വിശ്വാതാണ്ഡവം – പാർട്ട് 13

പാർട്ട് 13

ജിഫ്ന നിസാർ..

മിത്രയുടെ സൗന്ദര്യത്തിലേക്കല്ല.. അതി തീക്ഷ്‌ണത നിറഞ്ഞു നിൽക്കുന്ന അവളുടെയാ കണ്ണുകൾ..

വിശ്വായുടെ ഉള്ളിൽ കൊളുത്തി പിടിച്ചത് പോലൊരു വലിച്ചിൽ.

അവനാ കണ്ണുകളിലേക്ക് സൂക്ഷിച് നോക്കി.

ചുണ്ടിലെ ചിരിക്കൊപ്പം അവളുടെ കണ്ണുകൾക്കുമുണ്ടൊരു തെളിച്ചം..

തൂവെള്ള നിറത്തിലൊരു ചുരിദാറാണ് വേഷം.

വന്നവരുടെ വർണന കേട്ടപ്പോൾ ഒരു മോഡേൺ ലുക്കയിരുന്നു വിശ്വാ പ്രതീക്ഷിക്കുന്നുണ്ടായിരുന്നത്.

അതിനോളമില്ലെങ്കിലും ഒഴുകി കിടക്കുന്നൊരു ഷാളും അഴിച്ചിട്ട മുടിയിഴ കളും..

നോക്കി കൊണ്ടിരിക്കെ എന്തൊക്കെയോ പ്രതേകതകൾ നിറഞ്ഞൊരു പെൺകുട്ടി..

അവനാ മുഖം നോക്കിയിരിക്കെ, ഉള്ളിൽ എന്തൊക്കെയോ പിടപ്പായിരുന്നു.

സ്നേഹം നടിച്ചു ചെല്ലുന്ന തന്റെ ചതിയേറ്റു വാങ്ങി CS ഗ്രുപ്പിനോട് പറഞ്ഞു തീർത്ത സമയത്തിനുള്ളിൽ താനിറങ്ങി പോരുമ്പോൾ ഈ ലോകത്തിൽ പിന്നെ തന്നെ ഏറ്റവും വെറുക്കുന്നവൾ ഇവളായിരിക്കും.

ഒരു ജന്മം മുഴുവനും അന്നിവൾ പൊഴിക്കുന്ന കണ്ണ് നീരിന്നും താൻ ഉത്തരം പറയേണ്ടിയും വരും…

അതോർക്കാൻ ഇഷ്ടമില്ലാത്തത് പോലെ അവൻ കണ്ണടച്ച് പിടിച്ചു..

                               💜💜

നിനക്കറിയാമായിരുന്നോ? “
ടീന അതേയെന്ന് തലയാട്ടി കാണിക്കുന്നത് കണ്ടതും മിത്രയുടെ കണ്ണുകൾ മിഴിഞ്ഞത് പോലായി.

“സോറി ഡീ.. നിന്നോട് പറയരുത് എന്നവൻ കർശനമായി പറഞ്ഞത് കൊണ്ടാ ഞാൻ.. അവനു തന്നെ അത് നിന്നോട് പ്രസന്റ് ചെയ്യണം എന്ന് പറഞ്ഞപ്പോ.. എനിക്കും തോന്നി അതാണ്‌ ഭംഗിയെന്ന്..”

ടീന മിത്രയുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
മിത്രക്ക് ദേഷ്യമൊന്നും തോന്നിയില്ല.
പക്ഷേ ഉള്ളിലൂടെ ഒരു വലിച്ചിൽ.
അതൊരിക്കലും എബിയോടുള്ള ഇഷ്ടകേടല്ല.
മറിച്ച് അവനങ്ങനെ കുറച്ചു കാലമായി ഒരിഷ്ടം തന്നോട് മനസ്സിൽ കൊണ്ട് നടന്നിരുന്നു  എന്നതവൾക്ക് അപ്പോഴും അംഗീകരിക്കാൻ ആവാത്ത പോലൊരു പ്രയാസം.

അതിനേക്കാൾ അവനോടെന്നല്ല.. ആരോടും ഇപ്പൊ ഒരു റിലേഷൻഷിപ്പ് തന്റെ മനസ്സിൽ പോലുമില്ല..

