ഭ്രാന്തനെ പ്രണയിച്ച തന്റെടി പെണ്ണ്

രചന : വിജയ് സത്യ.

ജിനി മോളെ. എവിടെടീ….. ഇങ്ങനെ ഓടിച്ചാടി… ഒന്ന് ഒതുക്കത്തിൽ നടന്നു കൂടെ…

ജിനിയുടെ ആദ്യത്തെ കോളേജ് ദിവസം.. അവൾ നല്ല ഒരു ഉത്സാഹത്തിലായിരുന്നു.

അവളുടെ അമ്മ രാജേശ്വരിയമ്മ പ്രിൻസിപ്പൽ ആയ കോളേജിൽ ഒരു രാജകുമാരിയുടെ ഭാവം.. അവളുടെ നടത്തത്തിലുണ്ട്..

രാവിലെ വീട്ടിൽ നിന്നും ഒന്നിച്ചിറങ്ങി അമ്മയ്ക്കൊപ്പം ബസ്സിറങ്ങി കോളേജ് ക്യാമ്പസിൽ കാലെടുത്തു വച്ചപ്പോൾ തൊട്ടു ക്ലാസ് റൂമിൽ എത്താനുള്ള ധൃതിയിൽ അവളുടെ നടത്തത്തിന് വേഗത കൂടിയത് കണ്ട് അമ്മ ചോദിച്ചു..

പ്രിൻസിപ്പൽ മാഡം പതിയെ നടന്നോണ്ടു വാ എനിക്ക് വയ്യ ഇങ്ങനെ ഇഴഞ്ഞുകൊണ്ട് നടക്കാൻ…

അതും പറഞ്ഞ് അവൾ വേഗത്തിൽ നടന്നുപോയി..

ഇവളുടെ ഒരു കാര്യം…

രാജേശ്വരി അമ്മ മനസ്സിൽ ഓർത്തു..

അപ്പോൾ പ്രിൻസിപ്പൽ മാഡം പറഞ്ഞതുപോലെ തന്നെ ചെയ്തുവല്ലോ..
ജിനിയെ ഡിഗ്രിക്ക് നമ്മുടെ കോളേജിൽ തന്നെ ആക്കി അല്ലേ…?

പിന്നിൽ നിന്നും സ്വരം കേട്ട് തിരിഞ്ഞുനോക്കി..

വെളുത്ത ചിരി ചിരിച്ചുകൊണ്ട്
സരസ്വതി മാഡം ചോദിച്ചു.

പിന്നെ എന്ത് ചെയ്യാനാ സരസ്വതി മാഡം….

ഞാൻ നീലേശ്വരം രാജാസ് ഹൈസ്കൂളിൽ ടീച്ചർ ആയിരുന്നപ്പോൾ അവളെ ഒന്നാം ക്ലാസിൽ ചേർത്തതാ.. എന്റെ കൈ തുമ്പ് പിടിച്ചു സ്കൂളിൽ നടന്ന അവൾ ഒമ്പതാം ക്ലാസിൽ എത്തിയപ്പോഴാണ് എനിക്ക് ഇവിടെ സ്വന്തം നാട്ടിലെ ഉദുമ ഹയർസെക്കൻഡറി സ്കൂളിലേക്ക് മാറ്റം കിട്ടിയത്. അന്ന് എന്റെ കൂടെ അവളും വരുന്നു എന്നു പറഞ്ഞ് നിർബന്ധം പിടിച്ച് കരഞ്ഞു. അപ്പോൾ അവളെ അവിടെയും കൊണ്ടു വന്ന് ചേർത്തു.

അതെ അതെ… ടീച്ചറവിടെ രണ്ടുവർഷം ഉണ്ടായല്ലോ… പിന്നീടല്ലേ മാഡത്തിന് കാസർഗോഡ് ഗവൺമെന്റ് കോളേജിൽ പ്രിൻസിപ്പലായി പ്രമോഷൻ ലഭിച്ചത്…

അതേ…..ഹാ ഹാ… കോളേജിലേക്ക് അങ്ങനെ ഓടി വരാൻ പറ്റില്ലല്ലോ…
പത്താം ക്ലാസ്സും പ്ലസ് ടു പഠനവും ജിനി അവിടെ പൂർത്തിയാക്കി..അതാ അവിടുത്തെ കോർട്ടേഴ്സ് വിട്ട് ഞങ്ങൾ ഇവിടെ കാസർഗോഡ് തറവാട്ട് വീട്ടിൽ വന്നിട്ടും അവളുടെ സ്കൂൾ കാസർകോടുള്ള ഏതെങ്കിലും ഹയർസെക്കൻഡറി സ്കൂളിലേക്ക് മാറ്റാതിരുന്നത്.. ഈ കഴിഞ്ഞ രണ്ടുവർഷം ജിനി അവിടെ ഉദുമയിൽ തന്നെയുള്ള ഒരു ലേഡീസ് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയായിരുന്നു… എന്റെ കണ്ണെത്താത്തിടത്തുള്ള കോളേജിലൊക്കെ വിടാൻ ഒരു പ്രയാസം.. അതാണ് ഇവിടെ തന്നെ ആക്കിയത്…

അത് ഏതായാലും നന്നായി മേഡം.. സിലബസ് ഒക്കെ എല്ലായിടത്തും ഒന്നുതന്നെ.. ഇതൊന്നും അറിയാതെ ചിലർ മക്കളെ പലയിടത്തും കൊണ്ടുപോയി പഠിപ്പിക്കുന്നത് കാണുമ്പോൾ എനിക്ക് ചിരിയാണ് വരിക..എവിടെ പോയിട്ടും കാര്യമില്ല എന്ന് നമുക്കല്ലേ അറിയൂ…

അല്ല പിന്നെ… ചുമ്മാ ആൾക്കാർക്ക് ഭ്രാന്ത്..

അവളെതു ഗ്രൂപ്പാ എടുത്തത്…?

സരസ്വതി ടീച്ചറുടെ കൊമേഴ്സ്..തന്നെ..

ആണോ കൊള്ളാം…

ഒന്ന് ശ്രദ്ധിച്ചാണേ…

അത് പിന്നെ പറയാണോ…മാഡം..

അങ്ങനെ ഓരോരോ വർത്തമാനം പറഞ്ഞുകൊണ്ട്
പ്രിൻസിപ്പൽ റൂം എത്തിയപ്പോൾ രാജേശ്വരി അമ്മ അങ്ങോട്ട് കയറിപ്പോയി..സരസ്വതി മാഡം കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് റൂമിലേക്കും ചെന്നു.

ഫസ്റ്റ് ഇയർ കൊമേഴ്സ് ഡിഗ്രി ബ്ലോക്കിലേക്ക് വച്ചുപിടിച്ച ജിനി അതിന്റെ വരാന്തയിലൂടെ തന്റെ ക്ലാസ് റൂമിലേക്ക് നടക്കുകയായിരുന്നു.

ഒന്ന് നിന്നെ……

അന്തരീക്ഷത്തിൽ പുകച്ചുരുളുകൾ കൊണ്ട് വർണ്ണ പുഷ്പങ്ങൾ വിരിയിച്ച് വരാന്തയിൽ ഒരുപറ്റം യുവാക്കൾ.. അവരുടെ നടുവിൽ താടിയും മുടിയും കണക്കിൽ അധികം വളർത്തിയ ഫ്രീക്വൻ അവളുടെ നടത്തം തടഞ്ഞുകൊണ്ട് പറഞ്ഞു..

ഉള്ളിൽ ആകെ ഭയന്നുപോയി.. ഗവൺമെന്റ് കോളേജ് ആണ്. കൂട്ടുകാരികൾ റാഗിംഗ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞിട്ടുണ്ട്..

ക്ലാസ് തുടങ്ങാൻ ഇനിയും സമയം ഏറെയുണ്ട് ഇച്ചിരി നേരത്തെയാണ് എത്തിയത്.. പ്രിൻസിപ്പൽ അമ്മയുടെ കൂടെ പുറപ്പെട്ടത് കൊണ്ട് പറ്റിപ്പോയതാണ്..
എങ്കിലും ഭയം പുറത്തു കാട്ടാതെ അവൾ ചോദിച്ചു.

എന്താ ചേട്ടന്മാരെ…

ഫസ്റ്റ് ഇയർ ആണല്ലേ…

ആണല്ലോ എന്താ…

ഒന്നുമില്ല ഒന്നു പരിചയപ്പെടാൻ എന്ന് വെച്ചു..

ഒരുത്തൻ പറഞ്ഞു..

എടാ ഇവളുടെ ‘ആണല്ലോ എന്താ’ എന്നതിൽ ഒരു ധാർഷ്ട്യം ഉണ്ടല്ലോ…

എങ്കിൽ നമുക്കത് തീർക്കണമല്ലോ..

