പാർട്ട് 15
ജിഫ്ന നിസാർ ❣️
കാറിലേക്ക് കയറുമ്പോഴും അതോടിക്കുമ്പോഴും തന്റെ മനസ്സിനൊട്ടും സുഖമില്ലെന്ന് വിശ്വാക്കറിയാം.
ആ സുഖമില്ലായ്മ കുറേ കാലം.. അല്ലെങ്കിലൊരു പക്ഷേ ജീവിതകാലം മുഴുവനും തനിക്ക് കൂടെ നിഴൽ പോലെ ഉണ്ടാവുമെന്നും അവനറിയാം.
“എനിക്കെന്തോ ഭയമാവുന്നെടാ.”
മുരുകൻ വിശ്വായേ നോക്കി.
“അതിനൊന്നും ഇനിയിവിടെ യാതൊരു പ്രസക്തിയുമില്ലെന്റെ മുരുകാ.. വരുന്നിടത്തു വെച്ചു കാണാം എന്നോരൊറ്റ കാര്യം മാത്രമേ ഇനി നമ്മുക്ക് മുന്നിലൊള്ളൂ..”
വിശ്വാ അവനെ നോക്കിയില്ല.
വലിയൊരു ടെക്ടയിൽസിന്റെ മുന്നിലാണ് വിശ്വാ കാറൊതുക്കിയത്.
അവൻ പ്രതീക്ഷിച്ചതിനേക്കാൾ വളരെ വലിയൊരു തുക അക്കൗണ്ടിൽ വന്നു കിടപ്പുണ്ട്.
കൂട്ടത്തിൽ ഒരു വോയിസ് മെസജും.
നേരത്തെ പറഞ്ഞതിനുള്ള ദേഷ്യം മനസ്സിൽ വെച്ചേക്കരുത്.. എല്ലാം ഭംഗിയായി ചെയ്യണം.. ആവിശ്യത്തിനുള്ളതെല്ലാം വാങ്ങിക്ക്.. കാശ് വേണമെങ്കിൽ ഇനിയും ഇട്ട് തരും.. മുരുകന് കൂടെ ഉള്ളത് വാങ്ങിക്കാൻ മറക്കരുത്..
പിന്നെ നല്ലൊരു ഫോണും വേറെയൊരു സിം കാർഡ് കൂടി വാങ്ങിക്കണം.ആ നമ്പർ ആർക്കും കൊടുക്കരുത്.. എന്നൊക്കെയുള്ള ഉപദേശങ്ങൾ നീണ്ടു പോയൊരു മെസ്സേജ്.
വിശ്വാ അതിന് റിപ്ലൈ ചെയ്തിട്ടില്ല.
എങ്കിലും താൻ കാരണം.. തന്റെ അലസത കാരണം തന്നെ ഏൽപ്പിച്ച ജോലിക്കൊരു മോശവും സംഭവിക്കരുത് എന്നത് അവനും നിർബന്ധമുണ്ട്.
കാശ് വാങ്ങിച്ചിട്ട് നന്ദി കേട് കാണിക്കാൻ അവനൊട്ടും വയ്യ..
ഇതെന്താ ഇവിടെ.. “
മുരുകൻ ആ വലിയ ഷോപ്പിന് നേരെ അന്തം വിട്ടു നോക്കി കൊണ്ട് വിശ്വായോട് ചോദിച്ചു.
‘മിസ് മിത്ര ഡെന്നീസിനോട് ഏറ്റമുട്ടനുള്ള ഡ്രസ്സ് എന്നാ ആയുധങ്ങൾ ഇവിടെയാണ്.. ഇറങ്ങി വാ.. “
വിശ്വായൊരു ചിരിയോടെ പറഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങി.
അകത്തേക്ക് കയറി ചെന്നവർക്ക് അവിടെ നിന്നുമുള്ള ഹൃദ്യമായ സ്വീകരണം.
ജനിച്ചിട്ടന്ന് വരെയും അത് പോലൊരു കടയിലേക്ക് കയറാത്തതിന്റെ എല്ലാ പരുങ്ങലുമുണ്ട് രണ്ടു പേർക്കും.
എന്താ വേണ്ടത് സാറേ ന്നുള്ള ചോദ്യം ചോദിച്ച ആൾക്ക് നേരെ നോക്കി കാര്യം പറഞ്ഞത് വിശ്വായാണ്.
