വിശ്വാതാണ്ഡവം – പാർട്ട് 14

പാർട്ട് 14

ജിഫ്ന നിസാർ..

വക്കീലിനെ പോയെന്നു നേരിട്ട് കാണണമെന്നുണ്ടായിരുന്നു വിശ്വാക്ക്.

ഹോസ്പിറ്റലിൽ എത്താൻ തന്നെ നേരം ഒരുപാട് വൈകി..
പിന്നെ കുറച്ചു നേരം അവിടെയും പോയി..

ബൈക്കിൽ ഇരുന്നു കൊണ്ട് തന്നെ അവൻ വക്കീലിനെ ഫോണിൽ വിളിച്ചു..

“വിശ്വാ…”
എപ്പോഴെത്തെയും പോലെ നീട്ടിയൊരു വിളിയാണ് ആദ്യം..

അവനൊന്ന് മൂളി..

“നിന്റമ്മ വിളിച്ചിരുന്നു എനിക്ക്..”

മുരുകൻ പറഞ്ഞ നിമിഷം തന്നെ വിശ്വാ അത് പ്രതീക്ഷിക്കുന്നു ണ്ടായിരുന്നു.

“മ്മ്.. വക്കീൽ എന്ത് പറഞ്ഞു..?”

“നിനക്ക് കിട്ടിയ ജോലിയെ കുറിച്ചറിയാൻ വിളിച്ചതാ ടീച്ചർ..അങ്ങനെ പറയാൻ കൊള്ളാവുന്ന ഒന്നല്ലല്ലോ.. വിശ്വാ”

അത് വരെയും വിശ്വായിൽ നിന്ന് മാറി നിന്നിരുന്ന അസ്വസ്ത്ഥത മൊത്തം ആ ഒരൊറ്റ വാക്കിൽ തൂങ്ങി പിടിച്ചു കൊണ്ടവന്റെ ഉള്ളിലേക്ക് ഓടി കയറി.

‘കാര്യങ്ങൾ നിനക്ക് അനുകൂലമാക്കി തന്നെ ഞാൻ പറഞ്ഞിട്ടുണ്ട്.കോഴിക്കോടുള്ള എന്റെയൊരു പരിചയക്കാരന്റെ ഓഫിസിൽ നിനക്ക് ജോലി.. അവിടെ തന്നെ നിൽക്കേണ്ടി വരും.. എന്നൊക്കെ തന്നെ.. “

“വേറെ എന്തെങ്കിലും ചോദിച്ചോ.. കാശിന്റെ കാര്യം വല്ലതും..”
വിശ്വാ ബൈക്കിന്റെ സ്പീഡ് കുറച്ചു.

“നിന്റെ അമ്മയെ നിനക്കറിയില്ലേ വിശ്വാ.. എല്ലാം വള്ളി പുള്ളി വിടാതെ ചോദിച്ചറിഞ്ഞു..”
വക്കീൽ ചിരിച്ചു കൊണ്ടാണത് പറയുന്നത്.

“ഇന്നിനി എനിക്ക് വീട്ടിലോട്ട് കയറാൻ നോക്കണ്ടേ..?”

“പോടാ.. ഈ സാമൂവൽ ആരാന്നാ നിന്റെ വിചാരം. നീ പറയുന്നതിനേക്കാൾ പെർഫെക്ട് ആയിട്ട് പറഞ്ഞിട്ട് അതെല്ലാം സോൾവ് ചെയ്തിട്ട് നിന്റമ്മയെ സമാധാനിപ്പിച്ചിട്ട് വിട്ടിട്ടുണ്ട് ഞാൻ..”

“ആ.. എന്നാ വക്കീലിന് കൊള്ളാം.. ഈ ജോലി വക്കീൽ മുഖേന കിട്ടിയതെന്നാ ഞാൻ പറഞ്ഞിട്ടുള്ളത്. അപ്പൊ ഇതിന്റെ പിറകിൽ വരുന്ന എന്തും വക്കീലിന് കൂടി അവകാശപ്പെട്ടതാണ്..”