വേറൊരുത്തൻ പറഞ്ഞു..

ഒരു ഇരയെ തഞ്ചത്തിൽ കിട്ടിയ ആവേശത്തിൽ ആണ് അവർ എന്ന് ജിനിക്കു മനസ്സിലായി.

എടാ ഇവൾക്ക് നമ്മുടെ പ്രിൻസിപ്പളിന്റെ ഒരു മുഖച്ഛായ ഉണ്ടല്ലോ..
പ്രിൻസിപ്പിന്റെ മകൾ ഇപ്രാവശ്യം ഇവിടെ പഠിക്കാൻ വരുന്നുണ്ടെന്ന് എന്റെ ഒരു കൂട്ടുകാരി പറഞ്ഞിരുന്നു.ഒരുപക്ഷേ അവൾ ആയിരിക്കുമോ ഇവൾ..

അതു കേട്ടപ്പോൾ അവൾക്ക് ആശ്വാസമായി…

താൻ ആ പ്രിൻസിപ്പൽ അമ്മയുടെ മകളാണെന്ന് പറയാനുള്ള ഒരു ധൈര്യവും അപ്പോൾ അവൾക്ക് കൈ വന്നു..

ഞാൻ പ്രിൻസിപ്പൽ രാജേശ്വരിയമ്മയുടെ മകളാണ്..

ബലൂണിന്റെ കാറ്റൂരി വിട്ടത് പോലെ എയർ പിടിച്ചുനിന്ന ചേട്ടന്മാരൊക്കെ
‘ഞങ്ങളെ ആരെങ്കിലും വിളിച്ചോ’ എന്ന് പറഞ്ഞ് ഓരോരുത്തരായി സ്കൂട്ടായി നടന്നുപോയി..

അതുകൊണ്ട് അവൾക്ക് ചിരി പൊട്ടി…

എങ്കിലും പ്രശാന്ത് എന്ന ഒരു പയ്യൻ അല്പം ധൈര്യത്തിൽ നിന്ന് വളരെ മാന്യമായി ചോദിച്ചു

ഞാൻ പ്രശാന്ത് ഫൈനലിയർ കോമേഴ്‌സ് എന്താ കുട്ടിയുടെ പേര്..

ജിനി.

ദേ ഈ ബ്ലോക്കിന്റെ അങ്ങേയറ്റത്താണ് കൊമേഴ്സ് ഡിപ്പാർട്ട്മെന്റ്… ശരി എങ്കിൽ പിന്നെ കാണാം…

അവൻ അങ്ങോട്ട് ചൂണ്ടിക്കാണിച്ചു പറഞ്ഞു.

ഓ… ശരിയെട്ടാ..

വരാന്തയിലൂടെ ജിനി നടന്നു അവളുടെ ക്ലാസ്സ് റൂമിലേക്ക് എത്തി..

അയ്യോ നിങ്ങളൊക്കെ നേരത്തെ വന്നോ…

ജിനി തന്റെ കൂട്ടുകാരികളെ കണ്ടു ഒച്ച വച്ചു ചോദിച്ചു..

പിന്നില്ലാതേ…ലൈഫിൽ കോളേജിലെ ആദ്യത്തെ ദിവസമല്ലേ….എക്സൈറ്റ്മെന്റ് അടിച്ച് ഒരു പരുവമായി.. ഇന്ന് വെളുത്തപ്പോൾ തൊട്ട് വീട്ടിൽ ഇരിക്കപൊറുതിയില്ലായിരുന്നു…

എനിക്ക് അങ്ങനെയാടി… അമ്മയുടെ കൂടെ വന്നതുകൊണ്ട് അത്ര കാര്യമായിട്ടൊന്നും ബാധിച്ചില്ല..

പിന്നെ സീനിയർ ചേട്ടന്മാർ പിടികൂടി.. ഞാൻ ആരാണെന്ന് അവർ എന്റെ മുഖം കണ്ട് കണ്ടുപിടിച്ചതിനാൽ രക്ഷപ്പെട്ടു..

ഓ… ഓ… തള്ള് തള്ള്…

അല്ലടി സത്യം.. എന്നെ നിർത്തി പൊരിക്കാനുള്ള പരിപാടിയായിരുന്നു.. ഞാൻ പ്രിൻസിപ്പൽന്റെ മകൾ ആണെന്ന് അറിഞ്ഞപ്പോൾ അവർ സ്കൂട്ടായി…

ദേഡി.. ഷിഫാനയെ നോക്കിയെ… ഇവൾ രണ്ട് ചെരുപ്പും ഓരോന്നും മാറിമാറി ഇട്ടാണ് വന്നേക്കണതു…

ജിനി നോക്കി

അയ്യേ ശരിയാണല്ലോ…

അത് കേട്ടപ്പോൾ എല്ലാവരും ഒന്നുകൂടി പൊട്ടിച്ചരിച്ചു..

അല്ലേടി ദേ നോക്ക്… ഇതിന്റെ സ്റ്റൈൽ ഇങ്ങനെയാണ്.. ഇവരെ ചുമ്മാ പറയുന്നതാ..

ഷിഫാന താൻ ധരിച്ച ചെരിപ്പ് ഊരി കാണിച്ച് പറഞ്ഞു..

ഞാനല്ല ചെരുപ്പ് ശരിക്കും മാറിയിട്ട് വന്നത് അങ്ങോട്ട് നോക്കിയേ..

അപ്പോഴാണ് ജിനി ക്ലാസ് റൂമിന്റെ ഏറ്റവും ഒടുവിലും ബെഞ്ചിൽ ഇരുന്ന് ഡെസ്കിൽ തല വച്ച് കിടന്നു ഒരുത്തൻ ഉറങ്ങുന്നത് കണ്ടത്..

അതാരാ… ഷിഫാന…

ഇവളുടെ വീടിനടുത്താണത്രേ..

ഷിഫാന പൊട്ടി വന്ന ചിരി ഒരു കൈകൊണ്ട് പൊത്തിപ്പിടിച്ച് രാഖിയെ ചൂണ്ടിക്കാണിച്ചു പറഞ്ഞു.

രാഖിയുടെ വീട്ടിനടുത്തോ..

ജിനി ചോദിച്ചു.

അതെ…… ഹയൻ എന്നാണ് ഇവന്റെ പേര്.. ഇവന് ശരിക്കും വട്ടാണു…

രാഖി ശബ്ദം താഴ്ത്തി അടക്കം പറഞ്ഞു..

മീൻസ്…..

എല്ലാവരും ഒരേ ശബ്ദത്തിൽ ചോദിച്ചു…

ഭ്രാന്തനാണ്…

ചുമ്മാ…. പറയല്ലേ രാഖി… നിനക്കെന്തോ പൂർവ്വ വൈരാഗ്യമുണ്ട് അവനോട്.. അതുകൊണ്ട് പറയുന്നതല്ലേ…

എയ്യ് അല്ലടി… ഞങ്ങളുടെ നാട്ടിലെ ആരോട് വേണമെങ്കിലും ചോദിച്ചോ.. എല്ലാവർക്കും ഒരേ അഭിപ്രായമായിരിക്കും..

ആട്ടെ..എന്താ അവൻ വട്ടൻ ആണെന്ന് നാട്ടുകാർ മുഴുവൻ പറയാൻ കാരണം..

ഏറ്റവും ചെറിയ പ്രൂവ് ഇപ്പോൾ തന്നെ കണ്ടില്ലേ… രണ്ടു കാലിനുമായി രണ്ട് തരം ചെരുപ്പുകളാ ഇട്ടിട്ട് വന്നത്…

രാഖി ചെറിയ ഒരു ഉദാഹരണമായി ഹയൻ ധരിച്ച ചെരുപ്പുകൾ കാണിച്ചു പറഞ്ഞു..

ഏയ്… അത് ചിലപ്പോൾ സാമ്പത്തിക സ്ഥിതി മോശമായതുകൊണ്ടാവാം…

ചില കുട്ടികൾ അഭിപ്രായപ്പെട്ടു.

ഏയ്യ്….അല്ല…തരക്കേടില്ലാത്ത കുടുംബത്തിലാണ്… ഇവൻ കഴിയുന്നത്.. ഇവനെ ചുറ്റിപ്പറ്റി ഒരുപാട് ഫ്ലാഷ് ബാക്കുകൾ ഉണ്ട്.. ഇവന്റെ സാന്നിധ്യത്തിൽ ഇത് പറയാൻ എനിക്ക് പേടിയുണ്ട്.. ഉണർന്നിരിക്കുകയാണെങ്കിലോ… എന്റെ കഥ കഴിക്കും…

അത്രയ്ക്കും വയലൻറ് ആണോ…?