പിന്നീടെല്ലാം അയാളാണ് മാനേജ് ചെയ്തു കൊണ്ട് പോയത്.
മുന്നിലേക്ക് വലിച്ചിടുന്ന ഡ്രസ്സ് എല്ലാം തന്നെ അത്യാവശ്യം വിലയുള്ളതാണ്.
അത്രയും വേണ്ടന്ന് പറയണമെന്നുണ്ടായിരുന്നു വിശ്വാക്ക്.
പക്ഷേ അഖിൽ അതറിഞ്ഞാൽ പറയാൻ സാധ്യതയുള്ള ഉത്തരം ഓർത്തതും അവനാ ശ്രമം ഉപേക്ഷിച്ചു.
വില നോക്കാതെ.. ഇഷ്ടം മാത്രം നോക്കി ആദ്യമായി അവൻ വേണ്ടതെല്ലാം തിരഞ്ഞെടുത്തു..
മുരുകൻ പക്ഷേ ഇത്രയൊന്നും വിലയുള്ളത് അവന് വേണ്ടാന്നുള്ള കടുത്ത നിലപാടിൽ ഉറച്ചു നിന്നു.
“എന്നാൽ പിന്നെ നീ എന്റെ കൂടെ വരേണ്ട.. ഇവിടെ തന്നെ നിന്നോയെന്ന് വിശ്വായും നിലപാട് കടുപ്പിച്ചതോടെ മുരുകനും മനസ്സില്ലാ മനസ്സോടെ അവനു വേണ്ടതും തിരഞ്ഞെടുത്തു.
ഒന്ന് രണ്ടു മണിക്കൂർ നേരത്തേ അധ്വാനത്തിനു ശേഷം അവിടെ നിന്നും തിരിച്ചിറങ്ങി പോരുമ്പോൾ രണ്ടു പേർക്കും കയ്യിൽ നിറയെ പിടിക്കാനുള്ളതുണ്ട്.
ഇനിയും വരണം സർ എന്ന് അത് വരെയും കൂടെ നിന്ന് സഹായിച്ചവൻ പറയുമ്പോൾ അവനോട് വരാമെന്നുള്ളത് തലയാട്ടി സമ്മതിച്ചെങ്കിലും എന്റെ പട്ടി വരും ഇനിയിങ്ങോട്ട് എന്നായിരുന്നു വിശ്വാ ഉള്ളിൽ പറഞ്ഞത്..
കാറിന്റെ ടിക്കി തുറന്നു കൊണ്ട് കയ്യിലുള്ളത് മുഴുവനും അതിലേക്കിട്ട് കൊണ്ട് മുരുകൻ നടുവിന് കൈ കുത്തി നിന്നു.
“വിചാരിച്ചത് പോലല്ലെടാ മോനെ.. ഇതല്പം റിസ്ക് പിടിച്ച പണിയാണ്..”
മുരുകൻ കിതപ്പോടെ പറഞ്ഞു കേട്ടതും വിശ്വാ അതേയെന്ന് തലയാട്ടി.
“ഒർജിനൽ റിസ്ക്കിന്റെ അരികിലേക്ക് നമ്മളിത് വരെയും എത്തിയിട്ടില്ല മുരുകാ..”
അതും പറഞ്ഞു കൊണ്ടവൻ വീണ്ടും മുന്നോട്ടു നടന്നു.
“ഇനിയെങ്ങോട്ടാ..”
മുരുകൻ നിന്നിടത്തു നിന്നും വിളിച്ചു ചോദിച്ചു..
“തീർന്നിട്ടില്ല ഡാ.. ഇനിയും ആയുധങ്ങൾ വാങ്ങിക്കാനുണ്ട്..”
റോഡിന്റെ എതിരെയുള്ള ഫുഡ്‌വെയറിലേക്ക് നടക്കുന്നതിനെ വിശ്വാ പറഞ്ഞു.
മുരുകനും അവനു പിറകെ തന്നെ ചെന്നു.
അവിടെയും.. അതിനപ്പുറമുള്ള മൊബൈൽ ഷോപ്പിലുമായി അവരുടെ അന്നത്തെ ദിവസം തീർന്നു പോയി.
“വിശന്നിട്ടു കണ്ണ് കാണുന്നില്ലെടാ.. വല്ലതും കഴിച്ചാലോ.ഈ ആയുധങ്ങൾ എടുത്തിട്ട് പ്രയോഗിക്കാൻ നമ്മൾ ബാക്കി വേണ്ടേ..”
