വിശ്വാതാണ്ഡവം – പാർട്ട് 10

പാർട്ട് 10

ജിഫ്ന നിസാർ 💞

തല തണുക്കുവോളം വെള്ളമൊഴിച്ചു കുളിച്ചു കയറി വന്നപ്പോഴേക്കും കുസുമം അവന് കഴിക്കാൻ ഭക്ഷണമെടുത്തു വെച്ചിട്ടുണ്ട്.

രാവിലെ മുതലുള്ള അലച്ചിലും അതിന്റെ ക്ഷീണവും.

ആശുപത്രിയിൽ നിന്നും കുടിച്ച ഒരു ഗ്ലാസ്‌ ചായയും വക്കീൽ തന്നൊരു ഗ്ലാസ്‌ ജൂസുമാണ് അവന്റെ അന്നത്തെ ആകെയുള്ള ഭക്ഷണം.

നല്ലത് പോലെ വിശപ്പുണ്ട്.

അവനിഷ്ടപ്പെട്ട കറികൾ തന്നെയാണ്.

വല്ലപ്പോഴുമേ കുസുമം മകനെ ആ വിധം സ്നേഹിക്കാൻ മിനകെടാറുള്ളു.
അത് കൊണ്ട് തന്നെ കിട്ടുന്ന അവസരങ്ങളിൽ വിശ്വായത് വെറുതെ കളയാറുമില്ല.

“ഷെൽവന് നീ കൊടുത്ത കാശ്.. അതെവിടെ നിന്നാ?”
വിശ്വായുടെ അരികിലേക്കൊരു ഗ്ലാസ്‌ വെള്ളം കൂടി വെച്ചു കൊടുത്തിട്ട് അവനെ തന്നെ സൂക്ഷിച്ചു നോക്കി നിന്നു കൊണ്ടാണ് കുസുമം ചോദിക്കുന്നത്.

ഒറ്റ നിമിഷം കൊണ്ട് വിശ്വായുടെ വിശപ്പ് കെട്ടു പോയി.

അവനൊരു നിമിഷം അനങ്ങാതിരുന്നു. യാത്രയിൽ ഇങ്ങെത്തുവോളവും ഇവിടെത്തിയ ശേഷവും ആ ചോദ്യം
പ്രതീക്ഷിക്കുന്നതായിരുന്നിട്ടും അവനാ നിമിഷം വിറച്ചു പോയി..

“രാജീവ് മാഷിന്റെ നല്ലവനായ മകൻ കുസുമവല്ലി വളർത്തിയത് കൊണ്ട് വഴി പിഴച്ചു പോയി എന്ന് കൂടി കേൾപ്പിക്കണം നീ.. ഞാനത് കൂടി അർഹിക്കുന്നുണ്ട് “
അവനെയൊന്നാകെ കൊത്തി പറിക്കുന്നത് പോലുള്ള വാക്കുകൾ.
നോട്ടം…

വിശ്വാ ശ്വാസം പിടിച്ചിരുന്നു.
അവനുള്ളിൽ വീണ്ടും കുറ്റബോധത്തിന്റെ ചുഴലി കാറ്റുകൾ രൂപം പ്രാപിച്ചു വരുന്നുണ്ട്.

“നിന്റച്ഛൻ ഒരുപാട് സ്നേഹവും മോഹവും തന്ന് എന്നെയിവിടെ കൊണ്ട് വന്നു. മരിക്കുന്നത് വരെയും ആ വാക്ക് പാലിച്ചിട്ടും ഉണ്ട്.. പക്ഷേ… പക്ഷേ കോളനികാർക്ക് വേണ്ടി അങ്ങേര് നെഞ്ച് വിരിച്ചു നിന്നപ്പോഴും ഞാൻ പറഞ്ഞിട്ടുണ്ട് എനിക്കും കുഞ്ഞിനും നിങ്ങളല്ലാതെ മാറ്റാരുമില്ലെന്ന്.. കേട്ടില്ല.. അന്നും അന്നും എന്തൊക്കെയോ പറഞിട്ടെന്നെ പറ്റിച്ചു..”

