ഒരു ക്യാമ്പസ് പ്രണയകഥ

രചന ….Daksha & Amritha

കോളേജ് ക്യാമ്പസ്… വൈകുന്നേരത്തെ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. അന്തരീക്ഷം ഒരു സിനിമ സീൻ പോലെ മനോഹരം. ബെഞ്ചിലിരുന്ന് അഭിജിത്ത് അലനോട് ചോദിച്ചു.

“അലൻ, ഇന്നലെ ലൈബ്രറിയിൽ വെച്ച് കണ്ട ആ കുട്ടി ആരാ?”

അഭിജിത്തിന്റെ പുഞ്ചിരി കണ്ട് അലൻ ചിരിയോടെ പറഞ്ഞു. “അയ്യോ, നീ വീണ്ടും തുടങ്ങിയോടാ! അവളാണ് ആരാധ്യ. ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റാണ്. പക്ഷേ, അവളെ സമീപിക്കുന്നത് അത്ര എളുപ്പമല്ല. അവൾക്ക് നല്ല **ആറ്റിറ്റ്യൂഡ് ഉണ്ടെന്നാണ് ഞാൻ അന്വേഷിച്ചപ്പോൾ അറിഞ്ഞത്. വൈകയാണ് അവളുടെ ബെസ്റ്റ് ഫ്രണ്ട്.”

താൻ പോലും അറിയാത്ത കാര്യങ്ങൾ അലൻ പറഞ്ഞപ്പോൾ അഭിജിത്ത് അത്ഭുതത്തോടെ അവനെ നോക്കി.

“എന്താടാ നീ ഇങ്ങനെ നോക്കുന്നത്?” അലൻ ചോദിച്ചു.

“എൻ്റെ കൂടെ നടക്കുന്ന നീ ഞാൻ പോലും അറിയാതെ ഇത്രയും കാര്യങ്ങൾ എങ്ങനെ മനസ്സിലാക്കി?” അഭിജിത്ത് സംശയത്തോടെ ചോദിച്ചു.

“ഒന്നുമല്ലെങ്കിലും ഞാൻ നിൻ്റെ ബെസ്റ്റ് ബഡി അല്ലേടാ. നിൻ്റെ മനസ്സിലിരിപ്പ് എനിക്ക് അറിയാൻ പറ്റും. നീ മനസ്സിൽ കാണുന്നത് ഞാൻ മാനത്ത് കാണും.” അലൻ കളിചിരിയോടെ പറഞ്ഞു.

അഭിജിത്ത് നാണത്തോടെ ചിരിച്ചുകൊണ്ട് മുഖം താഴ്ത്തി.


അങ്ങനെ ഇന്റർവെൽ ആയി.

ലൈബ്രറിയിൽ ഒരു ബുക്കെടുത്ത് അഭിജിത്ത് ആരാധ്യയുടെ എതിർവശത്ത് ചെന്നിരുന്നു. അവൻ അവളെ നോക്കുന്നത് ആരാധ്യ കാണുന്നുണ്ടായിരുന്നു. എങ്കിലും അവൻ അവളിൽ മുഴുകിയിരിക്കുകയായിരുന്നു. കാറ്റിൽ അവളുടെ നീളൻ മുടികൾ മുഖത്തേക്ക് വീഴുന്നു. പനിനീർ പോലെയുള്ള അവളുടെ ചുണ്ടുകൾ… കടുംകാപ്പി നിറമുള്ള മിഴികൾ… അവനെയവൾ മത്തുപിടിപ്പിക്കുകയായിരുന്നു.

“പുസ്തകം എൻ്റെ മുഖത്താണോ?” അവൻ നോക്കുന്നത് കണ്ട് ആരാധ്യ ചോദിച്ചു.

“എനിക്ക് വായിക്കാനുള്ള പുസ്തകം നിൻ്റെ കണ്ണാണ് ആരാധ്യ.” അവൻ അവളുടെ കണ്ണിലേക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

അവൾക്ക് അത് ഇഷ്ടപ്പെട്ടില്ല. അവൾ അവിടെ നിന്ന് എഴുന്നേറ്റ് പുസ്തകം തിരികെ വെച്ച് പോയി. നടന്ന കാര്യങ്ങൾ അവൾ വൈഗയോട് പറഞ്ഞു.

“അവൻ ഒരു പ്ലേബോയ് ആണെന്ന് എനിക്ക് തോന്നുന്നില്ല. അവൻ നിന്നെ ശരിക്കും സ്നേഹിക്കുന്നുണ്ടാവാം.” വൈഗ പറഞ്ഞു.

ആരാധ്യ അതിനൊന്ന് മൂളുക മാത്രം ചെയ്തു.