“ഡാ..
നീ എന്നെ കൊലക്ക് കൊടുക്കുവോ ഡാ..”

“ഏയ്.. ഞാനങ്ങനെ ചെയ്യുവോ..”
വിശ്വായും ചിരിച്ചു കൊണ്ടാണ് സംസാരിക്കുന്നത്..

“എങ്ങനെ ഉണ്ടായിരുന്നെടാ വന്നവർ..?”

വക്കീൽ ചോദിക്കുമ്പോൾ വിശ്വാ വീണ്ടും നിശബ്ദമായി.

നിമിഷങ്ങൾ കൊണ്ട് മനസ്സ മൂകമായി..

“വിശ്വാ…”

“ആഹ്.. കേൾക്കുന്നുണ്ട്.. വന്നവര്.. അവരൊക്കെ കൊള്ളാം.. കുറച്ചു ജാഡ പാർട്ടീസ് ആണെന്ന് മനസ്സിലായി. ബാക്കിയിനി എന്തൊക്കെ കയ്യിലുണ്ടെന്ന് ഇനി അറിയാൻ പോകുന്നെ ഒള്ളു..എന്തായാലും അത്ര ഡീസന്റ് ആവാനൊന്നും വഴിയില്ല.. അങ്ങനെ ഉള്ളവർ എന്തിന്റെ പേരിലാണെങ്കിൽ കൂടിയും ഒരാളെ ചതിക്കാൻ….”
പറഞ്ഞു വന്നപ്പോഴാണ് വിശ്വാ വീണ്ടും തന്റെ അവസ്ഥ ഓർത്തത്.
അതോടെ അവനത് ബാക്കി പറയാനായില്ല.

വിശ്വാ പറഞ്ഞു നിർത്തുമ്പോൾ വക്കീൽ ഒരുനിമിഷം മൗനമായി.

“ഡാ.. പറഞ്ഞത് തന്നെ എനിക്കിനിയും നിന്നോട് പറയാനൊള്ളൂ.. സൂക്ഷിക്കണം നീ.. ഒരുപാട്.. കാരണം നിന്നെയീ ജോലി ഏല്പിച്ചവർ മാത്രമല്ല.. നിനക്ക് എതിരെ നിൽക്കുന്നവരും മോശക്കാരല്ല.. CS ഗ്രുപ്പിനോളം.. അല്ലെങ്കിൽ അവരെക്കാൾ ഒരുപാട് മുകളിൽ തന്നെയാണ് DN ഗ്രൂപ്പ്.. അതിന്റെ ഓണർ ഡെന്നിസ് മാത്യു വിന്റെ ഒറ്റ മകളെയാണ്…”

വക്കീൽ പറഞ്ഞു നിർത്തുമ്പോൾ വിശ്വായുടെ ഉള്ളിലാ കണ്ണ് തെളിഞ്ഞു..
തീക്ഷ്‌ണത നിറഞ്ഞ.. കൊളുത്തി വലിക്കുന്ന ആ നോട്ടം നിറഞ്ഞു.

അതോടെ കയ്യിൽ നിന്നും വണ്ടിയൊന്ന് പാളി..

ബ്രെക്കിട്ട് കൊണ്ട് വണ്ടി നിർത്തി വിശ്വായൊന്നു ശ്വാസമെടുത്തു..

“ഞാൻ വിളിക്കാം വക്കീലേ.. നാളെ അല്ലെങ്കിൽ മറ്റന്നാൾ അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞിട്ടുണ്ട് എന്നോട്.. പോകും മുന്നേ ഞാൻ അതിലെ വരാം.. വെക്കുവാണ്”

അയാളുടെ മറുപടി പോലും കാത്തു നിൽക്കാതെ വിശ്വാ കോൾ കട്ട് ചെയ്തു കൊണ്ട് അതേയിരുപ്പ് തുടർന്നു.