കുസുമത്തിന്റെ സ്വരം പതിഞ്ഞു.

“പോയി.. എന്നോട് പറഞ്ഞ വാക്കുകളൊക്കെ തെറ്റിച്ചിട്ട് ഒറ്റക്കാക്കി പോയി. അവിടെ നിന്നിങ്ങോട്ട് ഞാനും നീയും… അറിയില്ല.. നിനക്കൊന്നും അറിയില്ല വിശ്വാ.. “

കുസുമം അവന് മുന്നിൽ വന്നു നിന്നു.

ഇനിയൊരിക്കൽ കൂടി… എനിക്ക് സഹിക്കാൻ കഴിയില്ല.. നിന്റച്ഛൻ പോകുമ്പോ എനിക്ക് നീയുണ്ടായിരുന്നു.. ഇനി നീ കൂടി എന്നോട്…. ഞാനില്ലേൽ നിനക്കും നീയില്ലേൽ എനിക്കും ആരും.. ആരും ഉണ്ടാവില്ല.. സ്വന്തം ആവിശ്യം നടന്നു കാണാൻ കാണിച്ചു കൂട്ടുന്ന പ്രഹസനങ്ങളെ നീ സ്നേഹമാണെന്ന് തെറ്റ് ധരിച്ചു പോകരുത്.. അനുഭവം കൊണ്ടാണ് പറയുന്നത്.. ആരുമുണ്ടാവില്ല..”

ഒന്ന് നിർത്തുന്നുണ്ടോ..”

കൈ കുടഞ്ഞു.. ഉറക്കെ ഒച്ചയിട്ട് വിശ്വാ എഴുന്നേറ്റു.
അപ്പോഴും കുസുമം അൽപ്പം പോലും പതറുകയോ നിന്നിടത്തു നിന്നും അനങ്ങുകയോ ചെയ്തില്ല.

“ഞാനെന്ത് ചെയ്തെന്ന..”
അത് ചോദിക്കുമ്പോൾ പഴയ വീര്യമുണ്ടായിരുന്നില്ല അവന്.

“ഷെൽവന് നീ കൊടുത്ത അഞ്ചു ലക്ഷം രൂപ.. അത് നിനക്കെവിടുന്ന് കിട്ടി..”

കണ്ണിലേക്കു നോക്കി ആദ്യത്തെ അതേ ചോദ്യം കുസുമം ഒന്ന് കൂടി ആവർത്തിച്ചു.

“എനിക്ക്.. എനിക്ക് വക്കീൽ തന്നതാ “
പതറാതെ നിന്നിട്ട് പറയണം എന്നുണ്ടായിരുന്നു വിശ്വാക്ക്.
പക്ഷേ തീക്ഷണത നിറഞ്ഞു നിൽക്കുന്ന ആ നോട്ടം അവനെ അതിന് അനുവദിച്ചില്ല.

“എന്തിന്…?”

“മല്ലിക്ക് വേണ്ടി ഞാൻ ചോദിച്ചു വാങ്ങിയതാ..”

“സാമൂവൽ വക്കീൽ അല്ലേ.. എനിക്കറിയാവുന്ന ആള് പത്തു രൂപക്ക് പോലും കണക്ക് സൂക്ഷിച്ചു വെക്കാറുണ്ട്..”

കുസുമം വെല്ലുവിളി പോലെ പറയുമ്പോൾ വിശ്വായൊന്നും മിണ്ടിയില്ല.

കടമായി ട്ടാണോ? “

“മ്മ്..”

“വല്ലപ്പോഴും കിട്ടുന്ന ക്വറിയിലെ പണി കൊണ്ട് നീ അഞ്ചു ലക്ഷം രൂപ എത്ര നാള് കൊണ്ട് വീട്ടും..”

“വക്കീൽ എനിക്ക്.. എനിക്ക് വേറെയൊരു പണി ശെരിയാക്കി തരാമെന്ന് പറഞ്ഞിട്ടുണ്ട്.”

