വിശ്വാതാണ്ഡവം – പാർട്ട് 21

പാർട്ട്‌ 21

ജിഫ്ന നിസാർ ❣️

എനിക്ക് മനസ്സിലായില്ല..”
അത് പറയുമ്പോൾ എത്ര ഒതുക്കി വെച്ചിട്ടും വിശ്വായുടെ സ്വരം കടുത്തു.

“ഇതൊക്കെ എന്താ ഇത്രയും മനസ്സിലാക്കാൻ “
അലോഷിക്ക് പതിവുപോലെ പുച്ഛവും ദേഷ്യവും തന്നെയാണ്.

വിശ്വാ അവനെ നോക്കിയത് കൂടിയില്ല.

അവൻ അഖിലിന്റെ നേരെ തിരിഞ്ഞു.

“ഒന്നല്ലങ്കിൽ എനിക്ക് ക്ലിയറായി പറഞ്ഞു തരിക.. അല്ലെങ്കിൽ എല്ലാം എനിക്കിഷ്ടമുള്ളത് പോലെ ചെയ്യാനുള്ള പെർമിഷൻ തരിക.. രണ്ടിൽ ഏത് വേണമെങ്കിലും നിങ്ങൾക്ക് തീരുമാനിക്കാം..”
വിശ്വാ അവന് മുന്നിൽ കൈ കെട്ടി നിന്നിട്ട് പറഞ്ഞു.

“ഏയ്‌.. താനിങ്ങനെ ടെൻഷൻ ആവാതെടോ വിശ്വാ.. ക്ലിയറായി പറഞ്ഞു തരാം..”
അവന്റെയാ ഭാവം കണ്ടിട്ട് അഖിലാ തോളിലൊന്ന് തട്ടി.

വിശ്വാ മെരുങ്ങാത്തത് പോലെ തോളൊന്ന് വെട്ടിച്ചു..

“എപ്പോഴും പറയുന്നത് പോലെ തന്നെ.. നമ്മുക്ക് മുന്നിൽ അധിക സമയമില്ല.. നിങ്ങൾക്ക് തമ്മിൽ അടുക്കാനൊരു സ്വഭാവിക സാഹചര്യം കാത്തിരിക്കാൻ..

അങ്ങേയുള്ള സ്ഥിതിക്ക് പിന്നെ വെറുതെ സമയം കളയുന്നത് കൊണ്ട് അർഥമില്ലല്ലോ.. ഇവിടെ നിന്നിറങ്ങിട്ട് പിന്നെ മിത്രക്ക് നേരെ ഇങ്ങനൊരു അറ്റംമ്ട് അത് നടക്കില്ലന്ന് മുന്നേ പറഞ്ഞതല്ലേ…

അത് കൊണ്ട് അവൾക്കും നിനക്കും അടുക്കാനുള്ള സാഹചര്യങ്ങൾ നമ്മൾ മനഃപൂർവം ഉണ്ടാക്കി എടുക്കണം..”

അഖിൽ അത്രയും പറഞ്ഞിട്ടും കൃത്യമായി അവനെന്താണ് ഉദ്ദേശിച്ചതെന്ന് വിശ്വാക്കപ്പോഴും മനസ്സിലായില്ല.

പക്ഷേ അവനൊന്നും മിണ്ടിയില്ല..

“പക്ഷേ നീ ടെൻഷനാവേണ്ട.. അതിന് പറ്റിയ ഒരാളെ കൂടി ഞങ്ങൾ കളത്തിലിറക്കി കഴിഞ്ഞു.. ഇന്ന് മുതൽ അവൻ അവന്റെ ജോലി ചെറുതായി തുടങ്ങി വെക്കുകക്കും ചെയ്തു..
അതായത്.. മിത്രയേ പ്രേമിച്ചു വരുതിയിലാക്കുക എന്നതാണ് വിശ്വാക്ക് കിട്ടിയ ടാസ്ക് എങ്കിൽ… അവളെ പറ്റും പോലൊക്കെ ഉപദ്രവിച്ചും ശല്യം ചെയ്‌തും നിന്നിലേക്ക് എത്തിച്ചു തരിക എന്നൊരു ടാസ്ക് കൊടുത്തിട്ടാണ് രാഹുലിന് വേണ്ടി ഞങ്ങൾ ആ കോളേജിൽ തന്നെ അഡ്മിഷൻ എടുത്തത്.. ഇപ്പൊ ക്ലിയറാണോ..”

