ബസ് കണ്ടക്ടറായുള്ള ജീവിതം ആറാം വർഷത്തിലേക്ക് കടന്നു... അഹമ്മദ് ഹാജി ഒരു നല്ല മനുഷ്യനാണ്...തന്റെ ബസിലെ ജീവനക്കാരോട് സൗഹൃദത്തോടെ ഇടപഴകുന്ന, പണത്തിന് ആർത്തിയില്ലാത്ത ഒരാൾ... അദ്ദേഹത്തിന്റെ മകൻ സൈനുദ്ദീനു ടൗണിൽ ബിസിനസ് ആണ്.... ഡ്രൈവർ ഹനീഫയും ക്ളീനർ കുഞ്ഞുമോനും മഹേഷിനെ കൂടപ്പിറപ്പിനെ പോലെ സ്നേഹിച്ചു.... വീട്ടിലേക്ക് പോകാനും വരാനും ഒരു പഴയ ബൈക്ക് അവൻ വാങ്ങി..പക്ഷേ ഭരതൻ അവനോട് അധികം മിണ്ടാതെയായി... തനിക്ക് വേണ്ടി അവൻ പഠനം ഉപേക്ഷിച്ചത് അയാൾക്ക് സഹിക്കാൻ പറ്റിയില്ല... പ്രൈവറ്റ് ആയി പഠിക്കാമെന്ന് അവൻ പറഞ്ഞത് കള്ളമായിരുന്നു എന്ന് അയാൾക്ക് മനസിലായപ്പോൾ ഒരുപാട് ഉപദേശിച്ചു.. വഴക്കിട്ടു... അവൻ കേട്ടില്ല...
“നിന്നെ സംരക്ഷിക്കാമെന്ന് നിന്റെ അമ്മയ്ക്ക് വാക്ക് കൊടുത്തതാ… കഷ്ടകാലത്തിനു ഞാൻ ഒന്ന് കിടപ്പിലായി.. പക്ഷേ ചത്തിട്ടൊന്നും ഇല്ലല്ലോ?.. പഠിച്ച് നല്ലൊരു ജോലി വാങ്ങാനാ നിന്നോട് ആവശ്യപ്പെട്ടത്.. അല്ലാതെ വണ്ടിപ്പണി എടുത്ത് എന്നെ പോറ്റാൻ അല്ല..”
“പ്ലസ് ടു വരെ പഠിച്ചില്ലേ..? എനിക്ക് വയ്യ… ഈ ജോലി ഞാൻ ഇഷ്ടപ്പെട്ടു ചെയ്യുന്നതാ.. രണ്ടുപേർക്ക് കഴിയാനുള്ളതൊക്കെ കിട്ടുന്നുണ്ടല്ലോ ? അത് പോരേ?.”
“എന്ന് നീ തീരുമാനിച്ചാൽ മതിയോ? നാളെ നിനക്കൊരു കുടുംബമുണ്ടായാൽ ഇതു തികയാതെ വരും.. അന്ന് ദുഖിച്ചിട്ട് കാര്യമില്ല..”
എന്റെ കുടുംബം നിങ്ങൾ മാത്രമാണ് എന്ന് പറയാൻ അവന് തോന്നിയെങ്കിലും ഒന്നും മിണ്ടിയില്ല..
“എനിക്ക് ഇപ്പൊ ചെറിയ നടുവേദന മാത്രമേ ഉള്ളൂ.. എന്തെങ്കിലും ജോലി ഞാൻ ചെയ്തോളാം… “
“വേണ്ട… എനിക്കിനി വയ്യ…”
അന്ന് തൊട്ട് ഭരതൻ പഴയത് പോലെ സംസാരിക്കാതെയായി.. എന്തെങ്കിലും കാര്യമുണ്ടെങ്കിൽ മാത്രം പറയും…കവലയിൽ അയാൾ ഒരു ചെറിയ ഷെഡ് കെട്ടി മത്സ്യ കച്ചവടം തുടങ്ങി… രാവിലെ ജീപ്പിൽ ഒരാൾ മത്സ്യം കൊണ്ടു വന്ന് അവിടെ ഇറക്കി കൊടുക്കും.. ഉച്ചയാകുമ്പോഴേക്കും മിക്കവാറും എല്ലാം കഴിയും.. മഹേഷ് തടഞ്ഞിട്ടും അയാൾ അനുസരിച്ചില്ല…..രാത്രി അവൻ വീട്ടിലെത്തുമ്പോഴേക്കും അയാൾ ഭക്ഷണം തയ്യാറാക്കി മേശപ്പുറത്തു വച്ച് പോയി കിടക്കും… രാവിലെ അഞ്ചു മണിക്ക് അവൻ ജോലിക്ക് പോകും.. അപ്പോൾ അയാൾ ഉറക്കമായിരിക്കും… പരസ്പരമുള്ള കൂടിക്കാഴ്ചകൾ കുറഞ്ഞു..
