രചന …ഫസൽ റിച്ചു മമ്പാട്
ഷാൻ ഹോസ്പിറ്റലിൽ കഴിഞ്ഞിരുന്ന അത്രയയും നാൾ ഉപ്പതന്നെ ആയിരുന്നു അവനു കൂട്ടായി ഹോസ്പിറ്റലിൽ അവന്റെ കൂടെയുണ്ടായിരുന്നത്.
വീട്ടിൽ തിരിച്ചെത്തിയ ഹാജിയുടെ സ്വഭാവം പാടെ മാറിയപോലെ ഭാര്യ സൈനബക്ക് തോന്നി.
പണ്ടത്തെ പോലെ ഗൗരവം തീരെയില്ല ചാരുകസാരയോട് ചേർന്ന് പിന്നെ ഇരട്ടക്കുഴൽ ഇല്ല തോട്ടത്തിലെ പണിക്കാരുടെ അടുത്തു പോവാറില്ല.
ആദ്യമായിട്ടാണ് കെട്ടിയോളെ സൈനാ എന്നു വിളിക്കുന്നത്.
എന്തേയ് എന്നു ചോദിച്ചു സൈനബ കോലായിലേക്ക് നടന്നു എന്താണ് ഇയാൾക്ക് പറ്റിയത്.?
സെയ്‌നാ ബാ ഇരിക്ക് ഹാജിയുള്ളപ്പോ വെറുതെകൂടെ ഉമ്മറത്തേക്ക് പോവാറില്ലാത്ത സൈനബ ആദ്യമായി അയാളുടെ മുന്നിലെ തിണ്ടിന്മേലെ കയറിയിരുന്നു.
ഹാജി നെടുവീർപ്പിട്ടു സൈനാ തെറ്റുപ്പറ്റിയോ ഡി എനിക്ക് എന്നു ചോദിച്ചു.
ഭാര്യ മറുപടി പറയാതെ മുറ്റത്തെ തെങ്ങിൻ ചുവട്ടിലേക്കു നോക്കി കണ്ണു തുടച്ചു നെടുവീർപ്പിട്ടു.
ഓന് എന്റെകയ്യീന്നു അടിമാത്രമേ കിട്ടീട്ടുള്ളു ഓന്റെ ചെറുപ്പത്തിൽ ഓൻ അടക്ക കട്ടതും വിറ്റതുമൊക്കെ ഞാൻ ഓന് വേണ്ടപോലെ ഒന്നും കൊടുക്കാത്തൊണ്ടാ.
അവർക്കൊക്കെ വേണ്ടിയല്ലേ ഞാനീ ആയുസ്മുഴുവൻ വെട്ടിപ്പിടിച്ചുണ്ടാക്കിയത് എന്നിട്ടും ഓനൊരു നാരങ്ങ വെള്ളം കുടിക്കാനുള്ള പൈസ ഞാൻ കൊടുത്തിട്ടില്ല.
മൂത്തോർക്കെല്ലാം വേണ്ടി എത്രയാ കായി ചിലവാക്കിയത് ഇനിയിപ്പോ ഞാനൊരു കാര്യം ചെയ്യാൻ പോവാണ് ഓന് മാത്രമല്ലെ
കുടുംബമാവാത്തത്.
ഓന്റെ നിക്കാഹ് നടത്താൻ പോവാണ് ഞാൻ എന്നിട്ട് എല്ലാവർക്കും ഉള്ളത് വീതിച്ചു കൊടുക്കണം.
വീതം വെക്കലൊക്കെ അവടെ നിൽക്കട്ടെ ഓന്റെ നിക്കാഹ് നമ്മക്ക് നടത്തണം ഇന്നാതെന്നെ ഓന് നല്ലബുദ്ധി വരുവൊള്ളൂ.
എന്നൊക്കെ ശരിയാ ഓന് ആരാ പെണ്ണ് കൊടുക്കുക നാടാകെ പറയിപ്പിച്ചില്ലേ ഓൻ എന്നു പറഞ്ഞു ഉമ്മ നെടുവീർപ്പിട്ടു.
പെണ്ണൊക്കെ ഉണ്ട് ഓൻ ഹൈദറിന്റെ മകനാ മക്കളെ മികവോണ്ടല്ല ഓന്റെ മൂത്തോരൊക്കെ കെട്ടിയതും കെട്ടിച്ചതും.
ഈ തറവാട്ടിലേക്കു വേണേൽ മലപ്പൊറത്തെ വല്യ തങ്ങള് തരും പെണ്ണിനെ അതിനെയോർത്തു ബേജാറില്ല പക്ഷെ അതിനു മുന്നേ ഓനെക്കൊണ്ട് എനിക്കൊരു പണിയുണ്ട്.
എന്ത് പണി.?
ഓനെയൊന്നു മെരുക്കി എടുക്കണം ആദ്യം കുറച്ചു ഉത്തരവാദിത്വം തലയിൽ വച്ചുകൊടുക്കണം നാളെ ഞാൻ ഗൂഡല്ലൂർ പോവാണ് ഷാനൂനേം കൊണ്ട്.
