
രചന ദീപേഷ് കിടഞ്ഞി
അല്ല. നിങ്ങളൊക്കെ അറിഞ്ഞിരുന്നോ….? നമ്മുടെ ഗൾഫിലുളള ഹരിയുടെ ഭാര്യക്ക് വയറ്റിലായത്. അതും അഞ്ചാം മാസമായിന്നാ പറയണത്…
അബൂക്കയുടെ ചായകടയിലെ ബെഞ്ചിലിരുന്ന്. അവിടെ കൂടിയവരൊക്കെ കേൾക്കാനെന്ന മട്ടിൽ തൊള്ള തുറന്ന് തള്ള് ബിജു പറഞ്ഞതും ….
അതൊക്കെ ഈ നാട്ടിൽ ഇന്നലെ മുതൽ പാട്ടായ കാര്യമല്ലേ…. അതിന് ഉത്തരവാദി ആരാണെന്ന് വല്ലതും അറിയുമോ നിനക്ക് ….?
ഇല്ല രാമേട്ടാ . പക്ഷെ എനിക്ക് ചിലരയൊക്കെ സംശയമുണ്ട് …
ആരെയാടാ ബിജു നിനക്ക് സംശയം ….?
അത് ആ മീൻക്കാരൻ സുകുവേട്ടനും, പാൽക്കാരൻ ഭാസ്ക്കരേട്ടനുമൊക്കെയല്ലേ. ആ വീടുമായി നിരന്തരം ബന്ധമുള്ളത് ….?
അത് കൊണ്ട് ……
ഏയ് അത് കൊണ്ടൊന്നുമില്ല. ചിലപ്പോൾ അവർക്കാർക്കെങ്കിലും ഈ കേസ്സുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കിലോ….?
ഒന്ന് മിണ്ടാതിരിയെടാ. ചൊട്ടിയാൽ ചോര തെറിക്കുന്ന പെണ്ണാ അവൾ ….. അവൾ അപ്പന്റെ പ്രയമുള്ളവരെ വീട്ടിൽ വിളിച്ച് കയറ്റുമെന്ന് നീ കരുതുന്നുണ്ടോ..?
ഇല്ല രാമേട്ടാ. പക്ഷെ അവൾക്കുമുണ്ടാകില്ലേ…? ഒരാണിന്റെ ചൂടും ചൂരും അറിയാനുള്ള പൂതി …. ഒന്നാമത് ഹരിയേട്ടൻ അവളെ കല്യാണം കഴിച്ചു എന്നല്ലാതെ. ഒരു ദിവസം പോലും അവർക്ക് ഒരുമിച്ച് ജീവിക്കാനുള്ള ഭാഗ്യമില്ലാതെയല്ലേ അങ്ങേര് ഗൾഫിൽ പോയത് … അത് കൊണ്ട് ആ പെണ്ണ് ചിലപ്പോൾ … ?
അതൊക്കെ ശരിയാടാ. പക്ഷെ ഇത് പുറത്തുള്ള ആരോ പണി പറ്റിച്ചതാണ് ….
പുറത്തുള്ള ആളോ ….?
അതേടാ. പുറത്തുള്ള ആള് തന്നെ … മൂന്നാലഞ്ച് മാസം മുൻപ് നമ്മുടെ കിരൺ രാത്രി പള്ളി പെരുന്നാളും കഴിഞ്ഞ് വരുമ്പോൾ ഹരിയുടെ വീടിന്റെ മുൻപിൽ നിന്ന് ആരോ ചുറ്റിപറ്റി കളിക്കുന്നത് കണ്ടത്രേ ….
ആണോ ….? എന്നിട്ട് അവൻ അത് ആരെന്ന് നോക്കിയില്ലേ ….?
ഇല്ല . അന്നത് അവൻ അത്ര കാര്യമാക്കിയില്ല എന്നാ പറഞ്ഞത്. ഒന്നാമത് കടക്കാര് കേറിയിറങ്ങുന്ന വീടല്ലേ അത്….
രാമേട്ടന്റെ ചോദ്യത്തിന് മറുപടി പറയാനെന്നോണം അച്ചുവേട്ടൻ ബീഡി ആഞ്ഞു വലിച്ച് പുക പുറത്തേക്ക് തള്ളി ….
ഹും അതൊക്കെ ശരിയാ രാമ … ഇനി ഹരിയുണ്ടാക്കിയ കടം വീട്ടാൻ ആ പെണ്ണ് ആർക്കെങ്കിലും കിടന്ന് കൊടുത്തതായിരിക്കുമോ….?
ഒന്നും നമുക്ക് പറയാൻ പറ്റില്ല അച്ചുവേ … പണി പറ്റിച്ചവൻ ആരായാലും അവൻ ഭാഗ്യവാനാണ്. നല്ല കിളി പോലത്തെ ഒന്നാന്തരം പെണ്ണിനയല്ലേ അവൻ …… നമ്മുടെ ഹരിക്ക് അവളുടെ ശരീരത്തിൽ ഒന്ന് തൊടാൻ പോലും ഭാഗ്യമുണ്ടായില്ല മക്കളെ ….
അതും പറഞ്ഞ് രാമേട്ടൻ അബൂക്ക പകർന്ന് കൊടുത്ത ചൂട് ചായ ഊതി കുടിച്ച് തുടങ്ങിയതും ആ കടയിലുള്ളവരുടെയൊക്കെ മനസ്സ് ഗീതുവിന്റെ അവിഹിത ഗർഭത്തിന് ഉത്തരവാദിയെ തേടി അലയുകയായിരുന്നു ….
ഈ സമയം ഹരിയുടെ വീട്ടിൽ …
ഭാനു…. ഗീതു എന്തെങ്കിലും പറഞ്ഞോ….?
ഇല്ല ദേവേട്ടാ …? ഞാൻ അവളോട് കാല് പിടിക്കുന്നത് പോലെ ചോദിച്ചതാ … മോളെ മോളെ ചതിച്ചത് ആരാണെന്ന് പറ … അവൾ അതെല്ലാം കേട്ടിരുന്നു കരയുകയല്ലാതെ ഒരക്ഷരം മിണ്ടുന്നില്ല ….
ഹും … ഇനി ഹരി വിളിക്കുമ്പോൾ ഞാൻ എന്താ പറയുക … കുറച്ച് മുൻപ് അവൻ വിളിച്ചിരുന്നു. അവളെ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പറഞ്ഞ് ….
അതെയോ…..? നമ്മൾ അവളുടെ ഫോണെല്ലാം വാങ്ങിച്ച് വെച്ച കാര്യം വല്ലതും. നിങ്ങൾ അവനോട് പറഞ്ഞോ ….?
ഏയ് ഞാനൊന്നും പറഞ്ഞില്ല …. അല്ലേ തന്നെ അവൻ ഈ കാര്യങ്ങളൊന്നും ഇപ്പോൾ അറിയേണ്ട … അവനെ എങ്ങിനെയെങ്കിലും നമുക്ക് നാട്ടിൽ എത്തിച്ചിട്ട് കാര്യങ്ങളൊക്കെ പറഞ്ഞ് മനസ്സിലാക്കാം ….
ആ. അങ്ങിനെ മതി. അല്ലെങ്കിൽ ഇതൊക്കെ അറിഞ്ഞാൽ ചിലപ്പോൾ എന്റെ മോൻ അവിടുന്ന് എന്തെങ്കിലും കടുംകൈ ചെയ്യും … ഈശ്വരാ എത്ര അന്തസ്സിൽ ജീവിച്ച കുടുംബമാ ഇത് … ഇത് വരെ ആരെ കൊണ്ടും പറയിപ്പിച്ചില്ല … ഈ വലിഞ്ഞ് കയറി വന്നവൾ കാരണം നാട്ടുകാരുടെയും ബന്ധുക്കളുടെയും മുൻപിൽ തല താഴ്ത്തി നടക്കേണ്ട ഗതികേടിലായല്ലോ ….
ശരിയാ ഭാനു …. ഇനി നമ്മൾ എങ്ങിനെ പുറത്തിറങ്ങി നടക്കും ….
ഈ നശിച്ചവൾ കാലെടുത്ത് വെച്ചത് മുതലാ നമ്മുടെയൊക്കെ മനസമാധാനം നഷ്ട്ടപ്പെട്ടത് ….
ദേവൻ അത് പറഞ്ഞ് മുഴുമിപ്പിക്കും മുൻപേ അയാളുടെ ഫോൺ റിങ്ങ് ചെയ്തതും അയാൾ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് ഭാനുവിനെ നോക്കി ….
