രണ്ട് വനിതകൾ

രണ്ട് വനിതകൾ


അതിരാവിലെ തന്നെ തൻ്റെയൊപ്പം ഉണർന്ന മകനെയുമെടുത്ത് നാജിയ മുറ്റത്തേക്കിറങ്ങി. തണുപ്പ് അരിച്ച് കയറിയപ്പോൾ ഉള്ളം കുളിർന്നു. ഈ തണുപ്പ് കുഞ്ഞിന് അസുഖം വരുത്തിയേക്കും.ഉമ്മ കണ്ടാൽ ചിലപ്പോൾ വഴക്ക് പറയും.ഷാളിൻ്റെ തലപ്പ് കൊണ്ട് പുതപ്പിച്ച് കുഞ്ഞിനെ ഒക്കത്ത് ചേർത്തിരുത്തി മുറ്റത്തേക്കിറങ്ങി നിന്ന നാജിയ മുഖമുയർത്തി തണുത്ത വായു ഉള്ളിലേക്ക് വലിച്ചെടുത്തു. മെല്ലെ കണ്ണടച്ച് ഉള്ളിൽ നിറയുന്ന അനുഭൂതിയിൽ ലയിച്ചങ്ങിനെ നിൽക്കുമ്പോഴാണ്
” എഴുന്നേൽക്കെടാ ഉറങ്ങീത് മതി” എന്ന ഒരു ശബ്ദം കേൾക്കുന്നത്.

കണ്ണ് തുറന്ന് നോക്കുമ്പോൾ വീടിനോട് ചേർന്ന് തന്നെയുള്ള കടയുടെ വരാന്തയിൽ നേരിയ വെളിച്ചത്തിൽ മൂന്ന് രൂപങ്ങൾ.

ഇതവരല്ലേ…?
റോഡിൽ വെച്ച് ഇടക്കിടെ കാണാറുള്ള ഒരു കൗതുക കുടുംബം. ചിലപ്പോളൊക്കെ ഭാര്യയെയും മകനെയും വഴക്ക് പറഞ്ഞ് കൊണ്ട് അയാൾ മുന്നേ ഓടുകയായിരിക്കും.
പിന്നാലെ അയാളുടെ ഒപ്പമെത്താൻ കുട്ടിയുടെ കൈ പിടിച്ച് വലിച്ച് കൊണ്ട് പാട് പെട്ട് നടക്കുന്ന അവൾ.
ചിലപ്പോൾ വഴിയിൽ കാണുന്ന വസ്തുക്കളെല്ലാം കാലുകൊണ്ടും കൈ കൊണ്ടും തട്ടി തെറിപ്പിച്ച് നടക്കുന്ന മകനെ നോക്കി ചിരിച്ച് കൊണ്ട് രണ്ടാളും കൈകോർത്ത് പിടിച്ച് നടക്കുന്നത് കാണാം.
ആദ്യം കരുതിയത് തമിഴ്നാട്ടിൽ നിന്ന് വന്ന് ചുറ്റി തിരിയുന്നവരായിരിക്കും എന്നാണ്.

അടുത്ത വീട്ടിലെ സഫിയയാണ് പറഞ്ഞത് ഇവർ ഈ നാട്ടുകാർ തന്നെ.. വീട്ടുകാരോടൊക്കെ തെറ്റി പിരിഞ്ഞ് തന്നിഷ്ടത്തിന് നടക്കുന്നതാ…

കേട്ടപ്പോൾ അത്ഭുതം തോന്നി.
നാജിയ അവരുടെ അടുക്കലേക്ക് ചെന്നു.

“നിങ്ങളെന്താ ഇവിടെ കിടക്കുന്നത് “?
ഉറക്കിൽ നിന്നെഴുന്നേറ്റതേ യുള്ളെങ്കിലും യാതൊരു ഉറക്കച്ചടവുമില്ലാതെ ചാടി മറിയുന്ന മകനെ അടക്കിയിരുത്തുന്ന ആ സ്ത്രീ അതിന് മറുപടി പറയാതെ ‘കുറച്ച് ചായ മോന് കൊടുക്കാമോ’ എന്നാണ് ചോദിച്ചത്.

