വിശ്വാതാണ്ഡവം

പാർട്ട് 4

ജിഫ്ന നിസാർ 🥰

“പപ്പയെവിടെ വർക്കിച്ച..”
ഹാളിൽ ചെല്ലുമ്പോൾ അവിടെയുണ്ടായിരുന്ന വർക്കിച്ചനോട് മിത്ര ചോദിച്ചു.

അയാളൊന്ന് ചിരിച്ചിട്ട് പുറത്തേക്ക് വിരൽ ചൂണ്ടി.
ആ ചിരി കണ്ടതും മിത്രയൊന്നു കണ്ണടച്ച് കാണിച്ചു.

“എന്നതാ.. പപ്പേം കുഞ്ഞും കൂടി പിണങ്ങിയോ.. ഡെന്നിച്ചൻ കുറേനേരമായി പുറത്തിരിപ്പാണ് “
വർക്കിച്ചൻ അവളുടെ അരികിലേക്ക് ചെന്നിട്ട് ചോദിക്കുമ്പോഴും മിത്രക്ക് ചിരിയാണ്.

“നിങ്ങളുടെ ഡെന്നിച്ചന് കുറച്ചു വാശി കൂടുതലാണ് കേട്ടോ വർക്കിച്ച.. അതൊരു പൊടിക്ക് കുറക്കാൻ പറഞ്ഞേക്കണേ.. വയ്യസ്സൊക്കെ ആയി വരുവാണ്.. വർക്കിച്ചൻ പറഞ്ഞാൽ പപ്പാ കേൾക്കും..വർക്കിച്ചൻ പറഞ്ഞാലേ പപ്പാ കേൾക്കൂ..”
ഒറ്റ കണ്ണിറുക്കി കൊണ്ട് മിത്ര പറയുമ്പോഴും വർക്കിച്ചന് ചിരിയാണ്.

“വെറുതെ ആ പാവത്തിനെ കുറിച്ച് അനാവശ്യം പറയാതെന്റെ കുഞ്ഞേ.. പാപം കിട്ടും കേട്ടോ..”
അയാൾ പറഞ്ഞു കേട്ടതും മിത്രയൊന്ന് തലയാട്ടി.

“ഓഓഓ..ഇവിടല്ലേലും കൂട്ടുകാരന് വേണ്ടിയല്ലേ വാ തുറക്കൂ.. നമ്മളില്ലായെ.. വിട്ടേക്ക്.. “
കളിയോടെ കൈ കൂപ്പി കാണിച്ചു കൊണ്ട് മിത്ര പുറത്തേക്കിറങ്ങി..
കണ്ണുകൾ ചെന്ന് നിന്നതാ ഊഞ്ഞാലിൽ തന്നെയാണ്.

പുറത്ത് വെയിലാറി തുടങ്ങിയിട്ടുണ്ട്..

കുറച്ചു മാറി പടർന്നു പന്തലിച്ചു നിൽക്കുന്നൊരു  ഭംഗിയുള്ള മരത്തിനു കീഴിലുള്ള ഊഞ്ഞാലിൽ എന്തൊക്കെയോ ചിന്തിച്ചു കൊണ്ടിരിപ്പുണ്ട് മിത്രയുടെ പപ്പാ ഡെന്നീസ് മാത്യു.

“പപ്പാ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് മിത്ര കുഞ്ഞിന്റെ നല്ലതിന് വേണ്ടി തന്നെയാവും.. അത് കൊണ്ട് എതിരൊന്നും പറഞ്ഞിട്ട് നീ പപ്പയെ കൂടുതൽ സങ്കടപെടുത്തല്ലേ മോളെ..നിനക്ക് വേണ്ടി മാത്രം ജീവിച്ചൊരു മനുഷ്യനാണത്..”
വർക്കിച്ചൻ മിത്രയേ നോക്കി.

“എനിക്കറിയാം വർക്കിച്ച..”
മിത്ര അയാളെയും സ്നേഹത്തോടെ നോക്കി.
തനിക്ക് ഓർമ വന്നത് മുതൽ പപ്പയുടെ കൂടെ നിഴൽ പോലെ കാണുന്ന മുഖമാണിത്.
പാപ്പയോളം തന്നെ വാത്സല്യം തന്നോട് ഈ മനുഷ്യനമുണ്ട്..