അഖിൽ പറഞ്ഞു നിർത്തിയിട്ടു വിശ്വായെ നോക്കി.അവൻ പറഞ്ഞത് മനസിലായത് പോലെ വിശ്വായുടെ മുഖമൊന്നു കടുത്തു..

പല്ല് കടിച്ചു കൊണ്ടാണ് അവൻ അത് തലയാട്ടി സമ്മതിച്ചു കൊടുത്തത്.

എന്തോരു ക്രൂരതയാണിത്..

എന്ത് ബിസിനസ് തന്ത്രം ആണെങ്കിൽ കൂടിയും ഒരു പെൺകുട്ടിയുടെ ജീവിതം വെച്ചിട്ടാണ് ഇവരുടെ…

വിശ്വാക്കുള്ളിൽ ഒരു പുകച്ചിലുണ്ടായിരുന്നു.. അതോർക്കുമ്പോൾ.

അതിന് വേണ്ടി എത്ര കോടികൾ കിട്ടിയാലും ആ പാപമൊക്കെ എങ്ങനെ തീരാനാണ്..
ഇപ്പോഴത് തനിക്ക് കൂടി അവകാശപ്പെട്ടതാണ്.

എത്ര ലാഘവാത്തോടെയാണ് ഇവരതിനെ കുറിച്ച് പറയുന്നത്.. തനിക്കാണെങ്കിൽ അത് ഓർക്കുമ്പോൾ മുതൽ ശ്വാസം കിട്ടാത്തൊരു വിങ്ങലാണ്.

“നാളെ മുതൽ മുതൽ നമ്മുക്ക് മിഷൻ സ്റ്റാർട്ട് ചെയ്യണം.. നിങ്ങൾ തമ്മിലുള്ള ഫസ്റ്റ് മീറ്റ്.. അത് നാളെ തന്നെ വേണം.. സ്വാഭാവികം എന്ന് തോന്നും വിധം നമ്മൾ ഉണ്ടാക്കി എടുക്കുന്നോരു മീറ്റ്…വിശ്വാ അത് കളറാക്കും എന്ന് തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.”

അഖിൽ ആവേശത്തിൽ പറഞ്ഞു നിർത്തുമ്പോൾ വിശ്വായുടെ മനസ്സിലാ മുഖം ഓർമ വന്നു..

അതോടെ വീണ്ടും അവന്റെ ഹൃദയം പിടഞ്ഞു..

                                  ❤‍🔥❤‍🔥

നീ ഒന്നടങ്ങു മിത്രെ… “
പതിയെ അത് പറയുമ്പോഴും ടീനയുടെ സ്വരം വിറക്കുന്നുണ്ട്.

മിത്ര പക്ഷേ കനലെരിയുന്ന കണ്ണോടെ മുന്നിൽ നിൽക്കുന്നവനെ തുറിച്ചു നോക്കി.

“എന്നെയങ്ങു നോക്കി കൊല്ലാമെന്ന് തോന്നലുണ്ടോ ഡീ..”

വല്ലാത്തൊരു ചിരിയോടെ..
മുന്നിൽ നിൽക്കുന്നവനും അവന്റെ കൂടെയുള്ള രും മിത്രയെയും ടീനയെയും കളിയാക്കി.

“ഈ കോളേജിൽ റാഗിങ് അനുവാദമില്ലെന്ന് അറിയാതെയാണോ നിങ്ങളുടെ ഈ പ്രഹസനം..”
പക്ഷേ മിത്ര ലവലേശം പോലും ഭയമില്ലാതെ അവർക്ക് മുന്നിൽ നെഞ്ചിൽ കൈ കെട്ടി നിൽക്കുമ്പോൾ, അവൾക്കൊപ്പം തന്നെയുള്ള ടീന എതിരെ നിൽക്കുന്നവന്മാരുടെ കണ്ണിലെയും മുഖത്തെയും ഭാവം കണ്ടിട്ട് വിറച്ചു തുടങ്ങി.