ഹരിയാണ് ….
മോനേ ഹരി…
അച്ചാ എന്റെ ഗീതുവിന് എന്താ പറ്റിയത്. അവളെ വിളിച്ചിട്ടെന്താ കിട്ടാത്തത് ….?
മോനെ … അവൾക്ക് സുഖമില്ല … നീ എത്രയും പെട്ടെന്ന് നാട്ടിലേക്ക് വരണം. ബാക്കി കാര്യങ്ങളൊക്കെ ഇവിടുന്ന് പറയാം …
അതും പറഞ്ഞ് ദേവൻ ഫോൺ കട്ട് ചെയ്തതും മറുതലയ്ക്കൽ ഒരു മരവിപ്പോടെ ഒരു നിമിഷം ഹരി ഫോണും പിടിച്ച് നിന്നു….
അൽപ്പസമയത്തിന് ശേഷം അവൻ വീട്ടിലെ ലാൻഡ് ഫോണിലേക്ക് വിളിച്ചു. ആരും ഫോൺ എടുക്കുന്നില്ല …. ഒടുക്കം ഗത്യന്തരമില്ലാതെ അവൻ അവന്റെ സുഹൃത്തുക്കളെ വിളിച്ചു …. അവരും ഫോൺ എടുക്കായതോട് കൂടി …
അല്ലെങ്കിൽ തന്നെ ഞാൻ വിളിച്ചാൽ ആരും ഫോൺ എടുക്കാറില്ലല്ലോ ….? ഞാൻ എല്ലാവരെയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്തിട്ടേയുള്ളു… എന്നിട്ടുമെന്തേ എല്ലാവരും എന്നോട് ഇങ്ങനെ …. എന്ന് മനസ്സിൽ പറഞ്ഞ് അവൻ ഹാളിന്റെ നിലത്ത് ഊർന്ന് കിടന്ന് … ഫോണിൽ ഗീതുവിന്റെ പുഞ്ചിരിക്കുന്ന ഫോട്ടോയിലേക്ക് നോക്കിയതും അവന്റെ മിഴികൾ നിറഞ്ഞു ….
എന്റെ മോളൂന്ന് എന്താ പറ്റിയത്. എല്ലാവരും എന്നിൽ നിന്ന് എന്താ ഒളിക്കുന്നത് …. നിറഞ്ഞ് ഒഴുകുന്ന കണ്ണീർ പുറത്ത് വരാതിരിക്കാനെന്നോണം അയാൾ കണ്ണുമടച്ച് കിടന്നതും അയാളുടെ മനസ്സ് പതിയെ പതിയെ അവളുടെ ഓർമ്മകളിലൂടെ സഞ്ചരിക്കാൻ തുടങ്ങി …….
ഹലോ ഗീതു … അവിടെ നമ്മുടെ കല്യാണതലേന്നിന്റെ തിരക്കൊക്കെ കഴിഞ്ഞോടി …?
ആ ഇവിടെ ഒരു വിധം കഴിഞ്ഞു ഹരിയേട്ടാ. അവിടെയോ ….?
ഇവിടെയും അത് പോലതന്നെ. പക്ഷെ ഞാനിങ്ങ് കിടക്കാൻ റൂമിലേക്ക് വന്നു. കൂട്ടുകാരൊക്കെ പുറത്ത് പാട്ടും കൂത്തുമായി നമ്മുടെ കല്ല്യാണതലേന്ന് അടിച്ച് പൊളിക്കുകയാ …
ആ.. ഇവിടെയും പുറത്ത് എല്ലാവരും ആഘോഷതിമിർപ്പിലാണ് …. ഞാനും ഉറങ്ങാൻ റൂമിലേക്ക് വന്നു. നാളെ നേരത്തെ എഴുന്നേൽക്കേണ്ടതല്ലേ ….?
ആ … നീ റൂമിൽ എത്തി അല്ലേ ….? എങ്കിൽ ഞാൻ ഇപ്പോൾ വീഡിയോ കോളിൽ വരാം ….
ഹും ….
എന്റെ പൊന്നേ….. ഇന്ന് എന്ത് ചന്തമാണെടി നിന്നെ കാണാൻ … പൊളിച്ചു ….
അധികം പൊക്കല്ലേ ….?
പൊക്കിയതൊന്നുമല്ലെടീ … നീ സൂപ്പറായിട്ടുണ്ട് …
ഓ… ഞാൻ വിശ്വസിച്ചു. പോയി കിടന്ന് ഉറങ്ങാൻ നോക്ക്. പുലർച്ചെ എഴുന്നേറ്റ് അബലത്തിലൊക്കെ പോവാനുള്ളതല്ലേ ….?
ഹും ഉറങ്ങാം . പക്ഷെ അതിന് മുൻപ് എനിക്ക് തരാനുള്ളത് താ ….
എന്ത് ….
ഉറങ്ങുന്നതിന് മുൻപ് നീ എന്നും തരാറുള്ളത് …..?
ഓ അത് ….. ഏയ് അതൊന്നും ഇന്ന് വേണ്ട …
എടീ താ … ദേ ഈ കവിളിലോട്ട് …
അയ്യേ ….. എന്റെ മേക്കപ്പൊക്കെ പോവും …
എടീ നിന്നോടാ പറഞ്ഞത്. തരാൻ ….
അത് ഇന്ന് വേണോ….?
ഹും. വേണം . വേഗം താ..
ആ എങ്കിൽ കണ്ണടച്ചേ ….?
ഹും. ദ കണ്ണടച്ചു ….
ഉം…….മ്മ ….. മതിയോ …?
ആ മതി … ഇത്രയും നാൾ നിന്റെടുത്ത് നിന്ന് ഇരന്ന് വാങ്ങിയ ഉമ്മയ്ക്കൊ പലിശയും കൂട്ട് പലിശയും ചേർത്ത് നാളെ നമ്മുടെ ആദ്യരാത്രിയിൽ നിനക്ക് നേരിട്ട് ഞാൻ തരാം ….
അയ്യേ ….. എനിക്കൊന്നും വേണ്ട ….
എന്താടി …
ഏയ് ഒന്നുമില്ല ചുമ്മാ … ഉറങ്ങണ്ടേ എന്ന് പറഞ്ഞതാ ….
ആ ഉറങ്ങണം മോളെ … നാളെ നമ്മുടെ ആദ്യരാത്രിയല്ലേ …? അപ്പോൾ ഇന്ന് ഉറങ്ങാതെ പറ്റില്ലല്ലോ ….? ഓക്കെ ശരി ഗുഡ്നൈറ്റ് ….
ഓക്കെ ഗുഡ് നൈറ്റ് ….
പിറ്റേന്ന് രാത്രി അത്താഴത്തിന് ശേഷം ബെഡ്റൂമിലെ കട്ടിലിന്റെ ഒരത്തിരുന്ന് ഗീതുവിന്റെ വരവും കാത്തിരിക്കുകയായിരുന്നു ഹരി.. പെട്ടെന്ന് അയാളുടെ ഫോൺ ശബ്ദ്ധിച്ചതും അയാൾ വേഗം ഫോണെടുത്തു …..
ഹലോ ….?
ഹരി ഇത് ഞാനാ ഗീതുവിന്റെ മാമൻ….
എന്താ മാമാ ….?
മോനെ ഗീതുവുണ്ടോ നിന്റെ അടുത്ത്…
ഇല്ല …. അവൾ അടുക്കളയിലാണുള്ളത് … ഫോൺ കൊടുക്കണമോ …?
വേണ്ട മോനെ ….
പിന്നെന്തിനാ നിങ്ങൾ വിളിച്ചത് …
അത് മോനെ … അവളുടെ അച്ചൻ ….
എന്താ അവളുടെ അച്ചന് ….
അവളുടെ അച്ചൻ ഇപ്പോൾ മരിച്ചു … ഹൃദയാഘാതമായിരുന്നു …. നീ എത്രയും വേഗം അവളോട് എന്തെങ്കിലും കള്ളം പറഞ്ഞ് അവളെയും കൂട്ടി ഇങ്ങോട്ട് വരണം …
ഹും ഓക്കെ വരാം …..
അന്ന് രാത്രി അവളോട് എന്തൊക്കെയോ കള്ളം പറഞ്ഞ് അയാൾ അവളെയും കൂട്ടി അവളുടെ വീട്ടിലേക്ക് പുറപ്പെട്ടു ….