മിത്ര ജനിച്ചു ഇരുപതിനാല് ദിവസതിന് ശേഷമാണ് അവളുടെ അമ്മ ആനി മരണപ്പെടുന്നത്.
മഞ്ഞപിത്തം കൂടി അത് തിരിച്ചറിയാൻ വൈകി പോയതായിരുന്നു ഡെന്നീസിന് പാതിയെയും മിത്രക്ക് അമ്മയെയും നഷ്ടപ്പെടാൻ കാരണം.
അന്ന് തൊട്ടിന്ന് വരെയും മകൾക്ക് വേണ്ടിയാണ് ഡെന്നീസ് മുന്നോട്ടു ജീവിച്ചത് തന്നെ.

ദുഃഖങ്ങളും ഒറ്റപ്പെടലും തളർത്തി കളയാതിരിക്കാൻ അയാൾ ബിസിനസിലേക്ക്  കൂടുതൽ ആഴത്തിൽ അലിഞ്ഞു ചേരുമ്പോഴും മിത്രയെയും അവളോടുള്ള കടമകളെയും അയാളോരിക്കലും മറന്നു പോയിട്ടില്ല..
കന്യാസ്ത്രീ ആകാൻ മോഹിച്ച ഡെന്നീസിന്റെ ഇളയ സഹോദരി, ലിസി മാത്യു,  കർത്താവിന്റെ മണവാട്ടി ആവുന്നതിലും പുണ്യമാണ് അമ്മ നഷ്ടപ്പെട്ടൊരു കുഞ്ഞിന് തുണ യാവുന്നതെന്ന് കരുതി മിത്രക്ക് വേണ്ടി അന്ന് മുതൽ ആ വീട്ടിലാണ്.

“കുഞ്ഞോന്നു ചെന്നിട്ട് വല്ലതും സംസാരിക്ക്.. രാവിലെ മുതൽ ഡെന്നിച്ചൻ മൗനത്തിലാണ്..”
വർക്കിച്ചൻ പറയുമ്പോൾ മിത്രയൊന്നു തലയാട്ടി കൊണ്ടയാൾക്ക് നേരെ നടന്നു.
“ഇതിപ്പോ ശെരിയാക്കി തരാം..”
കളിയോടെ പറഞ്ഞിട്ട് പോകുന്നവളെ വർക്കിച്ചൻ വാത്സല്യത്തോടെ നോക്കി നിന്നു.

വലിയ മുറ്റമാണ്..
വീടിനോളം പ്രൗടി തന്നെ  മുറ്റത്തുമുണ്ട്..

ഭംഗിയുള്ള പൂക്കളും പേരറിയാത്ത നിരവധി മരങ്ങളും പഴങ്ങളും.. എല്ലാം കൂടി മനസ്സ് തണുപ്പിക്കുന്നൊരു ചുറ്റുപാടാണ്.

“പപ്പാ…”
വിളിച്ചു കൊണ്ട് മിത്ര ചെല്ലുമ്പോൾ ഡെന്നീസ് ഞെട്ടി കൊണ്ടവളെ നോക്കി.

“എന്തായിരുന്നു ഇത്രേം ഗഹനമായിട്ട് ചിന്തിച്ചു കൊണ്ടിരുന്നത്..മിസ്റ്റർ ഡെന്നീസ് മാത്യു?”
മിത്ര കുസൃതിയോടെ അയാളോട് ചേർന്നിരുന്നു കൊണ്ട് ചോദിച്ചു.

‘ഒന്നുമില്ല മോളെ… “വാത്സല്യത്തോടെ അയാൾ മകളെ തന്നിലേക്ക് ചേർത്ത് പിടിച്ചു.

“നമ്മൾ തമ്മിൽ പിണക്കമാണോ ന്ന് വർക്കിച്ഛനൊരു സംശയം..”
മിത്ര ചിരിയോടെ മുഖമുയർത്തി കൊണ്ടയാളെ നോക്കി.

അയാളൊന്നും മിണ്ടിയില്ല..