രാഖി ഡെസ്കിൽ തല വെച്ച് ഉറങ്ങുന്ന അവനെ ശ്രദ്ധിച്ചു..

പറഞ്ഞോ രാഖി… അത് നല്ല ഉറക്കമാണ്….

കുട്ടികൾക്കൊക്കെ അവന്റെ കഥ കേൾക്കാൻ ജിജ്ഞാസയായി.

രാഖി അല്പം ശബ്ദം കുറച്ച് പറഞ്ഞു തുടങ്ങി

10 വയസ്സിൽ അതായത് ഈ ഹയൻ അഞ്ചാംക്ലാസിൽ പഠിക്കുമ്പോൾ തന്റെ ഒപ്പം ഇരിക്കുന്ന കൂട്ടുകാരനെ ഒഴുകുന്ന കനാൽ വെള്ളത്തിൽ തള്ളിയിട്ടു.. അതുകണ്ട് നാട്ടുകാരോട് പറഞ്ഞ വേറൊരു കൂട്ടുകാരൻ പയ്യനെ വീട്ടിൽ നിന്നും കൊണ്ടുവന്ന പിച്ചാത്തി കൊണ്ട് കുത്തി മാരകമായി പരിക്കേൽപ്പിച്ച് പിള്ളേരുടെ ജയിൽ കിടന്നവൻ ആണ്…

ഉയ്യോ…എന്റെമ്മോ… എന്നിട്ട്…

കുട്ടികളിൽ ഒരു ഭയം പടർന്നു..

എന്നിട്ടെന്ത്…. ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞ് വന്നിട്ട് വീണ്ടും സ്കൂളിൽ പോയി പഠിച്ചു.. അങ്ങനെ പത്താം ക്ലാസ് ഒരുവിധം കഴിഞ്ഞ് പ്ലസ്ടുവിന് പഠിക്കുമ്പോൾ സ്വന്തം ക്ലാസ് മാഷിന്റെ മൂക്കിനിടച്ച് ചമ്മന്തി ആക്കി….

അയ്യയ്യോ.. അതിന്റെ ശിക്ഷ കിട്ടിയിട്ടു വീണ്ടും കിടന്നുവോ ഈ കുരിപ്പ് ജയിലിൽ….?

കുട്ടികളിൽ എക്സൈറ്റ്മെന്റ് വർദ്ധിച്ചു..

ഇല്ല അതല്ലേ രസം… മൂക്കിനിടിയേറ്റ് ഹോസ്പിറ്റലിൽ ആയ മാഷ് പോലീസിൽ ഒരു പരാതിയും കൊടുത്തില്ല.. സ്റ്റെപ്പിൽ നിന്നും വീണു പരിക്കുപറ്റി എന്നാണ് അറിയിച്ചത്.. അതുകൊണ്ടുതന്നെ ഈ ഹയനെതിരെ കേസ് ഒന്നും ഉണ്ടായില്ല..

അയ്യോ… അതെന്താ ആ മാഷ് അങ്ങനെ ചെയ്തത്..?

അവർക്ക് വേറെ പ്ലാൻ ഉണ്ടായിരുന്നു..

ഇടികൊണ്ട മാഷ് ഭരിക്കുന്ന പാർട്ടിയുടെ പെട്ട യൂണിയനിൽ പെട്ട ആളായിരുന്നു… അയാളുടെ അനുയായികൾ ഇതിന് പ്രതികാരമായി ഈ ഹയനെ ഒരു ദിവസം അവന്റെ വീട്ടുവഴിയിൽ വെച്ച് ഇരുട്ടടികൊടുത്തു തല്ലി മൃതപ്രായമാക്കി വിട്ടു.. കുറെ നാൾ ഹോസ്പിറ്റലിൽ ഐസിയിലുണ്ടായി.. കേസും പൊല്ലാപ്പും ഭയന്ന് അവന്റെ വീട്ടുകാരും പരാതി കൊടുത്തില്ല..

വീട്ടുകാർ എന്നുപറഞ്ഞാൽ ആരാ… ഈ ഹയന് അച്ഛനും അമ്മയും ഒന്നുമില്ലേ.?

ഉണ്ടല്ലോ… രണ്ടുപേരും ബാങ്ക് ഉദ്യോഗസ്ഥന്മാരാണ്… ഭ്രാന്തായ മകനെ എങ്ങനെയെങ്കിലും കൊമേഴ്സ് പഠിപ്പിച്ചിട്ട് ജോലിയിൽ കയറ്റണമെന്ന് ഒരൊറ്റ വാശിയിലാണ്…

അങ്ങനെയാണോ വേണ്ടത്…അവരെന്താ ഇവനെ മരുന്ന് നൽകി ചികിത്സിക്കാത്തത്…?

ചികിത്സിക്കാൻ ഇവൻ രോഗിയാണെന്ന് അവർക്ക് തോന്നണ്ടേ.. പബ്ലിക് നുയിസസ് ഒന്നും കാണിക്കില്ല.. തന്നെ തല്ലുന്നവനെ തല്ലും. അതുപോലുള്ള പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു തന്റെ വാശിയും വൈരാഗ്യവും നടപ്പാക്കും. തനിക്ക് തോന്നുന്നത് പോലെ ബൈക്കുമെടുത്തു കറങ്ങും..

കള്ള്, കഞ്ചാവ്,എംഡിഎമ്മേ അങ്ങനെ വല്ലതും…?

എന്തിന്…. ഇവൻ ജന്മനാ… ഹൈ കോൺഫിഡന്റ് അല്ല.. മയക്കവും ലഹരിമരുന്നുമതൊക്കെ ആത്മവിശ്വാസം ഇല്ലാത്തവർക്ക് അല്ലേ…?

അപ്പൊ സൈക്കോപാത്താണാല്ലോ.

രാഖിയുടെ വർത്തമാനം കേട്ട് നിന്ന ഒരു കുട്ടി അഭിപ്രായപ്പെട്ടു.

അങ്ങനെയും പറയാം…

ഇവന് വല്ല വീക്നെസ്സും ഉണ്ടോടി..രാഖി.ഐ മീൻസ് ലേഡിസ്…?

ഏയ്‌… അങ്ങനെയൊന്നുമുള്ളതായി അറിവില്ല… ഏതു കാര്യത്തിനായാലും എതിർന്നവർ ആരായാലും ഇവന്റെ ശത്രുക്കളാണ്.. അതിൽ ആൺപെൺ വ്യത്യാസമൊന്നുമില്ല..

അപ്പോ കക്ഷി ആർ ഡി എക്സാണ്..

അല്ല RRR….

ഒക്കെ കേട്ടപ്പോൾ ജിനി പറഞ്ഞു..

അതു കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു..

അവരുടെ ശബ്ദം കേട്ട്… ഹയൻ ഉണർന്നു..

പൊട്ടിച്ചിരിക്കുന്ന പെൺകുട്ടികളെ അവൻ ക്രൂരമായി നോക്കി..

എന്റമ്മോ…
കേട്ടുകാണുമോ..

ശബ്ദം കുറച്ചു പറഞ്ഞുകൊണ്ട്
എല്ലാവരും പേടിച്ച് തലയും മുഖവും മാറ്റിപ്പിടിച്ചു..

ക്ലാസ് റൂമിലേക്ക് കൊമേഴ്സ് ഗ്രൂപ്പിൽ പെട്ട ബോയ്സും ലേഡിസും പലരും വന്നു തുടങ്ങി..

കൃത്യം 9:45 നു ക്ലാസ്സ്‌ മാഡം വന്നു.

പ്രാരംഭ നടപടികൾക്ക് ശേഷം മാഡം ക്ലാസ് തുടങ്ങി.

കോളേജിലെ ആദ്യ ദിവസങ്ങളിൽ ഉള്ള ആലസ്യവും ചിട്ടവട്ടങ്ങൾ ഒക്കെ പൂർത്തീകരിച്ച് കോളേജിലെ ക്ലാസുകൾ റെഗുലർ രീതിയിലേക്ക് സജീവമായി വന്നു തുടങ്ങി.

ഒരു ദിവസം വൈകിട്ട് ക്ലാസ്സ് കഴിഞ്ഞ് എല്ലാവരും പുറത്തിറങ്ങിപ്പോയി…

ജിനിക്ക് നോട്ട് എഴുതി തീർന്നില്ല..

നീ നടന്നോടി ഞാനിത് എഴുതി തീർത്തിട്ട് വന്നേക്കാം.. എന്നെ വെയിറ്റ് ചെയ്താൽ ബോവിക്കാനാത്തേയ്ക്കുള്ള നിന്റെ മെഹബൂബ് ബസ് പോകും..

നോട്ട് എഴുതുകയായിരുന്ന ജിനി തന്നെ കാത്തു നിൽക്കുന്ന അവളുടെ ഏറ്റവും ഇന്റിമേറ്റ് ആയ കൂട്ടുകാരി ഷിഫാനായോട് പറഞ്ഞു..