എന്നെങ്കിലും ഒരു പാട്ണർ എന്നതോർക്കുമ്പോൾ എബിയുടെ മുഖമൊരിക്കലും അവിടെ സങ്കൽപ്പിക്കാനും കഴിയുന്നുമില്ല..

“നിനക്കവനോട്…”

ടീനക്ക് അവളുടെ ഭാവം കണ്ടതും അതാണ് ആശങ്ക.

“എനിക്കവനോട് ഒന്നും തോന്നുന്നില്ല. അത് തന്നെയാ പ്രശ്നം..”
മിത്ര ചിരിയോടെ ടീനയെ നോക്കി.

“അതെന്താ.. ഇനി ഞങ്ങൾ അറിയാത്ത വല്ല വിദേശിയും ഈ മനസ്സിൽ…”

ടീന മിത്രയേ ഒന്ന് ചുഴിഞ്ഞു നോക്കി.

“പോടീ… ആരറിഞ്ഞില്ലേലും നീ അറിയും”

“പിന്നെന്താ മിത്ര.. എബി മിടുക്കനല്ലേടി.. നിന്നെ പോലെ തന്നെ ഒരു പഠിപ്പി.. മാസം വൺ ലാക് സാലറി വാങ്ങുന്നൊരു ജോലി.. മാന്യമായ പെരുമാറ്റം.. ജന്റിൽമാൻ..കാണാനും മോശമല്ല.. നല്ല അടിപൊളി ലുക്ക്..”

ടീന എബിയുടെ ഗുണങ്ങൾ എണ്ണി പറയുന്നത് കേട്ടതും മിത്രക്ക് ചിരിയാണ് വന്നത്.

“ഓഹോ.. ആണോ.. ഇങ്ങനെയൊക്കെയാണോ എബി.. എനിക്കറിയില്ലായിരുന്നു കേട്ടോ..”
മിത്ര ടീനയെ കളിയാക്കി.

“കളിയാക്കല്ലേടി.. ആ ചെക്കൻ നല്ല പ്രതീക്ഷയിലാണ്..”
ടീന വീണ്ടും മിത്രയുടെ കയ്യിൽ പിടിച്ചു.

“നീ എന്തിന് ഇത്രേം ടെൻഷൻ അടിക്കുന്നു.. ലൈഫിന്റെ കാര്യമല്ലേ ടീന.. അത്ര പെട്ടന്നൊരു തീരുമാനം എടുത്തിട്ട്.. പിന്നെയത് പാളി പോയാൽ..”

“എബിയുടെ കാര്യത്തിൽ നിനക്കൊരു പാളിച്ച വരില്ല എന്ന് തന്നെയാ എനിക്ക് പറയാൻ..”

“സത്യം പറഞ്ഞോ ടീനെ.. നിനക്കവൻ കാശ് വല്ലതും തന്നിട്ടുണ്ടോ.. ഇങ്ങനെ പൊക്കിയടിക്കാൻ”
മിത്ര ചിരിച്ചു കൊണ്ട് ചോദിക്കുമ്പോൾ ടീന അവളെ നോക്കി കണ്ണുരുട്ടി.

“ഞാൻ യെസ് പറയുന്നില്ല.. നോ ന്നും പറഞ്ഞിട്ടില്ല.
തത്കാലം എബിയുടെ കേസ് ഞാൻ അവധി ക്ക് വെച്ചിട്ടുണ്ട്.

ഇപ്പോഴെന്റെ മനസ്സിൽ ഒരു കല്യാണമോ റിലേഷനോ ഒന്നുമില്ലെന്ന് പറഞ്ഞില്ലേ ഞാൻ.. എനിക്ക് മുന്നിൽ ഞാനിപ്പോ ജോയിൻ ചെയ്ത ആ കോഴ്സ് കമ്പ്ലീറ്റ് ചെയ്യണം.. പരമാവധി കോളേജ് ലൈഫ് എൻജോയ് ചെയ്യണം എന്നത് മാത്രമാണ്.