“കൂടുതലൊന്നും വേണ്ട പപ്പാ.. ആറ് മാസത്തെ ഈ കോഴ്സ് കൂടി കഴിഞ്ഞാൽ പിന്നെ പപ്പാ പറയും പോലെ തന്നെ ഞാനും ചെയ്‌തോളാം. അത് വരെയെങ്കിലും ഞാനെന്റെ തലയിൽ ബിസിനസ് കയറ്റി ചൂട് പിടിപ്പിക്കാതിരിക്കട്ടെ പപ്പാ..പ്ലീസ്”
അൽപ്പം കൊഞ്ചലോടെയുള്ള ആ പറച്ചില്..
ഡെന്നിസ് ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല.

അയൾക്കറിയാം താൻ വേണ്ടന്ന് പറഞ്ഞാൽ അവളൊരിക്കലും ആ കോഴ്സ് ചെയ്യില്ലെന്ന്.
പഠനം കഴിഞ്ഞിറങ്ങി വരുന്നവളെ ഓഫീസും ബിസിനസ്സും ഏൽപ്പിച്ചിട്ട് സ്വസ്ഥമാക്കാനുള്ള ഡെന്നീസിന്റെ പ്ലാൻ, എനിക്കൊരു കോഴ്സ് കൂടി ചെയ്യാനുണ്ട് പപ്പാ യെന്ന് മിത്ര പറഞ്ഞതോടെ പാളി പോയി.

പക്ഷേ മകളുടെ ആഗ്രഹത്തിനു നേരെ കണ്ണടക്കാനും അയാൾക് കഴിയില്ല.

“സത്യം പപ്പാ.. ഇതോടെ മിത്ര ഡെന്നീസ് മാത്യു പഠനം അവസാനിപ്പിച്ചു കൊണ്ട് പൂർണ്ണമായും പപ്പാ പറയുന്നത് അനുസരിച്ചു കൊണ്ട് ജീവിച്ചോളാം..”
മിത്ര വീണ്ടും മുഖം ചുളുക്കി കൊണ്ടയാളോട് കൊഞ്ചി.

പുറമേ കാണുന്നവർക്ക് മിത്ര ഡെന്നീസ് പക്വതയുടെയും നിലപാടുകളുടെയും ആൾരൂപമാണെങ്കിൽ കൂടിയും ഡെന്നീസിന്റെ അരികിൽ പലപ്പോഴുമവൾക്ക് അഞ്ചു വയസ്സാണ്.

അയാളും അവളോടങ്ങനെയാണ്..

പുറമെ നിന്നും കാണുന്നവർക്ക് തീർത്തും അപരിചിതനായൊരു വ്യക്തിയാണ് വീട്ടിലെത്തിയാൽ..ഡെന്നീസ് മാത്യു.

“എന്നിട്ട് എന്ന് മുതലാ നീ കോളേജിൽ പോയി തുടങ്ങുന്നത്..?”
ഡെന്നീസ് അവൾക്ക് നേരെ തിരിഞ്ഞിരുന്നു.

“അടുത്ത ആഴ്ച ആദ്യം.. ഇനിയൊരു നാലഞ്ചു ദിവസം കൂടി..”
മിത്ര നല്ല ആവേശത്തിലാണ്.

പത്താം ക്ലാസിനു ശേഷം പഠിച്ചതെല്ലാം പുറത്തായിരുന്നു.
പക്ഷേ അപ്പോഴും മനസ്സിലെ ആഗ്രഹമായിരുന്നു നാട്ടിലെ കോളേജിൽ..
കോളേജ് ലൈഫിന്റെ എല്ലാ രസങ്ങളും അനുഭവിച്ചു കൊണ്ടൊരു കുറച്ചു കാലം കൂടിയെന്നുള്ളത്.
നാട്ടിലുള്ള കസിൻസ് പറയുന്നത് കൊതിയോടെ കേട്ടിരുന്ന ഏതോ നാളിൽ മനസ്സിൽ കയറി കൂടിയൊരു മോഹത്തിന്റെ പൂർത്തികരണമാണ് അവൾക്കുള്ളിൽ ആ പഠനവും കോളേജും

ആ ഒരു മോഹത്തോടെ തന്നെയാണ് നാട്ടിലേക്ക് തിരിച്ചു വന്നത്.