അവളുടെ വീട് എത്തിയതും തങ്ങളുടെ വിവാഹ ചടങ്ങ് കഴിഞ്ഞ പന്തലിലാകെ ആൾകൂട്ടത്തെ കണ്ടതും അവൾ ഹരിയെയൊന്ന് നോക്കി. പതിയെ പന്തലിലെ ആൾകൂട്ടത്തിനിടയിലൂടെ വീട്ടിലേക്ക് നടന്നു.
അവിടെ വീടിന്റെ ഉമ്മറഞ്ഞ് വെള്ള പുതപ്പിച്ച് കിടത്തിയ അവളുടെ അച്ചന്റെ മൃതശരീരം കണ്ടതും. അവൾ ആ മൃതശരീരത്തിൽ വീണ് ഒരു ഭ്രാന്തിയെ പോലെ അലറി കരഞ്ഞു ….
ഒടുക്കം മരണാനന്തര ചടങ്ങൊക്കെ കഴിഞ്ഞതും പതിനാറടിയന്തരം കഴിയുന്നത് വരെ ഗീതു ബന്ധുക്കൾക്കൊപ്പം അവളുടെ വീട്ടിൽ നിൽക്കണമെന്നായി എല്ലാവരുടെയും തീരുമാനം …
അങ്ങിനെ ഗീതു അവളുടെ വീട്ടിലായതോട് കൂടി ഹരി രണ്ടാഴ്ച്ചയോളം സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് പുതിയ ബിസിനസ്സ് സംരഭങ്ങൾ തുടങ്ങാനുള്ള ഓട്ടത്തിലായിരുന്നു. ഇതിനിടയിൽ എന്നും അയാൾ അവളുടെ വീട്ടിൽ വരുമായിരുന്നെങ്കിലും മരണം നടന്ന വീടായത് കൊണ്ട് തന്നെ അവളോടൊപ്പം തനിച്ചിരുന്നൊന്ന് സംസാരിക്കാൻ പോലും അയാൾക്ക് സാഹചര്യമുണ്ടായില്ല….
അങ്ങിനെ അയാളുടെ ലീവ് അവസാനിക്കാറായതിന്റെ തലേദിവസം. അവളുടെ വീട്ടിൽ നിന്ന് എല്ലാവരുടെയും മുൻപിൽ വെച്ച് അയാൾ അവളോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുക്കുന്നുണ്ടായിരുന്നു ….
വിദേശത്ത് എത്തിയതും ഹരിക്ക് ഒരു വീർപ്പ് മുട്ടലായിരുന്നു …. പ്രത്യേകിച്ച് താലികെട്ടിയ പെണ്ണിനെയും നാടിനെയും കൂട്ടുകാരെയുമൊക്കെ ഓർക്കുമ്പോൾ …. അങ്ങിനെ ദിവസങ്ങൾ കൊഴിഞ്ഞ് പോയി … ഇതിനിടയിൽ ഗീതു മൂന്ന് മാസങ്ങൾക്ക് ശേഷം അവളുടെ വീട്ടിൽ നിന്ന് ഹരിയുടെ വീട്ടിലേക്ക് പോയി … അങ്ങിനെ ഒരു ദിവസം …..
ഹലോ ഗീതു…
ആ പറ ഹരിയേട്ടാ ….
ഏയ് ഒന്നുമില്ലെടി… നിനക്ക് അവിടെ സുഖമാണോ ….
ആ. എന്ത് സുഖം ഇങ്ങിനെ പോകുന്നു …..
എന്താടി . നിനക്കെന്റെ വീടും പരിസരവുമൊന്നും പിടിച്ചില്ലേ…?
ആ പിടിക്കാഞ്ഞിട്ടൊന്നുമല്ല …
പിന്നെന്താ നിനക്കവിടെ കുഴപ്പം ..
ഏയ് ഒന്നുമില്ല. അത് വിട്….
എന്തോ ഉണ്ട് .. എന്താണെന്ന് പറ മോളെ …
അത് ഹരിയേട്ടാ … നിങ്ങളുടെ അച്ചൻ ഇവിടുന്ന് വല്ലാണ്ട് കുഴപ്പമാക്കുന്നുണ്ട് കേട്ടോ …..
എന്തിന്….
അത് നിങ്ങൾ പലരോടുമായി കടം വാങ്ങിയിട്ട് സുഹൃത്തുക്കളുമായി ചേർന്ന് ഇവിടെ ബിസിനസ്സ് സംരഭങ്ങൾ വല്ലതും തുടങ്ങിയിട്ടുണ്ടോ ….?
എടീ. അത് നാട്ടിൽ കൂടുകാർക്കൊക്കെ ജോലിയൊക്കെ കുറവാണെന്ന് പറഞ്ഞപ്പോൾ … എല്ലാവരെയും ഷെയർ ചേർത്ത് ഞാനും കൂട്ടുകാരും ചേർന്ന് പുതിയ ബിസിനസ്സ് സംരഭങ്ങൾ തുടങ്ങാമെന്ന് കരുതി. അങ്ങിനെ തുടങ്ങിയതാ … ഭാവിയിൽ നമുക്കുമൊരു വരുമാന മാർഗമല്ലേ …?
ആണോ ….? നിങ്ങളുടെ പേരിലാണോ ബിസിനസ്സ് സംരഭങ്ങൾ തുടങ്ങിയത് ….?
അതെ. അതൊക്കെ നിന്റെ അച്ചൻ മരിച്ച ടൈമിലായിരുന്നു തുടക്കമിട്ടത് …. അത് കൊണ്ട് തന്നെ അതൊന്നും നിന്നോട് ഷെയർ ചെയ്യാൻ പറ്റിയില്ല …..
ഹും നന്നായി …..
എന്താടി ….
ഏയ് ഒന്നുമില്ല. എന്നാൽ അതൊക്കെ പൊട്ടി തുടങ്ങിയെന്നാ എല്ലാവരും പറയണത് ….
ഏയ് അങ്ങിനെയൊന്നുമാവാൻ വഴിയില്ലല്ലോ …? ഇന്നലെയും ഞാൻ കൂട്ടുകാരെയൊക്കെ വിളിച്ചപ്പോൾ എല്ലാം നല്ല രീതിക്ക് പോകുന്നുണ്ട് എന്നാ പറഞ്ഞത് ….
അതൊക്കെ അവര് പറയുന്നതല്ലേ …?
ഇപ്പോൾ ആ ബിസിനസ്സ് സ്ഥാപനങ്ങളൊക്കെ ഒരാഴ്ച്ചയായി തുറക്കുന്നില്ലാ എന്നാണ് പറഞ്ഞ് കേട്ടത് ….
അതൊക്കെ ആൾക്കാർ അസൂയ കൊണ്ട് പറയുന്നതാ….?
ആണോ ? എങ്കിൽ ബിസിനസ്സിൽ ഷെയർ കൂട്ടാമെന്ന് പറഞ്ഞ് നിങ്ങൾ കടം മേടിച്ച നിങ്ങളുടെ ബന്ധുക്കളും നാട്ടുകാരും ഇന്ന് നിങ്ങളുടെ അച്ചനെ വന്ന് കണ്ടിരുന്നു …
എന്നിട്ട് അവർ എന്തു പറഞ്ഞു ….?
അവർ എന്തു പറയാൻ … എത്രയും പെട്ടെന്ന് അവരുടെ പണം തിരികെ കൊടുക്കാൻ …. അതൊക്കെ പോട്ടെ നിങ്ങൾ പലരിൽ നിന്നായി എത്ര രൂപ കടം വാങ്ങിയിട്ടുണ്ട്…..?
ഗീതു അത് …..
പറ ഹരിയേട്ടാ . എന്നിൽ നിന്ന് ഒന്നും മറച്ച് വെയ്ക്കരുത് …….
എടീ അത് … ഒരു … മുപ്പത് ലക്ഷം രൂപ വരെ ….
മുപ്പത് ലക്ഷമോ ….? എന്റെ ദേവിയേ ഞാൻ എന്തായി കേൾക്കുന്നത് …..? ഇനി നിങ്ങൾ എങ്ങിനെ ആ പണം തിരിച്ച് കൊടുക്കും …..
എടീ നീ വെറുതെ ടെൻഷൻ അടിക്കണ്ട …. അങ്ങിനെയെന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതൊക്കെ എന്റെ കൂട്ടുകാര് കൈകാര്യം ചെയ്ത് കൊള്ളും ….
ആണോ ….? എങ്കിൽ അതൊക്കെ നിങ്ങളുടെ വെറും തോന്നലുകളാ….