ജിനി..എടി മതിയെടി വാ.. നാളെ എഴുതാം… നാളെ ലീവ് അല്ലേ…വീട്ടിൽ ഇരുന്ന് എഴുതിയാൽ പോരെ..

നീ പോയോ ഒന്ന്….
ഞാനിതു പൂർത്തിയാക്കിയിട്ടെ വരൂ…

എന്നാ നീ അവിടെ ഉണ്ടാക്ക്.. അല്ല പിന്നെ…

എന്ന് പറഞ്ഞ് ഷിഫാന നടന്നു നീങ്ങി..

ഒരു 10 മിനിറ്റ് കഴിഞ്ഞ് കാണും..

ജിനിക്ക് നോട്ട്സ് എഴുതിയത് പൂർത്തിയായി.

ബുക്സ് ഒക്കെ ബാഗിൽ പെറുക്കിയിട്ടിട്ട് അവൾ വേഗം പുറത്തു ഇറങ്ങവെ ക്ലാസ് റൂമിലേക്ക് ഒന്ന് തിരിഞ്ഞുനോക്കി..

അവൾ ഞെട്ടിപ്പോയി.. പെരുവിരലും മുതൽ ഉച്ചിയിലേക്ക് ഒരു തണുപ്പ് അരിച്ചു കയറി …

തന്നെത്തന്നെ തുറിച്ചു നോക്കി നിൽക്കുന്ന ഹയൻ

അമ്മോ… ഇവൻ പോയില്ലേ…

ഭയം പുറത്തുകാട്ടാതെ ചെറിയ ഒരു പുഞ്ചിരി ചുണ്ടത്ത് വെച്ച് അവൾ തിരിഞ്ഞു നടക്കാൻ ഭാവിക്കവേ

ജിനി ഒന്ന് അവിടെ നിൽക്കു..

എന്ന് പറഞ്ഞ് അവളുടെ പിറകെ നടന്നുവരുന്ന ഹയനെ അവൾ കണ്ടു..

അവൾ അല്പം നടന്ന് ക്ലാസ് റൂമിന് വെളിയിലിറങ്ങി നിന്നു. എന്നിട്ട് അല്പം ധൈര്യം സംഭരിച്ച് ചോദിച്ചു..

ഹും…. എന്താ… ഹയൻ…. നീയെന്താ പോകാത്തത്…?

അതേയ് ജിനി… എനിക്ക് നീ ഇപ്പോൾ എഴുതി പൂർത്തിയാക്കിയ ആ നോട്ട് തരുമോ…? അതിനാണ് ഞാൻ വെയിറ്റ് ചെയ്തത്…

എല്ലാരും ക്ലാസ്സിൽ റഫ് കുറിച്ചല്ലോ.. ഹയൻ എന്താ എഴുതാതിരുന്നെ…

എനിക്ക് അതൊന്നും മനസ്സിലായില്ല…ജിനി നോട്ട് ഇപ്പോൾ തന്നാൽ ഞാൻ നാളെ എഴുതി അടുത്ത ക്ലാസ്സിനു വരുമ്പോൾ കൊണ്ടു തരാം…

ഈശ്വര… ഇതെന്തൊരു വിന… ക്ലാസിൽ അടുപ്പമുള്ള കുട്ടികൾ തമ്മിൽ നോട്ട്സുകൾ എഴുതാൻ പുസ്തകങ്ങൾ കൈമാറുന്നത് സർവ്വസാധാരണമാണ്… എന്നാലും ഇവൻ… അല്ലെങ്കിലേ ഇവനെ കാണുമ്പോൾ ഒരു ഹൊറർ മൂഡ് ആണു….. കൊടുക്കാതെ പോയാലോ….ഇനിയിപ്പോ നോട്ട് കൊടുത്തില്ലെങ്കിൽ വയലന്റ് ആയാലോ…

ഒരു നിമിഷം അവൾ അങ്ങനെ ചിന്തിച്ചു.. കൊടുത്തേക്കാം എന്ന് തോന്നി… പക്ഷേ ഈ വട്ടൻ കൊണ്ടുപോയി തന്റെ നോട്ട് നശിപ്പിച്ചാലോ എന്നൊരു ചിന്ത അതിനിടയിൽ കടന്നുവന്നു..
അങ്ങനെ അവൾ ആകെ കൺഫ്യൂഷൻ ആയി..

അവൾ മടിച്ചു നിൽക്കുന്നത് കണ്ട് ഹയൻ ഒന്നുകൂടി ചോദിച്ചു..

പ്ലീസ് ജിനി..ഞാൻ എഴുതി തിങ്കളാഴ്ച കൊണ്ട് തരാം..

ഒരു കാര്യം ചെയ്യ് ഹയന്റെ ബുക്ക് തന്നോളൂ ഞാൻ നോട്ട് പകർത്തി എഴുതി അടുത്ത ക്ലാസ്സിൽ കൊണ്ട് തരാം…

ആണോ… ഷുവർ…?

ഉവ്വ് ഹയൻ… ബുക്ക്‌ തന്നാൽ ഞാൻ എഴുതി തരാം..

ഹയൻ സന്തോഷത്തോടെ അവന്റെ ബാഗ് തുറന്നു എഴുതാനുള്ള പുസ്തകം എടുത്ത് ജിനിയെ ഏൽപ്പിച്ചു..

ജിനി ആ പുസ്തകം വാങ്ങി അവളുടെ ബാഗിൽ വെച്ചു..

ശരി എന്നാൽ ഞാൻ പൊക്കോട്ടെ…

ജിനി.. ബസ്റ്റോപ്പിലേക്ക് അല്ലേ ഞാനും വരുന്നു…

അങ്ങനെ അല്പം ഭയന്നാണെങ്കിലും ജിനി ഹയനോടൊപ്പം ഓരോന്നും പറഞ്ഞു ബസ്റ്റോപ്പിലേക്ക് നടന്നു….

അതേസമയം കോളേജിനെ മുന്നിലുള്ള ബസ്റ്റോപ്പിൽ..

ഷിഫാന എവിടെ നിന്റെ ചങ്ക്..

പതിവുപോലെ കോളേജ് ബസ്റ്റോപ്പിൽ കാണുന്ന ജിനിയെ അവിടെ കാണാത്തതുകൊണ്ട് പ്രശാന്ത് ഷിഫാനയോട് ചോദിച്ചു.

ജിനി ഇച്ചിരി വൈകും പ്രശാന്ത്.അവൾ ക്ലാസ്സിൽ നോട്ട് എഴുതിക്കൊണ്ടിരിക്കുകയാണ്.. എനിക്കാണെങ്കിൽ ബോയിക്കാനത്തേക്ക് മെഹബൂബ് മാത്രമേ ഇനി അങ്ങോട്ടുള്ളൂ.. അതവൾക്കറിയാം അതുകൊണ്ട് എന്നോട് പൊക്കോളാൻ പറഞ്ഞു..

ദേ…മെഹബൂബ് വന്നല്ലോ…

അപ്പോഴേക്കും മെഹബൂബ് ബസ് വന്നു നിന്നു..

ശിഫാന അതിൽ കയറിപ്പോയി..

കുറച്ചുനാളായി പ്രശാന്ത് പ്രിൻസിപ്പളിന്റെ മകൾ ജിനിയെ തന്റെ നല്ല സ്വഭാവം കാണിച്ചു വളക്കാൻ ശ്രമിക്കുന്നത്… ജിനി അവന്റെ ഉള്ളിൽ കയറി കൂടിയിരിക്കുന്നു. അവനവളെ പ്രതീക്ഷിച്ചു ബസ്റ്റോപ്പിൽ നിൽക്കുകയായിരുന്നു.
പ്രശാന്തിന് ക്ലാസ് റൂമിൽ തനിച്ചിരുന്ന് എഴുതുന്ന ജിനിയെ ഓർത്തപ്പോൾ പിന്നെ ബസ്റ്റോപ്പിൽ നിൽക്കപ്പൊറുതിയില്ലാതായി.

ഇപ്പോൾ ചെന്നാൽ എഴുതുന്ന ജിനിയുടെ അടുത്തിരുന്ന് പലതും സംസാരിക്കാം..