MS കോളേജ് തിരഞ്ഞെടുത്തതും കൂട്ടത്തിൽ ആറ് മാസത്തെ ഒരു കോഴ്സ്.. അതും ബിസിനസ് തന്നെ സെലക്ട്‌ ചെയ്തതും ആ കോളേജ് മൂഡ് എൻജോയ് ചെയ്യാനായിരുന്നു.

പഠനതിനപ്പുറം, ഒരു വ്യക്തിയുടെ ജീവിതതിലെ മനോഹരമായ ചില മൂഹൂർത്തങ്ങളെ കൂടി പ്രതീക്ഷിക്കുന്നുണ്ടായിരുന്നു അവളവിടെ നിന്നും.
ആ ഒരു ആവേശത്തിലാണ് അവളാ ദിനങ്ങളെ കാത്തിരിക്കുന്നതും..
പപ്പയും മോളും കൂടി സന്തോഷത്തോടെ, ചിരിയോടെ സംസാരിക്കുന്നത് കണ്ടിട്ട് ആ സമാധാനത്തിലാണ് വർക്കിച്ചൻ അകത്തേക്ക് കയറി പോയതും..

                              ❤‍🔥❤‍🔥

ഇരുട്ട് കുറേ കൂടി വെളിച്ചത്തിനു മേൽ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു..
എങ്ങും വല്ലാത്തൊരു മുഖത..

കണ്ണുകൾക്ക് മേലെ കൈ വെച്ചിട്ട് കിടക്കുന്ന വിശ്വാ പക്ഷേ അതൊന്നും അറിയുന്നുണ്ടായിരുന്നില്ല..

രാവിലെ വീട്ടിൽ നിന്നുമിറങ്ങി വന്നവനാണ്.
ഇടയ്ക്ക് മുരുകൻ അടുത്തുള്ളൊരു പെട്ടി കടയിൽ നിന്നും വാങ്ങിച്ചു കൊടുത്ത ചായയും പഴവുമാണ് അവന്റെ അന്നത്തെ ആഹാരം.
വീട്ടിലേക്ക് ഓടി ചെന്നിട്ടും അന്ന് വലിയ കാര്യമൊന്നും ഉണ്ടാവില്ല.

അന്ന് മാത്രമല്ല.
ഇനി വരുന്ന ഒന്ന് രണ്ടു ദിവസം ഇന്നത്തെ സംഭവങ്ങളുടെ പ്രതിഷേധം പോലെ കുസുമം പച്ച വെള്ളം തിളപ്പിക്കില്ല.

ഉള്ളിലെ ദേഷ്യവും വാശിയും തീരുവോളം വിശ്വായും അമ്മയെ ശല്യം ചെയ്യില്ല.
പോക്കറ്റിൽ കിടന്നു കൊണ്ട് ഫോൺ ബെല്ലടിക്കുമ്പോൾആ കിടപ്പിൽ തന്നെ വിശ്വാ അതെടുത്തു കൊണ്ട് കാതോട് ചേർത്ത് വെച്ചു..

മുരുകനാണ് വിളിക്കുന്നത്.
എവിടെയാണെന്ന് ചോദിക്കുന്നുണ്ട്.

ആൽത്തറയിലുണ്ടെന്ന് പറയുമ്പോൾ പിന്നൊന്നും മിണ്ടാതെ ഫോൺ കട്ട് ചെയ്തു.
അവനും ഉണ്ടായിരുന്നു വിശ്വായുടെ കൂടെ.
ഇടക്ക് വക്കീൽ ഒന്ന് കാണണ മെന്ന് പറഞ്ഞു വിളിച്ചിട്ട് പോയതാണ്.