കോളനിയിലേക് കയറുന്ന വഴിയിലാണ് അവൻ..

വീട്ടിലേക്ക് പോകാൻ തോന്നുന്നില്ല.

വക്കീലിനെ വിളിച്ചെങ്കിലും അമ്മക്കിനിയും സംശയങ്ങൾ നിരവധിയുണ്ടാവും.
അതിനെല്ലാം നുണ പറയുന്നതോർത്തു കൊണ്ടവൻ വീണ്ടും കുറേ നേരം കൂടി അവിടിരുന്നു.

ക്ഷീണം കൊണ്ട് കണ്ണുകൾ അടഞ്ഞു പോകുന്നു എന്നൊരു പരുവത്തിലായപ്പോൾ വിശ്വാ വീണ്ടും ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു..

പത്തു മണിയൊക്കെ കഴിഞ്ഞിട്ടുണ്ട്.
അത് കൊണ്ട് തന്നെ റോഡെല്ലാം ഏറെക്കുറെ വിജനമാണ്.
വീടുകളിലും വെളിച്ചമണഞ്ഞു കിടപ്പുണ്ട്..

വീടിനു മുന്നിൽ ബൈക്ക് നിർത്തി വിശ്വാ അലസമായി അകത്തേക്ക് കയറി.
അപ്പോഴേക്കും മുൻവശത്തെ ലൈറ്റ് തെളിയുകയും കുസുമം വാതിൽ തുറക്കുകളും ചെയ്തു.

രാവിലെ പോയ വേഷത്തിലും കോലത്തിലും അല്ലാഞ്ഞത് കൊണ്ട് തന്നെ വിശ്വാക്ക് നേരെ അവരൊന്നു സൂക്ഷിച്ചു നോക്കുന്നത് കണ്ടിട്ടും അവനത് കണ്ടില്ലെന്ന് നടിച്ചു.

ഷർട്ടിന്റെ ബട്ടൺ അഴിച്ചു കൊണ്ട് തന്നെ വിശ്വാ അകത്തേക്ക് കയറി.

“മല്ലിയെ മുറിയിലേക്ക് മാറ്റിയോഡാ?”
വാതിലടക്കുന്നതിനിടെ കുസുമം പിന്നിൽ നിന്നും ചോദിക്കുന്നു.

വിശ്വാ മൂളി..

“അവൾക്ക് കുഴപ്പമൊന്നുമില്ലല്ലോ?”

ഇല്ല..

അതും പറഞ്ഞിട്ടവൻ സ്വന്തം മുറിയിലേക്ക് കയറി പോയത് തന്നെ കൂടുതൽ ചോദ്യം പിറകെ വരാതിരിക്കാൻ വേണ്ടിയാണ്..

ഷർട് അഴിച്ചു മേശയിലേക്കിട്ട് കൊണ്ട് വിശ്വാ കിടക്കയിലേക്ക് കമിഴ്ന്നു വീണു.

“നിനക്ക് കഴിക്കാനൊന്നും വേണ്ടേ..”
കുസുമം വീണ്ടും പിറകെ വന്നിട്ട് ചോദിക്കുമ്പോൾ അവൻ വേണ്ടന്ന് പറഞ്ഞു.
അതോടെ അവൻ വരുമ്പോൾ ചോദിക്കാൻ കാത്തു വെച്ചിരുന്ന ചോദ്യങ്ങളെയും വാരി പിടിച്ചു കൊണ്ടവർ ലൈറ്റ് ഓഫ് ചെയ്തിട്ട് സ്വന്തം മുറിയിലേക്ക് പോയി..

എഴുന്നേൽക്കണമെന്നും കുളിച്ചിട്ട് കിടക്കണമെന്നുമൊക്കെ ഉള്ളിൽ ഉണ്ടായിട്ടും അവനപ്പോൾ അതിനൊന്നും തോന്നാതെ അതേ കിടപ്പിൽ തന്നെ ഉറക്കം പിടിച്ചു…

                                💜💜

“ഡാ..”
മുരുകൻ വിശ്വായുടെ കയ്യിൽ അമർത്തി പിടിച്ചു.