ആശ മുഴുത്ത് അവൻ കൊതിയോടെ അങ്ങോട്ട് നടക്കാൻ തുടങ്ങിയപ്പോൾ

അതാ വരുന്നു ഹയന്റെ കൂടെ ചിരിച്ചും കളിച്ചു തമാശകൾ പറഞ്ഞു കൊണ്ടു തന്റെ…ജിനി…

എന്റെ അമ്മച്ചി… ഈ വട്ടനുമായി ഇവൾ കൂട്ടായോ … അതോ ഇവൾക്കും വട്ടായോ…

താൻ ഉള്ളിൽ കൊണ്ടുനടക്കുന്ന പെണ്ണ് ഹയന്റെ കൂടെ കണ്ടതിലുള്ള അരിശം അവനിൽ ഉണ്ടായി. അതുകൊണ്ട്തന്നെ ജിനിയെ കണ്ടപ്പോൾ പ്രശാന്ത് വെളുക്കനെ പരിഹാസ രൂപേണ ചിരിച്ചു കാണിച്ചു..

ജിനിക്ക് മനസ്സിലായി.. പ്രശാന്തിന്റെ ചിരിയിലെ പുച്ഛം..

അതുകൊണ്ട് അവൾ ഒന്നുകൂടി ഹയനോട് ചേർന്ന് നിന്നുകൊണ്ട് നടന്നു ആ ബസ്റ്റോപ്പിലേക്ക് വന്നു..

അതു പ്രശാന്തിൽ അമ്പരപ്പുളവാക്കി

അവൻ അങ്ങനെ ബസ്റ്റോപ്പിൽ എത്തേണ്ട താമസം ഹയന്റെയും ജിനിയുടെയും മുന്നിൽ അവർക്കു പോകേണ്ട ഭാഗത്തേക്കുള്ള ബസ് വന്നു…

ഇതുവരെ ജിനിയെ പ്രതീക്ഷിച്ച് നിന്ന പ്രശാന്തിനെ കൂടുതൽ മൈൻഡ് ചെയ്യാതെ ജിനിയും ഹയനും ആ ബസ്സിൽ കയറി പോകുന്നത് കണ്ടപ്പോൾ നേരെ ഓപ്പോസിറ്റ് ഭാഗത്തേക്ക് പോകേണ്ട പ്രശാന്തിന് നിരാശനായി അതു നോക്കി നിൽക്കാനേ ആയുള്ളൂ..

വട്ടന്റെ ഒരു യോഗം..

പ്രശാന്ത് മനസ്സിൽ ഹയനെ പ്രാകി..

ഞായറാഴ്ച ആയതുകൊണ്ട് ജിനി അന്ന് ഉറങ്ങി എഴുന്നേൽക്കാൻ വൈകി.

ബ്രേക്ഫാസ്റ്റ് കഴിഞ്ഞപ്പോഴാണ് ഹയന് നോട്ട് എഴുതി കൊടുക്കാനുള്ള കാര്യം അവൾക്ക് ഓർമ്മ വന്നത്..

അവൾ സ്റ്റഡി ടേബിളിൽ പോയിരുന്നു. ഹയന്റെ പുസ്തകം തുറന്നു..

വളരെ വിലകൂടിയ നോട്ടുബുക്കാണ്..

തന്റെ പുസ്തകം തുറന്നു എഴുതാനുള്ള ഭാഗങ്ങൾ അവൾ ഹയന്റെ ബുക്കിലേക്ക് പകർത്തി.

ശേഷം അവൾ വെറുതെ ഹയനെ കുറിച്ച് ചിന്തിച്ചു…

തന്റെ കൂടെ നടന്നനേരം ഹയനിൽ മറ്റു ബോയ്സിൽ നിന്നും വ്യത്യസ്തമായി അസാധാരണമായ ഒരു പ്രത്യേകതയും കാണാൻ പറ്റിയില്ല.. എത്ര നല്ല സ്വഭാവം.. എന്തൊരു വശ്യമായ ചിരി.. അങ്ങനെ ചിരിക്കുമ്പോൾ ആ കവിളിലെ നുണക്കുഴി തനിക്ക് ഇപ്പോഴും കാണാം.. ചെറുതായി പൊടി മീശയും നല്ല കട്ട താടിയും ചുരുണ്ട മുടിയും.. ഏതൊരു പെൺകുട്ടികളിലും മോഹമുദിക്കുന്ന ശരീരവും.. പിന്നെങ്ങനെയാണ് നാട്ടുകാർ പറയുന്നതുപോലെ അവൻ അങ്ങനെ ആയത്.. അവൾക്ക് ചിന്തിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല..പക്ഷേ ഇന്നലെ ഒന്നിച്ച് കൂടെ നടക്കുമ്പോൾ അവസാനം പറഞ്ഞ ആ വാചകത്തിൽ അവന് എന്തോ കാര്യമായ പ്രശ്നമുണ്ടെന്ന് തോന്നിയിരുന്നു..

താൻ ഏതു ജോലിയാ ഏറെ ഇഷ്ടം എന്ന് ചോദിച്ചപ്പോൾ അക്കൗണ്ടൻസിയിൽ ആണെന്ന് പറഞ്ഞു. പക്ഷേ ആ ജോലിയിൽ പ്രവേശിക്കുന്നതിനു മുമ്പായി തനിക്ക് രണ്ടുപേരോട് കണക്കു ചോദിക്കാൻ ഉണ്ടെന്നും പറഞ്ഞു. അതാരാണെന്ന് ചോദിച്ചപ്പോൾ പറയുകയാ അച്ഛനും അമ്മയോടുമെന്ന്… അതുകേട്ട് താൻ വാ പൊളിച്ചു നിൽക്കുകയാണ് ബസ് വന്നത്…
അതുകൊണ്ട് എന്താ കാരണം എന്ന് ചോദിക്കാനും പറ്റിയില്ല..

ഇനി കാണുമ്പോൾ ചോദിക്കണം.. എന്ത് കണക്കാ അച്ഛനും അമ്മയോടും വീട്ടാനുള്ളതു എന്നു … അതുമാത്രമല്ല രാഖി പറഞ്ഞത് അനുസരിച്ച് നാട്ടുകാർ ഉന്നയിക്കുന്ന ഒരുപാട് സംശയങ്ങളും അവനെക്കുറിച്ചുള്ള സകല കാര്യങ്ങളും അറിയണം തനിക്ക്.. അവനെക്കുറിച്ച് അവൻ പറയുന്നതിൽ അപ്പുറം നന്നായി ആർക്കും പറയാൻ പറ്റില്ല… ഇന്നവന് അതൊക്കെ പറയാനുള്ള മനസ്സുണ്ട്.നാളെ അതില്ലാതായെങ്കിൽ അവന്റെ സത്യങ്ങളൊക്കെ ജനങ്ങൾ അറിയാതെ പോകും.. സമൂഹത്തിൽ എന്നും അവൻ ഭ്രാന്തനായി തുടരും.. തനിക്കൊരു പക്ഷേ അവനെ രക്ഷിക്കാൻ ആയെങ്കിൽ അതൊരു നല്ല കാര്യമല്ലേ..

പിറ്റേന്ന് ജിനി കോളേജ് ചെന്നു ക്ലാസിൽ എത്തുമ്പോൾ മുമ്പേ അവനെ കണ്ടു.

അവൾ നോട്സ് എഴുതിയ പുസ്തകം കൈമാറി…

അവനതു തുറന്നു നോക്കി..

വാട്ട് എ സ്വീറ്റ് ഹാൻഡ് റൈറ്റ്..

താങ്ക്സ്… ഹയൻ

എനിവേ ഞാനല്ലേ നന്ദി പറയേണ്ടതു… താങ്ക്സ്…ജിനി..

ഓക്കേ.. ഹയൻ..ഇറ്റ്സ് ആൾറൈറ്റ്…

അന്ന് ജിനിയുടെയും ഹയന്റെയും ക്ലാസിലെ രണ്ട് പീരിയഡിനുള്ള സാറന്മാർ ലീവിലാണ്…

സാറന്മർ ലീവ് ആണെന്നറിഞ്ഞയുടനെ തന്നെ ക്ലാസ്സിൽ ഒട്ടു മിക്ക കുട്ടികളും ക്ലാസ് കട്ട് ചെയ്ത് അന്ന് റിലീസ് ആകുന്ന സിനിമയ്ക്ക് പോയി.

സാറന്മാർ ലീവായത് കാരണം ആദ്യത്തെ പീരിയഡ് പ്രിൻസിപ്പൽ മാഡം രാജേശ്വരി അമ്മ
വന്ന് ക്ലാസ്സെടുത്തു..മുപ്പത്തോളം കുട്ടികളുള്ള ആ ക്ലാസ്സിൽ അന്നു ആകെ എട്ടു കുട്ടികളെ ഉണ്ടായുള്ളൂ…

മകളുള്ള ക്ലാസ് ആയതുകൊണ്ട് തന്നെ അവളും ക്ലാസ് കട്ട് ചെയ്ത് വല്ലയിടത്തും പോകുന്നുണ്ടോ എന്ന് നോക്കാനോ മറ്റോ ആണെന്ന് തോന്നുന്നു,രാജേശ്വരി അമ്മ എന്തൊക്കെയോ പറഞ്ഞു പഠിപ്പിച്ചു…
ബെൽ മുഴങ്ങി ആ പീരിയഡ് കഴിഞ്ഞ്
പോകാൻ നേരം പറഞ്ഞു..