വക്കീല് ഉപകാരിയാണ്.
വിശ്വയെ അയാൾക്ക് വലിയ കാര്യമാണ്.
അവനുണ്ടാക്കുന്ന കേസുകൾ അയാളാണ് കൈ കാര്യം ചെയ്യാറുള്ളത്.
ഫീസായി ഒന്നും കൊടുക്കേണ്ടതില്ല.
പകരം വക്കീൽ പറയുന്ന അല്ലറ ചില്ലറ കാര്യങ്ങൾ വിശ്വാ തിരിച്ചും ചെയ്തു കൊടുത്താൽ മതി..
ചുരുക്കത്തിൽ ഒരു കൊടുക്കൽ വാങ്ങൽ ഏർപ്പാട്.
രണ്ടു കൂട്ടരുടെയും കാര്യങ്ങളും നടക്കും.

അഞ്ചു മിനിറ്റ് കൊണ്ട് മുരുകൻ തിരിച്ചു വന്നു..

“ഓരോരോ വള്ളികെട്ട് കേസ് കൃതമായി എങ്ങനെ ഇയാളുടെ തലയിൽ തന്നെ വന്നു വീഴുന്നതാവോ..?
പിറു പിറുത്തു കൊണ്ട് മുരുകൻ അരികിൽ വന്നിരുന്നപ്പോൾ വിശ്വാ വെറുതെയൊന്നു തല പൊക്കി നോക്കിയിട്ട് അവിടെ തന്നെ കിടന്നു..

“വക്കീലിനെ കണ്ടു..”മുരുകൻ പറയുമ്പോൾ വിശ്വായൊന്നു മൂളി.

“അയാൾക്കൊരാളെ വേണം ന്ന്.. ചോദിക്കുന്ന കാശ് കിട്ടും.. അത് പറയാനാ ഇപ്പൊ വിളിച്ചത്..”
മുരുകൻ അത് പറയുമ്പോഴും വിശ്വാ വെറുതെയൊന്നു മൂളി..

“എന്താണ് ജോലിയെന്ന് ചോദിക്കെടാ നീ..”
മുരുകൻ വിശ്വായെ പിടിച്ചുലച്ചു..

“ആഹ്.. പറയങ്ങോട്ട്..”
അവൻ വലിയ താല്പര്യമൊന്നുമില്ലാതെ ആവിശ്യപ്പെട്ടു..

“ഒരു പെണ്ണിനെ പ്രേമിക്കാൻ.. പ്രേമിച്ചു വളച്ചിട്ട് അതിനെ കൊണ്ടെന്തോ ആവിശ്യമുണ്ട് പോലും..”
മുരുകൻ പറയുമ്പോൾ വിശ്വായുടെ മുഖം ചുളിഞ്ഞു..

“പ്രേമിക്കാനോ..?”

വിശ്വാ എഴുന്നേറ്റിരുന്നു കൊണ്ട് മുരുകന്റെ നേരെ നോക്കി.

“ആഹ്.. അങ്ങനെയാ വക്കീൽ പറഞ്ഞത്..”
മുരുകൻ ഉറപ്പിച്ചു പറഞ്ഞു.

“അതും ചോദിക്കുന്ന പൈസ കിട്ടും..”
മുരുകന്റെ ശബ്ദത്തിലൊരു മാറ്റം.
വിശ്വാ അവനെ യൊന്നു തുറിച്ചു നോക്കി.

“അതിന് നീ എന്നേ നോക്കി പേടിപ്പിച്ചിട്ടെന്തു കാര്യം.. കാണാൻ അത്യാവശ്യം മെന യുണ്ടാവണം.. പിന്നെ പെണ്ണൊരു കാശുകാരിയാണ്. അവൾക്കൊപ്പം ചേർന്നു നിൽക്കാനുള്ള ലുക്കും.. പഠിപ്പും വിവരോം വേണം.. എനിക്കീ പറഞ്ഞതിൽ ഏതെങ്കിലും ഒന്നുണ്ടോ.. കരി കുരങ്ങാനോ ഞാനാണോ കൂടുതൽ കറുപ്പെന്നു മത്സരത്തിന് വെച്ചാ ഞാൻ ഈസിയായി ജയിച്ചു പോരും. അപ്പഴാ.. ഇനി കാശിനു പ്രേമിക്കാൻ പോണത്..”
മുരുകൻ പറയുന്നത് കേട്ടിട്ടുണ്ട് വിശ്വാ ചിരി അമർത്തി.