ബസിലെ ജോലി അവൻ ആസ്വദിച്ചു ചെയ്തു… രാവിലെയും വൈകിട്ടും സ്ഥിരമായി വരുന്ന യാത്രക്കാരാണ് കൂടുതലും.എല്ലാവരോടും മാന്യമായി പെരുമാറണം എന്ന് ഹരി പഠിപ്പിച്ചത് അവൻ പാലിച്ചു… അതുകൊണ്ട് തന്നെ യാത്രക്കാർക്കൊക്കെ നല്ല മതിപ്പായിരുന്നു… വഴക്കു പറയില്ല എന്നത് കൊണ്ട് സ്കൂൾ വിദ്യാർത്ഥികളും മദീന ബസിനു വേണ്ടി കാത്തു നിൽക്കും… വരുമാനത്തിന്റെ പേരിൽ അഹമ്മദ് ഹാജി ഒരിക്കലും ദേഷ്യപ്പെടാറില്ല,..
“മഹീ… എന്റെ വാപ്പ വാങ്ങിയതാ ഈ ബസ് പെർമിറ്റ്,. അന്ന് ഈ റൂട്ടിൽ രണ്ടു ബസ് മാത്രമാ ഉണ്ടായിരുന്നത്…. വാപ്പ ഒറ്റക്കാര്യമേ പറഞ്ഞിട്ടുള്ളൂ… സർവീസ് മുടക്കി പാസ്സഞ്ചേഴ്‌സിനെ ബുദ്ധിമുട്ടിക്കരുത്… അത് ഞാനിന്നു വരെ അനുസരിച്ചിട്ടുണ്ട്.. ഇതിൽ നിന്ന് നഷ്ടം വന്നാലും എനിക്കൊരു പ്രശ്നവുമില്ല.. പട്ടിണി കൂടാതെ കഴിയാനുള്ള വക പടച്ചോൻ തന്നിട്ടുണ്ട്… ഒരു ദിവസം കളക്ഷൻ കുറഞ്ഞെന്ന് കരുതി നീ ബേജാറാവണ്ട.. ട്രിപ്പ് കാരണമില്ലാതെ മുടക്കരുത്.. അത് മാത്രം ശ്രദ്ധിച്ചാൽ മതി…”
അതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്…. വണ്ടിക്ക് എന്തെങ്കിലും പണി ഉണ്ടെങ്കിൽ രാത്രിയിൽ ചെയ്യിക്കും… ഓണം, വിഷു, റംസാൻ, ക്രിസ്തുമസ്… എല്ലാ ആഘോഷങ്ങൾക്കും ജീവനക്കാർക്ക് ഡ്രസുകളും പൈസയും അദ്ദേഹം കൊടുക്കും…. .ഇടയ്ക്ക് വീട്ടിൽ എന്തെങ്കിലും വിശേഷം ഉണ്ടെങ്കിൽ ഭക്ഷണം പൊതിഞ്ഞ് കെട്ടി ബസിൽ എത്തിക്കും…
ഒരു ദിവസം വൈകിട്ട് ടൗണിൽ നിന്നും ബസ് പുറപ്പെട്ടു…നിറയെ വിദ്യാർത്ഥികളും യാത്രക്കാരുമാണ്… കുറച്ചു ദൂരം പിന്നിട്ടപ്പോൾ ഡ്രൈവർ ഹനീഫ ബസ് സൈഡിലേക്ക് ചേർത്തു നിർത്തി…
“ഹനീഫക്കാ… എന്തു പറ്റി?” മഹേഷ് വിളിച്ചു ചോദിച്ചു…
“വണ്ടി വല്ലാതെ ചൂടാവുന്നെടാ… നീ കുഞ്ഞുമോനോട് റേഡിയേറ്റർ ഒന്ന് നോക്കാൻ പറ..”