അവിടുത്തെ ചായയും കാപ്പിയും കുരുമുളകും ഇനി ഓൻ നോക്കിനടത്തട്ടെ.
ഭാര്യ ചിരിച്ചു അത് നന്നായി എന്നുപറഞ്ഞു.
നോട്ടക്കാരൻ കഴിഞ്ഞതവണ പോയനേരത്തും കാലിനുവയ്യാണ്ടായി കുന്നും മലയും കയറി നടക്കാൻ വയ്യാ എന്നു പറഞ്ഞതാ
പറഞ്ഞിട്ടും കാര്യമില്ല എത്ര കൊല്ലമായി ഓൻ നോക്കിനടത്തുന്നു അത്.
കുറെ അടിയും കച്ചറയും എനിക്കുവേണ്ടി ഉണ്ടാക്കിയതാ ഗൂഡലൂരിനെ ഓനൊറ്റക്ക് നിയന്ത്രിച്ച കാലമുണ്ട് അങ്ങോട്ടിറങ്ങുന്ന പാണ്ടികളെ പോലും വരച്ച വരയിൽ നിർത്തിയതാ ഓൻ ഇനി തല്കാലം തോട്ടം ഷാനവാസ് നോക്കട്ടെ എന്താ അന്റെ അഭിപ്രായം.
സൈനബ സന്തോഷത്തോടെ എണീറ്റ്
നന്നായി അത് നല്ലതാ ഓനും പഠിക്കട്ടെ ജീവിക്കാൻ എന്നു പറഞ്ഞു അകത്തേക്ക് പോയി.
മൂത്ത മകന് ഉപ്പ ഷാനവാസിനോട് അടുപ്പം ആയതു പിടിച്ചിട്ടില്ല അവനെ കാണുമ്പോഴെല്ലാം മുഖം തിരിച്ചു നടന്നു.
അവന്റെ കല്യാണത്തിന്റെ കാര്യം ചർച്ച ചെയ്തപ്പോഴും മൂത്ത ഇക്ക പരിഹസിച്ചു
അതിനു കട്ടും കള്ളുകുടിച്ചും നടക്കുന്ന ഇവന് ആരാ പെണ്ണ് കൊടുക്കുക എന്നു പറഞ്ഞു ചിരിച്ചു.
നിങ്ങൾക്കൊക്കെ പെണ്ണ് കിട്ടിയത് നിങ്ങളെ മിടുക്കുകൊണ്ടാണെന്നു തോന്നിയിട്ടുണ്ടോ ഹൈദറിന്റെ മക്കളായതുകൊണ്ടാണ്.
ഇവനെയും ഹൈദർ നുണ്ടാക്കിയതാ ഓന്റെ നിക്കാഹ് നടത്താനും ഇന്നെക്കൊണ്ടാവും
ഷാനവാസ് ചർച്ചകൾക്കൊന്നും നില്കാതെ ഉമ്മയോടൊത്തു അടുക്കളയിൽ കഞ്ഞികുടിച്ചു.
ഉപ്പ മൂത്ത മകൻ കേൾക്കാൻ പാകത്തിന് ശബ്ദം ഉയർത്തി എല്ലാവരും കേൾക്കുന്നുണ്ടല്ലോ അപ്പൊ കുറച്ചു കാര്യങ്ങളും കൂടെ തീരുമാനിക്കുവാണ്
മരിക്കുന്ന മുന്നേ നിങ്ങളെ എല്ലാവരെയും സ്വന്തം കുടുംബങ്ങളായി തിരിക്കുവാണ് ഇവന്റെ കല്യാണം കഴിഞ്ഞാൽ അത് നടത്തും .
പിറ്റേ ദിവസം ഉപ്പ ഷാനവാസിനെയും കൊണ്ട് ഗൂഡല്ലൂരിൽ തോട്ടത്തിലേക്ക് പോയി
പക്ഷെ ഷാനവാസ് രണ്ടുദിവസം ഗൂഡല്ലൂരിൽ നിന്ന് ആരോടും പറയാതെ കോഴിക്കോട്ടേക്ക് ബസ്സ് കയറി.
പട്ടിണി കിടന്നും അലഞ്ഞും പാളയത്തുകൂടെ നടക്കുമ്പോൾ അവൻ അലിഭായിയെ കണ്ടു.
ആളാരാണെന്ന് അറിയില്ലെങ്കിലും ഷാൻ അലിക്കയോട് ചോറ് വാങ്ങിത്തരുമോ എന്ന് ചോദിച്ചു.
അലിക്ക അവനെയും കൊണ്ട് സ്വന്തം വീട്ടിലേക്ക് പോയി വീട്ടുകാരോടൊപ്പം ഇരുത്തി അവനന്ന് വിഭവങ്ങൾ ഏറെയുള്ള ഉച്ചയൂണ് കഴിച്ചു.
ആറ് വർഷത്തോളം തുടർച്ചയായി കോഴിക്കോടും പാളയത്തും അലിക്കയുടെ കൂടെ ഷാൻ സഹചാരിയായി നടന്നു.