“സ്വയം ഇത്രേം മതിപ്പുള്ള ഒരു വ്യക്തിയെ ഞാനെന്റെ ജീവിതത്തിൽ വേറെ കണ്ടിട്ടില്ലെട മോനെ.. നീ വലിയവനാ..”
വിശ്വാ മുരുകൻ നോക്കി വലിയ കാര്യത്തിൽ പറഞ്ഞു

“ഓഹ്.. ഇനിയിപ്പോ ഇതിനേക്കാൾ എങ്ങോട് വലുതാവാനാണ് ഞാൻ. ഇപ്പൊ തന്നെ വീട്ടിലോട്ട് കുനിഞ്ഞു കയറണം..”
മുരുകന് അവനാ പറഞ്ഞത് പിടിച്ചിട്ടില്ല.

വിശ്വാ അവനെ നോക്കിയിട്ടൊന്ന് തലയാട്ടി.

“പിന്നെ പഠിപ്പും വിവരോം മാറ്റി നിർത്തിയാൽ ലുക്കും മെനയും നിനക്കുണ്ട്..ഒരു കൈ നോക്കുന്നോ”
വിശ്വായെ ഒന്നുഴിഞ്ഞു നോക്കി കൊണ്ടാണ് മുരുകൻ പറഞ്ഞത്.

“മ്മ്.. നടന്നത് തന്നെ..”
അവനാ ആൽത്തറയിൽ നിന്നും താഴേക്ക് ചാടിയിറങ്ങി കൊണ്ട് പറഞ്ഞു.

“ചോദിക്കുന്ന പൈസ കിട്ടുമെടാ..”
മുരുകന് അതായിരുന്നു.

“കിട്ടും.. ചിലപ്പോൾ ചോദിക്കുന്നതിനേക്കാൾ കൂടുതലായി തന്നെ പൈസ കിട്ടും.. എങ്ങാനും പിടിക്കപ്പെട്ടാൽ അടിയും അങ്ങനെ തന്നെയാവും.. അതും വിചാരിച്ചതിലും കൂടുതലായി തന്നെ കിട്ടും..”
മുന്നോട്ട് നടക്കുന്നതിനിടെ വിശ്വായൊരു പുച്ഛത്തോടെ പറഞ്ഞു.

“നമ്മുക്കെന്തിനാടാ മുരുകാ കുറേ കാശ്.. അത്യാവശ്യം ജീവിച്ചു പോകാനുള്ളത് മതിയല്ലോ. അതാണ്‌ സമാധാനം.. സന്തോഷം..”
വിശ്വാ തല ചെരിച്ചു കൊണ്ട് മുരുകനെ നോക്കി.

അവന്റെ മുഖം പതിവില്ലാതെയൊരു മ്ലാനതയിലാണ്.

“കുറച്ചു കാശ് കിട്ടിയാൽ മല്ലിക്ക് വേദനയെടുക്കാതെ ശ്വാസം കിട്ടും വിശ്വാ…”
വിശ്വായൊട്ടും പ്രതീക്ഷിക്കാത്ത ഒരുത്തരം.

നടക്കുന്നത് നിർത്തി വിശ്വാ മുരുകനെ നോക്കി.
വിളറിയ ഒരു ചിരി ഒട്ടിച്ചു ചേർത്തിട്ടുണ്ട് അവന്റെ ചുണ്ടിൽ.
ചങ്ക് പൊടിഞ്ഞാലും അവനെ ആ കോലത്തിലെ കാണാൻ കഴിയൂ..

വിശ്വാക്കറിയാം അത്.

“എടാ.. ഞാൻ..”

വിശ്വാക്ക് പിന്നെന്ത് പറയണമെന്നറിയില്ലായിരുന്നു.
“കണ്ടിട്ട് സഹിക്കാൻ വയ്യെടാ വിശ്വാ.. രാത്രിയാവുന്നത് തന്നെ എനിക്കിപ്പോ പേടിയാണ്..”
മുരുകന്റെ സ്വരം പതിഞ്ഞു..
വിശ്വായൊന്നും മിണ്ടിയില്ല..