കുഞ്ഞുമോൻ ബസിന്റെ മുന്നിൽ ചെന്നു നോക്കി..
“ലീക്കുണ്ട് ഇക്കാ… വെള്ളം ഒഴിച്ചിട്ടു കാര്യമില്ല…”
“ചതിച്ചല്ലോ… മഹീ… നീ യാത്രക്കാരെ പുറകിൽ വരുന്ന ബസിൽ കയറ്റി വിട്… റെഡിയേറ്റർ അഴിച്ചു കൊണ്ടു പോയി റിപ്പയർ ചെയ്യണം… ഈ കണ്ടീഷനിൽ വണ്ടിയെടുത്താൽ എഞ്ചിൻ കംപ്ലയിന്റ് ആകും..”
അവൻ ടിക്കറ്റ് റീഫണ്ട് ചെയ്തു… യാത്രക്കാരെല്ലാം പിന്നാലെ വന്ന ബസിൽ കയറി… ബാഗും ടിക്കറ്റും ഡ്രൈവർ സീറ്റിനു മുകളിലെ ബോക്സിൽ വച്ച് പൂട്ടി തിരിയുമ്പോഴാണ് അവൻ ആ കാഴ്ച കണ്ടത്… ഒരു പെൺകുട്ടി മാത്രം സീറ്റിൽ പരിഭ്രമത്തോടെ ചുറ്റും നോക്കി ഇരിക്കുന്നു..
“ഈ ബസ് ഇനി ഓടില്ല,…എല്ലാരും പോയല്ലോ? താൻ ഉറക്കമായിരുന്നോ?”
അവൾ മിഴിച്ചിരിക്കുകയാണ്.. യൂണിഫോം കണ്ടപ്പോൾ പ്ലസ്റ്റുവിന് പഠിക്കുകയാണെന്ന് അവന് മനസിലായി…
“തനിക്ക് എവിടെയാ പോകേണ്ടത്?”
“ചർച്ച് റോഡ്..”
“കൂടെ പഠിക്കുന്നവരൊക്കെ മറ്റേ ബസിൽ കയറി…”
അവൾ എഴുന്നേറ്റു പതിയെ പുറത്തേക്ക് ഇറങ്ങാൻ ഭാവിച്ചു..
“ഒന്ന് നിന്നേ…” അവൾ നിന്നു..
“ബസിനു കൊടുക്കാൻ പൈസ ഇല്ലേ കൈയിൽ?”
അവൾ മിണ്ടാതെ തലകുനിച്ചു… മഹേഷിന് കാര്യം മനസിലായി,.. എല്ലാർക്കും ടിക്കറ്റ് റീഫണ്ട് ചെയ്ത് കൊടുത്തപ്പോൾ വിദ്യാർത്ഥികൾ ആരും കാശ് വാങ്ങാൻ നിന്നില്ല.. ഒന്നോ രണ്ടോ രൂപയുടെ കാര്യമായത് കൊണ്ട് അവർ കിട്ടിയ ബസിൽ പോയി…
“ഇത്രേം ദൂരം പഠിക്കാൻ വരുമ്പോ എന്തെങ്കിലും എക്സ്ട്രാ എടുക്കണ്ടേ? “
അവൻ പേഴ്‌സ് തുറന്ന് അമ്പതു രൂപ എടുത്ത് അവൾക്കു നീട്ടി..
“ഇതു വച്ചോ..”
“എനിക്ക് രണ്ടു രൂപ മതി..”
“ഇനി വരാനുള്ളത് കെ സ് ആർ ടി സി ആണ്… ഇയാൾക്ക് അതിൽ കൺസഷൻ ഇല്ലല്ലോ?”
അവൾ മടിച്ചു നിന്നു..
“വാങ്ങെടോ… വേഗം നാട് പിടിക്ക്..”
അവൾ വിഷാദത്തോടെ അവനെ നോക്കി..
“കടമായിട്ട് കൂട്ടിയാൽ മതി.. നാളെ തിരിച്ചു തന്നോ.. ഇപ്പൊ താൻ വാങ്ങിക്ക്.. എനിക്ക് തിരക്കുണ്ട്..”