“അയാളാ പറഞ്ഞു വെച്ച പണിയേ കണ്ടിട്ടാണോ നീ ഇത്രയും വലിയൊരു തുക കടം വാങ്ങിച്ചത്..വിശ്വാ ..ഇത്രയും വിഡ്ഢിയാണോ നീ

കുസുമം പുച്ഛത്തോടെ അവനെ നോക്കി.
അപ്പോഴും വിശ്വായൊന്നും മിണ്ടിയില്ല..

“ഇനിയാ ജോലി നിനക്ക് ചെയ്യാൻ പറ്റാത്തതാണെങ്കിലോ.. നീ എന്ത് ചെയ്യും വിശ്വാ?

ആ ചോദ്യം.. അതവന്റെ ഇട നെഞ്ചിലാണ് പതിച്ചത്.

“എനിക്ക്.. പറ്റും. ഞാനെന്റെ മാക്സിമം ശ്രമിക്കും..”

അവന് തന്നെ ഉറപ്പില്ലാത്തൊരു ഉത്തരം.

വിശ്വാക്ക് വല്ലാതെ ദേഷ്യം വന്നു.
കാരണം അവനപ്പപ്പോൾ അത്ര മാത്രം സംഘർഷം അനുഭവിക്കുന്നുണ്ടായിരുന്നു.

പക്ഷേ ദേഷ്യം പോയിട്ട് മുഖത്തൊരു ചെറിയ മാറ്റം വന്നാൽ പോലും കുസുമം കയ്യോടെ പൊക്കി തന്നെ കൊണ്ട് ഉള്ളതെല്ലാം പറയിപ്പിക്കുമെന്ന് നന്നായി അറിയാമായിരുന്നത് കൊണ്ട് വിശ്വായത് സഹിച്ചു.. ക്ഷമിച്ചു..

മറ്റാരെയും പറ്റിക്കുന്നത് പോലല്ല.
അഞ്ചു ലക്ഷം രൂപ തരിക എന്നത് തന്നെ അമ്മയുടെ സംശയമാണ്. അതിന് പുറമെ കാശ് കടം തന്നിട്ടൊരു ജോലിയും കൂടി കിട്ടിയെന്നൊക്ക പറയുമ്പോൾ സ്വാഭാവികമായും അമ്മക്ക് സംശയങ്ങൾ കൂടും.
അത് തനിക്കത്ര നല്ലതിനല്ല.

തനിക്ക് പിടിച്ചു നിൽക്കാൻ കഴിയാത്ത വിധം ചോദ്യങ്ങൾ കൊണ്ട് തന്നെ വീർപ്പു മുട്ടിക്കും.

താൻ പറയുന്ന കള്ളത്തരം വെള്ളം തൊടാതെ വിഴുങ്ങി കളയുകയൊന്നുമില്ല.

അമ്മ.. അമ്മ വിചാരിക്കുന്നത് പോലെ ഒന്നുമില്ല. വക്കീൽ കുറെയായി പറയുന്നുണ്ട് അവിടെ ആൾക്ക് അറിയുന്നൊരു സ്ഥാപനമുണ്ടെന്ന്. അവിടൊരു വെക്കൻസി ഉണ്ടെന്നും. കോഴിക്കോട് പോയിട്ട് നിൽക്കേണ്ടി വരുമെന്നുള്ള ഒറ്റ കാരണം കൊണ്ട് ഞാനത് പരിഗണിക്കാതിരുന്നതാ.

ഇതിപ്പോ മല്ലിക്ക് വേണ്ടി… കാശില്ലാ എന്നാ കാരണം കൊണ്ട് അവളെ നഷ്ട്ടപ്പെട്ടാൽ അതെങ്ങനെ സഹിക്കാനാണമ്മേ.
അത് കൊണ്ട് ഞാൻ വക്കീലിനെ പോയി കണ്ടു.

ശമ്പളം കിട്ടുമ്പോ കുറെയായി കൊടുത്തു തീർക്കമെന്ന് പറഞ്ഞിട്ട് ചോദിച്ചപ്പോൾ വക്കീൽ കാശ് തന്നു..
ഒരാഴ്ച്ചക്കുള്ളിൽ ഞാൻ.. ഞാൻ കോഴിക്കോട് പോകും.