നിസ്കാര പായയിലിരിക്കുന്ന ഉമ്മയുടെ അടുത്ത് മകനെ ഇരുത്തി നാജിയ അടുക്കളയിലേക്ക് ചെന്നു.

ചായയും കുറച്ച് ബിസ്കറ്റുമായി ചെന്നപ്പോൾ മുറ്റത്തെ പൈപ്പിൽ നിന്ന് മുഖമൊക്കെ കഴുകി ചായക്ക് റെഡിയായി അവ നിരിപ്പുണ്ടായിരുന്നു. അയാൾ വിദൂരതയിലേക്ക് നോക്കി ബീഡിയും വലിച്ചിരിപ്പാണ്.
നാജിയ അവളോട് ഓരോന്ന് ചോദിച്ചു തുടങ്ങി.
ഇവിടെ നിന്ന് കുറച്ച് പടിഞ്ഞാറ് മാറിയാണ് അയാളുടെ കുടുംബവീട്. അതിനുമപ്പുറം അഞ്ചെട്ട് കിലോമീറ്റർ മാറി അവളുടെ വീട്ടുകാരുമുണ്ട്. അയാളുടെ വീട്ടുകാർ ഇവരുടെ മൂത്ത രണ്ട് കുട്ടികളെയും സംരക്ഷിക്കുന്നു.
എന്തിനിങ്ങനെ നടക്കുന്നു എന്ന ചോദ്യത്തിന് അവൾക്ക് വ്യക്തമായ ഉത്തരമില്ല.

ലേശം അരപ്പിരിയായ ഭർത്താവ് വിട്ടു കാരുമായി തല്ലിട്ടിറങ്ങിയപ്പോൾ അവളും ഇളയ മകനെയുമെടുത്ത് ഒപ്പമിറങ്ങി.
ചക്കിക്കൊത്ത ചങ്കരനെ പോലെ…

അടക്ക വലിക്കാനും തേങ്ങയിടാനും അയാൾ പോകുന്നയിടത്തെല്ലാം അവളും ഒപ്പം കൂടി.
ഈ മകനെയും നിങ്ങളിങ്ങനെ കഷ്ടപ്പെടുത്തുന്നത് ശരിയാണോ..? മറ്റു രണ്ട് മക്കളുടെ കൂടി അമ്മയല്ലേ..? നിങ്ങൾക്ക് വീട്ടിലേക്ക് തിരിച്ച് പൊയ് കൂടെ…? തുടങ്ങി നൂറ് ഉപദേശങ്ങൾക്കും സംശയങ്ങൾക്കും അവളുടെ മറുപടി വെറും നിസ്സംഗതയായിരുന്നു.
ആകാശം നോക്കിയിരുന്ന് പുകവിട്ട് കൊണ്ടിരുന്ന അയാൾ പൊടുന്നനെ എഴുന്നേറ്റ് നടക്കാൻ തുടങ്ങി. വിരിച്ച് കിടന്നതൊക്കെ സഞ്ചിയിലാക്കി മകനെയും കൂട്ടി അവൾ പിന്നാലെ……

ആ കുഞ്ഞു കാലടികൾ അകന്ന് പോകുന്നത് നോക്കി നിന്നപ്പോൾ നാജിയയുടെ നെഞ്ച് കഴക്കുന്നത് പോലെ തോന്നി.
മുറ്റത്ത് കിടന്ന പത്രമെടുത്ത് നിവർത്തി നോക്കി.
ഇന്ന് ലോക വനിതാ ദിനം

ദാ…. ഈ ഭൂമിയിൽ മഹനീയമായ സ്ഥാനമുള്ള ഒരു വനിതയാണ് എങ്ങോട്ടെന്നില്ലാതെ ഭർത്താവിൻ്റെ കാലടികളെ പിന്തുടർന്ന് പോയിരിക്കുന്നത്. സൗഭാഗ്യങ്ങളുടെ നടുവിൽ നിന്ന് കൊണ്ട് ഞാനെന്ന വനിത ഉത്തരം കിട്ടാത്ത കടംകഥ പോലെ ആ വനിത നടന്ന് പോകുന്നതും നോക്കി നിൽക്കുന്നു.