ഏയ് നീ പറയുന്നത് പോലൊന്നുമല്ല എന്റെ കൂട്ടുകാര് …. ഞാൻ ആദ്യം കിരണിനെ വിളിക്കട്ടെ … എന്നിട്ട് നിന്നെ ഞാൻ തിരച്ച് വിളിക്കാം ….
അതും പറഞ്ഞ് അയാൾ ഫോൺ കട്ടാക്കി കിരണിന്റെ നമ്പർ ഡയൽ ചെയ്തു ….
ഹലോ …. കിരൺ
എന്താടാ ഹരി….
എടാ നമ്മുടെ ബിസിനസ്സൊക്കെ എങ്ങിനെ പോകുന്നു ….
എടാ. അതൊക്കെ നല്ല രീതിക്ക് പോകുന്നു …. ഒരു ആറ് മാസം കഴിഞ്ഞാൽ നമുക്ക് ചെറുതായി ലാഭം വന്ന് തുടങ്ങു. എന്തേ ….?
ഏയ് ഒന്നുമില്ല. ആരൊക്കെയോ പറഞ്ഞ് എല്ലാം പൊട്ടി തുടങ്ങിയെന്ന് ….
ആര് പറഞ്ഞു …
എടാ. അത് ഞാൻ ബിസിനസ്സ് തുടങ്ങാൻ കടം വാങ്ങിയവരൊക്കെ എന്റെ വീട്ടിൽ വന്ന് അച്ചനെ കണ്ടിരുന്നു…
എന്തിന്…..?
എത്രയും വേഗം അവരുടെ പണം തിരിച്ച് കൊടുക്കാൻ എന്ന് പറഞ്ഞ് …
അതെയോ. എടാ ഞാൻ നിന്നെ കുറച്ച് കഴിഞ്ഞ് വിളിക്കാം … ഞാനിപ്പോൾ ഒരു യാത്രയിലാണ് …..
അതും പറഞ്ഞ് കിരൺ ഫോൺ കട്ടാക്കിയതും …. അയാൾ മറ്റുള്ള സുഹൃത്തുക്കളെ വിളിച്ചു ….
ആരും ഫോൺ അറ്റൻഡ് ചെയ്യാതായതും … അയാൾ ഫോൺ പോക്കറ്റിലിട്ടു ….
ഈശ്വരാ …. ആരും തന്റെ ഫോൺ എടുക്കുന്നില്ലല്ലോ ….? അതും സ്വന്തം കാശ് മുടക്കി സുഹൃത്തുക്കൾക്ക് വാങ്ങി കൊടുത്ത ഫോണിൽ വരെ വിളിച്ചിട്ട് ….
അങ്ങിനെയെങ്കിൽ ബിസിനസ്സൊക്കെ പൊട്ടി എന്ന് പറയുന്നത് ശരിയാണ് അല്ലേ…?
ദൈവമേ …. ഇനി ഞാൻ എന്തു ചെയ്യും. അയാളുടെ മനസ്സാകെ അസ്വസ്തമായി …. ഈ മരുഭൂമിയിൽ തന്നെ ജീവിതമൊടുക്കിയാലോ …? അയാളുടെ ചിന്തകൾ കാടുകയറി അയാളുടെ മനസ്സിൽ ഗീതുവിന്റെ നിഷ്കളങ്കമായ മുഖം തെളിഞ്ഞതും ….
ഇല്ല ജീവിക്കണം … തന്റെ താലിമാല കഴുത്തിലണിഞ്ഞ് ഇന്നും കന്യകയായി ജീവിക്കുന്ന എന്റെ പെണ്ണിന് വേണ്ടി … അതിന് ആദ്യം കടം വീട്ടിയേ പറ്റു … അതിന് എന്ത് ജോലി വേണമെങ്കിലും ചെയ്യാൻ താൻ തയ്യാറാണ് ….. എന്നിട്ട് എല്ലാ കടവും വീട്ടി ചതിച്ചവരുടെ മുന്നിലൂടെ അന്തസായി നടക്കണം …. അതിന് ജീവിച്ചേ പറ്റു … അയാൾ മനസ്സിൽ ദൃഡപ്രതിജ്ഞ എടുത്തു….
പിന്നീട് അയാൾ ദിവസവും ഓവർ ടൈം ജോലി ചെയ്തു. തേനീച്ച തേൻ ശേഖരിക്കുന്നത് പോലെ കടം വീട്ടാനുള്ള പണം ശേഖരിക്കാൻ തുടങ്ങി …. അങ്ങിനെ ആഴ്ച്ചകളും മാസങ്ങളും വർഷങ്ങളും കടന്ന് പോയി. ഇതിനിടയിൽ അയാൾ ….
എടാ വാതിൽ തുറക്കെടാ. എടാ ഹരി നിന്നോടാ പറഞ്ഞത് വാതിൽ തുറക്കാൻ ….
പുറത്ത് നിന്നുള്ള വാതിലിന് കൊട്ടിയുള്ള ശബ്ദ്ധം കേട്ടതും അയാൾ ഓർമ്മകൾക്ക് താൽക്കാലിക വിട നൽകി ഞെട എഴുന്നേറ്റ് വാതിൽ തുറന്നു …
എടാ ഹരി നീ … നീയെന്താ ഇന്ന് ഡ്യൂട്ടിക്ക് പോവാത്തത് …
എടാ മനു. എന്റെ ഗീതുന് ….
എന്താടാ നിന്റെ ഗീതുവിന് …. എന്തിനാ നീയിങ്ങനെ കരയണത് ….
എടാ അവൾക്ക് എന്തോ സംഭവിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് എന്നോട് നാട്ടിൽ എത്താൻ പറഞ്ഞിട്ടുണ്ട് ….
എന്താടാ അവൾക്ക് …
അറിയില്ല മനു… വീട്ടിൽ വിളിച്ചിട്ടാണെങ്കിൽ ആരും ഫോൺ എടുക്കുന്നുമില്ല ….
ഓ. അങ്ങിനെയെങ്കിൽ നീ വേഗം നാട്ടിൽ പോകാനുള്ള വഴി നോക്ക് ….?
എങ്ങിനെ …. എടാ കടക്കാരുടെ ഇടയിൽ ഞാൻ എങ്ങിനെ നാട്ടിൽ ഇറങ്ങും …. വയ്യടാ എനിക്ക്. ഇവിടെ തന്നെ മരിച്ചാൽ മതി….
എടാ നീ മിണ്ടാതിരിക്കുന്നുണ്ടോ …. വേഗം നാട്ടിൽ പോകാനുള്ള വഴി നോക്ക് …. പണം നമുക്ക് റെഡിയാക്കാം ….
എങ്ങിനെ ….
എടാ കഴിഞ്ഞ മാസത്തെ പതിനഞ്ച് ലക്ഷം രൂപയുടെ കുറി എനിക്കല്ലേ വന്നത് …. തൽക്കാൽത്തേക്ക് ആ പണം നീയെടുത്തോ…. പിന്നീട് നിന്റെ കുറി ഞാൻ എടുത്തോളാം….
അപ്പോൾ ബാക്കിയോ ….?
എടാ. രണ്ട് മൂന്ന് വർഷത്തോളമായില്ലേ നീ ഇവിടെ ജോലി ചെയ്യുന്നു …. നിന്റെ ചിലവും കുറിവെച്ച കാശും കഴിച്ച് ബാക്കി പണം നിന്റെ കൈയ്യിലുണ്ടാകില്ലേ…?
അതൊക്കെയുണ്ട് …. എന്നാലും ഇനിയും….
എടാ ഇനിയും കാശ് തികയുന്നില്ലെങ്കിൽ …
അറബിയോട് സംസാരിച്ച് നിനക്ക് വേണ്ട പണം ഞാൻ നിന്റെ അക്വണ്ടിലേക് അയച്ചു തരും.. പോരെ. ആദ്യം നിന്റെ ആവശ്യം നടക്കട്ടെ ….നിന്നെ ഞങ്ങൾക്ക് വിശ്വാസമാണ്….
എടാ മനു …. ഈ കടപ്പാടൊക്കെ ഞാൻ എങ്ങിനെ വീട്ടും ….
കടപ്പാടൊക്കെ പിന്നെ പറയാം … ഇന്ന് തന്നെ നീ നാട്ടിൽ പോകാനുള്ള വഴി നോക്ക് ….
ഹും …
പിറ്റേന്ന് ഹരി ഫ്ലൈറ്റ് ഇറങ്ങിയതും അയാളുടെ മനസ്സ് ആകെ അസ്വസ്തമായി … അയാൾ വീട്ടിലേക്കുള്ള ടാക്സി യാത്രയിൽ പലപ്പോഴും കൈകൂപ്പി മനമുരുകി പ്രാർത്ഥിച്ചു ….