വക്കീൽ പറഞ്ഞ ആ ജോലിക്ക് കയറും..”

ഉള്ളിൽ നല്ലത് പോലെ ടെൻഷനുണ്ടായിട്ടും
വിശ്വാ അവന്റെ ധൈര്യം മുഴുവനും സംഭരിച്ചു കൊണ്ടാണത് പറഞ്ഞു തീർത്തത്.

“സമ്മതിച്ചു.. പക്ഷേ നിന്നെയൊന്നു കാണാതെ. നിനക്കവരെയൊന്നു കാണാതെ എന്തിന്റെ പേരിലാ വിശ്വാ നീ വക്കീലിന് വാക്ക് കൊടുത്തത്.. അഞ്ചു ലക്ഷം രൂപ എന്നുള്ളത് ചില്ലറ വലതുമാണോ. ഇങ്ങനെ ബോധമില്ലാതെ..”

എന്റമ്മാ.. ഞാൻ പറഞ്ഞില്ലെ.. അങ്ങനെ വേണ്ടാത്ത സ്ഥലത്തും കൊള്ളാത്ത സ്ഥലത്തുമൊന്നും വക്കീൽ എന്നേ കൊണ്ട് പോയി കുടുക്കി കളയില്ല..
ഞാൻ അയാളെ എന്ന് കാണുന്നതാ.. അത് മാത്രമോ, എന്തെല്ലാം ചെയ്തു കൊടുത്തിട്ടുണ്ട്.. “

“ഇതൊക്കെ നിന്റെ വിശ്വാസം മാത്രമാണ്.
ഇങ്ങനൊക്കെ തന്നെ നടക്കണം എന്നൊന്നും വാശി പിടിക്കാൻ പറ്റില്ലല്ലോ.. കണ്ടാൽ തന്നെ അറിയാനുള്ള വിവേകം വേണം.. കൊണ്ടിട്ടറിയാൻ കാത്തിരിക്കുന്നത് ബുദ്ധിയുടെ അടയാളമല്ല.. അത് ബുദ്ധി മോശമാണ്..

സ്വന്തം നിഴലിലെ പോലും വിശ്വാസിക്കാൻ പറ്റാത്ത കാലമാണ്.
ആരാ എപ്പഴാ പിന്നിൽ നിന്നും ചതിക്കുന്നതെന്ന് പറയാൻ പറ്റില്ല..”

കുസുമം പറയുമ്പോൾ നെഞ്ചിൽ ഒരു വെട്ടേറ്റ പോലെ വിശ്വായൊന്നു പുളഞ്ഞു.

അവന് പിന്നെ അമ്മയെ നോക്കാൻ കഴിഞ്ഞില്ല..

“നീ കഴിക്ക്.. ഞാൻ എനിക്ക് പറയാനുള്ളത് പറഞ്ഞു.. നീ കൊച്ചു കുട്ടിയല്ല.. ഇങ്ങനൊന്നും പറയേണ്ട കാര്യമില്ല എന്നൊക്കെ എനിക്കറിയാം.. പക്ഷേ..

കുസുമം പിന്നൊന്നും പറയാതെ തിരിച്ചു പോയിട്ടും വിശ്വാ അതേ ഇരുപ്പ് തന്നെയായിരുന്നു.
ഉള്ളെരിയിച്ച വിശപ്പെല്ലാം കെട്ടു പോയിരിക്കുന്നു.
കൈകുടഞ്ഞു കൊണ്ടവൻ എഴുന്നേറ്റ് പാത്രമെടുത്ത് വെച്ചു.

കൈകഴുകി  വെള്ളമെടുത്ത് കുടിച്ചിട്ട് അടുക്കള വിട്ടിറങ്ങി..

മുറിയിലേക് പോകാൻ തോന്നാതെ ഉമ്മറത്തേക്കിറങ്ങി.പിന്നെയത് മുറ്റം കടന്ന് റോഡിലേക്കായി.

ആളൊഴിഞ്ഞു പോയിട്ടൊന്നുമില്ല..
ഒറ്റയ്ക്ക് നടക്കുമ്പോൾ അവന് മുരുകനെ മിസ് ചെയ്യുന്നുണ്ടായിരുന്നു.