എനിക്ക് ഓഫീസിൽ കുറച്ച് ജോലിയുണ്ട് അടുത്ത ഈ പിരിയേഡ് സൈലന്റ് ആയി വല്ലതും ഇരുന്ന് പഠിക്കു കേട്ടോ കുട്ടികളെ…

എവിടെ പ്രിൻസിപ്പൽ മാഡം പോയപ്പോൾ തന്നെ പിറകെ ആറു പേര് ഇറങ്ങിപ്പോയി.

ഇപ്പം ജിനിയും ഹയനും മാത്രം ക്ലാസ്സിൽ…

ഇതുതന്നെ അവസരം ഹയനെ കുറിച്ചുള്ളതൊക്കെ അറിയാൻ.. ജിനിക്ക് തോന്നി.

അവൾ ഹയന്റെ അടുത്ത് പോയിരുന്നു.

എന്തിനാ അമ്മയെയും അച്ഛനെയും കൊല്ലും എന്ന് പറഞ്ഞത്..

അതോ…ഹാ.. ഹാ..

അവനത് കേട്ട് ചിരിച്ചു..

ജിനി ഇതൊക്കെ അറിയണമെങ്കിൽ എന്റെ കഥ ആദ്യം തൊട്ടേ അറിയണം..

ഒരു നാലാം ക്ലാസുകാരനിൽ നിന്ന് തുടങ്ങി.. ഇപ്പം ഡിഗ്രി ക്ലാസ്സിൽ വരെ എത്തിനിൽക്കുന്ന എന്റെ കഥ..

എങ്കിൽ പറ തുടക്കം മുതലേ..

നാലാം ക്ലാസിൽ പഠിക്കുമ്പോൾ തൊട്ടാണ് ജീവിതത്തെ മാറ്റിമറിക്കുന്ന പല സംഭവങ്ങളും ഉണ്ടായത്.

നാലാം ക്ലാസിലെ എന്റെ ഉറ്റ കൂട്ടുകാരൻ ആയിരുന്നു ഋതു..
എന്നും അവൻ എന്നോട് ചങ്ങാത്തം കൂടുന്നതിൽ മറ്റു ചില കുട്ടികൾക്ക് വെറുപ്പ് ഉണ്ടായിരുന്നു..

ഒരു ദിവസം ഞാൻ ഡ്രോയിങ് വരക്കവേ കൂടി അടുത്ത് വന്നു ന്നു ഋതു അറിയാതെ എന്റെ കയ്യിൽ തട്ടി… കൈകൊണ്ട് എന്റെ പെൻസിൽ മുന ഒടിഞ്ഞു.. ആ ദേഷ്യത്തിൽ അവന്റെ തലമണ്ടയ്ക്ക് ഒരു കിഴി കൊടുത്തു. അന്ന് ആദ്യമായി ഞാൻ ഋതുവിനോട് പിണങ്ങി. അവൻ എന്നോടും

മറ്റുള്ളവർക്ക് അത് കണ്ട് സന്തോഷമായി..
ക്ലാസ്സ്‌ വിട്ട് വീട്ടിൽ പോകുമ്പോൾ എന്നും ഞാനും ഋതുവും ഒന്നിച്ചെ ആ പാടവരമ്പത്തൂടെ അല്ലെങ്കിൽ കനാൽ മതിൽ മുകളിൽ കൂടി പോകുമായിരുന്നുള്ളൂ.. ഋതുവിന്നോട് പിണങ്ങിയ ഞാൻ വെറുതെ മുമ്പിൽ ഒറ്റയ്ക്ക് നടന്നുപോയി.. പാവം എന്റെ പിറകെ.. അപ്പോഴാണ് ദൂരെ പിറകിൽ നിന്നും ഓടിവന്ന രഘു ഋതുവിനെ കനാലിലേക്ക് അറിയാതെ തള്ളിവിടുന്നത്..
തന്നെ ആരാ തള്ളിയിട്ടത് എന്ന് പോലും അറിയാതെ ഋതു കനാലിലെ ഒഴുക്കുള്ള വെള്ളത്തിൽ വീണു…

ഋതു വീണ ഉടനെ അവൻ ആൾക്കാരെ വിളിച്ചു കൂട്ടി…

അയ്യോ ഋതു കനലിൽ വീണേ… ഋതു കാൽ തെന്നി കനാലിൽ വീണേ..

പാടത്ത് പണിയെടുത്തിരുന്ന ജോലിക്കാർ ഓടിക്കൂടി.. ആഴമില്ലാത്ത കനാൽ വെള്ളത്തിൽ ഓടിപ്പോകുന്ന ഋതുവിനെ നാട്ടുകാർ രക്ഷിച്ചു.

എങ്ങനെയാ വേണ്ടെന്ന് ചോദിച്ചു.. എന്നെ ആരെയോ തള്ളിയിട്ടതാ..

അങ്ങനെയാണെങ്കിൽ ഹയനായിരിക്കും ക്ലാസ് റൂമിൽ വെച്ച് ഹയൻ പെൻസിൽ മുന ഒടിച്ചു എന്ന് പറഞ്ഞു തല്ലുന്നുണ്ടായിരുന്നു.

ആണോ മോനെ.. നീ ഹയന്റെ പെൻസിൽ മുന ഓടിച്ചോ..നിന്നെ… ഹയൻ തല്ലിയോ..

ഉവ്വ്

ഋതു പറഞ്ഞു..

അങ്ങനെ നാട്ടിൽ പാട്ടായി..

കൂട്ടുകാരനെ കനാലിൽ തള്ളിയിട്ടവനെന്നു.

അതിന്റെ ദേഷ്യത്തിലാണ് ഞാൻ പിച്ചാത്തി കൊണ്ടുപോയി രഘുവിനെ ക്ലാസ് റൂമിൽ വച്ച് കുത്തിയത്..

അങ്ങനെ ജൂവനയിൽ കോർട്ടിൽ ശിക്ഷിക്കപ്പെട്ടു ദുർഗുണപരിഹാര പാഠശാലയിൽ ആയി. രണ്ടുവർഷം അവിടെ കിടന്നു..

പ്ലസ്ടുവിന് പഠിക്കുമ്പോൾ മാഷെ മൂക്കിന് കുത്തിയത് എന്തിനാ..

അതോ അത് അതിലും രസം.. ഇന്നാള് നീ കോളേജ് ക്ലാസ് കഴിഞ്ഞപ്പോൾ ക്ലാസ് റൂമിൽ ഇരുന്ന് എഴുതുന്നുണ്ടായിരുന്നല്ലോ..

അതുപോലെ പ്ലസ് ടു പഠിക്കുമ്പോൾ വൈകിട്ട് ക്ലാസ് കഴിഞ്ഞും ക്ലാസിലിരുന്ന് റസ്സിയ എന്ന ഒരു പെൺകുട്ടി നോട്ട് എഴുതുകയായിരുന്നു..

ബസ്റ്റോപ്പിൽ എത്തിയപ്പോഴാണ് ഞാൻ എന്റെ പേന എടുത്തില്ല എന്ന കാര്യം ഓർമ്മ വരുന്നത്.. ബാഗിലൊക്കെ തപ്പി നോക്കിയപ്പോൾ മനസ്സിലായി അത് ക്ലാസ് റൂമിൽ തന്നെ ഞാൻ ഇരിക്കുന്ന ഡെസ്കിന്റെ മുകളിൽ ഉണ്ടാകുമെന്നു..

അങ്ങനെ അതെടുക്കാൻ തിരിച്ചു പോയപ്പോളാണ് ക്ലാസ് റൂമിൽ നിന്നും ആ പെൺകുട്ടിയുടെ നില വിളി ഒച്ച കേൾക്കുന്നത് ..ഈ പറഞ്ഞ മാഷ് അതിനെ ബലമായി കീഴ്പ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു..

ഓടിച്ചെന്ന് അയാളുടെ കോളറിന് പിടിച്ചു പൊക്കിയെടുത്ത് മൂക്കുനോക്കി ഇടിക്കുകയായിരുന്നു…

ഇടികൊണ്ട് ചോര വരുന്ന മൂക്കുമായി അയാൾ സ്റ്റാഫ് റൂമിലെക്കോടി..

തന്നെ ആ വട്ടൻ ചെക്കൻ ഇടിച്ചു എന്നാണ് അയാൾ അവിടെ പറഞ്ഞു പരത്തിയത്.

പീഡനം കേസ് പുറത്താകും എന്നുള്ളതുകൊണ്ടാണ് അയാൾ എനിക്കെതിരെ പോലീസിൽ കംപ്ലൈന്റ്റ് പറയാതിരുന്നത്.