ഈശ്വരാ എന്റെ ഗീതുവിനൊന്നും സംഭവിക്കരുതേ .. അവളെ കാത്തുകൊള്ളണമേ എന്ന് …
ടാക്സി അയാളുടെ വീടിന്റെ കോമ്പോണ്ടിൽ നിർത്തിയതും അയാൾ ടാക്സി വാടക കൊടുത്ത് വേഗമറങ്ങി തന്റെ വീടിന്റെ വിശാലമായ ഉമ്മറത്തേക്ക് നോക്കി ….
അവിടെ തന്റെ വരവും കാത്തിട്ടെന്നോണം. നിൽക്കുന്ന അച്ചനും അമ്മാവനും ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും …….
ഈശ്വരാ എന്റെ ഗീതു ….
അയാൾ വിറയാർന്ന കാലുകളോടെ ആരോടും ഒന്നും പറയാതെ വീടിന്റെ ഹാളിലേക്ക് നടന്നു …. അയാൾക്ക് പിറകെ ഉമ്മറത്തുള്ളവരും ഹാളിലേക്ക് നടന്നു …..
ഹാളിൽ വെച്ച് തന്റെ അമ്മയ്ക്ക് മുൻപിൽ അയാൾ വിതുമ്പി …
അമ്മേ എന്റെ എന്റെ ഗീതു എവിടെ…? അവൾക്ക് എന്താ പറ്റിയത് ….?
മോനെ. അവൾ ഇവിടെ തന്നെയുണ്ട്…. അവളെ നീ കാണുന്നതിന് മുൻപ് ഞങ്ങൾക്ക് നിന്നോട് ചിലകാര്യങ്ങൾ പറയാനുണ്ട് … അതൊക്കെ കേൾക്കുമ്പോൾ എന്റെ മോൻ തളർന്ന് പോകരുത് …
എന്താ അമ്മേ അവൾക്ക് ….
പറയാം മോനെ …. അതും പറഞ്ഞ് ഭാനു അകത്ത് നോക്കി നീട്ടി വിളിച്ചു ….
മോളെ പ്രിയാ ആ മെഡിക്കൽ റിപ്പോർട്ടൊക്കെ എടുത്ത് അവളെയും കൂട്ടി ഇങ്ങട് വന്നേ…..
അൽപ്പസമയത്തിന് ശേഷം … ബെഡ് റൂമിൽ നിന്ന് ഹരിയുടെ ചേച്ചി ഗീതുവിനെ താങ്ങി പിടിച്ച് മെഡിക്കൽ റിപ്പോട്ടുമായി ഹാളിലേക്ക് നടന്ന് ഹരിക്ക് അഭിമുഖമായി നിന്നു ….
ഗീതു നിനക്ക് എന്താ മോളെ അസുഖം …..
ഹരിയുടെ ഇടറിയ ശബദ്ധം കേട്ട് അവൾ അയാളെയൊന്ന് നോക്കി പതിയെ തലകുനിച്ചു ….
മോനെ ഇവൾക്ക് ഒരസുഖവുമില്ല.. ഇവൾ ഇത്രയും കാലം നിന്നെ ചതിക്കുകയായിരുന്നു …. ഭാനുമതിയുടെ ഇടിമുഴക്കം പോലുള്ള ശബ്ദ്ധം അവിടെയാകെ പതിഞ്ഞതും ഗീതുവിന്റെ മിഴികൾ നിറഞ്ഞ് ഒഴുകി.
അമ്മേ … അമ്മ എന്താ പറഞ്ഞത്. എന്റെ ഗീതു എന്നെ ചതിക്കുകയായിരുന്നെന്നോ ….
അതെ മോനെ. അവൾ നിന്നെ ചതിക്കുകയായിരുന്നു. അവളിപ്പോൾ അഞ്ചാം മാസം ഗർഭിണിയാ… അവളുടെ ഉദരത്തിൽ വളരുന്ന കൊച്ചിന്റെ തന്ത ആരാണെന്ന് ഞങ്ങൾ എത്ര ചോദിച്ചിട്ടും അവൾക്ക് മിണ്ടാട്ടമില്ല ….
ഭാനുമതി അത് പറഞ്ഞതും എല്ലാവരുടെയും കണ്ണുകൾ ഹരിയിലേക്ക് നീണ്ടു….
ആ നിമിഷം ഹരി വേഗം പ്രിയയുടെ കൈയിൽ നിന്ന് മെഡിക്കൽ റിപ്പോർട്ട് വാങ്ങി ആ പേപ്പറിലേക്ക് നോക്കി ….
മെഡിക്കൽ റിപ്പോർട്ട് വായിച്ചതും ഹരിയുടെ മനസ്സ് എവിടെയൊക്കെയോ സഞ്ചരിച്ചു. ആ നിമിഷം അയാളുടെ കണ്ണുകളിൽ കോപം നിറഞ്ഞതും അയാൾ അവളുടെ കഴുത്തിന് കുത്തി പിടിച്ച് മുന്നോട്ട് കുതിച്ച് അവളെ ചുമരോട് ചേർത്ത് നിർത്തി ….
ചുറ്റും കൂടിയവർ ആ കാഴ്ച്ച കണ്ട് ശ്വാസമടക്കി പിടിച്ച് നിന്നതും അയാൾ അലറി …
എന്തിനായിരുന്നെടീ നീ എന്നോട് …. ഇതൊക്കെ … ?
അയാളുടെ കൈ അവളുടെ കഴുത്തിൽ ഒന്നുകൂടി മുറുകിയതും അവളുടെ കണ്ണുകൾ പുറത്തേക്ക് തള്ളിവന്നു. അത് കണ്ടതും അയാൾ അവളുടെ കഴുത്തിലെ പിടിവിട്ടു ….
എന്തിനാ മോളെ നീ എന്നോട് ഇങ്ങനെയൊക്കെ …. എന്റെ പ്രണനെക്കാളേറെ ഞാൻ നിന്നെ സ്നേഹിച്ചിട്ടും. നീ എന്തിനാ എന്നോട് ഇതൊക്കെ മറച്ച് വെച്ചത് ….? പറ നിന്റെ സ്നേഹം കളങ്കമായിരുന്നോ ….?
അയാളത് പറഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ അയാൾക്ക് മുൻപിൽ കൈകൂപ്പി…..
ഹരിയേട്ടാ … ഹരിയേട്ടൻ എന്നോട് ക്ഷമിക്ക് . ഞാൻ ഞാൻ ഇത്രയും നാൾ ഹരിയേട്ടനോട് … അവളുടെ ശബദ്ധമിടറി വാക്കുകൾ തൊണ്ടിൽ കുരുങ്ങിയതും …. അയാൾ അവളെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു … ആ നിമിഷം അവൾ അയാളുടെ നെഞ്ചിൽ മുഖമമർത്തി പൊട്ടികരഞ്ഞു …
മോനെ നീ എന്തൊക്കെയാ ഈ കാണിക്കുന്നത് … മറക്കാനും പൊറുക്കാനും പറ്റാത്ത തെറ്റാണ് അവൾ ചെയ്തത് …. അത് മാത്രമല്ല നിന്നെ ചതിച്ചതാ അവൾ. അത് നീ മറക്കണ്ട ….
അല്ല … എന്നെ ഇവൾ ചതിച്ചിട്ടില്ല. ഇവളെ ഞാനാ ചതിച്ചത് …
മോനെ നീ എന്തൊക്കെയാ ഈ പറയുന്നത് ….
സത്യമാ ഞാൻ പറയുന്നത് …. ഞാൻ എന്റെ പെണ്ണിനെയാ ചതിച്ചത് …. ഇവൾ അവിഹിത ഗർഭം ധരിച്ചതല്ല … ഇവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ തന്ത ഞാനാ ……
ഹരി അത് പറഞ്ഞതും അവിടെയാകെ നിശബ്ദ്ധത പടർത്തി എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും നോക്കി …. ആ നിശബദ്ധതയെ കീറിമുറിച്ച് കൊണ്ട് ഭാനുമതിയുടെ ശബ്ദ്ധമുയർന്നും …
കള്ളം. നീ പറയുന്നത് മുഴുവൻ കള്ളമാണ് … മൂന്ന് വർഷത്തോളമായി നാട്ടിൽ ഇറങ്ങാൻ പറ്റാതെ വിദേശത്ത് ജോലി ചെയ്യുന്ന നിനക്ക് എങ്ങിനെയാടാ ഇവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ തന്തയാകാൻ പറ്റുക …..