അത് കഴിഞ്ഞു പപ്പയുടെ ആഗ്രഹം പോലെ ആ ബിസിനസിലൊന്ന് കാലുറപ്പിച്ചു നിൽക്കണം..
എന്നിട്ടേ ഞാനെന്റെ ജീവിതത്തെ കുറിച്ച് ചിന്തിക്കൂ..
അപ്പോഴും എബിക്ക് ഈ ഇഷ്ടം ഉണ്ടെങ്കിൽ.. അവന്റെ കാര്യത്തിൽ എനിക്കൊരു പരിഗണന തോന്നിയാൽ അന്ന് ഞാനവന്റെ കേസ് വിചാരണ ചെയ്യും..വിധി പറയും..”

മിത്ര പറഞ്ഞു നിർത്തുമ്പോൾ ടീന അവളെയൊന്ന് കലിപ്പിച്ചു നോക്കി.

“അപ്പോഴേക്കും ആ ചെക്കന്റെ മൂക്കിൽ പല്ല് വരും..”

“അത് കൊണ്ടാണ് ഞാൻ അവനോട് യെസ് പറയാഞ്ഞത്..”
മിത്ര കണ്ണ് ചിമ്മി ചിരിച്ചു.

“അവനോട് നീ ഇത് എന്തായാലും പറയണം മിത്ര. അല്ലെങ്കിൽ പിന്നെ ഇതെല്ലാം കഴിഞ്ഞു ചെന്നിട്ട് നീ പറയുന്നത് അവനു കൺവീൻസ് ആവില്ല..”
ടീന പറഞ്ഞത് മിത്ര തലയാട്ടി സമ്മതിച്ചു.

“അത് ഞാനും ഉറപ്പിച്ചിട്ടുണ്ട്. ഞാൻ കാരണം.. അല്ലെങ്കിൽ എനിക്ക് വേണ്ടി കാത്തിരുന്നത് കാരണം സ്വന്തം ലൈഫ് പോയെന്ന് അവനൊരിക്കലും തോന്നാൻ പാടില്ല.

എനിക്കെന്റെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും വേണ്ടെന്ന് വെക്കാനും കഴിയില്ല..”

മിത്ര പറയുമ്പോൾ ടീന അത് അംഗീകരിച്ചു.
കാരണം.. അവൾക്കറിയാം മിത്രയേ.. മിത്രയുടെ വാക്കിലെ ഉറപ്പിനെ..

                             ❤‍🔥❤‍🔥

മല്ലിയുടെ നെറുകയിൽ തലോടുബോൾ വിശ്വായുടെ കൈ വിറച്ചു.

ഉള്ളിൽ കനൽ പോലൊരു മുഖം ജ്വലിച്ചു..

ചാട്ടുളി പോലൊരു നോട്ടമോർത്തു കൊണ്ടവന്റെ ഹൃദയം പോലും വിറച്ചു തുള്ളി..

“വേദനയൊക്കെ പോയോ…?”
വിശ്വാ ചിരിയോടെ ചോദിക്കുമ്പോൾ മല്ലി അതേയെന്ന് തലയാട്ടി.
ശ്വാസമെടുക്കാനുള്ള പരവേശം ഇപ്പൊൾ അവളുടെ മുഖത്തില്ല.

അത് അപ്പാടെ വിശ്വാ സ്വന്തം നെഞ്ചിലേക്ക് ഏറ്റു വാങ്ങി കഴിഞ്ഞല്ലോ..

“ഡോക്ടർ എന്ത് പറഞ്ഞു..?”
ചുവരിൽ ചാരി തന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന മുരുകനെ വെറുതെ ഒന്ന് നോക്കിയിട്ട് വിശ്വാ ഷെൽവണ്ണന്റെ നേരെ നോക്കി കൊണ്ട് ചോദിച്ചു.

“എല്ലാം ശെരിയായി എന്ന് പറഞ്ഞു..”
ആ അച്ഛന്റെ കണ്ണുകളിൽ തന്നോടുള്ള നന്ദി തിളങ്ങുന്നത് കാണെ വിശ്വായുടെ നെഞ്ചിലെ പിടച്ചിലിന് അൽപ്പം ആശ്വാസം തോന്നി.