അവൾ അതു വാങ്ങി പുറത്തേക്കിറങ്ങി.. പിന്നാലെ മഹേഷും… കെ സ് ആർ ടി സി കൈ കാട്ടി നിർത്തിച്ച് അവൻ അവളെ കയറ്റി വിട്ടു..
“എന്താ മഹീ?” ഹനീഫ ചോദിച്ചു..
“ആ കൊച്ചിന്റെ കയ്യിൽ വണ്ടിക്കൂലി ഇല്ല.. കൺസഷന്റെ ടിക്കറ്റ് ഞാൻ ഒന്നിച്ചല്ലേ മുറിക്കുക, അതോണ്ട് റീ ഫണ്ട് ചോദിക്കാനും മടി.. മറ്റുപിള്ളേരൊക്കെ വാങ്ങാതെ പോയി..”
“നീ പൈസ കൊടുത്തോ?”
“ഉം,.. “
“നന്നായി … അത് വിട്… ദേ, ഞാൻ റേഡിയേറ്റർ അഴിച്ചു വച്ചിട്ടുണ്ട്… നീ കുഞ്ഞുമോന്റെ കൂടെ പോയി ഇത് ശരിയാക്കിയിട്ട് വാ..”
“ആഹാ… ഇക്കയ്ക്ക് ഇതൊക്കെ അറിയാമോ..?”
ഹനീഫ പുഞ്ചിരിച്ചു..
“പൊന്നുമോനെ, ഞാനീ പണി തുടങ്ങിയിട്ട് കാലം കുറേ ആയില്ലേ? ഒരുവിധം എല്ലാം തനിയെ ചെയ്യും,.. നീ വേഗം പോയിട്ട് വാ… അവരോട് ഇന്ന് തന്നെ വേണമെന്ന് പ്രത്യേകം പറയണം. മടിയന്മാരാ…ഞാൻ മുതലാളിയെ വിളിച്ചു കാര്യം പറയട്ടെ…”
അയാൾ ഫോണുമെടുത്ത് ബസ്സിനകത്തേക്ക് നടന്നു….
രാത്രി പത്തുമണിയോടെയാണ് റേഡിയേറ്റർ കിട്ടിയത്… എല്ലാം കഴിഞ്ഞ് ബസ് കൊണ്ടു വച്ച് അവൻ വീട്ടിലെത്തുമ്പോൾ ഒരുമണി ആകാറായിരുന്നു…
ഭരതന്റെ മുറിയിൽ ലൈറ്റ് കണ്ടപ്പോൾ അയാൾ ഉറങ്ങിയിട്ടില്ല എന്ന് മനസിലായി.. താൻ വരാൻ വൈകിയത് കൊണ്ടാവണം… ഒരു മൊബൈൽ ഫോൺ അയാൾക്ക് വാങ്ങിക്കൊടുക്കണമെന്ന് അവൻ തീരുമാനിച്ചു,….ജോലി ചെയ്തു കിട്ടുന്നതിൽ ചിലവിനുള്ളത് എടുത്തിട്ട് ബാക്കി അവൻ മേശപ്പുറത്തു വയ്ക്കും..അടുത്ത ദിവസം അത് കാണില്ല.. അയാൾ തന്റെ പൈസ സ്വീകരിക്കുന്നു എന്നറിഞ്ഞതിൽ അവന് സന്തോഷം തോന്നി… പക്ഷേ പിന്നീട് മാതുവമ്മയാണ് പറഞ്ഞത് അവന്റെ പേരിൽ അയാൾ രണ്ടു ചിട്ടി ചേർന്നിട്ടുണ്ടെന്നും അവന്റെ പൈസ അതിലേക്കാണ് പോകുന്നതെന്നും… അവിടെയും തന്നെ അയാൾ തോൽപിച്ചു എന്നത് അവനെ വല്ലാതെ വേദനിപ്പിച്ചു….. പിന്നെ പൈസ വയ്ക്കുന്നതിനു പുറമെ അത്യാവശ്യം വേണ്ട വീട്ടു സാധനങ്ങളും മഹേഷ് വാങ്ങി കൊണ്ടുവരാൻ തുടങ്ങി….അത് വേണമെന്നോ വേണ്ട എന്നോ ഭരതൻ പറഞ്ഞില്ല… അയാൾക്ക് അവനോട് അതിരറ്റ സ്നേഹവും വാത്സല്യവും ഉണ്ട്….പക്ഷേ അയാളുടെ ആഗ്രഹം പോലെ പഠിച്ചു മുന്നേറാൻ അവൻ തയ്യാറാക്കാത്തത് കൊണ്ടുള്ള ദേഷ്യം മാത്രമാണ്…
കുളിച്ച് ഭക്ഷണം കഴിച്ചെന്നു വരുത്തി അവൻ റൂമിലേക്ക് നടക്കാൻ ഭാവിച്ചപ്പോൾ ഭരതൻ അയാളുടെ മുറിയുടെ വാതിൽക്കൽ വന്നു നിന്നു..