“അല്ലേലും എന്നെയൊന്നും ഒന്നിനും കൊള്ളില്ലെട.. പിന്നെ ഞാനത് പറഞ്ഞോണ്ട് നടന്നിട്ടേന്ത് കാര്യം. നീ വന്നേ. വീട്ടിൽ പോകാം”
വിശ്വായെ വിളിച്ചു കൊണ്ട് മുരുകനാണ് പിന്നെ മുന്നിൽ നടന്നത്.

“എടാ നീ വിചാരിക്കുന്നത് പോലെ ഇതെത്ര സിംപിളൊന്നുമായിരിക്കില്ല. കാശ് തരുന്നുണ്ടെങ്കിൽ അതിന് പിന്നിൽ കാര്യമായിട്ടെന്തോ റിസ്‌ക്കും കാണും..
അപ്പുറമുള്ളതൊരു പെൺകുട്ടിയല്ലേ.. പ്രേമിച്ചു വഞ്ചിക്കുക എന്ന് പറയുന്നത് ഒരു പെണ്ണിനോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരതയല്ലേടാ..
അവളിനീ എത്ര കാശുകാരി ആണേലും അവൾക്കുമൊരു.. മനസ്സുണ്ടാവില്ലേ.കുറേ കാശ് എണ്ണി വാങ്ങിച്ചിട്ട് അങ്ങനൊരു ക്രൂരത നമ്മളെങ്ങനെ ചെയ്യും മുരുകാ..
നീതിക്കും നെറിക്കും നിരക്കാത്ത എന്തെങ്കിലും നമ്മളിത് വരെയും ചെയ്‌തിട്ടുണ്ടോടാ..
കാര്യം നമ്മൾ കൂലി തല്ലിന് വരെയും പോകാറുണ്ട്..
പക്ഷേ അതും ന്യായമാണെങ്കിൽ മാത്രമല്ലേ ഏറ്റെടുക്കു..”

വിശ്വാ മുരുകനെ നോക്കി.

“ഒന്നുല്ലെടാ വിശ്വാ.. വക്കീൽ പറഞ്ഞു കേട്ടപ്പോൾ പെട്ടന്ന് എനിക്കൊരു തോന്നൽ വന്നു.. കാശ് കിട്ടിയ മല്ലിയെ രക്ഷിക്കാമല്ലോ എന്നതല്ലാതെ വേറൊന്നും ഞാൻ ഓർത്തില്ലെടാ.. ഇത്രേം കൂടുതൽ ആലോചിച്ചു നോക്കാൻ ഞാൻ നീയല്ലല്ലോ വിശ്വാ..ഈ പൊട്ട തലവെച്ചു കൊണ്ട് എനിക്കിത്രെയെയല്ലേ പറ്റൂ”

മുരുകനൊരു ചിരിയോടെ വിശ്വായുടെ കയ്യിൽ അമർത്തി പിടിച്ചു.

“വക്കീൽ ഇതൊന്നും നിന്നോട് പറഞ്ഞിട്ടുമില്ല.. നീയൊന്നും അറിഞ്ഞിട്ടുമില്ല.. അങ്ങനെ മതിയെടാ മുരുകാ.എല്ലാം. എല്ലാം വിട്ടേക്ക്.. അങ്ങനെ ഒരു പെൺകുട്ടിയുടെ കണ്ണീർ വീഴ്ത്തിയിട്ട് നമ്മുക്ക് മല്ലിയെ രക്ഷിക്കണ്ടടാ.. അതവളെ കൂടുതൽ അപകടത്തിലാക്കിയാലോ.. മനസാക്ഷിയില്ലാതെ നമ്മളോരുന്നു ചെയ്തിട്ട് അതിന് മല്ലി കൂടി.. വേണ്ടടാ.. നീയത് വിട്ടേക്ക്.. ശെരിയാവില്ല..”
അത്രയ്ക്ക് പറഞ്ഞിട്ടും വിശ്വാക്ക് മുരുകനെ നോക്കുമ്പോൾ വല്ലാത്തൊരു ആശങ്കയുണ്ട്.

മല്ലിയെ അവനത്ര മാത്രം പ്രിയപ്പെട്ട താണ്.