“നുള്ളി പറിക്കാതെടാ..”
വിശ്വാ അവനു നേരെ കണ്ണുരുട്ടി.

മുരുകന്റെ നോട്ടം മുന്നിലെ കാറിന് നേരെയാണ്..

പത്തു പതിനഞ്ചു ലക്ഷം രൂപ വിലയുള്ള പുത്തൻ പുതിയ കാർ..
അതിന്റെ ഫോർമാലിറ്റീസ് എല്ലാം പൂർത്തിയാക്കുന്ന തിരക്കിലാണ് അഖിലും അലോഷിയും.

അവർ വിളിച്ചിട്ടങ്ങോട്ട് വന്നതാണ് വിശ്വായും മുരുകനും.

ഷോപ്പിന്റെ പേര് പറഞ്ഞു കൊടുത്തിട്ട് അങ്ങോട്ട് വരണമെന്ന് പറഞ്ഞിട്ട് അഖിൽ വിളിക്കുമ്പോൾ അവനിന്നലെ പറഞ്ഞ ബൈക്ക് വാങ്ങിക്കാൻ എന്നതാണ് വിശ്വാ കരുതിയത്.
കാര്യം ചോദിച്ച  മുരുകനോട് അവൻ അത് തന്നെയാണ് പറഞ്ഞതും.
പക്ഷേ ഇവിടെ എത്തിയപ്പോൾ അഖിൽ വിരൽ ചൂണ്ടിയത് കാറിന്റെ നേരെയാണ്.

ബൈക്ക് മതിയായിരുന്നു എന്ന് പറഞ്ഞ വിശ്വായോട്.. ഇത് നിനക്ക് വേണ്ടിയല്ല..മിത്ര ഡെന്നീസിനെ കുരുകാനുള്ള കെണിയാണ്”
എന്ന് മാത്രം പറഞ്ഞു നിർത്തി..

അതോടെ വിശ്വാ പിന്നെയൊന്നുംപറഞ്ഞതുമില്ല.

“ഡ്രൈവിംഗ് അറിയാമല്ലോ അല്ലേ..?”
അത് ചോദിച്ചു കൊണ്ട് അടുത്തേക്ക് വരുന്ന അലോഷിക്ക് സ്ഥായിയായ പുച്ഛം തന്നെയാണ് ഭാവം.

അവരെ അങ്ങനൊരു ഫീലോടെ മാത്രം കണ്ടു പഠിച്ചത് കൊണ്ട് വിശ്വാക്കതൊരു കുഴപ്പമായി തോന്നിയതുമില്ല.

“അറിയാം..”

“കാർ ഓടിച്ചിട്ടുണ്ടോ..?”

“ഉണ്ട്..”

“ഓഓഓ സ്വന്തമായിട്ട് ബെൻസ് ഉള്ളത് പോലാണല്ലോ.?”
അലോഷി ചുണ്ട് കോട്ടി കൊണ്ടവനെ നോക്കി.

“ഡ്രൈവിംഗ് അറിയാവുന്ന എല്ലാവർക്കും സ്വന്തമായി ബെൻസ് വേണം എന്നാ നിയമം ഞാനെവിടേം കേട്ടിട്ടില്ല.. എനിക്ക് ഡ്രൈവിംഗ് അറിയാം.. ബെൻസില്ല..”
വിശ്വാക്ക് വലിയ കൂസലൊന്നുമില്ല.

അലോഷിയോളം ഗൗരവത്തിൽ തന്നെയാണ് വിശ്വായുടെ മറുപടികളും.