അമ്മേ അത് ഞാൻ ….
എന്താടാ. നീ വീണെടുത്ത് നിന്ന് ഉരുണ്ട് കളിക്കുകയാണോ ….? പറയെടാ … എങ്ങിനെയാ ഇവൾ നിന്റെ ദിവ്യ ഗർഭം ധരിച്ചത് …..?
അത് ഞാൻ ഇവളുമായി ….
എന്താണ് നീ അവളുമായി . പറയെടാ..
പറയാം ….. എല്ലാം തുറന്ന് പറയാം …
സത്യം എല്ലാവരും അറിയണമല്ലോ … അല്ലെങ്കിൽ എന്റെ പെണ്ണിനെ നിങ്ങളെന്നും പിഴച്ചവൾ എന്ന് മുദ്രകുത്തില്ലേ…?
അതും പറഞ്ഞ് ഹരി ഗീതുവിനെ തന്നിൽ നിന്ന് അടർത്തിമാറ്റി … തനിക്ക് ചുറ്റും നിന്ന് തന്നെ പരിഹാസത്തോടും നോക്കി നിൽക്കുന്നവരെ നോക്കി ….
ഓ. ഇപ്പോൾ നിങ്ങൾക്കെല്ലാവർക്കും അറിയേണ്ടത് എന്റെ ഭാര്യ എങ്ങിനെയാണ് ഗർഭിണിയായത് എന്നല്ലേ …?
സത്യം ഞാൻ പറഞ്ഞ് തരാം ….
ഏതാണ്ട് അഞ്ച് മാസം മുൻപ് ഞാൻ ഓരാഴ്ച്ചത്തെ ലീവിന് പാലാക്കാട് വന്നിരുന്നു …. വന്നത് എന്റെ കൂടെ ജോലി ചെയ്യുന്ന എന്റെ ആത്മാർത്ഥ സുഹൃത്ത് മനുവിന്റെ കല്ല്യാണത്തിൽ പങ്കെടുക്കാനായിരുന്നു. വന്നതാകട്ടെ അവന്റെ ചിലവിലും ….
അങ്ങിനെ അവിടുന്ന് മനുവിന്റെ കല്ല്യാണമൊക്കെ കഴിഞ്ഞ് അവന്റെ തറവാട്ട് വീട്ടിൽ ഞാൻ ഒറ്റയ്ക്ക് താമസിക്കുമ്പോൾ എനിക്ക് വല്ലാതെ ഒരു വീർപ്പ്മുട്ടലായിരുന്നു… ഒറ്റപ്പെട്ട് പോയി എന്നൊരു തോന്നൽ…. ആ നിമിഷം മുതൽ എന്റെ മനസ്സ് നിറയെ എന്റെ ഗീതുവായിരുന്നു….
അവളെ ഒന്ന് കാണാൻ … ഒന്ന് തൊടാൻ …. ഒന്ന് നെഞ്ചോട് ചേർത്ത് പിടിക്കാൻ വല്ലാത്ത കൊതിയായിരുന്നു ….
അങ്ങിനെ അന്ന് രാത്രി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന ഞാൻ. പിറ്റേന്ന് ഉച്ചയ്ക്ക് മനുവിനോട് യാത്ര പറഞ്ഞ് നേരെ കണ്ണൂരിലേക്ക് വണ്ടി കയറി ….
കണ്ണൂരിൽ എത്തിയ ഞാൻ അന്ന് അവിടെ ഒരു ലോഡ്ജിൽ താമസിച്ചു …
പിറ്റേന്ന് ….
ഹലോ ഗീതു ഞാൻ കണ്ണൂരുണ്ടെടീ…
കണ്ണൂരോ ….?
അതെ . ഞാൻ ഇവിടെ ഒരു ലോഡ്ജിലുണ്ട്. എനിക്ക് നിന്നെയൊന്ന് കാണാൻ വല്ലാത്ത കൊതിയാവുന്നു …. നാളെ നിന്റെ പിറന്നാളല്ലേ പെണ്ണേ …..?
ഹരിയേട്ടാ….. ഹരിയേട്ടൻ എന്താ പറഞ്ഞത്. എന്നെ കാണാൻ ….?
അതെ മോളെ നിന്നെയൊന്ന് എനിക്ക് കാണണം ….
ഏയ് അതൊന്നും നടക്കില്ല … അല്ലെങ്കിൽ തന്നെ കടക്കാര് നിങ്ങൾ നാട്ടിൽ വരുന്നതും കാത്തിരിക്കുകയാ … നിങ്ങളെയെങ്ങാനും വല്ലോരും കണ്ടാൽ അതോടെ എല്ലാം തീർന്നു. പോരാഞ്ഞിട്ട് നിങ്ങളുടെ പേരിൽ രണ്ട് മൂന്ന് ചെക്കു കേസ്സുമുള്ളതാ …?
അതൊക്കെ എനിക്കറിയാം മോളെ… പക്ഷെ എനിക്ക് എനിക്ക് നിന്നെയൊന്ന് കണ്ടേ പറ്റു … നിനക്കായ് ഞാൻ കരുതിയ പിറന്നാൾ സമ്മാനവും തന്നിട്ട് ഞാൻ പോയ്ക്കോളാം… ?
വേണ്ട ഹരിയേട്ടാ ….? അതൊക്കെ പ്രശ്നമാ….? അല്ലെങ്കിൽ തന്നെ നമുക്ക് കലികാലമാ ….?
ഗീതു …. ഞാൻ പറയുന്നത് നീ ഒന്ന് കേൾക്ക് …. ഒന്ന് നിന്നെ ഞാൻ കണ്ടിട്ട് പോയ്ക്കോളാം … ഇല്ലെങ്കിൽ ഞാൻ ഈ ഒറ്റമുറിയിൽ ശ്വാസം മുട്ടി മരിച്ച് പോകും പെണ്ണേ ….
ഹരിയേട്ടാ ….
സത്യമാ … ഞാൻ പറഞ്ഞത് മോളെ. അത് കൊണ്ട് നീ ഒന്ന് സമ്മതിക്ക് … ഒരുവട്ടം നിന്നെ ഞാൻ കണ്ടിട്ട് പോയ്ക്കോളാം…
ആണോ. പക്ഷെ എനിക്ക് എനിക്കാകെ പേടിയാകുന്നു ….
നീ പേടിക്കുകയൊന്നും വേണ്ട. ഇന്ന് രാത്രി എല്ലാവരും ഉറങ്ങിയാൽ ഞാൻ അവിടെ വരാം … നീയൊന്ന് വീടിന്റെ പിന്നാമ്പുറത്തെ വാതിൽ തുറന്നിട്ട് തന്നാൽ മാത്രം മതി … ആരുകാണാതെ നിന്നെയൊന്ന് കണ്ടിട്ട് ഞാൻ പോയ്കോളാം….
അത് എനിക്ക് ….
ഒന്ന് സമ്മതിക്ക് മോളെ. ഇല്ലെങ്കിൽ ഞാൻ ….?
ആ . സമ്മതിച്ചു. പക്ഷെ എന്നെ കണ്ടിട്ട് അപ്പോൾ തന്നെ തിരിച്ച് പോയ്ക്കോളണം …..
ഹും ആയിക്കോട്ടെ ….
അന്ന് രാത്രി എല്ലാവരും ഉറങ്ങിയതിന് ശേഷം ഞാൻ ഒരു കള്ളനെ പോല പാത്തും പതുങ്ങിയുമാണ്. ഈ വീടിന്റെ പിന്നാമ്പുറത്തെ വാതിൽ വഴി മുകളിലുള്ള ഞങ്ങളുടെ ബഡ്റൂമിൽ എത്തിയത് ….
അവിടെ എന്നെ കണ്ടിട്ടെന്നോണം പേടിയോടെ എഴുനേറ്റ് നിന്ന ഗീതുവിന്റെ അരികിലേക്ക് ഞാൻ മെല്ലെ ഡോർ ചാരി നടന്നടുത്തു …..
അവൾക്കരികിൽ ഞാനെത്തിയതും അൽപ്പ സമയം ഞങ്ങൾ പരസ്പരം ഒന്നും പറയാതെ അങ്ങോട്ടും ഇങ്ങോട്ടും കണ്ണുകളിൽ തന്നെ നോക്കി നിന്നു ….