പിറ്റേന്ന്, ലൈബ്രറിയിൽ വെച്ച് ആരാധ്യ അഭിജിത്തിനോട് പറഞ്ഞു. “ദയവായി എന്നെ ഫോളോ ചെയ്യരുത്. എനിക്ക് താൽപര്യമില്ല.”

“ഞാൻ എപ്പോഴും നിനക്കായി കാത്തിരിക്കും. നിൻ്റെ ഒരു സമ്മതം മാത്രം മതി എനിക്ക്. ഞാൻ കാത്തിരിക്കുകയാണ്.” അഭിജിത്ത് അത്രയും പറഞ്ഞ് ലൈബ്രറിയിൽ നിന്നും ഇറങ്ങിപ്പോയി.

അവളുടെ വാക്കുകൾ അവനിൽ വലിയ വിഷമം ഉണ്ടാക്കി. അന്ന് അലൻ കോളേജിൽ വന്നിരുന്നില്ല.


രാത്രി, ഫോണിൽ അലനെ വിളിച്ചു അഭിജിത്ത് ചോദിച്ചു. “ഡാ അലൻ, നീയെവിടെയാണ്?”

“ഞാൻ വീട്ടിലുണ്ട്.”

“നീയെന്താ ഇന്ന് കോളേജിൽ വരാതിരുന്നത്?”

“ഒരു കസിൻ്റെ കല്യാണത്തിന് അമ്മയുടെ കൂടെ പോയതാ.” അലൻ ചിരിയോടെ പറഞ്ഞു.

“നീ അവിടെ സദ്യ ഉണ്ണാൻ നടന്നോ!” അഭിജിത്ത് സങ്കടത്തോടെ പറഞ്ഞു.

“എന്താടാ, എന്തുപറ്റി?” അലൻ ആകാംഷയോടെ ചോദിച്ചു.

അഭിജിത്ത് നടന്നതെല്ലാം അലനോട് പറഞ്ഞു.

“ഡാ, എനിക്കൊരു കോൾ വരുന്നു. ഒന്ന് വെയിറ്റ് ചെയ്യ്.” അതും പറഞ്ഞ് അലൻ ഫോൺ കട്ട് ചെയ്തു.

കുറച്ച് നേരം കഴിഞ്ഞപ്പോൾ അലൻ തിരിച്ച് വിളിച്ചു.

“ഡാ, എന്തായാലും ഇത്രയും നടന്ന സ്ഥിതിക്ക് നമുക്ക് പുറത്തുപോയി ഒരു ചായ കുടിച്ചിട്ട് വരാം.”

“നീയെന്താടാ പന്നി, എന്നെ കളിയാക്കുവാണോ?” അഭിജിത്ത് ദേഷ്യത്തോടെ ചോദിച്ചു.

“അല്ലെടാ, പ്ലീസ് വാ. നമുക്കൊന്ന് പോയിട്ട് വരാം. പ്ലീസ്.”

“മ്മ്…” അഭിജിത്ത് മൂളി.

“എങ്കിൽ ഒരു 15 മിനിറ്റ്. ഞാൻ ഇപ്പോൾ റെഡിയാകും. നീ എന്നെ പിക് ചെയ്യാൻ വാ.”

“ഓകെ ഡാ.” അഭിജിത്ത് ഫോൺ കട്ട് ചെയ്തു.

അതേസമയം ആരാധ്യയും വൈഗയും കോളേജ് ആന്വൽ ഡേ സെലിബ്രേഷന്റെ റിഹേഴ്സൽ കഴിഞ്ഞ് വരികയായിരുന്നു. വൈഗയ്ക്ക് ഒരു കോൾ വന്നു. പക്ഷേ, അവളത് എടുത്തില്ല.

“എടീ, ഇതാരാ? കുറേ നേരമായി വിളിക്കുന്നുണ്ടല്ലോ.” തുടർച്ചയായി കോൾ വരുന്നത് കണ്ട് ആരാധ്യ ചോദിച്ചു.

“ഒന്നുമില്ലെടീ. ഞാൻ നിൻ്റെ പുറകിലുണ്ട്. നീ മുന്നിൽ പൊക്കോളൂ.” പതുങ്ങിയ ശബ്ദത്തിൽ വൈഗ പറഞ്ഞു.

ആരാധ്യ തലയാട്ടി മുന്നോട്ട് നടന്നു.


അതേസമയം അഭിജിത്തും അലനും ബൈക്കിൽ വരികയായിരുന്നു. അലൻ്റെ ഫോൺ റിങ് ചെയ്തു. അവൻ അഭിജിത്തിനോട് ബൈക്ക് നിർത്താൻ പറഞ്ഞു.

“എന്താടാ, എന്തുപറ്റി?” അഭിജിത്ത് ചോദിച്ചു.