മുരുകൻ തളർച്ച യോടെ ചോദിച്ചു.
ഏറെക്കുറെ അവന്റെ അതേ അവസ്ഥയിൽ തന്നെയാണ് വിശ്വായും.
അവിടെ തന്നെയുള്ള ഒരു റെസ്റ്റോറന്റിൽ കയറി ഭക്ഷണവും കഴിച്ചിട്ട് അവരങ്ങുമ്പോഴേക്കും രാത്രി ഒരുപാട് വളർന്നു പോയിരുന്നു.
മുരുകനെ തിരികെ ഹോസ്പിറ്റലിൽ തന്നെയാണ് ഇറക്കേണ്ടത്.
പിറ്റേന്ന് വിശ്വായുടെ കൂടി കോഴിക്കോടിന് പോകേണ്ടി വരും എന്നൊരു ഊഹമുള്ളത് കൊണ്ട് അന്ന് കൂടി അവൻ മല്ലിയുടെ കൂടെ ഹോസ്പിറ്റലിൽ നിൽക്കാമെന്ന് കരുതി.
അവൾക്കിപ്പോ കാര്യമായ കുഴപ്പമൊന്നുമില്ല..
ഒരു മേജർ ഓപ്പറേഷൻ നടത്തിയതിന്റെ ക്ഷീണവും പിന്നെ അതിന്റെതായ അതീവ ശ്രദ്ധയും വേണം.
അതിന് കുറച്ചു ദിവസം ഹോസ്പിറ്റലിൽ തന്നെ കിടക്കട്ടെ എന്നായിരുന്നു അവരുടെ തീരുമാനം.
വീട്ടിലെത്തിയാൽ ആ ഒരു സുരക്ഷ ചിലപ്പോൾ കിട്ടിയെന്ന് വരില്ല.
പ്രതേകിച്ചും കോളനിയിൽ ആകുമ്പോൾ.
“ഞാൻ അങ്ങോട്ട് കയറുന്നില്ല.. അവരോട് നീ പറഞ്ഞേക്ക്.. നാളെ പോകേണ്ടി വരുന്നെങ്കിൽ ഞാൻ നിന്നെ വിളിക്കാം.. രാവിലെ നീ വീട്ടിലോട്ട് വന്നാ മതി.. അവിടുന്ന് നമ്മുക്ക് ഒരുമിച്ച് ഇറങ്ങാം..”
മുരുകനെ ഹോസ്പിറ്റലിന്റെ ഗേറ്റിന് മുന്നിൽ ഇറക്കി വിട്ടു കൊണ്ട് വിശ്വാ പറഞ്ഞു.
കൂടുതലൊന്നും പറയാതെ അത് തലയാട്ടി സമ്മതിച്ചു കൊണ്ട് മുരുകൻ നീങ്ങി നിന്ന നിമിഷം തന്നെ വിശ്വാ മുന്നോട്ട് പോകുകയും ചെയ്തു.
നേരെ സാമൂവൽ വക്കീലിന്റെ വീട്ടിലേക്കാണ് അവൻ പോയത്.
വൈകിയാലും ചെല്ലുമെന്ന് വിളിച്ചു പറഞ്ഞത് കൊണ്ട് തന്നെ വക്കീൽ സിറ്റൗട്ടിൽ കാത്തിരിപ്പുണ്ട്.
അവനെ കണ്ടതും എഴുന്നേറ്റു പുറത്തേക്കിറങ്ങി ചെന്നു.
“ആഹാ.. കൊള്ളാലോ.. നീ രക്ഷപ്പെട്ടടാ മോനെ..”
തൊട്ടും തലോടിയും അവൻ കൊണ്ട് വന്നു നിർത്തിയ കാറിന്റെ നേരെ നോക്കി വിശ്വായിറങ്ങി വന്ന നിമിഷം തന്നെ അയാൾ പറയുമ്പോൾ അവനൊന്നു തുറിച്ചു നോക്കി.
“അതല്ലടാ.. കൊല്ലങ്ങളായി എന്റെ പഴയ വണ്ടിയൊന്ന് മാറ്റി കുറച്ചു കൂടി നല്ലൊരു വണ്ടി എടുക്കാൻ ഞാൻ പ്ലാൻ ചെയ്യുന്നു. ഇന്നീ നിമിഷം വരെയും അത് നടന്നിട്ടില്ല..