“ഇതൊന്നും തന്റെ സ്വന്തമായി തരികയല്ല. മിത്ര ഡെന്നീസിനെ വലയിൽ ചാടിക്കാൻ നിനക്ക് ഞങ്ങൾ തരുന്ന ആയുധങ്ങളാണ്. അങ്ങനെ മാത്രം കരുതിയാൽ മതി.. തിരിച്ചിറങ്ങി പോകുമ്പോൾ ഇതിനൊന്നും അവകാശം പറയാതിരിക്കാൻ വേണ്ടിയാണ് ഇതിപ്പോ പറയുന്നത്.. വിശ്വാക്ക് മനസ്സിലായല്ലോ അല്ലേ..”

പരിഹാസമാണ്..

അവനത് മനസ്സിലായതുമാണ്.

എന്നിട്ടും ഉള്ളിൽ ജ്വലിക്കുന്ന ദേഷ്യം ഒതുക്കി പിടിച്ചു കൊണ്ട് വിശ്വാ തലയാട്ടി കാണിച്ചു.

പ്രതീക്ഷിക്കുന്ന ഭാവങ്ങളോ ചമ്മലോ ഒന്നും അവനിൽ ഇല്ലെന്ന് കണ്ടതും അലോഷി വീണ്ടും തിരിഞ്ഞു നടന്നു.

“ഇവരെന്താടാ വിശ്വാ ഇങ്ങനെ..”

മുരുകൻ മുഖം ച്ചുളിച്ചു കൊണ്ട് ചോദിച്ചു.

“കയ്യിൽ കുറച്ചു കാശുള്ളതിന്റെ തിളപ്പാ.. നീ കാര്യമാക്കേണ്ട..”

വിശ്വായുടെ നോട്ടം വീണ്ടും കാറിന്റെ നേരെ നീണ്ടു.

മുരുകനപ്പോഴും അലോഷിയെയും അഖിലിനെയും നോക്കി നിൽപ്പാണ്.

അവരുടേയാ സംസാരവും ഭാവവുമൊന്നും അവനൊട്ടും പിടിച്ചിട്ടില്ല.

അതിനേക്കാൾ സങ്കടം തോന്നിയത്, തന്നേക്കാൾ ഉള്ളിൽ ദേഷ്യമുണ്ടായിട്ടും അവരുടെ കയ്യിൽ നിന്നും വാങ്ങിച്ച കാശിന്റെ നന്ദി കാണിക്കാൻ അതടക്കി നിൽക്കുന്ന ചങ്ങാതിയെ കുറിച്ചോർത്തു കൊണ്ടായിരുന്നു.

കുറച്ചു നേരം കൂടി കഴിഞിട്ടാണ് അഖിലും അലോഷിയും പിന്നെ തിരികെ അവരുടെ അരികിലേക്ക് വന്നത്..

“സൂക്ഷിച്ചു ഉപയോഗിക്കണം..”
കാറിന്റെ കീ വിശ്വായുടെ നേരെ നീട്ടികൊണ്ട് അഖിൽ പറഞ്ഞു.

വിശ്വായും മുരുകനും ഒന്ന് പരസ്പരം നോക്കി.

“വാങ്ങിക്ക്..”
ആക്ഞ്ഞ സ്വരം..

വിശ്വാ കീ വാങ്ങുമ്പോൾ അവന്റെ കൈ വിറച്ചു.
അത് കണ്ടിട്ട് അലോഷി വീണ്ടും പുച്ഛത്തോടെ ചുണ്ട് കോട്ടി.

“നിന്റെ അക്കൗണ്ട് ഒന്ന് ചെക്ക് ചെയ്തേക്ക്.. കുറച്ചു കാശ് ഇട്ടിട്ടുണ്ട്.. ഇനി വേണ്ടത് നല്ല കുറച്ചു ഡ്രസ്സ്.. ഷൂസ്.. വാച്ച്.. അങ്ങനെ ഉള്ളതെല്ലാമാണ്.. ഒന്നിനും ഒരു കുറവും വരാൻ പാടില്ല..
കാശ് എത്ര വേണമെങ്കിലും ചോദിച്ചാൽ മതി..
അതിട്ടു തരാം.