“ഉറങ്ങിയില്ലായിരുന്നോ?”
അവൻ ചോദിച്ചു..
“ഇല്ല… നീയെന്താ വൈകിയത്?”
“വണ്ടിക്ക് കുറച്ചു പണിയുണ്ടായിരുന്നു..”
ഒന്ന് മൂളിയിട്ട് അയാൾ തിരിഞ്ഞു..
“ഭക്ഷണം കഴിച്ചോ?”
അതിനും മൂളലായിരുന്നു മറുപടി.. മഹേഷിന് സങ്കടമൊന്നും തോന്നിയില്ല.. താനിത് അർഹിക്കുന്നു.. പക്ഷേ വയ്യാത്ത ഒരാളെ ജോലിക്ക് വിട്ട് ആ കാശ് കൊണ്ട് പഠിക്കാൻ മനസ് വരാത്തതിനാലാണ് താല്പര്യം ഇല്ലെന്ന് പറഞ്ഞത്… എന്നെങ്കിലും ഭരതൻ തന്നെ മനസിലാക്കുമെന്ന് അവൻ സമാധാനിച്ചു..
പിറ്റേ ദിവസം… വൈകുന്നേരത്തെ ട്രിപ്പ് പതിവ് പോലെ തിങ്ങിനിറഞ്ഞായിരുന്നു…സ്കൂൾ കുട്ടികളുടെ ചില്ലറതുട്ടുകൾ അവന്റെ നീട്ടിയ കൈ വെള്ളയിലേക്ക് വീഴുകയാണ്.. അപ്പോൾ അതിന്റെ ഇടയിലൂടെ ആരോ അമ്പതു രൂപ നോട്ട് വച്ചു.കൂടെ രണ്ടു രൂപ കോയിനും…. മഹേഷ് എത്തിവലിഞ്ഞു നോക്കി.. ഇന്നലെ കണ്ട പെൺകുട്ടി… അവൾ നന്ദിയോടെ ഒന്ന് പുഞ്ചിരിച്ചു.. അവൻ അത് കണ്ട ഭാവം നടിക്കാതെ പിറകിലേക്ക് നടന്നു… മൂന്ന് സ്റ്റോപ്പുകൾ കൂടി കഴിഞ്ഞപ്പോൾ തിരക്ക് കുറഞ്ഞു… അവൻ ആൺകുട്ടികളുമായി ഓരോ തമാശകൾ പറയുകയായിരുന്നു..സ്ഥിരമായി വരുന്നതിനാൽ അവർ തമ്മിൽ നല്ല സൗഹൃദമാണ്…
“ദീപൂ … ആ കൊച്ച് ഏതാ.?” മഹേഷ് അതിൽ ഒരുത്തനോട് ചോദിച്ചു…
“ഏത് കൊച്ചാ, ഏട്ടാ?”
“ആ ചുവപ്പ് സാരിയുടുത്ത ചേച്ചിയേ കണ്ടോ? അവരുടെ മുന്നിൽ നിൽക്കുന്ന കുട്ടി.. പ്ലസ്ടുവാ… നിന്റെ ക്‌ളാസിൽ ആയിരിക്കും ചിലപ്പോൾ…”
അവൻ മുന്നോട്ട് നോക്കി…
“ഓ.അതോ… അത് ശ്രീബാല.. എന്റെ ക്‌ളാസിലല്ല, സയൻസ് ആണ്.. ഞാൻ കൊമേഴ്സ് അല്ലേ.? ഈ പ്രജീഷിന്റെ നാട്ടുകാരിയാ… കൂടുതൽ അറിയണമെങ്കിൽ ഇവനോട് ചോദിച്ചോ..”