“ഇനിയെന്തിനാ കരയുന്നേ.. നോക്കിക്കേ.. അവൾക്കിപ്പോ ഒരു കുഴപ്പവുമില്ല ശാന്തിയേച്ചി..”
വിശ്വാ വിങ്ങി പൊട്ടി നിൽക്കുന്ന ശാന്തിയെ കൂടി ചേർത്ത് പിടിച്ചു കൊണ്ട് ആശ്വാസിപ്പിച്ചു.

“എന്നത്തേക്കാ ഡിസ്ചാർജ്..”

“ഒരാഴ്ച കഴിയും എന്തായാലും..”

“ഭക്ഷണമൊക്കെ ഇല്ലെ രാത്രിയിലേക്ക്..”
വിശ്വായെ നോക്കി ഷെൽവണ്ണൻ ഉണ്ടെന്ന് തലയാട്ടി.

“ഞാനെന്നാൽ പോട്ടെ.. വെളുപ്പിന് വീട്ടിൽ നിന്നും ഇറങ്ങിയതാ..”
വിശ്വാ എഴുന്നേറ്റു..

“എനിക്കൊരു ജോലി സെറ്റാക്കി തന്നിട്ടുണ്ട് സാമൂവൽ വക്കീൽ. കോഴിക്കോട് ആണ്.. അങ്ങോട്ട്‌ പോവേണ്ടി വരും.. അവിടെ ഏതോ കമ്പനിയിൽ..”
അത് പറയുമ്പോൾ വീണ്ടും വിശ്വായുടെ നോട്ടം മുരുകനിൽ എത്തി നിന്നു.
അവൻ മുഖം താഴ്ത്തി.

“നാളെയോ മറ്റന്നാളോ എനിക്കങ്ങോട്ട് പോവേണ്ടി വരും.. പോകുമ്പോ ഞാൻ മുരുകൻ കൂടെ ഒപ്പം കൊണ്ട് പോവാൻ കരുതുന്നുണ്ട്.. നിങ്ങൾക്ക് ബുദ്ധിമുട്ടാവുമോ..”
വിശ്വാ ഷെൽവണ്ണനെയും ശാന്തിയെയും മാറി മാറി നോക്കി.

അവരോട് ചോദിക്കാതെ അങ്ങനൊരു തീരുമാനം എടുത്തതിൽ അവർക്ക് ബുദ്ധിമുട്ട് വല്ലതുമുണ്ടോ എന്നായിരുന്നു അവന്റെ നോട്ടം.

സാധാരണ എവിടേക്ക് പോകുമ്പോഴും മുരുകൻ കൂടെ ഉണ്ടാവാറുണ്ട്.
ഒന്നോ രണ്ടോ ദിവസം കൊണ്ട് താനും അവനും തിരിച്ചു വരാറുമുണ്ട്.

ഇത് പക്ഷേ അങ്ങനെയല്ല..
പോയിട്ട് എന്നത്തേക്ക് തിരിച്ചു വരാനാവും എന്ന് പോലും അറിയില്ല..

“നീ ചെയ്തു തന്ന ഉപകാരത്തിനു എന്ത് തന്നാലാണ് മോനെ പകരമാവുന്നത്…”
പറയുന്നതിനൊപ്പം ഷെൽവണ്ണൻ കൈ കൂപ്പി..

അയാൾക്കൊപ്പം ശാന്തിയും..

വിശ്വായൊന്നു വല്ലാതായി.

“പോയി എന്നാ..”
പിന്നെയൊന്നും പറയാൻ നിൽക്കാതെ അവൻ മുറിയുടെ പുറത്തേക്ക് ചെല്ലുമ്പോൾ പിറകെ മുരുകനും ചെന്നു.

മല്ലിക്ക് മാത്രമായി ഒരു റൂം എടുത്തിട്ടുണ്ട്.

“നിന്റെ അമ്മ വന്നിരുന്നു വിശ്വാ..”
ഒന്നും മിണ്ടാതെ അവനൊപ്പം നടക്കുമ്പോൾ മുരുകൻ പറഞ്ഞു.
വിശ്വായൊന്നു മൂളുക മാത്രം ചെയ്തു.