പക്ഷേ മിത്രയുടെ മുന്നിൽ പോയി നിൽക്കാനുള്ള പവറോടെ വേണം.നിനക്കുള്ളതെല്ലാം. അത് മറക്കാൻ പാടില്ല..

മനസ്സിലായോ”

അഖിൽ ചോദിക്കുമ്പോൾ വിശ്വാ തലയാട്ടി.

“ഇവനും വരുന്നുണ്ടോ നിന്റെ കൂടെ..”
മുരുകനെ ചൂണ്ടി യാണത് ചോദിക്കുന്നത്.

“മ്മ്..”

“എങ്കിൽ ഇയാളുടെ ഈ കൂതറ ലുക്ക് കൂടി മാറ്റിയേക്കണം..ഇതൊരുമാതിരി ചന്തലുക്ക്. ഇത് കൊണ്ടങ്ങോട്ട്‌ ചെന്നിട്ട് പ്രതേകിച്ചു ഒന്നും ഉണ്ടാക്കാനില്ല.. ഞങ്ങളുടെ കുറച്ചു കാശ് പോയി കിട്ടുമെന്ന് മാത്രം..”

അലോഷി മുഖം ചുളിച്ചു കൊണ്ടത് പറയുമ്പോൾ വിശ്വാ പല്ലുകൾ കടിച്ചു പിടിച്ചു കൊണ്ട് ദേഷ്യമടക്കി.

“നിങ്ങൾ ഏൽപ്പിച്ച ജോലി.. അത് ഭംഗിയായി ഞാൻ ചെയ്യുന്നുണ്ടോ എന്ന് നോക്കുക.. അതിന് ശേഷം.. അതായത് എനിക്കത് ചെയ്യാൻ പറ്റില്ലെന്ന് നിങ്ങൾക്ക് ഉറപ്പാകുമ്പോൾ മാത്രം മതി ഇതുപോലുള്ളചൊറിഞ്ഞ വർത്താനം..

ഞാനും ഇവനും നിങ്ങളുടെ അടിമകളൊല്ല..

അത് മറക്കരുത്..”

വിശ്വാ വെട്ടി തുറന്നു പറയുമ്പോൾ അതോട്ടും പ്രതീക്ഷിക്കാഞ്ഞത് കൊണ്ട് തന്നെ അലോഷി വിളറി വെളുത്തു പോയി..

“നിങ്ങളുടെ ഔദാര്യമൊന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല..
നിങ്ങൾ പറഞ്ഞത് പോലെ നിങ്ങൾ ഏൽപ്പിച്ച ജോലി ചെയ്യാനുള്ള ആയുധങ്ങളും വഴികളും മാത്രമാണ് എനിക്കിത്..എനിക്കത് മനസ്സിലാവും.

തിരികെ മടങ്ങുമ്പോൾ നിങ്ങൾ ആവിശ്വപ്പെട്ടില്ലങ്കിൽ കൂടി ഞാനിത് തിരികെ തന്നിരിക്കും..
ആ കാര്യത്തിൽ സാറുമാർക്ക് യാതൊരു പേടിയും വേണ്ട..
നിങ്ങളുടെ അത്രയും ഇല്ലെങ്കിലും ഞങ്ങളും കാശ് കണ്ടിട്ടുണ്ട്, പെരുമാറിയിട്ടുണ്ട്..പക്ഷേ ഇത് പോലെ അഹങ്കരിച്ചിട്ടില്ല എന്നൊരു വ്യത്യാസമുണ്ട് നമ്മൾ തമ്മിൽ.

പിന്നെ ഇപ്പൊ കുറച്ചു അത്യാവശ്യം വന്നപ്പോ നിങ്ങളിലേക്ക് തല വെച്ചു തന്നു..

എന്നും കരുതി എന്തും പറയാനുള്ള ലൈസൻസാണത് എന്നൊന്നും കരുതിയെക്കല്ലേ..