എന്നോടുള്ള ദേഷ്യം കൊണ്ടും പീഡന വിവരം എപ്പോഴെങ്കിലും പുറത്താകും എന്നുള്ള പേടിയും കൊണ്ടാണ് പാർട്ടിയിലെ കൊട്ടേഷൻകാരെ കൊണ്ട് അയാൾ എന്നെ കൊല്ലാൻ ആക്കിയത്..

ഒരാഴ്ച ഞാൻ ഐസിയുവിൽ കിടന്നു..
ആ ഓരോ ദിവസവും റസിയ എന്നെ കാണാൻ വന്നിരുന്നു എന്ന് എനിക്ക് മനസ്സിലായത്, ഞാൻ ഐസിയുവിനു പുറത്തു വന്നപ്പോഴാണ്.

എന്നെ തല്ലിയ സംഭവം കേസ് ആവുകയാണെങ്കിൽ ഒരു കാരണവശാലും പോലീസിലോ മറ്റു സ്ഥലത്തോ അത് എന്നെ ചൊല്ലി ഉണ്ടായതാണെന്ന് പറയരുത് എന്ന് പറയാൻ വേണ്ടിയാണ് അവൾ വന്നത്.. ആ ഹോസ്പിറ്റൽ കിടക്കയിൽ എന്റെ കാലുപിടിച്ച് കരഞ്ഞ് പറഞ്ഞ റസിയയ്ക്ക് വാക്കു കൊടുത്തു ഞാൻ, കേസ് പോലും ആക്കില്ലെന്ന്.. അത് കേട്ടപ്പോൾ അവൾ സന്തോഷത്തോടെ പോകാൻ ഒരുങ്ങി.
പെട്ടെന്ന് തിരിഞ്ഞുനിന്ന് അവൾ പറഞ്ഞു

താങ്ക്സ് ഉണ്ട്…ഹയൻ.. ആ സമയത്ത് വന്ന് എന്റെ മാനം രക്ഷിച്ചതിനു അയാൾ അർഹിക്കുന്ന ശിക്ഷ ഹയന്റെ കയ്യിൽ നിന്നും കിട്ടിയ അതുപോലുള്ള ഒരു ഇടി തന്നെയാണ്.. അതിൽ പരം ഒരു ശിക്ഷ അയാൾക്ക് കൊടുക്കാൻ വേണ്ടി സമൂഹത്തിലെ ജനങ്ങൾക്കും മുന്നിലും മാധ്യമ പടയുടെ ഇരയാവാനും തൽക്കാലം ഞാൻ ഉദ്ദേശിക്കുന്നില്ല.. ഹയൻ അടികൊണ്ട് കിടക്കുന്നതുപോലും എനിക്ക് വേണ്ടിയാണല്ലോ എന്നോർക്കുമ്പോൾ എനിക്ക് വന്നു കാണാതിരിക്കാൻ പറ്റിയില്ല അങ്ങനെ വന്നതാണ്.. എത്രയും പെട്ടെന്ന് സുഖമായി ക്ലാസിലേക്ക് വാ..

അതും പറഞ്ഞ് അവൾ കണ്ണീർതുടച്ചുകൊണ്ട് പോയി..

ആഹാ ഒക്കെ ക്ലിയർ ആയി വരികയാണല്ലോ…

ജിനിക്ക് ഹയൻ പറയുന്ന വിവരങ്ങൾ കേട്ടപ്പോൾ അത്ഭുതവും അതോടൊപ്പം സന്തോഷവും ഏറി വന്നു..

അല്ലേ പിന്നെ… കാര്യങ്ങൾ പോയ പോക്കേ… സത്യങ്ങൾ ഒരു വശത്തു മൂടപ്പെടുമ്പോൾ… മനപ്പൂർവം വളച്ചൊടിക്കപ്പെട്ട ഈ തെറ്റിദ്ധാരണകൾ എങ്ങനെയാണ് സമൂഹത്തിൽ പടരുന്നത്.. ശരിക്കും പാവമാണ് ഹയൻ അല്ലേ…

അതും പറഞ്ഞു ജിനി മൂക്കത്ത് വിരൽ വെച്ചുപോയി..

അതൊക്കെ പോട്ടെ ഇന്നാള് ക്ലാസ് തുടങ്ങുമ്പോൾ ചെരുപ്പ് മാറിയിട്ട് വന്നത് എന്തിനാ..

ഈ സംഭവത്തിലും രസം ഇല്ലാതില്ല..

പുതിയ ചെരുപ്പൊക്കെയിട്ട് പുതുതായി കോളേജ് ക്ലാസ്സിൽ വരുന്ന ത്രില്ലിൽ ആയിരുന്നു ഞാൻ അന്നു ആ ബസ്സിൽ കയറിയത്… ഒരപ്പുപ്പന്റെ അടുത്ത് സീറ്റ് ഉണ്ടായിരുന്നു. അയാളു നീങ്ങി ഇരുന്നു എന്നെ കൂടെ ഇരിക്കാൻ സ്നേഹപൂർവ്വം ക്ഷണിച്ചു. ഞാനിരുന്നു. പുള്ളി നല്ല രസമായിരുന്നു ഞങ്ങൾ കാര്യങ്ങളൊക്കെ സംസാരിച്ചു പരിചയപ്പെട്ടു.
പുള്ളിക്ക് ഇറങ്ങേണ്ട സ്ഥലം എത്തിയപ്പോൾ പുള്ളി ഇറങ്ങാൻ എഴുന്നേറ്റു.. അയാളുടെ മുമ്പിൽ നിൽക്കുന്ന മദ്യപാനിയായ ഒരാളുടെ ചെരുപ്പ് മേൽ അറിയാതെ ആ അപ്പൂപ്പന്റെ കാലായി.

ആ ചെറുപ്പക്കാരൻ ഇറങ്ങാൻ വേണ്ടി മുന്നോട്ടു ആഞ്ഞ് നടന്നപ്പോൾ അപ്പൂപ്പൻ ചവിട്ടി ചവിട്ടി പിടിച്ചത് കാരണം അയാളുടെ ചെരുപ്പ് പൊട്ടി.. ചെരുപ്പ് പൊട്ടിയ ദേഷ്യത്തിൽ മദ്യപാനി അപ്പൂപ്പന്റെ നേരെ കൈവെക്കാൻ ആഞ്ഞു.. ഈ സമയം ഇരുന്നിടത്തു നിന്നും ചാടി എണീറ്റ ഞാൻ അപ്പുപ്പന് നേരെ ഉയർന്ന ചെറുപ്പക്കാരന്റെ ആ കൈ തടയുകയും

തനിക്ക് എന്താണ് വേണ്ടത് ചെരിപ്പല്ലേ എന്ന് പറഞ്ഞ് എന്റെ ആ പുതിയ ചെരുപ്പ് അയാൾക്ക് നൽകി.. പിന്നെ ഒന്നും മിണ്ടാതെ അയാൾ ആ ചെരുപ്പ്മിട്ട് ഇറങ്ങിപ്പോയി..

ഞാൻ കാശൊന്നും എടുത്തില്ലായിരുന്നു അതുകൊണ്ട് വഴിയിൽ കണ്ട രണ്ട് ചെരുപ്പുകൾ ഇട്ടിട്ടാണ് ഞാൻ കോളേജിലേക്ക് വന്നത്..ഹാ ഹാ..

ഹയൻ അതും പറഞ്ഞ് പൊട്ടിച്ചിരിച്ചു..

അത് കേട്ട് ജിനിയും ചിരിച്ചു പോയി..

എന്റെ അമ്മോ നിന്റെ ഒരു കാര്യം…

ഇത്രയും ഹീറോ ആയ നിന്നെ സമൂഹത്തിൽ ഇൻട്രൊഡ്യൂസ് ചെയ്യാൻ ഒരു സുഹൃത്ത് ഇല്ലാതായതാണ് കാരണം… ഇനി ഞാനുണ്ട് നിന്റെ കൂടെ…

അവൾ ആരാധനയോടെ പറഞ്ഞു പോയി…

ഇവന് വട്ട് ഒന്നുമില്ല പാവമാണ് ആൾക്കാർ ചുമ്മാ പറയുകയാണ്.. എന്ന സത്യം അവൾ മനസ്സിലാക്കി.

അന്ന് രാത്രി ജിനിക്കു ഉറങ്ങാൻ സാധിച്ചില്ല..
കണ്ണടച്ചാൽ ഹയന്റെ മുഖം മാത്രം..

ഇവനോട് എന്താ തനിക്ക് പ്രേമം ആണോ.. അവൾ സ്വയം ചോദിച്ചു..