പേരിന്റെ അറ്റത് നാട്ടുകാര് ഭായ് എന്ന് ചേർത്തുവിളിച്ചു.
ഉമ്മാക്ക് വയ്യാണ്ടായി എന്നറിഞ്ഞു അവൻ കാരക്കുന്നിലേക്ക് വണ്ടി കയറി ബസ്സിലല്ല സ്വന്തം ജീപ്പിൽ അവൻ കാരക്കുന്നൻ തറവാട്ടുമുറ്റത് പോയി നിന്നു.
കൊരമ്പയിൽ തറവാട്ടിലെ രണ്ടാമത്തെ മകളെ ഉപ്പ ഹൈദർ അവനുവേണ്ടി പെണ്ണുചോദിച്ചു.
കൂടുതൽ അഭിപ്രായങ്ങൾ ഒന്നുംതന്നെ ഇല്ലാതെ ഏറനാട്ടിലെ ഏറ്റവും വലിയ തറവാട്ടിലേക്കു സന്തോഷത്തോടെ അവർ അവളെ കല്യാണം കഴിച്ചയപ്പിച്ചു.
തറവാടിന്റെ ഓഹരി മുതലിൽ നിന്നും ഒന്നും തനിക്ക് വേണ്ട എന്നുപറഞ്ഞു ഷാൻ അവളെയും കൊണ്ട് സ്വന്തമായി പണിത വീട്ടിലേക്ക് താമസം മാറി…
അങ്ങനെ അവർ പാണ്ടിക്കാട്ടുകാർ ആയി.
ഒരിക്കൽ പാണ്ടിക്കാട് അങ്ങാടിയിൽ കൂട്ടുകാരോടൊത്തു ഷാൻ സംസാരിച്ചു നിൽക്കുമ്പോൾ പരിചയമില്ലാത്ത ഒരുപയ്യൻ വന്നു കയ്യിൽ കയറിപ്പിടിച്ചു.
ഷാൻ തിരിഞ്ഞു നോക്കി വിശന്നു പട്ടിണി കിടന്നു തളർന്ന അവൻ ഷാനിക്കയോട് ഭക്ഷണം വാങ്ങിത്തരുമോ എന്ന് ചോദിച്ചു.
ഷാനിക്കക്ക് ചിന്തകൾ കുറച്ചു വർഷം പുറകോട്ടു പോയി അവന്റെ മുഖത്ത് ഷാനിക്ക സ്വന്തം മുഖം കണ്ടു.
എന്താ അന്റെ പേര് എന്ന് ചോദിച്ചു.
അവൻ കിഷോർ എന്നു പറഞ്ഞു.
വണ്ടീൽ കേറ് എന്നു പറഞ്ഞു ഷാനിക്ക അവന്റെ പുറത്തു തട്ടി ജീപ്പിൽ കയറി
അവൻ ജീപ്പിന് സൈഡിൽ കയറിയിരുന്നു.
ഷാനിക്ക അവനോട് നിനക്ക് ജീപ്പോടിക്കാൻ അറിയോന്ന് ചോദിച്ചു അവൻ കഴിയും എന്നു പറഞ്ഞു.
അവനോട് ജീപ്പിൽ നിന്നിറങ്ങാൻ പറഞ്ഞു.
അവൻ ജീപ്പിൽനിന്നിറങ്ങി ഷാനിക്ക പുറത്തിറങ്ങി നടന്നുവന്നു ജീപ്പിന്റെ സൈടുസീറ്റിൽ കയറി ഇരുന്നു അവനോട് വണ്ടിയെടുക്കാൻ പറഞ്ഞു.
അവൻ ചിരിച്ചു ജീപ്പിൽ കയറി ജീപ്പ് സ്റ്റാർട്ട് ചെയ്ത് എങ്ങോട്ടാ എന്നു ചോദിച്ചു.
പറയാം വണ്ടിയെടുക്ക്.
അവൻ കുറച്ചുദൂരം ഷാനിക്ക പറഞ്ഞ വഴികളിലൂടെ വണ്ടിയോടിച്ചു തെങ്ങിൻതൊടിയിലൂടെ കുറച്ചുദൂരം ഓടിയ വണ്ടി ഷാനിക്ക ആ വീട്ടിലേക്ക് കയറ്റ് എന്നുപറഞ്ഞു.
അവൻ തുറന്നുകിടക്കുന്ന ഗെയ്റ്റിനുള്ളിലൂടെ ആ വലിയ വീട്ടിലേക്ക് കയറി.
വീട്ടുമുറ്റത്തു നിർത്തിയിട്ട കാറുകൾക്കപ്പുറം നെഞ്ചുവിരിച്ചു നിൽക്കുന്ന നീലകളർ പെയിന്റടിച്ച ബസ്സിന്റെ ഗ്ലാസിൽ എഴുതിയിട്ടുള്ള പേര് അവൻ വായിച്ചു.
“കാശിനാഥൻ”
തുടരും….