“ഒന്നും പറ്റിയില്ലെടാ. ഇനി നമുക്ക് കുറച്ച് നടക്കാം. നമ്മുടെ കോളേജിനടുത്തുള്ള പാട്ടിയമ്മയുടെ കടയിൽ നിന്ന് ചായ കുടിച്ചാൽ മതി.” അലൻ ചിരിയോടെ പറഞ്ഞു.

“അതെന്താടാ, പാട്ടിയമ്മയുടെ ചായയേ നിനക്ക് ഇറങ്ങത്തുള്ളോ?” അഭിജിത്ത് ചിരിച്ചുകൊണ്ട് ചോദിച്ചു.

“ഡാ കോപ്പേ, ഇപ്പോൾ നമുക്ക് അവിടെ പോയാൽ മതി.” അലൻ പറഞ്ഞു.

“ശരി, വാ പോകാം.” എന്ന് പറഞ്ഞ് അഭിജിത്ത് നടന്നു.

“നീ ഫ്രണ്ടിൽ നടക്ക്. ഞാൻ നിൻ്റെ പുറകെ വരാം.” അലൻ പറഞ്ഞു.

“നീ എന്തെങ്കിലും ചെയ്യ്.” അതും പറഞ്ഞ് അഭിജിത്ത് നടന്നു.

അപ്പോൾ അലൻ തൻ്റെ ഫോണിൽ നേരത്തെ വിളിച്ച നമ്പറിലേക്ക് തിരിച്ചുവിളിച്ചു. ആ കോൾ എടുത്തത് വൈഗയായിരുന്നു. അതേ, ഇതെല്ലാം അവർ രണ്ടുപേരുടെയും പ്ലാനായിരുന്നു.

“ഡീ, ഇവിടെയെല്ലാം ക്ലിയറാണ്. ആരാധ്യ കൂടെയുണ്ടല്ലോ, അല്ലേ?” അലൻ ചോദിച്ചു.

“അവൾ എൻ്റെ കൂടെയുണ്ട്. അപ്പോൾ പറഞ്ഞതുപോലെ എല്ലാം ഇന്ന് സെറ്റ് ആക്കണം.” അവൾ പറഞ്ഞു.

“ഇന്ന് നമ്മൾ എല്ലാം സെറ്റ് ആക്കും.” അതും പറഞ്ഞ് അലൻ കോൾ കട്ട് ചെയ്തു.

ഈ സമയം വൈഗയ്ക്കും ആരാധ്യയ്ക്കും മുന്നിൽ രണ്ട് ബൈക്കുകൾ വന്നു നിന്നു. ആരാധ്യയെ കുറെ നാളുകളായി ശല്യം ചെയ്തിരുന്ന അക്ഷയ് ആയിരുന്നു അവരിലൊരാൾ.

“കുറെ നാളായല്ലോടീ കണ്ടിട്ട്. നീ ഒന്നുകൂടെ മിനുങ്ങിയിട്ടുണ്ടല്ലോ.” അവൻ വൃത്തികെട്ട രീതിയിൽ നോക്കിക്കൊണ്ട് പറഞ്ഞു.

ആരാധ്യ പകച്ചുനിന്നു. അക്ഷയ് അവളുടെ അടുത്തേക്ക് വന്ന് മുടിയിൽ പിടിച്ച് ചോദിച്ചു, “നീയെന്താടീ വിചാരിച്ചേ? എൻ്റെ കൈയിൽ നിന്ന് രക്ഷപ്പെടാമെന്നോ?”

അത് കണ്ട വൈഗ ഓടിച്ചെന്ന് അവൻ്റെ കൈ തട്ടിമാറ്റാൻ ശ്രമിച്ചപ്പോൾ അവൻ വൈഗയുടെ മുഖത്ത് ആഞ്ഞടിച്ചു. ആ അടിയിൽ അവൾ നിലത്ത് വീണു.

നിലത്തുനിന്ന് വൈഗ നോക്കുമ്പോൾ അഭിജിത്തും അലനും അവർക്ക് നേരെ നടന്നു വരുന്നു. അലൻ വൈഗയെ പിടിച്ച് എഴുന്നേൽപ്പിച്ചു. അതേസമയം ഇടിമിന്നലോടുകൂടി മഴ പെയ്തു. അഭിജിത്തിൻ്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകി.

അവൻ അക്ഷയിക്ക് നേരെ പാഞ്ഞടുത്തു. അഭിജിത്ത് വരുന്നത് കണ്ട് അക്ഷയ് ആരാധ്യയുടെ മുടിയിലെ പിടി വിട്ട് പുറകിലേക്ക് മാറി നിന്നു. അഭിജിത്ത് പാഞ്ഞുവന്ന് അക്ഷയുടെ നെഞ്ചത്ത് ചവിട്ടി. ആ ചവിട്ടിൽ അക്ഷയ് തെറിച്ച് താഴെ വീണു.