“മിത്ര വേണ്ടടി.
നീ വെറുതെ പ്രശ്നം വലുതാക്കണ്ട.. അവർക്കൊരു മിസ്റ്റേക്ക് പറ്റിയതാ.. നീ വിട്ടേക്ക്.. ഇന്ന് തന്നെ ഒരു സീൻ ഉണ്ടായ നമ്മളിവിടെ….”

മിത്രയുടെ തുറിച്ചു നോട്ടം കണ്ടതും ടീന പറയുന്നത് പെട്ടന്ന് നിർത്തി.

“നടന്നു പോകുന്നൊരു പെൺകുട്ടിയുടെ കയ്യിൽ കയറി പിടിക്കുന്നതും.. അവളോട് അശ്ലീലം പറയുന്നതുമാണോ ടീന നീ പറഞ്ഞ മിസ്റ്റേക്ക്..”
വീണ്ടും മിത്രയുടെ കണ്ണുകൾ ദേഷ്യം കൊണ്ട് എരിഞ്ഞു..

ടീന എന്ത് പറയണം എന്നറിയാതെ അവളെയും അവർക്ക് മുന്നിൽ കൂടി നിൽക്കുന്ന നാല് പേരെയും മാറി മാറി നോക്കി.

“എങ്കിൽ കേട്ടോ.. ഇത് മിസ്റ്റെക് ഒന്നുമല്ല.. ഇവര് മനഃപൂർവം ചെയ്തതാ..”
മിത്രയുടെ വിരൽ മുന്നിൽ നിൽക്കുന്ന വരിൽ പ്രധാനി എന്ന് തോന്നുന്ന ആൾക്ക് നേരെ നീണ്ടു.
അതോടെ അവമാരുടെ നോട്ടത്തിന്റെ തീവ്രതയേറി.

ടീന മിത്രയുടെ മറവിൽ ഒതുങ്ങി നിൽക്കാനൊരു ശ്രമം നടത്തി.
ഇത് പോലുള്ള സാഹചര്യങ്ങളിൽ ഓടിയൊളിച്ചു മാത്രം പരിചയമുള്ളവൾക്ക് അപ്പോഴും അങ്ങനെ ചെയ്യാനാണ് തോന്നിയത്.

പക്ഷേ കൂടെയുള്ളവൾ അവളെ അതിന് പ്രതീക്ഷിക്കുകയേ വേണ്ട..

അവരെ അപ്പാടെ ചുട്ടു കൊല്ലാനുള്ള കലിപ്പോടെ പോരിനിറങ്ങി നിൽക്കുമ്പോൾ അവളെ അവിടെ ഉപേക്ഷിച്ചു തിരിഞ്ഞോടി പോകുന്നതെങ്ങനെ..?

ടീന ദയനീയമായി മിത്രയെ നോക്കി.

ആ മുഖത്തും ഭാവങ്ങളിലും അൽപ്പം പോലും കൂസലില്ല..

“അതെ.. ഞങ്ങൾ അത് മനഃപൂർവം ചെയ്തതാ.. നിന്നെയൊക്കെ കണ്ടിട്ട് പൂതി കേറി തന്നെ ചെയ്തതാ.. പൊന്ന് മോളെന്തു ചെയ്യും.. കേസ് കൊടുക്കുന്നോ.. എങ്കിൽ പോയി കൊടുക്കെടി.. പക്ഷേ അന്ന് നിന്റെ അവസാനമാണ്. ഒറ്റയടിക്ക് കൊല്ലും എന്നല്ല.. ഈ രാഹുൽ ഓമാനിച്ചു ലാളിച്ചു സ്നേഹിച്ചു കൊല്ലും…”
മിത്രയേ ഒന്നാകെ ചുഴിഞ്ഞു നോക്കി കൊണ്ടത് പറയുമ്പോൾ രാഹുലിന്റെയും അവന്റെ കൂട്ടുകാരുടെയും കണ്ണിലെ ഭാവം.. ചുണ്ടിലെ ചിരി.. ടീന കണ്ണുകൾ ഇറുകെ അടച്ചു പിടിക്കുമ്പോൾ മിത്ര അവരെ നോട്ടം കൊണ്ട് പോലും നേരിട്ടു.. എതിർത്തു..