“മിക്കവാറും ടീച്ചർ വക്കീലിനെ വിളിച്ചേക്കും. സംസാരം കേട്ടിട്ട് എനിക്ക് ഭയമായിരുന്നു വിശ്വാ.. എന്തൊക്കെയോ കൊള്ളിച്ചു പറയുന്ന പോലെ.. വാക്കുകൾക്ക് പലപ്പോഴും കത്തിയെ പോലെ മൂർച്ചയുണ്ടായിരുന്നെടാ..”

മുരുകൻ വിശ്വായെ നോക്കി.

അവനു ഭാവഭേദമൊന്നുമില്ല.

“നീയെന്താ വിശ്വാ ഒന്നും മിണ്ടാത്തെ. എന്നോട് ദേഷ്യം തോന്നുന്നുണ്ടോ.. എന്റെ കുടുംബം കാരണം നിന്റെ സമാധാനം പോയെന്ന് തോന്നുണ്ടോ ഡാ..”
മുന്നോട്ട് നടക്കുന്ന വിശ്വായുടെ കയ്യിൽ പിടിച്ചു നിർത്തി കൊണ്ടത് ചോദിക്കുമ്പോൾ മുരുകന്റെ മുഖം വിളറി പോയിരുന്നു.

വിശ്വായൊന്നും മിണ്ടാതെ അവനെയൊന്ന് തുറിച്ചു നോക്കി നിന്നു.

“സോറിയെടാ.. ഞാനെന്റെ സങ്കടം കൊണ്ട്…”
ആ നോട്ടത്തിന്റെ അർഥം മനസ്സിലായത് പോലെ മുരുകൻ മുഖം കുനിച്ചു.

“പറഞ്ഞത് പറഞ്ഞു.. ഇനി മേലാൽ ഇത് പോലുള്ള വല്ലതും നിന്റെ വായിൽ നിന്നും വീണാൽ.. അറിയാലോ നിനക്കെന്നെ.. ഒറ്റ ദിവസം കൊണ്ടൊരു മാറ്റവും എനിക്ക് വന്നിട്ടില്ല.. ഇത് പോലെ ഓരോന്നു പറയുമ്പോൾ നീ അതോർത്താൽ നന്ന്. “

കടുപ്പത്തിൽ അത്രയും പറഞ്ഞു കൊണ്ട് വിശ്വാ മുരുകന്റെ പിടി വിടുവിച്ചു കൊണ്ട് പുറത്തേക്ക് നടന്നു.
സ്വന്തം തലയിലൊന്ന് തട്ടി മുരുകനും അവനു പിറകെ ഓടി ചെന്നു..

“കള്ളത്തരം മുഴുവനും നമ്മുടെ ഉള്ളിലാ മുരുകാ. അത് കൊണ്ടാണ് എതിരെ നിൽക്കുന്ന ആളുകളെ മൊത്തം നമ്മുക്കങ്ങനെ സംശയതോടെ നോക്കേണ്ടി വരുന്നത്.

അത് കൊണ്ട് ഒരു കള്ളത്തരം ചെയ്യുന്നു.. അല്ലെങ്കിൽ ഒരു ചതി ചെയ്യുന്നു എന്നൊരു ചിന്തയുണ്ടല്ലോ ഉള്ളു നിറയെ.. അത് ആദ്യം എടുത്തു ദൂരെ കളയ്യ്.. എന്നിട്ട് ഒരു ജോലി ചെയ്യുന്നു.. അതിനുള്ള കാശ് വാങ്ങുന്നു എന്ന് മാത്രം ചിന്തിക്ക്..
അപ്പൊ ശെരിയാവും..

അമ്മയോട് ഞാൻ അങ്ങനെയാണ് പറഞ്ഞിട്ടുള്ളത്.
ഈ ജോലി എന്താണെന്നുള്ളത് എനിക്കും നിനക്കും വക്കീലിനും പിന്നെയിത് ഏല്പിച്ചു തന്നവർക്കും മാത്രമറിയാവുന്ന കാര്യമാണ്.

നമ്മളായിട്ട് ഇനി വേറെ ആരെയും അറിയിക്കാതിരിക്കുക എന്നൊരു വലിയ ഉത്തരവാദിത്തം കൂടിയുണ്ട് ഇനി മുന്നിൽ.
വക്കീൽ പറഞ്ഞതിനേക്കാൾ ഒരുപാട് പിടിപാട് കൂടുതലുള്ളവരാണ്  എന്നെ ഇത് ഏല്പിച്ചവർ.
അതെനിക് ഇന്ന് മനസ്സിലായി.
അത് കൊണ്ട് ഇനിയുള്ള ഓരോന്നും വളരെ ശ്രദ്ധിക്കണം..
മനസ്സിലാവുന്നുണ്ടോ നിനക്ക്..”