“ഇവൾ എൻ്റെ പെണ്ണാണ്. ഇനി എൻ്റെ പെണ്ണിൻ്റെ നേരെ നിൻ്റെ നിഴൽ പതിഞ്ഞാൽ കൊന്നുകളയും പന്നീ നിന്നെ ഞാൻ!” അവൻ ആരാധ്യയെ ചേർത്തുനിർത്തിക്കൊണ്ട് അക്ഷയ്ക്ക് നേരെ വിരൽ ചൂണ്ടി പറഞ്ഞു.

“പോയി അടിയെടാ അവനെ!” അക്ഷയ് അലറിക്കൊണ്ട് പറഞ്ഞു.

അവന്മാർ അഭിജിത്തിന് നേരെ പാഞ്ഞു. അഭിജിത്തും അലനും ചേർന്ന് അവരെ നിലംപരിശാക്കി. അതുകഴിഞ്ഞ് അക്ഷയെയും കൂട്ടരെയും പോലീസിൽ ഏൽപ്പിച്ചു.


പിന്നീട് ഹോസ്പിറ്റലിൽ വൈഗയ്ക്ക് കൈയിൽ ഒരു ചെറിയ മുറിവ് മാത്രമാണ് ഉണ്ടായത്.

“ആദ്യമായി എൻ്റെ മനസ്സിൽ കയറിയ പെണ്ണാണ് നീ. അങ്ങനെ എനിക്ക് നിന്നെ വിട്ടു കളയാൻ പറ്റുമോ പെണ്ണേ?” അഭിജിത്ത് ആരാധ്യയുടെ കണ്ണിലേക്ക് നോക്കി പറഞ്ഞു.

അവൻ അത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ അവനെ വാരിപ്പുണർന്നു.

“ഐ ലവ് യൂ അഭിജിത്ത്.” അവൾ അവൻ്റെ ചെവിയിൽ പതിയെ പറഞ്ഞു.


ഒരു മാസം കഴിഞ്ഞ്…

അവരുടെ വിവാഹമാണ്. വിവാഹ സാരിയിൽ വരുന്ന അവളെ അവൻ മതിമറന്ന് നോക്കിക്കൊണ്ടിരുന്നു. തൻ്റെ പ്രണയത്തെ അവൻ സ്വന്തമാക്കി.


രാത്രി… മുറിയിൽ ദീപങ്ങളുടെ മൃദുലമായ വെളിച്ചം. മഴയുടെ ശബ്ദം കനത്തു. പക്ഷേ, ഉള്ളിൽ ഹൃദയമിടിപ്പ് മാത്രം ഉയർന്നു കേൾക്കാം. അവൻ അവളുടെ അടുത്തേക്ക് വന്ന് കഴുത്തിൽ മൃദുവായി ചുംബിച്ചു. അവൾ ഒരു വിറയലോടെ കണ്ണുകൾ അടച്ചു.

“അഭിജിത്ത്…” എന്ന് മന്ത്രിച്ചു.

അവൻ അവളുടെ ചെവിയിൽ ചുംബിച്ച് പതിയെ പറഞ്ഞു, “യു ആർ മൈൻ… ഫോർഎവർ.”

ആരാധ്യ അവൻ്റെ ഷർട്ടിൽ പിടിച്ച് അവനെ ഒന്നുകൂടി തന്നിലേക്ക് അടുപ്പിച്ചു. ആ രാത്രി അവരുടെ മൗനവും മഴയുടെ ശബ്ദവും മാത്രം സാക്ഷ്യം. എല്ലാ അർത്ഥത്തിലും അവൾ അവൻ്റെ സ്വന്തമായി.


അടുത്ത ദിവസം രാവിലെ…

അവൾ അവൻ്റെ ഷർട്ട് ധരിച്ച് നാണം മറച്ച് ബാൽക്കണിയിൽ നിൽക്കുകയായിരുന്നു. അഭിജിത്ത് പിന്നിൽ നിന്ന് അവളെ കെട്ടിപ്പിടിച്ച് തോളിൽ ചുംബിച്ചു.

“ലാസ്റ്റ് നൈറ്റ് വാസ് അവർ ഫോർഎവർ ബിഗിനിങ്.” അവൻ അവളുടെ ചെവിയിൽ മന്ത്രിച്ചു.

“ഇഫ് ഇറ്റ്സ് എ ഡ്രീം, ലെറ്റ് മീ നെവർ വേക്ക് അപ്പ്.” ആരാധ്യ അഭിജിത്തിനെ നോക്കി പറഞ്ഞു.

ഇനി ഇണക്കവും പിണക്കവുമായി അവർ സന്തോഷത്തോടെ ജീവിക്കട്ടെ.

ശുഭം.

Leave a Reply

Your email address will not be published. Required fields are marked *