നടക്കില്ല..”

മുണ്ട് മടക്കി കുത്തി.. ഷർട്ടിന്റെ കൈകൾ തൊരുത് കയറ്റി കൊണ്ട് വിശ്വാ പറയുമ്പോൾ മുരുകന് ഉറക്കെ കയ്യടിക്കാനും വിസിലടിക്കാനും തോന്നി..

“ഇപ്പൊ നിങ്ങളീ കാണുന്ന ഇതാണ് ഞാൻ.. ഇങ്ങനെ തന്നെയാവും ഇനിയങ്ങോട്ടും ഞാൻ.. ഇതിപ്പോ പറഞ്ഞത്.. പിന്നെ നിങ്ങളെന്റെ സ്വഭാവദൂഷ്യം പറഞ്ഞിട്ട് പരാതിപെടാൻ പാടില്ല എന്നെനിക്ക് നിർബന്ധമുള്ളത് കൊണ്ടാണ്..

ഈ എന്നെ കുറിച്ച് നിങ്ങളുടെ ബോസിനെയും അറിയിക്കുക.
എന്നെ ഇങ്ങനെ.. ഈ സ്വഭാവത്തിൽ മാത്രം അങ്ങേർക്കും അംഗീകരിക്കാൻ കഴിയുമെങ്കിൽ മാത്രം വിളിക്കുക.. ഞാൻ വന്നോളാം..”

തന്റെ കയ്യിൽ ഏൽപ്പിച്ച കീ തിരികെ അഖിലിന്റെ കൈ ബലമായി പിടിച്ചെടുത്തു അതിലേക്ക് തന്നെ വെച്ചു കൊടുത്തു കൊണ്ട് വിശ്വാ പറയുമ്പോൾ അഖിലും അലോഷിയും അവർക്കൊപ്പം മുരുകൻ കൂടി ശ്വാസം പിടിച്ചു നിന്നു.

“നിങ്ങളുടെ കയ്യിൽ നിന്നും വാങ്ങിച്ച കാശ്.. അതെന്റെ കിഡ്നി വിറ്റിട്ടാണേലും ഞാൻ തിരിച്ചു തരും..അതിനെ കുറിച്ചൊരു ആശങ്കയും സാറുമാർക്ക് വേണ്ട..വാടാ..”

അത് പറഞ്ഞു കൊണ്ടവൻ തിരികെ നടന്നു..

അഖിലിനെയും അലോഷിയെയും ഒന്നു കൂടി നോക്കിയിട്ട് മുരുകനും അവനു പിറകെ തന്നെ ചെന്നു.

എന്നാൽ തിരികെ ബൈക്കിൽ കയറും മുന്നേ പിന്നിൽ നിന്നും അഖിലിന്റെ വിളിയെത്തി.

വിശ്വാ നിന്നിടത്തു നിന്നും അനങ്ങിയില്ല..

ഒടുവിൽ അവർ രണ്ടു പേരും വിശ്വായുടെ അരികിലെത്തി.

മുഖം അയവില്ലാതെതന്നെ രണ്ടാളും വിശ്വായോട് സോറി പറഞ്ഞു..
ഇനി ഇത് പോലൊന്നും ആവർത്തിക്കില്ല.. വിശ്വായെ വിശ്വാസമാണെന്നും പറഞ്ഞു.

അതോടെ വിശ്വാ പിന്നൊന്നും പറഞ്ഞില്ല.

അഖിൽ വീണ്ടും കീ വിശ്വായുടെ നേരെ നീട്ടി.

“എന്തെങ്കിലും ആവിശ്യമുണ്ടെങ്കിൽ വിളിച്ചോളാമെന്ന് മാത്രം പറഞ്ഞു കൊണ്ട് അഖിലും അവനു പിറകെ അലോഷിയും തിരിഞ്ഞു നടന്നു…

തുടരും…

Leave a Reply

Your email address will not be published. Required fields are marked *