ആ നിമഷം അവളുടെ കണ്ണുകൾ നിറഞ്ഞതും ഞാൻ എന്റെ പോകറ്റിൽ നിന്ന് അവൾക്ക് വാങ്ങിയ പിറന്നാൾ സമ്മാനമായ നെക്ലേസ് എടുത്ത് അവളുടെ കഴുത്തിലണിഞ്ഞതും അവൾ എന്റെ നെഞ്ചിൽ വീണ് പൊട്ടി കരഞ്ഞു ….
അവളെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ ഞാൻ തരിച്ച് നിന്നതും പുറത്ത് മിന്നലോട് കൂടി ഒരു ഇടിവെട്ടി കറണ്ട് പോയതും ഒരുമിച്ചായിരുന്നു. അതോടു കൂടി അവൾ ഒന്നുകൂടി എന്റെ നെഞ്ചിലമർന്ന് പേടിയോടെ എന്നെ കെട്ടിപിടിച്ചു …
ആ നിമിഷം അവളുടെ ഗന്ധം എന്റെ നാസിക തുമ്പിൽ ഇരച്ച് കയറിയതും. ഞാൻ അവളെ വരിഞ്ഞ് മുറുക്കി അവളുടെ കവിളിലും അധരങ്ങളിലും ചുംബിച്ചു. അവളിൽ ചെറുതായി എതിർപ്പുകൾ ഉയർന്നു ….
വിട് ഹരിയേട്ടാ …. ഒന്നും വേണ്ട വിട്…
അവളുടെ എതിർപ്പുകളൊന്നും വകവെയ്ക്കാതെ ഞാൻ അവള ചുംബന പൂക്കൾ കൊണ്ട് മൂടിയതും പുറത്ത് മഴ തിമിർത്ത് പെയ്യാൻ തുടങ്ങി ….
പുറത്ത് പെയ്യുന്ന മഴയുടെ സംഗീതത്തിനൊപ്പം അവളുടെ എതിർപ്പുകൾ നേർത്ത് വന്നതും അവൾ കിതപ്പോടെ എന്നെ ഇറുകിപ്പിടിച്ചിരുന്നു …. ആ നിമിഷം ഞാൻ അവളുമായി പട്ടുമെത്തയിലേക്ക് വീണിരുന്നു …
അന്നാണ് ഞങ്ങൾ മനസ്സ് കൊണ്ടും ശരീരം കൊണ്ടും ഒന്നായത് …. ഒടുക്കം പുലർച്ചെ എല്ലാം കഴിഞ്ഞ അവളോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ അവൾ മുഖം പൊത്തി കരയുന്നുണ്ടായിരുന്നു.
ഒന്ന് തിരിഞ്ഞ് നോക്കിയാൽ ചങ്ക് തകർന്ന് പോവുമെന്ന് തോന്നിയതും ഒന്നും പറയാതെ ഞാൻ മുറിവിട്ടിറങ്ങി പുറത്ത് പെയ്യുന്ന ചാറ്റൽ മഴയും നനഞ്ഞ് കൂരിരുട്ടിലൂടെ നടന്നു …
മോനെ … നീ പറയുന്നതൊക്കെ സത്യമാണോ ….?
എന്താ അമ്മേ …. അമ്മയ്ക്ക് വിശ്വാസം വരുന്നില്ല അല്ലേ …?
അതും പറഞ്ഞ് ഹരി പോക്കറ്റിൽ നിന്ന് ഫോണെടുത്ത് ഗ്യാലറി ഓപ്പൺ ചെയ്തു …
ഇതാ എന്റെ സുഹൃത്ത് മനുവിന്റെ കല്ല്യാണത്തിൽ ഞാൻ പങ്കെടുത്തതിന്റെ ഫോട്ടോസുകളാണ് ഇതൊക്കെ …
അയാളുടെ ഫോണിലെ ഫോട്ടോസ് കണ്ടതും എല്ലാവരും പരസ്പ്പരം അങ്ങോട്ടുമിങ്ങോട്ടും നോക്കി….
ഇനിയും ആർക്കെങ്കിലും എന്തെങ്കിലും സംശയം തോന്നുന്നുണ്ടെങ്കിൽ ഞാൻ നാട്ടിൽ വന്നതിനും തിരിച്ച് പോയതിനും കൃത്യമായ യാത്രാ രേഖകൾ എന്റെ പക്കലുണ്ട്. പോരാത്തതിന് ഞാൻ ലോഡ്ജിൽ അടക്കം താമസിച്ചതിനുള്ള റസീറ്റുമുണ്ട് ..
അയാളുടെ സംസാരം കേട്ട് എല്ലാവരും അന്തം വിട്ട് നിന്നതും …
ഇനി ആർക്കെങ്കിലും ഈ കാര്യങ്കിൽ എന്തെങ്കിലും സംശയമുണ്ടോ ….? അയാളുടെ ചോദ്യത്തിന് അൽപ്പസമയം ആരും ഉത്തരം പറയാതെ മൗനം പാലിച്ച് നിന്നതും ….
ഹരി ഇനി നീ ഞങ്ങളെയൊക്കെ പറ്റിച്ച കാശ് എപ്പോൾ തിരിച്ച് തരുമെന്ന് പറ ….
അശോകൻ മാമാ… അതൊക്കെ പറയം… അതിന് മുൻപ് നിങ്ങളുടെയൊക്കെ സാനിദ്ധ്യത്തിൽ വെച്ച് എന്റെ ഭാര്യയിൽ നിന്ന് എനിക്ക് ചില കാര്യങ്ങൾ അറിയാനുണ്ട് …
അല്ലെങ്കിൽ നാളെ നാട്ടിൽ വേറ കഥകളായിരിക്കും പരക്കുക …. അതും പറഞ്ഞ് അയാൾ ഗീതുവിന് നേരെ തിരിഞ്ഞു …
എന്തിനാടി. ഇത്രയും നാൾ നിന്റെ വയറ്റിൽ എന്റെ കുഞ്ഞ് വളരുന്നുണ്ടെന്ന സത്യം ഞാനടക്കമുള്ളവരിൽ നിന്ന് മറച്ചു വെച്ചത് …. ഒരു സമൂഹം മുഴുവൻ നിന്നെ പിഴച്ചവളെന്ന് മുദ്ര കുത്തുമ്പോൾ നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ തന്ത ഞാനാണെന്ന് നീ വിളിച്ച് പറയാത്തത് എന്ത് കൊണ്ടാണ് . ….
അയാളുടെ ചോദ്യത്തിന് അവളൊന്നും പറയാതെ കണ്ണീർ പൊഴിച്ച് നിന്നതും …
പറയെടി ഞാൻ ചോദിച്ച ചോദ്യത്തിന് ഉത്തരം. അതും ഇവരുടെയൊക്കെയും മുൻപിൽ വെച്ച് ….
അയാളുടെ ശബ്ദ്ധമുയർന്നതും അവൾ ചുരീദാറിന്റെ ഷോള് കൊണ്ട് കണ്ണ് തുടച്ച് അയാൾക്ക് മുൻപിൽ കൈകൂപ്പി….
ഹരിയേട്ടാ … ഒരുപാട് പ്രശ്നങ്ങൾക്ക് നടുവിൽ ജീവിക്കുന്ന നിങ്ങൾ. ഞാൻ ഗർഭിണിയാണെന്ന സത്യം കൂടി അറിഞ്ഞാൽ … നിങ്ങൾ എന്നെ അബോർഷൻ ചെയ്യിക്കാൻ നിർബദ്ധിക്കുമെന്ന പേടി കൊണ്ടാ … ഞാൻ ഇതൊന്നും നിങ്ങളോടൊന്നും പറയാതെ ഇതുവരെ എല്ലാം മൂടിവെച്ചത് ….
അല്ലാതെ എനിക്ക് നിങ്ങളോട് സ്നേഹമില്ലാഞ്ഞിട്ടൊന്നുമല്ല …. എന്റെ പ്രാണനാ നിങ്ങൾ …. എന്റെ ഉദരത്തിൽ വളരുന്ന എന്റെ പ്രാണന്റെ പ്രാണനെ നശിപ്പിക്കാൻ ഞാൻ ഒരുക്കമല്ല …. അത് കൊണ്ടാ ഞാൻ അങ്ങിനെയൊക്കെ ….
ഒരു വിതുമ്പലോടെ ഗീതു അത് പറഞ്ഞതും … ഹരി തിരിഞ്ഞ് തനിക്ക് ചുറ്റിലുമുള്ളവരെ നോക്കി….
കേട്ടില്ലേ എന്റെ പെണ്ണ് പറഞ്ഞത്. ഇനി ആർക്കെങ്കിലും ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും അറിയാനുണ്ടോ ….?