“നിന്റെ ഭീഷണി കേട്ട് പേടിച്ചോടുന്നവരെ കണ്ടു മാത്രമാവും നിനക്ക് ശീലം. പക്ഷേ ഈ മിത്രയേ നീ അതിന് കാക്കണ്ട..”
മിത്ര ചൊടിയോടെ അൽപ്പം പോലും ചോർന്നു പോകാത്ത വീര്യത്തോടെ അവനെ നോക്കി..

“ഡീ..”
ഉറക്കെ വിളിച്ചു കൊണ്ട് രാഹുൽ അവൾക്ക് തൊട്ട് മുന്നിൽ വന്നു നിന്നു.

ടീന പിന്നിൽ നിന്നും പിടിച്ചു വലിച്ചിട്ടു കൂടി അനങ്ങാതെ.. അവന്റെ കണ്ണിലേക്കു നോക്കി മിത്ര അതേ നിൽപ്പ് തന്നെയായിരുന്നു.

“ഇന്ന് വരെയും ഈ രാഹുലിനെ ആരും വെല്ലുവിളി നടത്തിയിട്ടില്ല..”
അവന്റെ കണ്ണുകൾക്ക് ചോര ചുവപ്പാണ് അത് പറയുമ്പോൾ.

“എങ്കിൽ ഇതൊരു തുടക്കമാവട്ടെ രാഹുൽ”
മിത്ര
കുഞ്ഞൊരു ചിരിയോടെ അവനെ നോക്കി.

“അനുഭവിക്കും നീ.. ഇനിയുള്ള എന്റെ ദിവസങ്ങൾ അതിന് വേണ്ടിയിട്ടാ.. എന്നോട് ഈ കാണിച്ച അഹങ്കാരത്തിന് നീ അനുഭവിക്കും…”
രാഹുൽ അവൾക്ക് നേരെ വിരൽ ചൂണ്ടി.

അപ്പോഴേക്കും അവർക്ക് ചുറ്റും ആള് കൂടാൻ തുടങ്ങുന്നുന്നത് ടീനയൊരു പിടപ്പോടെ നോക്കി..

ഇവളിത് എന്ത് ഭവിച്ചാ… ദൈവമേ.

മുന്നിൽ നിൽക്കുന്നവൻ ഒരു തനി തല്ലി പൊളി മാത്രമാണെന്ന് അവന്റെ രൂപവും ഭാവവും സംസാരവും കൊണ്ട് തന്നെ വ്യക്തമാവും.

അവരോടൊക്കെ വെല്ലുവിളി നടത്തി വിഡ്ഢി ആവാതെ പ്രശ്നം സോൾവ് ചെയ്യാൻ ഉള്ളതിന് ഈ മണ്ടി ഇതെന്താ ചെയ്യുന്നത്.

വിദേശത്തു പോയി വിലസി നടന്ന ഇവൾക്കിനി ഇതിന്റെ പിറകിൽ വരുന്ന നൂലാമാലകൾ വല്ലതും അറിയാനുണ്ടോ.. “
മിത്രയേ നോക്കി ടീന പല്ല് കടിച്ചു.

‘ചേട്ടാ… “
മിത്രയേ ബലമായി പിടിച്ചു മാറ്റി.. ടീന അവൾക്ക് മുന്നിലേക്ക് കയറി നിന്നിട്ട് രാഹുലിന് നേരെ കൈ കൂപ്പി.

അവന്റെ നോട്ടം കണ്ടിട്ട് അവൾ വിറക്കുന്നുണ്ട്.

പക്ഷേ ഇനിയും ഇവർക്ക് മുന്നിൽ വിറച്ചു നിന്നാൽ ഇനി കയ്യിൽ കിട്ടുന്ന ദിവസം ഇവനും ഇവന്റെ കൂട്ടുകാരും കൂടി പുതപ്പിച്ചു കിടത്തി കളയും എന്നൊരു ഉൾവിളി.