‘സ്ത്രീകൾ ശരിക്കുമൊരു സമസ്യയാണ് ‘

…. അയാളോടവൾക്ക് അഗാധമായ പ്രണയമായിരിക്കാം…
അല്ലെങ്കിൽ അയാളെ പോലെ അവളും ഒരു അരപ്പിരിവട്ടായിരിക്കും.

എന്നാലും, അയാൾക്കവളെ എപ്പോഴും സംരക്ഷിക്കാൻ കഴിയുമോ..?
മെയിൻ റോഡിലെ കടക്ക് മുന്നിൽ സ്ഥിരതാമസമാക്കിയപ്പോൾ കടക്കാരൻ ഓടിച്ച് വിട്ടത് കൊണ്ടാണ് ഉൾ റോഡിലുള്ള ഈ കടയുടെ മുന്നിൽ വന്ന് കിടന്നത്.

പട്ടണത്തിൻ്റെ പ്രൗഡിയുണ്ടെങ്കിലും നാട്ടിൻ പുറത്തിൻ്റെ നന്മകൾ വിട്ട് പോയിട്ടില്ലാത്ത നാടായത് കൊണ്ട് അരുതാത്തതൊന്നും സംഭവിക്കില്ലെന്ന് വിശ്വസിക്കാൻ ശ്രമിച്ച് കൊണ്ട് നാജിയ മറ്റ് പണി കളിലേർപ്പെട്ടു.

അവരുടെ ഓർമ്മകളെ കുടഞ്ഞ് കളയാൻ ശ്രമിച്ചെങ്കിലും പണികൾക്കിടയിൽ ചിന്തകൾകടിഞ്ഞാണില്ലാത്ത കുതിരയെ പോലെ പുതിയ മേടുകൾ തേടി പോകുന്ന ശീലമുള്ളത് കൊണ്ട് പഴയ ഒരോർമ്മയുടെ താഴ് വരയിലാണ് ചെന്നെത്തിയത്.

കുഞ്ഞുനാജിയ സ്കൂളിലേക്ക് നടക്കുകയാണ്. NH 47 ലൂടെ നേരെ 2 കിലോമീറ്റർ നടന്നാൽ സ്കൂളെത്തും.

നാജിയയുടെ കണ്ണുകൾ റോഡരികിലും കടവരാന്തയിലുമൊക്കെ പാറുക്കുട്ടിയെ തിരഞ്ഞു. ഒരാഴ്ചയായിട്ട് അവരെ കാണുന്നില്ല. അവസാനം കാണുമ്പോൾ ഇപ്പോൾ പൊട്ടും എന്ന പോലെ വയറ് വീർത്തിരിക്കുകയായിരുന്നു. സാജിതമ്മായീടെ വയറ് പോലെ.
അമ്മായീടെ വയറ് പൊട്ടി ഒരു മോനുണ്ടായിട്ട് ആഴ്ച രണ്ട് കഴിഞ്ഞു.

കുഞ്ഞു നാജിയയുടെ മനസ്സിൽ വലിയ വലിയ സംശയങ്ങളാണ്.
‘ഭ്രാന്തിയായ പാറുക്കുട്ടിക്ക് വേറെ ആരുമില്ലേ…?
ഭർത്താവുണ്ടോ..? ഇത്ര നാളായിട്ടും അങ്ങിനൊരാളെ കണ്ടിട്ടില്ല. പിന്നെങ്ങിനെ വയറ്റിൽ കുഞ്ഞുവാവ വന്നു…? കല്യാണം കഴിക്കാതെ കുഞ്ഞുണ്ടാകുമോ…?

ഇനിയെങ്ങാനും മറിയംബീവിയെ പോലെ……?
ജിബ്രീൽ പറഞ്ഞു., “അല്ലാഹു വിൻ്റെ തീരുമാനം… നിനക്കൊരു മകനുണ്ടാകാൻ പോകുന്നു”. മറിയം ആശ്ചര്യപ്പെട്ടു. “ഞാൻ വിവാഹിതയല്ലല്ലോ..?
അങ്ങിനെയാണ് ഈസാ പ്രവാചകൻ ജനിച്ചത്.