എതിരെ വരുന്നവർക്ക് പലർക്കും മല്ലിയെ കുറിച്ചറിയണം.

അവർക്കുള്ള മറുപടി പറയുമ്പോഴും അന്നവിടെ കൊടുത്തിട്ട് പോന്നാ കാശിനെ ഓർത്തു കൊണ്ടവന്റെ സമാധാനം നഷ്ടം വന്നു കഴിഞ്ഞിരുന്നു.

                                💜💜

എന്നിട്ട് നീയെന്തു പറഞ്ഞു..?

ലിസിയൊരു ചിരിയോടെ  മിത്രയുടെ തലയിൽ തലോടി.

“അതിന് ഞാൻ പറയുന്നത് കേൾക്കാൻ അവൻ നിന്നില്ലല്ലോ..”
മിത്രക്കപ്പോഴും എബിൻ അങ്ങനെ പറഞ്ഞത് വിശ്വാസം വരാത്തത് പോലായിരുന്നു.

“നിന്നിരുന്നെങ്കിൽ നീയെന്ത് പറഞ്ഞേനെ..”
ലിസി ചോദിക്കുമ്പോൾ മിത്ര ഒരു നിമിഷം മിണ്ടിയില്ല.

“ഒരു കല്യാണത്തിനെ കുറിച്ചൊന്നും ഞാനിത് വരെയും ആലോചിച്ചു നോക്കിയിട്ട് പോലുമില്ല ആന്റി.. എനിക്ക് കുറച്ചു കൂടി കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്..”
മിത്ര പറയുന്നത് കേട്ടിട്ട് ലിസിക്ക് ചിരിയാണ് വന്നത്.

“അതിനിപ്പോ എന്തിനാ ചിരിക്കുന്നത്..”
അവൾ അവരുടെ മടിയിൽ നിന്നും എഴുന്നേറ്റു.

“അപ്പൊ എബിയെ ഇഷ്ടമില്ലാഞ്ഞിട്ടല്ല..”

“അവനോട് ഇഷ്ടകേട് തോന്നേണ്ട കാര്യമെന്താ.. എബി നല്ല പയ്യനല്ലേ..?”
മിത്ര മുഖം ചുളിച്ചു.

“അതേലോ.. നല്ല പയ്യനാ.. അവന്റെ പപ്പയും മമ്മിയും അതേ.. നല്ല കുടുംബം.. നല്ല ചുറ്റുപാട്.. നമ്മളൊന്ന് പപ്പയോടു പറഞ്ഞു നോക്കണോ..”
ലിസിയാന്റിക്ക് കള്ളത്തരം.
മിത്ര അത് കണ്ടു കണ്ണുരുട്ടി.

“എന്നാണോ ഞാൻ പറഞ്ഞത്.. അവനെ എനിക്കിഷ്ടമാണ്.. അഭിയോടുള്ളത് പോലെ.. എന്റെ മറ്റുള്ള കസിൻസ് കൂട്ടത്തിലെ ഓരോരുത്തരെയും പോലെ എനിക്കവനെ ഇഷ്ടമാണ്.. അത് പക്ഷേ ജീവിതത്തിൽ കൂടെ കൂട്ടാവുന്ന വിധമുള്ള ഒരിഷ്ടമല്ല.. അവനെ പോലെ ഒരാളല്ല എന്റെ സങ്കൽപം..”

മിത്ര ക്കുമുണ്ട് ഇപ്രാവശ്യം ചെറിയൊരു കള്ളത്തരം.

“ആഹാ.. കൊള്ളാലോ.. സ്വന്തമായിട്ട് സങ്കൽപങ്ങളൊക്കെയുള്ള കുട്ടിയാണ് ല്ലേ..”
അവരവരുടെ താടിയിൽ പിടിച്ചൊന്ന് ഓമാനിച്ചു.

“പോ ആന്റി.. കളിയാക്കാതെ..”
അവളാ കൈക്കൊരു കുഞ്ഞു തട്ട് വെച്ചു കൊടുത്തു.