ടീന കൂപ്പി നിൽക്കുന്ന കൈകൾ പോലും വിറച്ചു തുള്ളി..

“അറിയാതെ പറ്റി പോയതാ. ഇപ്രാവശ്യം ക്ഷമി.. ക്കണം. ഇവൾക്ക്.. ഇവൾക്ക് ആളറിയാതെ.. ചേട്ടൻ ഒന്നും മനസ്സിൽ വെച്ചേക്കല്ലേ.. പ്ലീസ്”
പറയുന്നതിനൊപ്പം ടീനയുടെ കണ്ണ് കൂടെ നിറഞ്ഞതോടെ രാഹുലൊരു ചിരിയോടെ പിന്നിൽ നിൽക്കുന്ന കൂട്ടുകാർക്ക് നേരെ നോക്കി.

പിന്നെയാ നോട്ടം ഒരു പുച്ഛത്തോട് മിത്രക്ക് നേരെ നീണ്ടു.

ടീനയെ രണ്ടു കൊടുക്കാനുള്ള കലിയോടെ നിന്നവൾ അത് കൂടി കണ്ടതോടെ തീർത്തും പിടിവിട്ടു പോയി.

“നാണമുണ്ടോ ഡീ..”
ചീറും പോലെ മിത്ര ടീനയെ നോക്കി.

“പ്ലീസ്.. ഇനിയൊന്നും പറയല്ലേ..എനിക്ക് വേണ്ടി മിത്ര.. എനിക്ക് വേണ്ടി മാത്രം.. നീ ക്ഷമിക്കെടാ.. നിന്നെ ചൊല്ലിയല്ലേ ഞാനും ഇങ്ങോട്ട് വന്നത്. ഇനിയിവിടെ ഒരു പ്രശ്നം.. എനിക്ക് പേടിയാ മിത്ര. പ്ലീസ്..”
ആളി കത്തും പരുവത്തിലായിരുന്നു മിത്ര അത് കേട്ടതോടെ ഒന്നയഞ്ഞു.
“ഒന്നുല്ല.. ഒന്നുല്ല..”
കണ്ണ് നിറച്ചു നിൽക്കുന്ന ടീനയെ ചേർത്ത് പിടിച്ചു കൊണ്ടത് പറയുമ്പോഴും അവളുടെ എരിയുന്ന നോട്ടം രാഹുലിന് നേരെയാണ്..

കണ്ണിമ കൂടി ചിമ്മാതെ അവനെ തിരിഞ്ഞു നോക്കി കൊണ്ട് ടീനക്കൊപ്പം നടന്നു നീങ്ങുമ്പോഴും അവളറിഞ്ഞിരുന്നില്ല അത് തന്റെ ജീവിതം തന്നെ മാറ്റി മറിക്കാൻ പ്രാപ്തിയുള്ളൊരു കണ്ടു മുട്ടലായിരുന്നു എന്നും… തനിക് വേണ്ടി തന്റെ അച്ഛന്റെ ശത്രുക്കൾ മനഃപൂർവം കരുതി വെച്ചൊരു ആയുധമായിരുന്നു രാഹുൽ എന്നതും.

                                     💜💜

“എല്ലാം സെറ്റല്ലേ”
മോഹൻ ദാസ് ചെറിയൊരു ചിരിയോടെ ചോദിക്കുമ്പോൾ അഖിൽ അതേയെന്ന് വിരൽ ഉയർത്തി കാണിച്ചു.

“നമ്മൾ ആവിശ്യപ്പെട്ടത് പോലെ തന്നെ.. രാഹുൽ ഇന്നൊന്നുരസി വിട്ടിട്ടുണ്ട്..
നാളെ വിശ്വാ കൂടി ചേരുന്നതോടെ അതൊരു തീ പൊരി ആയി മാറും..
പിന്നെ നമ്മൾ എല്ലാവരും കൂടി അതിനെ ഊതി കത്തിച്ചിട്ട് വലിയയൊരു തീ പിടിത്തമാക്കി മാറ്റും..
ആ അഗ്നിയിൽ വെന്തുരുകി പോകാനുള്ള ഈയാം പാറ്റകളായി ഡെന്നീസ് മാത്യുവും അയാളുടെ പ്രിയപ്പെട്ട മോളും… “

അഖിൽ പറയുമ്പോൾ മോഹൻദാസും അലോഷിയും മനസ്സ് നിറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു.