അയാളുടെ ചോദ്യത്തിന് ആരും വീണ്ടും ഒന്നും പറയാതെ നിന്നതും അയാൾ തള്ള് ബിജുവിനെ നോക്കി ….
എടാ ബിജു നിന്നെ എനിക്ക് ശരിക്കുമൊന്ന് കാണണമല്ലോ …?
എന്തിനാ ഹരിയേട്ടാ … ഈ കാര്യത്തിൽ പലരും പറയുന്നത് കേട്ടിട്ട് ഞാനും അത് ഏറ്റ് പിടിച്ചു എന്നത് സത്യമാണ്. ഞാൻ കാരണം അറിഞ്ഞോ അറിയാതെയോ നിങ്ങളുടെ മനസ്സ് വേദനിച്ചിട്ടുണ്ടെങ്കിൽ സോറി ….
ഏയ് സോറിയൊന്നും വേണ്ട ബിജു … കാരണം സ്വന്തം ഭാര്യയെ ഒരു നോക്ക് കാണാൻ പാതിരാത്രിയിൽ കള്ളനെ പോലെ പാത്തും പതുങ്ങിയും വന്നപ്പോഴും പിന്നെ കൂടപിറപ്പിനെ പോലെ സ്നേഹിച്ച കൂട്ടുകാർ ചതിച്ചപ്പോഴുണ്ടായ വേദനയെക്കാൾ വലിയ വേദനയൊന്നുമല്ലടോ ഇതൊന്നും . …
അതൊക്കെ ശരിയാ . എന്നാലും …?
ഏയ് സാരമില്ല ബിജു … എന്ത് കാര്യത്തിലും തള്ളി മറിക്കൽ നിനക്ക് കൂടുതലാണെങ്കിലും. നിന്റെ ഹൃദയം ശുദ്ധമാണെന്നെനിക്കറിയാം … അത് കൊണ്ടാണ് ഞാൻ പറഞ്ഞത് നിന്നെയൊന്ന് കാണണമെന്ന്. എനിക്കിവിടെയുള്ള ഇടപാടുകളൊക്കെ തീർക്കണം അതിന് നീ എന്റെ കൂടെയുണ്ടാവണം …
അതും പറഞ്ഞ് അയാൾ ഒന്ന് കൂടി തനിക്ക് ചുറ്റുമുളളവരെ നോക്കിയതും ….
ഹരി ഞങ്ങളുടെ കാശ് എപ്പോൾ തരും ….
തരാം ചെല്ലപ്പൻ ചേട്ടാ ….
എന്നെ പലരും പറ്റിക്കുകയും ചതിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും . ഞാൻ ഇന്നേവരെ ആരെയും പറ്റിക്കുകയോ ചതിക്കുകയോ ചെയ്തിട്ടില്ല …
അതൊക്കെ ശരിയായിരിക്കാം പക്ഷെ ഞങ്ങളുടെ കാശ് …..
നിങ്ങളുടെയൊക്കെ കാശ് രണ്ടു ദിവസത്തിനുള്ളിൽ ഞാൻ തരും …
ഇപ്പോൾ എല്ലാവർക്കും പോകാം ….
അതും പറഞ്ഞ് ഹരി ഗീതുവിനെ ചേർത്ത് പിടിച്ച് റൂമിലേക്ക് നടന്നു ….
അന്ന് രാത്രി ബെഡ്റൂമിൽ ഹരിയുടെ മടിയിൽ തല വെച്ച് കിടക്കുകയായിരുന്ന ഗീതു …
ഹരിയേട്ടാ ….
എന്താടി. മണ്ടൂസ് പെണ്ണേ ….
ഞാൻ മണ്ടൂസൊന്നുമല്ല കേട്ടോ… നിങ്ങളാ മണ്ടൂസ്… അത് കൊണ്ടല്ലേ … വയ്യാവേലിക്കെല്ലാം പോയി ചാടി പുലിവാല് പിടിച്ചത് ….
പോടി അവിടുന്ന്. അതൊക്കെ കൂട്ടുകാരൊക്കെ രക്ഷപ്പെടട്ടെ എന്ന് കരുതി ചെയ്തതല്ലേ ….?
ആണോ ….? എന്നിട്ട് ഇപ്പോൾ എന്തായി. അവര് രക്ഷപ്പെട്ടു … നമ്മൾ പാപ്പരായി ….
അതൊക്കെ വിടെടീ… അതിൽ നിന്നൊക്കെ ഒരു പാഠം പഠിച്ചില്ലേ….? ആര് എങ്ങിനെയൊക്കെയെന്ന് ….
ഹും …. അതൊക്കെ ശരി. ഇനി കടക്കാരുട കാശെല്ലാം നമ്മൾ എങ്ങിനെ കൊടുക്കും ….
അതൊക്കെ ഞാൻ ശരിയാക്കിയിട്ടുണ്ട്. നാളെയോ മറ്റംനാളോ നമുക്ക് എല്ലാം കൊടുക്കാം …
സത്യം ….
ആ സത്യം. എന്നിട്ട് വേണം നമുക്ക് മനസമാധാനത്തിൽ ഒന്ന് ജീവിച്ച് തുടങ്ങാൻ …
ആ ഇപ്പോഴാണ് എനിക്ക് ശരിക്കും സന്തോഷമായത് ഹരിയേട്ടാ …..
ഹും. എനിക്കും. പിന്നെ ഈ മണ്ടൂസ് എന്റെ ജീവിതത്തിൽ കടന്ന് വന്നതിന് ശേഷം എന്നോടൊപ്പം ഒരുപാട് പ്രയാസങ്ങൾ അനുഭവിച്ചിട്ടുണ്ടെങ്കിലും നീ ഭാഗ്യവതിയാ മോളെ …
ഭാഗ്യവതിയോ അതെങ്ങിനെ….?
അതോ …? സ്വന്തം പിറന്നാളിന്റെ അന്ന് ആദ്യരാത്രിയും, അന്ന് തന്നെ ഉദരത്തിൽ ഒരു ജീവന് വിത്ത് പാകാനുള്ള ഭാഗ്യവും എന്റെ മണ്ടൂസിന് അല്ലാതെ വേറെ ആർക്കാണ് ഉള്ളത്….
ആണോ ….? എങ്കിൽ എനിക്ക് എന്തെങ്കിലും ഒരു സമ്മാനം തരണം കേട്ടോ ….?
ഓ നിനക്കുള്ള സമ്മാനം ഞാൻ തന്നല്ലോ …?
എന്ത് സമ്മാനം ….?
അതോ …? അത്. ദാ…. ഇവിടെ കിടക്കുന്ന സമ്മാനം
അതും പറഞ്ഞ് അയാൾ അവളുടെ മൃദുലമായ വയറിൽ ചുംബിച്ചതും അവൾ എഴുന്നേറ്റിരുന്ന് അയാളുടെ മിഴികളിലേക്ക് നോക്കി.
ഹരിയേട്ടാ ….?
അയാൾ അവളെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ച് അവളുടെ കവിളിൽ മുത്തമിട്ട് ചുണ്ടുകൾ അവളുടെ ചെവിയോട് ചേർത്ത് വെച്ച് മന്ത്രിച്ചു ….
ശരിക്കും നമ്മുടെ ആദ്യരാത്രി പൊല്ലാപ്പായതാണെങ്കിലും നമ്മൾ എന്തുകൊണ്ടും ഭാഗ്യവാന്മാരല്ലേ ….?
ഹും …..
അയാൾ അവളുടെ നെറുകയിൽ ചുണ്ടുകളമർത്തി അവളെ ഒന്നുകൂടി തന്നിലേക്ക് ചേർത്ത് പിടിച്ചതും … അവളുടെ മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞ് തുളുമ്പി … ആ നിമഷം അവളുടെ മിഴികളിൽ നിന്ന് പെയ്തൊഴിയുന്ന ആനന്ദ കണ്ണീരിനൊപ്പം പുറത്ത് രാത്രി മഴ ആർത്തിരമ്പി പ്രണയ സംഗീതം തീർക്കുന്നുണ്ടായിരുന്നു ….
കാതിനും മനസ്സിനും കുളിര് പകരുന്ന നിലയ്ക്കാത്ത പ്രണയമഴയുടെ സംഗീതം …… ആ പ്രണയമഴയുടെ സംഗീതത്തിൽ അവർ അലിഞ്ഞ് ചേർന്നു കൊണ്ടേയിരുന്നു ….
Super