒന്നും പേടിക്കണ്ട.. നമ്മുടെ സ്വന്തം ആൾക്കാരാ…. എല്ലാം വിളിച്ച് ഏല്പിച്ചിട്ടുണ്ട്.. രണ്ടു ദിവസം കഴിഞ്ഞ് ഞാനും അങ്ങോട്ട് വരാം..”
സൈനുദ്ദീൻ ധൈര്യം പകർന്നു… ട്രെയിനിൽ ഇരിക്കുമ്പോൾ അവൻ ശ്രീബാലയെ കുറിച്ചോർത്തു… പ്ലസ്ടു പരീക്ഷ കഴിഞ്ഞതിനാൽ അവളെ കാണുന്നത് കുറവായിരുന്നു.. വല്ലപ്പോഴും അവളുടെ വീടിനടുത്തുള്ള കവലയിൽ വരും.. ദൂരെ നിന്ന് കാണും.. പക്ഷേ സംസാരിക്കാൻ പറ്റാറില്ല.. പ്രജീഷിനെയും കൂട്ടി അവളുടെ വീട്ടിൽ പോയി അമ്മയെ കാണണം എന്നൊക്കെ കരുതിയപ്പോഴാണ് പെട്ടെന്നുള്ള ഈ യാത്ര വേണ്ടി വന്നത്… സാരമില്ല… പ്രജീഷിന്റെ അമ്മയുടെ ഫോണിൽ വിളിച്ചു വിവരം പറഞ്ഞിട്ടുണ്ട്.. അവൻ ശ്രീബാലയെ അറിയിക്കും..
മണിക്കൂറുകൾ നീണ്ടു നിന്ന യാത്രയ്ക്കൊടുവിൽ മംഗലാപുരത്തെത്തി.. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ മഹേഷ് എന്തോ പരിഭ്രമത്തോടെ തേടുന്നത് ഭരതൻ കണ്ടു..
“എന്താ മോനേ?”
“എന്റെ ഫോൺ കാണുന്നില്ല..”
“ഒന്നൂടെ നോക്ക്. “
അവൻ എല്ലായിടത്തും തേടി… പോക്കറ്റിലും, ബാഗിലും, പിന്നെ ട്രെയിനിനകത്ത് വീണ്ടും കയറി കമ്പാർട്മെന്റ് മുഴുവൻ നോക്കി.. പക്ഷേ നിരാശയായിരുന്നു ഫലം.. ഭരതന്റെ ഫോൺ വാങ്ങി അതിൽ നിന്നും അവന്റെ ഫോണിലേക്ക് അടിച്ചു നോക്കിയപ്പോൾ സ്വിച്ച്ഓഫ്… ആർക്കോ തന്റെ ഫോൺ കിട്ടിയിട്ടുണ്ടെന്ന് അവന് മനസിലായി..
“ഇനി എന്തു ചെയ്യും..?” ഭരതൻ സങ്കടപ്പെട്ടു..
“സാരമില്ല അച്ഛാ… അതൊരു പഴയ ഫോൺ അല്ലേ? പോട്ടെ…”
അവന് അഹമ്മദ് ഹാജിയുടെ നമ്പർ മാത്രമേ കാണാതെ അറിയുമായിരുന്നുള്ളൂ.. അതിൽ വിളിച്ച് കാര്യം പറഞ്ഞു… ഇനി അച്ഛന്റെ ഫോണിലേക്കു വിളിച്ചാൽ മതിയെന്നും പറഞ്ഞു…
ഹോസ്പിറ്റലിലെ കാര്യങ്ങൾ വിചാരിച്ച അത്ര എളുപ്പം ആയിരുന്നില്ല.. സർജറി കഴിഞ്ഞെങ്കിലും ഭരതന് മറ്റു ആരോഗ്യപ്രശ്നങ്ങൾ കൂടി ഉണ്ടായിരുന്നതിനാൽ അവിടുത്തെ താമസം പിന്നെയും നീണ്ടു…. സൈനുദ്ദീനും അഹമ്മദ് ഹാജിയും ഇടയ്ക്ക് വന്നു…ഹനീഫയെ അച്ഛന്റെ അടുത്ത് നിർത്തി ഇടയ്ക്ക് ഒരുവട്ടം മഹേഷ് നാട്ടിൽ പോയി.. മാതുവമ്മയെ നോക്കാൻ തത്കാലത്തേക്ക് ഒരു സ്ത്രീയെ ഏല്പിച്ചിരുന്നു.. പക്ഷേ അവരുടെ കാര്യമൊന്നും അറിയാഞ്ഞിട്ട് ഭരതന് സമാധാനമില്ല… അവനോട് ഒന്ന് പോയി വരാൻ അയാൾ പറഞ്ഞു… അവിടെയും പോയി, മദീന ബസിൽ ചെന്ന് കുഞ്ഞുമോനെയും കണ്ടു… പ്ലസ് ടു റിസൾട്ട് അറിഞ്ഞ ശേഷം കുട്ടികൾ അവനെ കാണാൻ ബസിൽ വന്നിരുന്നെന്ന് അയാളവനോട് പറഞ്ഞു..