പതിയെ ആണ് വിശ്വാ ഓരോന്നും പറഞ്ഞിട്ട് മുരുകന് മനസ്സിലാക്കി കൊടുക്കുന്നത്.

പക്ഷേ പറയുന്നതിന്റെ കടുപ്പം.. മുരുകന് അതിന്റെ ഗൗരവം മനസ്സിലാക്കി കൊടുത്തു.

“സോറി വിശ്വാ.. ഞാനെന്റെ ടെൻഷൻ കൊണ്ട്…”

“മുരുകൻ ക്ഷമാപണത്തോടെ വിശ്വായെ നോക്കി..

“സാരമില്ല ഡാ.. എനിക്കറിയാം..”
നടന്നു കൊണ്ടവർ വിശ്വാ ബൈക്ക് നിർത്തിയയിടത്തെക്കെത്തിയിരുന്നു.

“നാളെയോ മറ്റന്നാളോ പോകണം എന്നാ എന്നോട് പറഞ്ഞത്. അവിടെ പോയിട്ട് വേണം എന്താ എങ്ങനെ എന്നൊക്കെ തീരുമാനമെടുക്കാൻ..

നീ കൂടി എനിക്കൊപ്പം വേണം..
ഷെൽവണ്ണനോടും ശാന്തി ചേച്ചിയോടും പോകുന്ന കാര്യം ഞാൻ പറഞ്ഞ സ്ഥിതിക്ക് അവർ നിന്നോട് ചോദിക്കും.

കൂടുതൽ ഒന്നും അറിയില്ല.. വക്കീൽ ഏർപ്പാട് ചെയ്തു തന്നു.. കോഴിക്കോടാണ്.. അവിടെ നിൽക്കേണ്ടി വരും.. ഇതിൽ കൂടുതൽ നിനക്കൊന്നും അറിയില്ലെന്ന് പറഞ്ഞേക്കണം..”
വിശ്വാ പറയുമ്പോൾ മുരുകൻ തലയാട്ടി സമ്മതിച്ചു.

“എങ്കിൽ ഞാനിനി പോട്ടെ.. കൂടുതൽ എന്തെങ്കിലും അവർ അറിയിച്ചാൽ നിന്നെ ഞാൻ വിളിക്കാം..”
അവൻ ബൈക്കിലേക്ക് കയറി യിരുന്നു.

അപ്പോഴും മുരുകൻ തലയാട്ടി.

“നിന്റെ നാക്ക് ഇറങ്ങിയോ.. ഒരുമാതിരി ഊമകളെ പോലെ..”
അവന്റെയാ ഭാവം കണ്ടിട്ട് വിശ്വാക്ക് ദേഷ്യം വന്നു.

“ഞാൻ നിന്നോട് ചെയ്യുന്ന ഔദാര്യ മൊന്നുമല്ലടാ ഇത്. അങ്ങനെ കരുതുകയെ വേണ്ട.. അവളെന്റെ കൂടി പെങ്ങളാണ്..
എനിക്കോ എന്റെ അമ്മയ്‌ക്കൊ ആണ് ഇത് പോലൊരു അവസ്ഥ വന്നതെങ്കിൽ നീയും ഇത് തന്നെയല്ലേ ചെയ്യുന്നത്. അത്രേം ഒള്ളു..

വിശ്വാ ദേഷ്യത്തിൽ തന്നെയാണതും പറഞ്ഞത്..
മുരുകന് അതോടെ അൽപ്പം ആശ്വാസം തോന്നി..

അവന്റെയാ നിൽപ്പ് കണ്ടിട്ടുള്ള കലിയിൽ യാത്ര പോലും പറയാതെ വിശ്വാ അവിടെ നിന്നും ബൈക്ക് ഓടിച്ചു പോയി..

തുടരും..

Leave a Reply

Your email address will not be published. Required fields are marked *