“എന്നാ പിന്നെ വെച്ചു താമസിപ്പിക്കാതെ ആ കൊച്ചിനോട് നീ അത് പറയണം കേട്ടോ.. അവന് കൂടുതൽ പ്രതീക്ഷ കൊടുക്കരുത്.. അത് തെറ്റാണ്..”

“അവനോട് ഞാനത് പറയുന്നുണ്ട് ആന്റി.. അവനത് പറഞ്ഞാൽ മനസിലാവും..”
മിത്ര ക്കപ്പോഴും വിശ്വാസമുണ്ടായിരുന്നു ആ കാര്യത്തിൽ.

ലിസി അതിനുത്തരമൊന്നും പറഞ്ഞില്ല.
അതവൾ തന്നെ ഡീല് ചെയ്യട്ടെ എന്നാണ് എപ്പോഴത്തെയും പോലെ അവർ കരുതിയത്.

                               💜💜

വെളുപ്പിനെ അലറാം അടിച്ചത് കേട്ടിട്ടാണ് വിശ്വാ ഉണർന്നത്.

പാതിരാത്രിയെപ്പഴോ വന്നു കിടക്കുമ്പോഴും ഹൃദയം ഉമി തീ പോലെ നീറുന്നുണ്ടായിരുന്നു.

കാലങ്ങളോളം ഇതിനി തന്റെ വിധിയാണ്,
അല്ലെങ്കിൽ നാളെ തന്നെ അഞ്ചു ലക്ഷം എണ്ണി കൊടുത്തിട്ട് എനിക്കിത് പോലൊരു ചതി ചെയ്യാൻ പറ്റില്ലെന്ന് പറയാൻ പറ്റണം.

മല്ലിയെ  മറന്നു കളയണം.

മുരുകനെ കണ്ടില്ലെന്ന് നടിക്കണം.

അതിനൊരിക്കലും കഴിയാത്തിടത്തോളം കാലം..

അതിനേക്കാൾ വലിയൊരു വെല്ലുവിളിയാണ് അമ്മ.

ഓരോ നോട്ടവും വാക്കുകളും നെഞ്ചിൽ ആഴ്ന്ന് പോകും വിധമാണ്.

വിശ്വാ തലയൊന്ന് കുടഞ്ഞു കൊണ്ട് എഴുന്നേറ്റു.

ഇനിയതൊന്നും ഓർത്തോണ്ടിരിക്കാൻ വയ്യ.

വരുന്നിടത്തു വെച്ചു കാണാം.

കുസുമം എഴുന്നേൽക്കുമെന്ന് കരുതി ലൈറ്റ് ഇടാതെയാണ് അവൻ അടുക്കളയിലേക്ക് ചെന്നത്.

അവരുടെ ഉറക്കം കളയേണ്ടന്ന് കരുതിയല്ല. ആ മുഖത്തു നോക്കാൻ വയ്യ..

പക്ഷേ വിശ്വാ കുളിച്ചു ചെല്ലുമ്പോൾ കുസുമം അടുക്കളയിലുണ്ട്.

ഒന്നും മിണ്ടാതെ വിശ്വാ അകത്തേക്ക് കയറി പോയി.

അവനൊരുങ്ങിയിറങ്ങി വരുമ്പോൾ കയ്യിലൊരു ഗ്ലാസ്‌ ചായയും കൊണ്ടവർ വീണ്ടും അവന് മുന്നിലെത്തി.
അപ്പോഴെല്ലാം വിശ്വാക്ക് വല്ലാത്തൊരു വീർപ്പു മുട്ടൽ അനുഭവപ്പെടുന്നുണ്ട്.

“പോയി..”
ഒറ്റ വലിക്കത് പാതി കുടിച്ചു തീർത്തിട്ട് വണ്ടിയുടെ ചാവിയുമായി വിശ്വാ ധൃതിയിലിറങ്ങി പോയി..

യാത്രയിലുടനീളവും അവന്റെ ചിന്തകളിൽ കുസുമവും അവരുടെ വാക്കുകളും അസ്വസ്ഥത പടർത്തി.