“വിശ്വായോട് പറഞ്ഞിട്ടില്ലേ രാഹുൽ അങ്ങോട്ട്‌ ചെന്നതും അവനുള്ള അവസരം ഒരുക്കി വെച്ചിട്ടുണ്ടന്നതും”
മോഹൻ ദാസ് വീണ്ടും അഖിലിന്റെ നേരെ നോക്കി.

“മ്മ്.. പറഞ്ഞിട്ടുണ്ട്.. ഇനിയെല്ലാം അവന്റെ പെർഫോമൻസ് പോലിരിക്കും.. പെർഫെക്ട് ആയിട്ടൊരു അവസരമാണ് നമ്മൾ മുന്നിലേക്കിട്ട് കൊടുത്തിട്ടുള്ളത്.. ഇനി നാളെ എന്ത് ചെയ്യണം എന്ന് കൂടി രാഹുലിനോട് ഞാൻ ഇൻഫോം ചെയ്തു കഴിഞ്ഞു..”
അഖിൽ അഭിമാനത്തോടെ പറഞ്ഞതും മോഹൻ ദാസ് ചിരിയോടെ അവനെനോക്കി..

“ഗുഡ്.. കാര്യങ്ങൾ എല്ലാം ക്ലിയറായി.. ആർക്കും ഒരു സംശയങ്ങളും തോന്നാത്ത വിധം പെർഫെക്ട് ആയിട്ട് ചെയ്യണം.. കാശ് ഒരു വിഷയമേ അല്ല.. അതിനേക്കാൾ വലുതാണിപ്പോ നില നിൽപ്പ്..

കോടികൾ കയ്യിൽ കിട്ടാൻ ലക്ഷങ്ങൾ ചൂണ്ടയിൽ കൊളുത്തിയിട്ട് ഇര പിടിക്കാൻ ഇറങ്ങിയവരാണ് നമ്മൾ..

അത് കൊണ്ട് ഒരു കാര്യത്തിനും പിശുക്ക് കാണിക്കരുത്.

മോഹൻ ദാസ് പറയുമ്പോൾ അലോഷിയുടെയും അഖിലിന്റെയും നോട്ടം തമ്മിലിടഞ്ഞു.

തിളക്കമുള്ളൊരു ചിരി ചുണ്ടുകളിൽ മിന്നി മാഞ്ഞു..

                            💜💜

പാതിരാത്രിയായിട്ടും വിശ്വാക്കന്നുറക്കം വന്നില്ല.
കാന്റീൻ ഉത്ഘാടനം എന്നതിനേക്കാൾ നാളെ മിത്രയുമായി കാണേണ്ടി വരും എന്നതാണ് അവനെ പരവേശപ്പെടുത്തി കൊണ്ടിരിക്കുന്നത്.

എട്ടോ പത്തോ പേര് നാളെ ഇന്നാ സമയം. ഇന്നാ നേരം വന്നിട്ട് നിന്നെ കൊന്നിട്ട് പോകും എന്ന് പറഞ്ഞാൽ പോലും അനുഭവപ്പെടാൻ ഇടയില്ലാത്ത വേവലാതി.. വെപ്രാളം..

ഫോട്ടോയിൽ മാത്രമേ കണ്ടിട്ടൊള്ളു എങ്കിലും ആ കണ്ണിലെ തിളക്കം.. നോട്ടത്തിലെ മൂർച്ച..
അതവനെ കൂടെ കൂടെ ഭയപ്പെടുത്തി..
അന്നോളം ഈ ലോകത്തിലെ ഒന്നിനും ഭയപ്പെടുത്താൻ കഴിയാത്ത വിധം…

തുടരും…

One comment

Leave a Reply

Your email address will not be published. Required fields are marked *