നിനക്കൊരു ഒറ്റ ദിവസം കൊണ്ട് വണ്ടിയായല്ലോ.. അതും പുതിയത്..”
വക്കീൽ താൻ പറഞ്ഞ ആ ഭാഗ്യം ഒന്ന് കൂടി വിശദീകരിച്ചു കൊടുത്തു അവന്റെയാ നോട്ടം കണ്ടതും.
“പിന്നെ.. ഭാഗ്യം.. മിത്ര ഡെന്നിസ് മാത്യുവിനെ തളക്കാനുള്ള ആയുധം.. അങ്ങനെ മതി വക്കീലേ.. കൂടുതൽ ഡക്കറേഷൻ ഒന്നും വേണ്ട..”
കാറിൽ ചാരി നിന്നിട്ടത് പറയുമ്പോൾ അവന്റെ മുഖത്തു നിറയെ കടുപ്പം തന്നെയാണ്.
“അവരങ്ങനെ പറഞ്ഞോ ഡാ..?”
“മ്മ്.. അവരങ്ങനെ മാത്രമാണ് പറഞ്ഞത്..”
“ആ.. അതെന്തേലും ആവട്ടെ.. അവരുടെ കൂടെനിൽകുന്ന അത്രേം കാലം നിനക്ക് നിന്റെ വണ്ടി പോലെ തന്നെ യൂസ് ചെയാലോ..”
വക്കീൽ അവനെ ആശ്വാസിപ്പിക്കാൻ ശ്രമിച്ചു.
“എങ്ങനെയുണ്ട് ഹോസ്പിറ്റലിൽ ഉള്ള കൊച്ചിന്റെ കാര്യം..?”
വിശ്വായുടെ മൂടി കെട്ടിയ മുഖം കണ്ടിട്ട് വക്കീൽ വിഷയം മാറ്റാൻ ശ്രമിച്ചു.
“അവൾക്കിപ്പോ കുഴപ്പമൊന്നുമില്ല വക്കീലേ.. ശ്വാസം മുട്ടുന്നത് മുഴുവനും ഇപ്പൊ എനിക്കാണ്.. ഇതിന് പിന്നെ ഇനി ചികിത്സ പോലുമുണ്ടാവില്ല.. ചത്തൊടുങ്ങി പോകും വരെയും ഇതങ്ങു സഹിക്കേണ്ടി വരും..’
വിശ്വാ പക്ഷേ ആ വിഷയത്തിൽ നിന്നും അൽപ്പം പോലും മാറി ചിന്തിച്ചത് പോലുമില്ല.
“വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ ഡാ”
വക്കീൽ ചോദിക്കുമ്പോൾ വിശ്വാ ഒരു നിമിഷം ഒന്നും മിണ്ടാതെ മുഖം കുനിച്ചു.
“എത്ര കഷ്ടപെടാലും ഒരാളെയും ചതിക്കാൻ വയ്യായിരുന്നു..
അതും സ്നേഹിച്ചു ചതിക്കാൻ..
അതിനോളം വലിയൊരു ചതിയുണ്ടോ വക്കീലേ ഈ ലോകത്തിൽ..
അതിനോളം വലിയൊരു മുറിവുണ്ടോ.. നോവുണ്ടോ..
ഇനി അതെല്ലാം ആ പെൺകുട്ടിക്ക് ഈ ഞാൻ കാരണം..”വിശ്വായൊന്നു കണ്ണടച്ച് പിടിച്ചു ശ്വാസമെടുത്തു.
“നാളെ.. പോകേണ്ടി വരുമോ..?”
“എനിക്കറിയില്ല .. എല്ലാം മുകളിൽ നിന്നും ഓർഡർ വരും.. അതനുസരിച്ചു ചെയ്യും.. ഇത് വരെയും അങ്ങനൊരു അറിയിപ്പൊന്നും വന്നിട്ടില്ല..”
വിശ്വാ കാറിന്റെ കീ വക്കീലിന് നേരെ നീട്ടി..
“ഇതിവിടെ കിടന്നോട്ടെ.. കോളനിയിലോട്ട് കൊണ്ട് പോയ ഒരു നൂറായിരം ചോദ്യങ്ങൾക്ക് ഞാൻ ഉത്തരം കൊടുക്കേണ്ടി വരും..