പുലർച്ചെയുള്ള കുളിരുണ്ട്.
പക്ഷേ അതൊന്നും അവനുള്ളിലേക്ക്  കടന്നു ചെല്ലുന്നില്ല.

എരി തീയിലെന്നത് പോലെയാണ് അവനാ ആശുപത്രിയിലേക്ക് എത്തിപ്പെട്ടത്.
ചെല്ലുമ്പോൾ ഗേറ്റിനരികിൽ തന്നെ മുരുകൻ നിൽപ്പുണ്ട്.

തന്നെ കാത്തുള്ള ആ നിൽപ്പ്… അത് കണ്ടതും വിശ്വായുടെ ഉള്ളിലുള്ള തീയിലൽപ്പം വെള്ളമൊഴിച്ചത് പോലൊരു ആശ്വാസമാണ് തോന്നിയത്.

“ഉറങ്ങിയില്ലേടാ ഇന്നലെ..”
ബൈക്കൊരു മൂലയിൽ നിർത്തിയിട്ട് വിശ്വാ ചോദിക്കുമ്പോൾ. മുരുകൻ ഓടി കൊണ്ടവന് മുന്നിലെത്തി.

“എനിക്കെന്തോ പോലെ..”

അവനരികിൽ വന്നു നിന്നിട്ട് മുരുകൻ പറയുമ്പോൾ വിശ്വാ അവന്റെ കയ്യിൽ അമർത്തി പിടിച്ചു..

“ഞാൻ വന്നില്ലേ ഡാ..”

അവന്റെയാ ചോദ്യം..
ഇനി നീ ഭയക്കേണ്ട എന്നത് പോലുള്ള ആ ചേർത്ത് പിടിക്കൽ.. മുരുകന്റെ സങ്കടം കൂടുകയാണ് ചെയ്തത്.
പക്ഷേ വിശ്വായത് കണ്ടില്ലെന്ന് നടിച്ചു.

ഡോക്ടർ പറഞ്ഞ സമയത്തിന് ഇനിയും അര മണിക്കൂർ കൂടിയുണ്ട്.

ഒരു ചായ കുടിച്ചിട്ട് പോകാമെന്നു പറഞ്ഞു കൊണ്ട്.. മുരുകന്റെ കയ്യും പിടിച്ചിട്ട് വിശ്വാ റോഡിന്റെ മുറുവശത്തുള്ള തട്ടുകടയുടെ നേരെ ചെന്നു.

അതിനിടയിലും മുരുകൻ എന്തൊക്കെയോ പറയാൻ ശ്രമിച്ചു.
പക്ഷേ അപ്പോഴൊക്കെയും വിശ്വാ വിഷയം മാറ്റി വിടും.

“വിശ്വാ.. എനിക്കിത് സഹിക്കാൻ വയ്യെടാ..”
ഒടുവിൽ ആശുപത്രിയിലേക്ക് കയറും മുന്നേ മുരുകൻ വിശ്വായുടെ കയ്യിൽ പിടി മുറുകി.

“കുറച്ചു നേരമായി മുരുകാ ഞാനിത് സഹിക്കുന്നു. നിനക്ക് വേദനിക്കുമെന്ന് കരുതി എന്റെ പരമാവധി ഞാൻ ക്ഷമിച്ചു.. സഹിച്ചു. പക്ഷേ.. ഇനിയും എനിക്കത് വയ്യ.. നിന്നോട് ഞാൻ കാണിച്ച നീതി.. നീ ഇനി അത് എന്നോടും കാണിക്കെടാ..അത് കൊണ്ട് ഇനി ഇതിനെ കുറിച്ച് പറഞ്ഞിട്ട് ദയവ് ചെയ്തു നീ എന്നെയും വേദനിപ്പിക്കരുത്..പ്ലീസ്..”

പിടി ച്ചു നിൽക്കാൻ വയ്യെന്നത് പോലെ വിശ്വാ പല്ലുകൾ കടിച്ചു പിടിച്ചത് പറഞ്ഞു കൊണ്ട് മുരുകന്റെ മുന്നിൽ കൈകൾ കൂപ്പി..