സ്കൂളെത്താനായപ്പോഴാണ് അതാ.. ഒരു അടച്ചിട്ട കടയുടെ മൂലയിൽ തലയിലെ പേനും വലിച്ച് നുള്ളിയിരിക്കുന്നു പാറുക്കുട്ടി.
വീർത്തവയറില്ല. അടുത്തെങ്ങും കുഞ്ഞുവാവയുമില്ല. പതിവില്ലാത്ത വിധം കണ്ണ് നിറയെ കണ്മഷി വാരിവലിച്ചെഴുതിയിട്ടുണ്ട്. കണ്മഷി കൊണ്ട് തന്നെ കവിളിൽ വലിയൊരു കുത്തുമിട്ടിട്ടുണ്ട്. രണ്ട് ദിവസം മുമ്പെങ്കിലും കുളിച്ചിട്ടുണ്ടാകണം. എണ്ണമയമുള്ള മുടി ഒതുക്കി കെട്ടിവെച്ചിട്ടുണ്ട്. സാജിതമ്മായി യെ ഈറ്റുകാരി നബീസു മഞ്ഞളും കുഴമ്പും തേച്ച് കുളിപ്പിച്ച് വാലിട്ട് കണ്ണെഴുതി കൊടുക്കുന്നതാണ് കുഞ്ഞു നാജിയക്ക്! ഓർമ്മ വന്നത്.

“വാ…. പേൻ നോക്കി തരാം.. “പാറുക്കുട്ടി നാജിയയെ കൈ കാട്ടി വിളിച്ചു.പാറുക്കുട്ടിയെ കാണുന്നത് ഇഷ്ടമാണെങ്കിലും അടുത്തേക്ക് ചെല്ലാൻ നാജിയക്ക് പേടിയാണ്. ഓടി സ്കൂളിലെത്തിയിട്ടും നാജിയയുടെ മനസ്സിൽ സങ്കടമായിരുന്നു.
പാറുക്കുട്ടീടെ കുഞ്ഞുവാവയെ വിടെ….?

അടുത്ത ദിവസങ്ങളിലെല്ലാം നാജിയ പത്രമെടുത്ത് നോക്കി. വഴിയിൽ നിന്നെങ്ങാനും ഒരു കുഞ്ഞിനെ കിട്ടിയെന്ന വാർത്തയുണ്ടാകുമോ…?

കാലം കടന്നു പോയി. നാഷണൽ ഹൈവേക്ക് കുറുകെ റെയിൽ പാളത്തിൻ്റെയും മേൽപാലത്തിൻ്റെയും പണിയും പണിക്കാരും ബഹളങ്ങളും പുരോഗമിച്ചപ്പോൾ പാറുക്കുട്ടി എങ്ങോട്ടോ അപ്രത്യക്ഷയായി.

അപ്പോഴേക്കും മറിയംബീവിയെ പോലെയല്ല പാറുക്കുട്ടി ഗർഭം ധരിച്ചതെന്ന കാര്യം തിരിച്ചറിയാനുള്ള പ്രായവും നാജിയക്കായിട്ടുണ്ടായിരുന്നു.

പ്രഷർകുക്കറിൻ്റെ വിസിലടിയാണ് നാജിയയെ ഓർമ്മയുടെ താഴ് വരയിൽ നിന്ന് വലിച്ച് കയറ്റിയത്.

പണികളെല്ലാം തീർത്ത് ഫോണെടുത്ത് നോക്കിയപ്പോൾ വനിതാ ദിനാശംസകൾ നേർന്ന് കൊണ്ടുള്ള സ്റ്റാറ്റസുകൾ.

രാവിലെ തന്നെ വീട്ടിലേക്കും പിന്നെ ഓർമ്മയിലേക്കുംവിരുന്ന് വന്ന രണ്ട് വനിതകളെയും മനസ്സിൽ ധ്യാനിച്ച് കൊണ്ട് നാജിയയും തൻ്റെ സ്റ്റാറ്റസി ട്ടു.
🌹Happy women’s day🌹🌹🌹
Sabijamal

One comment

  1. Great article! The depth of analysis is impressive. For those wanting more information, visit: LEARN MORE. Looking forward to the community’s thoughts!

Leave a Reply

Your email address will not be published. Required fields are marked *