അതും നല്ലസ്സല് നുണകൾ..
തത്കാലം അതിനെനിക്ക് വയ്യ..”
വക്കീൽ കീ വാങ്ങിച്ചു.
“നാളെ കോഴിക്കോടിന് ചെല്ലാൻ പറഞ്ഞിട്ട് അവർ വിളിക്കുകയാണെൽ ഞാൻ രാവിലെ ഇങ്ങോട്ട് വരാം. അല്ലെങ്കിൽ വക്കീലിന്റെ ബൈക്ക് ഇങ്ങോട്ടേത്തിക്കാം..പോകും വരെയും ഇതിവിടെ കിടന്നോട്ടെ..”
അതും പറഞ്ഞു കൊണ്ട് വിശ്വാ പോർച്ചിൽ നിന്നും വക്കീലിന്റെ ബൈക്കിന്നേരെ ചെന്നു.
“നിനക്ക് ചായ വേണോ ഡാ..”
“വേണ്ട ഞാൻ കഴിച്ചിട്ട വരുന്നത്.. ഇനിയൊന്നുറങ്ങണം..”
“മുരുകൻ വരുന്നുണ്ടോ നിന്റെ കൂടെ..”
“പിന്നല്ലാതെ.. അവനില്ലാതെ.. ഞാൻ ഒറ്റയ്ക്ക്.. ഓർത്തിട്ട് തന്നെ എന്തോ പോലെ…”
വിശ്വായൊന്നു തല കുടഞ്ഞു.
“രണ്ടും കൂടി പോയിട്ട് കുളമാക്കി പോരരുത്.. എനിക്കത്രേം മാത്രം പറയാനൊള്ളൂ..”
വക്കീൽ ഗൗരവത്തോടെ പറഞ്ഞു.
“അവനുണ്ടേൽ കുളമാകില്ലവക്കീലേ..”വിശ്വാക്കതിൽ സംശയങ്ങളൊന്നുമില്ല.
പോയെന്നാ..
പിന്നെയൊന്നും പറയാതെ വിശ്വാ ബൈക്കെടുത്തു പോയതും ഗേറ്റ് അടച്ചു പൂട്ടി കൊണ്ട് വക്കീൽ വീണ്ടും കാറിന്റെ ചുറ്റും ചുറ്റി പറ്റി നടന്നു…
💜💜
അന്നും വിശ്വാ വീട്ടിലെത്തുമ്പോൾ ഒരുപാട് വൈകി..
കഴിക്കാനും കുളിക്കാനും ഒന്നും നിൽക്കാതെ അവൻ ചെന്നതേ കേറി കിടന്നു.
അന്ന് പക്ഷേ ഉറക്കം തിരിഞ്ഞു നോക്കുന്നില്ല..
അൽപ്പം വെള്ളം കുടിച്ചിട്ട് കിടക്കാം എന്ന് കരുതി അടുക്കളയിലേക്ക് ചെന്നു.
തിരിച്ചിറങ്ങി ചെല്ലുമ്പോൾ പുറത്തേക്കുള്ള വാതിൽ തുറന്നു കിടക്കുന്നത് കണ്ടതും അവന്റെ മുഖം ചുളിഞ്ഞു.
അങ്ങോട്ട് ചെന്നു നോക്കുമ്പോൾ പുറത്തേക്ക് നോക്കി കുസുമം അവിടെ ഇരുപ്പുണ്ട്.
ഇതെന്താണ് ഉറക്കമൊന്നുമില്ലേ എന്നോർത്ത് കൊണ്ടാണ് അവനും അങ്ങോട്ടിറങ്ങി ചെന്നത്.
അവനെ കണ്ടതും അവരൊന്നും തിരിഞ്ഞു നോക്കി.
പക്ഷേ വീണ്ടും പഴയ പോലൊരുന്നു.
വിശ്വാകെന്തോ വല്ലാത്തൊരു വേദനയും വിങ്ങലും തോന്നി ആ ഇരിപ്പ് കണ്ടപ്പോൾ..
“ഞാൻ.. ഞാൻ നാളെ മിക്കവാറും കോഴിക്കോട് പോകും..”
ഒരു സംസാരത്തിനു തുടക്കമായിട്ടേന്നോണം വിശ്വാ പറഞ്ഞു വെക്കുമ്പോൾ ഗൗരവം നിറഞ്ഞ അമർത്തിയൊരു മൂളൽ മാത്രമാണ് ഉത്തരം.