വട്ടൻ എന്നും പ്രാന്തൻ എന്നും ജനം പറഞ്ഞ് നടക്കുന്ന ആരും കാണാത്ത
ഹയന്റെ മനസ്സ് കണ്ടുപിടിച്ചിട്ടുള്ള അഹങ്കാരവും ആവേശവും ആയിരുന്നു അവൾക്ക്..

അവൾ അറിയാതെ ഹയനെ ഉള്ളിൽ ഇഷ്ടപ്പെടുകയായിരുന്നു.. സത്യത്തിൽ അത് പ്രേമം ആണെന്ന് അവൾ സ്വയം കണ്ടെത്തിയ നിമിഷം അവൾക്ക് ഉറക്കം വന്നു..

പിറ്റേന്ന് ജിനി ക്ലാസ്സിൽ കയറിവരുമ്പോൾ

എന്താടി കൂത്തുച്ചികളെ എന്ന് പറഞ്ഞ് കയ്യിൽ ബോർഡ് തുടയ്ക്കുന്ന സ്പോഞ്ച് ക്ലീനർ കയ്യിൽ പിടിച്ച് ക്ലാസിലുള്ള മറ്റു പെൺകുട്ടികളെ ക്രൂരമായി നോക്കി ചീത്ത വിളിക്കുന്ന ഹയനെയാണ് അവൾ കണ്ടത്..

അവളുടെ പ്രതീക്ഷകൾ ആകെ തകർന്നു..
ഈ ഹയന്റെ സ്വഭാവത്തിന് മാറ്റം ഒന്നുമില്ല.. ഇവൻ വട്ടൻ തന്നെ ഇല്ലെങ്കിൽ പെൺകുട്ടികളെ ഇമ്മാതിരി ചീത്ത വിളിക്കുമോ..

എന്താ എന്തുപറ്റി ? എന്താ ഹയൻ എന്താ..

അവൾ ചോദിച്ചു..

അയൺ വന്നു കയറുമ്പോൾ ആ ബോർഡിൽ എഴുതിപ്പിടിപ്പിച്ചു ഉണ്ടായിരുന്ന മാറ്റർ

ഹയൻ തന്റെ മൊബൈലിൽ എടുത്ത പിക്ചറിലൂടെ ജിനിയെ കാണിച്ചു..

ഭ്രാന്തനെ പ്രണയിക്കുന്ന തന്റേടി പെൺകുട്ടി…

അതിന്റെ താഴെ

ജിനി V ഹയൻ

ഹയൻ V ജിനി

ഇങ്ങനെയൊക്കെ എഴുതിയിരിക്കുന്നു…

ക്ലാസിൽ പെൺകുട്ടികൾ മാത്രമേയുള്ളൂ ആൺകുട്ടികൾ വന്നു തുടങ്ങിയിട്ടില്ല..

ജിനിക്കു മനസ്സിലായി ഇവിടെയുള്ള പെൺകുട്ടികൾ തന്നെ ഇത് എഴുതിയതാണ്..

എടിമാരെ ഇതിന് നിങ്ങളെ കൂത്തിച്ചികൾ എന്ന് വിളിച്ചാൽ മാത്രം പോരാ ഞാനാണു ഇത് ആദ്യം കാണുന്നതെങ്കിൽ നിങ്ങളെ പിടിച്ച് തല്ലിയേനെ…

അതേടി എനിക്ക് ഹയനോട് പ്രേമം തന്നെയാണ്… ഇവൻ വട്ടനോ ഭ്രാന്തനോ ആരുമായിക്കൊള്ളട്ടെ. ഇവന്റെ മനസ്സ് നിങ്ങൾക്ക് കാണാൻ ശ്രമിച്ചിട്ടില്ല. പക്ഷേ ഈ ജിനി കണ്ടു..
കാണാത്ത മനസ്സിനെക്കുറിച്ച് നിങ്ങൾ പറഞ്ഞു ഉണ്ടാക്കുന്നതൊക്കെ നിലനിൽക്കില്ല..

ഇവന് മറ്റുള്ളവർ പറയുന്നതുപോലെ പ്രശ്നങ്ങളൊന്നുമില്ല.. ഇവൻ പാവമാടി പാവം.. നമ്മളെക്കാളും പാവം അതും പറഞ്ഞു ജിനി കരഞ്ഞു തുടങ്ങി.

അപ്പോഴേക്കും ഷിഫാന കയറിവന്നു.. ആരാടി എന്റെ പെണ്ണിനെ കരയിപ്പിച്ചതു കൂത്തിച്ചികളെ..

ആഹാ രണ്ടാമത്തേത് വന്നു..

ആരോ വിളിച്ചു പറഞ്ഞു..

അതോടുകൂടി എല്ലാവരും പൊട്ടിച്ചിരിച്ചു.

പിന്നിടുള്ള ദിവസങ്ങളിൽ ജിനിയുടെ വാക്കുകളിലൂടെ എല്ലാവരും ഹയന്റെ പിടികിട്ടാത്ത മനസ്സിനെ അറിയുകയായിരുന്നു.. അതുവഴി ഹയൻ എല്ലാവരുടെയും മനസ്സിൽ നല്ല കുട്ടിയായി കയറിക്കൂടി..

ജിനിക്കു ഇനിയും ഹയനെ ഒരു സംശയം കൂടി ബാക്കിയുണ്ട്..

ഒരു ഫ്രീ ടൈമിൽ അവൾ ചോദിച്ചു.

കഥയുടെ അവസാനത്തെ ഭാഗം പറയാനുണ്ടല്ലോ.. ആ ചോദ്യം ആണല്ലോ അന്ന് ഞാൻ ആദ്യം ചോദിച്ചത്.. അപ്പോഴാണ് കഥകൾ ഓരോന്നും പറഞ്ഞു തുടങ്ങിയത്.. ആ ചോദ്യം ഇനിയും ബാക്കിയാണ്…ചോദിക്കട്ടെ…

ആ ചോദിക്ക്… ജിനി

എന്തിനാ അച്ഛനുമ്മയോടും കണക്കു ചോദിക്കണം എന്ന് പറഞ്ഞത്..

ഉദ്യോഗത്തിന്റെ പേരിൽ ജനിച്ചപ്പോൾ തൊട്ട് ഡേ കെയറിലും അംഗൻവാടിയിലും നഴ്സറിയിലും ആക്കി ഒരു തരീ സ്നേഹമോ നെഞ്ചിന്റെ ചൂടോ തരാതെ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ കാശ് കാശും മറ്റും സൗകര്യങ്ങളും നൽകിയതല്ലാതെ തന്നെ തോന്നിയാവാസി ആക്കി മാറ്റിയതല്ലാതെ ഒരു നല്ല വാക്കു പറഞ്ഞ് തരാനോ നല്ല വഴി നടത്താനോ നിൽക്കാതെ അവരവരുടെ ലോകത്തും അവരുടെ സുഖത്തിനും വേണ്ടി ജീവിച്ചതല്ലാതെ ഒരു മകനെന്ന നിലയിൽ എനിക്ക് കിട്ടേണ്ട സ്നേഹം കിട്ടാത്തതിന്റെ പകരം ഞാൻ ചോദിക്കും.. അതായിരുന്നു പറഞ്ഞത്..

ഓ അതാണോ… ഞാൻ പേടിച്ചുപോയി..

ഇനി ഞാനില്ലേ… ഫ്രണ്ടായും ബെസ്റ്റിയയും….ഹയന് ഒപ്പം എന്നും..

ഫൈനലിയർ ആയിരുന്ന പ്രശാന്ത് ജിനിയോടുള്ള ഒലിപ്പീരുമായി ഒരു വർഷമേ ഉണ്ടായുള്ളൂ. പിജിക്ക് അവന് കോളേജിൽ അഡ്മിഷൻ കിട്ടിയില്ല..

ഫസ്റ്റ് ഇയർ സെക്കൻഡ് ഇയർ തേർഡ് ഇയർ..ഈ കാലം അത്രയും തങ്ങളുടെ സ്നേഹങ്ങൾ പരസ്പരം പങ്കുവെച്ചു ഹയനും ജിനിയും ആ കലാലയന്തരീക്ഷം മനോഹരമാക്കുകയായിരുന്നു..

ആരും അടുക്കാൻ ധൈര്യം കാണിക്കാതിരുന്ന ഹയന്റെ മനസ്സിലേക്ക് കയറിപ്പറ്റിയ ജിനി നല്ല ബെസ്റ്റിയിൽ നിന്നും അവന്റെ ജീവിതത്തിലേക്ക് അവന്റെ പെണ്ണായി കടന്നുപോകുന്ന സുന്ദര മുഹൂർത്തം പ്രതീക്ഷിച്ചു നമുക്കിരിക്കാം..

Leave a Reply

Your email address will not be published. Required fields are marked *