“മല്ലിയെ.. അവളെ കുറിച്ച് മാത്രമോർക്ക് നീ.. അവളുടെ ജീവൻ തിരികെ പിടിക്കാനുള്ള യുദ്ധമാണ് അൽപ്പം സമയം കൂടി കഴിഞ്ഞാൽ നടക്കാൻ പോണത്.. അതിനെ കുറിച്ചോർക്ക്.. അവൾ നന്നായി തന്നെ തിരിച്ചു വരാൻ പ്രാർത്ഥന നടത്ത്. വേറൊന്നും ഓർക്കേണ്ട.. അതിനെയെല്ലാം അതിന്റെ വഴിക്ക് വിട് നീ…”

മുരുകനെ ഒന്നാകെ പുണർന്നു കൊണ്ടത് പറഞ്ഞിട്ട് വിശ്വാ ധൃതിയിൽ മുന്നോട്ടു നടന്നു..
അവൻ ചെല്ലുമ്പോൾ മല്ലിയെ ഒരു പച്ച ഡ്രസ്സ് അണിയിച്ചു കിടത്തിയിട്ടുണ്ട്.
ഒക്സിജൻ മാസ്ക് വെച്ച മുഖത്ത് വിശ്വായെ കണ്ടപ്പോഴുള്ള തിളക്കം.

“പേടിക്കേണ്ട ട്ടോ. മിടുക്കിയായിട്ട് പോയിട്ട് വാ.. “
ആ അരികിലേക്കിരുന്നു കൊണ്ടവൻ പറയുമ്പോൾ അവനൊട്ടും പ്രതീക്ഷിക്കാതെ
മല്ലി കൈ കൂപ്പി കാണിച്ചതും വിശ്വാ ഇരുന്നിടത്ത് നിന്നും ചാടി എഴുന്നേറ്റു..

“മല്ലി..”
അവന്റെ സ്വരമുയർന്നു.

ശാസനയോടെ അവളെ വിളിക്കുന്നതിനൊപ്പം രൂക്ഷമായി അവൾക്കരികിൽ നിൽക്കുന്ന ഷെൽവണ്ണനെയും ശാന്തിയെയും നോക്കിയിട്ട് അവൻ വീണ്ടും മല്ലിയുടെ നെറുകയിൽ തഴുകി..

“ഒന്നുല്ലെടാ… ഏട്ടന്റെ കടമയാണ്..”

അത്രയും പറഞ്ഞു കൊണ്ടവൻ പുറത്തേക്ക് ചെല്ലുമ്പോൾ കുനിഞ്ഞു പോയ മുഖത്തോടെ മുരുകനുണ്ട് അവന് പിന്നിൽ..

മല്ലിയോട് കൂടി പറഞ്ഞു ല്ലേ.. “
അവനെ കടന്ന് പോകുമ്പോൾ വിശ്വാ  പല്ല് കടിച്ചു കൊണ്ട് ചോദിച്ചു..

മുരുകനപ്പോഴും ഒന്നും മിണ്ടിയില്ല..

പറഞ നേരത്ത് തന്നെ ഡോക്ടർ ആശുപത്രിയിലെത്തി.

മല്ലിക്ക് നല്ല ടെൻഷനുണ്ടായിരുന്നു.
അവളെക്കാൾ തളർച്ചയിലാണ് ഷെൽവണ്ണനും ശാന്തിയും നിൽക്കുന്നത്.

വിശ്വാ ദേഷ്യപ്പെട്ടിട്ടാണ് അവരവളുടെ മുന്നിൽ നിന്നും കരച്ചിലൊതുക്കിയത്.

യാത്ര പറഞ്ഞു കൊണ്ടാകത്തേക് പോകുമ്പോൾ മല്ലി വിശ്വായെ തിരിഞ്ഞു നോക്കുന്നുണ്ട്..

ആ നിമിഷം അവളെക്കാൾ ശ്വാസം കിട്ടാതെ പിടഞ്ഞത് അവനായിരുന്നു..

തുടരും…

One comment

Leave a Reply

Your email address will not be published. Required fields are marked *