“അമ്മ.. അമ്മയിവിടെ തനിച്ചു നിക്കില്ലേ.. വേറെ ആരെയെങ്കിലും ഏർപ്പാട് ചെയ്യണോ.എനിക്ക്.. പോയിട്ട് പെട്ടന്നൊന്നും വരവ് നടക്കില്ല..”
വിശ്വാക്കവരെ നോക്കാനൊരു മടി തോന്നി.
കുസുമം ഒന്നും മിണ്ടാതെ അവനെയൊന്ന് നോക്കുക മാത്രം ചെയ്തു.
“പരമാവധി പെട്ടന്ന് തന്നെ കടം വീട്ടിയിട്ട് ഞാൻ തിരിച്ചു വന്നോളാം..”
“എങ്ങനെയാ നീ ഇത്രേം വലിയൊരു തുകക്ക് കടക്കാരനായത്..?”
മുറിപ്പെടുന്ന ഒരു ചോദ്യം.
“അവനവനു വേണ്ടി കൂടി ജീവിക്കാൻ പടിക്ക് വിശ്വാ.. അതിനോളം വലുതല്ല വേറൊന്നിനും..
വീണ്ടും വീണ്ടും നിന്നോടിത് പറയുന്നത് നീ നിന്റെ അച്ഛനെ പോലായത് കൊണ്ടാണ്..
സ്വന്തം ആവിശ്യങ്ങൾക്ക് വേണ്ടി മാത്രം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും മത്സരത്തിലായവരുടെ ലോകമാണിത്..
കൂടുതൽ ആത്മാർത്ഥ കാണിച്ചാൽനീ തോറ്റു പോകും.
അത് കാണാനും ഞാൻ മാത്രമേ ഉണ്ടാവൂ..
ആ ഭയം നിനക്കില്ലെങ്കിലും എനിക്കതുണ്ട്..”
കുസുമത്തിന്റെ വാക്കുകൾക്ക് ഉപദേശത്തിന്റെ കനത്തേക്കാൾ ഒറ്റ മകനോടുള്ള കരുതലിന്റെ മൂല്യമാണുള്ളത്..
അവനതു മനസ്സിലായി.
അത് കൊണ്ട് തന്നെ ഉള്ളിലുള്ള എതിർ വാക്കുകളൊന്നും തന്നെ അവരുടെ മുന്നിർക്കവൻ എടുത്തിട്ടതുമില്ല.
“പോയി കിടക്ക്.. എനിക്കുറക്കം വരാഞ്ഞത് കൊണ്ട് ഇവിടെ വന്നിരുന്നു പോയതാ ഞാൻ..”
വീണ്ടും അവരാ ഇരുട്ടിലേക്ക് തന്നെ നോക്കി അതിൽ ലയിച്ചിരിക്കുന്നത് നോക്കി കൊണ്ടാണ് വിശ്വാ തിരിഞ്ഞു നടന്നത്..
തന്റെ അമ്മയും പുറത്തെ ആ ഇരുട്ടുമപ്പോൾ ഒരുപോലെയാണെന്ന് തോന്നി അവന്.
പുറത്തെ കട്ട പിടിച്ച ആ കൂരിരുട്ട് നാളെ പുലരി വരെയും മാത്രമേ അങ്ങനെയെങ്കിൽ തന്റെ അമ്മ എത്രയോ കാലമായി ആ ഇരുട്ടും പേറി കൊണ്ടുള്ള ജീവിതം..
അവന്റെ നെഞ്ച് കടഞ്ഞു..
ചിന്തകൾ കുത്തി നോവിച്ചു..
അത് കൊണ്ട് തന്നെ അന്നുറങ്ങാനും വൈകി..
അഖിലിന്റെ കൊളാണ് രാവിലെ അവനെ ഉണർത്തിയത്..
കോഴിക്കോടിന് പോകാൻ റെഡിയായി ചെല്ലാൻ പറഞ്ഞു കൊണ്ടുള്ള ആ വിളി..
വിശ്വാ അത് വരെയുമില്ലാത്ത അസ്വസ്ഥതയോടെ ഫോണും ചെവിയോട് ചേർത്തിട്ട് അതേയിരുപ്പ് തുടർന്നു…
തുടരും..