സീറ്റിൽ വേറൊരു പയ്യന്റെ മടിയിൽ ഇരുന്ന് എന്തോ ചർച്ച ചെയ്യുന്ന ഒരുത്തന്റെ തലയ്ക്കു ദീപു ഒന്ന് തോണ്ടി..
“എടാ, ഇങ്ങുവാ.. മഹിയേട്ടന് എന്തോ ചോദിക്കാനുണ്ട്…”
അവൻ എഴുന്നേറ്റു അടുത്തു വന്നു..
“എന്താ മഹിയേട്ടാ…”
“ശ്രീബാല നിന്റെ നാട്ടിലാണോ?”
“അതെ.. എന്റെ അയൽക്കാരിയാ.. എന്താ…? വല്ല പ്രശ്നവും ഉണ്ടോ?”
“ഏയ്… അതൊന്നുമില്ലെടാ… ചുമ്മാ അറിയാൻ ചോദിച്ചതാ..ആള് പാവമാ അല്ലേ?”
“അവളെ മഹിയേട്ടൻ ആദ്യമായാണോ കാണുന്നെ? എപ്പോഴും ഈ ബസിലാണല്ലോ വരാറ്?.”
“ഞാൻ ശ്രദ്ധിച്ചിട്ടില്ല… കുറേ പിള്ളേര് ചർച്ച് റോഡിൽ ഇറങ്ങാറില്ലേ.. ഓരോരുത്തരെയും നോക്കാൻ എവിടാ സമയം..”
“അവളൊരു പ്രത്യേക ടൈപ്പ് ആണ്… ക്ലാസിൽ തന്നെ ആരോടും കൂട്ടില്ല.. പക്ഷേ നല്ലോണം പഠിക്കും… പത്താം ക്ലാസിലൊക്കെ നല്ല മാർക്ക് ഉണ്ടായിരുന്നു.. അതുവരെ വേറെ സ്കൂളിലാ പഠിച്ചതൊക്കെ.അവളുടെ തറവാടിന്റെ അടുത്ത്… പ്ലസ് ടു വിന് ഇവിടെ ചേർന്നു..”
“ഡീറ്റെയിൽസ് പറഞ്ഞു കൊടുക്കെടാ… നമ്മുടെ മഹിയേട്ടന് വേണ്ടിയല്ലേ?”
ദീപു പ്രോത്സാഹിപ്പിച്ചു..
“അയ്യട… എനിക്ക് വേറെ ഒന്നിനും വേണ്ടിയല്ല… കണ്ടപ്പോൾ ഒരു പാവത്തെ പോലെ തോന്നി… അതുകൊണ്ട് ചോദിച്ചു.. ഇനി ഇത് വേറെ ആരെങ്കിലും അറിഞ്ഞിട്ട് വേണം മദീനയിലെ കണ്ടക്ടർ പൂവാലനാണെന്ന് പറയാൻ.. പൊതുവെ ഞങ്ങൾ ബസുകാരെ പറ്റി മോശം അഭിപ്രായമാ…”
“അതൊക്കെ തോന്നലാ… മഹിയേട്ടനെ എല്ലാർക്കും ഇഷ്ടമാണ്..”
“ആ ഇഷ്ടം അങ്ങനെ തന്നെ നിന്നോട്ടെ… ഞാനൊന്നും ചോദിച്ചിട്ടുമില്ല.. നിങ്ങൾ ഒന്നും പറഞ്ഞിട്ടുമില്ല…”
അടുത്ത സ്റ്റോപ്പിൽ നിന്നു ആളുകൾ കയറിയപ്പോൾ മഹേഷ് ജോലിയിൽ ശ്രദ്ധിച്ചു… പ്രജീഷ് അവന്റെ അടുത്ത് പോയി പതിയെ പറഞ്ഞു..
“മഹിയേട്ടാ…അവളുടെ അമ്മയ്ക്ക് എന്തോ അസുഖമാ.. അതിന്റെ പേരൊന്നും എനിക്കറിയില്ല.. ദേഹം മുഴുവനും വേദനയെടുത്ത് ഉറക്കെ നിലവിളിക്കും…അധികമാകുമ്പോ എടുത്ത് ആശുപത്രിയിൽ കൊണ്ടുപോകും… അച്ഛൻ ചുമ്മാ കള്ളും കുടിച്ച് നടപ്പാ… ഇവളുടെ അമ്മാവനാ ചിലവുകളൊക്കെ നോക്കുന്നെ… പഠിക്കാൻ മിടുക്കി ആയത് കൊണ്ട് ടീച്ചർമാരും കുറച്ച് സഹായിക്കുന്നുണ്ട്…”
“സഹോദരങ്ങൾ ആരുമില്ലേ?”