“ങാ… പിന്നെ നിന്റെ മറ്റേ കൊച്ചും വന്നിരുന്നു.. നിന്നെ തേടുന്നുണ്ടായിരുന്നു.. ആ മുഖത്തെ സങ്കടം കണ്ടപ്പോൾ എനിക്കെന്തോ പോലെ തോന്നി… ഞാൻ പോയി കാര്യം പറഞ്ഞു, നിന്റെ അച്ഛന് സുഖമില്ലാതെ ഹോസ്പിറ്റലിൽ ആണെന്നും, ഫോൺ നഷ്ടപ്പെട്ടു എന്നുമൊക്കെ…ആ കൊച്ച് നല്ല മാർക്കോടെ പാസായി എന്ന് നിന്നോട് പറയാൻ പറഞ്ഞു….നിനക്ക് ആ കൊച്ചിന്റെ വീട്ടിലേക്ക് ഒന്ന് പൊയ്ക്കൂടേ?”
“പോണം… അച്ഛന്റെ കാര്യമൊന്നു ശരിയാവട്ടെ…”
ആഴ്ചകൾ പിന്നെയും വേണ്ടിവന്നു ഭരതന് ആശുപത്രി വിടാൻ… പക്ഷേ വീട്ടിലെത്തിയിട്ടും ബാത്‌റൂമിൽ പോകാനും മറ്റും സഹായം ആവശ്യമുള്ളതിനാൽ കുറേ നാൾ മഹേഷിന് കൂടെ തന്നെ നിൽക്കേണ്ടി വന്നു…. ഒടുവിൽ അയാൾക്ക് തനിയെ പിടിച്ചു നടക്കാൻ കഴിയും എന്നായപ്പോൾ ഒരു ദിവസം വൈകിട്ട് അവൻ ടൗണിലേക്ക് പോയി… ആദ്യം ഗോപിയേട്ടന്റെ കടയിൽ ചെന്നു.
“അച്ഛന് എങ്ങനുണ്ട് മഹീ?”
“ഇപ്പൊ കുഴപ്പമില്ല.. ബാല ഇങ്ങോട്ട് വന്നിരുന്നോ ഗോപിയേട്ടാ”
“ഇപ്പൊ കുറച്ചു നാളായി വരാറില്ല… അതിന് മുൻപ് രണ്ടുമൂന്നു വട്ടം വന്നിട്ട് നിന്നെ ചോദിച്ചു..നീ വിളിക്കാറൊന്നും ഇല്ലേ?”
“അതിന് പറ്റിയ അവസ്ഥ ആയിരുന്നില്ല… എന്തായാലും നാളെ അവളുടെ വീട് വരെ ഒന്ന് പോണം…”
അച്ഛന് വേണ്ട മരുന്നുകളൊക്കെ വാങ്ങിയപ്പോഴേക്കും സന്ധ്യ ആയി.. അലക്ഷ്യമായി ചുറ്റും നോക്കിയ അവൻ ഒന്ന് ഞെട്ടി… ശ്രീബാല അല്ലേ അത്? അവൻ കുറച്ചു കൂടി അടുത്ത് ചെന്നു… അവൾ തന്നെ….ബസ് സ്റ്റാൻഡിലേക്ക് നടക്കുകയാണ്… അവൻ അങ്ങോട്ടേക്ക് ഓടി…
“ബാലേ…”
വിളി കേട്ട് പകച്ചു തിരിഞ്ഞ അവൾ മഹേഷിനെ കണ്ടു…
“നിന്നെ കുറിച്ച് ഇപ്പൊ ചിന്തിച്ചതെ ഉള്ളൂ… അപ്പോഴേക്കും ദാ മുന്നിൽ..”