അവന് മാത്രമല്ല തനിക്കും..
പക്ഷേ..

വിശ്വായുടെ മനസ്സ് വീണ്ടും വീണ്ടും അസ്വസ്ഥമായി..ഇരുട്ടിൽ മുങ്ങിയ വഴിയിൽ കൂടി അതിനേക്കാൾ കറുത്തൊരു മനസ്സുമായി വിശ്വായും മുരുകനും നടന്നു..

                             ❣️❣️

കയ്യിലുള്ള ഭക്ഷണപൊതി അടുക്കളയിലേക്ക് വെച്ചിട്ട് വിശ്വായൊന്നു ശ്വാസമെടുത്ത്.. കൊണ്ട് നിവർന്നു നിന്നു.

പുറത്തൊരു ലൈറ്റ് കത്തി കിടപ്പുണ്ട്.

പ്രതീക്ഷിച്ചത് പോലെ തന്നെ.. കുസുമം കിടപ്പ് സത്യഗ്രഹമാണ്.

അടുക്കള വാതിൽ തുറന്നു കൊണ്ടവൻ മുറ്റത്തേക്കിറങ്ങി.
പുറത്തെ അയയിൽ കിടന്ന തോർത്തെടുത്ത് കുളിമുറിയിൽ കയറിയൊന്നു വിസ്തരിച്ചു കുളിച്ചു.
എന്നിട്ടും മനസ്സിനൊരു സുഖമില്ല.
പറഞ്ഞറിയിക്കാൻ കഴിയാത്തൊരുവിങ്ങലായി അതവനെ അസ്വസ്ഥതപ്പെടുത്തി.

കുളിച്ചു വന്നിട്ടും അകത്തു നിന്നും അനക്കമൊന്നും വെച്ചിട്ടില്ല.
കൊണ്ട് വന്ന പൊതിയിൽ നിന്നും ഭക്ഷണം രണ്ട് പാത്രത്തിലേക്ക് പകർത്തി കൊണ്ടവൻ അതിലൊന്നുമായി അവിടുള്ളൊരു ബെഞ്ചിലിരുന്നു.

തണുത്ത ചോറ് വാരി തിന്നുമ്പോൾ തൊണ്ടയിൽ തടയുന്നുണ്ട്.

പക്ഷേ ഇന്നിനി ഇതല്ലാതെ വേറൊരു മാർഗവുമില്ല.

അകത്തുള്ള ആ സാധനം ആന കുത്തിയാലും എണീക്കാൻ പോണില്ല.

താൻ എന്നീറ്റ് പോയിട്ട് എടുത്തു വെച്ചത് വന്നു കഴിച്ചിട്ട് വീണ്ടും പോയി കിടക്കും.
ഇതെല്ലാം മുന്നേയും നടക്കുന്ന കലാപരിപാടികൾ തന്നെയായത് കൊണ്ട് വിശ്വാക്കതിൽ പുതുമയൊന്നും തോന്നിയതുമില്ല.

അമ്മയ്ക്ക് അമ്മയുടെ ന്യായങ്ങളുണ്ടെങ്കിൽ തനിക്ക് തന്റെതുമുണ്ട്..
തോറ്റു കൊടുക്കാൻ രണ്ടാള്ക്കും മനസ്സുമില്ല.

“കുറച്ചു കാശ് കിട്ടിയ മല്ലിക്ക് വേദനയില്ലാതെ ശ്വാസമെടുക്കാമല്ലോ ടാ..”
മുരുകന്റെ വാക്കുകൾ മനസ്സിലേക്ക് വന്നതും വിശ്വാക്ക് പിന്നെ കഴിക്കാനും തോന്നിയില്ല.
വിശപ്പെല്ലാം കെട്ടു പോയത് പോലൊരു തോന്നൽ.

“നാശം.. എല്ലാം കൂടി മനുഷ്യനൊരു സ്വസ്ഥത തരില്ല..”
കൈ കുടഞ്ഞു കൊണ്ടവൻ എഴുന്നേറ്റു…
തുടരും…

Leave a Reply

Your email address will not be published. Required fields are marked *