“ഒരു ചേട്ടൻ ഉണ്ടായിരുന്നു… പുഴയിൽ വീണു മരിച്ചു പോയി… ഞാനും അവളുമൊക്കെ തീരെ ചെറുതായിരിക്കുമ്പോഴായിരുന്നു… ആ പേരും പറഞ്ഞു കുടി തുടങ്ങിയതാ അവളുടെ അച്ഛൻ….”
മഹേഷ് മുൻപിലെ ഡോറിന് അടുത്തേക്ക് നടന്നു… ചർച്ച് റോഡ് സ്റ്റോപ്പ് എത്താറായി
… അവിടെ ഇറങ്ങാനുള്ളവർ ഡോറിനടുത്തേക്ക് വന്നു നിൽക്കാൻ തുടങ്ങി…ശ്രീബാല അവന്റെ അരികിലെത്തിയപ്പോൾ അവൻ ആ മുഖത്തേക്ക് ഒന്ന് നോക്കി… കഴുത്തും കാതുകളുമൊക്കെ ശൂന്യമാണെങ്കിലും അതൊന്നും അവളുടെ ശാലീന സൗന്ദര്യത്തെ ബാധിച്ചിട്ടില്ല… നെറ്റിയിലെ ഒരു കുഞ്ഞുപൊട്ടും, മുടിയിലെ തുളസിക്കതിരും മാത്രമാണ് ആകെയുള്ള അലങ്കാരങ്ങൾ…കീറിതുടങ്ങിയ പഴയൊരു ബാഗ് തോളിലുണ്ട്…
“താങ്ക്സ്…”
പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു..
“അതിന്റെയൊന്നും ആവശ്യമില്ല… ഇയാളുടെ സ്ഥാനത്ത് ആരായാലും ഞാനിത് ചെയ്യും…”
അവൻ ചിരിച്ചു…
“ശ്രീബാല എന്നല്ലേ പേര്?”
അവൾ അമ്പരന്നു..
“എങ്ങനെ അറിയാം?”
“അതിന് വല്യ പാടൊന്നും ഇല്ല.. സയൻസ് ഗ്രൂപ്പ് ആണല്ലേ?”
“ഉം..”
ബസ് നിന്നു… അവൾ അവനെ നോക്കി പോകട്ടെ എന്നർത്ഥത്തിൽ തലയാട്ടി പുറത്തേക്കിറങ്ങി.. ആരെയും ഗൗനിക്കാതെ നടന്നു പോകുന്ന അവളെ കണ്ടപ്പോൾ മഹേഷിന്റെ മനസ്സിൽ വേറൊരു മുഖം കടന്നു വന്നു…കുഞ്ഞിനേയും കൊണ്ട് അടച്ചുറപ്പില്ലാത്ത വീട്ടിൽ, ഉറങ്ങാൻ പോലും പറ്റാതെ നേരം വെളുപ്പിക്കുന്ന,.. തന്റെ വിധിയെ കുറിച്ചോർത്ത് നിശബ്ദമായി കരയുന്ന ഒരു സ്ത്രീയുടെ മുഖം… അവന്റെ അമ്മ…. എന്തുകൊണ്ടാണ് ആ സമയത്ത് അമ്മയെ ഓർമ്മ വന്നത് എന്നവന് അറിയില്ലായിരുന്നു… പക്ഷേ അവന്റെ കണ്ണുകൾ നിറഞ്ഞു… യാത്രക്കാർ അത് കാണാതിരിക്കാൻ വേണ്ടി അവൻ ബസിന്റെ ചവിട്ടു പടിയിലേക്ക് ഇറങ്ങി നിന്നു,…
“ശ്രീബാല…എന്തു നല്ല പേര്..” അവൻ സ്വയം പറഞ്ഞു….
(തുടരും )…
Thanks for sharing. I read many of your blog posts, cool, your blog is very good. https://accounts.binance.bh/register/person?ref=GGYHGRE
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me? https://accounts.binance.info/ph/register?ref=IU36GZC4