അവൻ കിതപ്പോടെ പറഞ്ഞു..
“മഹിയേട്ടന്റെ അച്ഛന്റെ അസുഖമൊക്കെ മാറിയോ?”
“ഏകദേശം.. പക്ഷേ റസ്റ്റ് ആണ്… “
“രാധേച്ചിയുടെ ഫോണിൽ നിന്ന് ഞാൻ കുറെ പ്രാവശ്യം വിളിച്ചിരുന്നു… പിന്നെയാ അറിഞ്ഞത് ഫോൺ നഷ്ടപ്പെട്ടു എന്നൊക്കെ..”
“ഉവ്വ്… ഒരുപാട് പറയാനുണ്ട്.. അതൊക്കെ പോട്ടെ, നീയെന്താ ഈ സമയത്ത് ഇവിടെ?”
അവൾ ഒന്നും മിണ്ടാതെ തല കുനിച്ചു.. എന്തോ പ്രശ്നം ഉണ്ടെന്ന് അവന് തോന്നി..
“ബാലേ… എന്തു പറ്റി.”
അവൾ മുഖമുയർത്തിയപ്പോൾ കണ്ണുകൾ നനഞ്ഞിരിക്കുന്നത് അവൻ കണ്ടു…
“ആ സൂപ്പർമാർക്കറ്റിൽ ജോലിക്ക് ആളെ വേണമെന്ന് കേട്ടു… ഒന്നന്വേഷിക്കാൻ വന്നതാ,..”
“നീ എന്തൊക്കെയാടീ പറയുന്നേ… ജോലിയോ? അപ്പൊ പഠിക്കണ്ടേ? “
ശ്രീബാല വേദനയോടെ ചിരിച്ചു..
“ആ മോഹം ഞാൻ ഉപേക്ഷിച്ചു മഹിയേട്ടാ.. ആർക്കു വേണ്ടിയാ.?..”
“അതെന്താ അങ്ങനെ തോന്നാൻ?”
“ആരും ഒന്നും അറിയിച്ചില്ലേ?”
“നീ കാര്യം പറയെടീ?” അവന് ദേഷ്യം വന്നു..
“അമ്മ മരിച്ചു…” ഇടറിയ ശബ്ദത്തിൽ അവൾ പറഞ്ഞത് കേട്ട് അവന്റെ ശരീരം വിറച്ചു….അവിശ്വസനീയതയോടെ അവൻ അവളെ നോക്കി നിന്നു..
“മൂന്ന് ആഴ്ചയായി….. ആദ്യത്തെ കുറച്ചു ദിവസം എല്ലാവരും സഹതാപവും കാണിച്ചു.. പിന്നെ ഓരോരുത്തരായി പിൻവലിഞ്ഞു തുടങ്ങി…ആരോടും കൈ നീട്ടാൻ തോന്നിയില്ല.. പക്ഷേ എത്ര ദിവസം പട്ടിണി കിടക്കും? അതാ പെറ്റമ്മ മരിച്ച് ഒരുമാസം തികയും മുൻപ് ജോലി തേടി നടക്കുന്നെ…”
അവളുടെ നാട്ടിലേക്കുള്ള ബസ് വന്നു…
“പോട്ടെ, മഹിയേട്ടാ..? ഇനിയെന്നും കാണാല്ലോ… ഇനി മുതൽ ഞാൻ ആ കടയിലെ സെയിൽസ്ഗേൾ ആണ്…”
ഷാൾ കൊണ്ട് മുഖം തുടച്ച് അവൾ പുഞ്ചിരിച്ചു… പിന്നെ ബസിലേക്ക് കയറി.. ആ ബസ് പോയിട്ടും, ഒന്ന് അനങ്ങാൻ പോലും കഴിയാതെ മഹേഷ് അവിടെ തന്നെ നിന്നു…
(തുടരും )